For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

നന്മയുടെ വജ്രത്തിളക്കം




"അച്ഛന്‍ ആകെ തളര്‍ന്നിരിക്കുവാണ്, ഇനി ഒരു പ്രതീക്ഷ നീ മാത്രമാണ്, വരണം"
കൂടുതലൊന്നും പറയാതെ അമ്മ ഫോണ്‍ വച്ചു.

അമ്മ വരാന്‍ പറഞ്ഞിരിക്കുന്നത് അച്ഛനു വേണ്ടിയല്ല, അച്ഛമ്മക്ക് വേണ്ടിയാണ്.എന്നും അച്ഛമ്മയെ കുറ്റം പറയുന്ന അമ്മ തന്നെയാണ്‌ ഇപ്പോള്‍ ഇങ്ങനെ സംസാരിച്ചതെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമായി.അമ്മ സംസാരിച്ചത് ശ്രദ്ധിച്ചില്ലേ, 'വരണം' എന്ന വാക്കിനു ഒരുപാട് ശക്തി കൊടുത്ത പോലെ...
പോകണോ??
ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല.

ശരിക്കും ഇപ്പോള്‍ തിരിച്ചാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എനിക്ക് വീട്ടിലെത്താം, പക്ഷേ നാളെ...
നാളെയാണ്‌ ഞങ്ങള്‍ കാത്തിരിക്കുന്ന കബഡി മത്സരത്തിന്‍റെ ഫൈനല്‍.ഞാന്‍ കൂടി ഉണ്ടെങ്കില്‍ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുന്ന സുഹൃത്തുക്കളോടെ എന്ത് പറയും?
സത്യം ബോധിപ്പിച്ചാല്‍ ഒരു പക്ഷേ അച്ഛമ്മക്ക് വേണ്ടി നാട്ടിലേക്ക് പോകാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചേക്കും.കാരണം അവരുടെ കണ്ണില്‍ കബഡി മത്സരത്തേക്കാള്‍ കൂടുതല്‍ ഞാന്‍ നാട്ടില്‍ ഉണ്ടാവേണ്ടതാണ്‌ ആവശ്യമെന്ന് തോന്നാം, പക്ഷേ എനിക്ക് അങ്ങനെ ഒരിക്കലും തോന്നേണ്ട കാര്യമില്ല.
കാരണം അച്ഛമ്മ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല!!
പിന്നെന്തിനാണ്‌ ഞാന്‍ അച്ഛമ്മക്കായി കബഡി ഉപേക്ഷിക്കുന്നത്?
ഒരു ആവശ്യവുമില്ല.
പക്ഷേ അമ്മയുടെ നിര്‍ബന്ധം, അച്ഛന്‍റെ അവസ്ഥ....
അച്ഛമ്മയുടെ പ്രിയപ്പെട്ടവര്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം എനിക്ക് പറ്റുമെന്ന് അമ്മ വരെ വിശ്വസിക്കുന്നു, എന്തിര്‌ വിരോധാഭാസം.

പോകണോ വേണ്ടയോന്ന് സ്വയം ഒരു തീരുമാനമെടുക്കാന്‍ പറ്റാതായത് കൊണ്ട് മാത്രമാണ്‌ ഞാന്‍ സേതുവിനെ വിളിച്ചത്.സത്യം മുഴുവന്‍ അറിഞ്ഞതോടെ അവന്‍ ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് ചോദിച്ചു:
"ഇങ്ങനെ ഒരു അവസ്ഥയിലാണോ നാലു ദിവസം മുമ്പ് നീ സെമിഫൈനലിനു കളിച്ചത്?"
ആ ചോദ്യത്തിലെ കുറ്റപ്പെടുത്തല്‍ എനിക്ക് മനസ്സിലായി, അതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല.അതിനാലാവാം സേതു പറഞ്ഞു:
"നീ പോണം, കളി നമ്മള്‍ തോറ്റാലും സാരമില്ല"
"അല്ല സേതു, ഞാന്‍...."
"ഒന്നും പറയേണ്ടാ, നാളെ കളി കഴിയുമ്പോള്‍ റിസള്‍ട്ട് ഞാന്‍ വിളിച്ച് പറയാം"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.

അങ്ങനെ നാട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു...
ബസ്സിന്‍റെ സൈഡ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്.വേഗത്തില്‍ പിന്നിലേക്ക് പായുന്ന വീടുകളും മരങ്ങളും, മുഖത്തേക്ക് ആഞ്ഞ് വീശുന്ന കാറ്റിന്‍റെ സുഖം...
ഉറങ്ങാന്‍ പറ്റിയ അവസ്ഥ, അതേ പോലെ ഓര്‍മ്മകള്‍ അയവിറക്കാനും...

അച്ഛമ്മയെന്നാല്‍ അച്ഛന്‍റെ അമ്മ, അല്ലെങ്കില്‍ മുത്തശ്ശി.അച്ഛമ്മക്ക് ആറ്‌ മക്കളാണുള്ളത്, മൂന്ന് ആണും, മൂന്ന് പെണ്ണും.അതില്‍ മൂന്നാമനാണ്‌ എന്‍റെ അച്ഛന്‍.മറ്റു മക്കളെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി അച്ഛനു കുറവായിരുന്നു, എന്നാല്‍ സ്നേഹിക്കാന്‍ വലിയൊരു മനസ്സുണ്ടായിരുന്നു.അച്ഛമ്മയുടെയും മറ്റുള്ളവരുടെയും അച്ഛനോടുള്ള പെരുമാറ്റം അത്ര നന്നായിരുന്നില്ല, ഇതാണ്‌ അമ്മയും അച്ഛമ്മയും തമ്മിലുള്ള വഴക്കിനു ഹേതു.

ഞാന്‍ ഒറ്റ മകനാണ്‌ എന്‍റെ അച്ഛന്, എന്‍റെ പേര്‌ രോഹിത്.നാട്ടുകാര്‍ എന്നെ 'കുട്ടാ' എന്നാണ്‌ വിളിക്കാറ്.ഞാന്‍ വളര്‍ന്ന് വന്നപ്പോള്‍ അമ്മയോടുള്ള അച്ഛമ്മയുടെ ദേഷ്യം എന്‍റെ നേരെയായി...
അച്ഛന്‍റെ മറ്റ് സഹോദരങ്ങളുടെ മക്കള്‍ക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്ത അച്ഛമ്മ എന്നെ കണ്ടില്ലെന്ന് നടിച്ചു.എപ്പോഴും ശകാരങ്ങള്‍ മാത്രം.
അങ്ങനെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന വ്യക്തി അച്ഛമ്മയായി.

എല്ലാം മാറ്റി മറിക്കുന്ന കാലം ഒടുവില്‍ അച്ഛമ്മയുടെ മനസ്സും മാറ്റി.പേരക്കുട്ടികളില്‍ ആണ്‍കുട്ടി ഞാന്‍ മാത്രമായിരുന്നു, അതിനാല്‍ അച്ഛമ്മ കഴിഞ്ഞ ഒരു വര്‍ഷമായി പറയുന്ന ഒരു വാചകമുണ്ട്:
"എനിക്ക് വായ്ക്കരിയിടാന്‍ ഇവനേയുള്ളു"
അത് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് മന്ത്രിക്കും...
ഞാന്‍ ഇട്ടത് തന്നെ.

മൊബൈലിന്‍റെ ശബ്ദമാണ്‌ എന്നെ ചിന്ത കളില്‍ നിന്ന് ഉണര്‍ത്തിയത്, സേതുവാണ്.
ഫോണ്‍ അറ്റന്‍ഡ് ചെയ്തു:
"എന്താടാ?"
"അമ്മുമ്മ മരിച്ചതിന്‍റെ പിറ്റേന്നാണോടാ പട്ടി കബഡികളിക്കുന്നത്?" സേതുവിന്‍റെ സ്വരത്തില്‍ അമര്‍ഷം.
നാലു ദിവസം മുമ്പുള്ള സെമി ഫൈനലിനു കളിച്ചതിനെ പറ്റിയാണ്‌ ചോദ്യം.സംസാര രീതി കേട്ടിട്ട് സേതു സ്വല്പം മിനിങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.

സെമിഫൈനല്‍ കബഡിയുടെ തലേന്‍റെ തലേന്ന്...
വൈകുന്നേരം.
അന്നേ ദിവസം ഞാന്‍ നാട്ടിലുണ്ടായിരുന്നു.കബഡി കളി പ്രമാണിച്ച് പിറ്റേന്ന് രാവിലെ പോകണമെന്ന് കരുതി സിറ്റൊട്ടില്‍ ഇരിക്കവേ അച്ഛമ്മ എന്‍റെ അരികില്‍ വന്നു, ഞാന്‍ രൂക്ഷമായി ആ മുഖത്തേക്ക് നോക്കി...
"ഉം?"
"മോനേ, അച്ഛമ്മക്ക് തീരെ വയ്യാടാ, ആശുപത്രി വരെ ഒന്ന് വരാമോ?" അച്ഛമ്മയുടെ ദയനീയമായ ചോദ്യം.
"വേറെയും കൊച്ചുമക്കളില്ലേ, പിന്നെ ഞാനെന്തിനാ?" എന്‍റെ ചോദ്യത്തില്‍ എന്തൊക്കെയോ അമര്‍ഷം ഉണ്ടായിരുന്നു.
"അവരൊന്നും ഇവിടില്ലല്ലോ മോനേ" വീണ്ടും ദയനീയ സ്വരം.
"എനിക്ക് വേറെ പണിയുണ്ട്, അച്ഛമ്മ പോ"
ഞാന്‍ അറുത്ത് മുറിച്ച് പറഞ്ഞു.

അന്ന് സ്വയം ഒരു ഓട്ടോ പിടിച്ചാണ്‌ അച്ഛമ്മ ആശുപത്രിയില്‍ പോയത്.അന്ന് അവിടെ അഡ്മിറ്റായി.അടുത്തുള്ള ആശുപത്രി ആയതിനാലും, ഇടക്കിടെ അവിടെ അഡ്മിറ്റാകുന്ന പതിവ് ഉള്ളതിനാലും ആരും അത് കാര്യമായി എടുത്തില്ല.
എന്നാല്‍ പിറ്റേന്ന് വെളുപ്പിനെ ആ ആശുപത്രിയില്‍ നിന്ന് ഒരു ഫോണ്‍ വന്നു..
"പെട്ടന്ന് വരണം, പേഷ്യന്‍റീന്‍റെ നില ഗുരുതരമാണ്"
അമ്മയും ഞാനും അച്ഛനും കൂടിയാണ്‌ ആശുപത്രിയില്‍ എത്തിയത്.ഞങ്ങളെ കണ്ടതും ഡോക്ടര്‍ പറഞ്ഞു:
"അവസാനിക്കാറായി, നിങ്ങളെ ഒരു നോക്ക് കാണാനുള്ള ഇശ്ചാശക്തിക്ക് കാത്തിരിക്കുകയാണെന്ന് തോന്നുന്നു"
മുറിയില്‍ ചെന്ന ഞങ്ങള്‍ ഒരോരുത്തരായി, ഒരു ചെറിയ ടീസ്പൂണില്‍ വെള്ളം അച്ഛമ്മയുടെ വായിലേക്ക് ഒഴിച്ചു.അമ്മയും അച്ഛനും കൊടുത്ത വെള്ളം കുടിക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണ്‌ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഒടുവില്‍ എന്‍റെ ഊഴമെത്തി...
ഒരു ടീസ്പൂണ്‍ വെള്ളം ഞാന്‍ വായില്‍ ഒഴിക്കവേ, അച്ഛമ്മ ദയനീയമായി എന്നെ നോക്കി.അത് ഇറക്കാന്‍ കഴിയാത്ത വിഷമം ഒരു നൊടി ഞാന്‍ ആ മുഖത്ത് കണ്ടു.അടുത്ത നിമിഷം അച്ഛമ്മയുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു.ഞാന്‍ കൊടുത്ത വെള്ളം ചുണ്ടുകളില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങി.
ആ പ്രാണന്‍ പറന്നകന്നു....

ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി, ഒരു ഓട്ടോ പിടിച്ച് വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു...
കണ്ടപാടെ കരഞ്ഞു കൊണ്ട് അപ്പച്ചി പറഞ്ഞു:
"എന്നാലും അമ്മ മരിച്ച അന്ന് തന്നെ പോകാന്‍ തോന്നിയല്ലോടാ നിനക്ക്."
ശരിയാണ്.
അച്ഛമ്മ മരിച്ചു, അതില്‍ എനിക്ക് ഒരു വിഷമവും തോന്നിയല്ല.കുട്ടിക്കാലത്ത് എന്നെ സ്നേഹിക്കാത്ത ഒരാള്‍ മരിച്ചതിനു ഞാന്‍ എന്തിനു വിഷമിക്കണം?
സ്നേഹം അനുഭവിച്ചവര്‍ കരയട്ടെ.
അതിനാലാണ്‌ അന്ന് ശവസംസ്ക്കാരം കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടുന്ന് പോയതും പിറ്റേന്നത്തെ കബഡി മത്സരത്തില്‍ പങ്കെടുത്തതും.

"ഒന്ന് തിരിഞ്ഞ് നോക്കി പോലുമില്ല" എന്നെ ഒറ്റക്ക് കിട്ടിയപ്പോല്‍ അമ്മ പറഞ്ഞു.
"എന്താ കാര്യം?" എനിക്കും ആകാംക്ഷയുണ്ടായിരുന്നു.
"അറിയില്ല, എല്ലാവരും പറയുന്നത് നിന്‍റെ കൈയ്യില്‍ നിന്ന് ഒരു പിടി ചോറിനാണെന്നാണ്...."
ഒന്ന് നിര്‍ത്തിയട്ട് അമ്മ തുടര്‍ന്നു..
"ഓര്‍മ്മയില്ലേ, വായ്ക്കരി നീ ഇടണമെന്ന് അമ്മ പറയാറുള്ളത്"
ഞാന്‍ ഒന്നും മിണ്ടിയില്ല.

ശവസംസ്ക്കാരം കഴിയുന്ന അന്ന് മുതല്‍ സഞ്ചയനത്തിനു വരെ ബലി ഇടാറുണ്ട്. എന്നാല്‍ അച്ഛനും മറ്റുള്ളവരും ബലി ചോറ്‌ ഉരുട്ടി വച്ചിട്ടും ഇത് വരെ ഒരു ബലിക്കാക്കയും തിരിഞ്ഞ് നോക്കിയില്ലത്രേ.
അതിനാല്‍ അച്ഛമ്മക്ക് മോക്ഷം കിട്ടില്ല പോലും!!
മറ്റുള്ളവര്‍ കൊടുത്തിട്ട് സ്വീകരിക്കാത്ത ബലി ഞാന്‍ കൊടുത്താല്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്‌ അമ്മ എന്നോട് 'വരണം' എന്ന് പറഞ്ഞത്.
പക്ഷേ എങ്ങനെ??
കാരണവന്‍മാരോട് ഞാന്‍ ചോദിച്ചു:
"ഇത് വരെ ബലിയിടാത്ത എനിക്ക് എങ്ങനെ നാളെ മാത്രമായി ബലിയിടാന്‍ പറ്റും?"
അതിനു അവര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
"ബലിയിടുന്ന പ്രധാന വ്യക്തിയെ തൊട്ട് കൊണ്ട് ബലി ചോറ്‌ സമര്‍പ്പിച്ചാല്‍ മതി"
എന്നെ കൂടാതെ ബലിയിടാന്‍ അര്‍ഹതയുള്ള മറ്റ് മൂന്ന് പേര്‌ കൂടി അച്ഛന്‍റെ കൂടെ അച്ഛമ്മക്കായി ബലിയിടാന്‍ തയ്യാറായി ഉണ്ടായിരുന്നു.
ആ രാത്രി അങ്ങനെ കഴിഞ്ഞ് പോയി.

പിറ്റേന്ന് പ്രഭാതം.
ബലി കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അച്ഛന്‍ ബലി കര്‍മ്മങ്ങള്‍ ചെയ്ത് കൊണ്ടിരിക്കേ ഞാനും മറ്റുള്ളവരും അച്ഛനെ തൊട്ട് കൊണ്ട് നിന്നു.
"ഇനി ഒരു ഉരുള ഉരുട്ടി, മരിച്ചയാളെ മനസ്സില്‍ കണ്ട് അങ്ങോട്ട് വയ്ക്കുക" പുരോഹിതന്‍റെ സ്വരം മുഴങ്ങി.
ആദ്യം അച്ഛനും കൂടെ ഞങ്ങളും ഒരോ ഉരുള സ്വല്പം മാറി കൊണ്ട് വച്ചു.തുടര്‍ന്ന് ആത്മാവിനെ മാടി വിളിക്കുന്ന പോലെ നനഞ്ഞ കൈ കൊണ്ട് പരസ്പരം അടിച്ച് ശബ്ദമുണ്ടാക്കി...
"ഇനി പിന്നിലേക്ക് പോരുക" പിറകില്‍ നിന്ന് അനുമതി കിട്ടി.
ആകാംക്ഷയോടെ നില്‍ക്കുന്ന ബന്ധുക്കള്‍ക്ക് അരികിലേക്ക് ഞങ്ങളും മാറി നിന്നു.

മരിച്ചു പോയവരുടെ ആത്മാവെന്ന സങ്കല്‍പ്പത്തില്‍ കഴുത്തില്‍ കറുത്ത നിറമുള്ള ബലികാക്ക വരണം.വിശന്ന് വലഞ്ഞ ആത്മാവിനുള്ള ഭക്ഷണമെന്ന പോലെ ബലിചോറ്‌ കഴിക്കണം.അങ്ങനെ ആ ആത്മാവിനു മോക്ഷം ലഭിക്കണം.അച്ഛനും മറ്റുള്ളവരും നല്‍കിയ ബലിചോറ്‌ സ്വീകരിക്കാത്ത ആത്മാവ് ഇന്ന് എന്‍റെ സമര്‍പ്പണം സ്വീകരിക്കുമോ?
എനിക്കും ഒരു ആകാംക്ഷ.
ഞങ്ങള്‍ നോക്കി നില്‍ക്കേ രണ്ട് ബലികാക്കകള്‍ അടുത്തുള്ള മാവിന്‍ മുകളില്‍ പറന്നിറങ്ങി.
"അപ്പുപ്പനും അമ്മുമ്മയുമാ" അപ്പച്ചി കുട്ടികളോട് പറയുന്നു.
അതില്‍ ഒരു കാക്ക ബലിചോറ്‌ വച്ചിരിക്കുന്നതിനു അരികിലുള്ള മതിലിലേക്ക് പറന്നിറങ്ങി.
എന്‍റെ ഹൃദയം ശക്തിയായി ഇടിച്ചു തുടങ്ങി.ചുറ്റും നില്‍ക്കുന്ന ഒരോ മുഖങ്ങളിലും ആകാംക്ഷയുണ്ട്.ഇന്നെങ്കിലും ബലിചോറ്‌ സ്വീകരിക്കുമോ?
അച്ഛമ്മക്ക് മോക്ഷം ലഭിക്കുമോ???
മതിലിനു മുകളിലിരിക്കുന്ന കാക്ക തന്‍റെ ചിറകുയര്‍ത്തി പതിയെ തല ചരിച്ച് ശരീരത്തില്‍ മെല്ലെ കൊത്തി കൊണ്ടിരുന്നു, തുടര്‍ന്ന് 'ക്രാ...ക്രാ...'ന്ന് കരഞ്ഞു.
ബലികാക്കയുടെ നോട്ടം ബലിചോറിലേക്ക് തിരിഞ്ഞു...
അ കാക്ക പതിയെ ബലിചോറിനു അരികിലേക്ക് പറന്നിറങ്ങി.

ആദ്യമിരിക്കുന്നത് അച്ഛന്‍ വച്ച ഉരുളയാണ്.അതിനു സമീപമെത്തിയ ബലികാക്ക എല്ലാവരെയും ഒരു നോക്ക് നോക്കി...
"അമ്മേ, സ്വീകരിക്കമ്മേ" എന്‍റെ അമ്മ പിന്നില്‍ നിന്ന് മന്ത്രിക്കുന്നു.
കഴിക്ക്...കഴിക്ക്...
എന്‍റെ സ്വരവും മന്ത്രിച്ച് തുടങ്ങി.
ആ ബലിചോറില്‍ കൊത്താതെ കാക്ക മുന്നിലേക്ക് തത്തി തത്തി നടന്നു..
രണ്ടാമത്തെ ഉരുള...മുന്നാമത്തെ ഉരുള...നാലാമത്തെ ഉരുള....
നാലാമത്തേത്, അത് ഞാന്‍ വച്ച ഉരുളയാണ്.അവിടെയെത്തിയ കാക്ക തലതിരിച്ച് ഞാന്‍ നിന്ന വശത്തേക്ക് ഒന്ന് നോക്കി.....
"മോനേ, അച്ഛമ്മക്ക് തീരെ വയ്യാടാ, ആശുപത്രി വരെ ഒന്ന് വരാമോ?" അച്ഛമ്മയുടെ സ്വരം എന്‍റെ കാതില്‍ മുഴങ്ങി.
അച്ഛമ്മയുടെ കണ്ണില്‍ അന്ന് കണ്ട ദയനീയ അവസ്ഥ ഇപ്പോ ആ കാക്കയുടെ കണ്ണില്‍ എനിക്ക് കാണാം.
ഈശ്വരാ...
അമ്മുമ്മയുടെ ആത്മാവ് എന്‍റെ ബലിചോറ്‌ സ്വീകരിക്കുമോ?
ആകാംക്ഷയോടെ ഞങ്ങള്‍ നോക്കി നില്‍ക്കെ ആ ബലിചോറില്‍ ഒന്ന് തൊടുക പോലും ചെയ്യാതെ ബലികാക്ക മതിലിലേക്ക് പറന്നുയര്‍ന്നു.അവിടെയിരുന്നു കൊണ്ട് എന്നെ ഒരിക്കല്‍ കൂടി നോക്കി...
അന്ത്യശാസം വലിക്കുന്നതിനു തൊട്ട് മുമ്പ്, ഞാന്‍ വായിലേക്ക് ഒഴിച്ച ഒരിറുക്ക് വെള്ളം കഴിക്കാനാകാത്ത നിസ്സഹായതയോടെ അച്ഛമ്മ നോക്കിയതും, ഇപ്പോഴത്തെ കാക്കയുടെ നോട്ടവും ഒന്ന് തന്നെ.
അച്ഛമ്മക്ക് എന്തോ എന്നോട് പറയാനുള്ള പോലെ!
എന്താത്??
ആലോചിച്ച് നില്‍ക്കേ അ കാക്ക പറന്ന് അകന്നു, അച്ഛമ്മയുടെ പ്രാണന്‍ പോയ പോലെ.കൂടെ മാവേലിരുന്ന രണ്ടാമത്തെ ബലി കാക്കയും...

"മനസ്സറിഞ്ഞ് കൊടുത്തിട്ടും സ്വീകരിക്കുന്നില്ല്യാച്ഛാ, മറ്റെന്തേലും കാരണം കാണും.കണ്ട് പിടിച്ച് പരിഹാരം ചെയ്യണം" ബലികര്‍മ്മം ചെയ്യിച്ച ആള്‍ എല്ലാവരോടുമായി പറഞ്ഞു.
"അതിനിപ്പോ എന്താ ചെയ്യാ?" ആരോ ചോദിച്ചു.
ചുറ്റും നിന്ന് പല പല അഭിപ്രായങ്ങള്‍.
എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റണില്യ, മുന്നില്‍ അച്ഛമ്മയുടെ രൂപം മാത്രം.ദയനീയ സ്വരത്തില്‍ അച്ഛമ്മ പറയുന്നു:
"മോനേ, കുട്ടാ, അച്ഛമ്മക്ക് വിശക്കുന്നടാ"
ഞാന്‍ എന്ത് ചെയ്യാന്‍?
തൊട്ട് മുമ്പ് കേട്ട വാചകം ഒരിക്കല്‍ കൂടി ചെവിയില്‍ മുഴങ്ങി...
'മനസ്സറിഞ്ഞ് കൊടുത്തിട്ടും സ്വീകരിക്കുന്നില്ല്യാച്ഛാ,.......'
ഒരു നിമിഷം എന്‍റെ മനസ്സ് എന്നോട് ചോദിച്ചു...
മനസ്സറിഞ്ഞാണോ ഞാന്‍ ഈ കര്‍മ്മത്തില്‍ പങ്കെടുത്തത്?
അച്ഛമ്മക്ക് ഒരു ഉരുള ചോറ്‌ കൊടുത്തത് മനസ്സറിഞ്ഞ് ആയിരുന്നോ??
ഇല്ല, മനസ്സറിഞ്ഞ് ഞാന്‍ കൊടുത്തില്ല.മറ്റാര്‍ക്കോ വേണ്ടിയായിരുന്നു, അമ്മക്ക് വേണ്ടി, അച്ഛനു വേണ്ടി, ബന്ധുക്കള്‍ക്ക് വേണ്ടി....
അതിനായി മാത്രമായിരുന്നു ഞാന്‍ ഈ ബലികര്‍മ്മത്തില്‍ പങ്കെടുത്തത്.

എന്‍റെ കണ്ണുകള്‍ ചുറ്റും പരതി...
അങ്ങകലെ ബലിക്കായി ഉരുട്ടിയ ചോറിന്‍റെ ബാക്കി ഇരിക്കുന്നു.
ഒരിക്കല്‍ കൂടി ശ്രമിച്ചാലോ?
എന്‍റെ അച്ഛമ്മക്കായി..
ഞാന്‍ പതിയെ ആ ചോറിനരുകിലേക്ക് നീങ്ങി.കുനിഞ്ഞ് ഒരു ഉരുള ആക്കിയപ്പോള്‍ പിന്നില്‍ നിന്ന് ആരോ ചോദിക്കുന്നു...
"ഹേയ്, എന്താ ഈ കാട്ടണേ?"
ആരേയും ശ്രദ്ധിച്ചില്ല, ഉരുളയുമായി മുന്നിലേക്ക് നടന്നു..
"മോനേ" അമ്മ വിളിക്കുന്നു.
കേള്‍ക്കാത്ത ഭാവത്തില്‍ മുന്നിലേക്ക് നടന്നു.നേരത്തെ ബലിചോറ്‌ വച്ചിരുന്നതിനു സമീപത്ത് ആ ഉരുള വച്ചു, എന്നിട്ട് ആഞ്ഞ് കൈ കൊട്ടി...
'അച്ഛമ്മേ, വാ അച്ഛമ്മേ...വാ....കഴിക്ക്'
ബലികാക്കകള്‍ വന്നില്ല.
എന്‍റെ കണ്ണുകള്‍ നിറഞ്ഞ് തുടങ്ങി.തോളത്ത് ആരോ ശക്തിയായി അമര്‍ത്തുന്ന പോലെ.തിരിഞ്ഞ് നോക്കിയപ്പോള്‍ അച്ഛനാണ്..
"വാ മോനേ...അച്ഛമ്മ വരില്ല...വാ.."
ആകാശത്തേക്ക് ഒരിക്കല്‍ കൂടി നോക്കി, ഇല്ല ആരുമില്ല.
പതിയെ തിരികെ നടന്നു...

ബലിചോറ്‌ സ്വീകരിക്കാന്‍ അച്ഛമ്മ വന്നില്ല.മോക്ഷം കിട്ടാത്ത ആത്മാവായി അച്ഛമ്മ മാറും.ഒരിക്കല്‍ പോലും സ്നേഹത്തോടെ ഞാന്‍ അച്ഛമ്മയെ കണ്ടിട്ടില്ല.ഇന്ന് മനസ്സറിഞ്ഞ് ഒരു ഉരുള വച്ചിട്ടും അച്ഛമ്മ സ്വീകരിച്ചില്ല...
അച്ഛനോടൊപ്പം തിരികെ നടന്നപ്പോള്‍ കണ്ണുനീര്‌ എന്‍റെ കാഴ്ച മുടക്കി.
അച്ഛമ്മേ, എവിടെയാണ്?
എന്‍റെ മനസ്സിലെ ചോദ്യത്തിനു മറുപടി എന്നോണം ഒരു എങ്ങുനിന്നോ ഒരു കാക്ക പറന്നിറങ്ങിയ സ്വരം എന്‍റെ കാതില്‍ മുഴങ്ങി...
സത്യമോ ഭ്രമമോ??
ഞാന്‍ സംശയിക്കവേ സമീപത്ത് നിന്ന അച്ഛനും നിന്നതായി മനസിലായി.പതിയെ തിരിഞ്ഞ് പുറകിലേക്ക് നോക്കിയ അച്ഛന്‍, തന്‍റെ കൈകള്‍ എന്‍റെ തോളില്‍ നിന്നെടുത്തു.എന്‍റെ നേരെ നില്‍ക്കുന്ന ബന്ധുകള്‍ ആകാംക്ഷയോടെ എന്‍റെ പിന്നിലേക്ക് നോക്കുന്നു...
കണ്ണുനീര്‌ തുടച്ച് കൊണ്ട് ഞാനും പതിയെ തിരിഞ്ഞു...
അവിടെ, ആ മതിലിനു മുകളില്‍ ഒരു ബലികാക്ക...
എന്‍റെ അച്ഛമ്മ.

നോക്കി നില്‍ക്കെ ആ ബലികാക്ക ഞാന്‍ വച്ച ഉരുളക്ക് സമീപത്തേക്ക് പറന്നിറങ്ങി.എന്തൊക്കെയോ വെട്ടിപിടിച്ച സന്തോഷത്തില്‍ അത് ആ ഉരുളയെ സമീപിച്ചു.
ബലികാക്ക ഒരിക്കല്‍ കൂടി എന്നെ ഒന്ന് നോക്കി, എന്നിട്ട് ആ ഉരുളയില്‍ മൃദുവായി കൊത്തി...
ദേ, അച്ഛമ്മ ബലിചോറ്‌ സ്വീകരിക്കുന്നു!!!
എന്‍റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം.തിരിഞ്ഞ് നോക്കിയപ്പോള്‍ ബന്ധുക്കളില്‍ പലരും തങ്ങളുടെ കണ്ണ്‌ തുടക്കുന്നു.ആരോടെങ്കിലും സന്തോഷം പങ്ക് വയ്ക്കണമെന്ന് തോന്നിയപ്പോള്‍ ജനലിനു സമീപമിരുന്ന മൊബൈല്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ സേതുവാണ്...
"സേതു, എടാ, ഇവിടെ..അച്ഛമ്മ..."
എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കഹെ അവന്‍ പറഞ്ഞു:
"കബഡി നമ്മള്‍ തോറ്റു"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.

സേതു പറഞ്ഞതില്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.അച്ഛമ്മ ഞാന്‍ സമര്‍പ്പിച്ച ബലി സ്വീകരിച്ചിരിക്കുന്നു, അതിനു മുന്നില്‍ എന്ത് കബഡി?
മനസ്സില്‍ സന്തോഷം മാത്രം.
ബലികാക്കള്‍ കൂട്ടത്തോടെ വരുന്നതും, എല്ലാവരും വച്ച ബലി ചോറുകള്‍ കഴിക്കുന്നതും കണ്ട് നില്‍ക്കെ കണ്ണ്‌ വീണ്ടും നിറഞ്ഞു.ബലി ഒരുക്കാന്‍ നിര്‍മ്മിച്ച ഓലകൂടിനരുകില്‍ അച്ഛമ്മയുടെ ഫോട്ടോ വച്ചിരുന്നു.ഞാന്‍ അതിനു സമീപമെത്തി അവിടെ ഇരുന്നു.അച്ഛമ്മയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ഒരു നിമിഷം കണ്ണികളടച്ച് തൊഴുകൈയ്യോടെ പ്രാര്‍ത്ഥിച്ചു...
അച്ഛമ്മേ...നന്ദി...
പാപം കളയുന്ന ഗംഗ പോലെ പരിശുദ്ധമായ കണ്ണുനീര്‍ എന്‍റെ കണ്ണില്‍ നിന്നൊഴുകി അച്ഛമ്മയുടെ ഫോട്ടോയിലേക്ക് വീണു.സൂര്യന്‍റെ പ്രഭാത കിരണങ്ങളില്‍ ആ കണ്ണുനീര്‍ ഒരു വജ്രം പോലെ തിളങ്ങി....
നന്മയുടെ പ്രകാശം പരത്തുന്ന ഒരു വജ്രത്തിളക്കം.

അഞ്ചില്‍ ശകടയോഗം




ഇന്ന് ഏതൊരു മലയാളിയുടെയും വീടിനു മുന്നിലും ഒരു കാറ്‌ കാണാം, അല്ല കാണണം.ഇല്ലെങ്കില്‍ ആ വീടിന്‍റെ നാഥന്‍ തന്‍റെ വൈഫിന്‍റെ മുഖത്ത് കാറ്‌ കാണും, ദേഷ്യത്താല്‍ മൂടിക്കെട്ടിയ മഴക്കാറ്‌..
കൂടെ ഒരു ആത്മഗതവും:
"ഇങ്ങനെ ഒരു കിഴങ്ങനെയാണല്ലോ ഭഗവാനെ എന്‍റെ തലയില്‍ കെട്ടി വച്ചത്!!"
പാവം ഗൃഹനാഥന്‍..
ഒരു കാറ്‌ വാങ്ങി കൊടുക്കാന്‍ പാങ്ങില്ലാത്ത ഹസ്സ്!!
അങ്ങേര്‌ എന്തോ ചെയ്യാന്‍??
നായകന്‍റെ വിഷമാവസ്ഥ കണ്ട് സഹനടന്‍ ഉപദേശിക്കും:
"ചേച്ചിക്ക് ഒരു സാരി വാങ്ങി കൊടുത്ത് നോക്ക്"
അങ്ങനെ പെമ്പ്രന്നോത്തിയെ സന്തോഷിപ്പിക്കാന്‍ ഒരു സാരി വാങ്ങി കൊടുത്താല്‍, അത് ഉടുത്തിട്ട് അവള്‍ പറയും:
"തെക്കേലെ സുമ കാറ്‌ വാങ്ങി, പടീറ്റേതിലെ രമ കാറ്‌ വാങ്ങി, നിങ്ങളെനിക്ക് എന്തോ തന്ന്?"
ന്യായമായ ചോദ്യം!!
അത് കേട്ടപാടെ വാമഭാഗത്തിന്‍റെ കരണക്കുറ്റിക്കൊന്ന് പൊട്ടിച്ചിട്ട് അദ്ദേഹം പറഞ്ഞു:
"തെക്കേലെ സുമ കാറ്‌ വാങ്ങി, പടീറ്റേതിലെ രമ കാറ്‌ വാങ്ങി, നീ എന്‍റെ കൈയീന്നൊരു കീറ്‌ വാങ്ങി"
ആഹാ, ചേച്ചി ഹാപ്പിയായി!!
പിറ്റേന്ന് സുമയോടും, രമയോടും ചേച്ചി തന്നെ പറയും:
"കാറ്‌ എനിക്ക് അലര്‍ജിയാ, അല്ലേ ചേട്ടന്‍ തന്നേനേ"
ഈ വാചകം കേള്‍ക്കുന്നവര്‍ മനസില്‍ ചോദിക്കും...
ഇന്നലെ കിട്ടിയത് പോരെ??
മതി, അത് മതി!!

കാലം പുരോഗമിക്കും.
നാളെ ഒരു കാലത്ത് എല്ലാ വീടിന്‍റെ മുന്നിലും ഒരു വിമാനം കാണം, അല്ലേല്‍ റോക്കറ്റ് ആയിരിക്കും വാഹനം, ഇനി തീരെ കഴിവില്ലാത്തവന്‍ ഒരു ഹെലിക്കോപ്റ്ററെങ്കിലും വാങ്ങി വയ്ക്കും.
അന്നും വിമാനമില്ലാത്ത ചേച്ചി പറയും:
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, ഫോര്‍ മി??"
സൂപ്പര്‍ ക്യുസ്റ്റ്യന്‍!!
((ഠോ))
കാലം എത്ര പുരോഗമിച്ചാലും ചേച്ചിയുടെ കരണക്കുറ്റിക്ക് കൈ വീഴും, തുടര്‍ന്ന് ചേട്ടന്‍റെ ഡയലോഗും:
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, നൌ യൂ ഹാവ് പെയിന്‍"
ചേച്ചിയടെ സൂക്കേടങ്ങ് തീര്‍ന്നു!!
പിറ്റേന്ന് നൈബേഴ്സിനോട് ചേച്ചി പറയും:
"പ്ലെയിന്‍ എനിക്ക് അലര്‍ജിയാ, അല്ലേ ചേട്ടന്‍ തന്നേനെ"
ഈ വാചകം കേള്‍ക്കുന്നവര്‍ മനസില്‍ ചോദിക്കും...
പ്ലെയിന്‍ ഓര്‍ പെയിന്‍??
നോ കമന്‍റ്‌സ്സ്!!

ആദ്യം സൂചിപ്പിച്ചത് വര്‍ത്തമാനകാലം, പിന്നീട് പറഞ്ഞത് ഭാവികാലം, ഇനി ഭൂതകാലം..
ഇവിടെ വാഹനം വേണ്ടത് ചേച്ചിക്കല്ല, എനിക്കാ..
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്‌ ഒരു സൈക്കിള്‍ വേണമെന്ന് മോഹം എന്‍റെ മനസിലുദിച്ചത്.അച്ഛനോട് പല പ്രാവശ്യം പറഞ്ഞു, നോ രക്ഷ!!
അമ്മാവനോട് ആവശ്യം പറഞ്ഞപ്പോള്‍ തിരിച്ചൊരു ഉപദേശം:
"സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിനു ഹാനികരം"
അമ്പടാ!!
വാങ്ങി തരാന്‍ മനസില്ലെങ്കില്‍ അത് പറഞ്ഞാ പോരേ??

ഒടുവില്‍ അറ്റകൈ..
അമ്മേടെ അടുത്ത് ചെന്ന് കരഞ്ഞോണ്ട് പറഞ്ഞു:
"തെക്കേലെ സുമയാന്‍റിയടെ മോന്‌ സൈക്കിള്‍ വാങ്ങി, പടീറ്റേതിലെ രമയാന്‍റിയടെ മോന്‌ സൈക്കിള്‍ വാങ്ങി, എനിക്കോ?"
എന്‍റെ ആ ചോദ്യം കേട്ടതും അമ്മയുടെ കണ്ണ്‌ നിറഞ്ഞു, അടുത്ത് വന്ന് എന്നോട് ചോദിച്ചു:
"സുമേഷിനും, രമേഷിനും സൈക്കിള്‍ വാങ്ങിയോ?"
വാങ്ങി അമ്മേ, വാങ്ങി!!
അത് കേട്ടതും അമ്മേടെ കണ്ണൊന്ന് ചുവന്നു, സ്വരമൊന്ന് കടുത്തു, തുടര്‍ന്ന് അങ്കത്തട്ടിലേക്ക് ചാടി ഇറങ്ങിയ ഉണ്ണിയാര്‍ച്ചയെ പോലെ ഒരു ചോദ്യം:
"എന്നിട്ടെന്താ നിനക്ക് സൈക്കിള്‍ വാങ്ങാത്തത്?"
"അത് അമ്മയെ കൊച്ചാക്കാനാ" എന്‍റെ പിഞ്ച് മനസിന്‍റെ മറുപടി.
അത്രേം മതിയാരുന്നു!!
ചോറുണ്ണാന്‍ അടുക്കളേലോട്ട് വന്ന മാമന്‍, ചോറില്ലാതെ പറന്ന് വരുന്ന പ്ലേറ്റ് കണ്ട് ആദ്യം ഓടി.മാമന്‍ ഓടുന്ന ശബ്ദം കേട്ടിട്ടാവണം, എനിക്ക് സൈക്കിള്‍ വാങ്ങാനായി അച്ഛനോടി.
"ഓം ഹ്രിം കുട്ടിച്ചാത്താ, ഒരു സൈക്കിള്‍ വരട്ടേ"
ദേ, സൈക്കിള്‍ വന്നു!!
അങ്ങനെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എനിക്കൊരു ശകടമായി..
അഞ്ചില്‍ ശകടയോഗം!!
മുറ്റത്ത് സൈക്കിള്‍ ചവുട്ടി പഠിക്കുന്ന എന്നെ കണ്ട് മാമന്‍റെ ആത്മഗതം:
"സൈക്കിള്‍ വാങ്ങാതിരുന്നത് ആരോഗ്യത്തിനു ഹാനികരം"
സത്യം, പ്ലേറ്റ് ജസ്റ്റ് മിസ്സായിരുന്നു!!

സ്വന്തമായി വെഹിക്കിള്‍ ലഭിച്ചെങ്കിലും അതുമായി റോഡിലിറങ്ങാന്‍ എനിക്ക് പെര്‍മിഷനുണ്ടായിരുന്നില്ല.എത്ര കെഞ്ചിയട്ടും അമ്മ സമ്മതിക്കുന്നില്ല.
ഇനി എന്തോ ചെയ്യും??
ഐഡിയ!!
ഒരു വൈകുന്നേരം കുളിച്ചൊരുങ്ങി അമ്മയുടെ മുന്നിലോട്ടേ ചെന്നു, എന്നിട്ട് ഒറ്റ ചോദ്യം:
"അമ്മേ, ചന്തേന്ന് വല്ലോം വാങ്ങണോ?"
അമ്മ ഒന്നു ഞെട്ടി!!
അതിനു കാരണമുണ്ട്, ജനിച്ചിട്ട് നാളിതുവരെ ഞാന്‍ ചന്തയില്‍ പോയി ഒരു മുട്ടായി പോലും വാങ്ങി വന്നിട്ടില്ല.അങ്ങനെയുള്ള ഞാനാ ഇപ്പോ സ്വമനസാലെ ചന്തയില്‍ പോകാന്‍ തയ്യാറായി വന്നിരിക്കുന്നത്.ഞെട്ടല്‌ മാറിയപ്പോ അമ്മ വീടിനകത്തോട്ട് കയറി പോയി, ഇനി പൈസയും സാധനങ്ങളുടെ ലിസ്റ്റുമായി വരും, അതും വാങ്ങി സൈക്കളില്‍ ചന്തക്ക് പോയി സാധനം വാങ്ങുക, തിരികെ വരുക..
ഒന്നുമില്ലേലും ചന്ത വരെയെങ്കിലും സൈക്കിള്‍ ചവിട്ടാം..
ഹോ, വാട്ട് ആന്‍ ഐഡിയ!!

ചന്തവരെ സൈക്കിളില്‍ പോകുന്ന സ്വപ്നം കണ്ടിരുന്ന എന്‍റെ മുന്നിലേക്ക് അമ്മ പൈസയും കവറുമായി തിരികെ വന്നു, എന്നിട്ട് പറഞ്ഞു:
"മോന്‍ ഓടി പോയി പത്ത് മുട്ട വാങ്ങി വാ"
ങ്ങേ!!
ഓടി പോകാനോ??
അപ്പോ സൈക്കിളോ??
എന്‍റെ മുഖത്ത് ഒരു അമ്പരപ്പ്.
"എന്താടാ മുട്ട വാങ്ങാന്‍ ഒരു മടി" അമ്മയുടെ സ്വരത്തിനൊരു കടുപ്പം.
"ഹേയ്, ഒന്നുമില്ല"
ഇങ്ങനെ മറുപടി പറഞ്ഞ്, മുട്ടയിടുന്ന സകല കോഴികളേയും തന്തക്ക് വിളിച്ചോണ്ട് ഞാന്‍ ചന്തയിലോട്ട് ഓടി.എന്നിട്ട് കാശ് കൊടുത്ത് മുട്ട വാങ്ങി മാന്യനായി തിരികെ വന്നു.ആ വരവ് കണ്ട് നിന്ന നാണിയമ്മ ചോദിച്ചു:
"മോന്‌ സൈക്കിള്‍ വാങ്ങി അല്ലേ?"
നാണിയമ്മയാണ്‌ നാട്ടിലെ പ്രധാന ആകാശവാണി, അതിനാല്‍ തന്നെ അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ എനിക്കങ്ങ് സന്തോഷമായി.ഇനി എനിക്ക് സൈക്കിള്‍ വാങ്ങിയ കാര്യം എല്ലാവരും അറിഞ്ഞോളും എന്ന മനസമാധാനത്തില്‍ ഞാന്‍ പറഞ്ഞു:
"വാങ്ങി അമ്മുമ്മേ, പുതിയ സൈക്കിള്‍ വാങ്ങി"
സമീപത്തുള്ള ആണ്‍കുട്ടികളെല്ലാം 'തള്ളേന്ന്' അഭിസംബോധന ചെയ്യുന്നതിനിടക്ക് ഞാന്‍ 'അമ്മുമ്മേന്ന്' അഭിസംബോധന ചെയ്തത് അവരെ വളരെ സന്തോഷിപ്പിച്ച പോലെ.അതിനാലാവാം അവര്‍ എന്‍റെ അടുത്തോട്ട് വന്ന് ചോദിച്ചു:
"മോന്‍ സൈക്കിളില്‍ വീടിനു മുന്നിലെ കുളിമുറി വരെയെങ്കിലും പോകുമോ?"
പരട്ട തള്ള!!
എന്നെ ആക്കിയതാ!!
വാങ്ങിയ പത്ത് മുട്ടയില്‍ ഒന്നില്‍ കൂടോത്രം എഴുതി അവരുടെ വീട്ടില്‍ കുഴിച്ചിടണമെന്ന് മനസില്‍ കരുതി, കൂട്ടത്തില്‍ ആ കിളവിയെ അമ്മുമ്മേന്ന് വിളിച്ച നാവിനൊരു കടിയും കൊടുത്തു.
ഹല്ല, പിന്നെ!!

മലയോളം ആഗ്രഹിക്കുക, കുന്നോളം ലഭിക്കും!!
ഈ പഴഞ്ചൊല്ലില്‍ മനം അര്‍പ്പിച്ച് ഹിമാലയം വരെ സൈക്കിളില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിച്ച് തുടങ്ങി.ഇത്രേം ആഗ്രഹിച്ചാല്‍ ചന്ത വരെ പോകാന്‍ പറ്റിയാലോ??
ഈശ്വരാ, സഹായിക്കണേ..
ഭഗവാന്‍ എന്‍റെ വിളി കേട്ടു, അത് കാരണമാകാം അമ്മയുടെ സ്ക്കുളിലേ കുറേ ടീച്ചര്‍മാര്‍ ഒരു ദിവസം വീട്ടില്‍ വന്നത്.സ്ക്കുളിലേക്ക് ആവശ്യമായ കുട്ടികളെ പിടിക്കുന്നതായിരുന്നു അവരുടെ സംസാരവിഷയം.
സ്ക്കുളിനടുത്തുള്ള ശങ്കരന്‍റെ പെണ്ണുമ്പിള്ള അഞ്ച് വര്‍ഷം മുമ്പ് പെറ്റിരുന്നെങ്കില്‍ ആ കുട്ടിയെ ഒന്നാം ക്ലാസില്‍ കേറ്റാമായിരുന്നെന്ന് ഒരു ടീച്ചര്‍...
അതിനു മേല്‍ സൂചിപ്പിച്ച ശങ്കരന്‍ ഇത് വരെ പെണ്ണ്‌ കെട്ടിയില്ലല്ലോന്ന് മറ്റൊരു ടീച്ചര്‍..
ഇപ്പോ നാലില്‍ പഠിക്കുന്ന ശങ്കരന്‍റെ കാര്യമാണോ ഈ പറയുന്നതെന്ന് മറ്റൊരാള്‍..
അങ്ങനെ വിവിധതരം അഭിപ്രായങ്ങള്‍!!
പിന്നിട് സംസാരം ആഹാരത്തെ കേന്ദ്രീകരിച്ചായി, മത്തി തിന്നട്ട് നാള്‌ കുറേ ആയി എന്ന് കൂട്ടത്തില്‍ ഒരാള്‍ അഭിപ്രായം പറഞ്ഞത് കേട്ടപ്പോള്‍ അമ്മ എന്നോട് പറഞ്ഞു:
"മോനേ, സൈക്കിളില്‍ ചന്തയില്‍ പോയി അമ്പത് രൂപക്ക് മത്തി വാങ്ങി വാ"
എന്ത്??
സൈക്കിളിലോ??
കേട്ടപാതി കേള്‍ക്കാത്തപാതി ഞാന്‍ ചാടിയിറങ്ങി.സൈക്കിളില്‍ ചന്തയിലേക്ക് വെച്ച് പിടിച്ചപ്പോള്‍ അമ്മയുടെ വാചകങ്ങള്‍ ചെവിയില്‍ കേട്ടു..
"അവനാ ഇവിടെന്നും മീന്‍ വാങ്ങുന്നത്"
തങ്ങള്‍ക്ക് ഇത്ര മിടുക്കനായ ഒരു ആണ്‍കുട്ടി ഇല്ലല്ലോന്ന് അവരെല്ലാം മനസില്‍ കരുതി കാണും.

ചന്തയിലോട്ട് കഴിയുന്നത്ര സ്പീഡില്‍ ചവുട്ടി, ഇടക്ക് ഒരു കൈ വിട്ട് ചവുട്ടി, പിന്നെ രണ്ട് കൈയ്യും വിട്ട് ചവുട്ടി..
ഹോ, ഞാന്‍ കേമന്‍ തന്നെ!!
ചന്തയില്‍ എത്തിയതും, രണ്ട് കൈയ്യും വിട്ട് ചവിട്ടുന്ന എന്നെ ഒരു പോലീസുകാരന്‍ കൈ കാണിച്ചതും ഒരേ നിമിഷമായിരുന്നു.
"എന്താ മോന്‍റെ പേര്?"
"മനു"
"ഇത് മോന്‍റെ സൈക്കിളാണോ?"
"അതേ"
"ഒരു കൈ വിട്ട് മോനീ സൈക്കിള്‍ ചവിട്ടാനറിയാമോ?"
"അറിയാം"
"രണ്ട് കൈയ്യും വിട്ടോ?"
"അതും അറിയാം"
പോലീസുകാരന്‍റെ ചോദ്യത്തിനുള്ള എന്‍റെ ഒരോ മറുപടിയും അദ്ദേഹം അത്ഭുതത്തോടെയാണ്‌ കേട്ടത്.ഞാനാണെങ്കില്‍ ചോദ്യം ചോദിക്കുന്ന പോലീസുകാരന്‍ എന്‍റെ കൂട്ടുകാരനാണെന്ന മട്ടില്‍ സൈക്കിളില്‍ ഇരുന്നാണ്‌ എല്ലാത്തിനും മറുപടി നല്‍കുന്നത്.
പോലീസുകാരന്‍ ചോദ്യം തുടര്‍ന്നു:
"ഹാന്‍ഡിലില്‍ പിടിക്കാതെ മോന്‌ വീട് വരെ സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ?"
"പിന്നെ, അതൊക്കെ എനിക്ക് ഈസിയാ"
എന്‍റെ ഈ മറുപടി കൂടി കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു:
"എന്നാ ഈ സൈക്കിളിന്‍റെ ഹാന്‍ഡില്‍ ഞാനിങ്ങ് ഊരി എടുത്തോട്ടേ"
എന്ത്??
അന്തം വിട്ട് നിന്ന എന്നോട് കണ്ണുരുട്ടി അയാള്‍ വീണ്ടും ചോദിച്ചു:
"എന്താടാ, ഞാന്‍ ഊരട്ടേ"
കര്‍ത്താവേ.
അറിയാതെ സൈക്കിളില്‍ നിന്ന് താഴെയിറങ്ങി പോയി.
നിക്കറിലൊക്കെ ഒരു നനവ് പടര്‍ന്നോ??
അത് പോലീസുമാമന്‍ കണ്ടോ??
കണ്ട് കാണണം, അതാവാം ഒരു താക്കീത് തന്ന് വിട്ടയച്ചത്.ഒന്നും മിണ്ടാതെ സൈക്കിളും ഉരുട്ടി ചന്തയിലേക്ക് നടന്നു.

സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് മീന്‍ വാങ്ങാന്‍ ചെന്നു.
"മോനേ ഇങ്ങോട്ട് വാ മോനേ, ഇങ്ങോട്ട് വാ"
മീനുമായി ഇരിക്കുന്ന ഒരു സ്ത്രീ എന്നേ വിളിക്കുന്നു.
ഇനി ഇവര്‍ക്കെന്നേ അറിയാവുന്നതായിരിക്കുമോ??
ഞാന്‍ പതിയെ അവരുടെ അടുത്തോട്ട് നടന്നു.അത് കണ്ടപ്പോ വേറൊരു വശത്ത് മീനുമായിരുന്ന സ്ത്രീ പറഞ്ഞു:
"മോനേ അങ്ങോട്ട് പോകേണ്ടാ, ഇങ്ങോട്ട് വാ"
ങ്ങേ!!
ഇവര്‍ക്കും എന്നെ അറിയാമോ??
ഞാന്‍ അത്ര ഫെയ്മസ്സ് ആണോ??
ആകെ കണ്‍ഫ്യൂഷന്‍.

ഒടുവില്‍ ഒരിടത്ത് ചെന്നു..
"മോനേ, അയലയുണ്ട്, കോരയുണ്ട്, പിന്നെ നല്ല പച്ച മത്തിയുണ്ട്. ഏതാ വേണ്ടത്?"
മുമ്പിലിരുന്ന മൂന്ന് കൊട്ടയിലും ചൂണ്ടി അവര്‍ വിവരിച്ചു.നാലാമതൊരു കുട്ടയില്‍ കുറേ മീന്‍ മാറ്റി വച്ചിരിക്കുന്നു..
"അതെന്തുവാ?"
"അതോ, അത് പഴുത്ത മത്തി മാറ്റി വച്ചതാ മോനേ" അവരുടെ മറുപടി.
എനിക്ക് എല്ലാം മനസിലായി.
പച്ചമാങ്ങയെക്കാള്‍ രുചി പഴുത്ത മാങ്ങക്കാ, അതേ പോലെ പച്ച പേരക്കയേക്കാള്‍ രുചി പഴുത്ത പേരക്കക്കാ.അങ്ങനെ വരുമ്പോള്‍ രുചിയുള്ള പഴുത്ത മത്തി മാറ്റി വച്ച് എനിക്ക് പച്ചമത്തി തന്ന് പറ്റിക്കാനാ ഈ സ്ത്രീയുടെ ശ്രമം.
അമ്പടി!!
ആരോടാ കളി??
ഞാന്‍ വച്ച് കാച്ചി:
"അമ്പത് രൂപക്ക് പഴുത്ത മത്തി"
മീന്‍ വിറ്റോണ്ടിരുന്ന തള്ളയൊന്ന് ഞെട്ടി!!
മീന്‍ വാങ്ങാന്‍ ചുറ്റും നിന്നവരൊക്കെ അമ്പരപ്പോടെ എന്നേ ഒന്ന് നോക്കി.മീന്‍കാരി തള്ള വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു:
"മോനെന്താ പറഞ്ഞേ?"
"അമ്പത് രൂപക്ക് പഴുത്ത മത്തി" എന്‍റെ ഉറച്ച സ്വരം.
അവരെടുത്ത് തന്ന മീനും വാങ്ങി തിരികെ നടക്കാന്‍ നേരം ഒരു ചേട്ടന്‍ ചോദിച്ചു:
"ഇത് എന്തിനാ മോനേ, വളമിടാനാണോ?"
"അല്ല, പുളിയിടാനാ" എന്‍റെ മറുപടി.
അത് കൂടി കേട്ടതോടെ അവരുടെ അമ്പരപ്പ് ഇരട്ടിയായി.ഒരു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ പഴുത്ത മത്തി ചോദിച്ച് വാങ്ങാനോ, അത് പുളിയിട്ട് കൂട്ടാന്‍ വയ്ക്കാനുള്ളതാണെന്ന് മറുപടി പറയാനോ ഉള്ള കഴിവുണ്ടെന്ന് ഇവരാരും കരുതി കാണില്ല.
എന്നെ പോലൊരു മകനെ കിട്ടിയ അമ്മ ഭാഗ്യവതി തന്നെ!!
ഞാന്‍ തിരികെ വീട്ടിലേക്ക്.

മീന്‍ കണ്ടപ്പോ ടീച്ചര്‍മാര്‍ ചോദിച്ചു:
"അവര്‍ പഴുത്ത മത്തിയാണോ തന്നത്?"
"അല്ല, ഇത് ഞാന്‍ ചോദിച്ച് വാങ്ങിയതാ" എന്‍റെ അഭിമാനത്തോടുള്ള മറുപടി.
മീന്‍കാരി തള്ളയുടെയും, ചുറ്റും നിന്നവരുടെയും മുഖത്ത് കണ്ട അമ്പരപ്പ് ഇപ്പോ ടീച്ചര്‍മാരുടെ മുഖത്തും.അവരുടെ മക്കളെക്കാള്‍ ഞാന്‍ മിടുക്കനാണെന്ന് ചിന്തിക്കുകയാവും..
ഹോ, അമ്മ വീണ്ടും ഭാഗ്യവതി തന്നെ!!
എന്നാല്‍ എന്‍റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് മീന്‍ എടുക്കാതെ ടീച്ചര്‍മാര്‍ പുറത്തേക്കിറങ്ങി.
ഇനി മറന്നതാകുമോ??
ചത്ത വീട്ടില്‍ കയറി ചെല്ലുന്ന മുഖഭാവത്തില്‍ പുറത്തേക്കിറങ്ങിയ ടീച്ചര്‍മാരോട് ഞാന്‍ ചോദിച്ചു:
"മത്തി വേണ്ടേ?"
അത് കേട്ടതും ദയനീയ ഭാവത്തില്‍ അവരിലൊരാള്‍ ചോദിച്ചു:
"എന്തിനാ, വളമിടാനാ?"
അല്ല ടീച്ചറേ, പുളിയിടാനാ!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com