For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഇടവത്തിലെ ചാപിള്ള





"മാതാ പിതാ ഗുരുര്‍ ദൈവം"
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതം.
എന്നാല്‍ ഇപ്പോള്‍ ഈ ഗുരുക്കന്‍മാരെ ആരും വില കല്പിക്കാറില്ല.
എന്താണ്‌ അതിനു കാരണം?
പഴയ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്നും മാറിയ പുതിയ വിദ്യാഭ്യാസ രീതിയോ?
അതേ എന്നാണ്‌ എന്‍റെ മറുപടി...
ഗുരുശിഷ്യ ബന്ധം ഗുരുകുലത്തില്‍ നിന്നും സ്ക്കുളുകളിലേക്ക് മാറിയപ്പോള്‍ കുട്ടികളെ ഓടിച്ചിട്ട് പിടിക്കേണ്ട ഗതികേടിലായി അധ്യാപകര്‍.
കുട്ടികളുടെ തല എണ്ണാന്‍ വരുമ്പോള്‍ എണ്ണം തികയാന്‍, തങ്ങളുടെ ജോലി സ്ഥിരമാക്കാന്‍, മെയ് മാസത്തില്‍, അതായത് മലയാളത്തിലെ ഇടവമാസ വേളയില്‍, ഇറങ്ങി തിരിക്കേണ്ട ഗതികേടിലാണ്‌ ഇന്നവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഇടവമാസത്തില്‍ അങ്ങനെ ഇറങ്ങി തിരിച്ച നാല്‌ അധ്യാപകരില്‍ എന്‍റെ അമ്മയും ഒരാളായിരുന്നു.ഒരു മൂന്നാം ക്ലാസ്സ്‌കാരനായ എന്നെ ഒക്കത്ത് വെച്ചു കൊണ്ടായിരുന്നു അമ്മ സഹപ്രവര്‍ത്തകരോടൊപ്പം തങ്ങളുടെ സ്ക്കുളിനു വേണ്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയത്.

വലിയ ഒരു വീട്, അതിന്‍റെ ഗേറ്റില്‍ ഒരു ബോര്‍ഡും,
'പട്ടിയുണ്ട്, സൂക്ഷിക്കുക'
ആ ബോര്‍ഡ് കണ്ട് പേടിച്ച് വഴിയില്‍ നിന്ന ഞങ്ങളോട്, ആ വീട്ടില്‍ നിന്ന ഒരു സ്ത്രീ വിളിച്ച് ചോദിച്ചു:
"എന്തേയ്?"
പട്ടിയുണ്ടെങ്കിലെന്താ, വീടിന്‍റെ കോമ്പൌണ്ടില്‍ കയറിയാലെല്ലേ പ്രശ്നമുള്ളു.അത്കൊണ്ട് തന്നെ വെളിയില്‍ നിന്ന ഞങ്ങളുടെ ഇടയില്‍ നിന്നും അറബി സാര്‍ വിളിച്ച് ചോദിച്ചു:
"ഈ ബോര്‍ഡ് കണ്ടാ കേറാത്തെ, ഇവിടെ കുട്ടിയുണ്ടോ?"
ഒരു നാല്‌ യോഗ്യരായ ആള്‍ക്കാര്‍ വന്ന് പട്ടിയുണ്ട് എന്ന ബോര്‍ഡ് കണ്ടിട്ട്, കുട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, പട്ടികുട്ടിയെയാ ഉദ്ദേശിച്ചത് എന്ന് കരുതിയാകണം അവര്‍ മറുപടി പറഞ്ഞു:
"തീര്‍ന്നു പോയി, അടുത്ത പ്രസവത്തിനു തരാം"
കര്‍ത്താവേ!!!
ഇവരാര്??
സ്വന്തമായി പ്രസവ യൂണിറ്റ് ഉള്ള സ്ത്രീയോ?
അടിക്കടി പ്രസവിക്കുമത്രേ!!
എന്ത് തന്നെയായാലും അടുത്ത പ്രസവത്തിനു അവരുടെ പത്ത് മക്കളെയെങ്കിലും തങ്ങളുടെ സ്ക്കുളില്‍ ചേര്‍ക്കണമെന്ന് നാല്‌ അധ്യാപകരും കൂടി തീരുമാനിച്ചു.'അന്ന ദാതാവ്' എന്ന് പറയുന്ന പോലെ 'കുഞ്ഞ്‌ ദാതാവായ' ആ സ്ത്രീയെ നോക്കി ഒന്ന് ചിരിച്ച് കാട്ടിയിട്ട് ഞങ്ങള്‍ അടുത്ത വീട്ടിലേക്ക് നടന്നു.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാ, സ്ക്കൂളിലോട്ട് വരുന്ന വഴി ഒരു കടയില്‍ നിന്നും അമ്മ മസാലദോശ വാങ്ങി തന്നാരുന്നു.സത്യം പറയാമല്ലോ, മസാല ദോശ എനിക്ക് ഒരു വീക്ക്‌നെസ്സാ.ഒന്നും രണ്ടുമല്ല, മൂന്നെണ്ണമാ തട്ടിയത്.അത് കഴിഞ്ഞാണ്‌ അമ്മയുടെ ഒക്കത്ത് ഇരുന്നുള്ള ഈ ഊരു തെണ്ടല്‍.അതും പോകുന്ന വീട്ടില്‍ നിന്നെല്ലാം മാങ്ങ, ചക്ക ഇത്യാദി വിഭവങ്ങള്‍ വേറെ.സ്വന്തം വയറാണെന്ന് കരുതാതെ എല്ലാം അകത്താക്കിയതിനാല്‍ വയറ്‌ കേറി അങ്ങ് വീര്‍ത്തു.

സമയം ഉച്ച ആകാറായി...
എനിക്ക് ഒരു തളര്‍ച്ച പോലെ, ശര്‍ദ്ദിക്കണം എന്നൊരു തോന്നല്‍.ഒടുവില്‍ അത് സംഭവിച്ചു, നല്ല രീതിയിലൊന്ന് ശര്‍ദ്ദിച്ചു.ആ സംഭവം അധ്യാപകരുടെ കുട്ടിയെ തേടിയുള്ള നടപ്പിനു ഒരു വിഘാതമായി.വയ്യാതിരിക്കുന്ന എന്നെ ചുമന്നോണ്ട് നടക്കാനോ, വഴിയിലിട്ടട്ട് പോകാനോ പറ്റില്ല.സ്ക്കുള്‍ തുറക്കാറായതിനാല്‍ കുട്ടികളെ തപ്പി നടന്നേ പറ്റു.
ഇനി എന്ത് ചെയ്യും?
ഒടുവില്‍ ഇതിനവര്‍ കണ്ട് പിടിച്ച പരിഹാരമാണ്‌ എന്നെ മീനാക്ഷിയമ്മയുടെ അടുത്ത് ഇരുത്താനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.

മീനാക്ഷിയമ്മ..
ഒരു അറുപത് വയസ്സിനു മേല്‍ പ്രായം.അവരുടെ വീട്ടില്‍ എപ്പോഴും ആറേഴ് പെണ്ണുങ്ങള്‍ കാണും.വെറുതെ നാട്ട് വിശേഷം പറഞ്ഞിരിക്കാന്‍ മാത്രമല്ല കേട്ടോ, ഒരു ഗ്രൂപ്പായി ഇരുന്ന് ചകിരി പിരിച്ച് കയര്‍ ഉണ്ടാക്കുന്നതാണ്‌ ഇവരുടെ തൊഴില്‍.എനിക്ക് അവിടെയിരിക്കുന്നത് വലിയ ഇഷ്ടമാ, കാരണം ടീച്ചറിന്‍റെ മോന്‍ എന്ന പരിഗണനയുണ്ട്.അവര്‍ ജോലി ചെയ്യുന്നതും കണ്ട്, നാട്ട് വിശേഷങ്ങള്‍ പറയുന്നതും കേട്ട്, വെറുതെ ഇരുന്നു കൊടുത്താല്‍ മതി.
അന്നും അവര്‍ എന്നെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്.പതിവു പോലെ എന്നെ ഒരു സൈഡില്‍ ഇരുത്തിയിട്ട് ജോലിയോടൊപ്പം അവര്‍ ചര്‍ച്ചയും തുടങ്ങി.

ചര്‍ച്ചാവിഷയം: സ്ക്കുളുകളില്‍ കുട്ടികള്‍ കുറയാന്‍ കാരണം.
ഇത് കലിയുഗമാണത്രേ!!!
പഴയ പോലെ കുട്ടികള്‍ ഉണ്ടാവില്ല പോലും.
പണ്ടൊക്കെ ദിവസവും രാവിലെ ഉറക്കം ഉണരുന്നത് എവിടെങ്കിലും ഒരു കുഞ്ഞ് ജനിച്ചു എന്ന് കേട്ടാണന്നും, ഇന്ന് വല്ലപ്പോഴുമാണ്‌ ആ വാര്‍ത്ത കേള്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.പിന്നീട് പ്രസവത്തെ കുറിച്ചായി ചര്‍ച്ച.രാധിക, ശാരദ, മേനക എന്നിങ്ങനെ പ്രസവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം ഗര്‍ഭിണികളെ പുകഴ്ത്തി കൊണ്ട് അവര്‍ ആ ചര്‍ച്ച അവസാനിപ്പിച്ചു.

ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തില്ലെങ്കിലും, അത് കേട്ടിരുന്ന എനിക്ക് കുറേ പ്രധാന കാര്യങ്ങള്‍ മനസ്സിലായി.സ്ക്കുളില്‍ കുട്ടികളെ വേണമെങ്കില്‍ ആദ്യം അവരെ പ്രസവിക്കണം, ഇത് ഗര്‍ഭിണികളുടെ ജോലിയാണ്.അവര്‍ക്ക് മാത്രമേ ഇത്തരം ഒരു കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയൂ.
ഹോ, എത്ര മഹത്തായ അറിവുകള്‍!!
ഈ അറിവുകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോഴാണ്‌ എന്‍റെ മനസ്സില്‍ ഒരു സംശയം പൊന്തി വന്നത്, ഞാനത് മീനാക്ഷിയമ്മയോട് തുറന്ന് ചോദിക്കുകയും ചെയ്തു:
"ഗര്‍ഭിണികളെ എങ്ങനെ തിരിച്ചറിയാം?"
എ വെരി ഇന്‍റലിജന്‍റ്‌ ക്വസ്റ്റ്യന്‍!!
മീനാക്ഷിയമ്മ അടക്കമുള്ള മഹിളാമണികള്‍ ഇത് കേട്ട് ഒന്ന് ഞെട്ടി.
കൊച്ച് വായില്‍ നിന്നും വന്ന ചോദ്യം കേട്ടില്ലേ?
ഇനി എന്ത് മറുപടി പറയും?
ഒടുവില്‍ ഗര്‍ഭിണികളെ തിരിച്ചറിയാനുള്ള കുറേ കാരണങ്ങള്‍ സൂചിപ്പിച്ച് അവര്‍ തല ഊരി,
ഗര്‍ഭിണികളുടെ വയര്‍ വീര്‍ത്തിരിക്കുമത്രേ!!
മാത്രമല്ല അവര്‍ക്ക് മസാലദോശ, മാങ്ങാ ഇതൊക്കെ ഇഷ്ടമാണ്‌ പോലും!!
മീനാക്ഷിയമ്മയുടെ ഈ മറുപടി കേട്ട് എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
ഇതൊക്കെ തന്നെയാ എന്‍റെയും പ്രശ്നം..
എനിക്കും മസാലദോശയും മാങ്ങയും ഇഷ്ടമാ, മാത്രമല്ല ഇപ്പോള്‍ എന്‍റെ വയറും വീര്‍ത്തിരിക്കുവാ..
എന്‍റെ പറശ്ശീനിക്കടവ് മുത്തപ്പാ!!!
ഇനി ഞാന്‍ ഗര്‍ഭിണിയാണോ???
തികച്ചും ന്യായമായ സംശയം!!
എങ്കില്‍ തന്നെയും എന്തും രണ്ട് വട്ടം ഉറപ്പിക്കണം എന്നല്ലേ, അത് കൊണ്ട് ഞാന്‍ ആരാഞ്ഞു:
"ഈ ഗര്‍ഭിണികള്‍ ശര്‍ദ്ദിക്കുമോ?"
കൊച്ച് കുഞ്ഞാണെങ്കിലും എന്തോരം അറിവാ എന്ന് കരുതിയാകണം എല്ലാവര്‍ക്കും അതിശയം, ഒടുവില്‍ മീനാക്ഷിയമ്മ വിശദീകരിച്ച് തന്നു:
"ശര്‍ദ്ദിക്കും, എന്ന് മാത്രമല്ല പ്രസവം വരെ നല്ല ക്ഷീണവും കാണും"
ആണോ??
അപ്പം ഞാന്‍ ഗര്‍ഭിണി തന്നെ!!!
എനിക്ക് ഉറപ്പായി.

എന്തായാലും ഗര്‍ഭിണീയാണെന്ന് ഉറപ്പായി.ഇനി ക്ഷീണവും ശര്‍ദ്ദിലും മാറണമെങ്കില്‍ പ്രസവിക്കണമത്രേ.വേറെ വഴി ഇല്ലല്ലോ, ഞാന്‍ മീനാക്ഷിയമ്മയോട് എന്‍റെ ആവശ്യം പറഞ്ഞു:
"എനിച്ച് പ്രസവിക്കണം"
എന്ത്??
മഹിളാമണികളുടെ കണ്ണ്‌ തള്ളി!!
ഒരു മാങ്ങാ തിന്നാന്‍ പൂളി വായിലോട്ടിട്ട മീനാക്ഷിയമ്മ പെട്ടന്നുണ്ടായ ഷോക്കില്‍ വാ പോലും അടക്കാതെ എന്നെ അന്തം വിട്ട് നോക്കി.പിന്നീട് ബോധം വന്നപ്പോള്‍ വായില്‍ കിടന്ന ആ കഷ്ണം വിഴുങ്ങിയിട്ട്, തല ഒന്ന് വെട്ടിച്ച് ചോദിച്ചു:
"മോനെന്താ പറഞ്ഞത്?"
"എനിച്ച് പ്രസവിക്കണം" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
മൊത്തത്തില്‍ ഒരു നിശബ്ദത.
ഒടുവില്‍ മീനാക്ഷിയമ്മ തന്നെ മൌനം ഭജ്ഞിച്ചു, അവര്‍ പറഞ്ഞു:
"മോനേ, പെണ്ണുങ്ങള്‍ പത്ത് മാസം വയറ്റില്‍ ചുമന്നിട്ടാ പ്രസവിക്കുന്നത്"
അത് പെണ്ണുങ്ങള്‍..
ഞാന്‍ ആണ്‍കുട്ടിയല്ലേ?
ഞാന്‍ എന്തിനു പത്ത് മാസം ചുമക്കണം??
ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു:
"എനിച്ച് അത് പറ്റില്ല, ഇപ്പ പ്രസവിക്കണം"
കുരിശായി!!!

ഞാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നവര്‍ക്ക് മനസ്സിലായി.എന്നെ ഒന്ന് പേടിപ്പിക്കാനായി അവരിലൊരാള്‍ പറഞ്ഞു:
"പത്ത് മാസം തികയാതെ പ്രസവിച്ചാല്‍ ചാപിള്ളയാകും"
സോ വാട്ട്??
ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ.
"എനിച്ച് പ്രസവിക്കണം"
ഒടുവില്‍ മീനാക്ഷിയമ്മ ഒരു കഷ്ണം മാങ്ങാ പൂളി തന്നിട്ട് പറഞ്ഞു:
"മോനിത് ചവച്ച് ഒന്ന് നീര്‌ ഇറക്കിയേ.."
ഞാന്‍ അപ്രകാരം ചവച്ച് നീര്‌ ഇറക്കിയിട്ട് പുള്ളിക്കാരത്തിയെ നോക്കി.
ഇനി എന്ത്?
"മോനത് തുപ്പി കള"
ഒറ്റ തുപ്പ്.
ഞാന്‍ ചവച്ച് തുപ്പിയ ആ അവശിഷ്ടം ചൂണ്ടി കാട്ടി മീനാക്ഷിയമ്മ പ്രഖ്യാപിച്ചു:
"മോന്‍ പ്രസവിച്ചു, അതാ ചാപിള്ള"
ഓഹോ!!!
ഇതാണോ ചാപിള്ള??
അപ്പം പ്രസവം എന്നാല്‍ ഇതാണല്ലേ??
ഒരു കഷ്ണം മാങ്ങ എടുക്കുക, ചവക്കുക, തുപ്പുക.
എ വെരി സിംപിള്‍ പ്രോസസ്സ്!!!
ഇതിന്‌ എന്തിനാണാവോ പത്ത് മാസം ചുമക്കുന്നത്??
എന്തായാലും എനിക്ക് സന്തോഷമായി.

അന്ന് വൈകുന്നേരം..
പിള്ളാരെ തേടി ക്ഷീണിച്ച് വന്ന അമ്മയോട് ഞാന്‍ വിളിച്ച് കൂവി:
"അമ്മേ, ഞാന്‍ പ്രസവിച്ചു"
പാവം അമ്മ!!
ഒന്നും മനസിലായില്ല.
ഒരുപക്ഷേ ഞാന്‍ പ്രസംഗിച്ചു എന്നാവാം പറഞ്ഞത് എന്ന് കരുതി, എല്ലാവരോടുമായി അമ്മ പറഞ്ഞു:
"അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന്‍ മിടുക്കനാ"
ങ്ങേ!!!
ടീച്ചറെന്താണാവോ ഉദ്ദേശിച്ചത്??
മഹിളാമണികള്‍ക്ക് അമ്പരപ്പ്.
തിരിച്ച് വീട്ടിലേക്ക് പോകാന്‍ നേരം എന്നെ എടുത്ത് ഒക്കത്ത് വച്ച് കൊണ്ട് അമ്മ അവരോട് നന്ദി രേഖപ്പെടുത്തി:
"പോട്ടെ, ഇനി നാളെ വരാം"
അത് കേട്ടതും അറിയാതെ തലക്ക് കൈ വച്ച് അവര്‍ ചോദിച്ചു പോയി:
"മോനും വരുമോ?"
എന്നെ ഒരുപാട് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു!!

ജാടയൊരു രോഗമല്ല



പുതിയ ജീവിതം, അത് കൊച്ചിയില്‍ ആരംഭിക്കുന്നു....
ബാംഗ്ലൂരിന്‍റെ ഭ്രമിപ്പിക്കുന്ന മാസ്മരികയില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വന്നപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ...
ഇതാണ്, ഇതാണ്‌ ആ ജീവിതം...
ഞാന്‍ കാത്തിരുന്ന ജീവിതം!!

ജോലിക്ക് ജോയിന്‍ ചെയ്യേണ്ട ദിവസം...
കുളിച്ച് കുട്ടപ്പനായി മുഖത്ത് പുട്ടിയിട്ടു, തുടര്‍ന്ന് ഷര്‍ട്ടിട്ട്, അതിനെ ഒരു പാന്‍സിനകത്താക്കി, പട്ടിക്ക് കഴുത്തില്‍ കെട്ടുന്ന പോലത്തെ ഒരു ബെല്‍റ്റെടുത്ത് അരയിലും കെട്ടി, പാള ചുരുട്ടിയ പോലത്തെ ഒരു ഷൂസെടുത്ത് കാലിലുമിട്ട്, കോണകം പോലത്തെ ടൈയ്യെടുത്ത് കഴുത്തിലും കെട്ടി, തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയൊന്ന് വിലയിരുത്തി...
ആഹാ, പെര്‍ഫക്റ്റ്.

ഇനി ഓഫീസിലേക്കുള്ള യാത്ര...
ജീവിതത്തിലെ വലിയ സമ്പാദ്യമായ സര്‍ട്ടിഫിക്കേറ്റ് കൈയ്യിലേന്തി തയ്യാറായപ്പോഴേക്കും വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും മൊബൈലിലേക്ക് വിളിക്കാന്‍ തുടങ്ങി.എല്ലാവര്‍ക്കും പറയാന്‍ ഒരു വാക്ക് മാത്രം...
"മനു, ആള്‍ദി ബെസ്റ്റ്"
ഇത് കേള്‍ക്കുന്തോറും എനിക്ക് ആത്മവിശ്വാസമേറി...
ഹോ, ഇവിടെ ഞാനൊരു കലക്ക് കലക്കും!!!

നേരെ ഓഫീസിലേക്ക്...
കാറിലാണ്‌ യാത്ര, നമ്മളായിട്ട് ഒരു കുറവും വരുത്തരുതല്ലോ.
പറയുമ്പോ എല്ലാം പറയണം, സാധാരണ ചില്ല്‌ താഴ്ത്തിയിട്ട് യാത്ര ചെയ്യുന്ന ഞാന്‍ അന്ന് ഏസി ഇട്ടാ വണ്ടി ഓടിച്ചത്...
ഞാനൊരു ഭയങ്കരന്‍ തന്നെ!!!

എട്ടരക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം, കൃത്യം എട്ട് ഇരുപത്തിയഞ്ചായപ്പോള്‍ ഇന്‍ഫോ പാര്‍ക്കിന്‍റെ ഗേറ്റിലെത്തി.വാതുക്കല്‍ ഗേറ്റിനു കാവല്‍ നില്‍ക്കുന്ന കുറേ പേര്‍ കൈ കാണിക്കുന്നു.ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ വഴി നീളെയുള്ള ടോള്‍ പിരിവാ മനസ്സില്‍ ഓര്‍മ്മ വന്നത്.ഇപ്പോ വൈറ്റിലയില്‍ നിന്ന് അരൂര്‍ക്ക് പോകുന്ന വഴിയും ഇമ്മാതിരി പിരിവുണ്ട്...
പക്ഷേ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ടോള്‍ പിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.
കലികാലം, കലികാലം!!

എത്രയാ കൃത്യമായ ടോള്‍ കാശെന്ന് അറിയില്ലെങ്കിലും ഒരു അമ്പതിന്‍റെ നോട്ടെടുത്ത് നീട്ടി.സെക്യൂരിറ്റി ആ നോട്ടില്‍ നോക്കിയട്ട് സംശയ ഭാവത്തില്‍ എന്‍റെ മുഖത്ത് നോക്കി..
ശെടാ, കാശ് കുറഞ്ഞ് പോയോ??
അമ്പത് പിന്‍വലിച്ചു, എന്നിട്ട് ഒരു നൂറ്‌ രൂപ നീട്ടി!!!
അത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു:
"പാസ്സ്"

പാസ്സ്!!!!
അതായത് ഞാന്‍ പാസ്സായിരിക്കുന്നു.
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ ഒരു വലിയ പണക്കാരനാണെന്ന് അയാള്‍ക്ക് മനസ്സിലായി, എനിക്ക് അകത്തേക്ക് പോകാം.
ഞാന്‍ കാര്‍ ഉള്ളിലേക്ക് എടുത്തു...

പുറകിനു ഒരു വിസിലടി!!
എവിടുന്നാണെന്ന് അറിയില്ല, കാക്ക കുഞ്ഞ് കരയുമ്പോള്‍ കാക്ക പൊതിയുന്ന പോലെ കുറേ സെക്യൂരിറ്റിക്കാന്‍ എന്നെ വളഞ്ഞു.
ശെടാ, എന്നാ പറ്റി?
ക്യാഹുവാ?? വാട്ട് ഹാപ്പന്‍ഡ്?? എന്നാച്ച്??
പാസാക്കി വിട്ട സെക്യൂരിറ്റി ഓടി വന്ന് ഒരു ചോദ്യം:
"വെഹിക്കിള്‍ പാസ്സ് എന്തിയേ?"
എന്തിര്??
അന്തം വിട്ട് നിന്നപ്പോ അടുത്ത ചോദ്യം:
"ഗേറ്റ് പാസ്സ് എവിടടോ?"
ഈശോയേ!!
ഇത് എന്നതാ, പാസ്സിന്‍റെ അയ്യരുകളിയോ??
ചോദ്യം ചെയ്യല്‍ കൂടി അടി വീഴുമെന്ന് ഉറപ്പായപ്പോ, അപ്പോയിന്‍റ്‌മെന്‍റ്‌ ലെറ്റര്‍ കാണിച്ച് തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്‍റെ ഡയലോഗ് പുറത്തെടുത്തു:
"അപ്പന്‍റെ ഓയിന്‍മെന്‍റാണ്‌ സാര്‍"
അതോടെ ഗ്രീന്‍ സിഗ്നല്‍ കിട്ടി:
"തനിക്ക് പോകാം"
ഹാവൂ, ഞാന്‍ ശരിക്കും പാസ്സായി!!

ജോയിനിംഗ് പ്രൊസീജറൊക്കെ എളുപ്പമായിരുന്നു.
അപ്പോയിന്‍മെന്‍റ്‌ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, റിസീവിംഗ് ലെറ്റര്‍, വെല്‍ക്കം ലെറ്റര്‍ എന്ന് വേണ്ടാ, അവര്‌ കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.ഒന്നും വായിച്ച് നോക്കാന്‍ കൂടി പറ്റിയില്ല, എന്‍റെ വീടും പുരയിടവുമെല്ലാം അവര്‍ എഴുതി എടുത്തോ എന്തോ??
കര്‍ത്താവിനറിയാം!!

ആദ്യ ദിവസം തന്നെ എല്ലാവരുമായി കമ്പനിയായി.
ആണെത്ര, പെണ്ണെത്ര, അതില്‍ കല്യാണം കഴിച്ചവരെത്ര, കഴിക്കാത്തവരെത്ര, എന്ന് വേണ്ടാ അത്യാവശ്യം ഒരു കമ്പനിയില്‍ പുതിയ എംപ്ലോയി അറിഞ്ഞിരിക്കേണ്ടതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കി.ഉച്ചക്ക് താഴെ കാന്‍റീനില്‍ പോയി ഊണ്‌ കഴിച്ച വകയില്‍ ഒരു നൂറ്റമ്പത് രൂപ പൊട്ടി എന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം കുശാലായിരുന്നു.
വൈകുന്നേരം തിരികെ വീട്ടിലേക്ക്...
(ഏസി ഇടാതെ ചില്ല്‌ താഴ്ത്തി ഇട്ട് കൊണ്ട്!!)
അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു, ഇനി അടുത്ത തിങ്കളാഴ്ച മുതല്‍ സ്ഥിരമായി വന്നാല്‍ മതി.അതിനാല്‍ അടുത്ത പടിയിലേക്ക് കടന്നു...

ഇടപ്പള്ളിയിലൊരു വീടെടുത്തു, ഫസ്റ്റ് ഫ്ലോര്‍.മുകളിലാകാശവും താഴെ ഗ്രൌണ്ട് ഫ്ലോറും, നല്ല സെറ്റപ്പാ!!
രണ്ട് ദിവസം കൊണ്ട് ഗായത്രിക്കും മോള്‍ക്കും വരുമ്പോള്‍ വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ വീട്ടില്‍ ശരിയാക്കി.തുടര്‍ന്ന് ജോലിക്ക് പോകേണ്ടതിന്‍റെ തലേനാള്‍ വൈകുന്നേരം അവരെയും കൂട്ടി വീട്ടിലെത്തി.
ആ വരവിലൊരു കാര്യം മനസ്സിലായി, കുഞ്ഞിനു വേണ്ടി ഞാന്‍ കരുതിയതൊന്നും ഒരു കരുതലല്ല.അതിനായി വേറെ പലതും കരുതണമത്രേ!!.
അതിനാലാവാം ഒരു മുന്‍കരുതലായി അത്യാവശ്യ സാധനങ്ങള്‍ ഗായത്രി കരുതിയിരുന്നു.

അന്ന് രാത്രി, ഒരു പോള കണ്ണടച്ചില്ല.
മോള്‌ കരച്ചിലോട് കരച്ചില്‍.എന്നെ ആശ്വസിപ്പിക്കാന്‍ എന്ന പോലെ ഗായത്രി പറഞ്ഞു:
"ചേട്ടന്‍ വിഷമിക്കേണ്ട, സ്ഥലം മാറി കിടക്കുന്ന് കൊണ്ടാ"
ശരിയാ, കുട്ടികള്‍ സ്ഥലം മാറി കിടന്നാല്‍ കരയുമെന്ന് കേട്ടിട്ടുണ്ട്.കുറേ കഴിയുമ്പോള്‍ ശരിയാവുമായിരിക്കും.ഒന്ന് ഉറപ്പ് വരുത്താനായി ഗായത്രിയോട് ചോദിച്ചു:
"രണ്ട് ദിവസം കഴിയുമ്പോള്‍ മോള്‍ കരയില്ലാരിക്കും, അല്ലേ?"
മറുപടി ഹൃദയഭേദകമായിരുന്നു:
"അവള്‍ എന്നും കരയും, ഞാന്‍ ഉദ്ദേശിച്ചത് ചേട്ടന്‍ സ്ഥലം മാറി കിടക്കുന്ന കൊണ്ടാന്നാ"
മനസിലായില്ല!!
"അതായത് മോടെ അടുത്ത് ചേട്ടന്‍ ആദ്യമായല്ലേ കിടക്കുന്നത്.കുറേ ദിവസം കഴിയുമ്പോ മോടെ കരച്ചില്‌ കേട്ട് ഉറങ്ങാന്‍ പഠിക്കും"
ടം ട ഡേ!!
ജീവിതം കട്ടപ്പുക.
അല്ല, എനിക്കിത് വേണം...
രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ മറുതലക്ക് മോടെ കരച്ചില്‌ കേട്ടാല്‍, ഒരു അച്ഛന്‍റെ അധികാരത്തില്‍ 'മോളെന്താടി കരയുന്നത്?' എന്നൊരു ചോദ്യം ചോദിക്കാനല്ലാതെ മോളെ കൈ കൊണ്ട് എടുക്കാന്‍ എനിക്ക് അറിയില്ലല്ലോ.
ഇനി എല്ലാം പഠിക്കണം!!!
"അത് തനിയെ പഠിച്ചോളും" ഗായത്രിയുടെ മറുപടി.
ഈശ്വരാ!!!

പിറ്റേന്ന് രാവിലെ..
ഉച്ചക്ക് ക്യാന്‍റീനില്‍ നൂറ്റമ്പത് രൂപ കൊടുക്കുന്നത് ഒഴിവാക്കാനായി ചോറ്‌ തയ്യാറാക്കാനായി അതി രാവിലെ തന്നെ ഗായത്രി എഴുന്നേറ്റു.എനിക്ക് ചോറ്‌ കൊണ്ട് പോകാനായി പുതിയ പാത്രം വരെ അവള്‍ നാട്ടില്‍ നിന്ന് വാങ്ങി കൊണ്ടു വന്നിരിക്കുന്നു, പാവം.
സഹായിക്കണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിട്ട് കൂടി ഒരു ടിപ്പിക്കല്‍ മലയാളി ഭര്‍ത്താവിനെ പോലെ മൂടി പുതച്ച് കിടക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളു.
സമയം കടന്ന് പോയി...

എപ്പോഴോ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വന്ന അവള്‍ കുഞ്ഞിനെയും എടുത്തോണ്ട് പോയത് ഓര്‍മ്മയുണ്ട്.ഒടുവില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ സമയം ഏഴര.ചാടി എഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയിട്ട് വന്നപ്പോഴേക്കും പെമ്പ്രന്നോത്തി കുഞ്ഞിനെ കുളിപ്പിക്കാനായി ബാത്ത് റൂമില്‍ കയറിയിരുന്നു.പണ്ട് കൂടെ നിന്ന് വിളമ്പി തന്നവള്‍ ബാത്ത് റൂമില്‍ നിന്ന് വിളിച്ച് പറഞ്ഞു:
"ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്, ചോറവിടെ പാത്രത്തില്‍ വിളമ്പി വച്ചിട്ടുമുണ്ട്"
അതായത് വേണേ തിന്നിട്ട് പോടാന്ന്.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി, അവള്‍ ചോറ്‌ വിളമ്പി വച്ച വലിയ പ്ലാസ്റ്റിക്ക് പാത്രം ഒരു കവറിലുമാക്കി പുറത്തേക്ക് ഇറങ്ങിയപ്പോ ഞാനും പറഞ്ഞു:
"ഇറങ്ങുവാ..."
"ഓ.."അകത്തൂന്ന് മറുപടി.
പതിയെ ഓഫീസിലേക്ക്....

ഓഫീസില്‍ അത്യാവശ്യം നല്ല തിരക്കായിരുന്നു.മൊബൈല്‍ സൈലന്‍റ്‌ ആയതിനാല്‍ ആരുടെയും ശല്യമില്ലാതെ ജോലി ചെയ്യാന്‍ പറ്റി.ഉച്ചക്ക് കൃത്യം പന്ത്രണ്ടരയായപ്പോള്‍ വീട്ടില്‍ നിന്ന് ചോറ്‌ കൊണ്ട് വന്ന് കഴിക്കുന്നവരുടെ ഗ്യാങ്ങിലെ ഒരു പ്രതിനിധിയായ ഒരു പെണ്‍കുട്ടി ക്ഷണിക്കാന്‍ വന്നു:
"വാ ചേട്ടാ, ഇനി ഞങ്ങടെ കമ്പനിയില്‍ ചേരാം, കഴിപ്പ് ഒന്നിച്ചാവാം"
"സന്തോഷം" എന്‍റെ മറുപടി.
അത് കേട്ടതും എന്‍റെ പാത്രമടങ്ങിയ കവര്‍ കൂടി എടുത്ത് അവള്‍ കഫറ്റേരിയയിലേക്ക് പോയി....

ബാത്ത് റൂമില്‍ കയറി ഫ്രഷായി വെറുതെ ഫോണെടുത്ത് നോക്കിയപ്പോ ഇരുപത്തി മൂന്ന് മിസ്സ് കാള്‍....
എല്ലാം ഗായത്രിയുടെ.
ഈശ്വരാ, എന്ത് പറ്റി??
കുഞ്ഞും അവളും ഒറ്റക്കല്ലേ!!!
വെപ്രാളത്തില്‍ വിളിച്ച എന്നോട് അവള്‍ ചോദിച്ചു:
"എന്താ ചോറ്‌ കൊണ്ട് പോകാഞ്ഞത്?"
"ആര്‌ പറഞ്ഞു, ഞാന്‍ ചോറെടുത്തല്ലോ, ആ മഞ്ഞ പാത്രത്തില്‍ താഴെ വച്ചിരുന്നത്"
മറുഭാഗത്ത് നിശബ്ദത!!!
തുടര്‍ന്ന് അലര്‍ച്ച പോലൊരു വാചകവും:
"ഭഗവതി, അത് കുഞ്ഞ് അപ്പിയിട്ട പോട്ടിയാ"
ടിഷ്യൂം.
തലക്കകത്ത് ഒരു കൊള്ളിയാന്‍ മിന്നി!!
കര്‍ത്താവേ...

പണ്ട് കാലത്ത് കുഞ്ഞുങ്ങളെ കാലേല്‍ നിര്‍ത്തിയാ അപ്പിയിടിപ്പിക്കുന്നത്.ഇപ്പോ അതിനും പാത്രമുണ്ടെന്നും, അതിനെ പോട്ടീന്നാ പറയുന്നതെന്നും, കുഞ്ഞിനായി ഗായത്രിയുടെ അച്ഛന്‍ അമ്മാതിരി ഒന്ന് വാങ്ങിയിരുന്നെന്നും ഒരിക്കല്‍ അവള്‍ പറ്ഞ്ഞത് മനസ്സിലൂടെ ഒന്ന് ഫ്ലാഷ് അടിച്ചു.രാവിലെ കുഞ്ഞ് അപ്പിയിട്ട പോട്ടി കഴുകാന്‍ വേണ്ടി ഗായത്രി അടച്ച് വച്ചതാണ്‌ ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്ന നഗ്നസത്യം മനസിലായപ്പോള്‍ കരയണോ ചിരിക്കണോന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍...

"ചേട്ടാ, കഴിക്കാന്‍ വരുന്നില്ലേ?" കഫറ്റേരിയയില്‍ നിന്നൊരു ചോദ്യം.
ഈശോയേ, പോട്ടി!!!
ഒറ്റ ഓട്ടമായിരുന്നു, ഓടി ചെന്നപ്പോള്‍ എല്ലാവരും പാത്രം തുറന്ന് എന്നെ കാത്തിരിക്കുവാ, എന്‍റെ കവര്‍ മാത്രം മാറ്റി വച്ചിരിക്കുന്നു.എന്നെ കണ്ടതും അവര്‍ പറഞ്ഞു:
"ആദ്യ ദിവസമല്ലേ, ചേട്ടന്‍ വന്നിട്ട് തുറക്കാമെന്ന് കരുതി"
അത് നന്നായി.
അല്ലേല്‍ ഇന്നൊരു തീരുമാനമായേനേ!!

പാത്രത്തിന്‍റെ വലിപ്പം കണ്ടാവണം ഒരുത്തിക്കൊരു സംശയം:
"വല്യ പാത്രമാണല്ലോ, ഇത്രേം ചേച്ചി വച്ചതാ"
ഹേയ്, കുഞ്ഞ് വച്ചതാ!!
"നാളെ മുതല്‍ ഇങ്ങനല്ല, ഞങ്ങള്‍ കൈയ്യിട്ട് വാരും" അവളുടെ ഭീഷണി.
നിനക്കൊക്കെ ധൈര്യമുണ്ടെങ്കില്‍ ഇന്ന് കൈയ്യിട്ട് വാരടീന്ന് പറയാന്‍ വന്നത് ഒരു ചിരിയിലൊതുക്കി.
എന്‍റെ മൌനം കണ്ടാകാം, അവര്‍ വീണ്ടും ക്ഷണിച്ചു:
"വാ ചേട്ടാ, ഇരിക്കാം"
ഒഴിവാകാന്‍ വേണ്ടി ഒരുവിധം പറഞ്ഞു:
"അതേ, ഇന്ന് ഞാന്‍ നിങ്ങടെ കൂടെ കഴിക്കാനില്ല"
"അയ്യോ, അതെന്താ?"
"ആദ്യ ദിവസമല്ലേ, പ്രോജക്റ്റ് മാനേജരോടൊപ്പം കഴിക്കണമെന്നാ ആഗ്രഹം"
എല്ലാവരുടെയും മുഖത്ത് നിരാശ.
ഒടുവില്‍ അവര്‍ സമ്മതിച്ചു:
"ശരി ചേട്ടാ"
ഭാഗ്യം, രക്ഷപ്പെട്ടു.

രക്ഷപെടലിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, അരമണിക്കൂര്‍ കഴിഞ്ഞപ്പോ പ്രോജക്റ്റ് മാനേജര്‍ വന്നു:
"മനു ഇന്ന് എന്‍റെ കൂടെ കഴിക്കാന്‍ ആഗ്രഹിക്കുന്നതായി കുട്ടികള്‍ പറഞ്ഞു, ബാ നമുക്ക് തുടങ്ങാം"
എന്തോന്ന്??
"കമോണ്‍ മനു"
ഈശോയേ!!
എന്ത് പറയും??
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"സോറി സാര്‍, ഇപ്പോഴാ ഓര്‍ത്തത്.ഇന്ന് ഞാന്‍ വ്രതമാ, വെജിറ്റേറിയന്‍ മാത്രമേ കഴിക്കു, സാറിനു അസൌകര്യമാവും"
"ഓ, ഐ സീ" സാറിന്‍റെ മുഖത്ത് മ്ലാനത.
"ഞാന്‍ നാളെ കമ്പനി തരാം സാര്‍" എന്‍റെ ഉറപ്പ്.
"മതി, അതു മതി" മാനേജര്‍ ഹാപ്പിയായി, ഞാനും.

പ്രോജക്റ്റ് മാനേജര്‍ പോയപ്പോള്‍ അടുത്ത സീറ്റിലിരുന്ന ഒരാള്‍ എഴുന്നേറ്റ് അരികിലേക്ക് വന്നു, കണ്ടിട്ടൊരു നമ്പൂതിരി ലുക്ക്.
ആരാണാവോ??
"നോം വെജിറ്റേറിയനാ" അയാളുടെ ആമുഖം.
അതിന്??
"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം"
ഈശോയേ!!!
കുരിശുകള്‍ ഇങ്ങനെയും വരുമോ???
റാംജിറാവു സ്പീക്കിംഗിലെ ഒരു രംഗമാ ഓര്‍മ്മ വന്നത്....

"കുലുമാ....കുലുമാ...
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ കുലുമാ...
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പെടുമ്പോള്‍ കുലുമാ..."

മത്തായിച്ചേട്ടാ, ഒരു പാട്ട് കേട്ടോ?
പാട്ടോ?
ഇതവന്‍റെ അടവാ, ഒപ്പിടടാ, എടാ, ഒപ്പിടാന്‍!!!

"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം" വീണ്ടും.
ണ്ട്, ലേശ്യം വിരോധം ണ്ട്!!!
അങ്ങനെ പറയാന്‍ വായില്‍ വന്നെങ്കിലും, പറഞ്ഞില്ല.ഒരുവിധം അദ്ദേഹത്തെ ആശ്വസിപ്പിച്ചു:
"സോറി, ഇന്ന് ഞാനില്ല"
"സാരല്ല്യ" നമ്പൂതിരി അരങ്ങൊഴിഞ്ഞു.

ഇനി ഇവിടിരിക്കുന്നത് പന്തിയല്ല.പോട്ടി കവറില്‍ ഭംഗിയായി പൊതിഞ്ഞു ഡ്രോയറില്‍ വച്ചു.താഴെ ക്യാന്‍റീനില്‍ പോയി കഴിക്കാനായി എഴുന്നേറ്റു.ആദ്യ ദിവസം തന്നെ ഡ്രോയര്‍ പൂട്ടുന്ന കണ്ട് സഹപ്രവര്‍ത്തകന്‍ ചോദിച്ചു:
"എന്താ മനു, വിലപിടിപ്പുള്ള വല്ലതുമുണ്ടോ?"
ഉവ്വ, പ്രീഷ്യസ്സാ!!!

താഴെ ക്യാന്‍റീനിലേക്ക്...
അവിടെ പോയീ നൂറ്റമ്പത് രൂപ മുടക്കി ഒരു ഊണ്‌ കഴിച്ചു.അത് അറിഞ്ഞപ്പോ ഓഫീസിലുള്ളവര്‍ പരസ്പരം പിറുപിറുത്തു...
"നമ്മടെ കൂടെ ഒന്നും ആഹാരം കഴിക്കില്ല, താഴെ ക്യാന്‍റീനില്‍ പോയാ കഴിച്ചത്, ഭയങ്കര ജാടയാ"
എനിക്ക് ജാടയാണന്ന്....
അല്ലെന്ന് പറയാന്‍ പോയില്ല, സമ്മതിച്ചു കൊടുത്തു...
എനിക്ക് ഇച്ചിരി ജാടയുണ്ട്....
ഐയം എ ജാടാമാന്‍!!
സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ എന്ന് ശ്രേണിയിലെ പുതിയ അവതാരം..
ജാടാമാന്‍!!!
പക്ഷേ ഗതികേടു കൊണ്ടാ കുഞ്ഞുങ്ങളെ, ഈ ജാട ഒരു രോഗമല്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com