For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഗുഡ്നൈറ്റ് അലര്‍ജിയാണ്..


ജീവിതത്തില്‍ തിരക്ക് കൂടി കൂടി വരുന്നു.ജോലി തന്നെ ജോലി, ഒരു രക്ഷയുമില്ല.ദിവസവും രാവിലെ അമ്പലത്തില്‍ പോയിക്കൊണ്ടിരുന്ന എനിക്ക് ഇപ്പോ അതിനൂടെ സമയമില്ലാതായി...
ഈശ്വരാ, ക്ഷമിക്കണേ..
[ഈ ഒരു പ്രശ്നത്തെ വൈകുന്നേരം അമ്പലത്തില്‍ പോയാണ്‌ മറി കടക്കാറ്]
അങ്ങനെയുള്ള ഒരു വൈകുന്നേരം...

എറണാകുളത്ത് താമസിക്കുന്ന വീടിനടുത്തൂടെയാണ്‌ നാഷണല്‍ ഹൈവേ പോകുന്നത്.അതിനു മറുവശത്തുള്ള അമ്പലമായിരുന്നു എന്‍റെ ലക്ഷ്യം.ബൈക്ക് ഹൈവേയുടെ ഒരു സൈഡില്‍ നിര്‍ത്തി റോഡ് ക്രോസ്സ് ചെയ്തു.അമ്പത്തിലേക്ക് കാലെടുത്ത് വച്ചപ്പോഴാണ്‌ മുന്നില്‍ അവര്‍ പ്രത്യക്ഷപ്പെട്ടത്..
ഒരു പിച്ചക്കാരി!!!
"മോനേ, വല്ലതും തരണേ..."
മൈന്‍ഡ് ചെയ്യാതെ അമ്പലത്തില്‍ കയറി.മുന്നോട്ട് നടന്നപ്പോള്‍ മാലയുമായി മറ്റൊരാള്‍.
"മാല വേണ്ടാ" ഞാന്‍ പറഞ്ഞു.
"ഹേയ്, ഇത് ഞാന്‍ വാങ്ങിയ മാലയാ.അകത്ത് കയറണേല്‍ ഷര്‍ട്ടും ബനിയനും ഊരണം, ഇതൊന്ന് അകത്തേക്ക് കൊടുക്കാമോ?" അയാളുടെ ചോദ്യം.
മാലയുമായി അകത്തേക്ക്...
ഭഗവാനു മുന്നില്‍ മാല വച്ച് സത്യം ബോധിപ്പിച്ചു:
"വേറൊരാള്‌ തന്ന മാലയാ, പക്ഷേ കൊണ്ട് വച്ചത് ഞാനാ, അതുകൊണ്ട് ഇച്ചിരി പുണ്യം എനിക്ക് തരണേ"
ഭഗവാനൊന്ന് ചിരിച്ച പോലെ.....!!!
മനസ്സില്‍ കുളിര്‍മഴ പെയ്യുന്നതിനു മുന്നേ അവിടുന്നു ഒരു ചോദ്യം:
"ഒരു പ്രായമായ സ്ത്രീ എന്തേലും തരണേന്ന് പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാത്ത നിനക്ക് ഞാനെന്തിനാ പുണ്യം തരുന്നത്?"
കുറ്റബോധം!!!
ഭയങ്കര കുറ്റബോധം.
ആ സ്ത്രീക്ക് അഞ്ചു രൂപ കൊടുത്തിട്ട് തന്നെ ഇനി കാര്യം.
അമ്പലത്തിനു പുറത്തേക്ക്...

ഭാഗ്യം, അവര്‍ മുന്നില്‍ തന്നെ വന്നു.
റോഡ് തിരിഞ്ഞ് നില്‍ക്കുകയാണ്, അഞ്ചു രൂപയുമായി പിന്നിലെത്തി, എന്നിട്ട് മധുരമായി വിളിച്ചു:
"അമ്മച്ചി"
ആ സ്ത്രീ പതിയെ തിരിഞ്ഞു, മുഖം കണ്ടതും ഞാനൊന്ന് ഞെട്ടി, അത് ആ പിച്ചക്കാരിയല്ല.റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്ന ഏതോ ഒരു സ്ത്രീ.
കൈയ്യില്‍ അഞ്ചു രൂപയും നീട്ടി നില്‍ക്കുന്ന എന്നോട് അവര്‍ ചോദിച്ചു:
"എന്തേ?"
എന്ത് മറുപടി പറയും എന്ന് ഒന്ന് ആലോചിച്ചു, ഒടുവില്‍ ഭഗവാന്‍റെ മുന്നിലായത് കൊണ്ട് സത്യം ബോധിപ്പിക്കാമെന്ന് തീരുമാനിച്ചു.എന്നിലെ പിഞ്ച് മനസ്സ് മൊഴിഞ്ഞു:
"ക്ഷമിക്കണം, പുറകീന്ന് കണ്ടപ്പോ പിച്ചക്കാരിയാണെന്ന് വിചാരിച്ചു"
"ഫ്‌അ!!!" ഒറ്റ ആട്ടായിരുന്നു മറുപടി.
അവര്‌ ആട്ടിയ ആട്ടിനു മുന്നില്‍ കുറച്ച് അരിയും ഉഴുന്നും കൂടി ഇട്ടിരുന്നേല്‍ പത്ത് ദോശക്കുള്ള മാവ് കിട്ടിയേനേ.

"എന്താ പ്രശ്നം?" സദാചാര പോലീസ്സ് പ്രത്യക്ഷമായി.
"ഇവനെന്നെ പണം തന്ന് മയക്കാന്‍ നോക്കുന്നു" ആ സ്ത്രീയുടെ മറുപടി.
"ആണോടാ?" സദാചാരം കണ്ണുരുട്ടി.
പേരണ്ടൂരമ്മേ, ഇടി പാഴ്സലായി കിട്ടിയത് തന്നെ!!!
ഭാഗ്യത്തിനു ആ സമയത്ത് യഥാര്‍ത്ഥ പിച്ചക്കാരി അവിടെ അവതരിച്ചു.
അവരെ ചൂണ്ടി ഞാന്‍ പറഞ്ഞു:
"ഇവരാണെന്ന് വച്ചാ ഞാന്‍ പൈസ നീട്ടിയത്"
സദാചാരത്തിന്‍റെ കണ്ണ്‌ വിടര്‍ന്നു:
"പിച്ച എടുക്കുന്ന ഈ പാവം സ്ത്രീയെ.....നിനക്ക് എങ്ങനെ മനസ്സ് വരുന്നെടാ??"
ശെടാ.
ഞാന്‍ ദയനീയമായി പിച്ചക്കാരിയെ നോക്കി.
"പിച്ച എടുത്താലും ഞാനാ പണിക്കില്ല" അവരുടെ ഡയലോഗ്.
എന്നെ അങ്ങ് കൊല്ല്!!!

സദാചാരം എന്നെ 'സാധാ ചാര'മാക്കുമെന്ന് മനസ്സ് മന്ത്രിച്ചപ്പോ അറിയാതെ ഭഗവാനെ വിളിച്ചു..
കണ്ണാ, പുറകീന്ന് കണ്ടപ്പോ പിച്ചക്കാരിയെ പോലുണ്ടെന്ന സത്യം പറഞ്ഞതിനാ ഇങ്ങനെ ക്രൂശിക്കുന്നത്, പ്ലീസ്സ് സേവ് മീ.
ഭഗവത് ഗീത വായിച്ചിട്ടില്ലേ?? കണ്ണന്‍റെ മറുചോദ്യം.
ഇല്ല, എന്തേ??
അതില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
എന്ത്??
അപ്രിയ സത്യങ്ങള്‍ പറയരുത്!!!
അപ്പോ ഭഗവാനും ഇത് പോലെ.....??!!
ഹേയ്, ഇല്ലില്ല.
അത് പോട്ടെ, പക്ഷേ ഇപ്പോ ഞാന്‍ എങ്ങനെ രക്ഷപെടും?
ഒരു വഴിയുണ്ട്..
എന്താ അത്?
ഓടിക്കോ.
കേട്ടപാതി അമാന്തിച്ചില്ല, ഓടി.
അപ്പോ ഓടിയ വഴി ഇനി പുല്ല്‌ കിളിക്കില്ല [കാരണം അത് നാഷണല്‍ ഹൈവേയിലൂടെ ആയിരുന്നു]

വൈകുന്നേരം സംഭവിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാനാ ഞാന്‍ രണ്ടെണ്ണം വീശിയത്.
[നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്‌]
ഭാര്യ വീട്ടില്‍ ഇല്ലാത്തതിനാല്‍ കള്ള്‌ കുടിക്കുന്ന കൂട്ടത്തില്‍ കുറേ സുഹൃത്തുക്കളെ വിളിച്ച് ഞാന്‍ വിഷമം ബോധിപ്പിച്ചു.
[ഈ സീനിലും മേല്‍ പറഞ്ഞ സെയിം മുന്നറിയിപ്പ്]
ഇനിയുള്ള സീനുകളില്‍ മദ്യമില്ല, അത് കൊണ്ട് മുന്നറിയിപ്പും ഇല്ല...!!!!
[മുന്നറിയിപ്പ് കൊടുത്തത് പേടിച്ചിട്ടാ, സിഗററ്റ് വലിച്ചത് പോസ്റ്ററില്‍ വന്നതിനു സിനിമാ നടിക്കെതിരെയും, ഹെല്‍മറ്റില്ലാതെ ബൈക്കിലിരുന്നത് പോസ്റ്ററില്‍ വന്നതിനു സൂപ്പര്‍സ്റ്റാറിനെതിരെയും കേസ്സെടുത്ത നാടല്ലേ, ഇനി കള്ള്‌ കുടിച്ചെന്ന് എഴുതിയേനു എനിക്ക് എതിരെ കേസെടുത്താലോ?]
വീണ്ടും കഥയിലേക്ക്...

കള്ള്‌ തലക്ക് പിടിച്ചപ്പോ സിനിമ കണ്ടു, പിന്നെ ചപ്പാത്തി തിന്നു.ഇതിനിടക്ക് എന്നെ വന്ന് കടിച്ച രണ്ട് കൊതുകുകള്‍ ലഹരി മൂത്ത് തല കറങ്ങി വീണു.
സമയം ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി.
മണി രാത്രി ഒന്നര.
ഉറങ്ങാന്‍ പാ വിരിച്ച് കിടന്നപ്പോള്‍ മൂളിപാട്ടുമായി വീണ്ടും കൊതുക്.ഗുഡ്നൈറ്റ് ലിക്യുഡ് പ്ലഗ്ഗില്‍ വച്ചു, പക്ഷേ വച്ചത് ശരിയായില്ല, അത് താഴെ വീണു പൊട്ടി.തറ വൃത്തിയാക്കി ശേഷിച്ച ലിക്യുഡുമായി അടുക്കളയിലേക്ക്.വാഷ് ബേസില്‍ ബാക്കി വന്നത് ഒഴിച്ച് കളയാന്‍ പോയപ്പോഴാണ്‌ ഇത് സൂക്ഷിച്ച് വച്ചാല്‍ പിറ്റേ ദിവസം കുറേ പരീക്ഷണങ്ങള്‍ നടത്താമെന്ന് വയറ്റില്‍ കിടന്ന കള്ള്‌ എന്നെ ഉപദേശിച്ചത്, അങ്ങനെ അത് അടുത്ത് കണ്ട സ്റ്റീല്‍ ഗ്ലാസ്സില്‍ ഒഴിച്ച് വച്ച് നേരെ കട്ടിലിലേക്ക്..
ബോധം കെട്ട് ഒറ്റ ഉറക്കം.
ആ രാത്രി അങ്ങനെ കഴിഞ്ഞു.

ചപ്പാത്തിയും കള്ളും നന്നായി പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ ഡീ ഹൈഡ്രേഷന്‍ കൊണ്ടാകണം കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ ഉണര്‍ന്നു.
ഭയങ്കര ദാഹം!!!
കൈലി വാരി ചുറ്റി അടുക്കളയിലേക്ക്, കൈയ്യില്‍ കിട്ടിയ ആദ്യത്തെ ഗ്ലാസ്സെടുത്ത് കലത്തീന്ന് വെള്ളം കോരി അണ്ണാക്കിലേക്ക് ഒഴിച്ചു..
ഗ്ലും!!!
ചെറിയൊരു നീറ്റലോടെ എന്തോ ഒരു ദ്രാവകം അണ്ണാക്കില്‍ നിന്ന് ആമാശയത്തിലേക്ക് ഇറങ്ങി പോയി.ആ നിമിഷം എന്‍റെ മനസ്സില്‍ ഒരു ഉള്‍വിളിയുണ്ടായി..
കര്‍ത്താവേ, ഗുഡ്നൈറ്റ്!!!
തലേദിവസം ഒഴിച്ചു വച്ച ഗുഡ്നൈറ്റ് ലിക്യുഡ് പച്ചവെള്ളവും ചേര്‍ത്ത് ഞാന്‍ കുടിച്ചിരിക്കുന്നു..
മാരക വിഷം!!
കടവുളേ, ഞാനിപ്പോ ചാകും.
നിന്ന നില്‍പ്പില്‍ ഒറ്റ അലര്‍ച്ചയായിരുന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ ഓടി അടുത്ത മുറിയിലേക്ക് പോയി.അവിടെ അലമാരിയിലെ കണ്ണാടിയില്‍ എന്‍റെ രൂപം കണ്ട് വീണ്ടും അലറി.
തുടര്‍ന്ന് പുറത്തേക്ക് പാഞ്ഞു...

ചാകുന്നതിനു മുന്നേ ആശുപത്രിയിലെത്തണം.ചാടി കേറി ബൈക്കേല്‍ ഇരുന്നു, അപ്പോഴാ ഓര്‍ത്തത് ഷര്‍ട്ട് ഇട്ടിട്ടില്ല, മാത്രമല്ല ബൈക്കിന്‍റെ ചാവിയില്ല.ശരപഞ്ചരത്തില്‍ കുതിരയെ ജയന്‍ തടവുന്ന പോലെ ഷര്‍ട്ടുമില്ലാതെ ബൈക്കില്‍ ചാടി കയറിയ എന്നെ നോക്കി അടുത്ത വീട്ടിലേ ചേച്ചി ചോദിച്ചു:
"എന്ത് പറ്റി മനു?"
"ഗുഡ്നൈറ്റ്..." പറയാന്‍ വന്നത് നാക്കില്‍ തടഞ്ഞു.
"അയ്യേ, രാവിലെ ഗുഡ്മോര്‍ണിഗ് അല്ലേ?" ചേച്ചിയുടെ ചോദ്യം.
'മാങ്ങാത്തൊലി' എന്ന് മനസില്‍ പറഞ്ഞിട്ട് ഞാന്‍ വീണ്ടും റൂമിലേക്ക്.ഷര്‍ട്ടുമിട്ട് ബൈക്കിന്‍റെ ചാവിയുമെടുത്ത് താഴെ വന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോ ചേച്ചി വീണ്ടും:
"മോണിംഗ് വാക്കിനു പോകുമാണോ?"
ബ്ലഡി ലേഡി, ഏതെങ്കിലും മനുഷ്യന്‍ ബൈക്കേ മോണിംഗ് വാക്കിനു പോകുമോ??
ചോദിച്ചില്ല, ബൈക്ക് പുറത്തേക്ക് പറത്തി...
ജംഗ്ഷനില്‍ എത്തിയപ്പോ ആകെ ഡൌട്ട്.
ഏത് ആശുപത്രിയില്‍ പോകണം?
അടുത്ത് കണ്ട പ്രായമായ ഓട്ടോക്കാരനോട് ചോദിച്ചു:
"ചേട്ടാ ഒരു ആശുപത്രി കാണിക്കാമോ?"
അയാള്‍ അടുത്തുള്ള ദന്താശുപത്രി ചൂണ്ടി കാട്ടി.
"അയ്യോ, ചേട്ടാ, വിഷം കഴിച്ച ആളെ കൊണ്ട് പോകാനാ"
അയാള്‍ അമ്പരന്ന് എന്നെ നോക്കി, എന്നിട്ട് ചോദിച്ചു:
"ആരാ വിഷം കഴിച്ചത്?"
"ഞാനാ" കുറ്റം സ്വയം ഏറ്റു.

അതോടെ ആളു കൂടി.എല്ലാവരും കൂടി എന്നെ ഒരു ഓട്ടോയില്‍ കേറ്റി, കൂടെ അഞ്ചാറ്‌ ഓട്ടോക്കാരും കയറി, ഓട്ടോ ഹോസ്പിറ്റലിലേക്ക്...
"എന്ത് വിഷമാ കുടിച്ചത്?" ഒരാളുടെ ചോദ്യം.
ഞാന്‍ മിണ്ടിയില്ല, കണ്ണടച്ചു കിടന്നു.
അതിനാലാവാം വേറൊരുത്തന്‍ ചോദിച്ചു:
"ബോധം പോയോ?"
അത് പണ്ടേ പോയി!!
പിന്നെ കേട്ടത് കുറേ ശബ്ദങ്ങള്‍ മാത്രം.
"പെട്ടന്ന് കൊണ്ടു പോടാ" ആരോ അലറുന്നു.
"ആരെങ്കിലുമാ കരയുന്ന ശബ്ദമൊന്ന് ഇടോ" വേറൊരുത്തന്‍.
ശബ്ദം കേട്ട് തുടങ്ങി...
കിയോ...കിയോ...കിയോ...കിയോ..
ലൈറ്റുമിട്ട് ഓട്ടോ ഹോസ്പിറ്റലിലേക്ക്...

ഹോസ്പിറ്റലിലെത്തിയപ്പോള്‍ കണ്ണ്‌ തുറന്ന് ഞാന്‍ പറഞ്ഞു:
"ഞാന്‍ നടന്ന് വരാം"
ആരും സമ്മതിച്ചില്ല, എല്ലാവരും കൂടി എന്നെ പൊക്കി കൊണ്ട് പോയി.അത് കണ്ട് അവിടെ ഇരുന്ന പ്രായമായ ഒരു മനുഷ്യന്‍ എഴുന്നേറ്റ് തൊഴുതു.പാവം, രാജാവിനെ പല്ലക്കില്‍ കൊണ്ട് വരുവാണെന്ന് വിചാരിച്ച് കാണും.ഏത് രാജ്യത്തെ ആയിരിക്കുമെന്ന് അമ്പരന്ന് നിന്ന അയാള്‍ക്ക് കണ്ണ്‌ കൊണ്ട് ഞാന്‍ മറുപടി കൊടുത്തു, കോത്താഴത്തേ!!!
തുടര്‍ന്ന് അകത്തേക്ക്..
അവിടെ എത്തിയപ്പോ അടുത്ത പ്രശ്നം, ഡോക്ടറില്ല.
ചെന്നപാടെ സിസ്റ്റര്‍ ഒരു തെര്‍മോ മീറ്ററെടുത്ത് വായില്‍ വച്ച് തന്നു.
"അല്ല സിസ്റ്ററേ, അയാള്...."
ഓട്ടോക്കാരന്‍ സത്യം പറയാന്‍ പോയപ്പോ സിസ്റ്റര്‍ കല്‍പ്പിച്ചു:
"നിങ്ങളൊക്കെ പുറത്തോട്ട് ഇറങ്ങിയേ"
എല്ലാവരും പുറത്തിറങ്ങി.വിഷം കഴിച്ച് വന്ന ഞാന്‍ പനിയുണ്ടോന്ന് അറിയാനായി തെര്‍മോ മീറ്ററും വായില്‍ വച്ച് കുത്തിയിരുന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ടെമ്പറേറ്റര്‍ നോക്കിയട്ട് സിസ്റ്റര്‍ പറഞ്ഞു:
"പേടിക്കേണ്ട, നോര്‍മലാ"
അവരെ ദയനീയമായി ഞാനൊന്ന് നോക്കി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"അതിനെനിക്ക് പനിയില്ല സിസ്റ്ററേ"
"പിന്നേ?"
"വിഷം കഴിച്ചതാ"
അത് കേട്ടതും അവര്‍ ബോധം കെട്ടു വീണു.

വിവരമറിഞ്ഞ് ഡോക്ടര്‍ ഓടി എത്തി.വന്നപാടെ സുന്ദരിയായ സിസ്റ്ററെ അയാള്‍ ശുശ്രൂഷിച്ചു, തുടര്‍ന്ന് എന്നോട് ചോദിച്ചു:
"എന്ത് വിഷമാ കഴിച്ചത്?"
"ഗുഡ്നൈറ്റിന്‍റെ ലിക്യുഡ്" എന്‍റെ മറുപടി.
ഡോക്ടറിനു ആകെ അമ്പരപ്പ്.
"തനിക്ക് എന്താ പണി?"
"സോഫ്റ്റ് വെയര്‍ എഞ്ചിനിയറാ"
"ചുമ്മാതല്ല, ഇത്ര അഹമ്മതി"
കുരുടാനും, എലിവിഷവുമൊന്നും കഴിക്കാതെ ഗുഡ്നൈറ്റ് വാങ്ങി കഴിച്ചത് കാശിന്‍റെ അഹങ്കാരത്തിലാണ്‌ എന്ന വിശ്വാസത്തില്‍ ഡോക്ടര്‍ എന്നെ ചികിത്സിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു:
"ഇനി കുഴപ്പമില്ല"

തിരിച്ച് കൊണ്ട് വിട്ട ഓട്ടോക്കാര്‍ക്ക് ഓട്ടോ കൂലിയായി നൂറു രൂപ കൊടുത്തപ്പോ അവര്‍ പറഞ്ഞു:
"ഈ ഓട്ടത്തിനു കാശ്‌ വേണ്ടാ"
അവരുടെ സന്മനസ്സിനു നന്ദി പറഞ്ഞ എന്‍റെ കൈയ്യീന്ന്, ഞാന്‍ ചത്തു പോകാത്തതില്‍ അവര്‍ക്കുണ്ടായ സന്തോഷത്തിനു, ആഘോഷിക്കാനുള്ള കള്ള്‌ വാങ്ങാനാണെന്ന് പറഞ്ഞ് ആയിരം രൂപ വാങ്ങി, കശ്മലന്‍മാര്‍.
വീട്ടിലെത്തി തളര്‍ന്ന് കിടന്നുറങ്ങി.
രക്തത്തില്‍ ഗുഡ്നൈറ്റ് ഉള്ളതു കൊണ്ടാവാം, അന്ന് കൊതുകു കടിച്ചില്ല.ദിവസങ്ങള്‍ കഴിഞ്ഞു, എങ്കിലും ആ ഷോക്ക് മാറിയിട്ടില്ല.
സത്യം പറയാമെല്ലോ...
ഇപ്പോ ഗുഡ്നൈറ്റ് അലര്‍ജിയാണ്..
എനിക്കും, കൊതുകിനും.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com