മദ്യം മനോഹരം


ഒരോരുത്തരും കഥ എഴുതുന്നത് ഒരോ രീതിയിലാണ്.കാമ്പും കഴമ്പുമുള്ള കഥ എഴുതുന്നവനാണത്രേ നല്ല സാഹിത്യകാരന്‍. ചില സാഹിത്യകാന്‍മാരെ പോലെ കാമ്പുള്ള കഥകള്‍ എഴുതാന്‍ എന്നെ ഉപദേശിച്ച സുഹൃത്തുക്കള്‍ക്കായി അങ്ങനൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നു.എഴുതിയത് പ്രണയ കഥയാ, വായിച്ചിട്ട് അവരു പറയുവാ ഇതല്ല സാഹിത്യമെന്ന്.ഞാന്‍ പൂര്‍ണ്ണമായി ഒരു കാര്യം മനസ്സിലാക്കി, ഈ സാഹിത്യം എനിക്ക് പറ്റിയ പണിയല്ല.നമുക്ക് ആകെ പറ്റുന്നത് ഓര്‍മ്മയില്‍ മിന്നി മറഞ്ഞതും, പറഞ്ഞ് കേട്ടതുമായ ചില ഇന്‍സിഡന്‍റ്‌സ്സ് കുത്തി കുറിക്കാനാണ്.

നീട്ടി പിടിച്ചൊരു പ്രണയ കഥ എഴുതുന്നതിനു പകരം, പ്രണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഇന്‍സിഡന്‍റ്‌ എഴുതിയിരുന്നേല്‍ പിന്നേം നന്നയേനെ എന്ന് അതേ സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോഴാണ്‌ ഞാന്‍ സതീശന്‍റെ കാര്യം ഓര്‍ത്തത്.ഈ കഥയിലെ സതീശനും അമിത്തും പേര്‌ മാറ്റിയ രണ്ട് കഥാപാത്രങ്ങളാണ്.അവരുടെ കഥ തുടങ്ങുന്നത് ഒരു ദിവസം വൈകുന്നേരം സതീശന്‍റെ വീട്ടിലാണ്.

അന്ന് സതീശന്‍ നല്ല ഫിറ്റിലായിരുന്നു, കഴിക്കുന്നത് ബ്രാണ്ടിയാണ്, ഏതാണ്ട് മൂന്ന് പെഗ്ഗില്‍ കൂടുതല്‍ കഴിച്ചിട്ടുമുണ്ട്.കൂടെ ഇരിക്കുന്ന അമിത്ത് അത്യാവശ്യം ഫിറ്റാണ്.എന്‍റെ നോട്ടം മൊത്തം സതീശനിലാണ്, അവന്‍ ആകെ അപ്‌സെറ്റാണ്.
സതീശന്‍ പിറുപിറുത്ത് തുടങ്ങി:
"അവള്‌ പോയ് അളിയാ, അവള്‌ പോയി"
ഇതിപ്പോ മുപ്പത്തിരണ്ടാമത്തെ തവണയാണ്‌ അതിയാന്‍ ഇതേ പല്ലവി.സംഭവം സ്ഥിരം പറ്റുന്നത് തന്നെ, കാമുകിയുടെ കല്യാണം കഴിഞ്ഞു.തളര്‍ന്ന് ഇരിക്കുന്ന സതീശനെ ആശ്വസിപ്പിക്കാനാണ്‌ കൈയ്യിലിരുന്ന കാശും കൊടുത്ത് കള്ളും വാങ്ങി ഈ സിറ്റിംഗ്.ഇവിടെ സതീശനെ ആശ്വസിപ്പിക്കേണ്ടത് ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍ എന്‍റെ കടമയാണ്.കുപ്പി പൊട്ടിച്ച നിമിഷം മുതല്‍ അമിത്ത് തന്‍റെ ശ്രദ്ധ അതിലേക്കായി, സതീശന്‍ എന്‍റെ തലയിലായി.
"അവള്‌ പോയ് അളിയാ, അവള്‌ പോയി"
ദേ, പിന്നേം.
മുപ്പത്തി മൂന്ന്.

ഇവിടെയാണ്‌ ഒരു ആത്മാര്‍ത്ഥ സുഹൃത്തായ ഞാന്‍ ബുദ്ധിപരമായി നീങ്ങേണ്ടത്.വാക്കുകള്‍ കുറിക്ക് കൊള്ളുന്നതാവണം, വാചകം അര്‍ത്ഥ സംപുഷ്ടമായിരിക്കണം.ഞാന്‍ പതിയെ സംസാരിച്ച് തുടങ്ങി:
"സതീശാ, ഇതാണ്‌ വിധി"
ഫിറ്റായ തല നാല്‍പ്പത്തിയഞ്ച് ഡിഗ്രി ചരിച്ച് അതിയാന്‍ ഒരു നോട്ടം.വിധി എന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.കളം മാറ്റി പിടിക്കാം.
ശ്രദ്ധയോടെ മുന്നേറാന്‍ ഞാന്‍ തീരുമാനിച്ചു.
"രാധാകൃഷ്ണന്‍"
ഇത്രയും പറഞ്ഞിട്ട് ഞാനൊന്ന് നിര്‍ത്തി, എന്നിട്ട് നാടകിയമായി ചോദിച്ചു:
"കേട്ടിട്ടുണ്ടോ സതീശാ നീ?"
ഫിറ്റായ സതീശന്‍:
"പിന്നെ, നിന്‍റെ അച്ഛനല്ലേ?"
ശരിയാണ്.
അരുണ്‍ കായംകുളം എന്ന പേരില്‍ എഴുതുമെങ്കിലും അരുണ്‍ ആര്‍ എന്നാണ്‌ ശരിക്കുള്ള പേര്.ഇവിടെ ആര്‍ സ്റ്റാന്‍ഡ്സ്സ് ഫോര്‍ രാധാകൃഷ്ണപിള്ള, അതായത് എന്‍റെ അച്ഛന്‍.പക്ഷേ അതായിരുന്നില്ല എന്‍റെ ചോദ്യം.

ഞാന്‍ വീണ്ടും ഒന്നേന്ന് തുടങ്ങി:
"അത് രാധാകൃഷ്ണന്‍, ഞാന്‍ പറഞ്ഞത് രാധാ കൃഷ്ണന്‍"
അമിത്തും ആകാംക്ഷയോടെ ശ്രദ്ധിച്ച് തുടങ്ങി.
അടിച്ച് ഫിറ്റായവന്‍മാരുടെ അടുത്ത് രാധയേയും കൃഷ്ണനേയും പറ്റി പറഞ്ഞാ വല്ലതും മനസ്സിലാവുമോ എന്തോ?
എങ്കിലും സതീശനെ ആശ്വസിപ്പിക്കാനുള്ള അവസാന ശ്രമമാണ്, കട്ടക്ക് തുടങ്ങി:
"എടാ, രാധ കൃഷ്ണനെക്കാള്‍ മുതിര്‍ന്നവളായിരുന്നു, പക്ഷേ കൃഷ്ണന്‍റെ പ്രണയിനി ആയിരുന്നു.കര്‍മ്മഫലം നിമിത്തം കൃഷ്ണനു രാധയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് പതിനായിരത്തെട്ട് പേരെ അദ്ദേഹം കല്യാണം കഴിച്ചു, സ്നേഹിച്ചു, സുഖമായി ജീവിച്ചു"
ഞാന്‍ സൂക്ഷിച്ച് നോക്കി, സംഭവം ഏറ്റ മട്ടുണ്ട്, അമിത്തും സതീശനും ശ്രദ്ധ പൂര്‍ണ്ണമായി എന്നിലേക്കാക്കി.
ഞാന്‍ തുടര്‍ന്നു:
"കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേങ്കിലും നീ ഒന്ന് ആലോചിച്ച് നോക്കിയെ, നമ്മള്‍ കൃഷ്ണന്‍റെ പ്രണയം എന്ന് പറയുമ്പോ രുക്മിണിയേയോ, സത്യഭാമയേയോ, ജാംബവതിയേയോ, കാളിന്ദിയേയോ ഓര്‍ക്കാറില്ല, എല്ലാവരും ഓര്‍ക്കുന്നത് ഒരേ ഒരു മുഖം മാത്രം, രാധ"
എ പെര്‍ഫക്റ്റ് എക്സാമ്പിള്‍.

ഇനി കാമുകി എവിടെ ആയിരുന്നാലും പ്രണയം ശ്വാശ്വതമാണെന്നും, അത് അനന്തമാണെന്നും പറഞ്ഞാ എന്‍റെ വാചകം പൂര്‍ത്തിയാവും.നേരിട്ട് അത് പറഞ്ഞാ ഒരു പഞ്ചില്ല, അതിനു ഒരു പ്രത്യേക രീതി വേണം.
ഞാന്‍ വീണ്ടും തുടങ്ങി:
"രാധാ കൃഷ്ണന്‍, ഇപ്പോ മനസ്സിലായോ?"
അമിത്തിനെ നോക്കിയപ്പോ മനസ്സിലായ മട്ടില്‍ അവന്‍ തലയാട്ടി.ഞാന്‍ തല തിരിച്ച് സതീശനെ നോക്കി:
"മനസ്സിലായോ സതീശാ നിനക്ക്?"
എന്‍റെ ചോദ്യം കേട്ടതും എല്ലാം മനസ്സിലായ മട്ടില്‍ തല കുലുക്കിയട്ട് സതീശന്‍ ചോദിച്ചു:
"പിന്നെ, നിന്‍റെ അച്ഛനല്ലേ?"
എന്‍റെ കണ്ണില്‍ കൂടി പൊന്നീച്ച് പറന്നു.
ബ്ലഡി ഫൂള്‍!!!
ചുമ്മാതല്ല ഇവനെ പെണ്ണ്‌ ഉപേക്ഷിച്ച് പോയത്.
ഇനി എന്ത് പറയണമെന്ന് അറിയാതെ ദയനീയമായി അമിത്തിനെ നോക്കിയപ്പോ അവന്‍ എന്നോട്:
"നിന്‍റെ വീട്ടില്‍ ഇത്ര പ്രശ്നം ഉണ്ടായിരുന്നോ?"
ഉണ്ട!!!
ചില മദ്യപാന സദസ്സുകള്‍ കൊലപാതകത്തില്‍ കലാശിക്കുന്നത് ഇങ്ങനായിരിക്കും.ഒന്നും മിണ്ടാതെ ആ പിമ്പിരികളെ അവിടെ വിട്ടിട്ട് ഞാന്‍ ഇറങ്ങി നടന്നു.ഇനി മേലാല്‍ കാമുകിയെ നഷ്ടപ്പെട്ട ഒരു കാമുകനെയും ഉപദേശിക്കാന്‍  ഞാനില്ല, എന്‍റെ കൃഷ്ണാ, കണ്ണാ, മുകുന്ദാ, കാത്തോളണേ.

No comments:

Post a Comment

എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?