ചിത്രഗുപ്തന്‍റെ സുവിശേഷങ്ങള്‍
രാത്രി മൊബൈലില്‍ മെസന്‍ജറില്‍ ചാറ്റ് ചെയ്ത് ഇരിക്കവേയാണ് സദാനന്ദനു ഒരു ഉള്‍വിളി ഉണ്ടായത്, താനിപ്പോ ചാവും.അതിനുള്ള ലക്ഷണം എല്ലാം കാണുന്നുണ്ട്, കൈയ്യില്‍ നിന്ന് തോളിലേക്ക് വ്യാപിക്കുന്ന പെരുപ്പ്, ശ്വാസതടസ്സം, ഇതൊന്നും പോരാത്തതിനു നെഞ്ചിലൊരു വേദനയും.ചാവും, അത് ഉറപ്പായി.തന്‍റെ കുട്ടികള്‍, അമ്മ, ഭാര്യ എല്ലാം സദാനന്ദന്‍റെ മനസില്‍ ഒരു നിമിഷം തെളിഞ്ഞു.
അവര്‍ക്ക് ഇനി ആരുണ്ട്?
ഉത്തരം എന്ന പോലെ മുന്നില്‍ പുകചുരുളുകള്‍ പ്രത്യക്ഷമായി.സുസ്മേരവദനനായി ഒരാള്‍ സദാനന്ദനു മുന്നില്‍ പ്രത്യക്ഷമായി.ഇതായിരിക്കുമോ കാലന്‍, ആവാന്‍ വഴിയില്ല, പോത്തില്ല, കാലപാശമില്ല, കൊമ്പുള്ള കിരീടമില്ല, ഒരു ചെറിയ യുവാവ്.
"ആരാ?"
"ചിത്രഗുപ്തന്‍"
ഒറ്റവാക്കില്‍ ഉത്തരം.
ആളെ പിടികിട്ടി, കാലന്‍റെ കണക്കപ്പിള്ള.തന്‍റെ സമയം ആയി കാണും, അതിന്‍റെ കണക്ക് കൂട്ടാനും കുറയ്ക്കാനുമുള്ള വരവാ.
ചിത്രഗുപ്തന്‍ മൃദുവായി ചോദിച്ചു:
"എന്താ അവസാന ആഗ്രഹം?"
എന്ത് ആഗ്രഹിച്ചിട്ടും കാര്യമില്ല, അവസാന ആഗ്രഹമാ, അത് പൂര്‍ത്തീകരിക്കുന്നതോടെ ക്ലിപ്പ് വീഴും.സാധാരണ മനുഷ്യര്‍ക്ക് ഒന്നും ഇങ്ങനെ ഒരു ചാന്‍സ്സ് കിട്ടില്ലത്രേ, ഇത് മഹാഭാഗ്യമാണെന്ന്.പിന്നേ, ആത്മാവിനെ എടുത്തോണ്ട് പോകുന്നതിനു മുന്നേ ആഗ്രഹം സാധിച്ച് കൊടുക്കുന്നതല്ലേ മഹാഭാഗ്യം, ഒരോ ഭോഷ്ക്ക്, അല്ലാതെന്താ.ചിത്രഗുപതനോട് സംസാരിച്ചപ്പോ ഒരു കാര്യം മനസിലായി, അവസാന ആഗ്രഹം പറഞ്ഞേ പറ്റു.ഇല്ലെങ്കില്‍ അങ്ങേര്‍ക്ക് ഇഷ്ടപ്പെട്ട ആഗ്രഹം സാധിച്ച് തന്നിട്ട് അത് തന്‍റെ അവസാന ആഗ്രഹം ആണെന്ന് വരുത്തി തീര്‍ക്കും പോലും.എന്താല്ലേ? ചിത്രഗുപ്തനൊക്കെ എന്തും ആകാമെന്ന് ആയിട്ടുണ്ട്.ദൈവത്തെ കാണുമ്പോ ഇതിനൊക്കെ ഒരു നീക്ക് പോക്ക് വേണമെന്ന് പറയണം.അതിനൊക്കെ മുന്നേ ഒരു ആഗ്രഹം വേണമല്ലോ, എന്താ ഈ ജന്മത്ത് സാധിക്കാതെ പോയത്.
സദാനന്ദന്‍ ആശയക്കുഴപ്പത്തിലായി.
ഒരുപാട് ചിന്തിച്ചിട്ടാ ആ ആഗ്രഹം സദാനന്ദന്‍ കണ്ടെത്തിയത്, സിംപിള്‍ ആണ്, ഒരു മരിച്ച വീട്ടില്‍ പോകണം.കാരണം പ്രായം അമ്പതിനു അടുത്തായി, ഇത് വരെ മരിച്ച വീട്ടില്‍ പോയിട്ടില്ല, സ്വന്തം വീട്ടില്‍ ആരും മരിച്ചിട്ടുമില്ല.പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ആളുകള്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന മരിച്ച വീടുകള്‍.ഒരു ചന്ദനത്തിരിയുടെ മണം കാണും.ഹാളില്‍ നീട്ടി നിവര്‍ത്തി കിടത്തിയിരിക്കും, അതിനെ ശവം എന്നും ബോഡി എന്നുമൊക്കെ വിളിക്കും.കത്തിച്ച് വച്ച വിളക്ക്, അലമുറ ഇടുന്ന സ്ത്രീജനങ്ങള്‍, ഇതൊന്നും പോരാഞ്ഞ് ചില വീടുകളില്‍ ദൂരെ മാറി സങ്കടം മാറാന്‍ കള്ള് കുടിയും ഉണ്ടത്രേ.സദാനന്ദന്‍ ഇതൊന്നും കാണാന്‍ പോകാറില്ല, കാരണം പേടിച്ച് മരിച്ച് പോകുമെന്ന ചിന്തയാ.ഇനി എന്ത് പേടിക്കാന്‍, സാക്ഷാല്‍ ചിത്രഗുപ്തനല്ലേ മുന്നില്‍ നില്‍ക്കുന്നത്.
സദാനന്ദന്‍ ഉറപ്പിച്ച് പറഞ്ഞു:
"എനിക്ക് മരിച്ച വീട്ടില്‍ പോകണം"
ചിത്രഗുപ്തന്‍ ആദ്യമൊന്ന് അമ്പരന്നു എന്നത് നേരാ, പിന്നെ കൈ കറക്കി എന്തോ മന്ത്രം ചൊല്ലി.അങ്ങനെയാണ് സദാനന്ദന്‍ ആ വീടിനു മുന്നിലെത്തിയത്, പക്ഷേ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍.ചന്ദനത്തിരിയുടെ മണമില്ല, ആള്‍ക്കൂട്ടമില്ല, ആരവമില്ല, സാധാരണ വീട് പോലത്തെ ഒരു വീട്.ചിലപ്പോള്‍ ആരെങ്കിലും മരിച്ചിട്ടേ ഉണ്ടായിരിക്കു, ആള് അറിഞ്ഞ് വരാന്‍ ഇനിയും സമയം കാണും.സദാനന്ദന്‍ ആ വീട്ടിലേക്ക് കയറി.ഹാളില്‍ ഒരു സ്ത്രീ ഇരുന്ന് സീരിയല്‍ കാണുന്നുണ്ടായിരുന്നു, ആരോ മരിച്ചത് അറിയാതെ സീരിയല്‍ ആസ്വദിക്കുന്ന ദുഷ്ട.
"അല്ലയോ, ഉന്നതകുലജാതയായ മഹിളാരത്നമേ, ഈ വീട്ടില്‍ ആരോ മരിച്ചിരിക്കുന്നു"
സദാനന്ദന്‍ അലറിയാണ് പറഞ്ഞത്, പക്ഷേ അവര്‍ അത് കേട്ടില്ല, എന്തിനു അവര്‍ക്ക് സദാനന്ദനെ കാണാന്‍ കൂടി സാധ്യമല്ല.ആരാ മരിച്ചതെന്ന് അറിയാന്‍ സദാനന്ദന്‍ ആ വീട്ടിലേക്ക് കയറി.ഒരു മുറിയില്‍ അടച്ചിരുന്നു കാമുകനോട് ഫോണില്‍ കിന്നാരം പറയുന്ന ഒരു പെണ്‍കുട്ടി.മറ്റൊരു മുറിയില്‍ ഒറ്റക്കിരുന്ന് ലാപ്ടോപ്പില്‍ ഇക്കിളിപടം കാണുന്ന ഒരു ആണ്‍കുട്ടി.ഹാളില്‍ ഒരു സൈഡിലായി മുകളില്‍ തൂക്കി ഇരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ ഫോട്ടോ.
"ഇതാരാ?"
"ഗൃഹനാഥന്‍റെ അമ്മയാ, ഇവര്‍ക്ക് നോക്കാന്‍ വയ്യാത്തതിനാല്‍ വൃദ്ധസദനത്തിലാ"
ചിത്രഗുപ്തന്‍റെ മറുപടി.
"മരിച്ചോ?"
"ഇല്ല, ഇപ്പോഴും ജീവനുണ്ട്"
അതോടെ സദാനന്ദനു ഒരു കാര്യം ഉറപ്പായി, മരിച്ചത് ഗൃഹനാഥനാണ്.
മുകളിലത്തെ മുറിയിലേക്ക് ഓടിയാണ് സദാനന്ദന്‍ ചെന്നത്, അവിടെ മൊബൈല്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണടച്ച് കിടക്കുന്ന ഗൃഹനാഥന്‍.മരിച്ചു, ഗൃഹനാഥന്‍ മരിച്ചു, ഇതൊരു മരിച്ച വീടാണ്.ഉറപ്പിക്കാനായി ഗൃഹനാഥന്‍റെ മൂക്കിനു താഴെ കൈ വച്ച് നോക്കി, ശ്വാസമുണ്ട്! അപ്പോ ഉറക്കമാണ്.
പിന്നെ ആരാ മരിച്ചത്? ഇത് എങ്ങനാ മരിച്ച വീട് ആകുന്നത്? ചിത്രഗുപ്തനു തെറ്റിയോ?
ഒരുപാട് ചിന്തകളോടാണ് സദാനന്ദന്‍ ആ വീട്ടില്‍ നിന്ന് പടി ഇറങ്ങിയത്.പോകുന്നതിനു മുന്നേ ആ വീടിന്‍റെ പേരൊന്ന് നോക്കി, കറുത്ത മാര്‍ബിള്‍ പലകയില്‍ വെളുത്ത അക്ഷരത്തില്‍ കൊത്തിയ പേര്...
കൌസ്തുഭം.
ഞെട്ടലോടെ ആണ് സദാനന്ദന്‍ ചാടി എഴുന്നേറ്റത്.കാരണം കൌസ്തുഭം സദാനന്ദന്‍റെ വീടാണ്.കൈയ്യിലിരുന്ന മൊബൈല്‍ ദൂരേക്ക് എറിഞ്ഞ് സദാനന്ദന്‍ നെഞ്ചില്‍ കൈ വച്ച് നോക്കി, ഉണ്ട് ഹൃദയം ഇടിക്കുന്നുണ്ട്.
താന്‍ മരിച്ചിട്ടില്ല.
പക്ഷേ തന്‍റെ വീടാണ്‍ ചിത്രഗുപ്തന്‍ പറഞ്ഞ മരിച്ച വീട്.
ഇവിടെ ആരാണ് മരിച്ചത്?
ഓടി ചെന്ന് മകന്‍റെ മുറിയില്‍ തട്ടി, എന്തോ കള്ളം ഒളിപ്പിച്ച പോലെ മുറി തുറന്ന് നോക്കുന്ന മകന്‍.അടുത്ത് മുറിയില്‍ തട്ടിയപ്പോള്‍ മൊബൈല്‍ പിന്നിലേക്ക് മറച്ച് പിടിച്ച് മകള്‍ ചോദിച്ചു:
"എന്താ അച്ഛാ?"
ഒന്നും മിണ്ടാതെ ഓടി ഹാളിലെത്തി മുകളിലേക്ക് നോക്കി, അമ്മയുടെ ഫോട്ടോ അവിടെ ഉണ്ട്.താനും ഭാര്യയും കൂടി തഞ്ചത്തില്‍ വൃദ്ധസദനത്തിലാക്കിയ തന്‍റെ പൊന്ന് അമ്മ.അയാള്‍ വൃദ്ധസദനത്തിലേക്ക് ഫോണ്‍ ചെയ്തു, അമ്മ ജീവനോടെ ഉണ്ട്.ടീവി കാണുന്ന ഭാര്യയെ കൂടി കണ്ടപ്പോ സദാനന്ദന്‍റെ മനസ്സില്‍ ഒരു മുട്ടന്‍ സംശയം രൂപപ്പെട്ടു...
ഇനി മരിച്ചത് ചിത്രഗുപ്തനായിരിക്കുമോ?
അയാള്‍ വീടിനു പുറത്തേക്ക് ഓടി, അവിടെ സദാനന്ദനെ കാത്ത് എന്ന പോലെ ചിത്രഗുപ്തന്‍ നില്‍പ്പുണ്ടായിരുന്നു.
"അല്ലയോ ചിത്രഗുപ്താ, മരിച്ച വീട് കാണിക്കാന്‍ പറഞ്ഞിട്ട് എന്‍റെ വീടാണോ കാണിച്ചത്, എങ്കില്‍ കേട്ടോളു, ഇവിടെ ആരും മരിച്ചിട്ടില്ല"
സദാനന്ദന്‍ ഇത്ര ശബ്ദമെടുത്ത് ആക്രോശിക്കുന്നത് ആദ്യമായിട്ട് ആയിരുന്നു.
നിശബ്ദനായി അവനെ നോക്കിയട്ട് ചിത്രഗുപ്തന്‍ ചോദിച്ചു...
നിന്‍റെ അമ്മ എവിടെ ആണ്?
വൃദ്ധസദനത്തില്‍.
ഈ വീട്ടില്‍ വന്നാല്‍ നിന്‍റെ മകന്‍ എന്ത് ചെയ്യുന്നു?
മുറിയില്‍ കയറി ലാപ്ടോപ്പുമായി ഇരിക്കുന്നു.
മകള്‍ വീട്ടില്‍ എന്താണ് ചെയ്യുക?
മുറിയില്‍ കയറി ആരെയോ ഫോണ്‍ വിളിച്ച് സമയം കളയും.
നിന്‍റെ ഭാര്യയോ?
ടിവി സീരിയല്‍ കണ്ട് സമയം കളയും.
സദാനന്ദാ, നീയോ?
ഫോണില്‍ ചാറ്റ് ചെയ്ത് നേരം പോക്കും.
ഒരു നിമിഷം നിര്‍ത്തിയട്ട് ചിത്രഗുപ്തന്‍ പറഞ്ഞു:
"അവസാനമായി ഒരു ചോദ്യം കൂടി"
ആകാംക്ഷയോട് നോക്കിയ സദാനന്ദനോടായി ചിത്രഗുപ്തന്‍ ചോദിച്ചു:
"എന്തായിരുന്നു നിന്‍റെ അവസാന ആഗ്രഹം"
"മരിച്ച വീട്ടില്‍ പോകണമെന്ന്"
ചിത്രഗുപ്തന്‍ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"അത് നിന്‍റെ വീടാ സദാനന്ദാ"
തുടര്‍ന്ന് ചിത്രഗുപ്തന്‍ നടന്ന് നീങ്ങി.അകലെ മറയുന്ന ചിത്രഗുപ്തനെ നോക്കി സദാനന്ദന്‍ നിന്നു, ജീവിച്ചിരിക്കുന്നെങ്കിലും മരിച്ച് പോയ അനേകം ആളുകളുടെ പ്രതീകം പോലെ.
No comments:
Post a Comment
എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?