കാത്തിരുന്ന ലൈലേച്ചി...
ഇന്നും ആ സ്വപ്നം കണ്ടു.
ഉച്ചയ്ക്ക്, ചെറുതായി ഒന്നു മയങ്ങിയ സമയത്ത്.
സാധാരണ സ്വപ്നം കാണുമ്പോ ശബ്ദം കേള്‍ക്കില്ലെന്ന് പറയും.എന്നാല്‍ എനിക്ക് തിരിച്ചാണ്, ഈ സ്വപ്നത്തില്‍ ഇരുട്ട് മാത്രമേ ഉള്ളു, കൂടെ ഒരു സ്ത്രീയുടെ പതിഞ്ഞ ശബ്ദവും:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
എനിക്ക് അറിയാം, ആരാ ആ ചോദ്യം ചോദിക്കുന്നതെന്ന്.ഒരാള്‍ മാത്രമേ ഈ ചോദ്യം എന്നോട് ചോദിക്കാറുള്ളു, ഒരാള്‍ക്ക് മാത്രമേ ഞാന്‍ പേരാമ്പ്രയില്‍ വരണമെന്ന് ആഗ്രഹമുള്ളു.
പോണം.
കോഴിക്കോട്ടേക്ക്, പേരാമ്പ്രയിലേക്ക്...
ഹൌസിംഗ് ബോര്‍ഡില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ രണ്ടായിരത്തി അഞ്ചിലാണ് എനിക്ക് കോഴിക്കോട്ട് ജോലി കിട്ടുന്നത്.ആദ്യമെല്ലാം ഗസ്റ്റ് ഹൌസില്‍ താമിസിച്ച ഞാന്‍ പിന്നീട് സുഹൃത്തായ സിറാജിനു അടുത്തേക്ക് താമസം മാറ്റി.ഞാനും മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് ആയ ഫിലിപ്പും, പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്യുന്ന സിറാജും. മൂന്നു പേര്‍, എല്ലാവര്‍ക്കും മതസൌഹാര്‍ദ്ദമായി തോന്നാം, പക്ഷേ മതങ്ങള്‍ക്ക് അതീതരായി മനുഷ്യരായ മൂന്നു സുഹൃത്തുക്കള്‍.ഇതില്‍ സിറാജിന്‍റെ വീട് പേരാമ്പ്രയിലാണ്, ഫിലിപ്പ് മാനന്തവാടിയും, ഞാന്‍ കായംകുളവും.അങ്ങനെ ദിവസങ്ങള്‍ പോകവെയാണ് ഞാന്‍ ലൈലേച്ചിയെ ആദ്യമായി കാണുന്നത്.
ലൈലേച്ചി.
സിറാജിന്‍റെ ചേച്ചി.
ഉമ്മയോടൊത്ത് ഇടയ്ക്കിടയ്ക്ക് പേരാമ്പ്രയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാറുണ്ട്, ഡയാലിസിസിനു.ആഴ്ചയില്‍ രണ്ട് തവണയോ മറ്റോ വരാറുണ്ടത്രേ.ഞങ്ങള്‍ക്കെല്ലാം സ്വന്തം ചേച്ചിയായിരുന്നു ലൈലേച്ചി, ഒരു മോളും ഉണ്ട്.ഇടയ്‌ക്കൊക്കെ മോളും വരാറുണ്ട്.ചേച്ചിയുടെ നിര്‍ബന്ധത്തിനാ ആദ്യമായി ഞാന്‍ പേരാമ്പ്രയിലെ വീട്ടില്‍ ചെന്നത്.മറക്കാന്‍ കഴിയാത്ത ദിവസം, ആ സ്നേഹം, ആ അന്തരീക്ഷം.
ഇറങ്ങുമ്പോ ചേച്ചി ചോദിച്ചു:
"അരുണേ...ഇനി എന്നാ വരിക"
വരാം എന്ന് മാത്രം പറഞ്ഞു.
ഹൌസിംഗ് ബോര്‍ഡീന്ന് പോകുന്ന നാള്‍, അന്നും ചേച്ചി വിളിച്ചു:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
വരും, കല്യാണം വിളിക്കാന്‍ വരും.
എന്‍റെ ഉറപ്പ്.
കല്യാണം കഴിഞ്ഞു, താമസം ബാംഗ്ലൂരുമായി.പിന്നീട് എപ്പോഴോ ഓര്‍ത്തപ്പോള്‍ വിളിച്ചു, അന്ന് ചേച്ചി പറഞ്ഞു:
"ഇനി വരുമ്പോ ഓളുമായി വരണം"
വരും, ഉറപ്പ്.
പിന്നെ വിളിക്കുന്നത് മകള്‍ ജനിച്ച കാര്യം പറയാനാണ്, അന്ന് മോളെയും കൂട്ടി വരണമെന്ന് പറഞ്ഞു.പിന്നെ കുറേനാള്‍ വിളിച്ചില്ല, ഒരിക്കല്‍ വിളിച്ചപ്പോള്‍ ചോദിച്ചു:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
ഇപ്പോ വീട്ടുകാരെ കുറിച്ച് ചോദ്യമില്ല, ഞാനെങ്കിലും ചെന്നാല്‍ മതി.
അതാണ് ചേച്ചിയുടെ ആഗ്രഹം.
വരാം ചേച്ചി, വരും.
എവിടെ?
പോയില്ല.
ഇടയ്ക്ക് എപ്പോഴോ ചേച്ചിയുടെ മോളുടെ നിക്കാഹ് ആയെന്ന് കേട്ടു. എന്നെ വിളിച്ചില്ല, ചിലപ്പോ മറന്ന് കാണും.
ഒരു ദിവസം തോന്നി, ചേച്ചിയെ ഒന്ന് വിളിക്കണം, വിളിച്ചു, എടുത്തത് മകള്‍ ആണ്, എന്നെ മനസിലായില്ല, എങ്കിലും പറഞ്ഞു:
"ഉമ്മ ഐസിയൂവിലാ"
"എന്തേ?"
"കിഡ്നി മാറ്റി വച്ചു, ഓപ്പറേഷനായിരുന്നു, സക്സസ്സാ"
അന്ന് സന്തോഷിച്ചു.
ഇനി കാണാന്‍ ചെല്ലുമ്പോ ആ ക്ഷീണിച്ച മുഖം കാണണ്ടാ, ആരോഗ്യം വീണ്ടെടുത്ത ലൈലേച്ചിയെ കാണാം.ഉടനെ തന്നെ പോകണമെന്ന് കരുതി, അന്ന് നടന്നില്ല.
കുറേ നാള്‍ മുമ്പേ വീണ്ടും ഓര്‍ത്തു.
ചേച്ചിയുടെ നമ്പറില്‍ വിളിച്ചപ്പോ സ്വിച്ചോഫ്.നേരെ സിറാജിനെ വിളിച്ചു.
"നീ ഇപ്പോ എവിടെയാ?"
അവന്‍റെ സ്വതസിദ്ധമായ ചോദ്യം.
"എറണാകുളം"
ഇങ്ങനെ പറഞ്ഞിട്ട് ഞാന്‍ ചോദിച്ചു:
"എടാ, ലൈലേച്ചിയുടെ നമ്പറ് താടാ, വിളിച്ചിട്ട് കിട്ടുന്നില്ല"
"ലൈലേച്ചി പോയില്ലേ" അവന്‍റെ മറുപടി
"എങ്ങട്ട്?"
"പോയടാ...എത്ര കാലായി, നീ ഇപ്പോഴാ വിളിക്കുക"
ഓഫീസില്‍ ഉച്ച സമയത്ത് ടീമിലിരുന്നാ വിളിച്ചത്, ചുറ്റുമിരുന്നു കൂട്ടുകാരൊക്കെ സംസാരിക്കുന്നുണ്ട്, എന്നാ ഒന്നും കാതില്‍ കേള്‍ക്കുന്നില്ല, ശബ്ദങ്ങള്‍ കുറഞ്ഞ് വരുന്ന പോലെ, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ, അകലെ നിന്ന് ഒരു സ്ത്രീ ശബ്ദം:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
അത് ലൈലേച്ചിയുടെ ശബ്ദമാണ്.
ചേച്ചി പോയോ?
ഞാന്‍ പേരാമ്പ്രയ്ക്ക് ചെല്ലുന്നതിനു മുന്നേ പോയോ?
അപ്പോ അന്ന് ആ ഓപ്പറേഷന്‍ എന്ന് പറഞ്ഞത്.
"അത് കഴിഞ്ഞ് കുറേ നാള് കഴിഞ്ഞ് പോയി"
സിറാജിന്‍റെ ശബ്ദം.
പതിയെ കാഴ്ച കിട്ടുന്നു, ചുറ്റും സംസാരിക്കുന്ന കൂട്ടുകാരുടെ ശബ്ദം കേട്ട് തുടങ്ങി.വരാം, വരാമെന്ന് എത്ര പ്രാവശ്യം പറഞ്ഞു.ഒടുവില്‍ വരില്ലെന്ന് ചേച്ചി തന്നെ തീര്‍ച്ചപ്പെടുത്തി കാണും.
ഇനി പോണോ?
എന്തിന്?
അത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു.
അന്ന് മുതല്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്, ഉറക്കത്തിലല്ല, ഉണര്‍ന്ന് ഇരിക്കുമ്പോ.
കണ്ണില്‍ ഇരുട്ട് കയറും, ചുറ്റും നടക്കുന്നതൊന്നും കാണാതെ ആകും, ദൂരെ നിന്ന് ലൈലേച്ചിയുടെ ശബ്ദം കേള്‍ക്കും:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
ഇല്ല ചേച്ചി.
ഞാന്‍ പേരാമ്പ്രയ്ക്ക് വരില്ല.
ചേച്ചി പോയ പേരാമ്പ്രയില്‍ ഇനി എനിക്ക് ആരെയും കാണാനില്ല.ഉമ്മയെ ഞാന്‍ വിളിച്ചോളാം, മറ്റെവിടെലും വച്ച് കണ്ടോളാം.ഒരു വിഷമമുണ്ട്, എത്ര പ്രാവശ്യം ചേച്ചി എന്നോട് ചോദിച്ചു, നീ വരില്ലേന്ന്, അന്നൊക്കെ വരാമായിരുന്നു, ഞാന്‍ വന്നില്ല.
ഇങ്ങനെ എത്ര പേരോട്...
പറഞ്ഞത് പലതും പാലിക്കാന്‍ ആകാതെ, പിന്നെ അവരെയും ഓര്‍ത്ത്...
ഞാന്‍ ഈ എഴുതിയതൊന്നും ലൈലേച്ചി വായിക്കില്ല, എനിക്ക് അറിയാം.അത് കൊണ്ട് തന്നെ ആ സ്വപ്നം ഇനിയും ഞാന്‍ കാണും.അകലെ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കും:
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
ഞെട്ടി ഉണരുന്ന നിമിഷങ്ങളില്‍ കുറേ ഓര്‍മ്മകളിലേക്ക് മടങ്ങും.ഒടുവില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിയും.എത്ര തിരക്കിലേക്ക് ആഴ്ന്ന് ഇറങ്ങിയാലും, മനസിനെ അലട്ടുന്ന ഒരുപാട് സ്വപ്നങ്ങളില്‍ ഒന്നായി ഈ സ്വപ്നവും കൂടെ കാണും.
ജീവിതകാലം മുഴുവന്‍.
കൂടെ മനസിനെ അലട്ടുന്ന ആ ചോദ്യവും...
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"
എന്‍റെ ജീവിതത്തിലെ...
എന്‍റെ അനുഭവങ്ങളിലെ ഒരു ഏട്.