"യൂ ഹാവ് എനി ഡൌട്ട്?"
"നതിംഗ് സാര്‍" ശരത്ത് ജോലിയില്‍ മുഴുകി.
"എടാ ശരത്തേ, ദേ ഒരു പീസ്" വിഷ്ണുവിന്റെ ശബ്ദം.
"അളിയാ വര്‍ക്ക് ഊണ്ട്, ചുമ്മാതിരി"
"അല്ലെടാ, ശരിക്കും.ഒരു കിടിലന്‍ പീസ്"
തല ഉയര്‍ത്തി നോക്കിയപ്പോള്‍ വാതില്‍ കടന്ന് പോകുന്ന ഒരു മഞ്ഞ ചുരിദാര്‍.വിഷ്ണുവിന്റെ കണ്ണുകള്‍ ആ വാതിലിലേക്ക് തന്നെ..
"ഹോ, മാര്‍വെല്ലസ്സ്"
"വൃത്തികേട് പറയാതെടാ"
"വൃത്തികേട് കേട്ടവര്‍ക്കാ, സുന്ദരം എന്നാ ഉദ്ദേശിച്ചത്"
"പോടാ വായിനോക്കി" ശരത്തിന്റെ കണ്ണുകള്‍ വീണ്ടും കോഡിംഗിലേക്ക്.
പിന്നീട് ഉച്ചയൂണ് സമയത്താണ് വിഷ്ണുവിനൊപ്പം തമിഴന് ധര്‍മ്മരാജനും ശരത്തിനു അരികിലെത്തിയത്.
"റൊമ്പ അഴകായിറുക്ക്" തമിഴന്റെ വാക്കുകള്‍ക്ക് കല്‍ക്കണ്ടത്തിന്റെ രുചി.
ശരത്തിന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി.
"ഇതെന്താ കേസ്?"
"രാവിലത്തെ തന്നെ, മഞ്ഞചുരിദാര്‍"
അവര്‍ സംസാരിച്ചിരിക്കേ ക്യാന്റീനിന്റെ വാതിലില്‍ ആ മഞ്ഞ ചുരിദാര്‍ പ്രത്യക്ഷമായി.ഗള്‍ഫ് സ്പ്രേയുടെ മണം പരന്നപ്പോള്‍ ആ മൂവര്‍ സംഘം തല ഉയര്‍ത്തി നോക്കി..
അപ്സരസ്സുകളെ വെല്ലുന്ന സൌന്ദര്യമായി അവള്..
ഒരു നിമിഷനേരത്തേക്ക് ശരത്തിന്റെ മനസിലെവിടെയോ ഒരു സുഖമുള്ള നോവ്..
ആരാണിവള്‍?
സ്ട്രെയിറ്റ് ചെയ്ത മുടി, കടഞ്ഞെടുത്ത ശരീരം, ചാരനിറമുള്ള കണ്ണുകളില്‍ വൈരകല്ലിന്റെ തിളക്കം.അവള് അടുത്തേക്ക് വരും തോറും ശരത്തിന്റെ ശ്വാസഗതി ഏറി വന്നു.
"മിസ്റ്റര്‍ ശരത്ത്........?" അവളുടെ മുഖത്ത് ചോദ്യഭാവം.
"യെസ്" ശരത്തിനു ഉമിനീര് വറ്റി തുടങ്ങിയിരിക്കുന്നു.
"വൈകിട്ട് കാണണം, ഞാന്‍ ഓഫീസിനു മുന്നിലെ പാര്‍ക്കില്‍ കാത്ത് നില്ക്കും"
ഇത്രയും പറഞ്ഞ ശേഷം അവള് പുറത്തേക്കിറങ്ങി.മറുപടിയില്ലാതെ അമ്പരന്നിരിക്കുന്ന ശരത്തിനോട് ധര്‍മ്മരാജ് ചോദിച്ചു:
"യാര് അവള്?"
"തെരിയാത്"
"ഒരുത്തി വരുന്നു, കാണണമെന്ന് പറയുന്നു, തിരിച്ച് പോകുന്നു.ഇവനൊട്ട് അവളെ അറിയുകയുമില്ല" വിഷ്ണുവിനു തല പെരുത്ത് തുടങ്ങി.
"സത്യമാ, എനിക്ക് അറിയില്ല"
"അളിയാ, എന്നാ സൂക്ഷിക്കണം."
ഒരു പേടി ശരത്തിനും ഉണ്ടായിരുന്നു.എങ്കിലും അവന് പോകാന്‍ തീരുമാനിച്ചു.കാരണം എവിടെയോ കണ്ട ഒരു ഓര്‍മ്മ തന്നെ.
പാര്‍ക്കിലെ ഗേറ്റ് കടന്ന് ചെല്ലവേ അവന് കണ്ടു..
അങ്ങകലെ ബഞ്ചില്‍ വിദൂരതയിലേക്ക് കണ്ണോടിച്ച് അവള്..
ആ മഞ്ഞചുരിദാറുകാരി.
"ഹായ്" അവന്റെ ശബ്ദത്തിനു എപ്പോഴുമുള്ള ഘനമില്ല.
"ശരത്തെന്താ താമസിച്ചത്?" അവകാശം സ്ഫുരിക്കുന്ന ചോദ്യം.
"അത്...പിന്നെ..ഞാന്‍" അവനു വാക്കുകള്‍ നഷ്ടമായി തുടങ്ങിയിരിക്കുന്നു.
ആരാണ് നീ?
ചോദിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല.എന്നാല്‍ അവന്റെ മനസ്സ് വായിച്ച പോലെ അവള് പറഞ്ഞു:
"ശരത്ത്, ഞാനൊരു ദൌത്യവുമായി വന്നവളാണ്"
"എന്ത് ദൌത്യം?"
"വാവക്കുട്ടനെ കണ്ട് പിടിക്കുക എന്ന ദൌത്യം"
അവന്റെ ചെവിക്കുള്ളില്‍ ഒരു കടലിരമ്പി..
വാവക്കുട്ടന്!!!!!
എവിടെയോ കേട്ട് മറന്ന പേര്...
ആരോ തന്നെ വിളിച്ചിരുന്ന പേര്....
അതേ, അത് അവളാണ്..
കാച്ചിയ എണ്ണയുടെ മണമുള്ള, നീല കണ്ണുകളുള്ള ധാത്രികുട്ടി!!
അവന് ഞെട്ടി മഞ്ഞചുരിദാറുകാരിയെ നോക്കി..
അവളുടെ ചാരകണ്ണുകളില്‍ ഒരു കുസൃതി.
അപ്പോള്‍ ധാത്രി ഇവിടെ എവിടെയോ ഉണ്ട്.
"ധാത്രി എവിടെ?"
അവള്‍ക്ക് മറുപടിയില്ല, പകരം ഒരു പൊട്ടിച്ചിരി മാത്രം.
"ആരാണ് നീ?"
"ഞാന്‍ പൂര്‍ണ്ണിമ" ചിരിച്ച് കൊണ്ട് മറുപടി.
"ശരത്തിനെ കണ്ട് പിടിക്കുക, ഇപ്പോഴത്തെ അവസ്ഥ അറിയുക, ഇതാണ് എന്റെ ദൌത്യം" അവള് വ്യക്തമാക്കി.
ധാതിയും വവക്കുട്ടനും പിരിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തിനു മേല്‍ ആയിരിക്കുന്നു.അവര്‍ തമ്മില്‍ പ്രേമമായിരുന്നില്ല, കാരണം അവര്‍ പ്രേമിക്കാന്‍ പ്രായമായില്ല എന്നത് തന്നെ.അല്ലെങ്കില്‍ തന്നെ പന്ത്രണ്ടാം വയസ്സില്‍ കുട്ടികള്‍ പ്രേമിച്ച് നടക്കാറില്ലല്ലോ?
ധാത്രിയുടെ അച്ഛന് അവളെ ബോംബയിലേക്ക് കൊണ്ട് പോകാന്‍ പോയ ദിവസം....
ശരത്ത് കൊടുത്ത സ്ഫടികത്തില്‍ തീര്‍ത്ത മയിലിനെ നെഞ്ചോടടുക്കി അവള് പറഞ്ഞു:
"ഇത് ഞാന്‍ സൂക്ഷിക്കും, നിന്റെ ഓര്‍മ്മക്ക്"
ശരത്തിന്റെ മനസില്‍ ഇപ്പോഴും ആ വാചകങ്ങളുണ്ട്.
"ധാത്രി എവിടെ?" ശരത്തിനു ആകാംക്ഷയായി.
കാരണം ജോലി കിട്ടിയ അന്ന് മുതല്‍ അവന് അന്വേഷിച്ച് തുടങ്ങിയതാണ്.ധാത്രിയോടൊത്തുള്ള ഒരു ജീവിതമായിരുന്നു അവന്റെ മനസില്‍.കാലത്തോടൊത്ത് പ്രായം കൂടിയപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറെ വിവാഹം കഴിച്ചു.അതിനു ശേഷം ഓര്‍ക്കാപ്പുറത്താണ് ധാത്രിയുടെ പേര് കേള്‍ക്കുന്നത്.അവനു ആഗ്രഹമുണ്ട്, ധാത്രി എവിടെ എന്ന് അറിയാന്‍, ഒരിക്കല്‍ കൂടി കാണാന്‍..
"ധാത്രി എവിടെ?"
വീണ്ടും അതേ ചോദ്യം കേട്ടപ്പോള്‍ പൂര്‍ണ്ണിമ പറഞ്ഞു:
"പറയാം, അതിനു മുമ്പ് ശരത്തിനെ കുറിച്ച് പറ. കല്യാണമായോ?"
"ആയി, രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞു."
"കുട്ടികള്‍?"
"ആയില്ല"
ശരത്തിനു ക്ഷമ നശിച്ച് തുടങ്ങി..
"നിങ്ങള്‍ ധാത്രിയെ കുറിച്ച് പറയു..."
"ആറ് മാസം മുമ്പ് ധാത്രിയുടെ കല്യാണം കഴിഞ്ഞു, അന്നവള്‍ എന്റെ ഏജന്‍സിയെ ഏല്‍പ്പിച്ചതാണ് ഇത്, നിങ്ങളെ കണ്ട് പിടിച്ച് തരാന്‍ വേണ്ടി"
പൂര്‍ണ്ണിമ നീട്ടിയ വസ്തു കണ്ട് ശരത്ത് അമ്പരന്നു പോയി..
അത് ആ മയിലായിരുന്നു..
സ്ഫടികത്തില്‍ തീര്‍ത്ത മയില്‍.
ശരത്ത് ആ അമൂല്യ വസ്തു നെഞ്ചോട് അമര്‍ത്തിയപ്പോള്‍ പൂര്‍ണ്ണിമ പതിയെ എഴുന്നേറ്റു..
"എന്റെ ദൌത്യം കഴിഞ്ഞു"
പുറപ്പെടാന്‍ തയ്യാറായ അവളോട് അവന് തിരക്കി:
"നിങ്ങള്‍ ഡിക്റ്ററ്റീവാണോ?"
മറുപടി ഒരു മന്ദഹാസം മാത്രം, അവള് നടന്ന് നീങ്ങി..
പാര്‍ക്കില്‍ നിന്നിറങ്ങി മെയിന്‍ റോഡിലെത്തിയപ്പോള്‍ ഒരു സാന്‍ട്രോ കാര്‍ അവള്‍ക്കരികില്‍ വന്നു നിന്നു.കാര്‍ ഓടിച്ചിരുന്ന കൂട്ടുകാരി അവളോട് തിരക്കി:
"എന്തായി?"
"അവന്റെ കല്യാണം കഴിഞ്ഞു"
തുടര്‍ന്ന് പൂര്‍ണ്ണിമ തന്റെ കണ്ണിലെ കോണ്ടാക്റ്റ് ലെന്‍സ് ഊരി മാറ്റി.ഇപ്പോള്‍ ആ കണ്ണുകള്‍ക്ക് നീലനിറമായിരുന്നു, അവ നിറഞ്ഞ് തുളുമ്പിയിരുന്നു..
കാര്‍ ഓടിച്ച് വന്ന സുഹൃത്ത് എങ്ങനെ ആശ്വസിപ്പിക്കേണമെന്ന് അറിയാതെ അമ്പരന്ന് നിന്നപ്പോള്‍ അവള് തന്റെ കണ്ണുകള്‍ തുടച്ചു, അപ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡാ...
ഐ മിസ് യൂ.
വാല്‍കഷ്ണം അഥവാ സത്യത്തില്‍ സംഭവിച്ചത്..
കരിമുട്ടത്തെ പത്താമുദയ മഹൊത്സവം മനോഹരമായിരുന്നു.അതിനിടക്ക് ഒരു ബാല്യകാല സഖിയെ കണ്ടു, പണ്ട് ഞാനൊരു സ്ഫടിക മയിലിനെ കൊടുത്തവളെ.തിരികെ മയിലിനെ പ്രതീക്ഷിച്ച എന്റെ കൈയ്യില്‍ അവളൊരു കൊച്ചിനെ തന്നു, അവളുടെ കൊച്ചിനെ!!
കലികാലം!!
എന്തായാലും അവള് പോയപ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡീ
ഐ മിസ്സ് യൂ.