For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്





'വാലന്‍ഡൈന്‍സ്സ് ഡേ'
പ്രണയം എന്ന വികാരത്തിനായി പതിച്ചു നല്‍കിയ ദിവസം.സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കുമായി, പ്രണയമാസം എന്ന് കവികള്‍ വാഴ്ത്തി പാടുന്ന ഫെബ്രുവരിയിലെ പതിനാലാം ദിവസം.എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിനു പ്രണയത്തിന്‍റെ മധുരം നമ്മള്‍ കൊതിക്കുന്നു.പക്ഷേ ദൈവവിധി എന്നൊന്ന് ഉണ്ടല്ലോ,അത് നമ്മള്‍ക്ക് വേണ്ടി കരുതിവയ്ക്കുന്നത് പ്രണയത്തിന്‍റെ മധുരം ആകെണമെന്നില്ല,പകരം ചെറിയ നൊമ്പരങ്ങളാവാം.ഇതാ അത്തരം ഒരു നൊമ്പരത്തിന്‍റെ കഥ...

ഈ കഴിഞ്ഞ ഒന്നാം തീയതി,ശരിക്ക് പറഞ്ഞാല്‍ ഫെബ്രുവരി ഒന്നിനു എന്‍റെ റുംമേറ്റ് ഒരു കവര്‍ എന്‍റെ കൈയ്യില്‍ തന്നു.എന്നിട്ട് പറഞ്ഞു:
"മനു,ഇതാ ഞാന്‍ പറഞ്ഞ സാധനം"
വ്യക്തമാക്കി പറയുകയാണെങ്കില്‍ അത് ഒരു പ്രേമലേഖനം അടങ്ങിയ കവറാണ്‌.അവന്‍റെ കൂട്ടുകാരിയും സമീപത്തുള്ള പോളിടെക്നിക്കലിലെ അദ്ധ്യാപികയുമായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള പ്രേമലേഖനമാണ്‌ ആ കവറിനകത്ത്.
അവന്‍റെ അഭിപ്രായത്തില്‍ അവള്‍ ഒരു മാടപ്രാവാണത്രേ!!!
മാടിന്‍റെ ശരീരവും പ്രാവിന്‍റെ ഹൃദയവും ഉള്ളവള്‍.അതുകൊണ്ടാവാം അവന്‍റെ ഹൃദയമാകുന്ന കാലിത്തൊഴുത്തില്‍ ചേക്കേറാമോ എന്ന ചോദ്യത്തോടെ അവന്‍ പ്രേമലേഖനം അവസാനിപ്പിച്ചത്.ഈ വരുന്ന ഫെബ്രുവരി പതിനാലിനു കാണണം എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്,അന്ന് ഈ എഴുത്ത് അവന്‍ അവള്‍ക്ക് കൊടുക്കും.
എന്നെ പോലെ കല്യാണം കഴിഞ്ഞവര്‍ക്കെല്ലാം ഇനി പേരന്‍സ്സ് ഡേയും ചില്‍ഡ്രണ്‍സ്സ് ഡേയും മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വാലന്‍ഡൈന്‍സ്സ് ഡേ അവന്‍റെ അപ്പന്‍റെ സ്വത്താണ്‌ എന്നും പ്രഖ്യാപിച്ചിട്ടാണ്‌ അവന്‍ ആ കവര്‍ എന്‍റെ കയ്യില്‍ തന്നതു തന്നെ.

ആ കവര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ എന്‍റെ കണ്ണുകള്‍ ആ കവറില്‍ തന്നെയായിരുന്നു.അതിന്‍റെ പുറത്ത് എഴുതി വച്ചിരുന്ന ഒരു വാചകമായിരുന്നു എന്നെ അത്രയധികം ആകര്‍ക്ഷിച്ചത്.ആ വാചകം ഇപ്രകാരമായിരുന്നു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
അതുവരെ സന്തോഷത്തോടെ ഇരുന്ന ഞാന്‍ ആ വാചകം വായിച്ചതോടെ ആ കവറും കൈയ്യില്‍ പിടിച്ച് അമ്പരന്ന് നിന്നു.അതിനു കാരണം മറ്റൊരു ശരണ്യയാണ്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി പതിനാലിനു അവള്‍ക്ക് ഞാന്‍ എഴുതിയ പ്രേമലേഖനം ഇട്ട കവറിലും മേല്‍സൂചിപ്പിച്ച വാചകമായിരുന്നു ഉണ്ടായിരുന്നത്.
ആ ശരണ്യ മറ്റൊരു മാടപ്രാവ് ആയിരുന്നു!!!
ഒരേ ഒരു വ്യത്യാസം എന്തെന്നാല്‍ എന്‍റെ ശരണ്യ പ്രാവിന്‍റെ ശരീരവും മാടിന്‍റെ ഹൃദയവും ഉള്ളവളായിരുന്നു.അല്ലെങ്കില്‍ എന്നോട് അങ്ങനെ ചെയ്യുമായിരുന്നോ?
വിധി അല്ലാതെന്താ???

നവോദയ സ്ക്കുളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു ഞാന്‍ ആ ശരണ്യയെ ആദ്യമായി കണ്ടത്.കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.കുണുങ്ങി കുണുങ്ങിയുള്ള അവളുടെ വരവ് കണ്ട് ഞാനടക്കം എല്ലാവരും എഴുന്നേറ്റു,എന്നിട്ട് ഒരേ സ്വരത്തില്‍ പറഞ്ഞു:
"ഗുഡ് മോര്‍ണിഗ് ടീച്ചര്‍"
അതേ,ഈ ടീച്ചറാണ്‌ എന്‍റെ കഥയിലെ നായിക,പത്താം ക്ലാസ്സിലെ എന്‍റെ കണക്ക് ടീച്ചര്‍,ശരണ്യ!!!

ഒരു നല്ല കുടുംബത്തില്‍ പിറന്നതിനാലാവാം ,പണ്ടേ ഈ പ്രേമം എന്ന വികാരം ഒരു പാപം ആണെന്ന ചിന്ത എന്‍റെ മനസ്സില്‍ ഉണ്ടാക്കിയത്.ആദാമിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ഹവ്വയല്ലേ,അതേ പോലെ ഈ ശരണ്യ ടീച്ചറായിരുന്നു പ്രേമം എന്ന പാപത്തിലേക്ക് എന്നെ തള്ളിയിട്ടത്.ടീച്ചറിനു എന്നോട് പ്രേമമുണ്ടന്ന് ഞാന്‍ പ്രഖ്യാപിച്ചത് ഒരു ജനുവരിയിലായിരുന്നു.നീണ്ട മൂന്നാലു മാസത്തെ ടീച്ചറിന്‍റെ പെരുമാറ്റത്തെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആ നിഗമനത്തിലെത്തിയത്.
എന്നോട് പ്രേമമില്ലെങ്കില്‍ എന്തിനാ എന്നെ എപ്പോഴും നോക്കുന്നത്?
എന്തിനാ ഞാന്‍ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുന്നത്?
എന്തിനാ ഒരോ കണക്ക് ചെയ്യുമ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നത്?
എന്നെ വിളീക്കുന്നത് തന്നെ മനുകുട്ടാ എന്നാ...
പ്രേമിക്കുന്നവരല്ലേ കുട്ടാ,കുട്ടൂസ്സ്,ചക്കരെ,മുത്തേ എന്നെല്ലാം വിളിക്കുന്നത്?
അല്ലെങ്കില്‍ എന്നെ മനു എന്ന് വിളീച്ചാല്‍ പോരായിരുന്നോ?
ഇതെല്ലാമായിരുന്നു എന്‍റെ നിഗമനങ്ങള്‍!!!

പക്ഷേ ഇത്രയൊക്കെ ആയിട്ടും ടീച്ചര്‍ ഇത് വരെ എന്നോട് 'ഐ ലൌ യൂ' എന്ന് പറഞ്ഞിട്ടില്ല.പെണ്ണല്ലേ,മടി കാണും.മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ ആണുങ്ങള്‍ തന്നെയാണ്‌ മുന്‍കൈ എടുക്കേണ്ടത്.അങ്ങനെയാണ്‌ ഞാന്‍ ടീച്ചര്‍ക്ക് ആ പ്രേമലേഖനം എഴുതിയത്.

പ്രിയപ്പെട്ട ശരണ്യ ടീച്ചര്‍,
ടീച്ചര്‍ എന്‍റെ മനസ്സിന്‍റെ കുളിരാണ്‌,കുളിരിലെ തളിരാണ്,തളിരിലെ മൊട്ടാണ്.ഞാന്‍ ഒന്നു ചോദിച്ചോട്ടേ,
എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു?
ഞാന്‍ അത്രയ്ക്ക് സുന്ദരനാണോ?
അതോ കണക്ക് സോള്‍വ്വ് ചെയ്യാനുള്ള എന്‍റെ പാടവമാണോ ടീച്ചറെ എന്നിലേക്ക് ആകര്‍ക്ഷിച്ചത്?
എന്ത് തന്നെയായാലും എന്‍റെ മനസ്സ് ഞാന്‍ ടീച്ചറിനായി തുറക്കുന്നു.
'ഐ ലൌ യൂ'
സ്നേഹപൂര്‍വ്വം,
ടീച്ചറിന്‍റെ മനുകുട്ടന്‍.

ഇത്രയും എഴുതി,ആ പ്രേമലേഖനം ഒരു കവറിലിട്ട് കവറിന്‍റെ മുകളില്‍ ഒരു വാചകവും ഫിറ്റ് ചെയ്തു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
ഇനി ഇത് എപ്പോള്‍ കൊടുക്കണം?
അതായിരുന്നു അടുത്ത പ്രശ്നം.അപ്പോഴാണ്‌ ശരണ്യടീച്ചര്‍ ഒരു ചോദ്യം ചോദിച്ചത്:
"മനുകുട്ടാ,ഈ വരുന്ന ഫെബ്രുവരി പതിനാല്‌ ഞയറാഴ്ചയാ,അന്ന് ഉച്ചക്കത്തെ ചിലവ് എന്‍റെ വക,കാവേരി റെസ്റ്റോറന്‍റില്‍ .ഓക്കെ?"
യാഹൂഹൂഹൂ....
ഫെബ്രുവരി പതിനാല്,വാലന്‍ഡൈന്‍സ്സ് ഡേ.
പ്രേമലേഖനം കൊടുക്കാന്‍ പറ്റിയ ദിവസം.അത് കൊണ്ട് തന്നെ ഞാന്‍ ഓക്കെ പറഞ്ഞു.അതു കേട്ടതും ടീച്ചര്‍ ചിരിച്ച് കൊണ്ട് ഒരു പോക്ക്.
കൊച്ച് കള്ളി,ശരിയാക്കിത്തരാം.

അങ്ങനെയാണ്‌ ആ ഫെബ്രുവരി പതിനാലിനു പ്രേമലേഖനം എഴുതിയ കവറും പോക്കറ്റിലിട്ട് ടീച്ചറിന്‍റെ കൂടെ ഞാന്‍ ആ റെസ്റ്റോറന്‍റില്‍ പോയത്.ആഹാരം കഴിഞ്ഞ് ഇറങ്ങാന്‍ നേരമേ എഴുത്ത് കൊടുക്കുന്നുള്ളു എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചു,അതുകൊണ്ട് തന്നെ ഞാന്‍ വളരെ റിലാക്സ്ഡ് ആയിരുന്നു.ഒരോ സൂപ്പും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കഴിച്ചു കൊണ്ട് ഇരുന്നു.

അപ്പോഴാണ്‌ എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരു വ്യക്തി അങ്ങോട്ട് വന്നത്.അയാള്‍ ടീച്ചറിനെ നോക്കി ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് ഇരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം:
"അളിയോ സുഖമാണോ?"
അളിയാന്ന്...??
എന്നെ അങ്ങനെ വിളിക്കാനുള്ള അവകാശം രണ്ട് പേര്‍ക്ക് മാത്രമാണ്.ഒന്ന് എന്‍റെ പെങ്ങളെ കെട്ടുന്നവനു രണ്ടാമത്തേത് ഞാന്‍ കെട്ടുന്ന പെണ്ണീന്‍റെ ആങ്ങളയ്ക്ക്.ഇയാള്‍ എന്തായാലും എന്‍റെ പെങ്ങളെ കെട്ടാന്‍ പോകുന്നില്ല അപ്പോള്‍ ഇത് ടീച്ചറിന്‍റെ ആങ്ങള തന്നെ.ടീച്ചറിനെ എനിക്ക് കെട്ടിച്ച് തരുന്നതിനെ പറ്റി സംസാരിക്കാന്‍ വന്നതായിരിക്കും.അപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു,ഇയാള്‍ എത്ര നിര്‍ബദ്ധിച്ചാലും കുറച്ച് നാള്‍ പ്രേമിച്ച് നടന്നതിനു ശേഷം മതി കല്യാണം.

അതുകൊണ്ട് തന്നെ ഞാന്‍ ഇച്ചിരി പരുക്കനാണെന്ന് അയാള്‍ക്ക് തോന്നട്ടെ എന്നു കരുതി കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഞാന്‍ പറഞ്ഞു:
"സുഖം"
"ഇതാണോ നീ പറഞ്ഞ ആള്?" ഈ പ്രാവശ്യം അയാളുടെ ചോദ്യം ടീച്ചറിനോടായിരുന്നു.
ആ ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് ടീച്ചര്‍ മറുപടി പറഞ്ഞു:
"അതേ ഇതാ മനുകുട്ടന്‍"
കള്ളി പെണ്ണ്‌,നാണം കണ്ടില്ലേ?

പരിചയപ്പെടുത്തലിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇത് ദിലീപ്,എന്നെ കെട്ടാന്‍ പോകുന്ന ആളാ"
ങേ!!!
അത് ഏത് കോപ്പിലേ പരിപാടിയാ?
ടീച്ചര്‍ എങ്ങനാ രണ്ട് പേരെ കല്യാണം കഴിക്കുന്നത്?
ഇനി പാഞ്ചാലി അഞ്ച് പേരെ കല്യാണം കഴിച്ചു എന്ന പോലെ വേറെ മൂന്നു പേരൂടെ കാണുമോ?
ഇത് മാത്രമായിരുന്നില്ല എന്‍റെ വിഷമം....
അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല.
അത് ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങി.

ഇങ്ങനെ വിഷമിച്ചിരുന്ന എന്നെ ടീച്ചര്‍ ആ ദിലീപിനു വിശദമായി പരിചയപ്പെടുത്തി:
"ഞാന്‍ പറഞ്ഞിട്ടില്ലേ?മനു എന്‍റെ ശിഷ്യന്‍ മാത്രമല്ല,അനുജനെ പോലെയാ"
നയവഞ്ചകി!!!
ആറടി ഉയരവും കട്ടി മീശയും ഉള്ള ഒരുത്തനെ കണ്ടപ്പോള്‍ എന്‍റെ പോസ്റ്റ് മാറ്റിയിരിക്കുന്നു.കുറച്ച് നിമിഷം മുമ്പ് വരെ കാമുകനായിരുന്ന ഞാന്‍ ഇപ്പോള്‍ അനുജനാണത്രേ.എന്‍റെ അടുത്തിരിക്കുന്ന ദിലീപിനു കൊമ്പും വാലും മുളയ്ക്കുന്നതായി എനിക്ക് തോന്നി.
ഈ ദിലീപിനെ തല്ലി കൊന്നാലോ?
അല്ലെങ്കില്‍ ലോകത്തോട് ഇവളെന്‍റെ കാമുകിയാണെന്ന് വിളിച്ച് കൂവിയാലോ?
മിനിമം ദിലീപിനോടെങ്കിലും ടീച്ചര്‍ എന്‍റെ കാമുകിയാണ്‌ എന്ന് പറയാമെന്ന് വിചാരിച്ച നിമിഷത്തിലാണ്‌ ടീച്ചര്‍ ഒരു കാര്യം കൂടി പറഞ്ഞത്:
"അതേ,ദിലീപ് ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാ"
ആണോ?
നന്നായി!!!
ഇനി എന്ത് പറയാന്‍?
ടീച്ചര്‍ എനിക്ക് ചേച്ചിയേ പോലെയാണ്‌ എന്ന വാചകം വേണേല്‍ പറയാം.
ഒന്നും പറഞ്ഞില്ല!!!
കാലിന്‍ മേല്‍ കാല്‍ കേറ്റി വച്ചിരുന്ന ഞാന്‍ ആ പൊസിഷന്‍ ഒക്കെ മാറ്റി വളരെ നല്ല കുട്ടിയായിരുന്നു,ഒന്നും മിണ്ടാതെ സൂപ്പൂം കുടിച്ച് അവരെ അവരുടെ പാട്ടിനു വിട്ട് ഇറങ്ങി നടന്നു.പോകുന്ന വഴിക്ക് നിറകണ്ണൂകളോടെ ഞാന്‍ ടീച്ചറെ ഒന്നു തിരിഞ്ഞ് നോക്കി,എന്നിട്ട് മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു,
എടി മഹാപാപി,ഇതൊരു മറ്റേടത്തെ പണിയായി പോയി,നിനക്ക് നല്ലത് വരട്ടേ.

"നീ സ്വപ്നം കാണുവാണൊ?"
റുംമേറ്റിന്‍റെ ചോദ്യമാണ്‌ എന്നെ ഭൂതകാലത്ത് നിന്നും കൂട്ടികൊണ്ട് വന്നത്.ഒരു മറുപടിയും പറയാതെ ആകെ വിളറി വെളുത്ത് ആ കവറും പിടിച്ച് നിന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു:
"ഈ കവറു കൊടുക്കുന്നതിനെ പറ്റി എന്താ നിന്‍റെ അഭിപ്രായം?"
ചോദിച്ചതല്ലേ,ഞാന്‍ എന്‍റെ നയം വ്യക്തമാക്കി:
"നീ ഇത് കൊടുക്കുമ്പോള്‍ ഒരാള്‍ കൂടി കൂടെ കാണും.ഒരുപക്ഷേ അത് അവളുടെ കോളേജിലേ ഒരു വിദ്യാര്‍ത്ഥിയാകാം അല്ലെങ്കില്‍ അതൊരു ഇന്‍സ്പെക്ടറായിരിക്കും"
ലോകത്ത് ഒരു ജ്യോത്സ്യനും പറയാത്ത തരത്തിലുള്ള ഒരു വൃത്തികെട്ട പ്രവചനം കേട്ട് അവനൊന്ന് ഞെട്ടി.ഭ്രാന്തെടുത്ത പോലെ തല ഒന്നു വെട്ടിച്ച് അവന്‍ ചോദിച്ചു:
"നിന്‍റെ ദേഹത്ത് എന്താ ചാത്തന്‍ കയറിയോ?"
ചാത്തന്‍ നിന്‍റെ മറ്റവന്‍റെ ദേഹത്താടാ കയറിയത് എന്ന് മനസ്സില്‍ മൂന്നുപ്രാവശ്യം ഉരുവിട്ട് കൊണ്ട് ഞാന്‍ ആ കവര്‍ തിരിച്ച് കൊടുത്തു.എന്നിട്ട് ഒന്നും മിണ്ടാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു,
'ദൈവമേ അന്ന് പ്രായത്തിന്‍റെ അവിവേകമായിരുന്നു,എന്‍റെ തെറ്റുകള്‍ പൊറുക്കേണമേ'
ടീച്ചറേ,മാപ്പ്...

കൊച്ചിയിലൊരു നാള്‍




ഇതിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരാണ്, എന്നാല്‍ കഥയും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്.ഇത് ജൂലൈ 9 നു നടന്ന കൊച്ചി ബ്ലോഗേഴ്സ്സ് മീറ്റില്‍ പങ്കെടുത്ത ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്‍റെ മനോവിചാരങ്ങള്‍ മാത്രമാണ്....

ജൂണ്‍ 19
സമയം 10 മണി
(അര്‍ദ്ധരാത്രിക്ക് വെറും 2 മണിക്കൂര്‍ കൂടി...)

നാലാമത്തെ പെഗ്ഗില്‍ മൂന്നാമത്തെ ഐസ്സ് ക്യൂബ് വീണപ്പോള്‍ ഒരു ഫോണ്‍...
തികച്ചും അപരിചിതമായ നമ്പര്‍...
ആരായിരിക്കും??
അറ്റന്‍ഡ് ചെയ്തു:
"ഹലോ, ആരാ?"
"ഇത് ഞാനാ ജയന്‍"
ജയന്‍...
മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ!!!
മിമിക്രിക്കാര്‍ വിളിച്ച് കൂവിയ വാചകങ്ങള്‍ മനസ്സില്‍ അലയടിച്ചു...

"ഒരു സുനാമി വന്നിരുന്നെങ്കില്‍ ഒന്ന് കുളിക്കാമായിരുന്നൂ....!!!!"

ആ മഹാന്‍ ദേ നേരിട്ട് വിളിക്കുന്നു.സ്വരത്തില്‍ പരമാവധി വിനയം നിറച്ചു...
"എന്താണ്‌ സാര്‍?"
സ്ഥിരം ശൈലിയില്‍ നീട്ടി കുറുക്കി ഒരു ഡയലോഗ്:
"കൊച്ചി ബ്ലോഗ് മീറ്റില്‍, നിന്‍റെ പേര്‌, ഞാന്‍ ചേര്‍ത്ത് കഴിഞ്ഞൂ..."
പുതിയ പിള്ളേര്‌ വന്നതൊന്നും ജയന്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു, അതിനാല്‍ മമ്മൂക്കയെ മനസില്‍ ധ്യാനിച്ച് വച്ച് കാച്ചി:
"ഞാന്‍ വരില്ല, ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ"
അപ്പുറത്ത് കിടിലന്‍ ഡയലോഗ്:
"നീ വരും , ഇല്ലേല്‍ ചാത്തന്‍മാര്‍ നിന്നെ വരുത്തും"
(കടപ്പാട്: ആറാം തമ്പുരാന്‍)
ശ്ശെടാ...
ഉറപ്പിച്ചു പറഞ്ഞു:
"ഇല്ലണ്ണാ, ഞാന്‍ വരില്ല"
മറുഭാഗത്ത് സ്വരം മാറി, സുരാജ് വെഞ്ഞാറുമ്മൂട് കടന്ന് വന്നു...
"നീ വരില്ലേ, വരുമെന്ന് പറ...പറയടാ...എടാ, പറയടാ"
ഹേയ്, നമ്മടെ ജയേട്ടന്‍...
ജയന്‍ ഏവൂര്‍!!!
ഒരു അവിയല്‍ ബ്ലോഗര്‍, അഥവാ അവിയല്‍ എന്ന ബ്ലോഗിന്‍റെ ഓണര്‍.

ആ നിമിഷം ഞാന്‍ ഏറ്റ് പോയി...
വരും അണ്ണാ, ഞാന്‍ വരും....
ഇത് സത്യം, സത്യം, സത്യം.

ജൂലൈ 2
ശനിയാഴ്ച.

ബ്ലോഗ് മീറ്റിനു ചെല്ലാമെന്ന് ഞാന്‍ ഏറ്റതാ, ഒരു കാര്യം ഏറ്റു കഴിഞ്ഞാല്‍ അത് ചെയ്ത് കാണിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.ബ്ലോഗിലെ കൂട്ടുകാരെ കാണണം എന്നുണ്ടെങ്കിലും, യാത്രാകൂലി, മിനക്കേട് തുടങ്ങിയ ഭാരിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ മുങ്ങുന്നതാ ഭേദമെന്ന് തോന്നി.
നേരെ ജയന്‍ ചേട്ടനെ വിളിച്ചു:
"ചേട്ടാ മീറ്റിനു വരാന്‍ പറ്റില്ല"
"എന്തടേ?"
"കുറേ പ്രാരാബ്ദങ്ങള്‍"
"എന്ത് പ്രാരാബ്ദങ്ങള്‍?"
ഈശ്വരാ....
ഈ ചോദ്യത്തിനു എന്ത് മറുപടി പറയും???
സ്ഥിരം പ്രാരാബ്ദങ്ങള്‍ ആയാലോ??
കെട്ടിക്കാറായി നില്‍ക്കുന്ന പെങ്ങള്‍...
പ്രായമായ അച്ഛനുമമ്മയും....
വേലയില്ലാത്ത അനുജന്‍...
ഛായ്, ഇങ്ങനൊക്കെ പറഞ്ഞാല്‍ ജയന്‍ ചേട്ടന്‍ ബാംഗ്ലൂരില്‍ വന്ന് തല്ലും, അതിനാല്‍ റൂട്ട് മാറ്റി...
"കുറേ ജോലി പ്രാരാബ്ദങ്ങള്‍!!!"
"ജോലി പ്രാരാബ്ദങ്ങളോ?"
അതേ ചേട്ടാ അതേ....
ഡെവലപ്പ്‌മെന്‍റ്‌ കഴിഞ്ഞ് ഡെലിവറി കാത്ത് നില്‍ക്കുന്ന രണ്ട് കുഞ്ഞു മോഡ്യൂളുകള്‍, ബഗ്ഗുകള്‍ നിറഞ്ഞ പ്രോജക്റ്റ്, ഇന്നോ നാളെയോ എന്നറിയാതെ തെക്കോട്ടും വടക്കോട്ടും ചാടുന്ന മൌസ്സ്, ഇതൊന്നും പോരാഞ്ഞ് കോഡിംഗിനായി ഗൂഗിളില്‍ പരതുന്ന ടീമംഗങ്ങള്‍, എല്ലാം നോക്കാന്‍ ഞാന്‍ മാത്രം, ഈ ഞാന്‍ മാത്രം.
പുറകിനു വയലിനില്‍ ഒരു ശോകഗാനവും!!!

ഇത്രയൊക്കെ പറഞ്ഞിട്ടും പിന്നെയും നിര്‍ബദ്ധങ്ങള്‍...
പല സുഹൃത്തുക്കളില്‍ നിന്ന്!!!
നമ്മുടെ ബൂലോകം എന്ന പോര്‍ട്ടലിന്‍റെ മുഖ്യ നേതാവായ ജോ കൂടി നിര്‍ബന്ധിച്ചപ്പോള്‍ വരാമെന്ന് രണ്ടാമതും ഏറ്റു.എന്നെ ആശ്വസിപ്പിക്കാനെന്ന പോലെ ജോ പറഞ്ഞു:
"വാ അരുണേ, ഇവിടെ എല്ലാം സര്‍പ്രൈസ്സാ"
"എന്ത് സര്‍പ്രൈസ്സ്?"
"അതൊക്കെ വരുമ്പോള്‍ മനസിലാവും"
അങ്ങനെ സര്‍പ്രൈസുകള്‍ തേടി ജൂലൈ 8 നു വൈകിട്ടു ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക്....

ജൂലൈ 9
ശനിയാഴ്ച

സാധാരണ വെളുപ്പിനെ 6 മണിക്ക് മുമ്പ് കൊച്ചിയിലെത്തുന്ന ബസ്സ് അന്ന് എത്തിയത് 9.30 നു.രാത്രി ഉറക്കത്തിലായതിനാല്‍, വണ്ടി ഓടുകയായിരുന്നോ അതോ കാളേ കെട്ടി വലിക്കുകയായിരുന്നോന്ന് ഒരു പിടിയുമില്ല.നടന്ന് വന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിലും നേരത്തെ എത്തിയിരുന്നേനെന്ന് മനസില്‍ പ്രാകി കൊണ്ട് മയൂരാ പാര്‍ക്ക് എന്ന ഹോട്ടലിലേക്ക് വലതുകാല്‍ വച്ചു...

അഞ്ചാം നിലയിലെ ഹാളില്‍ വച്ചാണ്‌ ഫംഗ്ഷന്‍.
ലിഫ്റ്റില്‍ മുകളിലേക്ക്...
ലിഫ്റ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങിയ എന്നെ രജിസ്ട്രേഷന്‍ കൌണ്ടറിനു സമീപം നിന്ന ഒരു വ്യക്തി സ്വീകരിച്ചു:
"ഹലോ, ഞാന്‍ വില്ലേജ്‌മാന്‍"
ഇതാ, സര്‍പ്രൈസുകള്‍ ആരംഭിക്കുകയായി!!!
ഒരോരുത്തരും വരുന്ന സ്ഥലം വച്ച് പരിചയപ്പെടുത്തുന്നതാവും ആദ്യ സര്‍പ്രൈസ്സ്.അതായത് വില്ലേജില്‍ നിന്ന് വരുന്നവര്‍ വില്ലേജ്‌മാന്‍, ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ ഗള്‍ഫ്‌മാന്‍ എന്നിങ്ങനെ...
കായംകുളം എന്നത് ഒരു മുനിസിപ്പാലിറ്റി ആയതിനാല്‍, ഷേക്ക് ഹാന്‍ഡ് കൊടുത്തു കൊണ്ട് ഞാന്‍ തിരികെ പറഞ്ഞു:
"ഹലോ, ഞാന്‍ മുനിസിപ്പാലിറ്റി മാന്‍.പിന്നെ ബാംഗ്ലൂര്‍ മെട്രോയില്‍ നിന്ന് വരുന്നതിനാല്‍ വേണേല്‍ മെട്രോ മാനെന്നും വിളിക്കാം"
ടിഷ്യം!!!!
എതിരാളിയുടെ ചിരി മാഞ്ഞു, അദ്ദേഹം പറഞ്ഞു:
"അയ്യോ, വില്ലേജ് മാന്‍ എന്‍റെ ബ്ലോഗര്‍ നാമമാ"
ശെടാ, അതായിരുന്നോ??
വളിച്ച ചിരിയില്‍ തിരിച്ച് പറഞ്ഞു:
"അങ്ങനാണേല്‍ ഞാന്‍ അരുണ്‍, ബ്ലോഗര്‍ നാമം അരുണ്‍ കായംകുളം"
തുടര്‍ന്ന് ഹാളിലേക്ക്....

മീറ്റ് ആരംഭിച്ചു...
കരിയില പാടത്ത് വെട്ടുകിളി ചിലച്ചോണ്ട് നടക്കുന്ന പോലെ, സെന്തില്‍ എന്ന സുഹൃത്ത്, ബ്ലോഗേഴ്സ്സിന്‍റെ സദസ്സില്‍ ഓടി നടന്ന് എല്ലാവരെയും പരിചയപ്പെടുത്തി, കൂട്ടത്തില്‍ എന്നെയും.



തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ...
പത്ത് പേരു നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ മതിയെന്ന് ഒരു കൂട്ടര്‍, അതല്ല എല്ലാവരും കൂടി നില്‍ക്കുന്നത് വേണമെന്ന് മറ്റൊരു കൂട്ടര്‍, അങ്ങനെയെടുത്താല്‍ ഫോട്ടോ എടുക്കുന്ന ആളെ കിട്ടില്ലന്ന് ഒരു ഭാഗം, എന്നാല്‍ ഒറ്റക്ക് ഒറ്റക്ക് നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ ആയാലെന്തെന്ന് മറുഭാഗം...
അങ്ങനെ ആകെ ജഗപൊഗ!!!

ഒടുവില്‍ ജോയെ ഗ്രൂപ്പില്‍ ഇരുത്തി പകല്‍കിനാവനും, പിന്നീട് പകല്‍കിനാവനെ ഗ്രൂപ്പിലിരുത്തി ജോയും ഒരോ ഫോട്ടോ എടുത്തു.അപ്പോള്‍ തന്നെ ഞാനും ജോയും കൂടി എല്ലാ ബ്ലോഗേഴ്സിനും ഫോട്ടോ വിതരണം ചെയ്യാനായി പ്രിന്‍റെടുക്കാന്‍ പുറത്തേക്ക് പോയി...

സ്റ്റുഡിയോയില്‍ ഒരു കമ്പ്യൂട്ടറില്‍ ഫോട്ടോ കോപ്പി ചെയ്തിട്ടട്ട്, അവിടിരിക്കുന്ന പെണ്‍കുട്ടിയോട് ജോ പറഞ്ഞു:
"ദേ, ഈ ഫോട്ടോയില്‍ ഫോട്ടോ എടുത്ത ആളില്ല.പക്ഷേ പ്രിന്‍റ്‌ ചെയ്യുമ്പോള്‍ അയാളും ഇതില്‍ കാണണം, മനസിലായോ?"
മനസിലായെന്നോ ഇല്ലെന്നോ ഉള്ള ഭാവത്തില്‍ ആ പെണ്‍കുട്ടി തലയാട്ടി.ജോ പൈസ അടക്കാനായി കൌണ്ടറിലേക്ക് പോയപ്പോള്‍ ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു:
"ആ സാറെന്താ ഉദ്ദേശിച്ചത്?"
ജോ പറഞ്ഞ് വാചകം ഞാനൊന്ന് ഓര്‍ത്ത് നോക്കി....
"ദേ, ഈ ഫോട്ടോയില്‍ ഫോട്ടോ എടുത്ത ആളില്ല.പക്ഷേ പ്രിന്‍റ്‌ ചെയ്യുമ്പോള്‍ അയാളും ഇതില്‍ കാണണം, മനസിലായോ?"
ങ്ങേ!!!!
അതെങ്ങനെ???
ഓടി പോയി ജോയോട് ചോദിച്ചപ്പോള്‍ രണ്ടാമത്തെ ഫോട്ടോയില്‍ നിന്ന് വെട്ടി കേറ്റാന്‍ പറഞ്ഞു, അങ്ങനെ ഗ്രൂപ്പ് ഫോട്ടോ റെഡിയായി.



തുടര്‍ന്ന് സുഹൃത്തുക്കളെ പരിചയപ്പെടുന്ന തിരക്ക്.ബൂലോകത്തിന്‍റെ സ്വന്തം കാര്‍ട്ടൂണിസ്റ്റായ സജീവേട്ടന്‍റെ അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം പിറുപിറുക്കുന്നത് കേട്ടു....
"ഇന്ന് എല്ലാവരേയും ഞാന്‍ പടമാക്കും"
ഈശ്വരാ...
എന്താണാവോ ഉദ്ദേശിച്ചത്???
"എല്ലാവരുടെയും പടം വരക്കുമെന്ന്"
ഓഹോ, ഭാഗ്യം.
കുറ്റം പറയരുത്, അദ്ദേഹം എന്നെയും പകര്‍ത്തി...



ശേഷം മീറ്റിലെ വിശ്വപ്രസിദ്ധമായ ഈറ്റ്, പുലാവും ചിക്കനും, എന്താ ടേസ്റ്റ്!!
അതിനു ശേഷം സുവര്‍ണ്ണകേരളം എന്ന ബ്ലോഗിന്‍റെ ഉടമ,യും ഹരിപ്പാട്ടുകാരനുമായ മഹേഷിന്‍റെ കാറില്‍ തിരികെ വീട്ടിലേക്ക്.എറണാകുളം ടൌണില്‍ നിന്ന് പുറത്തേക്ക് വണ്ടി എടുക്കാന്‍ മഹേഷ് ബുദ്ധിമുട്ടുന്ന കണ്ടപ്പോള്‍ പതിയെ പറഞ്ഞു:
"മഹേഷേ, ഞാനൊന്ന് മയങ്ങട്ടേ"
മറുപടി കാത്ത് നില്‍ക്കാതെ ചെറിയൊരു മയക്കം...
ഉണര്‍ന്നപ്പോഴും കാറ്‌ ടൌണില്‍ തന്നെ, ഈര്‍ഷ്യയോടെ ചോദിച്ചു:
"എന്തോന്നാടെ, ഇപ്പോഴും ടൌണിലാണോ?"
"അതേ, അതേ, ആലപ്പുഴ ടൌണില്‍"
കര്‍ത്താവേ!!!
രണ്ട് മണിക്കൂര്‍ സുഖമായി ഉറങ്ങിയിരിക്കുന്നു, അതാവും മഹേഷിന്‍റെ മുഖത്തൊരു കടുപ്പം.കമ്പനി തരേണ്ടവന്‍ സുഖമായി ഉറങ്ങിയതിനാല്‍ അവന്‍ ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി ചവുട്ടി....

തോട്ടപ്പള്ളി സ്പില്‍ വേയിലൂടെ കാര്‍ കുതിച്ച് പാഞ്ഞപ്പോള്‍ അങ്ങകലെ അറബി കടലില്‍ സൂര്യന്‍ മുങ്ങി താഴുന്ന മനോഹര ദൃശ്യം.....
അങ്ങനെ ഒരു നാള്‍ കൂടി കടന്ന് പോയിരിക്കുന്നു....
സുഹൃത്തുക്കള്‍ക്ക് ഒപ്പം സന്തോഷം നിറഞ്ഞ ഒരു നാള്‍ കൂടി....
അടുത്ത മീറ്റിനായി കാത്തിരിക്കുന്ന എന്നിലെ ബ്ലോഗര്‍ അറിയാതൊന്നു ചിരിച്ച് പോയി, പുതിയ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് ഓര്‍ത്തു കൊണ്ടുള്ള ഒരു സന്തോഷച്ചിരി.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com