For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ത്രീ..ടൂ..വണ്‍..സീറോ...



തിരുവോണം..
ഏതൊരു മലയാളിയുടെയും മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിക്കുന്ന പുണ്യ ദിവസം.ലോകത്ത് എവിടെയാണെങ്കിലും നാട്ടില്‍ ഓടിയെത്താനും മാതാപിതാക്കള്‍ക്കൊപ്പം ഒരുപിടി ചോറുണ്ണാനും ആഗ്രഹിക്കാത്തവര്‍ വിരളമാണ്.എന്നാല്‍ അങ്ങനെ ഒരു ഓണക്കാലം വരുന്നതോടെ ഞങ്ങള്‍ ബാംഗ്ലൂര്‍ നിവാസികളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയായി, കാരണം മറ്റൊന്നുമല്ല, ടിക്കറ്റ് പ്രശ്നം തന്നെ.

ഓണക്കാലത്ത് ഓഫീസില്‍ നിന്ന് ഒരു ലീവ് കിട്ടാന്‍ എളുപ്പമാണ്, എന്നാല്‍ നാട്ടിലേക്ക് ഒരു ടിക്കറ്റ്, അത് ബസ്സാവട്ടെ ട്രെയിനാവട്ടെ, കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.രണ്ട് വര്‍ഷം മുമ്പുള്ള ഒരു ഓണക്കാലത്ത് ഈ ബുദ്ധിമുട്ട് ഞാന്‍ ശരിക്കും അനുഭവിച്ചു, അത്തം മുതല്‍ അവിട്ടം വരെ ഒരു ട്രെയിനിലും ടിക്കറ്റില്ല.നോണ്‍ ഏ.സി മുതല്‍ വോള്‍വോ വരെയുള്ള ബസ്സുകളിലും സെയിം അവസ്ഥ.ഒടുവില്‍ അവസാന വഴി എന്ന രീതിയില്‍ പ്രഭാകരനെ വിളിച്ചു, ഇവന്‍ ഹരിപ്പാട്ട്‌കാരനാ, ഒരുവിധപ്പെട്ട എല്ലാ യാത്രാ ഏജന്‍സിയിലും നല്ല പിടിയുള്ളവന്‍.

"ഹലോ. അളിയാ, പ്രഭാകരാ. ഇത് ഞാനാ മനു"
"നാട്ടിലേക്ക് ടിക്കറ്റ് വേണമായിരിക്കും"
"അതേ, എങ്ങനെ മനസിലായി?"
"പട്ടി കാല്‌ വെറുതെ പൊക്കാറില്ല മോനേ"
കറക്റ്റ്!!
കഴിഞ്ഞ ഓണത്തിനു ഇതേ ആവശ്യത്തിനു ഞാന്‍ അവനെ വിളിച്ചതാ, പിന്നെ ഇന്നാ വിളിക്കുന്നത്.എന്ത് തന്നെ ആയാലും അവന്‍ ടിക്കറ്റ് സംഘടിപ്പിച്ച് തരുമെന്ന് കരുതി മിണ്ടാതെ നിന്ന എന്‍റെ സപ്തനാഡികള്‍ തകര്‍ത്തുന്നതായിരുന്നു അവന്‍റെ മറുപടി:

"അളിയാ നോ രക്ഷ.എന്‍റെ കസിന്‍ കാര്‍ത്തിക്കിന്‍റെ കല്യാണമാ അവിട്ടത്തിനു, അവനു വേണ്ടി നാട്ടിലേക്ക് ഒരു ടിക്കറ്റ് നോക്കിയട്ട് പറ്റിയില്ല.എന്തിനു, ഈ പ്രാവശ്യം എന്തായാലും ഓണത്തിനു കാണുമെന്ന് ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തതാ, എനിക്ക് പോലും ടിക്കറ്റ് കിട്ടുന്നില്ല.ഒടുവില്‍ ഉത്രാടത്തിന്‍റെ അന്ന് വൈകിട്ടത്തേക്ക് കഷ്ടിച്ചാ രണ്ട് ടിക്കറ്റ് ഒപ്പിച്ചത്"

ഇനി എന്ത് ചെയ്യും??

ഇങ്ങനെ ചിന്തിച്ച് അന്തം വിട്ട് നിന്നപ്പോഴാണ്‌ രതീഷിന്‍റെ ഫോണ്‍ വന്നത്, അതും ഒരു ഉഗ്രന്‍ കോളുമായി.സംഭവം മറ്റൊന്നുമല്ല അവന്‍റെ കസിന്‍റെ വണ്ടി നാട്ടില്‍ എത്തിക്കണം.ആ വണ്ടി ഞാന്‍ കണ്ടിട്ടുണ്ട്, ഒരു സ്ക്കോര്‍പ്പിയോ, അടിപൊളി വണ്ടി.അതില്‍ പൂരാടത്തിന്‍റെ അന്ന് രാത്രിയില്‍ യാത്ര തിരിക്കാം എന്ന് തീരുമാനമായി.രതീഷും ഞാനും, കൂടെ പ്രഭാകരനേയും കാര്‍ത്തിക്കിനേയും കൂട്ടാം എന്ന് ഉറപ്പിച്ചു.വിവരം അറിഞ്ഞപ്പോ പ്രഭാകരന്‍ ചോദിച്ചു:
"ഏതാ വണ്ടി?"
"സ്ക്കോര്‍പ്പിയോ"
അവനും സന്തോഷമായി, ഉത്രാടത്തിനുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പൂരാടത്തിനു യാത്രതിരിക്കാന്‍ ഇപ്പോ നാല്‌ പേരായി.

ബാംഗ്ലൂര്‍ - സേലം - കോയമ്പത്തൂര്‍ -പാലക്കാട് - തൃശൂര്‍ - എറണാകുളം - കായംകുളം.
പെര്‍ഫക്റ്റ് റൂട്ട്!!!
വൈകിട്ട് വിട്ടാല്‍ പിറ്റേന്ന് വെളുപ്പിനെ നാട്ടിലെത്താം.ഹരിപ്പാട്ട് പ്രഭാകരനെയും, കാര്‍ത്തിക്കിനേയും ഇറക്കാം, കായംകുളത്ത് എനിക്കും ഇറങ്ങാം, പിന്നെ രതീഷ് വണ്ടിയുമായി വര്‍ക്കലക്ക് പോകും.പൂരാടത്തിന്‍റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് രതീഷ് വണ്ടിയുമായി എം.ജി റോഡില്‍ വരാമെന്നും, അവിടുന്ന് ഞാനും രതീഷും കൂടി വീട്ടില്‍ വരുമെന്നും, പ്രഭാകരനും കാര്‍ത്തിക്കും എന്‍റെ വീട്ടില്‍ വന്നാല്‍ മതിയെന്നും, അവിടുന്ന് യാത്ര തിരിക്കാമെന്നും ഉറപ്പിച്ചു.

പൂരാടത്തിന്‍റെ അന്ന് വൈകുന്നേരം.
സമയം ആറ്‌ മണി, സ്ഥലം എം.ജി റോഡ്.

ഒരു മണിക്കൂറായി ഞാന്‍ വായിനോക്കി നില്‍ക്കുവാ, രതീഷിനെ കാണുന്നുമില്ല, വിളിച്ചിട്ട് കിട്ടുന്നുമില്ല.ഇടക്കിടെ പ്രഭാകരന്‍ വിളിക്കുന്നുണ്ട്.അവനും കാര്‍ത്തിക്കും എന്‍റെ വീടിന്‍റെ മുമ്പില്‍ വന്ന് കുറ്റിയടിച്ചിട്ട് അരമണിക്കൂര്‍ ആയത്രേ!!
ഇപ്പൊ സമയം ഏഴായി...
തൊണ്ണൂറ്‌ മോഡല്‍ ഒരു ചുവന്ന മാരുതി കാര്‍ എന്‍റെ മുന്നില്‍ വന്ന് പതിയെ നിന്നു.അതില്‍ നിന്നും വെളുക്കെ ചിരിച്ച് കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി, എന്നിട്ട് പറഞ്ഞു:
"സോറി അളിയാ, താമസിച്ച് പോയി.നമുക്ക് പോകാം"
ഇതിലോ??
"സ്ക്കോര്‍പ്പിയോ എന്തിയേ?" എന്‍റെ സ്വരം ചിലമ്പിച്ചിരുന്നു.
"അതില്‍ കസിനും കുടുംബവും പോയി, ഇത് ചേച്ചിയുടെ വണ്ടിയാ, നമുക്ക് ഇതില്‍ പോകാം"
ബെസ്റ്റ്!!
തൊണ്ണൂറ്‌ മോഡല്‍ കാറില്‍, അതും ഏ.സി പോലും ഇല്ലാത്ത ശകടത്തില്‍, ബാംഗ്ലൂരില്‍ നിന്ന് കേരളം വരെ ഒരു യാത്ര.മറ്റ് വഴി ഇല്ലാത്തതിനാല്‍, ഏ.സി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് നിക്കുന്ന പ്രഭാകരനോട് എന്ത് പറയും എന്ന ചിന്തയില്‍ ഞാന്‍ ആ കാറില്‍ കയറി.
കാര്‍ നേരെ എന്‍റെ വീട്ടിലേക്ക്...

സ്ക്കോര്‍പ്പിയോയിലെ യാത്ര സ്വപ്നം കണ്ട് നിന്നിരുന്ന രണ്ട് മഹാന്‍മാരുടെ മുന്നിലേക്ക് ഒരു തകരപ്പാട്ട പോലത്തെ സാധനം വന്നു നിന്നു.അകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങിയ എന്നെയും ആ വണ്ടിയെയും പ്രഭാകരന്‍ മാറി മാറി നോക്കി, എന്നിട്ട് ദയനീയമായി ചോദിച്ചു:
"മനു, ഇത് ഏതാടാ വണ്ടി?"
"മാരുതി" എന്‍റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.
"ഇത് മാരുതി ആണെന്ന് എനിക്ക് അറിയാം, സ്ക്കോര്‍പ്പിയോ എന്തിയെ?"
എനിക്ക് മറുപടി ഇല്ല!!
"ഇതിലാണോ നാട്ടില്‍ പോകാന്‍ പ്ലാനിട്ടത്?" വീണ്ടും പ്രഭാകരന്‍.
ഞാന്‍ വളിച്ച ചിരിയുമായി ഒരേ നില്‍പ്പ് തന്നെ.
"എന്താടാ വിഴുങ്ങല്‍സ്യ എന്ന് നില്‍ക്കുന്നത്?"
"ആക്ച്വലി...അളിയാ...അത് പിന്നെ...ഇതാ വണ്ടി"
അല്പ നേരം നിശബ്ദത...
ആര്‍ക്കും അനക്കമില്ല, പുറകില്‍ ആരോ ശോകഗാനം വായിക്കുന്ന പോലെ ഒരു സൌണ്ട്.ഒടുവില്‍ വേറെ ഒരു വഴിയും ഇനി മുന്നിലില്ലെന്ന് എന്നെ പോലെ ബോധവാനായ പ്രഭാകരന്‍ പറഞ്ഞു:
"ഇതില്‍ രാത്രി യാത്ര റിസ്ക്കാ, നമുക്ക് നാളെ രാവിലെ തിരിക്കാം"
ഓക്കെ!!

ഉത്രാടത്തിന്‍റെ അന്ന് വെളുപ്പിനെ മൂന്ന് മണി.
എല്ലാവരും എഴുന്നേറ്റ്, കുളിയും ജപവും കഴിഞ്ഞ്, കറക്റ്റ് നാല്‌ ആയപ്പോഴേക്കും റെഡിയായി.ഗണപതിക്ക് ഒരു തേങ്ങ അടിച്ച്, അയ്യപ്പനു ഒരു ശരണം വിളിച്ച്, ഞങ്ങള്‍ ആ ശകടത്തിലേക്ക് കയറി.ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ഞാന്‍ പതിയെ താക്കോല്‍ തിരിച്ചു..
ബൂ..ബ്രൂ..ചൂ..ശൂ..ശും..
അത്രമാത്രം, വണ്ടിക്ക് വേറെ അനക്കം ഒന്നുമില്ല!!
മൂന്നു പേരും എന്നെ ഒന്ന് നോക്കി, പിന്നെ താക്കോലിട്ട ദ്വാരത്തിലും ഒന്ന് നോക്കി.ഞാനായിട്ട് എന്തിനാ കുറക്കുന്നത്, ഞാനും മൂന്നു പേരെയും നോക്കി, പിന്നെ താക്കോലിലും നോക്കി..
ഇല്ല, താക്കോലില്‍ തുരുമ്പില്ല!!
"എന്താടാ?" പ്രഭാകരന്‍.
"വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല"
"അത് മനസിലായി, എന്താ സ്റ്റാര്‍ട്ട് ആവാത്തത്"
ആര്‍ക്കറിയാം!!
ഒരിക്കല്‍ കൂടി താക്കോല്‍ തിരിച്ചു...
ശൂ..ശും.
ഹാവു, ഒരു തീരുമാനമായി!!

"ഇനി എന്നാ ചെയ്യും?" ചോദ്യം കാര്‍ത്തിക്കിന്‍റെ വകയാ.
അവനെ കുറ്റം പറയേണ്ടാ, രാവിലെ കുളിച്ചൊരുങ്ങി ഇരിക്കുവാ.വണ്ടി സ്റ്റാര്‍ട്ട് ആയില്ലെന്ന് പറഞ്ഞ് ഇനി ഉറങ്ങാന്‍ കൂടി പറ്റില്ല.ആരറിഞ്ഞു, ഇങ്ങനൊരു കുരിശാകുമെന്ന്.
"ഇനി എന്നാ ചെയ്യും?" വീണ്ടും.
"വര്‍ക്ക് ഷോപ്പ് ഒമ്പതിനു തുറക്കും, വേറെ വഴിയില്ല"
"ഈശ്വരാ, അത് വരെ എന്ത് ചെയ്യും?" പ്രഭാകരന്‍റെ ആത്മഗതം.
"ഐഡിയ!!!" രതീഷ് ചാടി എഴുന്നേറ്റു.
"എന്താടാ?" എല്ലാരുടെയും മുഖത്ത് ആകാംക്ഷ.
"ഒമ്പത് വരെ നമുക്ക് ചീട്ട് കളിച്ചാലോ?"
മുട്ടുകാല്‌ എടുത്ത് അവന്‍റെ വയറ്റിലോട്ട് വയ്ക്കാന്‍ തോന്നി.
പിന്നല്ല!!

ഒമ്പത് മണിക്ക് വര്‍ഷോപ്പില്‍ വിളിച്ച് പറഞ്ഞു, എന്നിട്ട് കാര്യം ബോധിപ്പിക്കാന്‍ സ്ക്കോര്‍പ്പിയോയില്‍ യാത്ര തിരിച്ച രതീഷിന്‍റെ കസിനെ വിളിച്ചു:
"ചേട്ടാ, എവിടായി?"
"കൊല്ലത്ത്, കല്ലുവാതുക്കല്‍. നിങ്ങളോ?"
ഞങ്ങളോ??
ഇല്ലത്ത്, വീട്ടുവാതുക്കല്‍!!!

ഇപ്പോ സമയം ഒമ്പതര..
കൂട്ടുകാരെല്ലാം റൂമിലും, ഈ പാവം ഞാന്‍ മാത്രം വര്‍ക്ക്‌ഷോപ്പിലെ പയ്യനെ നോക്കി മുറ്റത്തും നില്‍ക്കുന്നു.ആ സമയത്താണ്‌ കന്നഡയില്‍ അലറി കൂവി കൊണ്ട് ഒരു മനുഷ്യന്‍ ആ തെരുവില്‍ പ്രത്യക്ഷപ്പെട്ടത്.സംഭവം കന്നഡ ആയിരുന്നെങ്കിലും അയാള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു..
"പഴേ ഇരുമ്പ്,ചാക്ക്,തുരുമ്പ് വില്‍ക്കാനുണ്ടോ....."
കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ നിന്നു.
വീടിനു മുമ്പിലെത്തി അയാള്‍ വീണ്ടും വിളിച്ച് ചോദിച്ചു:
"പഴേ ഇരുമ്പ്,ചാക്ക്,തുരുമ്പ് വില്‍ക്കാനുണ്ടോ....."
ഹേയ്, ഒന്നുമില്ല!!
മറുപടിയില്‍ വിശ്വാസം വരാതെ അതിയാന്‍ എന്നെ ഒന്ന് നോക്കി, തുടര്‍ന്ന് കാറിലും ഒന്ന് നോക്കി.
ഹരേ മിസ്റ്റര്‍ ആക്രി, ദിസ് ഈസ്സ് എ കാര്‍..
ഇതൊരു കാര്‍ ആകുന്നു!!!
നിരാശയോട് അദ്ദേഹം നടന്ന് നീങ്ങി.
ആ കാഴ്ച കണ്ട് ഇറങ്ങി വന്ന പ്രഭാകരന്‍ എന്നോട് ചോദിച്ചു:
"അളിയാ, ഈ കാറ്‌ വിറ്റ് നമുക്ക് ആ പൈസക്ക് ടാക്സിയില്‍ പോയാലോ?"
നോ, നോ, ഇറ്റ് ഈസ് ഇംപ്പോസിബിള്‍!!
സമയം പതുക്കെ ഇഴഞ്ഞ് നീങ്ങി.

പത്ത് ആയപ്പോള്‍ വര്‍ക്ക് ഷോപ്പിലെ പയ്യനെത്തി, കാറ്‌ മൊത്തം സ്ക്കാന്‍ ചെയ്തിട്ട് അവന്‍ പറഞ്ഞു:
"അണ്ണാ, പെട്രോളില്ല"
ഠിം!!!!
രതീഷിന്‍റെ മുഖത്തൊരു വളിച്ച ചിരി.
"സോറീ ഡാ, കസിന്‍ പറഞ്ഞാരുന്നു, ഞാനങ്ങ് മറന്ന് പോയി"
പല്ല്‌ കടിച്ച് നില്‍ക്കുന്ന പ്രഭാകരനെ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് പറഞ്ഞു:
"പമ്പ് അടുത്താ, അരകിലോമീറ്റര്‍, ഒന്ന് കൈ വയ്ക്ക്"

ഏലൈസാ...ഏലൈസാ...
ഏലൈസാ...ഏലൈസാ...

കാര്‍ പതിയെ പമ്പിലേക്ക്..

പെട്രോള്‍ ആടിച്ചു തരുന്ന പയ്യന്‍റെ മുഖത്ത് ഒരു അത്ഭുതം.
"എന്താ മോനേ?"
"ഹല്ല, ബാംഗ്ലൂരില്‍ ഇത്ര പഴയ കാറ്‌ ആദ്യമായി കാണുവാ"
ഛേ, വേണ്ടായിരുന്നു!!

സമയം പതിനൊന്നര.
ത്രീ..ടൂ..വണ്‍..സീറോ...
((ഠോ))
ഫുള്‍ ടാങ്ക് പെട്രോളുമായി ശകടം കേരളത്തിലേക്ക്...

കാറ്‌ ഓടിക്കുന്നത് രതീഷാണ്, അതും കഷ്ടിച്ച് നാല്‍പ്പത് കിലോമീറ്റര്‍ സ്പീഡില്‍.സൈക്കളില്‍ പോകുന്നവരൊക്കെ കാറിനെ ഓവര്‍ ടേക്ക് ചെയ്ത് തുടങ്ങി.ഞങ്ങടെയൊക്കെ ക്ഷമ നശിച്ചു:
"എന്തോന്നാടാ ഇത്?"
"അണ്ണാ, ഇതാ മാക്സിമം സ്പീഡ്"
അള്ളാ!!!
ആ വിഷമം മാറ്റാന്‍ കോറസ്സ് ആയി ഒരു പാട്ട് പാടി:

"പോം...പോം...ഈ വണ്ടിക്ക് മദമിളകി...
വളഞ്ഞ് പുളഞ്ഞും...ചരിഞ്ഞും തിരിഞ്ഞും...
ഈ ശകടം ഓടുന്നിതാ..."

ഉച്ചക്ക് ശാപ്പാട് അടിക്കാനും, വൈകിട്ട് ചായ കുടിക്കാനും മാത്രം വിശ്രമം.അങ്ങനെ അന്ന് ഏഴ് മണി ആയപ്പോള്‍ സേലത്ത് എത്തി.അവിടൊരു ഹോട്ടലില്‍ നിന്ന് ആഹാരവും കഴിച്ച് പതുക്കെ കോയമ്പത്തൂര്‍ ലക്ഷ്യമാക്കി വണ്ടി നീങ്ങി.ഒരു പത്തര ആയി കാണും, സാമാന്യം വിജനമായ ഒരു പ്രദേശം, പെട്ടന്ന് വണ്ടിയുടെ ഹെഡ്‌ലൈറ്റ് ഓഫായി.
"എന്താടാ?"
"അറിയില്ല, നോക്കാം"
ചാടി ഇറങ്ങി ബോണറ്റ് ഉയര്‍ത്തി, ഒന്ന് എത്തി നോക്കി, തിരികെ ബോണറ്റ് അടച്ചു.ഇതില്‍ കൂടുതല്‍ നോക്കാന്‍ അറിയില്ല, അതാ സത്യം.എന്നെ കൊണ്ട് ലൈറ്റ് നന്നാക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞപ്പോള്‍ രതീഷ് പറഞ്ഞു:
"ഒരു ടോര്‍ച്ച് ഉണ്ടായിരുനെങ്കില്‍....."
ഉണ്ടായിരുന്നെങ്കില്‍???
"അത് തെളിച്ച് മുന്നേ നടക്കാമായിരുന്നു"
അത് കേട്ടതും ഹാലിളകിയ പ്രഭാകരന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"ഇവന്‍റെ അന്ത്യം എന്‍റെ കൈ കൊണ്ടാവും"
വേണ്ടാ അണ്ണാ, അണ്ണന്‍ ക്ഷമിക്ക്!!

അന്ന് രാത്രിയില്‍ കാറില്‍ ഉറക്കം.
ഇടക്ക് എപ്പോഴോ പ്രഭാകരന്‍റെ ആത്മഗം:
"നാളെ തിരുവോണമാ, മൂന്നു മണിക്ക് ഉള്ളിലെങ്കിലും അങ്ങ് എത്തിയാല്‍ മതിയാരുന്നു"
ശരിയാ, അത് മതിയാരുന്നു!!
പാതിരാത്രിക്ക് എപ്പോഴോ ഒരു ബസ്സ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാര്‍ത്തിക്ക് അലറുന്നത് കേട്ടു:
"ദേ നമ്മള്‌ പോകേണ്ട ബസ്സ്"
അത്രയും പറഞ്ഞിട്ട് പിറുപിറുത്തത് ചീത്ത ആണെന്നും, അത് എന്നെ ആണെന്നും ആ ഉറക്കത്തിലും ഞാന്‍ മനസിലാക്കി.പക്ഷേ ഇടക്ക് 'കട് കട്' എന്ന് കേട്ട ശബ്ദം പല്ല്‌ കടിച്ചതാണോ അതോ നഖം കടിച്ചതാണോന്ന് അറിയില്ല, അന്നും ഇന്നും.

തിരുവോണ ദിവസം..
അതിരാവിലെ തന്നെ കാറ്‌ സ്റ്റാര്‍ട്ട് ചെയ്തു.ഒമ്പത് ആയപ്പോള്‍ കോയമ്പത്തൂരില്‍ എത്തി, അവിടൊരു ഹോട്ടലില്‍ കയറി ഫ്രഷായി, ബ്രേക്ക് ഫാസ്റ്റും കഴിച്ച് പാലക്കാട്ടേക്ക് യാത്ര തിരിച്ചു.ഒരു പതിനൊന്നെര ആയപ്പോഴേക്ക് വണ്ടി ഒന്ന് പാളി നിന്നു.
"പഞ്ചറായെന്ന് തോന്നുന്നു" ഡ്രൈവിംഗ് സീറ്റില്‍ നിന്നും പ്രഭാകരന്‍റെ ദീനരോദനം.
ആരോടും ഒന്നും പറയാന്‍ നിന്നില്ല, ചാടി ഇറങ്ങി ജാക്കി എടുത്ത് ടയര്‍ ഊരി.സ്റ്റെപ്പിനി ഇടാന്‍ തയ്യാറായപ്പോള്‍ അതും പിടിച്ച് നിന്ന രതീഷ് പറഞ്ഞു:
"ഇതും പഞ്ചറാ"
കര്‍ത്താവേ!!!!
എല്ലാവരെയും ഫെയിസ്സ് ചെയ്യുന്നതില്‍ നല്ലത് പഞ്ചറ്‌ കട നോക്കി പോകുന്നതാണെന്ന് കരുതി രണ്ട് ടയറും എടുത്ത് ഒരു ഓട്ടോയില്‍ ഞാന്‍ പതിയെ യാത്ര ആയി.ഒടുവില്‍ പഞ്ചറ്‌ ഒട്ടിച്ച് തിരികെ എത്തിയപ്പോള്‍ മണി ഒന്ന്.
എല്ലാം ശരിയാക്കി കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ പ്രഭകരന്‍ പല്ല്‌ കടിച്ചു പറഞ്ഞു:
"ഇന്ന് തിരുവോണമാ"
ആണോ??
മഹാബലി ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ!!!

ഉച്ചക്ക് പാലക്കാട്ട് ഒരു ചായക്കടയില്‍ നിന്ന് ആഹാരം, തുടര്‍ന്ന് വണ്ടി എടുത്തപ്പോള്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി.എറണാകുളത്ത് എത്തുക, അവിടുന്ന് കാര്‍ത്തിക്കിനേയും പ്രഭാകരനെയും ബസ്സ് കേറ്റി വിടുക.എന്നിട്ട് എവിടേലും ഹെഡ് ലൈറ്റ് ശരിയാക്കാന്‍ പറ്റിയാല്‍ ഞങ്ങള്‍ കാറുമായി പോകും, ഇല്ലേല്‍ കാറില്‍ വിശ്രമിക്കും.
അങ്ങനെ എറണാകുളം ആകാറായി....
സമയം ആറര കഴിഞ്ഞിരിക്കുന്നു.
പെട്ടന്നാണ്‌ ഒരു പോലീസ് വണ്ടി വന്ന് കുറുകെ കൊണ്ട് വച്ചത്.ചാടി ഇറങ്ങിയ പോലീസുകാരന്‍ ചോദിച്ചു:
"എന്താടാ സന്ധ്യ ആയിട്ടും ലൈറ്റ് ഇടാതെ പോകുന്നത്?"
"സാര്‍, ഹെഡ്‌ലൈറ്റ് കേടായി"
"വണ്ടിയുടെ ബുക്കും പേപ്പറും എടുക്കടാ"
ഞാന്‍ രതീഷിനെ നോക്കി..
ബുക്കും പേപ്പറും എവിടെ??
"ബാഗിലാ"
"ബാഗ് എന്തിയെ?"
"അത് സ്ക്കോര്‍പ്പിയോയിലാ"
കടവുളേ!!!

ബുക്കും പേപ്പറും കൈയ്യിലില്ലന്ന് മനസിലായപ്പോള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു:
"ഈ കാറ്‌ എവിടുന്നു മോഷ്ടിച്ചതാടാ?"
ആര്‍ക്കും മറുപടിയില്ല, മാത്രമല്ല എല്ലാവരുടെയും മുഖത്തൊരു പുച്ഛഭാവവും.പിന്നല്ല, ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയില്‍ വിലസുന്ന നാലു യുവ കോമളന്‍മാരോട് തൊണ്ണൂറു മോഡല്‍ കാറ്‌ മോഷ്ടിച്ചതാണോന്ന് ചോദിച്ചാല്‍ എങ്ങനെ പുച്ഛരസം വരാതിരിക്കും.
"പറയടാ, എവിടുന്നു പൊക്കിയതാടാ ഈ കാര്‍?" വീണ്ടും.
പുച്ഛം ഉച്ചത്തില്‍ ആയപ്പോള്‍ ഞാന്‍ തിരികെ ചോദിച്ചു:
"ഇത്രേം പഴയ കാര്‍ ആരെങ്കിലും മോഷ്ടിക്കുമോ സാറേ?"
ചോദ്യത്തിലെ നര്‍മം കുറിക്ക് കൊണ്ടു, പോലീസുകാരന്‍ തിരികെ ചോദിച്ചു:
"അപ്പോ പുതിയ കാര്‍ ആയിരുന്നേല്‍ നീ മോഷ്ടിച്ചേനേ, അല്ലേ?"
ഈശ്വരാ...
ഇതെന്ത് ചോദ്യം??
ഇപ്പോള്‍ പുച്ഛരസം പോലീസുകാരുടെ മുഖത്ത്.

തുടര്‍ന്ന് ഞങ്ങള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ പോലീസ്സുകാര്‍ തയ്യാറായിരുന്നില്ല.മദ്യപിച്ചോന്ന് അറിയാന്‍ ഊതിക്കുന്നു, ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു, ആകെ ജഗപൊക.ഒടുവില്‍ സ്റ്റേഷനില്‍ കൊണ്ട് ഇരുത്തി, എന്നിട്ട് പറഞ്ഞു:
"ഏമാന്‍ വന്നിട്ട് തീരുമാനിക്കാം, എന്ത് വേണമെന്ന്"
തലക്ക് കൈ വച്ച് നാല്‌ ജന്മങ്ങള്‍ സ്റ്റേഷനില്‍!!!
ഇടക്കിടെ കാര്‍ത്തിക്കിന്‍റെ ദയനീയ സ്വരം:
"സാറേ, നാളെ എന്‍റെ കല്യാണമാ"
തുടര്‍ന്ന് കാര്‍ത്തിക്ക് എല്ലാവരെയും ഒന്ന് നോക്കും...
ശരിയാ സാറേ, നാളെ അവന്‍റെ കല്യാണമാ!!

രാത്രി ഒരുമണി ആയപ്പോള്‍ ഏമാന്‍ വന്നു.എല്ലാം കേട്ടപ്പോള്‍ കാര്‍ത്തിക്കിന്‍റെ വീട്ടില്‍ വിളിച്ചു, കല്യാണ ചെറുക്കനെ കാണാഞ്ഞ് വിഷമിച്ചിരുന്ന അവര്‍ മകന്‍ സ്റ്റേഷനിലാണെന്നു കേട്ടിട്ടും സന്തോഷിച്ചു.സത്യം ബോധ്യമായപ്പോള്‍ ഏമാന്‍ പറഞ്ഞു:
"സോറി, പോയ്ക്കോ"
ഹും, പോയ്ക്കോന്ന്!!!
ഹെഡ്‌ലൈറ്റില്ലാത്ത വണ്ടിയില്‍ രാത്രിയില്‍ എങ്ങനെ പോകാനാ?
ഒരു ദിവസത്തേക്ക് പോലീസ് ജീപ്പ് കടം തരുമോന്ന് ചോദിച്ചാലോ??
അല്ലേ വേണ്ടാ, എന്തിനാ കൂമ്പിനു ഇടി വാങ്ങി കൂട്ടുന്നത്!!
ഒടുവില്‍ വാടക കൊടുക്കാതെ പോലീസ് സ്റ്റേഷന്‍റെ വരാന്തയില്‍ കിടക്കാന്‍ അനുമതി കിട്ടി.പിറ്റേന്ന് വെളുപ്പിനെ കാര്‍ ഇറക്കി, പത്തരക്ക് മുഹൂര്‍ത്തം.ഒരു ഒമ്പത് ആയപ്പോള്‍ ഹരിപ്പാടെത്തി.കറക്റ്റ് സമയത്ത് എത്തിച്ച ചാരിതാര്‍ത്ഥ്യത്തില്‍ രതീഷ് ചോദിച്ചു:
"ഇപ്പോ സന്തോഷമായോ?"
"പോടാ നായിന്‍റെ മോനേ!!"
ആ മറുപടിയില്‍ എല്ലാം ഉണ്ടായിരുന്നു.
കായംകുളത്തേക്ക് വണ്ടി ഓടിച്ചപ്പോള്‍ രതീഷ് പിറുപിറുത്തു:
"ഇതാ ഈ കാലത്ത് ഒരു ഉപകാരവും ചെയ്യരുതെന്ന് പറയുന്നത്"
ഇമ്മാതിരി ഉള്ള ഉപകാരമാണെങ്കില്‍ ചെയ്യാതിരിക്കുന്നതാ നല്ലത്!!!
പറഞ്ഞില്ല, പകരം ഒന്ന് ചിരിച്ച് കാണിച്ചു.

അങ്ങനെ അവിട്ടത്തിന്‍റെ അന്ന് പത്ത് മണി ആയപ്പോള്‍ വീട്ടിലെത്തി.ചെന്ന് കയറിയപ്പൊ അമ്മുമ്മ ചോദിച്ചു:
"യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോനേ?"
"വളരെ വളരെ സുഖകരമായിരുന്നു അമ്മുമ്മേ"
പതുക്കെ മുറിയിലേക്ക്..
ഇനി ഒന്ന് കുളിക്കണം, വല്ലോം കഴിക്കണം, ഒന്ന് ഉറങ്ങണം.എന്നിട്ട് വൈകിട്ടത്തെ കല്ലട ബസ്സില്‍ തിരികെ ബാംഗ്ലൂര്‍ക്ക് പോകണം.അങ്ങനെ മലയാളി മനസ്സില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു ഓണം കൂടി പൂര്‍ത്തിയായി.

മഹാനായ അക്ബര്‍ചക്രവര്‍ത്തി




കൃഷ്ണപുരം എന്ന അതിമനോഹരമായ ഗ്രാമം.
ടുംഡു ടുംഡു ടുഡുടുഡു...ടുംഡു ടുംഡു ടുഡുടുഡു..

കളകളം പാടുന്ന കിളികളും, പാടത്ത് ചാടുന്ന തവളയും, മാനത്ത് ചുറ്റുന്ന പരുന്തും, എന്ന് വേണ്ടാ ഒരു ടിപ്പിക്കല്‍ മലയാളം സിനിമയില്‍ കാണുന്ന എല്ലാ ഗ്രാമീണ പ്രഭാവങ്ങളും (ഓ പറയാന്‍ മറന്നു, രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ കേള്‍പ്പിക്കുന്ന വീണയുടെ ശബ്ദവും, അത് കഴിഞ്ഞുള്ള 'കൌസല്യാ സുപ്രഭാ...' എന്നുള്ള പാട്ടും) ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.

ഇവിടെ ആയിരുന്നു എന്‍റെ അമ്മയുടെ കുടുംബം.
അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍, പണ്ട് ആന ഉണ്ടായിരുന്ന തറവാട്!!
(ചുമ്മാതാ, മണ്ണ്‌ തുരന്ന് നോക്കിയാല്‍ അഞ്ചാറ്‌ കുഴിയാനകള്‍ കാണും, അത്ര മാത്രം)

സത്യം ഇതാണെങ്കിലും ഞങ്ങളുടെത് വലിയ കുടുംബമാണെന്നും, അവിടെ ആന ഉണ്ടായിരുന്നെന്നും, ആനപുറത്ത് പോയാ അമ്മാവന്‍ കല്യാണം കഴിച്ചതെന്നും, എന്തിന്‌, വീട് നില്‍ക്കുന്ന സ്ഥലം മുതല്‍ തെക്കോട്ട് കന്യാകുമാരി വരെ അപ്പുപ്പന്‍റെ സ്വന്തമായിരുന്നെന്നും, നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം പാവങ്ങള്‍ക്ക് ഇഷ്ടദാനം കൊടുത്തതായിരുന്നെന്നും ഞാനും നിര്‍ലോഭം തട്ടി വിട്ടിരുന്നു.ഇതിലൊന്നും വിശ്വസിക്കാത്ത ചില അവിശ്വാസികളെ, വീടിനോട് ചേര്‍ന്നുള്ള ഒരു നിലവറയുടെ വാതില്‍ കാണിച്ച്, അതൊരു തുരങ്കമാണെന്നും, ആ തുരങ്കത്തിന്‍റെ മറ്റേ അറ്റം കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തിന്‍റെ നടുക്ക് ആണെന്നും, മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ചപ്പോള്‍ ആ കുളത്തില്‍ മുങ്ങിയ കായംകുളം മഹാരാജാവ് ഇവിടെ പൊങ്ങിയാണ്‌ തല തോര്‍ത്തിയതെന്നും, നിലവറയുടെ വാതിലില്‍ ഇരുന്ന് കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തില്‍ ചൂണ്ട ഇടുന്നതാണ്‌ അപ്പുപ്പന്‍റെ പ്രധാന ഹോബിയെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.

ഒടുവില്‍ എന്‍റെ ഗീര്‍വാണത്തില്‍ സഹികെട്ട ഒരു സുഹൃത്ത് അവന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പുനര്‍ജന്മമാണെന്നും, കായംകുളം രാജാവിന്‍റെ ബന്ധുക്കളെ എല്ലാവരെയും കൊല്ലുകയാ അവന്‍റെ ജന്മലക്ഷ്‌യം എന്നും പ്രഖ്യാപിച്ചതോടെ എന്‍റെ സൂക്കേടങ്ങ് തീര്‍ന്നു.ഉറക്കത്തില്‍ മധുരസ്വപ്നം കാണുന്നതിനു പകരം കുതിരപ്പുറത്ത് വാളുമായി വരുന്ന അവന്‍റെ മുഖം കണ്ടതോടെ 'ആരാണ്‌ കായംകുളം മഹാരാജാവ്? ശശിയാണോ? അതോ സോമനോ?' എന്നൊക്കെ ചോദിച്ച്, എനിക്കും രാജാവിനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആ സംഭവത്തിനു ശേഷം ആരോടും തറവാടിനെ കുറിച്ച് വിശദീകരിക്കാറില്ലെങ്കിലും, അവിടെ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.ഒരു കൂട്ടുകുടുംബ വ്യവസ്ഥയില്‍ എല്ലാവരും ചേര്‍ന്ന് താമസിക്കുന്ന അവിടെ കുട്ടികള്‍ ധാരാളം ഉണ്ടായിരുന്നു എന്നതാണ്‌ എന്നെ അവിടേക്ക് ആകര്‍ക്ഷിക്കുന്ന മുഖ്യഘടകം.അമ്മാവന്‍റെയും, വല്യമ്മയുടെയും,കുഞ്ഞമ്മയുടെയും സന്താനങ്ങള്‍ക്ക് ഒപ്പം ഞാന്‍ കൂടി ചേരുന്നതോടെ ജീവിതം ആഘോഷിക്കാനുള്ളതായി തീരും.

അവിടുത്തെ എന്‍റെ ജീവിതത്തെ കുറിച്ച് രണ്ട് വാക്ക്..
അമ്മാവന്‍റെ മകനായ രമേഷ് ആണ്‌ തറവാട്ടില്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.വീട്ടുകാര്‍ കാണാതെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് പട്ടം പറപ്പിക്കുന്നതും, അമ്മാവന്‍ കുഴിച്ച് വച്ച ചീനികമ്പ് ഊരി എടുത്ത് ചോട്ടില്‍ ചീനി വന്നോ എന്ന് നോക്കുന്നതും, അമ്മായി തൂത്ത് വൃത്തിയാക്കിയ നടുമുറ്റത്ത് കരിയില കൊണ്ട് അത്തപ്പൂ ഇടുന്നതും ഞങ്ങള്‍ ഒന്നിച്ച് തന്നെ.ഇത് കൂടാതെ മറ്റ് കുട്ടികളെ നാടകം കളിച്ച് കാണിക്കുക എന്നതും ഞങ്ങളുടെ ചുമതലയാണ്.

നാടകത്തിന്‍റെ പേര്..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.

ഇതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷം എനിക്കാണ്.കൂടെ ബുദ്ധിമാനായ ബീര്‍ബലായി രമേഷും.ചക്രവര്‍ത്തിയുടെ വീരസാഹസികങ്ങള്‍ കാണിക്കാന്‍ അമ്പും വില്ലും വച്ച് കാക്കയെ എയ്യുന്നതും, ശൌര്യം കാണിക്കാന്‍ ഉത്തരവുകള്‍ ഇറക്കുന്നതും, പ്രൌഡി കാണിക്കാന്‍ ബീര്‍ബലിനോട് ആജ്ഞാപിക്കുന്നതും ഞാന്‍ തന്നെ.

അങ്ങനെയുള്ള ഒരു ഞയറാഴ്ച.
അക്ബര്‍ ചക്രവര്‍ത്തിയായി ഞാന്‍ അരങ്ങ് തകര്‍ക്കുകയാണ്.
അപ്പോഴാണ്‌ ഇളയ അമ്മാവന്‍ അങ്ങോട്ടേക്ക് വന്നത്...
ഇദ്ദേഹം പൊതുവേ ശുദ്ധനാണ്, പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് അമ്മാവനെ ഒരു ഭയമുണ്ട്.ദേഷ്യം വന്നാല്‍ ഓടിച്ചിട്ട് തല്ലുന്നതും, അല്ലാത്തപ്പോള്‍ കെട്ടിയിട്ട് തല്ലുന്നതും ഇദ്ദേഹത്തിന്‍റെ ഹോബിയാണ്.ആ അമ്മാവനാണ്‌ അക്ബര്‍ ചക്രവര്‍ത്തിയായി വിലസിയിരുന്ന എന്‍റെ മുന്നിലേക്ക് വന്നത്.വന്നപാടെ അദ്ദേഹം മൊഴിഞ്ഞു:

"വെറുതെ വേഷം കെട്ടി നില്‍ക്കാതെ കണ്ടത്തിലെ കളയൊക്കെ ഒന്ന് പറിച്ച് കളഞ്ഞേ"

അമ്മാവന്‍ ഈ വാചകം പറഞ്ഞത് എന്നോടായിരുന്നു, പക്ഷേ പ്രതികരിച്ചത് എന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്ന മഹാനായ അക്ബര്‍ ചക്രവര്‍ത്തി ആയി പോയി:

"ആരവിടെ! അക്ബറുടെ കണ്ടത്തില്‍ കളയോ? വരട്ടെ രണ്ട് തരുണീമണികള്‍, പറിക്കട്ടെ കള"

കൈവിട്ട ആയുധവും, വാ വിട്ട വാക്കും തിരിച്ച് പിടിക്കാന്‍ പറ്റില്ലാന്ന് കേട്ടിട്ടില്ലേ, അതാ അന്ന് സംഭവിച്ചത്.ഉത്തരവ് ഇറക്കിയ ശേഷം തല ഉയര്‍ത്തിയ അക്ബര്‍ ചക്രവര്‍ത്തി കണ്ടത് കണ്ണും ചുവപ്പിച്ച് നില്‍ക്കുന്ന അമ്മാവനെയാണ്.
'ബീര്‍ബല്‍, നോം ഇനി എന്ത് ചെയ്യും' എന്ന ഭാവത്തില്‍ ഞാന്‍ രമേഷ് നിന്ന ഭാഗത്തേക്ക് നോക്കി..
അത്ഭുതം!!!
അവിടം ശൂന്യമായിരുന്നു!!!

എന്‍റമ്മച്ചിയേ.

"ആജ്ഞാപിക്കാന്‍ നീ ആരാടാ?" അമ്മാവന്‍റെ ഗര്‍ജ്ജനം.
നോം മഹാനായ അക്ബര്‍ ചക്രവര്‍ത്തി.

ദൈവം സഹായിച്ച് ഇങ്ങനൊരു മറുപടി വായില്‍ വന്നില്ല.അതിനാല്‍ പത്ത് അടി കുറച്ച് വാങ്ങി.അന്നത്തെ കോട്ടാ തന്ന് കഴിഞ്ഞ് അമ്മാവന്‍ മനസമാധാനത്തോടെ തിരിച്ച് വീട്ടിലേക്ക് കയറി, ഞാന്‍ കള പറിക്കാന്‍ മോങ്ങി കൊണ്ട് കണ്ടത്തിലേക്കും നടന്നു..
അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച..
ബീര്‍ബലും കൂട്ടരും മാന്യമായി കള പറിക്കുന്നു.
മഹാനായ അക്ബര്‍ ചക്രവര്‍ത്തി മാത്രം ചതിക്കപ്പെട്ടു!!!!

മോങ്ങി കൊണ്ട് വരുന്ന എന്നെ ആശ്വസിപ്പിക്കാന്‍ രമേഷ് തയ്യാറായി:
"ചേട്ടന്‍ വിഷമിക്കരുത്, ചിറ്റപ്പന്‍ സാമൂഹ്യപാഠം പഠിച്ചിട്ടില്ല"
അത് ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു!!!

തുടര്‍ന്ന് കള പറിക്കല്‍..
എത്രയോ പൂരത്തിനു അമ്മാവന്‍ പോകുന്നതാ, എന്നിട്ടും അവിടൊന്നും ആന ഇടഞ്ഞില്ലല്ലോന്ന് ചിന്തിച്ച് കൊണ്ടാണ്‌ കള പറിക്കാന്‍ ഇരുന്നത്.ആ മഹാനോടുള്ള വാശി കാരണം മുന്നില്‍ കണ്ടതെല്ലാം പറിച്ചു, അത് കളയാണോ, എള്ളാണോ, നെല്ലാണോ, തെങ്ങാണോ എന്നൊന്നും നോക്കാന്‍ മിനക്കെട്ടില്ല എന്നതാണ്‌ സത്യം.

"ഇന്ന് ഞയറാഴ്ചയാ, അഞ്ച് മണിക്ക് സൂപ്പര്‍മാനുണ്ട്" വല്യമ്മയുടെ മകള്‍ ആണ്‌ ആദ്യം തിരിയിട്ടത്.
"അഞ്ചരക്ക് ജെയിന്‍റ്‌ റോബര്‍ട്ടുണ്ട്" രമേഷന്‍റെ ആത്മഗതം.
"ആറ്‌ മണിക്ക് കോട്ടയം കുഞ്ഞച്ചനുണ്ട്" കുഞ്ഞമ്മയുടെ മകന്‍റെ ഓര്‍മ്മപ്പെടുത്തല്‍.

ഞാന്‍ ഒന്നും കേട്ടതായി ഭാവിച്ചില്ല.

ഈ പറഞ്ഞതൊക്കെ കാണാനായി കുടുംബത്ത് ടീവി ഇല്ല, അതിനു അയല്‍ വീട് തന്നെ ശരണം.അവിടെ പോയി ടീവി കാണണമെങ്കില്‍ അമ്മാവന്‍റെ അനുമതി വേണം.അതിനു ഞാന്‍ വേണം മുന്നിട്ട് ഇറങ്ങാന്‍, ആ ഉദ്ദേശത്തിലാണ്‌ ദൂരദര്‍ശന്‍ കേന്ദ്രം പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ സഹോദരങ്ങള്‍ എന്‍റെ മുന്നില്‍ വിളമ്പിയത്.

"നമക്ക് കാണാന്‍ പോകേണ്ടേ?" ഒത്തൊരുമയോടുള്ള ചോദ്യം.
"ഞാനില്ല, നിങ്ങള്‍ പോയ്ക്കോ"
കണ്ടത്തിലെ സകലമാന കളയും കളയാതെ അക്ബര്‍ ചക്രവര്‍ത്തിക്ക് ഇനി വിശ്രമമില്ല....
ഇത് സത്യം, സത്യം, സത്യം!!!

കള പറിച്ച് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ വെറുതെ എരുത്തിലില്‍ ഒന്ന് നോക്കി, അവിടെ നന്ദിനി പശു മിസിംഗ്.ചെങ്കല്ലിന്‍റെ നിറമുള്ള നന്ദിനിയെ തേടി ഒരു അന്വേഷണം..
ഒടുവില്‍ കണ്ടു, തെക്കേ തറയുടെ കന്നിമൂലക്ക് ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന കഥനായിക.മിണ്ടാതെ പിന്നില്‍ ചെന്ന് കയറില്‍ പിടി കൂടീ.വല്യ കയര്‍ അടുത്തുള്ള തെങ്ങില്‍ ചുറ്റി കുരുങ്ങിയതിനാല്‍ ആണ്‌ ആളവിടെ സ്റ്റക്കായത് എന്ന് മനസിലായി.പതിയെ കുരുക്കഴിച്ച് നന്ദിനിയുമായി വീട്ടിലേക്ക്.

എരുത്തിലില്‍ നന്ദിനിയെ കെട്ടി, കൈയ്യും കാലും കഴുകി പതുക്കെ അമ്മയുടെ മുന്നില്‍ ചെന്നു.
"അവരൊക്കെ ടീവി കാണാന്‍ പോയി, നീ പോണില്ലേ?"
ആ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്നേ അയല്‍ പക്കത്തിലേക്ക് ഓടി.

സൂപ്പര്‍മാന്‍, ജെയിന്‍റ്‌ റോബര്‍ട്ട്, കോട്ടയം കുഞ്ഞച്ചന്‍..
ഷോ തകര്‍ക്കുകയാണ്.

കോട്ടയം കുഞ്ഞച്ചനില്‍ ഉപ്പുകണ്ടം ബ്രദേഴ്സ്സിന്‍റെ ഇടി കണ്ട് കൊണ്ടിരുന്നപ്പോള്‍ അതിനു സമാനമായ ഒരു വഴക്കിന്‍റെ ശബ്ദം ചെവിയില്‍ ഒഴുകി വന്നു.ഇതെന്ത്, ഡിജിറ്റല്‍ ഡോള്‍ബിയോന്ന് ചിന്തിച്ച് തല ഉയര്‍ത്തിയപ്പോള്‍ ടീവിയുടെ ഓണര്‍ ഓടിവന്ന് പറഞ്ഞു:

"എടാ മനു, നിന്‍റെ അമ്മാവനെ ദേ അവിടെ തല്ലുന്നു"

ഇത് കേട്ടതും എന്‍റെ ചോര തിളച്ചു.കോട്ടയം കുഞ്ഞച്ചനിലെ മമ്മൂക്കയെ മനസിലേക്ക് ആവാഹിച്ച് സംഭവസ്ഥലത്തേക്ക് കുതിച്ചു.ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റുന്ന കൂട്ടത്തില്‍ അലറി ചോദിച്ചു:

"ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്?"

ഇന്‍ഡോര്‍ സ്റ്റേഡിയം പോലെ ചുറ്റി നില്‍ക്കുന്ന കാഴ്ചക്കാരെ മാറ്റി ഗ്രൌണ്ടിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച..
ആറടിയും തൊണ്ണൂറു കിലോയുമുള്ള, അയല്‍ വാസിയും പേരുകേട്ട ഗുണ്ടയുമായ വസന്തന്‍, ഇളയ അമ്മാവനെ എയറില്‍ നിര്‍ത്തി ഇടിക്കുന്നു.അമ്മാവന്‍റെ അവസ്ഥയും, വസന്തന്‍റെ മസിലും കണ്ടപ്പോള്‍, ആ നിമിഷം ഞാനൊരു മര്യാദരാമനായി.'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..

'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.

ഇടി കൊണ്ട് താഴെ വീണ അമ്മാവനെ അളിയന്‍മാര്‍ തൂത്ത് വാരി കൊട്ടയിലാക്കി വീട്ടിലേക്ക് എടുത്തപ്പോള്‍ വസന്തന്‍റെ വക ഭീഷണി വീണ്ടും:

"ഇനി ഇമ്മാതിരി ചെറ്റത്തരം കാണിച്ചാല്‍ നിന്നെ വച്ചേക്കില്ല"

എന്ത് പറ്റി??
എന്താ കാര്യം??

അതിനു മറുപടിയായി അമ്മാവന്‍ ഇങ്ങനെ പറഞ്ഞു:

"നമ്മടെ നന്ദിനിയെയും കൊണ്ട് ഞാന്‍ ബ്ലോക്കില്‍ പോയപ്പോള്‍, ആരോ വസന്തന്‍റെ പശുവിനെ കൊണ്ട് വന്ന് നമ്മുടെ എരുത്തിലില്‍ കെട്ടി.അത് ഞാനാണെന്ന് പറഞ്ഞാ അവന്‍ തല്ലിയത്"

കര്‍ത്താവേ!!!!!
അത് നന്ദിനി അല്ലായിരുന്നോ??

മരുമക്കത്തായം നിലവില്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍, അനിന്തരവനു പാഴ്സലായി കിട്ടേണ്ട ഇടി ഒന്നൊഴിയാതെ വാങ്ങി കൂട്ടിയ അമ്മാവനെ കണ്ടപ്പോള്‍ കഷ്ടം തോന്നി, സത്യം ലോകത്തോട് വിളിച്ച് പറഞ്ഞാലോന്ന് ആലോചിച്ചു.എന്നാല്‍ 'സത്യമായും നന്ദിനി പശുവാണെന്ന് കരുതിയാ ഞാനതിനെ എരുത്തിലില്‍ കെട്ടിയത്, അല്ലാതെ വസന്തന്‍ അമ്മാവനെ തല്ലണമെന്ന് യാതൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു' എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു.അതിനാല്‍ ഒന്നും മിണ്ടാതെ അവിടുന്ന് സ്ക്കൂട്ടായി..

അന്ന് അത്താഴത്തിനു ഇരുന്നപ്പോഴും അമ്മാവന്‍റെ ആത്മഗതം കേട്ടു:
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
അമ്മാവാ, അത് നോം ആയിരുന്നു..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com