For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം


"പാന്‌ഥര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരും പോലെ
നദ്യാ ഒഴുകുന്ന കാണ്ഡങ്ങള്‍ പോലെയും
എത്രയും ചഞ്ചലം ആലയ സംഗമം"
[രാമായണം - ലക്ഷ്മണോപദേശം]

ഒരു സത്രത്തില്‍ കണ്ടുമുട്ടി വേര്‍പിരിയുന്ന യാത്രികരെ പോലെ, അല്ലെങ്കില്‍ നദിയിലൂടെ ഒഴുകി വരുന്ന കൂട്ടത്തില്‍ കൂട്ടിമുട്ടിയും വേര്‍പെട്ടും ഒഴുകുന്ന വിറക് കഷ്ണങ്ങളെ പോലെ, സ്ഥിരതയില്ലാത്തതാണ്‌ നമ്മുടെ ഈ ജീവിതം.ഏകദേശം ഇത് പോലെ തന്നെയാണ്‌ ഇന്നത്തെ പ്രൈവറ്റ് കമ്പനികളില്‍ തൊഴിലെടുക്കുന്ന യുവാക്കളുടെ ജീവിതവും.

പണ്ടൊക്കെ ഏതെങ്കിലും ഗവണ്‍മെന്‍റ്‌ സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ അട്ട കടിച്ച പോലെ അവിടെ തൂങ്ങി കിടക്കുമായിരുന്നു, ഇനി ഗള്‍ഫിലായിരുന്നെങ്കിലോ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിതം ഹോമിച്ച് അവിടെ തന്നെ അടിഞ്ഞ് കൂടുമായിരുന്നു.എന്നാല്‍ ഇന്ന്, പ്രത്യേകിച്ച് ഐ.ടി മേഖലയില്‍ ഇതല്ല സ്ഥിതി.ഒരു കമ്പനിയില്‍ സ്ഥിരമായി നില്‍ക്കാതെ അടുത്ത കമ്പനിയിലേക്ക് ചാടുന്നവനാണ്‌ മിടുക്കന്‍ എന്നൊരു മിഥ്യാ ധാരണ ഇവിടെ പരക്കെയുണ്ട്.

രാമായണത്തില്‍ ഒരു ഭാഗമുണ്ട്, കിഷ്കിധാ കാണ്ഡത്തിന്‍റെ അവസാനം അംഗദന്‍ അടക്കമുള്ള വാനരപ്പട ലങ്കയിലാണ്‌ സീതയുള്ളതെന്ന് കണ്ടെത്തുന്നു, പക്ഷേ ഉറപ്പ് വേണമെങ്കില്‍ സമുദ്രം ചാടി കടക്കണം.അതിനു ആര്‍ക്ക് സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ ഒരോരുത്തരും പറഞ്ഞ മറുപടി വ്യത്യസ്ഥമായിരുന്നു...
ഒരു കുരങ്ങന്‍ : "ഒരു പത്തടി ചാടാം"
വേറൊരാള്‍: "ഇരുപതടി ചാടാം"
തുടര്‍ന്ന് മറ്റുള്ളവര്‍:
"മുപ്പതടി"
"അമ്പതടി"
"എഴുപതടി"
ആ കഥ അവിടെ നിക്കട്ടെ, പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ്, ആ കൂട്ടത്തില്‍ ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കുരങ്ങന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ഇങ്ങനെ മറുപടി പറഞ്ഞേനേ:
"ആക്ച്ച്വലി, ഒറ്റയടിക്ക് ചാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഒരു ആറ്‌ മാസം ഇടവിട്ട് ചാടി ചാടി പോയാ മതിയെങ്കി...ഐ വില്‍ റീച്ച് ലങ്ക"
ഇത് സത്യമാണ്...
ഇടക്കിടെ ചാടാന്‍ ഞങ്ങളോളം മിടുക്കര്‍ ആരുമില്ല.
ഇക്കരെ നിക്കുമ്പോ  ഞങ്ങള്‍ക്ക് എന്നും അക്കരെ പച്ചയാണ്!!!

ഇങ്ങനെ കൂടെ ജോലി ചെയ്യുന്നവരൊക്കെ കമ്പനി ചാടുമ്പോള്‍ അവരെ യാത്രയാക്കേണ്ടത് മറ്റുള്ളവരുടെ കടമായാണ്, പ്രത്യേകിച്ച് അവന്‍റെ ടീമിലുള്ളവരുടെ കടമ.പ്രോജക്റ്റ് മാനേജരുടെ അനുഗ്രഹത്തോടെ ഒരു ഗിഫ്റ്റ് വാങ്ങിച്ച്, ഹൃദയപൂര്‍വ്വം ആ വ്യക്തിക്ക് അത് സമ്മാനിച്ച്, സന്തോഷത്തോടെ യാത്രയാക്കുന്നതാണ്‌ കീഴ്വഴക്കം.ഇത് തന്നെയായിരുന്നു രണ്ട് ദിവസം മുമ്പ് ഓഫീസില്‍ അരങ്ങേറിയ സംഭവത്തിന്‍റെ കാതലും.

സിജില്‍, അതാണ്‌ അവന്‍റെ പേര്.ആറടി ഉയരവും എണ്‍പത് കിലോ തൂക്കവുമുള്ള ഒരു സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ്.ഞങ്ങടെ കമ്പനിയിലെ ഡയറക്റ്റ് സ്റ്റാഫ് അല്ല, വേറൊരു കമ്പനിയില്‍ നിന്ന് കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ വന്നവനാണ്.അതിയാനു ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയില്‍ ജോലിയായി, അവിടേക്ക് പോകാന്‍ അവന്‍ തയ്യാറുമായി.ഇവന്‍ ഞങ്ങളുടെ ടീമിലല്ല, അവന്‍റെ ടീമില്‍ അവന്‍ മാത്രമേയുള്ളു.ഞങ്ങടെ കൂട്ടത്തില്‍ നിന്ന് സുധീഷ് മാത്രമാണ്‌ അവനൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളത്.പിന്നെ അവനുമായി കോണ്‍ടാക്റ്റ് ഉള്ളത് ടെസ്റ്റിംഗ് ടീമിന്‍റെ ലീഡ് മനേഷിനാണ്.എല്ലാത്തിനും തുടക്കവും ഇവരിലൂടെയായിരുന്നു.

സിജില്‍ പോകുന്നതിന്‍റെ തലേ ദിവസം.
സുധീഷാണ്‌ ആവശ്യം മുന്നോട്ട് വച്ചത്:
"സിജില്‍ നാളെ പോകുവാ, യാത്രയാക്കേണ്ടേ?"
മനേഷ് പിന്താങ്ങി:
"വേണം, വേണം..."
തുടര്‍ന്ന് എന്നോട് ഒരു അപേക്ഷയും:
"മനു, നീ ഒന്ന് സംസാരിക്ക്"
ഇത് കോഡാണ്, പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറിനോട് സംസാരിക്കാനുള്ള കോഡ്.നല്ലൊരു കാര്യത്തിനല്ലേ എന്ന ചിന്തയോടെ ഞാന്‍ സാറിന്‍റെ ക്യാബിനിലേക്ക് പോയി.എച്ച്.ആര്‍ മാഡവും സാറും തമ്മില്‍, അമേരിക്കയില്‍ തേയിലക്ക് വില കുറഞ്ഞതിനെ പറ്റിയോ എന്തോ സംസാരിച്ച് നില്‍ക്കുന്ന സമയത്ത് തല ഉള്ളിലേക്കിട്ട് ഞാന്‍ പറഞ്ഞു:
"നാളെ സിജില്‍ പോകുവാണ്, ഒരു ഗിഫ്റ്റ് കൊടുക്കേണ്ടേ?"
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍ തല ഉയര്‍ത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി, നോ മറുപടി.ചോദ്യം മനസിലാകാഞ്ഞിട്ടാണോ ഇദ്ദേഹം മിണ്ടാത്തത് എന്ന് ആലോചിച്ച് നില്‍ക്കേ സ്ഥലം കാലിയാക്കി കൊള്ളാന്‍ എച്ച്.ആര്‍ സിഗ്നല്‍ തന്നു, ഞാന്‍ പതിയെ സ്ക്കൂട്ടായി.

"എന്തായി ഗിഫ്റ്റ്?" മനേഷിന്‍റെ ചോദ്യം.
"ഒന്നും പറഞ്ഞില്ല" എന്‍റെ മറുപടി.
"സിജില്‍ കോണ്‍ട്രാക്റ്റ് എംപ്ലോയി ആയതു കൊണ്ടാണോ?"
സുധീഷിന്‍റെ ആ ചോദ്യത്തിനു ഞാന്‍ കൈ മലര്‍ത്തി...
എനിക്ക് അറിയില്ല!!
രഹസ്യത്തിന്‍റെ ചുരുളഴിയാതെ സമയം ഇഴഞ്ഞ് നീങ്ങി...
മീറ്റിംഗ് കഴിഞ്ഞ് ക്യാബിനു വെളിയില്‍ വന്ന എച്ച്.ആര്‍ എന്നോട് രഹസ്യമായി പറഞ്ഞു:
"നാളെ ഞാനടക്കം മാനേജുമെന്‍റിലെ എല്ലാവരും ലീവാണ്.സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേ ഓഫീസിലുള്ളു.നമുക്ക് വളരെ വേണ്ടപ്പെട്ട ഒരു വി.ഐ.പി നാളെ ഇവിടെ വരുന്നുണ്ട്, അദ്ദേഹത്തെ ഒറ്റക്ക് സ്വീകരിക്കേണ്ടി വരുമെന്ന ടെന്‍ഷനിലാ സാറ്"
അപ്പോ അതാണ്‌ കാര്യം.
ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ സംശയിച്ചു.
മനേഷിനു അരികിലെത്തി ഞാന്‍ പ്രഖ്യാപിച്ചു:
"നമ്മള്‍ നാളെ ഗിഫ്റ്റ് കൊടുക്കുന്നു"
തുടര്‍ന്ന് എല്ലാവരുടെയും കൈയ്യില്‍ നിന്ന് പൈസ പിരിച്ച് സുധീഷിനെ ഏല്‍പ്പിച്ചിട്ട് ഉപദേശിച്ചു:
"ഗിഫ്റ്റ് എന്തുവായാലും മനോഹരമായിരിക്കണം, ഒരു പഞ്ചവര്‍ണ്ണ കിളിയേ പോലെ മോഹിപ്പിക്കുന്നതാവണം"
അവന്‍ തല കുലുക്കി.
ആ ദിവസം അങ്ങനെ കഴിഞ്ഞു.

അടുത്ത ദിവസം.
ഇന്നാണ്‌ സിജില്‍ പോകുന്നത്.
രാവിലെ ഗിഫ്റ്റ് വാങ്ങി വരാമെന്ന് ഏറ്റ സുധീഷ് എന്നോട് പറഞ്ഞു:
"ഒരു ചെറിയ പ്രശ്നമുണ്ട്..."
"എന്തേ?"
"എറണാകുളം മൊത്തം തപ്പിയിട്ടും പഞ്ചവര്‍ണ്ണ കിളിയെ കിട്ടിയില്ല"
ഒരു നിമിഷത്തേക്ക് ഞാന്‍ മിണ്ടിയില്ല.
സ്വല്പം ആലങ്കാരികമായി ഉപദേശിച്ചത് കേട്ട് എറണാകുളം മൊത്തം പഞ്ചവര്‍ണ്ണ കിളിയെ അന്വേഷിച്ച എന്‍റെ സുഹൃത്തിന്‍റെ മുഖത്ത് നോക്കി നിന്നപ്പോള്‍, പുതിയൊരു മലയാളം സിനിമയിലെ രണ്ട് വരി പാട്ട് മനസില്‍ മുഴങ്ങി...
ഹോ...ഹോ... ഒരു കിളി പോയി!!!
ഞങ്ങള്‍ക്ക് ഇടയിലെ നിശബ്ദതക്ക് വിരാമമിട്ട് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു:
"പകരം അഞ്ച് വര്‍ണ്ണമുള്ള ഒരു ബാഗ് വാങ്ങി"
അവന്‍ നീട്ടിയ ഗിഫ്റ്റ് കണ്ട് തലക്ക് വീണ്ടും മന്ദിപ്പ്.ചുവപ്പ്, പച്ച, നീല, മഞ്ഞ, ഓറഞ്ച്, ഇത്രയും നിറങ്ങള്‍ തലങ്ങും വിലങ്ങും പൂശിയ ഒരു ബാഗ്.വെറുതെ കൊടുത്താല്‍ പോലും സാമാന്യ ബോധമുള്ളവന്‍ തലക്ക് അടിക്കുന്ന സാധനം.
"ഹൌ ഈസ്സ് ഇറ്റ്?" സുധീഷിന്‍റെ ചോദ്യം.
വായില്‍ വന്ന മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ മലയാള സിനിമയിലാണെങ്കില്‍ ഒരു 'ബീപ്' ശബ്ദം മാത്രമേ കേള്‍ക്കു.
മൌനം വിദ്വാനു ഭൂക്ഷണം.

സൊബാസ്റ്റ്യന്‍ സാറിന്‍റെ ക്യാബിനിലേക്ക് തലയിട്ട് ഞാന്‍ ഓര്‍മ്മിപ്പിച്ചു:
"സാര്‍, സിജിലിനു ഗിഫ്റ്റ്...."
അത്രയും പറഞ്ഞപ്പോഴാണ്‌ സാറിനു അടുത്തിരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടത്, ഇതായിരിക്കണം എച്ച്.ആര്‍ പറഞ്ഞ വി.ഐ.പി.
രണ്ട് പേരും എന്നെ രൂക്ഷമായി നോക്കി.
എന്‍റെ സമയ ദോഷത്തെ മനസ്സാ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്ക്കൂട്ടായി.

"സൊബാസ്റ്റ്യന്‍ സാര്‍ വന്നില്ലെങ്കില്‍, മനു നീ കൊടുക്കണം"
സുധീഷ് പ്രഖ്യാപിച്ചു.
"ഞാന്‍ എന്തിനു കൊടുക്കണം, നീയല്ലേ അവന്‍റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളത്?"
എന്‍റെ ചോദ്യം ന്യായമായിരുന്നു.
"തല ഇരിക്കുമ്പോ എങ്ങനാടാ വാലാടുന്നത്?" സുധീഷിന്‍റെ മറുചോദ്യം.
"അങ്ങനാണേല്‍ മനേഷ് കൊടുക്കട്ടേ" ഞാന്‍ വീണ്ടും വാദിച്ചു.
"അതെങ്ങനാടാ ശരിയാകുന്നത്? അവന്‍ പോകുന്നത് ബാംഗ്ലൂര്‍ക്ക് അല്ലേ, നീ വന്നതും ബാംഗ്ലൂരില്‍ നിന്ന്....അതായത് ബാംഗ്ലൂരും ബാംഗ്ലൂരും...മച്ചാ മച്ചാ...അപ്പോ നീയല്ലെ മനു കൊടുക്കേണ്ടത്?"
"അങ്ങനൊക്കെയുണ്ടോ?" എനിക്ക് ആകെ കണ്‍ഫ്യൂഷനായി.
"ഇന്നാള്‌ മനുവല്ലേ കമ്പനിയില്‍ നിന്ന് പോകുന്നവര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്?"
ചോദ്യം ടീമിലെ ഒരു പെണ്‍കുട്ടിയുടെ വകയാണ്.
ഇതിനു വേറൊരു മറുവശമുണ്ട്.കുറേ നാള്‍ മുമ്പേ ഓഫീസില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയാരുന്നു, അന്ന് അവള്‍ക്ക് ഗിഫ്റ്റ് കൊടുത്തത് അവളുടെ ടീമിലുള്ള മറ്റൊരു പെണ്‍കുട്ടിയാണ്.ഗിഫ്റ്റ് വാങ്ങിയ ശേഷം പോകുന്ന പെണ്‍കുട്ടി, ഗിഫ്റ്റ് കൊടുത്തവളുടെ കവിളിലൊരു മുത്തം കൊടുത്തു.ഇത് കണ്ട എന്‍റെ നിഷ്കളങ്ക മനസ്സ് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് [പാല്‌ പോലെ ശുദ്ധമായ ഉദ്ദേശത്തോടെ മാത്രം] ഒന്ന് പ്രഖ്യാപിച്ച് പോയി.അതാണ്‌ ഇപ്പോ കുരിശ് ആയിരിക്കുന്നത്.
എല്ലാവരും നിര്‍ബന്ധിക്കുന്നു...
മനു ഗിഫ്റ്റ് കൊടുക്കണ്മം.
അങ്ങനെ ഒടുവില്‍ ഞാന്‍ സമ്മതിച്ചു...
ഞാന്‍ ഗിഫ്റ്റ് കൊടുക്കാം!!!

കോണ്‍ഫ്രണ്‍സ്സ് റൂമില്‍ വച്ച് ടീമിന്‍റെ മൊത്തം സാന്നിദ്ധ്യത്തില്‍ ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം ഞാന്‍ കൈമാറി.അപ്പോഴാണ്‌ ഫോട്ടോ എടുത്തില്ലെന്ന് ആരോ ഓര്‍മ്മിപ്പിച്ചത്.അത് കേട്ടപാതി ആസ്ഥാന ഫോട്ടോഗ്രാഫര്‍ ജസ്റ്റിന്‍ അവതരിച്ചു.ഓര്‍മ്മ വന്നത് കിലുക്കത്തിലെ ജഗതിയെയാണ്...
"ഐയാം നിശ്ചല്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
വെല്‍ക്കം ടു ഊട്ടി, നൈസ് റ്റു മീറ്റ് യൂ."
ഒരിക്കല്‍ കൂടി ഗിഫ്റ്റ് കൈമാറി.
ക്ലിക്ക്!!!
ഫ്ലാഷടിച്ചു.
ആ സമ്മാനദാനം അങ്ങനെ കഴിഞ്ഞു.എല്ലാം നല്ലരീതിയില്‍ നടന്ന സന്തോഷത്തോടെ ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി.
എന്നാല്‍ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഇവിടെയായിരുന്നു...

പ്ലീസ്സ് കം.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോ സൊബാസ്റ്റ്യന്‍ സാറിന്‍റെ മെസ്സേജ്.
എന്ത് കുരിശെന്ന് ആലോചിച്ച് ഞാന്‍ ക്യാബിനിലേക്ക് ചെന്നു.വി.ഐ.പി അവിടെ ഇല്ല, എന്നെ കണ്ടതും മുഖത്ത് ഒരു ചിരി വരുത്തി സാര്‍ പറഞ്ഞു:
"സിജിലിനു ഗിഫ്റ്റ് കൊടുക്കേണ്ടേ, ടീമിനെ എല്ലാം കോണ്‍ഫ്രണ്‍സ് ഹാളിലോട്ട് വിളിക്ക്, നമുക്ക് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം"
അത് കേട്ടതും എനിക്ക് സപ്തനാഡികളും തളരുന്ന പോലെ തോന്നി.പത്ത് മിനിറ്റ് മുമ്പേ ഞാന്‍ ടീമിനെ സാക്ഷി നിര്‍ത്തി കൊടുത്ത ഗിഫ്റ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറാണെന്ന്.ഭൂമി രണ്ടായി പിളര്‍ന്ന് അങ്ങ് താഴേക്ക് പോണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.
എന്‍റെ അനങ്ങാപ്പാറ നയം കണ്ടാകണം, സൊബാസ്റ്റ്യന്‍ സാര്‍ വീണ്ടും പറഞ്ഞു:
"മനു പെട്ടന്നാട്ടേ, നമുക്ക് ഗിഫ്റ്റ് കൊടുക്കേണ്ടേ?"
അത് കൂടി കേട്ടതോടെ ഞാന്‍ അവിടെ നിന്നങ്ങ് ചത്തു, പിന്നെ മറുപടി പറഞ്ഞത് എന്‍റെ ശവമായിരുന്നു:
"ആ ഗിഫ്റ്റ് കൊടുത്തു സാര്‍"
"വാട്ട്???!!!!" സാര്‍ ചാടി എഴുന്നേറ്റു, എന്നിട്ട് ചോദിച്ചു:
"ആരാ കൊടുത്തത്?"
ഞാനായിരുന്നു സാര്‍, ആ ഭാഗ്യവാന്‍!!!
"എടോ ആരാ കൊടുത്തതെന്ന്?"
"ഞാനാണ്‌ സാര്‍"
"താനോ? താനെന്തിനാ കൊടുത്തത്?"
എനിക്ക് മറുപടിയില്ല.
"അങ്ങനെ കൊടുക്കുവാണേല്‍ തന്നെ സുധീഷല്ലെ കൊടുക്കേണ്ടത്?"
എന്ത് പറയാന്‍??
തലയിരിക്കുമ്പോ വാലാടില്ലന്ന് പറഞ്ഞാലോ??
വേണ്ട.
"പോട്ടേ, അറ്റ്ലീസ്റ്റ് മനേഷിനെ കൊണ്ടെങ്കിലും കൊടുപ്പിക്കേണ്ടേ?"
മനേഷിന്‍റെ ന്യായം തികട്ടി വന്നു...
ഞാന്‍ ബാംഗ്ലൂരീന്ന് വന്നു, അവന്‍ ബാംഗ്ലൂരിലേക്ക് പോണു, മച്ചാ..മച്ചാ...
സാമദ്രോഹി!!!

കുറേ നേരം നിശബ്ദത.
ഒടുവില്‍ സാര്‍ ചോദിച്ചു:
"ഇവിടിരുന്ന വി.ഐ.പി ആരാണെന്ന് അറിയാമോ?"
ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു.
"എടോ അതാണ്‌ സിജിലിനെ കോണ്‍ട്രാക്റ്റില്‍ വിട്ട കമ്പനിയുടെ എം.ഡി.അവനുള്ള ഗിഫ്റ്റ് അദ്ദേഹത്തെ കൊണ്ട് കൊടുപ്പിക്കാനായിരുന്നു എന്‍റെ പ്ലാന്‍.ഞാനതു പറഞ്ഞതും അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി"
"അതെന്തിനാണ്‌ സാര്‍?"
"എടോ ഫ്രഷ് ആകാന്‍, ഇപ്പോ അയാള്‍ വരും, എന്ത് മറുപടി പറയും?"
സാര്‍ ആകെ പരിഭ്രാന്തിയിലാണ്, ഞാന്‍ പതിയെ ചോദിച്ചു:
"കൊടുത്ത ഗിഫ്റ്റ് തിരിച്ച് വാങ്ങി ഒന്നൂടെ കൊടുത്താലോ സാര്‍?"
സാര്‍ മറുപടി പറയുന്നതിനു മുന്നേ വി.ഐ.പി അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:
"ഐയാം റെഡി"
ആ വാക്ക് ഒരു വെള്ളിടി പോലാ എന്‍റെ ചെവിയില്‍ കേട്ടത്.ദയനീയമായി സാറിനെ നോക്കിയപ്പോ അദ്ദേഹം പറഞ്ഞു:
"അറേഞ്ച് ദ മീറ്റിംഗ്"
ഓക്കേ സാര്‍.

നേരെ സിജിലിന്‍റെ  അടുത്ത് ചെന്നു.
"സിജിലേ, ആ ഗിഫ്റ്റ് ഒന്ന് തിരിച്ച് തരണം"
"എന്തിനാടാ?"
"നിനക്ക് സമ്മാനിക്കാനാ"
അവന്‍ അന്തം വിട്ട് തല ഉയര്‍ത്തിയപ്പോ ഞാന്‍ കാര്യം ചെവിയില്‍ വിശദീകരിച്ചു.അങ്ങനെ ഗിഫ്റ്റ് ശരിയായി.കോണ്‍ഫ്രണ്‍സ് ഹാളില്‍ വച്ച് കൈ മാറാനായി വി.ഐ.പിയെ ഏല്‍പ്പിച്ചപ്പോ അദ്ദേഹം അതിനെ അമ്പരന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് പഞ്ചവര്‍ണ്ണ കിളി!!
ഹോ...ഹോ...ഒരു കിളി പോയി.
സമ്മാനദാനം കെങ്കേമമായി നടന്നു.ജസ്റ്റിന്‍ പുറത്തേക്ക് പോയതിനാല്‍ അവന്‍റെ ക്യാമറയില്‍ മനേഷാണ്‌ ഫോട്ടോ എടുത്തത്.ഫോട്ടോ ഒന്ന് അയച്ച് തരണമെന്ന് പറഞ്ഞു കൊണ്ട് വി.ഐ.പി ബാഗ് കൈ മാറിയപ്പോള്‍ ടീമിലുള്ള ഒരു പെണ്‍കുട്ടി ആശ്ചര്യപ്പെട്ടു:
"ഹോ, മുമ്പേ കൊടുത്ത പോലത്തെ ഒരു ബാഗ്"
"ശരിയാ, അതാണെന്നേ തോന്നു" അടുത്തവളുടെ അഭിപ്രായം.
ഞാന്‍ സുധീഷിനോട് ചെവിയില്‍ ചോദിച്ചു:
"ഇവറ്റകളെന്താ പൊട്ടികളാണോ?"
കുറേ നേരം ആലോചിച്ചിട്ട് അവന്‍ മറുപടി നല്‍കി:
"രണ്ടും ഒരേ പോലത്തെ ബാഗ് ആയതു കൊണ്ടുള്ള സംശയമാ, നീ ക്ഷമിക്ക്"
ഹത് ശരി.
കടിച്ചതിനെക്കാള്‍ വലുതാ പൊനത്തിലുള്ളത്.
അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.

വി.ഐ.പി തിരികെ പോകാന്‍ സമയമായി.
അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടേണ്ട ചുമതല എനിക്കാണ്.അങ്ങനെ ഞാനും വി.ഐ.പിയും സൊബാസ്റ്റ്യന്‍ സാറും സാറിന്‍റെ ക്യാബിനില്‍ ഇരിക്കുമ്പോ ജസ്റ്റിന്‍ അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:
"സാര്‍ ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ അയക്കാന്‍ മനേഷ് പറഞ്ഞാരുന്നു, അത് അയച്ചിട്ടുണ്ട്"
ആകാംക്ഷയോടെ മെയില്‍ തുറന്ന സൊബാസ്റ്റ്യന്‍ സാറും ഞാനും ആ ഫോട്ടോ കണ്ട് ഞെട്ടി...
അത് ഞാന്‍ സിജിലിനു ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ ആയിരുന്നു!!!
"യ്യോ!!!!"
വി.ഐ.പിയുടെ കണ്ണ്‌ തള്ളി.
"ഇത് സിജിലല്ലേ?" വി.ഐ.പിയുടെ ചോദ്യം.
"അതേ സാര്‍"
"അത് താനല്ലേ?"
"അതേ സാര്‍"
"അപ്പോ ഞാനെന്തിയേ?"
നല്ല നയണ്‍ വണ്‍ സിക്സ്സ് മാര്‍ക്ക് ക്വസ്റ്റ്യന്‍!!
ആകാംക്ഷയോടെ അദ്ദേഹം വീണ്ടും ചോദിച്ചു:
"എടോ ഞാനെവിടാ?"
നിഷ്കളങ്കമായി മറുപടി നല്‍കി:
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"
അദ്ദേഹം കുറേ നേരം തല ചൊറിഞ്ഞു, എന്നിട്ട് സൊബാസ്റ്റ്യന്‍ സാറിനോട് ചോദിച്ചു:
"ഇതാര്?"
"ലവന്‍"
"ലതാര്?"
"ഇവന്‍"
"അപ്പോ ഞാനെന്തിയേ?"
എന്നെ ഒന്ന് നോക്കിയട്ട് സാര്‍ ചോദിച്ചു:
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"
വി.ഐ.പി കൈയ്യെടുത്ത് സ്വന്തം തലയില്‍ രണ്ട് പ്രാവശ്യമടിച്ചു.ഇത് കണ്ട് ജസ്റ്റിന്‍ രഹസ്യമായി ചോദിച്ചു:
"മൂപ്പര്‍ക്ക് വട്ടാണോ?"
"മിണ്ടരുത്" ഞാന്‍ നിര്‍ദ്ദേശിച്ചു.

വി.ഐ.പിയുടെ ചോദ്യം ജസ്റ്റിനോടായി:
"ഗിഫ്റ്റ് കൊടുത്തത് ആരാ?"
ജസ്റ്റിന്‍ എന്‍റെ നേരെ ചൂണ്ടി:
"ഇവനല്ലേ?"
അത് കേട്ടതും വി.ഐ.പി ചൂടായി:
"അതെങ്ങനാ, അത് ഞാനല്ലേ?"
ഇപ്പോ ജസ്റ്റിന്‍ തല ചൊറിഞ്ഞ് തുടങ്ങി, ചിലമ്പിച്ച സ്വരത്തില്‍ അവന്‍ ചോദിച്ചു:
"എന്തോന്നാടേ?"
"നീ വാ പറയാം"
അവനെയും കൂട്ടി പുറത്തിറങ്ങി.സത്യം ബോധിപ്പിച്ചപ്പോ അവന്‍ പറഞ്ഞു:
"ഹോ വല്ലാത്ത ചതി തന്നെ, അങ്ങേര്‌ സത്യമറിഞ്ഞാ എന്താകും സ്ഥിതി?"
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം തിരികെ ക്യാബിനിലേക്ക് കയറി..

ക്യാബിനില്‍ ഒരു മൂകനാടകത്തിന്‍റെ പ്രതീതി.
സൊബാസ്റ്റ്യന്‍ സാര്‍ സത്യമെല്ലാം ബോധിപ്പിച്ചെന്നാ തോന്നുന്നത്, വി.ഐ.പി എന്നെ രൂക്ഷമായി നോക്കുന്നു.ഞാന്‍ തല കുനിച്ച് അവിടെ നിന്നു...
"മനു സാറിനെ ഒന്ന് ഡ്രോപ്പ് ചെയ്യ്"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വാക്കുകള്‍ തീ കോരി ഇടുന്ന പോലെ തോന്നി.റെയില്‍വേ സ്റ്റേഷന്‍ വരെ ഇയാടെ കൂടെ എങ്ങനെ പോകും?
എന്തായാലും പോയല്ലേ പറ്റു.
യാത്ര ആരംഭിച്ചു...
വഴിയിലെല്ലാം വി.ഐ.പി മിണ്ടിയില്ല.ചെറിയ കുറ്റബോധത്തോടെയും ടെന്‍ഷനോടെയും ഞാന്‍ വണ്ടി ഓടിച്ചു.
ശ്ശോ, ഒന്നും വേണ്ടായിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ഒരു കുറ്റവാളിയെ പോലെ ഞാന്‍ തല കുനിച്ചിരുന്നു.വണ്ടിയില്‍ നിന്ന് ഇറങ്ങിയ വി.ഐ.പി കുറേ നേരം എന്തോ ആലോചിച്ചിരുന്നു, എന്നിട്ട് ചോദിച്ചു:
"ഗിഫ്റ്റ് കൊടുത്തത് ഞാന്‍, പക്ഷേ ഫോട്ടോയില്‍ വന്നപ്പോ താന്‍, അത്ഭുതം തന്നെ അല്ലേ?"
ങ്ങേ!!!
ഈ പൊട്ടനു ഇപ്പോഴും കാര്യം മനസിലായില്ലേ??
എന്‍റെ മനസ്സിലൊരു കുളിര്‍ മഴ പെയ്തു!!!
"മനുവിനു എന്ത് തോന്നുന്നു?"
വി.ഐ.പിയുടെ ചോദ്യം, ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്‍കി:
"കര്‍ത്താവിന്‍റെ അത്ഭുത പ്രവര്‍ത്തി ആകാനാ സാര്‍ ചാന്‍സ്"
അദ്ദേഹം തല കുലുക്കിയപ്പോ ഞാന്‍ വണ്ടി മുന്നോട്ട് എടുത്തു.കുറേ ദൂരം മുന്നോട്ട് പോയിട്ട് കണ്ണാടിയിലൂടെ അദ്ദേഹത്തെ ഞാന്‍ നോക്കി...
അങ്ങേര്‌  അവിടെ തന്നെ നില്‍ക്കുകയായിരുന്നു...
അയാളുടെ കണ്ണുകളില്‍ അപ്പോഴും ആ സംശയം ബാക്കി ഉണ്ടായിരുന്നു...
ശ്ശെടാ, എന്നാലും....ഇതെങ്ങനെ സംഭവിച്ചു??

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com