For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഒരു അഭിമുഖം



(ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗില്‍ 2009 ആഗസ്റ്റ് 26 നു പ്രസിദ്ധീകരിച്ചത്)

മലയാള ബ്ലോഗിലെ യുവ തലമുറയുടെ പ്രതീക്ഷയാണ് ശ്രീ അരുണ്‍ കായംകുളം. ഇദ്ദേഹത്തിന്റെ കഥകള്‍ക്ക് ഇന്ന് ഒരുപാടു വായനക്കാരുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കായം കുളം സൂപ്പര്‍ഫാസ്റ്റിലൂടെ ഈ മിടുക്കനു കഴിയുന്നു. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.

1.എങ്ങിനെയാണ് ബ്ലോഗില് വന്നത്?
അരവിന്ദേട്ടന്‍റെ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് ആവേശം കേറി കാണിച്ച ഒരു സാഹസമാ കായംകുളം സൂപ്പര്‍ഫാസ്റ്റ്.എന്‍റെ ഈ വരവ് മുന്‍കൂട്ടി കണ്ട്, ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:
“അവന്‍ വരും, ഇല്ലെങ്കില്‍ ചാത്തന്‍മാര്‍ അവനെ വരുത്തും”
ഇത് ചുമ്മാതാ.
ചാത്തനും മറുതയും ഒന്നുമല്ല, സാക്ഷാല്‍ ഈശ്വരന്‍മാരാ എന്നെ ബ്ലോഗില്‍ എത്തിച്ചത്.

2.കായംകുളം സൂപ്പര്ഫാസ്റ്റെന്ന പേര് ബ്ലോഗിനിടാന് കാരണം?
അത് കരുതി കൂട്ടി ഇട്ട പേരാ, സത്യം.ഗൂഗിളില്‍ ഈ പേരു വച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ബ്ലോഗിലേക്ക് ലിങ്ക് പോകണം എന്ന് കരുതിയാണ്‌ ഇങ്ങനെ ഒരു നാമകരണം ചെയ്തത്.

3.വളരെയധികം ആലോചിച്ചതിനുശേഷമാണോ ഓരോ പോസ്റ്റും എഴുതാറ്?
ഒരിക്കലുമല്ല.ഒരേ ഒരു പോസ്റ്റേ ഞാന്‍ ആലോചിച്ച് എഴുതി ഉണ്ടാക്കിയുള്ളൂ.അത് ‘ആ ദിവ്യദിനത്തില്‍ ഒരു പാട്ടിന്‍റെ സ്മരണ’ എന്ന പോസ്റ്റാ.ബാക്കിയെല്ലാം ദൈവാധീനം കൊണ്ട് തനിയെ എഴുതി പോയതാ.

4.ഇത്രയധികം വായനക്കാരുള്ളതിനാല് പുതിയ പോസ്റ്റുകളെഴുതുമ്പോള് ടെന്ഷന് അനുഭവപ്പെടാറുണ്ടോ?
എഴുതുമ്പോള്‍ ടെന്‍ഷനില്ല.പക്ഷേ എഴുതി കഴിഞ്ഞ്, വൈഫ് ഒരു അഭിപ്രായം പറയുന്ന വരെയുള്ള സമയം ചെറിയ ടെന്‍ഷനാ.

5.ബ്ലോഗെഴുത്തുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷം നല്കിയ അനുഭവം?
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പുല്ലുകുളങ്ങരയിലുള്ള ഒരു സേവ്യര്‍ അച്ചായന്‍റെ വീട്ടില്‍ പോയി.അങ്ങേരൊരു നല്ല മനുഷ്യനാ, ആരേ കണ്ടാലും സ്വന്തം മകനായ തോമസുകുട്ടിക്ക് ഗള്‍ഫില്‍ എണ്ണകിണറുണ്ടെന്നും, അവന്‍ അവിടെ പെട്രോള്‍ കോരിയാ കുളിക്കുന്നതെന്നും പറയുന്ന സ്വഭാവം.
വേളാങ്കണ്ണിക്ക് പോകാന്‍ കായംകുളത്ത് നിന്നും ബസ്സ് വല്ലതും ഉണ്ടോന്ന് അറിയാന്‍, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന് ടൈപ്പ് ചെയ്തിട്ട് അച്ചായന്‍ ഗൂഗിളീല്‍ സെര്‍ച്ച് ചെയ്തു.ആദ്യം വന്ന ലിങ്ക് എന്‍റെ ബ്ലോഗിന്‍റെ ആയിരുന്നു.ബസ്സിന്‍റെ സമയം അറിയാന്‍ അത് ഓപ്പണ്‍ ചെയ്ത അതിയാന്‍,സ്ക്രീനില്‍ തെളിഞ്ഞ് വരുന്നത് ഒരു മലയാളം ബ്ലോഗാണെന്ന് മനസിലായപ്പോള്‍, വെളിയില്‍ പറയാന്‍ കൊള്ളാത്ത ചില വാക്കുകളുടെ അകമ്പടിയോട് കൂടി ‘ഏത് പുന്നാരമോനാടാ ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കിയതെന്ന് ചോദിക്കുകയും’, അതിനു ശേഷം സൈഡില്‍ സര്‍വ്വേക്കല്ലില്‍ കുമ്മായം പൂശിയ പോലത്തെ എന്‍റെ മുഖം കണ്ട് ഞെട്ടുകയും ചെയ്തു.ഞാനും സേവ്യര്‍ അച്ചായന്‍റെ കുടുംബവും ഒരേ പോലെ മരവിച്ച് നിന്ന ആ സാഹചര്യത്തില്‍, മുഖത്തെ ചമ്മലിനെ ഒരു വളിച്ച ചിരി കൊണ്ട് മറച്ച് അച്ചായന്‍ എന്നോട് ചോദിച്ചു:
“മോനെ നിന്‍റെ അച്ഛനു സുഖമല്ലേ?”
എന്താണെന്ന് അറിയില്ല, ആ ചോദ്യം കേട്ടതും എനിക്ക് അങ്ങ് സന്തോഷമായി.

6.വലിയ ഭക്തനാണെന്നു മനസ്സിലായി. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
ജനിച്ചത് കാവും കുളവുമുള്ള ഒരു കുടുംബത്തിലാ, വളര്‍ന്നത് കരിമുട്ടത്തമ്മയുടെ കണ്‍മുന്നിലാ, ജീവിക്കുന്നത് ഈശ്വരന്‍മാരുടെ കാരുണ്യത്തിലാ, ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.

7.കര്ക്കിടരാമായണം എഴുതിയപ്പോള് വൃതാനുഷ്ടാനം നടത്തിയിരുന്നുവോ?
കഴിഞ്ഞ നാലു വര്‍ഷങ്ങളായി അദ്ധ്യാത്മ രാമായണം ഞാന്‍ ദിവസവും പാരായണം ചെയ്യാറുണ്ട്.അതു മാത്രമല്ല കര്‍ക്കടക മാസത്തില്‍ പൂര്‍ണ്ണ വ്രതത്തോടെ രാമായണം മുഴുവന്‍ വായിക്കാറുമുണ്ട്.അല്ലാതെ ഇത് എഴുതുന്നതിനു വേണ്ടി വ്രതമെടുത്തിട്ടില്ല.ശരിക്കും പറഞ്ഞാല്‍ വ്രതത്തോടൊപ്പം എഴുതി എന്നതാണ്‌ ശരി.

8. രചനകളേതെങ്കിലും ഉടന് പുസ്തക രൂപത്തിലാകുന്നുണ്ടോ?
‘അഡോള്‍ഫ് ഹിറ്റലറിന്‍റെ ആമാശയ രോഗം’ എന്ന പേരില്‍ ഒരു നോവല്‍ എഴുതി ഒരു പ്രസാധകനെ കാണിച്ചു.അടിമുടി ആക്ഷന്‍ ത്രില്ലറാണെന്ന് പറഞ്ഞു ഞാന്‍ കൊടുത്ത ആ നോവലിലെ ആദ്യത്തെ പാരഗ്രാഫ് വായിച്ചിട്ട് പെട്ടന്നുണ്ടായ ത്രില്ലില്‍ അയാള്‍ ആക്ഷന്‍ തുടങ്ങി.നാലഞ്ച് അടി ഞാന്‍ കൊണ്ടു, പിന്നെ ജീവനും കൊണ്ട് ഓടി.അതില്‍ പിന്നെ രചനകള്‍ പുസ്തകരൂപത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഭയമാ.ഞാന്‍ ശ്രമിക്കുന്നില്ലെങ്കിലും, ചില സുഹൃത്തുക്കള്‍ ഇതിനായി ശ്രമിക്കാം എന്ന് പറയുന്നുണ്ട്

9.ഏറ്റവും ഇഷ്ടമുള്ള ബ്ലോഗറന്മാര് ആരൊക്കെ?
ഇഷ്ടമുള്ള ബ്ലോഗര്‍മാര്‍ എന്ന ചോദ്യത്തിനു, എല്ലാ ബ്ലോഗര്‍മാരെയും ഇഷ്ടമാണന്നെ പറയാന്‍ കഴിയു.ഇനി ഇഷ്ടമുള്ള ബ്ലോഗുകള്‍ എന്നാ ചോദ്യമെങ്കില്‍, അത് കുറേ ഉണ്ട്.പിന്നെ ഏറ്റവും ഇഷ്ടമുള്ള ഒരു ബ്ലോഗ് പറയാന്‍ പറഞ്ഞാല്‍, അത് അരവിന്ദേട്ടന്‍റെ ‘മൊത്തം ചില്ലറ’ എന്ന ബ്ലോഗാ.

10.ബ്ലോഗില് കമന്റിടുന്നവര്ക്ക് തിരിച്ചും കമന്റാറുണ്ടോ?
കമന്‍റ്‌ കിട്ടുന്ന കാര്യത്തില്‍ എനിക്ക് ശരിക്കും ദൈവാധീനമുണ്ട്.എന്‍റെ ആദ്യ പോസ്റ്റ് മുതല്‍ എല്ലാത്തിലും, എല്ലാവരും സ്നേഹത്തോടെ വന്ന് കമന്‍റ്‌ ഇടാറുണ്ട്.സത്യം പറഞ്ഞാല്‍ ഞാനത് ആഗ്രഹിക്കുന്നുമുണ്ട്.ഈ കമന്‍റുകളാണ്‌ എനിക്ക് അടുത്ത രചനക്കുള്ള പ്രചോദനം.
ഉദാഹരണത്തിനു ‘താഴത്തൊടി മഠത്തില്‍ ഭൈരവന്‍’ എന്ന പോസ്റ്റില്‍ അനിത എന്നൊരു ബ്ലോഗര്‍ ഇട്ട കമന്‍റ്‌ നോക്കു..
“ചിരി ആരോഗ്യതിനുത്തമം. കായം കുളം സൂപ്പര്‍ ഫാസ്റ്റിലെ യാത്ര ചിരിക്കുതമം. അപ്പോള്‍ കായം കുളം സൂപ്പര്‍ഫാസ്റ്റ്‌ ആരോഗ്യതിനുതമം. ഗണിത ശാസ്ത്രം വിജയിക്കട്ടെ”
ഇതാണ്‌ ‘സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം’ എന്നൊരു പോസ്റ്റ് എഴുതാന്‍ എന്നെ സഹായിച്ചത്.ഐഡിയ കിട്ടിയപ്പോള്‍ തന്നെ അനിതക്ക് ഞാന്‍ മറുപടിയും ഇട്ടു..
“അനിത:ഈ ഗണിത ശാസ്ത്രം ഞാനൊരു വിഷയമാക്കും, അടുത്ത പോസ്റ്റില്‍:)”
അപ്പോള്‍ പറഞ്ഞ് വന്നത്, എല്ലാവര്‍ക്കും കമന്‍റിനോടുള്ള ആഗ്രഹം കാണില്ലേ? പ്രോത്സാഹിപ്പിക്കേണ്ടത് എന്‍റെയും കടമയല്ലേ?അതിനാല്‍ മതം, രാഷ്ട്രീയം, വിവാദം എന്നിവ ഒഴിവാക്കി, മറ്റെല്ലാ പോസ്റ്റുകള്‍ക്കും ഞാന്‍ ഉറപ്പായി കമന്‍റിടും.

11.ഇത്രയുമധികം ബന്ധങ്ങള് നിലനിര്ത്താന് എങ്ങിനെ കഴിയുന്നു?
അറിയില്ല, അതും ദൈവാധീനമാകാം.

12. ഒരു ദിവസം ശരാശരി എത്ര സമയം ബ്ലോഗിനു വേണ്ടി ചെലവിടും?
ഈ ചോദ്യം എന്നോടാണെങ്കില്‍ ഞാന്‍ രണ്ട് മണിക്കൂര്‍ എന്നും, എന്‍റെ ഭാര്യയോടാണെങ്കില്‍ അവള്‍ ഇരുപത്തിനാല്‌ മണിക്കൂര്‍ എന്നും മറുപടി പറയും.

13. ജീവിതത്തില് ഏറ്റവും കടപ്പാട് ആരോട്?
ഈശ്വരന്‍മാരോടും, പിന്നെ എന്‍റെ അച്ഛനോടും അമ്മയോടും.

14.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം?
ഞാന്‍ കായംകുളംകാരനാണെന്ന് ഒരാളോട് പറയുമ്പോള്‍, കരിമുട്ടം ദേവിക്ഷേത്രത്തെ കുറിച്ച് അയാള്‍ തിരിച്ച് ചോദിക്കുന്ന രീതിയില്‍ അമ്മയുടെ കീര്‍ത്തി ലോകം മുഴുവന്‍ അറിയപ്പെടണം.

15. വായനക്കാര്ക്കായി എന്തു സന്ദേശമാണ് നല്കുവാനുള്ളത്?
നിങ്ങള്‍ക്ക് വിരോധമില്ലങ്കില്‍, ഇഷ്ടപ്പെടുന്ന പോസ്റ്റുകളില്‍ ഒരു സ്മൈലി എങ്കിലും കമന്‍റായി ഇടുക.നല്ലതായാലും ചീത്തയായാലും തന്‍റെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ള അറിവ്, ഏത് എഴുത്തുകാരനെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.ആ സന്തോഷത്തിനു ഒരു കാരണമാകുക എന്നത് ഒരു നല്ല കാര്യമായാണ്‌ എനിക്ക് തോന്നുന്നത്.ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കാനല്ലാതെ ഒരു സന്ദേശം നല്‍കുവാന്‍ ഞാന്‍ ആളല്ല.
എല്ലാവര്‍ക്കും ഓണാശംസകള്‍!!

മറക്കരുത് ഈയൊരു നാള്‍




ഇതൊരു കഥയാണ്..
ഈ കഥ മനുവിന്‍റെ കഥയാണ്‌ !!!
എന്നാല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ നിങ്ങള്‍ എപ്പോഴും കാണുന്ന മനുവിന്‍റെ കഥയല്ല, ഇതിലെ മനു മറ്റൊരു മനുവാണ്.
കഥ തുടങ്ങുന്നു...

ഡല്‍ഹിയിലെ ഒരു വൈകുന്നേര വേള.
ആഭ ആകെ അസ്വസ്ഥതയാണ്, സമയം നീണ്ട് പോകുന്നു.അവള്‍ സംശയഭാവത്തില്‍ മനുവിനെ നോക്കി.മനുവിനും എന്ത് അവളോട് പറയേണമെന്ന് അറിയില്ല, ഇപ്പോ തന്നെ മണി അഞ്ച് ആകുന്നു, എപ്പോഴും സമയ നിഷ്ഠയില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹം എന്തേ ഇന്നിങ്ങനെ?
അന്ന് രാവിലെ കൂടി ഉറക്കം ഉണരാന്‍ താമസിച്ച ആഭയെ അദ്ദേഹം സ്നേഹത്തിന്‍റെ പുറത്ത് ശാസിച്ചത് മനുവിന്‍റെ മനസില്‍ മുഴങ്ങുന്നുണ്ട്...
"ആഭേ, ഇത്തരം പ്രവൃത്തി ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ ദൈവം എന്നെ അധികകാലം അനുവദിക്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"
തനിക്ക് പ്രിയപ്പെട്ട ആഭയോട് പോലും സമയ നിഷ്ഠയെ കുറിച്ച് ശാസിച്ച് സംസാരിച്ച അദ്ദേഹം ഇപ്പോ സമയത്തെ കുറിച്ച് ആലോചിക്കുന്നേ ഇല്ല?
എന്തേ??
ഒരു പക്ഷേ ഇപ്പോ നടക്കുന്ന ചര്‍ച്ച അത്രയ്ക്ക് ഗൌരവം ഏറിയതാകാം!!
മനു സ്വയം സമാധാനിച്ചു.

അതേ സമയത്ത് മനു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെയുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ ചൂളം വിളിച്ച് പുറപ്പെട്ടു.ആ വാഹനം പോയതിന്‍റെ കോലാഹലം കഴിഞ്ഞപ്പോള്‍ ആറാം നമ്പര്‍ വിശ്രമ മുറിയിലിരുന്ന് വിഷ്ണു തന്‍റെ കൈയ്യിലിരുന്ന സാധനം അടുത്തിരുന്ന സുഹൃത്തിനു നീട്ടി കൊണ്ട് പറഞ്ഞു:
"മുപ്പത്തിയഞ്ച് അടി, അത് മാത്രം ഓര്‍ത്താല്‍ മതി, അത്രേം ദൂരമേ ആകാവു"
വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട് സംശയഭാവത്തില്‍ ആ സാധനത്തിലേക്ക് നോക്കുന്ന യുവാവിനു വിഷ്ണുവിന്‍റെ സമീപത്ത് ഇരുന്ന നാരായണന്‍ ധൈര്യം കൊടുത്തു:
"പേടിക്കേണ്ടാ വിനു, ഇറ്റാലിയനാണ്"
വിനു ഒരു ചെറു ചിരിയോടെ ആ സാധനം കൈയ്യില്‍ വാങ്ങി, പുതിയൊരു കളിപ്പാട്ടം കൈയ്യില്‍ കിട്ടിയ കുട്ടിയെ പോലെ കൌതുകത്തോടെ അതിലേക്ക് നോക്കി.
ആ കൌതുകത്തിനു ഒരു അര്‍ത്ഥം ഉണ്ടായിരുന്നു, ഒരു ലക്ഷ്യം ഉണ്ടായിരുന്നു!!

ഇപ്പോ സമയം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടി ആയിരിക്കുന്നു..
മനു ആകെ അസ്വസ്ഥതയിലാണ്, അന്നേ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി മനുവിന്‍റെ മനസില്‍ തെളിഞ്ഞു വന്നു, എന്നത്തേയും പോലെ തന്‍റെ ഗുരുനാഥന്‍റെ മുന്നിലിരുന്ന് അദ്ദേഹത്തിനു പ്രിയപ്പെട്ട പ്രാര്‍ത്ഥനാ ശ്ലോകം ചൊല്ലിയത് മുതലുള്ള സംഭവങ്ങള്‍..
കൂടെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നതിന്‍റെ ദുസൂചനയായ കാര്യങ്ങളും...

അന്നേ ദിവസം.
പുലര്‍ച്ചേ 3.30
ഡല്‍ഹി അപ്പോഴും അന്ധകാരത്തിലായിരുന്നു..
എങ്കിലും ഗുരുനാഥനു മുന്നിലിരുന്ന് മനു ശ്രദ്ധയോടെ ആ ശ്ലോകം വായിച്ചു..

"അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും
ഹേ മനുഷ്യാ, നീ കളങ്കരഹിതനായിരിക്കുക
ഒരു കൈ മാത്രമാണെങ്കിലും നിര്‍ത്തരുത്, നിന്‍റെ പോരാട്ടം
വീണ്ടും തുടരുക കളങ്കലേശമന്യേ"

അത് കേട്ടതും ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു, അതേ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ അദ്ദേഹം തയ്യാറായി കഴിഞ്ഞു.പ്രായം എഴുപത്തിയെട്ടിനു മേലെ ആയെങ്കിലും അതിന്‍റെ ക്ഷീണം ലവലേശമില്ലാതെ അദ്ദേഹം പതിയെ എഴുന്നേറ്റു.

സമയം പുലര്‍ച്ചെ അഞ്ചര.
ഡല്‍ഹി ഉണരുന്നതേയുള്ളു, എന്നാല്‍ ഇപ്പോള്‍ ഗുരു മയക്കത്തിലാണ്.അദ്ദേഹത്തിന്‍റെ സമീപത്ത് തന്നെ പുതുക്കിയ രേഖകള്‍ ഇരിക്കുന്നു, എല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.രാവിലെ നാലേ മുക്കാല്‍ മുതല്‍ കരടു രേഖയിലെ തെറ്റ് തിരുത്തിയിരുന്ന ഇടക്ക് എപ്പോഴോ പതിവു പോലെ ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിച്ച ശേഷം വീണ്ടും ഗുരു ജോലി തുടര്‍ന്നത് മനുവിനു ഓര്‍മ്മയുണ്ട്, പിന്നെ ഏപ്പോഴോ ക്ഷീണം കാരണം മയങ്ങിയതാവാം.

"മനു സമയമേറെയായി"
ആഭിയുടെ വാക്കുകളാണ്‌ മനുവിനെ സ്വപ്നത്തില്‍ നിന്ന് ഉയര്‍ത്തിയത്.
വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ച് പത്ത്!!
കാത്തിയാവാഡയില്‍ നിന്ന് വന്ന് ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന രണ്ട് പേരെ നോക്കി മനു പറഞ്ഞു:
"നിങ്ങളുടെ കാര്യം ഞാന്‍ അദ്ദേഹത്തോടെ സംസാരിച്ചു, ഇപ്പോ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്, ശരിക്കും അഞ്ച് മണിക്ക് തുടങ്ങേണ്ടതാ, അതിനു ശേഷം കാണാമെന്ന് പറഞ്ഞിട്ടുണ്ട്"
"സത്യമാണോ?"
"സത്യം, അദ്ദേഹം ജീവിച്ചിരുന്നാല്‍ കാണുമെന്ന് ഉറപ്പ് നല്‍കിയുട്ടുണ്ട് പോരെ?"
"മതി, അത് മതി"
അവരുടെ മുഖത്തെ സന്തോഷം കണ്ടോണ്ട് മനു പതിയെ ഗുരുനാഥനെ സമീപിച്ചു.അദ്ദേഹം ചര്‍ച്ചക്കിടയില്‍ തല ഉയര്‍ത്തി മനുവിനെ നോക്കി, മനു ഒന്നും മിണ്ടാതെ വാച്ച് ഉയര്‍ത്തി കാണിച്ചു.സമയത്തെ കുറിച്ച് ബോധവാനായ അദ്ദേഹം ചര്‍ച്ച നിര്‍ത്തി പതിയെ എഴുന്നേറ്റു, യോഗത്തില്‍ പോകാന്‍ തുടങ്ങുന്നതിനു മുന്നേ ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ദ്ദാറിനോട് ഒരു കാര്യം കൂടി ഉണര്‍ത്തിച്ചു:
"രണ്ട് പേരും കഴിവതും രമ്യമായി പോകണമെന്നാണ്‌ എന്‍റെ ആഗ്രഹം"
അത് കേട്ടിരുന്നയാള്‍ പതിയെ തലയാട്ടി, അപ്പോള്‍ കുറെ അകലെ മാറി വിഷ്ണുവും നാരായണനും നല്ല ടെന്‍ഷനിലായിരുന്നു, ദൌത്യം എന്താകും എന്ന് അറിയാത്ത ടെന്‍ഷനില്‍.

സേവാഗ്രാമത്തിന്‍റെ കാര്യത്തിലെ തീരുമാനം ഇന്ന് അറിയാമെന്ന് മനുവിനു ഉറപ്പായിരുന്നു.കാരണം രാവിലത്തെ മയക്കത്തിനു ശേഷം കര്‍മ്മ നിരതനായ ഗുരുവിനോട് മനു ഒന്നേ ചോദിച്ചുള്ളു:
"ഫെബ്രുവരി രണ്ടിനു തന്നെ പോകേണ്ടി വരുമോ?"
"കിഷോര്‍ലാലിനോട് ചെല്ലാമെന്ന് കത്ത് എഴുതിയിട്ടുണ്ട്, പിന്നെ ഭാവിയല്ലേ, ആര്‍ക്കറിയാം"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"എന്തായാലും ഇന്ന് വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗത്തിനു ശേഷം തീരുമാനിക്കാം"
അങ്ങനെ പറഞ്ഞതിനു ശേഷം വിവിധ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു പത്തര ആയതോടെ അദ്ദേഹം വിശ്രമിക്കാന്‍ കയറി.ഉച്ചക്ക് എഴുന്നേറ്റ അദ്ദേഹം പതിവില്ലാതെ ആരേയും സഹായത്തിനു വിളിക്കാതെ ബാത്ത് റൂമില്‍ പോയി..
മനുവിനു അത് അത്ഭുതമായിരുന്നു!!!
മനുവിന്‍റെ അത്ഭുതത്തിനു മറുപടിയായി ഗുരു പാടിയത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ രണ്ട് വരികളായിരുന്നു...

""ഏകനായ് നടക്കുക,
നടക്കുക ഏകനായ്..."

അന്നേരം ആ കവിത കേട്ട് ചിരിച്ച മനു പിന്നെ കാണുന്നത് വിവിധ ചര്‍ച്ചകളുടെ തിരക്കിലേക്ക് പോയ ഗുരുവിനെയാണ്, ഇപ്പോള്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനായോഗത്തിനു പോകാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു...
മനുവിനോട് ഒപ്പം യോഗസ്ഥലത്തേക്ക് നടന്ന് ഗുരുവിനെ വഴിയില്‍ കാത്ത് നിന്ന വിനു അഭിവാദ്യം ചെയ്തു:
"നമസ്തേ"
ഗുരുനാഥന്‍ തിരികെ കൈ കൂപ്പി.
അനുഗ്രഹം വാങ്ങാനായി വിനു കുനിഞ്ഞപ്പോള്‍ മനു അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു:
"സഹോദരാ, ഇപ്പോ തന്നെ വൈകിയിരിക്കുന്നു, ദയവായി അത് മനസിലാക്കുക"
മനു പറഞ്ഞത് ശരിയായിരുന്നു, അപ്പോള്‍ തന്നെ സമയം അഞ്ച് പതിനാറ്‌ ആയിരിക്കുന്നു!!
അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ വിനു, തന്‍റെ കൈയ്യില്‍ ഒളിപ്പിച്ച് വച്ച പിസ്റ്റള്‍ ആ ഗുരുനാഥന്‍റെ നെഞ്ചിലേക്ക് ചൂണ്ടി...
മുപ്പത്തിയഞ്ച് അടി ദൂരെ നിന്ന് വെടിയുതിര്‍ക്കാവുന്ന ഏഴ് അറകളുള്ള ഓട്ടോമാറ്റിക്ക് പിസ്റ്റള്‍...
ആന്‍ ഇറ്റാലിയന്‍ മെയ്ഡ് ബ്ലാക്ക് ബെരേറ്റ പിസ്റ്റള്‍!!!!
അപകടം മനസിലാക്കിയ ഗുരുനാഥന്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി..
അതൊരു നിമിഷമായിരുന്നു...
ചരിത്രത്തിന്‍റെ ഇടത്താളുകളിലെന്നും ഭാരതത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷം...
വിഷ്ണു കര്‍ക്കറെയുടെയും, നാരായണന്‍ ആംതേയുടെയും ധൈര്യത്തില്‍ പുറപ്പെട്ട, വിനു എന്ന നാഥുറാം വിനായക് ഗോഡ്സേയും, സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനോട്, ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റണമെന്ന് പറഞ്ഞതിനു ശേഷം പ്രാര്‍ത്ഥനാ യോഗത്തിനു പുറപ്പെട്ട സാക്ഷാല്‍ മഹാത്മാഗാന്ധി എന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയും നേര്‍ക്ക് നേരെ നോക്കിയ നിമിഷം...
ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!

ഠോ...ഠോ...ഠോ...
മൂന്ന് വെടി!!!

മൂന്ന് വെടിയാണ്‌ ആ മറ്റേടത്തെ മോന്‍ നമ്മുടെ പ്രിയ രാഷ്ട്രപിതാവിന്‍റെ നെഞ്ചിലും വയറിലുമായി വച്ചത്.കുഴഞ്ഞ് വീണപ്പോഴും ആ കര്‍മ്മയോഗി ധീരമായ ശബ്ദത്തില്‍ പറഞ്ഞു:
"ഹേ റാം, ഹേ റാം.."
തുടര്‍ന്ന് മഹാത്മാവിന്‍റെ ദേഹം നിശ്ചലമായി!!!
മനുവിന്‍റെയും ആഭയുടെയും മടിയില്‍ കിടന്ന് അദ്ദേഹം മരിച്ചത്, 1948 ജനുവരി 30നു വൈകിട്ട് 5.17നു ആയിരുന്നു.
പോര്‍ബന്തറില്‍ തുടങ്ങി രാജ്കോട്ട്, ഡര്‍ബന്‍, പീറ്റേഴ്സ് ബര്‍ഗ്ഗ്, ജോഹന്നസ് ബര്‍ഗ് എന്നിവിടങ്ങള്‍ താണ്ടി ചമ്പാരനിലും സബര്‍മതിയിലും തങ്ങി, യെര്‍വാദയില്‍ തടവറയില്‍ കിടന്ന്, ദണ്ഡിയിലെ ഉപ്പ് കുറുക്കി, സേവാഗ്രാമിലും നൌഖയിലും സാന്തനം പകര്‍ന്ന്, കല്‍ക്കട്ടയില്‍ വിഭജനത്തിന്‍റെ മുറിവുണക്കി ഡല്‍ഹിയില്‍ അവസാനിച്ച ഒരു മഹത് യാത്രയുടെ അന്ത്യമായിരുന്നു അത്.

എന്നാല്‍ ആ യാത്ര അവസാനിക്കുന്നില്ല...
ഒരോ ഭാരതീയന്‍റെയും മനസ്സുകളിലൂടെ ഇന്നും ആ യാത്ര തുടരുന്നു..
മരിച്ച് കിടന്ന് മഹാത്മാവിന്‍റെ മുഖത്ത് നോക്കിയ മനുവിനു ഒരിക്കല്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ ഓര്‍മ്മ വന്നത്...

"ആരെങ്കിലും എന്‍റെ മേല്‍ വെടിയുതിര്‍ത്താല്‍ ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കാതെ, ദൈവനാമം ഉച്ചരിച്ച് മരണത്തിനു കീഴടങ്ങും.അപ്പോള്‍ നീ ലോകത്തോട് പറയണം, ഇവിടെ ഒരു യഥാര്‍ത്ഥ മഹാത്മാ ജീവിച്ചിരുന്നെന്ന്..."

അതേ, അത് സത്യമാണ്....
നമ്മുടെ രാഷ്ട്രപിതാവായ, നമ്മുടെ പ്രിയ ബാപ്പുജി, യഥാര്‍ത്ഥ മഹാത്മാ തന്നെയാണ്!!
അദ്ദേഹത്തിനായി, നമുക്കായി, ഭാരതാംബക്കായി, ഉള്ളിലെ കളങ്കങ്ങള്‍ മാറ്റി നമുക്ക് ഒന്നിക്കാം സോദരരേ,
ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസങ്ങള്‍ മറന്ന്, നാം ഒന്ന് എന്ന് ചിന്തിച്ച് നമുക്ക് ഒന്നിക്കാം...
അങ്ങനെ ഭാരതത്തെ ബാപ്പുജി ആഗ്രഹിച്ച പോലെ ലോകത്തിനു മാതൃകയാക്കാം..
തുടര്‍ന്ന് ഭാരതത്തിന്‍റെ ഐക്യവും പോലെ ലോകവും ഒന്നിക്കുമെന്ന് വിശ്വസിക്കാം...
യുദ്ധമില്ലാത്ത, കപടതയില്ലാത്ത ഒരു ലോകത്തിനായി പ്രാര്‍ത്ഥിക്കാം...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പറക്കുന്നത് കണ്ട് സന്തോഷിക്കാം..
അതിനായി നമുക്ക് ഒന്നിക്കാം...

ഭാരത് മാതാ കീ ജയ്യ്!!!

തമസ്സല്ലോ സുഖപ്രദം



(ഇതൊരു കഥയാണ്, നമ്മുടെ ബൂലോകത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ, 'റീബില്‍ഡ് ഡാം-സേവ് കേരള' എന്ന സംരംഭത്തിനു ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.)

സോപ്പ് പെട്ടി അച്ഛന്‍റെ കൈയ്യിലും, അതിന്‍റെ മൂടി അമ്മയുടെ കൈയ്യിലും, ഉള്ളിലുള്ള സോപ്പ് മകന്‍റെ കൈയ്യിലുമായി വേര്‍പിരിയുന്ന കുടുംബവും, വര്‍ഷങ്ങള്‍ക്ക് ശേഷം സോപ്പുപെട്ടിയുടെ സഹായത്താല്‍ ഇവര്‍ ഒന്നിക്കുന്ന ക്ലൈമാക്സ്സും അടങ്ങിയ കദന കഥകള്‍ ഒരുക്കിയ മലയാള സിനിമാ വേദിയിലെ കാരണവന്‍മാരെ മനസില്‍ ധ്യാനിച്ചാണ്‌ ഞാന്‍ ഈ കഥ എഴുതിയത്.അതിനാല്‍ തന്നെ കുറച്ച് ട്വിസ്റ്റുകള്‍ ഉണ്ടെന്നത് ഒഴിവാക്കിയാല്‍, എന്‍റെ ഈ കഥയും അത്തരത്തില്‍ ഒന്നാണ്...
ഒരു സാരിയില്‍ തുടങ്ങി, ആ സാരിയില്‍ തന്നെ അവസാനിക്കുന്ന ഒരു കദനകഥ!!
ഈ കഥയിലെ സാരിയുടെ നിറം ചുവപ്പാണ്‌ എന്നതാണ്‌ ക്ലൈമാക്സിലെ പ്രധാന ട്വിസ്റ്റ് എന്ന മുഖവുരയോട് കൂടി കഥ തുടങ്ങുന്നു..

2012 ഡിസംബര്‍ 21..
മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുമെന്ന് പറയുന്ന ദിവസം.
സ്ഥലം : പെരിയാറിന്‍റെ തീരം.
മനോഹരന്‍റെ പെങ്ങളായ മനോഹരിയുടെ കല്യാണമാണിന്ന്.പേരിനോട് നീതി പുലര്‍ത്താത്ത രൂപം ആയതിനാല്‍ ആരും അവളെ ശ്രദ്ധിക്കുന്നില്ല, എന്നാല്‍ എല്ലാവരുടെയും കണ്ണ്‌ അവള്‍ ഉടുത്ത സാരിയില്‍ ആയിരുന്നു.കണ്ടവര്‍ കണ്ടവര്‍ എടുത്തു പറഞ്ഞു:
"മനോഹരി, അതി മനോഹരമായിരിക്കുന്നു"
"എന്നെയാണോ?"
"അല്ല, നിന്‍റെ സാരി"
ഈ സംഭാക്ഷണങ്ങള്‍ക്ക് പഴയ ഒരു പരസ്യത്തിന്‍റെ നിഴലുണ്ടെങ്കിലും സംഭവം സത്യമായിരുന്നു, സാരി മനോഹരമായിരുന്നു.

ഇനി സാരിയെ പറ്റി രണ്ട് വാക്ക്, അതും മനോഹരിയുടെയും അവളുടെ വീട്ടുകാരുടെയും അഭിപ്രായത്തില്‍..
മനോഹരിയുടെ വാക്കുകള്‍:
"കല്യാണത്തിനു വരാന്‍ സാധിക്കാത്തതിനാല്‍ ചേട്ടന്‍ അയച്ച് തന്നതാ, പതിനായിരം രൂപയാ വില"
മനോഹരിയുടെ അച്ഛനായ ഭാസ്ക്കരന്‍:
"ഉഗാണ്ടയില്‍ നിന്ന് എന്‍റെ മോന്‍ വാങ്ങിയ സാരിയാ, അമ്പതിനായിരം രൂപയാ വില"
ഭാസ്ക്കരന്‍റെ കെട്ടിയോളും, രണ്ട് പെറ്റവളുമായ മണിച്ചി:
"ഒരു ലക്ഷം രൂപ വിലയുള്ള സാരിയാ, കണ്ടാ പറയുമോ?"
ഇല്ല, ഒരിക്കലുമില്ല, ആരും പറയില്ല!!

ഇവരുടെ സംഭാക്ഷണങ്ങളിലെ അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ ആ സാരി മനോഹരന്‍ വാങ്ങിയത് തന്നെയായിരുന്നു.അറബിക്കടലിലൂടെ ഒഴുകി നടക്കുന്ന ഒരു കപ്പലിലെ ജോലിക്കാരനായ അവന്‍, തന്‍റെ പ്രിയ പെങ്ങള്‍ക്ക് അയച്ചു കൊടുത്ത വിവാഹസമ്മാനമാണ്‌ ആ സാരി..
ഈ സാരിയാണ്‌ ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നതും!!
കഥയുടെ മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പ് ഒരു ചരിത്രം പറയാം..
1789ല്‍ തമിഴ്നാട് കേന്ദ്രമാക്കി നടന്ന ഒരു ചരിത്ര സംഭവം..

തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയുടെ നേതൃത്വത്തില്‍, പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലായിരുന്നു..
അന്ന് അത് നടന്നില്ല!!
എന്നാല്‍ ഇതിന്‍റെ തുടര്‍ച്ചയായി ബ്രട്ടീഷുകാരും ഇതിനായി ശ്രമം ആരംഭിച്ചു..
അങ്ങനെ ഒടുവില്‍ 1864 ല്‍ ഇവര്‍ ഒരു അണക്കെട്ടിന്റെ രൂപരേഖ ഉണ്ടാക്കുകയും തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ തിരുവിതാംകൂറിന്‍റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്ന ഈ കാരാറിനെ ആദ്യമെല്ലാം രാജാവ് എതിര്‍ത്തു.ഒടുവില്‍ 1886 ല്‍ ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ ഈ ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ നിര്‍ബന്ധിതരാക്കി.
ആ അണക്കെട്ടിന്‍റെ കരാറിന്‍റെ ഏകദേശരൂപം ഇപ്രകാരമായിരുന്നു..

പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടില്‍ നിന്ന് നൂറ്റി അമ്പത്തിയഞ്ച് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഈ അണക്കെട്ടില്‍ ഉപയോഗപ്പെടുത്താം.ഇതിനായി ഈ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എണ്ണായിരം ഏക്കര്‍ സ്ഥലവും, പിന്നെ നിര്‍മ്മാണത്തിനായി നൂറ്‌ ഏക്കര്‍ സ്ഥലവും പാട്ടമായി നല്‍കും.
പാട്ടത്തിനു എന്ന് പറയുമ്പോള്‍ തിരുവിതാംകൂറിനു കിട്ടുന്ന പാട്ടത്തുക അറിയേണ്ടേ??
ഏക്കറിനു അഞ്ച് രൂപ തോതില്‍ നാല്‍പ്പതിനായിരം രൂപ!!
കേരളം രക്ഷപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
ഒന്നും രണ്ടുമല്ല, നാല്‍പ്പതിനായിരം രൂപ..
കരാര്‍ കഴിയുന്ന വരെ എല്ലാവര്‍ഷവും ഇത് കിട്ടും, അപ്പോള്‍ കരാറിന്‍റെ കാലാവധി അറിയേണ്ടേ?
അത് ബാറ്റാ കമ്പനിയുടെ ഷൂവിന്‍റെ വില പോലെയാ..
999 വര്‍ഷം!!
(സത്യം പറയട്ടെ, മരിച്ച് പോയവരെ കുറ്റം പറയരുതെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍ത്തിട്ടാ, ഇല്ലേല്‍ ഇമ്മാതിരി ഒരു കരാര്‍ ഉണ്ടാക്കിയവനെ ഞാന്‍ തന്തക്ക് വിളിച്ചേനേ!!)
തീര്‍ന്നിട്ടില്ലാ...
രണ്ട് കൂട്ടര്‍ക്കും താല്‍പര്യമാണെങ്കില്‍ വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി ഈ കരാര്‍ നീട്ടാമത്രേ!!
(സോറി അച്ഛാ, അവന്‍മാരെ ഞാന്‍ തന്തക്ക് വിളിച്ചു!!)

ഇനി നമ്മുടെ കഥ..
കല്യാണ സമയം ആവുകയാണ്..
മനോഹരിയുടെ മനസിലും, മണ്ഡപത്തിലും ഒരേ പോലെ നാദസരം!!
വരനെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു, ഇനി മനോഹരി മണ്ഡപത്തില്‍ വന്നിരിക്കണം.
ഈ സമയത്താണ്‌ കഥയുടെ ഫസ്റ്റ് ടിസ്റ്റ്..
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിയായ ബെന്നി കുക്കിന്‍റെ അഭിപ്രായത്തില്‍ അമ്പത് വര്‍ഷമാണ്‌ അതിന്‍റെ ആയുസ്സ്.അതിയാന്‍ കണക്കിനു വീക്കായതാണോ, അതോ ദൈവത്തിന്‍റെ ഒരു രക്ഷാകവചമാണോന്ന് അറിയില്ല, ആയിരത്തി എണ്ണൂറ്റി തൊണ്ണുറ്റിയാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിനു ഇത് വരെ കുഴപ്പമൊന്നും പറ്റിയില്ല!!
നമ്മുടെ കഥയിലെ വിവാഹദിവസപ്രകാരം, അതായത് രണ്ടായിരത്തി പന്ത്രണ്ട് ആകുമ്പോള്‍ ഏകദേശം നൂറ്റി പതിനാറ്‌ കൊല്ലത്തോളമാകും.അന്നേ ദിവസം ഈ അണക്കെട്ട് പൊട്ടിയാലോ??
അല്ല, പൊട്ടി എന്ന് കരുതുക!!

ടൈറ്റാനിക്ക് പോലെയുള്ള സിനിമകളിലൂടെ, കുത്തിയൊലിച്ച് ഒഴുകി വരുന്ന വെള്ളത്തിന്‍റെ ശക്തി അറിയാവുന്ന നമുക്ക് അത് ഊഹിക്കാവുന്നതേയുള്ളു..
വിവാഹവേഷത്തില്‍ മണ്ഡപത്തിലിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് മീതേ.......
ആ വിവാഹവേദിയില്‍ ആടി പാടി നടന്ന പിഞ്ചു പൈതങ്ങള്‍ക്ക് മീതേ...
പുതിയ ജീവിതം സ്വപ്നം കണ്ട് നടക്കുന്ന യുവാക്കള്‍ക്ക് മീതേ.....
മുല്ലപ്പെരിയാറിലെ വെള്ളത്തിന്‍റെ സംഹാരതാണ്ഡവം!!
അവിടുന്നും കുത്തിയൊലിക്കുന്ന വെള്ളം പാവപ്പെട്ട കുറേ മനുഷ്യരുടെ കൂടി ജീവിതമെടുത്താല്‍??
ഭയാനകമായിരിക്കും, ചിന്തിക്കുന്നതിലേറെ ഭയാനകം!!

ആ സംഹാരതാണ്ഡവം തടയാന്‍ കഴിയുമെന്ന് വിശ്വസിക്കാവുന്നത് ഇടുക്കി അണക്കെട്ടിനു മാത്രം.അവിടെ വച്ച് ഇത് നിന്നില്ലെങ്കിലോ??
ഇടുക്കി അണക്കെട്ടും തകര്‍ന്നാലോ??
തീര്‍ന്നു!!
കേരളത്തിലെ പത്ത് നാല്‍പ്പത് ലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ച് കൊണ്ട് അറബിക്കടലിലേക്കൊരു മലവെള്ള പാച്ചില്‍..
ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികളുടെ കുടുംബങ്ങള്‍ക്ക് മീതെ, അണകെട്ടി നിര്‍ത്തപ്പെട്ട വെള്ളത്തിന്‍റെ കാലപാശം..
ഒന്നു കൂടി വിശദമാക്കിയാല്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകള്‍ ശവപ്പറമ്പിനു തുല്യമാകും..
പരശുരാമന്‍ തെക്ക്-വടക്ക് മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചെങ്കില്‍, മുല്ലപ്പെരിയാര്‍ കിഴക്ക്-പടിഞ്ഞാറ്‌ വെള്ളമെറിഞ്ഞ് കേരളം നശിപ്പിക്കും!!

അതിനു ശേഷം..
കേരളത്തില്‍ ആദ്യം ന്യൂസ്സ് അറിയുന്ന മൂന്ന് മന്ത്രിമാര്‍ ഞെട്ടല്‍ രേഖപ്പെടുത്തും!!
അടുത്ത അഞ്ച് പേര്‌ അനുശോചനം രേഖപ്പെടുത്തും!!
പിന്നെ ആദരാഞ്ജലി, കറുത്ത കൊടി, ജാഥ, വിലാപം...
ആര്‍ക്ക് പോയി??
പോയവര്‍ക്ക് പോയി!!

തമിഴ്നാടും വിലപിക്കും..
കണ്ണാടി വച്ച കാരണവരും, തമിഴ്നാടിന്‍റെ പഴയ സ്വപ്നറാണിയും ഒരേ സ്വരത്തില്‍ പറയും:
"ഉണ്‍മയിലെ തെരിയാത്, ബ്ലേഡ് കൊണ്ട് വരഞ്ഞതെന്ന് നിനച്ചേ"
ബെസ്റ്റ്!!
കേട്ടില്ലേ??
പല മാധ്യമങ്ങളിലൂടെ അണക്കെട്ടിന്‍റെ പൊട്ടല്‍ വിശദമാക്കിയ ഫോട്ടൊയൊക്കെ കണ്ടപ്പോള്‍ ആരോ ബ്ലേഡ് കൊണ്ട് വരഞ്ഞതാകും എന്നാ അവര്‍ കരുതിയതെന്ന്!!
അല്ല, അവരെ കുറ്റം പറയേണ്ടാ..
നമ്മള്‍ അത്രയും ബോധവത്ക്കരണമേ നടത്തിയട്ടുള്ളു!!

ഇനി മറ്റൊരു സത്യം, ഇടുക്കി ഡാം പൊട്ടിയാല്‍ കേരളം ഇരുട്ടിലാകാന്‍ അധികം താമസം വേണ്ടാ.ഇപ്പോള്‍ തന്നെ പവര്‍ക്കെട്ടിലോടുന്ന കേരളത്തിനു അതോടെ വെളിച്ചം നഷ്ടമാകും.ഇവിടെ നമുക്ക് ആശ്രയം പഴമൊഴികള്‍ മാത്രം..
"വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം"

തമിഴ്നാടിനെയും, സുപ്രീം കോടതിയേയും, ഇന്ത്യയിലെ കോടിക്കണക്കിനു സഹോദരങ്ങളെയും ബോധവത്ക്കരിച്ച് എത്രയും വേഗം അണക്കെട്ട് പുതുക്കി പണിതില്ലെങ്കില്‍ അതിന്‍റെ അനന്തരഫലം ഏകദേശം ഇങ്ങനെയാകും.മനോഹരി എന്ന ഒരു പെണ്‍കുട്ടിയുടെ കഥ മാത്രം ഇങ്ങനെ ചിന്തിച്ചാല്‍, നാല്‍പ്പത് ലക്ഷം ആള്‍ക്കാര്‍ക്ക് അത്രത്തോളം കഥകളും കാണും!!
സൂര്യന്‍ അസ്തമിക്കുമ്പോള്‍ മാത്രമല്ലാതെ, നട്ടുച്ചക്കും അറബിക്കടല്‍ ചുവന്നിരിക്കാന്‍ ഈ കഥകള്‍ ഒരു കാരണമാകാം.
ഇതൊഴിവാക്കാന്‍ നമുക്ക് ഒന്ന് ചേരാം..
അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ക്ലൈമാക്സ്സ് ഇങ്ങനെയുമാവാം..
ആ ക്ലൈമാക്സ് പറയാന്‍ വീണ്ടും ഞാന്‍ കഥയിലേക്ക് പോകുകയാണ്..
ചുവന്ന സാരിയുടെ കഥയിലേക്ക്..

സര്‍വ്വം നശിപ്പിച്ച മലവെള്ളപാച്ചിലില്‍, ഒരു പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് അടര്‍ന്ന് പോയ സാരി ഒഴുകി ഒടുവില്‍ അറബിക്കടലിലെത്തി.കേരളക്കരയുടെ ദുഃഖവാര്‍ത്തയറിഞ്ഞ് ഭ്രാന്തനെ പോലെ കപ്പലില്‍ കഴിയുന്ന ഒരു വ്യക്തി ആ സാരി കണ്ടു.തന്‍റെ പ്രിയ സഹോദരിക്ക് അയച്ച് നല്‍കിയ വിവാഹസമ്മാനം മരണത്തില്‍ പോലും അവളെ പുതക്കുന്നില്ല എന്ന തിരിച്ചറിവില്‍ അവന്‍ അലറി പറഞ്ഞു:
"കേരളം ദൈവത്തിന്‍റെ നാടല്ല, ചെകുത്താന്‍റെ നാടാണ്...ചെകുത്താന്‍റെ നാട്!!"

ചെമ്മീന്‍ റീലോഡഡ്




(ഒരിക്കല്‍ വനിതയിലെ ഒരു മത്സരത്തിനായി എഴുതുകയും പിന്നീട് ബ്ലോത്രത്തിനു അയച്ചു കൊടുക്കുകയും ചെയ്തു.അങ്ങനെ 2009ല്‍ ബ്ലോത്രം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

'അറബികടലിന്‍റെ റാണി'
കൊച്ചിയുടെ സൌന്ദര്യത്തിനു ലോകം ചാര്‍ത്തി കൊടുത്ത വിശേഷണം.
എന്നാല്‍ അധോലോക നേതാക്കളുടെയും രാഷ്ട്രീയ മേലാളന്‍മാരുടെയും സംരക്ഷണയില്‍ വളരുന്ന കൊട്ടേഷന്‍ സംഘങ്ങളാണ്‌ ഇന്നത്തെ കൊച്ചിയുടെ മുഖമുദ്ര.അത്തരത്തിലുള്ള ഒരു സംഘം ഇന്ന് വളരെ സന്തോഷത്തിലാണ്,കാരണം വളരെ നാള്‍ കൂടിയിട്ടാണ്‌ അവര്‍ക്ക് ഇങ്ങനെ ഒരു ദൌത്യം കിട്ടുന്നത്,ഒരാളെ കൊല്ലാനുള്ള ദൌത്യം.....

തങ്ങളുടെ ഇരയെ തേടി ആ സംഘം പുറപ്പെട്ട സമയത്ത് തന്നെയാണ്‌ അറുപതിനോടടുത്ത് പ്രായമുള്ള ഒരാള്‍ കടലിനോട് ചേര്‍ന്നുള്ള ആശുപത്രിയില്‍ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നത്.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാള്‍ കടല്‍ക്കരയിലേ ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.അയാളെ കുറിച്ച് പറയുകയാണങ്കില്‍ മുഷിഞ്ഞ വേഷത്തില്‍ ഉള്ള ഒരു പ്രാകൃത രൂപം,മൊത്തത്തില്‍ ഒരു ഭ്രാന്തന്‍റെ ലക്ഷണം.
ഇത് ചെമ്പന്‍കുഞ്ഞ്...
മുക്കുവനായി ജനിച്ച് ബോട്ടുമുതലാളിയായി മാറിയവന്‍.
വിധിയുടെ വിളയാട്ടം,അല്ലാതെന്താ?
അല്ലെങ്കില്‍ സമ്പന്നതയുടെ നടുവില്‍ നിന്നും ഒരാള്‍ പെട്ടന്ന് ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുമോ?
കണ്ട് നില്‍ക്കുന്നവര്‍ക്ക് ചിരിക്കാനായി മുതലാളിയുടെ രൂപത്തില്‍ നിന്നും ഭ്രാന്തന്‍റെ രൂപത്തിലേക്ക് ഒരു വേഷപകര്‍ച്ച.

ചെമ്പന്‍കുഞ്ഞിനെ പറ്റി കൂടുതല്‍ അറിയുന്നതിനു മുമ്പ് മറ്റൊരാളെ പരിചയപ്പെടാനുണ്ട്,ചെമ്പന്‍കുഞ്ഞിന്‍റെ മരുമകന്‍,ധീരനും വീരനും പണക്കാരനുമായ പളനി.കൈയ്യില്‍ പൂത്ത കാശ് ഉണ്ടങ്കിലും നല്ല ഒരു മുക്കുവനായ പളനി കരയില്‍ നില്‍ക്കുന്നത് അപൂര്‍വ്വമാണ്.തന്‍റെ ഭാര്യ കറുത്തമ്മയില്‍ വിശ്വാസം അര്‍പ്പിച്ച് അവന്‍ എപ്പോഴും കടലിലായിരിക്കും.ഇന്നും പതിവുപോലെ തന്‍റെ ബോട്ടില്‍ ഒറ്റയ്ക്ക് പളനി കടലിലേക്ക് പോയിട്ടുണ്ട്,പുലര്‍ച്ചയ്ക്ക് മുമ്പ് കഴിയുന്നത്ര മീനുമായി വരാന്‍.എന്നാല്‍ ബോട്ട് നിറയെ ചെറുമീനിനെ പ്രതീക്ഷിച്ച് പോയ പളനിയെ കാത്തിരുന്നത് ഒരു സ്രാവായിരുന്നു,ഒരുപാട് മുക്കുവരെ കാലപുരിക്ക് അയച്ച ഒരു ഭയങ്കര സ്രാവ്.

അന്ന് രാത്രി..
കടലില്‍ നിന്നും കരയിലേക്ക് ബോട്ട് ഓടിക്കുമ്പോള്‍ പളനി നല്ല ആഹ്ളാദത്തിലായിരുന്നു.അയാള്‍ ഇടയ്ക്കിടെ തന്‍റെ മൊബൈലില്‍ നോക്കുന്നുണ്ടായിരുന്നു,റേഞ്ച് ഉണ്ടോ എന്നറിയാന്‍.കറുത്തമ്മയെ വിളീക്കണം എന്നിട്ട് താന്‍ ഒറ്റയ്ക്ക് ഒരു സ്രാവിനെ പിടിച്ച കാര്യം പറയണം.
കറുത്തമ്മ വിശ്വസിക്കില്ല,പക്ഷേ ഇതിനെ കാണുമ്പോള്‍ വിശ്വസിക്കുമല്ലോ?
അയാള്‍ അഭിമാനത്തോടെ ബോട്ടില്‍ കിടക്കുന്ന വലിയ സ്രാവിനെ നോക്കി.കൊമ്പനാ,തന്നെയും കൊണ്ട് ചുഴിയില്‍ പോകാന്‍ കഴിവുള്ളവന്‍.കിടക്കുന്ന കിടപ്പ് കണ്ടില്ലേ?
പെട്ടന്ന് പളനിയുടെ മൊബൈല്‍ ബെല്ലടിച്ചു,കറുത്തമ്മയാ...
തന്‍റെ ഭാര്യയുടെ ഈ ഒരു കോളിനു വേണ്ടിയാണല്ലോ ഇത്രയും നേരം കാത്തിരുന്നത് എന്ന സന്തോഷത്തില്‍ പളനി മൊബൈല്‍ എടുത്തു,എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു:
"മോളേ,ഒരു ഹാപ്പി ന്യൂസ്സ്"
"ചേട്ടാ, അവര്‍ ചേട്ടനെ കൊല്ലും" കറുത്തമ്മയുടെ പരിഭ്രാന്തി കലര്‍ന്ന ശബ്ദം.
കൊല്ലുമെന്നോ? ആര്?
എന്താണന്ന് പളനിയ്ക്ക് മനസ്സിലാകും മുമ്പേ പളനിയുടെ കഴുത്തില്‍ ഒരു കുരുക്ക് വീണു.കണ്ണില്‍ ഇരുട്ട് കയറി ശ്വാസം കിട്ടാതെ പിടയുന്ന ആ നിമിഷവും കറുത്തമ്മ പറയുന്നത് പളനിക്ക് കേള്‍ക്കാമായിരുന്നു:
"ചേട്ടാ,അവര്‍ അച്ഛനെ..."
പിന്നീട് പളനി ഒന്നും കേട്ടില്ല.

കറുത്തമ്മ..
കടപ്പുറത്തെ മാണിക്യം.ചെമ്പന്‍കുഞ്ഞിന്‍റെ ഇഷ്ടപുത്രി.പ്രീഡിഗ്രിക്ക് നല്ല മാര്‍ക്ക് വാങ്ങിയതിനു ചെമ്പന്‍കുഞ്ഞ് അവള്‍ക്ക് ഒരു മൊബൈല്‍ സമ്മാനിച്ചു.അവിടെ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.ആ മൊബൈല്‍ ആയിരുന്നു പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും സ്നേഹബന്ധത്തിനു വഴി തെളിയിച്ച രാജഹംസം.അതേ,അവരുടെ പ്രേമബന്ധം തുടങ്ങിയത് തന്നെ കറുത്തമ്മയ്ക്ക് വന്ന ഒരു ഫോണ്‍കാളിലൂടെ ആയിരുന്നു.
"ഹലോ" കറുത്തമ്മ ഫോണെടുത്തു.
"റസാക്ക് ഇല്ലേ?" മറുപുറത്ത് നിന്നും ഒരു ആണിന്‍റെ ശബ്ദം.
തന്‍റെ ഫോണില്‍ വിളിച്ച് ഏതോ റസാക്കിനെ അന്വേഷിച്ച ആ അപരിചിതനോട് കറുത്തമ്മ തിരിച്ച് ചോദിച്ചു:
"റസാക്കോ?നിങ്ങള്‍ ആരാ?"
"ഞാന്‍ പരീക്കുട്ടി,നിങ്ങള്‍ റസാക്കിനെ വിളിക്കു" മറുഭാഗത്ത് നിന്നുള്ള ആവശ്യം.
"സോറി,റോങ്ങ് നമ്പര്‍" കറുത്തമ്മ ഫോണ്‍ വച്ചു.
അതായിരുന്നു തുടക്കം.
തന്‍റെ മൊബൈലില്‍ വിളിച്ച് റസാക്കിനെ അന്വേഷിച്ച പരീക്കുട്ടിയെ കുറിച്ച് തിരക്കിയ കറുത്തമ്മ കണ്ട്മുട്ടിയത് ഒരു യുവകോമളനെ ആയിരുന്നു,പലിശക്കാരന്‍ പരീക്കുട്ടിയെ.പലിശ എന്ന് പറയുമ്പോള്‍ കൊള്ളപലിശ അല്ല,ന്യായമായ പലിശയ്ക്ക് പാവപ്പെട്ട മുക്കുവരെ സഹായിക്കുന്ന ഒരു സുന്ദരന്‍.
ആ പരിചയം പ്രണയമായി...

കടപ്പുറം മൊത്തം അറിഞ്ഞ ആ പ്രണയത്തെ ചെമ്പന്‍കുഞ്ഞ് എതിര്‍ത്തില്ല.അങ്ങനെ ആ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കെയാണ്‌ ചെമ്പന്‍കുഞ്ഞ് ആവശ്യപ്പെട്ട പ്രകാരം കറുത്തമ്മ പരീക്കുട്ടിയെ ഫോണ്‍ ചെയ്തത്.
"എന്താ കറുത്തമ്മേ?"
"അപ്പനു കുറച്ച് കാശ് വേണമായിരുന്നു,ബോട്ട് വാങ്ങാനാ....."
ഒന്നു നിര്‍ത്തിയിട്ട് കറുത്തമ്മ തുടര്‍ന്നു:
"....ബോട്ട് കടലില്‍ പോയി തുടങ്ങുമ്പോള്‍ അപ്പന്‍ കാശ് തിരിച്ച് നല്‍കും"
അങ്ങനെ കറുത്തമ്മയുടെ സ്നേഹത്തില്‍ വിശ്വസിച്ച് പരീക്കുട്ടി തന്‍റെ സമ്പാദ്യമെല്ലാം ചെമ്പന്‍കുഞ്ഞിനു കൊടുത്തു.
പിന്നെ ചെമ്പന്‍ കുഞ്ഞിന്‍റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.ബോട്ട് കടലില്‍ പോയി തുടങ്ങിയപ്പോള്‍ കിട്ടിയ കാശ് ചെമ്പന്‍കുഞ്ഞ് പരീക്കുട്ടിക്ക് കൊടുക്കാതെ ചതിച്ച നിമിഷം മുതല്‍ പരീക്കുട്ടിയുടെ പതനവും തുടങ്ങി.ദിവസവും ആറും ഏഴും തവണ ഫോണ്‍ ചെയ്യുമായിരുന്ന കറുത്തമ്മ പിന്നെ പിന്നെ വിളിക്കാതെയുമായി.അവളുടെ മൊബല്‍ നമ്പറില്‍ ശ്രമിച്ചപ്പോള്‍ അങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ലന്ന മറുപടിയും.
പരീക്കുട്ടി മാനസികമായി തകര്‍ന്നു.

പിന്നീട് കൂട്ടുകാര്‍ പറഞ്ഞാണ്‌ അവളുടെ കല്യാണം തീരുമാനിച്ച കാര്യം പരീക്കുട്ടി അറിയുന്നത്.ആ കൂട്ടുകാരന്‍ കൊടൂത്ത മൊബൈല്‍ നമ്പറില്‍ ശ്രമിച്ചപ്പോള്‍ കറുത്തമ്മയെ ലൈനില്‍ കിട്ടി.കറുത്തമ്മ തന്നെ ഇപ്പോഴും പ്രണയിക്കുന്നു എന്ന് കരുതിയ പരീക്കുട്ടിയോട് അവളുടെ മറുപടി ഇപ്രകാരമായിരുന്നു:
"ഇന്നത്തെ കാലത്ത് ജീവിക്കാന്‍ സ്നേഹം മാത്രം പോരാ പരീക്കുട്ടി,കാശും വേണം.നിങ്ങളുടെ കൈയ്യില്‍ അതില്ല,കാശ് കൈയ്യിലുള്ള പളനിയ്ക്ക് ഞാന്‍ തല നീട്ടാന്‍ പോകുകയാ"
അടുത്ത നിമിഷം മൊബൈല്‍ കട്ടായി.
കറുത്തമ്മയ്ക്ക് വേണ്ടാ എന്ന് പറഞ്ഞിട്ടും അവളെ ഒറ്റി കൊടുക്കാന്‍ പരീക്കുട്ടി തയാറായിരുന്നില്ല.ചെമ്പന്‍കുഞ്ഞ് നിര്‍ബന്ധിച്ച് അവളെ വേറെ കല്യാണം കഴിപ്പിച്ചതാണെന്നാണ്‌ അവന്‍ എല്ലാരോടും പറഞ്ഞത്.
കടപ്പുറത്ത് ഉള്ളവര്‍ അത് ഒരു പരിശുദ്ധ പ്രണയത്തിന്‍റെ അന്ത്യമായി കരുതി.

'മാനസ മൈനേ വരൂ....മധുരം....'
തന്‍റെ മൊബൈലിലെ റിഗ്ടോണാണ്‌ പരീക്കുട്ടിയെ ഭൂതകാലസ്മരണയില്‍ നിന്നും തിരികെ കൊണ്ട് വന്നത്.കറുത്തമ്മ തന്നെ വേണ്ടാ എന്ന് പറഞ്ഞ് പോയ ദിവസം ഇട്ട റിഗ്ടോണാണ്,ഇത് വരെ മാറ്റിയില്ല.പരീക്കുട്ടി ഫോണെടുത്ത് നോക്കി.ഡോക്ടറാ വിളിക്കുന്നത്,കൊടുത്ത കാശ് പോരാ എന്ന് പറയാനാകും ചെയ്ത് തന്ന ഉപകാരത്തിനു അത്രയും മതി.പരീക്കുട്ടി ഫോണ്‍ കട്ട് ചെയ്തു.
കുറച്ച് മുമ്പ് കറുത്തമ്മയെ ഫോണ്‍ ചെയ്തതാണല്ലോ ചിന്തകള്‍ കാട് കയറാന്‍ കാരണം എന്ന് ആലോചിച്ചപ്പോള്‍ പരീക്കുട്ടി ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു,പോയി കറുത്തമ്മയെ ഒന്നു കാണണം.താന്‍ വിളിച്ചപ്പോള്‍ അവള്‍ കടലില്‍ പോയ പളനിയെ കാത്തിരിക്കുകയാണ്‌ എന്നാ പറഞ്ഞത്.പിന്നീട് കറുത്തമ്മയുമായി സംസാരിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ പരീക്കുട്ടി അറിയാതെ ചിരിച്ച് പോയി.അയാള്‍ എഴുന്നേറ്റ് കറുത്തമ്മയുടെ വീട്ടിലേക്ക് നടന്നു.

കറുത്തമ്മയുടെ വീട്ടില്‍ കയറിയ പരീക്കുട്ടിയെ എതിരേറ്റത് കറുത്തമ്മയുടെ വിറങ്ങലിച്ച ശവശരീരമായിരുന്നു.അതിനടുത്ത് ഒരു ഒഴിഞ്ഞ വിഷ കുപ്പിയും ഒരു എഴുത്തും ഉണ്ടായിരുന്നു.ആ എഴുത്തില്‍ ഇങ്ങനെ എഴുതിയിരുന്നു,
പരീക്കുട്ടി,
ഒരിക്കല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നു,പക്ഷേ ഇന്ന് ഞാന്‍ മറ്റൊരാളുടെ ഭാര്യയാണ്.
കുറച്ച് മുമ്പ് എന്താ നിങ്ങള്‍ എന്നെ വിളിച്ച് പറഞ്ഞത്?
പളനി ചേട്ടനെ കൊല്ലാന്‍ ആളെ വിട്ടെന്നോ?
ശരിയാ,അവര്‍ എന്‍റെ ചേട്ടനെ കൊന്നു.
തലവേദനയുമായി ചെന്ന അച്ഛനെ ഡോക്ടറെ കൊണ്ട് ഡോസ്സ് കൂടിയ മരുന്ന് കുത്തി വച്ച് ഭ്രാന്തനാക്കിയെന്ന് കൂടി നിങ്ങള്‍ അവകാശപ്പെട്ടല്ലോ?
അവിടെയും നിങ്ങള്‍ ജയിച്ചു അല്ലേ?
ഇനി നിങ്ങള്‍ക്ക് എന്‍റെ ശരീരം വേണമല്ലേ?
അത് നിങ്ങള്‍ക്ക് ജീവനോടെ കിട്ടില്ല.
അങ്ങനെ എപ്പോഴും നിങ്ങള്‍ ജയിക്കേണ്ട.
ഞാന്‍ പോകുന്നു,എന്‍റെ പളനി ചേട്ടന്‍റെ അടുത്തേയ്ക്ക്.
സത്യം എന്തെന്ന് നാളെ കാലം തെളിയിക്കും.
കറുത്തമ്മ.

ആ എഴുത്ത് വായിച്ച് പരീക്കുട്ടി ഒന്നു ചിരിച്ചു.
'ഇല്ല കറുത്തമ്മ,പരീക്കുട്ടി തോല്‍ക്കില്ല,തോല്‍ക്കാനല്ല പരീക്കുട്ടി ഈ കളിയൊക്കെ കളിച്ചത്.
തന്നെ ചതിച്ചിട്ട് ആരും അങ്ങനെ സുഖിച്ച് ജീവിക്കേണ്ടാ.
നിന്‍റെയോ എന്‍റെയോ മൊബൈലിലെ സിമ്മിനോ,നീ എഴുതിയ ഈ എഴുത്തിനോ സത്യം തെളിയിക്കാന്‍ കഴിയില്ല.നാളെ ലോകം കണ്ടെത്തുന്ന സത്യം എന്നെ കേന്ദ്രീകരിച്ച് ആയിരിക്കും.
അങ്ങനെ പരീക്കുട്ടി വിജയിക്കും.'
ഇത്രയും മനസ്സില്‍ പറഞ്ഞിട്ട് അവളുടെ ആ വിറങ്ങലിച്ച ശരീരവും എടുത്ത് അയാള്‍ കടലിലേക്ക് നടന്നു.

ഇനി നമ്മള്‍ക്ക് കാത്തിരിക്കാം.മൂന്നാം നാള്‍ കടല്‍ തീരത്ത് അടിഞ്ഞുകൂടുന്ന ശവശരീരങ്ങള്‍ക്കായി...
കറുത്തമ്മയുടെയും,പരീക്കുട്ടിയുടെയും ശവശരീരങ്ങള്‍ക്കായി,കടലില്‍ പളനിയോടൊപ്പം വലിച്ച് എറിയപ്പെട്ട ആ കൊമ്പന്‍ സ്രാവിന്‍റെ ശവത്തിനായി...
എന്നിട്ട് നമുക്ക് ലോകത്തോടെ വിളിച്ച് പറയാം..
പരീക്കുട്ടി പാവമായിരുന്നെന്ന്,
പരീക്കുട്ടിയെ ചതിച്ചതിനാലാണ്‌ ചെമ്പന്‍ കുഞ്ഞിനു ഭ്രാന്ത് വന്നതെന്ന്,
കറുത്തമ്മ ചതിച്ചതിനാല്‍ പളനിയെ കടല്‌ കൊണ്ട് പോയെന്ന്,
അവസാനം പരീക്കുട്ടിയും കറുത്തമ്മയും ഒന്നിച്ചെന്ന്,
അവരുടെ പരിശുദ്ധ പ്രണയം വിജയിച്ചെന്ന്,
അതേ നമ്മള്‍ക്ക് കാത്തിരിക്കാം,
ആ ശവങ്ങള്‍ അടിഞ്ഞു കൂടുന്നതും നോക്കി,
മൂന്നാം പക്കം വരെ...

ശരത്ത്‌കാല പൂര്‍ണ്ണിമ



"യൂ ഹാവ് എനി ഡൌട്ട്?"
"നതിംഗ് സാര്‍" ശരത്ത് ജോലിയില്‍ മുഴുകി.

"എടാ ശരത്തേ, ദേ ഒരു പീസ്" വിഷ്ണുവിന്‍റെ ശബ്ദം.
"അളിയാ വര്‍ക്ക് ഊണ്ട്, ചുമ്മാതിരി"
"അല്ലെടാ, ശരിക്കും.ഒരു കിടിലന്‍ പീസ്"

തല ഉയര്‍ത്തി നോക്കിയപ്പോള്‍ വാതില്‍ കടന്ന് പോകുന്ന ഒരു മഞ്ഞ ചുരിദാര്‍.വിഷ്ണുവിന്‍റെ കണ്ണുകള്‍ ആ വാതിലിലേക്ക് തന്നെ..
"ഹോ, മാര്‍വെല്ലസ്സ്"
"വൃത്തികേട് പറയാതെടാ"
"വൃത്തികേട് കേട്ടവര്‍ക്കാ, സുന്ദരം എന്നാ ഉദ്ദേശിച്ചത്"
"പോടാ വായിനോക്കി" ശരത്തിന്‍റെ കണ്ണുകള്‍ വീണ്ടും കോഡിംഗിലേക്ക്.

പിന്നീട് ഉച്ചയൂണ്‌ സമയത്താണ്‌ വിഷ്ണുവിനൊപ്പം തമിഴന്‍ ധര്‍മ്മരാജനും ശരത്തിനു അരികിലെത്തിയത്.
"റൊമ്പ അഴകായിറുക്ക്" തമിഴന്‍റെ വാക്കുകള്‍ക്ക് കല്‍ക്കണ്ടത്തിന്‍റെ രുചി.
ശരത്തിന്‍റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി.
"ഇതെന്താ കേസ്?"
"രാവിലത്തെ തന്നെ, മഞ്ഞചുരിദാര്‍"

അവര്‍ സംസാരിച്ചിരിക്കേ ക്യാന്‍റീനിന്‍റെ വാതിലില്‍ ആ മഞ്ഞ ചുരിദാര്‍ പ്രത്യക്ഷമായി.ഗള്‍ഫ് സ്പ്രേയുടെ മണം പരന്നപ്പോള്‍ ആ മൂവര്‍ സംഘം തല ഉയര്‍ത്തി നോക്കി..

അപ്സരസ്സുകളെ വെല്ലുന്ന സൌന്ദര്യമായി അവള്‍..
ഒരു നിമിഷനേരത്തേക്ക് ശരത്തിന്‍റെ മനസിലെവിടെയോ ഒരു സുഖമുള്ള നോവ്..

ആരാണിവള്‍?

സ്ട്രെയിറ്റ് ചെയ്ത മുടി, കടഞ്ഞെടുത്ത ശരീരം, ചാരനിറമുള്ള കണ്ണുകളില്‍ വൈരകല്ലിന്‍റെ തിളക്കം.അവള്‍ അടുത്തേക്ക് വരും തോറും ശരത്തിന്‍റെ ശ്വാസഗതി ഏറി വന്നു.

"മിസ്റ്റര്‍ ശരത്ത്........?" അവളുടെ മുഖത്ത് ചോദ്യഭാവം.
"യെസ്" ശരത്തിനു ഉമിനീര്‍ വറ്റി തുടങ്ങിയിരിക്കുന്നു.
"വൈകിട്ട് കാണണം, ഞാന്‍ ഓഫീസിനു മുന്നിലെ പാര്‍ക്കില്‍ കാത്ത് നില്‍ക്കും"
ഇത്രയും പറഞ്ഞ ശേഷം അവള്‍ പുറത്തേക്കിറങ്ങി.മറുപടിയില്ലാതെ അമ്പരന്നിരിക്കുന്ന ശരത്തിനോട് ധര്‍മ്മരാജ് ചോദിച്ചു:
"യാര്‍ അവള്‍?"
"തെരിയാത്"

"ഒരുത്തി വരുന്നു, കാണണമെന്ന് പറയുന്നു, തിരിച്ച് പോകുന്നു.ഇവനൊട്ട് അവളെ അറിയുകയുമില്ല" വിഷ്ണുവിനു തല പെരുത്ത് തുടങ്ങി.
"സത്യമാ, എനിക്ക് അറിയില്ല"
"അളിയാ, എന്നാ സൂക്ഷിക്കണം."
ഒരു പേടി ശരത്തിനും ഉണ്ടായിരുന്നു.എങ്കിലും അവന്‍ പോകാന്‍ തീരുമാനിച്ചു.കാരണം എവിടെയോ കണ്ട ഒരു ഓര്‍മ്മ തന്നെ.

പാര്‍ക്കിലെ ഗേറ്റ് കടന്ന് ചെല്ലവേ അവന്‍ കണ്ടു..
അങ്ങകലെ ബഞ്ചില്‍ വിദൂരതയിലേക്ക് കണ്ണോടിച്ച് അവള്‍..
ആ മഞ്ഞചുരിദാറുകാരി.

"ഹായ്" അവന്‍റെ ശബ്ദത്തിനു എപ്പോഴുമുള്ള ഘനമില്ല.
"ശരത്തെന്താ താമസിച്ചത്?" അവകാശം സ്ഫുരിക്കുന്ന ചോദ്യം.
"അത്...പിന്നെ..ഞാന്‍" അവനു വാക്കുകള്‍ നഷ്ടമായി തുടങ്ങിയിരിക്കുന്നു.
ആരാണ്‌ നീ?
ചോദിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല.എന്നാല്‍ അവന്‍റെ മനസ്സ് വായിച്ച പോലെ അവള്‍ പറഞ്ഞു:
"ശരത്ത്, ഞാനൊരു ദൌത്യവുമായി വന്നവളാണ്"
"എന്ത് ദൌത്യം?"
"വാവക്കുട്ടനെ കണ്ട് പിടിക്കുക എന്ന ദൌത്യം"
അവന്‍റെ ചെവിക്കുള്ളില്‍ ഒരു കടലിരമ്പി..
വാവക്കുട്ടന്‍!!!!!
എവിടെയോ കേട്ട് മറന്ന പേര്...
ആരോ തന്നെ വിളിച്ചിരുന്ന പേര്....
അതേ, അത് അവളാണ്..
കാച്ചിയ എണ്ണയുടെ മണമുള്ള, നീല കണ്ണുകളുള്ള ധാത്രികുട്ടി!!
അവന്‍ ഞെട്ടി മഞ്ഞചുരിദാറുകാരിയെ നോക്കി..
അവളുടെ ചാരകണ്ണുകളില്‍ ഒരു കുസൃതി.

അപ്പോള്‍ ധാത്രി ഇവിടെ എവിടെയോ ഉണ്ട്.
"ധാത്രി എവിടെ?"
അവള്‍ക്ക് മറുപടിയില്ല, പകരം ഒരു പൊട്ടിച്ചിരി മാത്രം.
"ആരാണ്‌ നീ?"
"ഞാന്‍ പൂര്‍ണ്ണിമ" ചിരിച്ച് കൊണ്ട് മറുപടി.
"ശരത്തിനെ കണ്ട് പിടിക്കുക, ഇപ്പോഴത്തെ അവസ്ഥ അറിയുക, ഇതാണ്‌ എന്‍റെ ദൌത്യം" അവള്‍ വ്യക്തമാക്കി.

ധാതിയും വവക്കുട്ടനും പിരിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തിനു മേല്‍ ആയിരിക്കുന്നു.അവര്‍ തമ്മില്‍ പ്രേമമായിരുന്നില്ല, കാരണം അവര്‍ പ്രേമിക്കാന്‍ പ്രായമായില്ല എന്നത് തന്നെ.അല്ലെങ്കില്‍ തന്നെ പന്ത്രണ്ടാം വയസ്സില്‍ കുട്ടികള്‍ പ്രേമിച്ച് നടക്കാറില്ലല്ലോ?
ധാത്രിയുടെ അച്ഛന്‍ അവളെ ബോംബയിലേക്ക് കൊണ്ട് പോകാന്‍ പോയ ദിവസം....
ശരത്ത് കൊടുത്ത സ്ഫടികത്തില്‍ തീര്‍ത്ത മയിലിനെ നെഞ്ചോടടുക്കി അവള്‍ പറഞ്ഞു:
"ഇത് ഞാന്‍ സൂക്ഷിക്കും, നിന്‍റെ ഓര്‍മ്മക്ക്"
ശരത്തിന്‍റെ മനസില്‍ ഇപ്പോഴും ആ വാചകങ്ങളുണ്ട്.

"ധാത്രി എവിടെ?" ശരത്തിനു ആകാംക്ഷയായി.
കാരണം ജോലി കിട്ടിയ അന്ന് മുതല്‍ അവന്‍ അന്വേഷിച്ച് തുടങ്ങിയതാണ്.ധാത്രിയോടൊത്തുള്ള ഒരു ജീവിതമായിരുന്നു അവന്‍റെ മനസില്‍.കാലത്തോടൊത്ത് പ്രായം കൂടിയപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറെ വിവാഹം കഴിച്ചു.അതിനു ശേഷം ഓര്‍ക്കാപ്പുറത്താണ്‌ ധാത്രിയുടെ പേര്‌ കേള്‍ക്കുന്നത്.അവനു ആഗ്രഹമുണ്ട്, ധാത്രി എവിടെ എന്ന് അറിയാന്‍, ഒരിക്കല്‍ കൂടി കാണാന്‍..
"ധാത്രി എവിടെ?"
വീണ്ടും അതേ ചോദ്യം കേട്ടപ്പോള്‍ പൂര്‍ണ്ണിമ പറഞ്ഞു:
"പറയാം, അതിനു മുമ്പ് ശരത്തിനെ കുറിച്ച് പറ. കല്യാണമായോ?"
"ആയി, രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞു."
"കുട്ടികള്‍?"
"ആയില്ല"
ശരത്തിനു ക്ഷമ നശിച്ച് തുടങ്ങി..
"നിങ്ങള്‍ ധാത്രിയെ കുറിച്ച് പറയു..."
"ആറ്‌ മാസം മുമ്പ് ധാത്രിയുടെ കല്യാണം കഴിഞ്ഞു, അന്നവള്‍ എന്‍റെ ഏജന്‍സിയെ ഏല്‍പ്പിച്ചതാണ്‌ ഇത്, നിങ്ങളെ കണ്ട് പിടിച്ച് തരാന്‍ വേണ്ടി"
പൂര്‍ണ്ണിമ നീട്ടിയ വസ്തു കണ്ട് ശരത്ത് അമ്പരന്നു പോയി..
അത് ആ മയിലായിരുന്നു..
സ്ഫടികത്തില്‍ തീര്‍ത്ത മയില്‍.

ശരത്ത് ആ അമൂല്യ വസ്തു നെഞ്ചോട് അമര്‍ത്തിയപ്പോള്‍ പൂര്‍ണ്ണിമ പതിയെ എഴുന്നേറ്റു..
"എന്‍റെ ദൌത്യം കഴിഞ്ഞു"
പുറപ്പെടാന്‍ തയ്യാറായ അവളോട് അവന്‍ തിരക്കി:
"നിങ്ങള്‍ ഡിക്റ്ററ്റീവാണോ?"
മറുപടി ഒരു മന്ദഹാസം മാത്രം, അവള്‍ നടന്ന് നീങ്ങി..

പാര്‍ക്കില്‍ നിന്നിറങ്ങി മെയിന്‍ റോഡിലെത്തിയപ്പോള്‍ ഒരു സാന്‍ട്രോ കാര്‍ അവള്‍ക്കരികില്‍ വന്നു നിന്നു.കാര്‍ ഓടിച്ചിരുന്ന കൂട്ടുകാരി അവളോട് തിരക്കി:
"എന്തായി?"
"അവന്‍റെ കല്യാണം കഴിഞ്ഞു"
തുടര്‍ന്ന് പൂര്‍ണ്ണിമ തന്‍റെ കണ്ണിലെ കോണ്‍ടാക്റ്റ് ലെന്‍സ് ഊരി മാറ്റി.ഇപ്പോള്‍ ആ കണ്ണുകള്‍ക്ക് നീലനിറമായിരുന്നു, അവ നിറഞ്ഞ് തുളുമ്പിയിരുന്നു..
കാര്‍ ഓടിച്ച് വന്ന സുഹൃത്ത് എങ്ങനെ ആശ്വസിപ്പിക്കേണമെന്ന് അറിയാതെ അമ്പരന്ന് നിന്നപ്പോള്‍ അവള്‍ തന്‍റെ കണ്ണുകള്‍ തുടച്ചു, അപ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡാ...
ഐ മിസ് യൂ.

വാല്‍കഷ്ണം അഥവാ സത്യത്തില്‍ സംഭവിച്ചത്..

കരിമുട്ടത്തെ പത്താമുദയ മഹൊത്സവം മനോഹരമായിരുന്നു.അതിനിടക്ക് ഒരു ബാല്യകാല സഖിയെ കണ്ടു, പണ്ട് ഞാനൊരു സ്ഫടിക മയിലിനെ കൊടുത്തവളെ.തിരികെ മയിലിനെ പ്രതീക്ഷിച്ച എന്‍റെ കൈയ്യില്‍ അവളൊരു കൊച്ചിനെ തന്നു, അവളുടെ കൊച്ചിനെ!!
കലികാലം!!

എന്തായാലും അവള്‌ പോയപ്പോള്‍ എന്‍റെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡീ
ഐ മിസ്സ് യൂ.

നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍




നാഗരിക ജീവിതവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നാട്ടിന്‍പുറം നന്മ നിറഞ്ഞതാണെന്നാണ്‌ പറയപ്പെടാറുള്ളത്.എന്നാല്‍ ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും എന്ന പോലെ, ആ നന്മ പലകാര്യത്തിലും അപകടം സൃഷ്ടിക്കാറുണ്ട്.ഉദാഹരണത്തിന്, ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയുമായി സൌഹൃദത്തിലാണെന്ന് കരുതുക.നഗരത്തില്‍ ഇതൊരു സാധാരണ കാഴ്ചയാകാം, എന്നാല്‍ ഗ്രാമത്തില്‍ അവരുടെ ഭാവി ജീവിതം പോലും ഈ ഒരു ഒറ്റ ബന്ധത്തിന്‍റെ പേരില്‍ താറുമാറാകാം.ഇങ്ങനെയുള്ള ഒരു നാട്ടിന്‍ പുറത്തായിരുന്നു എന്‍റെ ജന്മം.

രണ്ടായിരത്തി പത്ത്, ഫെബ്രുവരി ആറ്...

"ഹലോ, ഗിരീഷേ ഞാനാ"
"അണ്ണാ ഞങ്ങളങ്ങോട്ട് പോയ് കൊണ്ടിരിക്കുവാ"
"ഓക്കേ, ഓക്കേ ചെന്നിട്ട് വിളിക്കണം"
"ശരിയണ്ണാ, പതിനൊന്ന് കഴിയും"

ഇപ്പൊ സമയം എട്ട് മണി.ഇനിയും മൂന്ന് മണിക്കൂര്‍ കൂടി.അവരവിടെ ചെന്ന് വിളിക്കുന്ന വരെ ഒരു സമാധാനവുമില്ല.ഇതാണ്‌ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കുഴപ്പം.നാട്ടിലൊരു അത്യാവശ്യം ഉണ്ടായാല്‍ പെട്ടന്ന് ചെന്നെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല.പിന്നെ ആകെ ആശ്രയം മൊബൈലാ.

കാപ്പി കുടിച്ചെന്ന് വരുത്തി.ഇനി ഗിരീഷിന്‍റെ ഫോണ്‍ വരുന്ന വരെ ഒരു സമാധാനവുമില്ല.എട്ട് മണിക്ക് തിരിച്ചാല്‍ എന്തായാലും ഒരു മണിക്കൂറിനകം അങ്ങ് ചെന്നെത്താം.എന്നിട്ടും പതിനൊന്ന് കഴിയുമെന്ന് പറയാന്‍ കാരണം എന്താണോ ആവോ?
എന്‍റെ ദേവി, രക്ഷിക്കണേ...
തല പെരുക്കുന്നത് പോലെ.ഇന്നലെ രാത്രിയില്‍ തുടങ്ങിയ ടെന്‍ഷനാ.

പതിവില്ലാതെ രാവിലെ ഒരു കുളി.പൂജാമുറിയില്‍ കയറി.അല്ല, ഇതിനെ പൂജാമുറി എന്ന് പറയാന്‍ കഴിയില്ല.ഹാളിന്‍റെ ഒരു മൂലക്ക് ഇഷ്ടദൈവങ്ങളുടെ ഫോട്ടോയും വിളക്കും വച്ചിരിക്കുന്നു, അത്രമാത്രം.വിളക്ക് കത്തിച്ച് അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിച്ചപ്പോ മനസിനൊരു ആശ്വാസം പോലെ.സമയം നോക്കിയപ്പൊ ഒമ്പതരക്ക് അഞ്ച് മിനിറ്റ്.
അവരവിടെ എത്തി കാണണം.വീണ്ടും മൊബൈലെടുത്തു..

"ഗിരീഷേ.."
"അണ്ണാ, വണ്ടി പഞ്ചറായി, വഴിയിലാ"
ദൈവമേ, എല്ലാം തടസ്സങ്ങളാണെല്ലോ?
വിവരം അറിയാന്‍ എന്താ വഴി?
എന്‍റെ മാനസികാവസ്ഥ അറിയാവുന്നതിനാലാവാം, ഗിരീഷിന്‍റെ ആശ്വസിപ്പിക്കല്‍..
"അണ്ണാ, സമാധാനമായി ഇരിക്ക്.എന്തായാലും പതിനൊന്ന് കഴിയണം.ഞാന്‍ വിളിക്കാം"
ഇപ്പോ ഒമ്പതര, ഇനി ഒന്നെര മണിക്കൂര്‍ കൂടി.
ദൈവമേ!!

സിഗററ്റ് വലി ശീലമല്ല, അത്ര ഇഷ്ടവുമല്ല.പിന്നെ വലിക്കുന്നത് വല്ലപ്പോഴും ടെന്‍ഷന്‍ കൂടുമ്പോള്‍ മാത്രം.ഇപ്പോ സിഗററ്റ് വലിക്കണമെന്ന് ഒരു ആഗ്രഹം.അടുത്ത കടയില്‍ ചെന്നപ്പോള്‍ പയ്യനു അത്ഭുതം.അല്ല, വര്‍ഷം മൂന്നായി ഇവിടെ താമസം ആരംഭിച്ചിട്ട്, ഇത് വരെ ഞാന്‍ സിഗററ്റ് വലിച്ച് അവന്‍ കണ്ടിട്ടില്ല.
"ഭായി, വില്‍സ് മാത്രമേ ഉള്ളു"
എന്നെ സംബന്ധിച്ച് സിഗററ്റിന്‍റെ ബ്രാന്‍ഡ് ആയിരുന്നില്ല അറിയേണ്ടത്, ഒരു പുക ഉള്ളില്‍ ചെല്ലണം, അത്രേ ഉള്ളു.പണ്ട് ആരോ പറഞ്ഞ പോലെ, ആത്മാവിനു ഒരു പുക!

മനസിന്‍റെ തോന്നല്‍ എന്ന് വിശേഷിപ്പിക്കാം, ഒരു രണ്ട് പൊക അകത്ത് ചെന്നതോടെ ഒരു ആശ്വാസം പോലെ.പത്ത് മണി കഴിഞ്ഞു, പഞ്ചറ്‌ ഒട്ടിച്ച് ഗിരീഷ് അങ്ങ് എത്തേണ്ട സമയം ആയിരിക്കുന്നു.

സ്വല്പം വെള്ളം കുടിക്കാമെന്ന് കരുതി അടുക്കളയിലോട്ട് കയറിയപ്പോള്‍ മൊബൈല്‍ ബല്ലടിക്കുന്ന ശബ്ദം.ഓടി വന്ന് ഫോണെടുത്തു.ഗിരീഷിന്‍റെ വിളി പ്രതീക്ഷിച്ചടത്ത് പകരം കണ്ട നമ്പര്‍ എന്‍റെ സപ്ത നാഡികളെ തളര്‍ത്തുന്നതായിരുന്നു.ഏത് നിമിഷവും വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന, എന്നാല്‍ അങ്ങനൊരു വിളി വന്നാല്‍ എന്ത് മറുപടി പറയണമെന്നറിയാതെ ഭയപ്പെട്ടിരുന്ന അതേ നമ്പര്‍.
ഗൌരിയുടെ നമ്പര്‍...

ഓ, ക്ഷമിക്കണം.
ഗൌരിയെ നിങ്ങള്‍ക്ക് അറിയില്ല അല്ലേ?
അവളെന്‍റെ കൂട്ടുകാരിയാ.ഞാന്‍ പറഞ്ഞില്ലേ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും അകറ്റി നിര്‍ത്തുന്ന എന്‍റെ നാടിനെ പറ്റി.ആ നാട്ടില്‍ നിന്നും എനിക്ക് ആകെ ലഭിച്ച കൂട്ടുകാരി.ശരിക്കും പറഞ്ഞാല്‍ ഒരു പതിനഞ്ച് വര്‍ഷം മുമ്പ് അമ്പലമുറ്റത്ത് വച്ച് ചാമ്പക്ക തന്ന് എന്‍റെ മനസ്സ് കവര്‍ന്ന ഒരു അനുജത്തി.എന്നെക്കാള്‍ നാല്‌ വയസ്സിനു ഇളപ്പം.നാട്ടുകാരും വീട്ടുകാരം ആദ്യമൊക്കെ സംശയഭാവത്തില്‍ വീക്ഷിച്ചിരുന്നെങ്കിലും, അവസാനം സമ്മതിച്ച് തന്ന, ഒരുപക്ഷേ എന്‍റെ നാട്ടിലെ ആദ്യത്തെ, രക്തബന്ധത്തിനു ഉപരിയായുള്ള സഹോദരസഹോദരി ബന്ധത്തിലെ ഒരു കണ്ണി.കൂടെ പിറക്കാതെ പോയ എന്‍റെ അനുജത്തി.

ഫോണ്‍ അറ്റന്‍ഡ് ചെയ്യണോ വേണ്ടായോ?
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല.ഏക ആശ്രയം എന്ന് കരുതിയാകണം അവള്‍ വിളിക്കുന്നത്.അവളെ കണ്ടിട്ട് ഒരു മാസം കൂടി ആയില്ല, അന്ന് അവള്‍ വളരെ സന്തോഷത്തിലായിരുന്നു.ഞാന്‍ വീട്ടില്‍ വന്നത് അറിഞ്ഞ് ഓടി വന്നിരുന്നു അവള്‍.
"ചേട്ടാ, ഒരു വിശേഷമുണ്ട്"
"എന്താടി?"
"ചേട്ടനൊരു അമ്മാവനാകാന്‍ പോകുന്നു"
ആ വിശേഷം എന്നോട് നേരിട്ട് പറയണം എന്ന ആഗ്രഹമാകാം അവളെ ഫോണ്‍ വിളിച്ച് അറിയിക്കാന്‍ സമ്മതിക്കാതിരുന്നത്.ഗൌരിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോല്‍ മുറപ്രകാരം അല്ലെങ്കിലും ഞാന്‍ അമ്മാവന്‍ തന്നെ.
അന്ന് ഒരുപാട് സന്തോഷിച്ചു..
ആ വാര്‍ത്ത മാത്രമായിരുന്നില്ല കാരണം, ഗൌരിയുടെ മുഖത്ത് കണ്ട സന്തോഷം.അത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു.ഒരു രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ അവള്‍ അത്ര സന്തോഷിച്ച് കാണുന്നത്.
തിരിച്ച് ബാംഗ്ലൂരിലേക്ക് വരാന്‍ നേരം അവള്‍ ഒരു കാര്യം കൂടി പറഞ്ഞു:
"ചേട്ടാ, ദാസേട്ടനു ബോംബയില്‍ ഒരു ജോലി ശരിയായി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കാ.അടുത്ത മാസം പോകും"
"അപ്പോള്‍ നീയോ?"
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അവളുടെ കണ്ണുകളില്‍ ചെറിയ നാണം.
ചെറുചിരിയോട് മുഖം കുനിച്ച അവള്‍ പിന്നീട് തല ഉയര്‍ത്തിയപ്പോള്‍ ഒരു വിഷാദ ഭാവം, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന പോലെ..
"എന്താ മോളേ?"
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
ഇതാണ്‌ ഗൌരി..
ഒരേ കാര്യത്തില്‍ സന്തോഷവും സങ്കടവും കണ്ടെത്തുന്നവള്‍.

"ഗൌരി.."
"ചേട്ടാ.." മറുപുറത്ത് നിശബ്ദത.
പതിയെ പതിയെ ഫോണിലൂടെ കാതില്‍ വന്നലക്കുന്ന ഒരു ഏങ്ങലടി ശബ്ദം.
"മോളേ, കരയാതെടാ.." എന്‍റെ സ്വരം ഒന്ന് ചിലമ്പിയോ.
വാക്കുകള്‍ വായില്‍ വരുന്നില്ല, ഒടുവില്‍ ഒരുവിധം പറഞ്ഞു:
"ദൈവത്തോട് പ്രാര്‍ത്ഥിക്ക്, ഞാനും പ്രാര്‍ത്ഥിക്കാം"
പിന്നെ അധികം ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല, ഫോണ്‍ പതിയെ കട്ട് ചെയ്തു.

ഇതേ പോലെ ഒരിക്കല്‍ മാത്രമേ ഗൌരി കരഞ്ഞിരുന്നുള്ളു.
അത് ദാസിനു വേണ്ടിയായിരുന്നു...
നാട് മൊത്തം എതിര്‍ത്ത പ്രേമമായിരുന്നു ഗൌരിയും ദാസും തമ്മിലുണ്ടായിരുന്നത്.സത്യം പറയണമല്ലോ, ഗൌരിയെ ദാസ് കല്യാണം കഴിക്കുന്നത് എനിക്കും എതിര്‍പ്പായിരുന്നു.അതിനു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
എന്‍റെ അറിവില്‍ ദാസ് നല്ലവനാണ്.സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവന്‍.അവന്‍റെ ശാപം ആ സുഹൃത്തുക്കളായിരുന്നു, അവരുടെ പ്രശ്നങ്ങളായിരുന്നു.നാട്ടിലെ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ അവന്‍റെ പേര്‌ വരാന്‍ അധികം താമസമുണ്ടായിരുന്നില്ല.ആയിടക്കായിരുന്നു ഇവരുടെ പ്രേമം നാടറിഞ്ഞത്.

"എനിക്ക് ദാസേട്ടനെ കല്യാണം കഴിച്ചാല്‍ മതി"
ഗൌരിയുടെ സ്വരത്തിനു പതിവില്‍ കൂടുതല്‍ കാഠിന്യം.എനിക്ക് അമ്പരപ്പായിരുന്നു, നാട്ടിന്‍പുറത്ത്‌കാരിയായ നാണം കുണുങ്ങി പെണ്ണിനു എവിടുന്നു കിട്ടി ഈ തന്‍റേടം.ഇതാവും പ്രേമത്തിന്‍റെ ശക്തി!!
എങ്കിലും പിന്തിരിപ്പിക്കാന്‍ ഞാനും ശ്രമിച്ചു:
"മോളേ, ദാസ് നല്ലവനാ, പക്ഷേ ഇന്നവന്‍റെ പേരില്‍ മൂന്ന് കേസുണ്ട്"
അതൊന്നും അവളെ ബാധിച്ചില്ല.ഒടുവില്‍ ആ മൂന്ന് കേസ്സും കോമ്പ്രമൈസാക്കാന്‍ ഞാന്‍ തന്നെ ഇറങ്ങി തിരിച്ചു.ഒത്ത് തീര്‍പ്പിനു ശേഷം എല്ലാവരുടെയും സമ്മതത്തോടെ വിവാഹനിശ്ചയം കഴിഞ്ഞപ്പോ ദാസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ നന്നാവാം"
ആ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു, ഒരുപാട്, ഒരുപാട്..

ഗിരീഷിന്‍റെ ഫോണ്‍..
"എന്തായടാ?"
"അണ്ണാ, ദാസിനെ കാണാന്‍ പറ്റിയില്ല.രാകേഷ് രാവിലെ അവനോട് സംസാരിച്ചിരുന്നത്രേ"
"അവന്‍ എന്ത് പറയുന്നു?"
"എന്ത് പറയാന്‍? പിന്നെ...കറക്റ്റ് വിവരം ഒരു അരമണിക്കൂര്‍ കഴിയുമ്പോള്‍ അറിയാമെന്നാ എല്ലാവരും പറയുന്നത്"
ഇനിയും അരമണിക്കൂര്‍...
കാത്തിരിക്കാം, കാത്തിരിക്കുക തന്നെ.

ഇതേ പോലെ ഒരിക്കല്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്.അതും ദാസിനു വേണ്ടി ആയിരുന്നു.ഗൌരിയുടെയും ദാസിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞതിന്‍റെ മൂന്നാം നാള്‍..
അന്നും ഗിരീഷായിരുന്നു ആ വിവം അറിയിച്ചത്..
ദാസ് പോലീസ് സ്റ്റേഷനിലാണ്.
അറിയാവുന്നവരെ ഒക്കെ വിളിച്ചു, തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് ഓടി.ചെന്നപ്പോള്‍ ചെറിയ കേസൊന്നുമല്ല, സ്ഥലത്തെ ഒരു വമ്പന്‍റെ മകന്‍റെ കൈ തല്ലി ഒടിച്ചതാ കേസ്.അവര്‍ക്ക് ഇത് റിക്കാര്‍ഡില്‍ വരണമെന്നില്ല, അതുകൊണ്ട് തന്നെ പോലീസ്സുകാരെ കൊണ്ട് ആവുന്ന തല്ലിക്കുകയാ.അകത്ത് നിന്നും ദാസിന്‍റെ നിലവിളി കാതില്‍ മുഴങ്ങുന്നു.
പതിയെ പുറത്തേക്കിറങ്ങി..
പോലീസ് സ്റ്റേഷനു മുന്നിലുള്ള ഗേറ്റില്‍ വെപ്രാളത്തോടെ കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടി, അത് ഗൌരിയല്ലേ?
"നീയെന്തിനാ ഇവിടെ വന്നത്?"
"ദാസേട്ടന്‍....!!"
"വരും, ഞങ്ങള്‍ കൊണ്ട് വരും"
അവള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കി.

തുടര്‍ന്ന് കരഞ്ഞും കാല്‌ പിടിച്ചും ദാസനെ ഇറക്കിയപ്പോള്‍ രാത്രിയായി.അരിശമായിരുന്നു എനിക്ക്, അവനെ കൊല്ലാനുള്ള അരിശം.ഒന്നും ചോദിച്ചില്ല, എങ്കിലും അവന്‍ ഇങ്ങോട്ട് പറഞ്ഞു:
"മച്ചാ, ഞാന്‍ പരമാവധി നോക്കിയതാ, അവനാ ഇങ്ങോട്ട് വന്നത്.."
"കണ്ടില്ലാ, കേട്ടില്ലാന്ന് വച്ചുകൂടാരുന്നോ?"
"അത് പിന്നെ ഗൌരിയെ ഒരു രാത്രി വിട്ട് തരുമോന്ന് ചോദിച്ചപ്പോ...!"
അവന്‍റെ കണ്ണ്‌ കലങ്ങിയിരുന്നു.പോലീസുകാരുടെ ഇടി കൊണ്ട ശരീരത്തേക്കാള്‍ വേദന മനസിനാണെന്ന് തോന്നുന്നു.കെട്ടിപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു:
"കാര്യമെന്തെന്ന് അറിഞ്ഞില്ല, നീ ക്ഷമിക്ക്"
അവന്‍റെ കണ്ണുകളില്‍ പുത്തന്‍ ഉണര്‍വ്വ്..
വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ ശരിക്കും നന്നാവാം"

ആ വാക്ക് പാലിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു.എങ്കിലും ഇടക്കിടെ അവന്‍ ചെന്ന് ചാടുന്ന പ്രശ്നങ്ങള്‍ ഗൌരിയുടെ തീരാ കണ്ണീരിനു കാരണമായി.നീണ്ട രണ്ട് വര്‍ഷത്തെ ദാമ്പത്യം.എന്‍റെ അറിവില്‍ അത് അവള്‍ക്ക് ദുഃഖമാണ്‌ നല്‍കിയത്.ദാസിനോടൊപ്പമുള്ള സന്തോഷ നിമിഷത്തിലും അവന്‍റെ പ്രശ്നങ്ങള്‍ അവളെ ആധി പിടിപ്പിച്ചിരുന്നു എന്നതാണ്‌ സത്യം.
പിന്നെ അവളൊന്ന് ചിരിച്ച് കണ്ടത് കഴിഞ്ഞ യാത്രക്കാണ്..
ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനൊപ്പം, നാട് വിട്ട് ബോംബയിലെ സമാധാനപരമായ ജീവിതം അവള്‍ സ്വപ്നം കണ്ടിരിക്കാം.അവള്‍ക്ക് മാത്രമല്ല, അവനും ആ സ്വപ്നമുണ്ടെന്ന് മനസിലായത് അന്ന് തിരിച്ച് ബാംഗ്ലൂര്‍ക്ക് ബസ്സ് കയറുന്നതിനായി കാത്ത് നിന്നപ്പോഴാണ്.
അവിചാരിതമായി എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു:
"മച്ചാ, ബോംബക്ക് പോകുവാ, ഈ നശിച്ച നാട് മടുത്തു"
അന്ന് ആത്മാര്‍ത്ഥമായി പറഞ്ഞു:
"പോ, പോയി നന്നായി വാ"

ആ ദിവസത്തിനു ശേഷം ദാസിനെ പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുന്നത് ഇന്നലെയാണ്.ബോംബക്ക് പോകാനായി ഷോപ്പിംഗിനു ടൌണില്‍ പോകുന്ന വഴി ബൈക്ക് ആക്സിഡന്‍റായെന്നും, കാലിലൂടെ ലോറി കയറിയെന്നും, ഒരുപക്ഷേ കാല്‌ മുറിച്ച് കളയേണ്ടി വരുമെന്നും കേട്ടപ്പോള്‍ നടുങ്ങി പോയി.പിന്നീട് ഗിരീഷാണ്‌ പറഞ്ഞത് ഇന്ന് രാവിലെ ഓപ്പറേഷനുണ്ടെന്നും, അതിനു ശേഷം മാത്രമേ കാല്‌ മുറിക്കണോ വേണ്ടയോന്ന് അറിയാന്‍ സാധിക്കുകയുള്ളന്നും.
അന്നേരം തുടങ്ങിയ കാത്തിരിപ്പാണ്..
ഗര്‍ഭിണി ആയതിനാല്‍ ഗൌരിയെയും അവളുടെ അമ്മയേയും വീട്ടില്‍ നിര്‍ത്തി മറ്റുള്ളവരെല്ലാം മെഡിക്കല്‍ കോളേജില്‍ പോയിരിക്കുന്നു.ഇന്ന് വിവരം അറിയാന്‍ ഗിരീഷും പോയിട്ടുണ്ട്.എന്തായാലും അരമണിക്കൂറിനകം അറിയാം.
ദൈവമേ, ദാസിനൊന്നും വരുത്തരുതേ.

അടുത്ത സിഗറിറ്റിനു തീ കൊളുത്താന്‍ പോയപ്പോഴാ ഗിരീഷിന്‍റെ ഫോണ്‍ വന്നത്..
"എന്തായടാ?"
"അണ്ണാ, കുഴപ്പമില്ല, കാലില്‍ കമ്പിയിട്ടു"
ദൈവമേ, നീ കാത്തു!!
ലോറി കാലില്‍ കയറി ഇല്ലെന്നും, ഇടിച്ചതേ ഉള്ളെന്നും, ആറ്‌ മാസത്തെ ബെഡ്റെസ്റ്റ് കൊണ്ട് എല്ലാം ശരിയാകുമെന്നുമുള്ള അവന്‍റെ വിവരണങ്ങള്‍ കേട്ടപ്പോള്‍ മനസില്‍ സന്തോഷപൂമഴ.ഇനി ഗൌരിയെ വിളിക്കണം, അവളുടെ ദാസേട്ടനു ഒന്നും പറ്റിയില്ലെന്ന് അറിയിക്കണം, അവള്‍ക്ക് സന്തോഷമാകും.

നേരെ ഗൌരിയെ വിളിച്ചു, ഫോണെടുത്തത് അടുത്ത വീട്ടിലെ സേതുവാ..
"നീയെന്താ ഇവിടെ? ഗൌരിയെന്തേ?"
മറുപടിയായി ഫോണിലൂടെ കേട്ടത് ഗൌരിയുടെ അമ്മയുടെ നിലവിളി..
"എന്‍റെ മോളേ..നി എന്തിനിത് ചെയ്തു.."
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ.
"സേതു എന്താടാ? എന്ത് പറ്റി?"
"ഗൌരി ആത്മഹത്യ ചെയ്തു, തീ കൊളുത്തി"
ഫോണ്‍ കൈയ്യില്‍ നിന്ന് ഊര്‍ന്ന് വീണു.കസേരയിലേക്ക് ഇരിക്കുവായിരുന്നില്ല, വീഴുവായിരുന്നു.
എന്നാലും ഗൌരി.....
അവള്‍ ആത്മഹത്യ ചെയ്തെന്നോ?
എല്ലാവരേയും വിട്ട് പിരിഞ്ഞെന്നോ?
കഴിഞ്ഞ കൂടികാഴ്ചയില്‍ അവള്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങി..
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അറം പറ്റിയ വാക്കുകള്‍!!

നാട്ടില്‍ ചെല്ലുമ്പോള്‍ ഓടി വരുന്ന ഗൌരി ഇനി ഇല്ല.ചേട്ടാ എന്ന് വിളിച്ച് കൂടെ നില്‍ക്കാന്‍ ആ പെങ്ങള്‍ അവിടില്ല.ആ സത്യം ഉള്‍കൊള്ളാനേ പറ്റുന്നില്ല.ഈശ്വരന്‍മാരോട് ദാസിനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോ ഗൌരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നു.നന്നാവണം എന്ന ശ്രമത്തില്‍ ആശുപത്രി കിടക്കയിലായ ദാസിനോട് ആര്‌ ഈ വിവരം പറയും?
എനിക്ക് ഒന്നും അറിയില്ല, നിറഞ്ഞ് വന്ന കണ്ണുകള്‍ പതുക്കെ തുടച്ചു.
എന്‍റെ പൊന്ന് പെങ്ങളേ..
നീ എന്തിനിത് ചെയ്തു?
എന്നെ ഓര്‍ക്കണ്ടാ, ദാസിനെ ഓര്‍ക്കണ്ടാ, നിന്‍റെ വയറ്റില്‍ വളരുന്ന ഒരു കുഞ്ഞ് ജീവനെ ഓര്‍ത്ത് കൂടായിരുന്നോ?
കസേരയില്‍ ചാരി ഇരുന്നു കണ്ണുകള്‍ പതുക്കെ അടച്ചപ്പോള്‍ തെളിയുന്നത് അവളുടെ മുഖം മാത്രം..
നാണത്തോടൊപ്പം വിഷാദം കലര്‍ന്ന മുഖം..
കാതില്‍ മുഴങ്ങുന്നതും വിഷാദത്തിലുള്ള ആ വാചകം മാത്രം..
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
സങ്കടപ്പെടരുത്..
എന്‍റെ മനസ്സില്‍ ഒരു അനുജത്തി ആയി നീ എന്നും ജീവിക്കും.രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും.ആ നക്ഷത്രത്തിനൊപ്പം ഒരു കുഞ്ഞ് നക്ഷത്രമുണ്ടെങ്കില്‍ അതാണ്‌ നിന്‍റെ കുഞ്ഞെന്ന് വിശ്വസിക്കും.
എന്നിട്ട് ലോകത്തോട് ഞാന്‍ വിളിച്ച് പറയും..
മുകളില്‍ കാണുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന്, എന്‍റെ ഗൌരികുട്ടി ആണെന്ന്...
നക്ഷത്രങ്ങളെ ഞാന്‍ സ്നേഹിക്കുന്നെന്ന്.

കര്‍ക്കടക രാമായണം





(കൊല്ലവര്‍ഷം 1184 ലെ കര്‍ക്കടകമാസത്തില്‍, രാമായണ കഥ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണ്‌ ഈ കര്‍ക്കടക രാമായണം. അതിനിടയായ സാഹചര്യം ഒരു കഥയായി ഇവിടെ പറയുന്നു).

ശ്രീരാമ..രാമ..രാമ..
ശ്രീരാമനാമത്തിന്‍റെ മഹത്വം വളരെ വലുതാണ്..
കൈലാസത്തില്‍ വാഴുന്ന മഹാദേവന്‍ പോലും ആ നാമമാണ്‌ ജപിക്കുന്നത്.എന്തിനു, ഒരു കാട്ടാളന്‍ രാമനാമം ജപിച്ച് മഹാ മുനിയായി മാറി, ആ മുനിയാണ്‌ വാല്‌മീകി.ഇദ്ദേഹമാണ്‌ പില്‍ക്കാലത്ത് രാമായണം എന്ന മഹാകാവ്യം എഴുതിയത്.അതിനു ശേഷം എഴുത്തച്ഛന്‍ ഇതേ രാമായണം കിളിപ്പാട്ട് രൂപത്തില്‍ എഴുതി.
ഈ കലിയുഗത്തില്‍ മേല്‍ പറഞ്ഞ രാമായണ കഥ ഞാനും എഴുതി.
ആ കഥ എഴുതാനുള്ള കാരണം അറിയണ്ടേ??
അത് പറയാം..

മധ്യതിരുവിതാംകൂറിലെ ഒരു മാതൃകാ പോലീസ് സ്റ്റേഷന്‍..
കൊമ്പന്‍ മീശ വച്ച ഒരു സബ് ഇന്‍സ്‌പെക്ടറേയും, സമീപത്ത് വിനയകുനയിതനായി നില്‍ക്കുന്ന എന്നെയും നിങ്ങള്‍ക്ക് ഇവിടെ കാണാം.മൌനം വാചാലമെന്നല്ലേ?
അവരുടെ മൌനത്തില്‍ പോലും ഒരു ചോദ്യോത്തര പരിപാടി നടക്കുന്നുണ്ട്..
ഇന്‍സ്‌പെക്ടര്‍ ചോദ്യം ചോദിക്കുന്നു, ഞാന്‍ ഉത്തരം പറയുന്നു.
ഒന്ന് ശ്രദ്ധിച്ചേ, ഇപ്പോള്‍ നിങ്ങള്‍ക്കും അത് കേള്‍ക്കാം..

ആരെടാ നീ?
ഞാന്‍ അരുണ്‍ കായംകുളം.

കായംകുളം മൊത്തം നിന്‍റെയാണോ?
അയ്യോ അല്ല!!

പിന്നെ അരുണ്‍ കായംകുളമെന്ന് പറഞ്ഞത്?
അത് സ്റ്റൈലിനു വിളിക്കുന്നതാ.

ആര്‌ വിളിക്കുന്നത്?
ഞാന്‍ തന്നെ!!

പരിചയപ്പെടല്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി.കര്‍ക്കടക രാമായണം എന്ന ബ്ലോഗ് തുടങ്ങിയതും, അതില്‍ രാമായണത്തെ ഒരു കഥയായി എഴുതിയതിനു പിന്നിലെ ചേതോവികാരവും എന്താണെന്ന്?
അതിനു മറുപടിയായി ഞാന്‍ വിശദീകരിച്ചത് ഒരു കഥയാണ്,
ആ കഥ ഞാന്‍ ഇവിടെ വിവരിക്കാം..

ഒരിക്കല്‍ കൂടി എന്‍റെ കഥയില്‍ ഞാന്‍ നായകനാകുന്നു.
കാരണം??
ബാക്റ്റീരിയ അല്ല!!
പിന്നെ??
വൈറസ്സ്..
കമ്പ്യൂട്ടര്‍ വൈറസ്സ്!!
സംഭവം ഇങ്ങനെ..
പുതിയ പ്രോജക്റ്റ് തുടങ്ങി.ഞാന്‍ അതില്‍ ജോയിന്‍ ചെയ്ത അന്ന് തന്നെ കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ വൈറസ്സ് കേറി.ഒറ്റ ദിവസത്തിനുള്ളില്‍ കമ്പനിയിലെ എല്ലാ ജോലികളും നിലച്ചു.
കമ്പിനിക്ക് എന്തിനാ എതിരാളികള്‍?
എന്നെ പോലെ ഒരു ജോലിക്കാരന്‍ പോരെ??
നല്ല ഐശ്വര്യമാ!!
ഇപ്പോള്‍ ആകെ ജോലി ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയേഴ്സിനു മാത്രം.
പുതിയ ഓപ്പറേറ്റിഗം സിസ്റ്റം ഇടുന്നു, സോഫ്റ്റ്‌വെയെഴ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു..
അങ്ങനെ ആകെ ജഗപൊഗ!!
എനിക്കും കിട്ടി പുതിയൊരു കമ്പ്യൂട്ടര്‍, പക്ഷേ അതില്‍ ജോലി ചെയ്യാമെന്ന് വച്ചാല്‍ എനിക്ക് വേണ്ടതൊന്നും അതിലില്ല.പുതു പെണ്ണിനെ തൊടാന്‍ നാണിക്കുന്ന നവവരനെ പോലെ, രണ്ട് ദിവസം അതിനു മുമ്പില്‍ കൈയ്യും കെട്ടി ഞാന്‍ ഇരുന്നു.
മൂന്നാം നാള്‍..
അന്നൊരു സംഭവമുണ്ടായി..
ആ ദിവസം ഒരു വഴിത്തിരിവായി..

2009 ജൂലൈ 15
പതിവു പോലെ കമ്പ്യുട്ടറിനെ നോക്കി നാണിച്ചിരുന്ന എന്നോട്, ആ യന്ത്ര തരുണി ഒരു ചോദ്യം ചോദിച്ച ഫീലിംഗ്:
"ചേട്ടനൊരു കഥ എഴുതി കൂടെ?"
അത് കേട്ടതും ഒരു പഴയ സിനിമയിലെ ആദ്യരാത്രിയുടെ സീന്‍ ഓര്‍മ്മ വന്നു..
അതില്‍ നാണിച്ച് നില്‍ക്കുന്ന നവവരനോട് പുതുപെണ്ണ്‌ പറഞ്ഞു,
ചേട്ടനു പേടിയാണെങ്കില്‍ എന്നോട് ചേര്‍ന്നിരുന്നോ!!
ബെസ്റ്റ്!!
കഥയെങ്കില്‍ കഥ..
പക്ഷേ എന്ത് കഥ??
ആ ചിന്തയാണ്‌ രാമായണം എഴുതാനുള്ള പ്രചോദനമായത്!!

ആദ്യം വിഘ്നേശ്വരനോട് അനുവാദം ചോദിച്ചു, അദ്ദേഹം സമ്മതിച്ചു.പിന്നെ ശ്രീരാമദേവനോട് ചോദിച്ചു, പുള്ളിക്കും നോ പ്രോബ്ലം.എന്നിട്ടും തൃപ്തി വരാതെ ഞാന്‍ ഭാര്യയെ വിളിച്ചു:
"മോളേ, ഒരു കാര്യം പറയാന്‍ വിളിച്ചതാ"
"എന്താ ചേട്ടാ?"
"ഞാന്‍ ബ്ലോഗില്‍ രാമായണം എഴുതിയാലോന്ന് ആലോചിക്കുവാ.."
ഒരു നിമിഷം..
മറുഭാഗത്ത് നിശബ്ദത.
പിന്നെ കേള്‍ക്കുന്നത് സത്യന്‍ അന്തിക്കാടിന്‍റെ പടത്തില്‍, കെ.പി.എ.സി ലളിത പറയുന്ന പോലെ ഒരു ഡയലോഗ്:
"എന്‍റീശോയേ, അതിയാനു ഇത് എന്തിന്‍റെ കേടാ?"
എന്തേ??
തുണിയുടുക്കാതെ തമ്പാനുര്‍ സ്റ്റേഷനില്‍ നില്‍ക്കട്ടേ എന്നല്ലല്ലോ ചോദിച്ചത്??
രാമായണം എഴുതിയാലോന്നല്ലേ??
മറുപടി പറയാതെ അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

പതുക്കെ ഞാന്‍ പെങ്ങളെ വിളിച്ചു, എന്നിട്ട് രാമായണം എഴുതുന്നതിനെ കുറിച്ച് പറഞ്ഞു.മറുഭാഗത്ത് നിന്നും മറുപടി പ്രതീക്ഷിച്ച എന്‍റെ കാതില്‍ അവളുടെ വായില്‍ നിന്നും വന്ന, ഒരു അക്ഷരം മാത്രം ആവര്‍ത്തിച്ച് കേട്ടു:
"ഹി..ഹി..ഹി..ഹി..ഹി"
അവള്‍ ചിരിക്കുന്നു!!
ആരോഹണത്തില്‍ നിന്ന അവരോഹണത്തിലേക്കും, പിന്നീട് അവരോഹണത്തില്‍ നിന്ന് ആരോഹണത്തിലേക്കും സഞ്ചരിച്ച് ഒരു പൊട്ടിച്ചിരിയില്‍ അവസാനിപ്പിച്ച ശേഷം അവള്‍ പറഞ്ഞു:
"അയ്യോ.. കഷ്ടം!!"
വേണ്ടായിരുന്നു, ഇവളെ വിളിക്കണ്ടായിരുന്നു!!

ഭാര്യയും, പെങ്ങളും കൈവിട്ടിടത്ത് സുഹൃത്ത് ശരണം എന്ന് കരുതി, ഞാന്‍ മൊട്ടുണ്ണി എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനെ വിളിച്ചു, എന്നിട്ട് പറഞ്ഞു:
"എടാ, ഞാന്‍ രാമായണം എഴുതാന്‍ പോകുവാ"
അത് കേട്ടതും അവനൊരു സംശയം, അതവന്‍ മറച്ച് വയ്ക്കാതെ ചോദിച്ചു:
"അരുണേ, അത് പണ്ട് വാല്‍മീകി എഴുതിയതല്ലേ?"
ഓഹോ..
അതെനിക്കറിയില്ലാരുന്നു!!
നിനക്ക് ഇത്രക്ക് വിവരമോ??
തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"വാല്‍മീകി മാത്രമല്ല, എഴുത്തച്ഛനും എഴുതിയതാ"
അത് കേട്ട് അവന്‍ മറുപടി പറഞ്ഞു:
"എന്നാല്‍ വേണ്ടളിയാ, പുതുമയുള്ള വല്ല കഥയും എഴുത്"
കഷ്ടം!!
ഇവനോട് ചോദിച്ച എന്നെ തല്ലണം!!
ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റാക്കി.

അങ്ങനെ വിഷമിച്ചിരുന്ന എനിക്ക് ഒരു ഫോണ്‍ വന്നു, സ്വന്തം അളിയന്‍റെ ഫോണ്‍.കമ്പ്യൂട്ടറിനെ കുറിച്ചും, ഇലക്ട്രോണിക്സ്സ് ഐറ്റങ്ങളെ കുറിച്ചും നല്ല ബോധമുള്ള അവന്‍, എന്‍റെ ഭാര്യയില്‍ നിന്നും ഞാന്‍ കഥ എഴുതാന്‍ പോകുന്ന വിവരം അറിഞ്ഞ് വിളിച്ചതാ.ഫോണ്‍ എടുത്ത എന്‍റെ കാതില്‍, അവന്‍റെ ചോദ്യം കുളിര്‍മഴയായി:
"ചേട്ടന്‍ രാമായണം എഴുതുന്നെന്ന് കേട്ടു"
"അതേ അളിയാ, ആധുനിക ജനതയ്ക്ക് എളുപ്പം ദഹിക്കുന്ന രീതിയില്‍ ഒരു ആവിഷ്ക്കാരം"
അളിയന്‌ എല്ലാം മനസിലായി, അവന്‍ ആകാംക്ഷയോട് ചോദിച്ചു:
"അപ്പോള്‍ രാമരാവണയുദ്ധത്തില്‍ തോക്ക്‌ ഒക്കെ കാണുവോ?"
തോക്കോ??
രാമരാവണ യുദ്ധത്തിലോ??
കാണും കാണും..
എന്തിനാ തോക്ക് മാത്രം ആക്കുന്നത്??
ജറ്റ്, ടാങ്കര്‍, സ്ക്കഡ്, പേട്രിയറ്റ്, കുഴിബോംബ്..
അങ്ങനെ എന്തെല്ലാമുണ്ട്!!

തലക്ക് കൈയ്യും വച്ചിരുന്ന എന്നോട് അവന്‍ പിന്നെയും ചോദിച്ചു:
"ആധൂനിക രീതിയിലാണോ കഥയും ആവിഷ്ക്കരിക്കുന്നത്?"
അതേ അളിയാ, അതേ..
ഹനുമാന്‍ ലങ്കയിലോട്ട് ചാടുന്നതിനു പകരം എയര്‍ ഇന്ത്യായുടെ വിമാനത്തില്‍ പോകും..
ലങ്കാദഹനത്തിനു പകരം ലങ്കയില്‍ ബോംബ് വയ്ക്കും..
ബാലി എന്ന കുരങ്ങനെ രാമന്‍ എന്‍കൌണ്ടറില്‍ കൊല്ലും..
മാരീചന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്സ് ഉപയോഗിച്ച് മാനാകും..
രാവണന്‍ സീതയെ കിഡ്നാപ്പ് ചെയ്യും..
ഗവണ്‍മെന്‍റ്‌ രാവണന്‍റെ തലക്ക് വിലയിടും..
ഒരു തലക്ക് പത്ത് ലക്ഷം..
മൊത്തം പത്ത് തല, അപ്പോള്‍ ഒരു കോടി രൂപ!!
രാവണനെ വെടി വച്ച് കൊന്നിട്ട്, പാരിതോഷികം സ്വന്തമാക്കി എല്ലാരും സുഖമായി ജീവിക്കുന്നു.
അങ്ങനെ ആകെ മൊത്തം ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍!!
ആധുനിക കഥ കേട്ട് അളിയനു സന്തോഷമായി, അവന്‍ ചോദിച്ചു:
"അപ്പോള്‍ ഇതാണോ ചേട്ടന്‍റെ പ്ലാന്‍?"
ഇത് മാത്രമല്ല, ഒരു ചിരവ എടുത്ത് നിന്‍റെ തലക്കടിക്കാനും പ്ലാനുണ്ട്!!
പിന്നല്ല!!
മേല്‍ പറഞ്ഞ മനോഭാവത്തില്‍ ഇരുന്ന എന്നോട് അളിയന്‍ പിന്നേയും ചോദിച്ചു:
"എന്നാ ചേട്ടാ എഴുതുന്നത്?"
ഇല്ലളിയാ, ഞാന്‍ ഒന്നും എഴുതുന്നില്ല!!

ഞാന്‍ പറഞ്ഞ ഈ കഥ കേട്ട് ഇന്‍സ്‌പെക്ടര്‍ വീണ്ടും ചോദിച്ചു:
"അപ്പോള്‍ നീ രാമായണം എഴുതിയില്ലേ?"
എഴുതി!!
ഇന്‍സ്‌പെക്ടറുടെ ആ ചോദ്യത്തിനു മറുപടിയായി, ആദ്യം പറഞ്ഞ കഥയുടെ ബാക്കി ഞാന്‍ പറഞ്ഞു:
"എന്‍റെ സാറേ, ഹനുമാന്‍സ്വാമി എഴുതാന്‍ പറഞ്ഞു.എഴുതിയില്ലങ്കില്‍ എന്നേയും, അതിനു തടസ്സം നില്‍ക്കുന്നവരെയും ശരിയാക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോല്‍ ഞാന്‍ എഴുതി"
ഇത് കേട്ട് ഇന്‍സ്‌പെക്ടര്‍ ഞെട്ടി, ഇനി ഹനുമാന്‍ സ്വാമി അങ്ങേരെ ശരിയാക്കുമെന്ന് കരുതിയാകും, അയാള്‍ പറഞ്ഞു:
"നീ പോയ്ക്കോ"
അങ്ങനെ ഞാന്‍ കുറ്റവിമുക്തനായി.
കഥ തീര്‍ന്നു, പക്ഷേ ശരിക്കും കാരണം അറിയുമോ?
അത് പറയാം..

കൊടകരപുരാണത്തിന്‍റെ കര്‍ത്താവായ വിശാലേട്ടന്‍റെ, മഹാഭാരത കഥകള്‍ എന്ന ബ്ലോഗ് കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആശയം.ഈശ്വരാനുഗ്രഹത്തോടൊപ്പം, സ്വന്തം ഭാര്യയായ ദീപയുടെയും, അനിയത്തി ചിത്രയുടെയും, അളിയന്‍ ഗോപന്‍റെയും, മച്ചുനന്‍ വിനോദിന്‍റെയും, മറ്റ് ബ്ലോഗേഴ്സായ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനത്തില്‍ യാഥാര്‍ത്ഥ്യമായി.
ആ ബ്ലോഗിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു..

കര്‍ക്കടക രാമായണം

ഈ സംരംഭത്തെ നല്ല രീതിയില്‍ ഉള്‍ക്കൊണ്ട എല്ലാവര്‍ക്കും നന്ദി.
ശ്രീരാമഭഗവാന്‍റെ അനുഗ്രഹം ഏവര്‍ക്കുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇനി..
കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള നിങ്ങളുടെ..
വിലയേറിയ അഭിപ്രായങ്ങള്‍..
വിലയേറിയ നിര്‍ദേശങ്ങള്‍..
വിലയേറിയ വിമര്‍ശനങ്ങള്‍..
അറിയിക്കണേ..

കരിമുട്ടം ദേവിക്ഷേത്രം




ഇതാണ്‌ കരിമുട്ടം ദേവിക്ഷേത്രം..
കായംകുളം റെയില്‍വേസ്റ്റേഷനു അടുത്ത് പെരിങ്ങാല എന്ന പ്രദേശത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സകല അഭിഷ്ട പ്രദായിനി ആയ ഭദ്രദേവി ആണ്‌ ഇവിടെ കുടികൊള്ളുന്നത്, എന്‍റെ കരിമുട്ടത്തമ്മ.ഈ ക്ഷേത്രത്തിനടുത്തായി കണ്ഠകാളന്‍ നട മഹാദേവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിലേക്കുള്ള വഴി..


കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

പത്താമുദയം:
മേടമാസത്തിലെ പത്താമുദയ മഹോത്സവം ആണ്‌ ഇവിടുത്തെ പ്രധാന ഉത്സവം.അന്നേ ദിവസം ഊരുവലത്ത്, നൂറ്റി ഒന്ന് കലം വഴിപാട്, കെട്ടുകാഴ്ച, ദീപാരാധന, സേവ, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പറയ്ക്ക് എഴുന്നെള്ളിപ്പ്:
മകരമാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചയാണ്‌ സാധാരണയായി പറക്ക് എഴുന്നെള്ളിപ്പ് ആരംഭിക്കുന്നത്.വെള്ളിയാഴ്ച തെക്കേ കരയിലും, ശനിയാഴ്ച വടക്കേ കരയിലും, ഞയറാഴ്ച കിഴക്കേ കരയിലും, തിങ്കളാഴ്ച പടിഞ്ഞാറേ കരയിലും അമ്മ പറയ്ക്ക് എഴുന്നെള്ളുന്നു.തുടര്‍ന്നുള്ള നാല്‌ ദിവസങ്ങളില്‍ ഇതേ കര ക്രമത്തില്‍, അമ്മ ഈ കരകളില്‍ നിന്നും അന്‍പൊലി സ്വീകരിക്കുന്നു.അങ്ങനെ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പറയ്ക്ക് എഴുന്നെള്ളിപ്പ് സമാപിക്കുന്നു.

പൊങ്കാല:
മകരമാസത്തിലെ രണ്ടാമത്തെ ഞയറാഴ്ച അമ്മയുടെ സന്നിധിയില്‍ പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള ഭാഗ്യവും ഇവിടുത്തെ ഭക്തര്‍ക്ക് ലഭിച്ചിരിക്കുന്നു.

നവാഹയജ്ഞം:
ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇവിടെ നവാഹയജ്ഞം നടത്താറുണ്ട്.ഒമ്പത് നാള്‍ അന്നദാനത്തോടൊപ്പം നടത്തുന്ന നവാഹയജ്ഞത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും നടത്തി വരുന്നു.

നവരാത്രി മഹോത്സവം:
വിവിധ സംഗീത പരിപാടികളോട് ആഘോഷിക്കുന്ന നവരാത്രി മഹോത്സവമാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം.

വിനായകചതുര്‍ത്ഥി:
അന്നേ ദിവസം ആയിരത്തെട്ട് നാളീകേരം സമര്‍പ്പിച്ചുള്ള അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണ്.

വൃശ്ചികചിറപ്പ്:
ഇതിനോട് അനുബന്ധിച്ച് നാല്‍പത്തി ഒന്ന് ദിവസം വായനയും അയ്യപ്പന്‍മാരുടെ ആഭിമുഖ്യത്തില്‍ കഞ്ഞിയും നടത്തി പോകുന്നു.

പൌര്‍ണ്ണമി:
എല്ലാ പൌര്‍ണ്ണമിക്കും ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്‍റെ നേതൃത്വത്തില്‍ വായന ഉണ്ടായിരിക്കുന്നതാണ്.

എല്ലാവര്‍ക്കും കരിമുട്ടത്തമ്മയുടെയും, കണ്ഠകാളന്‍ നട മഹാദേവന്‍റെയും അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം


മൂന്ന് ശ്ലോകങ്ങള്‍




രാമായണം

പൂര്‍വ്വം രാമതപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം
സുഗ്രീവ സംഭാക്ഷണം
ബാലീനിഗ്രഹം സമുദ്രതരണം
ലങ്കാപുരി ദാഹനം
പശ്ചാത് രാവണകുംഭകര്‍ണ്ണ നിധനം
ഹേതദ്ധി രാമായണം

മഹാഭാരതം

ആദൌ പാണ്ഡവ ധാര്‍ത്താഷ്ടജനനം
ലാക്ഷാ ഗൃഹേ ദാഹനം
ദ്യുതം ശ്രീഹരണം വനേവിഹരണം
മത്സ്യാലയേ വര്‍ത്തനം
ലീലാഗോഗ്രഹണം രണേ വിഹരണം
സന്ധിക്രിയാജ്യം ഭരണം
പശ്ചാത് ഭീഷ്മസുയോധനാദി നിധനം
ഏതന്മഹാഭാരതം

ഭാഗവതം

ആദൌ ദേവകി ദേവി ഗര്‍ഭജനനം
ഗോപീഗൃഹേ വര്‍ദ്ധനം
മായാപതന ജീവിതാപഹരണം
ഗോവര്‍ദ്ധനോദ്ധാരണം
കംസഛേദന കൌരവാദിഹനനം
കുന്തി സുതപാലനം
ഹേതൃത് ഭാഗവതം പുരാണകഥിതം

ഗം ഗണപതയെ നമഃ




ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം



അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ

സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൌരി
നാരായണി നമോസ്തുതേ

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com