(ഇതൊരു കഥയാണ്, നമ്മുടെ ബൂലോകത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ, 'റീബില്‍ഡ് ഡാം-സേവ് കേരള' എന്ന സംരംഭത്തിനു ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.)
സോപ്പ് പെട്ടി അച്ഛന്‍റെ കൈയ്യിലും, അതിന്‍റെ മൂടി അമ്മയുടെ കൈയ്യിലും, ഉള്ളിലുള്ള സോപ്പ് മകന്‍റെ കൈയ്യിലുമായി വേര്‍പിരിയുന്ന കുടുംബവും, വര്‍ഷങ്ങള്‍ക്ക് ശേഷം സോപ്പുപെട്ടിയുടെ സഹായത്താല്‍ ഇവര്‍ ഒന്നിക്കുന്ന ക്ലൈമാക്സ്സും അടങ്ങിയ കദന കഥകള്‍ ഒരുക്കിയ മലയാള സിനിമാ വേദിയിലെ കാരണവന്‍മാരെ മനസില്‍ ധ്യാനിച്ചാണ് ഞാന്‍ ഈ കഥ എഴുതിയത്.അതിനാല്‍ തന്നെ കുറച്ച് ട്വിസ്റ്റുകള്‍ ഉണ്ടെന്നത് ഒഴിവാക്കിയാല്‍, എന്‍റെ ഈ കഥയും അത്തരത്തില്‍ ഒന്നാണ്...
ഒരു സാരിയില്‍ തുടങ്ങി, ആ സാരിയില്‍ തന്നെ അവസാനിക്കുന്ന ഒരു കദനകഥ!!
ഈ കഥയിലെ സാരിയുടെ നിറം ചുവപ്പാണ് എന്നതാണ് ക്ലൈമാക്സിലെ പ്രധാന ട്വിസ്റ്റ് എന്ന മുഖവുരയോട് കൂടി കഥ തുടങ്ങുന്നു..
2012 ഡിസംബര്‍ 21..
മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുമെന്ന് പറയുന്ന ദിവസം.
സ്ഥലം : പെരിയാറിന്‍റെ തീരം.
മനോഹരന്‍റെ പെങ്ങളായ മനോഹരിയുടെ കല്യാണമാണിന്ന്.പേരിനോട് നീതി പുലര്‍ത്താത്ത രൂപം ആയതിനാല്‍ ആരും അവളെ ശ്രദ്ധിക്കുന്നില്ല, എന്നാല്‍ എല്ലാവരുടെയും കണ്ണ് അവള്‍ ഉടുത്ത സാരിയില്‍ ആയിരുന്നു.കണ്ടവര്‍ കണ്ടവര്‍ എടുത്തു പറഞ്ഞു:
"മനോഹരി, അതി മനോഹരമായിരിക്കുന്നു"
"എന്നെയാണോ?"
"അല്ല, നിന്‍റെ സാരി"
ഈ സംഭാക്ഷണങ്ങള്‍ക്ക് പഴയ ഒരു പരസ്യത്തിന്‍റെ നിഴലുണ്ടെങ്കിലും സംഭവം സത്യമായിരുന്നു, സാരി മനോഹരമായിരുന്നു.
ഇനി സാരിയെ പറ്റി രണ്ട് വാക്ക്, അതും മനോഹരിയുടെയും അവളുടെ വീട്ടുകാരുടെയും അഭിപ്രായത്തില്‍..
മനോഹരിയുടെ വാക്കുകള്‍:
"കല്യാണത്തിനു വരാന്‍ സാധിക്കാത്തതിനാല്‍ ചേട്ടന്‍ അയച്ച് തന്നതാ, പതിനായിരം രൂപയാ വില"
മനോഹരിയുടെ അച്ഛനായ ഭാസ്ക്കരന്‍:
"ഉഗാണ്ടയില്‍ നിന്ന് എന്‍റെ മോന്‍ വാങ്ങിയ സാരിയാ, അമ്പതിനായിരം രൂപയാ വില"
ഭാസ്ക്കരന്‍റെ കെട്ടിയോളും, രണ്ട് പെറ്റവളുമായ മണിച്ചി:
"ഒരു ലക്ഷം രൂപ വിലയുള്ള സാരിയാ, കണ്ടാ പറയുമോ?"
ഇല്ല, ഒരിക്കലുമില്ല, ആരും പറയില്ല!!
ഇവരുടെ സംഭാക്ഷണങ്ങളിലെ അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ ആ സാരി മനോഹരന്‍ വാങ്ങിയത് തന്നെയായിരുന്നു.അറബിക്കടലിലൂടെ ഒഴുകി നടക്കുന്ന ഒരു കപ്പലിലെ ജോലിക്കാരനായ അവന്‍, തന്‍റെ പ്രിയ പെങ്ങള്‍ക്ക് അയച്ചു കൊടുത്ത വിവാഹസമ്മാനമാണ് ആ സാരി..
ഈ സാരിയാണ് ഇനി കഥ മുന്നോട്ട് കൊണ്ട് പോകുന്നതും!!
കഥയുടെ മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പ് ഒരു ചരിത്രം പറയാം..
1789ല്‍ തമിഴ്നാട് കേന്ദ്രമാക്കി നടന്ന ഒരു ചരിത്ര സംഭവം..
തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയുടെ നേതൃത്വത്തില്‍, പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലായിരുന്നു..
അന്ന് അത് നടന്നില്ല!!
എന്നാല്‍ ഇതിന്‍റെ തുടര്‍ച്ചയായി ബ്രട്ടീഷുകാരും ഇതിനായി ശ്രമം ആരംഭിച്ചു..
അങ്ങനെ ഒടുവില്‍ 1864 ല്‍ ഇവര്‍ ഒരു അണക്കെട്ടിന്റെ രൂപരേഖ ഉണ്ടാക്കുകയും തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ തിരുവിതാംകൂറിന്‍റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്ന ഈ കാരാറിനെ ആദ്യമെല്ലാം രാജാവ് എതിര്‍ത്തു.ഒടുവില്‍ 1886 ല്‍ ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ ഈ ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ നിര്‍ബന്ധിതരാക്കി.
ആ അണക്കെട്ടിന്‍റെ കരാറിന്‍റെ ഏകദേശരൂപം ഇപ്രകാരമായിരുന്നു..
പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടില്‍ നിന്ന് നൂറ്റി അമ്പത്തിയഞ്ച് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഈ അണക്കെട്ടില്‍ ഉപയോഗപ്പെടുത്താം.ഇതിനായി ഈ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എണ്ണായിരം ഏക്കര്‍ സ്ഥലവും, പിന്നെ നിര്‍മ്മാണത്തിനായി നൂറ് ഏക്കര്‍ സ്ഥലവും പാട്ടമായി നല്‍കും.
പാട്ടത്തിനു എന്ന് പറയുമ്പോള്‍ തിരുവിതാംകൂറിനു കിട്ടുന്ന പാട്ടത്തുക അറിയേണ്ടേ??
ഏക്കറിനു അഞ്ച് രൂപ തോതില്‍ നാല്‍പ്പതിനായിരം രൂപ!!
കേരളം രക്ഷപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
ഒന്നും രണ്ടുമല്ല, നാല്‍പ്പതിനായിരം രൂപ..
കരാര്‍ കഴിയുന്ന വരെ എല്ലാവര്‍ഷവും ഇത് കിട്ടും, അപ്പോള്‍ കരാറിന്‍റെ കാലാവധി അറിയേണ്ടേ?
അത് ബാറ്റാ കമ്പനിയുടെ ഷൂവിന്‍റെ വില പോലെയാ..
999 വര്‍ഷം!!
(സത്യം പറയട്ടെ, മരിച്ച് പോയവരെ കുറ്റം പറയരുതെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍ത്തിട്ടാ, ഇല്ലേല്‍ ഇമ്മാതിരി ഒരു കരാര്‍ ഉണ്ടാക്കിയവനെ ഞാന്‍ തന്തക്ക് വിളിച്ചേനേ!!)
തീര്‍ന്നിട്ടില്ലാ...
രണ്ട് കൂട്ടര്‍ക്കും താല്‍പര്യമാണെങ്കില്‍ വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി ഈ കരാര്‍ നീട്ടാമത്രേ!!
(സോറി അച്ഛാ, അവന്‍മാരെ ഞാന്‍ തന്തക്ക് വിളിച്ചു!!)
ഇനി നമ്മുടെ കഥ..
കല്യാണ സമയം ആവുകയാണ്..
മനോഹരിയുടെ മനസിലും, മണ്ഡപത്തിലും ഒരേ പോലെ നാദസരം!!
വരനെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു, ഇനി മനോഹരി മണ്ഡപത്തില്‍ വന്നിരിക്കണം.
ഈ സമയത്താണ് കഥയുടെ ഫസ്റ്റ് ടിസ്റ്റ്..
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിയായ ബെന്നി കുക്കിന്‍റെ അഭിപ്രായത്തില്‍ അമ്പത് വര്‍ഷമാണ് അതിന്‍റെ ആയുസ്സ്.അതിയാന്‍ കണക്കിനു വീക്കായതാണോ, അതോ ദൈവത്തിന്‍റെ ഒരു രക്ഷാകവചമാണോന്ന് അറിയില്ല, ആയിരത്തി എണ്ണൂറ്റി തൊണ്ണുറ്റിയാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിനു ഇത് വരെ കുഴപ്പമൊന്നും പറ്റിയില്ല!!
നമ്മുടെ കഥയിലെ വിവാഹദിവസപ്രകാരം, അതായത് രണ്ടായിരത്തി പന്ത്രണ്ട് ആകുമ്പോള്‍ ഏകദേശം നൂറ്റി പതിനാറ് കൊല്ലത്തോളമാകും.അന്നേ ദിവസം ഈ അണക്കെട്ട് പൊട്ടിയാലോ??
അല്ല, പൊട്ടി എന്ന് കരുതുക!!
ടൈറ്റാനിക്ക് പോലെയുള്ള സിനിമകളിലൂടെ, കുത്തിയൊലിച്ച് ഒഴുകി വരുന്ന വെള്ളത്തിന്‍റെ ശക്തി അറിയാവുന്ന നമുക്ക് അത് ഊഹിക്കാവുന്നതേയുള്ളു..
വിവാഹവേഷത്തില്‍ മണ്ഡപത്തിലിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് മീതേ.......
ആ വിവാഹവേദിയില്‍ ആടി പാടി നടന്ന പിഞ്ചു പൈതങ്ങള്‍ക്ക് മീതേ...
പുതിയ ജീവിതം സ്വപ്നം കണ്ട് നടക്കുന്ന യുവാക്കള്‍ക്ക് മീതേ.....
മുല്ലപ്പെരിയാറിലെ വെള്ളത്തിന്‍റെ സംഹാരതാണ്ഡവം!!
അവിടുന്നും കുത്തിയൊലിക്കുന്ന വെള്ളം പാവപ്പെട്ട കുറേ മനുഷ്യരുടെ കൂടി ജീവിതമെടുത്താല്‍??
ഭയാനകമായിരിക്കും, ചിന്തിക്കുന്നതിലേറെ ഭയാനകം!!
ആ സംഹാരതാണ്ഡവം തടയാന്‍ കഴിയുമെന്ന് വിശ്വസിക്കാവുന്നത് ഇടുക്കി അണക്കെട്ടിനു മാത്രം.അവിടെ വച്ച് ഇത് നിന്നില്ലെങ്കിലോ??
ഇടുക്കി അണക്കെട്ടും തകര്‍ന്നാലോ??
തീര്‍ന്നു!!
കേരളത്തിലെ പത്ത് നാല്‍പ്പത് ലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ച് കൊണ്ട് അറബിക്കടലിലേക്കൊരു മലവെള്ള പാച്ചില്‍..
ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികളുടെ കുടുംബങ്ങള്‍ക്ക് മീതെ, അണകെട്ടി നിര്‍ത്തപ്പെട്ട വെള്ളത്തിന്‍റെ കാലപാശം..
ഒന്നു കൂടി വിശദമാക്കിയാല്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ , ആലപ്പുഴ എന്നീ ജില്ലകള്‍ ശവപ്പറമ്പിനു തുല്യമാകും..
പരശുരാമന്‍ തെക്ക്-വടക്ക് മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചെങ്കില്‍, മുല്ലപ്പെരിയാര്‍ കിഴക്ക്-പടിഞ്ഞാറ് വെള്ളമെറിഞ്ഞ് കേരളം നശിപ്പിക്കും!!
അതിനു ശേഷം..
കേരളത്തില്‍ ആദ്യം ന്യൂസ്സ് അറിയുന്ന മൂന്ന് മന്ത്രിമാര്‍ ഞെട്ടല്‍ രേഖപ്പെടുത്തും!!
അടുത്ത അഞ്ച് പേര് അനുശോചനം രേഖപ്പെടുത്തും!!
പിന്നെ ആദരാഞ്ജലി, കറുത്ത കൊടി, ജാഥ, വിലാപം...
ആര്‍ക്ക് പോയി??
പോയവര്‍ക്ക് പോയി!!
തമിഴ്നാടും വിലപിക്കും..
കണ്ണാടി വച്ച കാരണവരും, തമിഴ്നാടിന്‍റെ പഴയ സ്വപ്നറാണിയും ഒരേ സ്വരത്തില്‍ പറയും:
"ഉണ്‍മയിലെ തെരിയാത്, ബ്ലേഡ് കൊണ്ട് വരഞ്ഞതെന്ന് നിനച്ചേ"
ബെസ്റ്റ്!!
കേട്ടില്ലേ??
പല മാധ്യമങ്ങളിലൂടെ അണക്കെട്ടിന്‍റെ പൊട്ടല്‍ വിശദമാക്കിയ ഫോട്ടൊയൊക്കെ കണ്ടപ്പോള്‍ ആരോ ബ്ലേഡ് കൊണ്ട് വരഞ്ഞതാകും എന്നാ അവര്‍ കരുതിയതെന്ന്!!
അല്ല, അവരെ കുറ്റം പറയേണ്ടാ..
നമ്മള്‍ അത്രയും ബോധവത്ക്കരണമേ നടത്തിയട്ടുള്ളു!!
ഇനി മറ്റൊരു സത്യം, ഇടുക്കി ഡാം പൊട്ടിയാല്‍ കേരളം ഇരുട്ടിലാകാന്‍ അധികം താമസം വേണ്ടാ.ഇപ്പോള്‍ തന്നെ പവര്‍ക്കെട്ടിലോടുന്ന കേരളത്തിനു അതോടെ വെളിച്ചം നഷ്ടമാകും.ഇവിടെ നമുക്ക് ആശ്രയം പഴമൊഴികള്‍ മാത്രം..
"വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം"
തമിഴ്നാടിനെയും, സുപ്രീം കോടതിയേയും, ഇന്ത്യയിലെ കോടിക്കണക്കിനു സഹോദരങ്ങളെയും ബോധവത്ക്കരിച്ച് എത്രയും വേഗം അണക്കെട്ട് പുതുക്കി പണിതില്ലെങ്കില്‍ അതിന്‍റെ അനന്തരഫലം ഏകദേശം ഇങ്ങനെയാകും.മനോഹരി എന്ന ഒരു പെണ്‍കുട്ടിയുടെ കഥ മാത്രം ഇങ്ങനെ ചിന്തിച്ചാല്‍, നാല്‍പ്പത് ലക്ഷം ആള്‍ക്കാര്‍ക്ക് അത്രത്തോളം കഥകളും കാണും!!
സൂര്യന്‍ അസ്തമിക്കുമ്പോള്‍ മാത്രമല്ലാതെ, നട്ടുച്ചക്കും അറബിക്കടല്‍ ചുവന്നിരിക്കാന്‍ ഈ കഥകള്‍ ഒരു കാരണമാകാം.
ഇതൊഴിവാക്കാന്‍ നമുക്ക് ഒന്ന് ചേരാം..
അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ക്ലൈമാക്സ്സ് ഇങ്ങനെയുമാവാം..
ആ ക്ലൈമാക്സ് പറയാന്‍ വീണ്ടും ഞാന്‍ കഥയിലേക്ക് പോകുകയാണ്..
ചുവന്ന സാരിയുടെ കഥയിലേക്ക്..
സര്‍വ്വം നശിപ്പിച്ച മലവെള്ളപാച്ചിലില്‍, ഒരു പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് അടര്‍ന്ന് പോയ സാരി ഒഴുകി ഒടുവില്‍ അറബിക്കടലിലെത്തി.കേരളക്കരയുടെ ദുഃഖവാര്‍ത്തയറിഞ്ഞ് ഭ്രാന്തനെ പോലെ കപ്പലില്‍ കഴിയുന്ന ഒരു വ്യക്തി ആ സാരി കണ്ടു.തന്‍റെ പ്രിയ സഹോദരിക്ക് അയച്ച് നല്‍കിയ വിവാഹസമ്മാനം മരണത്തില്‍ പോലും അവളെ പുതക്കുന്നില്ല എന്ന തിരിച്ചറിവില്‍ അവന്‍ അലറി പറഞ്ഞു:
"കേരളം ദൈവത്തിന്‍റെ നാടല്ല, ചെകുത്താന്‍റെ നാടാണ്...ചെകുത്താന്‍റെ നാട്!!"
2 comments:
ഈ കഥ ഒരിക്കലും സത്യമാകരുതെ എന്ന് മനസില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്..
ഈ കഥക്ക് സമാനമായ ഒരു അനുഭവം ഒഴിവാക്കാനായി നമ്മളാല്‍ ആവുന്നത് ചെയ്യാന്‍ ഒന്നിച്ച് നില്‍ക്കാന്‍ അപേക്ഷിച്ചു കൊണ്ട്..
കേരളം എന്നും ദൈവത്തിന്‍റെ സ്വന്തം നാടായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി!!
ചില പ്രത്യേക കാരണങ്ങാള്‍ കമന്‍റ് ഓപ്പ്ഷന്‍ അടച്ചിടുകയാണ്, ദയവായി ക്ഷമിക്കുക.
Post a Comment