
(ഒരിക്കല്‍ വനിതയിലെ ഒരു മത്സരത്തിനായി എഴുതുകയും പിന്നീട് ബ്ലോത്രത്തിനു അയച്ചു കൊടുക്കുകയും ചെയ്തു.അങ്ങനെ 2009ല്‍ ബ്ലോത്രം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
'അറബികടലിന്‍റെ റാണി'
കൊച്ചിയുടെ സൌന്ദര്യത്തിനു ലോകം ചാര്‍ത്തി കൊടുത്ത വിശേഷണം.
എന്നാല്‍ അധോലോക നേതാക്കളുടെയും രാഷ്ട്രീയ മേലാളന്‍മാരുടെയും സംരക്ഷണയില്‍ വളരുന്ന കൊട്ടേഷന്‍ സംഘങ്ങളാണ് ഇന്നത്തെ കൊച്ചിയുടെ മുഖമുദ്ര.അത്തരത്തിലുള്ള ഒരു സംഘം ഇന്ന് വളരെ സന്തോഷത്തിലാണ്,കാരണം വളരെ നാള്‍ കൂടിയിട്ടാണ് അവര്‍ക്ക് ഇങ്ങനെ ഒരു ദൌത്യം കിട്ടുന്നത്,ഒരാളെ കൊല്ലാനുള്ള ദൌത്യം.....
തങ്ങളുടെ ഇരയെ തേടി ആ സംഘം പുറപ്പെട്ട സമയത്ത് തന്നെയാണ് അറുപതിനോടടുത്ത് പ്രായമുള്ള ഒരാള്‍ കടലിനോട് ചേര്‍ന്നുള്ള ആശുപത്രിയില്‍ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നത്.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാള്‍ കടല്‍ക്കരയിലേ ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.അയാളെ കുറിച്ച് പറയുകയാണങ്കില്‍ മുഷിഞ്ഞ വേഷത്തില്‍ ഉള്ള ഒരു പ്രാകൃത രൂപം,മൊത്തത്തില്‍ ഒരു ഭ്രാന്തന്‍റെ ലക്ഷണം.
ഇത് ചെമ്പന്‍കുഞ്ഞ്...
മുക്കുവനായി ജനിച്ച് ബോട്ടുമുതലാളിയായി മാറിയവന്‍.
വിധിയുടെ വിളയാട്ടം,അല്ലാതെന്താ?
അല്ലെങ്കില്‍ സമ്പന്നതയുടെ നടുവില്‍ നിന്നും ഒരാള്‍ പെട്ടന്ന് ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുമോ?
കണ്ട് നില്‍ക്കുന്നവര്‍ക്ക് ചിരിക്കാനായി മുതലാളിയുടെ രൂപത്തില്‍ നിന്നും ഭ്രാന്തന്‍റെ രൂപത്തിലേക്ക് ഒരു വേഷപകര്‍ച്ച.
ചെമ്പന്‍കുഞ്ഞിനെ പറ്റി കൂടുതല്‍ അറിയുന്നതിനു മുമ്പ് മറ്റൊരാളെ പരിചയപ്പെടാനുണ്ട്,ചെമ്പന്‍കുഞ്ഞിന്‍റെ മരുമകന്‍,ധീരനും വീരനും പണക്കാരനുമായ പളനി.കൈയ്യില്‍ പൂത്ത കാശ് ഉണ്ടങ്കിലും നല്ല ഒരു മുക്കുവനായ പളനി കരയില്‍ നില്‍ക്കുന്നത് അപൂര്‍വ്വമാണ്.തന്‍റെ ഭാര്യ കറുത്തമ്മയില്‍ വിശ്വാസം അര്‍പ്പിച്ച് അവന്‍ എപ്പോഴും കടലിലായിരിക്കും.ഇന്നും പതിവുപോലെ തന്‍റെ ബോട്ടില്‍ ഒറ്റയ്ക്ക് പളനി കടലിലേക്ക് പോയിട്ടുണ്ട്,പുലര്‍ച്ചയ്ക്ക് മുമ്പ് കഴിയുന്നത്ര മീനുമായി വരാന്‍.എന്നാല്‍ ബോട്ട് നിറയെ ചെറുമീനിനെ പ്രതീക്ഷിച്ച് പോയ പളനിയെ കാത്തിരുന്നത് ഒരു സ്രാവായിരുന്നു,ഒരുപാട് മുക്കുവരെ കാലപുരിക്ക് അയച്ച ഒരു ഭയങ്കര സ്രാവ്.
അന്ന് രാത്രി..
കടലില്‍ നിന്നും കരയിലേക്ക് ബോട്ട് ഓടിക്കുമ്പോള്‍ പളനി നല്ല ആഹ്ളാദത്തിലായിരുന്നു.അയാള്‍ ഇടയ്ക്കിടെ തന്‍റെ മൊബൈലില്‍ നോക്കുന്നുണ്ടായിരുന്നു,റേഞ്ച് ഉണ്ടോ എന്നറിയാന്‍.കറുത്തമ്മയെ വിളീക്കണം എന്നിട്ട് താന്‍ ഒറ്റയ്ക്ക് ഒരു സ്രാവിനെ പിടിച്ച കാര്യം പറയണം.
കറുത്തമ്മ വിശ്വസിക്കില്ല,പക്ഷേ ഇതിനെ കാണുമ്പോള്‍ വിശ്വസിക്കുമല്ലോ?
അയാള്‍ അഭിമാനത്തോടെ ബോട്ടില്‍ കിടക്കുന്ന വലിയ സ്രാവിനെ നോക്കി.കൊമ്പനാ,തന്നെയും കൊണ്ട് ചുഴിയില്‍ പോകാന്‍ കഴിവുള്ളവന്‍.കിടക്കുന്ന കിടപ്പ് കണ്ടില്ലേ?
പെട്ടന്ന് പളനിയുടെ മൊബൈല്‍ ബെല്ലടിച്ചു,കറുത്തമ്മയാ...
തന്‍റെ ഭാര്യയുടെ ഈ ഒരു കോളിനു വേണ്ടിയാണല്ലോ ഇത്രയും നേരം കാത്തിരുന്നത് എന്ന സന്തോഷത്തില്‍ പളനി മൊബൈല്‍ എടുത്തു,എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു:
"മോളേ,ഒരു ഹാപ്പി ന്യൂസ്സ്"
"ചേട്ടാ, അവര്‍ ചേട്ടനെ കൊല്ലും" കറുത്തമ്മയുടെ പരിഭ്രാന്തി കലര്‍ന്ന ശബ്ദം.
കൊല്ലുമെന്നോ? ആര്?
എന്താണന്ന് പളനിയ്ക്ക് മനസ്സിലാകും മുമ്പേ പളനിയുടെ കഴുത്തില്‍ ഒരു കുരുക്ക് വീണു.കണ്ണില്‍ ഇരുട്ട് കയറി ശ്വാസം കിട്ടാതെ പിടയുന്ന ആ നിമിഷവും കറുത്തമ്മ പറയുന്നത് പളനിക്ക് കേള്‍ക്കാമായിരുന്നു:
"ചേട്ടാ,അവര്‍ അച്ഛനെ..."
പിന്നീട് പളനി ഒന്നും കേട്ടില്ല.
കറുത്തമ്മ..
കടപ്പുറത്തെ മാണിക്യം.ചെമ്പന്‍കുഞ്ഞിന്‍റെ ഇഷ്ടപുത്രി.പ്രീഡിഗ്രിക്ക് നല്ല മാര്‍ക്ക് വാങ്ങിയതിനു ചെമ്പന്‍കുഞ്ഞ് അവള്‍ക്ക് ഒരു മൊബൈല്‍ സമ്മാനിച്ചു.അവിടെ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.ആ മൊബൈല്‍ ആയിരുന്നു പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും സ്നേഹബന്ധത്തിനു വഴി തെളിയിച്ച രാജഹംസം.അതേ,അവരുടെ പ്രേമബന്ധം തുടങ്ങിയത് തന്നെ കറുത്തമ്മയ്ക്ക് വന്ന ഒരു ഫോണ്‍കാളിലൂടെ ആയിരുന്നു.
"ഹലോ" കറുത്തമ്മ ഫോണെടുത്തു.
"റസാക്ക് ഇല്ലേ?" മറുപുറത്ത് നിന്നും ഒരു ആണിന്‍റെ ശബ്ദം.
തന്‍റെ ഫോണില്‍ വിളിച്ച് ഏതോ റസാക്കിനെ അന്വേഷിച്ച ആ അപരിചിതനോട് കറുത്തമ്മ തിരിച്ച് ചോദിച്ചു:
"റസാക്കോ?നിങ്ങള്‍ ആരാ?"
"ഞാന്‍ പരീക്കുട്ടി,നിങ്ങള്‍ റസാക്കിനെ വിളിക്കു" മറുഭാഗത്ത് നിന്നുള്ള ആവശ്യം.
"സോറി,റോങ്ങ് നമ്പര്‍" കറുത്തമ്മ ഫോണ്‍ വച്ചു.
അതായിരുന്നു തുടക്കം.
തന്‍റെ മൊബൈലില്‍ വിളിച്ച് റസാക്കിനെ അന്വേഷിച്ച പരീക്കുട്ടിയെ കുറിച്ച് തിരക്കിയ കറുത്തമ്മ കണ്ട്മുട്ടിയത് ഒരു യുവകോമളനെ ആയിരുന്നു,പലിശക്കാരന്‍ പരീക്കുട്ടിയെ.പലിശ എന്ന് പറയുമ്പോള്‍ കൊള്ളപലിശ അല്ല,ന്യായമായ പലിശയ്ക്ക് പാവപ്പെട്ട മുക്കുവരെ സഹായിക്കുന്ന ഒരു സുന്ദരന്‍.
ആ പരിചയം പ്രണയമായി...
കടപ്പുറം മൊത്തം അറിഞ്ഞ ആ പ്രണയത്തെ ചെമ്പന്‍കുഞ്ഞ് എതിര്‍ത്തില്ല.അങ്ങനെ ആ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ചെമ്പന്‍കുഞ്ഞ് ആവശ്യപ്പെട്ട പ്രകാരം കറുത്തമ്മ പരീക്കുട്ടിയെ ഫോണ്‍ ചെയ്തത്.
"എന്താ കറുത്തമ്മേ?"
"അപ്പനു കുറച്ച് കാശ് വേണമായിരുന്നു,ബോട്ട് വാങ്ങാനാ....."
ഒന്നു നിര്‍ത്തിയിട്ട് കറുത്തമ്മ തുടര്‍ന്നു:
"....ബോട്ട് കടലില്‍ പോയി തുടങ്ങുമ്പോള്‍ അപ്പന്‍ കാശ് തിരിച്ച് നല്‍കും"
അങ്ങനെ കറുത്തമ്മയുടെ സ്നേഹത്തില്‍ വിശ്വസിച്ച് പരീക്കുട്ടി തന്‍റെ സമ്പാദ്യമെല്ലാം ചെമ്പന്‍കുഞ്ഞിനു കൊടുത്തു.
പിന്നെ ചെമ്പന്‍ കുഞ്ഞിന്‍റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.ബോട്ട് കടലില്‍ പോയി തുടങ്ങിയപ്പോള്‍ കിട്ടിയ കാശ് ചെമ്പന്‍കുഞ്ഞ് പരീക്കുട്ടിക്ക് കൊടുക്കാതെ ചതിച്ച നിമിഷം മുതല്‍ പരീക്കുട്ടിയുടെ പതനവും തുടങ്ങി.ദിവസവും ആറും ഏഴും തവണ ഫോണ്‍ ചെയ്യുമായിരുന്ന കറുത്തമ്മ പിന്നെ പിന്നെ വിളിക്കാതെയുമായി.അവളുടെ മൊബല്‍ നമ്പറില്‍ ശ്രമിച്ചപ്പോള്‍ അങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ലന്ന മറുപടിയും.
പരീക്കുട്ടി മാനസികമായി തകര്‍ന്നു.
പിന്നീട് കൂട്ടുകാര്‍ പറഞ്ഞാണ് അവളുടെ കല്യാണം തീരുമാനിച്ച കാര്യം പരീക്കുട്ടി അറിയുന്നത്.ആ കൂട്ടുകാരന്‍ കൊടൂത്ത മൊബൈല്‍ നമ്പറില്‍ ശ്രമിച്ചപ്പോള്‍ കറുത്തമ്മയെ ലൈനില്‍ കിട്ടി.കറുത്തമ്മ തന്നെ ഇപ്പോഴും പ്രണയിക്കുന്നു എന്ന് കരുതിയ പരീക്കുട്ടിയോട് അവളുടെ മറുപടി ഇപ്രകാരമായിരുന്നു:
"ഇന്നത്തെ കാലത്ത് ജീവിക്കാന്‍ സ്നേഹം മാത്രം പോരാ പരീക്കുട്ടി,കാശും വേണം.നിങ്ങളുടെ കൈയ്യില്‍ അതില്ല,കാശ് കൈയ്യിലുള്ള പളനിയ്ക്ക് ഞാന്‍ തല നീട്ടാന്‍ പോകുകയാ"
അടുത്ത നിമിഷം മൊബൈല്‍ കട്ടായി.
കറുത്തമ്മയ്ക്ക് വേണ്ടാ എന്ന് പറഞ്ഞിട്ടും അവളെ ഒറ്റി കൊടുക്കാന്‍ പരീക്കുട്ടി തയാറായിരുന്നില്ല.ചെമ്പന്‍കുഞ്ഞ് നിര്‍ബന്ധിച്ച് അവളെ വേറെ കല്യാണം കഴിപ്പിച്ചതാണെന്നാണ് അവന്‍ എല്ലാരോടും പറഞ്ഞത്.
കടപ്പുറത്ത് ഉള്ളവര്‍ അത് ഒരു പരിശുദ്ധ പ്രണയത്തിന്‍റെ അന്ത്യമായി കരുതി.
'മാനസ മൈനേ വരൂ....മധുരം....'
തന്‍റെ മൊബൈലിലെ റിഗ്ടോണാണ് പരീക്കുട്ടിയെ ഭൂതകാലസ്മരണയില്‍ നിന്നും തിരികെ കൊണ്ട് വന്നത്.കറുത്തമ്മ തന്നെ വേണ്ടാ എന്ന് പറഞ്ഞ് പോയ ദിവസം ഇട്ട റിഗ്ടോണാണ്,ഇത് വരെ മാറ്റിയില്ല.പരീക്കുട്ടി ഫോണെടുത്ത് നോക്കി.ഡോക്ടറാ വിളിക്കുന്നത്,കൊടുത്ത കാശ് പോരാ എന്ന് പറയാനാകും ചെയ്ത് തന്ന ഉപകാരത്തിനു അത്രയും മതി.പരീക്കുട്ടി ഫോണ്‍ കട്ട് ചെയ്തു.
കുറച്ച് മുമ്പ് കറുത്തമ്മയെ ഫോണ്‍ ചെയ്തതാണല്ലോ ചിന്തകള്‍ കാട് കയറാന്‍ കാരണം എന്ന് ആലോചിച്ചപ്പോള്‍ പരീക്കുട്ടി ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു,പോയി കറുത്തമ്മയെ ഒന്നു കാണണം.താന്‍ വിളിച്ചപ്പോള്‍ അവള്‍ കടലില്‍ പോയ പളനിയെ കാത്തിരിക്കുകയാണ് എന്നാ പറഞ്ഞത്.പിന്നീട് കറുത്തമ്മയുമായി സംസാരിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ പരീക്കുട്ടി അറിയാതെ ചിരിച്ച് പോയി.അയാള്‍ എഴുന്നേറ്റ് കറുത്തമ്മയുടെ വീട്ടിലേക്ക് നടന്നു.
കറുത്തമ്മയുടെ വീട്ടില്‍ കയറിയ പരീക്കുട്ടിയെ എതിരേറ്റത് കറുത്തമ്മയുടെ വിറങ്ങലിച്ച ശവശരീരമായിരുന്നു.അതിനടുത്ത് ഒരു ഒഴിഞ്ഞ വിഷ കുപ്പിയും ഒരു എഴുത്തും ഉണ്ടായിരുന്നു.ആ എഴുത്തില്‍ ഇങ്ങനെ എഴുതിയിരുന്നു,
പരീക്കുട്ടി,
ഒരിക്കല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നു,പക്ഷേ ഇന്ന് ഞാന്‍ മറ്റൊരാളുടെ ഭാര്യയാണ്.
കുറച്ച് മുമ്പ് എന്താ നിങ്ങള്‍ എന്നെ വിളിച്ച് പറഞ്ഞത്?
പളനി ചേട്ടനെ കൊല്ലാന്‍ ആളെ വിട്ടെന്നോ?
ശരിയാ,അവര്‍ എന്‍റെ ചേട്ടനെ കൊന്നു.
തലവേദനയുമായി ചെന്ന അച്ഛനെ ഡോക്ടറെ കൊണ്ട് ഡോസ്സ് കൂടിയ മരുന്ന് കുത്തി വച്ച് ഭ്രാന്തനാക്കിയെന്ന് കൂടി നിങ്ങള്‍ അവകാശപ്പെട്ടല്ലോ?
അവിടെയും നിങ്ങള്‍ ജയിച്ചു അല്ലേ?
ഇനി നിങ്ങള്‍ക്ക് എന്‍റെ ശരീരം വേണമല്ലേ?
അത് നിങ്ങള്‍ക്ക് ജീവനോടെ കിട്ടില്ല.
അങ്ങനെ എപ്പോഴും നിങ്ങള്‍ ജയിക്കേണ്ട.
ഞാന്‍ പോകുന്നു,എന്‍റെ പളനി ചേട്ടന്‍റെ അടുത്തേയ്ക്ക്.
സത്യം എന്തെന്ന് നാളെ കാലം തെളിയിക്കും.
കറുത്തമ്മ.
ആ എഴുത്ത് വായിച്ച് പരീക്കുട്ടി ഒന്നു ചിരിച്ചു.
'ഇല്ല കറുത്തമ്മ,പരീക്കുട്ടി തോല്‍ക്കില്ല,തോല്‍ക്കാനല്ല പരീക്കുട്ടി ഈ കളിയൊക്കെ കളിച്ചത്.
തന്നെ ചതിച്ചിട്ട് ആരും അങ്ങനെ സുഖിച്ച് ജീവിക്കേണ്ടാ.
നിന്‍റെയോ എന്‍റെയോ മൊബൈലിലെ സിമ്മിനോ,നീ എഴുതിയ ഈ എഴുത്തിനോ സത്യം തെളിയിക്കാന്‍ കഴിയില്ല.നാളെ ലോകം കണ്ടെത്തുന്ന സത്യം എന്നെ കേന്ദ്രീകരിച്ച് ആയിരിക്കും.
അങ്ങനെ പരീക്കുട്ടി വിജയിക്കും.'
ഇത്രയും മനസ്സില്‍ പറഞ്ഞിട്ട് അവളുടെ ആ വിറങ്ങലിച്ച ശരീരവും എടുത്ത് അയാള്‍ കടലിലേക്ക് നടന്നു.
ഇനി നമ്മള്‍ക്ക് കാത്തിരിക്കാം.മൂന്നാം നാള്‍ കടല്‍ തീരത്ത് അടിഞ്ഞുകൂടുന്ന ശവശരീരങ്ങള്‍ക്കായി...
കറുത്തമ്മയുടെയും,പരീക്കുട്ടിയുടെയും ശവശരീരങ്ങള്‍ക്കായി,കടലില്‍ പളനിയോടൊപ്പം വലിച്ച് എറിയപ്പെട്ട ആ കൊമ്പന്‍ സ്രാവിന്‍റെ ശവത്തിനായി...
എന്നിട്ട് നമുക്ക് ലോകത്തോടെ വിളിച്ച് പറയാം..
പരീക്കുട്ടി പാവമായിരുന്നെന്ന്,
പരീക്കുട്ടിയെ ചതിച്ചതിനാലാണ് ചെമ്പന്‍ കുഞ്ഞിനു ഭ്രാന്ത് വന്നതെന്ന്,
കറുത്തമ്മ ചതിച്ചതിനാല്‍ പളനിയെ കടല് കൊണ്ട് പോയെന്ന്,
അവസാനം പരീക്കുട്ടിയും കറുത്തമ്മയും ഒന്നിച്ചെന്ന്,
അവരുടെ പരിശുദ്ധ പ്രണയം വിജയിച്ചെന്ന്,
അതേ നമ്മള്‍ക്ക് കാത്തിരിക്കാം,
ആ ശവങ്ങള്‍ അടിഞ്ഞു കൂടുന്നതും നോക്കി,
മൂന്നാം പക്കം വരെ...
1 comment:
നേരത്തേ ഒരുപാട് സുഹൃത്തുക്കള്‍ ഇതിനു കമന്‍റ് നല്‍കിയതിനാല്‍ കമന്‍റ് ഓപ്പ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു, എല്ലാവരും ക്ഷമിക്കണേ..
Post a Comment