For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ജ്ഞാനികള്‍ മാന്താറില്ല


കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നവരാണ്‌ സന്യാസികള്‍, അഥവാ ജ്ഞാനികള്‍.ചില പൂച്ചകള്‍ കണ്ണടച്ച് ഇരിക്കുന്ന കണ്ടാല്‍ നമ്മള്‍ കരുതും അവരും ജ്ഞാനികളാണെന്ന്, അങ്ങനെയാണത്രേ 'പൂച്ച സന്യാസ്സി' എന്ന വാക്കു തന്നെ ഉണ്ടായത്.
ശരിക്കും ഈ പൂച്ച ജ്ഞാനിയാണോ??
ആ അന്വേഷണമാണ്‌ ഈ കഥ...

രണ്ട് മാസം മുമ്പാണ്‌ ഞാന്‍ ഫ്ലാറ്റിലേക്ക് താമസം മാറിയത്.മൂന്ന് മുറി വിത്ത് അറ്റാച്ച്‌ഡ് ബാത്ത്‌റൂം, ഒരു ഹാള്‍, കിച്ചണ്‍, ഇതൊന്നും പോരാഞ്ഞിട്ട് ഫ്ലാറ്റിലേക്ക് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ കൂടെ ഉണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട് ആക്രാന്തം പിടിച്ചാണ്‌ ഞാന്‍ അഡ്വാന്‍സ്സ് കൊടുത്തത്.പിന്നെയാണ്‌ ലിഫ്റ്റ് ഇല്ലെന്നും, മൂന്നാമത്തെ നിലയിലേക്ക് താഴെ നിന്ന് നടന്ന് കേറാനുള്ള പടികളാണ്‌ ഇരുന്നൂറ്റി പതിനെട്ട് പടികള്‍ എന്നുമുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാന്‍ മനസിലാക്കിയത്.രൂക്ഷമായി നോക്കിയ എന്നോട് ലിഫ്റ്റ് ഇല്ലാത്തത് വളരെ നല്ലതാണെന്നും, താഴെ പറക്കുന്ന കൊതുക് എന്ന ജീവിക്ക് മുകളിലോട്ട് വരാന്‍ പറ്റില്ലെന്നും കേട്ടതോടെ ഞാന്‍ പറഞ്ഞു:
"ഗ്രേറ്റ്!!!"
അങ്ങനെ ഞാന്‍ ആ ഫ്ലാറ്റിലെ അന്തേവാസിയായി, ഒരു കുടുംബസ്ഥനായി, ഒരു മാതൃകാപുരുഷോത്തമനായി.ദിനങ്ങള്‍ കഴിയവേ ഞാന്‍ അവിടെ കുറേ സുഹൃത്തുക്കളെ സമ്പാദിച്ചു, എല്ലാവരും വളരെ വളരെ നല്ലവര്‍.
അങ്ങനെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്ന് പോയി...

സംഭവം ​കൈവിട്ട് പോയത് രണ്ട് ദിവസം മുമ്പാണ്.മൂന്ന് മുറിയുള്ള ഫ്ലാറ്റില്‍ ഒരു മുറി ഞാന്‍ എനിക്കായി സ്വന്തമാക്കിയിരുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ്‌ ഞാന്‍ ആ മുറി ഉപയോഗിച്ചിരുന്നത്.മുറിയുടെ സൈഡില്‍ ഇട്ടിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള ജനല്‍ തുറന്നാല്‍ മറുസൈഡില്‍ ഒരു ചെറിയ പാടം ഉള്ളത് കാണാം എന്നതും, അവിടുന്ന് വീശി അടിക്കുന്ന കാറ്റ്, ഞാന്‍ ഒരു സിറ്റിയിലാണ്‌ ജീവിക്കുന്നത് എന്നത് മറക്കാന്‍ ഉപകരിക്കുന്നതാണ്‌ എന്നതും, ആ മുറിയെ എന്‍റെ പ്രിയപ്പെട്ട മുറി ആക്കി.പതിവു പോലെ അന്ന് രാത്രി ഞാന്‍ ആ മുറിയില്‍ ഇരുന്ന് ജോലി ചെയ്തു.ഭാര്യയും മകളും അടുത്തുള്ള മുറിയില്‍ കിടന്ന് ഉറക്കവും പിടിച്ചു.എപ്പോഴോ ജോലി ചെയ്തു തളര്‍ന്ന ഞാന്‍ കട്ടിലിലേക്ക് വീണു, അപ്പോ തന്നെ ഗാഡനിദ്രയിലുമായി.
സമയം ഇഴഞ്ഞ് നീങ്ങി...
മണി രാത്രിയില്‍ ഏകദേശം ഒന്ന് ആയി കാണണം.
പെട്ടന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു.എന്തോ എനിക്ക് സംഭവിച്ചിരിക്കുന്നു, എന്നാല്‍ അത് എന്തെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല.ജനലിന്‍റെ അരികില്‍ എന്തോ അനക്കം ഉണ്ടോ?
ഞാന്‍ സൂക്ഷിച്ച് നോക്കി.
ഇല്ല, ഒന്നുമില്ല.
തുടര്‍ന്നും അവിടെ കിടക്കാന്‍ എന്നിലെ ഭീരു സമ്മതിച്ചില്ല, ഞാന്‍ പതിയെ ഭാര്യയും മകളും കിടക്കുന്ന മുറിയില്‍ പോയി ഒരിക്കല്‍ കൂടി ഉറങ്ങാന്‍ ശ്രമിച്ചു.
ആ രാത്രി അങ്ങനെ പൂര്‍ത്തിയായി.

അടുത്ത ദിവസം രാവിലെ...
മെയിന്‍ ബെഡ്റൂമിലെ അലമാരയിലെ നിലകണ്ണാടിയില്‍ നോക്കിയ ഞാന്‍ ഒരു കാഴ്ച കണ്ട് ഞെട്ടി, എന്‍റെ വയറിന്‍റെ ഇടത് ഭാഗത്ത് നീളത്തില്‍ ഒരു മുറിവ്, ആരോ മാന്തിയ പോലെ!!!
ഈശ്വരാ, എന്താദ്?
വാമഭാഗത്തോടെ ആദ്യം ചോദിച്ചു:
"ഗായത്രി, ഇത് കണ്ടോ, എന്താദ്?"
ഷെര്‍ലക്ക് ഹോംസ്സ് ലെന്‍സ്സും പിടിച്ച് നോക്കുന്ന പോലെ അവള്‍ വിശദമായി നോക്കി, എന്നിട്ട് തന്‍റെ നിഗമനം പുറപ്പെടുവിച്ചു:
"ആരോ മാന്തിയതാ"
മാന്താനോ??? ആര്???
സംശയ നിവൃത്തിക്കായി ഞാന്‍ അവളോട് തന്നെ തിരികെ ചോദിച്ചു:
"നീ ആണോ?"
എന്തോ വൃത്തികെട്ട ചോദ്യം കേട്ട പോലെ എന്നെ അടി മുടി നോക്കിയട്ട് അവള്‍:
"പിന്നെ, എനിക്ക് അതല്ലേ പണി"
തുടര്‍ന്ന് സുരേഷ്‌ഗോപി തല വെട്ടിക്കുന്ന പോലെ വെട്ടി തിരിഞ്ഞ്, സ്ലോമോഷനില്‍ അവള്‍ അടുക്കളയിലേക്ക് പോയി.
ദൈവമേ, പിന്നെ ആര്??
ആ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു, പക്ഷേ എനിക്ക് മറുപടി ഇല്ലായിരുന്നു.

രാവിലെ പതിവു പോലെ നടക്കാന്‍ ഇറങ്ങി.ഫ്ലാറ്റിനു അടുത്തുള്ള ഹൌസിംഗ് കോളനിയില്‍ മൂന്ന് റൌണ്ട്, അതാണ്‌ പതിവ്.ഒന്നാം റൌണ്ട് കഴിഞ്ഞപ്പോ ഒരു പൂച്ച കുറുകെ ചാടി, അത് എന്നെ നോക്കി കരഞ്ഞു:
"മ്യാവൂ"
അത് കേട്ടതും മനസ്സിനകത്ത് ഒരു തരിതരിപ്പ്, കണ്ണുകള്‍ കുറുക്കി അതിനെ നോക്കി ഞാനും ശബ്ദമുണ്ടാക്കി:
"മ്യാവൂ"
അത് കേട്ടതും ആ പൂച്ച ഓടി പോയി.
ഒന്ന് പുഞ്ചിരിച്ച് രണ്ട് അടി നടന്ന ഞാന്‍ ഞെട്ടലോടെ നിന്നു...
ദൈവമേ, എന്താ സംഭവിച്ചത്??
ഞാന്‍ എന്തിനാ പൂച്ച കരയുന്ന പോലെ കരഞ്ഞത്??
എന്‍റെ ആ കരച്ചിലും, ദേഹത്ത് കണ്ട മാന്തിയ പാടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ??
ഇനി എന്നെ പൂച്ച മാന്തിയോ??
ഞാന്‍ പൂച്ച ആയോ??
അലറി വിളിച്ച് ഞാന്‍ തിരികെ ഫ്ലാറ്റിലേക്ക് ഓടി, മുറി തുറന്ന് അകത്ത് കയറി ഞാന്‍ കണ്ണാടിയില്‍ നോക്കി, ഭാഗ്യം, ദേ ഞാന്‍.
ഉറപ്പിക്കാന്‍ തല ചരിച്ച് പുറകിലേക്ക് നോക്കി...
ഇല്ല, വാല്‍ ഇല്ല!!
കുറേ നേരം കണ്ണടച്ച് ഇരുന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു, എനിക്ക് ഒന്നും സംഭവിച്ചില്ല.ആ ധൈര്യത്തില്‍ കുളിമുറിയില്‍ കയറി ഒരു കുളി പാസാക്കി. നല്ല തണുത്ത വെള്ളം ശരീരത്ത് വീണപ്പോള്‍ വയറിനു സൈഡിലേ മുറിവിനു ചെറിയ നീറ്റല്‍.
മനസ്സ് വീണ്ടും ചഞ്ചലപ്പെട്ടു...
ശരിക്കും പൂച്ച മാന്തിയോ??

ഓഫീസിലെ തിരക്കിനിടയില്‍ ഞാന്‍ വേദന മറന്നു.ഉച്ചയ്ക്ക് എപ്പോഴോ ഡയറക്ട്‌റെ കാണാന്‍ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു:
"മനുവിന്‍റെ മുഖമെന്താ വാടി ഇരിക്കുന്നത്?"
അദ്ദേഹത്തിന്‍റെ ആ ചോദ്യം കേട്ടതും രാവിലത്തെ സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു.ഒന്നൊഴിയാതെ എല്ലാം ഞാന്‍ തുറന്ന് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ്, വയറ്റിലെ പാട് പരിശോധിച്ചിട്ട് അദ്ദേഹം പ്രഖ്യാപിച്ചു:
"ഇത് ആരും മാന്തിയതല്ല"
എനിക്ക് സമാധാനമായി.
ദൈവം രക്ഷിച്ചു!!!!
പിന്നെ എന്ത്??
ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കിയ എന്നോട് പുള്ളിക്കാരന്‍ വിശദീകരിച്ചു:
"ഇതൊരു മോഷണ ശ്രമമാണ്, ആരോ മനുവിന്‍റെ മാല അടിച്ച് മാറ്റാന്‍ ശ്രമിച്ചതാണ്."
തുടര്‍ന്ന് ആ പ്രോസസ്സ് അദ്ദേഹം വിവരിച്ചു...
കമ്പി വളച്ച്, അതില്‍ കണ്ണാടി വച്ച്, വളരെ സൂക്ഷ്മതയോടെ ചെയ്യുന്ന പ്രക്രിയ ആണത്രേ.ശ്വാസം പിടിച്ച് ജനലില്‍ കൂടി കമ്പി ഇട്ടാണ്‌ ഇത്തരം മോഷണങ്ങള്‍ നടത്തുന്നത്.പറയുക മാത്രമല്ല, അദ്ദേഹം അത് അഭിനയിച്ച് കാണിച്ചു തരികയും ചെയ്തു.അതെല്ലാം കണ്ടപ്പോ സ്വഭാവികമായും, ഇങ്ങേര്‍ക്ക് പണ്ട് മോഷണമായിരുന്നോ പണി എന്ന് വരെ എനിക്ക് തോന്നിയതില്‍ അത്ഭുതമില്ലായിരുന്നു.
പ്രോസസ്സ് വിശദീകരിച്ച് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
"മനൂ, യൂ നോ വണ്‍ തിങ്ങ്, മോഷണം ഒരു കലയാണ്"
ശരി ഏമാനേ!!!
ഞാന്‍ പതിയെ വിട വാങ്ങി.

ടീമില്‍ തിരികെ എത്തിയ ഞാന്‍ വളരെ സന്തോഷവാനായിരുന്നു.എന്‍റെ സന്തോഷത്തിനു കാരണം തിരക്കിയ ടീമംഗങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ചു.പൂച്ച മാന്തിയതല്ലന്നും, ഒരു മോഷണശ്രമം മാത്രമാണെന്നും ഞാന്‍ ഊന്നി പറഞ്ഞു.
എല്ലാം കേട്ടിട്ട് ഒരുവന്‍ പറഞ്ഞു:
"ഇത് മോഷണശ്രമം ആണെന്ന് എനിക്ക് തോന്നുന്നില്ല"
പിന്നെ??
അവന്‍ കട്ടായം പറഞ്ഞു:
"ഇത് പൂച്ച മാന്തിയതാ"
അത് കേട്ടതും എന്‍റെ കണ്ണില്‍ ഇരുട്ട് കയറി, മനസ്സിന്‍റെ അകത്തളങ്ങളില്‍ ഇരുന്ന് ഒരു വെളുത്ത പൂച്ച പതിയെ കരഞ്ഞു:
"മ്യാവൂ"
തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്നോട് അവന്‍ പൂച്ച മാന്തി പേ പിടിച്ച കുറേ ആളുകളുടെ കഥ പറഞ്ഞു.ഞാന്‍ സൂക്ഷിക്കണമത്രേ, എനിക്കും പേ പിടിക്കും പോലും.അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഓഫീസില്‍ വന്ന് അവനിട്ട് ഒരു കടി കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അവനെ മാത്രമല്ല, ഓഫീസിലെ വേറെ ചിലവന്‍മാരെ കൂടി കടിക്കണമെന്നും ഞാന്‍ പ്ലാനിട്ടു.ആ സന്തോഷത്തില്‍ അറിയാതെ ഒരു ശബ്ദം എന്നില്‍ നിന്ന് പുറത്ത് വന്നു:
"മ്യാവൂ"
ദൈവമേ, പൂച്ചയുടെ ശബ്ദം.
ഞാന്‍ ഉറപ്പിച്ചു, എന്നെ പൂച്ച മാന്തിയത് തന്നെ.

ഹാഫ് ഡേ ലീവെടുത്ത് ഹോസ്പിറ്റലില്‍ പോയി.മുറിവ് പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു:
"ഡോണ്ട് വറി, ഇത് പൂച്ചയല്ല"
എനിക്ക് സമാധാനമായി, അല്ലെങ്കിലും പൂച്ച എന്തിനാ എന്നെ മാന്തുന്നത്.അറിഞ്ഞ് കൊണ്ട് ഇത് വരെ ഞാന്‍ ഒരു പൂച്ചയേയും ദ്രോഹിച്ചിട്ടില്ല, ഒരു പൂച്ച കുടുംബവുമായും എനിക്ക് പ്രശ്നവുമില്ല, സോ പൂച്ച എന്നെ മാന്തില്ല.
സമാധാനത്തില്‍ ഇരുന്ന എന്‍റെ വയറ്റിലെ മുറിവ് ഒന്ന് കൂടി നോക്കിയട്ട് ഡോക്ടര്‍ പറഞ്ഞു:
"ഇത് മരപ്പട്ടിയാ"
വാട്ട്??
യെസ്സ്, ഇറ്റ് ഈസ്സ് എ മാന്തല്‍ ഫ്രം മരപ്പട്ടി!!
ഡോക്ടര്‍ വിധി എഴുതി.
കമ്പ്യൂട്ടറില്‍ അയാള്‍ രോഗവിവരം എഴുതി...
ബീറ്റണ്‍ ബൈ ട്രീ ഡോഗ്.
മരപ്പട്ടിക്കാണ്‌ അതിയാന്‍ ട്രീ ഡോഗ് എന്ന് എഴുതി വച്ചിരിക്കുന്നത്. ഈ മഹാന്‍ ആണല്ലോ എനിക്ക് മരുന്ന് കുറിക്കാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോ അടിമുടി ഒന്ന് വിറച്ച്.എങ്കിലും മുഖഭാവത്തില്‍ വ്യത്യാസം വരുത്താതെ കുറിപ്പടിയുമായി ഞാന്‍ ഇന്‍ജക്ഷന്‍ റൂമിലേക്ക് പോയി.
മരുന്ന് വായിച്ചിട്ട് സിസ്റ്റര്‍ ചോദിച്ചു:
"പേയ്ക്ക് ഉള്ള കുത്തി വയ്പാണോ?"
"അല്ല, പേ വരാതിരിക്കാനുള്ള കുത്തി വയ്പാ"
ആ മറുപടി ഇഷ്ടപ്പെടാത്ത മട്ടില്‍ സിസ്റ്റര്‍ ഒന്ന് രൂക്ഷമായി നോക്കി, എന്നിട്ട് ചോദിച്ചു:
"എന്നാ പറ്റിയതാ?"
"മരപ്പട്ടി മാന്തിയതാ"
കൂടുതല്‍ ഒന്നും ചോദിക്കാതെ സിസ്റ്റര്‍ ഇന്‍ജക്ഷന്‍ എടുത്തു.കുത്തിയ ഭാഗം തിരുമ്മി ആ ഫൈസ്റ്റാര്‍ ഹോസ്പീറ്റലീന്ന് ഇറങ്ങി ഗേറ്റിനു അരികിലെത്തിയപ്പോ അവിടെ നിന്ന സെക്യൂരിറ്റി ചോദിച്ചു:
"ചേട്ടനെ ആണോ മരപ്പട്ടി മാന്തിയത്?"
"അതേ എങ്ങനറിഞ്ഞു?"
"സിസ്റ്റര്‍ ഇപ്പോ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഇട്ടാരുന്നു"
വെരി ഗുഡ്!!!
ഒന്നും മിണ്ടാതെ വളര്‍ന്ന് വരുന്ന ശാസ്ത്രത്തെ പ്രാകി കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു...

എത്തിയ പാടെ ഞാന്‍ പ്രഖ്യാപിച്ചു:
"ഫ്ലാറ്റില്‍ മരപ്പട്ടിയുണ്ട്"
കേട്ടവര്‍ കോറസ്സ് ആയി തിരികെ പറഞ്ഞു:
"ഇല്ല, ഇല്ല, ഇല്ല....അത് പൂച്ചയാണ്"
മാന്ത് കിട്ടിയവനു ആരാ മാന്തിയതെന്ന് അറിയാനുള്ള അവകാശമുണ്ട്, അത് പോലും എനിക്ക് നിഷേധിക്കുവാണോ ദൈവമേ എന്ന് കരുതി റൂമിലെത്തിയ എന്നോട് ഭാര്യ പറഞ്ഞു:
"ദേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്"
"ഒന്നും പറയണ്ട, ഞാന്‍ ഇന്‍ജക്ഷന്‍ എടുത്തിട്ട് വരുവാ" എന്‍റെ മറുപടി.
"അതല്ലന്നേ, എനിക്ക് പറയണം"  വീണ്ടും അവള്‍.
എന്നതാ??
"അതേ, ചേട്ടന്‍റെ വയറ്റില്‍ ആരും മാന്തിയതല്ല"
പിന്നെ??
"കട്ടിലില്‍ എന്‍റെ സ്ലൈഡ് കിടപ്പുണ്ടായിരുന്നു, അത് കൊണ്ട് മുറിഞ്ഞതാകാനാ വഴി"
എന്ത്???
അവള്‍ സ്ലൈഡ് കിടന്ന സ്ഥലം കാട്ടി തന്നു, പെര്‍ഫെക്റ്റ് പ്ലേസ്സ്.അതിന്‍റെ മുകളില്‍ കിടന്ന് ഒന്ന് ഉരുണ്ടാല്‍ വയറിന്‍റെ ഇടത് ഭാഗം കൃത്യം കീറും.
ദൈവമേ, ഇതിനാണോ ഞാന്‍ പോയി പേയ്ക്ക് ഉള്ള കുത്തിവയ്പ്പ് എടുത്തത്??
"എന്ത് കുത്തിവയ്പ്പാ ചേട്ടാ എടുത്തത്?"
ഭാര്യയുടെ ചോദ്യം.
എന്നാ പറയും??
ഒരു നിമിഷം ആലോചിച്ചിട്ട് വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു:
"ടി.ടി യാ"
തുടര്‍ന്ന് ഡ്രസ്സ് മാറാന്‍ റൂമിലേക്ക് നടക്കവേ ഒരു പൂച്ചയുടെ കരച്ചില്‍ ദൂരെ കേട്ടു.പാവം, വെറുതെ അതിനെ സംശയിച്ചു.മനസ്സ് എന്നോട് പറഞ്ഞു...
പൂച്ചകള്‍ പാവങ്ങളാ....
അവര്‍ ജ്ഞാനികളാ...
കേട്ടിട്ടില്ലേ,
ജ്ഞാനികള്‍ മാന്താറില്ല.


അക്കേഷ്യയുടെ ഓര്‍മ്മപ്പൂക്കള്‍


ഒരിക്കല്‍ അമ്മ എന്നോട് പറഞ്ഞു, ആലപ്പുഴയില്‍ നവോദയ വിദ്യാലയം വരുന്നെന്ന്.ചെറിയ കുട്ടിയായിരുന്ന എനിക്ക് ഒന്നും മനസ്സിലായില്ല.പഠിച്ച് പരീക്ഷ പാസ്സായാല്‍ ആ സ്ക്കൂളില്‍ ചേരാമെന്നും, അവിടെ ചേര്‍ന്ന് പഠിച്ചാല്‍ വളരെ നല്ലതാണെന്നും ടീച്ചര്‍മാരുടെ പ്രോത്സാഹനങ്ങള്‍.പരീക്ഷ എഴുതി പാസ്സായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞങ്ങളാണത്രേ ആദ്യ ബാച്ച്.അങ്ങനെ പുതിയ സ്ക്കൂളിനെ കുറിച്ചുള്ള ഒരുപാട് സങ്കല്‍പ്പങ്ങളുമായി ഞാന്‍ അടക്കം കുറേ കുട്ടികള്‍ ആദ്യമായി ആ സ്ക്കൂളിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു.

ജവഹര്‍ നവോദയ വിദ്യാലയം.
ചെന്നിത്തല, ആലപ്പുഴ.

ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് ഒരു വലിയ കിണറാണ്.മണികിണറുകളും ചെറിയ കിണറുകളും കണ്ട് വളര്‍ന്ന എനിക്ക് അത്ര വലിയൊരു കിണര്‍ അത്ഭുതം തന്നെ ആയിരുന്നു.എല്ലാ നവോദയിലും ഇങ്ങനെ ഒരു കിണര്‍ കാണുമെന്ന് ഞാന്‍ സ്വയം കരുതി.ഞാന്‍ ഇത് വരെ പഠിച്ച് സ്ക്കൂളിന്‍റെ അത്ര വലുതല്ല ഈ സ്ക്കൂളെന്ന് എനിക്ക് മനസ്സിലായി.തുടക്കമായത് കൊണ്ടാണെന്നും താമസിയാതെ വലിയൊരു സ്ക്കൂളായി ഇത് മാറുമെന്നും ആരൊക്കെയോ പറയുന്ന കേട്ടു.ബോയ്സ്സിനും ഗേള്‍സ്സിനും ഉള്ള ഡോര്‍മെറ്ററിയും, രണ്ട് ക്ലാസ്സ് റൂമും രണ്ട് ടീച്ചേഴ്സ്സ് റൂമും, ഒരു മെസ്സും, പിന്നെ ജയിലു കെട്ടി അടക്കുന്ന പോലെ നാല്‌ വശവും കവര്‍ ചെയ്ത മതിലും, അതായിരുന്നു ആദ്യമായി കണ്ട നവോദയ.ആ മതില്‍ കെട്ടിനുള്ളില്‍ ഈ കെട്ടിടങ്ങളും കിണറും മാറ്റി നിര്‍ത്തിയാല്‍ ഇട തൂര്‍ന്ന അക്കേഷ്യ മരങ്ങള്‍ മാത്രം.ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സദസ്സിനെ അഭിമുഖീകരിച്ച് ഒരാള്‍ സംസാരിച്ച് തുടങ്ങി, അത് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.ഹിസ്റ്ററി ആയിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയം.ആ വേദിയില്‍ അദ്ദേഹത്തിന്‍റെ ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു:
"വാട്ട് ഈസ്സ് ഹിസ്റ്ററി?"
മുഴങ്ങി കേട്ട ആ ചോദ്യത്തിനു ആരും ഉത്തരം പറഞ്ഞില്ല.തികഞ്ഞ നിശബ്ദതയില്‍ സദസ്സ് ഇരുന്നപ്പോള്‍ അതിനുള്ള മറുപടി അദ്ദേഹം തന്നെ തന്നു:
"ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി"
അത് അവന്‍റെ കഥയാണ്.
ശരിയാണ്, ആ അവന്‍ നമ്മളില്‍ ഒരോരുത്തരുമാണ്.അത് ഞാനാണ്, എന്‍റെ സഹപാഠികളായ കൂട്ടുകാരാണ്, പിന്നെ ഞങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയത്തിലേക്ക് പ്രവേശിച്ച നിങ്ങള്‍ ഒരോരുത്തരുമാണ്.ഇരുപത്തി അഞ്ച് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ നവോദയയുടെ ഹിസ്റ്ററി പരിശോധിച്ചാല്‍ ആദ്യം കേട്ട വാക്കുകളാണ്‌ മനസ്സില്‍ വരുന്നത്...
ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി.
അത് അവന്‍റെ കഥയാണ്.
നവോദയയുടെ ചരിത്രത്തില്‍ ആ അവന്‍, ഞങ്ങളാണ്.
ഇത് ഞങ്ങളുടെ കഥയാണ്.

മീറ്റിംഗിനു ശേഷം അച്ഛന്‍റെയും അമ്മയുടെയും കൈയ്യില്‍ പിടിച്ച് ഞാന്‍ അവിടൊക്കെ നടന്നു.ഇനി അനിവാര്യമായ ഒരു കാര്യമുണ്ട്, അച്ഛനും അമ്മക്കും കുഞ്ഞ് അനുജത്തിക്കുമെല്ലാം എന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം.ഇത്രനാളും ആരുടെ സംരക്ഷണയിലായിരുന്നോ, ഇനി അവരൊക്കെ ഈ മതില്‍ കെട്ടിനു പുറത്താണ്, എനിക്ക് സംരക്ഷണ നവോദയ എന്ന ഈ വിദ്യാലയം മാത്രം.അമ്മയുടെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു, സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി അമ്മ പറഞ്ഞു:
"നല്ല കുട്ടിയായി പഠിക്കണം...."
ഒന്ന് നിര്‍ത്തിയട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു:
"അക്കേഷ്യ മരത്തിന്‍റെ അടുക്കല്‍ പോകരുത്"
അമ്മ ആ പറഞ്ഞത് എന്തായിരുന്നെന്ന് എനിക്ക് മനസ്സിലായില്ല.ഒരു തരം മഞ്ഞ പൂവാണ്‌ അക്കേഷ്യക്ക്.ആ കാട് നിറയെ മഞ്ഞ പൂക്കള്‍ ആയിരുന്നു.ഈ പൂവില്‍ നിന്ന് വരുന്ന പൊടി ദീര്‍ഘകാലം ശ്വസിച്ചാല്‍ ആസ്മ ഉണ്ടാക്കുമെന്ന് ആരോ പറയുന്നത് കേട്ടായിരുന്നു അമ്മ അങ്ങനെ പറഞ്ഞത്.കാലം കഴിയവേ ഈ അക്കേഷ്യ കാടുകള്‍ വെട്ടി നിരത്തി അവിടെല്ലാം സ്ക്കൂള്‍ കെട്ടിടങ്ങള്‍ വരുമെന്ന് ദീര്‍ഘ വീക്ഷണമുള്ള ആരോ അവിടെ നിന്ന് പറഞ്ഞിരുന്നു.ഞാന്‍ ഇറങ്ങുന്ന വരെ കാടുകളുടെ വിസ്തൃതി കുറഞ്ഞതല്ലാതെ പൂര്‍ണ്ണമായും അവ വെട്ടി മാറ്റിയിരുന്നില്ല, മാത്രമല്ല ഞങ്ങള്‍ക്ക് ആര്‍ക്കും ആസ്മയും വന്നിരുന്നില്ല.ഒരു വര്‍ഷം മുമ്പേ നവോദയ സ്ക്കൂളില്‍ ഞാന്‍ പോയിരുന്നു, അന്ന് ഒരുകാലത്ത് എനിക്ക് പ്രിയപ്പെട്ട അക്കേഷ്യ മരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.ആ മഞ്ഞ പൂക്കള്‍ മായാത്ത ഒരു ഓര്‍മ്മയായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു.

ആ ഓര്‍മ്മകള്‍ പലതാണ്...
അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ ഓടി കളിച്ചത്, വീണു കിടക്കുന്ന ഇലപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ പാമ്പ് ഉണ്ടെന്ന് കരുതി പേടിച്ചത്, പിന്നെ മഞ്ഞ പരവതാനി പോലത്തെ അക്കേഷ്യ പൂക്കള്‍.ഇത് മാത്രമല്ല, ആദ്യമായി അക്കേഷ്യ മരങ്ങള്‍ വെട്ടി നിരത്തിയ സ്ഥലത്ത് ആയിരുന്നു ഞങ്ങള്‍ അസംബ്ലി കൂടിയിരുന്നത്.മറ്റൊരു പ്രത്യേകത കൂടി ആ സ്ഥലത്തിനുണ്ട്, രാത്രിയില്‍ ഉറങ്ങാന്‍ പിരിയുന്നതിനു മുമ്പേ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ അവിടെ ഒത്ത് കൂടാറുണ്ടായിരുന്നു.അവിടെ വച്ച് ഞങ്ങള്‍ ഒരുമയോടെ ഒരു പാട്ട് പാടുമായിരുന്നു, ഇപ്പോഴും ആ പാട്ട് എന്‍റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്...

"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം
വീ ഷാള്‍ ഓവര്‍ കം, സം ഡേ
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്
വീ ഷാള്‍ ഓവര്‍ കം, സം ഡേ"

വല്ലാത്തൊരു എനര്‍ജി ആയിരുന്നു ആ പാട്ടിനു.
ഒറ്റയ്ക്ക് അല്ലെന്നും കൂടെ ആരൊക്കെയോ ഉണ്ടെന്ന ചിന്ത മനസ്സില്‍ വേരൂന്നിയതും ആ കാലത്താണ്.

അന്ന് തുടങ്ങിയ ഒരുമ പിന്നെ തുടര്‍ന്ന് കൊണ്ടേയിരുന്നു, അത് ഇന്നും തുടരുന്നു.നവോദയ വിദ്യാലയത്തോടെ ഞങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട്, എന്നെ ഞാനാക്കിയതിനു, എന്‍റെ കാര്യം പോലെ, എന്‍റെ സഹപാഠികളെയും അനിയന്‍മാരെയും അനിയത്തിമാരെയും എല്ലാം വ്യക്തിത്വമുള്ള വ്യക്തികള്‍ ആക്കിയതിനു.എല്ലാത്തിനും മേലെ നവോദയ എന്ന കുടുംബത്തിലെ അംഗമായി ഒത്തൊരുമയോടെ ജീവിക്കാന്‍ പഠിപ്പിച്ചതിനു.

വ്യക്തി പരമായി പറഞ്ഞാല്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നെ പഠിപ്പിച്ചത് നവോദയ ആണ്.ജീവിതത്തില്‍ തളര്‍ന്ന് പോകുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നവോദയില്‍ നിന്ന് രാത്രിയില്‍ ഒരുമിച്ച് നിന്ന് പാടിയ വരികള്‍ മനസ്സിലേക്ക് ഓര്‍മ്മ വരും....

"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം
വീ ഷാള്‍ ഓവര്‍ കം, സം ഡേ
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്
വീ ഷാള്‍ ഓവര്‍ കം, സം ഡേ"

കണ്ണടച്ച് ഈ വരികള്‍ ചൊല്ലി കഴിയുമ്പോള്‍ എനിക്കറിയാം, എന്‍റെ മുന്നിലെ പ്രശ്നങ്ങള്‍ എന്നെ തളര്‍ത്തില്ല.കാരണം ഞാന്‍ ഒറ്റയ്ക്കല്ല, എന്‍റെ കൂടെ ഒരു കുടുംബം മുഴുവനുണ്ട്, എന്‍റെ നവോദയയിലെ എന്‍റെ കൂട്ടുകാര്‍.ആ ഒരു ചിന്തയില്‍ ഒരിക്കലും പരാജയപ്പെടില്ല, ഞാനും എന്നെ പോലെ നവോദയ ഒരു വികാരമായി കരുതുന്ന അനേകം പേരും.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com