For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

ഇനി എങ്ങനെ വടക്കേലെ പറമ്പില്‍ കേറ്റും?

 2024 ഡിസംബര്‍ മാസത്തില്‍ ലാബ് ഇനത്തില്‍ പെട്ട ഒരു പട്ടിക്കുട്ടിയെ വാങ്ങി, അതിന്‌ 'റിച്ചി' എന്ന് പേരും ഇട്ട്, കുറച്ച് 'റിച്ച്' ആയി തന്നെ വളര്‍ത്തി. 

ഒരാഴ്ച കഴിഞ്ഞപ്പോ അന്തരംഗത്തിലിരുന്ന് ആരോ മന്ത്രിച്ചു...

മോനേ, ഇത് നിനക്ക് പറ്റിയ പണിയല്ല.

അപ്പോ തന്നെ അതിനെ വാങ്ങിയ സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ട് വിട്ടു.

ഹോ, ആശ്വാസം!!!


കുറച്ച് ദിവസം കഴിഞ്ഞപ്പോ എനിക്ക് തന്നെ ഒരു അപകര്‍ക്ഷതാ ബോധം...

ഒരു പട്ടിക്കുട്ടിയെ പോലും വളര്‍ത്താന്‍ കഴിയാത്തവനാണോ പൂവണ്ണാല്‍ മഠത്തില്‍ രാധന്‍റെ മോന്‍??

ശെ...ഷെയിം ഷെയിം.


പട്ടിയെ വാങ്ങണോ വേണ്ടയോ എന്ന് കൂലംകുഷൂലമായി ചിന്തിച്ചിരിക്കെയാണ്, കുറേ പട്ടികുഞ്ഞുങ്ങള്‍ ഒന്നിച്ച് കരയുന്ന ഒരു മധുര സംഗീതം ചെവിയില്‍ വന്ന് അലച്ചത്. അന്വേഷിക്കവേ, വടക്കേ വീട്ടിലെ വിശാലമായ പറമ്പില്‍ ഒരു തെരുവുപട്ടി ഒരു കൂട്ടം പട്ടികുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്‍റെ ആഫ്റ്റര്‍ ഇഫക്ട് ആണെന്ന് മനസിലായി. മതിലിനു മുകളിലൂടെ എത്തി നോക്കവേ, ആ പട്ടികുഞ്ഞുങ്ങളുടെ കളിയും ചിരിയും കണ്ടപ്പോ, എന്‍റെ ഉള്ളിലെ ആ പഴയ ചേകവര്‍ ഉണര്‍ന്നു...

ഒരു പട്ടിക്കുട്ടിയെ പോലും വളര്‍ത്താന്‍ കഴിയാത്തവനാണോ പൂവണ്ണാല്‍ മഠത്തില്‍ രാധന്‍റെ മോന്‍??

അല്ല...അല്ല...ഒരിക്കലും അല്ല.


അന്ന് തന്നെ ഒരു ലാബ് കുട്ടിയെ സംഘടിപ്പിച്ചു. വില്‍പ്പന നടത്തിയവര്‍ നല്‍കിയ ചെറിയ കൂട്ടിലിട്ട് വീട്ടിലെത്തിച്ചു. അവനു സുഖമായി കിടക്കാന്‍ ഒരു വലിയ കൂട് പണിയിപ്പിച്ചു. ആ കൂടിനു നെറ്റ് അടിക്കാന്‍ കൂട്ടുകാരനും നാട്ടിലെ ആസ്ഥാന കോണ്ട്രാക്ടറുമായ വിപിനെയും ഏല്‍പ്പിച്ചു. 

അങ്ങനെ പട്ടിപരിപാലനം ആരംഭിച്ചു.


സംഭവം ഒരാഴ്ച തരക്കേടില്ലാതെ മുന്നോട്ട് പോയി. കൂടിന്‌ നെറ്റ് അടിക്കാന്‍ വിപിന്‍ മാത്രം വന്നില്ല. അതിനു ഇടയില്‍ ചില പട്ടി പ്രേമികളായ സുഹൃത്തുക്കള്‍ വിളിക്കുകയും, ലാബിനെ പേവിഷബാധക്ക് ഉള്ള ഇന്‍ജക്ഷന്‍ എടുക്കണ്ടതിനെ പറ്റി ബോധവല്‍ക്കരിക്കുകയും, തെരുവ് പട്ടികള്‍ ഒരു വിധത്തിലും മാന്താതെയും, അള്ളാതെയും, കടിക്കാതെയും നോക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. 

ആജ്ഞകള്‍ ശിരസാ നിര്‍വഹിക്കാമെന്ന് ഞാന്‍ ഉറപ്പും കൊടുത്തു.


അങ്ങനെ ഇരിക്കെ, ഇന്ന് രാത്രി.

കായംകുളത്ത് പോയി വീട്ടു സാധങ്ങളും വാങ്ങി തിരികെ എത്തിയപ്പോ റോഡില്‍ ഒരു കാഴ്ച, വടക്കേ വീട്ടില്‍ തെരുവ് നായ് പ്രസവിച്ചതിലെ ഒരു നായ്ക്കുട്ടി, വഴി തെറ്റി റോഡില്‍ കറങ്ങുന്നു.ഇടയ്ക്ക് എപ്പോഴോ അത് എന്‍റെ വീട്ടില്‍ കയറാനും ഒരു ശ്രമം നടത്തി. ഒച്ച വച്ചും, കാറിയും അതിനെ ഞാന്‍ ഓടിച്ച് വിട്ടു.

അത് കഴിഞ്ഞപ്പോ ആകെ ഒരു ഭയം...

ഇത് അകത്ത് കയറുമോ?

എന്‍റെ ലാബിനെ മാന്തുമോ?

ഇനി എന്നാ ചെയ്യും?


വീട്ടില്‍ എല്ലാരൂടെ ഒരു വട്ടമേശ സമ്മേളനം നടത്തി, കൂട്ടില്‍ കിടക്കുന്ന ലാബിനെ എടുത്ത് വീട്ടില്‍ കിടത്താമെന്ന് തീരുമാനമായി. അംഗനമാര്‍ താലപ്പൊലി ഏന്തുന്ന പോലെ ലാബിനെയും പൊക്കി ഞാനും വാമഭാഗവും പിള്ളേര്‌ സെറ്റും അകത്തേക്ക് പോയി. എന്നിട്ട് തിരികെ ഇറങ്ങി വന്ന് റോഡിലെ പട്ടികുഞ്ഞിനെ കല്ലെറിഞ്ഞ് ഓടിച്ചു.

അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു.


സമാധാനത്തോടെ അത്താഴം കഴിക്കാന്‍ ഇരുന്നപ്പോ പുറത്ത് നിന്ന് ഒരു പട്ടിയുടെ ശബ്ദം. ആ റോഡില്‍ കണ്ട ചെറിയ കുരിപ്പ് വീണ്ടും ഗേറ്റ് ചാടി വന്നോന്ന് നോക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോ ചിരിച്ച മുഖവുമായി മുന്നില്‍ നില്‍ക്കുന്ന വിപിന്‍.

ഇവനെന്താ ഈ പാതിരാത്രിക്ക്?

ഇനി പട്ടികൂടിനു നെറ്റടിക്കാന്‍ വന്നതായിരിക്കുമോ?

മനസില്‍ വന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്നേ ഉപദേശ രൂപത്തില്‍ വിപിന്‍ പറഞ്ഞു:

"പട്ടിയെ വാങ്ങിയാ പോരാ, നോക്കാന്‍ പഠിക്കണം"

എനിക്ക് അങ്ങോട്ട് മനസിലായില്ല!!!

വിശദീകരിക്കുന്ന രീതിയില്‍ വിപിന്‍:

"കൂട്ടീന്ന് ഇറങ്ങി ഓടിയ പട്ടികുഞ്ഞിനെ ഒന്നാംകുറ്റി വരെ ചെയ്സ്സ് ചെയ്ത് പിടിച്ച് തിരിച്ച് കൊണ്ട് വന്നിട്ടുണ്ട്"

എന്‍റെ കരിമുട്ടത്തമ്മേ...

ഞാന്‍ ഓടിച്ച് വിട്ട തെരുവ് പട്ടിയെ ഒരു കിലോമീറ്റര്‍ കാറില്‍ ചെയ്സ്സ് ചെയ്ത് പിടിച്ചോണ്ട് വന്നേക്കുവാണോ?

എന്നിട്ട് പട്ടി എവിടെ?

മനസ്സ് വായിച്ച പോലെ വിപിന്‍:

"ഞാന്‍ അതിനെ കൂട്ടില്‍ ഇട്ടിട്ടുണ്ട്"

നോക്കിയപ്പോ, ഞാന്‍ കല്ലെറിഞ്ഞ് ഓടിച്ച പട്ടി വീട്ടിലെ കൂട്ടില്‍ കിടക്കുന്നു.

ബലഭേഷ്!!!


"ഇനിയെങ്കിലും സൂക്ഷിക്കണം"

വിപിന്‍റെ ഉപദേശം.


ഓ...ചെയ്യാമേ!!


വിപിന്‍ തിരികെ പോയപ്പോ മുതല്‍ എനിക്ക് ഒരു ചിന്ത മാത്രം...

ഇനി ഇതിനെ എങ്ങനെ വടക്കേലെ പറമ്പില്‍ കേറ്റും?


ദന്തഗോപുര സ്വപ്നനാളുകള്‍...


ഒരു വിഷുക്കാലം.
കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി എട്ടിലെ വിഷുക്കാലം.ഞാന്‍ അന്ന് ബാംഗ്ലൂര്‌ ജോലി ചെയ്യുന്നു.നാട്ടില്‍ ഉത്സവക്കാലം ആയതിനാല്‍ നാട്ടിലേക്ക് വരാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്ന സമയം.പഠിച്ച് ഇറങ്ങിയട്ട് അഞ്ചാറ്‌ വര്‍ഷം കഴിഞ്ഞു, ജീവിതത്തിലെ പല നിര്‍ണ്ണായ ഘട്ടങ്ങളിലും കടന്ന് പോയി, ഇങ്ങനെ എന്താനാ ജീവിക്കുന്നതെന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിച്ചു, ഐടി മേഖലയില്‍ മല മറിച്ച് നടക്കുന്ന ഒരു എരിപിരി പ്രായം. ഈ സമയത്താണ്‌ ചേച്ചി എന്നെ ഫോണില്‍ വിളിച്ച് എന്നെ കെട്ടിക്കാന്‍ തീരുമാനിച്ച കാര്യം പറയുന്നത്.ശരിക്കും പറഞ്ഞാല്‍ ഒരു കല്യാണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത, എന്‍റെ വിദൂര സ്വപ്നങ്ങളില്‍ പോലും കല്യാണം എന്നൊരു ചിന്ത ഇല്ലാത്ത, ആ വരണ്ട ജീവിത കാലഘട്ടത്തിലാണ്‌ ചേച്ചി, അതായത് എന്‍റെ വല്യമ്മയുടെ മോള്‌, വീട്ടില്‍ നിന്ന് കേട്ട ഈ രഹസ്യം എന്നെ അറിയിച്ചത്.

അങ്ങനെ ആ രഹസ്യവും പേറി ഞാന്‍ നാട്ടിലെത്തി.
രാത്രി ഊണു കഴിക്കുമ്പോ ആണല്ലോ ഇമ്മാതിരി ന്യൂസ്സ് പറയുക, അത് കൊണ്ട് നേരത്തെ ഊണു കഴിക്കാനിരുന്നു.എന്നാല്‍ ആരും ഒന്നും മിണ്ടുന്നില്ല. അച്ഛനെ നോക്കി, അച്ഛന്‍ വളരെ മര്യാദയ്ക്ക് ഇരുന്നു ഉണ്ണുന്നു, അമ്മയെ നോക്കി, അമ്മ അച്ഛനു കറി വിളമ്പുന്നു, പെങ്ങളെ നോക്കി, അവളു ഞാന്‍ എന്താ എല്ലാവരെയും നോക്കുന്നത് എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഇരിക്കുന്നു.
ശെടാ, ഇതെന്താ ഇങ്ങനെ?
ചേച്ചി ഇനി ഏപ്രില്‍ ഫൂളിനു പറയാന്‍ വച്ചിരുന്നത് വല്ലോം പതിനാലു ദിവസം കഴിഞ്ഞ് ഓര്‍ത്ത് പറഞ്ഞതാണോ?
ഒരു പിടിയും കിട്ടുന്നില്ല.
എന്തായാലും പിറ്റേന്ന് ചേച്ചിയോട് ചോദിക്കാമെന്ന് കരുതി ആ രാത്രി കഴിച്ച് കൂട്ടി.

പിറ്റേന്ന് രാവിലെ ചേച്ചിയുടെ വീട്ടിലെത്തി. എന്നെ കണ്ട പാടെ ചേച്ചി അത് വരെ നടന്ന പല കാര്യങ്ങളുടെയും ഭാണ്ഡക്കെട്ട് അഴിച്ചു.കറുമ്പി പൂച്ച പ്രസവിച്ചതും, കാക്കക്കൂട്ടില്‍ കുയിലു മുട്ട ഇട്ടതും, തെക്കേലെ പൂവന്‍കോഴി ചിക്കന്‍ ഫൈ ആയതും പറഞ്ഞെങ്കിലും എന്‍റെ കല്യാണക്കാര്യം മാത്രം പറഞ്ഞില്ല. ഇപ്പോ പറയും, ഇപ്പോ പറയുമെന്ന് കരുതി ഉച്ച വരെ ആ വാചകമടി ഞാന്‍ കേട്ട് കൊണ്ടിരുന്നു, ഉച്ചയായപ്പോ, 'അയ്യോ, ചോറും കറിയും ഉണ്ടാക്കാന്‍ മറന്നു, എന്നാ നീ പോയിട്ട് പിന്നെ വാ' എന്നൊരു ഡയലോഗും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി.
ശെടാ, ഇതെന്ത് പാട്?
ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന പയ്യനാ, വെറുതെ വിളിച്ച് കല്യാണമെന്ന് ഒക്കെ പറഞ്ഞിട്ട് ഇപ്പോ അതിനെ പറ്റി മാത്രം ഒരു അക്ഷരവും പറയുന്നില്ല.ശരിക്കും ചേച്ചി വിളിച്ചിരുന്നോ, അതോ എന്‍റെ വിഭ്രാന്തി ആണോന്ന് അറിയാന്‍ ഞാന്‍ ഫോണിലെ കാള്‍ ലിസ്റ്റ് നോക്കി, അപ്പോ ഉറപ്പായി, ചേച്ചി വിളിച്ചിട്ടുണ്ട്.
"നീ ചോറ്‌ കഴിക്കുന്നോ?" അടുക്കളയില്‍ നിന്ന് ചേച്ചിയുടെ ശബ്ദം.
വേണ്ടാ!!!

എന്നാല്‍ കാര്യങ്ങള്‍ തകിടം ​മറിഞ്ഞത് രാത്രിയില്‍ ആയിരുന്നു. അന്ന് രാത്രി ചോറ്‌ കൊണ്ട് വയ്ക്കവേ അമ്മ പറഞ്ഞു:
"കല്യാണം നടത്തിയാലോന്ന് ആലോചിക്കുവാ"
"ആരുടെയാ അമ്മേ?" എന്‍റെ നിഷക്കളങ്കമായ ചോദ്യം.
"നിന്‍റെ, വേറെ ആരുടേത്"
അത് കേട്ട് ഉമ്മറിനെ പോലെ കണ്ണ്‌ രണ്ടും വിടര്‍ത്തി ഞാന്‍ വളരെ ആശ്ചര്യത്തില്‍ :
"എനിക്കോ, ഇപ്പോഴോ?"
എന്നെ സപോര്‍ട്ട് ചെയ്യുന്ന രീതിയില്‍ അനുജത്തി:
"ചേട്ടനിപ്പോ കല്യാണം വേണ്ടന്നാ അമ്മേ പറയുന്നത്"
ഞാന്‍ എപ്പോഴാടീ അങ്ങനെ പറഞ്ഞത് എന്ന് അര്‍ത്ഥത്തില്‍ ഞാന്‍ അവളെ ഒന്ന് നോക്കി. ആ അര്‍ത്ഥം മനസിലാക്കിയട്ട് എന്ന പോലെ അവള്‍ പറഞ്ഞു:
"നിര്‍ബന്ധിക്ക് അമ്മേ, ചിലപ്പോ സമ്മതിക്കുവായിരിക്കും"
പക്ഷേ അമ്മ നിര്‍ബന്ധിച്ചില്ല, അച്ഛനും. അത് കണ്ടിട്ട് ആകണം അനുജത്തി എന്നോട് പറഞ്ഞു:
"ചേട്ടന്‍ കെട്ട് ചേട്ടാ"
കെട്ടണോ??
കെട്ട് ചേട്ടാ.
നീ പറഞ്ഞ കൊണ്ടാ, അല്ലേല്‍ ഞാന്‍ സമ്മതിക്കില്ലാരുന്നു!!!
അവളു നിര്‍ബന്ധിച്ച കൊണ്ട് ഞാന്‍ അങ്ങ് സമ്മതിച്ചു, കെട്ടിയേക്കാം.

രാത്രി മുറിയില്‍ ഇരുന്ന് ഞാന്‍ ഒന്നൂടെ അതിനെ പറ്റി ആലോചിച്ചു...
വേണോ?...വേണ്ടേ?...വേണ്ടേ?...വേണോ?....
തിരിഞ്ഞും മറിഞ്ഞും ആലോചിച്ച് അവസാനം പെണ്ണ്‌ കാണാന്‍ പോകാമെന്ന് തീരുമാനിച്ചു.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കുറേ പെണ്ണു കാണല്‍ സീനുകള്‍ നോക്കി, എല്ലാത്തിലും പൊതുവായി ഒരു കാര്യമുണ്ട്, പെണ്ണിനെ കാണുമ്പോ ചിരിക്കണം.അത് പരിശീലിക്കാനായി കണ്ണാടിയുടെ മുന്നില്‍ പോയി ചിരിച്ച് കാണിച്ചപ്പൊ ദേ പല്ല്‌ മുഴുവന്‍ കറ. ആ രാത്രി ഞാന്‍ ഒരു മുട്ടന്‍ തീരുമാനം എടുത്തു...
ഒരു ദന്ത ഡോക്ടറെ കണ്ട് പല്ല്‌ ക്ലീന്‍ ചെയ്യണം.
രാവിലെ വീട്ടില്‍ ഈ ആവശ്യം പറഞ്ഞപ്പോ അമ്മ പറഞ്ഞു, ടൌണിലെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ തന്നെ പോകാമെന്ന്, അവരു അമ്മയുടെ ഫ്രണ്ട് ആണത്രേ.ആരായാലും പല്ല്‌ നന്നായാല്‍ മതി എന്ന ചിന്തയില്‍ നിന്ന എന്നോട് അമ്മയും കൂടെ വരാം എന്ന് ഏറ്റു.
എന്തായാലും അന്ന് തന്നെ ദന്ത ഡോക്ടറെ കാണാന്‍ തീരുമാനമായി.

അങ്ങനെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ അമ്മയുമായി എത്തി കാത്തിരുന്നപ്പോഴാണ്‌ എന്‍റെ മനസിലേക്ക് നേരത്തെ കേട്ടിട്ടുള്ള ഒരു ചിന്താഗതി കുളിര്‍ മഴയായി പെയ്ത് ഇറങ്ങിയത്.ഈ ഡോക്ടറുടെ ക്ലിനിക്കിലെ ദന്ത ഡോക്ടേഴ്സ്സ് എല്ലാം സുന്ദരികളായ പെണ്‍കുട്ടികളാണ്.അതായത് പഠിത്തം കഴിഞ്ഞ് കെട്ടിച്ച് വിടുന്നേനു മുന്നേ ഉള്ള സമയം ചിലവഴിക്കാന്‍ നില്‍ക്കുന്ന തരുണീ മണികള്‍. ചിലപ്പൊ എന്‍റെ ജീവിതത്തിലെ ഹാഫ്, ബെറ്റര്‍ ഹാഫ് ആണോ അല്ലയോ എന്നത് പിന്നത്തെ കാര്യം, ആ ഹാഫ് ഇവിടെ ഉണ്ടെങ്കിലോ?
ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
അവിടെ ദേ നില്‍ക്കുന്നു രണ്ട് കുട്ടികള്‍.ഒരാള്‍ എന്‍റെ സങ്കല്പത്തിലെ പോലെ ഗ്രാമീണ പെണ്‍കൊടി, രണ്ടാമത്തെ ആള്‍ സ്വല്പം മോഡേണ്‍ ആണ്. എങ്കിലും കുഴപ്പമില്ല, രണ്ട് പേരില്‍ ആരായാലും വിരോധമില്ല,അല്ലേല്‍ തന്നെ വീട് തോറും കയറി ഇറങ്ങി പെണ്ണു കാണുന്നതൊന്നും അത്ര സുഖകരമായ കാര്യമല്ല. ഇതാവുമ്പോ രണ്ട് ഗുണം, കല്യാണവും കഴിക്കാം, ഇടയ്ക്ക് ഇടയ്ക്ക് പല്ലും ക്ലീന്‍ ചെയ്യാം.എന്തിനേറെ പറയുന്നു, അവിടെ ഇരുന്ന് ആ രണ്ടില്‍ ഒരാളെ കെട്ടണമെന്ന മുട്ടന്‍ തീരുമാനം ഞാനങ്ങ് എടുത്തു.

അങ്ങനെ എന്‍റെ ഊഴമെത്തി, പല്ല്‌ ക്ലീന്‍ ചെയ്യാനാണെന്ന് അറിഞ്ഞപ്പോ വരൂ എന്ന് പറഞ്ഞ് ആ തരുണീ മണികള്‍ എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി. വിജയലക്ഷ്മി ഡോക്ടറെ കാണാനായി അമ്മ അവരുടെ ക്യാബിനിലേക്കും പോയി.
ഇതാണ്‌ പറ്റിയ സമയം.
ഞാന്‍ പതിയെ ഗ്രാമീണ പെണ്‍കൊടിയെ നോക്കി കുശലം ചോദിച്ചു:
"ദന്ത ഡോക്ടര്‍ ആണല്ലേ?"
"പിന്നെ എംബിബിഎസ്സ് കഴിഞ്ഞവരു ഇവിടെ വന്ന് നിക്കുമോ ചേട്ടാ?" ഈ മറുചോദ്യം മോഡേണ്‍ സുന്ദരിയുടേത് ആയിരുന്നു.
അപ്പോ തന്നെ ഇനി അവള്‍ കാലു പിടിച്ചാലും അവളെ കെട്ടില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു.
ശ്രദ്ധമുഴുവന്‍ ശാലീന സുന്ദരിയിലേക്ക് ആയി.
"എന്താ പേര്?"
"തുളസി" ഒരു കളമൊഴി.
അറിയാതെ ഒരു മൂളി പാട്ട് പാടി...
ചെത്തി, മന്ദാരം, തുളസി, പിച്ചക പൂ മാല ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം.
അടുത്ത നമ്പരിട്ടു:
"ഞാന്‍ മനു, എഞ്ചിനിയറാ, ബാംഗ്ലൂരാ ജോലി. ഈ ബാംഗ്ലൂരൊക്കെ ദന്ത ഡോക്ടേഴ്സ്സിനു നല്ല സ്‌ക്കോപ്പാ"
അത് കേട്ട് മോഡേണ്‍ ഗേള്‍:
"അതെന്താ ചേട്ടാ അങ്ങനെ?"
"അതിപ്പോ...."
സത്യം പറഞ്ഞാ എന്താണെന്ന് ചോദിച്ചാ എന്ത് പറയണമെന്ന് ഞാന്‍ പ്രിപ്പേര്‍ഡ് അല്ലാരുന്നു.അത് കൊണ്ട് തന്നെ ആ ഒരു ചോദ്യം എന്നെ ഒന്ന് കുഴക്കി.
അതിപ്പോ....
"നമ്പരിട്ടതാണല്ലേ?" അവളുടെ ചോദ്യം.
അല്ല, ശരിക്കും ഉള്ളതാ...
"ചേട്ടന്‍ കിടക്ക്"
എ.സിയിലും ചെറുതായി ഒന്ന് വിയര്‍ത്തോ എന്ന സംശയത്തില്‍ അവള്‍ ചൂണ്ടി കാണിച്ച കട്ടിലു പോലത്തെ നീണ്ട കസേരയില്‍ ഞാന്‍ കിടന്നു. തുടര്‍ന്ന് അവള്‍ എന്‍റെ വായില്‍ എന്തൊക്കെയോ തിരുകി കേറ്റി. ഇപ്പോ ഈ വാട്ട്സ്സ് ആപ്പിലെ 'ഈഈഈ...' ന്ന് ഇളിക്കുന്ന ഒരു ഇമോജി ഇല്ലേ, ഏകദേശം അതേ പോലെ ഇളീച്ചോണ്ട് ഞാന്‍ കിടക്കുകയാണ്.
അടുത്ത് വന്ന് എന്‍റെ പല്ല്‌ നോക്കുന്ന ശാലീന സുന്ദരിയുടെ മുഖത്ത് നാണം ​കലര്‍ന്ന ഒരു ചിരി ഉണ്ട്.
മതി, ഇവളു മതി, ഇവളെ തന്നെ കെട്ടണം.
ഉറപ്പിച്ചു!!!

ഈ സമയത്താണ്‌ വിജയലക്ഷ്മി ഡോക്ടര്‍ അമ്മയെയും കൊണ്ട് വന്നത്.അപ്പോഴേക്കും രണ്ട് യുവ ഡോക്ടേഴ്സൂം അലര്‍ട്ട് ആയി.അവരെ നോക്കി വിജയലക്ഷ്മി ഡോക്ടര്‍ പറഞ്ഞു:
"ടീച്ചര്‍ ഇവിടെ ഇരിക്കും, നിങ്ങള്‍ ചെയ്തോ"
ഇങ്ങനെ പറഞ്ഞ് അമ്മയെ അവിടെ ഇരുത്തി ഡോക്ടര്‍ ക്യാബിനിലേക്ക് പോയി.
അങ്ങനെ തുളസി എന്‍റെ പല്ല്‌ ക്ലീന്‍ ചെയ്യാന്‍ പോയപ്പോ അമ്മ പറഞ്ഞു:
"എന്‍റെ മോനാണേ..."
തുളസി അമ്മയെ ഒന്ന് ചിരിച്ച് കാണിച്ചിട്ട്, വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:
"എന്‍റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ..."
ശോ, ഇതൊക്കെ എന്തിനാ അമ്മ ഇവിടെ പറയുന്നത് എന്ന രീതിയില്‍ ഞാന്‍ അമ്മയെ ഒന്ന് നോക്കി.
അപ്പോ അമ്മ:
"എഞ്ചിനിയറാ"
അറിയാം എന്ന അര്‍ത്ഥത്തില്‍ ഒന്ന് തലയട്ടിയട്ട് തുളസി വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:
"ബാംഗ്ലൂരാ, ഉടനെ അമേരിക്കക്ക് പോകും"
അത്രയും ആയപ്പോ വീണ്ടും എ.സിയില്‍ വിയര്‍ത്ത് തുടങ്ങിയോന്ന് ഒരു സംശയം.
അത് ശ്രദ്ധിക്കാതെ അമ്മ:
"പെണ്ണു കെട്ടിക്കാന്‍ ഇരിക്കുവാ, അതിനു മുമ്പേ പല്ല്‌ ക്ലീന്‍ ചെയ്യാന്‍ വന്നതാ"
എനിക്ക് തൊലി ഉരിയുന്ന പോലെ...
ഞാന്‍ ആണെങ്കില്‍ വാ പൊളിച്ച് 'ഈഈഈ...' ന്ന് പറഞ്ഞ് ഇരിക്കുവാ.ആ അവസ്ഥയിലും അമ്മയെ നോക്കി ഓവറാക്കി ചളമാക്കല്ലേന്ന് ഞാന്‍ ആംഗ്യം കാണിക്കുന്നുണ്ട്, അത് കണ്ട് അമ്മ:
"എന്തടാ?"
ഒന്നുമില്ലേ എന്ന് തലയാട്ടി 'ഈഈഇ...'ന്ന് ഇളിച്ച് ഞാന്‍ ഇരുന്നു.പതുക്കെ തുളസിയെ നോക്കിയപ്പോ പഴയ ചിരി ഒന്നുമില്ല, ഈ വലാകള്‍ ഒന്ന് പോയാ മതി എന്ന ഭാവം. കൂടുതല്‍ കാണണ്ടാ എന്ന് കരുതി ഞാന്‍ കണ്ണടച്ചു. തുളസി എന്‍റെ പല്ല്‌ ക്ലീനിംഗ് ആരംഭിച്ചു.

മൂന്നാല്‌ പല്ല്‌ ക്ലീന്‍ ചെയ്തിട്ട് തുളസി എന്നോട് ഒരു പാത്രത്തിലേക്ക് തുപ്പാന്‍ പറഞ്ഞു, ഞാന്‍ അത് അനുസരിച്ചപ്പോ വായീന്ന് വരുന്നത് ചോര ആയിരുന്നു.
ഇത് കണ്ടതും അമ്മ ഒറ്റ അലര്‍ച്ച:
"അയ്യോ...ചോര"
മോഡേണ്‍ ഗേള്‍ ആശ്വസിപ്പിച്ചു:
"ടീച്ചര്‍ , പല്ല്‌ ക്ലീന്‍ ചെയ്യുമ്പോ ചോര വരും"
ഇതൊന്നും കേള്‍ക്കാതെ അമ്മ വലിയ വായില്‍ നിലവിളി:
"വിജയലക്ഷ്മി ഡോക്ടറേ ഓടി വായോ, എന്‍റെ മോന്‍റെ പല്ല്‌ എല്ലാം പിഴുത് എടുത്തേ.പെണ്ണുകാണാന്‍ വേണ്ടി പല്ല്‌ ക്ലീന്‍ ചെയ്യാന്‍ വന്ന പയ്യനാ, ഇനി ജീവിതത്തില്‍ അവന്‍റെ കല്യാണം നടക്കുമോന്ന് പോലും അറിയില്ലേ"
ഏകദേശം ഇതേ ലെവലിലാണ്‌ അമ്മയുടെ നിലവിളി. മോഡേണും ശാലീനതയും ഫ്യൂസ്സ് പോയി നില്‍ക്കുവാ, എന്‍റെ ബോധം പണ്ടേ പോയി. അടുത്തതായി ഡോക്ടറെ കാണാനിരുന്ന രോഗികള്‍ ഓടിയ വഴി ഇനി പുല്ല്‌ മുളക്കില്ല, അതായിരുന്നു അവസ്ഥ.
അവസാനം വിജയലക്ഷ്മി ഡോക്ടര്‍ വന്ന് ബാക്കി ക്ലീനാക്കി. അവര്‍ തുപ്പാന്‍ പറഞ്ഞപ്പോഴും ചോര വന്നു. അത് കണ്ട് അമ്മ എന്നോട്:
"മോന്‍ പേടിക്കണ്ടാ, വിജയലക്ഷ്മി ഡോക്ടര്‍ക്ക് നല്ല എക്സ്പീരിയന്‍സ്സ് ഉണ്ട്. പല്ല്‌ ക്ലീന്‍ ചെയ്യുമ്പോ ചോര വരിക സാധാരണമാണ്...."
ഒന്ന് നിര്‍ത്തിയട്ട് തുളസിയെ നോക്കി:
"എന്നാലും ഈ പിള്ളേര്‌ എന്ത് പണിയാ കാണിച്ചത്"
അവസരം ​കിട്ടിയാല്‍ എന്നെയും അമ്മയെയും തല്ലി കൊല്ലും എന്ന ഭാവത്തിലാ ആ രണ്ടിന്‍റെയും നില്‍പ്പ്.
എന്തായാലും ക്ലീനിംഗ് കഴിഞ്ഞ് ഡോക്ടര്‍ പോയി, അമ്മ ഡോക്ടറിനു ഒപ്പം പോയി. ഞാന്‍ മാത്രം ഈ രണ്ടിന്‍റെയും നടുക്ക് ഒറ്റപ്പെട്ടു. സാഹചര്യം ഒന്ന് ലൈറ്റ് ആക്കാനായി ഞാന്‍ ചോദിച്ചു:
"എന്താ നിങ്ങളുടെ ഭാവി പ്ലാന്‍"
അത് കേട്ട് രണ്ട് പേരും എന്നെ ഒരു നോട്ടം നോക്കി. കൂടുതല്‍ വിശദീകരണം ഒന്നും വേണ്ടായിരുന്നു, എന്നാലും ഞാന്‍ പറഞ്ഞ് ഒപ്പിച്ചു:
"അമ്മയാ, ഭയങ്കര സ്നേഹമാ, അതാ..."
ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി, വീട്ടില്‍ എത്തി ഇതും പറഞ്ഞ് അമ്മയോട് വഴക്കിട്ടപ്പോ അച്ഛന്‍ പറഞ്ഞു:
"എല്ലാ അമ്മമാരും ഇങ്ങനാ, അത് നിനക്ക് ഇപ്പോ മനസിലാവില്ല"

സത്യമായിരുന്നു, അത് എനിക്ക് അന്ന് മനസിലായില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള പല സൌഹൃദ സംഭാക്ഷണങ്ങളിലും അതിന്‍റെ പല വക ഭേദങ്ങള്‍ ഞാന്‍ കേട്ടു...
എന്‍റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ.
അവളോ, അവളുടെ ബുദ്ധീന്ന് പറഞ്ഞാ അതാ ബുദ്ധി.
ഇപ്പോഴത്തെ പിള്ളേരൊക്കെ കാഞ്ഞ ബുദ്ധിയാ, എന്‍റെ മോന്‍ പ്രത്യേകിച്ചും.
ഇതൊക്കെ കേള്‍ക്കുമ്പോ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു, ഇവരുടെ ഒക്കെ മക്കള്‍ ഇത്ര ബുദ്ധിയുള്ളവരാണല്ലോ, ഇനി എനിക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇത്രയും ബുദ്ധി ഉണ്ടാകുമോന്ന്.
ഈ ഇടയ്ക്ക് ആ സംശയവും മാറി, വൈഫ് പറയുന്ന കേട്ടു:
"ചേട്ടന്‍റെ മക്കളുണ്ടല്ലോ, അവരുടെ ബുദ്ധിയാ ചേട്ടാ ബുദ്ധി"
അച്ഛന്‍ പറഞ്ഞത് ശരിയാ, മക്കള്‍ക്ക് പലതും മനസിലാവില്ല, അതൊക്കെ അമ്മമാര്‍ക്കേ മനസിലാവൂ.
കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്നല്ലേ.


പായുന്ന സുന്ദരി


രാവിലെ എഴുന്നേറ്റപ്പോ എനിക്ക് ഒരു ബോധോദയം, ഞാന്‍ ഒരു മനുഷ്യനാണോ, മനുഷ്യകുലത്തിനു ഗുണകരമായ എന്തേലും ചെയ്തിട്ടുണ്ടോ, ഇല്ല, ഒന്നും ചെയ്തിട്ടില്ല.അതോടെ ഞാന്‍ തീരുമാനിച്ചു, ഇന്ന് എന്തെങ്കിലും ചെയ്യണം. ആ മനോഭാവത്തില്‍ ഞാന്‍ എഴുന്നേല്‍ക്കവേ ഭിത്തിയില്‍ ഇരുന്ന പല്ലി തല ചരിച്ച് എന്നെ ഒന്ന് നോക്കി.അതിനു മനസിലായി, ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.സകലമാന ചരാചരങ്ങള്‍ക്കും അപായ സൂചന മുഴക്കി ഒന്ന് ചിലച്ചിട്ട്, പ്രതിഷേധം എന്ന പോലെ വാലും മുറിച്ചിട്ടിട്ട് അത് ഓടി പോയി.എന്തെങ്കിലും ചെയ്യണം എന്ന എന്‍റെ വിപ്ലവവീര്യത്തെ കെടുത്താന്‍ ആ ഒരു പ്രതിഷേധം മതിയായിരുന്നില്ല.

എന്ത് ചെയ്യും?
എന്ത് ചെയ്യണം?

കൂലം കഷൂലമായ ആലോചന.

ഒടുവില്‍ തീരുമാനിച്ചു, ഫ്ലാറ്റില്‍ കൂടി അറഞ്ചം പുറഞ്ചം പായുന്ന സുന്ദരികള്‍, നാടന്‍ ഭാഷയില്‍ പാറ്റകള്‍, അവയെ വക വരുത്താം.
ഓപ്പറേഷന്‍ പാറ്റ.
ആലോചന അത്രയും ആയപ്പോ തന്നെ എന്‍റെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു, ഇന്ന് ഇവിടെ ഒരു ലോഡ് ശവം വീഴും.നിലത്ത് കിടന്ന് രണ്ട് പുഷപ്പ് എടുത്തിട്ട് പാറ്റയെ കൊല്ലുക എന്ന ഉദ്ദേശത്തില്‍ ഞാന്‍ അടുക്കളയിലേക്ക് കയറി.

അടുക്കളയില്‍ ആകെ ഒന്ന് കണ്ണോടിച്ചിട്ട് പുലിമുരുകനില്‍ പയ്യന്‍ പറയുന്ന പോലെ ഞാന്‍ പിറുപിറുത്തു..
കൊല്ലണം, പാറ്റയെ കൊല്ലണം.
പക്ഷേ എങ്ങനെ??
നേരെ അച്ചി വീട്ടിലേക്ക് ഫോണ്‍ ചെയ്തു, വാമഭാഗം ​ഫോണെടുത്തു. ആവശ്യം പറഞ്ഞു, സംഭവം ന്യായമാണെന്ന് മനസിലായപ്പോ ഭാര്യ പറഞ്ഞു:
"ഫ്രിഡ്ജിനു മുകളില്‍ ഹിറ്റ് ഇരിപ്പുണ്ട് ചേട്ടാ, എടുത്ത് പാറ്റയുടെ മേല്‍ അടിച്ചാ മതി"
അത് കേട്ടതും കൂടുതല്‍ ഒന്നും ചോദിക്കാതെ ഫോണ്‍ വച്ചു.അവള്‍ പറയുന്ന പോലെ ഹിറ്റ് എടുത്ത് ഒരോ പാറ്റയുടെയും മുകളില്‍ അടിക്കുന്നതിലും നല്ലത് ചെരുപ്പ് എടുത്ത് അടിക്കുന്നതല്ലേ, ചത്തു എന്ന് ഉറപ്പിക്കാമല്ലോ.ഇങ്ങനെ കരുതി ഗൂഗിള്‍ ചെയ്ത് നോക്കി, അപ്പോ മനസിലായി, ഹിറ്റ് വെറുതെ അടിച്ചാ മതി, പാറ്റകള്‍ ചത്തോളും.
ഹരേ വാ.

ഹിറ്റുമായി ആദ്യം അടുക്കളയിലേക്ക്.
അവിടെയാണ്‌ പാറ്റകളുടെ വാസസ്ഥാനം. കാലന്‍ കയറുമായി വന്നത് കണ്ടിട്ടാകാം ഒറ്റ പാറ്റയും വെളിയില്‍ എങ്ങുമില്ല.ബംഗാളികള്‍ ഒക്കെ വന്നതോടെ പാറ്റകള്‍ക്ക് ഹിന്ദി ആയിരിക്കും കൂടുതല്‍ വശമെന്ന് കരുതി മൊഴിഞ്ഞു...
അരേ പാറ്റാസ്സ്, ബാഹര്‍ ആവോ, മേരാ ഹാത്ത് മേം ഹിറ്റ് ഹേ.
എന്ത് ഹേ?
ഒരു പാറ്റ പോലും പുറത്തേക്കില്ല.

ഒടുവില്‍ മുകളിലും താഴെയുമുള്ള കബോഡുകള്‍ തുറന്ന് നോക്കാന്‍ തീരുമാനമായി. താഴെ എല്ലാം തുറന്നു, പാറ്റ ഇല്ല.മുകളില്‍ ഒന്നൊന്നായി തുറന്നു, അവിടെയും പാറ്റ ഇല്ല. സാധനങ്ങള്‍ അടുക്കി വച്ചിരിക്കുന്നതിനു ഇടയില്‍ ഒരു പാറ്റ പോലും ഉള്ള ലക്ഷണമില്ല. ഇനി മുകളിലത്തെ ഒരു കബോഡ് കൂടിയെ തുറക്കാനുള്ളു, അതും തുറന്നു.അതില്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ കുത്തി നിറച്ചിരിക്കുകയാണ്.പെട്ടന്ന് അതില്‍ ഒരു ചെറിയ ശബ്ദം, പാറ്റകള്‍ പതിയെ സഞ്ചരിക്കുന്ന ശബ്ദം.അതോടെ എനിക്ക് ഒന്ന് മനസിലായി എല്ലാവരും പതുങ്ങി ഇരിക്കുവാ, പിന്നെ ഒന്നും നോക്കിയില്ല കാടടച്ച് ഹിറ്റ് അടിച്ചു.എല്ലാ കബോഡിലും മാറി മാറി അടിച്ചു.എന്നിട്ട് ഒരു നിമിഷം വെയിറ്റ് ചെയ്തു.
നിശബ്ദത.
ഒരു അനക്കവുമില്ല.
അടുത്ത നിമിഷം ബാഹുബലിയില്‍ മുകളിലോട്ട് അയച്ച അമ്പ് എല്ലാം താഴോട്ട് വന്ന പോലെ ചാടി ഇറങ്ങുന്ന പാറ്റകള്‍.ഒന്ന്, രണ്ട്, മുന്ന്...
അസംഖ്യം പാറ്റകള്‍.
ധൈര്യവാനായ ഞാന്‍ പിന്നെ അവിടെ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു.
ചാവട്ടെ, എല്ലാം ചത്തിട്ട് തിരികെ വരാം.

ഓഫീസില്‍ എത്തി ലിറ്റിയോട് എന്‍റെ ധീരസാഹസിക കഥ പറഞ്ഞു.
എല്ലാം കേട്ടിട്ട് ലിറ്റി പറഞ്ഞു:
"ഈ ലോകം പാറ്റകളുടെതാണ്. ശരിക്കും ദിനോസര്‍ ഉള്ള കാലത്ത് മുതല്‍ അവര്‍ ഇവിടെ ഉണ്ടായിരുന്നു.പെരിപ്ലാനേറ്റാ അമേരിക്കാനാ എന്നാണത്രേ ഇവയുടെ ശാസ്ത്രനാമം. ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ്‌ പുറത്ത് ചാടിക്കേണ്ടത്"
ശെടാ!!!
പുല്ല്, പറയണ്ടായിരുന്നു.
അത്ര വല്യ മഹാപാപമാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലാരുന്നു. പാറ്റ അല്ലേ, കൊന്നേക്കാം എന്ന് കരുതി വെറുതെ ഹിറ്റ് അടിച്ചതാ. ഇതിപ്പോ കൊലക്കുറ്റത്തിനു അകത്ത് കിടക്കേണ്ടി വരുമെന്നാ തോന്നുന്നത്.
വിഷമിച്ച് നിന്ന എന്നോട് ലിറ്റി പറഞ്ഞു:
"പോട്ടെ, നടന്നത് നടന്നു, ഇനി ആരോടും പറയണ്ടാ"
ശരിയെന്ന് വെറുതെ ഞാന്‍ തലയാട്ടി.

വൈകിട്ട് ഓഫീസീന്ന് വരുന്ന വഴി എന്‍റെ ഒരു ചങ്കിനെ വിളിച്ചു, കാര്യം പറഞ്ഞു.എല്ലാം കേട്ടിട്ട് അവന്‍ പറഞ്ഞു:
"നീ പേടിക്കണ്ടാ, രാവിലെ അല്ലേ ഹിറ്റ് അടിച്ചത്, ഇപ്പോ വൈകുന്നേരം ആയില്ലേ, എല്ലാം ബോധം തിരികെ കിട്ടി പോയി കാണും, ഡോണ്ട് വറി"
ഫ്ലാറ്റില്‍ കേറി നോക്കിയപ്പോ അത് സത്യമാ, തറയില്‍ ഒരു പാറ്റ പോലും ഇല്ല. എല്ലാം പോയിരിക്കുന്നു. ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു, ആ ഒരു അവകാശ വാദം വച്ച് നോക്കിയാല്‍ ഈ ഫ്ലാറ്റ് ആ പാറ്റകളുടെത് ആണ്, ഞാന്‍ ആണ്‌ ഇവിടെ വലിഞ്ഞ് കേറി താമസിക്കുന്നത്. എന്തൊരു മനുഷ്യനാ ഞാന്‍, ശരിക്കും ഒരു മഹാപാപി തന്നെ.
എന്നിട്ടും എനിക്ക് സംശയം തീരുന്നില്ല.
വാടക് കൊടുക്കുന്നത് ഞാനല്ലേ? പാറ്റ അല്ലല്ലോ??
എന്തിരോ എന്തോ.
ഇങ്ങനെ ചിന്തിച്ച് നില്‍ക്കേ നേരത്തെ വിളിച്ച ചങ്കിന്‍റെ ഫോണ്‍ വന്നു:
"എന്തായി?"
"ഒന്നുമില്ല അളിയാ, നീ പറഞ്ഞതാ ശരി, അതൊക്കെ പോയി"
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
എന്നിട്ട് ഇത് വീണ്ടും പഴയ കബോഡില്‍ കേറി സുഖമായി ഇരിക്കുന്നോ എന്ന് അറിയാനായി ഞാന്‍ പതിയെ മുകളിലത്തെ കബോര്‍ഡില്‍ കയറി നോക്കി, അപ്പോ കണ്ട കാഴ്ച...
ദേ അവറ്റകളെല്ലാം കബോഡുകളിലായി ചത്ത് കിടക്കുന്നു.ദരിദ്രവാസി പാറ്റകള്‍, താഴെ ആയിരുന്നേല്‍ തൂത്ത് കളയാമായിരുന്നു. ഇതിപ്പോ ശവമഞ്ചല്‍ ഒരുക്കി ഒരോന്നിനെയായി താഴെ കൊണ്ട് വരണം. ചാവാന്‍ പോയ പാറ്റകള്‍ വരെ എനിക്ക് പണി തന്നിട്ടാ ചാവുന്നത്, ശെടാ.
ആകെ വിഷമം.
വേറെ വഴി ഇല്ലാതെ മുകള്‍ ഭാഗം ​ക്ലീനാക്കി, തുടര്‍ന്ന് താഴെയുള്ള കബോഡ് ക്ലീനാക്കി കൊണ്ടിരുന്നപ്പോ ദേ വേറൊരുത്തന്‍, ഒരു എലി.മൂക്കിന്‍ ചുണ്ടത്തെ മീശ ഒന്ന് വിറപ്പിച്ചിട്ട് അവന്‍ എന്നെ നോക്കി പറഞ്ഞു:
"ഹലോ"
ബ്ലഡി ഫൂള്‍!!!
എന്‍റെ ഫൂള്‍ കണ്ട്രോള്‌ പോയി.
അതിനു ശേഷം അതിരാവിലെ വാലു കളഞ്ഞ് പ്രതിഷേധിച്ച ആ പഴയ പല്ലി കണ്ടത് ഒരു കിടിലന്‍ കാഴ്ച ആയിരുന്നു. ഈ പറക്കും തളിക പടത്തില്‍ എലിക്ക് പിന്നാലെ ഹരിശ്രീ അശോകന്‍ പായുന്ന പോലെ, ചിരവയും എടുത്ത് പായുന്ന ഞാന്‍.അടുക്കളയിലും ഹാളിലും എല്ലാം ഓടിച്ച് അത് വെളിയില്‍ ചാടി, പുറകിനു ഞാനും.കുറേ ഓടിച്ച് കഴിഞ്ഞപ്പോ സെക്യൂരിറ്റി വിജയന്‍ പറഞ്ഞു:
"സാറേ കൊല്ലണ്ടാ"
ഇനി കൊല്ലണമെന്ന് വിചാരിച്ചാ തന്നെ ഞാന്‍ നിന്നു തരാമെടാ പട്ടി, എന്ന രീതിയില്‍ എന്നെയും വിജയനെയും നോക്കി മൂക്കിന്‍ ചുണ്ടത്തെ മീശ വിറപ്പിച്ചിട്ട് ആ എലി ഓടി പോയി.തിരികെ ഫ്ലാറ്റില്‍ കേറാന്‍ നോക്കവേ ഞെട്ടലോടെ ആ സത്യം മനസിലാക്കി, ഡോര്‍ ഓട്ടോ ലോക്ക് ആണ്.
ഇപ്പോ ഞാന്‍ പുറത്തും ബോധം പോയ പാറ്റകള്‍ അകത്തും.
ഫ്ലാറ്റ് ഉടമയെ വിളിച്ച് സ്പെയര്‍ താക്കോലു കൊണ്ട് വരാന്‍ അപേക്ഷിച്ച് വാതുക്കല്‍ കുത്തി ഇരിക്കവേ ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു...
ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ്‌ പുറത്ത് ചാടിക്കേണ്ടത്.
പ്രിയപ്പെട്ട ലിറ്റി,
അത് ലിറ്റിക്ക് മാത്രമല്ല, ആ പാറ്റകള്‍ക്കും അറിയാമായിരുന്നു.എന്ന് മാത്രമല്ല, അവരത് ഒരു എലിയെ വച്ച് വൃത്തിയായി ചെയ്യുകയും ചെയ്തു.ഒന്ന് ചോദിച്ചോട്ടെ, എന്തിരായിരുന്നു അതിന്‍റെ ശാസ്ത്രീയ നാമം??
ഓ, ഓര്‍മ്മ വന്നു...
പെരിപ്ലാനേറ്റാ അമേരിക്കാനാ!!!
നന്ദി.

ഒരു ബുള്‍സ്സ് ഐ കഥ


കായംകുളത്ത് ഒരു തട്ടുകടയുണ്ട്, കൃത്യമായി പറഞ്ഞാല്‍ പോലീസ്സ് സ്റ്റേഷന്‍ കഴിഞ്ഞ് കിഴക്കോട്ട് പത്തടി നടന്നാല്‍ വലതുവശത്താണ്‌ അത് സ്ഥിതി ചെയ്യുന്നത്.എന്‍റെ അയല്‍ക്കാരായ ചേട്ടനും ചേച്ചിയുമാണ്‌ കട മുതലാളിമാര്‍. കിടിലന്‍ ദോശ, കുറച്ച് ചുവന്ന ചമ്മന്തി, ആവശ്യത്തിനു വെള്ള ചമ്മന്തി, കുറച്ച് കടലക്കറി, പിന്നെ അവിടുത്തെ മാത്രം സ്പെഷ്യലായി സവാള അരിഞ്ഞത് ഒരു പിടി.ഇവിടുന്ന് അഞ്ച് ദോശയും ഒരു ഡബിള്‍ ബുള്‍സ്സ് ഐയുമാണ്‌ എന്‍റെ സ്ഥിരം കോട്ട. ബുള്‍സ്സ് ഐ കഴിക്കുമ്പോള്‍ മഞ്ഞ കഴിക്കാറില്ല, പകരം മഞ്ഞക്ക് ചുറ്റുമുള്ള വെള്ള ചുരണ്ടി കഴിക്കുന്നതാണ്‌ എന്‍റെ ഒരു സ്റ്റൈല്.

അങ്ങനെ തിന്നും തിന്നാതെയും കടന്ന് പോയ സന്തോഷകരമായ ദിവസങ്ങള്‍!!!

കഥയുടെ ഗതി മാറുന്നത് രണ്ട് ദിവസം മുമ്പാണ്.അതായത് ചൊവ്വാഴ്ച വൈകുന്നേരം, മണ്ഡല കാലത്തിന്‍റെ തലേ ദിവസം.അന്ന് ഓഫീസില്‍ ജോലി ചെയ്ത് ഇരിക്കേ ബുള്‍സൈ ചര്‍ച്ചാ വിഷയമായി.ബുള്‍സൈയുടെ ചുറ്റുമുള്ള വെള്ള കഴിച്ചിട്ട്, മഞ്ഞ പൊട്ടാതെ വായിലേക്ക് ഇട്ട് 'ഗ്ലും' എന്ന് ഇറക്കിയട്ട് ഒരു ഗ്ലാസ്സ് ചൂട് വെള്ളം കൂടി കുടിച്ചാലുണ്ടാവുന്ന മനോസുഖത്തേയും, ആ രുചിയേയും, മനസ്സിന്‍റെ ഒരു സന്തോഷത്തേയും കുറിച്ച് കൂടെ വര്‍ക്ക് ചെയ്യുന്ന സുരേഷ് വിശദീകരിച്ചപ്പോള്‍ എന്‍റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായി.
ഞാന്‍ തീരുമാനിച്ചു....
ഇന്ന് ഒരു ബുള്‍സ്സ് ഐ ഇത് പോലെ കഴിക്കണം.

ഇതൊരു വലിയ തീരുമാനമാണ്, കാരണം ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ലെന്ന് ശപഥമെടുത്ത മഹാനാണ്‌ ഞാന്‍.ആ ശപഥമാണ്‌ തെറ്റിക്കാന്‍ തീരുമാനിച്ചത്.അതിനായി ഞാന്‍ മുപ്പത്തിമുക്കോടി ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു...
"ദൈവമേ, ഇന്നേക്ക്, ഇന്നേക്ക് മാത്രം എന്നെ ഒന്ന് അനുവദിക്കു.ഈ മണ്ഡലക്കാലം ആരംഭിച്ചാല്‍, അതായത് രാത്രി പന്ത്രണ്ട് മണി ആയാല്‍ ഞാന്‍ പിന്നെ ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ല, ഇത് സത്യം സത്യം സത്യം"
ഒരു മുട്ടന്‍ സത്യം!!!

എറണാകുളത്തെ ഏതെങ്കിലും തട്ടുകടയില്‍ നിന്ന് കാര്യം സാധിക്കാനായിരുന്നു എന്‍റെ ഉദ്ദേശം.എന്നാല്‍ അന്ന് അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ബുള്‍സ്സ് ഐ കായംകുളത്തൂന്ന് തന്നെ.ഏഴരക്ക് ഓഫീസില്‍ നിന്ന് കാര്‍ എടുത്തപ്പോ മുതല്‍ മനസ്സില്‍ ഒരു സ്വപ്നം മാത്രം...
കായംകുളം എത്തുന്നു, കടയില്‍ കയറുന്നു, ദോശ കഴിക്കുന്നു, തുടര്‍ന്ന് ഡബിള്‍ ബുള്‍സ്സ് ഐ വാങ്ങി വെള്ള ചുരണ്ടി കഴിച്ചിട്ട് മഞ്ഞ 'ഗ്ലും' എന്ന് വിഴുങ്ങുന്നു, അതോടൊപ്പം ഒരു ഗ്ലാസ്സ് ചൂട് വെള്ളവും കുടിക്കുന്നു.
എറണാകുളത്ത് നിന്ന് ചേര്‍ത്തല വഴി ആലപ്പുഴയിലേക്ക് പോകുന്ന വഴി ചിന്തകള്‍ കൂടി കൂടി വന്നു, അതോടൊപ്പം വായില്‍ വെള്ളം നിറഞ്ഞ് നിറഞ്ഞ് വന്നു.ആലപ്പുഴ എത്തിയതോടെ ആക്രാന്തം അടക്കാന്‍ വയ്യാതെ ആയി, എങ്കിലും കായംകുളം എന്ന ടാര്‍ജറ്റില്‍ മുറുകെ പിടിച്ച് ഞാന്‍ ആക്‌സിലേറ്ററില്‍ ആഞ്ഞ് ചവുട്ടി.ഒരു പത്ത് മണി കഴിഞ്ഞപ്പോഴേക്ക് ഞാന്‍ ഡെസ്റ്റിനേഷന്‍ പോയിന്‍റിലെത്തി.
നേരെ കടയിലേക്ക്....

ദോശ കഴിക്കാനിരുന്ന എന്‍റെ സമീപത്തായി ആറടിയില്‍ അധികം ഉയരമുള്ള ഒരു അജാനബാഹു ഇരുപ്പുണ്ടായിരുന്നു.കൊമ്പന്‍ മീശ വച്ച്, കണ്ണുകള്‍ ചുവപ്പിച്ച്, കള്ളിന്‍റെ മണം ചുറ്റും പരത്തി ഇരിക്കുന്ന ടിയാന്‍, പഴയ പ്രേം നസീറിന്‍റെ കാലത്തെ ഏതോ ഗുണ്ടയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു.അതുകൊണ്ട് സ്വല്പം ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ ചുരുണ്ട് കൂടി ഇരുന്ന് ദോശ തിന്നു.ഇനിയാണ്‌ ഞാന്‍ കാത്തിരിക്കുന്ന നിമിഷം, ഞാന്‍ ഉറക്കെ പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സ് ഐ"
ഞാന്‍ അത് പറഞ്ഞ അതേ നിമിഷം തന്നെ അടുത്തിരുന്ന തടിമാടനും ഒരു ഡബിള്‍ ബുള്‍സ്സ് ഐ ഓര്‍ഡര്‍ ചെയ്തു എന്നത് വിധിയുടെ വിളയാട്ടമായിരുന്നു.എനിക്ക് ആദ്യം കിട്ടുമോ, അയാള്‍ക്ക് ആദ്യം കിട്ടുമോന്ന് ഞാന്‍ ഓര്‍ത്ത് നില്‍ക്കെ ചേച്ചി ഡബിള്‍ ബുള്‍സ്സ് ഐ എനിക്ക് മുന്നിലേക്ക് കൊണ്ട് വച്ചു.
ഭാഗ്യം!!!
ഇനി കഴിച്ച് തുടങ്ങാം.
ഇങ്ങനെ ഞാന്‍ മനസ്സില്‍ കരുതവേ അടുത്തിരുന്ന ഗുണ്ട, തന്‍റെ സ്വരം കടുപ്പിച്ച് ചേച്ചിയോട് ഒരു ചോദ്യം:
"ഇവനു എന്തിനാ കൊടുത്തത്, ഞാനല്ലേ ആദ്യം ചോദിച്ചത്?"
ആ കടുപ്പവും ആ ചോദ്യത്തിന്‍റെ ഗാംഭീര്യവും എല്ലാം കേട്ടതോടെ എന്‍റെ ആവേശം പാതി കെട്ടടങ്ങി, ദൈവമേ, കുരിശായോ??
പക്ഷേ ചേച്ചി വളരെ വിദഗ്ദമായി ആ സന്ദര്‍ഭം കൈകാര്യം ചെയ്തു.
വളരെ വിനയത്തോടെ ചേച്ചി അയാളോട് പറഞ്ഞു:
"ഈ പയ്യന്‍ എന്നും ഇവിടുന്ന് കഴിക്കുന്നതാ, പാവമാ, മുട്ടയുടെ മഞ്ഞ കഴിക്കാത്ത ഒരു സാധുവാ. ചേട്ടന്‍ നോക്കിയേ ആ കാരണം കൊണ്ട് ഞങ്ങള്‌ വെള്ള പരത്തി ചുട്ട് കൊടുത്ത സ്പെഷ്യല്‍ ബുള്‍സ്സ് ഐയാ"
അയാള്‍ എന്‍റെ ബുള്‍സ്സ് ഐയിലേക്ക് നോക്കി, ഞാനും.
ചേച്ചി പറഞ്ഞത് ശരിയാ, വെള്ള പരത്തി ചുട്ടിട്ടുണ്ട്, നടുക്ക് രണ്ട് മഞ്ഞയും.അയാള്‍ക്ക് അതങ്ങ് ബോധിച്ചു, എരുമ അമറുന്ന പോലെ ഒന്ന് അമറിയട്ട് അയാള്‍ പറഞ്ഞു:
"കഴിച്ചോ"
പെട്ടു!!!
ഇനി ഞാന്‍ എന്തോ ചെയ്യും??
ഇത്രയും പറഞ്ഞിട്ട് മഞ്ഞ കഴിച്ചാല്‍ കാലമാടന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയുമില്ല.കഴിക്കാതിരുന്നാല്‍ മണ്ഡലകാലത്തിനു രണ്ട് മണിക്കൂര്‍ കൂടി, ജീവിതത്തില്‍ മഞ്ഞ കഴിക്കാന്‍ പറ്റില്ല.അല്ലെങ്കില്‍ സത്യം തെറ്റിക്കണം, അത് പാപമാണ്.
ഇങ്ങനെയെല്ലാം ചിന്തിച്ച് നില്‍ക്കേ ചേച്ചി സ്നേഹത്തോടെ പറഞ്ഞു:
"മോന്‍ കഴിച്ചോ? പുള്ളിക്കാരനു ഞങ്ങള്‍ വേറെ ഉണ്ടാക്കി കൊടുത്തോളാം"
ഉവ്വോ??
അയാളും എന്നെ രൂക്ഷമായി നോക്കി...
അപ്പോ കഴിക്കുവല്ലേ??
ഒന്നും മിണ്ടിയില്ല, സ്വപ്നങ്ങള്‍ മനസ്സില്‍ ഒതുക്കി, മഞ്ഞക്ക് ചുറ്റും ചുരണ്ടാന്‍ തുടങ്ങി, ഒടുവില്‍ രണ്ട് മഞ്ഞ പ്ലേറ്റില്‍ അവശേഷിപ്പിച്ച് ഞാന്‍ പതിയെ എഴുന്നേറ്റു.
കാശ് കൊടുക്കാന്‍ നേരം ചേച്ചി പറഞ്ഞു:
"വല്ലപ്പോഴും മഞ്ഞ കഴിക്കുന്ന കൊണ്ട് കുഴപ്പമില്ല"
മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ എന്താവും പറയുകാന്ന് ഒരു നിശ്ചയമില്ല.ചില്ലറ എണ്ണി കൊടുത്തു, പതിയെ കാറില്‍ കയറി.
നേരെ വീട്ടിലേക്ക്...

വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു.മണ്ഡലകാലത്തിനു ഒരു മണിക്കൂര്‍ തികച്ചില്ല.ചെന്ന പാടെ ഭാര്യയോട് പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സൈ ഉണ്ടാക്ക്, വേഗം"
പാതിരാത്രി എനിക്ക് എന്നാ പറ്റി എന്ന മട്ടില്‍ അവള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഫ്രിഡ്ജ് തുറന്നിട്ട് അവള്‍ പറഞ്ഞു:
"ഒരു മുട്ടയേ ഉള്ളു"
"ഒന്നെങ്കില്‍ ഒന്ന്, വേഗമാകട്ടെ" എന്‍റെ നിലവിളി.
അങ്ങനെ സിംഗിള്‍ ബുള്‍സൈ മുന്നിലെത്തി.ചുറ്റുമുള്ള വെള്ള പെട്ടന്ന് തിന്നു, തുടര്‍ന്ന് മഞ്ഞ കഴിക്കുന്നതിനു മുമ്പാണ്‌ ചൂടു വെള്ളത്തിന്‍റെ കാര്യം ഓര്‍ത്തത്.അടുക്കളയില്‍ ഓടി പോയി ഒരു ഗ്ലാസ്സില്‍ ചൂടു വെള്ളവും എടുത്ത് തിരിഞ്ഞ് വന്നപ്പോ കണ്ട കാഴ്ച...
പ്ലേറ്റില്‍ ഇരുന്ന മഞ്ഞ എടുത്ത് വായിലേക്ക് ഇടാന്‍ പോകുന്ന ഭാര്യ!!
"മക്കളേ, അരുത്, അത് ചേട്ടനുള്ളതാ.മണ്ഡലകാലത്തിനു മുന്നേ....."
ഇത്രയും പറയണമെന്ന് മനസ്സില്‍ വിചാരിച്ചതേ ഉള്ളു, അതിനുള്ളില്‍ കൊക്ക് മീനെ വിഴുങ്ങുന്ന പോലെ അവള്‍ അത് വിഴുങ്ങി.തുടര്‍ന്ന് ഞാന്‍ കൈയ്യില്‍ പിടിച്ചിരുന്ന ചൂട് വെള്ളം വാങ്ങി ഒറ്റയടിക്ക് കുടിച്ചു.
എന്ത് പറയണമെന്ന് അറിയാതെ ഞെട്ടി നിന്ന എന്നെ നോക്കി അവള്‍ പറഞ്ഞു:
"ചേട്ടന്‍ മഞ്ഞ തിന്നത്തില്ലല്ലോ, അതാ കളയാതിരിക്കാന്‍ ഞാനങ്ങ് തിന്നത്"
ശരിയെന്ന് തലയാട്ടി.
അപ്പോ ഒരു ഉപദേശവും:
"വല്ലപ്പോഴും മഞ്ഞ തിന്നുന്നത് നല്ലതാ ചേട്ടാ"
എന്ത് പറയാന്‍???
വായില്‍ വന്നതൊക്കെ കടിച്ച് അമര്‍ത്തി, ആ മുട്ടയിട്ട കോഴിയെ വരെ പ്രാകി, എന്നിട്ട് കട്ടിലില്‍ പോയി മൂടി പുതച്ച് കിടന്നു.
സ്വപ്നത്തില്‍ അവള്‍ വന്നു എന്നെ ചിരിച്ച് കാണിച്ചു....
വെള്ളയില്‍ മഞ്ഞ കുരു ഉള്ളവള്‍...

ഒരു ബുള്‍സ്സ് ഐ.


സുംബാ സുംബാ ലേ ലേ...


കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പുള്ള ഒരു ബുധനാഴ്ച രാത്രി എട്ട് മണിക്കാണ്‌ സംഭവം.ഒരു ഇംഗ്ലീഷ് ഹൊറര്‍ മൂവി ലാപ്ടോപ്പില്‍ കണ്ട് ഞെട്ടി ഇരിക്കുന്ന എന്‍റെ അരികിലേക്ക് പ്രിയതമ കടന്ന് വരുന്നു, അതും ശബ്ദമുണ്ടാക്കാതെ.
മര്‍ജ്ജാര കാല്‍വയ്പ്പുകളോടെ അവള്‍ അരികിലെത്തി.പ്രേതം ഇപ്പോള്‍ വരുമോ ഇല്ലയോ എന്ന് പേടിച്ച് ലാപ്പ്ടോപ്പിലേക്ക് കണ്ണ്‌ നട്ട് നില്‍ക്കുന്ന എന്‍റെ പുറകില്‍ അവള്‍ വന്നു നിന്നു.ആ വരവിനെ കുറിച്ചോ നില്‍പ്പിനെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ സിനിമ കാണുന്ന എന്‍റെ ചെവിക്ക് അരികിലേക്ക് മുഖം താഴ്ത്തി അവള്‍:
"അതേയ്..."
ഹൊറര്‍ സിനിമയിലെ പ്രേതം ലാപ്പ്ടോപ്പില്‍ നിന്ന് ചാടി ഇറങ്ങി ചിരിച്ച് കാണിച്ചാല്‍ ഉണ്ടാകുന്ന ഒരു ആന്തരിക സ്ഫോടനം എന്‍റെ നെഞ്ചിലുണ്ടായി.അടിവയറ്റില്‍ ഉരുണ്ട് കൂടിയ തീ ഗോളം ശരീരത്തിന്‍റെ പലഭാഗത്തേക്കും വ്യാപിച്ചു.എന്‍റമ്മച്ചിയേന്ന് അലറി ചാടി എഴുന്നേറ്റത് ഓര്‍മ്മയുണ്ട്, കുറേ നേരം ചുറ്റുമുള്ളത് ഒന്നും കണ്ടില്ല, ബോധം ​വന്നപ്പോള്‍ കട്ടിലേല്‍ ആയിരുന്നു.
പരിഭ്രാന്തിയോടെ ചാടി എഴുന്നേറ്റ എന്നെ നോക്കി അവള്‍:
"എങ്ങനുണ്ട്?"
ഇപ്പോ കുഴപ്പമില്ല, പെട്ടന്ന് നിന്നെ കണ്ടപ്പോള്‍ പ്രേതമാണെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ ഒരു ആഴ്ചയിലേക്ക് ചോറ്‌ കിട്ടില്ലന്ന് അറിയാവുന്ന കൊണ്ട് മറുപടി ഒറ്റവാക്കില്‍ ഒതുക്കി:
"കുഴപ്പമില്ല"
അത് കേട്ടതും വീണ്ടും മുഖത്തൊരു ചിരി വരുത്തി അരികിലേക്ക് ഇരുന്ന് അവള്‍:
"അതേയ്..."
അത് കേട്ടതും പ്രേതത്തെ കണ്ടില്ലങ്കിലും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
അതിനു ഒരു കാരണമുണ്ട്.

ഞങ്ങളുടെ ദിനചര്യ.
രാവിലെ എഴുന്നേറ്റ് ഞാന്‍ ഓഫീസില്‍ പോകും, മകള്‍ സ്ക്കൂളിലും പോകും.പിന്നെ ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര ബോര്‍  ആണെന്ന് വൈഫ് പറഞ്ഞത് കൊണ്ടാ അവളോട് ജോലി നോക്കാന്‍ പറഞ്ഞത്.ഇപ്പോ താല്ക്കാലികമായി ഒരു ഐറ്റി കമ്പനിയില്‍ അവള്‍ക്ക് ജോലി ആയിട്ടുണ്ട്.രാവിലെ പോകും, വൈകിട്ട് വരും, കിടന്ന് ഉറങ്ങും, ഇതാണ്‌ ഇപ്പോ അവളുടെ ഒരു ലൈന്‍.അത് കൊണ്ട് തന്നെ ഞാന്‍ സ്വല്പം റിലാക്സ്സും ആണ്.പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നും ഇങ്ങോട്ട് ഉന്നയിക്കാറില്ല.എങ്കിലും ചില ദിവസങ്ങളില്‍ അവളുടെ കമ്പനിയിലെ തലപ്പത്ത് ഇരിക്കുന്ന ചില സാറുമ്മാരുടെ പ്രവര്‍ത്തികളെ പറ്റിയുള്ള പരാതികള്‍ പറയാറുണ്ട്.അത് കേട്ട് അവളെ ആശ്വസിപ്പിക്കാന്‍ അതൊന്നും മൈന്‍ഡ് ചെയ്യണ്ടാന്നും, അവരൊക്കെ പഞ്ചപാവങ്ങള്‍ ആയിരിക്കുമെന്നും, കിണറ്റില്‍ കിടക്കുന്ന തവളകള്‍ക്ക് അത് മാത്രമാണ്‌ ലോകമെന്ന് വിചാരം കാണുമെന്നും, അതിനാലാണ്‌ അവരെ കൂപമണ്ഡുകങ്ങള്‍ എന്ന് വിളിക്കുന്നതെന്നും വച്ച് കാച്ചി.ഇത് കേട്ട് അവള്‍ അവളുടെ കമ്പനിയില്‍ ചെന്ന് ഒരു കൂട്ടുകാരിയോട് തലപ്പത്ത് ഉള്ളവര്‍ എല്ലാം കൂപമണ്ഡുകങ്ങള്‍ ആണെന്ന് പറയുകയും, നല്ലവളായ ആ കൂട്ടുകാരി അന്ന് തന്നെ കൂട്ടത്തില്‍ ഒരു മണ്ഡൂകത്തോടെ ഇത് രഹസ്യമായി പറഞ്ഞ് കൊടുക്കുകയും ചെയ്തു.അതിന്‍റെ അനന്തര ഫലം ആയിരിക്കണം, വൈഫിനെ ടീം മാറ്റി, ഇപ്പോ ഏതോ കട്ട പണിയുള്ള ടീമിലാണ്.രണ്ട് ദിവസമായി പുള്ളിക്കാരി അതിന്‍റെ ഒരു ടെന്‍ഷനില്‍ ആയിരുന്നു.അങ്ങനെ മിണ്ടാട്ടം ഇല്ലാതെ ഇരിക്കുന്ന വൈഫ് ആണ്‌ ഇന്ന് പതിവില്ലാതെ ആ വാക്ക് പറഞ്ഞിരിക്കുന്നത്...
അതേയ്....!!!
ഈ വാക്ക് കേട്ടതും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
കാരണം കല്യാണം കഴിഞ്ഞ മിക്ക ആളുകള്‍ക്കും അറിയാവുന്ന ഒരു പരമാര്‍ത്ഥമാണ്, ഭാര്യ ഇങ്ങനെ ഒരു വാക്ക് പറഞ്ഞാല്‍ എന്തോ ഭീകരമായ ആവശ്യം വരാന്‍ പോകുന്നെന്ന് അര്‍ത്ഥം.ഇനി അവളുടെ കമ്പനിയിലെ ആരെ എങ്കിലും ആളെ വിട്ട് തല്ലിക്കണം എന്നോ മറ്റോ ആണോ ആവോ??
എങ്കിലും മുഖത്ത് ഭാവം മാറ്റാതെ ഞാന്‍ പറഞ്ഞു:
"എന്താ മോളേ, എന്ത് പറ്റി?"
"ഞാന്‍ ഒരു കാര്യം പറയട്ടെ"
പറയൂന്നേ...

അവള്‍ പറഞ്ഞത് ഒരു ഒന്ന് ഒന്നര കാര്യം ആയിരുന്നു.അവളുടെ കമ്പനിയില്‍ ലേഡീസ്സിനു വേണ്ടി സുംബാ ഡാന്‍സ്സ് തുടങ്ങുന്നു പോലും.ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച് ദിവസം, അതും ഒന്നിട വിട്ട ദിവസങ്ങളില്‍ പഠിപ്പിക്കും.പിന്നെ അവര്‍ തന്നെ അത് പ്രാക്റ്റീസ്സ് ചെയ്യും.അതോട് കൂടി ഈ ലോകത്ത് ഉള്ള അവരുടെ പ്രശ്നങ്ങള്‍ എല്ലാം മാറും.ഇതാണ്‌ അവള്‍ പറഞ്ഞതിന്‍റെ ചുരുക്ക രൂപം.
ആകെ തോന്നിയ സംശയം തുറന്ന് ചോദിച്ചു:
"ഈ പ്രശ്നങ്ങള്‍ ഒക്കെ മാറും എന്ന് വച്ചാല്‍?"
"അതായത്, സുംബ പഠിക്കുമ്പോള്‍ ആന്തരികമായി നമ്മള്‍ ഒരുപാട് ലെവലിലേക്ക് ഉയരപ്പെടും.വാക്ക്, നോക്ക്, ചലനം എല്ലാത്തിലും അത് പ്രതിഫലിക്കും.അതിന്‍റെ ആകെത്തുക ആഗോളവല്‍ക്കരണത്തില്‍ നിന്നും, പ്രത്യയഘടകങ്ങളില്‍ നിന്നും ഉള്ള ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആയിരിക്കും"
അവള്‍ വിശദീകരിച്ചു.
എന്നതാ ആ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട ഞാന്‍ വിക്കി വിക്കി ചോദിച്ചു:
"ഇതൊക്കെ ആര്‌ പറഞ്ഞു?"
കണ്ഠം ശുദ്ധി വരുത്തി അവള്‍:
"പഠിപ്പിക്കുന്ന സാര്‍ പറഞ്ഞതാ, സുംബാ മാത്രമല്ല, കിക്ക് ബോക്സ്സിങ്ങും പഠിപ്പിക്കുമെന്നാ പറഞ്ഞത്."
ഒന്ന് നിര്‍ത്തിയട്ട് അവള്‍:
"വെറും ഇരുന്നൂറ്‌ രൂപയാ ഫീസ്സ്, ഞാന്‍ പൊയ്ക്കോട്ടേ"
എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഒന്ന് മനകണക്ക് കൂട്ടി നോക്കി, ഇരുന്നൂറ്‌ രൂപ നഷ്ടമില്ല, കുറച്ച് ലാഭം ആണോന്ന് സംശയമുണ്ട്.ഒന്നുമില്ലേലും കുടുംബത്തില്‍ ഒരു സുംബാക്കാരി ഉണ്ടെന്ന് പറയാമല്ലോ.ഞാന്‍ സമ്മതിച്ചു.

അങ്ങനെ സമ്മതം കൊടുത്തതിന്‍റെ അടുത്ത നാള്‍.
ഓഫീസില്‍ നിന്ന് തിരികെ എത്തി ക്ഷീണത്തോടെ കിടക്കാന്‍ ഭാവിച്ച എന്‍റെ അരികിലെത്തി അവള്‍:
"ഈ ഡെക്കാത്തണ്‍ എവിടാ ചേട്ടാ?"
"അത് ആ കളമശ്ശേരിക്ക് അടുത്താ"
എന്‍റെ ഒഴുക്കന്‍ ‌മറുപടി.
അത് കേട്ടതും അടുത്ത് വന്നിരുന്ന് എന്‍റെ കാല്‍ പതിയെ മസ്സാജ് ചെയ്ത് കൊണ്ട് അവള്‍:
"നാളെ ഹാഫ്ഡേ ലീവ് എടുക്കാന്‍ പറ്റുമോ?"
"എന്തിനു?"
"അതേയ്, ട്രാക്ക് സ്യൂട്ട് വാങ്ങിക്കണം, ടീഷര്‍ട്ട് വാങ്ങിക്കണം, പിന്നൊരു ഷൂസ്സും വാങ്ങിക്കണം"
ഒറ്റ നിമിഷം.
എന്‍റെ ക്ഷീണമെല്ലാം പമ്പ കടന്നു.
ചാടി എഴുന്നേറ്റ് ഞാന്‍ ചോദിച്ചു:
"ഇതൊക്കെ എന്തിനാ?"
അത് വരെ പിടിച്ച് കൊണ്ട് ഇരുന്ന എന്‍റെ കാല്‌ കട്ടിലിലേക്ക് ആഞ്ഞ് എറിഞ്ഞിട്ട് അവള്‍:
"പിന്നെ വെറുതെ സുംബാ കളിക്കാന്‍ പറ്റുമോ? നിങ്ങള്‌ പറഞ്ഞിട്ടല്ലേ ഞാന്‍ അതിനു ചേര്‍ന്നത്?"
ങേ!! ഇതെന്ത് ന്യായം??
"ഞാന്‍ പറഞ്ഞിട്ടോ? നീയല്ലേ സുംബക്ക് പോണമെന്ന് പറഞ്ഞത്?"
അത് കേട്ട് ചാടി എഴുന്നേറ്റിട്ട് അവള്‍:
"വേണ്ടാങ്കില്‍ അപ്പോ പറയണമായിരുന്നു, ഇതിപ്പോ പേര്‌ കൊടുത്ത് കഴിഞ്ഞ്, എല്ലാവരും പതിനായിരത്തിന്‍റെ ഷൂസ്സാ ഇടുന്നത് എനിക്ക് മിനിമം അയ്യായിരത്തിന്‍റെ എങ്കിലും വേണം"
വെട്ടി തിരിഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.
സാമ്പത്തികം തോറ്റു, സുംബ ജയിച്ചു, ട്രാക്ക് സ്യൂട്ടും, ടീഷര്‍ട്ടും, ഷൂസ്സുമായി ഒരു പതിനായിരം സ്വാഹഃ.

സുംബ ഒന്നാം ദിനം.
ഫ്ലാറ്റിലേക് കേറിയപ്പോഴേ അവള്‍ മൂളിപാട്ട് പാടുന്നത് കേള്‍ക്കാം:
"സുംബാ സുംബാ ലാ ലാ
സുംബാ സുംബാ ലാ ലാ സുംബാ"
അവളുടെ ഒരു സന്തോഷത്തിനു ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു?"
ചപ്പാത്തി ചുടുന്ന തവിയും കൈയ്യില്‍ പിടിച്ച് നിന്ന നില്‍പ്പില്‍ അവള്‍ രണ്ട് മൂന്ന് സ്റ്റെപ്പ് കാണിച്ചു തന്നു.
സന്തോഷമായി!!!
മേലു കഴുകി ചപ്പാത്തി തിന്നവേ അവള്‍ പറഞ്ഞു:
"കിക്ക് ബോക്സിംഗ് പഠിപ്പിക്കില്ല കേട്ടോ, ഒരു ദിവസം ഡെമോ കാണിച്ച് തരും.ഞങ്ങളുടെ സെല്‍ഫ് പ്രൊട്ടക്ഷനു അത് മതിയെന്നാ സാറു പറഞ്ഞത്"
ഉവ്വോ, നന്നായി.
ഒന്നുമില്ലങ്കിലും എനിക്ക് സമാധാനത്തോടെ  വഴക്കിടാമല്ലോ.
ആ രാത്രി അങ്ങനെ കഴിഞ്ഞു.

രണ്ടാം ദിവസം അവള്‍ ലീവായിരുന്നു, ആദ്യ ദിനം സുംബയുടെ ആഫ്റ്റര്‍ ഇഫക്ട്, ശരീര വേദന.അന്നേക്കുള്ള ആഹാരമൊക്കെ ഹോട്ടലില്‍ നിന്ന് വാങ്ങി, എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അതിന്‍റെ ചിലവ് മുഴുവന്‍ സുംബായുടെ കണക്കിലേക്ക് എഴുതി ചേര്‍ത്തു.പിന്നെ കുറേ ദിവസം സമാധാന പരമായിരുന്നു, ഇടക്കിടെ സുംബാ സ്റ്റെപ്പുകള്‍ കാണിച്ച് നടക്കും എന്നത് ഒഴിച്ചാല്‍ വൈഫിനെ കൊണ്ട് വേറെ ശല്യമൊന്നും ഇല്ലായിരുന്നു.ഒരു ദിവസം ഓഫീസില്‍ നിന്ന് വരികെ ഫ്ലാറ്റിലെ സെക്യൂരിറ്റി രഹസ്യമായി പറഞ്ഞു:
"സാറിന്‍റെ വൈഫ് എന്തൊക്കെയോ ആംഗ്യം കാണിച്ചാ മീനും പാലുമൊക്കെ വാങ്ങുന്നതെന്ന് ഫ്ലാറ്റിലൊരു സംസാരമുണ്ട്, ഒന്ന് സൂക്ഷിക്കണം"
ദൈവമേ, സുംബാ!!!
കാര്യത്തിന്‍റെ ഗൌരവം അവളെ അറിയിക്കാന്‍ ഓടി റൂമിലെത്തിയപ്പോള്‍ അവള്‍ ടീവിയില്‍ സിനിമ നടി ശോഭനയുടെ ഭരതനാട്യം കണ്ടോണ്ട് ഇരിക്കുവാ.എന്നെ കണ്ടതും അവള്‍:
"ശോഭനയുടെ ഡാന്‍സ്സ് പോരാ, സ്റ്റെപ്പൊന്നും അങ്ങോട്ട് ശരിയാവുന്നില്ല"
നാലു ദിവസം സുംബ പഠിച്ചവളാ നാട്യതിലകമായ ശോഭനയുടെ സ്റ്റെപ്പ് ശരിയാക്കുന്നത്.അടിമുടി ചൊറിഞ്ഞ് വന്നതാ, മിണ്ടിയില്ല.പണ്ട് ആരോ പറഞ്ഞ പോലെ, വിജയകരമായ ദാമ്പത്യത്തിനു മൌനത്തിനു അതിന്‍റെതായ സ്ഥാനമുണ്ട്.

അഞ്ചാം നാളിലെ സുംബ കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു:
"ഇനി ഓഫീസില്‍ സുംബ ഇല്ല, എല്ലാവരും വീട്ടില്‍ പ്രാക്റ്റീസ്സ് ചെയ്താ മതിയെന്നാ തീരുമാനം"
സമാധാനമായി.
ആദ്യത്തെ രണ്ട് ദിവസം ഫ്ലാറ്റുകാര്‍ക്ക് ഒന്ന് സഹിക്കേണ്ടി വരും, പിന്നെ അവള്‍ തനിയെ അത് നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പാ.അവള്‍ മാത്രമല്ല, കൂടെ പഠിച്ച എല്ലാവരും, അതാണ്‌ അതിന്‍റെ ഒരു ശാസ്ത്രം.
അന്ന് രാത്രി അവള്‍ ലാപ്ടോപ്പില്‍ എന്തോ തിരഞ്ഞ് കൊണ്ട് ഇരിക്കെ എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കണക്ക് കൂട്ടി.സുംബക്ക് ഫീസ്സ് ഇരുന്നൂറ്, ഡെക്കാത്തണില്‍ പതിനായിരം, ദേഹവേദന കാരണം ആഹാരം വാങ്ങിയ വക ആയിരത്തി മുന്നൂറ്, ദേഹവേദന മാറഞ്ഞുള്ള കുഴമ്പ്, ഗുളിക എന്നിവയ്ക്ക് മുന്നൂറ്റി ഇരുപത്, ഹാഫ് ഡേ ലീവെടുത്ത് ഡെക്കാത്തണ്ണില്‍ പോയ അന്ന് ഫുഡ് കഴിച്ച നാന്നൂറ്റി മുപ്പത്, അങ്ങനെ സുംബക്ക് ആകെ മൊത്തം പന്തീരായിരത്തി ഇരുന്നൂറ്റി അമ്പത്.
ചതിയായി പോയി!!!
ഇങ്ങനെ ചിന്തിച്ച് ഇരിക്കവെ അവള്‍ ഒരു ചോദ്യം:
"എന്ത് പറഞ്ഞാലും ഇരുന്നൂറ്‌ രൂപക്ക് സുംബാ ഒരു ലാഭം തന്നാ, അല്ലിയോ ചേട്ടാ?"
വെട്ടി ഇട്ട പോലാ ഞാന്‍ കട്ടിലിലേക്ക് വീണത്.മുഖത്തിന്‍റെ ഭാവവും, പിറുപിറുക്കുന്നതും അവള്‍ കാണാതിരിക്കാന്‍ മുഖം വഴി പുതപ്പ് ഇട്ട് മൂടി.അപ്പോള്‍ ലാപ്ടോപ്പില്‍ ഏതോ വീഡിയോ പ്ലേ ചെയ്ത് കൊണ്ട് അവളുടെ ശബ്ദം:
"അടുത്തത് കളരി പഠിക്കാനാ ഞങ്ങളുടെ പ്ലാന്‍"
അതിനെ ശരി വയ്ക്കുന്ന പോലെ ലാപ്ടോപ്പിലെ വീഡിയോയില്‍ കളരി അഭ്യാസിയുടെ ശബ്ദം:

"വലതുകൈ മുന്നോട്ട് വച്ച്
ഇടതു കാല്‍ പിന്നോട്ട് വച്ച്
തല മുകളോട്ട് വച്ച്
താടി കീഴോട്ട് വച്ച്"

ഇതെല്ലാം കേള്‍ക്കേ അവള്‍ക്ക് ഒരു സംശയം:
"ഇതില്‍ വലതുകാല്‍ എങ്ങോട്ടാ വയ്ക്ക്കേണ്ടത്?"
എന്‍റെ നെഞ്ചത്തോട്ട് വയ്ക്കടി.
അല്ല പിന്നെ!!!

ജ്ഞാനികള്‍ മാന്താറില്ല


കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നവരാണ്‌ സന്യാസികള്‍, അഥവാ ജ്ഞാനികള്‍.ചില പൂച്ചകള്‍ കണ്ണടച്ച് ഇരിക്കുന്ന കണ്ടാല്‍ നമ്മള്‍ കരുതും അവരും ജ്ഞാനികളാണെന്ന്, അങ്ങനെയാണത്രേ 'പൂച്ച സന്യാസ്സി' എന്ന വാക്കു തന്നെ ഉണ്ടായത്.
ശരിക്കും ഈ പൂച്ച ജ്ഞാനിയാണോ??
ആ അന്വേഷണമാണ്‌ ഈ കഥ...

രണ്ട് മാസം മുമ്പാണ്‌ ഞാന്‍ ഫ്ലാറ്റിലേക്ക് താമസം മാറിയത്.മൂന്ന് മുറി വിത്ത് അറ്റാച്ച്‌ഡ് ബാത്ത്‌റൂം, ഒരു ഹാള്‍, കിച്ചണ്‍, ഇതൊന്നും പോരാഞ്ഞിട്ട് ഫ്ലാറ്റിലേക്ക് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ കൂടെ ഉണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട് ആക്രാന്തം പിടിച്ചാണ്‌ ഞാന്‍ അഡ്വാന്‍സ്സ് കൊടുത്തത്.പിന്നെയാണ്‌ ലിഫ്റ്റ് ഇല്ലെന്നും, മൂന്നാമത്തെ നിലയിലേക്ക് താഴെ നിന്ന് നടന്ന് കേറാനുള്ള പടികളാണ്‌ ഇരുന്നൂറ്റി പതിനെട്ട് പടികള്‍ എന്നുമുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാന്‍ മനസിലാക്കിയത്.രൂക്ഷമായി നോക്കിയ എന്നോട് ലിഫ്റ്റ് ഇല്ലാത്തത് വളരെ നല്ലതാണെന്നും, താഴെ പറക്കുന്ന കൊതുക് എന്ന ജീവിക്ക് മുകളിലോട്ട് വരാന്‍ പറ്റില്ലെന്നും കേട്ടതോടെ ഞാന്‍ പറഞ്ഞു:
"ഗ്രേറ്റ്!!!"
അങ്ങനെ ഞാന്‍ ആ ഫ്ലാറ്റിലെ അന്തേവാസിയായി, ഒരു കുടുംബസ്ഥനായി, ഒരു മാതൃകാപുരുഷോത്തമനായി.ദിനങ്ങള്‍ കഴിയവേ ഞാന്‍ അവിടെ കുറേ സുഹൃത്തുക്കളെ സമ്പാദിച്ചു, എല്ലാവരും വളരെ വളരെ നല്ലവര്‍.
അങ്ങനെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്ന് പോയി...

സംഭവം ​കൈവിട്ട് പോയത് രണ്ട് ദിവസം മുമ്പാണ്.മൂന്ന് മുറിയുള്ള ഫ്ലാറ്റില്‍ ഒരു മുറി ഞാന്‍ എനിക്കായി സ്വന്തമാക്കിയിരുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ്‌ ഞാന്‍ ആ മുറി ഉപയോഗിച്ചിരുന്നത്.മുറിയുടെ സൈഡില്‍ ഇട്ടിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള ജനല്‍ തുറന്നാല്‍ മറുസൈഡില്‍ ഒരു ചെറിയ പാടം ഉള്ളത് കാണാം എന്നതും, അവിടുന്ന് വീശി അടിക്കുന്ന കാറ്റ്, ഞാന്‍ ഒരു സിറ്റിയിലാണ്‌ ജീവിക്കുന്നത് എന്നത് മറക്കാന്‍ ഉപകരിക്കുന്നതാണ്‌ എന്നതും, ആ മുറിയെ എന്‍റെ പ്രിയപ്പെട്ട മുറി ആക്കി.പതിവു പോലെ അന്ന് രാത്രി ഞാന്‍ ആ മുറിയില്‍ ഇരുന്ന് ജോലി ചെയ്തു.ഭാര്യയും മകളും അടുത്തുള്ള മുറിയില്‍ കിടന്ന് ഉറക്കവും പിടിച്ചു.എപ്പോഴോ ജോലി ചെയ്തു തളര്‍ന്ന ഞാന്‍ കട്ടിലിലേക്ക് വീണു, അപ്പോ തന്നെ ഗാഡനിദ്രയിലുമായി.
സമയം ഇഴഞ്ഞ് നീങ്ങി...
മണി രാത്രിയില്‍ ഏകദേശം ഒന്ന് ആയി കാണണം.
പെട്ടന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു.എന്തോ എനിക്ക് സംഭവിച്ചിരിക്കുന്നു, എന്നാല്‍ അത് എന്തെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല.ജനലിന്‍റെ അരികില്‍ എന്തോ അനക്കം ഉണ്ടോ?
ഞാന്‍ സൂക്ഷിച്ച് നോക്കി.
ഇല്ല, ഒന്നുമില്ല.
തുടര്‍ന്നും അവിടെ കിടക്കാന്‍ എന്നിലെ ഭീരു സമ്മതിച്ചില്ല, ഞാന്‍ പതിയെ ഭാര്യയും മകളും കിടക്കുന്ന മുറിയില്‍ പോയി ഒരിക്കല്‍ കൂടി ഉറങ്ങാന്‍ ശ്രമിച്ചു.
ആ രാത്രി അങ്ങനെ പൂര്‍ത്തിയായി.

അടുത്ത ദിവസം രാവിലെ...
മെയിന്‍ ബെഡ്റൂമിലെ അലമാരയിലെ നിലകണ്ണാടിയില്‍ നോക്കിയ ഞാന്‍ ഒരു കാഴ്ച കണ്ട് ഞെട്ടി, എന്‍റെ വയറിന്‍റെ ഇടത് ഭാഗത്ത് നീളത്തില്‍ ഒരു മുറിവ്, ആരോ മാന്തിയ പോലെ!!!
ഈശ്വരാ, എന്താദ്?
വാമഭാഗത്തോടെ ആദ്യം ചോദിച്ചു:
"ഗായത്രി, ഇത് കണ്ടോ, എന്താദ്?"
ഷെര്‍ലക്ക് ഹോംസ്സ് ലെന്‍സ്സും പിടിച്ച് നോക്കുന്ന പോലെ അവള്‍ വിശദമായി നോക്കി, എന്നിട്ട് തന്‍റെ നിഗമനം പുറപ്പെടുവിച്ചു:
"ആരോ മാന്തിയതാ"
മാന്താനോ??? ആര്???
സംശയ നിവൃത്തിക്കായി ഞാന്‍ അവളോട് തന്നെ തിരികെ ചോദിച്ചു:
"നീ ആണോ?"
എന്തോ വൃത്തികെട്ട ചോദ്യം കേട്ട പോലെ എന്നെ അടി മുടി നോക്കിയട്ട് അവള്‍:
"പിന്നെ, എനിക്ക് അതല്ലേ പണി"
തുടര്‍ന്ന് സുരേഷ്‌ഗോപി തല വെട്ടിക്കുന്ന പോലെ വെട്ടി തിരിഞ്ഞ്, സ്ലോമോഷനില്‍ അവള്‍ അടുക്കളയിലേക്ക് പോയി.
ദൈവമേ, പിന്നെ ആര്??
ആ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു, പക്ഷേ എനിക്ക് മറുപടി ഇല്ലായിരുന്നു.

രാവിലെ പതിവു പോലെ നടക്കാന്‍ ഇറങ്ങി.ഫ്ലാറ്റിനു അടുത്തുള്ള ഹൌസിംഗ് കോളനിയില്‍ മൂന്ന് റൌണ്ട്, അതാണ്‌ പതിവ്.ഒന്നാം റൌണ്ട് കഴിഞ്ഞപ്പോ ഒരു പൂച്ച കുറുകെ ചാടി, അത് എന്നെ നോക്കി കരഞ്ഞു:
"മ്യാവൂ"
അത് കേട്ടതും മനസ്സിനകത്ത് ഒരു തരിതരിപ്പ്, കണ്ണുകള്‍ കുറുക്കി അതിനെ നോക്കി ഞാനും ശബ്ദമുണ്ടാക്കി:
"മ്യാവൂ"
അത് കേട്ടതും ആ പൂച്ച ഓടി പോയി.
ഒന്ന് പുഞ്ചിരിച്ച് രണ്ട് അടി നടന്ന ഞാന്‍ ഞെട്ടലോടെ നിന്നു...
ദൈവമേ, എന്താ സംഭവിച്ചത്??
ഞാന്‍ എന്തിനാ പൂച്ച കരയുന്ന പോലെ കരഞ്ഞത്??
എന്‍റെ ആ കരച്ചിലും, ദേഹത്ത് കണ്ട മാന്തിയ പാടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ??
ഇനി എന്നെ പൂച്ച മാന്തിയോ??
ഞാന്‍ പൂച്ച ആയോ??
അലറി വിളിച്ച് ഞാന്‍ തിരികെ ഫ്ലാറ്റിലേക്ക് ഓടി, മുറി തുറന്ന് അകത്ത് കയറി ഞാന്‍ കണ്ണാടിയില്‍ നോക്കി, ഭാഗ്യം, ദേ ഞാന്‍.
ഉറപ്പിക്കാന്‍ തല ചരിച്ച് പുറകിലേക്ക് നോക്കി...
ഇല്ല, വാല്‍ ഇല്ല!!
കുറേ നേരം കണ്ണടച്ച് ഇരുന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു, എനിക്ക് ഒന്നും സംഭവിച്ചില്ല.ആ ധൈര്യത്തില്‍ കുളിമുറിയില്‍ കയറി ഒരു കുളി പാസാക്കി. നല്ല തണുത്ത വെള്ളം ശരീരത്ത് വീണപ്പോള്‍ വയറിനു സൈഡിലേ മുറിവിനു ചെറിയ നീറ്റല്‍.
മനസ്സ് വീണ്ടും ചഞ്ചലപ്പെട്ടു...
ശരിക്കും പൂച്ച മാന്തിയോ??

ഓഫീസിലെ തിരക്കിനിടയില്‍ ഞാന്‍ വേദന മറന്നു.ഉച്ചയ്ക്ക് എപ്പോഴോ ഡയറക്ട്‌റെ കാണാന്‍ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു:
"മനുവിന്‍റെ മുഖമെന്താ വാടി ഇരിക്കുന്നത്?"
അദ്ദേഹത്തിന്‍റെ ആ ചോദ്യം കേട്ടതും രാവിലത്തെ സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു.ഒന്നൊഴിയാതെ എല്ലാം ഞാന്‍ തുറന്ന് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ്, വയറ്റിലെ പാട് പരിശോധിച്ചിട്ട് അദ്ദേഹം പ്രഖ്യാപിച്ചു:
"ഇത് ആരും മാന്തിയതല്ല"
എനിക്ക് സമാധാനമായി.
ദൈവം രക്ഷിച്ചു!!!!
പിന്നെ എന്ത്??
ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കിയ എന്നോട് പുള്ളിക്കാരന്‍ വിശദീകരിച്ചു:
"ഇതൊരു മോഷണ ശ്രമമാണ്, ആരോ മനുവിന്‍റെ മാല അടിച്ച് മാറ്റാന്‍ ശ്രമിച്ചതാണ്."
തുടര്‍ന്ന് ആ പ്രോസസ്സ് അദ്ദേഹം വിവരിച്ചു...
കമ്പി വളച്ച്, അതില്‍ കണ്ണാടി വച്ച്, വളരെ സൂക്ഷ്മതയോടെ ചെയ്യുന്ന പ്രക്രിയ ആണത്രേ.ശ്വാസം പിടിച്ച് ജനലില്‍ കൂടി കമ്പി ഇട്ടാണ്‌ ഇത്തരം മോഷണങ്ങള്‍ നടത്തുന്നത്.പറയുക മാത്രമല്ല, അദ്ദേഹം അത് അഭിനയിച്ച് കാണിച്ചു തരികയും ചെയ്തു.അതെല്ലാം കണ്ടപ്പോ സ്വഭാവികമായും, ഇങ്ങേര്‍ക്ക് പണ്ട് മോഷണമായിരുന്നോ പണി എന്ന് വരെ എനിക്ക് തോന്നിയതില്‍ അത്ഭുതമില്ലായിരുന്നു.
പ്രോസസ്സ് വിശദീകരിച്ച് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
"മനൂ, യൂ നോ വണ്‍ തിങ്ങ്, മോഷണം ഒരു കലയാണ്"
ശരി ഏമാനേ!!!
ഞാന്‍ പതിയെ വിട വാങ്ങി.

ടീമില്‍ തിരികെ എത്തിയ ഞാന്‍ വളരെ സന്തോഷവാനായിരുന്നു.എന്‍റെ സന്തോഷത്തിനു കാരണം തിരക്കിയ ടീമംഗങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ചു.പൂച്ച മാന്തിയതല്ലന്നും, ഒരു മോഷണശ്രമം മാത്രമാണെന്നും ഞാന്‍ ഊന്നി പറഞ്ഞു.
എല്ലാം കേട്ടിട്ട് ഒരുവന്‍ പറഞ്ഞു:
"ഇത് മോഷണശ്രമം ആണെന്ന് എനിക്ക് തോന്നുന്നില്ല"
പിന്നെ??
അവന്‍ കട്ടായം പറഞ്ഞു:
"ഇത് പൂച്ച മാന്തിയതാ"
അത് കേട്ടതും എന്‍റെ കണ്ണില്‍ ഇരുട്ട് കയറി, മനസ്സിന്‍റെ അകത്തളങ്ങളില്‍ ഇരുന്ന് ഒരു വെളുത്ത പൂച്ച പതിയെ കരഞ്ഞു:
"മ്യാവൂ"
തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്നോട് അവന്‍ പൂച്ച മാന്തി പേ പിടിച്ച കുറേ ആളുകളുടെ കഥ പറഞ്ഞു.ഞാന്‍ സൂക്ഷിക്കണമത്രേ, എനിക്കും പേ പിടിക്കും പോലും.അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഓഫീസില്‍ വന്ന് അവനിട്ട് ഒരു കടി കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അവനെ മാത്രമല്ല, ഓഫീസിലെ വേറെ ചിലവന്‍മാരെ കൂടി കടിക്കണമെന്നും ഞാന്‍ പ്ലാനിട്ടു.ആ സന്തോഷത്തില്‍ അറിയാതെ ഒരു ശബ്ദം എന്നില്‍ നിന്ന് പുറത്ത് വന്നു:
"മ്യാവൂ"
ദൈവമേ, പൂച്ചയുടെ ശബ്ദം.
ഞാന്‍ ഉറപ്പിച്ചു, എന്നെ പൂച്ച മാന്തിയത് തന്നെ.

ഹാഫ് ഡേ ലീവെടുത്ത് ഹോസ്പിറ്റലില്‍ പോയി.മുറിവ് പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു:
"ഡോണ്ട് വറി, ഇത് പൂച്ചയല്ല"
എനിക്ക് സമാധാനമായി, അല്ലെങ്കിലും പൂച്ച എന്തിനാ എന്നെ മാന്തുന്നത്.അറിഞ്ഞ് കൊണ്ട് ഇത് വരെ ഞാന്‍ ഒരു പൂച്ചയേയും ദ്രോഹിച്ചിട്ടില്ല, ഒരു പൂച്ച കുടുംബവുമായും എനിക്ക് പ്രശ്നവുമില്ല, സോ പൂച്ച എന്നെ മാന്തില്ല.
സമാധാനത്തില്‍ ഇരുന്ന എന്‍റെ വയറ്റിലെ മുറിവ് ഒന്ന് കൂടി നോക്കിയട്ട് ഡോക്ടര്‍ പറഞ്ഞു:
"ഇത് മരപ്പട്ടിയാ"
വാട്ട്??
യെസ്സ്, ഇറ്റ് ഈസ്സ് എ മാന്തല്‍ ഫ്രം മരപ്പട്ടി!!
ഡോക്ടര്‍ വിധി എഴുതി.
കമ്പ്യൂട്ടറില്‍ അയാള്‍ രോഗവിവരം എഴുതി...
ബീറ്റണ്‍ ബൈ ട്രീ ഡോഗ്.
മരപ്പട്ടിക്കാണ്‌ അതിയാന്‍ ട്രീ ഡോഗ് എന്ന് എഴുതി വച്ചിരിക്കുന്നത്. ഈ മഹാന്‍ ആണല്ലോ എനിക്ക് മരുന്ന് കുറിക്കാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോ അടിമുടി ഒന്ന് വിറച്ച്.എങ്കിലും മുഖഭാവത്തില്‍ വ്യത്യാസം വരുത്താതെ കുറിപ്പടിയുമായി ഞാന്‍ ഇന്‍ജക്ഷന്‍ റൂമിലേക്ക് പോയി.
മരുന്ന് വായിച്ചിട്ട് സിസ്റ്റര്‍ ചോദിച്ചു:
"പേയ്ക്ക് ഉള്ള കുത്തി വയ്പാണോ?"
"അല്ല, പേ വരാതിരിക്കാനുള്ള കുത്തി വയ്പാ"
ആ മറുപടി ഇഷ്ടപ്പെടാത്ത മട്ടില്‍ സിസ്റ്റര്‍ ഒന്ന് രൂക്ഷമായി നോക്കി, എന്നിട്ട് ചോദിച്ചു:
"എന്നാ പറ്റിയതാ?"
"മരപ്പട്ടി മാന്തിയതാ"
കൂടുതല്‍ ഒന്നും ചോദിക്കാതെ സിസ്റ്റര്‍ ഇന്‍ജക്ഷന്‍ എടുത്തു.കുത്തിയ ഭാഗം തിരുമ്മി ആ ഫൈസ്റ്റാര്‍ ഹോസ്പീറ്റലീന്ന് ഇറങ്ങി ഗേറ്റിനു അരികിലെത്തിയപ്പോ അവിടെ നിന്ന സെക്യൂരിറ്റി ചോദിച്ചു:
"ചേട്ടനെ ആണോ മരപ്പട്ടി മാന്തിയത്?"
"അതേ എങ്ങനറിഞ്ഞു?"
"സിസ്റ്റര്‍ ഇപ്പോ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഇട്ടാരുന്നു"
വെരി ഗുഡ്!!!
ഒന്നും മിണ്ടാതെ വളര്‍ന്ന് വരുന്ന ശാസ്ത്രത്തെ പ്രാകി കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു...

എത്തിയ പാടെ ഞാന്‍ പ്രഖ്യാപിച്ചു:
"ഫ്ലാറ്റില്‍ മരപ്പട്ടിയുണ്ട്"
കേട്ടവര്‍ കോറസ്സ് ആയി തിരികെ പറഞ്ഞു:
"ഇല്ല, ഇല്ല, ഇല്ല....അത് പൂച്ചയാണ്"
മാന്ത് കിട്ടിയവനു ആരാ മാന്തിയതെന്ന് അറിയാനുള്ള അവകാശമുണ്ട്, അത് പോലും എനിക്ക് നിഷേധിക്കുവാണോ ദൈവമേ എന്ന് കരുതി റൂമിലെത്തിയ എന്നോട് ഭാര്യ പറഞ്ഞു:
"ദേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്"
"ഒന്നും പറയണ്ട, ഞാന്‍ ഇന്‍ജക്ഷന്‍ എടുത്തിട്ട് വരുവാ" എന്‍റെ മറുപടി.
"അതല്ലന്നേ, എനിക്ക് പറയണം"  വീണ്ടും അവള്‍.
എന്നതാ??
"അതേ, ചേട്ടന്‍റെ വയറ്റില്‍ ആരും മാന്തിയതല്ല"
പിന്നെ??
"കട്ടിലില്‍ എന്‍റെ സ്ലൈഡ് കിടപ്പുണ്ടായിരുന്നു, അത് കൊണ്ട് മുറിഞ്ഞതാകാനാ വഴി"
എന്ത്???
അവള്‍ സ്ലൈഡ് കിടന്ന സ്ഥലം കാട്ടി തന്നു, പെര്‍ഫെക്റ്റ് പ്ലേസ്സ്.അതിന്‍റെ മുകളില്‍ കിടന്ന് ഒന്ന് ഉരുണ്ടാല്‍ വയറിന്‍റെ ഇടത് ഭാഗം കൃത്യം കീറും.
ദൈവമേ, ഇതിനാണോ ഞാന്‍ പോയി പേയ്ക്ക് ഉള്ള കുത്തിവയ്പ്പ് എടുത്തത്??
"എന്ത് കുത്തിവയ്പ്പാ ചേട്ടാ എടുത്തത്?"
ഭാര്യയുടെ ചോദ്യം.
എന്നാ പറയും??
ഒരു നിമിഷം ആലോചിച്ചിട്ട് വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു:
"ടി.ടി യാ"
തുടര്‍ന്ന് ഡ്രസ്സ് മാറാന്‍ റൂമിലേക്ക് നടക്കവേ ഒരു പൂച്ചയുടെ കരച്ചില്‍ ദൂരെ കേട്ടു.പാവം, വെറുതെ അതിനെ സംശയിച്ചു.മനസ്സ് എന്നോട് പറഞ്ഞു...
പൂച്ചകള്‍ പാവങ്ങളാ....
അവര്‍ ജ്ഞാനികളാ...
കേട്ടിട്ടില്ലേ,
ജ്ഞാനികള്‍ മാന്താറില്ല.


പ്രസവിക്കുന്ന തമ്പുരാട്ടി



ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അവളൊരു മാതാവാകുമ്പോഴാണത്രേ.പത്ത് മാസം ചുമന്ന കുട്ടിയെ നൊന്ത് പ്രസവിക്കുന്ന വേളയായിരിക്കാം അവളുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന്.ലോകം പുരോഗമിച്ചു,ഇന്ന് സുഖപ്രസവം എന്നൊരു വാക്കേ ഇല്ല.കാലം മാറിയതിനൊപ്പം പ്രസവത്തിന്‍റെ രൂപവും മാറി.ഇത് സിസേറിയന്‍റെ കാലഘട്ടമാണ്....,
ഒരു സിസേറിയന്‍ യുഗം.

പ്രീഡിഗ്രിക്ക് എന്നെ സുവോളജി പഠിപ്പിച്ചിരുന്ന മാഷിന്‍റെ നാട്ടില്‍ ഒരു ആശുപത്രിയുണ്ട്,
'ഗോപി ഡോക്ടറുടെ ആശുപത്രി'
ഈ ആശുപത്രിയിലാണ്‌ ആ നാട്ടിലെ സ്ത്രീകള്‍ അമ്മയാകാനുള്ള പ്രധാന പ്രക്രിയയാകുന്ന പ്രസവം നടക്കുന്നത്.അതിനാല്‍ മാഷ് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമുണ്ട്:
"ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ ഗോപി ഡോക്ടര്‍ തന്നെ വേണം"
അതെനിക്ക് മനസ്സിലായില്ല!!!
എന്താണാവോ ഉദ്ദേശിച്ചത്???
അത് എന്തും ആകട്ടെ,പക്ഷേ എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ നാണിയമ്മ തന്നെ വേണമായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധയായ വയറ്റാട്ടി നാണിയമ്മ.

നാണിയമ്മ ആസ്ഥാന വയറ്റാട്ടിയായി നാട്ടില്‍ വിലസിയിരുന്ന ആ കാലഘട്ടത്തിലാണ്‌ എന്‍റെ വീട്ടില്‍ എലിശല്യം കൂടിയത്.വൈകുന്നേരം നാല്‌ മൂട് കപ്പ അടുക്കളയില്‍ വച്ചിരുന്നാല്‍ രാവിലെ അതിന്‍റെ തൊലി മാത്രം പാഴ്സലില്‍ അയച്ച് തരുന്ന ചെകുത്താന്‍മാരായിരുന്നു ഈ എലികള്‍.അവറ്റകളുടെ ശല്യം കൂടിയപ്പോള്‍ അമ്മുമ്മ പ്രഖ്യാപിച്ചു:
"കില്‍ ദെം"
തട്ടികളയാന്‍!!!
പക്ഷേ എങ്ങനെ?
അതിനെ തുടര്‍ന്നുള്ള മഹത്തായ ചര്‍ച്ചയുടെ ഫലമായിരുന്നു ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം.വയറ്റാട്ടി നാണിയമ്മയുടെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടന്ന കേട്ടറിവിന്‍റെ പുറത്താണ്‌ നാലാം ക്ലാസ്സ്‌കാരനായ എന്നെയും കൊണ്ട് അച്ഛന്‍ അവിടെ ചെന്നത്.പക്ഷേ എന്‍റെ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു നാണിയമ്മയുടെ മറുപടി:
"അയ്യോ അങ്ങുന്നേ,ഇവിടെ ഉള്ളതിനെ എല്ലാം ഒരോരുത്തര്‌ കൊണ്ട്പോയി"
അതോടെ എന്‍റെ മുഖം മങ്ങി.

കാരണം ഞാന്‍ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വന്നത്.എലികളെ ഓടിക്കുക എന്നത് മാത്രമായിരുന്നില്ല,എനിക്ക് കൂടെ കളിക്കാന്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടും എന്നതായിരുന്നു എന്‍റെ കണക്ക് കൂട്ടല്‍.അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്‍റെ മുഖം വാടിയത് കണ്ടിട്ടായിരിക്കാം നാണിയമ്മ പറഞ്ഞു:
"ഇനി വേണമെങ്കില്‍ കോലോത്ത് പോണം"
"കോലോത്ത് പോയാ അവിടെ കാണുമെന്ന് ഉറപ്പുണ്ടോ?" അച്ഛന്‍റെ മറുചോദ്യം.
"ഉറപ്പാ,കിട്ടും.ഞാന്‍ ഇന്നലെയും അവിടെ പോയാരുന്നു.അവിടുത്തെ തമ്പുരാട്ടി കൊച്ച് മാസം തികഞ്ഞ് നില്‍ക്കുകയാ,എപ്പോള്‍ വേണേലും പ്രസവിക്കാം" നാണിയമ്മയുടെ വിശദീകരണം.
അപ്പോള്‍ തന്നെ ഞാനൊരു മഹത്തായ സത്യം മനസ്സിലാക്കി,
ഞങ്ങളൂടെ നാട്ടില്‍ ആവശ്യമുള്ള പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ച് കൊടുക്കുന്നത് കോലോത്തെ തമ്പുരാട്ടിയാണ്.വയറ്റാട്ടിക്ക് പൂച്ചകുഞ്ഞുങ്ങളെ കിട്ടുന്നതും അവിടുന്നു തന്നെ.

കോലോത്ത് അച്ഛന്‍ പോകണമെന്നില്ലന്നും,ഞാന്‍ പോയാല്‍ മതിയെന്നും തീരുമാനമായി.അതിന്‍ പ്രകാരം അങ്ങോട്ട് പുറപ്പെട്ട എന്നോട് വയറ്റാട്ടി പറഞ്ഞു:
"മനുകുട്ടന്‍ അവിടെ ചെന്ന് നാണിയമ്മ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാല്‍ മതി.മനസ്സിലായോ?"
മനസ്സിലായി,എല്ലാം മനസ്സിലായി,
നേരെ കോലോത്ത് ചെല്ലുക,വയറ്റാട്ടി പറഞ്ഞിട്ട് വരികയാണെന്ന് പറയുക,ഒരു കുഞ്ഞിനെ ചോദിക്കുക.ഇത് കേള്‍ക്കേണ്ട താമസം തമ്പുരാട്ടി അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യില്‍ കൊണ്ട് തരും.
വെരി വെരി ക്ലീയര്‍!!!
ഞാന്‍ കോലോത്തേക്ക് വച്ച് പിടിച്ചു.

തമ്പുരാട്ടിക്ക് പേറ്റ് നോവ് തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ഞാന്‍ കോലോത്തേക്ക് ഓടി ചെന്നത്.തമ്പുരാട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ വേലക്കാരുടെയും അവിടുത്തെ കാരണവന്‍മാരുടെയും മുന്നിലെത്തിയ ഞാന്‍ എന്‍റെ ആഗമനോദ്യേശം അറിയിച്ചു:
"വയറ്റാട്ടി പറഞ്ഞിട്ട് കുഞ്ഞിനെ എടുക്കാന്‍ വന്നതാ"
എന്‍റെ ഈ വാചകം കേട്ടതും അവിടുത്തെ കാരണവന്‍മാരും അനന്തരാവകാശികളും വേലക്കാരും മാത്രമല്ല,കോലോത്തെ പതിനാല്‌ തടിമാടന്‍മാരെ പ്രസവിച്ച് തഴക്കവും പഴക്കവും വന്ന അമ്മുമ്മ വരെ ഞെട്ടി.അവരെല്ലാം അമ്പരന്ന് പരസ്പരം നോക്കി.
മൊട്ടേന്ന് വിരിയാത്ത പയ്യന്‍ പേറെടുക്കാന്‍ വന്നിരിക്കുന്നോ?
'എന്‍റെ കൃഷ്ണാ,കലികാലം' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മുമ്മ പതുക്കെ തിണ്ണയിലിരുന്നു.
കാര്യത്തിന്‍റെ ഗൌരവം മനസ്സിലാകാത്ത ഞാന്‍ പിന്നെയും ചോദിച്ചു:
"തമ്പുരാട്ടി എന്തിയേ?"
എന്‍റെ ആധികാരമായ ചോദ്യവും പേറെടുക്കാനുള്ള ആക്രാന്തവും കണ്ടിട്ടാവണം അവരെല്ലാം ഞെട്ടി.എന്നെ കൊണ്ട് പേറെടുപ്പിക്കണോ വേണ്ടായോ എന്നൊരു തീരുമാനം എടുക്കാനാകാതെ എല്ലാവരും വിഷമിച്ച് നിന്നു.അപ്പോഴും അകത്തൊരു മുറിയില്‍ തമ്പുരാട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.

അവസാനം കൂട്ടത്തില്‍ ഒരു കാരണവര്‍ രണ്ടും കല്പിച്ച് എന്നോട് ചോദിച്ചു:
"മോനിതൊക്കെ പരിചയമുണ്ടോ?"
കൊള്ളാം,ഒരു പൂച്ചകുഞ്ഞിനെ കൊണ്ട് പോകാന്‍ പരിചയം ഉണ്ടോന്ന്?
അതും എന്നോട്?
ആ ചോദ്യം കേട്ടതും ഉള്ളില്‍ വന്ന ചിരി അടക്കി ഞാന്‍ പറഞ്ഞു:
"പരിചയമുണ്ട്"
എന്‍റെ മറുപടി കേട്ടതും അങ്ങേര്‌ തിരിഞ്ഞ് എല്ലാരെയും ഒന്ന് നോക്കി,എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു:
"ഇതിനു മുമ്പ് മോനെവിടെങ്കിലും പോയിട്ടുണ്ടോ?"
എനിക്ക് ശരിക്കും ദേഷ്യം വന്നു...
ഒരു പൂച്ചകുഞ്ഞിനെ തരാന്‍ വേണ്ടി,ഞാന്‍ ആദ്യം എവിടെയൊക്കെ പൂച്ചകുഞ്ഞിനെ അന്വേഷിച്ച് പോയിട്ടുണ്ട് എന്ന് അറിയണം എന്ന അവരുടെ മനോഭാവമാണ്‌ എന്നെ ദേഷ്യം പിടിപ്പിച്ചത്.പക്ഷേ ആവശ്യം എന്‍റെ ആയി പോയില്ലേ?
ഉള്ളില്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"ആദ്യം വയറ്റാട്ടിയുടെ വീട്ടിലാ പോയത്"
അതോട് കൂടി അവര്‍ക്ക് സമാധാനമായി.ആദ്യം വയറ്റാട്ടിയുടെ പേറെടുത്തവനാണെങ്കില്‍ ഞാന്‍ എത്ര കേമനായിരിക്കും എന്നാകണം അവര്‍ ചിന്തിച്ചത്.എന്തായാലും എന്നെ കൊണ്ട് തന്നെ പേറെടുപ്പിക്കാന്‍ അവരെല്ലാം കൂടി തീരുമാനിച്ചു.അവരുടെ സംസാരത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.
ഈശ്വരാ,എന്തൊരു പരീക്ഷണം????
ഇവരെന്താ ഇങ്ങനെ?

എന്‍റെ ഭാഗ്യമാണോ,തമ്പുരാട്ടിയുടെ ഭാഗ്യമാണോ അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഭാഗ്യമാണോ എന്നറിയില്ല കാര്യങ്ങളുടെ കിടപ്പ് വശം അത്രയും ആയപ്പോഴത്തേക്കും നാണിയമ്മ അവിടെ വന്നു.അകത്തേക്ക് ഓടിപ്പോയ അവര്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു.എന്നിട്ട് എല്ലാരോടുമായി പറഞ്ഞു:
"ദൈവം കാത്തു,സുഖപ്രസവം"
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ്‌ നാണിയമ്മ എന്നെ കണ്ടത്.അപ്പോള്‍ തന്നെ അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെയും എടുത്ത് കൊണ്ട് വന്ന് എന്‍റെ കൈയ്യില്‍ തന്നു.ആ പൂച്ചകുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും അതെന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിന്ന കോലോത്തെ തമ്പ്രാന്‍മാരുടെ മുമ്പില്‍ നിന്നും ഞാന്‍ ഓടികളഞ്ഞു.
എത്രയൊക്കെ പറഞ്ഞാലും തമ്പുരാട്ടി ഒരു അമ്മയല്ലേ,സ്വന്തം കുഞ്ഞിനെ തള്ളി പറയാന്‍ ഒരു അമ്മയ്ക്കും കഴിയില്ല.ഒരു വീണ്ട് വിചാരം ഉണ്ടാകുമ്പോള്‍ തമ്പുരാട്ടി പൂച്ചകുഞ്ഞിനെ തിരിച്ച് ചോദിച്ചാലോ എന്ന ചിന്ത ആയിരുന്നു അതിനെയും കൊണ്ട് ഓടാന്‍ എന്നെ പ്രേരിപ്പിച്ചത്.
തമ്പുരാട്ടി പ്രസവിച്ച വാര്‍ത്ത കേട്ട് വന്ന കോലോത്തേ അടിയാനായ ചാത്തന്‍റെ മുന്നിലാണ്‌ ഞാന്‍ ഓടിചെന്നത്.കോലോത്ത് നിന്ന് ഓടി വരുന്ന എന്നെ കണ്ട് ചാത്തന്‍ ആകാംക്ഷയോടെ ചോദിച്ചു:
"എന്താ കുഞ്ഞ്?"
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ വെമ്പി നില്‍ക്കുന്ന ചാത്തനെ നോക്കി ഞാന്‍ പറഞ്ഞു:
"ഒരു കറുത്ത പൂച്ചകുഞ്ഞാ"
'എന്‍റെ മുത്തപ്പാ,തമ്പ്രാട്ടി പ്രസവിച്ചത് പൂച്ചകുഞ്ഞിനെയാണൊ' എന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന ചാത്തനെയും മറികടന്ന് ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.

ആ പൂച്ച വളര്‍ന്നു.അത് വേറെ പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ചു.അവറ്റകളെല്ലാം കൂടി ഞങ്ങളൂടെ വീട്ടിലെ എലിശല്യം തീര്‍ത്തു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.പക്ഷേ എനിക്ക് ഒരു സംശയം മാത്രം ബാക്കി ആയിരുന്നു,
തമ്പുരാട്ടി പ്രസവിച്ചപ്പോള്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടി.എന്നിട്ടും എന്തുകൊണ്ട് പൂച്ച പ്രസവിച്ചപ്പോള്‍ ഒരു തമ്പുരാട്ടികുഞ്ഞിനെ കിട്ടിയില്ല?
ആവോ,ആര്‍ക്കറിയാം?

വനവാസം കിടിലമായിരുന്നു


ചില സംഭവങ്ങളൊക്കെ കോമഡിയാണ്, കോമഡി എന്നു പറഞ്ഞാല്‍ മരണ കോമഡി.അത് വിവരിക്കുന്നതിനു മുന്നേ മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.വീണ്ടും കര്‍ക്കടക മാസം വരികയായി, മറ്റൊരു രാമായണ മാസം.രാമന്‍റെ അയനമാണ്‌ രാമായണം, അയനം എന്നാല്‍ യാത്ര.ആ ഒരു യാത്രയാണ്‌ രാമായണത്തിലൂടെ വിശദമാക്കുന്നത്.രാമന്‍ ജനിക്കുന്നു, സീതയെ കല്യാണം കഴിക്കുന്നു, സുഖമായി ജീവിക്കാന്‍ പോകവേ ഒരു പതിനാലു വര്‍ഷം വനവാസം.ദുരിതം നിറഞ്ഞ കാലഘട്ടമായിരുന്നു അത്, അതിനു ശേഷമാണ്‌ സാക്ഷാല്‍ പട്ടാഭിക്ഷേകം.

ഞാന്‍ ഇത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്, രണ്ട് ദിവസം മുമ്പ് ഞാനൊരു ജ്യോത്സ്യരെ കാണാന്‍ പോയി.പണ്ട് സ്ഥിരം കാണുമായിരുന്നു, നന്നാവുമോന്ന് അറിയാന്‍.എന്‍റെ കാശ്‌ കൊണ്ട് ഇവന്‍മാരൊക്കെ നന്നായതല്ലാതെ ഞാന്‍ നന്നായില്ല.അത് കൊണ്ട് തന്നെ വല്യ പ്രതീക്ഷ ഇല്ലാതെയാണ്‌ ഈ കുറിയും ്‌പോയത്.പേര്‌ ചോദിച്ചു, നാള്‌ ചോദിച്ചു, വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു.കവടി നിരത്തി, നാല്‌ ശംഖ് നിരത്തി, 'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...' എന്ന രീതിയില്‍ എന്തോ ഒരു മന്ത്രവും ജപിച്ചു.ഞാന്‍ ചുറ്റും നോക്കി, ഒരു നാലു ചന്ദനത്തിരി കത്തിച്ച് വച്ചിട്ടുണ്ട്, രണ്ട് നിലവിളക്കും.പിന്നെ ഒരു വിധപ്പെട്ട എല്ലാ ദേവീ ദേവന്‍മാരുടെയും ഫോട്ടോ ഉണ്ട്, സാധാരണ ജ്യോത്സ്യന്‍മാരുടെ റൂമില്‍ കാണുന്നതിനെക്കാള്‍ അഡീഷണലായി കണ്ടത് ഒരു കൊതുകുതിരി കത്തിച്ച് വച്ചേക്കുന്നതാണ്.അത് പിന്നെ ഡെങ്കിപ്പനി ജ്യോത്സ്യനും ബാധകമാണല്ലോ.ഹിസ്തീരിയ ബാധിച്ചവനെ പോലെ ആശാന്‍ കണ്ണുമടച്ച് മുന്നിലിരുന്നു തുള്ളുന്നുണ്ട്.എന്‍റെ വാമഭാഗം കണ്ണുമടച്ച് എല്ലാ ഈശ്വരന്‍മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ട് അടുത്തും ഇരിക്കുന്നു.ഒടുവില്‍ എന്തോ ഒരു 'സ്വാഹ' കൂടി പറഞ്ഞിട്ട് ജ്യോത്സ്യന്‍ കണ്ണ്‌ തുറന്നു.എന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.

ഇതൊരു വൈതരണികയാണ്, പ്രത്യേകിച്ച് അമ്മ, സഹോദരി, ഭാര്യ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊപ്പം ജ്യോത്സ്യരെ കാണാന്‍ പോയാല്‍, അവര്‍ ജ്യോത്സ്യരെ കണ്ണടച്ച് വിശ്വസിക്കുന്നവരാണങ്കില്‍, കൂടെ ഇരിക്കുന്നവന്‍റെ സകല സമാധാനവും ആ ജ്യോത്സ്യര്‍ക്ക് കളയാന്‍ കഴിയുന്ന സന്ദര്‍ഭം.നമ്മുടെ ഇരുപ്പിലോ ഭാവത്തിലോ വല്ല അഹങ്കാരമോ പുച്ഛമോ ജ്യോത്സ്യനു ഫീല്‍ ചെയ്താല്‍ നമ്മള്‍ തീര്‍ന്നു.ചിലപ്പോള്‍ അയാള്‍ പറയുന്ന ചില പ്രായിശ്ചിത്തങ്ങള്‍ നമ്മുടെ അണ്ഡകടാഹം ഇളക്കുന്നതായിരിക്കും.അതു കൊണ്ട് പെട്ടന്ന് ഞാന്‍ മുഖത്ത് വിനയം വാരി പൂശി.

'പ്രിയപ്പെട്ട ജ്യോത്സ്യരേ, ഉപദ്രവിക്കരുത്.ഹിമാലയം ​കേറി കൈലാസത്ത് ചെന്ന് ദിംഗംബരനായി നിന്നാലെ എന്‍റെ പ്രശ്നങ്ങള്‍ മാറൂ എന്ന് പറയരുത്.ഇതൊന്നും ചെയ്യാനുള്ള പാങ്ങില്ല.റിയലി ഐയാം എ സിംപില്‍ ബോയ് വിത്ത് ലോട്ട് ഓഫ് പ്രോബ്ളംസ്സ്'

ഇങ്ങനെ മനസ്സില്‍ പറഞ്ഞ് ഞാന്‍ അയാളെ ദയനീയമായി ഒന്ന് നോക്കി.ഒരു ദീര്‍ഘ നിശ്വാസം വിട്ടിട്ട് അതിയാന്‍ കാര്യം പറഞ്ഞു തുടങ്ങി.സാക്ഷാല്‍ ശ്രീരാമന്‍റെ യോഗമാരുന്നത്രേ എനിക്ക്.കുട്ടിക്കാലത്ത് സുഖമായി ജീവിച്ച ഞാന്‍ കഴിഞ്ഞ പതിനാലു കൊല്ലമായി വനവാസത്തിനു തുല്യമായി അനുഭവിച്ച് കൊണ്ട് ഇരിക്കുകയാണ്‌ പോലും.ഇത് കേട്ടതും  ഭാര്യ തല തിരിച്ച് എന്നെ ഒന്ന് നോക്കി, ആ നോട്ടം ​കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, തലയിലൊരു കിരീടവും വച്ച്, അമ്പും വില്ലും പിടിച്ച് ഇരിക്കുന്ന ശ്രീരാമ ചന്ദ്രനായി അവള്‍ എന്നെ സങ്കല്‍പ്പിക്കുകയാണ്.അവളുടെ ഭാവന അധികം ചിറക് വിരിക്കാതിരിക്കാന്‍ ഞാന്‍ ജ്യോത്സ്യരോടായി ചോദിച്ചു:
"എന്നത്തേക്ക് തീരും എന്‍റെ ഈ വനവാസം?"
ജ്യോത്സ്യന്‍ വീണ്ടും കവടി നിരത്തി.
'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...'
എന്‍റെ നെഞ്ചിടിപ്പ് ഏറി വന്നു.
കണക്ക് കൂട്ടിയട്ട് ജ്യോത്സ്യര്‍ ഈണത്തില്‍ രണ്ട് വരി മൂളി...

"പക്ഷിസഞ്ചയങ്ങളെ നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുക്ഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?"

തുടര്‍ന്ന് അങ്ങേരു ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.അതു കണ്ടതും വൈഫ് എന്‍റെ ചെവിയില്‍ പറഞ്ഞു:
"ആള്‌ പണ്ഢിതനാ, സംസ്കൃതം ശ്ളോകം ചൊല്ലിയത് കേട്ടില്ലേ?"
മാങ്ങാത്തൊലി!!!
സംസ്കൃതശ്ളോകം പോലും.
അത് അദ്ധ്യാത്മരാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്‍റെ വിരഹദുഃഖമാ.സാക്ഷാല്‍ സീതാദേവിയെ നഷ്ടപ്പെട്ടപ്പോ രാമന്‍ തേടുന്ന ഭാഗമാ.ഇത് അവളോട് വിശദീകരിക്കാന്‍ പോയാല്‍ ഞാന്‍ ഇനി ആരെയോ നഷ്ടപ്പെട്ടിട്ട് തേടുവാണോന്ന് അവള്‍ തെറ്റിദ്ധരിക്കും.അതല്ല, സീത എന്നാല്‍ ലക്ഷ്മി ദേവി ആണെന്നും, അതായത് സമ്പത്തിനെയും ഐശ്വര്യത്തേയും പ്രദാനം ​ചെയ്യുന്നതാണെന്നും, ഞാന്‍ തേടിയത് ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതമാണെന്നും വിശദീകരിച്ച് വരുമ്പോഴേക്ക് നേരം വെളുക്കും.അതുകൊണ്ട് സംസ്കൃതശ്ളോകമാണ്‌ കേട്ടത് എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചു:
"മഹാനുഭാവോ, എന്നത്തേക്ക് തീരും എന്‍റെ ഈ വനവാസം?"

അധികം കാലം വേണ്ട എന്ന് മറുപടി കിട്ടി, വരുന്ന സെപ്തംബറില്‍ വ്യാഴം ചാര വശാല്‍ സ്ഥാനം മാറുമത്രേ, അതോട് കൂടി ദുരിതം മാറും പോലും.അത് കേട്ടതോടെ ഭാര്യക്ക് ആകാംക്ഷ:
"സെപ്തംബര്‍ തുടക്കമാണോ, ഒടുക്കമാണോ?"
ഇങ്ങനൊരു ചോദ്യം ജ്യോത്സ്യന്‍ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.കാരണം ഒരു ജ്യോത്സ്യനും കൃത്യമായ ഡേറ്റ് പറയാറില്ല, ഡേറ്റ് പറഞ്ഞിട്ട് കഷ്ടകാലത്തിനു സമയം മാറിയില്ലെങ്കില്‍ പിറ്റേന്ന് രാവിലെ ചോദ്യം ചെയ്യാനായി കെട്ടി എഴുന്നെള്ളി ചെല്ലുന്നവരാണ്‌ നമ്മള്‍ ്‌മലയാളികള്‍.അത് കൊണ്ട് തന്നെ അയാള്‍ ഉരുണ്ട് കളിച്ച് തുടങ്ങി.അത് കണ്ടതും ഭാര്യ ചോദ്യം കട്ടിക്ക് ആക്കി:
"ജ്യോത്സ്യനു ഡേറ്റ് അറിയില്ലേ?"
ജ്യോത്സ്യന്‍ പെട്ടു!!
ഒടുവില്‍ അയാള്‍ വിക്കി വിക്കി പറഞ്ഞു:
"അത് പിന്നെ പതിമൂന്ന് ആണെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല, വേണേല്‍ പഞ്ചാംഗം നോക്കി പറയാം"
'എന്നാ താന്‍ ഒന്ന് പഞ്ചാംഗം നോക്കിയെ' എന്ന ഭാവത്തിലാണ്‌ എന്‍റെ വാമഭാവത്തിന്‍റെ ഇരുപ്പ്.സംഭവം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഞാന്‍ കേറി ഇടപെട്ടു.
പതിമൂന്നെങ്കില്‍ പതിമൂന്ന്.
ജ്യോത്സ്യര്‍ പറഞ്ഞതനുസരിച്ച് സെപ്തംബര്‍ പതിമൂന്നിനു വ്യാഴം മാറുന്നതോടെ എന്‍റെ പതിനാലു വര്‍ഷത്തെ വനവാസം മാറുമെന്ന് ഞാന്‍ സ്വയം വിധി എഴുതി.അത് കഴിഞ്ഞാല്‍ പട്ടാഭിക്ഷേകം.

പണ്ടാരം അടങ്ങി പോകാതെ രക്ഷപ്പെട്ട ആശ്വാസം ജ്യോത്സ്യന്‍റെ മുഖത്ത്, കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളായത് കൊണ്ട് മനസ്സ് കുളിര്‍ത്തതിന്‍റെ തെളിമ എന്‍റെ മുഖത്ത്.പക്ഷേ അടുത്ത് ഇരിക്കുന്ന വൈഫിനു പിന്നെയും സംശയം:
"പറഞ്ഞ ദിവസത്തിനു ഇനിയും രണ്ട് മാസത്തോളം സമയമില്ലേ, ചേട്ടനു ശ്രീരാമ ചന്ദ്രന്‍റെ യോഗം ആയ സ്ഥിതിക്ക് ഇപ്പോ രാമായണത്തിലെ ഏത് ഭാഗത്താ ചേട്ടന്‍റെ അവസ്ഥ?"
ഒരു ഒന്ന് ഒന്നൊര ക്വസ്റ്റ്യന്‍!!!
'എന്തോന്നടേ ഇത്' എന്ന ഭാവത്തില്‍ ജ്യോത്സ്യന്‍ കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി.ഏത് നശിച്ച നേരത്താ എനിക്ക് ശ്രീരാമചന്ദ്രന്‍റെ യോഗമാണെന്ന് പറയാന്‍ തോന്നിയത് എന്നോര്‍ത്ത് അതിയാന്‍ മനസ്സില്‍ ്‌പ്രാകുന്നുണ്ടായിരിക്കും.ഞാനും ആകെ നിസ്സഹായകനായി, ദയനീയമായി ഞാന്‍ അയാളെ ഒന്ന് ചിരിച്ച് കാണിച്ചു.അയാള്‍ എന്നെ ഒളികണ്ണിട്ട് ഒരു വല്ലാത്ത നോട്ടം നോക്കി കൊണ്ട് കവടി നിരത്തി തുടങ്ങി.

ഇപ്പോ കഴിഞ്ഞത് സുന്ദര കാണ്ഡം ആണത്രേ. അതായത് സാക്ഷാല്‍ ഹനുമാന്‍ സ്വാമി മായാ സീതയെ കണ്ട് ശ്രീരാമ ചന്ദ്രന്‍റെ അവസ്ഥ ബോധിപ്പിച്ച് പോലും.എന്നിട്ട് ലങ്കാദഹനവും കഴിഞ്ഞ് അദ്ദേഹം തിരിച്ച് വന്ന് ലങ്കയിലെ അവസ്ഥയും, സീതാദേവിയുടെ അവസ്ഥയും ശ്രീരാമനോട് പറഞ്ഞ് പോലും.
ഇത്രയും പറഞ്ഞിട്ട് ജ്യോത്സ്യന്‍ എന്നോട് ഒരു ചോദ്യം:
"ശരിയല്ലേ?"
ഇമ്മാതിരി മണ്ടന്‍ ചോദ്യത്തിനൊക്കെ ഞാന്‍ എന്ത് ഉത്തരം പറയാന്‍.
എന്നില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എന്ന രീതിയില്‍ തലയാട്ടി കൊണ്ട് അയാള്‍ പറഞ്ഞു:
"ഇനി യുദ്ധയാത്രയാ"
മനസ്സിലായോ എന്ന മട്ടില്‍ ഭാര്യ എന്നെ നോക്കി, മനസ്സിലായെന്ന് ഞാനും തലയാട്ടി.അതായത് ഇനി വാനരപ്പടയുമായി ലങ്കയിലെത്തണം, എന്നിട്ട് യുദ്ധം ചെയ്യണം, കുറേ രാക്ഷസന്‍മാരെ തട്ടണം.പറഞ്ഞ് വരുമ്പോ ഇന്ദ്രജിത്ത് എന്നൊരു സാധനമുണ്ട്, അവനെ തട്ടാന്‍ ലക്ഷ്മണന്‍ വേണം, തല്ക്കാലം എന്‍റെ അനിയനോട് പറയാം , ഓന്‍ സമ്മതിക്കാതിരിക്കില്ല.പിന്നെ കുംഭകര്‍ണ്ണനും, രാവണനും, അതിനു ഞാന്‍ മതി.ഇതിനു ഇടക്ക് മരുത്വാമല കൊണ്ട് വരാന്‍ ഹനുമാന്‍ സ്വാമി ഒരിക്കല്‍ കൂടി വരേണ്ടി വരും, മനസ്സ് അറിഞ്ഞ് ഒന്നൂടെ വിളിച്ച് നോക്കാം.ഒടുവില്‍ മായാ സീതയെ തീയിലിട്ടിട്ട് ഒര്‍ജിനല്‍ സീതയുമായി തിരിച്ച് വരണം, ഇതിനു എല്ലാം കൂടി ഇനി ഒരു രണ്ട് മാസം സമയം.
അത് കഴിഞ്ഞാ പട്ടാഭിക്ഷേകം.
ഞാന്‍ ഇങ്ങനെ ആലോചിച്ച് ഇരിക്കെ ജ്യോത്സ്യന്‍ ചോദിച്ചു:
"മനസ്സിലായോ?"
മനസ്സിലായി, മനസ്സിലായി, കംപ്ലീറ്റ് മനസ്സിലായി.

പെട്ടന്നാണ്‌ മനസ്സില്‍ ഒരു ആശങ്ക വന്നത്, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖിച്ച് ജീവിക്കുന്ന സമയത്താ, സീതയെ കൊണ്ട് പോയി കാട്ടില്‍ വിട്ടത്, ഇനി അങ്ങനെ വല്ലതും?
എന്‍റെ സംശയം മനസ്സിലാക്കിയ ജ്യോത്സ്യന്‍ പറഞ്ഞു:
"അത് ഉത്തര രാമായണം, യഥാര്‍ത്ഥ ശ്രീരാമ ചന്ദ്രന്‍റെ കഥയുമായി അതിനെ ബന്ധിപ്പിക്കേണ്ട, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖമായി ജീവിച്ചു, ഇതാ സത്യം"
ഹാപ്പിയായി!!!
പഴയ കൂട്ടുകാരെ കാണുമ്പോ പറയേണ്ട ഡയലോഗ് മനസ്സില്‍ ഓര്‍ത്തു, നരസിംഹത്തിലെ ലാലേട്ടനെ പോലെ മീശ പിരിച്ച് വേണം അത് പറയാന്‍:
"പതിനാലു വര്‍ഷത്തെ വനവാസത്തിനു ശേഷം ഇന്ദുചൂഡന്‍ വീണ്ടും വരുന്നു, ചില കളികള്‍ പഠിക്കാനും, ചില കളികള്‍ പഠിപ്പിക്കാനും"
കൊള്ളാം, ബലഭേഷ്.
പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, ജ്യോത്സ്യരുടെ കൈയ്യിലോട്ട് ഒരു അഞ്ഞൂറ്റി ഒന്ന് രൂപ വിത്ത് വെറ്റ ആന്‍ഡ് പാക്ക് ഏല്‍പ്പിച്ചു.ഇനി കാശ് കുറഞ്ഞതിനുള്ള പ്രാക്ക് കൂടി വേണ്ട, അല്ലാതെ തന്നെ ശാപങ്ങള്‍ ആവശ്യത്തിനുണ്ട്.

ജ്യോത്സ്യരുടെ വീട്ടില്‍ നിന്ന് പടി ഇറങ്ങുമ്പോ ഭാര്യ നല്ല സന്തോഷത്തിലായിരുന്നു.അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം.എന്‍റെ മനസ്സിലും എന്തോക്കെയോ ആശ്വാസങ്ങള്‍.
ഇതിനിടക്ക് ഭാര്യ ഒരു ചോദ്യം:
"ഈ വനവാസത്തിനു മുന്നേ ചേട്ടന്‍ സൂപ്പര്‍ ആയിരുന്നോ?"
ആയിരുന്നോന്നോ??
വല്ലാത്ത ചോദ്യം തന്നെ!!!
പഴയകാലങ്ങള്‍ മനസ്സിലേക്ക് ഓടി വന്നു, കാവിലെ പാട്ട് മത്സരം, ചെസ്സ് കളി, കബഡി, അങ്ങനെ പലതും.
ശരിക്കും  ഈ ചോദ്യത്തിനു മറുപടി യോദ്ധയില്‍ ജഗതി നായികയോട് പറയുന്ന വീരവാദങ്ങളാണ്, അത് തന്നെയാണ്‌ ഈ സാഹചര്യത്തിനു ചേര്‍ന്നതും.
"എന്‍റെ താളബോധവും അക്ഷരസ്ഫുടതയും അവനില്ലല്ലോ, എന്‍റെ വായില്‍ നിന്ന് കടിച്ച പൊട്ടാത്ത പദങ്ങള്‍ അനര്‍ഘള നിര്‍ഗളം പ്രവഹിക്കുന്നത് കണ്ടും കേട്ടും അവന്‍ ബോധം കെട്ട് വീണു.അവസാനം എല്ലാരും കൂടി എന്നെ പൊക്കി എടുത്തോണ്ട് പോകുകയായിരുന്നു"
ഹോ, ഭയങ്കരന്‍ തന്നെ!!!
പഴയ വീരവാദ കഥകള്‍ കേട്ട് അവള്‍ ചിരിച്ച് കൊണ്ട് ഇരിക്കവേ ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.ജ്യോത്സ്യത്തില്‍ അത്ര വിശ്വാസം ഒന്നും ഇല്ല, എങ്കിലും നന്നാവും എന്ന് ഒരാള്‍ ആദ്യമായി പറഞ്ഞപ്പോ ഒരു സമാധാനം.അങ്ങേര്‌ പറഞ്ഞ പോലെ പതിനാല്‌ വര്‍ഷം മുമ്പ്, പഠിച്ച് ഇറങ്ങിയപ്പോ എന്തായിരുന്നോ, അതേ വട്ട പൂജ്യത്തിലാ ഇപ്പോഴും.ചോര തിളപ്പുള്ള കാലം കഴിഞ്ഞിരിക്കുന്നു, എങ്കിലും ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ ആക്സിലേറ്ററില്‍ കാല്‍ ആഞ്ഞ് അമര്‍ത്തി, കാറിന്‍റെയും, എന്‍റെ ജീവിതത്തിന്‍റെയും.
ഈശ്വരോ രക്ഷതു.


രമ്യയുടെ ഫ്ലാറ്റും ചിറ്റൂരെ കടയും



ഓര്‍ക്കാപ്പുറത്ത് മുന്നില്‍ വന്ന് ചിരിച്ച് കാണിക്കുന്ന എല്ലാവരെയും അതേ ഫ്രീക്ക്വന്‍സിയില്‍ തിരിച്ച് ചിരിച്ച് കാണിക്കാന്‍ നമുക്ക് സാധിക്കാറില്ല, അതിനു കാരണം അവര്‍ ഭഗവാനെ പോലെ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്നതാകാം.ഒരിക്കല്‍ എന്‍റെ മുന്നിലും അങ്ങനെ ഒരു അവതാരം പിറവിയെടുത്തു, ആ കഥയാണ്‌ ഈ കഥ.

കരിമുട്ടം ദേവിക്ഷേത്രത്തില്‍ ഭദ്രാ ദേവിയാണ്‌ പ്രതിഷ്ഠ.മേടം പത്തിനു പത്താമുദയമാണ്‌ പ്രധാന ഉത്സവം.ലോകത്ത് എവിടെയാണെങ്കിലും വിദൂരമായ ഒരു ചാന്‍സ്സ് എങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്നേ ദിവസം ആ സന്നിധിയില്‍ കാണും.പക്ഷേ ഇക്കുറി ക്ഷേത്ര ഭരണ സമതി പത്ത് ദിവസത്തെ ഉത്സവം നടത്താന്‍ തീരുമാനിച്ചു.ആ തീരുമാനത്തില്‍ പകച്ച് പോയ ബാല്യങ്ങള്‍, എന്നെ പോലുള്ള കുറേ അമ്പലവാസികളുടെത് ആയിരുന്നു.പത്ത് ദിവസം പറ്റിയില്ലെങ്കിലും മാക്സിമം ദിവസം ഉത്സവം കൂടണം.
പക്ഷേ എങ്ങനെ??
ഈ ചോദ്യത്തിനു ഉത്തരം തേടി ഞാന്‍ വിദ്ധഗ്ദമായി കരുക്കള്‍ നീക്കി.എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എനിക്ക് പത്ത് ദിവസത്തെ ലീവ് മരീചികയാണ്.പക്ഷേ രണ്ട് ദിവസം ലീവ് എടുത്താല്‍ എനിക്ക് ഏഴ് ദിവസം ഉത്സവം കൂടാം.അതായത് ആദ്യ ദിവസം വെള്ളിയാഴ്ച വിഷുവാണ്, ഓള്‍റെഡി അവധി.പിന്നെ ശനിയും ഞയറും അവധി.തിങ്കള്‍, ചൊവ്വ ലീവ് എടുത്താല്‍ മൊത്തം അഞ്ച് ദിവസം.പിന്നെയുള്ള മൂന്ന് ദിവസം പണിയെടുത്താല്‍ ശനിയും ഞയറും വീണ്ടും അവധി.
മതി...ഇത് മതി!!

നാട്ടില്‍ ഉത്സവം ആണെന്നും ബുധനാഴ്ച വരെ ഫോണില്‍ പോലും കിട്ടില്ലെന്നും ഓഫീസില്‍ അറിയിച്ച് വിഷുവിന്‍റെ തലേന്നാള്‍ നാട്ടിലേക്ക് വണ്ടി കയറി.ഇത്രയും പറഞ്ഞിട്ടും ആരെങ്കിലും ഓഫീസ്സ് കാര്യം പറഞ്ഞ് വിളിച്ചാല്‍ മൈക്കിന്‍റെ അവിടെ ഫോണ്‍ കൊണ്ട് പോയി അവരെ ഭാഗവത പാരായണം കേള്‍പ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്തു.
അങ്ങനെ ഉത്സവം തുടങ്ങി....

ഞയറാഴ്ച വരെ ഫോണൊന്നും വന്നില്ല, എന്നാല്‍ തിങ്കളാഴ്ച മറ്റൊരു ഫോണ്‍ വന്നു, നവോദയിലെ കൂട്ടുകാരെല്ലാം എറണാകുളത്ത് വച്ച് കണ്ട് മുട്ടുന്നെന്ന്, അതും ചൊവ്വാഴ്ച, ഞാന്‍ ചെല്ലണം പോലും.
അസംഭവ്യം!!!
ഉത്സവത്തിനിടക്ക് കൂട്ടുകാരെ കാണാന്‍ പോകാനോ, നോ വേ.
കുറച്ച് കഴിഞ്ഞപ്പോ അടുത്ത ഫോണ്‍, നവോദയയിലെ കൂട്ടുകാരി ഡയാന ആണ്, പുള്ളിക്കാരി ബാംഗ്ലൂരീന്ന് ആലപ്പുഴയില്‍ വന്നെന്നും, അടുത്ത ദിവസം എറണാകുളത്തേക്ക് മീറ്റിംഗിനു പോകുന്നെന്നും, ഞാന്‍ വരുന്നോ എന്നുമാണ്‌ ചോദ്യം.
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി, എറണാകുളത്ത് ഉള്ള കൂട്ടുകാരെ ഇടക്കിടെ കാണാറുണ്ട്, പക്ഷേ ഈ കക്ഷിയെ കണ്ടിട്ട് ഇരുപത്തി മൂന്ന് വര്‍ഷമായി.മാത്രമല്ല, 'ഡയാനാ നീ എവിടെയാ?' എന്ന്.ഒരു കഥ തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്.അതിലെ നായികയാണ്‌ നാളെ വരുമോന്ന് ചോദിക്കുന്നത്.
പോണോ??
പോയേക്കാം!!

ഒമ്പത് മണി ആകുമ്പോഴേക്കും എറണാകുളത്ത് വാഴക്കാലയിലുള്ള രമ്യയുടെ ഫ്ലാറ്റില്‍ എത്തണമെന്നും, അതിനു ഒരു ഏഴ് മണിക്ക് എങ്കിലും ഇറങ്ങണമെന്നുമാണ്‌ ഡയാന പ്ലാന്‍ പറഞ്ഞത്.കായംകുളത്ത് നിന്ന് കാറുമെടുത്ത് ആലപ്പുഴയിലുള്ള ഡയാനയുടെ വീട്ടിലെത്തിയപ്പോ സമയം എട്ട് മണിയായി.ഏഴ് മണി മുതല്‍ മുഖത്ത് പുട്ടിയിട്ട് കൂട്ടുകാരി അവിടെ കാത്തിരുപ്പുണ്ടായിരുന്നു, കുട്ടുകാരി മാത്രമല്ല, വീട്ടുകാരും.ഇവടെ പേര്‌ വച്ച് ഞാനൊരു കഥ എഴുതിയതിനാലാകണം, ആ എഴുതിയവനെ ഒന്ന് കാണണം എന്ന ഭാവത്തില്‍ ആണ്‌ എല്ലാവരുടെയും ഇരുപ്പ്.നെഞ്ചിടിപ്പോടെ ആണ്, ആ വീട്ടിലേക്ക് കയറിയത്.ആദ്യം തന്നെ അവളുടെ കണവനു ഒരു കൈ കൊടുത്തു, ആ ഷേക്ക് ഹാന്‍ഡിന്‍റെ്‌ ഊഷ്മളത കണ്ടപ്പോള്‍ മനസ്സ് തണുത്തു, ഭാഗ്യം, കുഴപ്പമില്ല.എല്ലാവരെയും പരിചയപ്പെട്ടു, ഡയാനയുടെ അമ്മ എന്നോട് ചോദിച്ചു:
"എന്നെ ഓര്‍മ്മയുണ്ടോ?"
കമ്മീക്ഷണറിലെ സുരേഷ് ഗോപിയുടെ അതേ സ്വരം...
ഓര്‍മ്മയുണ്ടോ ഈ മുഖം??
ആക്ച്വലി, അമ്മച്ചിയുടെ മോളേ പറ്റി കഥ എഴുതണമെന്ന് വിചാരിച്ചതല്ല, ഒരു കലാകാരന്‍റെ ആത്മാവിഷ്ക്കാര സ്വാതന്ത്യത്തിന്‍റെ അന്തകരണത്തില്‍ നിന്നുള്ള വിഗിരണം മാത്രമായിരുന്നു അത്.
ഇങ്ങനൊക്കെ പറയണമെന്ന് കരുതിയപ്പോ ആ ആന്‍റി വീണ്ടും:
"നവോദയില്‍ ഞാന്‍ വന്നിട്ടുണ്ട്, അവിടെ കണ്ട ഓര്‍മ്മയുണ്ടോ?"
ഛേ, വെറുതെ തെറ്റിദ്ധരിച്ചു.
തലയാട്ടി കൊണ്ട് പറഞ്ഞു:
"ഓര്‍മ്മയുണ്ട്"
ആന്‍റിക്ക് സന്തോഷമായി:
"എന്നാ കഴിച്ചിട്ട് പോകാം"
സമയം ഓള്‍റെഡി താമസിച്ചു, ആന്‍റി അങ്ങനെ പറഞ്ഞെങ്കിലും ഡയാന നിര്‍ബന്ധിക്കുന്നില്ല, മിക്കവാറും ഒരു മര്യാദയുടെ പുറത്ത് വിളിച്ചതാവും, അതിനാല്‍ ഞാന്‍ പറഞ്ഞു:
"വേണ്ടാ, വീട്ടീന്നു കഴിച്ചാരുന്നു"
ഒടുവില്‍ ഒരു ചായ മാത്രം കുടിച്ച് ഞങ്ങള്‍ ഇറങ്ങാന്‍ തീരുമാനിച്ചു.

ഡ്രൈവിംഗ് സീറ്റില്‍ കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്യവേ, പിന്‍ സീറ്റില്‍ കൊച്ചമ്മമാര്‌ കേറി ഇരിക്കുന്ന പോലെ ഇരുന്നിട്ട് ഡയാന:
"പോകാം"
ശരി, കൊച്ചമ്മേ!!!
ആ കുടുംബത്തിനു റ്റാറ്റാ നല്‍കി ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.
ഹൈവയില്‍ കൂടി കാര്‍ മുന്നോട്ട് പോകവേ പിന്നില്‍ നിന്ന് ഡയാനയുടെ സ്വരം:
"നിനക്ക് കഴിക്കാന്‍ അമ്മ അപ്പവും ബീഫും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു."
എന്‍റെ വായില്‍ കൂടി ഒരു കപ്പല്‍ ഓടി പോയി.
വീണ്ടും അവളുടെ സ്വരം:
"നീ കഴിക്കാഞ്ഞത് കഷ്ടമായി, ഇന്ന് അമ്മ എന്നെ ഒരുപാട് വഴക്ക് പറയും"
കണക്കായി പോയി!!
പിന്നല്ല, ഇവിടെ ഒരുത്തന്‍ വിശന്ന് കുടല്‌ കരിഞ്ഞ് ഇരിക്കുവാ.ഒരു മര്യാദയ്ക്ക് എങ്കിലും നിര്‍ബന്ധിക്കണ്ടേ.ഇനി വല്ലതും കഴിക്കണേല്‍ എറണാകുളത്ത് രമ്യയുടെ ഫ്ലാറ്റില്‍ എത്തണം.കിലോമീറ്റേര്‍സ്സ് ആന്‍ഡ് കിലോമീറ്റേര്‍സ്സ് ജേര്‍ണി.
പിന്നില്‍ നിന്ന് വീണ്ടും കിളിനാദം:
"ഞാനും നീയും കഴിച്ചിട്ട് വരുന്ന കൊണ്ട് നമുക്ക് വേണ്ടി ഒന്നും കരുതണ്ടാന്ന് ഞാന്‍ രമ്യക്ക് മെസ്സേജ് അയച്ചു"
എണ്‍പത് കിലോമീറ്ററില്‍ പാഞ്ഞ വണ്ടി സഡന്‍ബേക്കിട്ട് നിന്നു.
ദയനീയമായി ഞാന്‍ ഡയാനയെ തിരിഞ്ഞ് നോക്കി...
ഡിയര്‍ കൂട്ടുകാരി, എംപ്റ്റി സ്റ്റൊമക്ക്, വെരി ഹംഗ്രീ!!
കാര്യം അറിഞ്ഞപ്പോ അവള്‍ രമ്യയെ വിളിച്ചു:
"അതേ, അരുണു കഴിച്ചിട്ടില്ല, അവനു ഫുഡ് വേണമെന്ന്, അതും നീ തന്നെ ഉണ്ടാക്കണമെന്ന്"
എറണാകുളത്തേക്ക് വണ്ടി പോകവേ അരൂര്‌ വരെ അവള്‍ രമ്യയോട് ഫോണില്‍ സംസാരിച്ച് ഇരുന്നു, അരൂര്‌ ടോളില്‍ കാശ് കൊടുക്കവേ ഫോണ്‍ കട്ട് ചെയ്തിട്ട് പറഞ്ഞു:
"കുഞ്ഞ് ഉള്ളത് കൊണ്ട് അവള്‍ക്ക് പെട്ടന്ന് പാചകം ചെയ്യാന്‍ പറ്റില്ല.പിന്നെ നിന്‍റെ ഭാഗ്യത്തിനു വിഷുവിനു പുട്ട് ഉണ്ടാക്കിയതിന്‍റെ ബാക്കി മാവ് ഫ്രിഡ്ജിലുണ്ട്, നമ്മള്‍ ചെല്ലുമ്പോഴേക്കും പുട്ട് ഉണ്ടാക്കാമെന്ന്"
വിഷു വെള്ളിയാഴ്ച, ഇന്ന് ചൊവ്വാഴ്ച, അഞ്ച് ദിവസം.
ഞാന്‍:
"അതേ, ഞാന്‍ വഴീന്ന് കഴിച്ചോളാമെന്ന് പറ"
"ഇനി നീ കഴിച്ചില്ലേല്‍ അവള്‌ വയലന്‍റാകും"
ഡയാനയുടെ ഭീക്ഷണി.
ദൈവമേ!!!

അങ്ങനെ പത്തരക്ക് രമ്യയുടെ വീട്ടിലെത്തി.ഞാന്‍ കരുതിയ പോലെ എല്ലാവരും എത്തിയിരുന്നില്ല, ഞാനും രമ്യയും ഡയാനയും പിന്നെ ആന്‍ എന്ന കൂട്ടുകാരിയും മാത്രം.രമ്യ എനിക്ക് പുട്ട് വിളമ്പി, ഒരു സഹായത്തിനു ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ നോക്കിയെങ്കിലും വീട്ടില്‍ നിന്ന് കഴിച്ചതാണെന്ന് പറഞ്ഞ് ആനും ഡയാനയും തലയൂരി.
ദയനീയമായി ഞാന്‍:
"രമ്യ പുട്ട് കഴിക്കുന്നില്ലേ?"
രമ്യ:
"ഞാന്‍ കടയില്‍ നിന്ന് മസാല ദോശ തിന്നാരുന്നു"
ഇനി എന്ത്??
അഞ്ച് ദിവസം ഫ്രിഡ്ജില്‍ ഇരുന്ന മാവാ.പൊടിച്ച അരിയായത് നന്നായി, ഇല്ലേല്‍ ഇത് നെല്ല്‌ ആയേനെ.ഒരു സൈഡീന്ന് ചുരണ്ടി പുട്ട് തീര്‍ത്തു.

ഉച്ചക്ക് ചിറ്റൂര്‍ റോഡിലുള്ള സൈലോണ്‍ ബേക്കില്‍ ആയിരുന്നു ഫുഡ്.കരുതിയ പോലെ എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിഞ്ഞില്ല.ഞാനും, രമ്യയും, ഡയാനയും, ആനും, ആശയും, റീനയും പിന്നെ കോശികുഞ്ഞും മാത്രം.മുകളിലത്തെ നിലയിലെ റെസ്റ്റോറന്‍റില്‍ ഒരു മൂലക്ക് മാറി ഞങ്ങള്‍ സീറ്റ് പിടിച്ചു.ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വന്നതിനാല്‍, അര്‍ജന്‍റായി പോകണം എന്ന് മാത്രം പറഞ്ഞിട്ട് കോശികുഞ്ഞ് ഇടക്ക് സ്ക്കൂട്ടായി.അങ്ങനെ ആ റെസ്റ്റോറന്‍റില്‍ ഞാനും കൂട്ടുകാരികളും മാത്രമായി.അവരോട് സംസാരിച്ച് ചിരിച്ച് കളിച്ച് ഇരിക്കവേ, ഒരു ശബ്ദം:
"ഡോ, താനെന്താ ഇവിടെ?"
അശരീരി!!!
കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞില്ലേ, ചില അവതാരങ്ങള്‍ അനാവശ്യ സമയത്തും അവതരിക്കുമെന്ന്.ഇത് അതേ ജനുസ്സില്‍ ഉള്ള ഒരു അവതാരമായിരുന്നു.
എന്‍റെ മാനേജര്‍ ഷിബു.
രണ്ട് കൈയ്യും ഏണേല്‍ കുത്തി, കുന്തവും വാലുമില്ലാതെ ലുട്ടാപ്പി നില്‍ക്കുന്ന പോലത്തെ ആ നില്‍പ്പ് കണ്ടതോടെ എന്‍റെ സപ്തനാഡികളും തളര്‍ന്നു.ഉത്സവം കാരണം ഫോണില്‍ പോലും കിട്ടില്ലെന്ന് ഓഫീസില്‍ വീമ്പിളക്കിയ ഞാനാ, ഇവിടെ ഇങ്ങനെ ഒരു സാഹചര്യത്തില്‍.
കല്യാണരാമനിലെ ഇന്നസെന്‍റിന്‍റെ ഡയലോഗാ ഓര്‍മ്മയില്‍ വന്നത്...
ഈ കുരുപ്പ് ഇപ്പോ എവിടുന്ന് വന്നു??
"താനെന്താ ഇവിടെ?"
വീണ്ടും ചോദ്യം.
ചാടി എഴുന്നേറ്റ് പുള്ളിക്കാരന്‍റെ അടുത്തെത്തി ഞാന്‍ ചോദിച്ചു:
"ഷിബുവെന്താ ഇവിടെ? ഓഫീസ്സില്‍ പോയില്ലേ?"
ഷിബു:
"ഞാന്‍ ഓഫീഷ്യല്‍ ലീവാ"
എനിക്ക് സമാധാനമായി, ഞാന്‍ പറഞ്ഞു:
"ഞാനും"
തുടര്‍ന്ന് ഷിബുവിനെ ചേര്‍ത്ത് പിടിച്ച് കൂട്ടുകാരികളോടായി ഞാന്‍ പറഞ്ഞു:
"ഇത് എന്‍റെ മാനേജരാ"
അതോടെ മച്ചാന്‍ ഹാപ്പിയായി...
യെസ്സ്, ഐയാം ദി മാനേജര്‍!!!
"പ്ലീസ്സ്, കാരി ഓണ്‍"
അദ്ദേഹം അരങ്ങ് ഒഴിഞ്ഞപ്പോ ഡയാന ചോദിച്ചു:
"പ്രശ്നമാണോ?"
നിഷേധ രീതിയില്‍ ഞാന്‍ തലയാട്ടി:
"ഹേയ്, പാവമാ"

ഊണെല്ലാം കഴിഞ്ഞ് റെസ്റ്റോറന്‍റിനു താഴെ എത്തി.എല്ലാവര്‍ക്കും ഒരു ആഗ്രഹം, ഒരു ഗ്രൂപ്പ് ഫോട്ടോ വേണം.അവിടെ ഒരു കസേര കിടപ്പുണ്ട്, അതില്‍ എന്നെ ഇരുത്തി ചുറ്റും നിന്ന് ഫോട്ടോ എടുക്കാനാ അവരുടെ പ്ലാന്‍.ആരെ കൊണ്ട് ഫോട്ടോ എടുപ്പിക്കും എന്ന് ആലോചിച്ച് നില്‍ക്കവേ ഷിബു ഫാമിലിയുമായി അതിലെ വന്നു.ഡയാന അവളുടെ മൊബൈല്‍ എന്‍റെ നേരെ നീട്ടി:
"പാവമല്ലേ, നീ പറഞ്ഞാ കേള്‍ക്കും, ഒരു ഫോട്ടോ എടുക്കാന്‍ പറ"
ഗത്യന്തരമില്ലാതെ ഞാന്‍ ചോദിച്ചു:
"ഷിബു, ഒരു ഫോട്ടോ എടുത്ത് തരുമോ?"
എന്‍റെ കൂടെ കൂട്ടുകാരികളും ആകാംക്ഷയോടെ നോക്കിയപ്പോള്‍ അദ്ദേഹം:
"ഓ, യെസ്സ്, വൈ നോട്ട്?"
എന്‍റെ നടുക്കിരുത്തി, കൂട്ടുകാരികള്‍ ചുറ്റും നിന്ന് ഫോട്ടോ എടുക്കാന്‍ ഷിബു തയ്യാറായി.

ചിൻ അപ്പ്...
ചിൻ പൊടിക്ക് ഡൗൺ..
ഷോൾഡർ ഡൗൺ..
ഐസ് ഓപ്പൺ..
റെഡീ.....

ഫ്ലാഷ്!!!

ഒരു ഫോട്ടോ കഴിഞ്ഞപ്പോ കൂട്ടുകാരികള്‍ എല്ലാം അവരുടെ മൊബൈല്‌ ഷിബുവിന്‍റെ കൈയ്യില്‍ കൊടുത്തിട്ട്, വളരെ അധികാര സ്വരത്തില്‍:
"എല്ലാത്തിലും എടുത്തേരെ"
പുള്ളിക്കാരന്‍ എന്നെ ഒരു നോട്ടം നോക്കി, ഞാന്‍ എന്ത് പറയാന്‍.ഞാന്‍ പതിയെ നോട്ടം മാറ്റി.പാവത്താന്‍ ഒന്ന് ഒന്നായി ഫോട്ടോ എടുത്ത് തുടങ്ങി.
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്..
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്...റിപ്പീറ്റ്...
അങ്ങനെ അഞ്ച് മൊബൈലിലും ഫോട്ടീ ആയി.തിരിച്ച് മൊബൈലുകള്‍ വാങ്ങുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"താങ്ക്സ്സ്"
പകരം 'വെല്‍ക്കം' എന്ന മറുപടി കേട്ടില്ല, ആരോ പല്ല്‌ കടിക്കുന്ന സ്വരം മാത്രം.
എന്തിരാണോ എന്തോ??

മാനേജര്‍ സ്പീഡില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതും, അതിവേഗം മുന്നോട്ട് പോകുന്നതും ഞെട്ടലോടെ ഞാന്‍ നോക്കി നിന്നു.എന്‍റെ നെഞ്ചത്ത് ചവിട്ടുവാണെന്ന് വിചാരിച്ചാ അങ്ങേര്‌ ആക്സിലേറ്ററില്‍ ചവുട്ടിയതെന്ന് തോന്നുന്നു.ഒന്നും വേണ്ടായിരുന്നു, എറണാകുളത്ത് എന്തോരം കടകളുണ്ട്, എന്നിട്ടും ഏത് നശിച്ച നേരമാണോ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളാന്‍ തോന്നിയത്.
"ഫുഡ് ഒക്കെ എങ്ങനുണ്ടായിരുന്നു?"
രമ്യയുടെ ശബ്ദം.
"നന്നായിരുന്നു"
എന്‍റെ മറുപടി കേട്ട് രമ്യ:
"ഞാനാ ഈ ഹോട്ടല്‍ സെലക്ട് ചെയ്തത്"
അത് കേട്ടതും റിസപ്ഷനില്‍ ഇരുന്ന ഒരു ചെടിച്ചട്ടി എടുത്ത് അവടെ തലക്ക് ഒരു അടി കൊടുക്കാന്‍ തോന്നി, പക്ഷേ ചെയ്തില്ല.കാരണം എല്ലാവരും പിരിയാനുള്ള സമയം ആയിരുന്നു.ഒരോരുത്തരും യാത്ര പറഞ്ഞ് പോകവേ മനസ്സില്‍ ഒരു വിഷമം.ഒടുവില്‍ എല്ലാവരും യാത്രയായി.
ഏകനായി നിന്നപ്പോള്‍ മാനേജരുടേ മുഖം വീണ്ടും മനസ്സിലേക്ക് ഓടി വന്നു, പിറ്റേന്ന് ഓഫീസ്സില്‍ ചെല്ലുമ്പോഴുള്ള പ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എന്‍റെ മനസ്സിലും, അഞ്ചാം ഉത്സവത്തോട് അനുബന്ധിച്ച് കരിമുട്ടത്ത് അമ്പലത്തിലും മേളത്തിനു ഒരേ സ്വരമായിരുന്നു.

റബേക്ക മുന്നിലാണ്...


ജയമാതാ എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.
ആദ്യ വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച ഞാനും എന്‍റെ സുഹൃത്ത് പ്രസൂണും രണ്ടാം വര്‍ഷം ലോഡ്ജിലേക്ക് താമസം മാറ്റി.നാഗര്‍കോവിലിനു അടുത്തുള്ള പാര്‍വ്വതിപുരം എന്ന സ്ഥലത്തെ ചന്ദ്രാ ലോഡ്ജാണ്‌ ഞങ്ങളുടെ വാസസ്ഥലം.അവിടുന്ന് നാല്‌ കിലോമീറ്ററോളം യാത്ര ചെയ്താലേ നാഗര്‍കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തു, പിന്നീട് കോളേജിലേക്കുള്ള യാത്ര പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിലാണ്.
ഏകദേശം അരമണിക്കൂര്‍ യാത്ര...
വെള്ളമ്പലം, തോവാള, അരള്‍വായ് മൊഴി, മുപ്പന്തല്‍, പിന്നെ കോളേജ്.
ശക്തമായ കാറ്റുള്ള പ്രദേശമാണ്‌ ആരുവാമൊഴി - മുപ്പന്തല്‍ ഏരിയ.നിറയെ കാറ്റാടികള്‍ അഥവാ വിന്‍ഡ് മില്‍ നിറഞ്ഞ സ്ഥലം.ആദ്യമൊക്കെ ഞാന്‍ കരുതിയത് ഭയാനകമായ ശബ്ദത്തില്‍ വീശി കറങ്ങുന്ന ഈ കാറ്റാടികളാണ്‌ അവിടുത്തെ കാറ്റിനു കാരണമെന്നാണ്.എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി, വീശിയടിക്കുന്ന കാറ്റിന്‍റെ ശക്തിയിലാണ്‌ ഈ കാറ്റാടികള്‍ കറങ്ങുന്നതെന്ന്.
എന്ത് തന്നെ ആയാലും, ഭയങ്കര കാറ്റാണ്.
സാക്ഷാല്‍ മഹാരാജാവ് മുണ്ട് ഉടുത്തോണ്ട് പോയാല്‍ പോലും കാറ്റത്ത് മുണ്ട് പറന്ന് പോകാനും, കാഴ്ചക്കാര്‍ക്ക് രാജാവ് നഗ്നനാണ്‌ എന്ന് വിളിച്ച് കൂവാനുമുള്ള ആര്‍ജ്ജവം തരുന്ന അസാദ്ധ്യ കാറ്റ്.

രണ്ടാം വര്‍ഷം കോളേജില്‍ കയറാതെ കടന്ന് പോയി.അന്നൊക്കെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും കുളിച്ചൊരുങ്ങി കോളേജില്‍ പോകാന്‍ തയ്യാറാവുന്ന പ്രസൂണിനെ ആയിരുന്നു കണി കണ്ടിരുന്നത്.അവനു ഒരു ബൈ പറഞ്ഞ് ഞാന്‍ വീണ്ടും കിടന്ന് ഉറങ്ങും.എന്നാല്‍ മൂന്നാം വര്‍ഷം ആയതോടെ കളി മാറി, ഞാന്‍ എന്‍റെ കോളേജിനെ സ്നേഹിച്ച് തുടങ്ങി.ഒരു പക്ഷേ മൂന്നും നാലും വര്‍ഷങ്ങളില്‍ ആ കലാലയത്തില്‍ സന്തോഷിച്ച് നടന്ന പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സന്തോഷിച്ചിട്ടില്ല എന്നത് തന്നെ ഒരു പരമമായ സത്യം ആവാം.എനി വേ, ദിവസവും ഞാന്‍ കോളേജില്‍ പോയി തുടങ്ങി.

പ്രസൂണും കൂട്ടരും രാവിലെ തന്നെ പോകും, പിന്നെയും അരമണിക്കൂര്‍ കഴിയുമ്പോഴാണ്‌ ഞാന്‍ പതിയെ ഇറങ്ങുന്നത്.കൂടെ, എന്നോടൊപ്പം ഞങ്ങളുടെ ലോഡ്ജില്‍ തന്നെ താമസിക്കുന്ന മറ്റൊരു അരുണും ഉണ്ടാകും.അവനു എന്‍റെ തന്നെ പേര്‌ ആയതു കൊണ്ടും, നീളം എന്നെക്കാള്‍ കുറവായതു കൊണ്ടും, കൊച്ചരുണ്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.
തങ്കമാന കൂട്ടുകാരന്‍!!
എന്ത് തരികിടക്കും കൂടെ കാണും.
ഞങ്ങളെ ചുറ്റി പറ്റി ഈ പാര്‍വ്വതിപുരം നിവാസികള്‍ കാണുന്ന ഒരു കാഴ്ച ഉണ്ട്, എന്നും രാവിലെ എല്ലാവരും കോളേജില്‍ പോയതിനു ശേഷം വെപ്രാളത്തില്‍ ഓടി വന്ന് മുന്നില്‍ കണ്ട ബസ്സില്‍ കേറി പാഞ്ഞ് പോകുന്ന രണ്ട് ജന്മങ്ങള്‍.
അവരറിയുന്നുണ്ടോ പാര്‍വ്വതീ പുരത്ത് നിന്ന് പാഞ്ഞ് പോകുന്ന ഈ ജന്മങ്ങള്‍ നാഗര്‍ കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തി ഒരു പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സില്‍ ഞാന്നു കിടന്ന് കോളേജില്‍ പോകുന്ന കഥ?
ഇല്ല, ആരും അറിയുന്നില്ല.

അങ്ങനെ ഉള്ളൊരു യാത്രയിലാണ്‌ കൊച്ചരുണ്‍ എന്നോട് പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
ഇവിടെ പുതിയൊരു കഥാപാത്രത്തെ ഞാന്‍ പരിചയപ്പെടുത്തുകയാണ്...
റബേക്ക.
ഞങ്ങളുടെ ജൂനിയര്‍ ആണ്.
നല്ല കാശ് പാര്‍ട്ടി ആണെന്നാണ്‌ തോന്നുന്നത്, കാരണം അവള്‍ കോളേജിന്‍റെ ലേഡീസ്സ് ഹോസ്റ്റലില്‍ അല്ല താമസം.നാഗര്‍ കോവിലില്‍ എവിടെയോ വീടെടുത്ത് താമസിക്കുന്ന പെണ്‍തരിയാണ്.അവളുടെ വീട്ടുകാരും അവിടെ വന്ന് താമസിക്കുന്നുണ്ടെന്നാണ്‌ കേട്ടറിവ്.ദിവസവും നാഗര്‍കോവിലില്‍ നിന്ന് അവളുടെ ഡ്രൈവര്‍ രാവിലെ കോളേജില്‍ കൊണ്ട് ചെന്ന് വിടുകയും, വൈകിട്ട് തിരിച്ച് വിളിച്ചോണ്ട് പോകുകയും ചെയ്യും.ആ റൂട്ടിലൂടെ അതിവേഗത്തില്‍ പോകുന്ന പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സിനെയും തോല്‍പ്പിച്ചാണ്‌ അവളുടെ കാറിന്‍റെ പോക്ക്.
പൊതുവേ വായ് നോട്ടം താല്പര്യം ഇല്ലാത്ത കൊണ്ടും, പൂവാലന്‍ എന്ന് അറിയപ്പെടുന്നത് എന്തോ വലിയ കുറച്ചിലാണെന്ന് മനസ്സ് പറയുന്നത് കൊണ്ടും, അവളുടെ കാറിലുള്ള യാത്ര ഞാന്‍ ശ്രദ്ധിക്കാറില്ല.അങ്ങനെയുള്ള എന്നോട് ആണ്‌ പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് അവളുടെ മഞ്ഞ കാര്‍ പോയപ്പോള്‍ കൊച്ചരുണ്‍ പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
അത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.

എന്‍റെ മനസ്സ് മുഴുവന്‍ അപ്പോള്‍ മറ്റൊരു സീന്‍ ആയിരുന്നു.കാരണം എന്തായാലും ഞങ്ങള്‍ താമസിച്ചേ കോളേജില്‍ എത്തു.അസംബ്ലി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രിന്‍സിപ്പാളിന്‍റെ കണ്ണ്‌ വെട്ടിച്ച് വേണം കോളേജില്‍ കയറാന്‍.ഇനി അങ്ങനെ കയറിയാലും അവിടെല്ലാം കിറുങ്ങി നടക്കുന്ന ബാലമുരുകന്‍ എന്നൊരു ഐറ്റമുണ്ട്, സിവില്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ എച്ച്.ഓ.ഡി ആണ്, അതിയാന്‍റെ കണ്ണ്‌ വെട്ടിക്കണം.അവിടം കൊണ്ട് തീര്‍ന്നില്ല, ഞങ്ങടെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ എച്ച്.ഓ.ഡി, ജോര്‍ജ്ജ് സാര്‍, അങ്ങേര്‌ കാണാന്‍ പാടില്ല.പിന്നെ അപ്പ് കമിംഗ് ടെറര്‍, ഉമാമേഡം, അവരും കാണരുത്.
ഇതൊക്കെ കഴിഞ്ഞ് ക്ലാസ്സിലോട്ട് ചെന്നാലോ, അവിടൊരു മിസ്സ് ഉണ്ട്, വളര്‍മതി.പാവമാണ്‌, അത് കൊണ്ട് പുള്ളിക്കാരി ദയനീയമായി ചോദിക്കും:
"എന്ന അരുണ്‍, എവളു ടൈമാച്ച്?"
കേള്‍ക്കുമ്പോ കരച്ചിലു വരും.
അവരെ ഒന്ന് ചിരിച്ച് കാണിച്ച് ക്ലാസിലോട്ട് കയറും.ശരിക്കും ഞാന്‍ പേടിക്കുന്നത് അത് കഴിഞ്ഞുള്ള സീന്‍ ആണ്.കാരണം ക്ലാസില്‍ എന്‍റെ അഭ്യുദയകാംക്ഷികള്‍ ഉണ്ട്, സീറ്റില്‍ ഇരുന്നിട്ട് ഒളികണ്ണിട്ട് അവരെ നോക്കുമ്പോ, തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി അവരൊരു നോട്ടമുണ്ട്.
ആ നോട്ടത്തോടൊപ്പം അന്തരീക്ഷത്തിലൂടെ പറന്ന് വരുന്ന ഒരുപിടി ചോദ്യമുണ്ട്...
അരുണ്‍, ഇന്നും ലേറ്റാണല്ലോ???
രാവിലെ നേരത്തെ എഴുന്നേറ്റ് കൂടെ??
നേരത്തെ വന്ന് കൂടെ??
നമ്മുടെ കംപ്ലീറ്റ് ഗ്യാസ്സും അവിടെ തീരും.
അന്ന് ഒരു ദീര്‍ഘനിശ്വാസം എടുത്ത് മനസ്സ് ഒന്ന് ശാന്തമാക്കിയട്ട് ഞാന്‍ ഒന്ന് തീരുമാനിച്ചു...
നാളെ, നാളെ ഞാന്‍ നേരത്തെ വരും.
സത്യം, സത്യം, സത്യം.
എവിടെ??
നാളെയും തഥൈവ.

അങ്ങനെ പോകവേ ഒരുനാള്‍.
രാത്രി ഫുഡ് അടിക്കാന്‍ പാര്‍വ്വതീപുരത്ത് കറങ്ങി നടന്ന ഞാന്‍ ഒരു മൊതലിനെ കണ്ടു.മെലിഞ്ഞ് ഉണങ്ങിയ ശരീരം, പൂച്ച കണ്ണുകള്‍, വെളുത്ത നിറം, അലസമായി പാറി പറക്കുന്ന മുടികള്‍, ഏറിയാല്‍ എന്നെക്കാള്‍ ഒന്ന് രണ്ട് വയസ്സിനു ഇളപ്പം, അങ്ങനെ മൊത്തത്തില്‍ കടല്‍ കാറ്റ് ഏറ്റ് വാടി തളര്‍ന്ന ഹൃതിക്ക് റോഷനെ പോലെ ഒരു രൂപം.അത് ചിരിച്ച് കൊണ്ട് എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു:
"ഹായ്, ഐ യാം വിക്കി"
ഇപ്പോഴും അവന്‍റെ പേര്‌ വിക്കി എന്നാണ്‌ എന്‍റെ മനസ്സില്‍, ശരിക്കുള്ള പേര്‌ വിഗ്‌നേഷ് എന്നാണെന്ന് തോന്നുന്നു.എന്‍റെ കോളീജിലെ ജൂനിയര്‍ ആയ ഒരു തമിഴ് പയ്യന്‍, വാസസ്ഥലം പാര്‍വ്വതീപുരം.
തുടര്‍ന്ന് ഉള്ള സംസാരത്തില്‍ അവന്‍ ഒരു കാര്യം പറഞ്ഞു.അവനൊരു ബൈക്ക് ഉണ്ടത്രേ, ബസ്സ് കൂലി കൊടുക്കാമെങ്കില്‍ രാവിലെയും വൈകിട്ടും അവനോട് ഒപ്പം കോളേജില്‍ പോകാന്‍ അവസരം ഉണ്ടെന്ന്.
ഹായ്..ഹായ്...
എന്‍റെ ഒരു ഭാഗ്യം തന്നെ.
വേറെ ആര്‍ക്കെങ്കിലും ഇങ്ങനൊരു ഭാഗ്യം കിട്ടിയോ, രാവിലെ ബസ്സ് നോക്കി നില്‍ക്കേണ്ട, പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സില്‍ തൂങ്ങി നില്‍ക്കേണ്ട, മാത്രമല്ല എന്നും താമസിച്ച് ചെല്ലുന്നു എന്ന പേരുദോഷം കേള്‍ക്കേണ്ട.
ലോട്ട് ഓഫ് ബെനഫിറ്റ്സ്സ്!!
അപ്പോ തന്നെ ഞാന്‍ കൈ കൊടുത്തു.

രാവിലെ കൊച്ചരുണ്‍ വന്ന് വിളിച്ചപ്പോ ഞാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
കേട്ടപ്പാടെ അവന്‍ പറഞ്ഞു:
"വിക്കിയോ?, എടാ അവനു പ്രാന്താടാ"
ഇത് അസൂയയാ, മുഴുത്ത അസൂയ.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.അങ്ങനെ അവന്‍ പ്രസൂണിനും കൂട്ടര്‍ക്കും ഒപ്പം പോയി.പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കതകില്‍ മുട്ട്, തുറന്ന് നോക്കിയപ്പോ നമ്മുടെ കഥാനായകനാ, അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"വാ, ബൈക്ക് കീളേ ഇറുക്ക്"
അവനോട് ഒപ്പം ഓടി താഴെ എത്തി ഒരു നോക്ക് നോക്കിയ എനിക്ക് ബൈക്ക് കണ്ടപ്പോ ചെറുതായി ഒന്ന് തല കറങ്ങി.നാട്ടില്‍ വൃശ്ചിക മാസത്തില്‍ ഓച്ചിറയില്‍ പന്ത്രണ്ട് വിളക്കിനു മരണക്കിണര്‍ എന്നൊരു ഐറ്റമുണ്ട്.അവിടെ രണ്ട് വീലും ഒരു ഹാന്‍ഡിലും കമ്പേ കെട്ടി വച്ച പോലത്തെ ഒരു സാധനത്തിലാണ്‌ ബൈക്ക് റൈസ്സ് നടത്തുന്നത്.സെയിം ഡിറ്റോയില്‍ ഉള്ള ഒരു സാധനമാണ്‌ എന്‍റെ മുന്നിലിരിക്കുന്നത്.വിക്കി മച്ചാന്‍ എന്നെ ഒന്ന് നോക്കി എങ്ങനുണ്ട് എന്ന് കണ്ണ്‌ കൊണ്ട് ഒരു ആംഗ്യം കാണിച്ചിട്ട് മുന്‍സീറ്റില്‍ കയറി ഇരുന്നു, എന്നിട്ട് എന്നോട്:
"പോലാമാ?"
എങ്ങോട്ട്???
ഇതിന്‍റെ ബാക്കില്‍ ഇരുന്ന് യാത്ര ചെയ്താല്‍ ആ ചോദ്യം അറം പറ്റിയ പോലെ ആകും.കേറാതിരുന്നാല്‍ അന്ന് ലീവ് എടുക്കേണ്ടി വരും.കോളേജില്‍ പോകുന്നതിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയ ഞാന്‍ പതിയെ അതിന്‍റെ ബാക്കില്‍ കേറി.
മുപ്പത്തി മുക്കോടി ദൈവങ്ങളേ, എന്നെ കാത്തോളണേ!!!

രണ്ട് മിനിറ്റ് കൊണ്ട് വണ്ടി പറത്തി അവന്‍ നാഗര്‍ കോവിലില്‍ എത്തിച്ചു.എന്നിട്ട് ഒന്നും മിണ്ടാതെ വണ്ടി ഓഫ് ചെയ്ത് ഒറ്റ നില്‍പ്പ്.കൊച്ചരുണും കൂട്ടരും കേറിയ പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സ് നാഗര്‍കോവില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പതിയെ പുറപ്പെടുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവനോട് ചോദിച്ചു:
"പോകണ്ടേ"
മച്ചാന്‍ കേട്ട മട്ടില്ല.
സമയം ഇഴഞ്ഞ് നീങ്ങി.
കുരിശായല്ലോ ദൈവമേ, എന്ന് കരുതി ഞാന്‍ ഇരിക്കെ മറ്റൊരു കാഴ്ചയില്‍ എന്‍റെ കണ്ണ്‌ ഉടക്കി.ദൂരെ നിന്ന് കോളേജ് ഭാഗം ലക്ഷ്യമാക്കി പറന്ന് പോകുന്ന ഒരു മഞ്ഞ കാര്‍, റബേക്കയുടെ കാര്‍.അത് കണ്ടതും മച്ചാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.എന്‍റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി.ഈ കുരുപ്പ് ആ കാറിനെ ചെയ്സ്സ് ചെയ്യാനുള്ള പരിപാടിയാ.അതായത് മിനിമം എണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിനെ തോല്‍പ്പിക്കുന്ന കാറിനെ തോല്‍പ്പിക്കാനുള്ള പരിപാടി.എന്‍റെ പൊന്നു വിക്കി, എന്‍റെ അച്ഛനും അമ്മക്കും വേറെ ആണ്‍മക്കളില്ലടാ എന്ന് പറയാന്‍ ഞാന്‍ വാ തുറക്കുന്നതിനു മുന്നേ അവന്‍ ബൈക്ക് മുന്നോട്ട് എടുത്തു.
എലിവാണം പായുന്ന പോലെ ബൈക്ക് മുന്നോട്ട്...

തുടര്‍ന്ന് ഇവനൊരു അഭ്യാസമായിരുന്നു.കാറിനു മുന്നേ ഓടിക്കുന്നു, കുറേ കഴിഞ്ഞ് പിന്നെ ഓടിക്കുന്നു.ഓടുന്ന കാറിനെ വട്ടം ചുറ്റുന്നു.ഞാനാണെങ്കില്‍ ലുട്ടാപ്പിയും കുട്ടൂസനും കേറിയ കുന്തത്തിനു പുറകില്‍ ഡാകിനി വട്ടം ചുറ്റി പിടിച്ച് ഇരിക്കുന്ന പോലെ പേടിച്ച് അവനെയും പിടിച്ച് ഇരിക്കുകയാ. ഇടക്ക് കാറില്‍ നിന്ന് റബേക്ക താനും പൂവാലനാണോ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നുണ്ട്.ഇടക്ക് എപ്പോഴോ പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിനെ ഈ രണ്ട് വാഹനവും ഓവര്‍ടേക്ക് ചെയ്തപ്പോ കൊച്ചരുണും പ്രസൂണും തല വെളിയിലിട്ട് എന്നെ നോക്കി.
ദയനീയമായി അവരെ നോക്കിയപ്പോ എന്‍റെ മനസ്സില്‍ മുഴങ്ങിയത് കൊച്ചരുണിന്‍റെ വാക്കുകളാ..
എടാ, അവനു പ്രാന്താടാ!!!
വിഷമം മനസ്സിലടക്കി കരയുന്ന ശബ്ദത്തില്‍ കൊച്ചരുണിനോടും പ്രസൂണിനോടും ഞാന്‍ പറഞ്ഞു:
"കൈയ്യും തലയും പുറത്തിടരുത്"
ആമ തല വലിക്കുന്ന പോലെ അവര്‍ തല വലിച്ചു.

വിക്കി പറഞ്ഞ പോലെ ആദ്യം ഞങ്ങള്‍ കോളേജിലെത്തി, പുറകിനു റബേക്കയുടെ കാറും.താനൊക്കെ എന്തൊരു ദുരന്തമാടേ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളെ ഒന്ന് നോക്കിയട്ട് അവള്‍ കോളേജിലേക്ക് പോയി.നാണം കെട്ട് തൊലി ഉരിഞ്ഞ് നിന്ന എന്നോട് വിക്കി തമിഴില്‍ കുറേ കാര്യം പറഞ്ഞു.മലയാളത്തില്‍ അത് ഡീ കോഡ് ചെയ്താല്‍ ഏകദേശം ഈ അര്‍ത്ഥം വരും...
റബേക്കയുടെ കാറിനെ തോല്‍പ്പിക്കുക എന്നത് അവന്‍റെ ജന്മ ലക്ഷ്യം ആയിരുന്നത്രേ.അത് വഴി അവളുടെ കടാക്ഷം അവനു ലഭിക്കും പോലും.പക്ഷേ അതി ശക്തമായ കാറ്റ് ബൈക്കിനെ പിടിക്കുന്ന കൊണ്ട് ഇത് വരെ തോല്‍പ്പിക്കാന്‍ പറ്റിയില്ല പോലും.അങ്ങനെ കാറ്റ് പിടിക്കാതിരിക്കാന്‍ ആണത്രേ എന്നെ പുറകിലിരുത്തിയത്.അങ്ങനെ അവന്‍ ജയിച്ചു പോലും.
ഇത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും...
എങ്ങനുണ്ട് എന്‍റെ ബുദ്ധി??
പൂ...പൂ...പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യയല്ലടാ ശരിക്കുള്ള ഇന്ത്യ!!!
അവനെ കണ്ണുരുട്ടി ഒന്ന് നോക്കിയട്ട് ഞാന്‍ കോളേജിലേക്ക് നടന്നു.

ആദ്യമായി നേരത്തെ എത്തിയപ്പോ എല്ലാവരും എന്നെ ബഹുമാനത്തില്‍ നോക്കി.ഉച്ചക്ക് റബേക്കയില്‍ നിന്ന് സത്യമറിഞ്ഞാവാം, സ്നേഹിതര്‍ രഹസ്യമായി പറഞ്ഞു:
"ഇനി താമസിച്ച് വന്നാല്‍ മതി"
പിറ്റേന്ന് പാര്‍വ്വതിപുരം വാസികള്‍ സെയിം കാഴ്ച കണ്ടു....
ബസ്സിനു പുറകേ ഓടുന്ന രണ്ട് ജന്മങ്ങള്‍!!!
അന്നും പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സില്‍ വച്ച് കൊച്ചരുണ്‍ പറഞ്ഞു:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
പതിവില്ലാതെ ഞാന്‍ തല എത്തി നോക്കി.ആ മഞ്ഞ കാറ്‌ പാഞ്ഞ് പോകുന്നു.ബൈക്കിനു കാറ്റ് പിടിക്കാതിരിക്കാന്‍ പുറകിലിരിക്കാന്‍ എന്നെ പോലൊരു മണ്ടന്‍ ഇല്ലാത്തതിനാലാകണം, ആ വട്ടന്‍റെ വേട്ടാവളിയന്‍ പോലത്തെ ബൈക്ക് കാറിനേക്കാള്‍ ഒരുപാട് പിന്നിലായിരുന്നു.
അഥവാ, റബേക്ക വളരെ മുന്നിലായിരൂന്നു.

വാല്‍ക്കഷ്ണം:
കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ശരിക്കുള്ളതാണ്.ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഒരുപക്ഷേ ഈ കഥ മറന്നിരിക്കാം.പക്ഷേ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഓര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഇതൊന്നും മറന്നില്ല.ഒരു പക്ഷേ അനുഭവിച്ചവന്‍ ഞാന്‍ മാത്രം ആയതും ഒരു കാരണമാവാം.


ഒരു നവോദിയന്‍ അപാരത


ഇതിനു മുമ്പ് പല കഥകള്‍ എഴുതിയെങ്കിലും, ഇന്നായിരുന്നു നവോദയിലെ ശരിക്കുള്ള ഗെറ്റ് റ്റുഗദര്‍, ആലപ്പുഴയിലെ ലേക്ക് റിസോര്‍ട്ടില്‍.പത്ത് മണിക്കാരുന്നു പരിപാടി തുടങ്ങുന്നത്, കൃത്യം പന്ത്രണ്ടിനു ഞാന്‍ സ്ഥലത്തെത്തി.ലേക്ക് റിസോര്‍ട്ടിന്‍റെ മെയിന്‍ ഗേറ്റ് കായലിനു അഭിമുഖമാ, ഇനി പുറക് വശത്ത് ഒരു ഗേറ്റുണ്ട്, പാടത്തോട് ചേര്‍ന്ന്, അവിടെ വണ്ടിയിട്ട് ഞാന്‍ അകത്തേക്ക് പ്രവേശിച്ചു.
വിശാലമായ റിസോര്‍ട്ട്.
ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകുവാന്‍ അവിടൊരു വണ്ടിയുണ്ട്, ഒരു പ്രത്യേക തരം വണ്ടി.സെക്യൂരിറ്റി പറഞ്ഞത് അനുസരിച്ച് അതില്‍ കയറിയട്ട് ഞാന്‍ പറഞ്ഞു:
"ഒരു ഗെറ്റ് റ്റുഗദറാ, ഏത് കെട്ടിടത്തിലാണെന്ന് അറിയില്ല"
എല്ലാം ഞങ്ങള്‍ക്ക് അറിയാം എന്ന ഭാവത്തില്‍ അവരെന്നെ ഒരു കെട്ടിടത്തില്‍ കൊണ്ട് ഇറക്കി.ഹാളിലേക്ക് കയറുന്നതിനു മുന്നേ ഞാന്‍ വളരെ നെര്‍വസായി.ഒരുപാട് നാളിനു ശേഷമാ കൂട്ടുകാരെ ഒക്കെ കാണുന്നത്, എല്ലാവരും ഒരുപാട് മാറി പോയി കാണും.
വലതുകാല്‍ വച്ച് ഹാളിലേക്ക് കയറി.
എന്‍റെ ഊഹം തെറ്റിയില്ല!!!
എല്ലാവരും ഒരുപാട് മാറിയിരിക്കുന്നു, ആണുങ്ങളും പെണ്ണുങ്ങളും നന്നായി വെളുത്തിട്ടുണ്ട്.കണ്ടാല്‍ സായിപ്പും മാദാമ്മയും ആണെന്നെ പറയു.കൂട്ടത്തില്‍ കറുത്തിരിക്കുന്നത് ഞാന്‍ മാത്രമാണ്‌ എന്ന കോംപ്ലക്സ്സില്‍ ഞാനൊന്നു ചിരിച്ച് കാണിച്ചു.
എല്ലാവരും എനിക്ക് വെല്‍ക്കം പറഞ്ഞു.എന്നിട്ട് കുറേ ചോദ്യങ്ങള്‍, അതും ഇംഗ്ലീഷില്‍.ഓക്സ്സ് ഫോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷിലെ അറ്റവും മൂലയും ചുരണ്ടി എടുത്തപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ കേറിയ സ്ഥലം മാറിയിരിക്കുന്നു.ഡോക്ടര്‍മാരുടേ എന്തോ ഇന്‍റര്‍നാഷണല്‍ കോണ്‍ഫ്രണ്‍സ്സ് ഹാളിലാണ്‌ എന്നെ വണ്ടിയില്‍ കൊണ്ട് ഇറക്കിയിരിക്കുന്നത്.
ഞാന്‍ ഏത് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാ ചോദ്യം??
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആണെന്ന് പറഞ്ഞാ, എന്നാ ഒരു സര്‍ജറി ചെയ്തേ എന്ന് ആവശ്യപ്പെട്ടാല്‍ പെട്ടു.
ദൈവമേ, എനിക്ക് മാതം എന്താ ഇങ്ങനെ??
ഞാന്‍ കേറിയ സ്ഥലം മാറിപ്പോയി എന്ന കാര്യം ഇംഗ്ലീഷില്‍ തന്നെ ഞാന്‍ അവതരിപ്പിച്ചു, അതും വളരെ സഭ്യമായി:
"സോറി, പ്ലേസ്സ് ചേഞ്ച്ഡ്"
സ്ഥലം മാറി!!!
എന്‍റെ ഓക്സ്സ് ഫോര്‍ഡ് ഇംഗ്ലീഷില്‍ സംതൃപ്തരായ ആ ജനതയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വാതുക്കല്‍ ആ വണ്ടിക്കാരന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.
അയാള്‍:
"എന്ത് പറ്റി സാര്‍?"
ഞാന്‍:
"ഈ മീറ്റിംഗ് അല്ല"
അയാള്‍:
"സാര്‍ വിഷമിക്കേണ്ടാ, ഇവിടെ അഞ്ച് മീറ്റിംഗ് ഉണ്ട്, അഞ്ചിടത്തും ഞാന്‍ എത്തിക്കാം സാര്‍"
അയാള്‍ക്കാണോ അതോ എനിക്കാണോ വട്ട് എന്ന് ഞാന്‍ കുറേ ചിന്തിച്ചു.
എന്നിട്ട് പറഞ്ഞു:
"വേണ്ടാ, നടന്ന് പോയ്ക്കോള്ളാം"
അങ്ങനെ ഞാന്‍ ഡെസ്റ്റിനേഷനില്‍ എത്തി.അവിടെയതാ എന്‍റെ പ്രിയ കൂട്ടുകാരന്‍ കോശിയും, എന്‍റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയും (അവളുടെ പേര്‌ എനിക്ക് അങ്ങോട്ട് ഓര്‍മ്മ വന്നില്ല എന്നതാണ്‌ സത്യം) സംസാരിച്ച് നില്‍ക്കുന്നു.
എന്നെ കണ്ടതും കോശി ഓടി വന്ന് കെട്ടിപ്പിടിച്ചു!!!
ഒരു സുഹൃത്തിന്‍റെ ആലിംഗനത്തില്‍ നില്‍ക്കുമ്പോള്‍, ആ സൌഹൃദം സത്യസന്ധമാണെങ്കില്‍ നമ്മള്‍ നമ്മെ തന്നെ മറക്കും.ആ ഒരു അനുഭൂതിയില്‍, അവന്‍റെ കുടെ സംസാരിച്ച് നിന്ന പെണ്‍കുട്ടിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട്, വളരെ നിഷ്കളങ്കമായി ഞാന്‍ അവനോട് ചോദിച്ചു:
"എല്ലാവരും ഇങ്ങനെ കെട്ടിപ്പിടിക്കുമോടാ"
'ഒഫ്കോഴ്സ്സ്' എന്ന മറുപടി അവന്‍റെ വായില്‍ വന്നു എന്ന് എനിക്ക് മനസ്സിലായി, പക്ഷേ അടുത്ത നിമിഷം ചോദ്യം എന്‍റെയാണ്‌ എന്ന സത്യവും അവന്‍റെ മനസ്സില്‍ വന്നു എന്ന് തോന്നുന്നു.
അവന്‍ പറഞ്ഞു:
"സോറീടാ, എല്ലാവരും കെട്ടിപ്പിടിക്കില്ല"
പിന്നെ എന്ത് കോപ്പിനാണോ ഇവന്‍ എന്നെ കെട്ടിപ്പിടിച്ചത്??
ആവോ, ആര്‍ക്കറിയാം!!!
കെട്ടിപ്പിടിച്ചില്ലെങ്കിലും അടുത്ത് വന്ന് ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു:
"എന്നെ മനസ്സിലായോ?"
കൂടെ പഠിച്ച ഒരുവളെ മനസ്സിലായില്ല എന്ന് പറയുന്നതിലെ ശരിക്കേട് ഓര്‍ത്ത് ഞാന്‍ പറഞ്ഞു:
"ഉവ്വ്, മനസ്സിലായി"
അപ്പോള്‍ അവള്‍:
"എന്നാ പറ, ഞാന്‍ ആരാ?"
ഈ കല്യാണത്തിനു ഒക്കെ പോകുമ്പോ ചില അമ്മുമ്മമാരുണ്ട്, ഇതേ ചോദ്യം ചോദിക്കും.ആദ്യം എന്നെ മനസ്സിലായോ എന്ന്, മനസ്സിലായി എന്ന് പറഞ്ഞാ ഞാന്‍ ആരാന്ന്, അവിടെ നമ്മള്‍ പെട്ട് പോകും.
അതേ അവസ്ഥയാണ്‌ ഇവിടെയും.
ആകാംക്ഷയോടെ അവള്‍:
"പറയെടാ, ഞാന്‍ ആരാ?"
തേന്‍മാവിന്‍ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗാ മനസ്സില്‍ വന്നത്:
"ഞാന്‍ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന്, ഇനി നീ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്, അപ്പോ ഞാന്‍ പറയും, ഞാന്‍ ആരാണെന്നും നീ ആരാണെന്നും"
ഉമിനീരിറക്കി നിന്നപ്പോ അവള്‍ സ്നേഹത്തോടെ:
"പറയെടാ ഞാന്‍ ആരാ?"
ഒരു നിമിഷം ജഗതി എന്നിലേക്ക് ആവാഹിച്ചു...
താന്‍ ആരുവാ??
ആ ചോദ്യം കുറിക്ക് കൊണ്ടു, അവള്‍ പറഞ്ഞു:
"ഞാന്‍ റീന"
തുടര്‍ന്ന് ഹാളിലെക്ക് കയറി, അവിടെയതാ എന്‍റെ കൂട്ടുകാരെല്ലാം നിരന്ന് ഇരിക്കുന്നു.എന്നെ കണ്ടതും കുറേ പേര്‍ കെട്ടിപ്പിടിച്ചു, കുറേ പേര്‍ താടിയില്‍ പിടിച്ചു, കുറേ പേര്‍ നോക്കി ചിരിച്ചു.
ഗെറ്റ് റ്റുഗദര്‍ തുടങ്ങി!!!
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍...
മത്സര ബുദ്ധിയോടെ ചിക്കനും ഫിഷും തട്ടിയ നിമിഷങ്ങള്‍...
കൊതിയും നുണയും പറഞ്ഞ് പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍...
പലരും ജീവിതത്തില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു...
നിഷ്കളങ്കമായി സംസാരിക്കുന്ന ആന്‍.
മെച്യൂരിറ്റി കൂടി പോയ അഭിലാഷ്.
മസ്സിലു പെരുപ്പിച്ച് വന്നിട്ടും, കൂടെ പഠിച്ച സ്മിതയുടെ ഭര്‍ത്താവ് അതിനെക്കാള്‍ മസില്‌ പെരുപ്പിച്ച് വന്നത് കണ്ട് തകര്‍ന്ന് പോയ ജെയ്‌സണ്‍.
അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഒരോരുത്തരും.
അതിനിടയില്‍ ഓര്‍ഗനൈസര്‍ അനീഷ് പറഞ്ഞു:
"ഇനി വ്യത്യസ്ഥമായ ഒരു അനുഭവം, ഹൌസ്സ് ബോട്ടില്‍ കയറി കായലിലൂടെ ഒരു സഞ്ചാരം"
അത് കേട്ടതും നാവിക സേനയില്‍ ജോലി ചെയ്യുന്ന ശ്യാം പല്ല്‌ കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു:
"നടുക്കടലില്‍ നാള്‌ കഴിച്ച് കൂട്ടേണ്ടി വന്നത് സഹിക്കാതാ നാട്ടിലേക്ക് വന്നത്. ആ എന്നെയാ ഇവന്‍ ബോട്ടില്‍ കേറ്റി കായലില്‍ കൊണ്ട് പോകുന്നത്"
റൈറ്റ് ഡയലോഗ് അറ്റ് റൈറ്റ് ടൈം!!!
എങ്കിലും ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"പോട്ടെടാ, നീ ക്ഷമിക്ക്"
അങ്ങനെ ഓളപ്പരപ്പില്‍ കായലിലൂടെ ഒരു യാത്ര.
സൌഹൃദങ്ങള്‍ പങ്കിട്ട് ചില നിമിഷങ്ങള്‍.
ഒടുവില്‍ യാത്ര പറയേണ്ട നിമിഷങ്ങള്‍.
ആദ്യം യാത്ര പറഞ്ഞത് സ്റ്റീനയാ, കൈ കുഞ്ഞും അമ്മയുമായി വന്ന അവള്‍ യാത്ര ചോദിച്ചപ്പോഴാണ്‌ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തില്ലല്ലോന്ന് ഓര്‍ത്തത്.കൂട്ടത്തിലെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ബിനുവാണ്, നല്ലൊരു ആര്‍ക്കിടെക്റ്റര്‍ കൂടിയായ അവന്‍റെ കൈയ്യോപ്പ് പതിഞ്ഞ് ഫോട്ടോകള്‍ക്ക് ഒക്കെ ഒരു പ്രത്യേക ഭംഗിയാണ്.
എല്ലാവരും അവനോടായി:
"ബിനു ഒരു ഫോട്ടൊ"
അവന്‍ :
"ക്യാമറ കാറിലാ"
തുടര്‍ന്ന് അത് എടുക്കാന്‍ എന്ന ഭാവേന അവന്‍ പുറത്തേക്ക് ഇറങ്ങി.അവന്‍ ക്യാമറയുമായി വരുന്നതിനു മുന്നേ ബാത്ത് റൂമില്‍ കേറി മുഖമൊന്ന് ഫ്രഷാക്കുക എന്ന ഉദ്ദേശത്തില്‍ ഞാനും.
ബാത്ത് റൂമിലേക്ക് പോകുന്ന വഴിയാണ്‌ ഞാന്‍ ആ കാഴ്ച കണ്ടത്, അവിടെ ചില്ലുകള്‍ക്ക് അപ്പുറത്ത് കൈ കുഞ്ഞിനേയും പിടിച്ച് ഏകയായി നില്‍ക്കുന്ന സ്റ്റീനയുടെ കൂടെ വന്ന അമ്മ.അത് അവളുടെ അമ്മയാണോ അമ്മായിയമ്മയാണോ എന്ന് അറിയില്ല, എങ്കിലും ഒന്ന് കണ്ട് ബഹുമാനിക്കണമെന്ന് തോന്നി.പക്ഷേ ചില്ല്‌ വാതില്‍ തുറന്ന്പ്പോഴാണ്‌ കരയുന്ന കുഞ്ഞിനെ മാനേജ് ചെയ്യാന്‍ ആ അമ്മ പാട് പെടുകാണെന്ന് മനസ്സിലായത്.സ്റ്റീന ഇറങ്ങി വരാത്ത ദേഷ്യം ആ മുഖത്ത് ഉണ്ടോന്ന് ഒരു സംശയം.ഇപ്പോ ബഹുമാനിക്കാന്‍ പോയാല്‍ ആ കുഞ്ഞിനെ എന്‍റെ കൈയ്യില്‍ തന്നിട്ട്, എന്നാ നീ ഇതിന്‍റെ കരച്ചില്‍ നിര്‍ത്തെന്ന് പറഞ്ഞാ എന്‍റെ കാര്യം ഗോപി.
ഞാന്‍ തീരുമാനിച്ചു...
വേണ്ടാ, ബഹുമാനിക്കേണ്ട!!!
നേരെ ബാത്ത്റൂമിലേക്ക്...
അവിടതാ പേടിച്ചിരിക്കുന്ന ബിനു, നമ്മുടെ ക്യാമറാമാന്‍.
"എന്തടാ?" എന്‍റെ ചോദ്യം.
രഹസ്യമായി അവന്‍:
"ക്യാമറ എടുക്കാന്‍ മറന്നു പോയി, അത് പറഞ്ഞാ അവരെന്നെ തല്ലി കൊല്ലും"
അവന്‍റെ അവസ്ഥയും, അവന്‍ ക്യാമറയുമായി വരുമ്പോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്ന സ്റ്റീനയുടെ അവസ്ഥയും, സ്റ്റീന വന്നിട്ട് കുഞ്ഞിന്‍റെ കരച്ചില്‍ മാറുവെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ അമ്മയുടെ അവസ്ഥയും, ആ ഫോട്ടോയില്‍ സുന്ദരനാവാന്‍ വേണ്ടി ഒരുങ്ങാന്‍ വന്ന എന്‍റെ അവസ്ഥയും ഒരു നിമിഷം എന്‍റെ മനതാരില്‍ വിളയാടി.
പഷ്ട്!!!
വെറുതേ ഫെയര്‍ ആന്‍റ്‌ ലൌലി ഇട്ട്.
വേണ്ടായിരുന്നു!!!
ഒടുവില്‍ ഫോട്ടോ എടുക്കാതെ എല്ലാവരും പിരിഞ്ഞു.പക്ഷേ ഒത്ത് കൂടിയ ഒരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഫ്ലാഷ് മിന്നിയെന്ന് എനിക്ക് ഉറപ്പാണ്.ഒരോ നിമിഷങ്ങളും ഒരോ ഫ്രെയ്മായി മനസ്സില്‍ പതിഞ്ഞിരിക്കുന്നു.ഇനി ഒരു മീറ്റു വരെ മറിച്ച് നോക്കാനുള്ള നിറമാര്‍ന്ന സ്വപ്നങ്ങളുടെ ആല്‍ബം എന്‍റെ മനസ്സിലുമുണ്ട്.എങ്കിലും ഇറങ്ങിയപ്പോള്‍ മനസ്സിലൊരു നീറ്റല്‍, പ്രിയ സുഹൃത്തുക്കളെ പിരിയുന്നത് ഓര്‍ത്ത് മാത്രമല്ല, പ്രതീക്ഷിച്ച പലരും വരാത്തത് ഓര്‍ത്തും.പക്ഷേ ടെക്നോളജി വളരുന്ന ഈ കാലഘട്ടത്തില്‍ ഒരു സ്വപ്നമുണ്ട്, ഒരുനാള്‍, ഒരുനാള്‍, എല്ലാവരും വരും, സൌഹൃദങ്ങളിലേക്കും, ഓര്‍മ്മകളിലേക്കും ഊളിയിടാന്‍.
ഞാന്‍ കാത്തിരിക്കുന്നു...
ആ ഒരു നാളിനായി...

ഡയാനാ, നീ എവിടെയാ?


ആദ്യമേ പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങള്‍ മിക്കവരും ജീവിച്ചിരിക്കുന്നവരാണ്, ഈ കഥയ്ക്ക് കാരണമായ ത്രെഡ് എന്‍റെ വ്യക്തി ജീവിതത്തില്‍ നിന്നുമാണ്, എന്നാല്‍ കഥ, അത് തികച്ചും സാങ്കല്‍പ്പികമാണ്.

ആലപ്പുഴയിലുള്ള ചെന്നിത്തലയിലെ നവോദയാ വിദ്യാലയത്തിലെ ആദ്യ ബാച്ചില്‍ ഒരുവനാണ്‌ ഞാന്‍.ആകെ എണ്‍പത് പേരായിരുന്നു ആ ബാച്ചില്‍ ഉണ്ടായിരുന്നത്.എന്‍റെ ബാച്ചില്‍ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.
ഈ കൂട്ടുകാരിയാണ്‌ എന്‍റെ ഈ കഥയിലെ നായിക.
ഡയാന...
ഡയാനാ മാത്യൂ.

അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ നവോദയയില്‍ പഠിക്കാന്‍ സൌകര്യമുണ്ട്, എന്നാല്‍ ഒമ്പതില്‍ ആയപ്പോഴേക്കും എനിക്ക് ആവശ്യത്തിനു വിവരമായെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു.അതോടെ നവോദയയില്‍ നിന്ന് മറ്റൊരു സ്ക്കൂളിലേക്ക് മാറ്റാന്‍ എന്‍റെ അച്ഛനും അമ്മയും നിര്‍ബന്ധിതരായി.ഈ സംഭവത്തിനു കുറച്ച് നാള്‍ മുമ്പാണ്‌ എന്‍റെ പ്രിയ കൂട്ടുകാരി ഡയാന ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എന്നില്‍ നിന്ന് അകന്നത്.ആ സങ്കടം ഒരു വശത്ത്, പന്ത്രണ്ട് വരെ നവോദയയില്‍ പഠിക്കാന്‍ പറ്റാത്ത സങ്കടം മറുവശത്ത്, ഇത് കൂടാതെ മുന്നിലും പിന്നിലുമായി വേറെ കുറേ സങ്കടം കൂടി ഉണ്ടായിരുന്നു, അത് ഞാന്‍ ഓര്‍ക്കുന്നില്ല.

അങ്ങനെ സ്ക്കൂളില്‍ നിന്ന് പടിയിറങ്ങുന്ന ദിവസം...
എല്ലാ കൂട്ടുകാരോടും യാത്ര ചോദിച്ചു, പക്ഷേ ആ കൂട്ടത്തില്‍ ഡയാന ഇല്ല.മൈതാനത്തും ക്ലാസ്സ് മുറികളിലും അവളില്ല.പാറക്കല്ലിലും പച്ചതുരുത്തിലും അവളില്ല.
എന്‍റെ മനസ്സ് മന്ത്രിച്ചു...
ഡയാനാ, നീ എവിടെയാ??
അവള്‍ എങ്ങുമില്ല.
എല്ലായിടയും നോക്കി, ഇനി ലേഡീസ്സ് ഹോസ്റ്റലില്‍ കേറി മുറികളിലൊക്കെയേ നോക്കാനുള്ളു.ആ ത്യാഗത്തിനും ഞാന്‍ തയ്യാര്‍ ആയിരുന്നു, പക്ഷേ അത് വരെ ഉണ്ടാക്കിയെടുത്ത പേരു ദോഷത്തിനു മുകളില്‍ ഒരു പൊന്‍തൂവല്‍ കൂടി വയ്ക്കാന്‍ ചില സാറന്‍മാരു സമ്മതിച്ചില്ല.അതു കൊണ്ട് അച്ഛനും അമ്മക്കും ഒപ്പം സ്ക്കൂളിന്‍റെ ഗേറ്റ് കടന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞ് നോക്കി, കണ്ണില്‍ നിറഞ്ഞ് ഒഴുകിയ കണ്ണുനീര്‍ കാഴ്ചകളെ മറച്ചു.വലം കൈ കൊണ്ട് കണ്ണ്‌ തുടച്ച് നോക്കിയപ്പോ ഞാനൊരു സത്യം ​മനസ്സിലാക്കി, എന്നെ യാത്രയയക്കാന്‍ അവിടെങ്ങും ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ല.നായകന്‍ നടന്ന് പോകുമ്പോള്‍ കൂട്ടുകാരെല്ലാം പിന്നില്‍ നിന്ന് കൈ വീശി കാണിക്കുന്നത് സിനിമയില്‍ മാത്രമേ ഉള്ളു എന്ന നഗ്നസത്യം അന്നാണ്‌ എനിക്ക് മനസ്സിലായത്.
പുല്ല്!!!
തിരിഞ്ഞ് നോക്കണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ വളര്‍ന്നു, ഒപ്പം എന്‍റെ മനസ്സിലെ പഴയ ഓര്‍മ്മകളും.പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു നവോദയയിലെ കൂട്ടുകാര്‍ പല വഴിക്ക് പിരിഞ്ഞു.പിന്നീട് എപ്പോഴോ അവരൊരു ഗെറ്റ് റ്റുഗദറിനു പ്ലാനിട്ടപ്പോള്‍ അവര്‍ എന്നെയും വിളിച്ചു.
"ഹലോ, അരുണല്ലേ?"
ലാന്‍ഡ് ഫോണിലേക്ക് പതിവില്ലാത്ത ഒരു സ്ത്രീ സ്വരം കേട്ടപ്പോള്‍ മനസ്സിലൊരു തരി തരിപ്പ്.സാധാരണ ഞാന്‍ അങ്ങോട്ട് വിളിച്ചാല്‍ പോലും പെണ്‍കുട്ടികള്‍ ഫോണെടുക്കാത്ത ആ കാലത്ത്, ഒരുത്തി ദേ ഇങ്ങോട്ട് വിളിക്കുന്നു.
ഗമ ഒട്ടും കുറച്ചില്ല:
"യെസ്സ്, അരുണ്‍ സ്പീക്കിംഗ്!!!"
"എടാ, ഞാന്‍ സ്മിതയാടാ, മ്മടെ ഗെറ്റുഗദറുണ്ട്, നീ വരണം ട്ടോ"
ഒരു ചാളമേരി ടൈപ്പ് സംസാരം.എങ്കിലും ഏത് സ്മിത എന്നോ, ആരുടെ ഗെറ്റുഗദറെന്നോ ചോദിക്കേണ്ടി വന്നില്ല, എനിക്ക് എല്ലാം മനസ്സിലായി.
ഞാന്‍ ശബ്ദം താഴ്ത്തി രഹസ്യമായി ചോദിച്ചു:
"അവള്‍ വരുമോ, ഡയാന"
അത് കേട്ടതും അതിലും ശബ്ദം താഴ്ത്തി സ്മിത പറഞ്ഞു:
"അതൊക്കെ പഴയ കാര്യമല്ലേ അരുണേ. ദേ ഒരു കാര്യം, നീ ഇപ്പോഴും അവളെ പറ്റി തിരക്കുന്നെന്ന് നമ്മുടെ കൂട്ടുകാരോട് നീ പറയരുത്, മോശമാ, മനസ്സിലായോ?"
മനസ്സിലായി, മനസ്സിലായി, എല്ലാം മനസ്സിലായി!!
അവളുടെ ഉപദേശം ഞാന്‍ ശിരസ്സാ വഹിച്ചു, ഡയാനയെ പറ്റി തിരക്കുന്നത് ഞാന്‍ ആരോടും പറഞ്ഞില്ല.പക്ഷേ അവളുണ്ടല്ലോ, ആ സ്മിത, അവള്‍ അന്ന് രാത്രി തന്നെ ആലപ്പുഴ ജില്ലയുടെ ഡയറക്ടറി നോക്കി എല്ലാ ലവന്‍മാരെയും ലവളുമാരെയും വിളിച്ച് പറഞ്ഞു...
അറിഞ്ഞോ, നമ്മുടെ അരുണ്‍, എന്നോട് ചോദിക്കുവാ, ഡയാന വരുമോന്ന്???
എന്നാല്‍ ഇവള്‌ ഡയാനയോട് മാത്രം അത് പറഞ്ഞുമില്ല, അന്ന് അവള്‍ അതൊന്ന് പറഞ്ഞിരുന്നെങ്കില്‍, ഡയാന ഒന്ന് അറിഞ്ഞിരുന്നെങ്കില്‍.....
വേണ്ടാ, എന്തിനാ വെറുതെ ചത്ത കുഞ്ഞിന്‍റെ ജാതകം നോക്കുന്നത്.
എന്തായാലും ആ മീറ്റിംഗ് അങ്ങനെ കഴിഞ്ഞു, ഡയാന വന്നില്ല.
വീണ്ടും മനസ്സ് മന്ത്രിച്ചു...
ഡയാനാ, നീ എവിടെയാ??

ഡയാനയെ പറ്റി അറിയാനുള്ള എന്‍റെ വഴികളെല്ലാം അടഞ്ഞു, ഓര്‍ക്കുട്ടിലും ഫെയ്സ്സ് ബുക്കിലും അവളില്ല.കൂട്ടുകാരോട് ചോദിച്ചാല്‍ കളിയാക്കി കൊല്ലും, അതുകൊണ്ട് ആ സാഹസത്തിനും മുതിര്‍ന്നില്ല.ഒരിക്കല്‍ കൂടെ പഠിച്ച അനീഷിനെ കണ്ടപ്പോള്‍ അവന്‍ ഡയാന ഒഴികെ കൂടെ പഠിച്ച എല്ലാവരെ പറ്റിയും എന്നോട് പറഞ്ഞു, ഒരോരുത്തരെ പറ്റി പറയുമ്പോഴും ഞാന്‍ കരുതും അടുത്തത് ഇവന്‍ ഡയാനയെ പറ്റി പറയുമായിരിക്കും.
എവിടെ??
കോശി, രമ്യ, റീന, ബിനു, ബ്രിജേഷ്...
അവന്‍റെ ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോയി.
ഡയാന ഒഴികെ എല്ലാവരെ പറ്റിയും പറഞ്ഞ് കഴിഞ്ഞ്, ഇനി എന്ത് പറയാന്‍ എന്ന അര്‍ത്ഥത്തില്‍ അവന്‍ നിശബ്ദനായപ്പോ, ഞാന്‍ ദയനീയമായി ചോദിച്ചു:
"ബാക്കി ഉള്ളവരൊക്കെ എന്ത് പറയുന്നു?"
അത് കേള്‍ക്കെ എന്‍റെ മുഖത്തേക്ക് നിസംഗഭാവത്തില്‍ നോക്കിയട്ട് അവന്‍ ചോദിക്കും:
"ബാക്കി ആര്? ഇനിയുള്ളത് നീയും ഞാനുമാ."
കോപ്പ്.
ഇവന്‍റെ നാക്ക് പിഴുത് ചൂടുവെള്ളത്തില്‍ കൊണ്ട് മുക്കി വയ്ക്കണം.

കഥ ഇന്നത്തെ കാലഘട്ടത്തിലെത്തി, വയസ്സ് മുപ്പത്തിയാറായി.സ്വന്തമെന്ന് പറയാന്‍ ചിലരൊക്കെ ജീവിതത്തിലേക്ക് കടന്ന് വന്നു.ഡയാനാ മാത്യൂ, അവള്‍ എവിടെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലാരുന്നു.ജീവിതത്തില്‍ ഈ പ്രഹേളികയ്ക്ക് ഉള്ള ഉത്തരം കിട്ടില്ലെന്ന് എന്‍റെ മനസ്സ് എന്നോട് പറഞ്ഞു തുടങ്ങി.ഞാനും ആ സത്യം പൂര്‍ണ്ണമായി മനസ്സിലാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം.
എനിക്ക് ഒരു ഫോണ്‍, ഫോണെടുത്തപ്പോ മനസിലായി, ഹാസിം ആണ്, കൂടെ പഠിച്ച ഒരു കൂട്ടുകാരനാണ്.രണ്ട് കാര്യം പറയാനാണ്‌ അവന്‍ വിളിച്ചത്, ഒന്ന്, ആദ്യ ബാച്ചിന്‍റെ ഒരു വാട്ട്സ്സ് അപ്പ് ഗ്രൂപ്പ് ഉണ്ടെന്നും അതിലേക്ക് എന്നെ ആഡ് ചെയ്യുന്നെന്നതുമാണ്.രണ്ട്, വരുന്ന ഞയറാഴ്ച ആലപ്പുഴയില്‍ ഒരു ഗെറ്റ് റ്റുഗദര്‍ ഉണ്ടെന്നാതുമാണ്.അങ്ങനെ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഞാനും മെമ്പറായി.കുറേ പേര്‍ വെല്‍ക്കം പറയുന്നു, കുറേ പേര്‍ തൊഴുതു കാണിക്കുന്നു, വേറെ കുറെയെണ്ണം സലാം പറയുന്നു.
ആകെ ജഗപുഗ.
അന്ന് രാത്രി, കൃത്യമായി പറഞ്ഞാല്‍ ഒരു പതിനൊന്നെര കഴിഞ്ഞ് കാണും.വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ വെല്‍ക്കം പറഞ്ഞവര്‍ക്കെല്ലാം താങ്ക്സ്സ് പറഞ്ഞ് ആകെ ക്ഷീണിതനായി ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.അപ്പോള്‍ ആ ഗ്രൂപ്പില്‍ ഒരു ഫോര്‍വേര്‍ഡ് മെസ്സേജ് വന്നു, പ്രധാനമന്ത്രി കാഷ്‌ലെസ്സ് എന്ന് പറഞ്ഞപ്പോ കേട്ടത് എ.ടി.എം മാത്രമാണെന്നാണ്‌ ആ മെസ്സേജ്.ആ മെസ്സേജിനു മുകളില്‍ ഒരു നമ്പറും അതിനു സമീപമായി അത് അയച്ച ആളിന്‍റെ പേരും...
~Dayana Mathew
യെസ്സ്, ഡയാനാ മാത്യൂ!!!!
എന്‍റെ നെഞ്ചിലൊരു പടപടപ്പ്, ആകെ ഒരു തരിതരിപ്പ്, കൈയ്യും കാലും വിറക്കുന്ന പോലെ, ദേ അവള്‍, പഴയ കളിക്കൂട്ടുകാരി, ഡയാന, ഡയാനാ മാത്യൂ.
ഹോ മൈ ഗോഡ്!!!
ആകെ പരവശം, അടുക്കളയിലേക്ക് ഓടി പോയി ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു, ജനലില്‍ കൂടി പാതിരാത്രി വെളുത്ത കാക്ക വല്ലതും മലര്‍ന്ന് പറക്കുന്നുണ്ടോന്ന് നോക്കി..
നോ, നതിംഗ്!!!
റൂമിലേക്ക് തിരിച്ച് ഓടി വന്ന് ആദ്യം തന്നെ ആ നമ്പര്‍ 'ഡയാനാ നവോദയ' എന്ന പേരില്‍ സേവ് ചെയ്തു.അപ്പോള്‍ തന്നെ അവളെ വിളിക്കാന്‍ ഫോണെടുത്തപ്പോഴാ സമയം ഒന്ന് നോക്കിയത്, മണി പന്ത്രണ്ട് ആകുന്നു.പാതിരാത്രിക്ക് ഒരു പെണ്ണിനെ വിളിച്ച് ഞാന്‍ നിന്‍റെ കളിക്കൂട്ടുകാരനാ എന്ന് പറയുന്നതില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോന്ന് ഒന്ന് ചിന്തിച്ചു.
എന്തോ ഒരു വശക്കേട്!!
ഇനി ഞാന്‍ ഓര്‍ക്കുന്ന പോലെ അവളെന്നെ ഓര്‍ക്കുന്നില്ലെങ്കില്‍ പണി പാളും.അവളുടെ കെട്ടിയോന്‍ വല്ല പോലീസ്സുമാണെങ്കില്‍ കൂമ്പിനിടി ഉറപ്പാ.
ഇനി എന്നാ ചെയ്യും??
ദൈവമേ, ആലിന്‍കായ് പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് പറഞ്ഞ പോലെ ആയല്ലോ!!!
ഒടുവില്‍ രാവിലെ അവള്‍ക്ക് വാട്ട്സ്സ് അപ്പില്‍ മെസ്സേജ് അയക്കാം എന്ന തീരുമാനത്തില്‍ ഞാന്‍ കിടന്ന് ഉറങ്ങി.

രാവിലെ എഴുന്നേറ്റു, ആദ്യം തന്നെ പല്ല്‌ തേച്ചു, മെസ്സേജ് അയക്കുമ്പോ അവള്‍ ഇങ്ങോട്ട് വിളിച്ചാല്‍ വായ്‌നാറ്റം അറിയരുത്.വാട്ട്സ്സ് അപ്പില്‍ നോക്കിയപ്പോള്‍ അവള്‍ ഓണ്‍ലൈന്‍.
ആദ്യം ഞാന്‍ ടൈപ്പ് ചെയ്തു...
ഹായ്.
ഹായ്.
മനസ്സിലായോ?
ഇല്ല.
ഗെറ്റ് റ്റു ഗദറിനു വരുമോ?
യെസ്സ്.
പ്രൊഫൈലില്‍ പടമെന്താ ഇടാത്തത്?
ഞാന്‍ ഈ ചോദ്യം ചോദിച്ചതും തിരിച്ച് അത്ര സുഖമല്ലാത്ത രീതിയില്‍ ഒരു ചിരി മാത്രം.ഞാന്‍ ആരെന്ന് അവളോട് പറയേണ്ട സമയം അടുത്തിരിക്കുന്നു.എനിക്കും അവള്‍ക്കും മാത്രം അറിയാവുന്ന ചില രഹസ്യങ്ങള്‍ (വല്ലാതെ അങ്ങ് തെറ്റിദ്ധരിക്കല്ലേ), അവ ചില കോഡ് ഭാഷയിലാക്കി ഞാന്‍ അയച്ചു കൊടുത്തു.അവള്‍ എല്ലാം കണ്ടെന്ന് രണ്ട് നീല ടിക്കുകള്‍ എന്നെ ബോധ്യപ്പെടുത്തി, അടുത്ത നിമിഷം അവള്‍ ഓഫ് ലൈനായി.
ശ്ശെ, നശിപ്പിച്ച്.
എട്ടുമണി ആയപ്പോ സ്മിതയുടെ ഫോണ്‍:
"എന്താടാ, നീ നന്നാവില്ലേ?"
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവള്‍ ഫോണ്‍ കട്ട് ചെയ്തു.
എന്ത്??
പത്തരയായപ്പോ അനീഷിന്‍റെ ഫോണ്‍:
"അരുണേ.....ഉം...ഉം"
ആക്സിസ്സ് കൊണ്ട് കഴുത്ത് അറക്കുന്ന പോലെ ഒരു അരുണേ വിളിയും, കത്തി വച്ച് കുത്തുന്ന പോലെ രണ്ട് ഉം ഉമും.അവനും ഫോണ്‍ കട്ടാക്കി.
ശ്ശെടാ, എന്ത്??
എനിക്ക് ഒരു പിടിയും കിട്ടിയില്ല.
പിന്നെ ബാച്ചിലുള്ള പല അവന്‍മാരും വിളിച്ചു, ആരും കാര്യം വ്യക്തമാക്കാതെ വെറും ആക്കല്‍ മാത്രം.
ദൈവമേ, ഡയാന ചതിച്ചോ??
അതോ ഇനി അവള്‍ക്ക് എന്നെ മനസിലായില്ലേ??
രാത്രി സ്മിത ഒരിക്കല്‍ കൂടി വിളിച്ചു:
"അരുണേ, ഞയറാഴ്ച ഗെറ്റ് റ്റുഗദറിനു വരണം, ഒരു സര്‍പ്രൈസ്സുണ്ട്"
എന്‍റെ മനം നിറഞ്ഞു....
സര്‍പ്രൈസ്സ്!!!
അത് അവളാണ്....
ഡയാനാ, ഡയാനാ മാത്യൂ!!!

ഞയറാഴ്ച.
കഴിയുന്നത്ര ഒരുങ്ങി തന്നെയാണ്‌ ഗെറ്റുഗദറിനു ചെന്നത്.എല്ലാവരും ഓടി വന്ന് സ്നേഹം പുതുക്കി, അന്ന് ഫോണ്‍ ചെയ്തതിനെ പറ്റിയോ, അല്ലെങ്കില്‍ ഞാന്‍ സംശയിക്കുന്ന പോലെയോ അസ്വഭാവികമായി യാതൊന്നും ഇല്ല.
വെറുതെ പാവം ഡയാനയെ സംശയിച്ചു!!!
മീറ്റിംഗും ഈറ്റിംഗും പാരലലായി നടന്ന് കൊണ്ടിരുന്നു, ഞാന്‍ ചുറ്റും നോക്കി, എവിടെ?, ഡയാന എവിടെ?, എങ്ങും കാണാനില്ല.
കൊച്ചു കള്ളി, ഒളിച്ചു നില്‍ക്കുവാണെന്നാ തോന്നുന്നത്.
ഡയാനാ, നീ എവിടെയാണ്??
ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കെ പ്രായമായ ഒരു സ്ത്രീ വന്ന് എന്നെ രൂക്ഷമായൊന്ന് നോക്കിയട്ട് അങ്ങ് പോയി.
ആരാദ്??
അപ്പോ അടുത്തേക്ക് വന്ന സ്മിത എന്നോട് ചോദിച്ചു:
"അരുണേ, നീ ആരെയാ നോക്കുന്നത്?"
അവള്‍ക്ക് അറിയാം ഞാന്‍ ആരെയാ നോക്കുന്നത് എന്ന്, എന്നിട്ടും ചോദിച്ച കേട്ടില്ലേ...
ഞാന്‍ ആരെയാ നോക്കുന്നതെന്ന്???
മറുപടിയായി വായില്‍ വന്നത് മുഴുത്ത ഒരു വാചകമാ, പക്ഷേ പറഞ്ഞില്ല.പകരം പ്രായമായ ആ സ്ത്രീയെ ചൂണ്ടി ചോദിച്ചു:
"ആരാ അവര്?"
സ്മിത:
"അതാ സര്‍പ്രൈസ്സ്. നീ നവോദയില്‍ നിന്ന് പോയ ശേഷം ഞങ്ങളെ പഠിപ്പിക്കാന്‍ വന്ന മാഡമാ, ധന്യാ മാഡം"
ഒന്ന് നിര്‍ത്തിയട്ട് അവള്‍ പറഞ്ഞു:
"മാഡം നമ്മുടെ ഗ്രൂപ്പിലുണ്ട്, ധന്യാ മാത്യൂ എന്നാ മുഴുവന്‍ പേര്, നീ അന്ന് ചാറ്റ് അയച്ചത് ഈ മാഡത്തിനാ"
ദൈവമേ!!!!!
എന്താ ഇവളിപ്പോ പറഞ്ഞത്???
ഞാന്‍ എന്താ കേട്ടത്???
ധന്യാ മാത്യൂ...
~Dhanya Mathew
ഭൂമി രണ്ടായി പിളര്‍ന്ന് താഴോട്ട് പോണേന്ന് അങ്ങ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.തല കറങ്ങി താഴെ വീഴാതിരിക്കാന്‍ അടുത്ത് കണ്ട കസേരയില്‍ മുറുകെ പിടിച്ചു.പിന്നില്‍ അവ്യക്തമായി സ്മിതയുടെ ശബ്ദം കേട്ടു:
"മേഡം അന്ന് തന്നെ ഞങ്ങളെ ഒക്കെ വിളിച്ച് ചോദിച്ചു, ഏതാ ഈ കൊരങ്ങനെന്ന്??"
പൂര്‍ത്തിയായി!!!
മുറുകെ പിടിച്ച് നിന്ന കസേരയിലേക്ക് പതിയെ ഇരുന്നു.കുട്ടുകാര്‍ ഒരോരുത്തരായി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി.ഞാന്‍ ചിരിക്കുവാരുന്നോ അതോ ബോധം കെട്ട് ഇരിക്കുവാരുന്നോ എന്ന് എനിക്ക് നല്ല ഓര്‍മ്മയില്ല.കുറച്ച് കഴിഞ്ഞപ്പോ ആ മാഡം എന്‍റെ അടുത്ത് വന്നു ചോദിച്ചു:
"നവോദയയില്‍ ഒക്കെ പഠിച്ചതല്ലേ, സ്വല്പം ബോധമോക്കെ വേണ്ടേ?"
വേണം, അത് തീര്‍ച്ചയായും വേണം.
ഞാന്‍ സമ്മതിക്കുന്ന രീതിയില്‍ തല കുലുക്കി.

അന്ന് രാത്രി ഇതെല്ലാം ആലോചിച്ച് കിടക്കവേ ഒരു മെസ്സേജ്...
അരുണ്‍, ഇത് ഞാനാ, ഡയാനാ.സംഭവിച്ചതെല്ലാം സ്മിത വിളിച്ച് പറഞ്ഞാരുന്നു.പണ്ട് നീ യാത്ര പറയാന്‍ വന്നപ്പോ മൈന്‍ഡ് ചെയ്യാത്ത കൊണ്ട് നീ എന്നോട് ദേഷ്യത്തിലാണെന്ന് കരുതിയാ എല്ലാരോടും നിന്നോട് എന്നെ കുറിച്ച് പറയരുതെന്ന് പറഞ്ഞത്.സോറീ ഡാ.
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന ഒരു മഞ്ഞു മല ഒരു നിമിഷം കൊണ്ട് ഉരുകി.
ഞാന്‍ തിരിച്ച് മെസ്സേജ് അയച്ച് ചോദിച്ചു...
ഡയാനാ, നീ എവിടെയാ?
ഒറ്റവാക്കില്‍ മറുപടി വന്നു...
ബാംഗ്ലൂര്‍.
കൂടുതലൊന്നും ചോദിച്ചില്ല, മൊബൈല്‍ ഓഫ് ചെയ്തിട്ട്, കട്ടിലില്‍ ഭിത്തിയേല്‍ ചാരി ഇരുന്ന് പഴയ കാലത്തേക്ക് സഞ്ചരിക്കാനായി മനസ്സിനെ തുറന്ന് വിട്ടു.
ഇപ്പോ എനിക്ക് കാണാം...
നിറ കണ്ണുകളോടെ സ്ക്കൂളിന്‍റെ പടി ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് കൈ വീശി കാണിച്ച കൂട്ടുകാരേ, അവര്‍ക്കു നടുവില്‍ എന്നെങ്കിലും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കൈ വീശി അവളും നില്‍പ്പുണ്ടായിരുന്നു, എന്‍റെ പ്രിയ കൂട്ടുകാരി, ഡയാനാ, ഡയാനാ മാത്യൂ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com