For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ചലോ ചലോ ചെറായി



ഇന്‍ ഹരിഹര്‍നഗറിനും, ടു ഹരിഹഹര്‍നഗറിനും ശേഷം അതിന്‍റെ മൂന്നാം ഭാഗം വന്നു, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍.ആദ്യത്തെ രണ്ട് സിനിമകളുടെ പ്രേതമാ മൂന്നാമത്തേതെന്ന് കുറേ ആളുകള്‍, അതല്ല ഇതില്‍ വേറെ പ്രേതമാണെന്ന് ബാക്കി ആളുകള്‍.എന്തായാലും സംഭവം പ്രേതമാ, ഭയങ്കര പ്രേതം.

ഈ പോസ്റ്റും ഏകദേശം ആ ഗതിയിലുള്ളതാ...
അതായത് ഈ പോസ്റ്റ് ഒരു പ്രേതമാണെന്നല്ല, ഒരു മൂന്നാം ഭാഗമാണ്..

ഒന്നാം ഭാഗം.
ദേവാംഗന കാത്തിരിക്കുന്നു

രണ്ടാം ഭാഗം..
ഉറക്കമില്ലാത്ത രാത്രി

ഇനി മൂന്നാം ഭാഗം..
ഇത് ആരംഭിക്കുന്നത് ഒരു രാത്രിയില്‍ നിന്നാണ്..
പ്രോജക്റ്റ് മാനേജരുടെ ഉറക്കം കളഞ്ഞ ആ രാത്രിയില്‍ നിന്ന്..
ഞാനും മാദാമ്മയും ആലപ്പുഴയില്‍ തങ്ങാന്‍ തീരുമാനിച്ച ആ മുടിഞ്ഞ രാത്രിയില്‍ നിന്ന്..

ഓര്‍ക്കുന്നില്ലേ, അന്ന് രാത്രി എനിക്കൊരു ഫോണ്‍ വന്നത്..
ആ ഫോണിന്‍റെ മറുതലക്കിരുന്ന് പ്രോജക്റ്റ് മാനേജര്‍ ചോദിച്ചത്:
"എവിടെയാ?"
"ആലപ്പുഴയില്‍, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന്‍ പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്‍ഫുള്‍!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള്‍ ബ്ലണ്ടര്‍!!

ബോസിന്‍റെ ഒപ്പം യാത്ര ചെയ്യാത്ത മാദാമ്മ, ജൂനിയറായ എന്‍റെ കൂടെ കേരളത്തിലേക്ക് തിരിച്ചതോടെ അതിയാന്‍ ഹാലിളകി നില്‍ക്കുകയാണ്.അപ്പോഴാണ്‌ മാദാമ്മയുടെ കൂടെ ഞാന്‍ താമസിക്കുന്ന കാര്യം പറഞ്ഞത്.സുന്ദരനും, സുമുഖനും, സത്‌സ്വഭാവിയും, സുഗുണനും, സര്‍വ്വോപരി സര്‍വ്വാംഗ സാധകനുമായ എന്‍റെ പ്രിയ പ്രോജക്റ്റ് മാനേജരുടെ കണ്‍ട്രോള്‌ പോകാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം?
പ്രോജക്റ്റ് മാനേജര്‍ക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി തന്നെ..
ശരിക്കും കാളരാത്രി!!!

അപ്പോള്‍ എന്‍റെ ആ രാത്രിയോ?
അത് പറയാം..

മാനേജരുടെ രാത്രി ഉറക്കമില്ലാത്തതാകാനുള്ള വെടിമരുന്നിനു തീ കൊളുത്തിയട്ട് മാദാമ്മക്ക് അരികിലെത്തിയപ്പോഴാണ്‌ വൈകുന്നേരത്തെ ആഹാരകാര്യത്തെ കുറിച്ചോര്‍ത്തത്.ഒന്നും കഴിച്ചില്ല, വയറ്‌ കാലിയാണ്.അതിനൊരു ശമനം ആകട്ടെ എന്ന് കരുതി ആഹാരം കഴിക്കാന്‍ മാദാമ്മയുമായി ഞാന്‍ പതിയെ റെസ്റ്റോറന്‍റില്‍ കയറി.അവിടെ നില്‍ക്കുന്ന കുട്ടിച്ചാത്തന്‍മാര്‍ ആദ്യം പ്ലേറ്റ് കൊണ്ട് വച്ചു.അധികം താമസിച്ചില്ല, വെറും അരമണിക്കൂറിനുള്ളില്‍ അതില്‍ ചോറും മീന്‍ കറിയും വിളമ്പി.
"വാട്ടീസ് ദിസ്?"
"ദിസീസ്സ് ചോര്‍ ആന്‍ഡ് മീന്‍"
"ചോരാമീന്‍?"
യേസ്സ്, ദാറ്റ് മീന്‍!!

അങ്ങനെ അത്താഴം ആരംഭിച്ചു...
മാദാമ്മ പതുക്കെ കത്തിയും മുള്ളും കൈയ്യിലെടുത്തു..
മുള്ളേല്‍ കുത്തി ചോറുണ്ണാനാ പെമ്പ്രന്നോത്തിയുടെ പരിപാടിയെന്നറിഞ്ഞപ്പോ ഒന്നുറപ്പായി, പാതിരാത്രി ആയാലും ഉണ്ട് തീരില്ല!!
അതിനാല്‍ ഉരുള ഉരുട്ടാന്‍ പറഞ്ഞു..
ഉടനെ മറുചോദ്യം വന്നു:
"വാട്ടീസ് ഉരുള?"
കര്‍ത്താവേ!!!!
ഉരുളക്ക് എന്തുവാ ഇംഗ്ലീഷ്??
കുറേ ആലോചിച്ചു, ഒടുവില്‍ ജര്‍മ്മന്‍ ഗുണ്ടര്‍ട്ടിനു പോലും അറിയാത്ത വാക്കാണിതെന്ന് ബോധ്യമായപ്പോള്‍, 'ഉരുള ഈസ് എ ബോള്‍ വിത്ത് റൈസ്' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞിട്ട് ഉരുട്ടി കാണിച്ച് കൊടുത്തു.അവര്‍ക്ക് സന്തോഷമായി, ആ മഹത് കാര്യത്തിനു പകരമായി അവരെന്നെ കത്തിം മുള്ളും ഉപയോഗിച്ച് മീന്‍ തിന്നാന്‍ പഠിപ്പിച്ചു..
സൂപ്പര്‍!!
മീന്‍റെ മുള്ള്‌ തൊണ്ടേല്‍ കൊള്ളില്ല!!
പക്ഷേ രണ്ട് കഷ്ണം തിന്ന് കഴിഞ്ഞപ്പോ കയ്യിലിരുന്ന കത്തിയും മുള്ളും തൊണ്ടേല്‍ കുരുങ്ങി, അങ്ങനെ ആ പണി അവസാനിപ്പിച്ചു.മാദാമ്മയെ മുന്നിലിരുത്തി രണ്ട് കൈയ്യും വച്ച് ചോറും മീനും കഴിച്ച് കാണിച്ചു.

ഞാന്‍ ഉണ്ട് കഴിഞ്ഞിട്ടും മാദാമ്മ അതേ ഇരുപ്പ് തന്നെ.അവരെ കുറ്റം പറയേണ്ടാ, ഒരോ ഉരുളയും ഉരുട്ടിയ ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന് പരിശോധിച്ചട്ടാ കഴിക്കുന്നത്.അവരുടെ ആ കലാപരിപാടി നോക്കി നില്‍ക്കെ എന്‍റെ കൈ ഉണങ്ങി തുടങ്ങി.കൈയ്യ് ഉണങ്ങിയാല്‍ കല്യാണം താമസിക്കും എന്ന പഴഞ്ചൊല്ല്‌ ഓര്‍ത്തപ്പോള്‍ കൈ ഉണങ്ങാതിരിക്കാന്‍ പതിയെ കൈയ്യില്‍ നക്കി.ഇത് ആചാരമാണെന്ന് കരുതിയാകും ചോറുണ്ടിരുന്ന മാദാമ്മ ഊണ്‌ നിര്‍ത്തി കുറേ നേരം അവരുടെ കൈയ്യും നക്കി.പിന്നെയും ഊണ്‌ തുടര്‍ന്നു..
സമയം കുറേ കഴിഞ്ഞപ്പോ എന്‍റെ കൈ ശരിക്കും ഉണങ്ങി.
ഈശ്വരാ, എന്‍റെ കല്യാണം??
കൈ കഴുകിയെ പറ്റു!!
അതിനാല്‍ പതിയെ എഴുന്നേറ്റു, എന്നിട്ട് സത്യം ബോധിപ്പിച്ചു:
"നോട്ട് ഹാന്‍ഡ് വാഷ് ഈക്യുല്‍ റ്റൂ ലേറ്റ് മാര്യേജ് "
വാട്ട്???
മാദാമ്മ കസേരയില്‍ കണ്ണും തള്ളി ഇരിക്കുന്നു!!
അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പൈപ്പിന്‍ ചുവട്ടിലേക്ക്..

ഊണ്‌ കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ മാദാമ്മ ചോദിച്ചു:
"ഡു യൂ സ്മോക്ക്?"
ഞാന്‍ വലിക്കുമോന്ന്??
സാധാരണ വലിക്കാറില്ല, വലിപ്പിക്കാറേ ഉള്ളു.പക്ഷേ മാദാമ്മയുടെ കയ്യില്‍ മുന്തിയ സിഗര്‍റ്റ് കാണുമെന്ന് കരുതി മിണ്ടാതെ നിന്നു.എന്നാല്‍ അവര്‍ ബാഗ് തുറന്ന് കാജാ ബീഡി പോലൊരു സാധനം തന്നപ്പോള്‍ അറിയാതെ പറഞ്ഞു:
"സ്മോക്കിംഗ് ഈസ് ഇന്‍ജ്യൂറിയസ്സ് റ്റു ഹെല്‍ത്ത്"
പുകവലി ആരോഗ്യത്തിനു ഹാനികരം!!
എവിടെ??
അത് ആരോഗ്യത്തിനല്ലേ, എനിക്കല്ലല്ലോ എന്ന മട്ടില്‍ മാദാമ്മ പുകച്ച് തള്ളുന്നു.കൂടെ അവര്‍ തെക്ക് വടക്ക് ഉലാത്തുന്നുമുണ്ട്.ആ നടപ്പിനിടയില്‍ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്.സത്യം പറയണമല്ലോ, അവരുടെ ആ നടപ്പും, വായീന്ന് പോകുന്ന പൊകയും, പാറപ്പുറത്ത് ചിരട്ട ഉരച്ചപോലത്തെ സൌണ്ടും കൂടി ആയപ്പോള്‍ ഒരു കല്‍ക്കരി തീവണ്ടി കൂകി വിളിച്ച് പായുന്ന പ്രതീതി.കൊതുകിനെ ഓടിക്കാന്‍ ചപ്പ് കത്തിക്കുമ്പോളുള്ള പോലെ പുക മുറിയില്‍ നിറഞ്ഞതോടെ അവര്‍ വലി നിര്‍ത്തി, എന്നിട്ട് എന്നോട് പറഞ്ഞു:
"ഗുഡ് നൈറ്റ്"

അത് വരെ എല്ലാം സ്മൂത്തായിരുന്നു, ആ ഗുഡ് നൈറ്റ് വരെ.അവരത് പറഞ്ഞതോടെ എന്‍റെ മനസ്സൊന്ന് പിടഞ്ഞു...
ഞാനെവിടെ കിടക്കും??
കമ്പനി തരുന്ന കാശ് ഇവിടുത്തെ ഒരു മുറിക്കേ തികയു, എന്‍റെ കൈയ്യിലാണെങ്കില്‍ കാശും കമ്മി.മാദാമ്മ കട്ടിലേല്‍ കിടക്കുമ്പോള്‍ താഴെ പാ വിരിച്ച് കിടക്കാമെന്നായിരുന്നു ഇത് വരെ കരുതിയത്.
ഇത് ഇപ്പോ??
"ഗുഡ് നൈറ്റ്" വീണ്ടൂം മാദാമ്മ.
ഇറങ്ങി പോടാന്ന്!!
പതുക്കെ പുറത്തേക്കിറങ്ങി, പോകുന്ന വഴിയില്‍ തിരിഞ്ഞ് നിന്ന് പറഞ്ഞു:
"ഗുഡ് നൈറ്റ്"
നീ നശിച്ച് പോകുമെടി!!

വരാന്തയില്‍ കൂനി പിടിച്ചിരുന്നു..
പിന്നൊന്ന് ഉലാത്തി(തെക്ക്-വടക്ക് നടന്നെന്ന്, തെറ്റിദ്ധരിക്കരുത്), വീണ്ടും വരാന്തയിലേക്ക്..
ഒന്ന് ഉറങ്ങി വന്നപ്പോള്‍ ചെവിയില്‍ കൊതുകു മൂളുന്ന സ്വരം.പാവം, മാദാമ്മ അതിനോടും ഗുഡ് നൈറ്റ് പറഞ്ഞ് കാണും.പതിയെ പതിയെ ഉറക്കത്തിലേക്ക്..
"ഹലോ, ഹലോ..." ആരോ വിളിക്കുന്ന സ്വരം.
കണ്ണ്‌ തുറന്ന് നോക്കിയപ്പോ രണ്ട് ചേട്ടന്‍മാര്‍.
"എന്താ?"
അതിനു മറുപടിയായി അവര്‍ തിരികെ ചോദിച്ചു:
"ആരാ അകത്ത്?"
പണ്ടത്തെ കാളിദാസന്‍റെ കഥയാ ഓര്‍മ്മ വന്നത്..
പുറത്ത് കാളി, അകത്ത് ദാസന്‍!!!
ഇവിടെ നേരെ തിരിച്ചാണെന്ന് പറഞ്ഞില്ല, പകരം സത്യം പറഞ്ഞു:
"അകത്ത് എന്‍റെ ക്ലൈന്‍റാ"
അത് കേട്ടതും ചേട്ടന്‍മാര്‍ക്ക് സന്തോഷമായി, അവര്‍ ചോദിച്ചു:
"എത്രാ റേറ്റ്?"
എന്‍റമ്മച്ചിയേ.
ഒരു നിമിഷം കൊണ്ട് ഉറക്കം പമ്പ കടന്നു!!
"അയ്യോ ചേട്ടന്‍മാരെ, ഇത് ആ ക്ലൈന്‍റല്ല, ഓഫീസിലെ ബോസ്സാ"
ഓ എന്ന്...
അവര്‍ ഇച്ഛാഭംഗത്തോടെ മൊഴിഞ്ഞു:
"ഞങ്ങള്‍ കരുതി....!!"
ഞാന്‍ മാമയാണെന്ന് അല്ലേ??
ഹേയ്, അതല്ല..
ഉവ്വ, ഉവ്വ പോയാട്ടെ.
അവര്‍ പോയി, പിന്നെ ഞാനുറങ്ങിയില്ല.വല്ല അവന്‍മാരും വിവരക്കേട് കാണിച്ചാല്‍ ഞാനൂടെ ഏഴ് വര്‍ഷം ഉണ്ട തിന്നണമെന്ന് ഓര്‍ത്തപ്പോള്‍ ഉറക്കം വന്നില്ലെന്നതാ സത്യം.

പ്രഭാതത്തില്‍ പ്രതീക്ഷിച്ച പോലെ പ്രോജക്റ്റ് മാനേജര്‍ വിളിച്ചു..
"ഗുഡ് മോര്‍ണിംഗ് മനു"
"ഗുഡ് മോര്‍ണിംഗ്"
"ഇന്നലെ രാത്രി എങ്ങനുണ്ടായിരുന്നു"
മറുപടിയായി സത്യം ബോധിപ്പിച്ചു:
"ഉറങ്ങിയില്ല"
"ഭാഗ്യവാന്‍"
ങ്ങേ!!!!
അന്ന് ആദ്യമായി അങ്ങേരടെ കീഴിയില്‍ ജോലി ചെയ്യുന്നതില്‍ പുച്ഛം തോന്നി.നെല്ലേതാ, പതിരേതാ എന്ന് ബോധ്യമില്ലാത്ത ഇങ്ങേര്‌ നയിക്കുന്ന പ്രോജക്റ്റിന്‍റെ കാര്യമോര്‍ത്തപ്പോള്‍ കഷ്ടം തോന്നി.
ദൈവമേ, ഞങ്ങളുടെ കമ്പനിയെ കാത്ത് കൊള്ളേണമേ!!

തുടര്‍ന്ന് കൊച്ചിക്ക്..
മാദാമ്മയുടെ ആഗ്രഹപ്രകാരം ബുള്ളറ്റിലായിരുന്നു യാത്ര.അറുപത് കിലോമീറ്റര്‍ സ്പീഡീല്‍ ഞാന്‍ പറപ്പിക്കുന്ന ബുള്ളന്‍റിനു പിന്നില്‍, തോളില്‍ തൂക്കിയിട്ട ബാഗുമായി അള്ളിപിടിച്ച് മാദാമ്മ.
ഇടക്ക് അവര്‍ പറഞ്ഞു:
"ഡോണ്ട് ഗോ ലൈക്ക് ദിസ്"
പാവം..
അറുപത് കിലോമീറ്റര്‍ സ്പീഡില്‍ ബൈക്ക് പറത്തിയപ്പം ഞെട്ടികാണും.പറഞ്ഞത് കേട്ടില്ലേ, ഇങ്ങനെ പോകാതെന്ന്.ഞാന്‍ സ്പീഡ് കുറച്ചു, എത്ര ഒക്കെ ശ്രമിച്ചിട്ടും നാല്‍പ്പത്തിയഞ്ചില്‍ കുറക്കാന്‍ എനിക്ക് തോന്നുന്നില്ല.അത് മാദാമ്മയെ ചൊടിപ്പിച്ചു..
"സ്റ്റോപ്പ് ഇറ്റ്!!"
ഞാന്‍ വണ്ടി നിര്‍ത്തി.മാദാമ്മയുടെ മുഖത്ത് പഴയ സ്നേഹമില്ല.അവര്‍ ബാഗ് എന്‍റെ കൈയ്യില്‍ തന്നിട്ട് കീ വാങ്ങി ബൈക്കില്‍ കയറി.ബാഗ് തോളിലിട്ടപ്പോള്‍ ഒരു കാര്യം മനസിലായി, കരുതിയ പോലല്ല, നല്ല വെയ്റ്റ്.അമേരിക്കയില്‍ നിന്ന് അമ്മിക്കല്ലുമായാണോ വന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, ചോദിച്ചില്ല.
മാദാമ്മ ബൈക്ക് ഓടിച്ച് തുടങ്ങി..

വണ്ടി ഓടി തുടങ്ങിയപ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായി, മാദാമ്മക്ക് അറുപത് കിലോമീറ്ററില്‍ പോയപ്പോള്‍ ദേഷ്യം വന്നത് സ്പീഡ് കൂടിയട്ടല്ല, കുറഞ്ഞിട്ടാണ്.ആ പരിഭവം അവര്‍ ഓടിച്ച് തീര്‍ത്തു, ബൈക്ക് നൂറ്റി ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ കൊച്ചിക്ക്..
"വി ആര്‍ ഗൊയിംഗ് റ്റു സൌത്ത് ഓര്‍ നോര്‍ത്ത്?" മാദാമ്മയുടെ ചോദ്യം.
യാത്ര തെക്കോട്ടാണോ വടക്കോട്ടാണൊന്ന്??
ദിശ നോക്കിയാല്‍ യാത്ര വടക്കോട്ടാണ്, പക്ഷേ മാദാമ്മയുടെ ഓടീര്‌ കണ്ടപ്പോള്‍ തെക്കോട്ട് എടുക്കാനും ചാന്‍സ് ഉണ്ടെന്ന് മനസ്സ് പറഞ്ഞു.അതിനാല്‍ ഞാന്‍ അപേക്ഷിച്ചു:
"ഗോ സ്ലോ"
അവരത് 'റ്റൂ സ്ലോ' എന്നാ കേട്ടതെന്ന് തോന്നുന്നു, ഇപ്പം സ്പീഡ് നൂറ്റി അമ്പത്..
ഈശോയേ, കൈ വിടല്ലേ!!

കര്‍ത്താവ് കാത്തു, ബൈക്ക് കൊച്ചിയിലെത്തി..
"വെയര്‍ ഈസ് ബീച്ച്?" മാദാമ്മയുടെ ചോദ്യം.
'ബിച്ച്' എന്നോ 'വിച്ച്' എന്നോ ആയിരുന്നു ചോദ്യമെങ്കില്‍ ഞാന്‍ അവരെ തന്നെ ചൂണ്ടി കാട്ടിയേനെ, ഇതിപ്പം ബീച്ചാ, അതെവിടാ?
അടുത്ത് കണ്ട ചേട്ടനോട് ചോദിച്ചു:
"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ??
അതെനിക്ക് അറിയില്ലായിരുന്നു..
ബീച്ച് കടല്‍ത്തീരത്താണ്‌ പോലും!!
ആ പരമദ്രോഹി എന്നെ ആക്കിയതാണോ, അല്ലെയോ എന്ന് മനസിലാകാത്തതിനാല്‍ വേറെ അന്വേഷിച്ചു, അപ്പോള്‍ അറിഞ്ഞു, തിരക്ക് ഒഴിഞ്ഞ് ഒരു ബീച്ചുണ്ടത്രേ.കൊച്ചിയില്‍ നിന്ന് കുറേ അകലെ ചെറായില്‍ ആണ്‌ ഈ ബീച്ച്.
നേരെ അങ്ങോട്ട്..
ചലോ ചലോ ചെറായി..

പ്രഭാതത്തില്‍ തന്നെ ആലപ്പുഴയില്‍ നിന്ന് തിരിച്ചതിനാല്‍ പത്തര ആയപ്പോള്‍ ചെറായില്‍ എത്തി, അവിടെ ഞങ്ങളെ സ്വീകരിച്ചത് ചിരട്ടയും കമ്പും കൊണ്ട് വയലിന്‍ വായിക്കുന്ന ഒരു മിടുക്കന്‍ പയ്യന്‍.'വാട്ട് ഈസ് ദിസ്'എന്ന മാദാമ്മയുടെ ചോദ്യത്തിനു 'മ്യൂസിക്ക് ഓഫ് കേരള' എന്ന് അവന്‍റെ റെഡിമെയ്ഡ് മറുപടി.അത് കേട്ടപാതി കേരളത്തിന്‍റെ സംഗീതമൊരെണ്ണം മാദാമ്മ വാങ്ങി ബാഗില്‍ വച്ചു.എന്നിട്ട് എങ്ങനുണ്ട് എന്ന മട്ടില്‍ എന്നെ ഒരു നോട്ടം.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു:
"നൌ യൂ ഹാവ് മൈ മ്യൂസിക്ക്"
"വാട്ട്?"
അത് തന്നെ!!

തുടര്‍ന്ന് അവിടൊരു റിസോര്‍ട്ടില്‍ റൂമെടുത്തു.തൊട്ടടുത്ത് കടലാണ്, ആഞ്ഞടിക്കുന്ന തിരമാല കണ്ടപ്പോള്‍ മാദാമ്മ പറഞ്ഞു:
"ഐ വാണ്ട് സണ്‍ ബാത്ത്"
അതെന്ത്??
സണ്‍ എന്നാല്‍ സൂര്യന്‍, ബാത്ത് എന്നാല്‍ കുളി..
ഇതെന്താ സണ്‍ ബാത്ത്??
ഇനി സൂര്യപ്രകാശത്തില്‍ കുളിക്കണമെന്നായിരിക്കുമോ??
അയ്യേ, മ്ലേച്ഛം!!

എന്തായാലും മാദാമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.സൂര്യപ്രകാശം ഏറ്റവും കൂടുതല്‍ കിട്ടുന്ന, സൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുന്ന നട്ടുച്ചക്ക് ഞാന്‍ അവരെ സണ്‍ബാത്തിനു ക്ഷണിച്ചു..
പ്രേതത്തെ കണ്ടപോലെ അവരൊന്ന് വിരണ്ടു, എന്നിട്ട് ചോദിച്ചു:
"നൌ?"
എന്ന് വച്ചാല്‍ ഈ നട്ടുച്ചക്കോന്ന്??
"യെസ്"
വിശ്വാസം വരാതെ അവര്‍ വീണ്ടും ചോദിച്ചു:
"നൌ, ആര്‍ യൂ മാഡ്?"
നട്ടുച്ചക്ക് കുളിക്കാന്‍ എനിക്ക് പ്രാന്താണോന്ന്??
അമേരിക്കയില്‍ ഉച്ചക്ക് പ്രാന്തന്‍മാര്‍ക്ക് മാത്രമേ കുളിക്കാന്‍ പറ്റു എന്ന് എനിക്ക് അറിയില്ലാരുന്നു, അതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചു:
"സോറി മാഡം, നോ മാഡ്"
കുളിക്കണ്ടങ്കില്‍ കുളിക്കണ്ടാ!!
എനിക്ക് എന്തിനു വമ്പ്.

എന്നാല്‍ എന്നെ ഞെട്ടിച്ച് കൊണ്ട് വൈകുന്നേരം അവര്‍ സണ്‍ബാത്തിനു തയ്യാറായി.വിചാരിച്ച പോലെ നൂല്‌ വച്ച് നാണം മറച്ച് അവര്‍ ബീച്ചിലേക്ക് നടന്നു.പുറകിനു അവര്‍ ചൂണ്ടി കാട്ടിയ ചാരുകസേരയും എടുത്ത് ബാംഗ്ലൂരിലെ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറും.
വട്ടമിട്ട സ്ഥലത്ത് ചാരുകസേര വച്ചു, അവര്‍ അതില്‍ കയറി ഇരുപ്പായി..
അത് കണ്ടതും എനിക്ക് ആകെ സംശയമായി..
എന്താ കുളിക്കുന്നില്ലേ??
ഈശ്വരാ, ഇനി ഞാന്‍ കുളിപ്പിക്കണോ??
സംശയം തീര്‍ക്കാന്‍ എടുത്ത് ചോദിച്ചു:
"സണ്‍ ബാത്ത്?"
"യെസ്"
കര്‍ത്താവേ, പണിയായി!!!

മാദാമ്മയെ കുളിപ്പിക്കേണ്ടി വരുമെങ്കില്‍ ഈ നാറിയ പണിക്ക് ഇറങ്ങില്ലാരുന്നു എന്ന് മനസില്‍ കരുതിയെങ്കിലും, ക്ലൈന്‍റിനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ തയ്യാറായി...
കുളിപ്പിക്കുക തന്നെ!!
നേരെ റിസോര്‍ട്ടില്‍ പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്നു, കടലില്‍ പോയി ബക്കറ്റ് നിറയെ ഉപ്പ് വെള്ളം കോരി, നേരെ മാദാമ്മക്ക് അരികിലെത്തി..
അവര്‍ ചോദ്യ ഭാവത്തില്‍ എന്നെ ഒന്ന് നോക്കി,എന്നിട്ട് പറഞ്ഞു:
"യെസ്സ്"
അത് കേട്ടതും അവര്‍ അനുമതി തന്നതാണെന്ന് കരുതി ഈ പാവം പിടിച്ച ഞാന്‍ ബക്കറ്റിലെ വെള്ളം അവരുടെ തലവഴി ഒഴിച്ചു!!!
ടമാര്‍ പടാര്‍!!!!
എന്താ സംഭവിച്ചതെന്ന് മാദാമ്മക്ക് മനസിലായില്ല, ബോധം വീണപ്പോള്‍ അലറി വിളിച്ച് കൊണ്ട് അവര്‍ റിസോര്‍ട്ടിലേക്ക് ഓടി.മാദാമ്മക്ക് വെള്ളം ഇത്ര അലര്‍ജിയാണോന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന എന്നോട് കാര്യം അറിഞ്ഞപ്പോള്‍ ഒരു ചേട്ടന്‍ പറഞ്ഞുതന്നു, സണ്‍ബാത്ത് എന്നാല്‍ വെയില്‌ കായുന്നതാണെന്ന്!!!
കര്‍ത്താവേ!!!!
അതായിരുന്നോ??
കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല, ബക്കറ്റി ബാക്കി ഉണ്ടായിരുന്ന വെള്ളം എന്‍റെ തലവഴി ഒഴിച്ചു!!
തലയൊന്ന് തണുക്കട്ടെ.
ഈശ്വരാ, ഇനി എന്നാ ചെയ്യും??

ഒരുപാട് കള്ളത്തരങ്ങള്‍ ആലോചിച്ചാണ്‌ റിസോര്‍ട്ടില്‍ ചെന്നതെങ്കിലും ഒന്നും വേണ്ടി വന്നില്ല.കാരണം ഞാന്‍ ചെന്നപ്പോള്‍ മാദാമ്മ പായ്ക്ക് ചെയ്ത് തിരിച്ച് പോകാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു.ഒന്നും മിണ്ടാതെ പുറകിനു ഇറങ്ങി, ഫ്ലൈറ്റില്‍ കേറി ബാംഗ്ലൂരെത്തി, കാറില്‍ കയറി ഓഫീസിലെത്തി.വിവരം അറിഞ്ഞ് പ്രോജക്റ്റ് മാനേജര്‍ ഓടി വന്നു..
"എന്താ മനു, എന്ത് പറ്റി?"
"മാദാമ്മ പിണക്കത്തിലാ"
"എന്താ കാര്യം?"
"അവരെ ഞാനൊന്ന് കുളിപ്പിച്ചു, അത് ഇഷ്ടപ്പെട്ടില്ല"
അത് കേട്ടതും അങ്ങേര്‌ എനിക്കൊരു കൈ തന്നിട്ട് പറഞ്ഞു:
"ലക്കി ഫെലോ"
ഞാനാണോ??
നാണം കെട്ട് നാറാണത്ത് കല്ലായിരിക്കുന്ന ഞാനെങ്ങനെ ഭാഗ്യവാന്‍ ആകുമെന്ന് ഓര്‍ത്തിരിക്കേ അദ്ദേഹം വീണ്ടും പറഞ്ഞു:
"മാദാമ്മേ കുളിപ്പിക്കുന്നതിനു ഒരു നെയ്ക്ക് വേണം, നീ ഇനി അത് പഠിക്കണം"
ശരിയാ, പഠിക്കണം..
കമ്പനിയില്‍ നിന്ന് പറഞ്ഞ് വിട്ടാലും ഒരു വരുമാനം ആകുമല്ലോ!!

അന്ന് രാത്രിയില്‍ ഞാന്‍ ഉറങ്ങിയില്ല.മാദാമ്മയില്‍ നിന്ന് ക്ഷമിച്ചു എന്നൊരു വാക്ക് കിട്ടാതെ ഒരു രക്ഷയുമില്ല.എന്‍റെ ടെന്‍ഷന്‍ കണ്ടാകണം, പിറ്റേന്ന് പ്രോജക്റ്റ് മാനേജര്‍ സംസാരിക്കാന്‍ തയ്യാറായി.അകത്ത് കേറിയ അതിയാന്‍ പത്ത് മിനിറ്റിനു ശേഷം വിയര്‍ത്തൊലിച്ച് തിരികെ വന്നു.പിന്നെയും ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു മെയില്‍ വന്നു..
മാദാമ്മയുടെ മെയില്‍..
കമ്പനിയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുള്ള ആ മെയിലില്‍ എനിക്ക് സ്പെഷ്യല്‍ നന്ദി ഉണ്ടായിരുന്നു.
ഭാഗ്യം മാദാമ്മ ക്ഷമിച്ചിരിക്കുന്നു!!
താങ്ക്സ്സ് ഗോഡ്!!
പോകുന്നതിനു മുമ്പ് മാദാമ്മ എന്നെ നോക്കി ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ടാണ്‌ പോയത്.പ്രോജക്റ്റ് മാനേജര്‍ ആള്‌ വിവരക്കേടാണെങ്കിലും ഇന്ന് എന്നെ സഹായിച്ചിരിക്കുന്നു.എനിക്ക് ഒരു പ്രൊമോഷനുള്ള കോള്‌ ഒത്തിരിക്കുന്നു!!

പ്രോജക്റ്റ് മാനേജര്‍ക്ക് ഒരു പാര്‍ട്ടി കൊടുക്കണമെന്ന് കരുതി ഇരുന്ന എനിക്ക് അരികെ അദ്ദേഹം വന്നു.
ആ മുഖത്ത് ഒരു വിഷമ ഭാവം..
"എന്ത് പറ്റി?"
"മാദാമ്മ നിനക്ക് വരെ നന്ദി പറഞ്ഞു, എനിക്ക് പറഞ്ഞില്ല"
അപ്പോഴാണ്‌ ഞാന്‍ ആ മെയില്‍ നോക്കിയത്.ശരിയാണ്, നന്ദി സൂചിപ്പിച്ച കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പേരില്ല.
ശെടാ, അതെന്താ??
അന്തം വിട്ട് നിന്ന എന്നോട് അദ്ദേഹം തുടര്‍ന്നു:
"നിന്‍റെ കാര്യത്തിനു ക്ഷമ ചോദിച്ചപ്പോള്‍ അവര്‍ ഓ.ക്കെ പറഞ്ഞു.പക്ഷേ....."
പക്ഷേ??
"..വേണേല്‍ ഞാന്‍ കുളിപ്പിച്ച് തരാം എന്ന് പറഞ്ഞപ്പോ അവര്‍ ഗെറ്റൌട്ട് അടിച്ചു"
ഓഹോ...
ഇതിന്‍റെ ഇടക്ക് ഇത്രേം സംഭവിച്ചോ??
ചുമ്മാതല്ല ടിയാന്‍ വിയര്‍ത്ത് കുളിച്ച് ഇറങ്ങി വന്നത്!!
"അതില്‍ തെറ്റില്ലല്ലോ അല്ലേ?" മാനേജരുടെ ചോദ്യം.
ഹേയ്, എന്ത് തെറ്റ്??
എല്ലാ ദിവസവും കുളിക്കതെയും നനക്കാതെയും സെന്‍റ്‌ പൂശി വരുന്ന മാനേജര്‍ക്ക്, മാദാമ്മയെ കുളിപ്പിക്കാന്‍ പറ്റാത്തതിലുള്ള സങ്കടത്തില്‍ ഞാനും പങ്ക് ചേര്‍ന്നു.

അന്ന് വൈകുന്നേരമായി..
കുരിശെല്ലാം ഒഴിഞ്ഞു എന്ന് സമാധാനിച്ചിരിക്കെ പതിവില്ലാതെ ദേവാംഗനയുടെ ഫോണ്‍കോള്‍:
"മനു, ഈ വരുന്ന വെള്ളിയാഴ്ച നമ്മുടെ കമ്പനിയില്‍ റീജണല്‍ ഡ്രസിംഗ് ഡേയാണ്"
"അതിന്?"
"മനു അന്ന് മുണ്ട് ഉടുത്ത് വരണം"
ഹും, വരും..വരും...
എന്‍റെ പട്ടി വരും!!
അനുഭവം ഗുരു.

സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല



ശുശ്രുതന്‍...

ആധുനിക വൈദ്യശാസ്ത്രത്തിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ശസ്ത്രക്രീയകള്‍ നടത്തിയിരുന്ന മഹാന്‍.ഈ പേര്‌ ഇവിടെ പരാമര്‍ശിക്കാന്‍ ഒരു കാരണക്കാരനുണ്ട്, കേരളത്തിലെ ആധുനിക ശുശ്രുതന്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍.കൊല്ലത്തുള്ള പ്രസിദ്ധമായ ഒരു ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തിന്‍റെ തലവന്‍,എന്‍റെ പ്രീയപ്പെട്ട ഡോക്ടറങ്കിള്‍....

ഞാന്‍ ഡോക്ടറങ്കിളിനെ പരിചയപ്പെടുന്നത് എന്‍റെ എട്ടാം ക്ലാസ്സീലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ്.ആ സമയത്ത് മൂക്കില്‍ കൂടി ശ്വസിക്കാന്‍ ഒരു തടസ്സം നേരിടുന്ന പോലത്തെ തോന്നലാണ്‌ എന്നെ അങ്കിളിന്‍റെ പേഷ്യന്‍റാക്കിയത്.അരമണിക്കൂര്‍ നേരം എന്‍റെ മൂക്കിന്‍റെ അകവും പുറവും പല ആംഗിളില്‍ വീക്ഷിച്ചതിനു ശേഷം പുള്ളിക്കാരന്‍ ഒരു ചോദ്യം:
"എത്ര നാളായി ഇത് തുടങ്ങിയട്ട്?"
ഇന്നേക്ക് ഒരു വര്‍ഷവും നാലു മാസവും മൂന്നു ദിവസവും ആയി അങ്കിളേ എന്ന് പറയാന്‍ പറ്റുമോ?
എന്തൊരു ചോദ്യമോ എന്തോ?
ഞാന്‍ ഒന്നും മിണ്ടിയില്ല.
"എന്തായാലും മൂക്കിന്‍റെ അകത്ത് ഒരു വളവുണ്ട്.ഒരു ഓപ്പറേഷന്‍ വേണം" ഡോക്ടറങ്കിളിന്‍റെ കണ്ട് പിടുത്തം.
മൂക്കിനു ഓപ്പറേഷന്‍ വേണമെന്നോ?
അത് നടക്കില്ല.
ഞാന്‍ തീരുമാനിച്ചു.

ഞാന്‍ അങ്ങനെ ഒരു കഠിന തീരുമാനം എടുക്കാന്‍ രണ്ട് കാരണങ്ങളാണ്‌ ഉള്ളത്.
ഒന്ന്:
ഞാന്‍ ജീവിച്ചിരുപ്പുണ്ടോ അതോ ചത്തോ എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നത് എന്‍റെ മൂക്ക് മുഖാന്തിരമായിരുന്നു.എപ്പോഴെങ്
കിലും എനിക്ക് സംശയം വന്നാല്‍ ഞാന്‍ മൂക്കിന്‍റെ താഴെ ഒരു വിരല്‍ വച്ച് നോക്കും.ശ്വാസം വിടുന്നതിന്‍റെ വായു വിരലില്‍ തട്ടിയാല്‍ ഞാന്‍ ജീവിച്ചിരുപ്പൂണ്ട്,ഇല്ലെങ്കില്ചത്തു.അതായിരുന്നു എന്‍റെ വിശ്വാസം.
ഇനി ഓപ്പറേഷന്‍ കഴിഞ്ഞ് മൂക്കില്‍ കൂടി ശ്വസിക്കാന്‍ പറ്റിയില്ലങ്കില്‍ ജീവിച്ചിരുപ്പുണ്ടോ അതോ ചത്തോ എന്ന് എങ്ങനെ ടെസ്റ്റ് ചെയ്യും?
അതായിരുന്നു എന്‍റെ പേടി.
രണ്ട്:
ഓപ്പറേഷന്‍ കഴിഞ്ഞാല്‍ മൂക്ക് തുന്നി കെട്ടി വയ്ക്കും ,അപ്പോള്‍ തുമ്മാന്‍ പാടില്ല.തുമ്മിയാല്‍ മൂക്ക് തെറിച്ച് പോകും.തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണേല്‍ പോട്ടെ എന്ന് ആര്‍ക്ക് വേണേലും പറയാം,പക്ഷേ തെറിക്കുന്ന മൂക്കുള്ളവനാണെങ്കില്‍ എന്ത് ചെയ്യും?
ഇത് എന്‍റെ മറ്റൊരു പേടി.
ഇതെല്ലാം ഓര്‍ത്ത് അവിടിരുന്നു കരഞ്ഞ എന്നെ ആശ്വസിപ്പിച്ചത് ഈ ഡോക്ടറങ്കിളായിരുന്നു:
"മോനൊരു ആണ്‍കുട്ടിയല്ലേ?ഇങ്ങനെ കരഞ്ഞാലോ?"
അങ്കിള്‍ തന്ന ആ ധൈര്യത്തില്‍ ഞാന്‍ ഓപ്പറേഷനു സമ്മതിച്ചു.

ഓപ്പറേഷന്‍ ദിവസം..
ആദ്യം അവര്‍ എനിക്ക് അനസ്തേഷ്യ തന്നു.പൂര്‍ണ്ണമായിട്ട് മയങ്ങിയില്ലങ്കിലും ഞാന്‍ ചെറിയ ഒരു മയക്കത്തിലേക്ക് വഴുതി വീണു.ഡോക്ടറങ്കിളും കൂട്ടുകാരും എന്‍റെ മൂക്കില്‍ ഫൌണ്ടേഷന്‍ കെട്ടുന്നതായും ഒരു ഫ്ലാറ്റ് പണിയുന്നതായും എനിക്ക് തോന്നി തുടങ്ങി.മൂക്കില്‍ എന്തോക്കെയോ ഒടിക്കുകയും വലിക്കുകയും ചെയ്യുന്ന പോലെ.പതിയെ പതിയെ എല്ലാം ശാന്തമായി.പാതി മയക്കത്തിലായ എന്നെ അവര്‍ എവിടെയോ കിടത്തി.

അങ്ങനെ ഞാന്‍ മയങ്ങി കിടക്കുകയായിരുന്നെങ്കിലും ചുറ്റുവട്ടത്തുള്ള ശബ്ദമെല്ലാം എനിക്ക് കേള്‍ക്കാമായിരുന്നു.അപ്പോഴാണ്‌ കൂട്ടത്തില്‍ ആരോ ചോദിച്ച ഒരു ചോദ്യം എന്‍റെ കാതില്‍ വീണത്:
"ഡോക്ടര്‍, പേഷ്യന്‍റ്‌ ഇപ്പോഴും മയക്കത്തിലാണ്,എന്താ ചെയ്യുക?"
"എന്ത് ചെയ്യാന്‍?ഈ മയക്കത്തില്‍ നിന്നും ഉണരുന്നതിനു മുമ്പ് യൂട്രസ്സ് റിമൂവ്വ് ചെയ്തേ മതിയാകു" ഡോക്ടറങ്കിളിന്‍റെ മറുപടി.
അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി,
എന്‍റെ മയക്കം മാറുന്നതിനു മുമ്പ് എന്‍റെ ശരീരത്തില്‍ നിന്നും യൂട്രസ്സ് എന്ന് അറിയപ്പെടുന്ന ഏതോ ഒരു ഭാഗം കണ്ടിച്ച് കളയാന്‍ ഡോക്ടറങ്കിള്‍ ആര്‍ക്കോ അനുമതി നല്‍കിയിരിക്കുന്നു.
"അല്ല ഈ യൂട്രസ്സ് റിമൂവല്‍ എന്ന് പറഞ്ഞാല്‍.......പിന്നെ കുട്ടികള്‍ ഉണ്ടാകില്ലല്ലോ,അപ്പോള്‍ പേഷ്യന്‍റിന്‍റെ സമ്മതം വേണ്ടേ?"
കൂട്ടത്തില്‍ ആരോ ചോദിച്ച ഈ ചോദ്യത്തിനു മറുപടി പറഞ്ഞതും ഡോക്ടറങ്കിള്‍ തന്നെയായിരുന്നു:
"ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളുടെ സമ്മതം കിട്ടിയാലും മതി"
പൂര്‍ത്തിയായി!!!
കുട്ടികളെ വളര്‍ത്തികൊണ്ട് വരാന്‍ വളരെ കഷ്ടപ്പാടാണ്‌ എന്ന മനോഭാവമാണ്‌ എന്‍റെ അച്ഛനും അമ്മയ്ക്കും.അത് കൊണ്ട് തന്നെ എനിക്ക് കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ യൂട്രസ്സ് റിമൂവ്വ് ചെയ്യണം എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കും.കാരണം സ്വന്തം മകന്‍ കഷ്ടപ്പെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുകയില്ലല്ലോ?
ഓര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.
പക്ഷേ എന്ത് ചെയ്യാന്‍?
ബോധം ഉണ്ടായിരുന്നെങ്കില്‍ ബോധം കെട്ട് വീഴാമായിരുന്നു.ഇതിപ്പോള്‍ ആള്‍റെഡി ബോധം കെട്ട് കിടക്കുകയല്ലേ?
പാവം ഞാന്‍,വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.

പിന്നീട് എപ്പോഴോ പൂര്‍ണ്ണമായും ബോധം വന്നപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി:
ഡോക്ടറങ്കിള്‍ എന്നെ ചതിച്ചു!!!
മൂക്ക് നേരെയാക്കാം എന്നു പറഞ്ഞ് എന്നെ മയക്കി കിടത്തി അങ്ങേര്‌ എന്‍റെ യൂട്രസ്സ് റിമൂവ്വ് ചെയ്തു!!
ഇനി എനിക്ക് കുട്ടികള്‍ ഉണ്ടാകില്ല!!
ഈ സംഭവങ്ങള്‍ക്കെല്ലാം എന്‍റെ അച്ഛനും അമ്മയും സമ്മതം മൂളി!!
കൊലച്ചതി!!!!

ചതിയുടെ ആഴം മനസ്സിലാക്കിയ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.അത് കണ്ട് കൊണ്ടാണ്‌ ഡോക്ടറങ്കിളും അച്ഛനും അമ്മയും കുറെ നേഴ്സുമാരും ആ മുറിയിലേക്ക് വന്നത്.കരഞ്ഞു കൊണ്ടിരിക്കുന്ന എന്‍റെ അടുത്ത് വന്ന് ഡോക്ടറങ്കിള്‍ ചോദിച്ചു:
"എന്താ മനു?എന്ത് പറ്റി?"
ദുഷ്ടന്‍!!
എല്ലാം കണ്ടിച്ച് കളഞ്ഞിട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ??
എന്ത് പറ്റിയെന്ന്?ഇതില്‍ കൂടുതല്‍ എന്ത് പറ്റാന്‍???
ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്ന് വീണ്ടും കരഞ്ഞു.
ഞാന്‍ കരച്ചില്‍ നിര്‍ത്താത്തത് കണ്ട് അമ്മ അടുത്ത് വന്ന് എന്നെ ചേര്‍ത്ത് പിടിച്ചു,എന്നിട്ട് പറഞ്ഞു:
"എന്തായാലും നമുക്ക് സമാധാനമുണ്ടാക്കാം,മോന്‍ കരയാതെ ഇരിക്ക്"
എങ്ങനെ സമാധാനം ഉണ്ടാക്കാനാ അമ്മേ???
എല്ലാം പോയില്ലേ???
"ശരിക്കും എന്താ പറ്റിയത്?" വീണ്ടും ഡോക്ടറങ്കിള്‍.
അതോടെ എന്‍റെ സകല കണ്ട്രോളും പോയി.ഡോക്ടറങ്കിള്‍ എന്നുള്ള ബഹുമാനം എല്ലാം നഷ്ടപ്പെട്ട ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു:
"താനെന്തിനാ എന്‍റെ യൂട്രസ്സ് റിമൂവ്വ് ചെയ്തത്?"
നെഞ്ചും വിരിച്ച് നിന്ന് എന്നോട് ചോദ്യം ചോദിച്ച ഡോക്ടറങ്കിള്‍ ,എന്‍റെ മറുചോദ്യം കേട്ടതോടെ 'കര്‍ത്താവേ' എന്നും പറഞ്ഞുകൊണ്ട് കട്ടിലില്‍ ഒറ്റ ഇരുപ്പ്.എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന അമ്മ ഞെട്ടി രണ്ടടി പുറകോട്ട് ചാടി.അച്ഛനും മറ്റ് നേഴസുംമാരും കരയണോ,ചിരിക്കണോ അതോ നെഞ്ചത്തടിച്ച് നിലവിളിക്കണോ എന്ന മട്ടില്‍ പരസ്പരം നോക്കി.എന്തിനേറെ പറയുന്നു അപ്പുറത്തെ മുറിയില്‍ ചാകാന്‍ കിടന്ന ഒരു രോഗി ഈ ചോദ്യം കേട്ടതും എഴുന്നേറ്റ് ഓടി.
രംഗം ഒന്നു ശാന്തമായപ്പോള്‍ അവര്‍ എനിക്ക് വിശദീകരിച്ച് തന്നു,യൂട്രസ്സ് എന്നാല്‍ സ്ത്രീകളുടെ ഗര്‍ഭവുമായി ബന്ധപ്പെട്ട ഒരു പാത്രമാണെന്ന്,ആമാശയം പോലെ ഒരു ശരീര ഭാഗം,
അതായത് ചുരുക്കി പറഞ്ഞാല്‍ ഒരു ഗര്‍ഭാശയം.

അന്നത്തെ ആ സംഭവത്തിനു ശേഷം ഞാനും ഡോക്ടറങ്കിളും മാനസികമായി വളരെ അടുത്തു.ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ പരസ്പരം ഫോണിലൂടെ സംസാരിക്കുമായിരുന്നു.പിന്നെ പിന്നെ ഫോണ്‍ വിളികള്‍ക്കിടയിലുള്ള ഗ്യാപ്പ് കൂടി കൂടി വന്നു.പിന്നെയും ഒരു ഏഴ് വര്‍ഷത്തിനു ശേഷം ഒരു ജനുവരിയില്‍ എനിക്ക് അങ്കിളിന്‍റെ ഒരു കത്ത് കിട്ടി.അങ്കിളിന്‍റെ അറുപതാം പിറന്നാളാണ്‌ ആ പതിനാലിനെന്നും,ഞാന്‍ ചെല്ലണമെന്നും ആയിരുന്നു കത്തിന്‍റെ ഉള്ളടക്കം.കത്തില്‍ കൊല്ലത്തെ അഡ്രസ്സ് ഉണ്ടായിരുന്നെങ്കിലും പഠിത്തത്തിന്‍റെ തിരക്ക് കാരണം എനിക്ക് അന്ന് പോകാന്‍ പറ്റിയില്ല.

രണ്ട് മൂന്നു മാസത്തിനു ശേഷം ഒരു വെളുപ്പാന്‍ കാലത്ത് എന്നെ ഉണര്‍ത്തിയത് സതീശന്‍റെ ഫോണായിരുന്നു,ഞാനും അങ്കിളും തമ്മിലുള്ള റിലേഷന്‍ അറിയാവുന്ന സതീഷ് ചന്ദ്രന്‍റെ ഫോണ്‍:
"അളിയാ,ഒരു ബാഡ് ന്യൂസ്സ്."
"എന്താടാ?"
"ഇന്നലെ രാത്രിയില്‍ സാമുവല്‍ ഡോക്ടര്‍ മരിച്ചു,ഹാര്‍ട്ട് അറ്റാക്കായിരുന്നു.ഇന്ന് രാവിലെ പതിനൊന്നിനാണ്‌ ശവസംസ്ക്കാരം"
ഞാന്‍ തകര്‍ന്നു പോയി.
എന്നെ കാണണം എന്ന പുള്ളിക്കാരന്‍റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാത്തതായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്.
നമ്മളോട് അടുപ്പമുള്ള ചിലര്‍ മരിച്ചാല്‍ അത് നമ്മുടെ മനസ്സ് ഉള്‍കൊണ്ടു എന്ന് വരില്ല,ആ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളണമെങ്കില്‍ ശവസംസ്ക്കാരം നേരിട്ട് കാണണം.അതിനാലാണ്‌ ഞാന്‍ അന്ന് കൊല്ലത്തുള്ള അങ്കിളിന്‍റെ വീട്ടില്‍ പോയത്.കായംകുളത്തുള്ള ഒരു പൂക്കടയില്‍ നിന്നും വലിയ ഒരു റീത്തും വാങ്ങി,'പ്രിയപ്പെട്ട ഡോക്ടറങ്കിളിന്' എന്ന ലേബലും ഒട്ടിച്ചു എന്‍റെ കാറിലായിരുന്നു ഞാന്‍ അങ്കിളിന്‍റെ വീട്ടിലെത്തിയത്.

അങ്കിളിന്‍റെ ശവശരീരം കണ്ട ശേഷം നാലു നെഞ്ചത്ത് അടിയും ഒരു 'അയ്യോ' വിളിയും വേണം എന്ന് പ്ലാന്‍ ചെയ്ത് ആ വീട്ടില്‍ ചെന്ന എന്നെ എതിരേറ്റത് സാക്ഷാല്‍ ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ തന്നെയായിരുന്നു.രാവിലെ ഒരുത്തന്‍ റീത്തും കൊണ്ട് വീട്ടില്‍ വന്നത് കണ്ടിട്ടാകണം അങ്കിള്‍ ഒന്നു ഞെട്ടി.എന്താ സംഭവിച്ചത് എന്ന് മനസ്സിലാകാത്ത ഞാന്‍ വിറച്ച് വിറച്ച് ചോദിച്ചു:
"അങ്കിള്‍ ചത്തില്ലേ?"
വര്‍ഷങ്ങള്‍ക്ക് ശേഷം, പണ്ട് കേട്ടതിനെക്കാള്‍ വൃത്തികെട്ട ഒരു ചോദ്യം കേട്ട അങ്കിള്‍ എന്‍റെ മുഖത്ത് അമ്പരന്ന് നോക്കി.പിന്നിട് എന്നില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പുള്ളിക്കാരന്‍ പറഞ്ഞു:
"എടാ ഇന്ന് ഏപ്രില്‍ ഒന്നാ,നിന്നെ അവന്‍ ഫൂളാക്കിയതാ"
ഠിം!!!
കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം.
തകര്‍ന്ന് തരിപ്പണമായി നിന്ന എന്നെ അങ്കിള്‍ തന്‍റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി:
"ഇവനാ മനു,പണ്ട് ഇവന്‍റെ യൂട്രസ്സാ ഞാന്‍ റിമൂവ്വ് ചെയ്തത്"
കാലമാടന്‍!!!
ശവത്തെ കുത്തുന്നത് കണ്ടില്ലേ?
എന്‍റെ കൈയ്യില്‍ റീത്ത് കണ്ടിട്ടാകണം ആന്‍റി അമ്പരന്ന് ചോദിച്ചു:
"എന്താ റീത്തുമായി?"
'ഓ..വെറുതെ,അങ്കിളോ ആന്‍റിയോ ചത്തോ എന്നറിയാന്‍ വന്നതാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ തിരികെ നടന്നു.
ഇനി സതീശനെ ഒന്നു കാണണം.അവന്‍റെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ചിട്ട് പറയണം,
സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ലന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com