For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മാവേലി ഒരു മനുഷ്യനല്ല


"അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്‍റെ പേര്...
മാവേലി ഒരു മനുഷ്യനല്ല.
ജില്‍!!!!"

നാടക അനൌണ്‍സ്മെന്‍റിന്‍റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:
"മനസിലായോ?"
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.
ദൈവമേ, ഇവരിത് കുളമാക്കുമെന്നാ തോന്നുന്നത്!!!
ഏറ്റെടുത്തപ്പോ ഇത്ര വലിയ കുരിശാണെന്ന് വിചാരിച്ചില്ല.ഇനിയിപ്പോ ഒഴിയാനും പറ്റില്ല, വിജയിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്, പക്ഷേ ഈ രണ്ട് കുരങ്ങന്‍മാര്‌ എന്താക്കി തീര്‍ക്കുമോ എന്തോ??
ഒരു ചെറിയ പരാജയം പോലും പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറ്‌ ക്ഷമിക്കുമെന്ന് തോന്നുന്നില്ല.അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഓഫീസില്‍ കൊണ്ട് പിടിച്ച് പണി നടക്കുമ്പോഴാ ഓണാഘോഷത്തിനിടയില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്‍റെ റിഹേഴ്സലിനായി ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും രണ്ട് ദിവസം 'ഓണ്‍ ഡ്യൂട്ടി' എന്ന ഓമനപേരില്‍ അവധി അനുവദിച്ചു തന്നത്.നാളെയാണ്‌ ഓണാഘോഷം, പക്ഷേ നാടകവും ഡയലോഗും ഇവന്മാരുടെ തലയില്‍ കയറിയെന്ന് എനിക്ക് ഒരു വിശ്വാസവുമില്ല.എന്‍റെ ഈ മനോവിഷമം ഇത് വായിക്കുന്ന നിങ്ങള്‍ക്ക് മനസിലാവാന്‍ ഒരു ചാന്‍സുമില്ല, അത് മനസിലാകണമെങ്കില്‍ നിങ്ങള്‍ ഇതിന്‍റെ കഥ അറിയണം.
ഈ നാടകത്തിന്‍റെ കഥ...

മഹാനായ മഹാബലി ചക്രവര്‍ത്തിയോട് വാമനന്‍ മൂന്നടി മണ്ണ്‌ യാചിക്കുന്നു.അസുരഗുരുവായ ശുക്രാചാര്യര്‍ വാമനന്‍റെ ചതി മനസിലാക്കി മഹാബലിയെ ദാനം കൊടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സത്യസന്ധനായ മഹാബലി ദാനം ചെയ്യാന്‍ തയ്യാറാകുന്നു.രണ്ടടി കൊണ്ട് ലോകം മൊത്തം അളന്ന വാമനന്‍ മൂന്നാമത്തെ അടി മഹാബലിയുടെ തലയില്‍ വയ്ക്കുകയും, അദ്ദേഹത്തെ പാതാളലോകത്തില്‍ ഒന്നായ സുതലം എന്ന ലോകത്തിലേക്ക് കാല്‍പാദം തലയില്‍ വച്ച് അനുഗ്രഹിച്ച് യാത്രയാക്കുകയും ചെയ്യുന്നു.
ഇതാണ്‌ കഥ...
വെരി സിംപിള്‍ സ്റ്റോറി!!
ഇതില്‍ ഞാനാണ്‌ മഹാബലി, വികാസ്സ് വാമനന്‍, പിന്നെ ശുക്രാചാര്യരായി പ്രസാദും.പക്ഷേ ഞാന്‍ കഥയും കഥാപാത്രങ്ങളേയും ഡയലോഗും എത്ര വിവരിച്ചിട്ടും പൊട്ടന്‍മാരുടെ തലയില്‍ അത് കേറുന്നില്ല എന്നതാണ്‌ എന്‍റെ പ്രശ്നം.
ഈ രംഗമാണ്‌ നിങ്ങള്‍ മുകളില്‍ കണ്ടത്....

നാടക അനൌണ്‍സ്മെന്‍റിന്‍റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:
"മനസിലായോ?"
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.
എന്നിട്ടും വിശ്വാസം ആകാതെ ഞാന്‍ പറഞ്ഞു:
"പ്രസാദേ, നീയാണ്‌ ശുക്രാചാര്യര്‍"
അത് കേട്ട് തലകുലുക്കി കൊണ്ട് അവന്‍ പറഞ്ഞു:
"അറിയാം അണ്ണാ, ഞാനല്ലേ മഹാബലിയെ ചവുട്ടി താഴ്ത്തുന്നത്"
മാങ്ങാതൊലി!!!
വായില്‍ ചൊറിഞ്ഞ് വന്നത് ചവച്ചിറക്കി ഞാന്‍ പറഞ്ഞു:
"എടാ കോപ്പേ, നീ അസുരഗുരുവാണ്‌, മഹാബലിയെ ചവുട്ടി താഴ്ത്തുന്നത് വാമനനാ"
"അത് ആരാ അണ്ണാ?"
ചോദ്യം വാമനനായി അഭിനയിക്കേണ്ട വികാസിന്‍റെ വകയായിരുന്നു.ഇവനോടൊക്കെ ഇനി എന്ത് മറുപടി പറയണമെന്ന് ആലോചിച്ച് നിന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു:
"ആരാ അണ്ണാ വാമനന്‍?"
വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:
"വാമനന്‍ നിന്‍റെ അമ്മേടേ......"
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:
"... നിന്‍റെ  അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"
അതേയോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയ അവനോട് ഞാന്‍ പറഞ്ഞു:
"എന്‍റെ പൊന്നു വികാസേ, അത് നീയാണ്"
എല്ലാം മനസിലായ മട്ടില്‍ അവന്‍ തലയാട്ടി, അത് ശരി വയ്ക്കുന്ന രീതിയില്‍ പ്രസാദും.

അന്ന് രാത്രിയില്‍ പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ താളം ആസ്വദിച്ച് കിടന്നപ്പോള്‍ ഗായത്രി പറഞ്ഞു:
"മനുചേട്ടാ, എനിക്കൊരു സംശയം...."
സാധാരണ സിനിമയിലൊക്കെ ഭാര്യമാരിങ്ങനെ പറയുന്നത് എന്തെങ്കിലും കുനുഷ്ട് കാര്യം വരുമ്പോഴാണല്ലോ കര്‍ത്താവേ എന്ന് മനസ്സ് മന്ത്രിച്ചു, എങ്കിലും ചോദിച്ചു:
"എന്ത് സംശയം?"
"മഹാബലി ഷര്‍ട്ടിടുമോ?"
"ഇല്ല, എന്തേ?"
"അപ്പോ ചേട്ടന്‍ ഷര്‍ട്ടില്ലാതാണോ നാളെ അഭിനയിക്കാന്‍ പോകുന്നത്?"
അപ്പോ അതാണ്‌ കാര്യം.
എന്തേലും നല്ല മറുപടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടികളുള്ള ഓഫീസില്‍ ഇങ്ങനെ അഭിനയിക്കാന്‍ നാണമില്ലേന്നാവും അടുത്ത ചോദ്യം.
ഒരു സെക്കന്‍ഡ് ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്‍കി:
"മഹാബലി ഷര്‍ട്ട് ഇടാന്‍ പാടില്ല, അത് ആ വലിയ മഹാനോട് ചെയ്യുന്ന അനാദരവാണ്."
ഒന്ന് നിര്‍ത്തി ഇടം കണ്ണിട്ട് ഞാന്‍ അവളെ ഒന്ന് നോക്കി.ഏറ്റ മട്ടുണ്ട്, മുകളില്‍ കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുവാ.
ഒന്നു കൂടി ഉറപ്പിക്കാനായി പറഞ്ഞു:
"ഞാന്‍ ഈ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കണേല്‍ മഹാബലിയെ വാമനന്‍ ചവുട്ടി താഴ്ത്തുന്ന ഏതേലും പടം മനസ്സില്‍ ഓര്‍ത്താല്‍ മതി"
ഏറ്റു, അതേറ്റു.
എനിക്ക് ഉറപ്പായി.
"ചേട്ടാ, ഒരു സംശയം" വീണ്ടും അവള്‍.
"എന്തേ?"
"ഈ പടങ്ങളിലൊക്കെ വാമനന്‍ കോണകം ഉടുത്താ നില്‍ക്കുന്നത്, നാളെ വികാസ്സും ഇങ്ങനാണോ നില്‍ക്കാന്‍ പോകുന്നത്?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!!
പക്ഷേ ഈ  ചോദ്യത്തിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല, തല വഴി പുതപ്പ് മൂടി കൂര്‍ക്കം വലിയുടെ ശബ്ദമുണ്ടാക്കി കിടന്നു.അല്ലേല്‍ തന്നെ ഇതിനൊക്കെ മറുപടി പറയാന്‍ പോയി ഒരു കുടുംബ കലഹമുണ്ടാക്കാന്‍ എനിക്ക് ടൈം ഇല്ലാരുന്നു.കാരണം നാളെ രാവിലെ പുറപ്പെടണം, പാലാരിവട്ടത്ത് നിന്ന് ശുക്രാചാര്യരായി അഭിനയിക്കുന്ന പ്രസാദിനെയും കൂട്ടി പത്ത് മണിക്ക് മുമ്പേ ഓഫീസിലെത്തണം.ഓഫീസ്സ് ഇരിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ ഹാള്‍ വാടകക്ക് എടുത്തിട്ടുണ്ട്, അവിടെ വച്ചാണ്‌ പരിപാടികള്‍.
എല്ലാം ജോര്‍ ആക്കണം!!!
ചിന്തകള്‍ ഇത്രത്തോളമായപ്പോ ഗായത്രി പിറുപിറുക്കുന്നത് കേട്ടു:
"ഇങ്ങേര്‍ക്കോ നാണമില്ല, അവറ്റകള്‍ക്കും അതില്ലേ?"
വാമനനെ കുറിച്ചാണെന്ന് തോന്നുന്നു, മറുപടി പറഞ്ഞില്ല, കൂര്‍ക്കം വലിയുടെ ശബ്ദം കൂട്ടി.
അപ്പോഴും പുറത്ത് മഴ തകര്‍ത്ത് പെയ്യുകയായിരുന്നു.

രാവിലെ ഒരുങ്ങി പുറത്തിറങ്ങിയപ്പോ, കൊച്ചുവെളുപ്പാന്‍ കാലത്ത് കുളിച്ചൊരുങ്ങി നില്‍ക്കുന്ന പുതു പെണ്ണിനെ പോലെ തലേ ദിവസത്തെ മഴ മൊത്തം നനഞ്ഞ ബൈക്ക് അവിടെ ഇരിക്കുന്നു.കൈലേസ്സ് കൊണ്ട് സീറ്റ് തുടച്ച് ബൈക്കില്‍ കയറി ഇരുന്നു, കണ്ണാടിയില്‍ നോക്കി സൌന്ദര്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി.തുടര്‍ന്ന് ബൈക്കില്‍ പാലാരിവട്ടത്തേക്ക്...
അവിടെ കാത്ത് നിന്ന ശുക്രാചാര്യനേയും കൂട്ടി അടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി.
"രണ്ട് ഊത്തപ്പം, രണ്ട് ചായ"
ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ നിരന്നു.
കഴിച്ചു കൊണ്ട് ഇരിക്കുമ്പോ വാമനന്‍റെ ഫോണ്‍:
"എവിടാ?"
"പാലാരിവട്ടം. ഊത്തപ്പം കഴിക്കുവാ, നീയോ?"
"ഓഫീസിലാ, നിങ്ങള്‌ പെട്ടന്ന് വാ, ഒരു റിഹേഴ്സല്‍ കൂടി എടുക്കാം"
ഫോണ്‍ കട്ട് ചെയ്ത് കാര്യം പറഞ്ഞപ്പോ ശുക്രാചാര്യന്‍ പറഞ്ഞു:
"ഡയലോഗ് എല്ലാം പഠിച്ചു, പക്ഷേ ഫോര്‍ട്ട് കൊച്ചിയിലെ മച്ചാന്‍ ഭാഷയാ വരുന്നത്.ഈ ഗുരുവും രാജാവുമൊക്കെ സംസാരിക്കുന്ന സ്ലാങ്ങ് ശരിയാവുന്നില്ല"
ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"അതിനൊരു വഴിയുണ്ട്, ഇപ്പോ മുതല്‍ ആ സ്ലാങ്ങില്‍ സംസാരിച്ച് നോക്ക്, അപ്പോ ആ പ്രശ്നം വരില്ല"
അപ്പോഴാണ്‌ വെയിറ്റര്‍ അരികിലേക്ക് വന്നത്...
"സാര്‍, എനിതിംഗ് എല്‍സ്?"
ഇനിയെന്തെങ്കിലും വേണോന്നുള്ള അങ്ങേരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പ്രസാദിനെ നോക്കി.മറുപടിയായി അസുരഗുരു മൊഴിഞ്ഞു:
"നോമിനു തിറുപ്പ്തിയായി"
ഇത് കേട്ട് വെയിറ്റര്‍ അന്തംവിട്ട് അവന്‍റെ മുഖത്ത് നോക്കി, അത് കണ്ട ഭാവം നടിക്കതെ അവന്‍ എന്നോട് ചോദിച്ചു:
"നോമിനോ..??"
മറുപടി പറയാതെ തരമില്ല, ഞാനും പറഞ്ഞു:
"നോമിനും തിറുപ്പ്തിയായി"
പിന്നെ വെയിറ്റര്‍ ഒന്നും ചോദിച്ചില്ല, അയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
ഞങ്ങള്‍ ഓഫീസിലേക്ക്...

ബൈക്ക് പാലാരിവട്ടം ബൈപ്പാസ് ക്രോസ്സ് ചെയ്ത്, ചെമ്പുമുക്കും, വാഴക്കാലയും, പടമുകളും കടന്ന്, സിവില്‍ സ്റ്റേഷനു മുമ്പിലുള്ള സിഗ്നലിനു സമീപമെത്തി.
പ്രശ്നങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ മുന്നില്‍ അവതരിച്ചത് ഒരു കാക്കിയിട്ട പോലീസ്സുകാരന്‍റെ രൂപത്തിലായിരുന്നു, അയാള്‍ പറഞ്ഞു:
"അങ്ങോട്ട് നീക്കി നിര്‍ത്ത്, ബുക്കും പേപ്പറുമൊന്ന് പരിശോധിക്കണം"
"ഇപ്പോഴോ?" അറിയാതെ ഞാന്‍ ചോദിച്ചു പോയി.
"പിന്നെ നിന്‍റെ സൌകര്യത്തിനാണോടാ, പന്ന &%##**....## മോനേ"
അയാളുടെ മറുപടി.
നോമിനു തിറുപ്പ്തിയായി!!!
ഞാന്‍ പ്രസാദിനെ നോക്കി...
നോമിനോ??
നോമിനും തിറുപ്പ്തിയായി!!!!
അവന്‍റെ മുഖഭാവം അത് വിളിച്ച് പറയുന്നുണ്ടായിരുന്നു.

"ഇനി എന്ത് ചെയ്യുമെടാ?"
പ്രസാദിന്‍റെ ചോദ്യത്തില്‍ ഒരു ദീനതയുണ്ടായിരുന്നു.
"നമ്മള്‍ ഓണാഘോഷത്തിനു പോകുന്നവരാണെന്ന് പറഞ്ഞ് നോക്കാം, വേറെ വഴിയൊന്നും ഞാന്‍ കാണുന്നില്ല"
"അത് പറഞ്ഞാ വിടുമോ?" പ്രസാദിനു ആകാംക്ഷ.
"പോലീസുകാരന്‍ മലയാളിയല്ലേ, വിടും, ഉറപ്പ്."
എനിക്ക് ആ വിശ്വാസമുണ്ടായിരുന്നു.
അതിന്‍ പ്രകാരം ഞാനും പ്രസാദും പോലീസുകാരനു അരികിലേക്ക് നടന്നു.രണ്ട് കോളേജ് പിള്ളാരെ തടഞ്ഞ് സംസാരിച്ച് കൊണ്ടിരുന്ന അയാളോടായി പ്രസാദ് പറഞ്ഞു:
"സാര്‍, ഒരു അപേക്ഷയുണ്ട്..."
പോലീസുകാരന്‍ തല ഉയര്‍ത്തി നോക്കിയപ്പോ എന്നെ ചൂണ്ടി അവന്‍ പറഞ്ഞു:
"സര്‍, ഇദ്ദേഹത്തെ എത്രയും വേഗം പറഞ്ഞ് വിടണം.കാരണം ഇദ്ദേഹം മഹാബലിയാണ്"
പോലീസ്സുകാരന്‍റെ കണ്ണ്‌ തള്ളി!!!
രണ്ട് അവന്‍മാരെ വാഹന പരിശോധനക്ക് പിടിച്ചപ്പോ ദേ ഒരുത്തന്‍ പറയുന്നു മറ്റവന്‍ മഹാബലിയാണെന്ന്.പോലീസുകാരന്‍ ആകെ തെറ്റിദ്ധരിച്ച മട്ടുണ്ട്.അതിനാല്‍ അങ്ങേര്‌ എന്നെ സൂക്ഷിച്ച് നോക്കിയപ്പോ ഞാന്‍ പറഞ്ഞു:
"ആക്ച്വലി, സാര്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ല ഞാന്‍"
പോലീസുകാരന്‍ തല ചൊറിഞ്ഞ് തുടങ്ങി.
അയാള്‍ ചോദിച്ചു:
"ഞാന്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ലേ താന്‍?"
ആ ചോദ്യത്തെ തുറുപ്പ് ഗുലാനിട്ട് പ്രസാദ് വെട്ടി:
"ആണ്‌ സാര്‍, സാര്‍ ഉദ്ദേശിക്കുന്ന മഹാബലി തന്നാ ഇവന്‍"
പോലീസുകാരന്‍ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.വട്ടാണോ, അതോ കഞ്ചാവാണോ എന്നായിരിക്കണം അങ്ങേര്‌ മനസ്സില്‍ ഓര്‍ത്തത്.സംഭവം ഇത്രയുമായപ്പോ പ്രസാദ് ഇടക്ക് കയറി പറഞ്ഞു:
"സാറിനോടായ കൊണ്ട് സത്യം പറയാം, സാറായിട്ട് ആരോടും പറയരുത്, ഞാനാണ്‌ സാക്ഷാല്‍ ശുക്രാചാര്യന്‍"
ഇപ്പോ പോലീസുകാരനു അനക്കമില്ല.
അങ്ങേര്‌ തലക്ക് അടി കിട്ടിയ പോലെ ഒരേ നില്‍പ്പ്.
ബോധം വീണ്ടു കിട്ടയപ്പോഴാകണം, ദയനീയമായി അയാള്‍ ചോദിച്ചു:
"ഏത് ശുക്രാചാര്യന്‍?"
"സാര്‍, അസുരഗുരുവായ ശുക്രാചാര്യന്‍, അതാണ്‌ ഞാന്‍"
പ്രസാദ് നല്ല കോണ്‍ഫിഡന്‍റായി മറുപടി നല്‍കി.
ഇത്രയുമായപ്പോഴേക്കും സംഭവം കൈ വിട്ട് പോകുകയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു, അത് ശരിയായിരുന്നു.പോലീസുകാരന്‍ ഞങ്ങളോടായി പറഞ്ഞു:
"ഒരു കാര്യം ചെയ്യ്, ഗുരുവും ബലിയും അങ്ങോട്ട് മാറി നില്‍ക്ക്, ഞാന്‍ ഇപ്പോ വരാം"
ഞങ്ങള്‍ തിരിച്ച് നടക്കുമ്പോ, കോളേജ് പിള്ളാരോടായി പോലീസുകാരന്‍ പറഞ്ഞു:
"നിങ്ങള്‌ പോയ്ക്കോ, ഇന്നത്തേക്ക് രണ്ട് മുട്ടന്‍ സ്രാവുകളെ കിട്ടിയട്ടുണ്ട്"
അതോടെ എനിക്ക് ഉറപ്പായി, സംഭവം കോംപ്ലിക്കേറ്റഡാണ്!!!
പൊട്ടന്‍ പ്രസാദിനു അപ്പോഴും ഒന്നും മനസിലായില്ല, അവന്‍ എന്നോട് ചോദിച്ചു:
"നീ മഹാബലിയാണെന്ന് അറിഞ്ഞിട്ടും ഇങ്ങേരെന്താ നമ്മളെ വിടാത്തത്?"
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം രൂക്ഷമായി അവനെ ഒന്ന് നോക്കി.
"ഓ, വാമനന്‍ കൂടെ ഇല്ലാത്ത കൊണ്ടാവും, അല്ലേ?"
വീണ്ടും അവന്‍റെ ചോദ്യം.
കശ്മലന്‍!!!
ഇവന്‍ ഗുണം പിടിക്കില്ല.

ഞങ്ങളെ നിര്‍ത്തി മുഷിയിപ്പിക്കാതെ പോലീസുകാരന്‍ പെട്ടന്ന് അരികിലേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"നിങ്ങളില്‍ ആരാ മഹാബലിയെന്നാ പറഞ്ഞത്?"
പ്രസാദ് എന്നെ ചൂണ്ടി:
"ഇവനാണ്‌ സാര്‍"
പോലീസുകാരന്‍ എന്നെ അടിമുടി നോക്കിയപ്പോള്‍ സൈഡില്‍ നിന്നൊരു സ്വരം:
"രാമകൃഷ്ണാ, എന്താ പ്രശ്നം?"
തല തിരിച്ച് നോക്കിയപ്പോള്‍ കുറച്ച് മാറി പോലീസ്സ് ജീപ്പില്‍ ചാരി നില്‍ക്കുന്ന എസ്സ്.ഐ സാര്‍.അദ്ദേഹത്തെ നോക്കി രാമകൃഷ്ണന്‍ എന്ന പോലീസ്സുകാരന്‍ പറഞ്ഞു:
"മഹാബലിയും ശുക്രാചാര്യനുമാണ്‌ സാര്‍, പാതാളത്തീന്ന് വരുന്ന വഴിയാ, റോഡ് നിയമങ്ങളെ പറ്റി വലിയ പിടിയില്ലെന്ന് തോന്നുന്നു"
"അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലടോ, കഴിഞ്ഞ വര്‍ഷം വന്നിട്ട് ഇപ്പോഴല്ലേ വീണ്ടും വരുന്നത്.ട്രാഫിക്കിന്‍റെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെയും തലപ്പത്ത് മാറ്റം വന്നത് അവര്‍ അറിഞ്ഞു കാണാന്‍ വഴിയില്ല"
പോലീസുകാരനും എസ്സ്.ഐയ്യും കൂടി മാറി മാറി വാരുന്നത് നോക്കി, ഇവരെ ഇനി എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന് ആലോചിച്ച് നിന്ന എന്നോട് എസ്സ്.ഐ പറഞ്ഞു:
"മാവേലി ആ ബുക്കും പേപ്പറുമെടുത്ത് ഇങ്ങ് വാ"
ആശ്വാസം!!!
ബുക്കും പേപ്പറും കാണിച്ചാല്‍ രക്ഷപ്പെടാമല്ലോ, ഒറിജിനല്‍ കൈയ്യില്‍ ഇല്ലെങ്കിലും എല്ലാത്തിന്‍റെയും ഫോട്ടോസ്റ്റാറ്റ് ബൈക്കില്‍ ഉണ്ട്, പിന്നെ ഏതോ ഒരു അവകാശ നിയമപ്രകാരം ഒറിജിനല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കാണിച്ചാല്‍ മതിയത്രേ.
ഈ ധൈര്യത്തില്‍ ബൈക്കിന്‍റെ ടാങ്ക് കവറില്‍ കൈയ്യിട്ട് ബുക്കും പേപ്പറും എടുക്കാന്‍ ശ്രമിച്ചു.കൈയ്യെത്തി സാധനം എടുക്കുന്ന വരെ ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നു, പക്ഷേ സംഭവം കൈയ്യില്‍ കിട്ടയതോടെ ഞാന്‍ അടിമുടി തകര്‍ന്നു.തലേദിവസത്തെ മഴ മുഴുവന്‍ നനഞ്ഞു ബുക്കും പേപ്പറും കൂടി ചേര്‍ന്ന് ഒരു ഉണ്ട പോലെ ആയിരിക്കുന്നു.
കടവുളേ, വാട്ട് കാന്‍ ഐ ഡൂ???
ഇനി എന്നാ ചെയ്യാന്‍ പറ്റും??
എസ്സ്.ഐ കാത്തിരിക്കുന്നു...

മുന്നിലേക്ക് നീട്ടിയ ഉണ്ടയിലേക്ക് എസ്സ്.ഐ കുറേ നേരം നോക്കി നിന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്തുവാ കൂവേ, കൊഴക്കട്ടയോ?"
"അല്ല സാര്‍, ബുക്കും പേപ്പറുമാ.ആര്‍.സി ബുക്കും, ടാക്സ്സും, ഇന്‍ഷുറന്‍സ്സും, പുകയുടെ പേപ്പറും എല്ലാം ഇതിലുണ്ട്"
"ഇതീന്ന് ആ ഇന്‍ഷുറന്‍സിന്‍റെ പേപ്പര്‍ എടുത്ത് കാണിച്ചിട്ട് മഹാബലി പോയ്ക്കോ"
എസ്സ്.ഐയുടെ ഔദാര്യം.
ഇപ്പോ തന്നെ എടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാ പേപ്പറും കീറി പോകും.ഒന്ന് ഉണങ്ങാതെ രക്ഷയില്ല, അതിനാല്‍ പറഞ്ഞു:
"നനഞ്ഞ് ഇരിക്കുവാണ്‌ സാര്‍, ഉണങ്ങാതെ എടുക്കാന്‍ പറ്റില്ല, സമയമെടുക്കും"
"ഞങ്ങള്‍ക്ക് തിരക്കില്ല" എസ്സ്.ഐയുടെ മറുപടി.
തകര്‍ന്നു!!!
നടുറോഡില്‍ ഒരു കൊഴക്കട്ടയെടുത്ത് കൈയ്യില്‍ പിടിച്ച് സൂര്യപ്രകാശം കൊള്ളിക്കുന്ന മഹാബലിയേയും ശുക്രാചാര്യനെയും നോക്കി കൊണ്ട് അനേകം യാത്രക്കാര്‍ ആ വഴി കടന്ന് പോയി.
ഇടക്ക് വികാസിന്‍റെ ഫോണ്‍:
"എടാ, ഓണസദ്യക്ക് സമയമായി, സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാ, നിങ്ങള്‍ എവിടാ?"
"ഒരു കൊഴക്കട്ട പ്രശ്നത്തിലാ" സിംപോളിക്കായി പ്രശ്നം ബോധിപ്പിച്ചു.
അതിനുള്ള മറുപടി ഞങ്ങളോട് പറയാതെ സാറിനോട് പറയുന്നത് എനിക്ക് ഫോണിലൂടെ വ്യക്തമായി കേള്‍ക്കാമായിരുന്നു:
"നേരത്തെ ഊത്തപ്പമായിരുന്നു സാര്‍, ഇപ്പോ കൊഴക്കട്ട, അവരു തിന്നോണ്ടിരിക്കുവാ"
തെണ്ടി!!
കാര്യം അറിയാതെ ഡയലോഗ് വിടുന്നു.
വിശദീകരിക്കാന്‍ നിന്നില്ല, ഫോണ്‍ കട്ട് ചെയ്തു.

എസ്സ്.ഐ പറഞ്ഞത് സത്യമായിരുന്നു, അവര്‍ക്ക് ഒട്ടും തിരക്കില്ലായിരുന്നു.ഒരുപാട് ബൈക്ക് യാത്രക്കാരെ കേറ്റി വിട്ടെങ്കിലും രാവിലെ അവരെ കളിയാക്കാന്‍ വന്നവരാണ്‌ ഞങ്ങള്‍ എന്ന ധാരണയില്‍ ഞങ്ങളെ മാത്രം വിട്ടില്ല.ഒടുവില്‍ കാല്‌ പിടിച്ച്, ഫൈനും അടച്ച്, ബൈക്കെടുത്ത് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ സമ്മാനദാന ചടങ്ങ് നടക്കുകയാണ്.
വികാസ്സ് അടുത്ത് വന്ന് പറഞ്ഞു:
"സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാണ്"
നേരെ സാറിന്‍റെ അടുത്തേക്ക്...
"സാര്‍, ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാറാണ്"
സാറ്‌ കസേരയെടുത്ത് തലക്കടിച്ചില്ല എന്നേയുള്ളു, പക്ഷേ ആ നോട്ടം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു.ഒടുവില്‍ സത്യം ബോധിപ്പിച്ചപ്പോ സാര്‍ പറഞ്ഞു:
"സമ്മാനദാനം വരെ കഴിഞ്ഞു.നിങ്ങള്‍ അവതരിപ്പിച്ചോ, പക്ഷേ സദസ്സില്‍ ഉള്ളവരോട് ഇരിക്കണമെന്ന് കംപല്‍ ചെയ്യാന്‍ സാദ്ധ്യമല്ല, ഇരിക്കുന്നവര്‍ കാണട്ടേ"
അങ്ങനെ ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാര്‍ എടുക്കുന്നതിനായി മേക്കപ്പ് റൂമിലേക്ക് കയറി.

ഒരുക്കം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ അനൌണ്‍സ്സ് ചെയ്തു:
"അടുത്ത ബെല്ലോടു കൂടി നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്‍റെ പേര്...
മാവേലി ഒരു മനുഷ്യനല്ല.
ജില്‍!!!!"
കര്‍ട്ടന്‍ പൊങ്ങിയപ്പോ ഒരു സൈഡില്‍ കത്തുന്ന കണ്ണുകളോടെ നില്‍ക്കുന്ന സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേയുള്ളു, ബാക്കി കസേരയെല്ലാം ഒഴിഞ്ഞ് കിടക്കുന്നു.ഐ.ടി ഫീല്‍ഡിലെ ഓണാഘോഷത്തിനു സമ്മാനദാനം കഴിഞ്ഞ് കലാസ്നേഹികള്‍ കാത്തിരിക്കുമെന്ന് കരുതിയ എന്നെ പറഞ്ഞാ മതിയല്ലോ.
ഇനി എന്ത്??
ശൂന്യമായ സദസ്സിനെ നോക്കി മഹാബലിയും ശുക്രാചാര്യരും വാമനനും അന്തം വിട്ട് നിന്നു.ഒടുവില്‍ വാമനന്‍ സൊബാസ്റ്റ്യന്‍ സാറിനോടായി ചോദിച്ചു:
"സാറ്‌ മാത്രമല്ലേ കാണാനുള്ളു, ഇനി ഞാന്‍ മൂന്നടി ചോദിക്കണോ?"
"വേണ്ടടാ, ചോദിക്കാതെ തന്നെ നിനക്കൊക്കെ അത് ഞാന്‍ തരാം"
സാറിന്‍റെ മറുപടി.
സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ സാറ്‌ മിക്കവാറും തല്ലാനാണ്‌ സാധ്യത!!!
എന്തെങ്കിലും പറഞ്ഞ്  രക്ഷപ്പെടണം.
എന്ത് പറയണമെന്ന് ആലോചിച്ച് നില്‍ക്കെ ഹാള്‍ ക്ലീന്‍ ചെയ്യുന്നവരെയും കൂട്ടി വന്ന സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു:
"ഒന്നു പുറത്തോട്ട് ഇറങ്ങിയിരുന്നെങ്കില്‍ ഇവിടം ഞങ്ങള്‍ക്ക് ക്ലീന്‍ ആക്കാമായിരുന്നു"
ഉര്‍വ്വശി ശാപം ഉപകാരം!!!
ഓലക്കുടയും ചൂടി പുറത്തേക്ക് ഇറങ്ങിയപ്പോ ക്ലീന്‍ ചെയ്യാന്‍ വന്നവരില്‍ ഒരുവന്‍ ചോദിച്ചു:
"സാറാണോ മഹാബലി?"
രാവിലെ മുതലുള്ള സംഭവങ്ങളുടെ ആകെ തുകയായി ഒരിക്കല്‍ കൂടി വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:
"അല്ലെടാ, മഹാബലി നിന്‍റെ അമ്മേടേ......"
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:
"... നിന്‍റെ  അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"
തന്നേ??
തന്നടേ, തന്നെ.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com