For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഉറക്കമില്ലാത്ത രാത്രി
(പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കളുടെ അനുവാദത്തോട് കൂടി മാത്രം വായിക്കുക)

ഇതൊരു തുടര്‍ച്ചയാണ്, അത് മാത്രമല്ല ഒരു ചോദ്യത്തിനുള്ള മറുപടിയും.ഈ കഥ വായിക്കുന്നവര്‍ ദയവായി ഇതിന്‍റെ ആദ്യ ഭാഗം വായിക്കേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആദ്യഭാഗം..
ദേവാംഗന കാത്തിരിക്കുന്നു

റീജണല്‍ ഡ്രസിംഗ് ഡേ ആണെന്ന് തെറ്റിദ്ധരിച്ച് ഓഫീസില്‍ ചെന്ന എന്നില്‍ ക്ലൈന്‍റായ മാദാമ്മ, സോറി ഡയാനാ കെല്ലി എന്ന മേഡം ആകൃഷ്ടയാകുകയും, എച്ച്.ആര്‍ ആയ ദേവാംഗനയോട് എന്നെ പേഴ്സണലായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതറിഞ്ഞ് എല്ലാവരും എന്നോട് ചോദിച്ചു..
എന്തിനാ മാദാമ്മ കാണണമെന്ന് പറഞ്ഞത്??
ആ ചോദ്യത്തിനുള്ള മറുപടിയാണ്‌ ഈ കഥ!!
നിങ്ങളെ എല്ലാവരെയും ഞാന്‍ ഒരിക്കല്‍ കൂടി അന്നത്തെ ദിവസത്തേക്ക് ക്ഷണിക്കുന്നു..
മാദാമ്മ എന്നെ കാണണമെന്ന് പറഞ്ഞ ആ മുടിഞ്ഞ ദിവസത്തിലേക്ക്..

രാവിലെ മുതല്‍ പ്രശ്നങ്ങള്‍ തന്നെ, കുളിക്കാന്‍ കയറിയപ്പോ ചൂട് വെള്ളം മാത്രം, മുണ്ടുടുത്ത് വന്നപ്പോ ടൈ കെട്ടിയ വേഷങ്ങള്‍, ഇതിനിടയിലാ മാദാമ്മക്ക് എന്നെ കാണണമെന്ന്!!
എന്‍റെ മുത്തപ്പാ, ഇത് എന്നാ കുരിശിനാണോ ആവോ??
പ്രോജക്റ്റ് മാനേജറുടെ അടുത്ത്, മോളേ കെട്ടിക്കാനായിരിക്കും എന്ന മട്ടില്‍ നിന്നെങ്കിലും ചങ്കിലെവിടെയോ ഒരു പിടപിടപ്പ്.നേരെ ദേവാംഗനയുടെ അടുത്ത് ചെന്നു..
"മനുവിന്‍റെ മുഖത്തെന്താ ഒരു ടെന്‍ഷന്‍?"
"അത് മാദാമ്മ കാണണമെന്ന് പറഞ്ഞിരുന്നു, അതാലോചിച്ചപ്പോ ഒരു ടെന്‍ഷന്‍"
"ഡോണ്‍ട് വറി, അത് അത്താഴത്തിനു ഹോട്ടലില്‍ പോയി കണ്ടാ മതി"
എന്‍റെ റബ്ബേ!!!
എന്നാത്തിനാ??
തലക്ക് മുകളില്‍ തീ പിടിച്ച മെഴുകുതിരി പോലെ ഞാനൊന്നു ഉരുകി.

അല്ല, എന്നെ കുറ്റം പറയേണ്ടാ.ഞാനാണെങ്കി ഒരു സാദാ ചെറുപ്പക്കാരന്‍.ചോരയും, നീരും, മജ്ജയും, മാംസവുമുള്ളവന്‍.മാദാമ്മക്ക് എന്നെക്കാള്‍ ഒരു എട്ട് വയസ്സ് മൂപ്പ് കാണും.കേട്ടിട്ടുള്ള അറിവ് വച്ച് ഇവറ്റകള്‍ക്കൊന്നും സദാചാര ബോധമില്ല.കണ്ടിട്ടുള്ള ഇംഗ്ലീഷ് പടങ്ങളെല്ലാം അത് അരക്കിട്ട് ഉറപ്പിക്കുന്നതാ, അല്ലെങ്കില്‍ അമ്മാതിരിയുള്ള ഇംഗ്ലീഷ് പടങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു.
ഇന്ന് എന്തും സംഭവിക്കാം!!
രക്ഷപ്പെടാന്‍ എന്ത് വഴി?
ഞാനൊരു പതിവ്രതനാണെന്ന് വെട്ടി തുറന്ന് പറഞ്ഞാലോ??
അതേ, അതാണ്‌ നല്ലത്!!
ഞാന്‍ തീരുമാനിച്ചു.

എന്നാല്‍ അതിലും ഒരു കടമ്പ ഉണ്ടായിരുന്നു..
മാദാമ്മക്ക് ഇംഗ്ലീഷേ അറിയു, മലയാളം അറിയില്ല.എനിക്കാണെങ്കില്‍ ഇംഗ്ലീഷും മലയാളവും അറിയാം, പക്ഷേ എന്‍റെ ഇംഗ്ലീഷ് മാദാമ്മക്ക് അറിയാന്‍ വഴിയില്ല, കാരണം ഇംഗ്ലീഷില്‍ ഞാന്‍ പറയുന്ന വാചകങ്ങളുടെ അര്‍ത്ഥം ഡിക്ഷ്ണറി നോക്കി ഞാന്‍ തന്നെ കണ്ടെത്തുകയാ പതിവ്.
ഇനി എന്നാ ചെയ്യും??
കാര്യം പ്രോജക്റ്റ് മാനേജര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.എല്ലാം കേട്ടപ്പോള്‍ അങ്ങേര്‌ എന്‍റെ തോളില്‍ തട്ടി പറഞ്ഞു:
"ഭാഗ്യവാന്‍, ആള്‍ ദി ബെസ്റ്റ്"
തുടര്‍ന്ന് തലയും കുലുക്കി ഒരു നിരാശ ഭാവത്തില്‍ അദ്ദേഹം നടന്നു നീങ്ങി.ആ നടപ്പ് കണ്ടാ അറിയാം, മാദാമ്മ അയാളെ വിളിക്കാത്തതില്‍ അങ്ങേര്‍ക്ക് വിഷമമുണ്ട്.ഇന്ന് മുണ്ട് ഉടുക്കാതെ കോട്ടും ടൈയ്യും കെട്ടിയ നിമിഷത്തെ അദ്ദേഹം ശപിക്കുകയാണെന്ന് തോന്നുന്നു.ഒരു പക്ഷേ മാദാമ്മയെ ഇംപ്രസ്സ് ചെയ്യാന്‍ നാളെ അദ്ദേഹം ഒരു തോര്‍ത്ത് ഉടുത്ത് വരാനും സാധ്യതയുണ്ട്.
കഷ്ടം തന്നെ!!
ഇനി എന്ത് വഴി??
ഒന്നുമില്ല, ഹോട്ടലില്‍ പോകുക തന്നെ.

നേരെ റൂമിലെത്തി, കുളിച്ചെന്ന് വരുത്തി, അത്തറ്‌ പൂശി, മുണ്ട് ഉടുത്ത്, ഷര്‍ട്ടിട്ട്, കുറിയിട്ട്, സുന്ദരനായി.കണ്ണാടിയില്‍ ഒന്നൂടെ നോക്കി..
യെസ്സ്, ബ്യൂട്ടിഫുള്‍!!
ഉറപ്പിനായി തടിയനോട് ആരാഞ്ഞു:
"എടേയ്, ഞാന്‍ ബ്യൂട്ടിഫുള്ളല്ലേ?"
എന്തോ വേണ്ടാത്തത് കേട്ട ഭാവം അവന്‍റെ മുഖത്ത്, പിന്നെ ചെറു ചിരിയോടെ മറുപടി:
"അണ്ണന്‍ എന്നോട് ചോദിച്ച പോലെ ആരോടേം ചോദിക്കരുത്, ബ്യൂട്ടിഫുള്‍ അല്ല, ഹാന്‍ഡ്സം, അതാ കറക്റ്റ്"
അവന്‍ അങ്ങനെ പറഞ്ഞപ്പോഴാ ബോബനും മോളിയിലും ഐഡിയ വരുമ്പോ കത്തുന്ന പോലത്തെ ഒരു ബള്‍ബ് എന്‍റെ തലക്ക് മുകളില്‍ കത്തിയത്..
തടിയനു ഇംഗ്ലീഷറിയാം, അവനെ കൂടി കൊണ്ട് പോയാലെന്താ?
വൈ നോട്ട്???
കാര്യം അവതരിച്ചപ്പോ അവന്‍ തയ്യാര്‍.ഇറങ്ങും മുമ്പേ ഒരു കാര്യം ഉണര്‍ത്തിച്ചു:
"മോനേ, ചിലപ്പോ ഞാനും മാദാമ്മയും ഡിസ്ക്കഷനു വേണ്ടി മുറിക്കകത്തായിരിക്കും, അപ്പോ പുറത്തിരിക്കേണ്ടി വരും, കുഴപ്പമുണ്ടോ?"
"ഇല്ലണ്ണാ, വേണേ ഞാനും അകത്ത് വരാം"
ഹേയ്, അത് വേണ്ടാ!!
അമ്പടാ!!

നേരെ ബൈക്കിനു അടുത്തേക്ക്..
സ്റ്റാര്‍ട്ട് ചെയ്ത് തടിയനോട് പറഞ്ഞു:
"കേറടേ"
അവന്‍ പുറകില്‍ കയറിയപ്പോ ഫ്രണ്ട് വീല്‍ ഒന്ന് പൊങ്ങി, അതെന്‍റെ സ്റ്റൈലല്ല, അവന്‍റെ വെയ്റ്റാ.രാവിലെ സന്ദീപ് എന്നോട് ചോദിച്ച ചോദ്യം അറിയാതെ അവനോട് ചോദിച്ചു:
"നീ ദിവസവും ആനയെ ആണോ കഴിക്കുന്നത്?"
"ഒന്ന് പോ അണ്ണാ" അവനു നാണം.
ബൈക്ക് ഹോട്ടലിലേക്ക്..

ഹോട്ടലില്‍ ചെന്നപ്പോ ഒരു പ്രശ്നം..
മുണ്ട് ഉടുത്തവരെ അകത്ത് കേറ്റില്ലത്രേ.
വേണേല്‍ തടിയനു കേറാം പോലും, അതങ്ങ് പള്ളി പറഞ്ഞാ മതി, അമ്പടാ!!
ഞാന്‍ നേരെ ദേവാംഗനെ വിളിച്ചു, പിന്നെ പ്രോജക്റ്റ് മാനേജരെ വിളിച്ചു, ഒടുവില്‍ ക്ലൈന്‍ മാദാമ്മയെ വിളിച്ചു, ഇവരെല്ലാം തിരിച്ച് ഹോട്ടലിലേക്ക് വിളിച്ചു, ഹോട്ടല്‍ മാനേജര്‍ സെക്യൂരിറ്റിയെ വിളിച്ചു, അങ്ങനെ സെക്യൂരിറ്റി എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു:
"സാര്‍ കേറിക്കോ"
അകത്ത് ചെന്നപ്പോ അടുത്ത പ്രശ്നം..
ലിഫ്റ്റ് വര്‍ക്കിംഗ് അല്ല!!
പഴനിയാണ്ടവനെ മനസില്‍ ധ്യാനിച്ച് സ്റ്റെപ്പ് കേറി.പത്ത് മിനിറ്റിനുള്ളില്‍ വിയര്‍ത്തൊലിച്ച രണ്ട് രൂപങ്ങള്‍ മാദാമ്മയുടെ റൂമിനു മുന്നിലെത്തി, പതുക്കെ ബെല്ലമര്‍ത്തി..
ഒരു കിളി ചിലക്കുന്ന സൌണ്ട്!!
കാക്കയാണോ, കോഴിയാണോ, അതോ പുള്ളാണോ??
കോളിംഗ് ബെല്ലിന്‍റെ സൌണ്ടിനെ പറ്റി ആലോചിച്ച് നില്‍ക്കവേ വാതില്‍ തുറന്നു..
മുന്നില്‍ മാദാമ്മ!!
എന്നെ കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ചു, കെട്ടി പിടിച്ചില്ല!!
ഉമ്മ വെക്കുമെന്ന് കരുതി, ഉമ്മ വെച്ചില്ല!!
പകരം ഒരു 'ഹായ്' മാത്രം..
അമേരിക്കന്‍ സംസ്ക്കാരമില്ലത്ത മാദാമ്മ!!
ഡേര്‍ട്ടി ഡേവിള്‍!!
പതിയെ റൂമിലേക്ക്..

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ട് പോയല്ലോന്ന് കരുതി നില്‍ക്കേ മാദാമ്മ സംസാരിച്ച് തുടങ്ങി.നമ്മള്‍ പച്ചമലയാളം പറയും പോലെ അവര്‍ ഇംഗ്ലീഷ് പറഞ്ഞപ്പോ കണ്ണ്‌ തള്ളി.ഒടുവില്‍ 'യെസ്', 'നോ', 'ആക്ച്വലി', 'വെരി ഗുഡ്' ഇമ്മാതിരി കുറേ വാക്ക് വച്ച് തിരിച്ച് പൊരുതി.
"യൂ ആര്‍ ഫ്രം ഗോഡ്സ്സ് ഓണ്‍ കണ്ട്രി, റൈറ്റ്?"
അതായത് വലത് വശത്തിരിക്കുന്ന ഞാന്‍ ദൈവത്തിന്‍റെ നാട്ടീന്നാണോ വരുന്നതെന്ന്.വലത്ത് ഇരിക്കുന്ന ഞാന്‍ മാത്രമല്ല, ഇടത്തിരിക്കുന്ന തടിയനും കേരളത്തില്‍ നിന്നാണെന്ന് മറുപടി നല്‍കി:
"നോട്ട് ഒള്ളി റൈറ്റ്, ലെഫ്റ്റ് ആള്‍സോ"
മാദാമ്മയുടെ കണ്ണ്‌ തള്ളി!!!

പിന്നെ കേരളത്തെ കുറിച്ചായി സംസാരം.കേരളത്തെ കുറിച്ച് പറയുമ്പോ മാദാമ്മക്ക് നൂറ്‌ നാവ്.ഇടക്കിടെ 'കേരള' 'കേരള' എന്ന് പറയുന്നതിനാല്‍ കേരളത്തെ കുറിച്ചാണെന്ന് എനിക്ക് ഉറപ്പായി.എന്‍റെ മുഖത്ത് നോക്കി സംസാരിക്കുന്ന മാദാമ്മ ഇടക്കിടെ എന്‍റെ നെഞ്ചിലേക്ക് നോക്കുന്നോന്നൊരു സംശയം!!
എന്തേ??
അമ്പരന്ന് നിന്നപ്പോ മാദാമ്മയുടെ സൌണ്ട്:
"ഐ ലൈക്ക് ദിസ് പ്ലേസ്സ്"
ഞെട്ടി നോക്കിയപ്പോ മാദാമ്മയുടെ കണ്ണ്‌ എന്‍റെ നെഞ്ചി തന്നെ..
അള്ളാ!!
ഷര്‍ട്ടിന്‍റെ ഇടാനുള്ള ഒരു ബട്ടണ്‍ കൂടി ഇട്ടട്ട് ഞാന്‍ മൊഴിഞ്ഞു:
"ദിസ് പ്ലേസ്സ് ഈസ്സ് ഫോര്‍ മൈ വൈഫ്"
"വാട്ട്??"
ഹേയ്, ഒന്നുമില്ല.

സമയം പതുക്കെ ഇഴഞ്ഞു നീങ്ങി..
അത്താഴത്തിനു മാദാമ്മയുടെ ക്ഷണം, കൂടെ ഇംഗ്ലീഷില്‍ ഒരു പാരഗ്രാഫ് വാക്കും.എന്തിര്‌ മൊഴിഞ്ഞതെന്ന് അറിയില്ലെങ്കിലും പതിയെ എഴുന്നേറ്റു, എന്നിട്ട് പറഞ്ഞു:
"യെസ്സ്"
സമീപമിരിക്കുന്ന തടിയനു സൌണ്ടില്ല, തട്ടിയുണര്‍ത്തിയപ്പോ ഞെട്ടിത്തെറിച്ചു കൊണ്ട് അവന്‍ ചോദിച്ചു:
"മാദാമ്മ ഇപ്പൊ പറഞ്ഞത് അണ്ണനു മനസിലായോ?"
ഇംഗ്ലീഷല്ലേ??
സത്യത്തില്‍ എനിക്ക് അത്രേ മനസിലായുള്ളായിരുന്നു.അതിനാലാവാം അവന്‍ വിശദമാക്കി..
മാദാമ്മക്ക് കേരളം ഇഷ്ടമാണ്.അതിനാലാണ്‌ മലയാളിയായ എന്നെ ഹോട്ടലിലേക്ക് വരുത്തിയത്.മാത്രമല്ല എന്‍റെ സന്തോഷത്തിനു ചോറും അവിയലും പ്രത്യേകമായി വരുത്തിയട്ടുണ്ടത്രേ, ബെസ്റ്റ്!!
തള്ളക്ക് ഭ്രാന്താ!!
അല്ലേല്‍ മലയാളിക്ക് അവിയല്‌ കൊടുക്കുമോ??
ഇങ്ങനെ ചിന്തിച്ചിരിക്കെ മാദാമ്മയുടെ മറ്റൊരു ആഗ്രഹം കൂടി തടിയന്‍ പറഞ്ഞു..
അതായത് ആ വരുന്ന വെള്ളി, ശനി, ഞയര്‍ കേരളത്തിലേക്കൊരു ട്രിപ്പ്.അതിനു ഗൈഡ് ചെയ്യാന്‍ ഞാന്‍ കൂടെ ചെല്ലണമെന്ന്.അവരുടെ ഇത്രേം ആവശ്യങ്ങള്‍ക്കാണ്‌ ഞാന്‍ യെസ്സ് പറഞ്ഞതത്രേ.
അത് നന്നായി!!

അന്ന് അത്താഴം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ നല്ലോണ്ണം ഉറങ്ങി.
അതിനു കാരണമുണ്ട്..
കമ്പനിയില്‍ ആര്‍ക്കും കിട്ടാത്ത ഭാഗ്യം!!
ക്ലൈന്‍റ്‌ മാദാമ്മക്കൊപ്പം കേരളത്തിലേക്കൊരു ട്രിപ്പ്.ബാംഗ്ലൂരീന്ന് കേരളത്തിലേക്കും, തിരിച്ച് ബാംഗ്ലൂരിലേക്കും ഓസിനു ഫ്ലൈറ്റിലൊരു യാത്ര.പാണ്ഡ് പിടിച്ചവനെ കണ്ടാലും സായിപ്പാണെന്ന് കരുതി വാ പൊളിച്ച് നില്‍ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ ചെത്താന്‍ ഒരു സുവര്‍ണ്ണ അവസരം.
ഹോ, വാട്ട് എ ലക്ക്!!

വ്യാഴാഴ്ച രാത്രിയില്‍ ഫ്ലൈറ്റ്.യാത്രയാക്കാന്‍ വന്ന പ്രോജക്റ്റ് മാനേജരുടെ മുഖത്ത് കടന്നല്‍ കുത്തിയ ഭാവം.ഫ്ലൈറ്റില്‍ കേരളത്തിലേക്ക് യാത്ര തുടങ്ങിയപ്പോ തന്നെ 'യെസ്സ്' എന്നാല്‍ മലയാളത്തില്‍ 'അതേ' ആണെന്നും, 'നോ' എന്നാ മലയാളത്തില്‍ 'അല്ല' ആണെന്നും ഉള്ള ചില പൊടിക്കൈകള്‍ പഠിപ്പിച്ച് മാദാമ്മയെ മലയാളിയാക്കാന്‍ ഒരു ശ്രമം.
ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തു..
തുടര്‍ന്ന് കാറില്‍ വീട്ടിലേക്ക്..
ഇതിപ്പോ വീട്ടുകാര്‍ക്ക് ഒരു സര്‍പ്രൈസാകും.കാരണം ക്ലൈന്‍ മേഡത്തോടൊപ്പം നാട്ടില്‍ വരുന്നത് ഞാന്‍ വിളിച്ചറിയിച്ചില്ല.അബദ്ധത്തിലെങ്ങാനും അമ്മ വഴി നാട്ടുകാരറിഞ്ഞാ പിന്നെ രാവിലെ തൃശൂര്‍ പൂരത്തിനുള്ള ആള്‌ വീട്ടില്‍ കാണും, എന്തിനാ വെറുതെ!

കാറ്‌ വീട്ടിലെത്തി..
കോളിംഗ് ബെല്ലമര്‍ത്തി.
കതകു തുറന്ന അമ്മയുടെ മുന്നിലേക്ക് മാദാമ്മയെ നീക്കി നിര്‍ത്തി ഞാന്‍ പറഞ്ഞു:
"അമ്മേ, ദേ ആരാ വന്നേന്ന് നോക്കിയെ"
എന്‍റെ കൂടൊരു മാദാമ്മയെ കണ്ടതും അമ്മയുടെ മുഖമൊന്ന് വാടി, കണ്ണൊന്ന് കലങ്ങി, പിന്നെ ഒന്നും മിണ്ടാതെ തിരിച്ച് ഒറ്റപോക്ക്!!
എന്നാ പറ്റി??
രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോ വാതിലിന്‍റെ സൈഡീന്ന് അണ്ണാന്‍കുഞ്ഞ് എത്തി നോക്കുന്ന പോലെ ഒരു തല, അനുജത്തി!!
അടുത്ത നിമിഷം ആമ തല വലിക്കുന്ന പോലെ അവളും തല വലിച്ചു.
ശെടാ, എന്നാ പറ്റി??
സത്യത്തില്‍ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.എന്നാ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ കത്തിച്ച് വച്ച ഒരു നിലവിളക്കുമായി വന്ന അമ്മ അത് മാദാമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട്, കവിയൂര്‍ പൊന്നമ്മ പറയുന്ന പോലെ 'മോള്‌ വലത് കാല്‌ വച്ച് അകത്തോട്ട് കേറിക്കോന്ന്' പറഞ്ഞപ്പോ തലകറങ്ങുന്ന പോലെ തോന്നി.
എന്‍റെ കര്‍ത്താവേ!!
അമ്മയിത് എന്നാ ഭാവിച്ചാ??

മാദാമ്മയുടെ കണ്ണില്‍ സംശയഭാവം:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ ലാമ്പ്!!
എന്തായാലും മാദാമ്മ വലത് കാല്‌ വച്ച് തന്നെ അകത്ത് കയറി.മാദാമ്മയുടെ പുറകെ അകത്തേക്ക് കേറിയ അമ്മ തിരിഞ്ഞൊരു നോട്ടം നോക്കി..
എന്നാലും ഞങ്ങളോടീ ചതി ചെയ്തല്ലോടാ മോനേ!!
ഇനിയും താമസിച്ചാ അമ്മ പാലും പഴവും കൊടുത്തിട്ട്, മണിയറ ഒരുക്കുമെന്ന് തോന്നിയപ്പോ സത്യം പെട്ടന്ന് ബോധിപ്പിച്ചു.അമ്മയങ്ങ് അബദ്ധക്കാരിയായി, അതിനാലാവാം എന്നോട് ചോദിച്ചു:
"നമുക്ക് ആ വിളക്കിങ്ങ് തിരിച്ച് വാങ്ങിയാലോ മോനേ?"
മിണ്ടരുത്!!

എന്തായാലും ഞാന്‍ മാദാമ്മയെ കെട്ടികൊണ്ട് വന്നെന്ന വാര്‍ത്ത നാട് മൊത്തം പരന്നു.കേട്ടവര്‍ കേട്ടവര്‍ വീട്ടിലേക്ക് വന്നു.എല്ലാവര്‍ക്കും കാണേണ്ടത് ഒരു രൂപം മാത്രം, മാദാമ്മ!!

മാദാമ്മയെ കണ്ടപ്പോ ആദ്യം ചോദ്യം എയ്തത് ശങ്കുണ്ണി അമ്മാവനായിരുന്നു:
"പെണ്ണിന്‍റെ കഴുത്തി താലി ഇല്ലല്ലോടാ?"
"അമ്മാവാ, അതിനു ഞാന്‍ കെട്ടിയില്ല"
"കെട്ടാതെ കൂടെ താമസിപ്പിക്കുന്നതൊക്കെ അമേരിക്കയില്‍, ഇവിടത് പറ്റില്ല"
ദേ കിടക്കണ്!!!
ആദ്യമായി ഞാന്‍ അമ്മാവനെ തന്തക്ക് വിളിച്ചു.

അടുത്ത പാറുവമ്മ, അവര്‍ക്ക് മാദാമ്മയോട് നേരിട്ട് സംസാരിക്കണം പോലും.
ശരി ആയിക്കോട്ടെ..
"കുഞ്ഞിന്‍റെ വീട്ടീന്ന് പൈസ ഒക്കെ അയച്ച് തരാറുണ്ടോ?"
മാദാമ്മക്ക് എന്താ ചോദ്യമെന്ന് മനസിലായില്ല, അവര്‍ പറഞ്ഞു:
"ഐ കാണ്ട് ഗെറ്റ്"
അത് കേട്ടതോടെ പാറുവമ്മക്ക് എല്ലാം മനസിലായി, അവര്‍ എല്ലാവരോടുമായി വിശദീകരിച്ചു:
"അയക്കാണ്ട് കിട്ടും എന്നാ കൊച്ച് പറയുന്നത്!!"
ഈശ്വരാ!!

ആള്‌ കൂടി കൂടി വരുന്നു, അത് കണ്ടതും മാദാമ്മക്ക് ആകെ അത്ഭുതം.അവര്‌ ആദ്യമായാണത്രേ ഒരു അതിഥി വന്നാ സ്വീകരിക്കാന്‍ ഇങ്ങനെ ആള്‌ കൂടുന്നത് കാണുന്ന പോലും.അത് പിന്നെ തൃശൂര്‍ പൂരത്തിനു ഗജവീരന്‍മാര്‍ നില്‍ക്കുന്ന പോലെ ഒരു പെമ്പ്രന്നോത്തി വന്ന് നെഞ്ചും വിരിച്ച് നിന്നാ എവിടാ ആള്‌ കൂടാത്തെ?
മാദാമ്മക്ക് സന്തോഷമാകട്ടെന്ന് കരുതി വച്ചു കാച്ചി:
"ദേ കം റ്റു സീ യു"
തന്നെ കാണാനാ ഇത്രേം ആള്‌ കൂടിയതെന്നറിഞ്ഞപ്പോ വൈറ്റ് വാഷടിച്ച ഹിഡുംബിക്ക് അഭിമാനം.അവരുടെ ആത്മഗതം:
"ഐ അം ബ്യൂട്ടിഫുള്‍"
മാദാമ്മ ബ്യൂട്ടിഫുള്ളാണെന്ന്!!
എനിക്കങ്ങ് ചിരി വന്നു..
മാദാമ്മമാരിലും മണ്ടിയോ??
ഒരിക്കല്‍ തടിയന്‍ ഉപദേശിച്ച ഓര്‍മ്മയില്‍ ഞാനവരെ തിരുത്തി:
"മേഡം, യു ആര്‍ നോട്ട് ബ്യൂട്ടിഫുള്‍, യു ആര്‍ ഹാന്‍ഡ്സം"
ടിഷ്യും!!!
മാദാമ്മയുടെ മുഖത്ത് മറുതയുടെ ഭാവം!!
എന്നാ പറ്റി??
മാദാമ്മ ഹാന്‍ഡ്സമല്ലേ??
അല്ല,തടിയന്‍ അങ്ങനാണെല്ലോ പറഞ്ഞത്!!

എന്‍റെ മറുപടി രസിച്ചിട്ടാകണം മാദാമ്മ അകത്തേക്ക് കേറി പോയി.പതുക്കെ പതുക്കെ ആള്‌ കുറഞ്ഞ് വന്നു.ഇപ്പോ മുറ്റത്ത് ഞാനും, ശങ്കുണ്ണി അമ്മാവനും മാത്രം ബാക്കി..
"നീയിങ്ങ് വന്നേ, ചോദിക്കട്ടെ" അമ്മാവനു എന്തോ അറിയണം.
"എന്താ അമ്മാവാ?"
"ഞാനൊരു പുരോഗമന ചിന്താഗതികാരനാ, എന്നാലും ചോദിക്കുവാ, പെണ്ണ്‌ നായരാണോ?"
മാദാമ്മ നായരാണോന്ന്??
അതേ അമ്മാവാ, അതേ..
ഡയാനാ കെല്ലി നായര്‍!!
ഇവളുടെ അച്ഛന്‍ വിന്‍സന്‍ തോമസ്സ് നായര്‍.അമ്മ മേനോത്തിയാ, ക്രിസ്റ്റീന മേനോന്‍.ഒരു ആങ്ങളയുണ്ട് അവന്‍ മാത്രം വര്‍മ്മയായി പോയി, ആല്‍ബര്‍ട്ട് വര്‍മ്മ!!
അമ്മാവനു സന്തോഷമായി:
"അല്ലേലും നിനക്ക് അബദ്ധം പറ്റില്ലെന്നെനിക്കറിയാം"
ഇതി കൂടുതല്‍ ഇനി എന്നാ പറ്റാനാ??
പോകും മുമ്പേ അമ്മാവന്‍ ഒരു കാര്യം കൂടി പറഞ്ഞു:
"എത്രം വേഗം നീ അവടെ കഴുത്തിലൊരു താലി കെട്ടണം"
പിന്നെന്താ, അമ്മാവന്‍ ചെല്ല്.
അങ്ങനെ തൊലി വെളുപ്പ് കണ്ട് മാദാമ്മയില്‍ മയങ്ങിയ എന്‍റെ കഥ, അറിയാത്തവരെ അറിയിക്കാന്‍ അമ്മാവന്‍ യാത്രയായി, കരയില്‍ ഞാന്‍ മാത്രമായി.

തുടര്‍ന്ന് ബ്രേക്ക്‌ഫാസ്റ്റ്..
പലഹാരത്തിന്‍റെ കൂടെ ഉണ്ണിയപ്പം കൊടുത്തപ്പോള്‍ മാദാമ്മക്ക് അത്ഭുതം.
"വാട്ടീസ്സ് ദിസ്സ്?"
ലാലേട്ടന്‍റെ ഡയലോഗാ മനസില്‍ വന്നത്..
ദിസ് ഈസ് സ്മാള്‍ അപ്പം, ഏത് ഭാഷക്കാര്‍ക്കും കഴിക്കാം!!
അത്ഭുതം വിട്ട് മാറാതെ മാദാമ്മ പിന്നെയും പുലമ്പുന്നു..
"ദിസ് ഫ്രൂട്ട് ഈസ് നോട്ട് ഇന്‍ മൈ പ്ലേസ്"
ഉണ്ണിയപ്പം എന്ന പഴവര്‍ഗ്ഗം അവരുടെ നാട്ടിലൊന്നും ഇല്ലെന്ന്!!
എന്ത് പറയാന്‍??
ഒടുവില്‍ മാദാമ്മ തിരിച്ച് പോകുമ്പോള്‍ അതിന്‍റെ കുരു തന്ന് വിടാം എന്ന് മറുപടി നല്‍കി.അവര്‍ക്കങ്ങ് സന്തോഷമായി, അത് മറുപടിയില്‍ പ്രതിഫലിച്ചിരുന്നു:
"താങ്ക്യൂ മനു, താങ്ക്യൂ വെരിമച്ച്"
കഷ്ടം!!
ആ പ്രഭാതം അങ്ങനെ കഴിഞ്ഞു.

പിന്നീട് സംഭവിച്ചത്..
ആദ്യത്തെ ദിവസത്തിന്‍റെ സുപ്രഭാതം ഇത്ര പച്ച പിടിച്ചതാണേല്‍, അടുത്ത മൂന്ന് ദിവസത്തിനകം എന്നെ കൊണ്ട് മാദാമ്മയെ താലി കെട്ടിക്കുമെന്ന് മനസിലായ നിമിഷം ഞാന്‍ മാദാമ്മയേയും കൂട്ടി അവിടുന്ന് മുങ്ങി.പിന്നെ പൊങ്ങിയത് ആലപ്പുഴയിലാ..
ഒരു ഹൌസ് ബോട്ടില്‍ കായല്‌ മൊത്തം ചുറ്റിക്കാണിച്ചു, മാദാമ്മ ആദ്യമായാ കായല്‌ കാണുന്നതെന്ന് തോന്നുന്നു, മീനിനെ കണ്ട് 'ഫിഷ്' എന്നും കായല്‌ കണ്ട് 'വാട്ടര്‍' എന്നും നിലവിളിക്കുന്നത് കേട്ടു.തുടര്‍ന്ന് തിരുവനന്തപുരത്ത് കൊണ്ട് പോയി സെക്രട്ടറിയേറ്റ് കാണിച്ചു, ഏതാ ഈ കെട്ടിടം എന്ന ചോദ്യത്തിനു എന്‍റെ അച്ഛന്‍റെ കൊട്ടാരമാണെന്ന് മറുപടി നല്‍കി.
പിറ്റേന്ന് കൊച്ചിയില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോള്‍ മാദാമ്മ ചോദിച്ചു:
"വാട്ടീസ്സ് ദെയര്‍?"
കൊച്ചിയില്‍ എന്തുവാണെന്ന്??
കടലുണ്ടെന്ന് മറുപടി നല്‍കി:
"ദെയര്‍ സീ റ്റു സീ"
"ഓ, ഐ സീ"
ങ്ഹാ, ആ സീ!!
ഭാഗ്യം, മാദാമ്മക്ക് എല്ലാം മനസിലായെന്ന് തോന്നുന്നു.

തുടര്‍ന്ന് ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ അന്തിയുറക്കത്തിനുള്ള പ്ലാന്‍.അന്ന് രാത്രി ഉറങ്ങുന്നതിനു മുന്നേ ഒരു ഫോണ്‍ വന്നു, പ്രോജക്റ്റ് മാനേജരുടെ:
"എവിടെയാ?"
"ആലപ്പുഴയില്‍, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന്‍ പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്‍ഫുള്‍!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള്‍ ബ്ലണ്ടര്‍!!
തുടര്‍ന്ന് മാനേജര്‍ക്ക് ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ റൂമിലേക്ക്..
എനിക്കറിയാം, അങ്ങേരിന്ന് ഉറങ്ങില്ല, ഉറപ്പ്.

(തുടരും)

മൂന്നാം ഭാഗം..
ചലോ ചലോ ചെറായി
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സിഗററ്റ് വലി ആരോഗ്യത്തിനു ഹാനികരം!!)

ദേവാംഗന കാത്തിരിക്കുന്നു
ബാംഗ്ലൂര്‍ നഗരം..
ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്ന് അറിയപ്പെടുന്ന ഇവളൊരു സുന്ദരിയാണ്!!
ചെമ്പരത്തി പൂ ചെവിയില്‍ വച്ചത് പോലെ തെക്ക് വടക്ക് ഓടുന്ന സോഫ്റ്റ്വെയര്‍ പുലികളും, കൈലേസ്സ് കൊണ്ട് നാണം മറക്കുന്ന തരുണിമണികളും, നട്ടുച്ചക്ക് നാണം കെട്ട് പിരിവ് ചോദിക്കുന്ന ട്രാഫിക്ക് ഏമാന്‍മാരും, കൂളിംഗ്‌ഗ്ലാസ്സ് വച്ച കോര്‍പറേറ്റ് കഴുതകളും ഈ നഗരത്തിന്‍റെ പ്രത്യേകതയാണ്.കൂളിംഗ്‌ഗ്ലാസ്സിന്‍റെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഈയുള്ളവനും ഈ നഗരത്തിലെ ഒരു കോര്‍പ്പറേറ്റ് അംഗമാണെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെ.

ഇനി നാട്ടിന്‍പുറങ്ങളിലേ ഒരു സംസാരം ശ്രദ്ധിക്കൂ..
"മകന്‍ എവിടെയാ?"
"മോനങ്ങ് ബാംഗ്ലൂരിലാ, അവിടെ അവന്‍ നല്ല സെറ്റപ്പിലാ"
"ജോലിയുണ്ടോ?"
"അവനവിടെ വല്യ എഞ്ചിനീറയല്ലിയോ?"
"അല്ലിയോ??"
"അതേ, അതേ, ആണെന്നാ പറഞ്ഞത്"
ഭാഗ്യവാന്‍!!

നാട്ടിന്‍പുറങ്ങളില്‍ ബാംഗ്ലൂരിനെ പറ്റിയുള്ള കാഴ്ചപ്പാടും, പൊതുവേ ബാംഗ്ലൂരിനെ കുറിച്ചുള്ള കാഴ്ചപ്പാടും മേല്‍ സൂചിപ്പിച്ച വരികളില്‍ ദര്‍ശിക്കാവുന്നതാണ്.എന്നാല്‍ ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീരുടെ പച്ചയായ ജീവിതം അറിയേണമെങ്കില്‍ ആദ്യം ബാംഗ്ലൂര്‍ എന്തെന്ന് അറിയണം, പിന്നെ ബാച്ചി എന്തെന്ന് അറിയണം, തുടര്‍ന്ന് ബാച്ചിലര്‍ ലൈഫിനെ കുറിച്ച് അറിയണം.
ഇതാ എന്‍റെ ബാച്ചിലര്‍ ലൈഫില്‍ നിന്നും അടര്‍ത്തിയെടുത്ത മലരുകള്‍..

കേരളത്തിലെ കുത്തഴിഞ്ഞ ജീവിതം.
അച്ഛനും അമ്മയും എനിക്കൊരു നല്ല ഭാവിക്കായി പ്രാര്‍ത്ഥിച്ചു, നാട്ടുകാര്‌ അവര്‍ക്ക് മനസമാധാനം കിട്ടണേന്ന് പ്രാര്‍ത്ഥിച്ചു, പെണ്‍കുട്ടികള്‍ അവരുടെ കല്യാണം നടക്കാന്‍ പ്രാര്‍ത്ഥിച്ചു.ദൈവം എല്ലാ പ്രാര്‍ത്ഥനയും കേട്ടു, എനിക്ക് ബാംഗ്ലൂരില്‍ ജോലി തന്നു..
കര്‍ത്താവിനു ഒരു വെടിക്ക് മൂന്ന് പക്ഷി!!

ബാച്ചി ലൈഫ് ആരംഭം..
ഞാനും സന്ദീപും പിന്നൊരു തടിയനും.ജീവിതം ഒരു കൊച്ച് മുറിയില്‍, വിത്ത് ബാത്ത് റൂം അറ്റാച്ചഡ്.കാലയില്‍ ജോണേട്ടന്‍റെ വീട്ടീന്ന് പുട്ടും മൊട്ടയും, ഉച്ചക്ക് ഓഫീസ്സ് ക്യാന്‍റീനീന്ന് ചോറും മൊട്ടയും, രാത്രിയില്‍ മീനാഷി ബാറീന്ന് പട്ടയും മൊട്ടയും.
ആഹാ, ജീവിതം കുശാല്‍.
തടിയന്‍ നട്ടുച്ച വരെ ഉറക്കവും, ഉച്ച ശേഷം ക്ഷീണം തീര്‍ക്കാന്‍ മയക്കവും ജീവിതചര്യയായി കാത്തു സൂക്ഷിച്ചിരുന്നു.ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അവന്‍ നാക്കിന്‍റെ ഉപയോഗം മറന്ന് പോയ ഒരു പാവം മിണ്ടാപ്രാണി ആയിരുന്നു.
പിന്നെയുള്ളത് സന്ദീപും ഞാനും.
മെക്കാനിക്കല്‍ എഞ്ചിനിയറായ സന്ദീപിന്‍റെ ഓഫീസ്സ് എട്ട് മണിക്കാണ്‌ തുറക്കുന്നത്.മറ്റ് ജീവനക്കാര്‍ വരുന്നതിനു മുന്നേ തൂത്ത് തുടച്ച് പുണ്യാഹം തളിക്കാനാണെന്ന് തോന്നുന്നു, അതിയാന്‍ രാവിലെ ഏഴുമണിക്കേ ഓഫീസില്‍ പോകും.തുടര്‍ന്ന് വാടിയ ചേനത്തണ്ട് പോലെ രാത്രി എട്ട് മണിക്ക് ആഗതന്‍ ആകുകയും, കിടക്കയിലേക്ക് ചരിയുകയും ചെയ്യും.

ഇനി എന്‍റെ ജീവിതചര്യ..
ഒമ്പതരക്ക് എഴുന്നേല്‍ക്കും, വാച്ചിലൊന്ന് നോക്കും, തുടര്‍ന്ന് 'നാശം പിടിക്കാന്‍, മണി പത്താകുന്നു, എട്ടരക്ക് ഓഫീസില്‍ ചെല്ലേണ്ടതാണ്' എന്നൊരു ആത്മഗതത്തില്‍ ചാടി എഴുന്നേല്‍ക്കും.ആഹാരം കഴിക്കാന്‍ പല്ലും തേച്ച്, ആള്‍ക്കാരെ കാണിക്കാന്‍ കുളിയും പാസാക്കി, ബൈക്കിന്‍റെ അടുത്തേക്ക് ഒരു ഓട്ടം.
ബൈക്ക്, യമഹ ലിബറോ!!
ആളൊരു നാണം കുണുങ്ങിയാ, ഞാന്‍ മുകളില്‍ കയറുമ്പോ വിനയത്തിലൊന്ന് താഴും.ആദ്യത്തെ കിക്കിന്‌ ഉറക്കത്തില്‍ നിന്ന് ഉണരും, രണ്ടാമത്തെ കിക്കിന്‌ ചൂളമടി പോലൊരു ശബ്ദം, മൂന്നാമത്തെ കിക്കിന്‌ മാക്രി മൂളുന്ന പോലൊരു ശബ്ദം, അടുത്ത കിക്കിന്‌ വണ്ടി സ്റ്റാര്‍ട്ട്.തുടര്‍ന്ന് ഫസ്റ്റ് ഇട്ട് റെയിസ്സ് ചെയ്യുമ്പോള്‍ വണ്ടി ഓഫ്.
ഇത് ബൈക്കിന്‍റെ ദിനചര്യ.

ജോണേട്ടന്‍റെ അടുത്ത് ആഹാരം.
കൊണ്ട് വക്കുമ്പോഴേ പറയും:
"തിരക്കായിരുന്നു, അത് കൊണ്ടിന്ന് പുട്ടും മൊട്ടയുമാ"
ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ തിരക്കില്ലാത്ത ഒരു ദിവസം വരുമെന്നും, അന്ന് വിഭവസമൃദ്ധമായി കഴിക്കാമെന്നും വെറുതെ മോഹിച്ചിരുന്നു, ഇപ്പോ ശീലമായി.അടുത്തിരുന്ന് കഴിക്കുന്ന പുതിയ പയ്യന്‍റെ മുഖത്തൊരു പ്രതീക്ഷ പോലെ..
നാളെ തിരക്ക് കാണില്ലായിരിക്കും!!
എവിടെ??
തുടര്‍ന്ന് ഓഫീസിലേക്ക്..

എട്ടരക്ക് ചെല്ലണ്ടവന്‍ പത്തരക്ക് ചെല്ലുന്ന കാണുമ്പോള്‍ സെക്യൂരിറ്റി ചോദിക്കും:
"സാര്‍, ഐഡി കാര്‍ഡ്?"
ഇപ്പോഴും എനിക്ക് ജോലിയുണ്ടോ എന്നാണ്‌ ആ ചോദ്യത്തിനു അര്‍ത്ഥം.
പാവപ്പെട്ടവന്‌ റേഷന്‍ കാര്‍ഡ്, പണക്കാരന്‌ ക്രെഡിറ്റ് കാര്‍ഡ്, വോട്ടേഴ്സിന്‌ തിരിച്ചറിയല്‍ കാര്‍ഡ്, ഫൌള്‌ കളിക്കുന്നവന്‌ ചുവപ്പ് കാര്‍ഡ്, എനിക്ക് ഐഡി കാര്‍ഡ്.
"ഓക്കെ സാര്‍, കേറിക്കോ"
പ്രോജക്റ്റ് മാനേജര്‍ മലയാളിയാണ്.എന്‍റെ തിരുമോന്ത കാണുമ്പോഴേ അങ്ങേരുടെ മൊകമൊന്ന് കറക്കും, തുടര്‍ന്ന് എന്നെ കാണിക്കാന്‍ വാച്ചേലൊന്ന് നോക്കും.പതിയെ അടുത്ത് ചെന്ന് ഒരു നമ്പര്‍:
"എയര്‍പോര്‍ട്ട് വരെ പോയി, ഒരു കൂട്ടുകാരന്‍ ഗള്‍ഫീന്ന് വന്നു, സ്ക്കോച്ച് ഉണ്ട്"
അതിയാന്‍റെ മൊകം വെളുക്കും, ചിരിച്ചോണ്ട് പറയും:
"എന്നാ ഇന്ന് വൈകിട്ട് നേരത്തെ ഇറങ്ങാം"
അതോടെ എന്‍റെ മൊകം കറക്കും, വൈകിട്ട് അങ്ങേര്‍ക്ക് സ്ക്കോച്ച് വാങ്ങി കൊടുക്കുന്നതോടെ ഞാന്‍ മൊത്തത്തിലൊന്ന് വെളുക്കും.
തുടര്‍ന്ന് കട്ടിലിലേക്ക്.

അങ്ങനെയുള്ള കാലഘട്ടത്തിലെ, മകരത്തിലെ കുളിരുള്ള ഒരു സുപ്രഭാതം.
പതിവില്ലാതെ ഞാന്‍ അഞ്ചമണിക്ക് എഴുന്നേറ്റു.അഞ്ചരക്കുള്ളില്‍ പല്ല്‌ തേച്ച്, ഷേവ് ചെയ്തു.ഇന്ന് എട്ടരക്ക് ഓഫീസില്‍ എത്തണം, അതിനൊരു കാരണമുണ്ട്..
ഇന്നാണ്‌ റീജണല്‍ ഡ്രസ്സിംഗ് ഡേ!!
അതായത് കേരളത്തിന്‍റെ തനതായ മുണ്ടും ഷര്‍ട്ടും ധരിച്ച് ഐടി കമ്പനിയില്‍ ചെത്താന്‍ പറ്റുന്ന ദിവസം.ടീം ലീഡിന്‍റെ മുന്നില്‍ പോയി മുണ്ട് മടക്കി കുത്തി, 'വഴി മാറടാ, മുണ്ടക്കല്‍ ശേഖരാന്ന്' മനസില്‍ പറയാന്‍ പറ്റിയ ദിവസം.അതുമല്ലെങ്കില്‍ മടക്കി കുത്തിയ മുണ്ട് പൊക്കി തുടയില്‍ രണ്ട് അടി അടിച്ച് പല വേഷത്തില്‍ വരുന്ന തരുണീമണികളെ വഷളന്‍ നോട്ടം നോക്കാന്‍ പറ്റിയ ദിവസം.ഇത് മാത്രമല്ല, അമേരിക്കയില്‍ നിന്ന് വന്ന ക്ലൈന്‍റ്‌ മാദാമ്മയുടെ മുന്നില്‍ മുണ്ട് ഉടുത്ത് സെമിനാര്‍ അവതരിപ്പിക്കാന്‍ പറ്റും എന്നതും ഈ ദിവസത്തെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണമായി..
ഹോ, വാട്ട് എ ഡേ!!

റീജിയണല്‍ ഡ്രസിംഗ് ഡേയുടെ മെയില്‍ കിട്ടിയപ്പോഴേ പോയി ഒരു അടിപൊളി മുണ്ടും ഷര്‍ട്ടും വാങ്ങി.തുടര്‍ന്ന് ഒരു രാത്രിയിലെ നീണ്ട കാത്തിരുപ്പിനു ശേഷമാണ്‌ സന്ദീപിനു മുന്നേ ഉണര്‍ന്നത്.മരം കോച്ചുന്ന തണുപ്പാണെങ്കിലും അവനു മുന്നേ കുളിച്ച് റെഡിയാകണം.പ്രോജക്റ്റ് വിഷയമായി രാവിലെ ഏഴുമണിക്ക് പോകണം എന്ന് പ്രഖ്യാപിച്ചാണ്‌ ഇന്നലെ അവന്‍ കിടന്നത് തന്നെ.ഇപ്പോ മണി ആറാകുന്നു, എന്നിട്ടും പാവം ഉറക്കത്തില്‍ തന്നെ.എത്രയും വേഗം കുളിച്ചൊരുങ്ങി അവനെ ഞെട്ടിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ബാത്ത് റൂമില്‍ കയറി.
ഉദ്ദേശം രണ്ടാണ്, യൂറോപ്യന്‍ ക്ലോസറ്റില്‍ കാര്യം സാധിക്കണം, പിന്നെ കുളിക്കണം!!
ബാത്ത് റൂമില്‍ രണ്ട് പൈപ്പുണ്ട്..
ഒന്നില്‍ ചൂട് വെള്ളം ഒന്നില്‍ പച്ച വെള്ളം..
ചൂട് വെള്ളത്തിനു വെട്ടി തിളക്കുന്ന ചൂടും, പച്ച വെള്ളത്തിനു ഐസിന്‍റെ തണുപ്പും!!
ഇവിടെയാണ്‌ മിക്സിംഗ് എന്ന കലയുടെ ഗുണം.പാതി ചൂട് വെള്ളത്തില്‍ പാതി പച്ചവെള്ളം ഒഴിച്ച സമീകൃത വാട്ടര്‍.യൂറോപ്പ്യന്‍ ക്ലോസറ്റില്‍ ആസനസ്ഥനായപ്പോള്‍ തന്നെ ഇതിനായുള്ള ശ്രമം ഞാന്‍ ആരംഭിച്ചു.ആദ്യം ബക്കറ്റ് കാലിയാക്കി, പകുതി ചൂട് വെള്ളം നിറച്ചു.വെട്ടിത്തിളക്കുന്ന ചൂട് ആയതിനാല്‍ ബക്കറ്റ് നിരക്കി അടുത്ത പച്ചവെള്ളം ടാപ്പിന്‍റെ കീഴിലെത്തിച്ചു, ടാപ്പ് തുറന്നു..
ഒന്നും സംഭവിച്ചില്ല, 'ശൂശൂശൂശൂ..'ന്ന് ഒരു ശബ്ദം മാത്രം.
കര്‍ത്താവേ!!!
അടിവയറ്‌ ശൂന്യമാകുന്നതും, തലയിലൊരു മിന്നല്‍ പീണര്‍ പാഞ്ഞതും, കണ്ണില്‍ പൊന്നീച്ച പറന്നതും നിമിഷ നേരം കൊണ്ടായിരുന്നു.
എവിടെ ഗ്രീന്‍വാട്ടര്‍??

ചുട്ട് പൊള്ളുന്ന ചൂട് വെള്ളത്തില്‍ ചന്തി കഴുകിയാല്‍, റോക്കറ്റിന്‍റെ ആസനത്തില്‍ തീ കൊളുത്തിയ പോലെ തല പോയി ഉത്തരത്തില്‍ ഇടിക്കും.കഴുകാതെ സായിപ്പിനെ പോലെ പേപ്പര്‍ വച്ച് തുടക്കാമെന്ന് വച്ചാല്‍ ബാത്ത് റൂമില്‍ പേപ്പറില്ല.ആ നല്ല തണുപ്പിലും അടിമുടി ഞാനൊന്ന് വിയര്‍ത്തു!!
"അളിയാ നീ എന്ത് ചെയ്യുവാ, കുളിക്കുവാണോ?" സന്ദീപിന്‍റെ സ്വരം.
ഹാവൂ, പൂര്‍ത്തിയായി!!!!
ഇപ്പോ ഈ ഒരു ചോദ്യത്തിന്‍റെ കുറവേ ഉണ്ടായിരുന്നുള്ളു!!!
മറുപടിയായി വെറുതെ മൂളി.
അവനു സമാധാനമായെന്ന് തോന്നുന്നു, അനക്കമില്ല.വന്നത് വന്നു, ഇനി ഒരു വഴിയെ ഉള്ളു, ചൂട് വെള്ളം തണുക്കണം.തനിയെ തണുത്തില്ലെങ്കില്‍ തണുപ്പിക്കണം.അതിനായി അടുത്ത ശ്രമം..
രണ്ട് ബക്കറ്റുണ്ട്, ഒരു ബക്കറ്റ് കാലിയാ, മറ്റേതില്‍ പകുതി ചൂട് വെള്ളവും..
ആറിക്കുക തന്നെ!!
ചായക്കടയില്‍ കുട്ടന്‍നായര്‍ ചായ അടിച്ച ശേഷം ആറിക്കാനായി രണ്ട് ഗ്ലാസില്‍ തിരിച്ചും മറിച്ചും ഒഴിക്കുന്ന പോലെ രണ്ട് ബക്കറ്റില്‍ ഞാന്‍ വെള്ളം ആറിച്ച് തുടങ്ങി.
"എന്തോന്നാടേ, കുളം വെട്ടി കുളിക്കുവാണോ?" വീണ്ടും സന്ദീപ്.
'അല്ലേ, അടിയന്‍ വെള്ളം ആറിക്കുവാണേ' ഇങ്ങനെ മനസില്‍ മൊഴിഞ്ഞ് കൊണ്ട്, മറുപടി ഉറക്കെ പറഞ്ഞു:
"അല്ലടാ, ലണ്ടനിലാ"
"അരമണിക്കൂറായല്ലോടാ, നീ ഇന്നലെ ആനയെ ആണോ തിന്നത്?" അവന്‍റെ സംശയം.
നിന്‍റെ മറ്റവനാടാ ആനയെ തിന്നത്!!

"എന്താ, എന്ത് പറ്റി?"
പതിവില്ലാതെ രാവിലെ സന്ദീപ് ശബ്ദം വയ്ക്കുന്നത് കണ്ടാവാം തടിയന്‍ ഉണര്‍ന്നിരിക്കുന്നു.
"മനു കക്കൂസിലാ" സന്ദീപിന്‍റെ മറുപടി.
"അണ്ണന്‍ ഇന്നലെ അവിടാണോ കിടന്നത്?" വീണ്ടൂം തടിയനു സംശയം.
എന്ത് മറുപടി പറയാന്‍??
കേട്ടില്ലെന്ന് നടിച്ചു.

അരമണീക്കൂറത്തെ ഭഗീരഥപ്രയത്നത്തിനു ശേഷം കഴുകി കുട്ടപ്പനാക്കിയ ആസനവുമായി വെളിയിലേക്ക്.എന്തേ താമസിച്ചതെന്ന് സന്ദീപ് ചോദിച്ചുമില്ല, ഞാന്‍ പറഞ്ഞുമില്ല.കുളിക്കാനും പ്രഭാതകൃത്യങ്ങള്‍ക്കുമായി അവന്‍ ബാത്ത് റൂമില്‍ കയറുന്നത് ഒരു ഊറിയ ചിരിയോടെ ഞാന്‍ നോക്കി.
പച്ചവെള്ളം കിട്ടാതെ അനുഭവിക്കട്ടെ!!!
ചൂടുവെള്ളം തണുപ്പിക്കാന്‍ പാട് പെടുന്ന സന്ദീപിനെ ആലോചിച്ച സമയത്ത് ഒരു കൂര്‍ക്കം വലിയുടെ സൌണ്ട്, തടിയനാ.രാവിലത്തെ ഡയലോഗിനു ശേഷം സുഖമായി ഉറങ്ങുന്നു.തട്ടി ഉണര്‍ത്തി, എന്നിട്ട് ചോദിച്ചു:
"ഉറങ്ങുവാണോ?"
"ഉം...എന്താ അണ്ണാ?"
"കക്കൂസില്‍ കിടന്നുറങ്ങിയത് നിന്‍റെ തന്തയാ"
ഠിം!!!
അവന്‍റെ വയര്‍ നിറഞ്ഞു, വീണ്ടും ഉറക്കത്തിലേക്ക്.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കുളിച്ചൊരുങ്ങി വന്ന സന്ദീപിനെ കണ്ട് ഞാനൊന്ന് ഞെട്ടി.അറിയാതെ ചോദിച്ചു പോയി:
"പച്ചവെള്ളം ഉണ്ടായിരുന്നോ?"
"ഉണ്ടല്ലോ"
"എനിക്ക് കിട്ടിയില്ല"
"അതിനു മുകളിലത്തെ ടാപ്പ് കൂടി തിരിക്കണം"
ഠോ!!!
വീണ്ടും തലയില്‍ വെള്ളിടി!!
ആദ്യം ഇങ്ങനൊരു ബാത്ത് റൂം പണിയിച്ച ഹൌസ് ഓണറെ തന്തക്ക് വിളിച്ചു, പിന്നെ മുകളില്‍ ടാപ്പ് വച്ചവനെ തന്തക്ക് വിളിച്ചു, ഒടുവില്‍ ലീക്ക് കാരണം ആ ടാപ്പ് അടച്ച് വച്ച സന്ദീപിനെയും തന്തക്ക് വിളിച്ചു, ഇപ്പോ സുഖം സ്വസ്ഥം ശാന്തം!!
പെട്ടന്ന് കുളിച്ചൊരുങ്ങി മുണ്ടും ഷര്‍ട്ടും ഇട്ട് ബൈക്കില്‍ ജോണേട്ടന്‍റെ അടുത്തോട്ട്..
"ചേട്ടാ, പുട്ടെട്"
എന്നാല്‍ എന്നെ അമ്പരിപ്പിച്ച് കൊണ്ട് പാലപ്പവും ചിക്കന്‍കറിയും.
മൈ ഗോഡ്, ഇന്ന് എന്തെങ്കിലുമൊക്കെ നടക്കും!!
അത് ശരിയായിരുന്നു..

ബൈക്കില്‍ ഓഫീസിലേക്ക്..
നെയ്യില്‍ ചുട്ട പോലത്തെ പളപളാന്ന് മിന്നുന്ന ഷര്‍ട്ടും, കസവ് മുണ്ടും ഉടുത്ത് വലത് കാല്‍ വച്ചപ്പോള്‍ സെക്യൂരിറ്റിയുടെ കണ്ണ്‌ തള്ളി.അകത്തേക്ക് ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റ് അറിയാതെ എഴുന്നേറ്റു.
എന്തിര്‌ ഗ്ലാമര്‍, എന്തിര്‌ ഗ്ലാമര്‍!!!
എന്നാല്‍ ഓഫീസിനു അകത്ത് ചെന്നപ്പോള്‍ പ്രോജക്റ്റ് മാനേജര്‍ പതിവില്ലാതെ കോട്ടും സ്യൂട്ടുമിട്ട് ടൈയ്യും കെട്ടി നില്‍ക്കുന്നു.ടീം ലീഡിനും ടീംമേറ്റ്സിനും സെയിം വേഷം..
എന്നാ പറ്റി??
ഓ, സെമിനാറിനു മാദാമ്മയെ ഇംപ്രസ്സ് ചെയ്യാനുള്ള വിദ്യ!!

അത്ഭുതത്തോടെയും അമ്പരപ്പോടെയും എന്നെ നോക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ നേരെ സീറ്റിലേക്ക്.പല ക്യാബിനില്‍ നിന്നും തല ഉയര്‍ത്തി പലരും നോക്കുന്ന കണ്ടപ്പോ വീണ്ടും സംശയം..
എന്നാ പറ്റി??
ഷര്‍ട്ടും മുണ്ടും നോക്കി, ഇല്ല കുഴപ്പമില്ല!!
അപ്പോഴാണ്‌ അബിയുടെ ഫോണ്‍ വന്നത്..
"മനുവേ, ഇന്ന് ഞങ്ങടെ ഓഫീസില്‍ റീജിയണല്‍ ഡ്രസ്സ് ഡേയാ"
"ഞങ്ങടെയും"
"എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ?"
"അതിനു നീയും ഇപ്പോഴല്ലേ പറയുന്നത്?"
മറുഭാഗത്ത് നിശബ്ദത, അല്പം കഴിഞ്ഞപ്പൊ അബി പതിയെ ചോദിച്ചു:
"ഞാന്‍ അയച്ച മെയില്‍ കിട്ടിയില്ലേ?"
അബി അയച്ച മെയിലോ??
പതുക്കെ മെയില്‍ ബോക്സ് തുറന്ന് നോക്കി.
ഒരു നിമിഷം..
കണങ്കാലില്‍ നിന്ന് ഒരു പെരുപ്പ് മുകളിലോട്ട് കേറിയ പോലെ!!
അബിയുടെ കമ്പനിയിലാ റീജിയണല്‍ ഡ്രസ്സ് ഡേ.അത് കാണിച്ച് അവന്‍ ഫോര്‍വേഡ് ചെയ്ത മെയില്‍ കണ്ടാ ഞാന്‍ മുണ്ടും ഷര്‍ട്ടും ഇട്ട് വന്നിരിക്കുന്നത്.
ഠോ ഠോ ഠോ!!!
ഇക്കുറി തലയില്‍ വെള്ളിടിയല്ല, അണുബോംബാ പൊട്ടിയത്!!!
സെക്യൂരിറ്റിയുടെ നോട്ടം, റിസപ്ഷനിസ്റ്റിന്‍റെ നില്‍പ്പ്, മാനേജരുടെ അന്ധാളിപ്പ്..
എന്‍റെ റബ്ബേ, പണി പോകാന്‍ ഇനി എന്തോ വേണം???
എന്നാലും എന്‍റെ അബി, നീ എന്നാത്തിനാടാ ഇത് ഫോര്‍വേഡ് ചെയ്ത് തന്നത്.അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല, ആരുടെ മെയില്‍, എന്ത് മെയില്‍ എന്ന് നോക്കാതെ കെട്ടി ഒരുങ്ങി വന്ന എന്നെ പറഞ്ഞാ മതിയല്ലോ.

പ്രോജക്റ്റ് മാനേജര്‍ അടുത്തേക്ക് വന്നു, ആ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നു..
"വാട്ട് ഈസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ മുണ്ട് വിത്ത് ഷര്‍ട്ട്!!
ഞാന്‍ മിണ്ടാതെ നില്‍ക്കുന്ന കണ്ടാകാം മഹാന്‍റെ ശബ്ദം ഉയര്‍ന്നു:
"എന്തേ പാന്‍റ്‌സ്സ് ഇടാഞ്ഞേ? എന്തിനാ ഇങ്ങനെ വന്നത്?"
പാന്‍റ്‌സ്സ് എന്താ ഇടാഞ്ഞതെന്ന് എന്‍റെ വായീന്ന് അറിയാതെ കാലമാടന്‍ പോകുന്ന ലക്ഷണമില്ല.അങ്ങേരുടെ മനശാന്തിക്കായി മൊഴിഞ്ഞു:
"ഉണങ്ങാന്‍ ഇട്ടേക്കുവാ"
ഉടന്‍ വന്നു ഉപദേശം:
"മുണ്ടുടുത്താല്‍ കാറ്റ് കൊള്ളുമെന്ന് കേട്ടിട്ടുണ്ട്, ഉണങ്ങുമെന്ന് തോന്നുന്നില്ല"
അയ്യേ!!
ഇയാള്‍ ഏത് പൊനത്തിലെ മാനേജരാ??
എടോ കോപ്പേ ഞാന്‍ പാന്‍റ്‌സ്സിന്‍റെ കാര്യമാ പറഞ്ഞത്!!
പല്ല്‌ കടിച്ച് നിന്ന എന്നേ നോക്കി ഒരു അഭിപ്രായം കൂടി പറയാന്‍ അതിയാന്‍ മറന്നില്ല:
"ഇത് വൃത്തികേടായി പോയി മനു, തനിക്ക് ഇന്നെങ്കിലും മുണ്ടുടുക്കാതെ വരാമായിരുന്നു"
മുണ്ട് ഉടുക്കാതെയോ??
അത് ഇതിലും വൃത്തികേടാണ്‌ സാര്‍!!!
"നടന്നത് നടന്നു. വാ, സെമിനാര്‍ എട്"
നേരെ സെമിനാര്‍ ഹാളിലേക്ക്...

എച്ച.ആര്‍ ജീവികളൂം, മാനേജര്‍ ചാത്താന്‍മാരും, ക്ലൈന്‍റ്‌ മാദാമ്മയും അടങ്ങിയ സദസ്സ്.വല്യ മാനേജര്‍ പ്രസംഗത്തിലാണ്.ഞാന്‍ സ്ഥലത്തെത്തി എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അയാള്‍ പ്രസംഗം നിര്‍ത്തി, എന്നിട്ട് പറഞ്ഞു:
"നെക്സ്റ്റ് മനു വില്‍ ടേക്ക് സെക്ഷന്‍ ഓണ്‍ ..."
തുടര്‍ന്ന് എന്നെ ഹാളിലേക്ക് ക്ഷണിക്കാന്‍ അങ്ങേര്‌ തല തിരിച്ചു..
അവിടെ കണ്ട കാഴ്ച..
പളപള മിന്നുന്ന ഷര്‍ട്ടും കസവ് മുണ്ടും ഉടുത്ത് പുതുമണവാളനെ പോലെ ഞാന്‍!!!
ഹേയ്, എന്തായീ കാണുന്നേ??
അതിയാന്‍ തലയൊന്ന് വെട്ടിച്ചു, കൈയ്യിലൊന്ന് പിച്ചി, എന്നിട്ട് വീണ്ടും നോക്കി..
എഗൈന്‍ ഞാന്‍ വിത്ത് മുണ്ട്!!
അങ്ങേരുടെ ആ മുഖഭാവം കണ്ടപ്പോ ഒരു കാര്യം ഉറപ്പായി, എന്നെ തന്തക്ക് വിളിക്കുവാ..
കൊടുത്താല്‍ കൊല്ലത്തും കിട്ടും!!
എന്ത് ചെയ്യാന്‍??
കതിര്‍മണ്ഡപത്തില്‍ കയറുന്ന നവവരനെ പോലെ ഞാന്‍ അകത്തേക്ക്.മാദാമ്മയുടെ വായീന്ന് 'വാവ്വ്...വാവ്വ്' സൌണ്ട്.എന്‍റെ നെഞ്ചില്‍ 'അയ്യക്കാവോ' സൌണ്ട്.കമ്പനിയിലെ അവസാനത്തെ സെമിനാര്‍ എന്ന് മനസില്‍ ഉറപ്പിച്ചു ഞാനത് പൂര്‍ത്തിയാക്കി.

ഒരു മണിക്കൂര്‍ കഴിഞ്ഞ് പ്രോജക്റ്റ് മാനേജര്‍ അടുത്തെത്തി, എന്നിട്ട് പറഞ്ഞു:
"ദേവാംഗന വിളിക്കുന്നു"
എന്‍റെ ഉള്ളൊന്ന് കാളി!!
എച്ച്.ആര്‍ മാനേജരാണ്‌ മുപ്പത്തിയാറ്‌കാരിയായ ദേവാംഗന.
സുന്ദരി, സുമുഖി, വര്‍ക്കലക്കാരി!!
അവളാണ്‌ ഇപ്പോ കാണണമെന്ന് പറഞ്ഞിരിക്കുന്നത്..
ഒന്നുങ്കില്‍ രാജി എഴുതിക്കാന്‍ അല്ലേല്‍ ടെര്‍മിനേറ്റ് ചെയ്യാന്‍!!!
ആനന്ദലബ്ധിക്കിനു എന്തോ വേണം???
എങ്കിലും മാനേജരോട് വെറുതെ ചോദിച്ചു:
"എന്തിനാ?"
"മോളേ കെട്ടിച്ച് തരാനായിരിക്കും" മറുപടി.
കശ്മലന്‍!!

ദേവാംഗനയുടെ ക്യാബിന്‍..
"മനു എന്തിനാ ഇന്ന് മുണ്ട് ഉടുത്തത്?"
വളരെ അര്‍ത്ഥവത്തായ ചോദ്യം!!!
എന്തോ പറയും??
പാന്‍സിന്‍റെ മൂട് കീറി എന്ന് പറഞ്ഞാലോ??
അതോ മാനേജരോട് പറഞ്ഞ പോലെ ഉണങ്ങാന്‍ ഇട്ടേക്കുവാണെന്ന് പറയണോ??
ജ്യോതിഷികളുടെ വിശദീകരണം പോലെയായി എന്‍റെ അവസ്ഥ..
മെയില്‍ കണ്ട് തെറ്റിദ്ധരിച്ചാണെന്ന് പറഞ്ഞാ മാനഹാനി, സൌകര്യമുണ്ടായിട്ടാന്ന് പറഞ്ഞാ ജോലിനഷ്ടം!!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ഇന്നെന്‍റെ പിറന്നാളാ"
"ആശംസകള്‍" ദേവാംഗനയുടെ വിഷസ്സ്.
തുടര്‍ന്ന് അവര്‍ വിശദീകരിച്ചതെല്ലാം എന്‍റെ കാതില്‍ പൂമഴയായി..
മാദാമ്മക്ക് എന്‍റെ വേഷം ഇഷ്ടപ്പെട്ടു പോലും.ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാനുള്ള സ്വാതന്ത്യം നല്‍കിയ കമ്പനിയെ പറ്റി അവര്‍ അഭിമാനിക്കുന്നത്രേ.അത് കേട്ടപ്പോ ഇതൊക്കെ ഇവിടെ സര്‍വ്വസാധാരണമാണെന്ന് വല്യ മാനേജര്‍ അവകാശപ്പെട്ടത്രേ, പഹയന്‍!!
അല്ലേലും അങ്ങേര്‌ എട്ടുകാലി മമ്മുഞ്ഞിനെ പോലാ, ക്രെഡിറ്റ് കിട്ടിയാ അപ്പോ പറയും:
"എല്ലാം ഞമ്മളാ!!"

രക്ഷക മാദാമ്മയാണെന്ന് മനസ്സ് തീരുമാനിച്ച നിമിഷം.
അമേരിക്കയെ പറ്റിയുള്ള പൊതുവായ ധാരണയില്‍ മാദാമ്മക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!
തുടര്‍ന്ന് ദേവാംഗനയെ ഡൈവോഴ്സ്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവള്‍ കാതരയായി മൊഴിഞ്ഞു, മാദാമ്മക്ക് മനുവിനെ പേഴ്സണലായി ഒന്ന് കാണണമത്രേ.
ഈ വിവരം അറിഞ്ഞപ്പോ പ്രോജക്റ്റ് മാനേജര്‍ ആകാംക്ഷയോടെ ചോദിച്ചു:
"മാദാമ്മക്ക് കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കും?"
ഒരുപക്ഷേ മോളേ കെട്ടിച്ച് തരാനായിരിക്കും!!

(തുടരും)

രണ്ടാം ഭാഗം..
ഉറക്കമില്ലാത്ത രാത്രി
(പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കളുടെ അനുവാദത്തോട് കൂടി മാത്രം വായിക്കുക)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com