For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സീതാ കല്യാണാ..
കല്യാണത്തിന്‍റെ മുന്നോടിയായ ചടങ്ങുകള്‍ രസകരമാണ്..
പെണ്‍കുട്ടിക്ക് കല്യാണപ്രായം ആവുന്ന മുതലാണ്‌ ചടങ്ങുകള്‍ ആരംഭിക്കുന്നത്.കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ട് വന്ന മാതാപിതാക്കളെക്കാള്‍, വളര്‍ന്ന് വന്ന പെണ്‍കുട്ടിയെക്കാള്‍, ഈ കല്യാണത്തിനു ഉത്സാഹം മറ്റ് പലര്‍ക്കുമാണ്.സമാധാനത്തില്‍ ജീവിക്കുന്ന കുടുംബത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ അവര്‍ വന്ന് കേറും.കല്യാണ മാമാങ്കം എന്ന മഹോത്സവം അവിടെ ആരംഭിക്കുകയായി.എന്‍റെ വീട്ടിലും അങ്ങനെ കുറേ ചടങ്ങുകള്‍ അരങ്ങേറി.
ആ ചടങ്ങുകള്‍ ഞാനിവിടെ വിശദീകരിക്കട്ടെ...

രണ്ട് വര്‍ഷം മുമ്പുള്ള ഒരു സുപ്രഭാതം.
അമ്മ തന്ന ചൂട് ചായയും കുടിച്ച്, ഭാവിജീവിതം സ്വപ്നം കണ്ട് ഞാനിങ്ങനെ ഇരിക്കുന്നു.ഇന്നത്തേ പോലൊന്നുമല്ല, അന്നെനിക്ക് വ്യക്തമായ രണ്ട് ഉദ്ദേശങ്ങളുണ്ട്..

ഒന്ന്, ഓണം ബമ്പര്‍ ലോട്ടറി അടിക്കണം.അതിനുമുണ്ട് നിബന്ധന, കൂടെ കിട്ടുന്ന ഒരു കിലോ സ്വര്‍ണ്ണവും മാരുതി കാറും തന്നില്ലെങ്കിലും ഒരു കോടി രൂപ കാശായി കിട്ടണം.രണ്ട്, കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ്‌ സത്യം.

ഈ സമയത്താണ്‌ അവതാര്‍ അവതരിക്കുന്നത്..
കെ.പി,എസി ലളിതയുടെ ഭാവവും, ഫിലോമിനയുടെ നാക്കുമായി ഒരു മുറ്റ് സാധനം.എനിക്ക് പണ്ടേ ഇമ്മാതിരി ഐറ്റംസിനോട് ഒരു അലര്‍ജിയാ, അതിനാല്‍ തന്നെ ഇരുന്ന പൊസിഷനില്‍ തന്നെ ആസനം ഉറപ്പിച്ച് ഞാന്‍ അവരെ ഒന്ന് നോക്കി, എന്നിട്ട് ബാസ്സ് കൂട്ടി ചോദിച്ചു:
"ആരാ?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"നിന്‍റെ തന്തയില്ലിയോടാ ഇവിടെ?"
അള്ളാ, അമ്മച്ചി പുലിയാരുന്നോ!!
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
അല്ലേല്‍ ആ സമയത്തെങ്ങനാ നിലത്ത് ഉറപ്പിച്ച് വച്ചിരുന്ന ആസനം ഉയര്‍ന്ന് പോയത്!!
പണ്ട് അസംബ്ലിക്ക് 'ഓള്‍ ഓഫ് യൂ, അറ്റന്‍ഷന്‍' എന്ന് കേള്‍ക്കുമ്പോ ചാടി നില്‍ക്കുന്ന പോലെ ഞാന്‍ നിന്ന് പോയി, സത്യം.
എന്താണെന്ന് അറിയില്ല, എനിക്ക് അവരോട് ഒരു ബഹുമാനമൊക്കെ വന്ന പോലെ..
"അച്ഛന്‍ അമ്പലത്തിലോട്ട് പോയി, ആരാ മനസിലായില്ല"
"അത് നിന്‍റെ തള്ളയോട് പറഞ്ഞോളാം"
ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി അവര്‍ നേരെ അടുക്കളയിലേക്ക്.

അവരുടെ വരവും ചോദ്യവും സ്വാതന്ത്യവും കണ്ടപ്പോ ഒന്ന് ഉറപ്പായി, സാധാരണ ബാധയൊന്നുമല്ല സാക്ഷാല്‍ കള്ളിയങ്കാട്ട് നീലിയാ.'എന്‍റെ കടമറ്റത്തച്ചാ' എന്ന് ആര്‍പ്പ് വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ഞാനും ഓടി.
അവിടെ കണ്ട കാഴ്ച..
പൊന്നുമോനു വേണ്ടി അമ്മ തയ്യാറാക്കിയ പുട്ട് വിത്ത് കുറ്റി, അവര്‍ അണ്ണാക്കിലോട്ട് താഴ്ത്തുന്നു.തുടര്‍ന്ന് തൊണ്ടയില്‍ തങ്ങിയിരിക്കുന്നത് കുത്തിയിറക്കാന്‍ ഒരു ഏത്തപ്പഴവും കൂടെ ഒരു മൊന്ത ചായയും.
ഭവതി ആരാണാവോ??
അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്‍റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇവിടെ രണ്ടും സംഭവിച്ചില്ല!!
ദെന്‍ ഹൂ ഈസ് ദിസ്??

കഥ അവിടെ തുടങ്ങുകയായി..
അവരൊരു ബ്രോക്കറി ആയിരുന്നു...
രണ്ട് ഹൃദയങ്ങളെ, രണ്ട് മനുഷ്യരെ, രണ്ട് സമൂഹങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന ബ്രോക്കര്‍ വിഭാഗത്തിന്‍റെ സ്ത്രീലിംഗം.കുറ്റം പറയരുത് പെണ്ണുമ്പിള്ളക്ക് നല്ല രാശിയാ, അവര്‍ക്ക് പുറകേ പലരും വന്നു.എല്ലാം കല്യാണ ആലോചനക്കാര്‍..

"തെക്കൊരു പയ്യനുണ്ട്, നല്ല കുടുംബമാ, മോക്ക് ചേരും"
"തെക്കെന്ന് പറഞ്ഞാ?"
"തെക്കെന്ന് പറഞ്ഞാ കുറേ തെക്കാ, ദോ അവിടെ"
വിശ്വാസം വരാനായി അയാള്‍ തെക്കോട്ട് കൈ ചൂണ്ടി!!
ശരിയാ, തെക്ക് തന്നെ!!
"പയ്യന്‍ എന്തോ ചെയ്യുന്നു?"
ഈ ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ട്:
"പയ്യന്‍ ഗള്‍ഫിലല്ലിയോ!! വല്യ ജോലിയാ"
ഓഹോ!!
"ഗള്‍ഫില്‍ എവിടാ?"
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
തുടര്‍ന്ന് വിശ്വാസം വരാന്‍ ഒരു വിശദീകരണവും:
"അമേരിക്കയിലെ അറബിയുടെ അടുത്താളാ ഈ പയ്യന്‍"
ഇത്രേം പറഞ്ഞ്, ഒരു ജാതകവും കൊടുത്ത്, നൂറ്‌ രൂപയും വാങ്ങി അവതാര്‍ അപ്രത്യക്ഷനാകും.

തുടര്‍ന്ന് അമ്മയുടെ റോള്‍..
അമ്മ നേരെ ഫോണെടുത്ത് വല്യമ്മയെ വിളിക്കും..
"ചേച്ചി, മായക്ക് ഇന്നൊരു ആലോചന വന്നു"
കേട്ടപാതി കേള്‍ക്കാത്ത പാതി വല്യമ്മയുടെ ഡയലോഗ്:
"നല്ലതാണേ നീയങ്ങ് ഉറപ്പിച്ചേരെ, നമുക്കിത് ഉടനെ നടത്താം"
അതിനു ശേഷമാണ്‌ അന്വേഷണം:
"ആട്ടെ, പയ്യനെവിടുന്നാ"
"തെക്കൂന്നാ"
"ആണോ, അത് നന്നായി"
വല്യമ്മ ഇങ്ങനാ, തെക്കൂന്നായാലും വടക്കൂന്നായാലും കിഴക്കൂന്നായാലും, പടിഞ്ഞാറൂന്നായാലും നന്നായി എന്നല്ലാതെ ഒന്നും പറയില്ല, എല്ലാം നന്നായി.
വല്യമ്മ എഗൈന്‍:
"ആട്ടെ, പയ്യനു ജോലിയുണോ?"
"അമേരിക്കയിലാ, ഒരു അറബിയുടെ കൂടാ"
"ആണോ, അതും നന്നായി"
വല്യമ്മയുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന വസുമതി ടീച്ചറിന്‍റെ മോന്‍ ഇപ്പോ കുവൈറ്റിലാണത്രേ.അവിടുത്തെ പേര്‌ കേട്ട ഒരു അറബിയുടെ കൂടെയാണ്‌ അയാളുടെ ജോലി.ടീച്ചറിന്‍റെ മോനോട് പറഞ്ഞ് കുവൈറ്റിലുള്ള അറബിയെ കൊണ്ട് അമേരിക്കയിലുള്ള അറബിയോട് ചോദിച്ച് പയ്യന്‍റെ വിവരങ്ങള്‍ അറിഞ്ഞ് തരാമെന്ന് വല്യമ്മ ഏറ്റു.
അത് കേട്ടതും അമ്മയുടെ സന്തോഷത്തോടുള്ള ആത്മഗതം:
"ചേച്ചി പണ്ടേ സ്നേഹമുള്ളതാ"
വല്യമ്മയുടെ മാസ്റ്റര്‍പ്ലാന്‍ കേട്ട് തലയില്‍ കൈ വച്ച് കസേരയില്‍ ഇരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.
പാവം അച്ഛന്‍!!

ഇനി എന്‍റെ റോള്‍..
ജാതകം നോക്കിക്കാനുള്ള ചുമതല എനിക്കാണ്.ആദ്യമൊക്കെ ഒന്നോ രണ്ടോ ജാതകം മാത്രമേ ഉണ്ടായിരുന്നുള്ളു.ക്രമേണ അവയങ്ങ് പെറ്റു പെരുകി.പല ബ്രോക്കര്‍മാര്‍ നല്‍കിയ ജാതകങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക, അത് ജ്യോത്സ്യനെ കൊണ്ട് പോയി കാണിക്കുക, തിരികെ ആള്‌ മാറാതെ കൊടുക്കുക എന്നിവയെല്ലാം എന്‍റെ ജോലി ആയിരുന്നു...
എല്ലാ ശനിയാഴ്ചയും ആ വാരത്തിലെ കളക്ഷനുമായി ഞാന്‍, ബ്രഹ്മശ്രീ കുടുംബശ്രീ ജ്യോതിഷശ്രീ ആക്രാനന്ദസ്വാമിയെ കാണാന്‍ യാത്രയാകും.സ്വാമി പറയുന്നതാണ്‌ വീട്ടില്‍ വേദവാക്യം.ഒരു നാള്‍ സൈക്കളിനു പുറകില്‍ ഒരു കെട്ട് പേപ്പറുമായി പോകുന്ന എന്നെ ഒരു അപരിചിതന്‍ തടഞ്ഞു, എന്നിട്ട് പറഞ്ഞു:
"ആക്രിക്കാര്‍ക്കും യൂണിയനുണ്ട്, വെറുതെ പേപ്പര്‍ കൊണ്ട് പോയി ചന്തയില്‍ വിറ്റാല്‍ കാല്‌ ഞങ്ങള്‍ തല്ലിയൊടിക്കും"
എന്‍റമ്മച്ചിയേ.
ചേട്ടാ, ഇത് ജാതകമാ!!

സ്വാമിയുടെ വീട്..
ജാതകവുമായി എപ്പോ ഞാന്‍ ചെന്നാലും അങ്ങേരുടെ കൊച്ച് മോള്‌ കമ്പ്യൂട്ടറില്‍ ഒരു പാട്ടിടും..

"ചാകര ചാകര കടപ്പുറത്തിന്നുത്സവമായി
ചാകര ചാകര ചാകര!!!!!"
ശരിയാ, സ്വാമിക്ക് ചാകരയാ!!

സ്വാമികള്‍ ജാതകം നിരത്തി വയ്ക്കും, എന്നിട്ട് പറയും:
"ഇതൊന്നും ചേരില്ല"
ഒരു ദിവസം കണ്ട്രോള്‌ നഷ്ടപ്പെട്ട ഞാന്‍ ചോദിച്ചു:
"അപ്പോ എന്‍റെ പെങ്ങക്ക് മാംഗല്യ യോഗമില്ലേ?"
ഇക്കുറി സ്വാമി ഞെട്ടി, അദ്ദേഹം വിക്കി വിക്കി ചോദിച്ചു:
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!
ഇത് വരെ ഇങ്ങേര്‌ എന്‍റെ ജാതകവുമായാണോ ചേര്‍ച്ച നോക്കിയത്??
ഒന്നും മിണ്ടിയില്ല, സ്വാമി സമാധിയാകുമ്പോ വരാമെന്ന് മനസില്‍ പറഞ്ഞു പുറത്തേക്ക്.

ഒടുവില്‍ ജാതകവും ജനിതകവും ഒത്ത് വന്നു.
തുടര്‍ന്ന് പെണ്ണ്‌ കാണല്‍..
പയ്യന്‍, പയ്യന്‍റെ അച്ഛന്‍, അമ്മാവന്‍, അപ്പുപ്പന്‍ എല്ലാവരുമുണ്ട്.ഞങ്ങളുടെ ഭാഗത്ത് ഞാന്‍, അച്ഛന്‍, അമ്മ, അനുജത്തി.
ചടങ്ങ് തുടങ്ങുകയായി..

മുമ്പിലിരിക്കുന്ന മിക്ചറിനു ഉപ്പുണ്ടോന്ന് നോക്കുന്ന പയ്യന്‍റച്ഛന്‍, ലഡുവെടുത്ത് കടിച്ചിട്ട് പല്ല്‌ ഊരിയെടുക്കാന്‍ പാട് പെടുന്ന അമ്മാവന്‍, പെങ്ങടെ കയ്യീന്ന് ചായ വാങ്ങി പന്തം കണ്ട പെരുഞ്ചാഴിയെ പോലെ പയ്യന്‍, ന്യൂസ്സ് പേപ്പര്‍ കുമ്പിള്‌ കുത്തി മിക്ചറും ലഡുവും കൈയ്യിലെടുക്കുന്ന ബ്രോക്കര്‍..
"മോള്‌ എത്ര വരെ പഠിച്ചു?"
"എഞ്ചിനിയറിംഗ്"
"അത്രേ ഉള്ളോ, എന്‍റെ മോന്‍ ഡിഗ്രിയാ"
"എന്ത് ഡിഗ്രി?"
"അതിപ്പോ എന്തോ ഉണ്ടല്ലോ, എന്തുവാടാ അത്...?"
"ഡിപ്ലോമാ"
"ങ്ഹാ, ഡിപ്ലോമാ ഡിഗ്രി!"
അങ്ങനെ പെണ്ണ്‌ കാണല്‍ കഴിഞ്ഞു!!

"അപ്പോ ബാക്കി കാര്യം എങ്ങനാ?" അച്ഛന്‍.
മറുപടി പയ്യന്‍റെ അമ്മാവന്‍ വക:
"എന്‍റെ മോളേ കെട്ടിച്ചപ്പോ നൂറ്‌ പവനും, പത്ത് ലക്ഷം രൂപയും കൊടുത്തു, കുറ്റം പറയരുത് എന്‍റെ മോന്‌ അതീ കൂടുതല്‍ കിട്ടി.ഈ പയ്യന്‍റെ പെങ്ങള്‍ക്ക് നൂറ്റി ഇരുപത്തി അഞ്ച് പവനും, പതിനഞ്ച് ലക്ഷവും കൊടുത്തു, പക്ഷേ പയ്യന്‍ സ്ത്രീധനത്തിനു എതിരാ, നിങ്ങള്‍ ഇഷ്ടമുള്ളത് കൊടുത്താ മതി"
ഹോ, വാട്ട് ആന്‍ ഐഡിയ സേഡ്ജീ!!!
വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, വച്ച് കാച്ചി:
"ഞാന്‍ സ്ത്രീധനം വേണം എന്ന കൂട്ടത്തിലുള്ളതാ, എന്‍റെ കല്യാണത്തിനു ഒരു നൂറ്റി അമ്പത് പവനും, ഇരുപത് ലക്ഷവും കിട്ടിയാലേ ഞാന്‍ കെട്ടു.പക്ഷേ..........!!!"
ഞാന്‍ ഒന്ന് നിര്‍ത്തി എല്ലാവരെയും ഒന്ന് നോക്കി.
എല്ലാവരുടെയും മുഖത്ത് നൂറ്‌ വാട്ട് പ്രകാശം, എങ്കില്‍ തന്നെയും ഞാന്‍ പറഞ്ഞതിന്‍റെ ബാക്കിക്കായി ആകാംക്ഷയോടെ അമ്മാവന്‍ തിരക്കി:
"പക്ഷേ....??"
"പക്ഷേ എന്‍റെ പെങ്ങക്ക് ഒന്നും കൊടുക്കേണ്ടാന്നാ എന്‍റെ തീരുമാനം"
ഠിം!!!!
എല്ലാവരുടെയും മുഖം ഇരുണ്ടിരിക്കുന്നു!!
ഇതെന്താ പവര്‍ക്കെട്ടോ??
കഥാപാത്രങ്ങള്‍ പതിയെ എഴുന്നേറ്റു..
"എന്നാ ഞങ്ങളങ്ങട്ട്.."
"ഓ, ആയിക്കോട്ടേ"
അവര്‍ പോയി.

ദിവസങ്ങള്‍ കഴിഞ്ഞു..
നാട്ടുകാര്‍ രംഗത്തെത്തി, അവര്‍ ആരാഞ്ഞു തുടങ്ങി:
"മനുവേ, മായയുടെ കല്യാണമൊന്നുമായില്ലേ?"
"ഇല്ല"
"ജാതകം കുഴപ്പമുള്ളതാണോ?"
"അയ്യോ, അല്ല"
"വരുന്നവര്‌ വല്യ ചോദ്യമായിരിക്കും?"
"ഹേയ്, ഇല്ല"
"പിന്നെന്താ?"
"അത് അച്ഛനും അമ്മക്കും വേറെ വീട്ടിലോട്ട് അയക്കാനൊരു മടി"
"എന്നാ നിങ്ങടെ അമ്മാവന്‍റെ മോന്‍ ഗള്‍ഫിലല്ലിയോ, ഒന്ന് ആലോചിച്ച് കൂടെ?"
ഒരു സ്പാര്‍ക്ക്!!
അത് ശരിയാണെല്ലോ മാതാവേ!!!
ഈ സമയത്ത് തന്നെയാണ്‌ അമ്മാവന്‍ ആലോചനയുമായി ഇങ്ങോട്ട് വന്നത്..
ദൈവം സഹായിച്ച് എല്ലാം മംഗളമായി!!

തുടര്‍ന്ന് നാട്ടുകാര്‍ വാ അടക്കുമെന്ന് നമ്മള്‍ കരുതും, എന്നാല്‍ അന്വേഷണങ്ങള്‍ തുടരുന്നേ ഉള്ളു..
"കല്യാണം ഭംഗിയായി കഴിഞ്ഞു അല്ലേ?"
"ദൈവാധീനം"
"പയ്യന്‍ ഗള്‍ഫിലല്ലേ?"
"അതേ"
"പോകുമ്പോ മോളേ കൊണ്ട് പോകുമോ?"
"അറിയില്ല"
"മോനിങ്ങ് അടുത്ത് വന്നേ, ഒരു കാര്യം ചോദിക്കട്ടെ..."
"എന്തേ?"
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!
അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല..
കല്യാണ വിശേഷങ്ങള്‍ തുടരുന്നു.

സായിപ്പിന്‍റെ നാട്ടിലേക്ക്..
ബ്രട്ടീഷുകാരെ നാടുകടത്തിയതോടെ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടി, പക്ഷേ എല്ലാ ഇന്ത്യക്കാരും ഈ സ്വാതന്ത്യം ആഗ്രഹിച്ചില്ലെന്ന് തോന്നുന്നു.കാരണം ഇന്നും പലരും ഇവിടെ നിന്ന് അവരുടെ നാട്ടിലേക്ക് ജോലിക്കായി പോകുന്നു എന്നത് തന്നെ.അതില്‍ ചിലര്‍ അവിടെ രാജാക്കന്‍മാരാകുന്നു, എന്നാല്‍ മറ്റ് ചിലര്‍ മറ്റൊരു അടിമത്വത്തിലേക്ക് വഴുതി വീഴുന്നു.
ഈ കഥ ഇവിടെ തുടങ്ങുന്നു..

ഒരു മാസം മുമ്പുള്ള ഒരു വ്യാഴാഴ്ച...
ഓഫീസിലെ കമ്പ്യൂട്ടറിനു മുമ്പില്‍ പല്ലും കുത്തി നിന്ന എന്‍റെ മുമ്പില്‍ പെട്ടന്ന് ഒരു അജാനബാഹു പ്രത്യക്ഷനായി, എന്‍റെ പ്രോജക്റ്റ് മാനേജര്‍.
"മനു എന്തെങ്കിലും അര്‍ജന്‍റ്‌ ജോലിയിലാണോ?"
അതേ സാര്‍, ഞാന്‍ പല്ല്‌ കുത്തികൊണ്ടിരിക്കുകയാ!!
ഇങ്ങനെ ഒരു മറുപടി പറയണോന്ന് ആലോചിച്ച് ഇരിക്കുന്ന എന്നോട് അദ്ദേഹം വീണ്ടും പറഞ്ഞു:
"മനുവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്, മീറ്റിങ്ങ് റൂമിലേക്ക് വാ"
എന്‍റെ ചങ്കൊന്ന് കത്തി.
എന്തായിരിക്കും??
ഞാന്‍ ആ മീറ്റിംഗ് റൂമിലേക്ക് നടന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ എന്നെ ദയനീയമായി നോക്കി, എല്ലാവരും പരസ്പരം പറഞ്ഞു...
എന്തോ ഭയങ്കര പ്രശ്നമാ!!!

മീറ്റംഗ് റൂമില്‍ ഞാനും മാനേജരും മുഖാമുഖം...
"മനു, ഇവിടുന്ന് രണ്ട് പേര്‍ ജോലി സംബന്ധമായി യൂക്കെ പോകണം"
"ഓക്കേ"
"നോ നോ, യൂക്കേ"
ശെടാ!!
മണ്ടനു ഞാന്‍ വിശദീകരിച്ചു കൊടുത്തു:
"യൂക്കെ എന്നത് ഓക്കേ ആണെന്നാ ഉദ്ദേശിച്ചത്"
"ഓക്കേ"
"അല്ല സാര്‍, യൂക്കേ. അതാണ്‌ ഓക്കേ"
പ്രോജക്റ്റ് മാനേജര്‍ പതിയെ തല ചൊറിഞ്ഞ് തുടങ്ങി, എന്നിട്ട് ശാന്തനായി പറഞ്ഞു:
"എന്തായാലും പോകണം"
അതിന്??
"മനു വേണം ആദ്യം പോകാന്‍"
ഞാനോ????
അറിയാതെ കസേരയില്‍ നിന്ന് എഴുന്നേറ്റ് പോയി!!
അത് പിന്നെ ഇംഗ്ലണ്ടിലെ സംസാരമോ, അവരുടെ പെരുമാറ്റ രീതികളോ എനിക്കറിയില്ല.പിന്നെ ഞാന്‍ ഒറ്റക്ക് പോയി എന്നാ ചെയ്യാനാ, അതിനാല്‍ തന്നെ സത്യം ബോധിപ്പിച്ചു:
"സോറി സാര്‍, അവിടെ എന്ത് സംസാരിക്കണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ എനിക്ക് അറിയില്ല"
ഇങ്ങനെ ഒരു മറുപടി അദ്ദേഹം പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു, കുറേ ആലോചിച്ചിട്ട് അദ്ദേഹം ചോദിച്ചു:
"സോറി പറയാന്‍ അറിയാമോ?"
"അറിയാം"
"താങ്ക്യൂ പറയാന്‍ അറിയാമോ?"
"അതും അറിയാം"
"മനുവിന്‍റെ സ്വഭാവം വച്ച് ഇത് രണ്ടും പറയാനെ അവിടെ നേരം കാണു, സോ ഡോണ്ട് വറി"
പോടാ പുല്ലേ!!!

എന്തായാലും എന്നെയും കൂടെ വേറൊരു ടെസ്റ്ററെയും വിടാന്‍ തീരുമാനമായി.അപ്പോഴാണ്‌ കൂടെ ഉള്ള വേറെ ഒരുത്തനു കൂടി യൂക്കെയില്‍ പോകണമെന്ന് മോഹമുദിച്ചത്.രാമനെ മോഹിച്ച ശൂര്‍പ്പണഖയെ പോലെ അവനെന്‍റെ പിന്നാലെ കൂടി, നാശം.
ഒടുവില്‍ എന്‍റെ നിസ്സഹായവസ്ഥ ഞാന്‍ വ്യക്തമാക്കി:
"അളിയാ, കമ്പനി കാര്യമാ, ഞാന്‍ എന്ത് ചെയ്യാനാ?"
മറുപടിയായി 'അക്കരെ അക്കരെ അക്കരെ' യിലെ ശ്രീനിവാസന്‍റെ ഡയലോഗുകള്‍ അവനെടുത്ത് വീശി...
യൂക്കെയില്‍ ആര്‌ നിനക്ക് താരാട്ട് പാടും?
യൂക്കെയില്‍ ആര്‌ നിനക്ക് പാചകം ചെയ്യും?
യൂക്കെയില്‍ ആര്‌ നിന്‍റെ കോണകം കഴുകും?
ഒരു കൂട്ടം ചോദ്യങ്ങള്‍.
അന്തിച്ച് നിന്ന എനിക്ക് അവന്‍ തന്നെ മറുപടിയും തന്നു:
"ഞാന്‍ ചെയ്യാം അളിയാ, എല്ലാം ഞാന്‍ ചെയ്യാം"
തന്നെ??
തന്നെ!!

അങ്ങനെ കമ്പനിയില്‍ കാര്യം അവതരിപ്പിച്ചു, രാകേഷിനെ കൂടി കൂടെ കൊണ്ട് പോകാനുള്ള കാരണവും വ്യക്തമാക്കി:
"ഒരാള്‍ കൂടി ഉണ്ടെങ്കില്‍ ജോലി പെര്‍ഫെക്റ്റാവും"
പ്രോജക്റ്റ് മാനേജര്‍ രാകേഷിനെ വിളിച്ചു:
"മനുവിന്‍റെ കൂടെ പോയി ജോലി വൃത്തിയായി ചെയ്യാമെന്ന് ഉറപ്പുണ്ടോ?"
"ഉണ്ട് സാര്‍, ഒറ്റക്കണെങ്കില്‍ തന്നെ പെര്‍ഫെക്റ്റായി ചെയ്യാമെന്ന് എനിക്ക് ഉറപ്പുണ്ട്" അവന്‍റെ സാക്ഷ്‌യം.
അത് കേട്ടതും പ്രോജക്റ്റ് മാനേജര്‍ എന്നോട് ചോദിച്ചു:
"അങ്ങനാണേല്‍ രാകേഷ് മാത്രം പോയാല്‍ പോരെ മനു?"
ങ്ങേ!!!!
ഞെട്ടിപ്പോയ ഞാന്‍ രാകേഷിനെ ദയനീയമായി നോക്കി...
എടാ രാകേഷേ,...താരാട്ട്....പാചകം...കോണകം....
അവനു എല്ലാം മനസിലായി.
"മനുവും കൂടി വന്നോട്ടെ സാര്‍" അവന്‍റെ ഔദാര്യം.
അങ്ങനെ ടെസ്റ്ററായ പ്രിന്‍സും, ഞാന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച രാകേഷും, അവന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച ഞാനും, ആ മഹാദൌത്യത്തിനു തയ്യാറായി.

ആദ്യപടി ബാംഗ്ലൂരിലെ വി.എഫ്.എസ്സ് ഓഫീസില്‍ പോയി വിസക്ക് വേണ്ട ഡോക്യുമെന്‍റ്‌സ്സ് സബ്മിറ്റ് ചെയ്യുക എന്നതാണ്.ബാങ്ക് സ്റ്റേറ്റ്മെന്‍ഡ്, സാലറി സര്‍ട്ടിഫിക്കേറ്റ്, കമ്പനി ലെറ്റര്‍, എന്ന് തുടങ്ങി, ഇംഗ്ലണ്ടില്‍ ചെന്ന് മദാമ്മമാരെ കെട്ടാതിരിക്കാന്‍ നാട്ടില്‍ വച്ചേ കുരുക്കു വീണതാണെന്ന് ബോധ്യപ്പെടുത്തുന്ന മ്യാരേജ് സര്‍ട്ടിഫിക്കേറ്റ് വരെ ഫയലിലാക്കി.തുടര്‍ന്ന് അവയുമായി മൂന്ന് ജന്മങ്ങള്‍ ഒരു തിങ്കളാഴ്ച രാവിലെ ബാംഗ്ലൂര്‍ വി.എഫ്.എസ്സ് ഓഫീസിനു മുമ്പില്‍ ഹാജരായി.
സമയം ഏഴ് മണി.
ഓഫീസ്സ് ആരംഭിക്കുന്നത് ഒമ്പതിനു ശേഷം.ഡോക്യുമെന്‍റ്‌ കൊടുക്കുന്നതിനൊപ്പം അവരോട് ഇംഗ്ലീഷില്‍ തട്ടി വിടേണ്ട വാചകങ്ങളെ പറ്റിയും യൂക്കെയിലെ ലൈഫിനെ കുറിച്ചും ഒരു ചെറിയ ഡിസ്കഷന്‍.തുടര്‍ന്ന് വയറ്റില്‍ കാറ്റ് കയറിയപ്പോള്‍ വിശപ്പ് മാറ്റാനായി അരകിലോമീറ്റര്‍ അകലെയുള്ള ബേക്കറിയിലേക്ക് പതിയെ നടന്നു.
അങ്ങനെ ഞങ്ങള്‍ ബേക്കറിയിലെത്തി.

അതൊരു വലിയ ബേക്കറി ഒന്നും ആയിരുന്നില്ല, ആകെ അവിടെ ഇരിക്കാന്‍ സൌകര്യം എന്ന് പറയാന്‍ റോഡിനോട് ചേര്‍ന്നുള്ള നാല്‌ കസേര മാത്രം.ഒരോരുത്തരും നാല്‌ ബണ്‍ വീതം വാങ്ങി കസേരയില്‍ സ്ഥാനം പിടിച്ചു.അങ്ങനെ ബ്രേക്ക് ഫാസ്റ്റ് തുടങ്ങി..
ആദ്യത്തെ ബണ്‍ എടുത്ത് വായിലോട്ട് വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അരികില്‍ എവിടെ നിന്നോ ഒരു മുരള്‍ച്ച കേട്ട പോലെ...
ഹേയ്, തോന്നിയതാവും!!
വീണ്ടും കഴിക്കാന്‍ വായിലേക്ക് വച്ചപ്പോള്‍ അതേ മുരള്‍ച്ച.
ശെടാ, ഇതാര്??
തിരിഞ്ഞ് സൈഡിലേക്ക് നോക്കിയപ്പോള്‍ സൌണ്ട് എഞ്ചിനിയറെ മനസിലായി...
എല്ലും തോലുമായ ഒരു ചാവാലി പട്ടി!!!
അത് വളരെ ദയനീയമായി എന്നെയും ബണ്ണിനെയും മാറി മാറി നോക്കുന്നു.അത് കണ്ടതോടു കൂടി കൈയ്യിലിരിക്കുന്ന ബണ്‍ മനസമാധാനത്തോടെ കഴിക്കാം എന്നുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു.ഒരു മനുഷ്യജന്മത്തിനു ഒരു പട്ടിജന്മത്തോടെ തോന്നാവുന്നതില്‍ വച്ച് മാക്സിമം സിംപതി എന്നില്‍ ഉടലെടുത്തു.ഒരാഴ്ചക്ക് ശേഷം യൂക്കെയില്‍ പോയി ലക്ഷകണക്കിനു രൂപ സമ്പാദിക്കേണ്ട എന്‍റെ മുമ്പില്‍ ഒരു നേരത്തെ ആഹാരത്തിനായി ഒരു പട്ടി ആര്‍ത്തിയോടെ നില്‍ക്കുന്നു.
സഹായിക്കണം, ഈ പട്ടിയെ എങ്ങനെയും സഹായിക്കണം!!
എന്‍റെ മനസ്സ് മന്ത്രിച്ചു.

ഒടുവില്‍ കഴിക്കാന്‍ എടുത്ത ബണ്ണില്‍ നിന്ന് ഒരു ചെറിയ കഷ്ണം അടര്‍ത്തി പട്ടിക്ക് മുമ്പിലേക്കിട്ടു.ആ പട്ടി അത് കുനിഞ്ഞ് തിന്നുമ്പോഴേക്കും ബണ്ണിന്‍റെ ബാക്കി ഭാഗം സമാധാനമായി അകത്താക്കാം എന്നായിരുന്നു എന്‍റെ പ്രതീക്ഷ.എന്നാല്‍ ഞാന്‍ വലിച്ചെറിഞ്ഞ ബണ്‍ നിലത്തെത്തുന്നതിനു മുമ്പ്, യുവരാജ് സിംഗ് ക്യാച്ച് എടുക്കുന്ന പോലെ ഒറ്റ ചാട്ടത്തിനു പട്ടി വായിലാക്കിയതും, കാലുകള്‍ നിലത്ത് കുത്തുന്നതിനു മുമ്പ് തന്നെ വായിലുള്ള ബണ്‍ വയറ്റിലാക്കിയതും ഒരു ഞെട്ടലോടെയാണ്‌ ഞാന്‍ കണ്ടത്.എന്താ സംഭവിച്ചതെന്ന് മനസിലാകാതെ അന്തിച്ച് നിന്ന എന്നെ നോക്കി അത് വീണ്ടും മുരണ്ടു...
ഗഗഗര്‍ര്‍ര്‍ര്‍....വണ്‍ മോര്‍ പീസ്, പ്ലീസ്സ്!!
കടവുളെ, കുരിശായി.
പട്ടി ബണ്ണ്‌ തിന്നുകയും ചെയ്യും, മനുഷ്യനെ കൊണ്ട് തീറ്റിക്കുകയുമില്ല!!!
ശരിക്കും ആ അവസ്ഥ ഗംഭീരമായിരുന്നു...
മൂന്നേ മുക്കാല്‍ പീസ് ബണ്ണുമായി ഒരു കസേരയില്‍ ഞാന്‍, കയ്യിലുള്ള ബണ്ണെല്ലാം എനിക്ക് ദാനം ചെയ്യടാന്ന മട്ടില്‍ മുരണ്ട് കൊണ്ട് വാലാട്ടി നില്‍ക്കുന്ന പട്ടി സൈഡില്‍, ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും, മുമ്പിലിരിക്കുന്ന തൊട്ടിയേയും സൈഡിലിരിക്കുന്ന പട്ടിയെയും ഞങ്ങള്‍ക്ക് അറിഞ്ഞേ കൂടാന്നും ഉള്ള മട്ടില്‍ രാകേഷും പ്രിന്‍സ്സും.
ഇനി എന്ത് ചെയ്യും??
ഒടുവില്‍ ബണ്‍ പട്ടിക്ക് കൂടി ഷെയര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു, അങ്ങനെ ഒരുവിധത്തില്‍ ആ ബ്രേക്ക് ഫാസ്റ്റ് അവസാനിപ്പിച്ചു.ബേക്കറിയില്‍ കാശ് കൊടുത്ത് തിരികെ നടന്നപ്പോള്‍ രാകേഷ് പറഞ്ഞു:
"മനുവേ, നീയും ആ പട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല"
ങ്ങേ!!
എന്തിര്??
ഞെട്ടി നിന്ന എനിക്ക് അവന്‍ വിശദീകരണവും തന്നു:
"നീയും രണ്ട് ബണ്‍ തിന്നു, ആ പട്ടിയും രണ്ട് ബണ്‍ തിന്നു"
ഓഹോ, അത്രേ ഉള്ളോ??
അതേ, അത്രേയുള്ളു!!

തിരിച്ച് വി.എഫ്.എസ്സ് ഓഫീസിലേക്ക് നടത്തം...
ഞങ്ങള്‍ പടിഞ്ഞാറ്‌ ഭാഗത്തേക്കാണ്‌ നടക്കുന്നത്, ഇത് പറയാന്‍ കാരണമുണ്ട്, സൂര്യന്‍ ഉദിച്ചിരിക്കുന്നത് പുറകിലായാണ്.ഞങ്ങളുടെ നിഴലുകള്‍ ഞങ്ങളെക്കാള്‍ മുമ്പേ മുന്നിലേക്ക് സഞ്ചരിക്കുന്നു.നടക്കുന്ന കൂട്ടത്തില്‍ വെറുതെ നിഴലുകളെ എണ്ണി...
ഒന്ന്..രണ്ട്.. മൂന്ന്..നാല്...
നാല്‌ നിഴലുകള്‍..
ഞങ്ങള്‍ മൂന്നു പേരും, ആകെ നാല്‌ നിഴലുകളും!!!
അതെങ്ങനെ??
ഒരു നിഴല്‍ രാകേഷിന്‍റെ കാല്‍പാദത്തില്‍ നിന്ന് തുടങ്ങുന്നു, രണ്ടാമത്തെത് പ്രിന്‍സില്‍ നിന്നും, മൂന്നാമത്തെത് എന്നില്‍ നിന്നും, നാലാമത്തേത് മാത്രം എന്‍റെ സൈഡില്‍ ബാക്കില്‍ നിന്നും.
തിരിഞ്ഞ് നോക്കി...
അതാ അവിടെ, നമ്മുടെ കഥാനായകന്‍...
ദി ഗ്രേറ്റ് ചാവാലി പട്ടി, എന്നെ നോക്കി തലകുലുക്കി വാലാട്ടി നില്‍ക്കുന്നു!!
എന്‍റമ്മേ.

"എടാ പട്ടി" അറിയാതെ അലറി പോയി.
"എന്നെയാണോ?" രാകേഷ്.
അവനെ അങ്ങനെ വിളിക്കേണ്ട പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോള്‍ വിളിച്ചത് അവനെ ആയിരുന്നില്ല.
"അല്ലെടാ, ദേ നോക്കിയേ"
അവരും ആ കാഴ്ച കണ്ടു...
വാലാട്ടി ചിരിച്ച് കൊണ്ട് സെയിം പട്ടി!!!
"ഭാഗ്യം, ഇത് മനുവിനെ മാത്രമാ നോക്കുന്നത്" രാകേഷിന്‍റെ കമന്‍റ്.
"ഒഴിവാക്കിയട്ട് വാടാ" പ്രിന്‍സിന്‍റെ ഉപദേശം.
എങ്ങനെ??
രണ്ട് ബണ്ണ്‌ കൊടുത്ത ഒറ്റ കാരണം കൊണ്ട് വാലാട്ടി എന്‍റെ പിന്നാലെ കൂടിയ പട്ടിയാ, ഒഴിവാക്കാന്‍ കല്ലെടുത്ത് എറിഞ്ഞാല്‍ ചാടി കേറി കടിച്ചാലോ?
ഞാന്‍ ആശയകുഴപ്പത്തിലായി.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് മുന്നിലേക്ക് നടന്നു....

ബാംഗ്ലൂര്‍ നഗരത്തില്‍ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു കാഴ്ച..
ടിപ്പ് ടോപ്പില്‍ നടക്കുന്ന രണ്ട് മഹാന്‍മാര്‍, അവരില്‍ നിന്ന് ഒരടി മാറി നടക്കുന്ന മറ്റൊരു മഹാന്‍, അദ്ദേഹത്തിനു പിന്നാലെ വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് എല്ലും തോലുമായ ഒരു നായ.
കണ്ടവര്‍ കണ്ടവര്‍ വീണ്ടും നോക്കി...
ഹോ, വാട്ട് എ വാക്ക്!!!
അല്ല, എന്നെ കുറ്റം പറഞ്ഞാല്‍ മതി.വെറുതെ ഇരുന്നു അവനവന്‍റെ കാര്യം നോക്കി പോകുന്നതിനു പകരം മൃഗസ്നേഹി ആയാല്‍ ഇങ്ങനെയിരിക്കും.പണ്ടൊക്കെ ഒരോ കാര്യങ്ങള്‍ ചെയ്തിട്ട് 'ഒരു പട്ടി പോലും തിരിഞ്ഞ് നോക്കുന്നില്ല' എന്ന് കുറ്റം പറഞ്ഞത് ദൈവം കേട്ടെന്ന് തോന്നുന്നു.അതാവാം ഒരു പട്ടിയെ എന്നെ തന്നെ നോക്കാന്‍ ഏല്‍പ്പിച്ച് വിട്ടത്, എന്‍റെ വിധി.

സംഘം വി.എഫ്.എസ്സിനു മുമ്പിലെത്തി...
സെക്യൂരിറ്റിക്കാര്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവരെ മാത്രം അകത്ത് കയറ്റി, പാസ്സ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പട്ടിയെ പുറത്ത് നിര്‍ത്തി.അകത്ത് കയറി ഡോക്യുമെന്‍റെ സബ്മിറ്റ് ചെയ്തപ്പോള്‍ എന്തിനാണ്‌ യൂക്കെയില്‍ പോകുന്നതെന്ന് അവര്‍ ചോദിച്ചു, ഇംഗ്ലണ്ടിനെ പുനരുദ്ധരീകരിക്കാനാണെന്ന് മറുപടി നല്‍കി.ആ ചടങ്ങ് കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും സ്നേഹസമ്പന്നനായ പട്ടി മറ്റേതോ ഹതഭാഗ്യന്‍റെ പിന്നാലെ പോയിരുന്നു, ഭാഗ്യം.
ദിവസങ്ങള്‍ പെട്ടന്ന് കടന്ന് പോയി...
വെള്ളിയാഴ്ച രാവിലെ ചെന്നയിലെ വിസ ഓഫീസില്‍ നിന്ന് കൊറിയര്‍ അയച്ചതായി അറിയിപ്പ് വന്നു.ഞയറാഴ്ച യൂക്കെയില്‍ പോകാന്‍ തീരുമാനിച്ചു.ബാഗ്, ജാക്കറ്റ്, ഷര്‍ട്ട്, പാന്‍സ്, ചെരുപ്പ്, ഷൂസ്സ്, പല്ല്‌കുത്തി, ചെവിതോണ്ടി തുടങ്ങിയ എല്ലാം പലരില്‍ നിന്നും കടം വാങ്ങി.
ശനിയാഴ്ച കൊറിയര്‍ വന്നു...
തുറന്നപ്പോള്‍ എന്‍റെ വിസ മാത്രം റിജക്റ്റായി!!!
എനിക്ക് യൂക്കെയില്‍ പോകാന്‍ പറ്റില്ല...
കാരണം എന്‍റെ ബാങ്കില്‍ കാശില്ലത്രേ.
കഷ്ടം.

രാകേഷും, പ്രിന്‍സും യൂക്കേക്ക് പോയി...
കരയില്‍ ഞാന്‍ മാത്രമായി!!!

രണ്ട് ദിവസത്തിനു ശേഷം സംഭവമറിഞ്ഞ് പലരും വിളിച്ച് തുടങ്ങി, അതും ഒന്നും അറിയാത്ത പോലെ:
"ഹലോ മനു, ഇപ്പോ എവിടാ?"
വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"ഞാന്‍ യൂക്കേയിലാ"
മറുഭാഗത്ത് നിശബ്ദത, അഞ്ച് മിനിറ്റിനു ശേഷം സംശയഭാവത്തില്‍ വീണ്ടും:
"യൂക്കേ?""
"അതേ, അതേ, യൂക്കേ...ഉത്തര കര്‍ണ്ണാടക"
ഠിം.
ഫോണ്‍ ഡിസ്കണക്റ്റഡ്.
ഇങ്ങനെ വിളിക്കുന്നവര്‍ക്കെല്ലാം ഒന്നു മാത്രം അറിഞ്ഞാല്‍ മതി...
മനു സായിപ്പിന്‍റെ നാട്ടില്‍ പോയോ??
ഹും! സായിപ്പിന്‍റെ നാട്ടിലേക്ക് എന്‍റെ പട്ടി പോകും...
ആ പഴയ ചാവാലി പട്ടി!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com