കൃഷ്ണപുരം എന്ന അതിമനോഹരമായ ഗ്രാമം.
ടുംഡു ടുംഡു ടുഡുടുഡു...ടുംഡു ടുംഡു ടുഡുടുഡു..
കളകളം പാടുന്ന കിളികളും, പാടത്ത് ചാടുന്ന തവളയും, മാനത്ത് ചുറ്റുന്ന പരുന്തും, എന്ന് വേണ്ടാ ഒരു ടിപ്പിക്കല്‍ മലയാളം സിനിമയില്‍ കാണുന്ന എല്ലാ ഗ്രാമീണ പ്രഭാവങ്ങളും (ഓ പറയാന്‍ മറന്നു, രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ കേള്‍പ്പിക്കുന്ന വീണയുടെ ശബ്ദവും, അത് കഴിഞ്ഞുള്ള 'കൌസല്യാ സുപ്രഭാ...' എന്നുള്ള പാട്ടും) ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.
ഇവിടെ ആയിരുന്നു എന്‍റെ അമ്മയുടെ കുടുംബം.
അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍, പണ്ട് ആന ഉണ്ടായിരുന്ന തറവാട്!!
(ചുമ്മാതാ, മണ്ണ് തുരന്ന് നോക്കിയാല്‍ അഞ്ചാറ് കുഴിയാനകള്‍ കാണും, അത്ര മാത്രം)
സത്യം ഇതാണെങ്കിലും ഞങ്ങളുടെത് വലിയ കുടുംബമാണെന്നും, അവിടെ ആന ഉണ്ടായിരുന്നെന്നും, ആനപുറത്ത് പോയാ അമ്മാവന്‍ കല്യാണം കഴിച്ചതെന്നും, എന്തിന്, വീട് നില്‍ക്കുന്ന സ്ഥലം മുതല്‍ തെക്കോട്ട് കന്യാകുമാരി വരെ അപ്പുപ്പന്‍റെ സ്വന്തമായിരുന്നെന്നും, നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം പാവങ്ങള്‍ക്ക് ഇഷ്ടദാനം കൊടുത്തതായിരുന്നെന്നും ഞാനും നിര്‍ലോഭം തട്ടി വിട്ടിരുന്നു.ഇതിലൊന്നും വിശ്വസിക്കാത്ത ചില അവിശ്വാസികളെ, വീടിനോട് ചേര്‍ന്നുള്ള ഒരു നിലവറയുടെ വാതില്‍ കാണിച്ച്, അതൊരു തുരങ്കമാണെന്നും, ആ തുരങ്കത്തിന്‍റെ മറ്റേ അറ്റം കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തിന്‍റെ നടുക്ക് ആണെന്നും, മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ചപ്പോള്‍ ആ കുളത്തില്‍ മുങ്ങിയ കായംകുളം മഹാരാജാവ് ഇവിടെ പൊങ്ങിയാണ് തല തോര്‍ത്തിയതെന്നും, നിലവറയുടെ വാതിലില്‍ ഇരുന്ന് കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തില്‍ ചൂണ്ട ഇടുന്നതാണ് അപ്പുപ്പന്‍റെ പ്രധാന ഹോബിയെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
ഒടുവില്‍ എന്‍റെ ഗീര്‍വാണത്തില്‍ സഹികെട്ട ഒരു സുഹൃത്ത് അവന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പുനര്‍ജന്മമാണെന്നും, കായംകുളം രാജാവിന്‍റെ ബന്ധുക്കളെ എല്ലാവരെയും കൊല്ലുകയാ അവന്‍റെ ജന്മലക്ഷ്‌യം എന്നും പ്രഖ്യാപിച്ചതോടെ എന്‍റെ സൂക്കേടങ്ങ് തീര്‍ന്നു.ഉറക്കത്തില്‍ മധുരസ്വപ്നം കാണുന്നതിനു പകരം കുതിരപ്പുറത്ത് വാളുമായി വരുന്ന അവന്‍റെ മുഖം കണ്ടതോടെ 'ആരാണ് കായംകുളം മഹാരാജാവ്? ശശിയാണോ? അതോ സോമനോ?' എന്നൊക്കെ ചോദിച്ച്, എനിക്കും രാജാവിനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു.
ആ സംഭവത്തിനു ശേഷം ആരോടും തറവാടിനെ കുറിച്ച് വിശദീകരിക്കാറില്ലെങ്കിലും, അവിടെ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.ഒരു കൂട്ടുകുടുംബ വ്യവസ്ഥയില്‍ എല്ലാവരും ചേര്‍ന്ന് താമസിക്കുന്ന അവിടെ കുട്ടികള്‍ ധാരാളം ഉണ്ടായിരുന്നു എന്നതാണ് എന്നെ അവിടേക്ക് ആകര്‍ക്ഷിക്കുന്ന മുഖ്യഘടകം.അമ്മാവന്‍റെയും, വല്യമ്മയുടെയും,കുഞ്ഞമ്മയുടെയും സന്താനങ്ങള്‍ക്ക് ഒപ്പം ഞാന്‍ കൂടി ചേരുന്നതോടെ ജീവിതം ആഘോഷിക്കാനുള്ളതായി തീരും.
അവിടുത്തെ എന്‍റെ ജീവിതത്തെ കുറിച്ച് രണ്ട് വാക്ക്..
അമ്മാവന്‍റെ മകനായ രമേഷ് ആണ് തറവാട്ടില്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.വീട്ടുകാര്‍ കാണാതെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് പട്ടം പറപ്പിക്കുന്നതും, അമ്മാവന്‍ കുഴിച്ച് വച്ച ചീനികമ്പ് ഊരി എടുത്ത് ചോട്ടില്‍ ചീനി വന്നോ എന്ന് നോക്കുന്നതും, അമ്മായി തൂത്ത് വൃത്തിയാക്കിയ നടുമുറ്റത്ത് കരിയില കൊണ്ട് അത്തപ്പൂ ഇടുന്നതും ഞങ്ങള്‍ ഒന്നിച്ച് തന്നെ.ഇത് കൂടാതെ മറ്റ് കുട്ടികളെ നാടകം കളിച്ച് കാണിക്കുക എന്നതും ഞങ്ങളുടെ ചുമതലയാണ്.
നാടകത്തിന്‍റെ പേര്..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.
ഇതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷം എനിക്കാണ്.കൂടെ ബുദ്ധിമാനായ ബീര്‍ബലായി രമേഷും.ചക്രവര്‍ത്തിയുടെ വീരസാഹസികങ്ങള്‍ കാണിക്കാന്‍ അമ്പും വില്ലും വച്ച് കാക്കയെ എയ്യുന്നതും, ശൌര്യം കാണിക്കാന്‍ ഉത്തരവുകള്‍ ഇറക്കുന്നതും, പ്രൌഡി കാണിക്കാന്‍ ബീര്‍ബലിനോട് ആജ്ഞാപിക്കുന്നതും ഞാന്‍ തന്നെ.
അങ്ങനെയുള്ള ഒരു ഞയറാഴ്ച.
അക്ബര്‍ ചക്രവര്‍ത്തിയായി ഞാന്‍ അരങ്ങ് തകര്‍ക്കുകയാണ്.
അപ്പോഴാണ് ഇളയ അമ്മാവന്‍ അങ്ങോട്ടേക്ക് വന്നത്...
ഇദ്ദേഹം പൊതുവേ ശുദ്ധനാണ്, പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് അമ്മാവനെ ഒരു ഭയമുണ്ട്.ദേഷ്യം വന്നാല്‍ ഓടിച്ചിട്ട് തല്ലുന്നതും, അല്ലാത്തപ്പോള്‍ കെട്ടിയിട്ട് തല്ലുന്നതും ഇദ്ദേഹത്തിന്‍റെ ഹോബിയാണ്.ആ അമ്മാവനാണ് അക്ബര്‍ ചക്രവര്‍ത്തിയായി വിലസിയിരുന്ന എന്‍റെ മുന്നിലേക്ക് വന്നത്.വന്നപാടെ അദ്ദേഹം മൊഴിഞ്ഞു:
"വെറുതെ വേഷം കെട്ടി നില്‍ക്കാതെ കണ്ടത്തിലെ കളയൊക്കെ ഒന്ന് പറിച്ച് കളഞ്ഞേ"
അമ്മാവന്‍ ഈ വാചകം പറഞ്ഞത് എന്നോടായിരുന്നു, പക്ഷേ പ്രതികരിച്ചത് എന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്ന മഹാനായ അക്ബര്‍ ചക്രവര്‍ത്തി ആയി പോയി:
"ആരവിടെ! അക്ബറുടെ കണ്ടത്തില്‍ കളയോ? വരട്ടെ രണ്ട് തരുണീമണികള്‍, പറിക്കട്ടെ കള"
കൈവിട്ട ആയുധവും, വാ വിട്ട വാക്കും തിരിച്ച് പിടിക്കാന്‍ പറ്റില്ലാന്ന് കേട്ടിട്ടില്ലേ, അതാ അന്ന് സംഭവിച്ചത്.ഉത്തരവ് ഇറക്കിയ ശേഷം തല ഉയര്‍ത്തിയ അക്ബര്‍ ചക്രവര്‍ത്തി കണ്ടത് കണ്ണും ചുവപ്പിച്ച് നില്‍ക്കുന്ന അമ്മാവനെയാണ്.
'ബീര്‍ബല്‍, നോം ഇനി എന്ത് ചെയ്യും' എന്ന ഭാവത്തില്‍ ഞാന്‍ രമേഷ് നിന്ന ഭാഗത്തേക്ക് നോക്കി..
അത്ഭുതം!!!
അവിടം ശൂന്യമായിരുന്നു!!!
എന്‍റമ്മച്ചിയേ.
"ആജ്ഞാപിക്കാന്‍ നീ ആരാടാ?" അമ്മാവന്‍റെ ഗര്‍ജ്ജനം.
നോം മഹാനായ അക്ബര്‍ ചക്രവര്‍ത്തി.
ദൈവം സഹായിച്ച് ഇങ്ങനൊരു മറുപടി വായില്‍ വന്നില്ല.അതിനാല്‍ പത്ത് അടി കുറച്ച് വാങ്ങി.അന്നത്തെ കോട്ടാ തന്ന് കഴിഞ്ഞ് അമ്മാവന്‍ മനസമാധാനത്തോടെ തിരിച്ച് വീട്ടിലേക്ക് കയറി, ഞാന്‍ കള പറിക്കാന്‍ മോങ്ങി കൊണ്ട് കണ്ടത്തിലേക്കും നടന്നു..
അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച..
ബീര്‍ബലും കൂട്ടരും മാന്യമായി കള പറിക്കുന്നു.
മഹാനായ അക്ബര്‍ ചക്രവര്‍ത്തി മാത്രം ചതിക്കപ്പെട്ടു!!!!
മോങ്ങി കൊണ്ട് വരുന്ന എന്നെ ആശ്വസിപ്പിക്കാന്‍ രമേഷ് തയ്യാറായി:
"ചേട്ടന്‍ വിഷമിക്കരുത്, ചിറ്റപ്പന്‍ സാമൂഹ്യപാഠം പഠിച്ചിട്ടില്ല"
അത് ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു!!!
തുടര്‍ന്ന് കള പറിക്കല്‍..
എത്രയോ പൂരത്തിനു അമ്മാവന്‍ പോകുന്നതാ, എന്നിട്ടും അവിടൊന്നും ആന ഇടഞ്ഞില്ലല്ലോന്ന് ചിന്തിച്ച് കൊണ്ടാണ് കള പറിക്കാന്‍ ഇരുന്നത്.ആ മഹാനോടുള്ള വാശി കാരണം മുന്നില്‍ കണ്ടതെല്ലാം പറിച്ചു, അത് കളയാണോ, എള്ളാണോ, നെല്ലാണോ, തെങ്ങാണോ എന്നൊന്നും നോക്കാന്‍ മിനക്കെട്ടില്ല എന്നതാണ് സത്യം.
"ഇന്ന് ഞയറാഴ്ചയാ, അഞ്ച് മണിക്ക് സൂപ്പര്‍മാനുണ്ട്" വല്യമ്മയുടെ മകള്‍ ആണ് ആദ്യം തിരിയിട്ടത്.
"അഞ്ചരക്ക് ജെയിന്‍റ് റോബര്‍ട്ടുണ്ട്" രമേഷന്‍റെ ആത്മഗതം.
"ആറ് മണിക്ക് കോട്ടയം കുഞ്ഞച്ചനുണ്ട്" കുഞ്ഞമ്മയുടെ മകന്‍റെ ഓര്‍മ്മപ്പെടുത്തല്‍.
ഞാന്‍ ഒന്നും കേട്ടതായി ഭാവിച്ചില്ല.
ഈ പറഞ്ഞതൊക്കെ കാണാനായി കുടുംബത്ത് ടീവി ഇല്ല, അതിനു അയല്‍ വീട് തന്നെ ശരണം.അവിടെ പോയി ടീവി കാണണമെങ്കില്‍ അമ്മാവന്‍റെ അനുമതി വേണം.അതിനു ഞാന്‍ വേണം മുന്നിട്ട് ഇറങ്ങാന്‍, ആ ഉദ്ദേശത്തിലാണ് ദൂരദര്‍ശന്‍ കേന്ദ്രം പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ സഹോദരങ്ങള്‍ എന്‍റെ മുന്നില്‍ വിളമ്പിയത്.
"നമക്ക് കാണാന്‍ പോകേണ്ടേ?" ഒത്തൊരുമയോടുള്ള ചോദ്യം.
"ഞാനില്ല, നിങ്ങള്‍ പോയ്ക്കോ"
കണ്ടത്തിലെ സകലമാന കളയും കളയാതെ അക്ബര്‍ ചക്രവര്‍ത്തിക്ക് ഇനി വിശ്രമമില്ല....
ഇത് സത്യം, സത്യം, സത്യം!!!
കള പറിച്ച് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ വെറുതെ എരുത്തിലില്‍ ഒന്ന് നോക്കി, അവിടെ നന്ദിനി പശു മിസിംഗ്.ചെങ്കല്ലിന്‍റെ നിറമുള്ള നന്ദിനിയെ തേടി ഒരു അന്വേഷണം..
ഒടുവില്‍ കണ്ടു, തെക്കേ തറയുടെ കന്നിമൂലക്ക് ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന കഥനായിക.മിണ്ടാതെ പിന്നില്‍ ചെന്ന് കയറില്‍ പിടി കൂടീ.വല്യ കയര്‍ അടുത്തുള്ള തെങ്ങില്‍ ചുറ്റി കുരുങ്ങിയതിനാല്‍ ആണ് ആളവിടെ സ്റ്റക്കായത് എന്ന് മനസിലായി.പതിയെ കുരുക്കഴിച്ച് നന്ദിനിയുമായി വീട്ടിലേക്ക്.
എരുത്തിലില്‍ നന്ദിനിയെ കെട്ടി, കൈയ്യും കാലും കഴുകി പതുക്കെ അമ്മയുടെ മുന്നില്‍ ചെന്നു.
"അവരൊക്കെ ടീവി കാണാന്‍ പോയി, നീ പോണില്ലേ?"
ആ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്നേ അയല്‍ പക്കത്തിലേക്ക് ഓടി.
സൂപ്പര്‍മാന്‍, ജെയിന്‍റ് റോബര്‍ട്ട്, കോട്ടയം കുഞ്ഞച്ചന്‍..
ഷോ തകര്‍ക്കുകയാണ്.
കോട്ടയം കുഞ്ഞച്ചനില്‍ ഉപ്പുകണ്ടം ബ്രദേഴ്സ്സിന്‍റെ ഇടി കണ്ട് കൊണ്ടിരുന്നപ്പോള്‍ അതിനു സമാനമായ ഒരു വഴക്കിന്‍റെ ശബ്ദം ചെവിയില്‍ ഒഴുകി വന്നു.ഇതെന്ത്, ഡിജിറ്റല്‍ ഡോള്‍ബിയോന്ന് ചിന്തിച്ച് തല ഉയര്‍ത്തിയപ്പോള്‍ ടീവിയുടെ ഓണര്‍ ഓടിവന്ന് പറഞ്ഞു:
"എടാ മനു, നിന്‍റെ അമ്മാവനെ ദേ അവിടെ തല്ലുന്നു"
ഇത് കേട്ടതും എന്‍റെ ചോര തിളച്ചു.കോട്ടയം കുഞ്ഞച്ചനിലെ മമ്മൂക്കയെ മനസിലേക്ക് ആവാഹിച്ച് സംഭവസ്ഥലത്തേക്ക് കുതിച്ചു.ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റുന്ന കൂട്ടത്തില്‍ അലറി ചോദിച്ചു:
"ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്?"
ഇന്‍ഡോര്‍ സ്റ്റേഡിയം പോലെ ചുറ്റി നില്‍ക്കുന്ന കാഴ്ചക്കാരെ മാറ്റി ഗ്രൌണ്ടിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച..
ആറടിയും തൊണ്ണൂറു കിലോയുമുള്ള, അയല്‍ വാസിയും പേരുകേട്ട ഗുണ്ടയുമായ വസന്തന്‍, ഇളയ അമ്മാവനെ എയറില്‍ നിര്‍ത്തി ഇടിക്കുന്നു.അമ്മാവന്‍റെ അവസ്ഥയും, വസന്തന്‍റെ മസിലും കണ്ടപ്പോള്‍, ആ നിമിഷം ഞാനൊരു മര്യാദരാമനായി.'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..
'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
ഇടി കൊണ്ട് താഴെ വീണ അമ്മാവനെ അളിയന്‍മാര്‍ തൂത്ത് വാരി കൊട്ടയിലാക്കി വീട്ടിലേക്ക് എടുത്തപ്പോള്‍ വസന്തന്‍റെ വക ഭീഷണി വീണ്ടും:
"ഇനി ഇമ്മാതിരി ചെറ്റത്തരം കാണിച്ചാല്‍ നിന്നെ വച്ചേക്കില്ല"
എന്ത് പറ്റി??
എന്താ കാര്യം??
അതിനു മറുപടിയായി അമ്മാവന്‍ ഇങ്ങനെ പറഞ്ഞു:
"നമ്മടെ നന്ദിനിയെയും കൊണ്ട് ഞാന്‍ ബ്ലോക്കില്‍ പോയപ്പോള്‍, ആരോ വസന്തന്‍റെ പശുവിനെ കൊണ്ട് വന്ന് നമ്മുടെ എരുത്തിലില്‍ കെട്ടി.അത് ഞാനാണെന്ന് പറഞ്ഞാ അവന്‍ തല്ലിയത്"
കര്‍ത്താവേ!!!!!
അത് നന്ദിനി അല്ലായിരുന്നോ??
മരുമക്കത്തായം നിലവില്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍, അനിന്തരവനു പാഴ്സലായി കിട്ടേണ്ട ഇടി ഒന്നൊഴിയാതെ വാങ്ങി കൂട്ടിയ അമ്മാവനെ കണ്ടപ്പോള്‍ കഷ്ടം തോന്നി, സത്യം ലോകത്തോട് വിളിച്ച് പറഞ്ഞാലോന്ന് ആലോചിച്ചു.എന്നാല്‍ 'സത്യമായും നന്ദിനി പശുവാണെന്ന് കരുതിയാ ഞാനതിനെ എരുത്തിലില്‍ കെട്ടിയത്, അല്ലാതെ വസന്തന്‍ അമ്മാവനെ തല്ലണമെന്ന് യാതൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു' എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു.അതിനാല്‍ ഒന്നും മിണ്ടാതെ അവിടുന്ന് സ്ക്കൂട്ടായി..
അന്ന് അത്താഴത്തിനു ഇരുന്നപ്പോഴും അമ്മാവന്‍റെ ആത്മഗതം കേട്ടു:
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
അമ്മാവാ, അത് നോം ആയിരുന്നു..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.
75 comments:
ഇന്നത്തെ കണ്ടുപിടിത്തം..
കൊടകരപുരാണം പത്ത് പ്രാവശ്യം വായിച്ചിട്ട് ഒന്ന് ആഞ്ഞ് ശ്രമിച്ചാല്‍ നമ്മള്‍ക്ക് വേണേല്‍ 'ജൂനിയര്‍ വിശാലന്‍മാര്‍' ആകാം.പക്ഷേ നമ്മുടെ ബ്ലോഗ് നൂറ് വട്ടം വായിച്ചാലും വിശാലമനസ്ക്കനു 'സീനിയര്‍ നമ്മള്‍' ആകാന്‍ പറ്റില്ല.അതായത് നമുക്ക് വേണേല്‍ വിശാലേട്ടന്‍റെ പിന്‍ഗാമികളാകാം, പക്ഷേ അദ്ദേഹത്തിനു നമ്മുടെ മുന്‍ഗാമി ആകാന്‍ പറ്റില്ല.
പാവം വിശാലേട്ടന്‍!!
ഇത്ര വലിയ ഗുരുതരാവസ്ഥയില്‍ ആയിട്ട് കൂടി, ബൂലോകത്തിനു വേണ്ടി വീണ്ടും കഥാരചനയിലേക്ക് തിരിയുന്ന മലയാളം ബ്ലോഗിന്‍റെ കുലപതി ആയ വിശാലേട്ടന്‍റെ(വെര്‍തെ 'പൊക്കുവാ') കൊടകരപുരാണത്തിനായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.
വിശാലേട്ടാ,
വരികളില്‍ 'ഉപമയും', പാരഗ്രാഫില്‍ 'ഉല്‍പ്രേക്ഷയും', കഥയില്‍ 'വൃത്തവും' പ്രതീക്ഷിച്ച് കൊണ്ട്..
ഒരു ആരാധകന്‍...
അരുണ്‍ കായംകുളം
(കായംകുളം മൊത്തം എന്‍റെയാ)
ഏതായാലും ആദ്യംതന്നെ വായിച്ച്, ഒരു തേങ്ങ ഞാനൊന്നടിക്കട്ടെ, (((ഠോ)))
ജൂനിയറും സീനിയറും ചേർന്ന് മത്സരിക്കുമ്പോൾ നമ്മൾ വായനക്കാർക്ക് ചിരിക്കാൻ വക കിട്ടട്ടെ,
പിന്നെ ഒരു സംശയം, ആ പശുവിന് സംശയം ഒന്നും തോന്നിയില്ലെ?
രണ്ടാമത്തെ (((ഠോ))) എന്റെ വക. നന്നായിട്ടുണ്ട്. ആശംസകള്‍.
മുന്‍പ് അടിച്ച തേങകള്‍ എല്ലാം പേടായിരുന്നത് കൊണ്ട് ഇതാ ഒരു കൊടുങല്ലുര്‍ തേങ അടിക്കുന്നു...
ഒരിക്കല്‍ മനോരമയില്‍ എസ്സ്.എസ്സ്.എല്‍.സി പേപ്പര്‍ നോക്കിയ അദ്ധ്യാപകരുടെ രസകരമായ അനുഭവങള്‍ എഴുതിയത് വായിച്ചത് ഓറ്ക്കുന്നു..
അക്ബറുടെ സംഭാവനകള്‍ വിവരിക്കുക?
കുട്ടി:മേത്തനല്ല്യോ, വല്ല പത്തോ അഞൂറൊ കൊടുത്തു കാണും...
എതായാലും ഈ അക്ബരുടെ സം ഭാ..വ....ന.. നന്നായിരുന്നു.
ഈ സംഭവം കേട്ടതോടെയാണ് മന്നത്ത് പദ്മനാഭന്‍ മരുമക്കത്തായ സംബ്രദായം മാറ്റാന്‍ മുന്‍ കയ്യെടുത്തത്....
അരുണ്‍ അക്ബരിന്ടെ സംഭാവന കലക്കികേട്ടോ
ഹഹ അരുണേ നന്നായി ചിരിപ്പിച്ചു പോസ്റ്റും കമന്റും...
അരുണേ, ചിരിപ്പിച്ചു. പോസ്റ്റിനേക്കാളേറെ കമന്റ്.. പോസ്റ്റ് അരുണിന്റെ മറ്റുപോസ്റ്റുകളുമായി തട്ടിച്ച് നോക്കുമ്പോൾ അത്രക്ക് പഞ്ച് കിട്ടിയില്ല എന്ന് പറയട്ടെ.. കമന്റ് പക്ഷെ സൂപ്പർ. ഒപ്പം ചിത്രവും. (വിമർശനമായി എടുക്കരുതേ.. പേടിയാ ഇപ്പോൾ കമന്റ് ചെയ്യാൻ.. ) അപ്പോൾ നിങ്ങൾ സീനിയറും ജൂനിയറും കൂടീ ഞങ്ങളെപോലുല്ല (ബഹുവചനം പറയുമ്പോൾ ഒരു സുഖം) ട്രൌസറ് കീറാൻ തുനിഞ്ഞിറങ്ങി അല്ലേ.. നടക്കട്ടെ.. ആശംസകൾ
പാവം അമ്മാവന്‍ :) സംഭവകഥയാണല്ലോ അല്ലേ ?
പൊന്നുമോനെ ഈ വളിപ്പുകളൊന്ന് നിറുത്ത്.അനക്ക ശരിക്ക് വേറെ പണിയൊന്നുമില്ലെ? കമ്മന്റുകിട്ടിയില്ല്lങ്കില്‍ അനക്ക് ഉറക്കം വരില്ലല്ലെ?
നീയൊക്കെ എഴുതി കൊളമാക്കിയതുകൊണ്ടാണ് വിശാലനൊക്കെ ഈ രംഗം വിട്ടത്..
ente mashe.. thakarthu.. :) but oru cheriya punch kuravu undonnu oru doubt..enthayalum sambhavam kalakki.. paavam ammavan! koduthaal kayamkulathum kittum ennanallo!!! :D
അങ്ങനെ അമ്മാവനെ തേച്ചു ല്ലേ? പഴയ പോസ്റ്റുകളെ അപേക്ഷിച്ച് നര്‍മ്മം അല്പം കുറഞ്ഞോ എന്നൊരു സംശയം :)
ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
ഇത്തരത്തില്‍ നനഞ്ഞെടം കുഴിക്കാനുള്ള മലയാളിയുടെ കഴിവ് കൊണ്ടാണ് എല്ലാ നാട്ടിലും ജീവിച്ചുപോകുന്നത്.
പള്ളി പശുവിനെ കാറ്റത്തു നോം ആണെന്ന് പ്രഖ്യാപനം നടത്തി പള്ളിയിടി വാങ്ങി കൂട്ടാതെ ഇരുന്നത് എന്തായാലും നന്നായി
എഴുത്ത് നന്നായി രസിപ്പിച്ചു.
സസ്പ്പെന്സും ശരിക്ക് നിലനിര്‍ത്തി.
തമാശ ഉണ്ടാക്കാന്‍ വേണ്ടി എഴുതിയതല്ലെന്നു തോന്നിപ്പിക്കുന്ന എഴുത്ത്.
ജൂനിയറും സീനിയറും ഒക്കെ ഉള്ളത് കൊണ്ട് ഞങ്ങള്‍ ജീവിച്ചു പോകുന്നു :)
ഒരു സംശയം. ഈ എരുത്തില്‍ എന്ന വാക്ക് ഞാന്‍ കേട്ടിട്ടില്ല. തൊഴുത്ത് (പശുവിനെ കെട്ടുന്ന സ്ഥലം) എന്ന് തന്നെ അല്ലെ അതിന്റെ അര്‍ഥം?
വിശാല്‍ജി ഗുരുതരാവസ്ഥയിലോ? അദ്ദേഹത്തിനെന്തു പറ്റി അരുണ്‍? വെക്കേഷന്‍ കഴിഞ്ഞ് ഇപ്പോള്‍ തിരിച്ചെത്തിയതല്ലേയുള്ളൂ?
പാവം നന്ദിനിപ്പശു ഊമയായത് കൊണ്ട് അമ്മാവന്റെ പെട കിട്ടാതെ രക്ഷപെട്ടു അല്ലേ?
മഹാനായ അക്ബര്‍ ചക്രവര്‍ത്തി എന്നാലും അമ്മാവനോടീ ചതി ചെയ്യണ്ടായിരുന്നു!
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
:) :)
പാവം അമ്മാവന്‍ എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്ത സമസ്യ അല്ലെ അത്?
"'സത്യമായും നന്ദിനി പശുവാണെന്ന് കരുതിയാ ഞാനതിനെ എരുത്തിലില്‍ കെട്ടിയത്, അല്ലാതെ വസന്തന്‍ അമ്മാവനെ തല്ലണമെന്ന് യാതൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു' എന്ന് പറഞ്ഞാല്‍
സത്യമായും ഞാൻ വിശ്വസിച്ചു കേട്ടോ
തുടക്കത്തിലെ ഉഷാറ് അവസാനമാകുമ്പോഴേക്കും കിട്ടീലാട്ടോ....എന്ന് വച്ച് മോശം എന്നല്ല...പക്ഷെ ഒരു തിരിച്ച് വരവ് ഞാൻ ഇതിൽ കണ്ടു.....സ്ട്രോങ്ങായിട്ട് പോരട്ടെ ഇതു പോലെ...
അമ്മാവന് ഉത്തരം കിട്ടാത്ത അനേക ചോദ്യങളിൽ ഒന്നായി ഇതും അവശേഷിക്കുന്നു! പാവം അമ്മാവൻ മുജ്ജന്മ പാപം( അരുണിന്റെയല്ലേ അമ്മാവൻ) :-)
അന്ന് അത്താഴത്തിനു ഇരുന്നപ്പോഴും അമ്മാവന്‍റെ ആത്മഗതം കേട്ടു:
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
അമ്മാവാ, അത് നോം ആയിരുന്നു..
മഹാനായ അരുണ്‍ കായംകുളം.
ഇത് വായിച്ചിട്ടെങ്കിലും മരുമോനിട്ടു ഒരു പണി കൊടുക്ക് അമ്മാവാ... :)
മഹാനായ അക്‍ബര്‍ കള പറിയ്ക്കുന്നതും പശുവിനെയും കൊണ്ട് നടക്കുന്നതുമെല്ലാം ഭാവനയില്‍ കണ്ട് ചിരിച്ചു.
"ഇനി ഇമ്മാതിരി ചെറ്റത്തരം കാണിച്ചാല്‍ നിന്നെ വച്ചേക്കില്ല"
ഹ ഹ ഹ എന്താ പേടിച്ചു പോയോ അരുണ്‍ ഭായി... അക്ബര്‍ ചക്കരപോരട്ടി ഇത്രെയും വല്ല്യ ചതി ചെയ്യെണ്ടയിരുന്നു തട്ടുകട | Thattukada
കലക്കി.. പിന്നെ ജയന്റ് റോബോര്‍ട്ടിനെയും സൂപ്പര്‍മാനേയും ഓര്‍മിപ്പിച്ചതിനു നന്ദി അരുണ്‍ ചേട്ടാ..
അക്ബര് ചക്രവര്‍ത്തിയുടെ അമ്മാവനാകുമ്പോള്‍ കുറച്ചു കരാട്ടെ ഒക്കെ ആകാമായിരുന്നു.ഓ..നിലത്തു നിര്‍ത്തിയിട്ടു വേണ്ടേ step എടുക്കാന്‍ അല്ലെ..!!
(കായംകുളം മൊത്തം എന്‍റെയാ)
"അക്ബര്‍ ചക്രവര്‍ത്തിയോട് അടിയന് ഒരു അപേക്ഷയുണ്ട്. കായംകുളം സ്റ്റേഷനില്‍ ഇറങ്ങി പ്രൈവറ്റ് ബസ് പിടിച്ചു നൂറനാട്ടേക്ക് പോകാന്‍ അനുവാദം തരണം."
അരുൺ,
ആദ്യ അടിക്ക് തന്നെ മനസിലായല്ലോ, അമ്മാവാൻ സാമുഹ്യം മാത്രമല്ല ബയോളജിയും പഠിച്ചിട്ടില്ലാന്ന്.
ചിരിക്ക് മരിച്ചു. ഛെ, മരിച്ച് ചിരിച്ചു.
കായകുളം ബസ് സ്റ്റാൻഡ് വാടകക്ക് കൊടുക്കുന്നോ?.
Sulthan | സുൽത്താൻ
.
ഈ കായംകുളത്ത്തുകാരന്റെ ബ്ലോഗില്‍ വന്നാല്‍ വെറുതെയാവില്ല...രസിച്ചു..ചിരിച്ചു.....സസ്നേഹം
സുഹൃത്തേ ബ്ലോഗിലെ സര്‍ഗാത്മക സാന്നിദ്ധ്യമായ താന്കള്‍ക്ക് സര്‍വ വിധ ഭാവുകങ്ങളും നേരുന്നു...
താന്കളുടെ സര്‍ഗാത്മക ശേഷികള്‍ സാമൂഹ്യ വിപ്ലവത്തിന് ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
അഭിവാദ്യങ്ങളോടെ..
സഹോദരന്‍
നിയാസ് സി
മലബാര്‍
അത് അമ്മാവനിട്ടു വച്ച ഒരു ആപ്പല്ലായിരുന്നോ എന്നൊരു സംശയം ! അക്ബറിന് കിട്ടിയത് അമ്മാവന് തിരിച്ചും ?!
വായിക്കാന്‍ നല്ല രസം, അമ്മാവനിട്ട് പൊട്ടിയതും അമ്മാവന്‍ ഇയാള്‍ക്കിട്ട് പൊട്ടിച്ചതും എല്ലാം നല്ല സന്തോഷത്തോടെ വായിച്ചു രസിച്ചു... ഹ ഹ ഹാ :)
Ithu kidilan ayittondu
'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..
'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
ഹഹഹ.. വേറെന്ത് ചെയ്യാന്‍ അല്ലേ.. കലക്കി.
കായംകുളം മഹാരാജാവേ!
അല്ല അക്ബർ ചക്രവർത്തീ....
അവിടുന്നു വീണാൽ വാഴട്ടെ! സോറി നീണാൾ വാഴട്ടെ!
'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
guro....good...u r coming back to form... Im happy !
:D
അമ്മാവനും മരുമകനും കലക്കി !!
നക്ഷത്രം രോഹിണി എങ്ങാനുമാണോ ??
ഹി ഹി .. ഗൊള്ളാം .. എന്നാലും .. അമ്മാവനോട് ഇത് വേണമാരുന്നോ ?
കായംകുളം അക്ബര്‍ ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ . :)
"ചേട്ടന്‍ വിഷമിക്കരുത്, ചിറ്റപ്പന്‍ സാമൂഹ്യപാഠം പഠിച്ചിട്ടില്ല"
അത് ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു!!!
super da super!!
aa ammavan ippo undo :D
hehehe Ammavante Kalasam keeri alle.. post adipoli
ഈ ഉശിരന്‍ എഴുത്തിന്
എന്റെ വക ഒരു കൈയ്യടി...
:)
ങാ...അരുണ്‍ ആയിരുന്നോ...എന്നാല്‍ കുഴപ്പം ഇല്ല.
hahaa great... kollam gud story
ഹമ്മോ!!!!
ആരംഭം യത് കോമഡ്യസ്യ
കോമഡ്യേശ്ചവ മദ്ധ്യമം
കോമഡ്യസ്യ പര്യന്തം
അരുൺകായംകുളായ നമ:
:)
ഓ.ടോ.
“Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited“
എന്തിനാടോ ഇത് രണ്ടെണ്ണം കൂടി?
ക്രിയെറ്റീവ് കോമ്മണ്‍സ് ഇട്ടാല്‍ പിന്നെ തന്നോട് അനുവാദം ചോദിക്കണോ പുനപ്രസിദ്ധീകരിക്കാന്‍?
അതോ ഇതും തമാശയോ? :):)
പ്രവീണ്‍ വട്ടപ്പറമ്പത്ത് ജീ
“കോമഡേഃ“ അതാണ് ഷഷ്ഠി ഇനി തെറ്റിക്കല്ലേ
നൂറു തവണ എഴുതൂ -
കോമഡേഃ കോമഡ്യോഃ കോമഡീനാം
അത്രയ്ക്കായൊ ഹ ഹ ഹ :)
കലാ വാസനയില്ലാത്ത അമ്മാവന് രണ്ടെണ്ണം കിട്ടേണ്ടത് തന്നെയായിരുന്നു.
ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നത് ശരിയാണല്ലേ..
അല്ല,അമ്മാവന്‍ ഇത് വായിക്കില്ലേ..?
അല്ല അരുണേ ഒരു സംശയം, അരുണ്‍ പിടിച്ചത് കൊണ്ടാണോ പശു ഒന്നും മിണ്ടാതെ കൂടെ പോന്നത്? എന്റെ ബ്ലോഗില്‍ വന്നു കമന്റ് ഇടാന്‍ കാണിച്ച സന്മനസിനു നന്ദി. നോക്കിക്കോ ഞാന്‍ ഇനീം പോസ്റ്റും.
ഹായ് അക്ബര്‍ ..ഇതാണോ അക്ബര്‍നാമ
അരുണ്‍ ജീ,
പോസ്റ്റ് കലക്കി!
ഈ സീനിയര്‍ ജൂനിയര്‍മാരുടെ ഇടയിലേക്ക് ഒരു "ജൂജൂനിയര്‍ക്ക്" വല്ല സ്കോപ്പും ഉണ്ടോ? ജൂജൂനിയര്‍ ആരാന്നോ? ഈ പാവം ഒഴാക്കാന്‍ ആണേ...
അരുണ്‍ ചേട്ടാ നന്നായിരിക്കുന്നു ചിരിച്ചു മടുത്തു
ഇതാ പറയുന്നത് എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന്... ഇല്ലെങ്കില്‍ പിന്നെ പാവം അമ്മാവനിട്ട് അന്ന് തന്നെ ഒരു പണി കിട്ടുവാരുന്നോ...? എന്തായാലും സംഭവം കലക്കി അരുണ്‍...
കൊള്ളാം അരുൺ സോറി അക്‌ബർ ചക്രവർത്തീ :)അമ്മാവന്മാർക്ക് പാരയായി ഇങ്ങിനെ ഓരോരുത്തർ !
ഓടോ :
അല്ല എന്താ കൊടകരക്ക് പറ്റിയത് ?
മഹാനായ അക്ബർ ചക്രവർത്തി അമ്മാവനിട്ടുകൊടുത്ത പണിയല്ലായിരുന്നൊ അത് ?
അവതരണം നന്നായിട്ടുണ്ട് ട്ടാാ
അക്ബര്‍ ചക്രവര്‍ത്തിക്കും ഉണ്ടാവും ഒരു മോശം സമയം.. ! :) :)
"കൈവിട്ട ആയുധവും, വാ വിട്ട വാക്കും തിരിച്ച് പിടിക്കാന്‍ പറ്റില്ലാന്ന് കേട്ടിട്ടില്ലേ"
ങാ, വേണ്ട, ഞാനായിട്ടൊന്നും പറയുന്നില്ല.
അടിയുടെ വസന്തകാലം വരുന്നത് എപ്പോഴാന്നാർക്കറിയം.
ഞങ്ങള്‍ കുട്ടികള്‍ക്ക് അമ്മാവനെ ഒരു ഭയമുണ്ട്.ദേഷ്യം വന്നാല്‍ ഓടിച്ചിട്ട് തല്ലുന്നതും, അല്ലാത്തപ്പോള്‍ കെട്ടിയിട്ട് തല്ലുന്നതും ഇദ്ദേഹത്തിന്‍റെ ഹോബിയാണ്.....
ഇത്തവണയും തകര്‍പ്പ് തന്നെ ......സുപ്പര്‍ ആയിട്ടുണ്ട്
:)
തമ്പ്രാട്ടീടെ ഭാഗ്യം..ന്നല്ലാണ്ട് എന്താ പറയ..
അരുണ്‍ ചേട്ടാ,
അക്ബര്‍ചക്രവര്‍ത്തി കലക്കി
ഹ ഹ അമ്മാവനിട്ടു പണി കൊടുത്ത മഹാന്‍
നന്നായിട്ടുണ്ട് അരുണ്‍...
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
അമ്മാവാ, അത് നോം ആയിരുന്നു..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.
അരുണ്‍ ഏട്ടാ കലക്കി
ദേഷ്യം വന്നാല്‍ ഓടിച്ചിട്ട് തല്ലുന്നതും, അല്ലാത്തപ്പോള്‍ കെട്ടിയിട്ട് തല്ലുന്നതും ഇദ്ദേഹത്തിന്‍റെ ഹോബിയാണ്....
chirichu marichu !
അരുണണ്ണാ കായാങ്കുളം റോക്സ്...
അരുണേട്ടാ.. ശരിക്കും ആസ്വദിച്ചുട്ടോ
വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി :)
ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
:D
Aaravide akbar chakravarthiyude...........parikkatte kala......ugran....
ഇങ്ങിനെ വേണം അമ്മാവന്മാര്‍ക്കിട്ട് പണി കൊടുക്കാന്‍.
ഒത്തിരി ചിരിപ്പിച്ചു. ആശംസകള്‍
rasippichu.
:)
നന്നായിട്ടുണ്ട്
'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..
'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.
സൂപ്പര്‍ അവതരണം
Post a Comment