
(ആല്‍ത്തറ ബ്ലോഗില്‍ 2009 ആഗസ്റ്റ് 11 നു പ്രസിദ്ധീകരിച്ചത്)
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് ആരാ പറഞ്ഞത്?
പഴഞ്ചൊല്ലില്‍ പതിരുണ്ട്!!
അതിനാല്‍ തന്നെ അവ തിരുത്തേണ്ടത് ആവശ്യവുമാണ്...
പുതുചൊല്ലുകള്‍ ഉടലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!
അതിനായി ഞാനിതാ ഇറങ്ങി തിരിക്കുന്നു..
ഓണവുമായി ബന്ധപ്പെട്ട കുറേ പഴഞ്ചൊല്ലുകള്‍ തിരുത്തി, അവയെ പുതുചൊല്ലുകളാക്കാനുള്ള ഒരു എളിയ ശ്രമം..
ഭാവിയിലെ കുട്ടികള്‍ ഇത് ഏറ്റുപാടട്ടേ..
1) പഴഞ്ചൊല്ല്..
അത്തം പത്തിനു പൊന്നോണം!!
ഇത് പഴമക്കാര്‍ കണ്ട് പിടിച്ചതാ.അതായത് അത്തം തുടങ്ങി പത്താം നാള്‍ തിരുവോണമാണത്രേ..
ചങ്കൂറ്റത്തോടെ പറയട്ടെ, അവര്‍ക്ക് തെറ്റി!!
2009 ആഗസ്റ്റ് 23 നു അത്തം, 2009 സെപ്റ്റംബര്‍ 2 നു തിരുവോണം..
എങ്ങനെ എണ്ണിയാലും പതിനൊന്ന് ദിവസം..
പഴഞ്ചൊല്ല് തെറ്റി!!
പുതുചൊല്ല്..
അത്തം പത്ത് ഉത്രാടം!!
അല്ലെങ്കില്‍..
അത്തം പതിനൊന്ന് തിരുവോണം!!
(ഗണിതശാസ്ത്രപരമായി ഇതാ ശരി)
2) പഴഞ്ചൊല്ല്..
ഓണം വരാന്‍ ഒരു മൂലം വേണം!!
അയ്യേ, മ്ലേച്ഛം!!
ഒരു സ്റ്റാന്‍ഡേര്‍ഡുമില്ല..
ഓണം ഒരു പ്രത്യേക ശരീരഭാഗത്തിനു മാത്രമുള്ളതല്ല എന്ന് ഓര്‍ക്കുക.
പുതുചൊല്ല്..
ഓണം വരാനൊരു ദേഹം വേണം!!
(ആഹാ, എത്ര മനോഹരം)
3) പഴഞ്ചൊല്ല്..
ഓണത്തിനിടക്ക് പുട്ട് കച്ചവടം!!
പഴയകാലത്ത് ഈ പഴഞ്ചൊല്ല് സത്യമായിരിക്കാം.
എന്നാല്‍ ഇന്ന് ഇതില്‍ രണ്ട് കാര്യങ്ങള്‍ അധികപ്പറ്റാ, ഒരു ചുനുപ്പും, ഒരു ചന്ദ്രക്കലയും.
അത് മാറ്റിയാല്‍ എല്ലാം ശരിയാകും.
പുതുചൊല്ല്..
ഓണത്തിനിടക്ക് പട്ട കച്ചവടം!!
(പട്ട മാത്രമല്ല, വാറ്റുമുണ്ട്)
4) പഴഞ്ചൊല്ല്..
ഉള്ളത് കൊണ്ട് ഓണം പോലെ!!
ആര്‍ക്ക് ഉള്ളതു കൊണ്ട്?
നമുക്കോ അതോ നാട്ടുകാര്‍ക്കോ??
നാട്ടുകാര്‍ക്ക് ഉള്ളതു കൊണ്ട് നമ്മള്‍ ഓണം ആഘോഷിച്ചാല്‍ അത് പാപമല്ലേ??
അതേ, കൊടിയ പാപം!!
മാത്രമല്ല മോഷണശ്രമത്തിനു അകത്ത് കിടക്കേണ്ടിയും വരും.
ഈ പഴമക്കാരാ പുതു തലമുറയെ വഴി തെറ്റിച്ചത്!!
പുതുചൊല്ല്..
അവനവനു ഉള്ളത് കൊണ്ട് ഓണം പോലെ!!
(ആര്‍ക്കും പരാതിയുമില്ല, പരിഭവവുമില്ല)
5) പഴഞ്ചൊല്ല്..
കാണം വിറ്റും ഓണം ഉണ്ണണം!!
പണ്ടൊരു കാരണവരു കുത്തുപാളയെടുത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സൃഷ്ടിച്ച ഒരു പഴഞ്ചൊല്ല്.തന്‍റെ ജീവിതമോ പോയി, എന്നാല്‍ പിന്നെ എല്ലാവരും കുത്തുപാളയെടുക്കണം എന്ന മനസിലിരുപ്പിന്‍റെ സഭ്യമായ രൂപം..
കാണം വിറ്റും ഓണം ഉണ്ണണം പോലും!!
ആരും അബദ്ധം കാണിക്കല്ലേ.
പുതുചൊല്ല്..
ഓണം ഉണ്ടില്ലേലും വേണ്ടാ, കാണം വില്‍ക്കരുത്!!
6) പഴഞ്ചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു കുമ്പിളില്‍ തന്നെ കഞ്ഞി!!
ആദ്യ ചോദ്യം, ആരാണ് കോരന്‍?
എനിക്കറിയില്ല!!
അടിയാനാണോ, വേലക്കാരനാണോ, ദരിദ്രനാണോ?
ആര്‍ക്കും അറിയില്ല!!
ഏതോ ഒരു കോരനെ കുറിച്ച് ആരോ ഒരാള്‍ പാടിയ ചൊല്ല്.എന്നാല്‍ എനിക്കും പാടരുതോ?
ഞാനും അറിയും ഒരു കോരനെ..
അബ്ക്കാരിയായ, മദ്യരാജാവായ മിസ്റ്റര്‍ കോരന്‍ മുതലാളി സാറിനെ..
അങ്ങേരെ പറ്റി എനിക്കും ഒരു ചൊല്ല് ഉണ്ട്..
പുതുചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു ടേബിളില്‍ സ്ക്കോച്ച് വിസ്ക്കി!!
(കാലം മാറി, കോരനും മാറി)
7) പഴഞ്ചൊല്ല്..
അത്തം വെളുത്താല്‍ ഓണം കറക്കും!!
അത്തവും ഓണവും..
ഇവരെന്താ അമ്മായിയമ്മയും മരുമോളുമാണോ?
ഒന്നു വെളുക്കുമ്പോള്‍ മറ്റേത് കറക്കാന്‍!!
പുതുചൊല്ല്..
വെളുക്കുക എന്നത് ദാരിദ്ര്യമാണെങ്കില്‍ ഇങ്ങനെ പറയാം..
വീട് വെളുത്താല്‍ ഓണം കറക്കും!!
ഇനി കറക്കുക എന്നത് ഒരു പ്രവൃത്തിയാണേല്‍ ഇങ്ങനെ പറയാം..
പാല് വെളുത്താല്‍ പശൂനെ കറന്നു!!
അതല്ല മാന്യമായിട്ട് ഇങ്ങനെ പറയാം..
അത്തത്തിനു വെയിലാണേല്‍ ഓണത്തിനു മഴ!!
(നോക്കിയേ, ഒരു കണ്‍ഫ്യൂഷനുമില്ല)
അതേ, എല്ലാ പഴഞ്ചൊല്ലും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഇതിനു വേണ്ടി ശ്രമിക്കാവുന്നതേയുള്ളു.ഉദാഹരണത്തിനു ഞാന്‍ നിങ്ങള്‍ക്ക് ഒരു ഹോം വര്‍ക്ക് തരാം..
പഴഞ്ചൊല്ല് ഇങ്ങനെ..
"തിരുവാതിര ഞാറ്റുവേലക്ക് വെള്ളം കേറിയാല്‍
ഓണം കഴിഞ്ഞേ ഇറങ്ങു"
ഇതും പഴയകാലത്ത്..
ഇപ്പോഴോ??
തിരുവാതിര ഞാറ്റ്വേലക്ക് വെള്ളമടി തുടങ്ങിയാലും, ഓണമല്ല ക്രിസ്തുമസ്സ് ആയാല്‍ പോലും കെട്ട് ഇറങ്ങുകയില്ല!!
തീര്‍ച്ചയായും ഈ പഴഞ്ചൊല്ലും മാറ്റേണ്ടത് തന്നെ..
ഓണമല്ലേ?
എന്തെങ്കിലും ആക്റ്റിവിറ്റി വേണ്ടേ?
ഒന്ന് ശ്രമിച്ച് നോക്കു..
എന്നിട്ട് അറിയിക്കു, എന്താ പുതുചൊല്ല് എന്ന്..
ആല്‍ത്തറക്കും, ആല്‍ത്തറയിലെ അന്തേവാസികള്‍ക്കും, പ്രിയപ്പെട്ട വായനക്കാര്‍ക്കും,
സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം..
1 comment:
ആല്‍ത്തറ ബ്ലോഗില്‍ ഈ പോസ്റ്റിനു കമന്‍റ് ഇട്ട എല്ലാവര്‍ക്കും നന്ദി:)
Post a Comment