
ഓച്ചിറ പന്ത്രണ്ട് വിളക്ക്...
വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവ മാമാങ്കം.ഓച്ചിറ നിവാസികളേയും സമീപവാസികളെയും മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുള്ള അനേകം ജനങ്ങളെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലൂടെ പരബ്രഹ്മ സന്നിധിയില്‍ എത്തിക്കുന്ന ഈ ഉത്സവം ജാതിമത ഭേദമന്യേ വിവിധ മതക്കാരും സമ്പ്രദായക്കാരും ഒന്നിച്ചാണൂ ആഘോഷിക്കുന്നത്. ഭക്തിയോടൊപ്പം തന്നെ ഉത്സവപറമ്പിലെ കലാപരിപാടികളും കാര്‍ണിവല്ലും കച്ചവടകേന്ദ്രങ്ങളും എല്ലാം ജനങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇംഗ്ലീഷ് ട്യൂഷന് എടുക്കുന്ന രവിസാര്‍ നമ്മള് മലയാളികളുടെ ഇംഗ്ലീഷ് സംസാര രീതിയെ കളിയാക്കി പറഞ്ഞ ഒരു വാചകമുണ്ട്,അത് ഇപ്രകാരമായിരുന്നു:
"ഓച്ചിറാസ്സ് ട്വള്‍ത്ത് ലാമ്പ് ഡസ്റ്റ് ഡ്സ്റ്റഡ്
കംസ്സ് കം,ഗോസ്സ് ഗോ,
ദെയര്‍ ഈസ്സ് നോ ഹാന്‍ഡ്സ്സ് ആന്‍ഡ് അരിത്തമാറ്റിക്സ്സ്"
എന്ന് വച്ചാല്‍ അതിനര്‍ത്ഥം ' ഓച്ചിറയിലെ പന്ത്രണ്ട് വിളക്ക് പൊടി പൊടിച്ചു,വന്നവര്‍ വന്നു പോയവര്‍ പോയി,അതിനു ഒരു കൈയ്യും കണക്കും ഇല്ലായിരുന്നു' എന്നാണത്രേ.അത് എന്തും ആയിക്കോട്ടേ,ആ ട്യൂഷന് ക്ലാസ്സിന്റെ ലാസ്റ്റ് ബഞ്ചില്‍ ഇരുന്ന് ഉറക്കം തൂങ്ങിയ ഞാന്‍ ഓര്‍ക്കാപ്പുറത്ത് പന്ത്രണ്ട് വിളക്ക് എന്ന് കേട്ട് ഞെട്ടിപ്പോയി.ഒരു ക്ലാസ്സ് ആണെന്ന് കൂടി ഓര്‍ക്കാതെ ഞാന്‍ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി,ധന്യ അവിടെ എവിടെ എങ്കിലും ഉണ്ടോ എന്നറിയാന്‍.
ഇല്ല,ധന്യ ഈ ക്ലാസ്സില്‍ ഇല്ല.
ഭാഗ്യം.
ലാസ്റ്റ് ബഞ്ചില്‍ ഇരുന്ന് സുഖമായി ഉറങ്ങിയവന്,പെട്ടന്ന് ഒരു മുന്നറിയിപ്പ് തരാതെ ചാടി ഡസ്ക്കിന്റെ മുകളില്‍ കയറി ആകെ പരിഭ്രാന്തനായ മട്ടില്‍ ചുറ്റും നോക്കുന്ന കണ്ടിട്ടാവണം രവിസാര്‍ ചോദിച്ചു:
"മനു,എന്ത് പറ്റി?വാട്ട് ഹാപ്പന്‍ഡ്?ക്യാ ഹുവാ?"
"നോ ഹുവാ,ഒന്നുമില്ല സാര്‍" വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ഞാന്‍ മറുപടി പറഞ്ഞു.
അല്ലെങ്കില്‍ തന്നെ എന്താ കാര്യം എന്നത് പുറത്ത് പറയാന്‍ കൊള്ളാവുന്നതല്ലല്ലോ!!!
കഴിഞ്ഞ കുറെ ഏറെ വര്‍ഷങ്ങളായി ഞാന്‍ ഇങ്ങനെയാണ്, 'ധന്യ' എന്ന് കേട്ടാല്‍ പന്ത്രണ്ട് വിളക്ക് ഓര്‍മ്മ വരും,'പന്ത്രണ്ട് വിളക്ക്' എന്ന് കേട്ടാല്‍ ധന്യയെ ഓര്‍മ്മ വരും.ഒരേ ഒരു പ്രത്യേകത എന്തെന്നാല്‍ ഇതില്‍ ഏത് കേട്ടാലും ഇടിയുടെ കൂടെ മിന്നല്‍ വരുന്ന പോലെ, ഓര്‍മ്മ വരുന്ന വാക്കിനൊപ്പം ഒരു ഞെട്ടല്‍ കൂടി വരാറുണ്ടായിരുന്നു.വര്‍ഷങ്ങളായി കൂടെ കൂടിയ ഈ ഞെട്ടലില്‍ നിന്ന് എന്നെ രക്ഷിച്ചത് കഴിഞ്ഞ ആഴ്ച എനിക്ക് ലഭിച്ച ഒരു വിവാഹ സമ്മാനമാണ്,അതും എന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരിയായ ധന്യയില്‍ നിന്നും അവിചാരിതമായി ലഭിച്ച ഒരു വിവാഹസമ്മാനം.
ഇതിനു മുമ്പ് ഒരു കഥയില്‍ ഞാന്‍ നിങ്ങളോട് സൂചിപ്പിച്ചിരുന്നു നാലാം ക്ലാസ്സ് വരെ ഞാന്‍ പഠിച്ചിരുന്ന സ്ക്കൂളിന്റെ പ്രത്യേകത.എന്റെ ക്ലാസ്സിലെ ഒരേ ഒരു ആണ്‍തരിയായിരുന്നു ഞാന്‍.സഹപാഠികളായ മറ്റ് പെണ്‍കുട്ടികള്‍ക്കിടയില്‍ ആദ്യമാദ്യം ഒറ്റപ്പെട്ടു പോയെങ്കിലും പിന്നീട് ഞാന്‍ അവര്‍ക്ക് പ്രിയപ്പെട്ടവരായി.നാലാം ക്ലാസ്സിലെത്തിയപ്പോഴായിരുന്നു അവരുടെ കൂട്ടത്തില്‍ നിന്നും എനിക്ക് ഒരു വില്ലന്‍ ,അല്ല വില്ലി ഉണ്ടായത്.
അവളായിരുന്നു ധന്യ.പഠിത്തത്തിലും കലാപരിപാടികളിലും മാത്രമല്ല,അന്ന് തെങ്ങ് കയറ്റത്തിനു ഒരു മത്സരം വച്ചാല്‍ പോലും അവള് എന്നെക്കാള്‍ ഒരു പടി മുകളില്‍ കയറും,അതായിരുന്നു അവളുടെ പ്രകൃതം.ഒരിക്കലെങ്കിലും അവളെ തോല്‍പ്പിച്ച് മുന്‍ പന്തിയില്‍ എത്തുക എന്നതായിരുന്നു അന്നത്തെ കാലത്തെ എന്റെ ജീവിതാഭിലാക്ഷം.എന്നും പരാജയം മാത്രം നേരിടേണ്ടി വന്ന എനിക്ക് അതിനുള്ള ഒരു വഴി ഒരുക്കി തന്നത് ഞാന്‍ മുമ്പ് സൂചിപ്പിച്ച പന്ത്രണ്ട് വിളക്ക് മഹോത്സവമായിരുന്നു.
പ്രിയപ്പെട്ടവരെ,നിങ്ങളെ ഞാന്‍ അന്നേ ദിവസത്തിലേക്ക് ക്ഷണിക്കുകയാണ്,
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ മഹത്തായ പത്താം ദിവസം,ഉണ്ണിയാര്‍ച്ചയെ പോലെ എനിക്കെതിരെ പട വെട്ടിയ ധന്യയെ ഒതുക്കാനുള്ള വടിവാള്‍ എന്റെ കൈയ്യില്‍ കിട്ടിയ ദിവസം,ഒരു ഒടുക്കത്തെ ദിവസം.
അന്ന് ഭഗവാനെ തൊഴുതു കഴിഞ്ഞ് അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി ഉത്സവ പറമ്പിലൂടെ തെണ്ടി നടക്കുമ്പോഴാണ്,കാര്‍ണിവല്‍ സ്ഥലത്ത് ടിക്കറ്റ് വച്ച് നടത്തുന്ന മാജിക് ഷോയുടെ ബോര്‍ഡ് എന്റെ കണ്ണില്‍ പെട്ടത്.അത് കാണണം എന്ന എന്റെ വാശിയുടെ ആഫ്റ്റര്‍ ഇഫക്ടായിരുന്നു ആ ഓഡിറ്റോറിയത്തില്‍ പത്ത് അമ്പത് പേര്‍ക്ക് ഒപ്പം ആ മാജിക്ക് കാണാന്‍ ഞാനും അച്ഛനും അമ്മയും കയറിയത്.പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തവും കൊളുത്തി പട എന്ന രീതിയില്‍ സമാധാനത്തിനു വേണ്ടി ഓഡിറ്റോറിയത്തില്‍ കയറിയ എന്നെ എതിരേറ്റത് ധന്യയും അവളുടെ അച്ഛനും അമ്മയും ആയിരുന്നു.സ്ക്കൂളില്‍ വച്ച് പല മീറ്റിങ്ങിനും കണ്ട് പരിചയം ഉള്ളതിനാല്‍ അച്ഛനും അമ്മയും എന്നെയും കൊണ്ട് അവരുടെ അടുത്തായിരുന്നു ഇരുന്നത്.
മാജിക്ക് തുടങ്ങി.
മാജിക്ക് അങ്കിളിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍.അതും ആസ്വദിച്ച് ഇരുന്നപ്പോഴാന്` ആ അങ്കിള്‍ സദസ്സിനോട് ഒരു ചോദ്യം ചോദിച്ചത്:
"നിങ്ങളുടെ കൂട്ടത്തില്‍ മിടുക്കിയായ ഒരു പെണ്‍കുട്ടി ആരാണ്?"
ആ ചോദ്യത്തിനു മറുപടി എന്ന രീതിയില്‍ എന്നെ അമ്പരപ്പിച്ച് കൊണ്ട് ധന്യ എഴുന്നേറ്റു.മാജിക്ക് അങ്കിള്‍ അവളെ സ്റ്റേജിലേക്ക് വിളിപ്പിച്ചു,എന്നിട്ട് ശൂന്യമായ ഒരു തൊപ്പിയില്‍ കൈ ഇട്ട് എന്തോ എടുക്കാന്‍ പറഞ്ഞു.അവള് അപ്രകാരം ചെയ്തപ്പോള്‍ അതാ ശൂന്യമായ തൊപ്പിയില്‍ നിന്നും ഒരു റോസാപ്പൂ.
സദസ്സ് ഗംഭീര കൈയ്യടി!!!!
പണ്ട് ഒരു മുതല ആനയെ പിടിച്ച് കായലില്‍ മുക്കിയപ്പോള്‍,ആ മുതലയുടെ മുകളിലിരുന്ന ഒരു കൊതുക് ലോകം മൊത്തം 'ഞാനും മുതലയും കൂടി ഒരു ആനയെ പിടിച്ചു' എന്ന് പറഞ്ഞ് നടന്നതായി കേട്ടിട്ടുണ്ട്.
ഈശ്വരാ,ഇത് അതു പോലാകുമോ???
താനും മാജിക്ക് അങ്കിളും കൂടി ഓച്ചിറയില്‍ വച്ച് മാജിക്ക് കാണിച്ചു എന്ന് സ്ക്കൂള് മൊത്തം പറഞ്ഞ് അവള് വലിയ ആളാകുമോ?
ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
ഇങ്ങനെ ആലോചിച്ച് തളര്‍ന്നിരുന്ന എന്റെ കാതില്‍ മാജിക്ക് അങ്കിളിന്റെ പുതിയ ചോദ്യം എത്തിയത് അപ്പോഴായിരുന്നു:
"നിങ്ങളുടെ കൂട്ടത്തില്‍ ധൈര്യമുള്ള ആണ്‍കുട്ടി ആരുണ്ട്?"
ആ ചോദ്യം കേട്ട പാതി കേള്‍ക്കാത്ത പാതി,എന്റെ അച്ഛനോടും അമ്മയോടും കൂടി ഒരു വാക്ക് പറയാതെ ഞാന്‍ സ്റ്റേജില്‍ ചാടികയറി.എന്നിട്ട് രണ്ട് കൈയ്യും ഏണിനു കുത്തി,നെഞ്ചില്‍ നാലഞ്ച് ബലൂണ്‍ നിറച്ച പോലെ ശ്വാസം പിടിച്ച്,ശബ്ദത്തിനു കഴിയുന്നത്ര ബാസ്സ് നല്കി ഞാന്‍ പറഞ്ഞു:
"മാജിക്ക് അങ്കിള്‍,ഞാന്‍ വളരെ ധൈര്യമുള്ള ഒരു ആണ്‍കുട്ടിയാണ്."
"മിടുക്കന്.എന്താ മോന്റെ പേര്?" വളരെ കട്ടിയുള്ള ഒരു ചോദ്യം.
ഇത്തരം ചോദ്യങ്ങളൊക്കെ എനിക്ക് നിസ്സാരം എന്ന രീതിയില്‍ ഞാന്‍ മറുപടി പറഞ്ഞു:
"മനു"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ സ്റ്റേജില്‍ കൂടെ നില്ക്കുന്ന ധന്യയെ ഒന്നു പാളി നോക്കി.കണ്ടോടി,നീ മാത്രമല്ല ഞാനും മാജിക്ക്കാരനാ എന്ന മട്ടില്‍.
പാവം.അവള് എന്നില്‍ നിന്നും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ച് കാണില്ല.
ഇനി എന്റെ മാജിക്ക്.
മാജിക്ക് അങ്കിള്‍ എന്റെ കൈയ്യില്‍ ഒരു സ്ട്രോ തന്നു.എന്നിട്ട് എന്നെ സ്റ്റേജിന്റെ ഒരു വശത്ത് നിര്‍ത്തി.മറുവശത്ത് മേശപ്പുറത്ത് ഒരു കുപ്പിയില്‍ കൂള്‍ട്രിംഗ്സ്സും വച്ചു.എന്നിട്ട് എന്നോട് പറഞ്ഞു:
"മോന് സ്ട്രോ വെള്ളം കുടിക്കുന്ന പോലെ ഒന്നു വലിച്ചേ"
ഞാന്‍ നാദസ്വരക്കാര് നാദസ്വരം പിടിക്കുന്നത് പോലെ രണ്ട് കൈയ്യും വച്ച് സ്ട്രോ പിടിച്ച് വലിച്ച് കുടിക്കുന്ന പോലെ കാണിച്ചു.
ഒന്നും വരുന്നില്ല.
ഞാന്‍ സംശയത്തോടെ മാജിക്ക് അങ്കിളിനെ ഒന്നു നോക്കി.'ഉം....'വീണ്ടും ശ്രമിച്ചോളാന്‍ മാജിക്ക് അങ്കിളിന്റെ അനുമതി.ഞാന്‍ വീണ്ടും ശ്രമിച്ചു,അപ്പോഴാണ്` ഞാന്‍ അത് ശ്രദ്ധിച്ചത് ഞാന്‍ സ്ട്രോ വലിക്കുന്നതനുസരിച്ച് കുള്‍ട്രിഗ്സ്സ് തീര്‍ന്നു കൊണ്ടിരിക്കുന്നു.
ഹായ്,മാജിക്ക്!!!!
സദസ്സില്‍ ഗംഭീര കൈയ്യടി.കൂള്‍ട്രിഗ്സ്സ് മൊത്തം തീര്‍ന്നപ്പോള്‍ ഞാന്‍ പതുക്കെ തലതിരിച്ച് ധന്യയെ നോക്കി.അവള് ആകെ തകര്‍ന്ന് നില്ക്കുന്നു.
"എങ്ങനെ ഉണ്ടായിരുന്നു?" ഈ ഒരു ചോദ്യത്തോടെ മാജിക്ക് അങ്കിള്‍ മൈക്ക് എന്റെ നേരെ നീട്ടി.തകര്‍ന്ന് നില്ക്കുന്ന ധന്യയെ വീണ്ടും വിഷമിപ്പിക്കാന്‍ പറ്റിയ അവസരം.അതുകൊണ്ട് തന്നെ ഞാന്‍ വച്ച് കാച്ചി:
"നല്ല ടേസ്റ്റ്"
കരച്ചിലിന്റെ വക്കത്ത് എത്തിയ ധന്യ അറിയാതെ ഒന്നു തേങ്ങി,അത് കണ്ടിട്ടാകണം അവളെ നോക്കി അങ്കിള്‍ പറഞ്ഞു:
"മോള് പോയ്ക്കോ"
തല കുനിച്ച് ഇറങ്ങി പോയ ധന്യയെ ഞാന്‍ ഒരിക്കല്‍ കൂടി നോക്കി,മനസ്സിലായോടി ഞാന്‍ ആരാണെന്ന അര്‍ത്ഥത്തില്‍.
ഇനി ധന്യ എന്റെ മുമ്പില്‍ വെറും പുഴുവാണന്ന് ഓര്‍ത്തപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി.വെറും നാലാം ക്ലാസ്സ് കാരനായ ഞാന്‍ ഒരു സൂപ്പര്‍മാനായി.അങ്ങനെ,രണ്ട് കൈയ്യും ഏണയില്‍ കുത്തി,നാലഞ്ച് ബലൂണ്‍ വീര്‍പ്പിച്ച പോലെ നെഞ്ചില്‍ ശ്വാസം പിടിച്ച് സ്റ്റേജില്‍ നില്ക്കുന്ന എന്നോട് മാജിക്ക് അങ്കിള്‍ പറഞ്ഞു:
"മോനാ കുടിച്ച കൂള്‍ട്രിംഗ്സ്സ് ഇവിടെ വച്ചിട്ട് പോയ്ക്കോ"
ങേ!!!!
അത് എന്ത് പരിപാടി???
ദാറ്റ് ഈസ്സ് ഇംപോസിബിള്‍.
എന്റെ നെഞ്ചില്‍ നിന്നും ഒരു രണ്ട് ബലൂണ്‍ പൊട്ടി പോയതു പോലെ എനിക്ക് തോന്നി.ഞാന്‍ ഏണയില്‍ നിന്നും രണ്ട് കൈയ്യും തിരിച്ചെടുത്തു.
"മോനത് തന്നില്ലെങ്കില്‍ വാങ്ങിക്കാന്‍ എനിക്കറിയാം" മാജിക്ക് അങ്കിളിന്റെ ഭീഷണി.
എന്റെ നെഞ്ചില്‍ ഉണ്ടായിരുന്ന ബാക്കി ബലൂണും പോട്ടി,സൂപ്പര്മാന് പഴയ നാലാം ക്ലാസ്സ് കാരനായി.
ഈശ്വരാ,ഇതെന്ത് പരീക്ഷണം?
പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു മാജിക്ക് അങ്കിള്‍ എന്റെ മുമ്പില്‍ ഒരു ബക്കറ്റ് കൊണ്ട് വച്ചു,എന്നിട്ട് എന്റെ പാന്‍സിന്റെ സിബ്ബ് ഉരിയുന്ന പോലെ ഭാവിച്ചിട്ട് കപ്പലണ്ടി തരാന്‍ പേപ്പര്‍ വച്ച് കുമ്പിള് കുത്തുന്ന പോലെ ആകൃതിയിലുള്ള ഒരു ചോര്‍പ്പ് അവിടെ ഘടിപ്പിച്ചു.ഒരു മിനിറ്റ് കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ആ ചോര്‍പ്പിലൂടെ പൈപ്പില്‍ നിന്നും വെള്ളം ചീറ്റുന്ന പോലെ കൂള്‍ട്രിംഗ്സ്സ് ബക്കറ്റിലേക്ക് വീഴുന്നു.മാജിക്ക് കണ്ട് കൊണ്ടിരിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ഒന്നിനു പോകുന്ന എഫക്ട്.ധന്യയടക്കം കണ്ടിരിക്കുന്നവരുടെ വക കൂട്ടച്ചിരി.
അയ്യേ!!!
"ഇത് ഞാനല്ല" ഞാന്‍ അലറി പറഞ്ഞു.
ആര് കേള്‍ക്കാന്‍?
ഞാന്‍ അമ്മയെ നോക്കി.അമ്മയാണങ്കില്‍ ആരെടാ ഇവന്,ഇവന് എന്തൊക്കെയാ ഈ കാട്ടുന്നത് എന്ന മട്ടില്‍ എന്നെ നോക്കുന്നു.
കര്‍ത്താവേ!!!!
"അച്ഛാ" ഞാന്‍ അച്ഛനെ വിളിച്ചു.
നീ എന്റെ മകനേയല്ല,നിന്നെ ഞാന്‍ തവിട് കൊടുത്ത് വാങ്ങിയതാണ്` എന്ന് ഭാവം അച്ഛന്.
ആ മാജിക്ക് കഴിഞ്ഞപ്പോള്‍ മാജിക്ക്കാരന് അങ്കിള്‍ പറഞ്ഞു:
"ഇനി മോന് പോയ്ക്കോ"
മറ്റേടത്തേ മാജിക്ക്കാരാ,തന്റെ തലയില്‍ ഇടിത്തീ വീഴുമെടാ എന്ന് പ്രാകി കൊണ്ട് ഞാന്‍ ഇറങ്ങി ഓടി അമ്മയുടെ അടുത്തെത്തി എന്നിട്ട് കരഞ്ഞ് കൊണ്ട് പറഞ്ഞു:
"അമ്മേ അത് ഞാനല്ല"
"കൂള്‍ട്രിംഗ്സ്സിനു ടേസ്റ്റ് ഉണ്ടന്ന് മോന് സമ്മതിച്ചില്ലേ,പിന്നെന്താ ഇത് കൂടി സമ്മതിച്ചാല്‍?" അമ്മയുടെ നിഷ്കളങ്കമായ ചോദ്യം.
എന്റെ മഹാദേവാ,
ഞാന്‍ എന്താ പറയുക???
അങ്ങനെ ആ മാജിക്ക് കഴിഞ്ഞു.
ഇനി വര്‍ത്തമാനകാലം...
എന്റെ വിവാഹത്തിനു സമ്മാനമായി ധന്യ തന്നത് ഒരു മാജിക്ക് ഷോയ്ക്ക് ഉള്ള ഓഫര്‍ ആയിരുന്നു.ഞാനും, പെമ്പ്രന്നോത്തിയും, ധന്യയും,അവളുടെ ഭര്‍ത്താവും, പത്ത് വയസ്സ് പ്രായമുള്ള അവളുടെ പയ്യന് നിഖിലും കൂടിയായിരുന്നു ആ മാജിക്ക് ഷോ കണ്ടത്.അപ്പോഴാണ്` മാജിക്ക്കാരന് ആ ഒടുക്കത്തെ ചോദ്യം ചോദിച്ചത്:
"നിങ്ങളുടെ കൂട്ടത്തില്‍ ധൈര്യമുള്ള ആണ്‍കുട്ടി ആരുണ്ട്?"
ആ ചോദ്യം കേട്ടപാതി ധന്യയുടെ മകന് നിഖില്‍ പറന്ന് സ്റ്റേജില്‍ കയറി,എന്നിട്ട് താറാവ് നില്ക്കുന്ന പോലെ നെഞ്ചും വിരിച്ച് നിന്ന്,ഒരു കലിയുഗ സൂപ്പര്‍മാനെ പോലെ അവന് പറഞ്ഞു::
"മാജിക്ക് അങ്കിള്‍,ഐ അം എ ബ്രേവ്വ് ബോയ്."
ധൈര്യശാലിയാണെന്ന അവന്റെ പ്രഖ്യാപനം കണ്ട് നിന്ന ഞാന്‍ അറിയാതെ ഒന്നു ഞെട്ടി.
ഈശ്വരാ,തകര്‍ന്നു.
സൂപ്പര്‍മാനിപ്പോള്‍ പടമാവുമല്ലോ എന്ന് ആലോചിച്ചപ്പോള്‍,ബാക്കി മാജിക്ക് കാണാന്‍ ശേഷി ഇല്ലാതിരുന്ന ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചു.പത്ത് മിനിറ്റത്തെ പ്രകടനത്തിനു ശേഷം താറാവിനെ പോലെ പോയവന് കൊഞ്ചിനെ പോലെ തിരിച്ച് വന്നു.എന്നിട്ട് ഒരു കരച്ചി ലോടെ എന്നോട് പറഞ്ഞു:
"അങ്കിള്‍ അത് ഞാനല്ല"
"എനിക്ക് അറിയാം മോനെ" അവനെ ആശ്വസിപ്പിച്ച് കൊണ്ട് ഞാന്‍ അവനോട് ചോദിച്ചു:
"ആട്ടേ,ഈ കൂട്ടത്തില്‍ ആരാ മോന്റേ കൂടെ പഠിക്കുന്ന പെണ്‍കുട്ടി?"
മറു സൈഡില്‍ അവനെയും നോക്കി ചിരിച്ച് കൊണ്ട് ഇരിക്കുന്ന ഒരു പത്ത് വയസ്സ് കാരിയെ ചൂണ്ടി കാട്ടി അവന് പറഞ്ഞു:
"അവളാ,സാറ"
അവനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് തലതിരിച്ച് ഞാന്‍ ധന്യയെ നോക്കി.
ധന്യേ,ഉണ്ടകണ്ണി,മനസ്സിലായോടി അത് ഞാനല്ലരുന്നു എന്ന അര്‍ത്ഥത്തില്‍.ഇത് എന്തായാലും നിഖിലല്ല,പക്ഷേ അന്നത്തെത് മനു തന്നെയാണോ എന്ന് സംശയം ഉണ്ട് എന്ന അര്‍ത്ഥത്തില്‍ അവള് എന്നെയും നോക്കുന്നു.
എത്ര കിട്ടിയാലെന്താ,നീ നന്നാവില്ലടി.
അല്ലങ്കില്‍ തന്നെ ഇതൊക്കെ ഇത്രയേ ഉള്ളു. ഇന്നലെ ധന്യയെങ്കില്‍ ഇന്നു സാറ,ഭൂമി ഉരുണ്ടതാ മോനെ നമുക്ക് ഇനിയും കാണാം.