
പ്രിയ സ്നേഹിതരേ,
ഈ പോസ്റ്റില്‍ ഞാന്‍ ഒരു കഥയല്ല എഴുതിയത്, പകരം കുറേ വെളിപ്പെടുത്തലുകള്‍ മാത്രം.അതിപ്പോ എന്തിനെ കുറിച്ചാണെന്ന് ചോദിച്ചാല്‍..?
എന്നെപറ്റി, എന്റെ കഥയിലെ നായകനെ പറ്റി, എന്റെ കഥയിലെ സന്ദര്‍ഭങ്ങളെ പറ്റി, പിന്നെ നിങ്ങള്‍ ഒരോരുത്തരെയും പറ്റി.ഒരുപക്ഷേ എന്റെ കഥകളിലെ നായകനെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കുമുള്ള സംശയത്തിനു ഒരു മറുപടി കൂടിയാകും ഈ പോസ്റ്റ്...
ആദ്യമേ പറയട്ടെ, എല്ലാ കഥയിലെയും പോലെ ഇതില്‍ നായകന് മനുവല്ല.
പിന്നെ ആര്?
സാക്ഷാല്‍ ഞാന്‍ തന്നെ.
കാരണം???
ബാക്റ്റീരിയ!!!
1980 കാലഘട്ടത്തില്‍ കായംകുളത്തുള്ള മഹാന്-മഹതി വര്‍ഗ്ഗ ഭേദത്തിന്റെ രാവുകളെ നിദ്രാവിഹീനം ആക്കിയത് രണ്ട് കാര്യങ്ങളായിരുന്നു,
ഒന്ന്: ആ വര്‍ഷത്തെ ജൂലൈയില്‍ ജനിച്ച്, അന്ന് മുതല്‍ ഞാന്‍ അടച്ച് വയ്ക്കാത്ത വായില്‍ നിന്നും അനര്‍ഗ്ഗള നിര്‍ഗ്ഗളം ഗമിക്കുന്ന 'ളേ..ളേ..' ശബ്ദം
രണ്ട്: എല്ലാ രാത്രിയും ഒമ്പത് മുതല്‍ റേഡിയോയില്‍ പ്രക്ഷേപം ചെയ്യുന്ന നാടകങ്ങള്‍.
ആയിടക്ക് ഇറങ്ങിയ റേഡിയോ നാടകങ്ങളില്‍ ഏറ്റവും നല്ലതിലെ നായകന് ഒരു നല്ലവനായ കളക്ടറായിരുന്നു.സാധുക്കള്‍ക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്ന ആ കളക്ടറുടെ കദന കഥ കേട്ട് കണ്ണീരില്‍ കുതിര്‍ന്ന് വീട്ടിലെത്തിയ ചിറ്റപ്പന് എന്നെ ചൂണ്ടി പ്രഖ്യാപിച്ചു:
"നമുക്ക് ഇവന് ആ കളക്ടറുടെ പേരിടാം"
ആ നാടകം കേട്ടവരൊക്കെ അസൂയയോട് എന്നെ നോക്കി,
ഭാഗ്യവാന്, എന്തോരം നല്ല പേരാ???
അല്ലെങ്കില്‍ തന്നെ എനിക്ക് നല്ലതേ വരു എന്ന ഭാവത്തില്‍, ശരീരവും കാട്ടി കിടന്ന എന്നെ ഒക്കത്തെടുത്ത് അമ്മ പറഞ്ഞു:
"വേണ്ടാ, എന്റെ മോനു ഞാന്‍ പേര് കണ്ട് പിടിച്ചോളാം"
പക്ഷേ ആ കളക്ടറുടെ പേരില്‍ മതിമയങ്ങി പോയ വീട്ടുകാര്‍ ആ പേര് തന്നെ എനിക്ക് ഇടാന്‍ അമ്മയെ ഉപദേശിച്ചു.അതിന് അവര്‍ പറഞ്ഞ ന്യായം രണ്ട് കാര്യങ്ങളായിരുന്നു,
ഒന്ന്:
നല്ലവനായ കളക്ടറുടെ പേരിട്ടാല്‍ ഭാവിയില്‍ ഞാന്‍ ഒരു കളക്ടര്‍ ആകുമത്രേ!!!
ഹി..ഹി..ഹി..ബെസ്റ്റ്!!
രണ്ട്:
ആ പേര് കേള്‍ക്കുമ്പോള്‍ 'കുന്നത്ത് സൂര്യന് ഉദിച്ച പോലെ' എന്ന ഇഫക്ടാണത്രേ!!
അയ്യേ, മ്ലേച്ഛം!!
അങ്ങനെ ഇരുപത്തിയെട്ട് കെട്ടിന് അച്ഛന് ആ പേര് പ്രഖ്യാപിച്ചു:
"അരുണ്‍"
ഹോ, വാട്ട് എ നെയിം??
ആകാശത്ത് കൂടി പറന്ന് പോയ ഒരു കാക്ക സ്റ്റക്കായി നിന്നു, കടലില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തിരമാല തിരിച്ച് പോകാതെ കരയില്‍ തന്നെ നിന്നു, ആകാശത്ത് വച്ച് പൊട്ടിപോയ ഒരു പട്ടം താഴേക്ക് വീഴാതെ നിശ്ചലമായി നിന്നു, എന്തിനേറെ പറയുന്നു തുമ്മാന്‍ വന്ന ചാത്തുവമ്മാവന് തുമ്മാതെ വായും പൊളിച്ച് നിന്നു.
അതേ, ഒരു നിമിഷത്തേക്ക് ലോകം മുഴുവന്‍ നിശ്ചലമായി!!!
കാക്ക പറന്ന് പോയി, തിരമാല തിരിച്ച് പോയി, പട്ടം താഴെ വീണു, ചാത്തുവമ്മാവന് തുമ്മി.
ഭാഗ്യം, ലോകം പഴയ പടി ആയി!!
കാലചക്രം പിന്നെയും കറങ്ങി..
'അമ്മേ' എന്ന എന്റെ വിളി പ്രതീക്ഷിച്ച് നിന്ന മാതാശ്രീയെ അമ്പരപ്പിച്ച് കൊണ്ട് ഞാന്‍ നിശബ്ദനായി വളര്‍ന്നു.മണിയിട്ട് ആട്ടിയട്ടും, തലയിട്ട് ആട്ടിയട്ടും നോ ഫലം, ഞാന്‍ മിണ്ടുന്നില്ല.
വീട്ടുകാര്‍ക്കെല്ലാം അമ്പരപ്പ്.
ദൈവമേ..
ഇനി ഇവന് വായില്ലാകുന്നിലപ്പന്റെ അവതാരമാണോ??
ഇനി എന്ത് ചെയ്യും?
കൂലംകക്ഷമായ ചര്‍ച്ചക്കൊടുവില്‍ അമ്മുമ്മ കല്പ്പിച്ചു:
"ആരവിടെ, വരട്ടെ ഒരു ഡാക്കിട്ടര്!"
അങ്ങനെ ഡോക്ടര്‍ വന്നു, എന്റെ വായിക്കകത്ത് തല ഇട്ട് നോക്കി, എന്നിട്ട് പ്രഖ്യാപിച്ചു:
"പ്രശ്നമാ, നാക്കില്‍ ഒരു കെട്ടുണ്ട്"
അത് കേട്ടതും അച്ഛന് എന്നെ രൂക്ഷമായി ഒന്ന് നോക്കി,
കുരുത്തംകെട്ടവനെ, എപ്പോഴാടാ നീ കെട്ടിട്ടത്??
എനിച്ച് അരിയില്ല!!
സംഭവം മൌനമായിട്ട് ആയിരുന്നെങ്കിലും ഞങ്ങളുടെ മുഖഭാവത്തില്‍ നിന്നും കാര്യം മനസിലായ ഡോക്ടര്‍ മുരണ്ടു:
"ഒരു ഓപ്പറേഷന് ചെയ്താല്‍ ശരിയാവും"
എന്റമ്മച്ചിയേ!!!
ആ കാര്‍ക്കോടകന്റെ തിരുമൊഴി കേട്ട് ഞെട്ടി വായും പൊളിച്ച് നിന്ന നിമിഷം തന്നെ ഡാക്കിട്ടര് കെട്ട് കണ്ടിച്ച് കളഞ്ഞു, എന്നിട്ട് പറഞ്ഞു:
"മോനിനി എപ്പോഴും സംസാരിക്കണം"
ഏറ്റു!!!
അങ്ങനെ ഞാന്‍ സംസാരിച്ച് തുടങ്ങി.ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ അച്ഛനോട് ചോദിച്ചു:
"ആ ഡോക്ടറുടെ അഡ്രസ്സ് ഒന്ന് തരുമോ?"
"എന്തിനാ?"
"തല്ലികൊല്ലാനാ!!"
വിദ്യാഭ്യാസ നാളുകള്‍..
സരസ്വതി ദേവിയേ മനസ്സില്‍ ധ്യാനിച്ച് വലതുകാല്‍ വച്ച് ക്ലാസില്‍ കയറിയ നിമിഷം ഞാനൊരു കാര്യം മനസിലാക്കി, 1980 കാലഘട്ടത്തിലെ ആ നാടകം ഒരുപാട് മാതാപിതാക്കന്മാര് കണ്ടിരിക്കുന്നു.ക്ലാസ്സിലെ നാല്‍പ്പത് ആണ്‍കുട്ടികളില്‍ ഇരുപത്തിആറ് പേരും അരുണ്‍ എന്ന പേരുള്ളവര്‍.
എല്ലാം ഭാവിയിലെ കളക്ടറുമാര്‍!!
കുന്നത്ത് ഒരു സൂര്യനല്ല, ഒരായിരം സൂര്യന്മാര് ഉദിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയ ആ നിമിഷം ടീച്ചര്‍ എന്നോട് ചോദിച്ചു:
"എന്താ പേര്?"
തകര്‍ന്നു!!
അഡോള്‍ഫ് ഹിറ്റ്ലര്‍, അര്‍ണോള്‍ഡ് ഷാസനൈഗര് എന്നീ പേരുകള്‍ പുല്ല് പോലെ പറയാന്‍ പറ്റുമെങ്കിലും എന്റെ പേര് എനിക്ക് ഒരു മരീചിക ആയിരുന്നു.ഞാന്‍ എത്രയൊക്കെ ശ്രമിച്ചാലും എനിക്ക് വ്യക്തമായി അരുണ്‍ എന്ന് പറയാന്‍ പറ്റില്ല, അന്നും ഇന്നും.
ഒടുവില്‍ വിക്കി വിക്കി ഞാന്‍ പറഞ്ഞു:
"അതുന്"
ഹോ, വാട്ട് എ നെയിം?
ചിറ്റപ്പാ, ഈ കൊലച്ചതി എന്നോട് വേണമായിരുന്നോ??
പിന്നെ നാലാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്രീഡിഗ്രി, എഞ്ചിനിയറിംഗ്...
ജീവിതം ഇങ്ങനെ മുമ്പോട്ട് നീങ്ങി.
കാലം മാറിയതനുസരിച്ച് എന്റെ കോലവും മാറി!!
ഒടുവില്‍ കൈയ്യില്‍ കുറേ സര്‍ട്ടിഫിക്കേറ്റുമായി ഞാന്‍ ഇവിടെ വന്നു,
ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ഈ ബാംഗ്ലൂര്‍ നഗരത്തില്‍..
പിന്നീട് ഞാനങ്ങ് പുരോഗമിച്ചു, ജോലിയായി, ബൈക്കായി, മീശയായി, ഒടുവില്‍ ബ്ലോഗ് എന്താ എന്ന വിവരവുമായി.
അങ്ങനെ കഴിഞ്ഞ ജൂണ്‍ 20 നു അത് സംഭവിച്ചു, ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി...
കായംകുളം സൂപ്പര്‍ഫാസ്റ്റ്!!!
ആ മഹാ അപരാധത്തിനു ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.
അതേ, ഇന്ന് എന്റെ ബ്ലോഗിന്റെ പിറന്നാളാണ്!!!
ആദ്യത്തെ ഒന്നാം പിറന്നാള്‍!!!
ദൈവത്തിന്, മാതാവിന്, പിതാവിന്, ഗുരുക്കന്മാര്ക്ക്..
എല്ലാവര്ക്കും നന്ദി!!
പണ്ട് കൊടകരയിലിരുന്ന് പുരാണം എഴുതുകയും, ഇന്ന് ദുബായിലിരുന്ന് ദിവസങ്ങള്‍ എണ്ണുകയും ചെയ്യുന്ന വിശാലേട്ടന്..
കൈയ്യിലുള്ള കാശ് എങ്ങനെ കൂട്ടി സ്വരൂപിച്ചാലും മൊത്തം ചില്ലറയായി പോയ വിഷമത്തിലിരിക്കുന്ന അരവിന്ദേട്ടന്..
ഒരു കച്ചിത്തുരുമ്പ് കൈയ്യില്‍ കിട്ടിയാലും, അത് ഏതെങ്കിലും തോടിനു കുറുകെ ഇട്ടിട്ട് പാലമാണെന്നും, ബ്രിജ് ആണെന്നും പറഞ്ഞ് അതിലിരുന്നു വിഹരിക്കുന്ന മനുവേട്ടന്..
ഇത്രയും വലിയ ബൂലോകത്തില്‍ ഒരു പോങ്ങുമൂടനായി ജനിച്ച് വീണ ഹരിചേട്ടന്..
നന്ദി,നന്ദി,നന്ദി,നന്ദി!!
കാരണം ഇവരുടെ സൃഷ്ടികളായിരുന്നു മലയാളം ബ്ലോഗിലേക്ക് എന്നെ അടുപ്പിച്ചത്.
എന്റെ ബ്ലോഗിന്റെ തലേക്കെട്ട് ഇത്ര മനോഹരമാക്കി തന്നത് ബ്ലോഗര്‍ രസികന്‍ ആണ്,
പ്രിയ സുഹൃത്തേ നന്ദി.
ഈ കായംകുളം സൂപ്പര്‍ഫാസ്റ്റിലെ സ്ഥിരം യാത്രക്കാരായ എല്ലാവര്ക്കും നന്ദി, ഈ കൂട്ടത്തില്‍ ആദ്യമായി സ്ഥിരം യാത്രക്കാരനായ ഒരു വ്യക്തിയുണ്ട്, അഭിലാഷ് റാന്നി,
പ്രിയ അഭിലാഷ്, നന്ദി.
ബ്ലോഗ് പുരാണം എന്ന തന്റെ ബ്ലോഗിലൂടെ എന്നെ ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയ പ്രിയ 'കൂട്ടുകാരാ', താങ്കള്‍ക്കും എന്റെ നന്ദി.
കഴിഞ്ഞ ആഴ്ച ഒരു സംഭവമുണ്ടായി, മൊഴിമുത്തുകള്‍ എന്ന ബ്ലോഗ് എഴുതുന്ന ബഷീറിക്ക എന്നെ ഗള്‍ഫില്‍ നിന്നും വിളിച്ചഭിനന്ദിച്ചു.ഒരുപക്ഷേ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.പ്രിയപ്പെട്ട ബഷീറിക്ക, നന്ദി.
നാലുനാള്‍ മുമ്പ് എന്നെ വിളിച്ച് അഭിനന്ദിച്ച ഒരു വ്യക്തിയുണ്ട്, ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്.പ്രിയപ്പെട്ട ചേട്ടാ, താങ്കളെ പറ്റി ഒന്നും എഴുതരുത് എന്ന് പറഞ്ഞതിനാല്‍ ഞാന്‍ ഒന്നും എഴുതുന്നില്ല.ബൂലോകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, അദ്ദേഹം വിളിച്ചിട്ടുമില്ല, അഭിനന്ദിച്ചിട്ടുമില്ല, എന്നാലും പുള്ളിക്കാരനും ഒരു നന്ദി.
രമണിക, ഇന്‍ഡ്യാഹെറിറ്റേജ്, ശ്രീജിത്ത്, ബഷീറിക്ക:
എന്റെ ബ്ലോഗിന്റെ വാര്‍ഷികം ഓര്‍ത്ത് മുന്‍ പോസ്റ്റില്‍ അഡ്വാന്‍സായി കമന്റ് ഇട്ടതിനു നന്ദി.
സിന്‍സിയര്‍ലി യുവേഴ്സ്സ് എന്ന ബ്ലോഗിനുടമയായ അനുപമ മേനോന്, ഇന്ന് ജീമെയിലില്‍ സ്റ്റാറ്റസ്സായി എനിക്ക് ആശംസകള്‍ നേര്ന്നതിനു നന്ദി.
മൊട്ടുണ്ണി എന്ന ബ്ലോഗെഴുതുന്ന പ്രിയപ്പെട്ട 'എക്സ്സ് റുംമേറ്റിനും' നന്ദി.
ഈ ബ്ലോഗ് വായിക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും നന്ദി.
പേരെടുത്ത് പറയേണ്ട ഒരുപാട് പേര് ഈ കൂട്ടത്തില്‍ ഉണ്ടെങ്കിലും ഞാന്‍ ആ സാഹസത്തിനു മുതിരുന്നില്ല.
കമന്റ് ഒന്നും ഇടാതെ വെറുതെ വായിച്ച് പോയ സ്നേഹിതര്‍ക്കും നന്ദി.
ഇനി ആര്‍ക്കെങ്കിലും ഞാന്‍ നന്ദി പറയാന്‍ മറന്നെങ്കില്‍ അവര്‍ക്കും നന്ദി.
ആഹാ, എന്നോടാ കളി??
പിന്നെ ഒരു നന്ദി പ്രകടനം മാത്രമായിരുന്നില്ല ഞാന്‍ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്, മറ്റ് ചില കാര്യങ്ങള്‍ കൂടി നിങ്ങളോട് പറയണം എന്നുണ്ട്, നിങ്ങള്‍ക്ക് ബോറാവില്ല എന്ന വിശ്വാസത്തില്‍ അതെല്ലാം ഞാനിവിടെ കുറിച്ചോട്ടേ..
എന്റെ കഥകളിലെ സന്ദര്‍ഭങ്ങള്‍:-
സാങ്കല്പ്പികം, വെറും സാങ്കല്പ്പികം, അല്ലാതെ യഥാര്‍ത്ഥജീവിതവുമായി ഒരു ബന്ധവുമില്ല.
ഒരു ബുദ്ധിജീവി സ്റ്റൈലില്‍ പറഞ്ഞാല്‍,
"അര്ത്ഥവിരക്തവും, യുക്തിരഹിതവും, സര്‍വ്വോപരി കാലചക്രത്തിന്റെ കരാള ഹൃദയത്തില്‍ അകപ്പെട്ടതുമായ കുറേ സന്ദര്‍ഭങ്ങള്‍"
വല്ലതും മനസിലായോ??
ഇല്ല അല്ലേ??
ഇത് തന്നെയാ എന്റെയും അവസ്ഥ..
കഷ്ടം തന്നെ!!
എന്റെ കഥകളിലെ നായകന്:-
മനു!!
ആരാ ഈ മനു? എന്റെ ചെല്ലപേരാണോ? എന്റെ വിളിപേരാണോ?
അല്ല, അല്ല, അല്ല!!
പിന്നെയോ?
മണ്ടത്തരത്തിനു കൈയ്യും കാലും വച്ച ഒരു സാങ്കല്‍പ്പിക കഥാപാത്രം.
എന്ത് കൊണ്ട് നായകനു ഈ പേരിട്ടു?
അതോ, അത് പറയാം..
മനുനാമപുരാണം..
ഞാന്‍ തന്നെ കഥ പറയുന്ന രീതിയിലാണ് എന്റെ എല്ലാ കഥകളും, അതുകൊണ്ട് തന്നെ സ്വാഭാവികമായും അരുണ്‍ എന്ന പേരാണ് ഞാന്‍ നായകനും കൊടുത്തിരുന്നത്.ആയിടക്കാണ് എന്നെ പിടിച്ച് പെണ്ണ് കെട്ടിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.അന്ന് രാത്രിയില്‍ എനിക്ക് ഒരു വെളിപാടുണ്ടായി,
ഞാന്‍ തന്നെ നായകനായ എന്റെ കഥകള്‍ വായിച്ചാല്‍ സ്വബോധമുള്ള ഒരു അച്ഛനും സ്വന്തം മകളെ എനിക്ക് കെട്ടിച്ച് തരില്ല, ഉറപ്പ്.
എന്റെ കരിമുട്ടത്തമ്മേ!!
ഞാന്‍ ഇനി എന്തോ ചെയ്യും??
പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളില്ലല്ലോ..
ആദ്യം പോയൊരു ജ്യോത്സ്യനെ കണ്ടു, എന്നിട്ട് ചോദിച്ചു:
"അങ്ങുന്നേ, എനിക്ക് നിത്യബ്രഹ്മചാരി യോഗം ഉണ്ടോ?"
എന്നെ നല്ലോണ്ണം പരിചയമുള്ള അങ്ങേര് ഗ്രഹനില പോലും നോക്കാതെ മറുപടി പറഞ്ഞു:
"തന്നെ പോലൊരു ആഭാസനു ഒരിക്കലും ആ യോഗം വരില്ല"
ഒരു ആഭാസനായതില് അന്നു ഞാന്‍ ആദ്യമായി അഭിമാനിച്ചു!!
ജ്യോത്സ്യരങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിലിരുന്നാരോ പറഞ്ഞു, ബൂലോകത്തിലെ ഗസറ്റ് ബുക്കില്‍ എന്റെ നായകന്റെ പേരു മാറ്റാന്‍.പക്ഷേ അതത്ര എളുപ്പം പണി ആയിരുന്നില്ല.കാരണം ആല്‍ഫ്രഡ് ഡിസൂസ, വെര്ണോള്ഡ് ഷാടി എന്നിങ്ങനെയുള്ള പേരുകള്‍ എന്റെ നായകനു ചേരില്ല.അവസാനം ഞാനൊരു തീരുമാനത്തിലെത്തി, ബൂലോകത്ത് ഗുരുക്കന്മാരെന്ന് ഞാന്‍ കരുതുന്ന നാലുപേരുണ്ട്, അതില്‍ ആരുടെയെങ്കിലും പേര് കൊടുക്കാം.അങ്ങനെ ഞാന്‍ അവരുടെ ബ്ലോഗുകള്‍ തുറന്നു..
1.കൊടകരപുരാണം..
ഈ ബ്ലോഗ് തുറന്നതും മൂന്ന് പേരുകളാണ് എന്റെ മനസ്സില്‍ ഉയര്‍ന്ന് വന്നത്, വിശാലന്, സജീവ്, കൊടകരന്..
അയ്യോ, ശരിയാവില്ല.
2.പോങ്ങുമൂടന്..
രണ്ട് പേരുകള്‍ തലപൊക്കി, മിസ്റ്റര്‍ പോങ്ങു, ഹരി..
ഇതില്‍ ഹരി കൊള്ളാം, പക്ഷേ സാക്ഷാല്‍ വിഷ്ണു ഭഗവാനെ ഓര്‍മ്മ വന്നു.
അടുത്തത്..?
3.മൊത്തം ചില്ലറ..
അരവിന്ദേട്ടന്റെ പേരിനെ കുറിച്ച്, അരവിന്ദേട്ടന് തന്നെ രണ്ട് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
അപ്പം ഇതും വേണ്ട.
4.ബ്രിജ് വിഹാരം..
ഇത് എഴുതുന്നത് മനു, പേരു കേട്ടാല്‍ അടുത്ത വിന്‍ഡോയിലെ ബ്ലോഗറുടെ പേരു പോലെ തോന്നും.മാത്രമല്ല ലോകത്തുള്ള സകല പെണ്ണൂങ്ങളുടെയും പേരുവച്ച് കഥ എഴുതിയട്ടുള്ള ഈ മഹാന്, അരവിന്ദേട്ടനേ പോലെ സ്വന്തം പേരു വച്ച് ഒന്നും എഴുതിയതായി കണ്ടിട്ടുമില്ല.പിന്നെയുമുണ്ട് സവിശേഷത, മനു എന്ന പേര് എന്റെ നായകന്റെ സ്വഭാവത്തിനു പറ്റിയ പേരാണ്..
MANU
M- മണ്ടന്‍
A- അലമ്പന്
N- നുണയന്
U- ഉണ്ണാക്കന്
മതി, ഇത് മതി.ഞാന്‍ ഉറപ്പിച്ചു!!
അങ്ങനെ പേരായി..
ഒരു വിഷമം, മനുചേട്ടനോട് മാത്രം ഈ സത്യം പറയാന്‍ പറ്റിയില്ല.പുള്ളിക്കാരന്റെ നമ്പര്‍ എന്റെ കൈയ്യിലില്ല.ഒടുവില്‍ ബ്ലോഗര്‍ അച്ചായനാ ഈ കേസില്‍ എന്നെ സഹായിച്ചത്.അദ്ദേഹം മനുചേട്ടന്റെ നമ്പര്‍ തന്നു, എന്നിട്ട് വിളിച്ച് കാര്യം പറയാന്‍ പ്രോത്സാഹിപ്പിച്ചു.
അപ്രകാരം ഞാന്‍ വിളിച്ചു:
"മനുചേട്ടാ, ഞാന്‍ അരുണ്‍, കായംകുളത്ത് നിന്ന് വിളിക്കുവാ"
മറുഭാഗത്ത് നിശബ്ദത.പിന്നെ പതിഞ്ഞ സ്വരത്തില്‍ ഒരു മറുപടി:
"ഞാന്‍ G.മനു, എല്ലാരും എന്നെ മനുജി എന്ന് വിളിക്കും"
മനുജി??
ഗാന്ധിജി, നെഹ്റുജി, ഇന്ദിരാജി.....മനുജി??
അതോ G.മനു തിരിച്ചിട്ട് മനു.G എന്നോ??
അത് എന്തുമാകട്ടെ എന്നു കരുതി എന്റെ നായകന്റെ പേരിനു പുറകിലുള്ള സത്യം ഞാന്‍ പറഞ്ഞു.
മനുചേട്ടന്‍ ഹാപ്പിയായി.
എന്തായാലും പരിചയപ്പെട്ടതല്ലേ, ഒരു കുശലാന്വേഷണമാകാമെന്ന് കരുതി ഞാന്‍ ചോദിച്ചു:
"മനു ചേട്ടനെന്താ ഇപ്പോള്‍ പോസ്റ്റ് ഒന്നും ഇടാത്തത്?"
ഉടന്‍ വന്നു മറുപടി:
"ആരാധികമാരുടെ ശല്യം"
എന്റെ കൃഷ്ണാ..
ചോദിച്ച ഞാന്‍ ആരായി??
ഛേ, ഈ ചോദ്യം വേണ്ടായിരുന്നു!!
കഴിഞ്ഞ മാസത്തിലെ ഒരു പാതിരാത്രി..
സമയം പന്ത്രണ്ട് മണി കഴിഞ്ഞ് കാണണം.എന്റെ മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു.വെപ്രാളത്തില്‍ ചാടി എഴുന്നേറ്റ ഞാന്‍ നമ്പര്‍ നോക്കി, തിരുവനന്തപുരത്ത് നിന്നുമാ വിളി.ആരാണാവോ?
"ഹലോ, ആരാ?"
മറുഭാഗത്ത് നിന്നും ഒരു ഓട്ടന്‍ തുള്ളലിലെ രണ്ട് വരികള്‍:
"നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടില്‍ കിടക്കുന്ന മൂളിക്കുരങ്ങ് നീ"
ഈ വരികള്‍ പാടിയതിനു ശേഷം ഒരു ചോദ്യം:
"ആരാണെന്ന് മനസിലായോടാ?"
ആരാ??
കുഞ്ചന്നമ്പ്യാരാണോ??
അതോ ഭീമനോ??
ഞെട്ടി നിന്ന എന്റെ ചെവിയില്‍ അറിയിപ്പ് വന്നു:
"ഞാനാടാ, G.മനു"
ഓ, മനുജി!!
ഭീമന്റെ ശരീരമുള്ള കലിയുഗ കുഞ്ചന്നമ്പ്യാര്!!
ഇങ്ങേരെന്താ പാതിരാത്രിക്ക്??
"നിന്റെ കഥകളിലെ നായകന് മനുവല്ലേ?"
"അതേ ചേട്ടാ"
"നീ എന്നെ ഉദ്ദേശിച്ചല്ലേ നായകനു മനു എന്ന് പേരിട്ടത്?"
"പിന്നല്ലാതെ?"
"എന്താ നായികയുടെ പേര്?"
"ഗായത്രി"
"എന്തുകൊണ്ട് നായികക്ക് ലക്ഷ്മി എന്ന് പേരിട്ടില്ല?"
ങ്ങേ!!
എന്റെ കഥകളിലെ നായികക്ക് ലക്ഷ്മി എന്ന് പേരിടണം പോലും!!
നട്ടപാതിരാത്രിക്ക് ഈ മുതുകെഴവനു എന്തിന്റെ സൂക്കേടാണോ എന്തോ??
കാല് മുതല്‍ ഒരു തരിപ്പ് വന്നത് തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
"ആരാ മനുചേട്ടാ ലക്ഷ്മി?"
"എന്റെ വൈഫ്"
ബെസ്റ്റ്!!
പാതിരാത്രിക്ക് പട്ടയടിച്ച് പെമ്പ്രന്നോത്തിയോടുള്ള പ്രേമം മൂത്തപ്പോള്‍ പഹയന് എന്നെ മാത്രമേ കിട്ടിയുള്ളോ??
"നായകന് മനു ആകുമ്പോള്‍ നായിക ലക്ഷ്മി ആയിരിക്കണം"
അയ്യടാ, അതെവിടുത്തെ ന്യായം??
നാല് ചീത്ത വിളിക്കാന്‍ വായില്‍ വന്നത് കടിച്ചമര്‍ത്തി ഞാന്‍ ചോദിച്ചു:
"മനുചേട്ടന്‍ വെള്ളമാണോ?"
ഉടന്‍ വന്നു മറുപടി:
"ഭൂമിയുടെ 95% വെള്ളമാ, മനുഷ്യശരീരത്തില്‍ 78% വെള്ളമാ.അപ്പം നിന്റെ ഈ ചോദ്യത്തിനു പ്രസക്തിയില്ല"
കുരിശായി!!
"പറയടാ പുല്ലേ, നീ എന്ത് കൊണ്ട് ലക്ഷ്മി എന്ന് പേരു കൊടുത്തില്ല?"
അതേ തുടര്‍ന്ന് കലിയുഗ കുഞ്ചന്‍നമ്പ്യാരുടെ വായില്‍ നിന്നും കൊടുങ്ങല്ലുരമ്മ പോലും കേള്‍ക്കാത്ത തെറിയഭിഷേകം.ഗുരുവിനോടുള്ള ബഹുമാനം മറന്നു, മനുജിയോടുള്ള സ്നേഹം മറന്നു.അറിയാതെ ഞാന്‍ അലറി പറഞ്ഞു:
"എനിക്ക് സൌകര്യമില്ല, താന്‍ പോയി കേസ്സ് കൊട്"
ഹും, ഭയങ്കര ശല്യം തന്നെ!!
ആന്‍ അണ്കള്ച്ചര് ഫെലോ!!
എന്തായാലും ഇത്രയുമായി, എന്റെ നായകനു നല്ല ഒരു പേരു തന്ന മനുചേട്ടനു ഒരു സമ്മാനം കൊടുത്തില്ലങ്കില്‍ അതൊരു മോശമാ.പുള്ളിക്കാരനു ഓട്ടന്തുള്ളല് ഭയങ്കര ഇഷ്ടമാ, അപ്പോള്‍ അത് തന്നെയാവട്ടെ. എന്താ?
ശരി തുടങ്ങാം, മനുചേട്ടനെ പറ്റി നാലു വരി...
"കാലാകാലം കഥ പറയുന്ന
കോന്നികാരന്‍ ആളൊരു പുങ്കന്‍
കഥകളിലൂടെ കാര്യം പറയും
കശ്മലനിവനൊരു സംഭവമാണേ
ഇവനുടെ കഥയില്‍ ഭാഗം ചേരാന്‍
നിരവധി അനവധി വ്യക്തികളുണ്ടേ
ഷീബാ ഇന്ദു അളിയന് ബീരാന്
അപ്പുപ്പന്മാര് പലതരമുണ്ടേ
വാണാ ബീ മൈ വാലന്റീനില്
അനുപമ എന്നൊരു പെണ്ണും ഉണ്ടേ
ഇവരെ പറ്റി കഥകളെഴുതാന്‍
ഇവനെ വെല്ലും പ്രതിഭയുമില്ല
അങ്ങനെയിവിടെ ചെത്തി നടക്കും
ഇവനോ ഫാന്സ്സും കൂടുതലാണേ
ഇതിനാല്‍ ഒരുനാള്‍ ദേഷ്യം കേറി
ഞാനൊരു മുട്ടന്‍ ആണയുമിട്ടു
ഇവനെ ഒതുക്കാന്‍ ബൂലോകത്തില്‍
കിട്ടും ചാന്‍സ് ഞാന്‍ മിസ്സാക്കില്ല
അന്നുതുടങ്ങി ഇന്നിതാ ഒടുവില്‍
ശരിയായി പറഞ്ഞാല്‍ ഇരുപത് ജൂണില്‍
മനുവിനു പണിയായ് പോസ്റ്റോന്നായി
അങ്ങനെ അവനെ പോസ്റ്റിലുമാക്കി"
ഹാവു, സമാധാനമായി!!
മനു ചേട്ടന്റെ ഒരു വലിയ ഫാനായതിനാലാണ് എന്റെ നായകനു മനു എന്ന് പേരു കൊടുത്തത് എന്നത് സത്യം.മേല്‍ സൂചിപ്പിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ വെറും സാങ്കല്പ്പികം.മനു ചേട്ടന്റെ പൂര്‍ണ്ണ സമ്മതത്തോടാണ് ഞാനിത് ഇവിടെ കുറിച്ചിട്ടത്.മനു ചേട്ടന്റെ ഫാനായിട്ടോ, ലൈറ്റായിട്ടോ ഉള്ള ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടങ്കില്‍ അദ്ദേഹത്തിന്റെ കുത്തിനു പിടിക്കാന്‍ അപേക്ഷിക്കുന്നു.
ഇത്യാദി മനുനാമപുരാണം സമാപ്തം.
ഒന്നുങ്കില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്!!
എന്നെ പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന മാന്യ വായനക്കാര്‍ക്കും, പ്രിയ ബൂലോക നിവാസികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞ് കൊണ്ട്...
ഈ ബ്ലോഗിനെ കുറിച്ചും ഇതിലെ പോസ്റ്റുകളെ കുറിച്ചും ഉള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട്...
ഈ പോസ്റ്റ് ഇവിടെ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
ഞാന്‍