
ഇന്ത്യ വിറക്കുന്നു..
ഏകദേശം ഒരു മാസം മുമ്പൊരു പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ടാണിത്.രാവിലെ ഒരു ഗ്ലാസ്സ് ചായയുമായി പത്രം വായിക്കാന്‍ തയ്യാറായ ഞാന്‍ കണ്ടത് വെണ്ടക്ക വലുപ്പത്തില്‍ ഉള്ള ഈ തലക്കെട്ടാ..
ഇന്ത്യ വിറക്കുന്നത്രേ!!
പേടിച്ചിട്ടാണോ??
അല്ല!!
തണുത്തിട്ടാണോ??
അതുമല്ല!!
അപ്പോള്‍ പിന്നെ ഇന്ത്യക്ക് വല്ലാതെ ദേഷ്യം വന്ന വല്ല സംഭവവും ഉണ്ടായോ??
ഹേയ്, ഇല്ല!!
പിന്നെ എന്തിനു ഇന്ത്യ വിറച്ചു??
ടെന്‍ഷന്‍ കയറി പത്രം നോക്കിയ എന്നോട് സ്വ.ലേ പറയുകയാണ്,
ഇന്ത്യക്ക് പനി പിടിച്ചു പോലും..
ആകെ കുളിരു കോരി പോലും..
മൊത്തത്തില്‍ തണുത്ത് വിറച്ച് പോലും..
ശരിയാ..
പത്രക്കാരെ കുറ്റം പറയേണ്ടാ,
പലവിധത്തിലുള്ള പനികള്‍ ഇന്ത്യയെ ബാധിച്ച് തുടങ്ങി..
എലിപനി, കൊതുകുപനി, കോഴിപനി, പക്ഷിപനി, പന്നിപനി..
കാലത്തിന്റെ പോക്ക് ഇങ്ങനാണേല്‍ ഇനിയും വരും..
ഈച്ചപനി, മുതലപനി, ആനപനി..
കഷ്ടം!!
ഇപ്പോള്‍ പന്നിപനിയാ ലേറ്റസ്റ്റ്.
പന്നിയില്‍ നിന്നാണത്രേ പന്നിപനി ഉണ്ടായത്..
അപ്പോള്‍ മലമ്പനിയോ??
ആവോ, ആര്‍ക്കറിയാം!!
പന്നിപനിയെ പറ്റി ഒരു വിധപ്പെട്ട കാര്യങ്ങള്‍ നന്നായി വിശദീകരിച്ച് തന്നെ ആ പത്രത്തില്‍ എഴുതിയിരിക്കുന്നു.എന്തിനു ഏറെ പറയുന്നു, പന്നിപനി ഇന്ത്യയില്‍ വന്നതിന്റെ പടം വരെ വരച്ച് വച്ചിരിക്കുന്നു..
നാല് പടങ്ങളിലൂടെയാണ് അവര്‍ ഇത് വിശദീകരിച്ചത്..
1. അമേരിക്കയിലുള്ള ഒരു പന്നി തുമ്മുന്ന പടം
2. ആ പന്നിയെ നോക്കുന്ന ഇന്ത്യക്കാരന് തുമ്മുന്ന പടം
3. അയാള്‍ അമേരിക്കയില്‍ നിന്നും വിമാനത്തില്‍ കയറുന്ന പടം
4. ആ വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുന്ന പടം
അതേ, ഇന്ത്യയില്‍ പന്നിപനി എത്തിയിരിക്കുന്നു..
അങ്ങനെ ഇന്ത്യ വിറക്കുന്നു!!
മാത്രമല്ല, ഈ പന്നിപനിക്ക് ഒരു മലയാളി ബന്ധം ഉണ്ട് പോലും.ഇടുക്കിയിലെ വണ്ടന്‍ മേട്ടിലുള്ള കോര എന്ന പന്നിവളര്ത്തല്കാരന്റെ കൂട്ടില്‍ നിന്നും, ആറ് വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയ, 'മൂസ' എന്ന പന്നിയുടെ സന്തതി പരമ്പരകളില്‍ അവസാനത്തെ പന്നിക്കാണ് ആദ്യം പന്നിപ്പനി ഉണ്ടായത് എന്ന് ഈ പത്രം വിശദീകരിച്ചിട്ടുണ്ട്..
കഷ്ടം!!
ഞാന്‍ ഈ ന്യൂസ്സ് വായിച്ച ദിവസം എന്റെ പിറന്നാളയിരുന്നു..
തിരക്കുള്ള സ്ഥലങ്ങളില്‍ പോയാല്‍ പന്നിപനി പകരും എന്ന അറിയിപ്പ് ആ പത്രത്തില്‍ ഉണ്ടായിരുന്നിട്ട് കൂടി, ഞാനും വൈഫും കൂടി 'പുതിയ മുഖം' എന്ന സിനിമ കാണാന്‍ പോയി.ചെന്നപ്പോള്‍ നൂണ് ഷോ കഴിഞ്ഞതേയുള്ളു.ഇറങ്ങി വരുന്ന കൂട്ടത്തില്‍ ഒരു പരിചയ മുഖം, ശാരി.എന്റെ സഹപ്രവര്‍ത്തക.
ഒന്ന് മുട്ടിയേക്കാം, പിന്നെ പടം എങ്ങെനെയുണ്ടെന്ന് അറിയുകയും ചെയ്യാമല്ലോ?
പൃഥിരാജിന്റെ കറകളഞ്ഞ ഫാനായ ശാരിയോട് ഞാന്‍ ചോദിച്ചു:
"ഹായ് ശാരി, പടം എങ്ങനെയുണ്ട്?"
പെട്ടിയിലിരുന്നു പൊട്ടേണ്ട പടങ്ങള്‍ വരെ നല്ലതാണെന്ന് പറഞ്ഞ് പരിചയമുള്ള അവള് പ്രതികരിച്ചു:
"കൊള്ളരുത്"
അത് കേട്ടതും എന്റെ നെഞ്ചൊന്ന് പിടച്ചു!!
പന്നിപനി പോലും വക വയ്ക്കാതെ വന്നതാ..
എന്നിട്ട് പടം കൊള്ളരുതെന്നോ??
നല്ലൊരു പിറന്നാള്‍ വെള്ളത്തിലായോ??
മനസില്‍ തികട്ടി വന്ന വിഷമം കടിച്ചമര്‍ത്തി ഞാന്‍ അവളോട് ചോദിച്ചു:
"എന്തേ, നല്ല കഥയല്ലേ?"
തകര്‍ന്നു നില്ക്കുന്ന എന്നേ നോക്കി സങ്കടത്തോടെ അവള് പറഞ്ഞു:
"കഥയൊക്കെയുണ്ട്, പക്ഷേ പൃഥിരാജിനു മീശയില്ല"
പോടി പുല്ലേ!!
സിനിമ തുടങ്ങി..
അതില്‍ ഒരു ചോദ്യമുണ്ട്..
ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിന്ന് താനൊരു മൃദംഗം വായനക്കാരനാണെന്ന് പറയുമ്പോള്‍, അതേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി, പൃഥിരാജിനോട് ചോദിക്കുന്ന ചോദ്യം..
"ഒന്ന് മോക്ക് ചെയ്യാമോ?"
അതായത് ശരിയായ മൃദംഗം ഇല്ല, എന്നാലും ഫേക്ക് ആയി മൃദംഗം കൊട്ടുന്നത് കാണിക്കാമോ എന്ന് സാരം.അത് കേട്ട് നായകന് ഡസ്ക്കില്‍ കൊട്ടി കാണിക്കുന്നു.
പുതിയ മുഖം എന്ന സിനിമയില്‍ പൃഥിരാജ് ഇങ്ങനെ മോക്ക് ചെയ്ത് കാണിച്ചപ്പോള്‍, എന്റെ മനസ്സിന്റെ കോണില്‍ ഒരു പഴയ മുഖം എന്നെ നാക്ക് നീട്ടി കാണിച്ചു..
അത് അവളായിരുന്നു..
ത്രയംബക!!
എഞ്ചിനിയറിം കോളേജിലെ ഹരമായിരുന്നു ഈ കഥാനായിക..
പാലക്കാട്ടെ ഒരു അഗ്രഹാരത്തില്‍ നിന്നും വന്നവള്‍..
പാട്ട് പാടാനും നൃത്തം ചെയ്യാനും ഒരേ പോലെ കഴിവുള്ളവള്..
യുവകോമളന്മാരുടെ സ്വപ്ന നായിക അവളായിരുന്നു..
കോളേജ് മൊത്തം അവുളുടെ പിന്നാലെ ആയിരുന്നിട്ട് കൂടി, ഒരിക്കല്‍ പോലും എനിക്ക് അവളോട് പ്രേമം ഉണ്ടായിരുന്നില്ല.എന്നാല്‍ കാലക്രമേണ ഞാന്‍ അവളെ സ്നേഹിച്ചു..
അതിനു കാരണം എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഷമീറായിരുന്നു..
എനിക്കു ചേര്‍ന്ന പെണ്ണാണ് ത്രയംബക എന്ന അവന്റെ വാക്കുകളിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞാന്‍ ആ സാഹസത്തിനു തയ്യാറായി.എന്ത് വില കൊടുത്തും ത്രയംബകയെ കൊണ്ട് 'ഐ ലൌ യൂ' പറയിക്കണം..
പക്ഷേ എങ്ങനെ??
അതിനു ഷമീര്‍ ഒരു വഴി പറഞ്ഞു തന്നു..
ഒരു മുടിഞ്ഞ വഴി!!
സംഭവം സിംപിള്‍..
വയലിന് വായിക്കുന്നവരെ ത്രയംബകക്ക് ഇഷ്ടമാണ്, അതിനാല്‍ വയലിന് വായിക്കും എന്നറിഞ്ഞാല്‍ അവള് പ്രേമിക്കും.
ശരി, വയലിനെങ്കില് വയലിന്.
ഒരിക്കല്‍ ക്ലാസ്സിലെ സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ ഒരു അവസരം കിട്ടിയപ്പോല്‍ ഞാന്‍ വച്ച് കാച്ചി:
"വയലിന് എന്റെ ജീവനാഡിയും പരമനാഡിയുമാണ്."
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്!!
എന്ന് വച്ചാല്‍??
"എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ ത്രയംബകയെ നോക്കി.അവളുടെ മുഖത്ത് അത് വരെ കാണാത്ത ഒരു ഭാവം.അവള് പതുക്കെ എഴുന്നേറ്റു, എന്നിട്ടൊരു ചോദ്യം:
"ഒന്ന് മോക്ക് ചെയ്യാമോ?"
ടിഷ്യം!!
ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി പോയി..
ആസനത്തില്‍ അമ്പ് കൊണ്ട പ്രതീതി!!
കര്‍ത്താവേ, ഇനി എന്തോ ചെയ്യും??
സ്മോക്ക് ചെയ്യാനാണെങ്കില്‍ എളുപ്പമാ, ഇത് മോക്ക് ചെയ്യാനാ..
അതും ജീവിതത്തില്‍ വയലിന് കണ്ടിട്ടില്ലാത്ത ഞാന്‍, വയലിന് വായിക്കുന്നത് മോക്ക് ചെയ്യണം പോലും..
എങ്ങനെ??
ഞാന്‍ പതുക്കെ ഷമീറിനെ നോക്കി..
ആത്മാര്‍ത്ഥ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഷമീര്‍ എന്റെ അടുത്തേക്ക് ഓടി വന്നു,
എന്നിട്ട് തകര്‍ന്ന് നില്ക്കുന്ന എന്നോടൊരു ചോദ്യം:
"മനുവേ, നീയിനി എന്തോ ചെയ്യും?"
ബെസ്റ്റ്!!
വെറുതെ ഇരുന്ന എന്നോട് പ്രേമിക്കാന്‍ പറഞ്ഞത് അവന്..
ത്രയംബകക്ക് വയലിന് ഇഷ്ടമാണെന്ന് പറഞ്ഞതും അവന്..
എന്നോട് വയലിന് അറിയാം എന്ന് പറയാന്‍ പറഞ്ഞതും അവന്..
എന്നിട്ട് ഡാഷ് മോന് ചോദിച്ചത് കേട്ടില്ലേ..
ഞാനിനി എന്തോ ചെയ്യുമെന്ന്??
എന്റെ കണ്ണില്‍ ഇരുട്ട് കയറി!!
താഴെ വിഴാതെ ഇരിക്കാന്‍ ഭിത്തിയില്‍ അള്ളി പിടിച്ച് നില്ക്കുന്ന എന്നെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ഷമീര്‍ അവളോട് ചോദിച്ചു:
"വയലിന് എങ്ങനെ മോക്ക് ചെയ്യും?"
അത് കേട്ടതും അവള് ബാഗില്‍ നിന്നും ഒരു സാധനം എടുത്ത് എന്റെ നേരെ നീട്ടി..
കന്യാകുമാരിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനം..
ചിരട്ടയും കമ്പും ഉപയോഗിച്ചുള്ള ഒരു ഉപകരണം..
വയലിന് പോലെ തന്നെ..
വയലിനില്‍ കുറേ കമ്പികളുണ്ടങ്കില് ഇതില്‍ ഒരു കമ്പിയെ ഉള്ളു..
ചിരട്ട വയലിനും, അത് വായിക്കാനുള്ള കമ്പും തന്നിട്ട് അവള് പറഞ്ഞു:
"മനു സരിഗമ ഒന്ന് വായിച്ചേ"
സ-രി-ഗ-മ..
മൊത്തം നാല് അക്ഷരം!!
അവള് തന്ന വയലിനില്‍ ആകെ ഒരു കമ്പി!!
എന്തോ ചെയ്യും?
നാല് അക്ഷരം വായിക്കാന്‍ നാല് കമ്പി വേണ്ടേ??
ചിരട്ടക്ക് മേലെയുള്ള കമ്പി ഏത് അക്ഷരത്തിന്റെയാ??
ആകെ കണ്ഫ്യൂഷന്!!
ഒടുവില്‍ ഞാന്‍ തുറന്ന് ചോദിച്ചു:
"ഇത് ഒരു കമ്പിയല്ലേ ഉള്ളു, സരിഗമക്ക് നാല് കമ്പി വേണ്ടേ?"
എന്റെ ചോദ്യത്തില്‍ പകച്ച് പോയ ത്രയംബക, ഒന്നും മിണ്ടാതെ ആ വയലിനും വാങ്ങി തിരികെ നടന്നു.
പാവം..
സരിഗമക്ക് നാല് കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം എന്ന എന്റെ ലോജിക്ക് മനസിലായിക്കാണില്ല..
അവള്‍ക്ക് എന്റെയത്ര വിവരമില്ലല്ലോ!!
സിനിമ തീര്‍ന്നപ്പോള്‍ വാമഭാഗം ചോദിച്ചു:
"മോക്ക് ചെയ്യുക എന്നത് ഒരു കലയാണോ?"
അല്ല മോളെ, അല്ല..
മോക്ക് ചെയ്യുക എന്നത് ഒരു കൊലയാ.
അനുഭവം ഗുരു!!