ഒരു പാതിരാത്രി..
നിര്‍ത്താതെ ചിലക്കുന്ന കോളിംഗ് ബെല്ലിനെ ശപിച്ചു കൊണ്ട് കതക് തുറന്നു.
സുന്ദരനായ ഒരു യുവാവ്, ടിപ്പ് ടോപ്പ് വേഷം.റോമിയോ സ്റ്റൈലും റോഡിന്‍റെ നിറവും.
പുള്ളിക്കാരന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു..
ആഹാ, എത്ര മനോഹരം..
കാക്ക തേങ്ങാ പൂള് കൊത്തി കൊണ്ട് പോന്ന പോലെ തന്നെ!!
"ആരാ?"
"ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
"എന്ത് വേണം?"
"സീരിയസ്സായി കുറച്ച് കാര്യം സംസാരിക്കണം"
ശത്രുവിനു നേരെ വാതില്‍ കൊട്ടിയടക്കുന്നതിലും അപകടമാണ് ഒരു ബുദ്ധിജീവി എന്ന് കരുതുന്ന വ്യക്തിക്ക് നേരെ വാതിലടക്കുന്നതെന്ന പൊതു സത്യം മനസിലോര്‍ത്ത്, ആ മുതു പാതിരാത്രിക്ക് അയാളുമായി ഞാന്‍ സംസാരിച്ചു.അയാളുടെ ആവശ്യങ്ങളും എന്‍റെ മനസിലെ സംശയങ്ങളും ഒരു ലേഖനമായി ഞാന്‍ ഇവിടെ കുറിക്കട്ടെ..
ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്നതാണ് അദ്ദേഹത്തിന്‍റെ പരാതി.അദ്ദേഹത്തെ പോലെയുള്ള ബുദ്ധി ജീവികളെല്ലാം ഇപ്പോള്‍ അത് പറഞ്ഞ് കരയുകയാണത്രേ, കഷ്ടം.എന്ത് രീതിയിലാണ് ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല.ഒന്നൂടെ നിര്‍ബന്ധിച്ച് ചോദിച്ചാല്‍ ഒരു കാരണം നര്‍മ്മമാണത്രേ!!
ഏതൊരു മനുഷ്യനിലും ഒരു കുട്ടിയുണ്ടെന്നാണ് പറയുന്നത്, കുട്ടിക്കാലം പലവിധ രസങ്ങളും നിറഞ്ഞതാണ്.ഒരുപക്ഷേ ഈ ചിന്തയാവാം നര്‍മ്മമാണ് ബ്ലോഗിന്‍റെ ശൈശവ അവസ്ഥക്ക് പിന്നില്‍ എന്ന് പറയാന്‍.
ഇത് ആണോ കാരണം??
ആവോ, എനിക്കറിയില്ല!!
ആ ബുദ്ധിജീവിയുടെ ചിന്താഗതി ഏകദേശം ഇപ്രകാരമാണെന്ന് തോന്നുന്നു..
ഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്‍റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
"ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
ഇതാണോ ഈ ബുദ്ധിജീവിക്ക് വേണ്ടത്??
ആവോ, എനിക്കറിയില്ല!!
ഇനി ചില ബുദ്ധിജീവികളില്‍ കണ്ട് വരുന്ന ഒരു പ്രശ്നമുണ്ട്, ആരെങ്കിലും നര്‍മ്മത്തില്‍ ചാലിച്ച് രണ്ട് കഥ അടുപ്പിച്ച് എഴുതിയാല്‍ ഇവര്‍ തല പൊക്കും.പിന്നീട് ഉപദേശങ്ങളുടെ ഘോഷയാത്രയായി..
ഇനി നര്‍മ്മം എഴുതരുത്, എഴുത്തിനെ സീരിയസ്സയി കാണണം, എഴുത്തില്‍ അസ്പുഷ്ടം വേണം, വായിക്കുമ്പോള്‍ ശിരോഉക്തി വേണം, ഇമ്മാതിരി കുറേ വാചകങ്ങള്‍!!
നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ, നന്നായി കവിത എഴുതുന്ന ഒരു വ്യക്തിയോടെ 'ഇനി കവിത എഴുതരുത്, നിങ്ങളൊരു കവി ആയി പോകും.അതിനാല്‍ ഇന്ന് മുതല്‍ കഥാപ്രസംഗം എഴുതു' എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും??
പോട്ടെ, നമ്മുടെ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ അടുത്ത്, 'നായകനാകാന്‍ നിങ്ങള്‍ മിടുക്കനാ, ഇനി നായിക ആവ്' എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും??
എന്തിനു, മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാളോട്, 'ഇനി മീന്‍ വില്‍ക്കേണ്ട, പോയി തെങ്ങേ കേറ്' എന്ന് പറഞ്ഞാലോ??
അയ്യേ, മ്ലേച്ചം.
ഒരു സംശയം, ഇതാണോ ബുദ്ധിജീവിയുടെ ലക്ഷണം??
ആവോ, എനിക്കറിയില്ല!!
ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ് വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്‍റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.
ഇനി മനസില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടേ, ബ്ലോഗ് ശൈശവത്തിലാണെന്ന് തോന്നുന്നെങ്കില്‍ അതിനു കാരണം ഒരിക്കലും നര്‍മ്മമല്ല.മറ്റ് ഏതൊരു വിഭാഗത്തെയും പോലെ നര്‍മ്മവും നല്ലൊരു മേഖലയാണ്.നാല് കഥ നര്‍മ്മത്തില്‍ എഴുതുന്ന ഒരു വ്യക്തിയും ആ ചട്ടക്കൂടില്‍ ഒതുങ്ങി പോകില്ല.എഴുതുന്ന ആള്‍ക്ക് താല്‍പര്യമുള്ള കാലത്തോളം അതില്‍ തുടരും എന്നേ ഉള്ളു.പിന്നെ ഏതൊരു മേഖലയും പോലെ ഇതില്‍ വിജയിക്കുന്ന സമയവും കാണും, അതേ പോലെ പരാജയപ്പെടുന്ന സമയവും കാണും.അതിനു ബ്ലോഗ് എന്ന മാധ്യമവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് പ്രതികരിക്കുന്നതല്ലാതെ, ഇതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആരും പ്രതികരിച്ച് കണ്ടില്ല.പാതിരാത്രി വന്ന ബുദ്ധിജീവിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ആധൂനികവത്കരണം വേണമത്രേ!!
എന്താണ് ആധൂനികവത്കരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്??
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അമ്മാനമാടുന്നതോ, അതോ എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരേ പോലെ മനസിലാകാതെ ഇരിക്കുന്നതോ??
കവിതയും കഥകളും ആധൂനികവത്കരിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..
ഉദാഹരണത്തിനു ഒരു കവിത..
"അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ്‌കേ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂട് കണ്ണീര്‍"
ഈ വരികള്‍ ഒന്നു ആധൂനിക വത്കരിക്കട്ടെ..
"കണ്ണിലെ അഗ്നികള്‍ അമ്മതന്‍ വേദന
മണ്ണിലെ മാമ്പഴം ഉണ്ണിതന്‍ ഓര്‍മ്മകള്‍"
എന്ത് മനസിലായി??
ഇങ്ങനെ കവിത എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
ഇനി ഒരു ഗദ്യം..
"കര്‍ക്കടകം കഴിഞ്ഞു, ചിങ്ങം വന്നു.ഓണമായി പൊന്നോണമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി"
ഒന്ന് ആധൂനികവത്കരിക്കട്ടെ..
"കഠോരകര്‍ക്കടകത്തിന്‍റെ മൃഗീയ കരങ്ങളില്‍ നിന്നും മോചനം.അങ്ങകലെ ചിങ്ങ പുലരിയുടെ പൊന്‍വെട്ടം.കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറഞ്ഞ കോരനെ ഞെട്ടിക്കും വിധത്തില്‍ പൊന്നോണത്തിന്‍റെ കതിരവന്‍ ഉദിക്കുന്നു.പാതളത്തില്‍ നിന്ന് നിഷ്ക്രമിച്ച മാവേലി മന്നനു ഉത്കൃഷ്ട ഉദാത്ത സ്വീകരണത്തിനു കേരളം മാതൃക"
ഇങ്ങനെ എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
ഇത്രയും വിശദീകരിച്ച് കഴിഞ്ഞ് ഞാന്‍ പാതിരാത്രിയിലെ ആ സന്ദര്‍ശകനോട് പറഞ്ഞു:
"പ്രിയപ്പെട്ട ബുദ്ധിജീവി, മറുപടി ആഗ്രഹിക്കുന്നു.മനസിലെ സംശയത്തിന്‍റെ അഹോരകരങ്ങളെ വ്യക്ത മറുപടിയുടെ ചൂട് നിശ്വാസങ്ങളാല്‍ ഒന്ന് ധന്യമാക്കു..
മഴകാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുന്നു.."
പക്ഷേ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല!!
എന്താണ് കാരണം??
ആവോ, എനിക്കറിയില്ല!!
ഇങ്ങനെയെല്ലാം എഴുതിയ സ്ഥിതിക്ക് എന്‍റെ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്ന വിലാപങ്ങള്‍ക്ക് കാരണം ഒരിക്കലും എഴുത്തുകാരല്ല.കവിത, ലേഖനം, നര്‍മ്മം, അങ്ങനെ എന്തുമായികൊള്ളട്ടെ, എഴുത്തുകാരന്‍ അവന്‍റെ സൃഷ്ടി കര്‍മ്മം നടത്തുന്നു.'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന് പറയുന്ന പോലെ, ഏതൊരു എഴുത്തുകാരനും തങ്ങളുടെ രചനകള്‍ പ്രിയപ്പെട്ടതാണ്.അതിനെ കുറിച്ച് നല്ല നല്ല അഭിപ്രായങ്ങളും, പോസിറ്റീവായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നതില്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുകയില്ല.ഇനി മറ്റ് മാധ്യമങ്ങളുടെ വിജയം എന്നത്, അതിനു സാധാരണ ജനങ്ങളിലേക്ക് വരെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നു എന്നതാണ്.ഇവിടെയാണ് ബ്ലോഗിന്‍റെ പരിമതി, കമ്പൂട്ടര്‍ വിജ്ഞാനവും ഇന്‍റെര്‍നെറ്റ് പരിജ്ഞാനവുമുള്ള ഏതൊരാള്‍ക്കും ബ്ലോഗ് ഒരു മരീചിക അല്ല.എന്നാല്‍ ഇവയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ജനതയില്‍ കൂടി ബ്ലോഗിനെ കുറിച്ചുള്ള അറിവ് എത്തിച്ചാലേ നമ്മള്‍ ഉദ്ദേശിക്കുന്ന റിസള്‍ട്ട് ലഭിക്കുകയുള്ളന്നാണ് എനിക്ക് തോന്നുന്നത്.പരസ്പരം പഴിചാരാതെ അതിനായി നമുക്ക് ശ്രമിക്കം, ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ജനകീയമാക്കാനായി.അങ്ങനെയായാല്‍ അഭിമാനത്തോടെ നമുക്ക് പറയാം, ബ്ലോഗ് ശൈശവ അവസ്ഥയിലുള്ള മാധ്യമമല്ല, വളര്‍ന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണെന്ന്.അതിനായി മുന്നിട്ട് ഇറങ്ങാന്‍ ഒരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്.നമുക്കായി, ബ്ലോഗിനായി, ഈ ബൂലോകത്തിനായി, എല്ലാവരും ശ്രമിക്കുക, പ്ലീസ്സ്!!
വാല്‍ക്കഷ്ണം:
ഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച ബുദ്ധി ജീവിക്ക ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്‍റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.
1 comment:
2009 നവമ്പര്‍ 19 നു നമ്മുടെ ബൂലോകം എന്ന പത്രത്തിനു വേണ്ടി എഴുതിയ പോസ്റ്റ്.ആ പത്രത്തിലെ പോസ്റ്റും കമന്‍റുകളും ഇതാ ഇവിടെ...
നര്‍മ്മം എന്ന മര്‍മ്മം
Post a Comment