ഒരു മുഖവുര..
അമ്പലത്തിലെ പറയെടുപ്പ് മഹോത്സവുമായി ബന്ധപ്പെട്ട്, പലപ്പോഴായി സംഭവിച്ച കുറേ സംഭവങ്ങള്‍, ഒരു സാങ്കല്‍പ്പിക കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുക എന്ന് മാത്രമാണ് എന്റെ ഉദ്ദേശം.ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ കഥ, പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നര്‍മ്മ കഥ അല്ല, പകരം ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴഞ്ചൊല്ലിന്റെ ഉത്തമ ഉദാഹരണമാണ്.പറയ്ക്ക് എഴുന്നെള്ളിപ്പുമായി ബന്ധമുള്ള ഒരു പാട്ടിലെ, രണ്ട് വരികളില്‍ കൂടി കഥ ആരംഭിക്കുന്നു..
"....പഞ്ചവാദ്യം കേട്ട് നാടുണര്‍ന്നു, ശംഖ്നാദം കേട്ട് വീടുണര്‍ന്നു
ഒരോ മനസിലും അമ്മയെഴുന്നെള്ളി, ഓംകാരരൂപിണി എഴുന്നെള്ളി...."
പഞ്ചവാദ്യത്തിന്റെയും, ശംഖ്നാദത്തിന്റെയും അകമ്പടിയോടെ ഞങ്ങളുടെ ഗ്രാമത്തിന്റെ അമ്മയായ ഭദ്രാദേവി, മക്കളെ കാണാനും അനുഗ്രഹിക്കാനും ഒരോ ഭവനത്തിലും വരുന്നു എന്ന സങ്കല്‍പ്പമാണ് പറയ്ക്ക് എഴുന്നെള്ളിപ്പ് മഹോത്സവം.മുന്നിലും പിന്നിലുമായി നില്ക്കുന്ന തിരുമേനിമാരുടെ തോളിലിരിക്കുന്ന ജീവതയില്‍ കുടി കൊള്ളുന്ന അമ്മ, ഒരോ വീട്ടില്‍ എത്തുമ്പോഴും ആ വീട്ടിലെ അംഗങ്ങള്‍ ഭക്തിയോടെ അമ്മയെ സ്വീകരിക്കുന്നു.
തുടര്‍ന്ന് മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ ഒരു പീഠമിട്ട്, അവിടെ ദേവിയെ ഇരുത്തിയ ശേഷം, മുന്നില്‍ വക്കുന്ന വലിയ പറയിലേക്ക് നെല്ലോ, അരിയോ അളന്നിട്ടാണ് ദേവിക്ക് പറ നല്‍കുന്നത്.ഇതിന്റെ തുടര്‍ച്ചയായി അമ്മക്ക് നേദിക്കുക, കര്‍പ്പൂരം ഉഴിയുക തുടങ്ങിയ ചടങ്ങുകളും കാണും.അങ്ങനെ പറ തളിച്ച്, പ്രസാദം നല്കി അമ്മ അടുത്ത വീട്ടിലേക്ക് യാത്രയാകുന്നു.മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ചയാണ് പറയ്ക്കെഴുന്നെള്ളിപ്പ് ആരംഭിക്കുന്നത്, അന്ന് തെക്കേക്കര, അടുത്ത ദിവസം വടക്കേക്കര, പിറ്റേന്ന് കിഴക്കേക്കര, തിങ്കളാഴ്ച പടിഞ്ഞാറേക്കര, അങ്ങനെ പറക്കെടുപ്പ് മഹോത്സവം പൂര്‍ത്തിയാകും.
എന്റെ കുട്ടിക്കാലം മുതലേ പറയ്ക്ക് എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ ഞാന്‍ നാട്ടിലുണ്ടാവുക പതിവാണ്.അതിനു പിന്നില്‍, അമ്മ വീട്ടില്‍ വരുമ്പോള്‍ പറ കൊടുക്കണം എന്ന ഉദ്ദേശം മാത്രമല്ല ഉള്ളത്, അത് കൂടാതെ അമ്മ പറയെടുക്കാന്‍ പോകുന്ന വീടുകളില്‍ അമ്മയോടൊപ്പം പോണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു.
നാല് ദിവസം അമ്മയോടൊത്ത്!!
ഇപ്പോ നിങ്ങള്‍ കരുതും ഞാനൊരു വലിയ ഭക്തനാണെന്ന്...
സത്യം, ഞാനൊരു ഭക്തനാ!!
എന്നാല്‍ ഭക്തി മാത്രമാണോ ഇതിനു കാരണം??
അല്ലേ, അല്ല!!
പിന്നെയോ??
അത് പറയാം..
ഒരോ കാലഘട്ടത്തിലെ, ഒരോ കാരണങ്ങള്‍..
ഒരു പതിനഞ്ച് വയസ്സ് വരെ അന്‍പൊലി വീട്ടില്‍ നിന്നും ലഭിക്കുന്ന കാപ്പി, ഊണ്, അവല്, മലര്, പഴം, പായസം തുടങ്ങിയ പ്രസാദങ്ങള്‍ എനിക്ക് പിന്തുണ നല്കി.തുടര്‍ന്ന് ഇരുപത്തിയഞ്ച് വയസ്സ് വരെ, നളിനി, മീനാക്ഷി, ലീല, പ്രവീണ എന്നിങ്ങനെയുള്ള ഗോപികമാരുടെ വീടിന്റെ മുന്നി ചെന്ന്, ഞാനൊറ്റ ഒരുത്തനാ ഈ പറ ഇവിടെ വരാന്‍ കാരണം എന്ന മട്ടില്‍ നിന്ന്, അവരുടെ കടാക്ഷം ഏറ്റ് വാങ്ങി സായൂജ്യമടയുന്നത് എനിക്ക് പിന്തുണയായി.ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞതോടെ, ഒരു കാവി കൈലിയും ഉടുത്ത്, ഷര്‍ട്ടിനു മുകളില്‍ ഒരു തോര്‍ത്തുമിട്ട്, ഒന്നു മുറുക്കി ചുവപ്പിച്ച്, മംഗലശ്ശേരില്‍ നീലകണ്ഠന് കളിക്കാന്‍ പറ്റിയ ദിവസങ്ങള്‍ പറയ്ക്കെഴുന്നെള്ളിപ്പാണെന്ന അറിവ് എനിക്ക് പിന്തുണയായി.
എന്തായാലും നാട്ടുകാര്‍ വെട്ടിത്തുറന്ന് പ്രഖ്യാപിച്ചു:
"മനു കറ കളഞ്ഞ ഭക്തനാ"
ഹും, അവരോട് ദേവി ചോദിച്ചോളും!!
മേല്‍ സൂചിപ്പിച്ചത് പഴയ കഥ.
എന്നാല്‍ ഇന്ന് എന്നോട് പറയ്ക്ക് കൂടെ പോകാന്‍ എന്തെങ്കിലും കാരണമുണ്ടോന്ന് ചോദിച്ചാ, ഇല്ലെന്നേ എനിക്ക് മറുപടിയുള്ളു.ഇങ്ങനെ ഒരു മറുപടി നല്കാന് ഹേതുവായത് ഈ വര്‍ഷത്തെ പറയെടുപ്പ് മഹോത്സവമായിരുന്നു.മംഗലശ്ശേരി നിലകണ്ഠനില്‍ നിന്ന്, മനം നിറഞ്ഞ ഭക്തിയിലേക്കുള്ള എന്റെ കൂടുമാറ്റം മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ചയായിരുന്നു, ശരിക്കും പറഞ്ഞാ തെക്കേക്കരയുടെ പറയുടെ അന്ന്.അത് വിശദീകരിക്കാന്‍ നിങ്ങളെ ഞാന്‍ മകരത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് ക്ഷണിക്കുകയാണ്, ബാംഗ്ലൂര്‍ നഗരത്തിലെ സോഫ്റ്റ്വെയര് എഞ്ചിനിയറായ എന്റെ ജീവിതത്തിലേക്ക്..
സ്ഥലം ബാംഗ്ലൂരിലെ ഓഫീസ്സ് മുറി, അഭിനയിക്കുന്നത് ഞാനും ബോസ്സും.
എനിക്ക് പറയ്ക്ക് പോകാന്‍ ലീവ് ലഭിച്ചേ മതിയാകു, ഞാന്‍ പതിയെ ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു:
"സാര്‍, ഈ വെള്ളിയും അടുത്ത തിങ്കളും ഞാന്‍ ഓഫീസില്‍ വരില്ല"
ബോസ്സ് തല പൊക്കി ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"അപ്പോ വ്യാഴാഴ്ച പോയാല്‍ ചൊവ്വാഴ്ചയെ വരൂന്ന് സാരം.അല്ലേ?"
"അതേ സാര്‍, അതാണ് സാരം"
"ആട്ടെ, ഈ പ്രാവശ്യം എന്താണാവോ കാരണം?"
"പറ"
"ഹേയ്, ഞാനെങ്ങനെ അറിയാനാ, താന്‍ പറ"
ദേ കിടക്കണ്!!!
ഇയാള്‍ ഏത് കോത്താഴത്ത്കാരനാണോ ആവോ??
തികട്ടി വന്ന ചീത്ത ചവച്ചിറക്കി ചിരിയോടെ മൊഴിഞ്ഞു:
"സാര്‍, ആ പറയല്ല, അമ്പലത്തിലെ പറ, പറയ്ക്ക് എഴുന്നെള്ളിപ്പ്"
ഓ എന്ന്.
എനിവേ, ലീവ് ഓക്കെ.
തുടര്‍ന്ന് വോള്‍വോയില്‍ നാട്ടിലേക്ക്.അടുത്ത സീറ്റില്‍ ഇരിക്കുന്ന ആളെ ഞാന്‍ വെറുതെ ഒന്ന് നോക്കി..
വട്ടമുഖം, കട്ടിമീശ, നെറ്റിയില്‍ മൂന്ന് കുറി, നടുക്കൊരു സിന്ദൂരം, ചെവിയില്‍ ഒരു പൂവ്, മൊത്തത്തില്‍ ഒരു അമ്പലവാസി ലുക്ക്!!
തുടര്‍ന്ന് കണ്ണാടിയെടുത്ത് എന്റെ മുഖമൊന്ന് നോക്കി..
വട്ടമുഖം, കട്ടിമീശ, നെറ്റിയില്‍ ഒരു കുറി, നടുക്കൊരു സിന്ദൂരം, ചെവിയില്‍ പൂവില്ല, മൊത്തത്തില്‍ ഒരു ദരിദ്രവാസി ലുക്ക്!!
എന്തായാലും അമ്പലവാസിയോടൊന്ന് മുട്ടാന്‍ ഞാന്‍ തീരുമാനിച്ചു:
"ഭക്തനാ?"
"അല്ല, സുകുമാരനാ"
ഛേ, വേണ്ടായിരുന്നു!!!
എന്നാല്‍ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ കഥ മാറി...
എന്നെക്കാള്‍ വലിയ ഭക്തനാണെന്ന് അങ്ങേര് പ്രസ്താവിച്ചു.ഞാന്‍ എന്തോ പറഞ്ഞാലും ഇച്ഛിരി കൂട്ടി പറയുന്നത് അദ്ദേഹം ശീലമാക്കി.അങ്ങനെ ഞാന്‍ അമ്പലവാസിയും അദ്ദേഹം ദരിദ്രവാസിയുമായി മാറി!!
അദ്ദേഹം തന്റെ വിവരങ്ങള്‍ വിളമ്പിക്കൊണ്ടിരുന്നു:
"...ഭക്തി മനസ്സില്‍ നിന്നാണ് വരേണ്ടത്, അങ്ങനെയുള്ളവനാണ് ഭക്തന്.നിങ്ങളൊന്നും ഭക്തരല്ല, നിങ്ങള്‍ കാപട്യത്തിന്റെ മുഖംമൂടികളാണ്....."
ബസ്സിനുള്ളിലിരിക്കുന്നവരുടെ ശ്രദ്ധയിപ്പോ എന്റെ നേരെ.
എന്റെ കര്‍ത്താവേ, ഈ സഹയാത്രികനെ മേലോട്ടെടുക്കേണമേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് തലവഴി പുതപ്പിട്ട് മൂടി.ബസ്സ് പതിയെ കായംകുളത്തേക്ക്..
കായംകുളത്ത് ഇറങ്ങിയപ്പോള്‍ ദരിദ്രവാസി എന്നോട് ചോദിച്ചു:
"എന്തേ ഈ പ്രാവശ്യം നാട്ടില്‍ വന്നത്?"
"അമ്പലത്തിലേക്ക് പറ കൊടുക്കാന്‍"
അത് കേട്ടതും അങ്ങേര് അതും സ്വല്പം കൂട്ടി പറഞ്ഞു:
"ഞാന്‍ പറ മാത്രമല്ല, നാഴിയും, ചങ്ങഴിയും കൊടുക്കാറുണ്ട്"
വൃത്തികെട്ടവന്!!!
തിരിച്ച് ബസ്സില്‍ കയറി അങ്ങേരുടെ കരണത്തൊന്ന് പൊട്ടിച്ചാലോന്ന് ആലോചിച്ചിരിക്കെ ബസ്സ് സ്റ്റാന്‍ഡ് വിട്ട് പോയി.
ഭക്തന്റെ ഭാഗ്യം!!
വീട്ടില്‍ ചെന്നപ്പോ വീട്ടുകാര്‍ ഹാപ്പിയായി.കാവിയുടുത്ത് കളത്തിലിറങ്ങിയപ്പോ നാട്ടുകാരുടെ വക കമന്റ്സ്സ്, എല്ലാത്തിനും ചിരിച്ച് കൊണ്ട് മനസ്സില്‍ മറുപടിയും...
ആദ്യം വാസന്തി..
"ചെണ്ടേ കോല് വീണാ മതി, അപ്പം വരും"
എന്തോന്ന്??
പിന്നെ ജനാര്ദ്ദനന്..
"അമ്പലത്തി രണ്ട് വിളക്ക് കൂടുതല്‍ കത്തിച്ചാ അന്നേരം ഇവിടെ കാണും"
കാണാനല്ലേ കത്തിക്കുന്നത്!!
വിശ്വനാഥന്റെ വക സപ്പോര്‍ട്ട്..
"എത്ര കളിയാക്കിയാലും ചിരിച്ചോണ്ടിരിക്കും"
അത് നിന്റെ തന്ത!!
പറയ്ക്കെഴുന്നെള്ളിപ്പ് ആരംഭിക്കുകയായി..
താളത്തിനൊത്ത് തോളില്‍ ചുമന്ന ജീവത കളിപ്പിക്കുന്ന തിരുമേനിമാര്, ആദ്യം അമ്പലത്തിനു ചുറ്റും ഒരു പ്രദക്ഷിണം, ഇനി അമ്പലത്തിനു മുന്നില്‍ ചുവടുകള്‍..
താളം മുറുകുന്നു..
എല്ലാവരും ഭക്തിയില്‍ എല്ലാം മറക്കുന്നു!!!
"ദേവീ, കാത്തു കൊള്ളേണമേ"
'''ഠോ ഠോ ഠോ ഠോ ഠോ ഠൊ ഠോ.....'''''
തൃശൂര്‍പ്പൂരത്തെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ട്.
ഓര്‍ക്കാപ്പുറത്ത് ആ ശബ്ദം കേട്ടപ്പോ ഞെട്ടിപ്പോയി.നാട്ടുകാരാരും അനങ്ങുന്നില്ല, എല്ലാവരും ഞെട്ടിയെന്ന് ഉറപ്പ്.ചെവിയിലൊക്കെ ഒരു മൂടാപ്പ് പോലെ.അടുത്ത് നിന്ന ഒരു അമ്മുമ്മ എന്നോട് പതിയെ ചോദിച്ചു:
"എന്താ മോനെ, അവിടൊരു പൊക?"
എന്റെ ദേവി.
ഇവരാണോ വെടിവെച്ചാ പൊകയെന്താന്ന് ചോദിക്കുന്ന തള്ള??
പാവം, ഒരു പക്ഷേ ചെവി കേള്‍ക്കില്ലായിരിക്കും!!
ഉറക്കെ മറുപടി കൊടുത്തു:
"അമ്മുമ്മേ, അത് വെടി വച്ചതാ!!!"
എല്ലാം മനസിലായ പോലെ അവര്‍ തല കുലുക്കി.പതുക്കെ നടന്ന് നീങ്ങുന്ന അവരുടെ ആത്മഗതം ഞാന്‍ വ്യക്തമായി കേട്ടു:
"എന്തേലും ചോദിച്ചാ ചുണ്ടനക്കി കാണിക്കും, ഇവനൊക്കെ വാ തുറന്ന് പറഞ്ഞാലെന്താ, അശ്രീകരം"
എന്നെയാണോ??
തള്ളക്ക് ചെവി കേള്‍ക്കാത്തതിനു ഞാനെന്നാ വേണം??
ഒന്നും ചോദിച്ചില്ല, തലകുനിച്ച് നിന്നു.
ആദ്യം കൈനീട്ടപ്പറ..
"എടാ നീ വരുന്നില്ലേ?" ഒരു കൊച്ച് പയ്യന് വെറൊരുത്തനോട് ചോദിക്കുന്നു.
"ഇല്ലെടാ, നീ പൊയ്ക്കോ"
"വാടാ, കാപ്പിയൊണ്ട്"
"ഹോ, എനിക്കൊന്നും വേണ്ടാ"
"എടാ നിന്റെ ക്ലാസിലെ ശാലിനി അവിടൊണ്ട്"
"ആണോ, എന്നാ ഞാനും വരുന്നു"
ഭഗവതി!!!
ഞാനൊക്കെ എത്ര ഭേദം??
പതിനഞ്ച് വയസ്സ് വരെ കാപ്പിയെ കുറിച്ച് മാത്രം ചിന്തിച്ച കുട്ടിക്കാലത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അറിയാതെ അഭിമാനിച്ചു.
കൈനീട്ട പറയെ തുടര്‍ന്ന് തെക്കേക്കരയിലെ പറ ആരംഭിച്ചു.എന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും പറയെടുത്ത് നീങ്ങവേ, റോഡിലൂടെ പ്രാഞ്ചി പ്രാഞ്ചി വരുന്ന ഒരു വല്യമ്മ.
വരവ് കണ്ടാലറിയാം, കണ്ണ് കാണില്ല.
"മോനേ വഞ്ചി കണ്ടോ?"
റോഡിലോ?? വഞ്ചിയോ??
കണ്ണ് കാണാത്തവരോടുള്ള സഹതാപം തല പൊക്കി, വഞ്ചി കാണാത്ത കാരണം ഞാന്‍ വിശദമാക്കി:
"അമ്മേ ഇത് റോഡാ, വഞ്ചി കാണണേല് കടലില്‍ പോണം"
"ഫ്ഭ! ചൂലേ, കാണിക്ക വഞ്ചി കണ്ടോന്നാ ചോദിച്ചത്"
ശെടാ, അതാരുന്നോ!!!
പറയുടെ പിന്നില്‍ നിന്നാ ഇമ്മാതിരി പണി കിട്ടുമെന്ന് മനസിലായപ്പോ മുന്നില്‍ കയറി.തുടര്‍ന്ന് പറയെടുക്കേണ്ട വീടുകള്‍ ചൂണ്ടി കാണിക്കുന്നതായി ജോലി.ഞാനെവിടാ നില്‍ക്കുന്നതെന്ന് വച്ചാ നേരെ അങ്ങോട്ട് വരിക, അതായിരുന്നു മേളക്കാര്‍ക്കുള്ള ഉപദേശം.
അതും പാരയായി..
ഒരു വീട്ടില്‍ പറയെടുക്കാന്‍ കയറിയപ്പോ അതി ഭയങ്കരമായ മൂത്രശങ്ക.വീടിനു പിന്നിലുള്ള വയലിനു അപ്പുറത്തെ തെങ്ങി തോപ്പിലേക്ക് ഓടി.ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പൊ ദേ മേളക്കാര് ചെണ്ടേം കൊട്ടി വയല്‍ വഴി എന്റെ അടുത്തേക്ക് വരുന്നു.
"വരല്ലേടാ മക്കളേ, വരല്ലേ"
ആര് കേള്‍ക്കാന്‍??
ഒടുവില്‍ കാള പെടുക്കുന്ന പൊലെ പെടുത്ത് കൊണ്ട് ഓടി!!
അതോടെ ആ പണി ഉപേക്ഷിച്ചു.
അതിനു ശേഷം തിരുമേനിമാര്ക്ക് ഒപ്പം കൂടി.ഒരോ വീട്ടിലും പറയെടുത്ത് കഴിയുമ്പോ കൊടുക്കാനുള്ള പ്രസാദം, അതായത് വാഴയില വിത്ത് ചന്ദനം ആന്‍ഡ് സിന്ദൂരം എന്റെ കൈയില്‍ ഒരു കവറിലാക്കി അവര്‍ നല്കി.ഒരോ മണിക്കൂര്‍ ഇടവിട്ട് ഇതില്‍ നിന്നും ഒരു ഇരുപത് പ്രസാദം എടുത്ത് കൊടുക്കണം, വെരി സിംപിള്‍ പണി.കൂട്ടത്തില്‍ ദേവസ്വത്തിന്റെ രണ്ട് രസീത് കുറ്റി കൈയ്യില്‍ സൂക്ഷിക്കാനുള്ള ജോലിയും!!
സമയം സന്ധ്യയായി..
അപ്പോഴാണ് ശശിയണ്ണന് ബൈക്കുമായി വന്നത്, എന്റെ അടുത്ത് എത്തിയട്ട് ഓന് പറഞ്ഞു:
"ബാ, കേറ്, കൊട്ടാരം വരെ പോയിട്ട് വരാം"
"എന്തിനാ?"
"കാര്യമുണ്ട്"
വീടിനു ഒരു അഞ്ച് കിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം കൊട്ടാരം.ബൈക്കില്‍ ഹൈവേ വഴി നൂത്ത് പിടിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തിരികെ വരാം.രസീത് കുറ്റിയാണേലും, പ്രസാദമാണേലും ഉടനെ ആവശ്യം വരില്ല.അതിനാല്‍ ഞാന്‍ ബൈക്കില്‍ കയറി..
ബൈക്ക് കായംകുളം ടൌണ്‍ വഴി ഹൈവേയിലേക്ക്..
തുടര്‍ന്ന് നേരെ ബാറിലേക്ക്!!
ഇതെന്താ ഇവിടെ??
വിരണ്ട് പോയ ഞാന്‍ പെട്ടന്ന് ചോദിച്ചു:
"ഇതാണോ കൊട്ടാരം?"
"അതേ, പേര് കണ്ടില്ലേ, ഹൈവേ പാലസ്സ്"
ഭഗവതി!!!
പറയെടുപ്പിനിടയില്‍ കള്ള് കുടിക്കാനോ??
"എനിക്കൊന്നും വേണ്ടാ, ഞാനില്ല" എന്റെ സ്വരം ദയനീയമായിരുന്നു.
അമ്പരന്ന് നിന്ന എന്നെ വെളിയില്‍ നിര്‍ത്തി അണ്ണന് അകത്തേക്ക്, അരമണിക്കൂര്‍ കഴിഞ്ഞപ്പോ മകുടി ഊതുമ്പോ പാമ്പ് വരുന്ന പോലെ പുറത്തേക്ക്..
"ബൈക്ക് എഴറ്റ്ടാ.."
കുരിശായല്ലോ മാതാവേ!!
കൈയ്യില്‍ പ്രസാദവും, പുറത്ത് പാമ്പുമായി ബൈക്കില്‍ ബാറിനു വെളിയിലേക്ക്..
റോഡിലോട്ട് വണ്ടി കയറുകയും പോലീസ്സ് കൈ കാണിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു.ബാറില്‍ നിന്നും കുടിച്ചിട്ട് ബൈക്ക് ഓടിക്കുന്നവരെ കൈയ്യോടെ പിടിക്കാനുള്ള പോലീസിന്റെ ബുദ്ധിപരമായ നീക്കം.
"ഊതടാ"
ഊതി, മണമില്ല!!
എന്റെ വായീന്ന് പോയ വായുവിനു പിറകെ പോലീസുകാരന് മൂക്കുമായി ഓടി, ഇല്ല മണമില്ല!!
പോലീസുകാരനു സംശയമായി, അയാളൊരു കുഴല്‍ കൊണ്ട് വന്നു, എന്നിട്ട് പറഞ്ഞു:
"ഇങ്ങോട്ട് ഊതടാ"
ഊതി, സൌണ്ടില്ല!!
ബാറീന്ന് ബൈക്ക് ഓടിച്ച് വരുന്നവന്റെ വായില്‍ മണമില്ലാത്തതും, കുഴലില്‍ സൌണ്ടില്ലാത്തതും ആദ്യമായാണെന്ന് തോന്നുന്നു, പോലീസുകാരനു ആകെ അങ്കലാപ്പ്!!
അങ്ങേരെന്നെ സൂക്ഷിച്ചൊന്ന് നോക്കി..
കാവി കൈലി, ഷര്‍ട്ടിനു മുകളിലിട്ടിരിക്കുന്ന കാവി തോര്‍ത്ത്, നെറ്റിയില്‍ കുറി, കൈയിലെ പ്ലാസ്റ്റിക്ക് കവറില്‍ ഒരോ വീട്ടില്‍ കൊടുക്കേണ്ട പ്രസാദം തയ്യാറാക്കാന്‍ തിരുമേനിമാര് സൂക്ഷിക്കുന്ന ചന്ദനവും, സിന്ദൂരവും, ചീന്ത് ഇലയും.
ആകെ ഒരു അമ്പലവാസി ലുക്ക്!!
"എന്താടാ ഈ വേഷത്തില്‍?"
"അമ്പലത്തിലെ പറയ്ക്കെഴുന്നെള്ളിപ്പിനു ഇറങ്ങിയതാ"
"ഈ ബാറിലോ?"
ങ്ങേ!!!
അങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
രംഗം വഷളാകുന്ന കണ്ടപ്പോ എന്റെ പുറത്ത് കിടന്ന പാമ്പ് ഇടപെട്ടു:
"സാഴേ, എന്റെ പേരു ശശി, കൊറ്റാരത്തീന്ന് വരുവാ"
അത് കേട്ടതും പഴയ സലീംകുമാറിന്റെ ഡയലോഗ് മനസില്‍ വന്നു..
തിരുവിതാം കൂറിലെ മഹാരാജാവാ, പേര് ശശി!!!
ദേവി, കാക്കണേ!!
"അവന്മാരെ ഇങ്ങോട്ട് വിട്"
എസ്സ്.ഐയുടെ ആജ്ഞ.
വിനയത്തോടെ ഞാനും, ഇഴഞ്ഞിഴഞ്ഞ് ശശിയണ്ണനും അങ്ങേരുടെ മുന്നില്‍ ഹാജര്‍.
എന്താടാ പ്രശ്നം?"
"സാര്‍, ഒരു പറ എടുപ്പ് കേസ്സാ" ഞാന്‍ വിനയത്തിന്റെ വോളിയം കൂട്ടി.
"എന്ത് പറ?"
"അമ്പലത്തിലെ പറയാണ് സാര്‍"
"നിനക്ക് അമ്പലത്തിലെ പറ തന്നെ എടുക്കണോടാ?" സാറിന്റെ ഗര്‍ജ്ജനം.
എന്നിലെ വിനയം പോയി, ശക്തി പോയി, ധൈര്യം പോയി, കൂടെ വേറെ എന്തൊക്കെയോ പോയി...
എന്റെ ഭഗവതി, പരീക്ഷിക്കരുതേ!!
"എന്നതാടാ കവറില്‍?"
"പ്രസാദമാ"
"കള്ള് കുപ്പിക്ക് നീ പ്രസാദമെന്നാണോടാ പറയുന്നത്?"
ഈ ചോദ്യത്തോടെ കവര്‍ തട്ടി പറിച്ച എസ്സ്.ഐ അതിനുള്ളില്‍ ചന്ദനവും വാഴയിലയും കണ്ട് ഞെട്ടി.അയാള്‍ ദയനീയമായി ചോദിച്ചു:
"നീയാരാടാ?"
അതിനു മറുപടി പാമ്പിന്റെ വകയായിരുന്നു:
"സാഴേ, എന്റെ പേരു ശശി, കൊറ്റാരത്തീന്ന് വരുവാ"
ടപ്പോ!!!!!
ഒരു നിമിഷം..
പാമ്പ് നിലത്ത് കിടക്കുന്നു, എസ്സ്.ഐ കൈ കുടയുന്നു..
സത്യത്തില്‍ എന്താ സംഭവിച്ചത്??
ആര്‍ക്കറിയാം!!
അങ്ങനെ ആകെ ഞെട്ടി നിന്ന സമയത്താണ് ഫോണ്‍ ബെല്ലടിച്ചത്, എടുത്ത് നോക്കി..
ദേവസ്വം ബോര്‍ഡിന്റെ രസീത് എഴുതുന്ന രതീഷണ്ണന്!!
പുതിയ രസീത് കുറ്റിക്ക് വേണ്ടിയുള്ള വിളിയാണെന്ന് മനസിലായി ഫോണെടുക്കാന്‍ പോയപ്പോ എസ്സ്.ഐയുടെ ആജ്ഞ:
"ഫോണ്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് സംസാരിച്ചാ മതി"
ശരി, ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തു.
"മനു, നീ എവിടാ?"
"കായംകുളത്താ"
"ഒരു കുറ്റിയുമായി നീ കറക്കം തുടങ്ങിയട്ട് മണിക്കൂറൊന്നായി, എന്ത് കേസ്സ് കെട്ടായാലും ഒഴിവാക്കി വാടേ"
അമ്മേ!!!!
എസ്സ്.ഐയുടെ കണ്ണിലെ സംശയം എനിക്ക് വ്യക്തമായി മനസിലായി.കുറ്റിയെന്നും, കേസ്സ് കെട്ടെന്നും കേട്ട് അങ്ങേര് എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുന്നു.പാമ്പിനെ പോലെ ഭൂമി നമസ്ക്കാരത്തിനു എനിക്കും യോഗമായെന്ന് മനസ്സ് പറഞ്ഞപ്പോ, അറിയാതെ കൈ എസ്സ്.ഐയുടെ കൈയിലെ കവറിലേക്ക് ചൂണ്ടി പറഞ്ഞു:
"ആ രസീത് കുറ്റിയുടെ കാര്യാ"
ഇപ്പോ എസ്സ്.ഐയ്ക്ക് എന്നില്‍ ചെറിയ വിശ്വാസം വന്ന പോലെ, ഭാഗ്യം!!
അങ്ങനെ കാല് പിടിച്ചും, കരഞ്ഞ് പറഞ്ഞും സത്യം ബോധിപ്പിച്ച് ഞാന്‍ തടിയൂരി.വരുന്ന വരവിനു ഒന്ന് തീരുമാനിച്ചു, ഇനി എന്ത് പ്രശ്നമുണ്ടായാലും പറയ്ക്ക് ഭക്തിയോടെ പങ്കെടുക്കു.അത് ഞാന്‍ പാലിക്കുകയും ചെയ്തു, വടക്കേ കരക്കും, കിഴക്കേ കരക്കും, പടിഞ്ഞാറേ കരക്കും ഭക്തിയോടെ ഞാന്‍ പങ്കെടുത്തു.ഒടുവില്‍ തിരിച്ച് വരും മുമ്പേ മനമറിഞ്ഞ് പ്രാര്‍ത്ഥിച്ചു:
"അമ്മേ, തെറ്റുകള്‍ ക്ഷമിക്കണേ"
തുടര്‍ന്ന് തിരിച്ച് ബാംഗ്ലൂരിലേക്ക്...
ഇപ്പോഴും ചെവിയില്‍ ചെണ്ടമേളത്തിന്റെ ശബ്ദം, മനസ്സില്‍ ആര്‍പ്പുവിളിയും!!
ഇനിയും നാട്ടില്‍ പോകണം, അടുത്ത ഉത്സവത്തിനു..
പത്താമുദയ മഹോത്സവത്തിനു..
"അമ്മേ, തവ പദ കമലങ്ങളിലിതാ..
അശരണനാം എന്‍ ആത്മവിലാപങ്ങള്‍.."
കാത്തിരുപ്പ് തുടരുന്നു..