വാര്‍ഷിക പോസ്റ്റ്...

ഇതൊരു കഥയല്ല.
കുറേ സത്യങ്ങള്‍, പലപ്പോഴും ലോകത്തോട് വിളിച്ച് കൂവണമെന്ന് ആഗ്രഹിച്ച പരമാര്‍ത്ഥങ്ങള്‍.ഈ വാര്‍ഷിക പോസ്റ്റില്‍ അത് ഞാന്‍ വെളിപ്പെടുത്തുകയാണ്.
ആദ്യം ഒരു ചോദ്യം.
ആരാണ് മനു? ഞാനാണോ?
അല്ല, അല്ല, അല്ല...
സത്യമായും ആ മഹാപാപി ഞാനല്ല!!
പിന്നെയോ?
കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ഈ ബ്ലോഗിലെ നായകനു ഞാന്‍ ഇട്ട പേരാണ് മനു.ഇതിലെ കഥകള്‍ ഭൂരിഭാഗവും ഈ മനു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്.എന്റെ അടുത്ത ബന്ധുക്കള്‍ പോലും സംശയത്തോടെ എന്നോട് ചോദിച്ചു, നിനക്ക് മനു എന്നൊരു പേരുണ്ടോന്ന്...
ഇല്ല സുഹൃത്തുക്കളെ, മനു ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്.
ഈ കഥാപാത്രത്തിനു എങ്ങനെ മനു എന്ന പേരു കിട്ടി?
അതിനു മറുപടി അറിയേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി ആദ്യ വാര്‍ഷിക പോസ്റ്റ് വായിക്കുക..
ഇത്യാദി മനുനാമപുരാണം
ശരി, മനു ഒരു കഥാപാത്രം, അപ്പോള്‍ നീ ആരാണ്?
ഞാനോ, അത് പറയാം.
ഇത് ഒരു കഥയാണ്..
എന്റെ കുട്ടിക്കാലത്തിന്റെ കഥ...
ആരും വിശ്വസിക്കാത്ത ഒരു അത്ഭുത കഥ...
ഒരു പാവം പയ്യന്റെ ആക്രാന്തത്തിന്റെ കഥ...
ഞാന്‍..
1980 ജൂലൈ മാസത്തില്‍ അമ്മയുടെ വയറു കീറി പുറത്ത് വന്ന അത്ഭുതജീവി.വയറ്റില്‍ നിന്ന് വന്നതിനാല്‍ ഉദരജീവി എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.അതിനാല്‍ തന്നെ ആഹാരം എനിക്കൊരു വീക്ക്നെസ്സ് (അഥവാ ആക്രാന്തം) ആയിരുന്നു.
പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു...
എന്റെ ഉദരം വളര്‍ന്നു, കൂടെ ഞാനും!!
കോഴിയാണ് ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള വസ്തു എന്ന് വിശ്വസിച്ചിരുന്ന ആ കാലഘട്ടത്തില്‍ അയല്‍ വീട്ടിലെ കോഴികള്‍ അപ്രത്യക്ഷരായി തുടങ്ങി.ഉലക്കക്കടിച്ച് ഞാന്‍ കൊന്ന കോഴികളെ ചാക്കിലാക്കി നാട്ടിലെ പോക്കിരി ചേട്ടന്മാരെ ഏല്‍പ്പിക്കും, അവരത് കറിയാക്കി കള്ളിന്റെ കൂടെ കഴിച്ചിട്ട് ഒരു പാത്രത്തില്‍ സ്വല്പം ചാറ് എനിക്ക് മാറ്റി വയ്ക്കും.
"ചാറ് മാത്രമേ ഉള്ളോ?" എന്റെ വിഷാദം കലര്‍ന്ന ചോദ്യം.
അതിനു മറുപടി ഒരു പാട്ടാണ്..
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
അതെനിക്ക് പുതിയ അറിവായിരുന്നു, ഉലക്ക വീണു ചത്ത കോഴിയുടെ കഷണം കൂട്ടരുത് പോലും.ഞാന്‍ വരുന്നതിനു മുന്നേ ചേട്ടന്മാര് കഷണം കൂട്ടി, ചാറ് മാത്രം തന്ന് എന്നെ പറ്റിക്കുന്നതാണെന്ന് എനിക്ക് അറിയില്ലാരുന്നു.
പാവം ഞാന്‍!!!
എത്രയൊക്കെ ആയാലും ഞാനൊരു ആണ്കുട്ടിയല്ലേ??
എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍??
ആ പ്രാവശ്യം ഞാന്‍ ഉലക്ക ഉപയോഗിക്കാതെ കോഴിയെ കൊന്നു!!!
എന്നിട്ടും കഴിക്കാന്‍ ചെന്നപ്പോള്‍ ചാറ് മാത്രം!!
"കഷണം എന്തിയെ?"
ഉത്തരം പഴയ പല്ലവി...
അതേ പാട്ട്...
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
എനിക്കങ്ങ് ചിരി വന്നു, പാവം ചേട്ടന്മാര്, ഈ കോഴിയേയും ഞാന്‍ ഉലക്കക്ക് അടിച്ച് കൊന്നെന്ന് വിശ്വസിച്ചിരിക്കുന്നു.അത് തിരുത്താന്‍ ഞാന്‍ തയ്യാറായി...
"അയ്യോ ചേട്ടന്മാരെ ഇത് ഉലക്ക വീണ് ചത്ത കോഴി അല്ല"
"പിന്നെ???"
"ഞാന്‍ എലിവെഷം കൊടുത്ത് കൊന്നതാ"
എന്റമ്മച്ചിയേ!!!
ആരൊക്കെയോ അലറി വിളിക്കുന്ന സ്വരം.
എന്നാ പറ്റി?
അമ്പരന്ന് നിന്ന എന്നെ തള്ളി മാറ്റി അവര്‍ ഓടി.കായംകുളത്തെ ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിലെത്തിയാണ് ആ നാല്‍വര്‍ സംഘം ഫുള്‍സ്റ്റോപ്പിട്ടത്.ഡോക്ടര്‍ പരിശോധിച്ചു, ശരിയാ എലിവെഷം വയറ്റിലുണ്ട്.ഇനി ഒരു വഴി മാത്രം...
എനിമ!!!
അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു.ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!!
വിവരം നാട് അറിഞ്ഞു..
കേട്ടവര്‍ കേട്ടവര്‍ ആശുപത്രിയില്‍ തടിച്ച് കൂടി.കോഴിയെ എലിവെഷം കൊടുത്ത് കൊന്നിട്ട് കറി വെച്ച് കൂട്ടിയ മണ്ടന്മാരെ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു.അവര്‍ ആര്‍ത്ത് വിളിച്ചു..
"കോഴിക്കള്ളന്‍, കോഴിക്കള്ളന്‍"
പാവം ചേട്ടന്മാര്!!
മനസാ വാചാ അറിയാത്ത തെറ്റിനു ശിക്ഷിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അവര്‍ സത്യം പറഞ്ഞു:
"ഞങ്ങളല്ല കോഴിയെ കട്ടത്"
പിന്നെ???
"അത് ഇവനാ"
നാല് വിരലുകള്‍ എന്റെ നേരെ!!
ഞാന്‍ നൈസ് ആയി കൈ ഒഴിഞ്ഞു:
"കോഴിയോ?? അതൊരു കിളിയല്ലേ?"
കോഴി ഒരു കിളിയാണെന്നും, പറന്ന് നടക്കുന്ന അതിനെ പിടിക്കാന്‍ എനിക്ക് പറക്കാന്‍ അറിയില്ലെന്നുമുള്ള എന്റെ വാദം കേട്ട് ചേട്ടന്മാരുടെ കണ്ണ് തള്ളി.നിഷ്കളങ്കമായ എന്റെ പ്രകടനം കണ്ട് നാട്ടുകാര്‍ വിധി എഴുതി:
"ഇവന് പയ്യനല്ലേ, പാവം"
അത് കേട്ട് പല്ല് കടിച്ച ചേട്ടന്മാരെ നോക്കി ഞാനും പാടി..
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
ഹാലിളകിയ ചേട്ടന്മാര് അലറി പറഞ്ഞു:
"നിനക്ക് ഞങ്ങള്‍ വച്ചിട്ടുണ്ടടാ"
വേണ്ടാ, അതൂടെ നിങ്ങള്‍ തിന്നോ!!!
നാട്ടുകാര്‍ മൊത്തം എന്റെ വാക്ക് വിശ്വസിച്ചു, എന്നാല്‍ തടം എടുത്ത വാഴക്ക് സമീപം എലിവെഷം വയ്ക്കാന്‍ തട്ടിന്‍പുറത്ത് തപ്പിയ അച്ഛനോട് അത് കോഴി തിന്നു എന്ന് ഞാന്‍ പറഞ്ഞതോടെ അച്ഛന് എല്ലാം മനസിലായി.നാല് ചേട്ടന്മാരെ കൊലപാതകികള്‍ ആക്കേണ്ടാന്ന് കരുതിയാകണം, അച്ഛന് എനിക്ക് ട്രാന്‍സ്ഫര്‍ തന്നു...
അത് മറ്റൊരു ഗ്രാമത്തിലേക്കായിരുന്നു..
എന്റെ അമ്മയുടെ നാടായ കൃഷ്ണപുരത്തേക്ക്!!
എന്റെ കോഴിഭ്രാന്ത് അറിഞ്ഞാകണം, അവിടെ എനിക്ക് നല്ല സ്വീകരണമായിരുന്നു..
രാവിലെ അപ്പവും കോഴിക്കറിയും, ഉച്ചക്ക് ചോറും കോഴി തോരനും, വൈകിട്ട് ചപ്പാത്തിയും കോഴി പൊരിച്ചതും..
ആഹാ, കുശാല്‍!!!
ലോകത്തിലെ സകലമാന കോഴികളും, അവയുടെ ഫാമിലിയും, കുഞ്ഞു കുട്ടി പരാധീനതകളും എന്നെ പ്രാകി തുടങ്ങി എന്ന് തോന്നുന്നു, താമസിയാതെ കോഴിയെ ഞാന്‍ വെറുത്തു.
എന്റെ ഉദരം മറ്റ് ആഹാരങ്ങള്‍ തേടി..
അങ്ങനെയാണ് ബീഫ് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.അമ്മയുടെ നാട്ടിലെ സുഹൃത്തായ വാവച്ചനാണ് എനിക്ക് ബീഫിനെ കുറിച്ച് ഒരു ചെറു വിവരണം തന്നത്.പശു, പോത്ത്, എരുമ, കാള തുടങ്ങി സിംഹം വരെയുള്ള നാല്കാലികള് ബീഫ് എന്ന ഇനത്തില്‍ വരുമെന്നാണ് അവന്റെ കണ്ടെത്തല്‍.ബീഫ് കവറിലാക്കി അവനെ ഏല്‍പ്പിച്ചാല്‍ കറി വച്ച് തരാമെന്ന് അതിയാന് ഉറപ്പ് നല്കി.അങ്ങനെ ഞാന്‍ ബീഫ് വേട്ടക്ക് ഇറങ്ങി.
എന്റെ ടാര്‍ജറ്റ് വസന്തന്റെ വീട്ടിലെ വരിയുടച്ച കാളയായിരുന്നു!!
ഉലക്ക വച്ച് തല്ലി കൊല്ലുക, ആരും കാണാതെ തട്ടിന് പുറത്ത് ഒളിപ്പിക്കുക, ദിവസവും കുറേശ്ശേ കവറിലാക്കി വാവച്ചനെ ഏല്‍പ്പിക്കുക, കറി വച്ച് കഴിക്കുക..
വളരെ ബുദ്ധിപരമായ ആശയം..
എ കംപ്ലീറ്റ് മാസ്റ്റര്‍പ്ലാന്‍!!
യശോദേട്ടന്റെ മകളുടെ കല്യാണത്തിനു വീട്ടുകാരും നാട്ടുകാരും പോയ ഒരു നട്ടുച്ച വേളയില്‍ ഞാന്‍ ഉലക്കയുമായി ഇറങ്ങി.ആരും കാണാതെ വേലി ചാടി വസന്തന്റെ പറമ്പിലെത്തി.അവിടെ തെങ്ങിന് ചോട്ടില് പാതി മയക്കത്തില്‍ കഥാ നായകന്..
വസന്തന്റെ കറുത്ത കാള!!
സകലദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് ഉലക്ക എടുത്ത് അതിന്റെ തലക്കടിച്ചു..
വിചാരിച്ച പോലെ കാള ചത്തില്ല..
ഒരു കോഴിയല്ല കാള എന്ന സത്യം ആ നിമിഷം എനിക്ക് മനസിലായി!!
വെറുതെ കിടന്ന ആ കാള മുക്രയിട്ട് ചാടി എഴുന്നേറ്റ് കഴുത്ത് വെട്ടിച്ചതും അതിനെ കെട്ടിയിട്ട കയര്‍ അഴിഞ്ഞതും ഒരേ നിമിഷമായിരുന്നു.'സോറി കാളേ, ഗീവ് മീ വണ്‍ മോര് ചാന്‍സ്' എന്ന് പറഞ്ഞെങ്കിലും, ആ കാളക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ജീവനും കൊണ്ട് ഓടി, കാള അതിന്റെ വഴിക്കും ഓടി.അന്ന് വൈകിട്ട് വസന്തന് വീട്ടില്‍ വന്ന് 'പറമ്പില്‍ കെട്ടി ഇട്ടിരുന്ന ഞങ്ങളുടെ കാളയെ കണ്ടോന്ന്' ചോദിച്ചപ്പോള്‍ 'വസന്തന്റെ വീട്ടില്‍ കാള ഉണ്ടായിരുന്നോന്ന്' തിരികെ ചോദിച്ച് ഞാന്‍ തലയൂരി, ഹല്ല പിന്നെ!!
എന്നാല്‍ പിന്നീട് അമ്മുമ്മ സത്യം മനസിലാക്കി, അന്ന് അമ്മുമ്മ പറഞ്ഞു:
"മോന് ബീഫ് വേണേല്‍ ഇവിടുത്തെ പശൂനെ കൊന്നായാലും ഞാന്‍ ഉണ്ടാക്കി തരുമായിരുന്നല്ലോ?"
ഉവ്വോ???
അതെനിക്ക് അറിയില്ലാരുന്നു!!
ഒട്ടും സമയം കളഞ്ഞില്ല, നേരെ അടുക്കളയില്‍ ചെന്ന് വാക്കത്തി എടുത്തോണ്ട് എരുത്തിലിലെത്തി, പശുവിന്റെ കഴുത്ത് ലാക്കാക്കി വാക്കത്തി വീശി..
ഓപ്പറേഷന് സക്സസ്സ്..
പശു മര് ഗയാ!!
"എടാ നാശംപിടിച്ചവനേ, നീ ആ മിണ്ടാപ്രാണിയെ കൊന്നോ?" അമ്മുമ്മയുടെ ചോദ്യം.
യെസ്സ്, ഐ ഡണ്‍ ഇറ്റ്!!
ദിവസവും പതിനെട്ട് ലിറ്റര്‍ പാല് തരുന്ന പശുവിനെ ഞാന്‍ വെട്ടി കൊന്നെന്ന് കേട്ടപ്പോള്‍ അമ്മാവനു സന്തോഷമായി.ധരിച്ചിരുന്ന വേഷത്തില്‍ തന്നെ എന്നെ ഒരു കൂട്ടിലാക്കി പഴയ നാട്ടിലെത്തിച്ചു, വീടിന്റെ ഉത്തരത്തില്‍ കൂട് തൂക്കിയിട്ട് അച്ഛനോട് പറഞ്ഞു:
"ഇവനെ ആ ഏരിയയില്‍ കണ്ടാല്‍ കാല് ഞാന്‍ തല്ലി ഒടിക്കും"
എന്റെ തിരിച്ച് വരവ് ഏകദേശം ഇങ്ങനെ ആയിരിക്കുമെന്ന് അച്ഛന് പ്രതീക്ഷിച്ചിരുന്നെന്ന് തോന്നുന്നു, അതിനാല്‍ അമ്മാവനു പ്രത്യേകിച്ച് ഒരു ക്ലാരിഫിക്കേഷന് കൊടുക്കേണ്ട ആവശ്യം വന്നില്ല.' എന്ത് പറ്റി അളിയാ' എന്ന് അച്ഛന് ചോദിച്ചതുമില്ല.
പക്ഷേ അമ്മ എന്നോട് ചോദിച്ചു:
"എന്ത് പറ്റി മോനേ?"
എന്നിലെ നിഷ്കളങ്കന് തലപൊക്കി:
"അറിയില്ല അമ്മേ, ഞാന്‍ വെറുതെ വാക്കത്തിയുമായി നിന്നപ്പോള്‍ പശു വന്ന് കഴുത്ത് മുറിച്ചു, അതിനാ.."
അമ്മക്ക് എല്ലാം മനസിലായി...
പിന്നെ ആരും ഒന്നും ചോദിച്ചില്ല!!
ഇനി മനുഭാവപുരാണം..
മേല്‍ സൂചിപ്പിച്ച കഥ വെറും സാങ്കല്‍പ്പികമാണ്, അത് എനിക്കും അറിയാം, എന്നെ പോലെ വായിക്കുന്ന സ്നേഹിതര്‍ക്കും അറിയാം.ഇങ്ങനൊരു കഥ എന്റെ പേരില്‍ എഴുതിയാല്‍ വായിക്കുന്നവര്‍ വണ്ടി കൂലി മുടക്കി വീട്ടില്‍ വന്ന് തല്ലും, തീര്‍ച്ച.ഇവിടെയാണ് 'മനു' എന്ന കഥാപാത്രം എന്നെ സഹായിച്ചത്, എന്ത് പൊട്ടത്തരവും മനുവിന്റെ പേരില്‍ എഴുതാം, എന്നിട്ട് നൈസ് ആയി കൈ ഒഴിയാം...
"അത് ഞാനല്ലല്ലോ? മനുവല്ലേ?"
സ്വന്തം ഭാര്യയെ കുറിച്ച് കുറ്റം പറയാതെ മനുവിന്റെ ഭാര്യയെ കുറിച്ച് എഴുതാം, എന്നിട്ട് കെട്ടിയോള് ചോദിക്കുമ്പോള്‍ പറയാം:
"ഹേയ്, ഇത് മോളല്ല, ഗായത്രിയാ"
എ ഗ്രേറ്റ് എസ്ക്കേപ്പ്!!
മനു എന്ന കഥാപാത്രത്തിന്റെ ഭാവവും രീതിയും ഇങ്ങനെ രക്ഷപെടാന്‍ എന്നെ സഹായിക്കുന്നു, അന്നും ഇന്നും എന്നും.
ഇത്യാദിമനുഭാവപുരാണം സമാപ്തം.
വായില്‍ തോന്നുന്നത് കോതക്ക് പാട്ട്!!
ഇനി ഞാന്‍ എങ്ങനെ ബ്ലോഗറായി?
2008 ജൂണില്‍, അതായത് രണ്ട് വര്‍ഷം മുന്നേ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിന് പുറത്ത് ഞാനൊരു കടുംകൈ ചെയ്തു, ഒരു ബ്ലോഗ് തുടങ്ങി..
ഒരു ഇംഗ്ലീഷ് ബ്ലോഗ്!!!
അന്നു തന്നെ അതില്‍ ആദ്യ പോസ്റ്റും ഇട്ടു...
ഇംഗ്ലീഷില്‍ അത്യാവശ്യം കിടു ആയ സന്ദീപ് ആ ബ്ലോഗ് വായിച്ചു, എന്നിട്ട് ചോദിച്ചു:
"ഇതെന്തുവാ?"
എഴുതി വച്ച ഐഡിയ മലയാളത്തില്‍ പറഞ്ഞു കൊടുത്തു.മൊത്തം കേട്ടപ്പോള്‍ അവന് വീണ്ടും ചോദിച്ചു:
"അതാണോ നീ ഇംഗീഷില്‍ എഴുതിയത്?"
അതേ, വായിച്ചട്ട് മനസിലായില്ലേ??
ഇല്ലളിയാ, ഇല്ല!!
അങ്ങനെ ആ ബ്ലോഗ് അന്ന് തന്നെ മലയാളത്തിലാക്കി, ഇംഗ്ലീഷുകാര്‍ക്ക് ഭാഗ്യമില്ലാതായി പോയി.അന്ന് ആ ബ്ലോഗിനു ഇംഗ്ലീഷിലിട്ട പേര് ഞാന്‍ മലയാളത്തിലാക്കി..
കായംകുളം സൂപ്പര്‍ഫാസ്റ്റ്!!
അതില്‍ ആദ്യം മൂന്ന് പോസ്റ്റിട്ടു, തുടര്‍ന്ന് ബാംഗ്ലൂരിലെ മിക്ക ബ്രൌസിംഗ് സെന്ററിലും കയറി ഹോം പേജ് ഇതാക്കി.പ്രൊഫൈല്‍ ഫോട്ടോ വയ്ക്കാത്ത എന്റെ ബ്ലോഗ് വായിച്ച് ബ്രൌസിംഗ് സെന്ററിലിരുന്ന് ഞാന്‍ തന്നെ വെറുതെ പൊട്ടിച്ചിരിച്ചു!!!
ചിരി കേട്ട് അന്തം വിട്ട് നിന്നവരോട് ഞാന്‍ പറഞ്ഞു:
"സൂപ്പര്‍ ബ്ലോഗാ, അബദ്ധത്തില്‍ കിട്ടിയ ലിങ്കാ"
എന്റെ ആ നമ്പര്‍ ഏറ്റു..
അവരെല്ലാം ഈ ബ്ലോഗിന്റെ ലിങ്ക് പലര്‍ക്കും അയച്ചു കൊടുത്തു!!!
അങ്ങനെ എനിക്ക് കുറേ നല്ല സുഹൃത്തുക്കളെ കിട്ടി.
ഈ മഹത് സംഭവങ്ങള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം ആയിരിക്കുന്നു.
ഞാനൊരു ബ്ലോഗറായതിന്റെ...
കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബ്ലോഗ് ജനിച്ചതിന്റെ..
മഹത്തായ രണ്ടാം വര്‍ഷം!!
ഈ രണ്ട് വര്‍ഷത്തിനിടയില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്, എന്റെ കഥ, എനിക്ക് തന്നെ അയച്ച് തന്നിട്ട് 'സൂപ്പര്‍ കഥയാ, ഞാന്‍ എഴുതിയതാ, ഒന്ന് നോക്കിയേ' എന്നുള്ള ഒരു മെയില്‍ കിട്ടിയ നിമിഷമാ.ഒന്നുമില്ലെങ്കിലും എന്റെ കഥ സ്വന്തം പേരില്‍ അയച്ച് കൊടുക്കാന്‍ ആ മാന്യ സുഹൃത്ത് മുന്‍ കൈ എടുത്തത് ആ കഥയോടുള്ള ഇഷ്ടം കൊണ്ട് ആണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ സ്വന്തമായി അഭിമാനവും ആ സുഹൃത്തിനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നി, സത്യം!!
(പക്ഷേ ആ മെയിലിനു അവസാനം 'മാന്യ വായനക്കാരില്‍ നിന്നും ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു' എന്നൊരു വാചകം കൂടി കണ്ടപ്പോള്‍ അത് അയച്ചവനെ അറിയാതെ തന്തക്ക് വിളിച്ച് പോയി.മാന്യ സുഹൃത്തേ, നീ എന്നോട് ക്ഷമി!!!)
ഇനി ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ പരാക്രമങ്ങള്‍ അഥവാ മറ്റ് ബ്ലോഗുകള്‍..
കര്‍ക്കടക രാമായണം
രാമായണ കഥ എന്റെ ആഖ്യാന ശൈലിയില്‍ എഴുതിയിരിക്കുന്നു.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കലിയുഗവരദന്
ശബരിമലയുടെ നടവഴികളിലൂടെ ഒരു തീര്‍ത്ഥയാത്ര.ഐതിഹ്യത്തിനും ചരിത്രത്തിനും ഇടയിലൂടെ സത്യം തേടിയുള്ള ഒരു പുണ്യയാത്ര.അയ്യപ്പസ്വാമിയുടെ വ്യത്യസ്തമായ കഥകളുമായി ഒരു സമ്പൂര്‍ണ്ണ നോവല്‍.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാര്‍ക്കോടക പുരാണം
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്റെ ശൈലിയാണ്.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വാര്‍ഷിക പോസ്റ്റ് ഇങ്ങനെ നിര്‍ത്തുകയാണ്.
ദൈവത്തിനും, ഗുരുക്കന്മാര്ക്കും, മാതാപിതാക്കള്‍ക്കും, എന്നെ പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, പ്രിയ ബൂലോക നിവാസികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞ് കൊണ്ട്...
ഈ ബ്ലോഗിനെ കുറിച്ചും ഇതിലെ പോസ്റ്റുകളെ കുറിച്ചും ഉള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹപൂര്‍വ്വം
ഞാന്‍