
2010 ഫെബ്രുവരി 18.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു.
അതിരാവിലെ ഓഫീസില്‍ ചെന്നപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല.മെയില്‍ ബോക്സ്സ് തുറന്ന് നോക്കി, ഇല്ല ഒരു പണിയുമില്ല.സാധാരണ രാവിലെ ഓഫീസില്‍ ചെല്ലുമ്പോള്‍ അന്ന് പാതിരാത്രി വരെ ചെയ്യേണ്ട പണിയുടെ മെയില്‍ കാണുന്നതാ, ഇന്ന് അതില്ല.
സന്തോഷിക്കാന്‍ ഇതില്‍ പരം എന്നാ വേണം?
നേരെ ക്യാന്‍റീനില്‍ പോയി ഒരു ചായ കുടിച്ചു.കൂടെ ഒരു ബര്‍ഗര്‍ വാങ്ങി പതിയെ കഴിച്ചു.ചുറ്റുവട്ടത്ത് ഇരിക്കുന്ന സകല സായിപ്പിന്‍റെ മക്കള്‍ക്കും ഒരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.അപ്പോഴാണ് ജിതേഷ് അങ്ങോട്ട് വന്നത്..
ജിതേഷ് മലയാളിയാണ്, മാത്രമല്ല നല്ല പ്രോഗ്രാമറും.
"നീ വല്ലതും കഴിക്കുന്നോ?" അവന്‍റെ ചോദ്യം.
ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കുന്ന ആരോ എന്നില്‍ തല പൊക്കി.
"ബര്‍ഗര്‍?" വീണ്ടും അവന്‍റെ ചോദ്യം.
തൊട്ട് മുമ്പ് കഴിച്ച ബര്‍ഗര്‍ എന്‍റെ വയറ്റില്‍ കിടന്ന് ഒന്ന് സന്തോഷിച്ചു, ഒരുപക്ഷേ തനിക്കൊരു കൂട്ട് കിട്ടും എന്ന് കരുതിയാകും.എന്നാല്‍ ആ സന്തോഷം ഞാന്‍ തല്ലി കെടുത്തി:
"വേണ്ടടാ, പഫ്സ്സ് മതി"
ആദ്യം ചായ, പിന്നെ ബര്‍ഗര്‍, തുടര്‍ന്ന് പഫ്സ്സ്, മാത്രമല്ല ജിതേഷിന്‍റെ ചിലവില്‍ ഒരു കാപ്പിയും.എന്‍റെ സ്വന്തം വയറ്, മത്തങ്ങ ബലൂണ്‍ പോലെയായി.
"എന്താടാ മുഖം വല്ലാണ്ടിരിക്കുന്നത്?" വെറുതെ ജിതേഷിനോടൊരു കുശലം.
"പണി ഇല്ലാത്ത കാരണം കുറേ പേരെ കമ്പനി പറഞ്ഞ് വിടാന്‍ പോകുവാണെന്ന് കേട്ടു" അവന്‍റെ മറുപടി.
കര്‍ത്താവേ!!!!!!
എനിക്കും പ്രത്യേകിച്ച് പണിയില്ല.
വയറ്റിലുള്ളത് ആവിയായി..
ബലൂണിന്‍റെ കാറ്റ് പോയി!!
'അളിയാ ഇപ്പോ വരാം' എന്ന് മൊഴിഞ്ഞ് ക്യാന്‍റീനീന്ന് ഇറങ്ങി ഓടി.ക്യാബിനിലെത്തി കമ്പ്യൂട്ടര്‍ തുറന്ന് മെയില്‍ ബോക്സ് ഒന്നൂടെ നോക്കി..
നോ മെയില്‍!!
അതായത് പണിയില്ല..
ഈശ്വരാ, പണി കിട്ടുമോ?
നേരെ പ്രോജക്റ്റ് മാനേജറുടെ അടുത്തേക്ക്..
"എന്താ മനു, എന്ത് പറ്റി?"
സാധാരണ അങ്ങേരുടെ തിരുമോന്ത കാണുമ്പോള്‍ ജനല്‍ വഴി താഴേക്ക് ചാടുന്ന ഞാന്‍ നേരിട്ട് ചെല്ലുന്ന കണ്ട് അതിയാന് അത്ഭുതം.
"സാര്‍, ഇന്ന് പണി ചെയ്യാനുള്ള മെയില്‍ ഒന്നും കിട്ടിയില്ല"
എന്തിര്????
പ്രോജക്റ്റ് മാനേജരുടെ തലയില്‍ വെള്ളിടി വെട്ടിയ ഫീലിംഗ്!!
അല്ല, സാധാരണ ജോലി എന്ന് കേട്ടാല്‍ മുങ്ങുന്ന ഞാന്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ അങ്ങേര് ഞെട്ടിയതില്‍ കുറ്റം പറയാനില്ല.അതിയാന്‍ പതിയെ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി, പിന്നെ കണ്ണാടി വച്ച് ഒന്നൂടെ നോക്കി, തുടര്‍ന്ന് എന്‍റെ ചുറ്റിനും ഒന്ന് നടന്നു.എന്നിട്ട് ചോദിച്ചു:
"മനു ഇന്ന് തല ഇടിച്ച് വല്ലോടോം വീണോ?"
എനിക്ക് സ്വബോധം ഉണ്ടോന്ന്??
മിണ്ടാതിരിക്കുന്ന എന്നെ കണ്ടാകാം അദ്ദേഹം പറഞ്ഞു:
"ഇന്ന് വ്യാഴമല്ലേ, തിങ്കളാഴ്ച മുതലേ പണി ഉള്ളു.വിശ്രമിച്ചോളു"
നാശം പിടിക്കാന്‍..
തിങ്കളാഴ്ച മുതല്‍ ജോലി ചെയ്യണം!!
പ്രോജക്റ്റ് മാനേജരെ പ്രാകി കൊണ്ട് ക്യാബിനിലേക്ക്..
മെയില്‍ ബോക്സ് തുറന്നപ്പോള്‍ ഒരു മെയില്‍..
ഭാര്യാ സഹോദരന്‍ അയച്ചതാണ്, അന്ന് തുടങ്ങി ഏഴ് ദിവസത്തേക്കുള്ള എന്‍റെ ഭാവി പ്രവചിക്കുന്ന ഒരു സൈറ്റിന്‍റെ ലിങ്ക്.വെറുതെ തുറന്നു, എന്‍റെ ഭാവി നോക്കി..
"ശുഭവാര്‍ ആത്താ ഹൈ.സന്തോഷം, സമാധാനം, ഉല്ലാസം, ധനനേട്ടം, മനസമാധാനം.വെള്ളി മുതല്‍ ഞയര്‍ വരെ വളരെ നല്ല ദിവസങ്ങള്‍, പിന്നെ കഷ്ടകാലം"
പറഞ്ഞിരിക്കുന്നതെല്ലാം കറക്റ്റാ!!!
ഭാര്യ ബാംഗ്ലൂരില്ല, അവള്‍ തിങ്കളാഴ്ചയെ വരികയുള്ളു.തിങ്കളാഴ്ച വരെ പ്രോജക്റ്റും ഇല്ല.വീട്ടില്‍ ഞാനും അളിയനും മാത്രം.ബാങ്കില്‍ ആയിരത്തി അഞ്ഞൂറ് രൂപ കിടപ്പുണ്ട്.അതു ചിലവാക്കി അടിച്ച് പൊളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.വിവരം അറിഞ്ഞപ്പോള്‍ അളിയനും സന്തോഷം:
"നമുക്ക് അടിച്ച് പൊളിക്കാം ചേട്ടാ"
ഓ.ക്കെ...എഗ്രീഡ്!!
അപ്പോ തന്നെ ആ വെബ് സൈറ്റ് അടുത്ത കൂട്ടുകാര്‍ക്കെല്ലാം അയച്ച് കൊടുത്തു, കൂടെ ഇത് കറക്റ്റാണെന്ന് ഒരു സാക്ഷ്‌യവും.ഈ പ്രവൃത്തി പൂര്‍ത്തി ആയതും എനിക്കൊരു ഫോണ്‍ വന്നു, എന്‍റെ അനുജത്തിയുടെ ഫോണ്‍...
"എന്താടി?"
"ചേട്ടാ, ഞങ്ങളിവിടെ ഓടി നടന്ന് വിരുന്ന് ഉണ്ണുവാ"
അവള്‍ ആ പറഞ്ഞത് എനിക്ക് മനസിലാകും, കാരണം കല്യാണം കഴിഞ്ഞ ജോടികള്‍ക്ക് ഒരു വിരുന്ന് എല്ലാ വീട്ടിലും പതിവുള്ളതാ.അവള്‍ക്കവിടെ തിരക്കോട് തിരക്കായിരിക്കും.ഇത് വ്യക്തമായി അറിയാവുന്നതിനാല്‍ വെറുതെ ഒരു നമ്പരിട്ടു:
"അവിടുത്തെ വിരുന്നൊക്കെ കഴിയുമ്പോള്‍ ഇടക്ക് ബാംഗ്ലൂരിലോട്ടൊന്ന് വരണം"
"അത് പറയാനാ ചേട്ടാ വിളിച്ചത്, ഞങ്ങള്‍ ഇന്ന് വണ്ടി കേറുവാ, നാളെ രാവിലെ അങ്ങെത്തും"
എന്ത്????
ഞാനത് മൊത്തം കേട്ടില്ല.
ഇനി സ്വപ്നം കണ്ടതാണോ??
വിറക്കുന്ന സ്വരത്തില്‍ തിരികെ ചോദിച്ചു:
"നീ വല്ലതും പറഞ്ഞാരുന്നോ?"
"ഞങ്ങള്‍ ഇന്ന് വണ്ടി കേറുവാ, നാളെ രാവിലെ അങ്ങെത്തും"
എന്‍റെ കര്‍ത്താവേ!!!!
അപ്പോ കേട്ടത് സ്വപ്നമല്ല.
വെബ്സൈറ്റിലെ വാചകങ്ങള്‍ മനസില്‍ ഓടി എത്തി..
"സന്തോഷം, സമാധാനം, ഉല്ലാസം, ധനനേട്ടം, മനസമാധാനം....."
ചുമ്മാതാ, ഒന്നും നടക്കാന്‍ പോകുന്നില്ല!!
എന്നാല്‍ വിവരം അറിഞ്ഞപ്പോള്‍ അളിയന്‍ ആശ്വസിപ്പിച്ചു:
"ചേട്ടന്‍ ധൈര്യമായിരിക്ക്, നമുക്ക് ലാല്‍ബാഗും, വേറെ രണ്ട് പാര്‍ക്കും, വേണേല്‍ എം.ജി റോഡും കാണിച്ച് കൊടുത്ത് തിരികെ പായ്ക്ക് ചെയ്യാം.മാക്സിമം അഞ്ഞൂറ് രൂപ ചിലവ്"
"ഉറപ്പാണോ?"
"ഉറപ്പ് ചേട്ടാ"
എനിക്ക് സമാധാനമായി..
കൈയ്യില്‍ പൈസ ഇല്ല എന്നതാണ് ഏറ്റവും വല്യ പ്രശ്നം.അല്ലാതെ കല്യാണം കഴിഞ്ഞ് വരുന്ന മായയേയും രമേഷിനേയും ബാംഗ്ലൂര്‍ കറക്കി കാണിക്കുന്നതിനോ, പൈസ ചിലവാക്കുന്നതിനോ എനിക്കൊരു വിഷമവുമില്ല.എന്തായാലും എനിക്ക് ഇപ്പോ രണ്ട് പ്ലസ് പോയിന്‍റുണ്ട്, ഒന്ന് ഗായത്രി സ്ഥലത്തില്ല, അതിനാല്‍ രണ്ട് ബൈക്കില്‍ കറങ്ങാം.ഓട്ടോയോ കാറോ വിളിക്കേണ്ട ആവശ്യമില്ല.രണ്ട്, അളിയന്‍ ദീപുവിനു ബാംഗ്ലൂര്‍ നന്നായി അറിയാം, അതിനാല്‍ കാശ് ചിലവില്ലാത്ത സ്ഥലത്ത് കറക്കാന്‍ അവന്‍ സഹായിക്കും.
ദീപു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി..
രാവിലെ മഡിവാളയില്‍ രണ്ട് ബൈക്കില്‍ പോകുന്നു, അവരെ വിളിച്ച് കൊണ്ട് വരുന്നു.ന്യൂഡില്‍സ്സ് ഉണ്ടാക്കി കൊടുക്കുന്നു.ഉച്ചക്ക് ചോറുണ്ടാക്കാന്‍ അനുജത്തിയോട് പറയുന്നു.വൈകിട്ട് ഓഫീസില്‍ നിന്ന് താമസിച്ച് വരുന്നു.ഒരു സിനിമക്ക് കൊണ്ട് പോകുന്നു.ഇതേ പോലെ ശനിയും ഞയറും എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് തിങ്കളാഴ്ച പായ്ക്ക് ചെയ്യുന്നു.
കിടിലന്‍ ഐഡിയ!!
വെള്ളിയാഴ്ച രാവിലെ..
കുളിച്ചൊരുങ്ങി ലുട്ടാപ്പി കുന്തത്തില്‍ കയറുന്ന പോലെ ബൈക്കുമായി ഞങ്ങള്‍ മഡിവാളയിലെത്തി.ബസ് വന്നു, അതിന്‍റെ വാതിലില്‍ കാക്ക കൂട്ടം പോലെ നില്‍ക്കുന്ന ഓട്ടോക്കാര്‍ക്കിടയില്‍ നിന്നും മുങ്ങി ചാവുന്നവന്‍ കൈ പൊക്കുന്ന പോലെ രണ്ട് കൈകള്‍, അത് രമേഷായിരുന്നു.ടൈറ്റാനിക്കിലെ നായിക ഐസ് കട്ടയില്‍ തൂങ്ങി കിടക്കുന്ന പോലെ അവന്‍റെ തോളില്‍ തൂങ്ങി മായയും, കൂടെ അഞ്ച് ബാഗും.
അവരുടെ ആ വരവ് കണ്ട് ദീപു എന്നോട് ചോദിച്ചു:
"എന്നതാ ചേട്ടാ, കായംകുളം മൊത്തം കൊണ്ട് വന്നോ?"
ആ സംശയം എനിക്കും ഉണ്ടായിരുന്നു..
"എന്താടി ഈ അഞ്ച് ബാഗില്‍?"
"ഇത് രമേഷേട്ടന്‍റെ തുണി, ഇത് എന്‍റെ തുണി"
രണ്ട് ബാഗ് ആയി..
"അപ്പോള്‍ ബാക്കി മൂന്ന് ബാഗോ?"
"അതെന്‍റെ മേക്കപ്പ് സാധനങ്ങളാ"
അള്ളാ!!!
കുളിമുറി കൊണ്ട് വന്നോ??
ചോദിച്ചില്ല, ദയനീയമായി രമേഷിനെ നോക്കി.
ഇനി ഓട്ടോ പിടിക്കാതെ രക്ഷയില്ല, അതും ഒരു ഓട്ടോ പോരാ, രണ്ട് ഓട്ടോ വേണം...
മുന്നൂറ് രൂപ സ്വാഹ!!
"രാവിലെ ന്യൂഡില്‍സാ" ഞാന്‍ പ്രഖ്യാപിച്ചു.
"ഉച്ചക്ക് ബിരിയാണി വേണം" അവളും പ്രഖ്യാപിച്ചു.
ഈശ്വരാ..
ഒരു അഞ്ഞൂറ് രൂപ കൂടി സ്വാഹ!!
"ഇന്നെന്താ പ്ലാന്‍?"
ബിരിയാണി വിഴുങ്ങി കഴിഞ്ഞപ്പോ അവളുടെ ചോദ്യം.
"വൈകുന്നേരം വരെ ഓഫീസുണ്ട്, അത് കഴിഞ്ഞ് സിനിമക്ക് പോകാം"
അത് അവള്‍ക്കങ്ങ് ബോധിച്ചു, അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"എന്നാ നമുക്ക് അവതാര്‍ കാണാന്‍ പോകാം, ത്രീഡി"
അവതാറോ?? അതും ത്രീഡി??
പി.വി.ആറില്‍ ഒരു ടിക്കറ്റിനു എണ്ണൂറ്റി അമ്പത് രൂപയാ വില!!
ഈശ്വരാ, പരീക്ഷിക്കരുതേ!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ത്രിഡി കാണുന്നത് തലച്ചോറിനെ ബാധിക്കും"
ഇത് കേട്ടതും ദീപു പതുകെ കമ്പ്യൂട്ടറിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് പോയി.പാവം, ചിരി വന്നു കാണും.എന്തായാലും എന്‍റെ ആ നമ്പര്‍ ഏറ്റു, കുറേ ആലോചിച്ച ശേഷം അനുജത്തി പറഞ്ഞു:
"എന്നാല്‍ ത്രിഡി കാണേണ്ടാ"
സമാധാനമായി എന്ന് കരുതി ഇരുന്നപ്പോള്‍ ദീപു തിരിച്ച് വന്നു, എന്നിട്ട് പറഞ്ഞു:
"ചേട്ടാ ഞാന്‍ ഇന്‍റ്‌ര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു, ത്രീഡി കാണുന്നത് തലച്ചോറിനെ ബാധിക്കില്ല"
ങ്ങേ!!!
എന്‍റെ ദൈവമേ, ഈ മണ്ടന്‍ സെര്‍ച്ച് ചെയ്യാന്‍ പോയതാണോ??
അന്തം വിട്ട് നിന്ന എന്നെ നോക്കി അവന്‍ വീണ്ടും പറഞ്ഞു:
"ഇല്ല അണ്ണാ, ബാധിക്കില്ല"
ഇല്ല അല്ലേ??
കശ്മലന്‍!!!
"എന്നാ പോയാലോ ചേട്ടാ?" വീണ്ടും അനുജത്തി.
ശരി, എന്നാ പോയേക്കാം.
അങ്ങനെ പലിശക്ക് എടുത്ത പതിനായിരം രൂപയുമായി തിയറ്ററിലേക്ക്..
അവിടെ ആകെ നാലായിരം രൂപ സ്വാഹ!!
"നാളെയെന്താ പ്ലാന്‍?" അനുജത്തിയുടെ ചൊദ്യം.
എന്താ പ്ലാന്‍??
ഞാന്‍ തലതിരിച്ച് ദീപുവിനെ നോക്കി..
അവന്‍ വിശദീകരിച്ച് തുടങ്ങി..
പ്ലാനിറ്റോറിയം, വിധാന്‍ സൌധ, മ്യൂസിയം, ലാല്‍ബാഗ്, ഫോറം..
"ഇത്രേ ഉള്ളോ?" അവള്‍ക്ക് പുശ്ചഭാവം.
എനിക്കങ്ങ് കലി കയറി, ഞാന്‍ അലറി പറഞ്ഞു:
"അല്ലടി, നമുക്ക് ആഗ്രയില്‍ പോയി താജ്മഹല്‍ കൂടി കാണാം"
അതോടെ അവള്‍ക്കെല്ലാം മനസിലായി, അവള്‍ സൈലന്‍റായി.
എന്നാല്‍ ദീപുവിനൊരു സംശയം, അതവന്‍ ചെവിയില്‍ ചോദിച്ചു:
"ചേട്ടാ, ആഗ്ര വരെ ബൈക്കില്‍ പോകാന്‍ നല്ല ദൂരമല്ലേ?"
കടിച്ചേനേക്കാള്‍ വലുതാണല്ലോ കര്‍ത്താവേ പൊനത്തില്‍ ഇരിക്കുന്നത് എന്ന് മനസില്‍ കരുതി മറുപടി നല്‍കി:
"നമ്മള്‍ താജ്മഹല്‍ കാണുന്നില്ല"
"എന്നാ കുഴപ്പമില്ല" അവന്‍.
കൂടുതല്‍ പറഞ്ഞില്ല, പതിയെ ചുണ്ടനക്കി:
"ഗുഡ് നൈറ്റ്"
പിറ്റേന്ന് സുപ്രഭാതം.
അന്ന് കുളിച്ചൊരുങ്ങി നാല്‍വര്‍ സംഘം തെണ്ടാനിറങ്ങി.വിചാരിച്ച പോലെ കൈ പൊള്ളിയില്ല.വൈകുന്നേരം വരെയുള്ളത് ആഹാര സഹിതം എണ്ണൂറ് രൂപ.
ഇങ്ങനെ ആണേല്‍ കുഴപ്പമില്ല!!
രാത്രി ഫോറത്തില്‍ എത്തിയപ്പോള്‍ അനുജത്തിക്ക് ഒരു ആഗ്രഹം, ഒരു ഹാന്‍ഡ് ബാഗ് വേണം.വാങ്ങി കൊടുത്തു, ഒരു ആയിരത്തി മുന്നൂറ് രൂപ കാക്ക കൊത്തി കൊണ്ട് പോയെന്ന് സമാധാനിച്ചു.പിന്നെ കൈയ്യേ മൈലാഞ്ചി ഇടാന്‍ നൂറ് രൂപ, അവളുടെയും രമേഷിന്‍റെയും കാര്‍ട്ടൂണ്‍ വരപ്പിച്ചത് ഇരുന്നൂറ് രൂപ.കരയണോ വേണ്ടായോന്ന് ആലോചിച്ച് അന്തം വിട്ടിരുന്ന എന്‍റെ അടുത്ത് ആ പടവുമായി എത്തിയ അനുജത്തി ചോദിച്ചു:
"ദേ നോക്കിയേ, ശരിക്കും ചിരിപ്പിക്കും.അല്ലേ?"
ഉവ്വ, എന്‍റെ കാശല്ലേ? നീ ചിരിച്ചോ.
"രാത്രി എന്താ കഴിക്കുക?" അവളുടെ ചോദ്യം.
അതിനു ദീപുവിന്‍റെ ബുദ്ധിപരമായ മറുപടി:
"പാനി പൂരി"
ഇത് റോഡ് സൈഡില്‍ വില്‍ക്കുന്ന ചെറിയ പൂരിയാ, ഒരു പ്ലേറ്റിനു പത്ത് രൂപയെ ഉള്ളു.എങ്ങനെ കഴിച്ചാലും നൂറ് രൂപയില്‍ നില്‍ക്കും.അളിയന്‍റെ ബുദ്ധിയില്‍ അഭിമാനം തോന്നി.
"പാനീ പൂരിയോ?" അനുജത്തിയുടെ മുഖത്ത് പുശ്ചഭാവം.
"എന്താടി?"
"അത് ഞങ്ങള്‍ എസ്കര്‍ഷനു വന്നപ്പോള്‍ തിന്നതാ, എനിക്ക് പിസ മതി"
പിസയോ??
അവള്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പാണെന്ന് അറിയാവുന്നതിനാല്‍ പറഞ്ഞു:
"നീ വേണേല്‍ പിസ തിന്നോ, എനിക്കും ദീപുവിനും പാനീ പൂരി മതി"
തുടര്‍ന്ന് പ്രതീക്ഷയോടെ രമേഷിനോട് ചോദിച്ചു:
"രമേഷിനോ?"
"ഞാന്‍ വേണേല്‍ പിസ തിന്നാം"
തിന്നാം അല്ലേ??
"എന്നാ പിന്നെ എല്ലാവര്‍ക്കും പിസ ആയാലോ?" ദീപു.
ആ ശുഭ രാത്രിയില്‍ ഒരു ആയിരത്തി എണ്ണൂറ് രൂപ സ്വാഹ.
കര്‍ത്താവേ..
കഴിഞ്ഞ ജന്മത്തിലെ ശത്രു മകനായി പിറക്കുമെന്ന് കേട്ടിട്ടുണ്ട്, അനുജത്തി ആയും പിറക്കുമോ??
ആകാശത്ത് നിന്ന് അശരീരി ഒന്നുമില്ല, സോ ഗുഡ് നൈറ്റ്.
ഞയറാഴ്ച രാവിലെ..
"ഇന്നെന്താ പരിപാടി?"
എനിക്ക് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല, റെഡി മെയ്ഡ് മറുപടി:
"ഇന്ന് വിശ്രമം"
അത് അവള്‍ക്കങ്ങ് ബോധിച്ചു, അവള്‍ മൊഴിഞ്ഞു:
"ശരിയാ, ഫിലിം സിറ്റിയില്‍ പോയി വിശ്രമിക്കാം"
ദീപു ചെവിയില്‍ പറഞ്ഞു:
"ചേട്ടാ, ടിക്കറ്റും ഫുഡുമായി ഒരു മൂവായിരത്തി അഞ്ഞൂറ് രൂപ......"
ബാക്കി എനിക്ക് അറിയാമായിരുന്നു...
സ്വാഹാ!!!
എന്തായാലും പിറ്റേന്ന് തന്നെ പായ്ക്ക് അപ്പ് ചെയ്തു.ബസ്സ് ഇഷ്ടപ്പെടാതെ പോകാതിരിക്കരുതെന്ന് കരുതി മള്‍ട്ടി ആക്സില്‍ തന്നെ ബുക്ക് ചെയ്തു.അത് രണ്ടായിരം രൂപ വേറെ.നല്ല കാര്യത്തിനായതിനാല്‍ ഇവിടെ സ്വാഹയില്ല!!
പോകാന്‍ നേരം അനുജത്തി പറഞ്ഞു:
"വന്നില്ലെങ്കില്‍ നഷ്ടമായേനേ"
അത് കേട്ടതും എന്‍റെ മനസ്സ് പറഞ്ഞു..
വന്നതേ നഷ്ടമാ!!
കുറച്ച് ദിവസം കൂടി നില്‍ക്കുന്നോ എന്ന് ചോദിച്ചില്ല, ചിലപ്പോള്‍ നിന്നാലോ??
ബസ്സ് എടുക്കുന്നതിനു മുന്നേ രമേഷ് പറഞ്ഞു:
"ഞങ്ങള്‍ ഇനിയും വരാം"
എന്നാത്തിനാ???
ചോദിച്ചില്ല,ചിരിച്ച് കൊണ്ട് പറഞ്ഞു:
"വരണേ.."
"തീര്‍ച്ചയായും വരും"
അയ്യോ!!!!!!!
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ദീപു ആശ്വസിപ്പിച്ചു:
"ഇതും ചേട്ടന്‍റെ കടമയാണെന്ന് കരുതിയാല്‍ മതി"
ശരിയാ, ഇവന്‍ പയ്യനാണേലും വിവരമുണ്ട്.
നേരെ കുളിക്കാന്‍ ബാത്ത്‌റൂമിലേക്ക്...
കുളി കഴിഞ്ഞ് തിരിച്ച് ഇറങ്ങിയപ്പോള്‍ വിളറിയ മുഖവുമായി ദീപു.
"എന്താടാ?"
"അടുത്താഴ്ച വല്യമ്മയുടെ മക്കള്‍ വരുന്നെന്ന്, ബാംഗ്ലൂര്‍ കാണാന്‍"
ഒരു നിമിഷം ഞെട്ടി പോയി, സമനില കിട്ടിയപ്പോള്‍ ആശ്വസിപ്പിച്ചു:
"അത് നിന്‍റെ കടമയാണെന്ന് കരുതിയാ മതി"
എഗൈന്‍ ശുഭവാര്‍ ആത്താ ഹൈ!!
87 comments:
ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു :)
ഈ കഥ ഇഷ്ടായാല്‍ പറയണേ...
ഇഷ്ടായി, പെരുത്തിഷ്ട്ടായി... തകര്‍ത്തു...
തേങ്ങ ആരും അടിച്ചില്ലേ?
ന്നാ പിടി (((((( ട്ടോ ))))))
അണ്ണാ.. നമിച്ചു.... ഇത് പോലൊരു അനുഭവം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്..
അവതരണം കൊള്ളാം...
ബട്ട് അരുൺചേട്ടാ, അത്രക്കങ്ങട് പോരാന്നൊരു ഫീലിങ്ങ് ...
ഇതിനാ പണ്ടുള്ളവര്‍ ഉണ്നുന്നവന് ഔചിത്യം ഇല്ലെങ്കിലും വിളംബുന്നവന് അത് വേണം എന്ന് ;)
അരുണിന്റെ നമ്പര്‍ ഒന്ന് തരുമോ അടുത്ത വീകെന്റ്റ് നമുക്ക് കൂടാം...
എന്നാലും അരുണിന്റെ പെങ്ങളും അളിയനും ഇത് കാണണ്ട ....ചിലപ്പോ അടുത്ത ആഴ്ച ഇനിയുംവന്നാല്ലോ ......സ്വാഹ ......
കഴിഞ്ഞ ജന്മത്തിലെ ശത്രു അളിയന്‍ ആയും വന്നു, ല്ലേ ?
adipoli arun chettaa... chirippicchu :P
adipoli arun chettaa... chirippicchu :P
“ ഒരു ആയിരത്തി മുന്നൂറ് രൂപ കാക്ക കൊത്തി കൊണ്ട് പോയെന്ന് സമാധാനിച്ചു... “
ഹിഹി....ഗുഡ് ഗുരോ....ദിതാണ് !
:D
ഇഷ്ടായി, പെരുത്തിഷ്ട്ടായി...
ഒരുപാട് ചിരിച്ചു....
ഇഷ്ടമായി...ശരിക്കും ഇഷ്ടമായി..
പല തവണ ഉറക്കെ പൊട്ടിച്ചിരിച്ചു..വീട്ടില്‍ നെറ്റ് കിട്ടുന്നതിനും മുമ്പ് ഇന്റര്‍നെറ്റ് കഫേയില്‍ കയറി കായംകുളം സൂപ്പര്‍ഫാസ്റ്റ് വായിച്ചു അടക്കി പിടിച്ച ചിരിയൊക്കെ ഇപ്പോള്‍ വീട്ടില്‍ ഇരുന്നു ചിരിച്ചു തീര്‍ത്തു..
ഒരു സംശയം..അളിയന്‍ ആദ്യം ഉപായം പറഞ്ഞപ്പോള്‍ ഞാന്‍ കരുതി പൈസ പോകാതെ അളിയന്‍ നോക്കുമെന്ന്.പക്ഷെ അളിയന്‍ നെറ്റില്‍ സേര്‍ച്ച് ചെയ്തതു കൊണ്ട് പടത്തിനു പോകണ്ടി വന്നു.മിക്കവാറും എനിക്ക് തോന്നുന്നത്,അളിയന്‍ മനപൂര്‍വ്വം പാര പണിതതാണ് എന്നാണ്.നല്ല അളിയന്‍..
അളിയന്‍റെ പെങ്ങളെയും (ഗായത്രി) നിങ്ങള്‍ ഇങ്ങനെയാകും നോക്കുന്നത് എന്ന് കരുതി കാണും...
വല്യമ്മയുടെ മക്കള്‍ വന്ന ശേഷമുള്ള ദീപുവിന്‍റെ വിശേഷങ്ങളും പറയണേ..?
നന്നായി മാഷേ വീണ്ടും പഴയ ഫോമില്‍ എത്തിക്കൊണ്ടിരിക്കുന്നു ......ഇത്
പോലൊരു അനുഭവം എനിക്കു ശരിക്കും ഉണ്ടായിട്ടുണ്ട്. വീണ്ടും വീണ്ടും ബാംഗ്ലൂര്‍ ജീവിതം ഓര്‍മ്മിപ്പിക്കുന്നതിനു നന്ദി
ശുഭവാര്‍ ആത്താ ഹൈ.
വായിച്ചു. ചിരിച്ചു. നമിച്ചു.
"ഇന്ന് വ്യാഴമല്ലേ, തിങ്കളാഴ്ച മുതലേ പണി ഉള്ളു.വിശ്രമിച്ചോളു''......ഇത് ആണ് എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ട്ടപെട്ടതും .കാരണം അരുണ്‍ ടെ ബ്ലോഗ് വായിച്ചു ഞാന്‍ എന്നും വിശ്രമം ആണ് ചിരിച്ചു ചിരിച്ചു .തന്നെ ........വളരെ നല്ല അവതരണം പറയാതെ വയ്യ .....
:)
അരുൺ, നന്നായി അവതരിപ്പിച്ചു..
നല്ലത് പോലെ ചിരിച്ചു... നല്ല അവതരണം..
അരുണ്‍ ജി, ഇത്തവണയും മോശമായില്ല നല്ല രീതിയില്‍ ചിരിപ്പിച്ചു. അതുമാത്രം അല്ല പലപ്പോഴും എല്ലാവരും നേരുടുന്ന അല്ലെങ്കില്‍ മനസിലെങ്കിലും തോനാറുള്ള ഒന്നാണ് നല്ലരീതിയില്‍ അവതരിപ്പിച്ചത്.
ഈ നന്നാവാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞത് മാത്രം മനസിലായില്ല :)
(ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു :)_athenikkum manasilayilla....
അണ്ണാ, തകറ്ത്തു! ഞാൻ ആപ്പീസിലിരുന്ന് ഉറക്കെ ചിരിച്ചു. മാനേജറ് ഇല്ല.. അയാൾ നേരത്തേ പോയി. പിന്നെയെന്തോന്ന്? ഞാൻ അറ്മാദിച്ച് ചിരിച്ചു.
സൂപ്പറ് സംഭവം.
(സത്യം പറ മനൂ.. നീ നാട്ടിൽ പോയി അവരുടെ ചെലവിൽ കാട്ടിക്കൂട്ടിയതല്ലേ ഇതൊക്കെ?)
ഇത് ചിലപ്പോള്‍ ഈ ജന്മത്തില്‍ ചെയ്തതിനുള്ള ശിക്ഷയായിരിക്കും.
പണി അളിയന്‍ തന്നു!!! നന്നായിട്ടുണ്ട്..
അടിപൊളി പെങളും, ഇടിവെട്ട് അളിയനും പിന്നെ ഏതാ ഒരു കുഞളിയന്റെ പേര് പറഞത്...? ങാ ദീപു അണ്ണൻ..കൊള്ളാം എല്ലാം പസ്റ്റ്...!!
ഒരു റോക്കറ്റിൽ കെട്ടി വിടാൻ കൊള്ളാം...!!! ഇവരെല്ലാം കൂടി ഒത്തുചേർന്നാൽ കുടുംബം കുരുക്ഷേത്രമാക്കുമല്ലോ സൂപ്പർഫാസ്റ്റേ...:)
ഗൊള്ളാട്ടാ.. :-)
സംതിംഗ് മിസ്സിംഗ് ഇല്ലേന്ന് ഒരു സംശയം...!!!
"വന്നില്ലെങ്കില്‍ നഷ്ടമായേനേ"
അരുണേ. ഈ നന്നാവാൻ തീരുമാനിച്ചതിന്റെ അർത്ഥം മാത്രം പിടികിട്ടിയില്ല. പിന്നെ, ഈ ദീപു അളിയൻ കല്യാണം കഴിച്ചിട്ടില്ലല്ലോ? വേഗം കഴിപ്പിക്കണേ:)
കൊള്ളാം,ഇൻസ്റ്റന്റ് നമ്പരുകൾ!
പിശുക്കനാണെന്നുള്ള കാര്യം നാട്ടുകാരെ മുഴുവൻ അറിയിച്ചു.
ബംഗളൂരു നഗരത്തിലുള്ള ഒര് ഐ.റ്റി.എൻജിനീയർ പതിനായിരം രൂഫാ സ്വന്തം പെങ്ങക്കുവേണ്ടി പൊട്ടിച്ചതിന് ഇത്ര കരയണ്ട കാര്യമെന്തര്!?
ബാംഗ്ലൂർ വന്നപ്പോ എന്നെ കാണാതെമുങ്ങിയതിന്റെ കാര്യം ഇപ്പഴല്ലേ പിടികിട്ടിയത്!
കഥ ഇഷ്ടമായി,
അതിലും ഇഷ്ടായത്,
നി നന്നാവാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാട്ടോ... :)
കഥ നാന്നായി.
നല്ലോണം ചിരിച്ചു..
ഇത്രയും പിശുക്കാനാണ് എന്ന് കരുതിയില്ല.
അരുണേ… മഹാനേ, പോട്ടെ പെങ്ങളും അളിയനുമല്ലേ.
“ അളിയനും പെങ്ങളും എന്നതോർക്കാതെ അതിയാന്റെ തോന്ന്യാസമായിരിന്നു”
എന്ന് കടമനിട്ടയെ കൊണ്ട് ചൊല്ലിച്ചത് ഇത്തരം സംഭവം എങ്ങാനും പുള്ളിക്കാരനും സഭവിച്ച് കാണും.
പൈസയുടെ കണക്ക് കൂട്ടൽ ഉഗ്രൻ…….!!!!!!!
"എഗൈന്‍ ശുഭവാര്‍ ആത്താ ഹൈ!!"
കൃത്യം ഒരു മാസത്തിനു ശേഷം, ഒരു സുപ്രഭാതത്തില്‍ മൊബൈലില്‍ ഒരു ശുഭവാര്‍ത്ത വരും...(നമ്പര്‍ തന്നപ്പോ ഓര്‍ക്കണമായിരുന്നു..)
"ചാണ്ടി ആത്താ ഹേ...ബാങ്കളൂര്‍ മേ...ധോടി ദേര്‍ ബാദ്..."
അപ്പോഴേക്കും ഒരു ഇരുപതിനായിരം പലിശക്കെടുത്തു വെച്ചോ....പക്ഷെ ജയനോട് ചെയ്ത കടുംകൈ വെച്ച് നോക്കുമ്പോ ആ പരിസരത്ത് കാണുക പോലുമുണ്ടാവില്ല അല്ലെ...
കഥ ഇഷ്ടായി....
നന്നായിട്ടുണ്ട് :)
ഇടയ്ക്കിടയ്ക്ക് അനിയന്‍ .. മച്ചുനന്‍ എന്നീ രൂപങ്ങളിലും ശത്രുക്കള്‍ അവതരിക്കാറുണ്ട് .. :-)
"അത് നിന്‍റെ കടമയാണെന്ന് കരുതിയാ മതി"
എഗൈന്‍ ശുഭവാര്‍ ആത്താ ഹൈ!!
:D :D
അപ്പോള്‍ ഇനി നാട്ടില്‍ വന്നാല്‍ ബാന്ഗ്ലൂര്‍ ഒന്ന് വരാമെന്നു വച്ചാല്‍ നടക്കില്ല അല്ലെ ...കാരണം നിങ്ങള് മുങ്ങുമെന്നു ഉറപ്പല്ലേ ....ശരിക്കും ചിരിപ്പിച്ചു
വളരെ നന്നായി,അരുണ്‍ ഈ പോസ്റ്റ്. ഒരുപാട് ചിരിച്ചു...
PENGALUM ALIYANUM ITHU VAYICHU KANUMALO ALLE...........Ithrayum vandarunnu........haha itharinjirunnel dinner annu njan pack cheythu thannene.............
എന്നാലും എന്റെ ഗോപാ, സോറി ദീപു....കൂടെ നിന്ന് ചുമ്മാ പണി കൊടുത്ത് കൊണ്ടിരിക്കുവാല്ലേ ?
പിശുക്കന്‍കശ്മലന്‍...ഒന്നുമില്ലേലും അനിയത്തി അല്ലെ മാഷേ...ഇത്തരം ഭാഗ്യം കൂടെ കൂടെ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കാം......സസ്നേഹം
:)
“ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു“
എത്ര മണി മുതൽ എത്ര മണി വരെ? ആഴ്ചയിൽ എന്നൊക്കെയാ?
ആര്‍ക്കും അനുകരിക്കാനാവാത്ത അവതരണശൈലിയൊടെ വീണ്ടും...ചിരിച്ചു ഒരു വഴിയായി. ഒത്തിരി ഇഷ്ടപ്പെട്ടു.
അരുൺ ..സിറ്റികളിൽ താമസിക്കുന്നവർക്ക് കിട്ടുന്ന സ്ഥിരം പണിയാ ഇത്..അനുഭവിക്യാ..അത്രന്നെ..!!!
നന്നായ് എഴുതി..ചിർപ്പിച്ചു..
"സാര്‍, ഇന്ന് പണി ചെയ്യാനുള്ള മെയില്‍ ഒന്നും കിട്ടിയില്ല"
.... പണി പാല്‍പ്പായസത്തില്‍ കിട്ടി. അല്ലെ?
അരുണ്‍ പഴയ ഫോം വീണ്ടെടുത്തു. പുട്ടിനു പീര പോലെ ചിരി .. എനിക്കിഷ്ടപ്പെട്ടു.
അനുഭവം കഥയായി പറഞ്ഞത്
രസിപ്പിച്ചു ചിരിപ്പിച്ചു
ഇത് കിടു...കിക്കിടു....സ്വാഹ....
എന്റമ്മേ... :) :) :)
kalakki annaaa kalakki...
നന്നാകാന്‍ വിചാരിച്ചത് നന്നായി, ഇല്ലെങ്കില്‍ അളിയന്മാര്‍ നന്നാക്കുമായിരുന്നു!
:)
ചാത്തനേറ്:കലക്കന്‍, അപ്പോളിനി ഇതു പോലൊരൂ കലക്കന്‍ കഥ എഴുതാന്‍ ആരേലും വരണ്ടി വരും അല്ലേ?
ചാത്തനേറ്:കലക്കന്‍, അപ്പോളിനി ഇതു പോലൊരൂ കലക്കന്‍ കഥ എഴുതാന്‍ ആരേലും വരണ്ടി വരും അല്ലേ?
Good narration :-)
അരുണെ ഇങ്ങോട്ടു പോരെ ഇവിടെ യാതൊരു കാരണവശാലും അതുപോലെ ഉള്ള പ്രശ്നങ്ങള്‍: ഉണ്ടാവില്ല ,
(പിന്നെ ഞങ്ങളൊക്കെ ഉണ്ടെന്നു മാത്രം :) :))
എഗൈന്‍ ശുഭവാര്‍ ആത്താ ഹൈ!!
ഇതാ പറയണേ വരാനുള്ളത് ആട്ടോയിലും ബസ്സിലും മാത്രമല്ല ട്രെയിന്‍ കയറിയും വരും :)
//"വന്നില്ലെങ്കില്‍ നഷ്ടമായേനേ"
അത് കേട്ടതും എന്‍റെ മനസ്സ് പറഞ്ഞു..
വന്നതേ നഷ്ടമാ!!
കുറച്ച് ദിവസം കൂടി നില്‍ക്കുന്നോ എന്ന് ചോദിച്ചില്ല, ചിലപ്പോള്‍ നിന്നാലോ??//
ഹിഹി.. പാവം അനിയത്തി ഇത് വല്ലതും അറിയുന്നുണ്ടൊ.. :)
850 രൂപേടെ ടിക്കറ്റ്? PVR ല്‍ 250 അല്ലെ മാക്സിമം? ചുമ്മാ പറയാനനെലും ഒരു ലിമിറ്റ് ഇട്ടൂടെ?
വരവ് ചെലവു ബുക്ക് എടുത്തു വെച്ചപ്പോള്‍ ആണല്ലേ ഈ കഥയുടെ ത്രെഡ് കിട്ടിയത്...
എന്തായാലും സംഭവം ജോറായി ട്ടോ..
Kidilan! banglore kaaNaNEl ingane kaaNaNam!
ഇത്തവണ എനിക്കു ശരിക്കും വട്ടായെന്നു
അടുത്ത സീറ്റിലെ ശ്രീലങ്കക്കാരി സുന്ദരിക്കുറപ്പായി..
അല്ലേല്‍ വെറുതേ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി ഉറക്കെ പൊട്ടിച്ചിരിക്കുമോ..
അതും ഓഫീസില്‍ ഏറ്റം തിരക്കുള്ള നേരം.
കിടുക്കന്‍ ഭായി സാബ്
നിഷ്കളങ്കമായ വിവരണം..
ഈ കണക്കുകളെല്ലാം ഒരു എക്സല്‍ ഫയലിലാക്കി അറ്റാച്ച് മെന്റ് കൂടി ചെയ്യാമായിരുന്നു.
:)
സത്യം പറ അരുണേ ഇത് നടന്ന സംഭവം അല്ലെ? എനിക്ക് രണ്ടാഴ്ച മുന്‍പ് ഇതുപോലെ ഒന്ന് നടന്നു, ചെറിയ ചില്ല വെത്യസങ്ങള്‍ മാത്രം, സ്ഥാലം കൊച്ചിന്‍, പിന്നെ സിനിമ രാവാന്‍, കെ എഫ സി , ഒബ്രോണ്‍ അങ്ങനെ പലതും, ഉഗ്രനായിട്ടുണ്ട്.
മച്ചാ..........ഇനി ദിപൂന്റെ ബ്ലോഗും കൂടൊന്നു നോക്കട്ടെ,സത്യം അറിയാന്‍ പറ്റുമോന്നു നോക്കാം...എന്നാലും എന്റെ അളിയാ...
ട്രൌസര്‍?
മൊത്തതില്‍ സ്വാഹാ...
www.venalmazha.com
ഹ അഹ ഹാ, നല്ല രസം ഇത്തിരി ചിരിച്ചു
സന്തോഷം. എഴുത്തില്‍ നല്ല ഒഴുക്ക്
(മുമ്പത്തെ പോസ്റ്റ് വായിച്ച് “ഒന്നും മനസ്സിലായില്ലാ, ഒന്നുകൂടെ വായിക്കാനും നോക്കീലാ“ എന്ന് കമന്റാന്‍ വന്നപ്പോ അവിടെ കന്മന്റണ്ടാന്ന്... ഈ പോസ്റ്റില്‍ ആദ്യം കമന്റ് ബോക്സ് കാണുന്നുണ്ടോ എന്നാ ആദ്യം നോക്കിയത്. അത് കണ്ടതോണ്ട് മാത്രാ വായിച്ചത്.
വായിച്ചാല്‍ തോന്നുന്നത് പറയാന്‍ പറ്റാണ്ട് വന്നാ .... അതില്‍ ഒരു രസല്യാ.. അതാ)
:)
“കഴിഞ്ഞ ജന്മത്തിലെ ശത്രു മകനായി പിറക്കുമെന്ന് കേട്ടിട്ടുണ്ട്, അനുജത്തി ആയും പിറക്കുമോ??“
പിറക്കും പിറക്കും. അനിയത്തിയും ദീപുവും കൂടി ഇരട്ടയായും ചിലപ്പോൾ പിറക്കും. (സ്വാഹ).
നന്നായെഴുതി. ആശംസകൾ.
തകര്‍പ്പന്‍ അണ്ണാ... തകര്‍പ്പന്‍... അമ്മായിടെ മക്കളും വന്നു പോയോ??? കടമൊക്കെ വീട്ടിയോ??? അങ്ങനാണേ നമുക്കൊന്ന് ബാംഗ്ലൂര്‍ കറങ്ങിയാലോ?
കഴിഞ്ഞ ജന്മത്തിലെ ശത്രു മകനായി പിറക്കുമെന്ന് കേട്ടിട്ടുണ്ട്, അനുജത്തി ആയും പിറക്കുമോ??
പിറക്കും...അതുങ്ങള്‍ പണിയും തരും.
ഇവിടത്തെ ഒരു പിസയുടെ കാശ് ചിലവഴിഞ്ഞതിനെ കുറിച്ച് ,അതിമനൊഹരമായി വർണ്ണിച്ച് ,അറുപിശുക്കരാജാവായി വാഴുന്നതിൽ അഭിമാനം തോന്നുന്നൂ.....
ഒപ്പമഭിനന്ദനങ്ങളും നേരുന്നു കേട്ടൊ അരുൺ.
ഇന്നലെ രാത്രി വായിച്ചു. ചിരിച്ച് മരിച്ചത് കാരണം ഇന്നലെ കമന്റാൻ പറ്റിയില്ല :)
പല വിധ വാറുകളുടെ കൂട്ടത്തിൽ ശുഭ വാർ കൂടി വരട്ടെ. നന്നാവാൻ തീരുമാനിച്ചത് നന്നായി..
ഇഷ്ടാായി.. ആശംസകൾ (അനുജത്തിക്ക് )
ഇങ്ങനെ ഒരാങ്ങളയെ കിട്ടിയ ആ അനിയത്തി എത്ര ഭാഗ്യവതിയാണ്...
ഹ..ഹ..ഹ
ചിരിച്ച് തിമിർക്കാൻ ഒരു പോസ്റ്റ് കൂടി...
കലക്കീട്ടോ..
അരുണ്‍ ഭായ് , ഞാന്‍ ഇവിടെ പുതിയതാ...
താങ്കളുടെ എല്ലാ ബ്ലോഗും വായിച്ചിട്ടുണ്ട്...
(ഒറ്റയിരുപ്പില്‍..)
പ്രവീണ്‍ പറഞ്ഞ പോലെ അത്രക്കങ്ങട് പോരാന്നൊരു ഫീലിങ്ങ് ...
കിടിലന്‍ സാധനങ്ങള്‍ പോരട്ടെ...
ആശംസകള്‍
IF YOU DONT MIND PLEASE VISIT MY BLOG AND DROP UR VALUABLE COMMENTS
http://breezyminds.blogspot.com/
പോകാന്‍ നേരം ഞാന്‍ പറഞ്ഞു:
"വന്നില്ലെങ്കില്‍ നഷ്ടമായേനേ"
അരുണ്‍ :)
അരുണ്‍ ഏട്ടാ
കൊള്ളാം ഇഷ്ടമായി
നന്നായി ചിരിച്ചു അരുണ്‍, പലര്‍ക്കും സംഭവിക്കുന്ന എന്നാല്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഫലിതരൂപത്തില്‍ പറഞ്ഞത് വളരെ ഇഷ്ടമായീ ട്ടോ... വീട്ടിലുള്ളവരെല്ലാം വായിച്ചു രസിച്ചു.
ഇഷ്ടായി........
....കാരും...മാരും വലിയ പിശുക്കരാണെന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ ശരിയാണെന്ന് മനസ്സിലായി...
അപ്പളെ നമ്മുടെ ബാലചന്ദ്രമേനോന്‍ ബന്ധുവാണോ?
ഉത്തരേന്ത്യക്കാര്‍ പെങളേയും ജീജാജിയേയും സന്തോഷിപ്പിക്കാന്‍ അങേ അറ്റം വരെ പോകും...ജീജാജിയെ സുഖിപ്പിച്ചാല്‍ അങേര്‍ പെങളെ സുഖിപ്പിക്കും എന്ന സത്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്!!
ഭയ്യാ, ഹം വണ്‍ ഡി ഫില്‍ം ദേഖ്നെ ചലെ?
“നഹി ബേട്ടിയ, ദേഖ്നെക്കാത്തോ ത്രീഡി ഹീ ദെഖ്നെകാഹെ,വോ ഭി പീവിആറ് പ്പെ വൊഭി ഗോള്‍ഡെന്‍ സറ്ക്കിള്‍പര്‍ ബൈഠ്കര്‍”
എന്നാവും അണ്ണന്‍!!!“
ഇനി ഈ ബ്ലോഗ് വായിച്ച് വിരുന്നുകാര്‍ മറ്റ് ബാങ്കളുര്‍കാരെ എടങേറ് ആക്കട്ടെയല്ലെ?
(സിലബസിനു പുറത്തുള്ള വര്‍ത്തമാനം
കോഴിക്കോട് പണിയെടുത്ത് ബാങ്കളൂരില്‍ എത്തിച്ചേറ്ന്നവര്‍ ഒരാള്‍ മാത്രമല്ല)
ആകെക്കൂടി ഒരനിയത്തി. അവൾക്കൊരു ബാഗും മേടിച്ച് കൊടുത്ത് ഇത്തിരി ശാപ്പാടും കൊടുത്തതിനാ ഈ സ്വാഹാ നെലോളി.
ഇത്ര പിശുക്കനായാലോ ?
എന്നാലും കഥ ഇഷ്ടായി. ചിരിപ്പിച്ചതിന് നന്ദി.
ബാഗ്ഗ്ലൂറ് മുടിയാൻ പറ്റിയ ഇടമാ...
പഴയൊരു ബോബനും മൊളിയും ത്രെഡിനു ഇത്ര പുതുമ...അത്ഭുതം
Arun chetta, ennatheyum pole kidilan item. Oru cinema kaanunna pole manasil visualize cheyyan pattum ettante ella postkalum. Oru IT Professional aayathu kondu, Manu nte Office comedy sherikkum enjoy cheyyunnu
ഈ പോസ്റ്റ് കാണാന്‍ വൈകി. വളരെ നന്നായിട്ടുണ്ട്.
ഒരു ചേട്ടന്‍ ഇല്ല എന്ന ദുഖമൊക്ക ഇത് വായിച്ചതോടെ തീര്‍ന്നു കിട്ടി :)
ഈ പോസ്റ്റ് ഇന്നാണു കണ്ടതു. സൂപ്പര്‍ .. ഒരു പാട് ചിരിച്ചു :)
"ഇതും ചേട്ടന്‍റെ കടമയാണെന്ന് കരുതിയാല്‍ മതി"
manu chettaneyum koottukareyum valarey ishtamaayi.. vere oru paniyum illenkilo..divasam sheri alla en thoniyalo ippo ente ashrayam manuchettante veerakadhakal aanu :)
narmmam eeriya manuchettante jeevithathiley kooduthal sandharbhangal vayichariyan kaathirunu kond...
z.s
യാദൃശ്ചികം ആവാം. ഇന്ന് 2014 ഫെബ്രുവരി 18. എനിക്ക് ഓഫീസിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല. മെയില്‍ ബോക്സ്സ് തുറന്ന് നോക്കി, ഇല്ല ഒരു പണിയുമില്ല. അതുകൊണ്ട് പഴയ ബ്ലോഗുകള് മറിച്ചു നോക്കി.
Post a Comment