എന്റെ ജീവിതം എന്നും കൊച്ച് കൊച്ച് മോഹങ്ങള്‍ നിറഞ്ഞതായിരുന്നു..
അമിതാബച്ചനെ പോലെ സിനിമാനടനാകണം, ബില്‍ഗേറ്റ്സിനെ പോലെ പണക്കാരനാകണം, ഒത്ത് വന്നാല്‍ ഐശ്വര്യാറായെ കല്യാണം കഴിക്കണം എന്നിങ്ങനെയുള്ള വളരെ ചെറിയ ആഗ്രങ്ങളുമായി ജീവിക്കുന്ന ഒരു സാധാ മനുഷ്യനായിരുന്നു ഞാന്‍.പക്ഷേ ഒന്നും നടന്നില്ല, അതിനാലാവാം ജീവിതം വിധി പോലെയേ വരുകയുള്ളെന്ന് പണ്ടുള്ളവര്‍ പറയുന്നത്.
ജീവിതത്തില്‍ ഒരു ഭാഗത്ത് കൊച്ച് കൊച്ച് മോഹങ്ങള്‍ നടക്കാതെ പോയപ്പോള്‍ മറ്റൊരു ഭാഗത്ത് വലിയ വലിയ നേട്ടങ്ങള്‍ എന്നെ തേടി വന്നു...
ചായ ഉണ്ടാക്കാന്‍ പഠിച്ചതും, നാരങ്ങാ പിഴിയാന്‍ പഠിച്ചതും, ചാമ്പക്ക തിന്നാന്‍ പഠിച്ചതുമെല്ലാം ഇന്നും എനിക്ക് അത്ഭുതങ്ങളാണ്.
അല്ലെങ്കില്‍ തന്നെ അത്ഭുതങ്ങള്‍ നിറഞ്ഞതാണല്ലോ ജീവിതം!!
ഈ അടുത്ത സമയത്തും എന്റെ ജീവിതത്തില്‍ ഒരു അത്ഭുതം നടന്നു, അതും തീരെ പ്രതീക്ഷിക്കാതെ.അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം പറയാം...
അത്യാവശ്യം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ബ്ലോഗറെയും പോലെ എന്റെ രചനകളും അച്ചടി മഷി പുരളണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.ആദ്യം ശ്രമിച്ചത് പ്രസിദ്ധമായ ഒരു ദിനപത്രത്തിന്റെ ബ്ലോഗുകളെ കുറിച്ച് പ്രതിപാദിക്കുന്ന പംക്തിയിലേക്കാണ്, അയച്ച് കൊടുത്ത കഥകളൊക്കെ മൊഴിമാറ്റി വേറെ ഏതെങ്കിലും ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോന്ന് അറിയില്ലെങ്കിലും അതില്‍ വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
സത്യം.
അങ്ങനെ ഒരു കൂട്ടം കഥകളുടെ പ്രിന്റും എടുത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അച്ഛന് ചോദിച്ചു:
"എന്താ മോനേ, എന്ത് പറ്റി?"
മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല, അറിയാതെ കണ്ണുകള്‍ നിറയുന്നു.ഒടുവില്‍ അച്ചടി മഷി പുരളാത്ത കഥകളെ കുറിച്ചുള്ള എന്റെ ഹൃദയവേദന ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.എല്ലാം കേട്ടപ്പോല്‍ അച്ഛന് പറഞ്ഞു:
"നീ വിഷമിക്കേണ്ടാ, അതിനു വഴിയുണ്ടാക്കാം"
അച്ഛന് വാക്ക് പാലിച്ചു!!
അന്ന് വൈകിട്ട് കായംകുളത്ത് ടൌണില്‍ പോയി തിരിച്ച് വന്ന അച്ഛന്, എന്റെ കൈയ്യില്‍ ഒരു ചെറിയ കുപ്പി തന്നിട്ടു പറഞ്ഞു:
"ഇത് വളരെ നല്ല അച്ചടി മഷിയാ, നല്ല വിലയുള്ളത്....."
അതിന്??
"...മോന് ആഗ്രഹമുള്ള കഥകളിലൊക്കെ ഈ മഷി പുരട്ടിക്കോ"
എത്ര നല്ല അച്ഛന്..
എന്നെ ആക്കിയതാ!!
ഒരു കൈയ്യില്‍ മഷിയും, മറുകൈയ്യില്‍ കഥയുമായി നിന്ന ഒരു പാവം കലാകാരന്റെ മനോവേദന ഞാന്‍ ആരോട് പറയും? ആര് വിശ്വസിക്കും?
വിശ്വസിക്കു സുഹൃത്തുക്കളെ, ഇത് സത്യമാണ്!!!
ദിവസങ്ങള്‍ മാറി മറഞ്ഞ് കൊണ്ടിരുന്നു...
ഒരു സൈഡില്‍ സ്വര്‍ണ്ണവില കൂടി കൂടി വന്നപ്പോള്‍, മറുസൈഡില്‍ എന്റെ ആഗ്രഹം കുറഞ്ഞ് കുറഞ്ഞ് വന്നു.ഒടുവില്‍ ഞാന്‍ ആ സത്യം മനസിലാക്കി..
ഇതൊന്നും നടക്കാന്‍ പോകുന്നില്ല!!
അങ്ങനെയിരിക്കെ ഒരു ദിനം...
മാനത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ നോക്കി അതിനു തല കറങ്ങില്ലേന്ന് ആലോചിച്ചിരുന്നപ്പോള്‍ ഒരു ശബ്ദം കേട്ടു, എന്റെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം.എടുത്ത് നോക്കിയപ്പോള്‍ നമ്മുടെ ബൂലോകം എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന്റെ സാരഥി ജോ ആണ്.പരുന്തിനോട് പിന്നെ കാണാമെന്ന് മനസില്‍ പറഞ്ഞിട്ട് ഞാന്‍ ആ ഫോണ്‍ അറ്റന്റ്ഡ് ചെയ്തു.
"എന്താ ജോ?"
"അരുണിന്റെ കുറച്ച് കഥകളുടെ ലിങ്ക് വേണം"
"എന്തേ? അടുപ്പിലിടാന്‍ വേറെ ഒന്നും കിട്ടിയില്ലേ?"
"അരുണ്‍, ഇതൊരു സീരിയസ്സ് മാറ്ററിനാ"
"കാര്യം വ്യക്തമായി പറ ജോ"
"അത് നമ്മുടെ ബൂലോകം പബ്ലിക്കേഷന്റെ ബാനറില്‍ ഒരു ബുക്ക് ഇറക്കാന്‍ ആഗ്രഹം, അത് അരുണിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് ഇറക്കണമെന്നാ എന്റെ ആഗ്രഹം"
ഒരു നിമിഷം...
സംസാരത്തിലെ പുച്ഛഭാവം മാറി, അറിയാതെ ചാടി എഴുന്നേറ്റ് മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചു പോയി, എന്നിട്ട് ഭവ്യതയോട് ചോദിച്ചു...
തമ്പുരാനെ, അടിയന് എന്താണാവോ ചെയ്യേണ്ടത്??
"ഹേയ്, അരുണ്‍ ഒന്നും ചെയ്യേണ്ടാ.എല്ലാം ഞങ്ങള്‍ ചെയ്തോളാം"
ഉവ്വോ??
നന്ദി..നന്ദി...ഒരായിരം നന്ദി.
ജോ പറഞ്ഞത് ശരിയായിരുന്നു, ഒരു വലിയ സുഹൃത് വലയം തന്നെ ഇതിനായി മുന്നിട്ട് വന്നു.കണ്ണനുണ്ണി, നന്ദേട്ടന്, നിരക്ഷരന് ചേട്ടന്, സജീവേട്ടന്, മനുചേട്ടന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന് തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ ഈ സംരംഭത്തിനായി പ്രത്യക്ഷമായും, പരോക്ഷമായും മുന്നിട്ട് വന്നു.മുകളില്‍ കൊടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റ് അപൂര്‍ണ്ണമാണെന്ന് എനിക്കറിയാം, പക്ഷേ എല്ലാവരുടെയും പേര് എഴുതാന്‍ പോയാല്‍ അത് തന്നെ ഒരു ചെറിയ പോസ്റ്റിനുള്ള വലിപ്പം വരും, ഇനി ആരുടെയും പേര് പ്രത്യേകമായി പറയണ്ടാന്ന് വിചാരിച്ചാല്‍ ഞാന്‍ പറഞ്ഞത് കള്ളമാണെന്ന് പറയും, എന്താ ചെയ്യുക, കലികാലം തന്നെ.
അങ്ങനെ ഒരു വെള്ളിയാഴ്ച പ്രിന്റ് ചെയ്ത കോപ്പികളുടെ പ്രൂഫ് റീഡിംഗിനായി ഞാനും കണ്ണനുണ്ണിയും കൂടി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.കണ്ണനുണ്ണി ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്, ഏഴ് മുപ്പതിനു ബാംഗ്ലൂരില്‍ നിന്നുള്ള 'ഐരാവതം' എന്ന കര്‍ണ്ണാടകയുടെ വോള്‍വോ ബസിലാണ് ടിക്കറ്റ് കിട്ടിയത്...
ആ ബസ്സില്‍ എറണാകുളം വരെ പോകുക, ബസ്സ് സ്റ്റാന്‍ഡില്‍ ജോ പ്രിന്റുമായി വരും, അതുമായി കായംകുളത്തിനു പോകുക, പിന്നെ വിശദമായി പ്രൂഫ് വായിക്കുക, ഞയറാഴ്ച തിരിച്ച് വരുന്ന വഴി അത് ജോയെ ഏല്‍പ്പിക്കുക, തിരികെ ബാംഗ്ലൂരില്‍ വരുക...
ഇതാണ് പ്ലാന്‍!!
ആ വെള്ളിയാഴ്ച വൈകുന്നേരം...
ആറര ആയപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയ എനിക്ക് ഒരു ഫോണ്‍, കണ്ണനുണ്ണിയാ...
"ഹലോ, അരുണേ, പെട്ടന്ന് വാ"
"എന്താ കണ്ണനുണ്ണി?"
"ഇത് പ്രൈവറ്റ് ബസ്സ് പോലെയല്ല, ഏഴര എന്നാല്‍ ഏഴരയാ, ഭയങ്കര കൃത്യനിഷ്ഠയാ"
ഓഹോ...
പിന്നെ ഒന്നും നോക്കിയില്ല, എം.ജി റോഡില്‍ നിന്നും കമ്പേ കുത്തി ചാടി ഞാന്‍ ബസ്സ് സ്റ്റാന്‍ഡിലെത്തി, സമയം ഏഴ് ഇരുപത്.തുടര്‍ന്ന് കണ്ണനുണ്ണിയുമായി ബസ്സ് കാത്ത് നില്‍പ്പ്...
ഏഴരയായി, ഏഴെ മുക്കാലായി, എട്ടായി...
ബസ്സ് വന്നില്ല!!
കണ്ണനുണ്ണിയുടെ വാക്കുകള്‍ മനസില്‍ ഓര്‍ത്തു...
"ഏഴരാന്ന് പറഞ്ഞാല്‍ ഏഴരയാ"
ഇതിപ്പോ ഏഴര മാത്രമല്ല, കണ്ടകനും കൂടിയാണെന്നാ തോന്നുന്നത്!!
പിന്നെയും ഒരു അരമണിക്കൂര്‍ കൂടി കാത്ത് നില്‍പ്പ്...
"കറക്റ്റ് സമയത്ത് വരേണ്ടതാ, വളരെ കൃത്യനിഷ്ഠയുള്ള ബസ്സാ" എട്ടരയായപ്പോള്‍ കണ്ണനുണ്ണിയുടെ ആത്മഗതം.
ഒരു മണിക്കൂര്‍ ലേറ്റായ ശേഷവും, ബസ്സിനു കൃത്യനിഷ്ഠയുണ്ടെന്ന് കണ്ണനുണ്ണിയെ പോലൊരു ലെജന്‍ഡിനു മാത്രമേ പറയാന്‍ സാധിക്കൂ, ഉറപ്പ്!!
എട്ടേ മുക്കാലായപ്പോള്‍ ബസ്സെത്തി...
യാത്ര തുടങ്ങിയ കാര്യം അറിയിക്കാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ വല്യമ്മ ചേദിച്ചു:
"മോന് എങ്ങനാ വരുന്നത്?"
"ഐരാവതത്തിലാ..."
"ആനപ്പുറത്തോ?" വല്യമ്മയുടെ മറുചോദ്യം.
ആ ചോദ്യത്തോടൊപ്പം നാലു കൊമ്പുള്ള ഒരു വെളുത്ത ആനപ്പുറത്ത് സാക്ഷാല്‍ ദേവേന്ദ്രനെ പോലെ ഞാന്‍ വരുന്നത് വല്യമ്മ മനസിലും കണ്ട് കാണും.
ഈ വല്യമ്മയുടെ ഒരു കാര്യം!!
തുടര്‍ന്ന് എറണാകുളത്തേക്ക് യാത്ര...
സംസാരം കായംകുളം സൂപ്പര്‍ഫാസ്റ്റിനെ കുറിച്ച് മാത്രം.ഇടക്ക് കണ്ണനുണ്ണി ചോദിച്ചു:
"പ്രഫസറുടെ ലോകം വായിച്ചിട്ടുണ്ടോ?"
"ഏത് പ്രഫസറുടെ?"
"അരുണേ, പ്രഫസറുടെ ലോകം എന്ന പുസ്തകം"
ഇല്ലെന്ന് മറുപടി നല്കിയപ്പോള് കാഥികന്റെ പേരും വിവരങ്ങളും പറഞ്ഞ് കൊണ്ട് ആ പുസ്തകത്തെ കുറിച്ച് ഒരു ചെറുവിവരണം തന്നു.സംഭവം കോമഡിയാണെന്ന് കേട്ടപ്പോള്‍ ഒരു ആകാംക്ഷക്ക് ചോദിച്ചു:
"അപ്പോ നമ്മുടെ പുസ്തകം പോലെ, അല്ലേ?"
"ഹേയ് അങ്ങനൊന്നുമല്ല, അത് സൂപ്പര്‍ സാധനമാ" കണ്ണനുണ്ണിയുടെ മറുപടി.
എന്ന് വച്ചാല്‍???
ഞെട്ടി നിന്ന എന്നെ നോക്കി ഒരു വളിച്ച ചിരിയോടെ കണ്ണനുണ്ണി പറഞ്ഞു:
"ഞാന്‍ ഉദ്ദേശിച്ചത്...."
വേണ്ടാ, പറയേണ്ടാ...മനസിലായി!!!
"അയ്യോ അരുണേ, അങ്ങനല്ല..."
ഉവ്വ, മനസിലായന്നേ.
ഒരു പ്രാര്‍ത്ഥനയോടെ പതിയെ ഉറക്കത്തിലേക്ക്..
എന്തായാലും കുറ്റം പറയരുത്, പിറ്റേന്ന് വെളുപ്പിനെ ആറ് മണിക്ക് 'ആന' എറണാകുളത്തെത്തി.അവിടെ ജോ കാത്തു നില്‍പ്പിണ്ടായിരുന്നു, ഒരു കെട്ട് പ്രിന്റുമായി...
അവ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ജോ ചോദിച്ചു:
"തുടങ്ങിയാലോ?"
"എന്ത്?"
"പ്രൂഫ് റീഡിംഗ്"
കൊച്ച് വെളുപ്പാന്‍ കാലത്ത് കൊതുകു കടിയും കൊണ്ട് എറണാകുളം ബസ്സ് സ്റ്റാന്‍ഡില്‍ ഇരുന്നു പ്രൂഫ് റീഡിംഗ് നടത്താനാ ജോയുടെ പരിപാടിയെന്ന് മനസിലായപ്പോള്‍ കണ്ണനുണ്ണിയുടെ മുഖം ഇരുണ്ടു, എന്റെ മുഖം കറുത്തു.ഒടുവില്‍ പിറ്റേന്ന് പ്രൂഫ് റീഡ് ചെയ്ത തരാമെന്ന് ജോയെ സമാധാനിപ്പിച്ച് ബസ്സില്‍ കായംകുളത്തേക്ക്, കൂടെ കുറേ മനോഹര സ്വപ്നങ്ങളും....
വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം.ടി.വാസുദേവന്‍ നായര്‍, അരുണ്‍ കായംകുളം...
ഹോ, എനിക്ക് വയ്യ!!
തോട്ടപ്പള്ളി ഭാഗത്തെ ഗട്ടറുകളില്‍ വീണ് വണ്ടി ഉലഞ്ഞപ്പോള്‍, ആര്‍പ്പുവിളികളുമായി ആള്ക്കാര് ആനപ്പുറത്ത് കൊണ്ട് പോകുന്നതായാ മനസില്‍ ഓര്‍ത്തതെന്ന് തോന്നുന്നു.അധികം താമസിക്കാതെ കായംകുളമെത്തി, വീട്ടില്‍ ചെന്ന് ഒരു നൂറ് പേജിന്റെ ബുക്ക് വാങ്ങി ഓട്ടോഗ്രാഫ് എഴുതി കൊടുക്കാന്‍ പഠിക്കണമെന്ന് മനസില്‍ ആലോചിച്ചു കൊണ്ട് സ്റ്റാന്‍ഡിലേക്ക് വലതുകാല്‍ വച്ചു.
തുടര്‍ന്ന് കണ്ണനുണ്ണി രാമപുരത്തേക്കും, ഞാന്‍ ഒന്നാംകുറ്റിക്കും..
പ്രൂഫ് റീഡിംഗ് ആരംഭിച്ചു...
എന്റെ കഥകളുടെ പ്രൂഫ് നോക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടപ്പോള്, മഹാഭാരത്തിന്റെ പ്രൂഫ് നോക്കാന്‍ വ്യാസമഹര്‍ഷി എത്രത്തോളം കഷ്ടപ്പെട്ട് കാണുമെന്ന് ആലോചിച്ചു പോയി, അറിയാതെ അദ്ദേഹത്തെ ബഹുമാനിച്ചു പോയി.
പതിയെ കണ്ണനുണ്ണിയെ വിളിച്ചു:
"കണ്ണനുണ്ണി, ഇപ്പോ ഏത് കഥയാ?"
"ഞാന്‍ ലാസ്റ്റ് കഥയാ നോക്കുത്തത്"
"ഇത്ര പെട്ടന്നോ?"
"അല്ല, ഞാന്‍ ലാസ്റ്റീന്നാ തുടങ്ങിയത്"
നീ പെണ്ണ് കെട്ടിയട്ടാണോടാ എന്‍ഗേജ്മെന്റ് നടത്തുന്നതെന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"ശരി മച്ചാ, കാര്യം നടക്കട്ടെ"
ഗുഡ് നൈറ്റ്!!
പിറ്റേന്ന് തിരികെ പ്രൂഫ് ജോയെ ഏല്‍പ്പിച്ചു, ഇപ്പോള്‍ അത് പ്രിന്റിന്റെ പണിപ്പുരയിലാണ്.ഞാന്‍ എന്തിനാണ് ഇതെല്ലാം ഇവിടെ വിവരിച്ചതെന്ന് ചോദിച്ചാല്‍ ഇങ്ങനെയും കുറേ സംഭവങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണ്, ബ്ലോഗര്‍ ഷായുടെ വാക്കുകള്‍ പ്രകാരം...
"ടിം ടിം ടിം... യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ... മലയാള ബൂലോകം സേ ലേകര്‍ ഭൂലോകം തക് ജാനേവാലീ കായംകുളം സൂപ്പര്‍ഫാസ്റ്റ്, നമ്മുടെ ബൂലോകം പബ്ളിക്കേഷന്‍ പ്ളാറ്റ്ഫോം സേ ഏക് മഹീനേ കേ ബാദ് രവാനാ ഹോ ജായേംഗേ... ഹേ.. ഹും.. ഹോ..."
എല്ലാവരും അനുഗ്രഹിക്കണം, സഹകരിക്കണം, പ്ലീസ്.
ഈ സംരംഭത്തേ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ദയവായി താഴെയുള്ള ലിങ്കില്‍ രേഖപ്പെടുത്തുക...
സ്നേഹിതരുടെ അഭിപ്രായങ്ങള്‍
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം