For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
മദ്യം മനോഹരം
ഒരോരുത്തരും കഥ എഴുതുന്നത് ഒരോ രീതിയിലാണ്.കാമ്പും കഴമ്പുമുള്ള കഥ എഴുതുന്നവനാണത്രേ നല്ല സാഹിത്യകാരന്. ചില സാഹിത്യകാന്മാരെ പോലെ കാമ്പുള്ള കഥകള്‍ എഴുതാന്‍ എന്നെ ഉപദേശിച്ച സുഹൃത്തുക്കള്‍ക്കായി അങ്ങനൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നു.എഴുതിയത് പ്രണയ കഥയാ, വായിച്ചിട്ട് അവരു പറയുവാ ഇതല്ല സാഹിത്യമെന്ന്.ഞാന്‍ പൂര്‍ണ്ണമായി ഒരു കാര്യം മനസ്സിലാക്കി, ഈ സാഹിത്യം എനിക്ക് പറ്റിയ പണിയല്ല.നമുക്ക് ആകെ പറ്റുന്നത് ഓര്‍മ്മയില്‍ മിന്നി മറഞ്ഞതും, പറഞ്ഞ് കേട്ടതുമായ ചില ഇന്‍സിഡന്റ്സ്സ് കുത്തി കുറിക്കാനാണ്.
നീട്ടി പിടിച്ചൊരു പ്രണയ കഥ എഴുതുന്നതിനു പകരം, പ്രണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഇന്‍സിഡന്റ് എഴുതിയിരുന്നേല് പിന്നേം നന്നയേനെ എന്ന് അതേ സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോഴാണ് ഞാന്‍ സതീശന്റെ കാര്യം ഓര്‍ത്തത്.ഈ കഥയിലെ സതീശനും അമിത്തും പേര് മാറ്റിയ രണ്ട് കഥാപാത്രങ്ങളാണ്.അവരുടെ കഥ തുടങ്ങുന്നത് ഒരു ദിവസം വൈകുന്നേരം സതീശന്റെ വീട്ടിലാണ്.
അന്ന് സതീശന് നല്ല ഫിറ്റിലായിരുന്നു, കഴിക്കുന്നത് ബ്രാണ്ടിയാണ്, ഏതാണ്ട് മൂന്ന് പെഗ്ഗില് കൂടുതല്‍ കഴിച്ചിട്ടുമുണ്ട്.കൂടെ ഇരിക്കുന്ന അമിത്ത് അത്യാവശ്യം ഫിറ്റാണ്.എന്റെ നോട്ടം മൊത്തം സതീശനിലാണ്, അവന് ആകെ അപ്സെറ്റാണ്.
സതീശന് പിറുപിറുത്ത് തുടങ്ങി:
"അവള് പോയ് അളിയാ, അവള് പോയി"
ഇതിപ്പോ മുപ്പത്തിരണ്ടാമത്തെ തവണയാണ് അതിയാന് ഇതേ പല്ലവി.സംഭവം സ്ഥിരം പറ്റുന്നത് തന്നെ, കാമുകിയുടെ കല്യാണം കഴിഞ്ഞു.തളര്‍ന്ന് ഇരിക്കുന്ന സതീശനെ ആശ്വസിപ്പിക്കാനാണ് കൈയ്യിലിരുന്ന കാശും കൊടുത്ത് കള്ളും വാങ്ങി ഈ സിറ്റിംഗ്.ഇവിടെ സതീശനെ ആശ്വസിപ്പിക്കേണ്ടത് ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍ എന്റെ കടമയാണ്.കുപ്പി പൊട്ടിച്ച നിമിഷം മുതല്‍ അമിത്ത് തന്റെ ശ്രദ്ധ അതിലേക്കായി, സതീശന് എന്റെ തലയിലായി.
"അവള് പോയ് അളിയാ, അവള് പോയി"
ദേ, പിന്നേം.
മുപ്പത്തി മൂന്ന്.
ഇവിടെയാണ് ഒരു ആത്മാര്‍ത്ഥ സുഹൃത്തായ ഞാന്‍ ബുദ്ധിപരമായി നീങ്ങേണ്ടത്.വാക്കുകള്‍ കുറിക്ക് കൊള്ളുന്നതാവണം, വാചകം അര്‍ത്ഥ സംപുഷ്ടമായിരിക്കണം.ഞാന്‍ പതിയെ സംസാരിച്ച് തുടങ്ങി:
"സതീശാ, ഇതാണ് വിധി"
ഫിറ്റായ തല നാല്‍പ്പത്തിയഞ്ച് ഡിഗ്രി ചരിച്ച് അതിയാന് ഒരു നോട്ടം.വിധി എന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.കളം മാറ്റി പിടിക്കാം.
ശ്രദ്ധയോടെ മുന്നേറാന്‍ ഞാന്‍ തീരുമാനിച്ചു.
"രാധാകൃഷ്ണന്"
ഇത്രയും പറഞ്ഞിട്ട് ഞാനൊന്ന് നിര്‍ത്തി, എന്നിട്ട് നാടകിയമായി ചോദിച്ചു:
"കേട്ടിട്ടുണ്ടോ സതീശാ നീ?"
ഫിറ്റായ സതീശന്:
"പിന്നെ, നിന്റെ അച്ഛനല്ലേ?"
ശരിയാണ്.
അരുണ്‍ കായംകുളം എന്ന പേരില്‍ എഴുതുമെങ്കിലും അരുണ്‍ ആര് എന്നാണ് ശരിക്കുള്ള പേര്.ഇവിടെ ആര് സ്റ്റാന്‍ഡ്സ്സ് ഫോര്‍ രാധാകൃഷ്ണപിള്ള, അതായത് എന്റെ അച്ഛന്.പക്ഷേ അതായിരുന്നില്ല എന്റെ ചോദ്യം.
ഞാന്‍ വീണ്ടും ഒന്നേന്ന് തുടങ്ങി:
"അത് രാധാകൃഷ്ണന്, ഞാന്‍ പറഞ്ഞത് രാധാ കൃഷ്ണന്"
അമിത്തും ആകാംക്ഷയോടെ ശ്രദ്ധിച്ച് തുടങ്ങി.
അടിച്ച് ഫിറ്റായവന്‍മാരുടെ അടുത്ത് രാധയേയും കൃഷ്ണനേയും പറ്റി പറഞ്ഞാ വല്ലതും മനസ്സിലാവുമോ എന്തോ?
എങ്കിലും സതീശനെ ആശ്വസിപ്പിക്കാനുള്ള അവസാന ശ്രമമാണ്, കട്ടക്ക് തുടങ്ങി:
"എടാ, രാധ കൃഷ്ണനെക്കാള് മുതിര്‍ന്നവളായിരുന്നു, പക്ഷേ കൃഷ്ണന്റെ പ്രണയിനി ആയിരുന്നു.കര്‍മ്മഫലം നിമിത്തം കൃഷ്ണനു രാധയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് പതിനായിരത്തെട്ട് പേരെ അദ്ദേഹം കല്യാണം കഴിച്ചു, സ്നേഹിച്ചു, സുഖമായി ജീവിച്ചു"
ഞാന്‍ സൂക്ഷിച്ച് നോക്കി, സംഭവം ഏറ്റ മട്ടുണ്ട്, അമിത്തും സതീശനും ശ്രദ്ധ പൂര്‍ണ്ണമായി എന്നിലേക്കാക്കി.
ഞാന്‍ തുടര്‍ന്നു:
"കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേങ്കിലും നീ ഒന്ന് ആലോചിച്ച് നോക്കിയെ, നമ്മള് കൃഷ്ണന്റെ പ്രണയം എന്ന് പറയുമ്പോ രുക്മിണിയേയോ, സത്യഭാമയേയോ, ജാംബവതിയേയോ, കാളിന്ദിയേയോ ഓര്‍ക്കാറില്ല, എല്ലാവരും ഓര്‍ക്കുന്നത് ഒരേ ഒരു മുഖം മാത്രം, രാധ"
എ പെര്‍ഫക്റ്റ് എക്സാമ്പിള്‍.
ഇനി കാമുകി എവിടെ ആയിരുന്നാലും പ്രണയം ശ്വാശ്വതമാണെന്നും, അത് അനന്തമാണെന്നും പറഞ്ഞാ എന്റെ വാചകം പൂര്‍ത്തിയാവും.നേരിട്ട് അത് പറഞ്ഞാ ഒരു പഞ്ചില്ല, അതിനു ഒരു പ്രത്യേക രീതി വേണം.
ഞാന്‍ വീണ്ടും തുടങ്ങി:
"രാധാ കൃഷ്ണന്, ഇപ്പോ മനസ്സിലായോ?"
അമിത്തിനെ നോക്കിയപ്പോ മനസ്സിലായ മട്ടില്‍ അവന് തലയാട്ടി.ഞാന്‍ തല തിരിച്ച് സതീശനെ നോക്കി:
"മനസ്സിലായോ സതീശാ നിനക്ക്?"
എന്റെ ചോദ്യം കേട്ടതും എല്ലാം മനസ്സിലായ മട്ടില്‍ തല കുലുക്കിയട്ട് സതീശന് ചോദിച്ചു:
"പിന്നെ, നിന്റെ അച്ഛനല്ലേ?"
എന്റെ കണ്ണില്‍ കൂടി പൊന്നീച്ച് പറന്നു.
ബ്ലഡി ഫൂള്‍!!!
ചുമ്മാതല്ല ഇവനെ പെണ്ണ് ഉപേക്ഷിച്ച് പോയത്.
ഇനി എന്ത് പറയണമെന്ന് അറിയാതെ ദയനീയമായി അമിത്തിനെ നോക്കിയപ്പോ അവന് എന്നോട്:
"നിന്റെ വീട്ടില്‍ ഇത്ര പ്രശ്നം ഉണ്ടായിരുന്നോ?"
ഉണ്ട!!!
ചില മദ്യപാന സദസ്സുകള്‍ കൊലപാതകത്തില്‍ കലാശിക്കുന്നത് ഇങ്ങനായിരിക്കും.ഒന്നും മിണ്ടാതെ ആ പിമ്പിരികളെ അവിടെ വിട്ടിട്ട് ഞാന്‍ ഇറങ്ങി നടന്നു.ഇനി മേലാല്‍ കാമുകിയെ നഷ്ടപ്പെട്ട ഒരു കാമുകനെയും ഉപദേശിക്കാന്‍ ഞാനില്ല, എന്റെ കൃഷ്ണാ, കണ്ണാ, മുകുന്ദാ, കാത്തോളണേ.
അച്ഛന്കുട്ടി അവതാരമായി

കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഞാന്‍ എന്നും പങ്ക് വച്ചത് നിങ്ങളോടൊപ്പമാണ്, ഇതാ എന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം, എനിക്കൊരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു.ഈ കന്നി മാസത്തിലെ തിരുവാതിര നാളില്‍ അവള് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.കരിമുട്ടത്തമ്മ കനിഞ്ഞ് നല്കിയ കുഞ്ഞിനൊപ്പം ഇരുന്നപ്പോള്‍ എല്ലാവര്ക്കും നന്ദി പറയേണമെന്ന് തോന്നി...
നന്ദിയുണ്ട്, എല്ലാവരോടും...
നിങ്ങളുടെ പ്രാര്‍ത്ഥനക്ക്, ആശംസക്ക്....
നന്ദി, നന്ദി, നന്ദി.
(അമ്മയും കുഞ്ഞും ഈശ്വരാനുഗ്രഹത്താല്‍ സുഖമായി ഇരിക്കുന്നു, ഈ ഞാനും)
മേല്‍ സൂചിപ്പിച്ചത് എന്റെയും ദീപയുടെയും ജീവിതം.എന്നാല്‍ ഇനി പറയാനുള്ളത് ഈ ബ്ലോഗിലെ നായകനായ മനുവിന്റെയും, അവന്റെ ഭാര്യ ഗായത്രിയുടെയും ജീവിതത്തെ കുറിച്ചാണ്, അവരുടെ കുഞ്ഞിനെ കുറിച്ചാണ്...
കഥ മനുവിന്റെ കാഴ്ചപ്പാടില്‍...
2010 സെപ്റ്റംബര്‍ 30
എല്ലാവരും ടെന്‍ഷനിലാണ്...
ഞാന്‍, എന്റെ വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, എന്തിനു ഇന്ത്യാ മഹാരാജ്യം തന്നെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.എല്ലാവര്ക്കും ഒരേ ഒരു ചിന്ത മാത്രം...
അയോധ്യാവിധി എന്താവും??
ഞാന്‍ അതിലും ടെന്ഷനിലാ, എനിക്ക് അയോധ്യാവിധി മാത്രമല്ല പ്രശ്നം, എന്റെ പെമ്പ്രന്നോത്തി ലേബര്‍ റൂമിലാ...
ആ വിധി എന്താവും??
രണ്ട് വിധിയെ കുറിച്ചും ആലോചിച്ചിരിക്കേണ്ടി വന്നത് എന്റെ വിധി.അക്ഷമനായി, ഈശ്വരനെയും പ്രാര്‍ത്ഥിച്ച് ആ ലേബര്‍ റൂമിനു മുമ്പില്‍ ഞാന്‍ സമയം തള്ളി നീക്കി കൊണ്ടിരുന്നു...
സത്യത്തില്‍ രാവിലെ അവളെ മുറിയില്‍ കയറ്റിയതാ, ചെറിയ വേദന ഉണ്ടെന്ന് നേഴ്സ് പറഞ്ഞു, പിന്നെ ഒന്നും അറിയില്ല.ഇടക്കിടെ നേഴ്സുമാര്‍ പുറത്തേക്ക് ഓടുന്നു, ഡോക്ടര്‍ അകത്തേക്ക് ഓടുന്നു, വേറെ ഗര്‍ഭിണികള്‍ ലേബര്‍ റൂമിലേക്ക് ചാടി കയറുന്നു, എന്ന് വേണ്ടാ, ആകെ ബഹളം.ഇച്ഛിരി രാഷ്ട്രിയത്തിന്റെ അസ്ക്കിത ഉള്ള ചേട്ടനാണ് ബ്ലഡ് ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനായി വന്നിട്ടുള്ളത്.അതിനാല്‍ തന്നെ വിധി വരുന്നതിനു മുന്നേ പ്രസവം നടക്കണമെന്നാണ് എന്റെ ആഗ്രഹം.ഇല്ലെങ്കില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് അലറി കൊണ്ട് ചേട്ടന് ഇറങ്ങി ഓടിയാല്‍ ഞാന്‍ എന്തോ ചെയ്യും??
ആകെ ടെന്‍ഷന്‍!!
മൂന്ന് മൂന്നര ആയപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ താഴെ ക്യാന്റീനില്‍ പോയി ഒരു ചായ കുടിച്ചിട്ട് തിരിച്ച് വന്നു.നോക്കിയപ്പോള്‍ എല്ലാവരും ചിരിച്ചോണ്ട് നില്ക്കുന്നു.ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നിന്ന എന്റെ അടുത്തേക്ക് ചേട്ടന് വന്നു, എന്നിട്ട് പറഞ്ഞു:
"ഡോണ്ട് വറി, ദൈവം സഹായിച്ചു"
"എന്തായി?"
"മൂന്നായിട്ട് പകുത്ത് എടുക്കാന്‍ തീരുമാനമായി"
"എന്ത്?"
"അയോധ്യാ ഭൂമി"
ശ്ശെടാ!!!
പേടിച്ച് പോയി.
അങ്ങനെ അന്ന് മൊത്തം കാത്തിരുന്നത് വെറുതെയായി, അവള് പ്രസവിച്ചില്ല.
ഒക്റ്റോബര്‍ ഒന്ന്...
രാത്രി പന്ത്രണ്ട് മണി...
വാതുക്കല് ഉറക്കം തൂങ്ങി നിന്ന എന്നെ വിളിച്ചുണര്‍ത്തി സിസ്റ്റര്‍ പറഞ്ഞു:
"ചെറിയ വേദന തുടങ്ങിയട്ടുണ്ട്"
ദൈവമേ, കാത്തോളണേ...
സത്യത്തില്‍ ഗായത്രിയെയും കൂട്ടി മൂന്ന് ഗര്‍ഭിണികള്‍ ലേബര്‍ റൂമിലുണ്ട്.പക്ഷേ ഒരുത്തിയുടെ ഹസ്സ് ഗള്‍ഫിലാ, മറ്റവുളുടേത് എസ്സ്.ഐ ആണത്രേ, അയോധ്യാവിധി വന്ന കാരണം ഡ്യൂട്ടിയിലാണ് പോലും.അതിനാല്‍ തന്നെ അന്നേ ദിവസം ലേബര്‍ റൂമിനു മുന്നിലിരുന്ന് ടെന്‍ഷനടിക്കാന്‍ പാവം ഞാന്‍ മാത്രം, വേറെ ഒരു ഹസ്സ്ബന്റും എനിക്ക് കൂട്ടിനില്ല.
അങ്ങനെ രാവിലെ എട്ട് മണി ആയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്മാര് പോയി, വേറെ സിസ്റ്റര്മാര് വന്നു.എല്ലാം പിശക് സാധനങ്ങള്‍, എന്ത് ചോദിച്ചാലും ചൂടായി മാത്രമേ മറുപടി പറയു.
എട്ടര ആയപ്പോള്‍ അതിലൊരുത്തി വന്ന് ചോദിച്ചു:
"ഗായത്രിയുടെ ആരെങ്കിലും ഉണ്ടോ?"
ഉണ്ടേ, അടിയനുണ്ടേ!!
ആകാംക്ഷയോടെ ഓടി ചെന്ന എന്നോട് അവര്‍ പറഞ്ഞു:
"നിങ്ങളുടെ ഭാര്യക്ക് ഓപ്പറേഷന് നടത്തേണ്ടി വരും"
"എന്തേ?"
"നിങ്ങളുടെ കുട്ടിയുടെ തല മുകളിലാണ്"
അറിയാതെ തിരികെ ചോദിച്ച് പോയി:
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്റെ താഴെയാണോ?"
പാവം സിസ്റ്റര്‍!!
അവര്‍ക്ക് മിണ്ടാട്ടമില്ല.
മനസാന്നിദ്ധ്യം വീണ്ട് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:
"എന്നല്ല, അമ്മയുടെ വയറ്റില്‍ കുഞ്ഞിന്റെ തല മുകളിലായ പൊസിഷനിലാ.തല താഴെയും, കാല് മുകളിലും വന്നാല്‍ മാത്രമേ സുഖ പ്രസവം നടക്കു"
ഓ, എന്ന്...
അല്ലേലും എന്റെ കുഞ്ഞിനു തലകുത്തി നില്ക്കുന്ന സ്വഭാവം കാണില്ല.
ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്ന് പറഞ്ഞു:
"ദൈവം കാത്തു, സുഖപ്രസവം, പെണ്‍കുഞ്ഞ്"
ഒരു നിമിഷം...
മനസ്സില്‍ ആയിരം തിരമാല ഒന്നിച്ച് ഉയരുന്ന പോലെ ആകെ സന്തോഷം, ഒരു ധൈര്യത്തിനു വീഴാതിരിക്കാന്‍ അടുത്ത് നിന്ന അമ്മയെ മുറുകെ പിടിച്ചു.ഒരു രണ്ട് മിനിറ്റ് എടുത്തു ഒന്ന് നോര്മലാകാന്...
പിന്നെ ആകെ ബഹളം...
ഞങ്ങളുടെ നാട്ടില്‍ ഒരു ചടങ്ങുണ്ട്, കുട്ടിയുടെ അച്ഛന് സ്വര്‍ണ്ണം തേനില്‍ ചാലിച്ച് കുഞ്ഞിന്റെ വായില്‍ വച്ച് കൊടുക്കണം.എന്നിട്ടേ മറ്റുള്ള ബന്ധുക്കളെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകുകയുള്ളു.അങ്ങനെ തേനും, സ്വര്‍ണ്ണവുമായി അകത്തേക്ക് ഞാനും അമ്മയും കയറിയപ്പോള്‍ അച്ഛന് ചെവിയില്‍ പറഞ്ഞു:
"ദക്ഷിണ കൊടുത്തേ കുഞ്ഞിനെ വാങ്ങാവു"
ശരി അച്ഛാ!!
കുറച്ചില്ല, അഞ്ഞൂറ് രൂപ ദക്ഷിണ കൊടുത്തു.കുഞ്ഞിനെ കൈയ്യില്‍ വാങ്ങി സ്വര്‍ണ്ണം അരച്ച തേന്‍ നാക്കില്‍ പുരട്ടിയപ്പോള്‍ അവള് നുണഞ്ഞ് ഇറക്കുന്നു.
പതിയെ കുഞ്ഞുമായി പുറത്തേക്ക്...
കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം രേഖപ്പെടുത്തി...
"മൂക്ക് അച്ഛനെ പോലെയാ" വല്യമ്മ.
"നാക്ക് അമ്മയെ പോലെയാ" കുഞ്ഞമ്മ.
"കണ്ണ് അച്ഛനെ പോലെയാ" അപ്പച്ചി.
"ചിരി അച്ഛനെ പോലെയാ" അമ്മാവി.
മാക്സിമം പോയിന്റ് അച്ഛന്...
എല്ലാവരും കൂട്ടത്തോടെ പറഞ്ഞു:
"ഇത് അച്ഛന്കുട്ടി തന്നെ"
വീണ്ടും എന്റെ മനസ്സ് നിറഞ്ഞു.
സിസ്റ്ററുടെ അഭിപ്രായ പ്രകാരം കുഞ്ഞിനെ തിരികെ കിടത്താന്‍ ലേബര്‍ റൂമിലേക്ക് തിരിച്ച് കയറിയപ്പോഴാണ് സപ്തനാഡികളും തകര്‍ക്കുന്ന ഒരു ദൃശ്യം ഞാന്‍ കണ്ടത്....
നിറവയറുമായി ഗായത്രി അതാ മുന്നില്‍!!!
അവള് ഒരു ചോദ്യം:
"ചേട്ടാ, ഇത് ഏതാ കുട്ടി?"
കര്‍ത്താവേ!!!
ഇത് ഏതാ കുട്ടി???
വിക്കി വിക്കി ഞാന്‍ തിരികെ ചോദിച്ചു:
"നീ പ്രസവിച്ചില്ലേ?"
"ഇല്ല, മറ്റേ കുട്ടിയാ പ്രസവിച്ചത്, അതും ഗായത്രിയാ"
എന്റെ കാടാമ്പുഴ ഭഗവതി!!!
കൂമ്പിനു ഇടി കിട്ടാന്‍ ഇനി എന്തോ വേണം??
എനിക്ക് തല കറങ്ങി തുടങ്ങി.
പുറത്ത് വന്ന് സത്യം പറഞ്ഞപ്പോള്‍ ആര്‍ക്കും അനക്കമില്ല.തലക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന എന്റെ കൈയ്യില്‍ ദക്ഷിണയായി വാങ്ങിയ അഞ്ഞൂറ് രൂപ തിരികെ തന്നിട്ട് സിസ്റ്റര്‍ ചോദിച്ചു:
"താന്‍ ആരുടെ ഭര്‍ത്താവാ?"
"ഗായത്രിയുടെ..."
"തനിക്കത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ?"
ശരിയാ, പറയാമായിരുന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു, ഗായത്രിക്ക് ഓപ്പറേഷന് വേണമത്രേ, ഭര്‍ത്താവ് ഒപ്പിട്ട് കൊടുക്കണം പോലും...
ഒപ്പിട്ട് കൊടുത്തു!!
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസേറിയന് കഴിഞ്ഞതായി അറിയിപ്പ് വന്നു.മനസില്‍ തിരമാലയില്ല, കണ്ണില്‍ ആകാംക്ഷയില്ല, നെഞ്ചില്‍ ആക്രാന്തമില്ല.തേനും സ്വര്‍ണ്ണവുമായി പതിയെ അകത്തേക്ക്...
റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച...
ദേ നിറവയറുമായി ഗായത്രി നില്ക്കുന്നു!!!
കടവുളേ..
ഇവള് ഇത് വരെ പ്രസവിച്ചില്ലേ??
എന്റെ സംശയം അമ്മ ഉറക്കെ ചോദിച്ചു:
"ഇപ്പോഴും മോളല്ലേ പ്രസവിച്ചത്?"
"ഹേയ്, അത് ഞാനാകാന്‍ വ്ഴിയില്ല" അവളുടെ മറുപടി.
അഞ്ഞൂറ് രൂപ കിട്ടുമെന്ന് കരുതിയാകണം പഴയ സിസ്റ്റര്‍ ഓടി വന്നു, ഗായത്രിയെ ചൂണ്ടി അവരോട് ഞാന്‍ പറഞ്ഞു:
"സിസ്റ്റര്‍, ഈ ഗായത്രിയാ എന്റെ ഭാര്യ"
അവര്‍ അറിയാതെ തലയില്‍ കൈ വച്ചു.
ഹല്ല, അവര്‍ എന്നെ കൊണ്ട് തോറ്റ് കാണണം.ആദ്യം ഗള്‍ഫുകാരന്റെ കുഞ്ഞിനു സ്വര്‍ണ്ണം കലക്കി കൊടുത്തു, പിന്നെ എസ്.ഐയുടെ ഭാര്യയുടെ സിസേറിയന് നടത്താന്‍ ഒപ്പിട്ട് കൊടുത്തു, എല്ലാം കഴിഞ്ഞിട്ടും എന്റെ ഭാര്യ നിറവയറുമായി അവിടെ നില്ക്കുന്നതേയുള്ളു...
അത് പിന്നെ ഞാനറിഞ്ഞോ, എസ്.ഐയുടെ ഭാര്യയും ഗായത്രി ആണെന്ന്??
എന്തായാലും ഇക്കുറി കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് പോയില്ല, അതിനാല്‍ തന്നെ ഇതും എന്റെ കുഞ്ഞാണെന്ന് ആരും പറഞ്ഞുമില്ല, ഭാഗ്യം.
പത്തര ആയപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്നു.ഗായത്രിയെ ഓപ്പറേഷന് തീയറ്ററിലേക്ക് കൊണ്ട് പോകുവാണെന്ന് കേട്ടപ്പോള്‍ അറിയാതെ ചോദിച്ചു:
"വേറെ ഗര്‍ഭിണികള്‍ അകത്ത് ഇല്ലല്ലോ, അല്ലേ?"
"ഇല്ലേ, ഇല്ല" സിസ്റ്ററിന്റെ മുഖത്ത് ചിരി.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയിപ്പ് വന്നു..
സിസേറിയന് കഴിഞ്ഞു...
പെണ്‍കുട്ടി!!
വല്യമ്മ ഓടി വന്ന് സന്തോഷവര്‍ത്തമാനം അറിയിച്ചു:
"എടാ, നിന്റെ മൂന്നാമത്തെ കുഞ്ഞും പെണ്കുഞ്ഞാ"
എന്റെയോ??
"അല്ല, ഈ കുഞ്ഞും പെണ്കുഞ്ഞാ" വല്യമ്മ തിരുത്തി.
കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!
തിരികെ കുഞ്ഞുമായി പുറത്ത് വന്നപ്പോള്‍ വല്യമ്മക്ക് പിന്നേം സംശയം:
"ഇതിനെ നമ്മുടെ ഗായത്രി തന്നാണോ പ്രസവിച്ചത്?"
"അതേ വല്യമ്മേ"
"എന്നാ മൂക്ക് നിന്റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ...
ചുറ്റുവട്ടത്ത് നിന്ന് അഭിപ്രായങ്ങള്‍ ഏറുന്ന്..
അതേ, എനിക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നു..
അച്ഛന്കുട്ടി അവതാരമായി!!
വാല്‍കഷ്ണം:
മനുവിന്റെ കഥ അങ്ങനെ നില്ക്കട്ടെ, ഇനി എന്റെ മകളുടെ കാര്യം പറയുകയാണെങ്കില്‍ ഒക്റ്റോബര്‍ 28 നു അവള്‍ക്ക് പേരിട്ടു...
ഗൌരിനന്ദ
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com