
കല്യാണത്തിന്റെ മുന്നോടിയായ ചടങ്ങുകള്‍ രസകരമാണ്..
പെണ്‍കുട്ടിക്ക് കല്യാണപ്രായം ആവുന്ന മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ട് വന്ന മാതാപിതാക്കളെക്കാള്‍, വളര്‍ന്ന് വന്ന പെണ്കുട്ടിയെക്കാള്, ഈ കല്യാണത്തിനു ഉത്സാഹം മറ്റ് പലര്‍ക്കുമാണ്.സമാധാനത്തില്‍ ജീവിക്കുന്ന കുടുംബത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ അവര്‍ വന്ന് കേറും.കല്യാണ മാമാങ്കം എന്ന മഹോത്സവം അവിടെ ആരംഭിക്കുകയായി.എന്റെ വീട്ടിലും അങ്ങനെ കുറേ ചടങ്ങുകള്‍ അരങ്ങേറി.
ആ ചടങ്ങുകള്‍ ഞാനിവിടെ വിശദീകരിക്കട്ടെ...
രണ്ട് വര്‍ഷം മുമ്പുള്ള ഒരു സുപ്രഭാതം.
അമ്മ തന്ന ചൂട് ചായയും കുടിച്ച്, ഭാവിജീവിതം സ്വപ്നം കണ്ട് ഞാനിങ്ങനെ ഇരിക്കുന്നു.ഇന്നത്തേ പോലൊന്നുമല്ല, അന്നെനിക്ക് വ്യക്തമായ രണ്ട് ഉദ്ദേശങ്ങളുണ്ട്..
ഒന്ന്, ഓണം ബമ്പര്‍ ലോട്ടറി അടിക്കണം.അതിനുമുണ്ട് നിബന്ധന, കൂടെ കിട്ടുന്ന ഒരു കിലോ സ്വര്‍ണ്ണവും മാരുതി കാറും തന്നില്ലെങ്കിലും ഒരു കോടി രൂപ കാശായി കിട്ടണം.രണ്ട്, കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ് സത്യം.
ഈ സമയത്താണ് അവതാര്‍ അവതരിക്കുന്നത്..
കെ.പി,എസി ലളിതയുടെ ഭാവവും, ഫിലോമിനയുടെ നാക്കുമായി ഒരു മുറ്റ് സാധനം.എനിക്ക് പണ്ടേ ഇമ്മാതിരി ഐറ്റംസിനോട് ഒരു അലര്‍ജിയാ, അതിനാല്‍ തന്നെ ഇരുന്ന പൊസിഷനില്‍ തന്നെ ആസനം ഉറപ്പിച്ച് ഞാന്‍ അവരെ ഒന്ന് നോക്കി, എന്നിട്ട് ബാസ്സ് കൂട്ടി ചോദിച്ചു:
"ആരാ?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"നിന്റെ തന്തയില്ലിയോടാ ഇവിടെ?"
അള്ളാ, അമ്മച്ചി പുലിയാരുന്നോ!!
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
അല്ലേല്‍ ആ സമയത്തെങ്ങനാ നിലത്ത് ഉറപ്പിച്ച് വച്ചിരുന്ന ആസനം ഉയര്‍ന്ന് പോയത്!!
പണ്ട് അസംബ്ലിക്ക് 'ഓള് ഓഫ് യൂ, അറ്റന്ഷന്' എന്ന് കേള്‍ക്കുമ്പോ ചാടി നില്ക്കുന്ന പോലെ ഞാന്‍ നിന്ന് പോയി, സത്യം.
എന്താണെന്ന് അറിയില്ല, എനിക്ക് അവരോട് ഒരു ബഹുമാനമൊക്കെ വന്ന പോലെ..
"അച്ഛന് അമ്പലത്തിലോട്ട് പോയി, ആരാ മനസിലായില്ല"
"അത് നിന്റെ തള്ളയോട് പറഞ്ഞോളാം"
ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി അവര്‍ നേരെ അടുക്കളയിലേക്ക്.
അവരുടെ വരവും ചോദ്യവും സ്വാതന്ത്യവും കണ്ടപ്പോ ഒന്ന് ഉറപ്പായി, സാധാരണ ബാധയൊന്നുമല്ല സാക്ഷാല്‍ കള്ളിയങ്കാട്ട് നീലിയാ.'എന്റെ കടമറ്റത്തച്ചാ' എന്ന് ആര്‍പ്പ് വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ഞാനും ഓടി.
അവിടെ കണ്ട കാഴ്ച..
പൊന്നുമോനു വേണ്ടി അമ്മ തയ്യാറാക്കിയ പുട്ട് വിത്ത് കുറ്റി, അവര്‍ അണ്ണാക്കിലോട്ട് താഴ്ത്തുന്നു.തുടര്‍ന്ന് തൊണ്ടയില്‍ തങ്ങിയിരിക്കുന്നത് കുത്തിയിറക്കാന്‍ ഒരു ഏത്തപ്പഴവും കൂടെ ഒരു മൊന്ത ചായയും.
ഭവതി ആരാണാവോ??
അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇവിടെ രണ്ടും സംഭവിച്ചില്ല!!
ദെന്‍ ഹൂ ഈസ് ദിസ്??
കഥ അവിടെ തുടങ്ങുകയായി..
അവരൊരു ബ്രോക്കറി ആയിരുന്നു...
രണ്ട് ഹൃദയങ്ങളെ, രണ്ട് മനുഷ്യരെ, രണ്ട് സമൂഹങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന ബ്രോക്കര്‍ വിഭാഗത്തിന്റെ സ്ത്രീലിംഗം.കുറ്റം പറയരുത് പെണ്ണുമ്പിള്ളക്ക് നല്ല രാശിയാ, അവര്‍ക്ക് പുറകേ പലരും വന്നു.എല്ലാം കല്യാണ ആലോചനക്കാര്..
"തെക്കൊരു പയ്യനുണ്ട്, നല്ല കുടുംബമാ, മോക്ക് ചേരും"
"തെക്കെന്ന് പറഞ്ഞാ?"
"തെക്കെന്ന് പറഞ്ഞാ കുറേ തെക്കാ, ദോ അവിടെ"
വിശ്വാസം വരാനായി അയാള്‍ തെക്കോട്ട് കൈ ചൂണ്ടി!!
ശരിയാ, തെക്ക് തന്നെ!!
"പയ്യന് എന്തോ ചെയ്യുന്നു?"
ഈ ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ട്:
"പയ്യന് ഗള്ഫിലല്ലിയോ!! വല്യ ജോലിയാ"
ഓഹോ!!
"ഗള്‍ഫില്‍ എവിടാ?"
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
തുടര്‍ന്ന് വിശ്വാസം വരാന്‍ ഒരു വിശദീകരണവും:
"അമേരിക്കയിലെ അറബിയുടെ അടുത്താളാ ഈ പയ്യന്"
ഇത്രേം പറഞ്ഞ്, ഒരു ജാതകവും കൊടുത്ത്, നൂറ് രൂപയും വാങ്ങി അവതാര്‍ അപ്രത്യക്ഷനാകും.
തുടര്‍ന്ന് അമ്മയുടെ റോള്‍..
അമ്മ നേരെ ഫോണെടുത്ത് വല്യമ്മയെ വിളിക്കും..
"ചേച്ചി, മായക്ക് ഇന്നൊരു ആലോചന വന്നു"
കേട്ടപാതി കേള്‍ക്കാത്ത പാതി വല്യമ്മയുടെ ഡയലോഗ്:
"നല്ലതാണേ നീയങ്ങ് ഉറപ്പിച്ചേരെ, നമുക്കിത് ഉടനെ നടത്താം"
അതിനു ശേഷമാണ് അന്വേഷണം:
"ആട്ടെ, പയ്യനെവിടുന്നാ"
"തെക്കൂന്നാ"
"ആണോ, അത് നന്നായി"
വല്യമ്മ ഇങ്ങനാ, തെക്കൂന്നായാലും വടക്കൂന്നായാലും കിഴക്കൂന്നായാലും, പടിഞ്ഞാറൂന്നായാലും നന്നായി എന്നല്ലാതെ ഒന്നും പറയില്ല, എല്ലാം നന്നായി.
വല്യമ്മ എഗൈന്‍:
"ആട്ടെ, പയ്യനു ജോലിയുണോ?"
"അമേരിക്കയിലാ, ഒരു അറബിയുടെ കൂടാ"
"ആണോ, അതും നന്നായി"
വല്യമ്മയുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന വസുമതി ടീച്ചറിന്റെ മോന് ഇപ്പോ കുവൈറ്റിലാണത്രേ.അവിടുത്തെ പേര് കേട്ട ഒരു അറബിയുടെ കൂടെയാണ് അയാളുടെ ജോലി.ടീച്ചറിന്റെ മോനോട് പറഞ്ഞ് കുവൈറ്റിലുള്ള അറബിയെ കൊണ്ട് അമേരിക്കയിലുള്ള അറബിയോട് ചോദിച്ച് പയ്യന്റെ വിവരങ്ങള്‍ അറിഞ്ഞ് തരാമെന്ന് വല്യമ്മ ഏറ്റു.
അത് കേട്ടതും അമ്മയുടെ സന്തോഷത്തോടുള്ള ആത്മഗതം:
"ചേച്ചി പണ്ടേ സ്നേഹമുള്ളതാ"
വല്യമ്മയുടെ മാസ്റ്റര്‍പ്ലാന്‍ കേട്ട് തലയില്‍ കൈ വച്ച് കസേരയില്‍ ഇരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.
പാവം അച്ഛന്!!
ഇനി എന്റെ റോള്‍..
ജാതകം നോക്കിക്കാനുള്ള ചുമതല എനിക്കാണ്.ആദ്യമൊക്കെ ഒന്നോ രണ്ടോ ജാതകം മാത്രമേ ഉണ്ടായിരുന്നുള്ളു.ക്രമേണ അവയങ്ങ് പെറ്റു പെരുകി.പല ബ്രോക്കര്‍മാര്‍ നല്കിയ ജാതകങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക, അത് ജ്യോത്സ്യനെ കൊണ്ട് പോയി കാണിക്കുക, തിരികെ ആള് മാറാതെ കൊടുക്കുക എന്നിവയെല്ലാം എന്റെ ജോലി ആയിരുന്നു...
എല്ലാ ശനിയാഴ്ചയും ആ വാരത്തിലെ കളക്ഷനുമായി ഞാന്‍, ബ്രഹ്മശ്രീ കുടുംബശ്രീ ജ്യോതിഷശ്രീ ആക്രാനന്ദസ്വാമിയെ കാണാന്‍ യാത്രയാകും.സ്വാമി പറയുന്നതാണ് വീട്ടില്‍ വേദവാക്യം.ഒരു നാള് സൈക്കളിനു പുറകില്‍ ഒരു കെട്ട് പേപ്പറുമായി പോകുന്ന എന്നെ ഒരു അപരിചിതന് തടഞ്ഞു, എന്നിട്ട് പറഞ്ഞു:
"ആക്രിക്കാര്‍ക്കും യൂണിയനുണ്ട്, വെറുതെ പേപ്പര്‍ കൊണ്ട് പോയി ചന്തയില്‍ വിറ്റാല്‍ കാല് ഞങ്ങള്‍ തല്ലിയൊടിക്കും"
എന്റമ്മച്ചിയേ.
ചേട്ടാ, ഇത് ജാതകമാ!!
സ്വാമിയുടെ വീട്..
ജാതകവുമായി എപ്പോ ഞാന്‍ ചെന്നാലും അങ്ങേരുടെ കൊച്ച് മോള് കമ്പ്യൂട്ടറില്‍ ഒരു പാട്ടിടും..
"ചാകര ചാകര കടപ്പുറത്തിന്നുത്സവമായി
ചാകര ചാകര ചാകര!!!!!"
ശരിയാ, സ്വാമിക്ക് ചാകരയാ!!
സ്വാമികള്‍ ജാതകം നിരത്തി വയ്ക്കും, എന്നിട്ട് പറയും:
"ഇതൊന്നും ചേരില്ല"
ഒരു ദിവസം കണ്ട്രോള് നഷ്ടപ്പെട്ട ഞാന്‍ ചോദിച്ചു:
"അപ്പോ എന്റെ പെങ്ങക്ക് മാംഗല്യ യോഗമില്ലേ?"
ഇക്കുറി സ്വാമി ഞെട്ടി, അദ്ദേഹം വിക്കി വിക്കി ചോദിച്ചു:
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!
ഇത് വരെ ഇങ്ങേര് എന്റെ ജാതകവുമായാണോ ചേര്‍ച്ച നോക്കിയത്??
ഒന്നും മിണ്ടിയില്ല, സ്വാമി സമാധിയാകുമ്പോ വരാമെന്ന് മനസില്‍ പറഞ്ഞു പുറത്തേക്ക്.
ഒടുവില്‍ ജാതകവും ജനിതകവും ഒത്ത് വന്നു.
തുടര്‍ന്ന് പെണ്ണ് കാണല്‍..
പയ്യന്, പയ്യന്റെ അച്ഛന്, അമ്മാവന്, അപ്പുപ്പന് എല്ലാവരുമുണ്ട്.ഞങ്ങളുടെ ഭാഗത്ത് ഞാന്‍, അച്ഛന്, അമ്മ, അനുജത്തി.
ചടങ്ങ് തുടങ്ങുകയായി..
മുമ്പിലിരിക്കുന്ന മിക്ചറിനു ഉപ്പുണ്ടോന്ന് നോക്കുന്ന പയ്യന്റച്ഛന്‍, ലഡുവെടുത്ത് കടിച്ചിട്ട് പല്ല് ഊരിയെടുക്കാന്‍ പാട് പെടുന്ന അമ്മാവന്, പെങ്ങടെ കയ്യീന്ന് ചായ വാങ്ങി പന്തം കണ്ട പെരുഞ്ചാഴിയെ പോലെ പയ്യന്, ന്യൂസ്സ് പേപ്പര്‍ കുമ്പിള് കുത്തി മിക്ചറും ലഡുവും കൈയ്യിലെടുക്കുന്ന ബ്രോക്കര്‍..
"മോള് എത്ര വരെ പഠിച്ചു?"
"എഞ്ചിനിയറിംഗ്"
"അത്രേ ഉള്ളോ, എന്റെ മോന് ഡിഗ്രിയാ"
"എന്ത് ഡിഗ്രി?"
"അതിപ്പോ എന്തോ ഉണ്ടല്ലോ, എന്തുവാടാ അത്...?"
"ഡിപ്ലോമാ"
"ങ്ഹാ, ഡിപ്ലോമാ ഡിഗ്രി!"
അങ്ങനെ പെണ്ണ് കാണല്‍ കഴിഞ്ഞു!!
"അപ്പോ ബാക്കി കാര്യം എങ്ങനാ?" അച്ഛന്.
മറുപടി പയ്യന്റെ അമ്മാവന് വക:
"എന്റെ മോളേ കെട്ടിച്ചപ്പോ നൂറ് പവനും, പത്ത് ലക്ഷം രൂപയും കൊടുത്തു, കുറ്റം പറയരുത് എന്റെ മോന് അതീ കൂടുതല്‍ കിട്ടി.ഈ പയ്യന്റെ പെങ്ങള്‍ക്ക് നൂറ്റി ഇരുപത്തി അഞ്ച് പവനും, പതിനഞ്ച് ലക്ഷവും കൊടുത്തു, പക്ഷേ പയ്യന് സ്ത്രീധനത്തിനു എതിരാ, നിങ്ങള്‍ ഇഷ്ടമുള്ളത് കൊടുത്താ മതി"
ഹോ, വാട്ട് ആന്‍ ഐഡിയ സേഡ്ജീ!!!
വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, വച്ച് കാച്ചി:
"ഞാന്‍ സ്ത്രീധനം വേണം എന്ന കൂട്ടത്തിലുള്ളതാ, എന്റെ കല്യാണത്തിനു ഒരു നൂറ്റി അമ്പത് പവനും, ഇരുപത് ലക്ഷവും കിട്ടിയാലേ ഞാന്‍ കെട്ടു.പക്ഷേ..........!!!"
ഞാന്‍ ഒന്ന് നിര്‍ത്തി എല്ലാവരെയും ഒന്ന് നോക്കി.
എല്ലാവരുടെയും മുഖത്ത് നൂറ് വാട്ട് പ്രകാശം, എങ്കില്‍ തന്നെയും ഞാന്‍ പറഞ്ഞതിന്റെ ബാക്കിക്കായി ആകാംക്ഷയോടെ അമ്മാവന് തിരക്കി:
"പക്ഷേ....??"
"പക്ഷേ എന്റെ പെങ്ങക്ക് ഒന്നും കൊടുക്കേണ്ടാന്നാ എന്റെ തീരുമാനം"
ഠിം!!!!
എല്ലാവരുടെയും മുഖം ഇരുണ്ടിരിക്കുന്നു!!
ഇതെന്താ പവര്ക്കെട്ടോ??
കഥാപാത്രങ്ങള്‍ പതിയെ എഴുന്നേറ്റു..
"എന്നാ ഞങ്ങളങ്ങട്ട്.."
"ഓ, ആയിക്കോട്ടേ"
അവര്‍ പോയി.
ദിവസങ്ങള്‍ കഴിഞ്ഞു..
നാട്ടുകാര്‍ രംഗത്തെത്തി, അവര്‍ ആരാഞ്ഞു തുടങ്ങി:
"മനുവേ, മായയുടെ കല്യാണമൊന്നുമായില്ലേ?"
"ഇല്ല"
"ജാതകം കുഴപ്പമുള്ളതാണോ?"
"അയ്യോ, അല്ല"
"വരുന്നവര്‍ വല്യ ചോദ്യമായിരിക്കും?"
"ഹേയ്, ഇല്ല"
"പിന്നെന്താ?"
"അത് അച്ഛനും അമ്മക്കും വേറെ വീട്ടിലോട്ട് അയക്കാനൊരു മടി"
"എന്നാ നിങ്ങടെ അമ്മാവന്റെ മോന് ഗള്ഫിലല്ലിയോ, ഒന്ന് ആലോചിച്ച് കൂടെ?"
ഒരു സ്പാര്‍ക്ക്!!
അത് ശരിയാണെല്ലോ മാതാവേ!!!
ഈ സമയത്ത് തന്നെയാണ് അമ്മാവന് ആലോചനയുമായി ഇങ്ങോട്ട് വന്നത്..
ദൈവം സഹായിച്ച് എല്ലാം മംഗളമായി!!
തുടര്‍ന്ന് നാട്ടുകാര്‍ വാ അടക്കുമെന്ന് നമ്മള് കരുതും, എന്നാല്‍ അന്വേഷണങ്ങള്‍ തുടരുന്നേ ഉള്ളു..
"കല്യാണം ഭംഗിയായി കഴിഞ്ഞു അല്ലേ?"
"ദൈവാധീനം"
"പയ്യന് ഗള്‍ഫിലല്ലേ?"
"അതേ"
"പോകുമ്പോ മോളേ കൊണ്ട് പോകുമോ?"
"അറിയില്ല"
"മോനിങ്ങ് അടുത്ത് വന്നേ, ഒരു കാര്യം ചോദിക്കട്ടെ..."
"എന്തേ?"
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!
അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല..
കല്യാണ വിശേഷങ്ങള്‍ തുടരുന്നു.