
എന്റെ നാട്ടുകാരുടെ സ്നേഹം എന്നും എനിക്കൊരു അനുഗ്രഹമാ.എന്തിനും ഏതിനും അവരെന്നെ സ്നേഹിച്ചു കളയും.അവരുടെ സ്നേഹം കൂടിയതിനാലാണ് എനിക്ക് പഠിക്കാന്‍ തമിഴ്നാട്ടില്‍ പോകേണ്ടി വന്നത്.പഠിച്ച് ഇറങ്ങി വന്ന എന്നെ അവര്‍ പിന്നെയും സ്നേഹിച്ചു...
"ജോലി ഒന്നും ആയില്ലേ??"
ആ സ്നേഹം സഹിക്കാന്‍ വയ്യാതെ ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നു.പിന്നെ കുറേ നാളേക്ക് ഒരു ശല്യവും ഉണ്ടായിരുന്നില്ല.എന്നാല്‍ എപ്പോഴോ ബോധം തിരിച്ച് കിട്ടിയപ്പോള്‍ അവരുടെ സ്നേഹിക്കുന്ന മനസ്സ് വീണ്ടും തല പൊക്കി...
"ഒരു കല്യാണം കഴിക്കേണ്ടേ??"
വേണം.
അങ്ങനെ ഞാന്‍ പെണ്ണ് കെട്ടി.
ഇപ്പോള്‍ നിങ്ങള്‍ കരുതി കാണും ഇത് കൊണ്ട് എല്ലാം അവസാനിച്ചെന്ന്, ചുമ്മാതാ, ഒന്നും അവസാനിച്ചില്ല.സ്നേഹം മറ്റൊരു രൂപത്തില്‍ ചോദ്യമായെത്തി...
"ഒരു കുഞ്ഞി കാല് വേണ്ടേ??"
"വേണം, എവിടെ കിട്ടും??"
"അയ്യോ, അതല്ല. മോനും മോള്‍ക്കും താലോലിക്കാന്‍ ഒരു കുഞ്ഞിനെ വേണ്ടേ?"
അത് വേണം.
അങ്ങനെ ഒരു പെണ്‍കുട്ടി ജനിച്ചു, അവള്‍ക്ക് പേരുമിട്ടു, പാര്‍വ്വതി..
അഥവാ പാറുമോള്!!!
ഈ പേരിടീല്‍ ചടങ്ങ് ബഹുരസമാ...
അതിന്റെ പേരാണ് ഇരുപത്തിയെട്ട് കെട്ട്!!!
(പേരിടീല്‍ ചടങ്ങിനും ഒരു പേര്, ഏത് മഹാനാണാവോ ഈ ചടങ്ങിനും പേരിട്ടത്, അതും ഒരുപക്ഷേ ആ ചടങ്ങ് ജനിച്ച് ഇരുപത്തിയെട്ടാം ദിവസമായിരിക്കും ഇട്ടത്.)
അത് എന്തുമാവട്ടെ, ഈ ചടങ്ങിനെ കുറിച്ച് രണ്ട് വാക്ക്..
ആണ്കുട്ടിയാണെങ്കില് കുഞ്ഞ് ജനിച്ച് ഇരുപത്തിയേഴാമത്തെ ദിവസവും, ഇനി പെണ്‍കുട്ടിയാണെങ്കില്‍ കൃത്യം ഇരുപത്തിയെട്ടാം ദിവസവുമാണ് ഈ ചടങ്ങ് നടത്തുക(അത് എന്ത് ലോജിക്കാണോ എന്തോ??).
അന്നേ ദിവസം സകല ബന്ധു ജനങ്ങളും വീട്ടില്‍ ഹാജരാകും.ഭൂമി കണ്ടിട്ട് ഇരുപത്തിയെട്ട് ദിവസം പോലുമാകാത്ത കുഞ്ഞിനോട് അവര്‍ ചോദിക്കും...
"മോള്‍ക്ക് എന്നെ മനസിലായോ??"
പാവം കുഞ്ഞ് !!!
മുന്നില്‍ കാണുന്ന വലിയ തലകള്‍ എന്താണെന്ന് മനസിലാകാതെ അത് വലിയ വായില്‍ നിലവിളിക്കും.അതോടു കൂടി വന്നവര്‍ ചേരി തിരിഞ്ഞ് അഭിപ്രായം പറഞ്ഞ് തുടങ്ങും..
"ആ തള്ളേടെ കീറലാ കുഞ്ഞിനും കിട്ടിയത്!!!"
"ഹും! അവനെന്താ മോശമാണേ, അവന്റെ വാശിയും കുഞ്ഞിനു കാണും"
ഒടുവില്‍ ഇങ്ങനത്തെ അഭിപ്രായങ്ങള്‍ കേട്ട് കേട്ട് സഹികെട്ടപ്പോള്‍ അവിടെ നിന്ന് വലിയ വായില്‍ അഭിപ്രായം പറഞ്ഞ ഒരു കിളവിയോട് ഞാന്‍ വെറുതെ ചോദിച്ചു:
"ആന്റിയുടെ മോള് ഇന്നാള് പ്രസവിച്ചില്ലാരുന്നോ?"
"ഉവ്വ്, പ്രസവിച്ചു. ആണ്‍കുട്ടി"
"ആ കുട്ടി നിങ്ങടെ തെക്കേലെ സുധാകരനെ പോലെ ശാന്ത സ്വഭാവമാണെന്ന് കേട്ടത് നേരാണോ?"
ആ കിളവിത്തള്ള എന്ത് പറയണെമെന്ന് അറിയാതെ കുറേ നേരം എന്നെ മിഴിച്ച് നോക്കി, തുടര്‍ന്ന് എന്തൊക്കെയോ വിളിച്ച് പറഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി.
അവരുടെ ചീത്ത വിളി കേട്ട് കൊണ്ടാണ് ശങ്കുണ്ണി അമ്മാവന് അന്ന് വീട്ടിലേക്ക് കയറി വന്നത്. വന്നപാടെ എന്നോട് ചോദിച്ചു:
"ആ ദാക്ഷ്യായണി 'ധിക്കാരി, നിഷേധി, താന്തോന്നീന്ന്' ഒക്കെ പറഞ്ഞ് ഇറങ്ങി പോകുന്ന കണ്ടു, ആരെയാ?"
"എന്നെയാ അമ്മാവാ"
"എന്താ കാര്യം?"
"അമ്മാവനിങ്ങ് അടുത്ത് വാ, പറയാം"
അമ്മാവനു അപകടം മണത്തു, അടുത്ത നിമിഷം അതിയാന് കാല്` മാറി:
"വേണ്ടാ, അറിയണമെന്നില്ല"
അമ്മാവന് അകത്തേക്ക് കേറിയപ്പോള്‍ ചുറ്റും നിന്നവരോട് ഞാന്‍ വെറുതെ ചോദിച്ചു:
"കുഞ്ഞിന്റെ കരച്ചിലിനെ കുറിച്ച് നിങ്ങള്‍ എന്തോ പറഞ്ഞല്ലോ, എന്താത്?"
മറുപടി ഒരേ സ്വരത്തിലായിരുന്നു:
"ഞങ്ങളോ, ഞങ്ങളെന്ത് പറയാന്‍, കുഞ്ഞുങ്ങളായാല്‍ കരയും. അത് ദൈവത്തിന്റെ തീരുമാനമാ"
ഊവ്വോ??
ഊവ്വ!!
അങ്ങനെ നിശബ്ദരായ അബാലവൃദ്ധ ജനങ്ങളെ സാക്ഷിയാക്കി, കീറിക്കരയുന്ന കുഞ്ഞിനു പേരിട്ടു.തുടര്‍ന്ന് ഗിഫ്റ്റുകളുടെ പ്രവാഹം...
ചിലര്‍ ഡ്രസ്സ് കൊടുക്കുന്നു, ചിലര്‍ ആഭരണങ്ങള്‍ കൊടുക്കുന്നു, മറ്റ് ചിലര്‍ ഉമ്മ കൊടുക്കുന്നു...
ഹാ, ഹ, ഹ...എന്തൊരു സ്നേഹം!!!
പതിവില്ലാതെ ദേവകിയാന്റി ഒരു പവന്റെ മാല കുഞ്ഞിന്റെ ദേഹത്തിട്ടപ്പോള്‍ അമ്മ ഞെട്ടി, അമ്മ മാത്രമല്ല ഞാനും.അമ്പരന്ന് പരസ്പരം നോക്കുന്ന അമ്മക്കും എനിക്കും എന്ന പോലെ ക്ലാരിഫിക്കേഷന് ആന്റി നല്കി:
"എന്റെ മോളുടെ മോളുടെ ഇരുപത്തിയെട്ട് കെട്ട് അടുത്താഴ്ചയാ, മറക്കാതെ വരണം"
ഈശ്വരാ...
ഒരു പവന് തന്ന് രണ്ട് പവന് തിരികെ വാങ്ങാന്‍ ഇതാ ആന്റിക്കൊരു സുവര്‍ണ്ണ അവസരം!!!
രണ്ട് പവന് തിരികെ പ്രതീക്ഷിക്കുന്നു എന്ന മട്ടില്‍ ആന്റി ഒരിക്കല്‍ കൂടി കുഞ്ഞിന്റെ കഴുത്തിലിട്ട മാല നേരെ പിടിച്ചിട്ട് എന്നെ ഒന്ന് നോക്കി...
"ഞാന്‍ വരാം ആന്റി"
ആന്റിയുടെ മുഖം തെളിഞ്ഞു, അവര്‍ പുറത്തേക്ക്.
ജീവിതവും ജീവിതത്തിലെ നല്ല നിമിഷങ്ങളും 'ഗീവ് ആന്‍ഡ് ടേക്ക്' പോളിസിയില്‍ പെട്ടതാണെന്ന് വേദനയോടെ ഞാന്‍ മനസിലാക്കി.ഒടുവില്‍ ആളൊഴിഞ്ഞു, അരങ്ങൊഴിഞ്ഞു...
ഞാനും കുഞ്ഞും ഭാര്യയും ഭാര്യവീട്ടുകാരും മാത്രമായി.
ഹാളിലെ ദിവാനില്‍ കിടന്ന് ഞാന്‍ ചെറുതായി ഉറക്കം പിടിച്ചു.അടുത്തുള്ള സോഫായില്‍ ഇരുന്നു അമ്മായിഅമ്മ കുഞ്ഞിനെ കളിപ്പിക്കുന്നു.ഗായത്രി അടുക്കളയിലാണ്, അച്ഛന് പന്തലുകാരെ പിരിച്ച് വിട്ട് കൊണ്ട് പുറത്തും...
പെട്ടന്നാണ് എന്റെ മൊബൈല്‍ ബെല്ലടിച്ചത്, എടുത്ത് നോക്കിയപ്പോള്‍ ഒരു അമേരിക്കന്‍ നമ്പര്‍!!!
"ആരാ മോനേ?" അമ്മായിയമ്മ.
"അറിയില്ലമ്മേ, അമേരിക്കയില്‍ നിന്ന് ആരോ ആണ്"
"അയ്യോ അത് എന്റെ ചേട്ടത്തിയായിരിക്കും, ഗായത്രിയുടെ വല്യമ്മ.കുറേ നാളായി ചെറിയ പിണക്കത്തിലാ.കുഞ്ഞ് ജനിച്ചതൊന്നും ഞാനായിട്ട് അറിയിച്ചില്ല, ഇപ്പോ എങ്ങനേലും വിവരം അറിഞ്ഞ് വിളിച്ചതായിരിക്കും"
ഓഹോ??
എന്നാ ഇച്ചിരി ബഹുമാനത്തില്‍ തന്നെ ഫോണ്‍ അറ്റന്‍ഡ് ചെയ്തേക്കാം.ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനൊപ്പം അമ്മായിയമ്മ കൂടി കേള്‍ക്കട്ടെ എന്ന രീതിയില്‍ ഞാന്‍ ഫോണ്‍ ലൌഡ് സ്പീക്കറിലിട്ടു.
"ഹലോ, മോനേ ഞാനാ"
"മനസിലായി ആന്റി"
"പ്രസവിച്ചെന്ന് അറിഞ്ഞ്"
"അതേ, പ്രസവിച്ചു"
"എത്ര കുഞ്ഞുങ്ങളെ കിട്ടി"
ങ്ങേ!!!!
ഇതെന്താ ഇങ്ങനെ ചോദിച്ചത്??
ഇനി ഇവരുടെ കുടുംബത്തിലൊക്കെ കൊട്ട കണക്കിനാണോ പെറ്റിടുന്നത്??
സംശയത്തില്‍ ഞാന്‍ അമ്മായിഅമ്മയെ നോക്കി, അമ്മ ഒന്ന് എന്ന അര്‍ത്ഥത്തില്‍ വിരല്‍ കാണിച്ചു.ഞാന്‍ അത് ആന്റിക്ക് വിശദീകരിച്ച് കൊടുത്തു:
"ഒന്നേ ഉള്ളു, പെണ്ണാ"
ആന്റിക്ക് സന്തോഷമായി, അവരൊരു ഉപദേശം:
"കഴിവതും കുഞ്ഞിനെ അമ്മേടെ അടുത്തൂന്ന് മാറ്റി കിടത്തണം"
"അതെന്തിനാ?"
"അപ്പോഴേ കുഞ്ഞിനൊരു ഉശിരുണ്ടാകു"
"ശരി ആന്റി"
ഈ പ്രായമായവരോട് സംസാരിച്ചാല്‍ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.ഇപ്പോഴത്തെ തലമുറക്ക് അറിയാത്ത പല കാര്യങ്ങളും അറിയാന്‍ സാധിക്കും.ആന്റിയില്‍ നിന്ന് കൂടുതല്‍ മനസിലാക്കാന്‍ മാനസികമായി തയ്യാറെടുത്ത എന്നോട് അവരൊരു ചോദ്യം:
"ആട്ടെ, കുഞ്ഞിനു വാലുണ്ടോ?"
എന്ത്???
ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല അമ്മായി അമ്മയും ഞെട്ടി.എന്റെ അമ്പരന്നുള്ള നോട്ടം കണ്ടപ്പോള്‍ അറിയാവുന്ന വിവരം വച്ച് അമ്മായിഅമ്മ വിശദീകരിച്ചു:
"കുടുംബത്തില്‍ ഇന്ന് വരെ വാലുള്ള കുഞ്ഞ് ജനിച്ചിട്ടില്ല.ചേട്ടത്തിയുടെ ഇളയമകള്‍ ഈയിടെക്ക് അമേരിക്കയില്‍ വച്ചാ പ്രസവിച്ചത്.ഒരുപക്ഷേ ആ കുഞ്ഞിനു വാല് കാണും"
ഓഹോ, അതാണോ കാര്യം??
ഞാന്‍ മറുപടി നല്കി:
"ഇല്ല ആന്റി, ഇവിടുത്തെ കുഞ്ഞിനു വാലില്ല"
"അയ്യോ കഷ്ടമായി പോയി. അത് പോട്ടെ, കുഞ്ഞ് കുരക്കാറുണ്ടോ?"
എന്റമ്മേ!!!
ഈ തള്ളക്ക് വട്ടാണോ???
അമ്പരന്ന് പോയ ഞാന്‍ ഒരു സംശയത്തിന്റെ പുറത്ത് തിരികെ ചോദിച്ചു:
"മനസിലായില്ല?"
"കുഞ്ഞ് 'ബൌ ബൌന്ന്' കുരക്കാറുണ്ടോന്ന്?"
"അത് മനസിലായി, ആരാ വിളിക്കുന്നതെന്ന് മനസിലായില്ല?"
"എടാ ജോയിക്കുട്ടി, ഞാന്‍ സാലിമോടെ അമ്മായിയാ.വീട്ടിലെ പട്ടി പ്രസവിച്ചതറിഞ്ഞ് വിളിച്ചതാ"
പരട്ട തള്ള!!!
വായില്‍ മുട്ടന്‍ തെറിയാ വന്നത്:
"പട്ടികുഞ്ഞിനെ പറ്റി അറിയാന്‍ വിളിച്ചതാണല്ലേ, പന്ന...പു..പു..."
വായില്‍ വന്നത് മൊത്തം പുറത്ത് പറയുന്നതിനു മുമ്പേ അമ്മായിഅമ്മ ചെവി രണ്ടും പൊത്തുന്നത് അറിയാതെ കണ്ടു, പറഞ്ഞ് വന്നതിനെ മാന്യമായ രീതിയിലാക്കി....
"..പു...പു..പുസ്തകത്താളുകളില്‍ കണ്ട ഇന്ത്യയല്ല പട്ടി പ്രസവിക്കാത്ത ഇന്ത്യ, ആന്റി ഫോണ്‍ വച്ചേ"
അവര്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
അവരെ ചീത്ത വിളിച്ച് മൂടി പുതച്ച് കിടക്കാന്‍ തുടങ്ങിയപ്പോള്‍ ഗായത്രിയുടെ സ്വരം:
"ആരാ ചേട്ടാ വിളിച്ചത്?"
"അമേരിക്കേന്ന് ഒരു ആന്റിയാ"
"എന്ത് പറഞ്ഞു?"
"കുഞ്ഞിനെ നിന്റെ അടുത്തൂന്ന് മാറ്റി കിടത്തിയാല്‍ കുഞ്ഞിനു ഉശിരുണ്ടാകുമെന്ന് പറഞ്ഞു"
"അയ്യോ, വേറൊന്നും ചോദിച്ചില്ലേ?"
"ചോദിച്ചു, കുഞ്ഞിനു വാലുണ്ടോന്ന് ചോദിച്ചു"
"എന്താ?"
"എന്റെ പൊന്നു മോളേ, നീ നിന്റെ അമ്മയോട് ചോദിക്ക്, അമ്മ പറഞ്ഞ് തരും"
അമ്മയില്‍ നിന്ന് കാര്യം അറിഞ്ഞ ഗായത്രിക്ക് ഒരേ അമര്‍ഷം.അത് അവള് എന്നോടും തീര്‍ത്തു:
"ചേട്ടനു രണ്ട് തെകച്ചങ്ങ് പറഞ്ഞ് കൂടാരുന്നോ?"
ഒന്നും മിണ്ടാതെ പതുക്കെ മൂടി പുതച്ച് കിടന്നു.
പിന്നെയും ഫോണടിക്കുന്ന ശബ്ദം...
എടുത്ത് നോക്കിയപ്പോള്‍ അമേരിക്കയില്‍ നിന്ന് വീണ്ടും ഫോണ്‍!!!
ഗായത്രിയെയും അമ്മയേയും നോക്കി അമേരിക്കയില്‍ നിന്നാണെന്ന് ആംഗ്യം കാണിച്ചിട്ട് നാല് ചീത്ത വിളിക്കുക എന്ന ഉദ്ദേശത്തില്‍ ലൌഡ് സ്പീക്കറില്‍ ഇടാതെ ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
"ഹലോ മോനെ ആന്റിയാ"
"മനസിലായി"
"പ്രസവിച്ചൂന്ന് അറിഞ്ഞു"
"അറിഞ്ഞത് ശരിയാ"
"സിസേറിയന് ആയിരുന്നോ?"
"അല്ല, അണ്ണാക്കില്‍ കൂടി വലിച്ചെടുത്ത് പുറത്തേക്ക് തുപ്പുവായിരുന്നു"
മറു സൈഡില്‍ നിശബ്ദത!!!
രണ്ട് നിമിഷത്തിനു ശേഷം:
"വേറെ വിശേഷം വല്ലതും?"
"ഉണ്ട്, കുഞ്ഞിനു ഉശിരുണ്ടാകാന് അമ്മയുടെ അടുത്തൂന്ന് മാറ്റി കിടത്തി"
വീണ്ടും നിശബ്ദത!!!
ഇപ്പോള്‍ മറുസൈഡിലെ ശബ്ദത്തിനു ഇപ്പോള്‍ പഴയ ആവേശമില്ല.എങ്കിലും അവര്‍ ചോദിച്ചു:
"കുഞ്ഞിന്?"
"കുഞ്ഞിന് വാലുമില്ല, അത് കുരക്കാറുമില്ല.എങ്കിലും സുഖമായിരിക്കുന്നു"
ഇത് കൂടി കേട്ടതോടെ മറുസൈഡില്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു:
"എന്റെ ദൈവമേ, എന്റെ ഗായത്രി മോള് കല്യാണം കഴിച്ചത് ഒരു വട്ടനെ ആയിരുന്നോ??"
എന്റമ്മേ!!!
ഇത് ശരിക്കും വല്യമ്മ ആയിരുന്നോ??
ഇക്കുറി ഞാന്‍ ഞെട്ടി.
ഞാന്‍ അമ്പരന്ന് നില്ക്കുന്ന കണ്ട എന്റെ അമ്മായിയമ്മ 'മോനിങ്ങ് തന്നെ, ഞാന്‍ രണ്ട് വാക്ക് പറയട്ടെ' എന്ന ആമുഖത്തോടെ കൂടി, എന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ എന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി ഒരു മുട്ടന്‍ ഡയലോഗ്:
"ദേ പെമ്പ്രന്നോത്തി, ഇനി നിങ്ങള്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്താല്‍ ഞാന്‍ അമേരിക്കയില്‍ വന്ന് കുറ്റി ചൂലെടുത്ത് നിങ്ങളെ അടിക്കും"
ഈശ്വരാ!!!
അമ്മായിയമ്മ പറഞ്ഞത് പോരാഞ്ഞ് ഫോണ്‍ വാങ്ങി ഗായതിയും രോഷം പ്രകടമാക്കി:
"പ്രായത്തെ ബഹുമാനിച്ചാ, ഇല്ലേല് ഞാനും വല്ലതും പറയും"
ഹാവൂ, കുളമായി!!!
തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്ത ശേഷം ഗായത്രി എന്നോട് ചോദിച്ചു:
"എങ്ങനുണ്ട് ചേട്ടാ ഞങ്ങടെ പ്രകടനം"
"വളരെ നന്നായിരുന്നു, പക്ഷേ...."
"എന്താ ഒരു പക്ഷേ?"
"ഇപ്പോ വിളിച്ചത് നിന്റെ വല്യമ്മ തന്നെയായിരുന്നു"
ഠിം!!!
'എന്റമ്മേ' എന്ന വിളിയോട് ഗായത്രി ബോധം കെട്ട് വീണു.
അത് കണ്ടിട്ടും, ഞാന്‍ പറഞ്ഞത് കേട്ടിട്ടും വിശ്വാസം വരാഞ്ഞ് അമ്മ എടുത്ത് ചോദിച്ചു:
"ശരിക്കും ചേട്ടത്തി ആയിരുന്നോ?"
"അതേ അമ്മേ"
ഠിം!!!
'എന്റെ ദേവീന്ന്' വിളിച്ച് അമ്മായി അമ്മയും ബോധം കെട്ട് വീണു.
എന്റെ ബോധം പണ്ടേ പോയത് കൊണ്ട് ഞാന്‍ മാത്രം വീണില്ല.
വിവരം കാട്ടുതീ പോലെ പടര്‍ന്നു...
അമേരിക്കയിലെ വല്യമ്മയെ ഞാനും ഭാര്യവീട്ടുകാരും കൂടി ചീത്ത വിളിച്ചത്രേ!!!
എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഗായത്രിയുടെ അമ്മാവന് എന്നെ വിളിച്ചു, ഞാന്‍ അദ്ദേഹത്തോട് നിരപരാധിത്വം വ്യക്തമാക്കി.എല്ലാം മനസിലായ അദ്ദേഹം അമേരിക്കയിലോട്ട് വിളിക്കാമെന്നും വല്യമ്മയെ സത്യം ബോധിപ്പിക്കാമെന്നും സത്യമറിഞ്ഞ് വല്യമ്മ വിളിക്കുമ്പോള്‍ ഒരു മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളെന്നും തറപ്പിച്ച് പറഞ്ഞു.
അങ്ങനെ വല്യമ്മയുടെ വിളി നോക്കി ഞാന്‍ സമയം തള്ളി നീക്കി...
ഒടുവില്‍ വല്യമ്മ വിളിച്ചു!!!
"ഹലോ, ഞാനാ മോനെ"
"മനസിലായി, ആന്റി എന്നോട് ക്ഷമിക്കണം"
"ഓ അതൊന്നും സാരമില്ല മോനെ"
"അതല്ല ആന്റി, അറിയാതെ പറ്റി പോയതാ.എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു, ആന്റി ക്ഷമിക്കണം"
"ഞാന്‍ ക്ഷമിച്ചു പോരെ"
"മതി ആന്റി, അത് മതി"
"പിന്നെ മോനെ ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു"
"എന്താ ആന്റി?"
"ശരിക്കും പ്രസവിച്ചത് നമ്മുടെ ജെര്‍മ്മന്‍ ഷെഫേര്‍ഡ് ആയിരുന്നോ അതോ പോമറേനിയനായിരുന്നോ?"
കര്‍ത്താവേ!!!!
ഇത് അവരായിരുന്നോ??
ആ പട്ടി തള്ള!!!
കണ്ട്രോള് വിട്ട് പോയ ഞാന്‍ ഒറ്റ അലര്‍ച്ചയായിരുന്നു:
"പരട്ട തള്ളേ, നിങ്ങള്‍ കുടുംബം കലക്കിയേ അടങ്ങു അല്ലേ?"
"എന്താ മോനേ?"
"കുന്തം, വയ്ക്ക് തള്ളേ ഫോണ്‍!!"
ഠിം!!
ഫോണ്‍ കട്ടായി.
ഇങ്ങനൊരോ കുരിശുണ്ടായാല് പിന്നെ ജീവിതം കുളമാകാന്‍ എന്നാ വേണം കര്‍ത്താവേന്ന് കരുതി ഫോണ്‍ സ്വിച്ചോഫ് ചെയ്യാമെന്ന് വിചാരിച്ചപ്പൊ ദാണ്ടഡാ പിന്നെയും അമേരിക്കന്‍ കോള്‍.
എഗൈന്‍ ദാറ്റ് ഡോഗ് മദര്‍...
അതേ പട്ടി തള്ള!!!
ഇന്നത്തോടെ ഒരു അവസാനമാകണം...
"എന്താ ആന്റി നിങ്ങടെ പ്രശ്നം?"
"മോന് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പറയാന്‍ വിളിച്ചതാ"
"ഓ അതിനു വിളിച്ചതാണോ? എന്നാ കേട്ടോ, എന്റെ പട്ടി പറയും നിങ്ങളോട് മാപ്പ്"
മറുസൈഡില്‍ നിശബ്ദത!!
പിന്നെ കരച്ചിലോടെ ഒരു മറുപടി:
"എടാ കുരുത്തംകെട്ടവനെ, എന്റെ അനുജത്തിയുടെ മോളെ കെട്ടി എന്ന ഒറ്റ കാരണത്താല്‍ നിന്നെ ഞാന്‍ ശപിക്കുന്നില്ല.ഇനി നിന്റെയോ നിന്റെ കെട്ടിയവളുടെയോ ഒറ്റകാര്യം എന്നോട് പറഞ്ഞ് പോകരുത്"
കര്‍ത്താവേ!!!
ശരിക്കും വല്ല്യമ്മ...
ഒര്‍ജിനല്‍ ബിഗ് മദര്‍!!!
ഇപ്പോ ശരിക്കും കുളമായി.
ഠിം ഠി ഡിം ഡി ഡിം!!
ഞാന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു.
പിറ്റേദിവസം...
വൈകുന്നേരം ബാംഗ്ലൂര്‍ക്ക് തിരിക്കാന്‍ ബാഗുമെടുത്ത് യാത്ര പറയാന്‍ മോളുടെ അടുത്ത് ചെന്നപ്പോള്‍ അവള് ചിരിച്ച് കൊണ്ടിരിക്കുന്നു.തലേ ദിവസം നടന്ന പൊല്ലാപ്പിനെ കുറിച്ച് അവള്‍ക്ക് മാത്രം വേവലാതിയില്ല, ഇതാ പിള്ള മനസില്‍ കള്ളമില്ലന്ന് പറയുന്നത്.മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ വിഷമമുള്ളത് കൊണ്ട് യാത്ര പറച്ചില് മോളോട് മാത്രമാക്കി...
"അച്ഛന് ജോലിക്ക് പോയിട്ട് അടുത്താഴ്ച വരാട്ടോ"
'എന്നാത്തിനാ?' എന്ന് ആരും ചോദിച്ചില്ല, അടുത്താഴ്ച കാണാം എന്ന മട്ടില്‍ എല്ലാവരും തലകുലുക്കി, 'ശരി' എന്ന അര്‍ത്ഥത്തില്‍ മോള് ചിരിച്ചോണ്ടും കിടന്നു, ഞാന്‍ പതിയെ ജോലി സ്ഥലത്തേക്ക് യാത്രയായി...
ഓഫീസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു:
"മനുവേ, ഇരുപത്തിയെട്ട് കെട്ട് എങ്ങനുണ്ടായിരുന്നു?"
"വളരെ നന്നായിരുന്നു"
ഭാഗ്യവാന്!!!
ഞാനാണോ??
അതേ, മനു തന്നെ.
ഉവ്വ.