
പത്താമുദയത്തോടനുബന്ധിച്ച് നാട്ടിലെത്തുന്ന കാലങ്ങളില്‍ ചോറുണ്ണാന്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധമായിരുന്നു.പണ്ടൊക്കെ അമ്മയായിരുന്നു ഇത് തയ്യാറാക്കി തന്നിരുന്നത്, എന്നാല്‍ ഇന്ന് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് ഭാര്യയാണ്...
കഴിഞ്ഞ മാസം നാട്ടിലെത്തിയ എനിക്ക് രുചികരമായ മാമ്പഴപുളിശ്ശേരി കുട്ടിയാണ് അവള് ഊണ് വിളമ്പിയത്.
ആസ്വദിച്ച് ഉണ്ടു കൊണ്ടിരിക്കെ അവളൊരു ചോദ്യം:
"മാമ്പഴ പുളിശേരി എങ്ങനുണ്ട്?"
"ഗംഭീരം...അട്രാക്ക്റ്റീവ്...ഡിഫന്‍സീവ്..." അറിയാവുന്ന രീതിയില്‍ പുകഴ്ത്തി.
"എന്നാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു"
കുരിശ്.
എന്തോ കാര്യം സാധിക്കാനുള്ള വരവാ....
മാമ്പഴപുളിശ്ശേരിക്ക് ഇത്ര മധുരമായിരുന്നെന്ന് പറയേണ്ടിയിരുന്നില്ല.അതിനാല്‍ ഞാന്‍ മാറ്റി പറഞ്ഞു:
"മാങ്ങായ്ക്ക് ലേശം പുളിയുണ്ട്"
"പുളിശ്ശേരിയാവുമ്പോള്‍ പുളി കാണും"
ഉവ്വോ??
എന്നാല്‍ എന്താണാവോ പറയാനുള്ളത്??
ഈ ചോദ്യത്തിനുള്ള മറുപടി വളരെ സിംപിളായിരുന്നു:
"കുഞ്ഞിനു ഗുരുവായൂരില്‍ ചോറു കൊടുക്കണം"
കേള്‍ക്കുമ്പോള്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ആഗ്രഹം, എങ്കിലും ചിലവിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ വെറുതെ ചോദിച്ചു:
"അത് വേണോ, തൂണിലും തുരുമ്പിലുമുള്ള ഭഗവാന് നമ്മുടെ പരിസരത്തുള്ള ക്ഷേത്രങ്ങളിലുമുണ്ട്"
ഒരു പ്രപഞ്ച സത്യം!!!
എന്റെ മറുപടി കേട്ടതും മുഖം വീര്‍പ്പിച്ച് അവള് റൂമിലേക്ക് പോയി..
ഇത് കണ്ടതും ഭാര്യാമാതാവ് സൂചിപ്പിച്ചു:
"അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മോനേ, അങ്ങേലെ രജനീടെ മോടെ ചോറൂണ് ഗുരുവായൂരിലായിരുന്നു, അതേ പോലെ സാവത്രീടെ കുട്ടിയുടെയും, ഇപ്പോ എല്ലാരും അങ്ങനാ"
ഇത് കേട്ടപ്പോ എനിക്ക് ഓര്‍മ്മ വന്നത് പണ്ട് എന്റെ അച്ഛനും അമ്മയും സംസാരിച്ച ചില വാചകങ്ങളാ....
"അങ്ങേലെ സരോജ കാറ് വാങ്ങി, തെക്കേലെ തങ്കമ്മ കാറ് വാങ്ങി..."
"അതിന്?"
"നമുക്കും കാറ് വാങ്ങണം"
അതെന്താ അങ്ങനെ?
ഇപ്പോ അതാ ഫാഷന്‍!!!
ദൈവമേ, ചോറൂണും അങ്ങനാണോ??
ഹേയ്, ആവില്ല.
ഭാര്യാപിതാവിനോട് കാര്യം സൂചിപ്പിച്ചു:
"അച്ഛാ, ഗുരുവായൂരില്‍ ചോറൂണെന്ന് പറയുമ്പോ നല്ല ചിലവാകില്ലേ?"
"ഇല്ല മോനേ, അവിടെ അന്നപ്രസാദത്തിനു പത്ത് രൂപയെ ഉള്ളു"
ഹത് കൊള്ളാം...
സോ എഗ്രീഡ്!!!
അടുത്ത ആഴ്ച ശമ്പളം കിട്ടിയട്ട് ഗുരുവായൂരില്‍ പോകാമെന്ന് തീരുമാനമായി.ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ശനിയാഴ്ച രാവിലെ എത്താമെന്നും, ഒന്നു കുളിച്ച് ഒരുങ്ങി അന്ന് തന്നെ ഗുരുവായൂര്‍ക്ക് പോകാമെന്നും, അന്നവിടെ താമസിച്ച് ഞയറാഴ്ച രാവിലെ ചോറൂണ് കഴിഞ്ഞ് വൈകുന്നേരമോടെ തിരികെ വരാമെന്നും, തുടര്‍ന്ന് തിങ്കളാഴ്ച എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് പോകാമെന്നും ഉറപ്പിച്ചു.
ഞാനും, ഗായത്രിയും, കുഞ്ഞും, പിന്നെ എന്റെയും ഗായത്രിയുടെയും അമ്മമാരും...
ആകെ അഞ്ച് പേര്.
യാത്രാക്കൂലി, താമസം, എല്ലാം കൂടി മാക്സിമം മൂവായിരം രൂപ.
എന്നിലെ അക്കൌണ്ടന്റ് എല്ലാം കണക്ക് കൂട്ടി!!!
അങ്ങനെ ശനിയാഴ്ചയായി...
വിചാരിച്ചതിലും നേരത്തെ നാട്ടിലെത്തി, ആദ്യം പോയത് ഭാര്യവീട്ടിലേക്കാണ്.നേരം പരപരാന്ന് വെളുക്കുന്നതേയുള്ളതിനാല്‍ ഒന്നു ഉറങ്ങിയ ശേഷം ഫ്രഷായി വീട്ടില്‍ പോയി അമ്മയേയും വിളിച്ച് വന്ന് യാത്ര ആരംഭിക്കാമെന്ന് മനസില്‍ കരുതി.
സുഖമായി ഉറങ്ങി.
കൃത്യം പതിനൊന്ന് മണിയായപ്പോള്‍ ചാടി എഴുന്നേറ്റു...
കാക്ക കൂട്ടില്‍ കല്ലെറിഞ്ഞ പോലത്തെ ബഹളം!!!
എന്താദ്?
പുറത്ത് വന്ന് നോക്കിയപ്പോള്‍ ഒരുപട തന്നെയുണ്ട്, എല്ലാം ബന്ധുക്കള്‍.എന്നെ കണ്ട മാത്രേ കൂട്ടത്തില്‍ നിന്നും ഭാര്യയുടെ അമ്മാവന് ഒരു ചോദ്യം:
"ഞങ്ങളൊക്കെ എത്ര നേരമായി കാത്തിരിക്കുന്നു, നിനക്ക് ഒന്ന് നേരത്തെ ഉണര്‍ന്നാലെന്താ?"
എന്തിന്??
"ഗുരുവായൂരില്‍ പോണ്ടേ?"
ങ്ങേ!!!
സംഭവം അമ്മായിയമ്മ വിവരിച്ചു തന്നു:
"ഒരു നല്ല കാര്യത്തിനു പോകുവല്ലേ, അതുകൊണ്ട് ഞാന്‍ എല്ലാരെയും വിളിച്ചു"
അത് നന്നായി!!!
പതിയെ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു:
"കുഞ്ഞിന്റെ ചോറൂണിനെ കുറിച്ചുള്ള വാര്‍ത്ത ആലപ്പുഴ എഡീഷനില്‍ മാത്രമാണോ കൊടുത്തത്, അതോ ആള്‍കേരളയാണോ?"
"പേടിക്കേണ്ടാ, ഇത്രേം പേരെ വരുന്നുള്ളു"
ഹാവൂ.
ഒന്ന്, രണ്ട്, മൂന്ന്....
ആകെ പന്ത്രണ്ട് പേര്!!!
ഗുരുവായൂരപ്പാ, കാത്തോളണേ.
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്...
കായംകുളത്ത് നിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന കോളിസ്സ് വണ്ടി, പടിഞ്ഞാറുള്ള പാലമരത്തിന്റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു.വണ്ടി ഓടിക്കേണ്ട മനു, ഡ്രൈവിംഗ് സീറ്റില്‍ ഞെട്ടിയിരിക്കുന്നു, വരുന്നവര്‍ ദയവായി വണ്ടിക്കുള്ളില്‍ കയറുക"
ഭാര്യാപിതാവിന്റെ അനൌണ്സ്മെന്റ്.
നിമിഷങ്ങള്‍ക്കകം വണ്ടി ഫൌസ്ഫുള്‍!!
"വിട്ടോടാ" അമ്മാവന്റെ കല്‍പ്പന.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സീഡിയില്‍ നിന്ന് ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരി....
"ഒരു പിടി അവലുമായി ജന്മങ്ങള് താണ്ടി
വരികയായ് ദ്വാരക തേടീ..."
കോളിസ്സ് ഗുരുവായൂരിലേക്ക്.....
ആലപ്പുഴയെത്തിയപ്പോള്‍ പെട്രോള്‍ പമ്പില്‍ കയറി, ആയിരത്തഞ്ഞൂറ് രൂപക്ക് ഇന്ധനം നിറച്ചു.കാശ് കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അമ്മായിയച്ഛന് പറഞ്ഞു:
"വേണ്ടാ മോനേ, ഞാന്‍ കൊടുക്കാം"
ഭാഗ്യം.
രക്ഷപെട്ടെന്ന് കരുതിയപ്പോള്‍ പിന്നില്‍ നിന്ന് ഭാര്യയുടെ സ്വരം കേട്ടു:
"വേണ്ടാ അച്ഛാ, അത് മനുചേട്ടന്‍ കൊടുത്തോളും"
കടവുളേ!!!
ഇവളിത് എന്നാ ഭാവിച്ചാ??
തിരിഞ്ഞ് അവളെ രൂക്ഷമായി നോക്കിയട്ട് കാശ് കൊടുത്തപ്പോള്‍ അമ്മായിയമ്മ പറയുന്നത് കേട്ടു:
"മരുമോന് ഭയങ്കര അഭിമാനിയാ"
ഞാനോ???
ഹേയ്, അങ്ങനൊന്നുമില്ല.
ഉച്ചക്ക് ഹോട്ടലില്‍ കയറുന്നതിനു മുന്നേ ഗായത്രിയോട് രഹസ്യമായി പറഞ്ഞു:
"ദേ, ആരേലും എന്തേലും ചിലവ് ചെയ്യാമെന്ന് പറഞ്ഞാല്‍ നീയായിട്ട് മുടക്കം പറയരുത്.ഒന്നാമതേ പിച്ചച്ചട്ടിയാ"
"സോറി, ഞാന്‍ കരുതി...."
നീ ഒന്നും കരുതണ്ടാ!!
ഊണ് കഴിച്ചോണ്ടിരുന്നപ്പോള്‍ അമ്മായിയമ്മയുടെ സ്വരം കേട്ടു:
"എല്ലാവരും വയറ് നിറച്ച് കഴിച്ചോണം, ഇനി മനുക്കുട്ടന് ഗുരുവായൂരില്‍ വിളിച്ചോണ്ട് പോയിട്ട് ചോറ് വാങ്ങി തന്നില്ലെന്ന് ആരും പറയരുത്"
ഈശ്വരാ, ഈ കാശും ഞാന്‍ തന്നെ കൊടുക്കണം....
ഗുരുവായൂരപ്പാ, കാത്തോളണേ.
ഭഗവാന് ആ വിളി കേട്ടന്ന് തോന്നുന്നു, ഭാര്യയുടെ അമ്മാവന് പറഞ്ഞു:
"അങ്ങനെ എല്ലാ ചിലവും മനു എടുക്കേണ്ടാ, ഈ ഊണ് ഞാന്‍ സ്പോണ്സര് ചെയ്യാം"
ഭഗവാനേ, രക്ഷപെട്ടല്ലോന്ന് ചിന്തിക്കുന്നതിനു മുന്നേ അമ്മായിയമ്മ പറഞ്ഞു:
"അയ്യോ അത് വേണ്ടാ, അത് മനുവിനു ഇഷ്ടപ്പെടില്ല, മോന് ഭയങ്കര അഭിമാനിയാ"
നാശം പിടിക്കാന്‍, ഇവരെന്നെ കുത്തുപാള എടുപ്പിക്കും.
ഒന്നും മിണ്ടാതെ കാശ് കൊടുത്തിട്ട് കാക്കകൂട്ടത്തെയും കൊണ്ട് ഗുരുവായൂരിലേക്ക്....
ഗുരുവായൂരിലെത്തി റൂമെടുത്തപ്പോള്‍ സ്ത്രീജനങ്ങള്‍ തങ്ങളുടെ അജണ്ട വ്യക്തമാക്കി...
ആര്‍ക്കും മൂന്നു നാലു മണിക്കൂര്‍ ക്യൂ നിന്ന് ഭഗവാനെ കാണാന്‍ വയ്യ.ചോറൂണ് കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് കയറുമ്പോള്‍ ക്യൂ ഇല്ലാതെ അവര്‍ കയറി കൊള്ളാം.ആണുങ്ങള്‍ക്ക് വേണമെങ്കില്‍ രാത്രിയില്‍ ക്യൂ നിന്ന് ഭഗവാനെ തൊഴാം.
ആണുങ്ങള് എന്ന് പറയാന്‍ മൂന്നു പേര്...
ഞാനും പിന്നെ ഗായത്രിയുടെ അച്ഛനും അമ്മാവനും.
അച്ഛന് ക്യൂ നില്ക്കാന് വയ്യാ എന്ന് തീര്‍ത്ത് പറഞ്ഞു, അമ്മാവന് ഗുരുവായൂരപ്പന് വിളിപ്പുറത്തായത് കൊണ്ട് വരുന്നില്ല എന്ന് സൂചിപ്പീച്ചു, പിന്നെ ആകെയുള്ളത് ഈ പാവം ഞാന്‍, എനിക്ക് ഭഗവാനെ കണ്ടേ മതിയാവു....
നീണ്ട ക്യൂ.
ഒടുവില്‍ പുണ്യദര്‍ശനം!!
പിന്നെ ശീവേലി എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോഴത്തേക്കും എല്ലാവരും ഉറക്കം പിടിച്ചിരുന്നു.ആര്‍ക്കും ഭക്ഷണം വേണ്ടായോന്ന് ചിന്തിച്ചിരിക്കെ അമ്മായിയച്ചന് പറഞ്ഞു:
"ഞങ്ങളൊക്കെ കഴിച്ചു"
അതിനൊക്കെ ഇവര്‍ മിടുക്കരാ!!
പതിയെ ഒരു ഹോട്ടലിലേക്ക്....
രാത്രി ഏകദേശം പതിനൊന്നരയാകുന്നു.
ഹോട്ടലുകളിലൊക്കെ ആഹാരസമയം കഴിഞ്ഞ് തറ തുടച്ച് തുടക്കി.കോഴികുഞ്ഞുങ്ങള്‍ തലകുത്തി നില്ക്കുന്ന പോലെ ടേബിളിനു മുകളില്‍ കസേര തിരിച്ച് വച്ചിരിക്കുന്ന കണ്ടപ്പോള്‍ ഒന്നുറപ്പായി, ഇന്ന് പട്ടിണി തന്നെ.
എങ്കിലും ചോദിച്ചു:
"അത്താഴം തീര്‍ന്നോ ചേട്ടാ?"
"നിര്‍മ്മാല്യത്തിനു സമയമാകാറായപ്പോഴാണോ ഗഡി അത്താഴം ചോദിക്കുന്നത്"
എന്ത് പറയാന്‍??
ഒന്നും മിണ്ടാതെ റൂമിലേക്ക്...
പിറ്റേന്ന് ചോറൂണ് ഗംഭീരമായി നടന്നു.
കുഞ്ഞും അമ്മയും മാത്രം അകത്ത് കയറിയാല്‍ മതിയെന്ന് അറിയിപ്പ് കേട്ടതോടെ സ്ത്രീജനങ്ങളുടെ മുഖങ്ങളില്‍ നിരാശ പ്രകടമായി.എല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ കണ്ണനെ കാണാന്‍ കഴിയാത്തതില്‍ കരയുന്ന ഗായത്രിയുടെ കുഞ്ഞമ്മയുടെ മോളേ ഞാന്‍ ആശ്വസിപ്പിച്ചു:
"മോള് വിഷമിക്കേണ്ടാ, നാളെ മോളുടെ കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയാകുമ്പോള്‍ മോള്‍ക്കും ക്യൂവില്‍ നില്‍ക്കാതെ കയറാം"
"അപ്പോ എനിക്കോ?" ചോദ്യം പ്രായമായ ഒരു അമ്മുമ്മയുടെ വക.
എന്ത് പറയാന്‍??
പതിമൂന്നുകാരിയോട് പറഞ്ഞത് എണ്‍പത്തിമൂന്നുകാരിയോട് പറയാന്‍ പറ്റാത്തതിനാല്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവുട്ടി....
ഇപ്പോഴും സീഡിയില്‍ ഗുരുവായൂരപ്പന്റെ സ്തുതികള്‍ തന്നെ...
"കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്‍ണ്ണനെ...
ഗുരുവായൂരമ്പല നടയില്‍........."
ചോറൂണ് എന്ന ചടങ്ങിനു സാക്ഷിയായവരെയും വഹിച്ചു കൊണ്ട് കോളിസ്സ് തിരികെ കായംകുളത്തേക്ക്.