
തൃശൂര്‍ പൂരം പോലെ, ഓച്ചിറ പന്ത്രണ്ട് വിളക്ക് പോലെ, ആഘോഷത്തിന്റെ കാഴ്ചയാണ് ഓണാട്ടുകരയിലെ കുംഭഭരണി...
ചെട്ടികുളങ്ങര ദേവിയുടെ മുന്നില്‍ പതിമൂന്ന് കരക്കാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മഹോത്സവം.
ഈ കുംഭഭരണിനാളില്‍ മാത്രം നടക്കുന്ന പ്രധാനവഴിപാടാണ് കുത്തിയോട്ടം.കാര്‍ക്ഷികവിളകളുടെ സംരക്ഷണത്തിനും നല്ല വിളവിനും വേണ്ടി ദേവിക്ക് നല്‍കിയിരുന്ന ബലിയുടെ പ്രതീകാത്മകമായ രൂപമാണ് കുത്തിയോട്ടം.ലക്ഷങ്ങള്‍ ചിലവഴിച്ച് ശിവരാത്രി നാളില്‍ ആരംഭിക്കുന്ന കുത്തിയോട്ടം കാണാനായി, ഈ കുത്തിയോട്ടം നടത്തുന്ന വീടുകളിലേക്ക് സന്ധ്യമയങ്ങുന്നതോടെ വലിയ ജനപ്രവാഹമായിരിക്കും.
കുറ്റം പറയരുത്, എവിടെ കുത്തിയോട്ടം ഉണ്ടെങ്കിലും കാണാന്‍ പോകുന്നത് എന്റെ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് ഒരു ഹരമാണ്.അതിനു കാരണം പലതാണ്....
പ്രധാനകാരണം ചെട്ടികുളങ്ങര അമ്മയോടുള്ള ഭക്തി തന്നെ.എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ കുറച്ച് അഡീഷണല്‍ കാരണങ്ങള്‍ കൂടി തുന്നിചേര്‍ക്കാവുന്നതാണ്..
ഹരം പിടിപ്പിക്കുന്ന കുത്തിയോട്ട ചുവടുകള്‍, പട്ടുപാവാടയും സെറ്റ് സാരിയുമുടുത്ത് കുത്തിയോട്ടം കാണാനെത്തുന്ന യുവതികളുടെ ദര്‍ശന സൌഭാഗ്യം, കുത്തിയോട്ട വീട്ടുകളില്‍ നിന്ന് ലഭിക്കുന്ന മൃഷ്ടാന്നഭോജനം എന്നിവയെല്ലാം ഈ കാരണങ്ങളുടെ ലിസ്റ്റില്‍ വരും.
അങ്ങനെയിരിക്കെ ഒരു രാത്രി...
വ്യക്തമായി പറഞ്ഞാല്‍, 'നിനക്ക് സ്വന്തം' എന്ന് പറഞ്ഞ് അച്ഛന് എനിക്കൊരു കാര്‍ വാങ്ങി തന്നതിനു ശേഷമുള്ള ഒരു കുത്തിയോട്ട രാത്രിയില്‍, പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ഭക്തന്റെ വീട്ടില്‍ കുത്തിയോട്ടം കാണാന്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു, ഞാന്‍ മാത്രമല്ല എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരുവനായ ബാബുചേട്ടനും.
അലമ്പ് പാര്‍ട്ടികളെ ഒന്നും കൂടെ കൂട്ടണ്ടാന്നും, ഞങ്ങള്‍ രണ്ട് പേര് മാത്രം മതിയെന്നും ഉള്ള തീരുമാനത്തിന്റെ പുറത്ത് അന്ന് സന്ധ്യക്ക് എന്റെ സ്വന്തം കാറില്‍ ഞങ്ങള്‍ കുത്തിയോട്ട സ്ഥലത്തേക്ക് യാത്രയായി.കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തപ്പോള്‍ പിന്നില്‍ നിന്നൊരു വിളി...
"മോനേ!!!!!!"
തിരിഞ്ഞ് നോക്കിയപ്പോള്‍ അമ്മുമ്മയാ..
എന്തേ??
"മോന് ഭഗവതിയെ നന്നായി വിളിക്കണേ..."
ശരി അമ്മുമ്മേ.
രണ്ട് നിഷ്കളങ്കന്മാരായ ഭക്തന്മാരുമായി കാര്‍ കുത്തിയോട്ട സ്ഥലത്തേക്ക്....
നിലാവുള്ള രാത്രിയില്‍ പാടത്തിനു നടുവിലുള്ള റോഡിലൂടെ കാര്‍ ഓടിക്കാന്‍ ഒരു പ്രത്യേക സുഖമാണ്.അകമ്പടിയായി സ്പീക്കറില്‍ നിന്ന് കേള്‍ക്കുന്ന കുത്തിയോട്ട ചുവടുകളും....
"തന്നന്ന താനന്ന തന്നാനാ താനേ...താനന്ന തന്നന്ന തന്നാനാ
തന്നന്ന താനന്ന തന്നാനാ താനേ...താനന്ന തന്നന്ന തന്നാനാ"
കുത്തിയോട്ട വീടിനു സമീപം കാര്‍ കൊണ്ട് നിര്‍ത്തണമെന്നും, അത് കണ്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കുന്ന പെണ്‍കുട്ടികളുടെ മുന്നിലൂടെ, കാറും പണവും തേജസ്സും ആഭിജാത്യവും ഉണ്ടെങ്കിലും ഞാനൊരു നിഷ്കളങ്ക ഭക്തനാണെന്ന് തോന്നുന്ന രീതിയില്‍ നടക്കണമെന്നും മനസില്‍ കരുതി ഡ്രൈവ് ചെയ്യുന്ന ഞാന്‍ പെട്ടന്നാണ് ആ കാഴ്ച കണ്ടത്...
അങ്ങ് ദൂരെ സൈക്കിള്‍ ചവുട്ടി വരുന്ന പ്രായമായ ഒരാളും, അവരുടെ പിന്നിലിരിക്കുന്ന പ്രായമായ ഒരു സ്ത്രീയും അതാ ബാലന്‍സ് തെറ്റി തലയും കുത്തി താഴേക്ക്....
പട്ക്കോ!!!!!
അപകടം.
ഒരു ഇരുന്നൂറ് മീറ്റര്‍ ദൂരെ കാര്‍ ചവുട്ടി നിര്‍ത്തി ഞാന്‍ ബാബുചേട്ടനോട് ചോദിച്ചു:
"അണ്ണാ, അപകടം.വെറുതെ എന്തിനാ കുരിശ് ചുമക്കുന്നത്, നമുക്ക് വണ്ടി തിരിച്ച് പോയാലോ?"
"പോകാം, അതാ നല്ലത്"
കേട്ടപാതി കേള്‍ക്കാത്ത പാതി കാര്‍ യൂ ടേണ്‍ അടിച്ച് അമ്പത് കിലോമീറ്റര്‍ സ്പീഡില്‍ തിരിച്ച് പാഞ്ഞു...
"അത് ശ്യാമയുടെയും മേഘയുടെയും അച്ഛനും അമ്മയുമാണെന്നാണ് തോന്നുന്നത്" പോകുന്ന വഴി ബാബുവണ്ണന്റെ ആത്മഗതം.
ശ്യാമയും മേഘയും....
ശ്യാമ, ഇരുപതു വയസ്സുള്ള ചുരുണ്ട മുടിക്കാരി, മേഘ, പതിനെട്ട് വയസ്സുള്ള നീളന്‍ മുടിക്കാരി, രണ്ട് സുന്ദരികള്‍.
കാര്‍ അറിയാതെ സഡന്‍ ബ്രേക്കിട്ടു!!!!
എന്നിലെ മനുഷ്യസ്നേഹി അണ്ണനോട് ആരാഞ്ഞു:
"രണ്ട് സുന്ദരികളായ പെണ്‍കുട്ടികളുടെ അച്ഛനെയും അമ്മയേയും വഴിയില്‍ ഉപേക്ഷിക്കുന്നത് തെറ്റല്ലേ അണ്ണാ?"
അതേ, തെറ്റാണ്, തെറ്റാണ്, ഭയങ്കര തെറ്റാണ്.
കാര്‍ തിരികെ അപകട സ്ഥലത്തേക്ക്....
ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു.ഭര്‍ത്താവിനു വല്യ കുഴപ്പമില്ല, ഭാര്യയുടെ തലപൊട്ടി ചെറുതായി രക്തമൊലിക്കുന്നുണ്ട്, ഞങ്ങളെ കണ്ടതും ഭര്‍ത്താവായ രാഘവന് ചേട്ടന് ചോദിച്ചു:
"ആരാ?"
"രാഘവേട്ടാ ഞാനാ ബാബു, ഇത് നമ്മുടെ മനു" ബാബുവണ്ണന്‍ വിശദീകരിച്ചു.
ഞങ്ങളെ മനസിലായതും, രാഘവേട്ടന്റെ പെമ്പ്രന്നോത്തിയെ അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ട് പോയി ഡ്രസ്സ് ചെയ്യിക്കാമെന്ന ധാരണയില്‍ കാറില്‍ കയറ്റാന്‍ ചേട്ടന് തയ്യാറായി, ഞങ്ങള്‍ കാറില്‍ ക്ലിനിക്കിലേക്ക് പോകാനും പിന്നാലെ ചേട്ടന് സൈക്കിളുമായി വരാമെന്നും തീരുമാനമായി.
ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ രാഘവേട്ടന് തന്റെ നന്ദി പ്രകടിപ്പിച്ചു:
"പ്രായമായ രണ്ട് പേര് അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിക്കാന്‍ തോന്നിയ ഈ മനസ്സിനു നന്ദി"
"ഇതൊക്കെയല്ലേ ചേട്ടാ ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത്" എന്റെ വിനയത്തോടുള്ള മറുപടി.
"എല്ലാവരും നിങ്ങളെ പോലല്ല മക്കളേ, ഞങ്ങള്‍ വീഴുന്ന കണ്ട് വന്ന കുറേ നായിന്റെ മക്കള്‍ കാറ് തിരിച്ച് ഒറ്റ പോക്കായിരുന്നു"
ഭഗവതി, അത് ഞങ്ങളാ...!!!!
"അവനൊക്കെ അനുഭവിക്കും" വീണ്ടും രാഘവേട്ടന്.
അങ്ങനെ പറയല്ലേ രാഘവേട്ടാ!!!!
കാര്‍ ക്ലിനിക്കിലേക്ക്...
ക്ലിനിക്കിലെത്തി ഡോക്ടറെ കാണിച്ചു, ഡോക്ടറുടെ നേതൃത്വത്തില്‍ നഴ്സ് രക്തം തുടച്ച് കൊണ്ടിരുന്നപ്പോഴേക്കും സൈക്കളില്‍ രാഘവേട്ടനും അവിടെയെത്തി.അത് കണ്ടതും ഡോക്ടര്‍ ചോദിച്ചു:
"ഇത് ആരാ?"
"ഇവരുടെ ഭര്‍ത്താവാ, രാഘവേട്ടന്"
"അതേയോ, എങ്കില്‍ വരു, അപ്പുറത്തെ മുറിയിലിരിക്കാം.രക്തം കണ്ടാല്‍ തല കറങ്ങും"
ഒരു വിധത്തില്‍ അത് ശരിയാ, പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് രക്തം വരുന്നത് കണ്ടാല്‍ എത്ര വലിയവനാണെങ്കിലും തലകറങ്ങും.കാര്യം രാഘവേട്ടനോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഹേയ്, സാരമില്ല"
രാഘവേട്ടന് ശരിക്കും ധൈര്യവാന് തന്നെ!!!
തിരികെ ഡോക്ടറുടെ സമീപമെത്തി കാര്യം ബോധിപ്പിച്ചു:
"രാഘവേട്ടനു തല കറങ്ങില്ലത്രേ"
അത് കേട്ടതും ഡോക്ടര്‍ പറഞ്ഞു:
"അയ്യോ, തല കറങ്ങുമെന്ന് പറഞ്ഞത് എനിക്കാ.."
ങ്ങേ!!!
കുറുന്തോട്ടിക്ക് വാതമോ???
"..തല കറങ്ങുക മാത്രമല്ല, ബീപിയും കൂടും"
ഇങ്ങനെ പറഞ്ഞ് കൊണ്ട് അമ്പരന്ന് നില്ക്കുന്ന ഞങ്ങളെ നോക്കാതെ ഡോക്ടര്‍ അടുത്ത മുറിയിലേക്ക്...
ശെടാ, ഇതെന്ത് കൂത്ത്??
ഞാനും ബാബുവണ്ണനും പരസ്പരം നോക്കി..
പ്രശ്നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു...
തല കറങ്ങി കസേരയില്‍ ഇരുന്ന ഡോക്ടര്‍ വിയര്‍ക്കുന്നു, കണ്ണുരുട്ടുന്നു, ശ്വാസം ആഞ്ഞ് ആഞ്ഞ് എടുക്കുന്നു, നേഴ്സ് ഓടി വന്ന് ബി.പി നോക്കുന്നു, എന്ന് വേണ്ടാ ആകെ ജഗപൊഗ.
"രോഗിയേയും കൊണ്ട് വന്ന നമ്മള് ഡോക്ടറേയും കൊണ്ട് മെഡിക്കല്‍ കോളേജില്‍ പോകേണ്ടി വരുമോടേ?"
ബാബുവണ്ണന്റെ ദയനീയ ചോദ്യം.
വേണ്ടി വരുമെന്നാ തോന്നുന്നേ!!!
ഞാന്‍ ആകെ പുലിവാലു പിടിച്ച പോലെയായി, പല പണിയും കിട്ടിയിട്ടുണ്ട്, പക്ഷേ ഇമ്മാതിരി ഒരു പണി ഞാന്‍ ആദ്യമായി കാണുകയാ.ഇത്രയും കുഴപ്പം പിടിച്ച ഈ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ ഞാനും അന്തം വിട്ട് നിന്നു.
അത് കണ്ട സിസ്റ്റര്‍ അലറി:
"എത്രയും വേഗം ഡോക്ടറെ ഒരു നല്ല ഡോക്ടറുടെ അടുത്ത് എത്തിക്ക്, പ്ലീസ്"
ഡോക്ടറേയും കൊണ്ട് കാറ് ടൌണിലേക്ക്....
സ്പീഡ് : മണിക്കൂറില്‍ എണ്‍പത്.
അറിയപ്പെടുന്ന ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ തന്നെ ഡോക്ടറെ പൊക്കിയെടുത്ത് എമര്‍ജന്‍സി റൂമിലെത്തിച്ചു.അത് കണ്ട് അവിടിരുന്ന വെളുത്ത ഡ്രസ്സിട്ട മാലാഖ ചോദിച്ചു:
"എന്ത് പറ്റിയതാ?"
എന്ത് പറയാന്‍??
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ആദ്യം സൈക്കിളില്‍ നിന്ന് വീണ് തലപൊട്ടിയതാ, അത് ശരിയാക്കാന്‍ പോയതോടെ ഇങ്ങനായി.ഡോക്ടറെന്തിയേ?"
അടുത്ത റൂം ചൂണ്ടി കാട്ടി നഴ്സ് പറഞ്ഞു:
"ആ മുറിയിലുണ്ട്"
ഞാനും ബാബുവണ്ണനും ഡോക്ടറുടെ മുറിയിലേക്ക്...
വെപ്രാളത്തോടെ ചെല്ലുന്നത് കണ്ടാകണം ഡോക്ടര്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഡോക്ടര്‍ , ഒരു അത്യാവശ്യ കേസ്സാ.രക്ഷിക്കണം"
എന്നെയും ബാബുവണ്ണനെയും മാറി മാറി നോക്കി അദ്ദേഹം ചോദിച്ചു:
"ആരാ രോഗി?"
"ഡോക്ടറാ" എന്റെ മറുപടി.
ഇത് കേട്ടതും അദ്ദേഹത്തിനു അത്ഭുതം:
"ഞാനോ?"
"അയ്യോ അല്ല.ഇത് വേറെ ഡോക്ടറാ"
കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ച് പോയി, തുടര്‍ന്ന് ചോദിച്ചു:
"എവിടെ ആ കഥാപാത്രം?"
ഞാന്‍ എമര്‍ജന്‍സി റൂം ചൂണ്ടി കാട്ടി.
ഞങ്ങള്‍ ആ മുറിയിലേക്ക്....
അവിടെ കണ്ട കാഴ്ച..
ഡോക്ടര്‍ തളര്‍ന്ന് കിടപ്പുണ്ട്, അദ്ദേഹത്തിന്റെ തലയില്‍ വലിയൊരു ബാന്‍ഡേജ് കെട്ടിയിരിക്കുന്നു, സിസ്റ്റര്‍ അടുത്ത് നിന്ന് വീശുന്നു.
എനിക്കും ബാബുവണ്ണനും ഒന്നും മനസിലായില്ല, ഞങ്ങളുടെ കൂടെ വന്ന ഡോക്ടര്‍ക്കും!!!
അദ്ദേഹം നഴ്സിനോട് ചോദിച്ചു:
"എന്തിനാ സിസ്റ്ററെ തലയില്‍ ബാന്ഡേജിട്ടത്?"
"സൈക്കിളില്‍ നിന്ന് വീണ് തലപൊട്ടിയെന്ന് ഇവര്‍ പറഞ്ഞു.ഞാന്‍ നോക്കിയട്ട് രക്തം വരുന്നത് കണ്ടില്ല, എങ്കിലും ഒരു ഫസ്റ്റ് എയിഡായി ബാന്‍ഡേജിട്ടതാ"
പഷ്ട്.
ഞാനെന്ത് പറയാന്‍??
ബാബുവണ്ണന്റെ അവസ്ഥ അതിലും കെങ്കേമം...
നാഷ്ണല്‍ ഹൈവെയുടെ നടുക്ക് പോയി നെഞ്ചും വിരിച്ച് നില്ക്കാന് തോന്നുന്നു!!!
ആരെയാടാ ഞാനിന്ന് കണികണ്ടത്??
എന്തായാലും ഒടുവില്‍ പുതിയ ഡോക്ടര്‍ പഴയ ഡോക്ടറെ എങ്ങനെയൊക്കെയോ ചീകിത്സിച്ച് ഭേദമാക്കി.അങ്ങനെ ഞങ്ങള്‍ മൂവരും തിരികെ ക്ലിനിക്കിലേക്ക് യാത്രയായി...
ക്ലിനിക്കിലെത്തി അവിടെ തളര്‍ന്ന് കിടക്കുന്ന യഥാര്‍ത്ഥ രോഗിയായ ചേട്ടത്തിയെ കാറില്‍ കയറ്റി.അവരെയും കൊണ്ട് വീട്ടിലേക്ക് പോയ്ക്കൊന്നും, രാഘവേട്ടന് പുറകിനു സൈക്കിളില്‍ വരാമെന്നും കേട്ടപ്പോള്‍ പതിയെ കാര്‍ സ്റ്റാര്‍ട്ടാക്കി.
ഡോക്ടര്‍ അടുത്ത് വന്ന് പറഞ്ഞു:
"നടന്നതൊന്നും ആരോടും പറയരുത്, പ്ലീസ്."
"ഇല്ല, പറയില്ല"
"ഇന്നത്തെ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല" ഡോക്ടര്‍.
"ഞങ്ങളും!!"
ഒടുവില്‍ ചേട്ടത്തിയെയും കൊണ്ട് അവരുടെ വീട്ടിലേക്ക്, ഇപ്പോള്‍ മനസ്സില്‍ ശ്യാമയും മേഘയും മാത്രം....
രാഘവേട്ടന്റെ വീട്ടിലെത്തി ചേട്ടത്തിയെ എടുത്ത് ഉമ്മറത്ത് വച്ചു.അത് കണ്ട് കതക് തുറന്ന് തരുണീമണികള്‍ ഒറ്റ അലറല്‍...
"അയ്യോ...ദേ..ഞങ്ങടമ്മയെ ഇടിച്ച് കൊണ്ടിട്ടിരിക്കുന്നേ!!!!!"
രാഘവേട്ടന് വരുന്നതിനു മുമ്പ് നാട്ടുകാരുടെ കൈയ്യീന്ന് വാങ്ങുമെന്നറിഞ്ഞ ഞങ്ങള്‍ സുന്ദരികളെ വീഷിക്കുക കൂടി ചെയ്യാതെ സ്കൂട്ടായി.തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മുമ്മ ചോദിച്ചു:
"ഭഗവതിയെ വിളിച്ചോ മക്കളേ...?"
പിന്നേ, അതിനേ നേരമുള്ളായിരുന്നു!!!
സത്യം.