
കല്യാണം വിളി പോലെ തന്നെ മനോഹരമാണ് നിശ്ചയം വിളി.അതും പെണ്‍കുട്ടികളുടെയാണെങ്കില്‍ പറയുകയും വേണ്ടാ.പെണ്‍കുട്ടിയെ കല്യാണം കഴിച്ച് വിടാന്‍ അച്ഛനമ്മമാര്‍ തീരുമാനിക്കുന്ന നിമിഷം മുതലുള്ള കാര്യങ്ങള്‍ അപ്റ്റുഡേറ്റായി അറിയിച്ചില്ലെങ്കില്‍ കല്യാണത്തിനു വരില്ല എന്ന് പ്രഖ്യാപിക്കുന്ന കാരണവന്മാരുള്ള നാടാ ഇത്.
അത്തരം ഒരു കാരണവരായിരുന്നു ചാത്തന്നൂരിലെ ഗോവിന്ദന്മാമാ...
ഈ ഗോവിന്ദന് മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് പേടിയാ!!!
അതിനു രണ്ടാണ് കാരണം.
ഒന്ന്: കൂട്ട് കിടക്കുന്നവന്റെ കൊങ്ങായ്ക്ക് കുത്തുന്ന അങ്ങേരുടെ സ്വഭാവം,
രണ്ട്: പുള്ളിക്കാരന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കശുവണ്ടി ഫാക്ടറി.
എത്ര ശ്രമിച്ചാലും ആ ഫാക്ടറിക്ക് മുമ്പിലൂടെ നടന്നേ മാമായുടെ വീട്ടില്‍ കയറാന്‍ സാധിക്കു.
ഈ കശുവണ്ടി ഫാക്ടറിക്ക് ഒരു പ്രത്യേകതയുണ്ട്...
അതിന്റെ മുമ്പില്‍ എപ്പോഴും ഒരു മഹിളാ സമാജം കാണും.കുട്ടിക്കാലത്ത് ഞാന്‍ അമ്മയുടെ കൂടെ, അതു വഴി എപ്പോള്‍ പോയാലും ഇവറ്റകളെന്നെ പിടികൂടും.എന്നിട്ട് എന്നെ നടുക്കിരുത്തി ചുറ്റും നിന്നു കൊണ്ട് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ആരംഭിക്കും,
'കണ്ണ് അച്ഛനെ പോലെയാണ്'
'മൂക്ക് അമ്മയെ പോലെയാണ്'
'നെറ്റി അമ്മുമ്മയെ പോലെയാണ്'
അവരുടെ അഭിപ്രായത്തില്‍ നിന്നും ഞാനൊരു മഹാ സത്യം മനസ്സിലാക്കി,
എനിക്ക് സ്വന്തമായി ഒരു ശരീരം ഇല്ല!!!
എന്റെ കുടുംബത്തിലെ ഒരോരുത്തരുടെ ഒരോ ഭാഗം ചേര്‍ത്ത് വച്ചാണ് എന്നെ ഉണ്ടാക്കിയിരിക്കുന്നത്!!!
ചുരുക്കി പറഞ്ഞാല്‍ 'ഞാന്‍' എന്നാല്‍ ആത്മാവ് മാത്രമാണന്നും ശരീരമല്ലന്നും ഉള്ള മഹത്തായ തത്വം എന്നെ പഠിപ്പിച്ചത് ഈ മഹിളാമണികള്‍ ആയിരുന്നു.
കായംകുളത്ത് നിന്നും കൊല്ലം വരെ ചെന്ന് 'എന്തിനാ വെറുതെ വഴിയെ പോകുന്ന വയ്യാവേലി തലയില്‍ കയറ്റുന്നത്' എന്ന് കരുതി മാത്രമാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ആ വഴി പോകാത്തത് തന്നെ.പക്ഷേ എത്ര ശ്രമിച്ചാലും വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കേണ്ട അവസരം വരും.
അത്തരം ഒരു അവസരം എന്റെ മുമ്പില്‍ വന്ന് കൊഞ്ഞനം കാട്ടിയത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു.വ്യക്തവും കൃത്യവുമായി പറഞ്ഞാല്‍ എന്റെ പെങ്ങളെ കെട്ടിച്ച് വിടാന്‍ തീരുമാനിച്ച സമയം.കെട്ടുന്നത് ബന്ധത്തിലുള്ള പയ്യനായതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രം നിശ്ചയത്തിനു വിളിച്ചാല്‍ മതി എന്ന് തീരുമാനിച്ചു.അങ്ങനെ വിളിക്കാനുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോഴാണ് അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്:
"ചാത്തന്നൂരിലെ ഗോവിന്ദന്‍മാമയെ വിളിക്കണം"
എന്ത്???
എനിക്ക് വെള്ളിടി വെട്ടിയ പോലെ ഒരു തോന്നല്‍!!!
അമ്മയിത് എന്ത് ഭാവിച്ചാ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അച്ഛനെ ഒന്ന് നോക്കി.അപ്പുറത്ത് കസേരയില്‍ അച്ഛനും അന്തം വിട്ട് ഇരിക്കുന്നു.എന്നാല്‍ അടുത്ത നിമിഷം തന്നെ അച്ഛന് അമ്പരപ്പില്‍ നിന്നും കരകയറി.എന്നിട്ട് ആധികാരികമായ ശബ്ദത്തില്‍ അമ്മയെ നോക്കി പറഞ്ഞു:
"ശരിയാ, നീയും മനുവും കൂടി പോയി വിളിച്ചോ"
ങ്ങേ!!!
ഞാന്‍ പോയി ഗോവിന്ദന്‍മാമയെ വിളിക്കാനോ?
മുജ്ജന്മത്തിലെ ശത്രുവാ ഈ ജന്മത്തില് മകനായി പിറക്കുന്നത് എന്ന് അച്ഛന് എവിടെങ്കിലും വായിച്ചോ എന്തോ??
അല്ലെങ്കില്‍ എന്നോട് പോയി ആ ഭൂതത്തിനെ വിളിക്കാന്‍ പറയുമോ?
എന്തായാലും അച്ഛന് മാന്യമായിട്ട് തല ഊരി!!
ചുറ്റും നിന്നവരെല്ലാം എന്നെ ആകാംക്ഷയോടെ നോക്കിയപ്പോള്‍, 'അച്ഛനാരാ മോന്' എന്ന് മനസ്സില്‍ കരുതി കൊണ്ട് ഞാന്‍ പറഞ്ഞു:
"ശരി, പോകാം"
ഗോവിന്ദന് മാമയെയും, കശുവണ്ടി ഫാക്ടറിയും മാറ്റി നിര്‍ത്തിയാല്‍ ചാത്തന്നൂര്‍ ഒരു അടിപൊളി സ്ഥലമാ.ടൌണില്‍ നിന്നും ഉള്ളിലോട്ട് കയറിയാണ് ഞങ്ങള്‍ക്ക് പോകേണ്ട പ്രദേശം, ശരിക്കും പറഞ്ഞാല്‍ ഒരു ഉള്‍നാടന്‍ ഗ്രാമം.ഞാന്‍ അവിടെ പോയിട്ട് ഇരുപത് വര്‍ഷമായെങ്കിലും, ഈ അടുത്ത ഇടയ്ക്ക് അവിടെ പോയവരുടെ അഭിപ്രായത്തില്‍ ആ ഗ്രാമത്തിനു പറയത്തക്ക വികസനം ഒന്നുമില്ല.
എല്ലാം പഴയ പോലെ തന്നെ!!
നാട്ടിന്‍പുറങ്ങളില്‍ പോകുകയാണെങ്കില്‍ മോഡേണ്‍ വേഷത്തില്‍ പോകണം.
അതാ എന്റെ പോളിസി!!!
എന്നാലെ നാല് പേര് ശ്രദ്ധിക്കു..
അത് കൊണ്ട് തന്നെയാണ് നിശ്ചയം വിളിക്കാന്‍ ഇറങ്ങിയ ആ വെള്ളിയാഴ്ച, ഞാന്‍ സ്വല്പം മോഡേണ്‍ വേഷത്തില്‍ തന്നെ ഇറങ്ങിയത്.കാറിലോട്ട് കയറാന്‍ തുടങ്ങിയ എന്റെ കൈയ്യില്‍ ഒരു സഞ്ചി തന്നിട്ട് അമ്മ പറഞ്ഞു:
"കുറച്ച് ഉണക്ക കൊഞ്ചാ, ഗോവിന്ദന്‍മാമായ്ക്ക് വലിയ ഇഷ്ടമാ"
കര്‍ത്താവേ!!!
അമ്മയിത് എന്ത് ഭാവിച്ചാ??
ആ കശുവണ്ടി ഫാക്ടറിക്ക് മുമ്പിലൂടെ കോട്ടും സ്യൂട്ടും ഇട്ട്, കൂളിംഗ്ലാസ്സും വച്ച് ഉണക്ക കൊഞ്ചുമായി നടക്കേണ്ട രംഗം ഓര്‍ത്ത് ഞാന്‍ അറിയാതെ ഞെട്ടി പോയി.
എന്ത് പ്രശ്നവും ബുദ്ധിപരമായി ചിന്തിച്ചാല്‍ സോള്‍വ്വ് ചെയ്യാവുന്നതേയുള്ളു...
അമ്മ തന്ന ആ ഉണക്ക കൊഞ്ച്, വി.ഐ.പിയുടെ ഒരു ബ്രീഫ്കേസ്സില്‍ നിറച്ചായിരുന്നു ഞാന്‍ ആ പ്രശ്നം സോള്‍വ്വ് ചെയ്തത്.മോഡേണ്‍ വേഷത്തില്‍ ബ്രീഫ്കേസ്സും പിടിച്ച് നടക്കുമ്പോള്‍ ആരും കളിയാക്കില്ലല്ലോ.
ഞാനൊരു ഭയങ്കര ബുദ്ധിമാന് തന്നെ!!!
അങ്ങനെ ഞാനും അമ്മയും ചാത്തന്നൂരിലുള്ള അമ്മാവന്റെ നാട്ടിലെത്തി.കാര്‍ വഴിയരുകില്‍ നിര്‍ത്തിയട്ട് ഞാന്‍ തലയിലൊരു തൊപ്പിയും വച്ച്, കയ്യില്‍ ഉണക്ക കൊഞ്ച് നിറച്ച ബ്രീഫ്കേസ്സും പിടിച്ച് അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലേക്ക് നടന്നു.
എല്ലാരും പറയുന്നത് ശരിയാ, വലിയ മാറ്റമൊന്നുമില്ല.
അമ്മാവന്റെ വീട്ടിലോട്ട് പോകുന്ന വഴിയിലെ മൂങ്ങാണ്ടന്‍ മാവും, വഴിയരികിലെ പാടത്തിനു നടുക്ക് നില്ക്കുന്ന ആ വെളുത്ത കൊക്കും, എല്ലാം അവിടെ തന്നെയുണ്ട്.
പ്രത്യേകിച്ച് ഒരു വികസനവും ഇല്ലാത്ത പ്രദേശം!!!
കശുവണ്ടി ഫാക്ടറി അടുക്കുന്നതോടെ എന്റെ നെഞ്ചിടുപ്പ് കൂടി കൂടി വന്നു.പ്രതീക്ഷിച്ച പോലെ അവിടെ ഒരു മഹിളാ സമാജം ഉണ്ടായിരുന്നു, ഒരു വ്യത്യാസം എന്തെന്നാല്‍ അവിടെ നിന്നതു മുഴുവന്‍ കൊച്ച് പെമ്പിള്ളാരായിരുന്നു,
ഒരു പതിനേഴിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുറേ തരുണിമണികള്!!!
അതോടെ എന്റെ ടെന്‍ഷനൊക്കെ പോയി.
തൊപ്പി പിടിച്ച് ഒന്ന് നേരെ വച്ച്, ബ്രീഫ്കേസ്സ് എക്സിക്യൂട്ടീവ് സ്റ്റൈലിലും പീടിച്ച് അവരെയെല്ലാം ഞാനൊന്ന് നോക്കി.അവളുമാരുടെ കണ്ണിലൊരു തിളക്കം,
ഒരുപക്ഷേ അമ്പരപ്പിന്റെയാവാം അല്ലേല്‍ ആരാധനയുടെയാവാം..
എന്ത് തന്നെയായാലും കഴിഞ്ഞ ഇരുപത് വര്‍ഷം അത് വഴി വരാഞ്ഞതില്‍ എനിക്ക് നേരിയ കുറ്റബോധം തോന്നി.
വീട്ടിലോട്ട് കയറി ചെന്ന അമ്മയെ ഗോവിന്ദന്‍മാമായ്ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.പക്ഷേ കൂടെ കോട്ടും സ്യൂട്ടുമിട്ട് നില്ക്കുന്ന എന്നെ പുള്ളിക്കാരന് മനസ്സിലായില്ല.അദ്ദേഹം അമ്മയോട് ചോദിച്ചു:
"ഇത്..?"
"അയ്യോ, മാമായ്ക്ക് ഇവനെ മനസ്സിലായില്ലേ? നമ്മുടെ മനുക്കുട്ടനാ"
എന്റെ വേഷവും ഭാവവും അങ്ങേര്‍ക്ക് പിടിച്ചില്ലന്ന് തോന്നുന്നു, അയാള്‍ പറഞ്ഞു:
"ഞാന്‍ കരുതി വെള്ളിയാഴ്ചയായിട്ട് 'മാടന്' ഇറങ്ങിയതാണെന്ന്"
'മാടന്' തന്റെ മറ്റവനാ!!!
ഇപ്രകാരം മനസ്സില്‍ കരുതി പുറമേ ചിരിച്ചെന്ന് വരുത്തി കൊണ്ട് ഞാന്‍ ബ്രീഫ്കേസ്സെടുത്ത് മുമ്പില്‍ വച്ചു.സിനിമയില്‍ ബിസനസ്സ്കാര്‍ കൊണ്ട് നടക്കുന്ന പോലത്തെ ആ ബ്രീഫ്കേസ്സില്‍ എന്തോ വലിയ നിധിയാണെന്ന് കരുതി നോക്കി നിന്ന മാമായെ ഞാനത് തുറന്ന് കാണിച്ചു, എന്നിട്ട് പറഞ്ഞു:
"ഉണക്ക കൊഞ്ചാ"
അമ്പരന്ന് പോയ മാമന് ആ ബ്രീഫ്കേസ്സിലൊന്ന് തടവി കൊണ്ട് എന്നോട് ചോദിച്ചു:
"അപ്പം ഇത്..?"
മനസ്സിലായി മാമാ, മനസ്സിലായി..
ഇത് ഉണക്ക കൊഞ്ച്ച് കൊണ്ട് നടക്കാനുള്ള പാത്രമാണോന്നല്ലേ??
അതോ ബിസനസ്സുകാരെല്ലാം വി.ഐ.പി യുടെ ബ്രീഫ്കേസ്സിനകത്ത് ഉണക്കകൊഞ്ചുമായാണോ നടക്കുന്നത് എന്നോ??
കഷ്ടം!!!
വലിയ വലിയ എക്സിക്യൂട്ടീവ്സ്സിന്റെ പുറമെ മാത്രമേ സ്റ്റൈല്‍ ഉള്ളന്നും, ഉള്ള് മുഴുവന്‍ ഉണക്ക കൊഞ്ച്ച് ആണെന്നും കരുതി അമ്പരന്ന് നിന്ന ആ പാവത്തിനു നേരെ ബ്രീഫ്കേസ്സ് നീട്ടി ഞാന്‍ പറഞ്ഞു:
"ഇത് മാമാ എടുത്തോ"
അത് കേട്ടതും പുന്നെല്ല് കണ്ട എലിയേ പോലെ അങ്ങേരൊന്ന് ചിരിച്ചു.
ആഹാ, എന്താ ചിരി??
പിന്നീട് നാട്ട് വിശേഷവും, കാട്ട് വിശേഷവും പറയുന്ന കൂട്ടത്തില്‍ ഞങ്ങള്‍ വന്ന കാര്യം അവതരിപ്പിച്ചു.എല്ലാം കേട്ട് കഴിഞ്ഞിട്ട്, നിശ്ചയത്തിന് വരാമെന്ന് സമ്മതിച്ചിട്ട് അങ്ങേര് ചോദിച്ചു:
"മനുവിന് കല്യാണമൊന്നും നോക്കുന്നില്ലേ?"
ആ കാലഘട്ടത്തിലായിരുന്നു എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങിയത്.എങ്കില്‍ തന്നെയും എന്തെങ്കിലും ശരിയായിട്ട് പറഞ്ഞാല്‍ മതി എന്ന് കരുതിയാകണം അമ്മ പറഞ്ഞു:
"ഇതൊക്കെ ഒന്ന് കഴിയട്ടെ എന്ന് കരുതി"
ആ മറുപടി അമ്മാവന് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു, പുള്ളിക്കാരന് ചിരിച്ച് കൊണ്ട് പറഞ്ഞു:
"അത് മതി, ഒരു മുപ്പത്തഞ്ച് വയസ്സായിട്ട് കെട്ടിച്ചാല്‍ മതി"
എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ!!!
ഇരുപതാം വയസ്സില്‍ പെണ്ണും കെട്ടി, മെഷീന്‍ഗണ്ണ് വച്ച് വെടി വയ്ക്കുന്ന പോലെ പത്ത് പന്ത്രണ്ട് പിള്ളാരെയും ഉണ്ടാക്കിയ മുതു കിളവന് പറഞ്ഞത് കേട്ടില്ലേ??
ഞാന്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ കെട്ടിയാല്‍ മതിയെന്ന്!!!
എത്ര പേരെ ആന കുത്തി കൊല്ലുന്നു, എന്താണാവോ ഈ വഴിയൊന്നും ആന പോകാത്തത്??
ഉള്ളില്‍ തിളച്ച് മറിഞ്ഞ ദേഷ്യം പുറത്ത് കാട്ടാതെ ഞാന്‍ ഒന്ന് ചിരിച്ചു.
ഞങ്ങള്‍ അവിടെ ചെന്ന് വിളിച്ചതും, ഞാന്‍ ബ്രീഫ്കേസ്സ് സമ്മാനമായി കൊടുത്തതും എല്ലാം ഗോവിന്ദന്‍മാമായുടെ സന്തോഷം വര്‍ദ്ധിപ്പിച്ചു.ഞങ്ങള്‍ ഇറങ്ങാന്‍ നേരം ബ്രീഫ്കേസ്സ് എടുത്ത് റൂമില്‍ കൊണ്ട് വച്ചിട്ട് അങ്ങേര് പറഞ്ഞു:
"മനു നില്ക്കണേ, രണ്ട് കാര്യം തന്ന് വിടാം"
ഞാന്‍ ഒരു ബ്രീഫ്കേസ്സ് കൊടുത്തതിനു പകരം രണ്ട് കാര്യം തരാമെന്ന്!!
ഒരു വെടിക്ക് രണ്ട് പക്ഷി!!!
ബിസനസ്സ് നഷ്ടമില്ലന്ന് കരുതി സന്തോഷിച്ച് നിന്ന എന്റെ മുമ്പില്‍ ഗോവിന്ദന്മാമാ ആ രണ്ട് മഹാകാര്യങ്ങള്‍ കൊണ്ട് വച്ചു,
ഒരു വലിയ വരിക്കച്ചക്കയും, ഒരു കുല പഴവും!!!
ഇത് കൊണ്ട് ഞാന്‍ എന്ത് ചെയ്യാന്‍ എന്ന് കരുതി അമ്പരന്ന് നിന്ന എന്നെ നോക്കി അങ്ങേര് പറഞ്ഞു:
"ഇത് നിങ്ങള്‍ കൊണ്ട് പോയിക്കോ"
കര്‍ത്താവെ!!!
ഈ മുതു കാരണവര്‍ക്ക് ഭ്രാന്താണോ???
അല്ലെങ്കില്‍ എന്നെ പോലൊരു മോഡേണ്‍ യുവാവിന്റെ കൈയ്യില്‍ ചക്കയും പഴക്കുലയും തന്ന് വിടുമോ?
അത് മാത്രമോ, കാര്‍ കിടക്കുന്ന വരെയുള്ള അരകിലോമീറ്റര്‍ അത് രണ്ടും കൊണ്ട് നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ എനിക്ക് തല കറങ്ങി.
ഡിയര്‍ അങ്കിള്‍, ഐ ഡോണ്ഡ് വാണ്ഡ് ചക്കാ ആന്‍ഡ് പഴാ!!!
'ഇത് രണ്ടും മാമാ എടുത്തിട്ട് എന്റെ ബ്രീഫ്കേസ്സ് ഇങ്ങ് താ' എന്ന് പറയാന്‍ തോന്നിയെങ്കിലും അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ഒന്നും പറയാന്‍ പറ്റിയില്ല.പതുക്കെ ചക്കയെടുത്ത് തലയിലും വച്ച്, ഒരു കൈ കൊണ്ട് അത് താഴെ വീഴാതെ പിടിച്ച്, മറുകൈയ്യില്‍ പഴക്കുലയുമെടുത്ത് ഇറങ്ങാന്‍ തയ്യാറായപ്പോള്‍ മാമാ മൊഴിഞ്ഞു:
"ഇനിയും വരണേ"
'വരാം, വരാം പതിനാറടിയന്തരം അറിയിച്ചാല്‍ മതി' എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി.
കശുവണ്ടി ഫാകടറിക്ക് മുമ്പിലൂടെ വേണം കാറിനടുത്ത് എത്താന്‍ എന്ന് ആലോചിച്ചപ്പോള്‍ എന്റെ മനസ്സില്‍ അവിടെ നിന്നിരുന്ന തരുണിമണികളുടെ മുഖം തെളിഞ്ഞ് വന്നു.എന്നെ ആരാധനയോട് നോക്കിയവര്‍ ഈ രൂപത്തില്‍ കണ്ടാല്‍ എന്ത് കരുതുമോ എന്തോ?
എന്റെ ഊഹം തെറ്റിയില്ല...
തലയില്‍ തൊപ്പിയുമായി പോയവന് ചക്കയുമായി വരുന്നത് കണ്ട് അവരൊക്കെ ഒന്ന് ഞെട്ടി, അമ്പരപ്പോടെ അവരെന്റെ കൈയ്യിലോട്ട് നോക്കി.ഒരു ചമ്മിയ ചിരിയോടെ അവരുടെ മുഖത്ത് നോക്കിയ ഞാന്‍ മൌനമായ കുറെ ചോദ്യങ്ങള്‍ കണ്ടു,
ബ്രീഫ്കേസ്സ് എങ്ങനെ പഴം ആയി??
തൊപ്പി എങ്ങനെ ചക്ക ആയി??
മോഡേണ്‍ എങ്ങനെ ലോക്കല്‍ ആയി??
എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ നടപ്പിനു വേഗം കൂട്ടി.
തിരിച്ച് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അമ്മ ചോദിച്ചു:
"ഒരു കുഴപ്പവുമില്ലാതെ എല്ലാം ഭംഗിയായി, അല്ലേടാ?"
പിന്നെ, 'ഭംഗി' ആയി!!!