For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ജാടയൊരു രോഗമല്ലപുതിയ ജീവിതം, അത് കൊച്ചിയില്‍ ആരംഭിക്കുന്നു....
ബാംഗ്ലൂരിന്‍റെ ഭ്രമിപ്പിക്കുന്ന മാസ്മരികയില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വന്നപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ...
ഇതാണ്, ഇതാണ്‌ ആ ജീവിതം...
ഞാന്‍ കാത്തിരുന്ന ജീവിതം!!

ജോലിക്ക് ജോയിന്‍ ചെയ്യേണ്ട ദിവസം...
കുളിച്ച് കുട്ടപ്പനായി മുഖത്ത് പുട്ടിയിട്ടു, തുടര്‍ന്ന് ഷര്‍ട്ടിട്ട്, അതിനെ ഒരു പാന്‍സിനകത്താക്കി, പട്ടിക്ക് കഴുത്തില്‍ കെട്ടുന്ന പോലത്തെ ഒരു ബെല്‍റ്റെടുത്ത് അരയിലും കെട്ടി, പാള ചുരുട്ടിയ പോലത്തെ ഒരു ഷൂസെടുത്ത് കാലിലുമിട്ട്, കോണകം പോലത്തെ ടൈയ്യെടുത്ത് കഴുത്തിലും കെട്ടി, തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയൊന്ന് വിലയിരുത്തി...
ആഹാ, പെര്‍ഫക്റ്റ്.

ഇനി ഓഫീസിലേക്കുള്ള യാത്ര...
ജീവിതത്തിലെ വലിയ സമ്പാദ്യമായ സര്‍ട്ടിഫിക്കേറ്റ് കൈയ്യിലേന്തി തയ്യാറായപ്പോഴേക്കും വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും മൊബൈലിലേക്ക് വിളിക്കാന്‍ തുടങ്ങി.എല്ലാവര്‍ക്കും പറയാന്‍ ഒരു വാക്ക് മാത്രം...
"മനു, ആള്‍ദി ബെസ്റ്റ്"
ഇത് കേള്‍ക്കുന്തോറും എനിക്ക് ആത്മവിശ്വാസമേറി...
ഹോ, ഇവിടെ ഞാനൊരു കലക്ക് കലക്കും!!!

നേരെ ഓഫീസിലേക്ക്...
കാറിലാണ്‌ യാത്ര, നമ്മളായിട്ട് ഒരു കുറവും വരുത്തരുതല്ലോ.
പറയുമ്പോ എല്ലാം പറയണം, സാധാരണ ചില്ല്‌ താഴ്ത്തിയിട്ട് യാത്ര ചെയ്യുന്ന ഞാന്‍ അന്ന് ഏസി ഇട്ടാ വണ്ടി ഓടിച്ചത്...
ഞാനൊരു ഭയങ്കരന്‍ തന്നെ!!!

എട്ടരക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം, കൃത്യം എട്ട് ഇരുപത്തിയഞ്ചായപ്പോള്‍ ഇന്‍ഫോ പാര്‍ക്കിന്‍റെ ഗേറ്റിലെത്തി.വാതുക്കല്‍ ഗേറ്റിനു കാവല്‍ നില്‍ക്കുന്ന കുറേ പേര്‍ കൈ കാണിക്കുന്നു.ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ വഴി നീളെയുള്ള ടോള്‍ പിരിവാ മനസ്സില്‍ ഓര്‍മ്മ വന്നത്.ഇപ്പോ വൈറ്റിലയില്‍ നിന്ന് അരൂര്‍ക്ക് പോകുന്ന വഴിയും ഇമ്മാതിരി പിരിവുണ്ട്...
പക്ഷേ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ടോള്‍ പിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.
കലികാലം, കലികാലം!!

എത്രയാ കൃത്യമായ ടോള്‍ കാശെന്ന് അറിയില്ലെങ്കിലും ഒരു അമ്പതിന്‍റെ നോട്ടെടുത്ത് നീട്ടി.സെക്യൂരിറ്റി ആ നോട്ടില്‍ നോക്കിയട്ട് സംശയ ഭാവത്തില്‍ എന്‍റെ മുഖത്ത് നോക്കി..
ശെടാ, കാശ് കുറഞ്ഞ് പോയോ??
അമ്പത് പിന്‍വലിച്ചു, എന്നിട്ട് ഒരു നൂറ്‌ രൂപ നീട്ടി!!!
അത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു:
"പാസ്സ്"

പാസ്സ്!!!!
അതായത് ഞാന്‍ പാസ്സായിരിക്കുന്നു.
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ ഒരു വലിയ പണക്കാരനാണെന്ന് അയാള്‍ക്ക് മനസ്സിലായി, എനിക്ക് അകത്തേക്ക് പോകാം.
ഞാന്‍ കാര്‍ ഉള്ളിലേക്ക് എടുത്തു...

പുറകിനു ഒരു വിസിലടി!!
എവിടുന്നാണെന്ന് അറിയില്ല, കാക്ക കുഞ്ഞ് കരയുമ്പോള്‍ കാക്ക പൊതിയുന്ന പോലെ കുറേ സെക്യൂരിറ്റിക്കാന്‍ എന്നെ വളഞ്ഞു.
ശെടാ, എന്നാ പറ്റി?
ക്യാഹുവാ?? വാട്ട് ഹാപ്പന്‍ഡ്?? എന്നാച്ച്??
പാസാക്കി വിട്ട സെക്യൂരിറ്റി ഓടി വന്ന് ഒരു ചോദ്യം:
"വെഹിക്കിള്‍ പാസ്സ് എന്തിയേ?"
എന്തിര്??
അന്തം വിട്ട് നിന്നപ്പോ അടുത്ത ചോദ്യം:
"ഗേറ്റ് പാസ്സ് എവിടടോ?"
ഈശോയേ!!
ഇത് എന്നതാ, പാസ്സിന്‍റെ അയ്യരുകളിയോ??
ചോദ്യം ചെയ്യല്‍ കൂടി അടി വീഴുമെന്ന് ഉറപ്പായപ്പോ, അപ്പോയിന്‍റ്‌മെന്‍റ്‌ ലെറ്റര്‍ കാണിച്ച് തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്‍റെ ഡയലോഗ് പുറത്തെടുത്തു:
"അപ്പന്‍റെ ഓയിന്‍മെന്‍റാണ്‌ സാര്‍"
അതോടെ ഗ്രീന്‍ സിഗ്നല്‍ കിട്ടി:
"തനിക്ക് പോകാം"
ഹാവൂ, ഞാന്‍ ശരിക്കും പാസ്സായി!!

ജോയിനിംഗ് പ്രൊസീജറൊക്കെ എളുപ്പമായിരുന്നു.
അപ്പോയിന്‍മെന്‍റ്‌ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, റിസീവിംഗ് ലെറ്റര്‍, വെല്‍ക്കം ലെറ്റര്‍ എന്ന് വേണ്ടാ, അവര്‌ കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.ഒന്നും വായിച്ച് നോക്കാന്‍ കൂടി പറ്റിയില്ല, എന്‍റെ വീടും പുരയിടവുമെല്ലാം അവര്‍ എഴുതി എടുത്തോ എന്തോ??
കര്‍ത്താവിനറിയാം!!

ആദ്യ ദിവസം തന്നെ എല്ലാവരുമായി കമ്പനിയായി.
ആണെത്ര, പെണ്ണെത്ര, അതില്‍ കല്യാണം കഴിച്ചവരെത്ര, കഴിക്കാത്തവരെത്ര, എന്ന് വേണ്ടാ അത്യാവശ്യം ഒരു കമ്പനിയില്‍ പുതിയ എംപ്ലോയി അറിഞ്ഞിരിക്കേണ്ടതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കി.ഉച്ചക്ക് താഴെ കാന്‍റീനില്‍ പോയി ഊണ്‌ കഴിച്ച വകയില്‍ ഒരു നൂറ്റമ്പത് രൂപ പൊട്ടി എന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം കുശാലായിരുന്നു.
വൈകുന്നേരം തിരികെ വീട്ടിലേക്ക്...
(ഏസി ഇടാതെ ചില്ല്‌ താഴ്ത്തി ഇട്ട് കൊണ്ട്!!)
അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു, ഇനി അടുത്ത തിങ്കളാഴ്ച മുതല്‍ സ്ഥിരമായി വന്നാല്‍ മതി.അതിനാല്‍ അടുത്ത പടിയിലേക്ക് കടന്നു...

ഇടപ്പള്ളിയിലൊരു വീടെടുത്തു, ഫസ്റ്റ് ഫ്ലോര്‍.മുകളിലാകാശവും താഴെ ഗ്രൌണ്ട് ഫ്ലോറും, നല്ല സെറ്റപ്പാ!!
രണ്ട് ദിവസം കൊണ്ട് ഗായത്രിക്കും മോള്‍ക്കും വരുമ്പോള്‍ വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ വീട്ടില്‍ ശരിയാക്കി.തുടര്‍ന്ന് ജോലിക്ക് പോകേണ്ടതിന്‍റെ തലേനാള്‍ വൈകുന്നേരം അവരെയും കൂട്ടി വീട്ടിലെത്തി.
ആ വരവിലൊരു കാര്യം മനസ്സിലായി, കുഞ്ഞിനു വേണ്ടി ഞാന്‍ കരുതിയതൊന്നും ഒരു കരുതലല്ല.അതിനായി വേറെ പലതും കരുതണമത്രേ!!.
അതിനാലാവാം ഒരു മുന്‍കരുതലായി അത്യാവശ്യ സാധനങ്ങള്‍ ഗായത്രി കരുതിയിരുന്നു.

അന്ന് രാത്രി, ഒരു പോള കണ്ണടച്ചില്ല.
മോള്‌ കരച്ചിലോട് കരച്ചില്‍.എന്നെ ആശ്വസിപ്പിക്കാന്‍ എന്ന പോലെ ഗായത്രി പറഞ്ഞു:
"ചേട്ടന്‍ വിഷമിക്കേണ്ട, സ്ഥലം മാറി കിടക്കുന്ന് കൊണ്ടാ"
ശരിയാ, കുട്ടികള്‍ സ്ഥലം മാറി കിടന്നാല്‍ കരയുമെന്ന് കേട്ടിട്ടുണ്ട്.കുറേ കഴിയുമ്പോള്‍ ശരിയാവുമായിരിക്കും.ഒന്ന് ഉറപ്പ് വരുത്താനായി ഗായത്രിയോട് ചോദിച്ചു:
"രണ്ട് ദിവസം കഴിയുമ്പോള്‍ മോള്‍ കരയില്ലാരിക്കും, അല്ലേ?"
മറുപടി ഹൃദയഭേദകമായിരുന്നു:
"അവള്‍ എന്നും കരയും, ഞാന്‍ ഉദ്ദേശിച്ചത് ചേട്ടന്‍ സ്ഥലം മാറി കിടക്കുന്ന കൊണ്ടാന്നാ"
മനസിലായില്ല!!
"അതായത് മോടെ അടുത്ത് ചേട്ടന്‍ ആദ്യമായല്ലേ കിടക്കുന്നത്.കുറേ ദിവസം കഴിയുമ്പോ മോടെ കരച്ചില്‌ കേട്ട് ഉറങ്ങാന്‍ പഠിക്കും"
ടം ട ഡേ!!
ജീവിതം കട്ടപ്പുക.
അല്ല, എനിക്കിത് വേണം...
രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ മറുതലക്ക് മോടെ കരച്ചില്‌ കേട്ടാല്‍, ഒരു അച്ഛന്‍റെ അധികാരത്തില്‍ 'മോളെന്താടി കരയുന്നത്?' എന്നൊരു ചോദ്യം ചോദിക്കാനല്ലാതെ മോളെ കൈ കൊണ്ട് എടുക്കാന്‍ എനിക്ക് അറിയില്ലല്ലോ.
ഇനി എല്ലാം പഠിക്കണം!!!
"അത് തനിയെ പഠിച്ചോളും" ഗായത്രിയുടെ മറുപടി.
ഈശ്വരാ!!!

പിറ്റേന്ന് രാവിലെ..
ഉച്ചക്ക് ക്യാന്‍റീനില്‍ നൂറ്റമ്പത് രൂപ കൊടുക്കുന്നത് ഒഴിവാക്കാനായി ചോറ്‌ തയ്യാറാക്കാനായി അതി രാവിലെ തന്നെ ഗായത്രി എഴുന്നേറ്റു.എനിക്ക് ചോറ്‌ കൊണ്ട് പോകാനായി പുതിയ പാത്രം വരെ അവള്‍ നാട്ടില്‍ നിന്ന് വാങ്ങി കൊണ്ടു വന്നിരിക്കുന്നു, പാവം.
സഹായിക്കണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിട്ട് കൂടി ഒരു ടിപ്പിക്കല്‍ മലയാളി ഭര്‍ത്താവിനെ പോലെ മൂടി പുതച്ച് കിടക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളു.
സമയം കടന്ന് പോയി...

എപ്പോഴോ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വന്ന അവള്‍ കുഞ്ഞിനെയും എടുത്തോണ്ട് പോയത് ഓര്‍മ്മയുണ്ട്.ഒടുവില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ സമയം ഏഴര.ചാടി എഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയിട്ട് വന്നപ്പോഴേക്കും പെമ്പ്രന്നോത്തി കുഞ്ഞിനെ കുളിപ്പിക്കാനായി ബാത്ത് റൂമില്‍ കയറിയിരുന്നു.പണ്ട് കൂടെ നിന്ന് വിളമ്പി തന്നവള്‍ ബാത്ത് റൂമില്‍ നിന്ന് വിളിച്ച് പറഞ്ഞു:
"ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്, ചോറവിടെ പാത്രത്തില്‍ വിളമ്പി വച്ചിട്ടുമുണ്ട്"
അതായത് വേണേ തിന്നിട്ട് പോടാന്ന്.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി, അവള്‍ ചോറ്‌ വിളമ്പി വച്ച വലിയ പ്ലാസ്റ്റിക്ക് പാത്രം ഒരു കവറിലുമാക്കി പുറത്തേക്ക് ഇറങ്ങിയപ്പോ ഞാനും പറഞ്ഞു:
"ഇറങ്ങുവാ..."
"ഓ.."അകത്തൂന്ന് മറുപടി.
പതിയെ ഓഫീസിലേക്ക്....

ഓഫീസില്‍ അത്യാവശ്യം നല്ല തിരക്കായിരുന്നു.മൊബൈല്‍ സൈലന്‍റ്‌ ആയതിനാല്‍ ആരുടെയും ശല്യമില്ലാതെ ജോലി ചെയ്യാന്‍ പറ്റി.ഉച്ചക്ക് കൃത്യം പന്ത്രണ്ടരയായപ്പോള്‍ വീട്ടില്‍ നിന്ന് ചോറ്‌ കൊണ്ട് വന്ന് കഴിക്കുന്നവരുടെ ഗ്യാങ്ങിലെ ഒരു പ്രതിനിധിയായ ഒരു പെണ്‍കുട്ടി ക്ഷണിക്കാന്‍ വന്നു:
"വാ ചേട്ടാ, ഇനി ഞങ്ങടെ കമ്പനിയില്‍ ചേരാം, കഴിപ്പ് ഒന്നിച്ചാവാം"
"സന്തോഷം" എന്‍റെ മറുപടി.
അത് കേട്ടതും എന്‍റെ പാത്രമടങ്ങിയ കവര്‍ കൂടി എടുത്ത് അവള്‍ കഫറ്റേരിയയിലേക്ക് പോയി....

ബാത്ത് റൂമില്‍ കയറി ഫ്രഷായി വെറുതെ ഫോണെടുത്ത് നോക്കിയപ്പോ ഇരുപത്തി മൂന്ന് മിസ്സ് കാള്‍....
എല്ലാം ഗായത്രിയുടെ.
ഈശ്വരാ, എന്ത് പറ്റി??
കുഞ്ഞും അവളും ഒറ്റക്കല്ലേ!!!
വെപ്രാളത്തില്‍ വിളിച്ച എന്നോട് അവള്‍ ചോദിച്ചു:
"എന്താ ചോറ്‌ കൊണ്ട് പോകാഞ്ഞത്?"
"ആര്‌ പറഞ്ഞു, ഞാന്‍ ചോറെടുത്തല്ലോ, ആ മഞ്ഞ പാത്രത്തില്‍ താഴെ വച്ചിരുന്നത്"
മറുഭാഗത്ത് നിശബ്ദത!!!
തുടര്‍ന്ന് അലര്‍ച്ച പോലൊരു വാചകവും:
"ഭഗവതി, അത് കുഞ്ഞ് അപ്പിയിട്ട പോട്ടിയാ"
ടിഷ്യൂം.
തലക്കകത്ത് ഒരു കൊള്ളിയാന്‍ മിന്നി!!
കര്‍ത്താവേ...

പണ്ട് കാലത്ത് കുഞ്ഞുങ്ങളെ കാലേല്‍ നിര്‍ത്തിയാ അപ്പിയിടിപ്പിക്കുന്നത്.ഇപ്പോ അതിനും പാത്രമുണ്ടെന്നും, അതിനെ പോട്ടീന്നാ പറയുന്നതെന്നും, കുഞ്ഞിനായി ഗായത്രിയുടെ അച്ഛന്‍ അമ്മാതിരി ഒന്ന് വാങ്ങിയിരുന്നെന്നും ഒരിക്കല്‍ അവള്‍ പറ്ഞ്ഞത് മനസ്സിലൂടെ ഒന്ന് ഫ്ലാഷ് അടിച്ചു.രാവിലെ കുഞ്ഞ് അപ്പിയിട്ട പോട്ടി കഴുകാന്‍ വേണ്ടി ഗായത്രി അടച്ച് വച്ചതാണ്‌ ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്ന നഗ്നസത്യം മനസിലായപ്പോള്‍ കരയണോ ചിരിക്കണോന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍...

"ചേട്ടാ, കഴിക്കാന്‍ വരുന്നില്ലേ?" കഫറ്റേരിയയില്‍ നിന്നൊരു ചോദ്യം.
ഈശോയേ, പോട്ടി!!!
ഒറ്റ ഓട്ടമായിരുന്നു, ഓടി ചെന്നപ്പോള്‍ എല്ലാവരും പാത്രം തുറന്ന് എന്നെ കാത്തിരിക്കുവാ, എന്‍റെ കവര്‍ മാത്രം മാറ്റി വച്ചിരിക്കുന്നു.എന്നെ കണ്ടതും അവര്‍ പറഞ്ഞു:
"ആദ്യ ദിവസമല്ലേ, ചേട്ടന്‍ വന്നിട്ട് തുറക്കാമെന്ന് കരുതി"
അത് നന്നായി.
അല്ലേല്‍ ഇന്നൊരു തീരുമാനമായേനേ!!

പാത്രത്തിന്‍റെ വലിപ്പം കണ്ടാവണം ഒരുത്തിക്കൊരു സംശയം:
"വല്യ പാത്രമാണല്ലോ, ഇത്രേം ചേച്ചി വച്ചതാ"
ഹേയ്, കുഞ്ഞ് വച്ചതാ!!
"നാളെ മുതല്‍ ഇങ്ങനല്ല, ഞങ്ങള്‍ കൈയ്യിട്ട് വാരും" അവളുടെ ഭീഷണി.
നിനക്കൊക്കെ ധൈര്യമുണ്ടെങ്കില്‍ ഇന്ന് കൈയ്യിട്ട് വാരടീന്ന് പറയാന്‍ വന്നത് ഒരു ചിരിയിലൊതുക്കി.
എന്‍റെ മൌനം കണ്ടാകാം, അവര്‍ വീണ്ടും ക്ഷണിച്ചു:
"വാ ചേട്ടാ, ഇരിക്കാം"
ഒഴിവാകാന്‍ വേണ്ടി ഒരുവിധം പറഞ്ഞു:
"അതേ, ഇന്ന് ഞാന്‍ നിങ്ങടെ കൂടെ കഴിക്കാനില്ല"
"അയ്യോ, അതെന്താ?"
"ആദ്യ ദിവസമല്ലേ, പ്രോജക്റ്റ് മാനേജരോടൊപ്പം കഴിക്കണമെന്നാ ആഗ്രഹം"
എല്ലാവരുടെയും മുഖത്ത് നിരാശ.
ഒടുവില്‍ അവര്‍ സമ്മതിച്ചു:
"ശരി ചേട്ടാ"
ഭാഗ്യം, രക്ഷപ്പെട്ടു.

രക്ഷപെടലിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, അരമണിക്കൂര്‍ കഴിഞ്ഞപ്പോ പ്രോജക്റ്റ് മാനേജര്‍ വന്നു:
"മനു ഇന്ന് എന്‍റെ കൂടെ കഴിക്കാന്‍ ആഗ്രഹിക്കുന്നതായി കുട്ടികള്‍ പറഞ്ഞു, ബാ നമുക്ക് തുടങ്ങാം"
എന്തോന്ന്??
"കമോണ്‍ മനു"
ഈശോയേ!!
എന്ത് പറയും??
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"സോറി സാര്‍, ഇപ്പോഴാ ഓര്‍ത്തത്.ഇന്ന് ഞാന്‍ വ്രതമാ, വെജിറ്റേറിയന്‍ മാത്രമേ കഴിക്കു, സാറിനു അസൌകര്യമാവും"
"ഓ, ഐ സീ" സാറിന്‍റെ മുഖത്ത് മ്ലാനത.
"ഞാന്‍ നാളെ കമ്പനി തരാം സാര്‍" എന്‍റെ ഉറപ്പ്.
"മതി, അതു മതി" മാനേജര്‍ ഹാപ്പിയായി, ഞാനും.

പ്രോജക്റ്റ് മാനേജര്‍ പോയപ്പോള്‍ അടുത്ത സീറ്റിലിരുന്ന ഒരാള്‍ എഴുന്നേറ്റ് അരികിലേക്ക് വന്നു, കണ്ടിട്ടൊരു നമ്പൂതിരി ലുക്ക്.
ആരാണാവോ??
"നോം വെജിറ്റേറിയനാ" അയാളുടെ ആമുഖം.
അതിന്??
"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം"
ഈശോയേ!!!
കുരിശുകള്‍ ഇങ്ങനെയും വരുമോ???
റാംജിറാവു സ്പീക്കിംഗിലെ ഒരു രംഗമാ ഓര്‍മ്മ വന്നത്....

"കുലുമാ....കുലുമാ...
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ കുലുമാ...
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പെടുമ്പോള്‍ കുലുമാ..."

മത്തായിച്ചേട്ടാ, ഒരു പാട്ട് കേട്ടോ?
പാട്ടോ?
ഇതവന്‍റെ അടവാ, ഒപ്പിടടാ, എടാ, ഒപ്പിടാന്‍!!!

"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം" വീണ്ടും.
ണ്ട്, ലേശ്യം വിരോധം ണ്ട്!!!
അങ്ങനെ പറയാന്‍ വായില്‍ വന്നെങ്കിലും, പറഞ്ഞില്ല.ഒരുവിധം അദ്ദേഹത്തെ ആശ്വസിപ്പിച്ചു:
"സോറി, ഇന്ന് ഞാനില്ല"
"സാരല്ല്യ" നമ്പൂതിരി അരങ്ങൊഴിഞ്ഞു.

ഇനി ഇവിടിരിക്കുന്നത് പന്തിയല്ല.പോട്ടി കവറില്‍ ഭംഗിയായി പൊതിഞ്ഞു ഡ്രോയറില്‍ വച്ചു.താഴെ ക്യാന്‍റീനില്‍ പോയി കഴിക്കാനായി എഴുന്നേറ്റു.ആദ്യ ദിവസം തന്നെ ഡ്രോയര്‍ പൂട്ടുന്ന കണ്ട് സഹപ്രവര്‍ത്തകന്‍ ചോദിച്ചു:
"എന്താ മനു, വിലപിടിപ്പുള്ള വല്ലതുമുണ്ടോ?"
ഉവ്വ, പ്രീഷ്യസ്സാ!!!

താഴെ ക്യാന്‍റീനിലേക്ക്...
അവിടെ പോയീ നൂറ്റമ്പത് രൂപ മുടക്കി ഒരു ഊണ്‌ കഴിച്ചു.അത് അറിഞ്ഞപ്പോ ഓഫീസിലുള്ളവര്‍ പരസ്പരം പിറുപിറുത്തു...
"നമ്മടെ കൂടെ ഒന്നും ആഹാരം കഴിക്കില്ല, താഴെ ക്യാന്‍റീനില്‍ പോയാ കഴിച്ചത്, ഭയങ്കര ജാടയാ"
എനിക്ക് ജാടയാണന്ന്....
അല്ലെന്ന് പറയാന്‍ പോയില്ല, സമ്മതിച്ചു കൊടുത്തു...
എനിക്ക് ഇച്ചിരി ജാടയുണ്ട്....
ഐയം എ ജാടാമാന്‍!!
സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ എന്ന് ശ്രേണിയിലെ പുതിയ അവതാരം..
ജാടാമാന്‍!!!
പക്ഷേ ഗതികേടു കൊണ്ടാ കുഞ്ഞുങ്ങളെ, ഈ ജാട ഒരു രോഗമല്ല.

55 comments:

അരുണ്‍ കായംകുളം said...

ഇന്ന് ഒക്റ്റോബര്‍ 2.

ഭാരതത്തെ ലോകത്തിനു മനസിലാക്കി കൊടുത്ത നമ്മുടെ രാഷ്ട്രപിതാവിന്‍റെ ജന്മദിനം.അദ്ദേഹത്തിനായി, നമുക്കായി, നമ്മുടെ ഭാര്തത്തിനായി, നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പം സാക്ഷാത്കരിച്ച് നമുക്ക് ഏറ്റ് പറയാം....

ഭാരത് മാതാ കീ ജയ്യ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

""വല്യ പാത്രമാണല്ലോ, ഇത്രേം ചേച്ചി വച്ചതാ"
ഹേയ്, കുഞ്ഞ് വച്ചതാ!!"
ശരിക്കും വച്ചത് ആരാ ?

Junaiths said...

അങ്ങനെ മനുവിന്റെ കൊച്ചി വാസം തുടങ്ങിക്കഴിഞ്ഞു....ഇനി ജാഡകളുടെ,തമാശകളുടെ പൊടിപൂരം ആരംഭിക്കട്ടെ...

mini//മിനി said...

സൂപ്പർ ബൊക്സ്,,,

ചാണ്ടിച്ചൻ said...

അപ്പോ ഇടപ്പള്ളിയില്‍ എവിടാ കൂടാരം???

ഷബീര്‍ - തിരിച്ചിലാന്‍ said...

അപ്പൊ ഇങ്ങനെയൊക്കെയാണല്ലേ ജാഢ ഉണ്ടാകുന്നത്. കലക്കി...

Manoraj said...

കൊച്ചിയെ ആളുകളെക്കൊണ്ട് വെറുപ്പിക്കല്ലേ മാഷേ:) ഞങ്ങള്‍ കുറേ പാവങ്ങള്‍ ഇവിടെ കഞ്ഞികുടിച്ച് കിടപ്പുണ്ട്..

പോസ്റ്റ് രസകരം. അപ്പോള്‍ ഇടക്ക് കാക്കനാട് വെച്ചോ ഇടപ്പള്ളിയില്‍ വെച്ചോ ഒക്കെ കാണാം.

കുന്നെക്കാടന്‍ said...

അപ്പൊ അങ്ങിട് തുടങ്ങാം ല്ലേ,
കൊച്ചിയിലെ ജാഡ വണ്ടി.

siya said...

സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ എന്ന് ശ്രേണിയിലെ പുതിയ അവതാരം..
ജാടാമാന്‍!!!
പക്ഷേ ഗതികേടു കൊണ്ടാ കുഞ്ഞുങ്ങളെ, ഈ ജാട ഒരു രോഗമല്ല..
ഹഹ ....അപ്പോള്‍ കൊച്ചികഥകള്‍ തുടങ്ങി ..ഇനിപ്പോള്‍ ആ ജാടാമാന്‍ പേര് കളയണ്ടാ. എന്തായാലുംകിട്ടിയ പേര് അല്ലെ .വെറുതെ കൂടെ ഇരിക്കട്ടെ

സെബിന്‍ (സ്വല്പം വല്ല്യ പുള്ളിയാ) said...

"achiyum kochum" okke vanna stithikku ini postukalude ennam kurayumoo?
kochiyaakumbol kathakalkku panjamundaavillello.

സെബിന്‍ (സ്വല്പം വല്ല്യ പുള്ളിയാ) said...

colleagues onnum ee blog kaanathirikkatte.

പഥികൻ said...

അങ്ങനെ മാലപ്പടക്കം കൊച്ചിയിലും പൊട്ടിത്തുടങ്ങി.....

Renjith Kumar CR said...

അരുണ്‍ നല്ല പോസ്റ്റ്

വീകെ said...

അങ്ങനെ കൊച്ചിയിലെത്തിയല്ലെ..?
“കൊച്ചിയിലേക്ക് സ്വാഗതം....”
ഞാനും തൊട്ടടുത്തു തന്നെയുണ്ട്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാന്‍ വിശ്വസിച്ചു കേട്ടൊ. ആരും തുറന്നു നോക്കിയേ ഇല്ല
അരുണ്‍ സത്യം പറ എന്താ ഉണ്ടായത്‌ :)

അല്ല നൂറ്റമ്പതു രൂപയ്ക്ക്‌ എന്താ സ്വര്‍ണ്ണമാണൊ അവിടെ വിളമ്പുന്നത്‌ എന്റമ്മൊ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Does your old karnaTaka number work now?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഈ വലിയ കായംകുളം സൂപ്പര്‍ഫാസ്റ്റ് ഓടിക്കുന്ന അരുണേട്ടന്‍ ഇത്ര മന്ദബുദ്ധിയായിരുന്നോ :)
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

സാമൂസ് കൊട്ടാരക്കര said...

ഇതാണു അപ്പോള്‍ ചേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യം അല്ലേ.. :)

Ismail Chemmad said...

ഹ ഹ നര്‍മം നന്നായിട്ടുണ്ട്...
വായിച്ചു ചിരിച്ചു...

kochumol(കുങ്കുമം) said...

ജാടാമാന്‍!എന്നാലും കുഞ്ഞിന്ടെ അപ്പി ഒരു ദിവസം മൊത്തത്തില്‍ പൊതിഞ്ഞുകൊണ്ട് നടന്നൂല്ലോ അല്ലെ .....അങ്ങനെ തന്നെ വേണം ഇനി എങ്കിലും ഒന്ന് നോക്കുമെല്ലോ കൊണ്ട് പോകുന്നത് എന്താണെന്നു .......

Sudeep said...

ഫോണ്‍ എടുത്തു നോക്കാന്‍ തോന്നിയത് ഭാഗ്യം ആയി... ഇല്ലെങ്കില്‍ ഈ കഥ പുറത്തു വരില്ലായിരുന്നു :)

വേണുഗോപാല്‍ said...

എങ്ങിനെ ചിരിക്കാതിരിക്കും... ഈ രീതിയിലല്ലേ എഴുത്ത്,,, അറഞ്ഞു ചിരിച്ചു ... ഇപ്പോള്‍ സമയമില്ല ... പിന്നെ വന്നു ബാക്കി കൂടെ വായിക്കുന്നുണ്ട് ... എന്നിട്ട് മോത്തായിട്ടു കമെന്ടാം .... ആശംസകള്‍

--- said...

അപ്പൊ തുടക്കം ഗംഭീരായി-ല്ലേ....???

റശീദ് പുന്നശ്ശേരി said...

ബോക്സ് തുറക്കാതെ തന്നെ
ഇത്രക്കുന്ടല്ലോ .കൊള്ളാം ചിരിച്ചു

Rakesh KN / Vandipranthan said...

edappalleel undalle... phone no onnu tharavo, :)

krish | കൃഷ് said...

ഈ സംഭവത്തിനുശേഷം ലഞ്ച് കാന്റീനിൽ നിന്ന് തന്നെയാക്കിയോ. അതോ ജാഡാമാൻ, ടിഫ്ഫിൻ ബോക്സ് തുറന്ന് നോക്കിയിട്ട് മാത്രമേ കൊണ്ടുപോകാറുള്ളുവോ.

കൊച്ചു കൊച്ചീച്ചി said...

ഞാനൊന്നും പറേണില്ല. മിണ്ടാണ്ടു പോവ്വാ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പോട്ടിചരിതം ഇഷ്ടപ്പെട്ടു....!!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നാട്ടുകാരാ, നര്‍മ്മം തകര്‍ത്തുപൊളിച്ചു കേട്ടോ? :-)

വര്‍ഷിണി* വിനോദിനി said...

രസകരായിരിയ്ക്കുന്നൂ....ആശംസകള്‍.

റാണിപ്രിയ said...

കലക്കി ..............

ചക്രൂ said...

നന്നായിട്ടുണ്ട് മാഷേ..... രസിപ്പിക്കുന്ന എഴുത്ത്

വരയും വരിയും : സിബു നൂറനാട് said...

ജോയിനിംഗ് പ്രൊസീജറൊക്കെ എളുപ്പമായിരുന്നു.
അപ്പോയിന്‍മെന്‍റ്‌ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, റിസീവിംഗ് ലെറ്റര്‍, വെല്‍ക്കം ലെറ്റര്‍ എന്ന് വേണ്ടാ, അവര്‌ കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.ഒന്നും വായിച്ച് നോക്കാന്‍ കൂടി പറ്റിയില്ല, എന്‍റെ വീടും പുരയിടവുമെല്ലാം അവര്‍ എഴുതി എടുത്തോ എന്തോ??


ഈ സമയത്താണ് എനിക്ക് മറ്റേ പാട്ട് ഓര്‍മ്മ വന്നത്...

"അവനവന്‍ കുരുക്കുന്ന കുരുക്കെടുതഴിക്കുമ്പോ 'കുലുമാ..' "

ചെലക്കാണ്ട് പോടാ said...

ഇടപ്പള്ളിയിലാണാ... കൊള്ളാം മ്മടെ ബന്ധുക്കളൊക്കെയുണ്ട്....

പുതിയ ജോലിയില്‍ എല്ലാവിധ ആശംസകളും....

Echmukutty said...

എന്തു പറയാനാ ജാഡാ മാൻ?
കൊള്ളാം കേട്ടൊ.

Akash nair said...

Kalakki mashe....

ഓര്‍മ്മകള്‍ said...

Uyyo chirichu chirichu edapadu theernu... Nale ente classilullavare muzhuvan vayich kelpikanam..... Supeeer....

T.A.AKBAR said...

super

ഇലക്ട്രോണിക്സ് കേരളം said...

ഈ പോസ്റ്റ് ഇന്നലെ രാത്രി 12 മണിക്ക് ശേഷം വായിച്ച ഞാന്‍ ചിരിച്ച ചിരി കേട്ട വീട്ടുകാര്‍ എന്നെ കാക്കനാട് കുസുമഗിരി ആശുപത്രിയില്‍ (ഇതു പോലെ ചിരിക്കുന്നവരുടെ ആശുപത്രി)അഡ്മിറ്റാക്കിയേനെ....ഇനി പകലേ വായിക്കൂ

ഇലക്ട്രോണിക്സ് കേരളം said...

ഈ പോസ്റ്റ് ഇന്നലെ രാത്രീ 12 മണിക്ക് ശേഷം വായിച്ച ഞാന്‍ ചിരിച്ച ചിരി കേട്ട് ആളുകള്‍ എന്നെ പിടിച്ച് കാക്കനാട് കുസുമഗിരി ആശുപത്രിയില്‍ അഡ് മിറ്റാക്കിയേനെ(ഇതു പോലെ ചിരിക്കുന്നവരെ ഇടുന്ന ആശുപത്രിയാണേ )ഇനി പകലേ വായിക്കൂ...അഭിനവ വാണക്കുറ്റിക്ക് അഭിനന്ദനങ്ങള്‍...

ഉല്ലാസ് said...

കൊച്ചിയിലെ കൊതുകുകള്‍ ഇനി മനുഷ്യരെ വിട്ട്‌ ഈ ബ്ളോഗിനു പിന്നാലെ ആവും!!

priyag said...

hi arunetta welcome to kochi.

Lipi Ranju said...

കലക്കി :)

ഒരു പാവം മലയാളി said...

അണ്ണാ ഐറ്റം കലക്കിയിടുണ്ട്...........
കുറച്ചു നാളായി എല്ലാം മറന്നു ഒന്ന് ചിരിച്ചിട്ട്..........നന്ദി ......!!!!
ഇതേപോലെ ഉള്ള ഐറ്റംസ് ഇനിയും പ്രതീക്ഷികുന്നു....
എന്ന് ജാടക്കാരന്‍ ..!

ചിതല്‍/chithal said...

ഒറ്റ സംശയം മാത്രം: ഗായത്രി എന്തൂട്ടിനാ അലറിയേ?

ഷിനു.വി.എസ് said...

അരുണ്‍ നന്നായിട്ടുണ്ട് ..കിടിലന്‍ പോസ്റ്റ്‌ ..ഇന്‍ഫോ പാര്‍ക്കില്‍ ഏത് കമ്പനിയിലാ ..ഞാനും ഇവിടെ ഉണ്ട് അതാ ....

നെല്‍സണ്‍ താന്നിക്കല്‍ said...

അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലേ. നൂറ്റമ്പത് രൂപായുടെ ഊണ് കിട്ടുന്ന സ്ഥലം ആണെങ്കില്‍ ഉറപ്പാണ് അത് "തേജോമയ" തന്നെ (സത്യം പറ - കറക്റ്റ് അല്ലേ). കാശ് വീശിയപ്പോള്‍ അവിടുത്തെ സെക്യൂരിറ്റിക്കാര്‍ പിടിച്ചു പഞ്ഞിക്കിട്ടു കാണും എന്നാ ഞാന്‍ ആദ്യം വിചാരിച്ചത്. ഏതായാലും രക്ഷപ്പെട്ടല്ലോ.

ഇടപ്പള്ളിയില്‍ എവിടാ താമസം?

Mukundan said...

അപ്പൊ കൊച്ചിയില്‍ എത്തി അല്ലേ ? ഞാനും ഏഴു വര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതത്തിനു ശേഷം ഈ ജൂണില്‍ കൊച്ചിയിലെ ഒരു IT കമ്പനിയില്‍ ജോയിന്‍ ചെയ്തതേ ഉള്ളു. ഈ പോസ്റ്റ്‌ നന്നായി...

Mukundan said...
This comment has been removed by the author.
Kottayam kunjamma said...

chettan varan kathirunnathu nannayi.. chettan varunnathinu munp lunch box attack cheyyan aa penkuttikku thonniyirunnengilathe avastha onnu aalochicheeee... hehehe

Manef said...

ഹോ ഇത് വെറും സൂപ്പര്‍ അല്ല സുസുപ്പര് ആണ്...‍

മനോജ് കെ.ഭാസ്കര്‍ said...

കായംകുളത്തിന് അഭിമാനമായി കൊച്ചുണ്ണിയും പനച്ചൂരാനും പിന്നിതാ അരുണും...
ആദ്യമായാണ് ഇവിടെയെത്തിയത്.. സന്തോഷം...അഭിനന്ദനങ്ങള്‍...

ജോ l JOE said...

സൂപ്പര്‍ഫാസ്റ്റ് വേഗം പോരാ....ബോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. പോസ്റ്റ്‌ കലക്കി. പക്ഷെ എന്നോട് നേരില്‍ പറഞ്ഞ സംഭവം ഇങ്ങനെ ആല്ലോ. കുറെ കാര്യങ്ങള്‍ മുക്കി അല്ലെ ?...:))))

Muralee Mukundan , ബിലാത്തിപട്ടണം said...

കൊച്ചീൽ കൊച്ചിന്റെ പുണ്യാഹം ലഞ്ചാക്കി തുടക്കം..
ഇനി കൊച്ചീലുള്ള അരുണോദയങ്ങൾക്ക് കാതോർക്കുന്നൂ...കേട്ടൊ അരുൺ

alimajaf said...

ആദ്യായിട്ടാ വന്നത്. ഫയങ്കര ഇഷ്ടായി. എന്നും വരാട്ടോ

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com