
ചുട്ടയിലെ ശീലം ചുടല വരെ
ഈ പഴമൊഴി ഒരു ശീലത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.കുട്ടിക്കാലത്ത് ഏതെങ്കിലും ഒരു സംഭവം മൂലമോ,സാഹചര്യം മൂലമോ ഉണ്ടാകുന്ന ഭയവും ജീവിതകാലം മുഴുവന്‍ നമ്മളോടൊപ്പം തന്നെ കാണാം.അങ്ങനെ പറഞ്ഞ് വരുമ്പോള്‍ വെള്ളത്തെ പേടിക്കുന്നത് അക്വാ ഫോബിയ എന്നും പെണ്ണിനെ പേടിക്കുന്നതിനു ഗൈനോഫോബിയ എന്നും വിളിക്കുന്ന വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന ഒരു പേടിയാണ്` എനിക്കുള്ളത്.അതാണ്` സ്റ്റേജോഫോബിയ എന്ന് ഞാന്‍ വിളിക്കുന്ന രംഗഭീതി.ഒരു സ്റ്റേജില്‍ നിന്നു കൊണ്ട് നാലുപേരെ ഫെയ്സ്സ് ചെയ്യുന്ന ഘട്ടത്തില്‍ തലകറങ്ങുന്നതായി തോന്നുക,ഇതാണ്` സ്റ്റേജോഫോബിയയുടെ പ്രധാന ലക്ഷണം.
ഏതൊരു പുരുഷന്റെ പേടിയ്ക്ക് പുറകിലും ഒരു പെണ്ണു കാണും എന്ന് കേട്ടിട്ടില്ലേ?
ശരിയാ,പക്ഷേ എന്റെ പേടിയ്ക്ക് പുറകില്‍ ഒന്നല്ല, രണ്ട് പെണ്ണൂങ്ങളായിരുന്നു കാരണം,അതും എന്റെ ഗുരുസ്ഥാനത്ത് ഉള്ളവര്‍.അത് വിശദമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ പുറകിലേക്ക് പോകണം.അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയാണ്.കൂടെ പഠിച്ച കുട്ടികളെല്ലാം നേഴ്സറി സ്ക്കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്റെ പിതാശ്രീയും മാതാശ്രീയും എനിക്ക് തിരഞ്ഞെടുത്തത് ഒരു ആശാന് പള്ളിക്കുടമായിരുന്നു.അവിടെ വച്ച് എന്റെ വിരല്‍തുമ്പില്‍ പിടിച്ച് മലയാളം അക്ഷരങ്ങള്‍ എഴുതിപ്പിച്ച ആശാട്ടിയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.അവരായിരുന്നു എന്നില്‍ സ്റ്റേജോഫോബിയ വന്നതിന്റെ ഒന്നാം കാരണഭൂത,രണ്ടാമത്തെത് എന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ശൈലജ ടീച്ചറും.
അന്നത്തെ ആ ആശാട്ടി അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല എനിക്ക് പറഞ്ഞ് തന്നത്,കൂട്ടത്തില്‍ അന്നത്തെ ജീവിതചര്യയ്ക്ക് ഉപയോഗപ്രദമായ കുറച്ച് വാചകങ്ങളും എന്നെ പഠിപ്പിച്ചു.അന്ന് ആ പഠിപ്പിച്ച വാചകങ്ങളില്‍ എനിക്ക് ഉപയോഗപ്രദമായത് രണ്ടേ രണ്ട് വാചകങ്ങളായിരുന്നു.അതില്‍ ഒന്നാണ്` 'ഇച്ഛീച്ഛി പോണം' എന്ന വാചകം.ഈ വാചകം പറഞ്ഞാല്‍ പിന്നെ രണ്ട് വിരല്‍ ഉയര്‍ത്തികാണിക്കുകയോ,രണ്ടിനു പോകണം എന്ന് പറയുകയോ ചെയ്യേണ്ട ആവശ്യം ഇല്ല,ആശാട്ടി അപ്പോള്‍ തന്നെ പോയിക്കൊള്ളാന്‍ പറയും.ഇനി ഒരു വാചകം ഉണ്ടായിരുന്നത് 'പാടാന്‍ പോകണം' എന്നതായിരുന്നു.ഈ വാചകം പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റില്‍ ബാറ്റ്സ്സ് മാന്‍ ഔട്ട് ആകുമ്പോള്‍ അമ്പയര്‍ ഒരു വിരല്‍ പൊക്കുന്ന പോലെ കൈ ഉയര്‍ത്തേണ്ട ആവശ്യമോ,ഒന്നിനു പോണം എന്ന് പറയണ്ട ആവശ്യമോ ഉണ്ടായിരുന്നില്ല.മലയാളം അക്ഷരങ്ങള്‍ കൂടാതെ ആ ആശാട്ടിയില് നിന്നും എനിക്ക് ലഭിച്ച വിലപ്പെട്ട രണ്ട് സമ്മാനങ്ങളായിരുന്നു ആ വാചകങ്ങള്‍.
ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ഒരു സ്ക്കൂളില്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ശൈലജ ടീച്ചറായിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍.ക്ലാസ്സ് മൊത്തം പെണ്‍കുട്ടികള്‍,ആണ്‍കുട്ടി എന്ന് പറയാന്‍ ഞാന്‍ മാത്രം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ഏറ്റവും പുറകിലത്തെ ബഞ്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരുന്നു എന്റെ ഇരിപ്പടം.അന്ന് മഴയുള്ള ഒരു ദിവസം.ശൈലജ ടീച്ചര്‍ ക്ലാസ്സ് എടുക്കാതെ മഴയും നോക്കി വാതുക്കല് നില്ക്കുന്നു.തണുത്ത് വിറച്ച് പുറകിലത്തെ ബഞ്ചില്‍ ഇരുന്ന എനിക്ക് ഒരു ഉള്‍വിളി,ഒന്നിനു പോണം അഥവാ ആശാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പാടാന്‍ പോണം.അപ്പറവും ഇപ്പറവും പെണ്‍കുട്ടികള്‍,പുറത്ത് മഴ.സമയം മുന്നോട്ട് നീങ്ങും തോറും എന്റെ ഉള്‍വിളി കൂടി കൂടി വന്നു.വീട്ടിലോ ആശാന് പള്ളിക്കുടത്തിലോ ആയിരുന്നെങ്കില്‍ ഒറ്റ ഓട്ടത്തിനു പോയി വരാമായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞു പോയി.
"ടീച്ചര്‍ മനു കരയുന്നു"
എന്റെ സഹപാഠിയും വലത് വശത്ത് മുട്ടിയുരുമി ഇരിക്കുന്നവളുമായ രമ്യ അലറി പറഞ്ഞു.കേട്ടപാതി കേള്‍ക്കാത്തപാതി ടീച്ചര്‍ ഓടി വന്നു എന്നിട്ട് ചോദിച്ചു:
"എന്താ മോനേ?എന്ത് പറ്റി?"
എനിച്ച് പാടണം" ഞാന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.
"ങേ,എന്താ?" വീണ്ടും ടീച്ചര്‍.
മഴയുടെ ശബ്ദം കാരണം കേട്ട് കാണില്ല.അതുകൊണ്ട് ഞാന്‍ ഉറക്കേ പറഞ്ഞു:
"എനിച്ച് പാടണം"
ഇത് കേട്ട് ടീച്ചര്‍ ഒരു ചിരി.എന്നിട്ട് 'ആഹാ,ഇത്രയേ ഉള്ളോ' എന്ന് ചോദിച്ച് കൊണ്ട് എന്നെയും എടുത്ത് ടീച്ചര്‍ പതുക്കെ നടക്കാന്‍ തുടങ്ങി.ടീച്ചറിന്റെ കസേരയ്ക്ക് മുമ്പിലെ മേശപുറത്ത് കുട്ടികള്‍ക്ക് അഭിമുഖമായി എന്നെ തിരിച്ച് നിര്‍ത്തി.എന്നിട്ട് സ്നേഹത്തോടേ എന്നോട് പറഞ്ഞു:
"മോന് പാടിക്കോ"
ങേ!!!!
ഇവിടെ വച്ചോ???
ഞാന്‍ ഞെട്ടി പോയി.
സത്യത്തില്‍ ടീച്ചര്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഈ പെണ്‍കുട്ടികളുടെ എല്ലാം മുമ്പില്‍ വച്ച്,മേശപ്പുറത്ത് നിന്നുകൊണ്ട് ഞാന്‍ പാടാനോ?
മാത്രമല്ല മേശപ്പുറത്ത് നിന്ന് പാടിയാല്‍ ഫസ്റ്റ് ബഞ്ചേല്‍ ഇരിക്കുന്നവരുടെ മേത്ത് വെള്ളം വീഴും എന്ന ഒരു പ്രശ്നവുമുണ്ട്.എന്നിട്ടും ടീച്ചര്‍ എന്തിനു ഇങ്ങനെ പറഞ്ഞു?
ഇനി പുറത്ത് മഴയായത് കൊണ്ടാണോ എന്നോട് ഇവിടെ നിന്ന് പാടാന്‍ പറഞ്ഞത്?
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.
നല്ല തണുപ്പ്,കൂടാതെ പാടാനുള്ള കലശലായ ആഗ്രഹവും.എങ്കിലും,ഒരു പിഞ്ച് മനസ്സാണങ്കിലും എനിക്കുമില്ലേ ടീച്ചര്‍ നാണവും മാനവും?
ഞാന്‍ ടീച്ചറെ ദയനീയമായി നോക്കി.
"മോന് ധൈര്യമായിട്ട് പാടിക്കോ" ടീച്ചറിന്റെ വക പ്രോത്സാഹനം വീണ്ടും.
പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല.നിക്കറിന്റെ ബട്ടന്‍സ്സ് മാറ്റിയിട്ട് അവിടെ നിന്ന് അങ്ങ് പാടി.
അയ്യേ!!!
ഫസ്റ്റ് ബഞ്ചേല്‍ ഇരുന്നവര്‍ ഇറങ്ങി ഓടി,മറ്റു കുട്ടികള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു.ഞാന്‍ ഏതോ മനോഹരമായ ഗാനം ആലപിക്കാന്‍ പോകുകയാണു എന്നു കരുതി എന്റെ മുഖത്ത് നോക്കി നിന്നിരുന്ന ടീച്ചര്‍ അപ്രതീക്ഷിതമായി എന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നീക്കം കണ്ട് അന്തം വിട്ട്, തലയ്ക്ക് കൈയ്യും കൊടുത്ത്, 'എന്റെ ഈശോയേ' എന്നു പറഞ്ഞ് കൊണ്ട് തറയില്‍ കുത്തിയിരുന്നു.
പാടാന്‍ എന്നെ എടുത്തുകൊണ്ട് വന്ന ടീച്ചര്‍,ഞാന്‍ പാടി കഴിഞ്ഞപ്പോള്‍ എന്റെ ചെവിയ്ക്ക് തൂക്കി പിടിച്ചാണ്` എന്നെ ക്ലാസ്സിനു വെളിയില്‍ കൊണ്ട് ചെന്നിട്ടത്.എന്നിട്ട് അലറി കൊണ്ട് ഒരു ചോദ്യവും:
"ഇതാണോ അസത്തേ നിന്റെ പാട്ട്?"
എന്താ കുഴപ്പം?ആശാട്ടി പറഞ്ഞല്ലോ ഇങ്ങനാ പാടണ്ടതെന്ന്?പിന്നെന്ത് പറ്റി?
പാവം ഞാന്‍!!!
എനിക്ക് ഒന്നും മനസിലായില്ല.
എന്റെ വിവാഹദിനം..
അന്നത്തെ ആ സംഭവത്തിനു ശേഷം എന്ന് സ്റ്റേജില്‍ നിന്നാലും എനിക്ക് ആ പാട്ടിന്റെ കാര്യവും ടീച്ചറുടെ ചോദ്യവുമാണ്` ഓര്‍മ്മ വരിക.അതുകൊണ്ട് തന്നെ കതിര് മണ്ഡപത്തില്‍ ഇരുന്നതും ഒരു വിറയലോടെ ആയിരുന്നു.കൃത്യം മുഹൂര്‍ത്ത സമയമായപ്പോള്‍ താലി എന്റെ കയ്യില്‍ കിട്ടി,കൂടെ കെട്ടിക്കോളാന്‍ ഒരു ഉപദേശവും.അപ്പോഴാണ്` എനിക്ക് ഒരു സംശയം.
ആണ്‍കെട്ടോ പെണ്കെട്ടോ ഏതാ ആദ്യം?
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന് അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന് ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...പല പ്രാവശ്യം,ചറപറാന്ന് കെട്ടി.ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.
ഒരു നിമിഷം..
ദൈവത്തിനും,അച്ഛനും അമ്മയ്ക്കും,ഗുരുക്കന്മാര്ക്കും,ബന്ധുക്കള്‍ക്കും,നിങ്ങളടക്കം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും,അങ്ങനെ എല്ലവര്‍ക്കും ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ ഗായത്രി ഭര്‍ത്തൃമതിയായി,ഞാനൊരു ഭാര്യാമതനായി.
ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ സദ്യ വിളമ്പു.കല്യാണത്തിനു വന്നവരെല്ലാം ഓഡിറ്റോറിയത്തില്‍ അക്ഷമരായി ഇരിക്കുന്നു.എന്നെയും ഗായത്രിയേയും സ്റ്റേജില്‍ നിര്‍ത്തി ഫോട്ടോഗ്രാഫേഴ്സ്സ് ഫോട്ടോ എടുത്തുകൊണ്ട് ഇരിക്കുന്നു.അപ്പോഴാണ്` നാല്` ആണുങ്ങളും രണ്ട് പെണ്ണൂങ്ങളും ഞങ്ങളുടെ അടുത്തുവന്ന് ഒരു അപേക്ഷ:
"ഞങ്ങള്‍ ഈ പാട്ടും ഒക്കെയായി നടക്കുന്നവരാ,നിങ്ങള്‍ ഒരു സ്വല്പം നീങ്ങി നിന്നാല്‍ സദ്യ ആകുന്നവരെയുള്ള സമയം ഞങ്ങള്‍ക്ക് ഇവിടെ നിന്ന് പാടാമായിരുന്നു"
ങ്ങേ!!!!
പാടാനോ???അയ്യേ!! ഇവിടോ???
പഴയ ഓര്‍മ്മ വന്ന ഞാന്‍ അറിയാതെ ഒന്നു ഞെട്ടി.
ദൈവമേ!!!!
ഇവരിനി ആശാന് പള്ളിക്കുടത്തില്‍ പഠിച്ചവരായിരിക്കുമോ?
ആയിരത്തോളം പേര് ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നു.ഒത്ത നാല്` ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഈ സ്റ്റേജില്‍ നിന്ന് അവരെ നോക്കി പാടിയാല്‍?
ഒരു ഭംഗിയും കാണില്ല.
ഇത്രയും ഒക്കെ ആലോചിച്ച് ഞെട്ടി പോയ ഞാന്‍ ചാടി കേറി ചോദിച്ചു:
"അത് വേണോ?"
"അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?" ഒരുത്തന്റെ മറുചോദ്യം.
"ഒന്നുമില്ല.ഇവിടെ ഇരിക്കുന്നവര്‍ക്ക് കാണാന്‍ ധൈര്യമുണ്ടങ്കില്‍ നിങ്ങള്‍ പാടിക്കോ" എന്റെ മറുപടി.
"അയ്യേ ചേട്ടാ പാട്ട് കാണുവാന്നോ,കേള്‍ക്കുകയല്ലേ ചെയ്യുന്നത്?" കല്യാണം കഴിഞ്ഞ് എന്റെ പ്രിയതമ ആദ്യമായി ചോദിച്ച ചോദ്യം.
പാവം കുട്ടി,ഇവള് എന്തറിയുന്നു?
ഗാനമേള ട്രൂപ്പ് പാട്ട് തുടങ്ങി.അപ്പോഴാണ്` പഴയ ശൈലജ ടീച്ചര്‍ ഒരു ഗിഫ്റ്റുമായി ഞങ്ങളുടെ അടുത്ത് വന്നത്.ഗിഫ്റ്റും ,അനുഗ്രഹവും,ആശംസകളും തന്ന് കഴിഞ്ഞ് തിരിച്ച് പോകാന്‍ നേരം ടീച്ചര്‍ എന്നോട് ചിരിച്ച് കൊണ്ട് ഒരു ചോദ്യം:
"മനു ഇപ്പോഴും പാടാറുണ്ടല്ലോ?"
അത് കേട്ടതും ഒരു ചമ്മലോടെ ഞാന്‍ തല കുനിച്ചു.
"ങേ!,ചേട്ടന് പാടുമോ?" എന്റെ വാമഭാഗത്ത് നിന്ന് കൊണ്ട് ഗായത്രിയുടെ ചോദ്യം.
പാടുമോന്നോ?കൊള്ളാം.ആരാ കുട്ടി ഈ ലോകത്ത് പാടാത്തത്?
ഇങ്ങനെയൊക്കെ ആലോചിച്ചപ്പോള്‍ അറിയാതെ വന്ന ചിരി മറച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"പിന്നെ ഞാന്‍ ഡെയിലി പാടും"
"എന്നോട് പറഞ്ഞില്ല" അവളുടെ പരിഭവം.
അയ്യേ!!!
ഇവളെന്താ ഇങ്ങനെ?
ഇതൊക്കെ പറഞ്ഞ് നടക്കേണ്ട കാര്യം ആണോ?
ഞാന്‍ ഒന്നും മിണ്ടാതെ നില്ക്കുന്ന കണ്ടിട്ടാകണം അവള് വീണ്ടും ചോദിച്ചു:
"ഡെയിലി പാടും എന്നല്ലേ പറഞ്ഞത്.എപ്പോഴാ പാടുന്നത്?"
എന്റെ വേലായുധസ്വാമി!!!
ജോത്സ്യരെ കൊണ്ട് സമയവും കാലവും നോക്കിച്ചാണോ മനുഷ്യര്‍ പാടുന്നത്?
ഈ ഒരു കാര്യത്തിനു കൃത്യമായി സമയം നോക്കി വയ്ക്കാന്‍ പറ്റുമോ?
ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ നോക്കുമ്പോള്‍ എന്റെ മറുപടിയും പ്രതീക്ഷിച്ച് ആകാംഷയോടെ അവള് നോക്കി നില്ക്കുന്നു.എന്തെങ്കിലും പറയേണ്ടേ,അതിനാല്‍ ഞാന്‍ പറഞ്ഞു:
"അങ്ങനെ പ്രത്യേക സമയം ഒന്നുമില്ല.ഒരു ഉള്‍വിളി വന്നാല്‍ അപ്പോള്‍ പാടും"
ഓഹോ അതുശരി എന്നമട്ടില്‍ തലകുലുക്കി അവള് ചോദ്യശരങ്ങള്‍ പിന് വലിച്ചു.ഒരു തളര്‍ച്ചയോടെ അടുത്തു കിടന്ന കസേരയില്‍ ഇരുന്നപ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചു,
ദൈവമേ,ഇനി വിരുന്നിനു പോകുന്നിടത്തൊക്കെ എന്റെ ചേട്ടന് പാടും എന്ന് പറഞ്ഞ് ഇവള് എന്നെ നിര്‍ത്തി പാടിക്കാതിരുന്നാല് മതിയാരുന്നു.
അപ്പോഴും ഗാനമേള ട്രൂപ്പിലെ മുഖ്യ ഗായകന് തൊണ്ട കീറി പാടുന്നുണ്ടായിരുന്നു.മേഘം എന്ന സിനിമയില്‍ ഒരു സൈക്കിളും ചവിട്ടി മമ്മുട്ടി പാടുന്ന പാട്ട്.തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്റെ ചെവിയിലും മൈക്കിലൂടെ ആ പാട്ട് ഒഴുകി എത്തി...
"ഞാന്‍ ഒരു പാട്ട് പാടാം,........................................"
അറിയാതെ എന്റെ മനസ്സ് പറഞ്ഞു:
വേണ്ടാ!!!