For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

വെളുമ്പിപശു പ്രസവിക്കരുത്


കല്യാണം കഴിഞ്ഞ് ആദ്യമായി ഗായത്രിയുടെ കുടുംബ വീട്ടില്‍ വിരുന്നിനു പോയപ്പോഴാ അവിടൊരു എരുത്തിലും, പാലു തരുന്ന പശുക്കളും, ഒരു കോഴിക്കൂടും ഏതാനും കോഴികളും ഉണ്ടെന്നറിഞ്ഞത്.ഭാര്യ വീട്ടുകാര്‍ മൃഗസ്നേഹികളാണെന്നറിഞ്ഞ് ഞാനങ്ങ് അഹങ്കരിച്ചു....
ഹോ, ഇന്നത്തെ കാലത്ത് ആര്‍ക്ക് കിട്ടും ഈ ഭാഗ്യം!!!
മനു, യൂ ആര്‍ ലക്കി.
ആ എരുത്തിലും അവിടുത്തെ പശുക്കളും ഒരിക്കലും എനിക്കൊരു ശല്യമായിട്ടില്ലായിരുന്നു, കഴിഞ്ഞ മാസത്തെ ഒരു ശനിയാഴ്ച വരെ...

അന്ന് ഗായത്രിയുടെ വീട്ടില്‍ നിന്ന് വന്ന ഒരു ഫോണ്‍കാളായിരുന്നു എല്ലാത്തിനും തുടക്കം.ആ കാള്‍ അറ്റന്‍ഡ് ചെയ്തിട്ട് ഗായത്രി പറഞ്ഞു:
"മീനാക്ഷി പ്രസവിക്കാറായത്രേ, വല്യമ്മയാ വിളിച്ച് പറഞ്ഞതെന്ന്"
"ഏത് മീനാക്ഷി?"
എന്‍റെ ചോദ്യത്തിനു അര്‍ത്ഥമുണ്ട്, എനിക്ക് മീനാക്ഷി എന്നൊരു ബന്ധുവിനെ അറിയില്ല.മറുപടി പെട്ടന്നായിരുന്നെന്ന് മാത്രമല്ല, വളരെ സ്വാഭാവികവുമായിരുന്നു:
"നമ്മടെ വെളുമ്പി പശു"
ഒരു മഹത്തായ സംഭവത്തിന്‍റെ തുടക്കമായിരുന്നത്....

മീനാക്ഷി പ്രസവിക്കാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഗായത്രിക്ക് ഒരു ആവശ്യം മാത്രം....
"എനിക്ക് വീട്ടില്‍ പോകണം"
"എന്തിന്??"
"മീനാക്ഷി പ്രസവിക്കുമ്പോ ഞാനും അവിടെ കാണണം"
അവളാ പറയുന്ന ലോജിക്ക് എനിക്ക് മനസിലായില്ല.വെറും ഒരു പശു പ്രസവിക്കുന്നതിനു ഇവളെന്തിനാ വീട്ടില്‍ പോകുന്നത്.ഇക്കണക്കിനു പോയാല്‍ നാളെ കോഴി മുട്ടയിടുന്നതിനും വീട്ടില്‍ പോകണമെന്ന് പറയില്ലേ??
സംശയം അവളോട് തന്നെ ചോദിച്ചു:
"അപ്പോ കോഴി മുട്ടയിടുമ്പോഴും നീ വീട്ടില്‍ പോകുമോ?"
അവളുടെ മുഖം വലിഞ്ഞ് മുറുകി, ദേഹത്ത് കള്ളിയങ്കാട്ട് നീലി കേറി, അവള്‍ അലറി പറഞ്ഞു:
"കോഴിയല്ല പശു, പശുവല്ല കോഴി, മനസ്സിലായോ?"
ഏതോ കൂടിയ ഇനമാണെന്ന് മനസിലായപ്പോ ഞാന്‍ തല കുലുക്കി....
മനസിലായേ, അടിയനു എല്ലാം മനസിലായേ, തമ്പ്രാട്ടി അങ്ങട്ട്...

അത് തീരുമാനമായി, ഞയറാഴ്ച രാവിലത്തെ ഇന്‍റര്‍സിറ്റിക്ക് അവളെയും കുഞ്ഞിനേയും കയറ്റി വിടാമെന്ന് ഉറപ്പിച്ചു.
"ചേട്ടന്‍ വരുന്നില്ലേ?"
ഞാനോ??
എനിക്ക് വട്ടില്ലല്ലോ!!
പിന്നെ എനിക്കാണോ വട്ട്??
സോറി ഡാ, അടിയന്‍ അറിയാതെ മൊഴിഞ്ഞതാ, ഒന്ന് ക്ഷമി!!
വിജയകരമായ ദാമ്പത്യ ജീവിതത്തിനു ഒരു ഭര്‍ത്താവിനു വേണ്ട രണ്ട് ഗുണങ്ങളാണ്‌ സഹിക്കാനും, ക്ഷമ ചോദിക്കാനുമുള്ള കഴിവ് എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയിരുന്നു.'സോറി' എന്ന വാക്ക് കണ്ട് പിടിച്ചത് തന്നെ ഒരു ഇംഗ്ലീഷ് ഭര്‍ത്താവാണോന്ന് എനിക്ക് സംശയമുണ്ട്, ആണങ്കില്‍ അതിയാനോട് ലോകത്തിലെ സകലമാന ഭര്‍ത്താക്കന്‍മാരും കടപ്പെട്ടിരിക്കുന്നു.ഭാര്യക്ക് തെറ്റെന്ന് തോന്നുന്ന എന്തേലും സംഭവിച്ചാല്‍ ഒറ്റ വാക്ക്....
സോറീ ഡാ!!!
(പ്രത്യേകം ശ്രദ്ധിക്കുക : 'സോറി ഡീ' എന്ന് പറയരുത്, അത് അപമാനിക്കുന്നതിനു തുല്യാത്രേ, സോ ഒള്ളി സോറി ഡാ)

റെയില്‍വേ സ്റ്റേഷനില്‍ കയറ്റി വിടാന്‍ നിന്നപ്പോഴാണ്‌ പഴയൊരു സുഹൃത്ത് റെജി, അവന്‍റെ അമ്മായി അപ്പനെ പായ്ക്ക് ചെയ്തിട്ട് അത് വഴി വന്നത്.ഗായത്രിയേയും മോളേം മാത്രമായി ഞാന്‍ കയറ്റി വിടുന്നത് കണ്ട് അവന്‍ ചോദിച്ചു:
"എന്താ ഇവിടെ?"
"ഗായത്രി ഒരു പ്രസവത്തിനു പോകുവാ" എന്‍റെ മറുപടി.
അവന്‍റെ കണ്ണുകളില്‍ അത്ഭുത ഭാവം!!!
എറണാകുളത്ത് എന്‍റെ കൂടെ താമസിക്കുകയും, പ്രസവിക്കണമെന്ന് തോന്നുമ്പോള്‍ ഇന്‍റര്‍സിറ്റിക്ക് നാട്ടില്‍ പോയി പ്രസവിക്കുകയും ചെയ്യുന്നവളാണോ എന്‍റെ ഭാര്യാന്ന് ചിന്തിക്കുകയാണെന്ന് തോന്നുന്നു.
വിശദമാക്കി കൊടുത്തു:
"പ്രസവം മീനാക്ഷിക്കാ"
"ആരാ മീനാക്ഷി?"
"അതൊരു പശുവാ!!"
വെളുപ്പാന്‍ കാലത്ത് ഞാന്‍ ആക്കിയതാണോ അല്ലിയോന്ന് മനസിലാകാതെ കുറേ നേരം കൂടി എന്നെ നോക്കിയിട്ട് അവന്‍ നടന്ന് നീങ്ങി...

ട്രെയിന്‍ നീങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായ ഞാന്‍ പിന്നില്‍ നിന്ന് ഒരു സ്ത്രീ സ്വരം കേട്ടു...
"എടാ, മനു..."
തല തിരിച്ച് നോക്കി, ഇരുട്ടില്‍ നിന്ന് വെളിച്ചത്തേക്ക് നീങ്ങുന്ന ഒരു സ്ത്രീ രൂപം, കൈയ്യില്‍ ഒരു ബാഗുമുണ്ട്.മുഖം ദൃശ്യമായപ്പോള്‍ മനസ്സ് എന്ന കമ്പ്യൂട്ടര്‍ അവള്‍ ആരെന്നുള്ള വിവരങ്ങള്‍ എനിക്ക് വെളിപ്പെടുത്തി...

പേര്: ജയന്ത
വയസ്സ്: ഏകദേശം 32 ആയി കാണും.
ബന്ധം : എഞ്ചിനിയറിംഗ് സീനിയര്‍
കോളിറ്റി : ലൈസന്‍സ് ഇല്ലാത്ത നാക്ക്

ഇവളെന്താ ഇവിടെ??
മറുപടി അവളില്‍ നിന്ന് തന്നെ മനസിലാക്കി...
ഏതോ എക്സാം എഴുതാന്‍ വന്നതാണത്രേ.രാത്രി വണ്ടിക്കാ വന്നത്, എക്സാം ഉച്ചക്കാണ്, രാവിലെ ആയിട്ട് എവിടേലും പോയി ഫ്രഷ് ആകണമെന്ന് കരുതി നില്‍ക്കുകയായിരുന്നു, എന്നെ കണ്ട സ്ഥിതിക്ക് എന്നെ കുറ്റി വയ്ക്കാമെന്ന് തീരുമാനിച്ചു...
അങ്ങനെ ബാധ കൂടെ കൂടി!!!
പുറത്തേക്ക് നടക്കുന്ന കൂട്ടത്തില്‍ ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്താനുള്ള കാരണം അറിഞ്ഞപ്പോള്‍ അവള്‍ അമ്പരന്ന് ചോദിച്ചു:
"പശു പ്രസവിക്കുന്നതിനു ഗായത്രി എന്തിനാ പോയത്?"
ഒരു രാത്രി മുഴുവന്‍ ഞാന്‍ എന്നോട് ചോദിച്ച ചോദ്യം, മറുപടി ഇല്ലതിനാല്‍ തല കുനിച്ച് നടന്നു, പിന്നില്‍ നിന്ന് അവളുടെ ആത്മഗതം കേള്‍ക്കാമായിരുന്നു:
"ഒരു പക്ഷേ പശുക്കുട്ടിക്ക് നിന്‍റെ മുഖഛായ ഉണ്ടോന്ന് നോക്കാനായിരിക്കും"
പോടി പുല്ലേ!!!

പുറത്ത് ഇറങ്ങിയപ്പോള്‍ മിന്നല്‍ പോലെ റെജി.എന്‍റെ കൂടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ട് അവന്‍ ഞെട്ടി:
"ആരടാ ഇത്?"
സത്യം ബോധിപ്പിച്ചു:
"ജയന്തി, എന്‍റെ സീനിയറാ"
എല്ലാം മനസിലായ മട്ടില്‍ ഒരു ചോദ്യം:
"അപ്പോ ഇതിനാണല്ലേ പശു പെറ്റെന്ന് പറഞ്ഞ് ലവളെ പായ്ക്ക് ചെയ്തത്?"
ങ്ങേ!!
അമ്പരന്ന് നില്‍ക്കെ അവന്‍റെ കോംപ്ലിമെന്‍റ്....
മിടുക്കനാ നീ, മിടുക്കന്‍!!
ആ നിമിഷം മനതാരിലിരുന്നു ആരോ മൊഴിഞ്ഞു...
ഡിയര്‍ മനു, യു ആര്‍ ഇന്‍ ട്രബിള്‍!!!
അത് സത്യമായിരുന്നു..

അവിവാഹിതനായ ഏതൊരു യുവാവിനും സുന്ദരിയായ കൂട്ടുകാരിക്ക് ഒപ്പം കറങ്ങുന്നത് സുഖകരമായ ഒരു സംഭവമാണ്.ആരുമില്ലാത്ത സമയത്ത് അവള്‍ വീട്ടിലോട്ട് വരികാന്ന് വച്ചാല്‍ അതിലും സന്തോഷമുള്ള മറ്റൊരു അവസ്ഥയില്ല.പക്ഷേ വിവാഹിതനായ ഒരു യുവാവിനു ഇത്രയും വേദനാ ജനകമായ മറ്റൊരു അവസ്ഥ ഇല്ലെന്നതാണ്‌ നഗ്നസത്യം.
അതായിരുന്നു എന്‍റെയും അവസ്ഥ...
കെട്ടിയതോടെ ഞാന്‍ പെട്ടു, ഇപ്പോ പെണ്ണെന്ന് കേട്ടാ ഞെട്ടും!!!
ആ സമയത്താണ്‌ ജയന്തി കൂടെ വരാന്‍ തയ്യാറായിരിക്കുന്നത്.ആലിന്‍ കാ പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് ആരാണാവോ പറഞ്ഞത്, ആരായാലും ആളൊരു മഹാനാ.
കാറില്‍ ജയന്തിയുമായി വീട്ടിലേക്ക്...

വാടകയ്ക്ക് താമസിക്കുന്നത് മുകളിലത്തെ നിലയിലാണ്.താഴെ വീട്ട് ഉടമസ്ഥരായ അങ്കിളും ആന്‍റിയും.അവരിന്ന് സ്ഥലത്തില്ല, ഗുരുവായൂരില്‍ പോയിരിക്കുകയാണ്, അതു കൊണ്ട് ജയന്തിയുമായി വീട്ടിലെത്തിയപ്പോള്‍ എനിക്ക് മറ്റ് ചോദ്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല.ജയന്തി മുകളിലേക്ക് കയറിയപ്പോള്‍ അയലത്തെ ചേച്ചി മതിലിനു മുകളിലൂടെ ഒന്ന് എത്തി നോക്കി, തുടര്‍ന്ന് സിറ്റൌട്ടിലിരുന്ന അവരുടെ കുട്ടിയേയും എടുത്ത് അകത്ത് കയറി വാതില്‍ ശക്തിയായി അടച്ചു.
ചേച്ചി തെറ്റിദ്ധരിച്ചോ എന്തോ??
തെറ്റിദ്ധാരണകള്‍ ആദ്യമേ മാറ്റേണ്ടത് ആവശ്യമായതിനാല്‍ അവിടെ ചെന്ന് കോളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് തല പുറത്തേക്കിട്ട് ചേച്ചി ചോദിച്ചു:
"എന്താ മനു?"
സത്യം എങ്ങനെ ബോധിപ്പിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് ആദ്യം മുതല്‍ പറയാമെന്ന് കരുതി പറഞ്ഞു:
"ഗായത്രിയുടെ വീട്ടിലെ വെളുമ്പി പശു പ്രസവിക്കാറായി...."
"അതിന്?" ചേച്ചിയുടെ മുഖത്ത് അമ്പരപ്പ്.
"അതിന്...അതിന്...ഗായത്രി നാട്ടില്‍ പോയി, കുഞ്ഞിനേയും കൊണ്ട് പോയി" ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.
"എന്താ മനു, എന്ത് പറ്റി?" ചേച്ചിയുടെ ഭര്‍ത്താവ്, മിസ്റ്റര്‍ ചേട്ടന്‍ പ്രത്യക്ഷനായി.
അതിനു മറുപടി പറഞ്ഞത് ചേച്ചിയായിരുന്നു:
"ഗായത്രിയുടെ വീട്ടിലെ പശു പ്രസവിക്കാറായന്നു കേട്ടതും, ഗായത്രി മനുവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി പോയത്രേ"
കടവുളേ!!!
ഈ സ്ത്രീ എന്തുവാ ഈ പറയുന്നത്??
അവരുടെ തെറ്റിദ്ധാരണ ഞാന്‍ തിരുത്തി:
"അയ്യോ, അതല്ല, ജയന്തി എന്‍റെ സീനിയറാണെന്ന് പറയാന്‍ വന്നതാ"
ചേട്ടന്‍ ഞാന്‍ എന്താ പറയുന്നതെന്ന് ആലോചിച്ച് അമ്പരന്ന് നില്‍ക്കെ ചേച്ചി വിശദമാക്കി:
"പാവം, ഗായത്രി പോയ വിഷമത്തില്‍ പിച്ചും പേയും പറയുന്നതാ"
എനിക്ക് വട്ടായെന്ന്...
വട്ട് നിന്‍റെ കെട്ടിയോനാ!!!
ഒന്നും മിണ്ടാതെ ആ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കതക് അടക്കുന്ന കൂട്ടത്തില്‍ ചേച്ചി ചേട്ടനോട് പറയുന്നത് കേട്ടു....
"ഒരു പശു പ്രസവിച്ചതിനു എന്തിനാ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത്, കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ"
ഒരു കാര്യം ഉറപ്പായി...
വട്ട് കെട്ടിയോനല്ല, ഈ മാരണത്തിനാ!!
നേരെ മുകളിലേക്ക്.....

താഴത്തെ കലാപരിപാടി കഴിഞ്ഞ് ഞാന്‍ ചെന്നപ്പൊഴേക്കും ജയന്തി കുളിച്ച് ഒരുങ്ങി കഴിഞ്ഞിരുന്നു.ഈറനോടുള്ള തല ഉണക്കവേ അവള്‍ ചോദിച്ചു:
"ചായ ഉണ്ടാക്കട്ടേ?"
"എനിക്ക് ചായ ഉണ്ടാക്കാന്‍ നീ ആരാ, എന്‍റെ കെട്ടിയോളോ?" വെറുതെ ഒരു കുസൃതി ചോദ്യം.
നാണത്തോടെ അവളുടെ മറുപടി:
"ഇന്നത്തേക്ക് അങ്ങനെ കരുതിയാലും എനിക്ക് പ്രശ്നമില്ല"
ങ്ങേ!!!
ഇവളെന്താ ഉദ്ദേശിച്ചത്??
അമ്പരന്ന് നിന്ന എന്നെ തള്ളിമാറ്റി ചിരിച്ച് കൊണ്ട് അവള്‍ അടുക്കളയിലേക്ക് പോയി, അതോടെ എന്‍റെ സമാധാനവും പോയി....

ജയന്തി കാണാന്‍ സുന്ദരിയൊക്കെയാ, പക്ഷേ ഞാനൊരു വിവാഹിതനല്ലേ.പാപവും പുണ്യവും തിരിച്ചറിയാനുള്ള കഴിവുള്ളവനാ ഞാന്‍, ഒരിക്കലും തെറ്റ് ചെയ്യില്ല.പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ഞാനിരിക്കെ ജയന്തി ചായയുമായി വന്നു, അത് വാങ്ങിക്കെ അവളുടെ വിരലുകള്‍ എന്‍റെ വിരലില്‍ സ്പര്‍ശിച്ചത് ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസിലാക്കി.
"എങ്ങനുണ്ട്?" അവളുടെ ചോദ്യം.
കുടിക്കുന്ന ചായയുടെ രുചി പോലും മനസിലാകുന്നില്ല, നെഞ്ചില്‍ ഒരു പെരുമ്പറ ശബ്ദം മാത്രം, എങ്കിലും പറഞ്ഞു:
"നല്ല ചായ"
"അയ്യോ, അത് ചായയല്ല, കാപ്പിയാ, തേയില കണ്ടില്ലാരുന്നു"
ഉവ്വോ??
എന്നാ നല്ല കാപ്പി!!!

എനിക്ക് കാപ്പി തന്നിട്ട് അവള്‍ ഫ്രിഡ്ജില്‍ നിന്ന് ആപ്പിളെടുത്ത് കഴിക്കുന്ന കണ്ടപ്പോള്‍ മനസമാധാനമായി...
ഈശ്വരന്‍ കാത്തു!!!
പണ്ട് ആപ്പിളു തിന്നപ്പോഴല്ലേ ഹവ്വക്ക് നാണവും മാനവും ഉണ്ടായത്, ആ ബോധം ജയന്തിക്കും ഉണ്ടാവണേ ഈശ്വരാ....
പാപ പുണ്യങ്ങളെ കുറിച്ച് അവള്‍ ബോധമുള്ളവളാവണേ...
എന്‍റെ പ്രാര്‍ത്ഥന ഇങ്ങനെ നീണ്ട് പോയി.
ആപ്പിള്‍ തിന്നിട്ട് അരികിലെത്തി അവള്‍ ചോദിച്ചു:
"ഒന്ന് കിടന്നാലോ?"
ഞാന്‍ ഭയപ്പെട്ടിരുന്ന ചോദ്യം!!!
വിക്കി വിക്കി മറുപടി പറഞ്ഞു:
"സോറി ജയന്തി, ഞാന്‍ ഇപ്പോ കിടക്കാന്‍ പറ്റിയ മൂഡിലല്ല"
"നീ എന്തിനാ കിടക്കുന്നത്, ഞാന്‍ പറഞ്ഞത് ഞാനൊന്ന് കിടക്കുന്ന കാര്യമാ"
"ഒറ്റക്കോ?"
"പിന്നല്ലാതെ നാട്ടുകാരെ കൂടെ കിടത്തണോ?" അവളുടെ മറുചോദ്യം.
മൈ ഗോഡ്, രക്ഷപെട്ടു!!!
ഒന്നുങ്കില്‍ ഇവളെ ഞാന്‍ തെറ്റിദ്ധരിച്ചതാ, അല്ലെങ്കില്‍ ശരിക്കും ഹവ്വ തിന്ന അതേ മരത്തിലെ ആപ്പിളാ ഇവളും തിന്നത്, എന്തായാലും രക്ഷപെട്ടു.

ഏ.സി ഇട്ട് കിടക്കാനായി അവള്‍ തയ്യാറായപ്പോ ഞാന്‍ പറഞ്ഞു:
"കതക് കുറ്റി ഇട്ടേരെ"
"എനിക്ക് നിന്നെ പേടിയില്ല" അവളുടെ മറുപടി.
പക്ഷേ എനിക്ക് എന്നെ പേടിയാ!!
അതിനാല്‍ ആ കതക് ഞാന്‍ പുറമേ നിന്ന് പൂട്ടി.അവള്‍ ഉണര്‍ന്ന് വന്നപ്പോള്‍ ഉച്ചയായി, നേരെ പുറത്ത് പോയി ആഹാരം കഴിച്ചു, എന്നിട്ട് പരിക്ഷാ സെന്‍ററില്‍ കൊണ്ട് ബാധ ഒഴിപ്പിച്ചു.
തിരികെ വീട്ടിലെത്തിയപ്പോള്‍ അയലത്തെ ചേച്ചി വിളിച്ച് ചോദിച്ചു:
"നോര്‍മലായോ?"
എനിക്കാകെ ചൊറിഞ്ഞ് വന്നു, ഞാന്‍ തിരികെ ചോദിച്ചു:
"നോര്‍മലായാല്‍ ചേച്ചി എന്നെ കെട്ടുമോ?"
അത് കേട്ടതും അവരോടി അകത്ത് കയറി കതകടച്ചു, കൂട്ടത്തില്‍ ഭര്‍ത്താവിനോടായി പറയുന്നത് വ്യക്തമായി കേട്ടു:
"മനു ഇപ്പോഴും വയലന്‍റാ, ആ പശു പ്രസവിച്ചതാ എല്ലാത്തിനും കാരണം"
ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിലേക്ക്...

ആ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഗായത്രി തിരിച്ച് എത്തിയപ്പോള്‍, മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നതിലും നല്ലത്, സംഭവിച്ചതെല്ലാം  ഞാന്‍ തന്നെ പറയുന്നതാണെന്ന് വിശ്വസിച്ച് സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..."
"എന്താ ചേട്ടാ?"
"ഇന്നലെ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് നിന്നെ കേറ്റി വിട്ട് കഴിഞ്ഞപ്പോ, ജയന്തി വന്നാരുന്നു..."
ഗായത്രിയുടെ മുഖഭാവം മാറി തുടങ്ങിയിരിക്കുന്നു, പുരികം മുകളിലേക്ക് ഉയര്‍ത്തി അവള്‍ ചോദിച്ചു:
"ഏത് ജയന്തി?"
ഭാവമാറ്റം ഭീകരമാണ്, സത്യം ഇവളെ സംഹാരമൂര്‍ത്തിയാക്കും, തീര്‍ച്ച.
നിന്ന നില്‍പ്പില്‍ പ്ലേറ്റ് മാറ്റി:
"ജയന്തി....ജയന്തി ജനതാ എക്സ്സ്പ്രസ്സ്!!"
"എന്നിട്ട്....?" അവള്‍ക്ക് ബാക്കി കൂടി അറിയണം.
"എന്നിട്ട്...മെയിലു വന്നു, വേണാട് വന്നു, അമൃത വന്നു, അവസാനം കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും വന്നു"
ഒരു വിധത്തില്‍ തലയൂരി, പിന്നല്ല!!!

"ഇതാണോ ചേട്ടനു പറയാനുള്ളത്?" അവള്‍ക്ക് സംശയം.
ഇത് മാത്രമല്ല, ഒരു ഉപദേശവുമുണ്ട്...
എന്ത് ഉപദേശം??
റെയില്‍ വേ സ്റ്റേഷനിലേക്ക് പല ട്രെയിനുകള്‍ വരും.വരുന്നവ സ്റ്റേഷനില്‍ സ്ഥിര താമസമാക്കാതെയും, കൂട്ടിയിടിക്കാതെയും നോക്കേണ്ടത് സ്റ്റേഷന്‍ മാസ്റ്ററാണ്.അതിനു പകരം വെളുമ്പി പശു പ്രസവിച്ചെന്നും പറഞ്ഞ് സ്റ്റേഷന്‍ മാസ്റ്റര്‍ വീട്ടില്‍ പോയാല്‍ അപകടമാണ്....
ഇത് തന്നെയാണ്‌ ജീവിതവും!!!


ഞാന്‍ പറയാനുദ്ദേശിച്ച ഗുണപാഠം:
ഉപദേശത്തിലെ റെയില്‍വേ സ്റ്റേഷന്‍ ഭര്‍ത്താവാണെങ്കില്‍, ഭാര്യ സ്റ്റേഷന്‍ മാസ്റ്ററാണ്.

ഭാര്യ മനസിലാക്കിയ ഗുണപാഠം:
വെളുമ്പി പശു പ്രസവിക്കുന്നത് അപകടമാണ്!!!
(അത് റെയില്‍വേ സ്റ്റേഷനിലായാലും, ജീവിതത്തിലായാലും)

53 comments:

അരുണ്‍ കരിമുട്ടം said...

ഇത് എന്‍റെ ഭാര്യ വായിക്കാതിരിക്കാന്‍ ബ്ലോഗ് സ്പോട്ടില്‍ എന്തേലും സെറ്റിംഗ്സ്സ് ഉണ്ടോ?
അറിയാമെങ്കില്‍ പറഞ്ഞ് തരണേ...

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഹ ഹാ ഞാനാണോ ആദ്യം...

കുറെ നാളായിട്ടുള്ള ആഗ്രഹം സഫലമായി...

ശൊഹ്!! ഒരു പശു വരുത്തിവെച്ച വിന ല്ലേ...

അവസാന പഞ്ച് ഒന്നു കൂടി ഉഷാറാക്കാമായിരുന്നു എന്ന് തോന്നി....
ബാക്കിയെല്ലാം പതിവ് പോലെ സൂപ്പര്‍...

jayanEvoor said...

ഉം...
മനസ്സിലായി.
അമൃതയും, ജയന്തിയും തമ്മിൽ ക്ലാഷാകാതെ നോക്കി, ‍അല്ലേ!? മിടുക്കൻ.

ബാംഗ്ലൂർക്ക് ഇപ്പ ചില ‘കൊച്ചുവേളി’ടീമുകളൊക്കെ വരുന്നുണ്ടെന്നാ കേൾവി.
അവളുമാരെ സൂക്ഷിച്ചോ!

(കലക്കൻ പോസ്റ്റ്!)

Jenish said...

കൊള്ളാം.. പക്ഷേ പഴയതുപോലെ നര്‍മ്മം അത്ര വര്‍ക്ക് ഔട്ട് ആയോ എന്നൊരു സംശയം...

അരുണ്‍ കരിമുട്ടം said...

@ ജനീഷ് : ശരിയാണ്‌ മാഷേ, പഴയ പോലെ വഴങ്ങുന്നില്ല, ഒന്നുങ്കില്‍ സമയ ദോഷം, അല്ലെങ്കില്‍ വര്‍ക്ക് ടെന്‍ഷന്‍, അതുമല്ലെങ്കില്‍ ആശയ ദാരിദ്യം.പിന്നെ എഴുത്ത് നിര്‍ത്തുന്നതിലും നല്ലത് എഴുതി നോക്കുന്നതാണെന്ന് കരുതി എഴുതുവാ
:(

ajith said...

കൊള്ളാം കേട്ടോ അരുണ്‍. തുടക്കം മുതല്‍ ഒടുക്കം വരെ നിറുത്തില്ലാതെ വായിച്ച് പോകാന്‍ തക്കവണ്ണം നല്ല ഒഴുക്ക്. പറ്റിയ തമാശകളും.

Ismail Chemmad said...

ഹ ഹ .. തകര്‍ത്ത് അരുണ്‍.
അല്ല മീനാക്ഷി ഇനി പ്രസവിക്കുമോ ? അതോ കുടുംബാസൂത്രണം ...

Unknown said...

കുടുംബം കലങ്ങിയോ ?

A.R said...

ഇത് വായിച്ചപ്പോള്‍ താങ്കളെ നേരത്തെ അറിയാതിരുന്നത്‌ വളരെ കഷ്ടമായി
തോന്നി. താങ്കളുടെ കുടുംബം കലങ്ങാത്തതില്‍ വിഷമവും തോന്നി.
ആ പശു വീണ്ടും പെറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം

Anonymous said...

Not Up to the mark arun....:(

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"സോറി ഡാ"
ഹ ഹ ഹ ഇതു കുറച്ചു പ്രായം കൂടിയ ദമ്പതികള്‍ക്കും പറയാമൊ?

കഥയുടെ അവസാനം അല്‍പം കൂടി നന്നാക്കാമായിരുന്നു. ബാക്കിയെല്ലാം പൊളപ്പന്‍

അഭിനന്ദ്‌സ്‌

ഉണ്ടാപ്രി said...

പശു പ്രസവിച്ച അക്കൌണ്ടില്‍ ഇനി ജയന്തി കുടെ പ്രസവിക്കുമല്ലോ എന്നോര്‍ക്കുമ്പോഴാ...
ഭാഗ്യവാന്‍..അമ്മയിയപ്പനോട് ഒരു പശുവിനെ വാങ്ങാന്‍ പറഞ്ഞു നോക്കട്ടെ

Abi said...

അരുണേട്ടാ മനൊഹരായി..
പക്ഷെ പഴയ ആ റെയിഞ്ചിലേക്ക് എത്തുന്നില്ല

www.ilapozhikkal.co.cc

Kannur Passenger said...

യോ യോ.. ക്ലൈമാക്സ്‌ എത്തിയപ്പോള്‍ ചീറി.. അത്രയ്ക്ക് കിടിലന്‍..:)
http://kannurpassenger.blogspot.com/

ഒരു ദുബായിക്കാരന്‍ said...

അരുണ്‍ ചേട്ടാ കലക്കിട്ടോ....അല്ല മീനാക്ഷി പ്രസവിച്ചിട്ട് ആരുടെ മുഖചായയാണെന്ന് പറഞ്ഞില്ല :-) ഈ എരുത്തില്‍ എന്ന് പറഞ്ഞാ എന്താ സാധനം? ഞാന്‍ ആദ്യായിട്ട് കേള്‍ക്കയാ..

Manoraj said...

അരുണ്‍ ഇത് അടിപൊളിയായിട്ടുണ്ട്. ആ ഡോക്ടറുടെ കമന്റും കിടു..

kARNOr(കാര്‍ന്നോര്) said...

ന്ന്ട്ട് ക്ടാവിന് ആരുടെ മുഖച്ഛായ ആരുന്നെന്ന് പറഞ്ഞില്ല :)

Villagemaan/വില്ലേജ്മാന്‍ said...

ഹോ ...ആപ്പിള്‍ അവിടെ ഉണ്ടായിരുന്നത് നന്നായി...അല്ലെങ്കില്‍..

തിറുമല്‍ ദേവാ ..!

Rakesh KN / Vandipranthan said...

ente daivame.., :P

ഓക്കേ കോട്ടക്കൽ said...

അപ്പൊ ആ വെളുമ്പി പശു പ്രസവിക്കുകയെ അരുത്..


! വെറുമെഴുത്ത് !

M.Rajeshkumar said...

DEAR Arun...
Valare nannayittyndu....njaan sherikkum aswathichu..!oro vakkilum narmmum thulumbi nilkkunnu...
All the best...
sneha poorvam,
Rajeshkumar
varnathoolika.blogspot.com

Rashid said...

ഞാനൊന്നും പറയുന്നില്ല.. നേത്രാവതി ചേച്ചിക്ക് മൂന്നാം മാസം ആണെന്ന് കേട്ട്.

Arun Kumar Pillai said...

ഹ ഹ ഹ
#വിജയകരമായ ദാമ്പത്യ ജീവിതത്തിനു ഒരു ഭര്‍ത്താവിനു വേണ്ട രണ്ട് ഗുണങ്ങളാണ്‌ സഹിക്കാനും, ക്ഷമ ചോദിക്കാനുമുള്ള കഴിവ് #

ഹ ഹ ഹ അരുൺ ചേട്ടാ എന്റെ അടുത്തിരിക്കുന്ന സഹപ്രവർത്തക ഒരല്പം നീങ്ങിയിരുന്നു, എന്റെ ചിരി അല്പം ഉച്ഛത്തിലായോ?

ഹ ഹ ഹ

arun said...

kalakki mone kalakki

കലക്കോടന്‍ said...

ഒരു വിവാഹിതന്റെ മനോനിലയും ഫീലിങ്ങ്സും ഇത്രയും നന്നായി ആരും എഴുതീട്ടില്ല !....
നഗ്ന സത്യം സത്യം മാത്രം ....പിന്നെ ജയന്തി ജനതയില്‍ യാത്ര ചെയ്തില്ല . അല്ലെ ..... ഞാന്‍ വിശ്വസിച്ചു
ഗായത്രി എക്സ്പ്രസ്സ്‌ വിശ്വസിച്ചാല്‍ ഞങ്ങള്‍ക്ക് ഇനിയും ചിരിക്കാം .....ഇല്ലങ്കില്‍.... ഒരു പക്ഷെ ഒടുക്കെത്ത്ത.
പോസ്റ്റ്‌ ആയിരിക്കും ......... ഹ ഹ ഹ ഹ ഹ ....

mini//മിനി said...

പോസ്റ്റ് സൂപ്പർ, ഭാര്യ വായിച്ചൊ?

പടന്നക്കാരൻ said...

This is called നര്‍മ്മം...

ചിതല്‍/chithal said...

അരുണേ, സത്യമായും: ആപ്പീസിലിരുന്നുള്ള ബ്ലോഗ് വായന നിർത്തണം എന്ന വിചാരം മാത്രമേ ഉള്ളു. അത് നടക്കാറില്ല. ചിലരുടെ പോസ്റ്റ് കാണുമ്പോൾ പരിസരം മറന്നു് ചാടിവീഴും.

അതുകൊണ്ടു തന്നെ, ഇത്തവണയും ഉറക്കെ ചിരിച്ചു പോയി, “ഗായത്രി ഉപേക്ഷിച്ചുപോയി” എന്നു് അയൽക്കാരി ചേച്ചി പറഞ്ഞതു വായിച്ചപ്പോൾ.

നർമ്മം പോരെന്നു് കമെന്റും “യെസ് യെസ്” എന്നു് മറുപടിയും കണ്ടു. എനിക്കു് അത്തരത്തിലൊരു കുറവും അനുഭവപ്പെട്ടില്ല.

വൈദ്യർ പറഞ്ഞപോലെ ചില “കൊച്ചു വേളികൾ” ബാംഗ്ളൂരിൽ അരങ്ങേറുന്നുണ്ടു്. കുറച്ചു് ആപ്പിൾ വാങ്ങണം. വില കൂടുതലാണു്; എന്നാലും..

hi said...

വെറുതേ കൊതിപ്പിച്ചു... :(
ഞാൻ കരുതി ഒരു സോമൻ - ഉണ്ണിമേരി , നനഞ്ഞ സാരി മാറ്റൽ, ദുർബലനിമിഷം സീൻ ഒക്കെ ഉണ്ടാകുമെന്ന് :(

Harmonies said...

ഹഹഹാ കൊള്ളാം ..........

Echmukutty said...

അപ്പോ അങ്ങനെയാണല്ലേ?.... ഭാര്യ ഈ പോസ്റ്റ് ഇതിനകം വായിച്ചു കാണുമെന്ന് കരുതുന്നു...ഉവ്വോ?
ദൈവമേ.....

Unknown said...

:)

Raneesh said...

ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍ ..... അടിപൊളി

Raneesh said...

ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍ ..... അടിപൊളി

കുഞ്ഞൂസ് (Kunjuss) said...

കായംകുളമല്ലേ നാട്, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം അല്ലേ അരുണ്‍ ...? :) :)

മണ്ടൂസന്‍ said...

ഞാന്‍ പറയാനുദ്ദേശിച്ച ഗുണപാഠം:
ഉപദേശത്തിലെ റെയില്‍വേ സ്റ്റേഷന്‍ ഭര്‍ത്താവാണെങ്കില്‍, ഭാര്യ സ്റ്റേഷന്‍ മാസ്റ്ററാണ്.

ഭാര്യ മനസിലാക്കിയ ഗുണപാഠം:
വെളുമ്പി പശു പ്രസവിക്കുന്നത് അപകടമാണ്!!!
(അത് റെയില്‍വേ സ്റ്റേഷനിലായാലും, ജീവിതത്തിലായാലും)

ഇതിലെ ഏറ്റവും മനോഹരമായ ഭാഗം.! എന്ന് വച്ച് മറ്റെല്ലാം മോശം എന്നല്ല,നല്ല രസകരമായിരുന്ന സംഭവത്തിലെ കാര്യം ഇത്രയുമാണ്. ആശംസകൾ.

എം പി said...

"ചേട്ടന്‍ വരുന്നില്ലേ?"
ഞാനോ??
എനിക്ക് വട്ടില്ലല്ലോ!!
പിന്നെ എനിക്കാണോ വട്ട്??
സോറി ഡാ, അടിയന്‍ അറിയാതെ മൊഴിഞ്ഞതാ, ഒന്ന് ക്ഷമി!!

തകര്‍ത്തു. കുറേ നാളുകള്‍ക്കു ശേഷം ചിരിച്ചു ഒരു പരുവമായി...

Gini said...

അവസാനം കായംകുളം എക്സ്പ്രസ്സും വന്നു

Anonymous said...

SHARANAM SREE AYYAPPAAAA,,,,

Anonymous said...

SHARANAM SREE AYYAPPAAAA,,,,

വെമ്പള്ളിനിവാസി said...

അടിപൊളി ആയിട്ടെ ഉണ്ടേ... പരിസരം അമ്രന്നെ ചിരിച്ചെ പോയെ...

Unknown said...

എന്‍റെ ഭാര്യാ വീട്ടിലും ഉണ്ട് ഒരു പശു...
അതിനു എന്നാണാവോ പെറാന്‍ മുട്ടുന്നത്..

എതായാലം അടിപൊളി

Narayanan @ Sridhar @ .... said...

അരുണ്‍ ചേട്ടാ.. ഞാന്‍ താങ്കളുടെ ബ്ലോഗിനേക്കാളും ചെയ്യുന്ന ജോലി മര്യാദക്ക് ചെയ്യണം എന്ന താങ്കളുടെ ബോധത്തിന്റെ ഫാന്‍ ആണ്.

ചെലക്കാണ്ട് പോടാ said...

അല്ല ആപ്പിള്‍ കടിച്ചല്ലേ ആദ്യ പാപം സ്റ്റാര്‍ട്ട് ചെയ്തേ... ഒരു ഡൌവുട്ട്

Jinesh B said...

കൊള്ളാം അരുണ്‍....

Kottayam kunjamma said...

സോറി ഡാ, അടിയന്‍ അറിയാതെ മൊഴിഞ്ഞതാ, ഒന്ന് ക്ഷമി!!
വിജയകരമായ ദാമ്പത്യ ജീവിതത്തിനു ഒരു ഭര്ത്താിവിനു വേണ്ട രണ്ട് ഗുണങ്ങളാണ്‌ സഹിക്കാനും, ക്ഷമ ചോദിക്കാനുമുള്ള കഴിവ് എന്നത് കഴിഞ്ഞ മൂന്ന് വര്ഷംമ കൊണ്ട് ഞാന്‍ മനസിലാക്കിയിരുന്നു.'സോറി' എന്ന വാക്ക് കണ്ട് പിടിച്ചത് തന്നെ ഒരു ഇംഗ്ലീഷ് ഭര്ത്താസവാണോന്ന് എനിക്ക് സംശയമുണ്ട്, ആണങ്കില്‍ അതിയാനോട് ലോകത്തിലെ സകലമാന ഭര്ത്താചക്കന്മാ്രും കടപ്പെട്ടിരിക്കുന്നു.ഭാര്യക്ക് തെറ്റെന്ന് തോന്നുന്ന എന്തേലും സംഭവിച്ചാല്‍ ഒറ്റ വാക്ക്....
സോറീ ഡാ!!!
athu kalakkee kettoooo

jeevanism said...

ഈ ബ്ലോഗിനെ കണ്ടു മുട്ടാന്‍ വളരെ താമസിച്ചു പോയല്ലോ എന്നൊരു വിഷമം. നല്ല പൊളിപ്പന്‍ പോസ്റ്റുകള്‍ അണ്ണാ, ചിരിച്ചു ചിരിച്ചു മനുഷ്യന്‍ ഒരു വഴിയായീ, അഭിനന്ദനങ്ങളും ഭാവുകങ്ങളും.....

ഒരു പഞ്ചപാവം said...

സത്യം പറ സാറേ... ജയന്തി ജനത അങ്ങനെയങ്ങ് ഒഴിഞ്ഞു പോയോ...??? അതിനു കായംകുളത് സ്റ്റോപ്പ്‌ ഒക്കെ ആയോ...???

kochumol(കുങ്കുമം) said...

:))

ലംബൻ said...

പരീക്ഷകഴിഞ്ഞു ജയന്തി തിരിച്ചു പോയോ...? അല്ല വെറുതെചോദിച്ചു എന്നെ ഉള്ളൂ.. പൊളപ്പന്‍ മാഷെ പൊളപ്പന്‍..

Anonymous said...

Good work arun

Unknown said...

അസ്സലായി
അഭിനന്ദനങ്ങള്‍

Unknown said...

കിടിലന്‍ പോസ്റ്റ്‌..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com