For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ക്ഷേത്രശില്പി തിരക്കിലാണ്
എന്‍റെ വീട്ടില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം ഗ്രാമം, അവിടെയാണ് എന്‍റെ അമ്മയുടെ കുടുംബവീട്.പഴയ ഒരു തറവാടാണ്, നാലുകെട്ടും കുര്യാലയും പറമ്പും പാടവുമെല്ലാമുള്ള ഒരു ടിപ്പിക്കല്‍ തറവാട്.അതിനോട് ചേര്‍ന്ന് കുടുംബ വകയായി ഒരു സര്‍പ്പക്കാവുണ്ട്.സര്‍പ്പദൈവങ്ങളുടെ പ്രതിഷ്ഠകള്‍ കൂടാതെ ആ കാവില്‍ നിലത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കല്ല് ഉണ്ട്.കുട്ടിക്കാലത്ത് എല്ലാവരും അതിനു മുമ്പില്‍ നിന്ന് തൊഴുന്നത് കണ്ട്, ഈ കല്ലിനു എന്താ പ്രത്യേകത എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കേ അമ്മുമ്മ എന്നോട് പറഞ്ഞു:
"മനുക്കുട്ടാ, തൊഴുതോ, ദേവിയാ...."
ഒന്ന് നിര്‍ത്തിയട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ അമ്മുമ്മ ഒരു കാര്യം കൂടി പറഞ്ഞു:
"ഇരുപത് വര്‍ഷം മുമ്പ്, ഇവിടൊരു അമ്പലം പണിഞ്ഞ് ദേവിയെ പ്രതിഷ്ഠിച്ചോളാം എന്ന് പറഞ്ഞ് കാരണവന്‍മാരിട്ട കല്ലാ.ഇത്രനാളും ഒന്നും നടന്നില്ല, കുടുംബത്തില്‍ എല്ലാവരുടെയും ആഗ്രഹമാ, എന്നെങ്കിലും നടന്നാ മതിയാരുന്നു"
എനിക്ക് ആകെ വിഷമമായി...
അമ്മുമ്മ പലരോടും അമ്പലം പണിയണമെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുള്ളതാ, ചിലവും സമയ നഷ്ടവും ഓര്‍ത്താകാം ആര്‍ക്കും താല്പര്യമില്ലാരുന്നു.അല്ലേലും ഈ കാരണവന്‍മാര്‍ക്ക് ഒരു കല്ലും ഇട്ട്, ഒരു വാക്കും പറഞ്ഞിട്ടങ്ങ് പോയാ മതി, ആ വാക്ക് പാലിക്കാനായിട്ട് ഒരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താന്‍ ആരെങ്കിലും മുന്‍കൈ എടുത്ത് വരുമോ, വന്നാല്‍ തന്നെ അതൊക്കെ അങ്ങനങ്ങ് നടത്താന്‍ പറ്റുമോ?
അത് കൊണ്ട് കൂപ്പു കൈയ്യോടെ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു:
"ദേവീ, ആരും അമ്പലം പണിയുമെന്ന് തോന്നുന്നില്ല, ഞങ്ങളോട് ക്ഷമിക്കണെ"
ആ പ്രാര്‍ത്ഥന നടത്തുമ്പോള്‍ സത്യമായും എനിക്ക് അറിയില്ലാരുന്നു, പിന്നെയും ഒരു ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം, അവിടൊരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താനുള്ള സൌഭാഗ്യം ദേവി എനിക്കായി കാത്ത് വച്ചിരിക്കുകയാണെന്ന്.
എന്നാല്‍ അതായിരുന്നു പരമമായ സത്യം!!
താവഴിയായി പലതായി പിരിഞ്ഞെങ്കിലും, അംഗസംഖ്യയിലും സമ്പത്തിലും തുല്യശക്തികളായി നില്‍ക്കുന്ന മൂന്ന് വലിയ കുടുംബങ്ങള്‍ ചേര്‍ന്നതായിരുന്നു എന്‍റെ അമ്മയുടെ കുടുംബം.ഐടി കമ്പനികളില്‍ ജോലിക്കാരെക്കാള്‍ കൂടുതല്‍ മാനേജരുമ്മാരാണ് എന്ന് പറയുന്ന പോലെ, കുട്ടികളെക്കാള്‍ കൂടുതല്‍ കാരണവന്‍മാരായിരുന്നു മൂന്ന് കുടുംബത്തിലും ഉണ്ടായിരുന്നത്.
ഒരോ കാരണവന്‍മാരും എന്‍റെ അറിവില്‍ ഒരോ മൂര്‍ത്തികളാ!!!
ഉദാഹരണത്തിനു നമ്മള്, രക്തചാമുണ്ഡി, അഘോരന്‍ എന്നൊക്കെ പറയാറില്ലേ, അതേ പോലെ ഉറഞ്ഞ് തുള്ളുന്ന വകുപ്പായിരുന്നു അവരെല്ലാം.
കാവിലെയും കുര്യാലയിലേയും വാര്‍ഷിക പൂജക്ക് ഈ ജന്മങ്ങളെല്ലാം ഒത്ത് ചേരും, എന്നിട്ട് പ്രഖ്യാപിക്കും:
"നമുക്ക് ഒരു ട്രസ്റ്റ് ഉണ്ടാക്കണം, ആ ട്രസ്റ്റിനു ഒരു അക്കൌണ്ട് വേണം, ആ അക്കൌണ്ടില്‍ എല്ലാവരും പൈസ ഇടണം, എന്നിട്ട് അടുത്ത വാര്‍ഷികത്തിനു മുമ്പേ അമ്പലം പണിയണം"
ഇത് കേള്‍ക്കുമ്പോ എനിക്കങ്ങ് കോള്‍മയിര്‍ കൊള്ളും.
കാരണവന്‍മാര് സംഭവം തന്നെ!!!
പക്ഷേ ഒന്നും സംഭവിക്കില്ല, അടുത്ത വര്‍ഷവും അവര്‍ ഇത് തന്നെ പ്രഖ്യാപിക്കും.ഒടുവില്‍ ഇത് കേട്ട് കേട്ട് എനിക്കങ്ങ് കോള്‍ മയി... [വേണ്ടാ, ഞാനയിട്ട് ഒന്നും പറയുന്നില്ല, നിങ്ങളങ്ങ് ഊഹിച്ചോ!!!]
പക്ഷേ എന്‍റെ ചേച്ചിയുടെ മകന്‍ അപ്പോ കുഞ്ഞാ, അവനു ശരിക്കും കോള്‍മയിര്‍ കൊണ്ടു, ഞാനായിട്ട് തിരുത്താന്‍ പോയില്ല, സത്യം മനസ്സിലാക്കുമ്പോ അവനായിട്ട് ഒന്നും പറയാതെ നമ്മളങ്ങ് ഊഹിച്ചോ എന്ന് കരുതാനുള്ള മാനസികാവസ്ഥ അവനു കൊടുക്കണേ കാവിലമ്മേ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു.
അങ്ങനെ കല്ല് ഇട്ടിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ച് കഴിഞ്ഞു, ഞാന്‍ മുപ്പത് കഴിഞ്ഞ ഒരു യുവാവുമായി.ഇതിനിടക്ക് ജീവിതപ്രശ്നങ്ങളില്‍ പെട്ട് വലഞ്ഞ ചിലര്‍ ജ്യോത്സ്യന്‍മാരെ സമീപിക്കുകയും, അവരെല്ലാം കുടുംബ കാവില്‍ അമ്പലം പണിയണമെന്ന പോംവഴി നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ പലരും കാരണവന്‍മാരെ സമീപിച്ചു.
ഒരാള്‍:
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോനു ജോലിയാകുമത്രേ"
കാരണവന്‍ കണ്ണുരുട്ടി:
"അമ്പലം പണിഞ്ഞാല്‍ കുറേ മേശരിമാര്‍ക്കും, ആശാരിമാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു ജോലിയാകും, അല്ലാതെ നിന്‍റെ മോനു ജോലി ആവത്തില്ല"
അവരുടെ വാ അടഞ്ഞു.
മറ്റൊരാള്‍:
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോള് പ്രസവിക്കുമത്രേ"
ആ അപേക്ഷ കാരണവര്‍ തുറുപ്പിട്ട് വെട്ടി:
"മോള് പ്രസവിക്കാന്‍ വേണ്ടി അമ്പലം പണിയണ്ടാ, ഗള്‍ഫിലുള്ള നിന്‍റെ മരുമോനോട് കുറേ ദിവസം നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറഞ്ഞാ മതി"
ടപ്പ്!!
അവരുടെയും വാ അടഞ്ഞു.
ഒടുവില്‍ എനിക്ക് നന്നാവാന്‍ വേണ്ടി നോക്കിയപ്പോ ആരും സമ്മതിച്ചില്ലല്ലോ, അതു കൊണ്ട് ബാക്കിയുള്ളവര്‍ നന്നാവാന്‍ വേണ്ടി അമ്പലം പണിയേണ്ടാ എന്ന തീരുമാനത്തില്‍ എല്ലാവരും എത്തി ചേര്‍ന്നു.
ദേവീ സങ്കല്പത്തിലിട്ട ആ കല്ല്, ഇതെല്ലാം കേട്ടും കണ്ടും, മഴയും വെയിലും കൊണ്ട്, കാവില്‍ നിശബ്ദമായി കിടന്നു.
കൊല്ലവര്‍ഷം 1189 ധനുമാസം 17ആം തീയതി, അതായത് 2014 ജനുവരി 1.
രണ്ടാമത്തെ കുടുംബത്തിലെ മൂന്നാമത്തെ മാമന്‍റെ ഒന്നാമത്തെ പുത്രന്‍റെ ഒരു കോള്‍:
"മനു ചേട്ടനാണോ?"
"അതേ"
"ചേട്ടാ, നമുക്ക് അമ്പലം പണിയണം"
തുടര്‍ന്ന് അവന്‍ എന്നെ കുറേ അങ്ങ് പൊക്കി, അമ്പലം പണിയുന്ന കാര്യം ഞാന്‍ വിചാരിച്ചാല്‍ നടക്കുമെന്നും, ഞാന്‍ വിചാരിച്ചാലേ നടക്കു എന്നും, ഞാന്‍ നടക്കുമ്പോ വിചാരിക്കുമെന്നും ഒക്കെയുള്ള അവന്‍റെ ഡയലോഗ് കേട്ട് അറിയാതെ ഞാനങ്ങ് പൊങ്ങി എന്ന് പറയുന്നതാണ് അതിന്‍റെ സത്യം.അല്ലേലും പണ്ടേ ഞാന്‍ ഹനുമാന്‍സ്വാമിയുടെ ആരാധകനാ, ജാംബവാന്‍ കുറച്ചൊന്ന് പൊക്കിയപ്പോ കടലു ചാടി ലങ്കയിലെത്തിയ കക്ഷിയാ അദ്ദേഹം.അതേ മനോഭാവമുള്ള എനിക്ക് തോന്നി, എന്നാ പിന്നെ ഒരു കൈ നോക്കാം.
കേട്ടപ്പോഴേ അച്ഛന്‍ പറഞ്ഞു:
"മൂര്‍ത്തികള്‍ക്ക് ഇടയിലോട്ടാ ഇറങ്ങുന്നത്, കാര്യം നടക്കണേല്‍ ഉഗ്രമൂര്‍ത്തിയാകണം"
അച്ഛന്‍റെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്‍മാരെ വിളിച്ച് പറഞ്ഞു:
"അമ്പലം പണിയാന്‍ പോകുവാ"
ഒരു കാരണവര്‍ക്ക് സംശയം:
"അതിനു ഞങ്ങള് സമ്മതിക്കേണ്ടേ"
"ഓ, എനിക്ക് അതിന്‍റെ ആവശ്യമില്ല"
ഞാന്‍ തീര്‍ത്ത് പറഞ്ഞു.
കാര്യം കേട്ട് അച്ഛന്‍ എന്നെ ഉപദേശിച്ചു:
"വെറുതെ ശത്രുത പിടിച്ച് പറ്റരുത്, ഉദാഹരണത്തിനു ഒരാള് വെട്ടാന്‍ വന്നാല്‍ മാത്രം തിരിച്ച് വെട്ടാവൂ"
ആ ആജ്ഞയും ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്‍മാരെ വിളിച്ച് പറഞ്ഞു:
"തടയാന്‍ വന്നാല്‍ ഞാന്‍ വീട്ടില്‍ കേറി വെട്ടും"
അത് കേട്ട് അമ്മ തലയില്‍ കൈ വച്ച് കരഞ്ഞപ്പോ അച്ഛന്‍ നിഷ്കളങ്കമായി പറഞ്ഞു:
"ഞാന്‍ വെറുതെ ഒരു ഉദാഹരണം പറഞ്ഞതാ"
"എന്നാലും അമ്മാവന്‍മാരെ വെട്ടി കൊണ്ട് വേണോ ഉദാഹരണം പറയാന്‍"
അമ്മയുടെ കരച്ചിലിനു ശക്തി കൂടി.
എന്തായാലും അതിനു ശേഷം അമ്പലക്കാര്യത്തില്‍ അച്ഛന്‍ പോലും എന്നെ ഉപദേശിക്കാന്‍ വന്നില്ല, മാത്രമല്ല യുവജനങ്ങളെല്ലാം അകമഴിഞ്ഞ രീതിയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.അങ്ങനെ അമ്പലം പണിയാന്‍ തീരുമാനമായി, പക്ഷേ അതിനു പൈസ മാത്രം പോരായിരുന്നു, മറ്റ് പല കാര്യങ്ങളും വേണ്ടി വന്നു.
അഷ്ടമംഗല ദേവപ്രശ്നം.
ഇതാണ് ആദ്യ പടി.ഇതിനായി നമ്മുടെ വീടിനെ പറ്റിയോ നാടിനെ പറ്റിയോ അറിവില്ലാത്ത രണ്ട് ജ്യോത്സ്യന്‍മാരെ കൊണ്ട് വരണം.കണ്ണൂര് ഉള്ള രണ്ട് ജ്യോത്സ്യരെ ആയിരുന്നു ഞാന്‍ കൊണ്ട് വന്നത്.അവരോട് നാല്‍പ്പത്തിയഞ്ച് വര്‍ഷമായി കല്ലിട്ട് ദേവീ സങ്കല്പത്തില്‍ പൂജിച്ച് വരുന്ന കഥ മാത്രം ഞാന്‍ സൂചിപ്പിച്ചു.
അങ്ങനെ അവര്‍ കാവില്‍ വന്നു.വിളക്ക് കത്തിച്ച് വച്ച് പ്രശ്നം നോക്കാന്‍ തുടങ്ങി.കാരണവന്‍മാരും വല്യമ്മമാരും കുഞ്ഞമ്മമാരും അമ്മുമ്മമാരും മറ്റുള്ള ഐറ്റങ്ങളെല്ലാം തന്നെ ഭയഭക്തി ബഹുമാനത്തോടെ അവര്‍ക്ക് മുന്നില്‍ നിന്നു.
കവടി നിരത്തിയട്ട് ജ്യോത്സ്യന്‍ പറഞ്ഞു:
"ശരിയാണ് കല്ലില്‍ ദേവീ സാന്നിദ്ധ്യം തെളിഞ്ഞു കാണുന്നു"
"ഏത് കല്ലിലാണ് ജ്യോത്സ്യരേ?"
ചോദ്യം മുന്നിലിരുന്ന കാരണവരുടെ വകയായിരുന്നു.
ജ്യോത്സ്യന്‍മാര്‍ ചുറ്റും നോക്കി, കരിങ്കല്ല്, ഇഷ്ടിക, വെട്ടുകല്ല് തുടങ്ങി ഒരുപാട് കല്ല് ചുറ്റും കിടക്കുന്നു, ഇതില്‍ ഏത് കല്ലാണെന്ന അങ്കലാപ്പ് അവര്‍ക്ക്.രണ്ട് പേരും ദയനീയമായി എന്നെ നോക്കി, ആ നോട്ടം കണ്ട് എന്‍റെ നെഞ്ചൊന്ന് കാളി...
എന്‍റെ ഭഗവതി, ഗണപതിക്ക് വച്ചത് കാക്ക കൊണ്ട് പോയോ??
കൂട്ടത്തില്‍ ഒരു ജ്യോത്സ്യന്‍ മനോധൈര്യം സംഭരിച്ച് പറഞ്ഞു:
"നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കല്ലില്‍ തന്നെ"
കിട്ടിയ അവസരത്തിനു യഥാര്‍ത്ഥ കല്ല് ചൂണ്ടി ഞാന്‍ പറഞ്ഞു:
"അതായത് ഈ കല്ലില്‍"
എല്ലാവര്‍ക്കും സന്തോഷമായി.
ആദ്യത്തെ അബദ്ധത്തില്‍ നിന്നും ചുറ്റുമുള്ളതെല്ലാം കൂടിയ ഇനങ്ങളാണ് എന്ന തിരിച്ചറിവില്‍ വളരെ സൂക്ഷ്മതയോടായിരുന്നു പിന്നീടുള്ള ജ്യോത്സ്യന്‍മാരുടെ നീക്കം.അവര്‍ പറഞ്ഞു:
"പരിഹാരക്രീയയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് ചെയ്യണം, ആര് പോകും?"
ആ ചോദ്യം കേട്ടതും എല്ലാവരുടെയും കണ്ണുകള്‍ എന്നിലേക്ക്...
മനു പോകും!!!
കൂട്ടത്തില്‍ ഒരു വല്യമ്മ മാത്രം വേണേല്‍ ഞാനൂടെ വരാം എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി, ആ നോട്ടം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.കാരണം ഭൂതത്താന്‍മാര് കെട്ടിയ വലിയ മതിലുള്ള ക്ഷേത്രത്തില്‍ പോലും ഈ വല്യമ്മ ചെന്നാല്‍ അവിടുള്ള ദൈവങ്ങള് ഈ മതില് ചാടി പിന്നിലുള്ള പാടത്ത് പോയി വെയില് കൊണ്ട് നില്‍ക്കും.അമ്മാതിരി പരാതികളാ കൈയ്യിലുള്ളത്.ഒടുവില്‍ വല്യമ്മ തിരിച്ച് ബസ്സ് കേറി എന്ന് ഉറപ്പായാല്‍ മാത്രമേ ദൈവങ്ങള് തിരിച്ച് മതില്‍ ചാടത്തുള്ളത്രേ.
അത് കൊണ്ട് ഞാന്‍ തന്നേ പോകാം എന്ന തീരുമാനമായി.
അവര്‍ ലിസ്റ്റ് തന്നു...
പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്ന് തുടങ്ങി അങ്ങ് തിരുപ്പതി വരെ നീളുന്ന ലിസ്റ്റ്.മൊത്തം വായിച്ചിട്ട് ഞാന്‍ ചോദിച്ചു:
"ഇതില്‍ കൈലാസം ഇല്ലല്ലോ?"
പരസ്പരം നോക്കി ചിരിച്ചിട്ട് അവര്‍ പറഞ്ഞു:
"ഹിമാലയസാനുക്കളിലെ മഞ്ഞ് വീഴ്ച കാരണം മനപൂര്‍വ്വം എഴുതാഞ്ഞതാ"
അവരുടെ വക ഒരു ഔദാര്യം!!!
നന്ദി രാജേട്ടാ, നന്ദി.
ഒരോ അമ്പലത്തില്‍ പോകുമ്പോഴും കുടുംബത്തിലെ എല്ലാവരും രഹസ്യമായി വരും, എന്നിട്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് അറിയാമെന്നും എന്നാല്‍ കൂട്ടത്തില്‍ ഇച്ചിരി പുണ്യം കൂടുതല്‍ കിട്ടാനാകും ഒരു പത്ത് രൂപ അവരുടെ പേരില്‍ ഇട്ടേക്കണേ എന്നും പറഞ്ഞ് അത് എന്നെ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കും.
തിരിച്ച് വരുമ്പോള്‍ ചോദിക്കും:
"യാത്ര സുഖമായിരുന്നോ? നന്നായി തൊഴാന്‍ പറ്റിയോ? കാണിക്ക ഇട്ടോ?"
"സുഖം, തൊഴുതു, ഇട്ടു" എന്‍റെ മറുപടി.
അത് കേള്‍ക്കുമ്പോള്‍ അവര്‍ പറയും:
"കണ്ടോ, ഞങ്ങള് തന്ന പൈസ കൊണ്ട് പോയത് കൊണ്ടാ, സത്യമുള്ള പൈസയാ"
മറുപടി പറയാതെ ഞാന്‍ അടുത്ത അമ്പലം ലക്ഷ്യമാക്കി യാത്രയാകും.
അടുത്ത പടി ഹോമങ്ങളായിരുന്നു.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഹോമങ്ങള്‍, ഭക്തി സാന്ദ്രമായ നിമിഷങ്ങള്‍.കുറേ സ്വര്‍ണ്ണ രൂപങ്ങള്‍ മുന്നില്‍ നിരത്തി എന്തൊക്കെയോ പൂജകള്‍.മൂന്നാം ദിവസം വെളുപ്പിനെ ഈ സ്വര്‍ണ്ണരൂപങ്ങളെല്ലാം ഒരു ചുവന്ന പട്ടില്‍ കെട്ടി എന്‍റെ കൈയ്യില്‍ തന്നിട്ട് തന്ത്രി പറഞ്ഞു:
"സൂക്ഷിക്കണം"
ഒന്ന് തലയാട്ടിയട്ട് ഞാന്‍ പറഞ്ഞു:
"ഇന്ന് ഞയറാഴ്ചയാ, ബാങ്കിന്‍റെ ലോക്കറില്‍ നാളെ കൊണ്ട് പോയി സൂക്ഷിച്ചു വച്ചോളാമേ"
തന്ത്രി എന്നെ അടിമുടി ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു:
"ഇത് എന്താണെന്നാ കരുതിയത്?"
എന്താ??
"തന്‍റെ കുടുംബത്തില്‍ ഇത് വരെ മരിച്ച എല്ലാവരെയും ആവാഹിച്ചതാ ഇപ്പൊ തന്‍റെ കൈയ്യില്‍ ഇരിക്കുന്നത്"
എന്‍റമ്മേ!!!
എന്‍റെ ഉള്ളം കാലില്‍ നിന്ന് ഒരു പെരുപ്പ് മേലോട്ട് കയറി.
"സൂക്ഷിക്കണം, പിതാമഹന്‍മാര്‍ മാത്രമല്ല, ദുഷ്ടശക്തികളും പ്രേതഭൂത പിശാചുക്കളുമെല്ലാം ഇതിലുണ്ട്.എത്രയും വേഗം തിരുവനന്തപുരത്തുള്ള തിരുവല്ലത്ത് പോയി ഇത് സമര്‍പ്പിക്കണം"
അറിയാതെ തല കുലുക്കിയ എന്നെ നോക്കി അദ്ദേഹം പറഞ്ഞു:
"ഒരിക്കല്‍ കൂടി പറയുവാ, സൂക്ഷിക്കണം, അല്ലാതെ സ്വര്‍ണ്ണമാണെന്ന് കരുതി ലോക്കറില്‍ കൊണ്ട് പോയി വയ്ക്കരുത്"
അടിയന്‍!!!
വണ്ടി എടുത്ത് യാത്രയായ എന്നെ കൃത്യം ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോ പോലീസ്സ് തടഞ്ഞു.ഇന്‍സ്പെക്ടര്‍ എന്നെ അടി മുടി ഒന്ന് നോക്കി...
കാവി കൈലി, കളര്‍ഷര്‍ട്ട്, നെറ്റിയില്‍ കുറി, കൈയ്യില്‍ പൊതിഞ്ഞ് കെട്ടിയ പട്ട്.
"എന്തോന്നാടാ ഇത്?"
മടിക്കാതെ മറുപടി പറഞ്ഞു:
"കുടുംബത്തിലെ പിതാമഹന്‍മാരെ ആവാഹിച്ചതാ"
"എന്തോന്ന്?" ഇന്‍സ്പെക്ടര്‍ക്ക് അങ്കലാപ്പ്.
"അത് മാത്രമല്ല, ഭൂതപ്രേത പിശാചുക്കളുമുണ്ട്"
ഇന്‍സ്പെക്ടര്‍ ഉമിനീരിറക്കി, എന്നിട്ട് ചോദിച്ചു:
"സ്വാമി എങ്ങോട്ടാണാവോ?"
"തിരുവല്ലം"
"ഊളമ്പാറ അല്ലല്ലോ?"
"അല്ല"
"എന്നാ പോയ്ക്കോ"
അങ്ങനെ വണ്ടി തിരുവല്ലത്തേക്ക്...
വൈകിട്ട് തിരിച്ചെത്തിയപ്പോ തന്ത്രി പറഞ്ഞു:
"ഇനി ഇത്ര നാളും പിതൃക്കള്‍ക്കായി വിളക്ക് കത്തിച്ചിരുന്ന കൂടം തല്ലി പൊട്ടിച്ച് ചാക്കിലാക്കി ഒഴുകുന്ന വെള്ളത്തില്‍ കൊണ്ട് കളയണം"
രാത്രി വരെ കാത്ത് നിന്നു, രാത്രിയില്‍ ഇത് ഒറ്റക്ക് ചുമന്ന് ഹൈവേക്ക് സമീപമുള്ള തോട്ടില്‍ കളയാന്‍ പോയ സമയത്ത് തന്നെ പോലീസ്സ് ജീപ്പ് വന്ന് സഡന്‍ബ്രേക്കിട്ടു.
പുറത്തേക്ക് ഇറങ്ങിയ ഇന്‍സ്പെക്ടര്‍ എന്നെ കണ്ട് ഒന്ന് അമ്പരന്നു, അയാള്‍ കൈയ്യിലിരിക്കുന്ന ചക്ക് കെട്ട് കണ്ട് ചോദിച്ചു:
"എന്താ ഇത്?"
"പിതൃക്കളുടെ വാസസ്ഥലമായിരുന്നു, ഒഴുക്കി കളയാന്‍ വന്നതാ"
സഹികെട്ട് ഇന്‍സ്പെക്ടര്‍ ചോദിച്ചു:
"തനിക്ക് ഇത് തന്നാണോ പണി?"
ഒന്നും മിണ്ടിയില്ല, ചാക്ക് കെട്ട് വെള്ളത്തിലേക്ക് വലിച്ച് എറിഞ്ഞു.
ഇനി അമ്പലം പണിക്ക് കുറ്റിയടിക്കണം.സ്ഥാനം കാണാന്‍ വന്ന ആളോട് ഞാന്‍ ചോദിച്ചു:
"ഏകദേശം അമ്പലം പണിയാന്‍ എത്രരൂപയാകും"
"ഏകദേശം പണിയാന്‍ കുറച്ച് രൂപ മതി, പക്ഷേ മൊത്തം പണിയാന്‍ നല്ല രൂപയാകും"
അങ്ങേരുടെ മറുപടി.
എന്നേക്കാള്‍ വല്യ പെരുമ്പാമ്പോ??
ഞാന്‍ ചോദ്യം മാറ്റി ചോദിച്ചു:
"അമ്പലം പണിക്ക് എത്ര രൂപയാകും?"
"ഏഴ് കോല്‍ അമ്പലമാണേല്‍ ഒന്നര ലക്ഷം, ഒമ്പതു കോലിനു മൂന്നര, പന്ത്രണ്ടിനു ആറ്, പതിനഞ്ചിനു പത്ത്"
ഒന്ന് നിര്‍ത്തിയട്ട് അയാള്‍ ചോദിച്ചു:
"ഇവിടെ എത്ര കോലാ വേണ്ടത്?"
ബഡ്ജറ്റിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഇല്ലാത്തതിനാല്‍ പറഞ്ഞു:
"എല്ലാ കോലിനും ഒരു കുറ്റ് വീതം അടിച്ചോ, കാശ് അനുസരിച്ച് ചെയ്തേക്കാം"
"അത് പറ്റില്ല, ഒറ്റ കുറ്റിയേ അടിക്കു, എങ്ങോട്ടാ അടിക്കേണ്ടത്?"
എന്‍റെ നെഞ്ചത്തോട്ട് അടി!!!
പിന്നല്ല.
ഒടുവില്‍ കുറേ സംസാരത്തിനു ശേഷം ഒമ്പത് കോല്‍ അമ്പലത്തിനു കുറ്റിയടിച്ചു.
തുടര്‍ന്ന് കല്ലിടീല്‍ ചടങ്ങ്.
അമ്പലത്തിനു കല്ല് ഇട്ട അന്ന് ക്ഷേത്രം പണിക്ക് വന്ന ആളിനോട് ഞാന്‍ പറഞ്ഞു:
"അടുത്ത മാസമാ പ്രതിഷ്ഠ, അതിനു മുമ്പേ പണി തീര്‍ത്ത് തരണം"
അയാള്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"കല്ല് ഇടുന്നതിനു മുന്നേ പ്രതിഷ്ഠക്ക് ഡേറ്റ് എടുത്ത തന്നെ തന്തക്ക് വിളിക്കാത്തത് എന്‍റെ മര്യാദ, ഞാന്‍ ശ്രമിക്കാം"
ഉവ്വ.
അയാള്‍ വാക്ക് പാലിച്ചു...
തന്തക്ക് വിളിച്ചുമില്ല, പറഞ്ഞ ഡേറ്റില്‍ അമ്പലം പണി പൂര്‍ത്തിയാക്കുകയും ചെയ്തു.
പിന്നെ പൂജകള്‍...
എല്ലാ മനസ്സും ദേവിയിലേക്ക്...
വര്‍ഷങ്ങളായുള്ള പലരുടേയും ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം!!
ഒടുവില്‍ ദേവിയുടെ അനുഗ്രഹത്താല്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മവും നടത്തി.ചുറ്റും നിന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു:
"അമ്മേ മഹാമായേ, എന്നും സര്‍വ്വ ഐശ്വര്യത്തോടെ ഇവിടെ വാഴണേ, എല്ലാവരേയും കാക്കണേ, അമ്മേ കാവിലമ്മേ, കാക്കണേ"
അമ്മ ചിരിച്ച് കൊണ്ടിരുന്നു...
എല്ലാം ശുഭമായി!!
അന്ന് അമ്പലത്തില്‍ നിന്ന് പോകുന്നതിനു മുമ്പേ തന്ത്രി പറഞ്ഞു:
"ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട്, ഇത്രേം നാളും പൂജിച്ചിരുന്ന കല്ല് പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തില്‍ കളയണം"
പഴയ അനുഭവമുള്ളത് കൊണ്ട് രാത്രിയില്‍ ചേട്ടനേയും കൂട്ടിയാണ് പോയത്.തോടിനു അരികില്‍ തന്നെ പോലീസ്സ് ജീപ്പ് കിടപ്പുണ്ടായിരുന്നു.അവരെ മൈന്‍ഡ് ചെയ്യാതെ കളയാന്‍ പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ ചോദിച്ചു:
"നേരത്തെ പൂജിച്ച് കൊണ്ടിരുന്ന എന്തെങ്കിലുമാണോ?"
അത് കേട്ട് ചേട്ടനു അത്ഭുതം!!
ചാക്ക് കണ്ടപ്പോ തന്നെ ഉള്ളിലെന്താണെന്ന് കണ്ടു പിടിക്കുന്നോ??
സാറ് ആള് കൊള്ളാമല്ലോ!!!
ചേട്ടന്‍ ഭക്തിപൂര്‍വ്വം ചോദിച്ചു:
"സാറ് സ്ക്കോട്ട്ലന്‍ഡ് യാര്‍ഡിലായിരുന്നോ, ചാക്ക് നോക്കി കണ്ട് പിടിക്കാന്‍?"
അതിനു മറുപടി കൊടുക്കാനായാവണം ഇന്‍സ്പെക്ടര്‍ ചേട്ടനെ അടുത്തേക്ക് വിളിപ്പിച്ചു.തോട്ടിലേക്ക് കല്ല് അടങ്ങിയ ചാക്ക് വീണ ശബ്ദത്തില്‍ ഒരു അടിയുടെ ശബ്ദവും ചേട്ടന്‍റെ അലര്‍ച്ചയും മുങ്ങി പോയി.നാല്‍പത്തിയഞ്ച് വര്‍ഷം ദേവീസങ്കല്‍പ്പത്തില്‍ പൂജിച്ചിരുന്ന കല്ല് അങ്ങനെ ഒഴുക്ക് വെള്ളത്തിലേക്ക് താണു പോയി.ഇതേ സമയം അങ്ങ് കാവില്‍, പുതിയതായി പണി കഴിപ്പിച്ച അമ്പലത്തില്‍, സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി കാവിലമ്മ ചിരിച്ച് കൊണ്ടിരുന്നു.
അമ്മുക്കുട്ടി എന്ന ചെല്ലക്കുട്ടി
പ്രണയം ഒരു പ്രത്യേക വികാരമാണ്, എല്ലാ സ്നേഹവും പ്രണയമല്ല.അത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു.ഇവിടെ എനിക്ക് പറയാനുള്ളതും ഒരു സ്നേഹത്തിന്‍റെ കഥയാണ്, കൈ വിട്ട് പോയ ഒരു സ്നേഹത്തിന്‍റെ കഥ.ആദ്യമേ പറയട്ടെ ആ സ്നേഹം അമ്മുവിനോട് ആയിരുന്നു, എന്നാല്‍ അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല.
ഈ കഥ പറയണമെങ്കില്‍ കുറച്ച് വര്‍ഷം പിന്നിലേക്ക് പോകണം, മനു എന്ന ഞാന്‍, ഗായത്രി എന്ന എന്‍റെ പെണ്ണിനെ അവളുടെ വീട്ടില്‍ പോയി കണ്ട ആ നാളുകളിലേക്ക്...
ഫ്ലാഷ്ബാക്കിലേക്ക് ഒരു യാത്ര....
പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടപ്പഴേ ഞാന്‍ എന്‍റെ ഡിമാന്‍റ് പറഞ്ഞു:
"എനിക്ക് സ്ത്രീധനം വേണ്ടാ"
ഭാവി അമ്മായിയപ്പനും അമ്മായിയമ്മക്കും അതങ്ങ് ഇഷ്ടപ്പെട്ടു.ഇങ്ങനൊരു മരുമകനെ എവിടെ കിട്ടാനാ, ഹോ മുജ്ജന്മപുണ്യം.
എങ്കിലും അമ്മായി അമ്മ മൊഴിഞ്ഞു:
"മോനായിട്ട് ഒന്നും വേണ്ടാന്ന് പറഞ്ഞത് ആ മനസ്സിന്‍റെ പുണ്യം, എന്നാലും ഞങ്ങടെ മനസ്സില്‍ ഒരു കൂട്ടമുണ്ട്"
ഒരു കൂട്ടം!!!
എന്തായിരിക്കും??
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ദൂരെ വാതിലില്‍ ചാരി നിന്ന് എന്നെ ഒളികണ്ണിട്ട് നോക്കുന്ന ഗായത്രിയുടെ മുഖത്തൊരു നാണാം.വേണ്ടാ, വേണ്ടാന്ന് പറയല്ലേ, അച്ഛനും അമ്മയും സ്നേഹത്തോടെ തരുന്നതല്ലേ, അങ്ങ് സ്വീകരിച്ചോണേ എന്ന ഭാവം.
ശ്ശോ, ഇത്ര നല്ല മനുഷ്യരെ ഞാനെങ്ങനാ വേദനിപ്പിക്കുന്നത്??
ഒരു പക്ഷേ നാലഞ്ച് ഏക്കറ് തെങ്ങിന്‍തോപ്പായിരിക്കും, അതോ ഇനി അഞ്ചോ ആറോ കിലോ സ്വര്‍ണ്ണമാണോ?
എന്തായാലും പുതിയ കാറാണേല്‍ അത് വേണ്ടാ എന്ന് തന്നെ പറയണം.ഓള്‍റെഡി ഒരു കാറ് ഉണ്ട്, ഇനി ഒരെണ്ണത്തിനു കൂടി ഇന്‍ഷുറന്‍സ്സും, ടാക്സ്സും, പിന്നെ ഇടക്കിടെ ഉള്ള പെട്രോളടിയും എല്ലാം ഭയങ്കര ഹെവിയാ.
ചിന്തകള്‍ കാട് കേറുന്നു, അമ്മായി അമ്മ തന്നെ പറയട്ടെ, എന്താ ആ 'ഒരു കൂട്ടം' എന്ന്...
എന്നാല്‍ ഒന്നും സംഭവിച്ചില്ല, അമ്മായിയമ്മ തുടര്‍ന്ന് ഒന്നും പറഞ്ഞില്ല.
അന്ന് ഞാന്‍ ആകെ നിരാശനായി.
വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോ അമ്മ പറഞ്ഞു:
"നിനക്ക് വേണ്ടങ്കില്‍ വേണ്ടാ, പക്ഷേ അവര്‍ക്ക് അവരുടെ കൊച്ചിനു കൊടുക്കുക എന്നൊരു കടമയുണ്ട്, അതിനു നീ എതിര് പറയരുത്, പറഞ്ഞാ അത് ദൈവദോഷമാ"
ഈശ്വരാ!!!
വേണ്ടാന്ന് ചാടി കേറി പറയാഞ്ഞത് നന്നായി.
അങ്ങനെ കല്യാണമൊക്കെ ഉറപ്പിച്ചു, കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി.ഞാന്‍ സ്ത്രീധനം വേണ്ടാന്ന് പറഞ്ഞതും, എന്നാല്‍ അവര്‍ ഒരു കൂട്ടം ഒരുക്കി വച്ചതും എന്‍റെ കുടുംബത്തില്‍ പാട്ടായി.
കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു...
എന്തായിരിക്കും??
മറുപടി കിട്ടാതെ അവര്‍ സ്വയം ആശ്വസിച്ചു...
എന്തും ആവാം!!!
എന്തായാലും മനുവിന്‍റെ ഒരു ഭാഗ്യമാണ് ഭാഗ്യം.
സ്വര്‍ണ്ണമാണെന്ന് കരുതി വല്യമ്മ പറഞ്ഞു:
"കിട്ടിയാല്‍ ഉടനെ ലോക്കറില്‍ വച്ച് പൂട്ടണം"
തെങ്ങിന്‍ തോപ്പാണെന്ന് കരുതി അമ്മാവന്‍ പറഞ്ഞു:
"ചുറ്റും മതിലു കെട്ടി സൂക്ഷിക്കണം, നീ ബാംഗ്ലൂരില്‍ തിരക്കിലായിരിക്കുമല്ലോ, അപ്പോ മതില്‍ കെട്ടിനകത്ത് കയറി എല്ലാം പരിശോധിക്കുന്ന കാര്യം ഞാനേറ്റു"
ഞാന്‍ എല്ലാം സമ്മതിച്ചു, ആ ഒരു കൂട്ടത്തിനെ നേരിട്ട് കാണുന്നത് വരെ.
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ, അത് പോലെ ആയിരുന്നു ഈ കാര്യത്തിനും.കല്യാണം വിളി നടക്കുന്നതിനു ഇടയില്‍ ഞാന്‍ അവളുടെ വീട്ടിലൊന്ന് പോയി, അവള്‍ക്ക് ഇടേണ്ട മോതിരത്തിന്‍റെ അളവ് വാങ്ങിക്കുവാന്‍.ഞാന്‍ മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോ അമ്മായിയമ്മ പറഞ്ഞു:
"മോതിരത്തിന്‍റെ അളവ് ഇപ്പോ തരാം, അതിനു മുമ്പ് ഞാന്‍ അന്ന് പറഞ്ഞ ഒരു കൂട്ടം എന്താണെന്ന് അറിയേണ്ടേ?"
വേണം, വേണം, വേണം...
മനസ്സ് ഒരായിരം പ്രാവശ്യം ഇങ്ങനെ മന്ത്രിച്ചെങ്കിലും അത് എന്ത് തന്നെ ആയാലും എനിക്ക് ഒരു പോലെയാണെന്ന ഭാവത്തില്‍ ഞാനിരുന്നു.എന്‍റെ ആ ഭാവം കണ്ട് അമ്മായിയമ്മയും അമ്മായിയച്ഛനും പരസ്പരം നോക്കി ചിരിച്ചു, ഗായത്രി അഭിമാനപൂര്‍വ്വം എന്നെ നോക്കി.
അപ്പോ എന്‍റെ മനസ്സ് മന്ത്രിച്ചു...
മനു ഇതാണ് ആ നിമിഷം.
ഇപ്പോ നിനക്ക് അറിയാന്‍ പറ്റും എന്താണ് ആ സൌഭാഗ്യമെന്ന്.
നിങ്ങളോടായത് കൊണ്ട് സത്യം പറയട്ടെ അന്ന് അത് ഞാന്‍ അറിഞ്ഞ നിമിഷം ഇന്നും ഒരു ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
ആ നശിച്ച നിമിഷം...
ഗായത്രിയുടെ അച്ഛനും അമ്മയും എന്നെ ആനയിച്ചത് ഒരു പട്ടിക്കൂട്ടിലേക്കായിരുന്നു.കൂട്ടില്‍ കിടന്ന ഒരു പെണ്‍പട്ടിയെ കാണിച്ച് അവര്‍ പറഞ്ഞു:
"ഇത് അമ്മു, ഗായത്രിയുടെ പെറ്റാ, ഗായത്രിയെ കെട്ടി കൊണ്ട് പോകുമ്പോ മോന്‍ ഒന്നും കൊണ്ടു പോയില്ലെങ്കിലും ഇവളെ കൂടി കൊണ്ട് പോകണം"
ഉമിനീര് പോലും ഇറക്കാന്‍ കഴിയാതെ ഞാന്‍ ഒരു നിപ്പ് നിന്നു.
ഈശ്വരാ, എന്താ ഈ കേട്ടത്??
ഈ പട്ടിയെ ഞാന്‍ കൊണ്ട് പോകണമെന്നോ??
ഇതൊന്നും സത്യമാകല്ലേ.
"കൊണ്ട് പോകില്ലേ?" അമ്മായി അമ്മയുടെ ചോദ്യം വീണ്ടും.
അപ്പോ സത്യമാണ്, പരമമായ സത്യം!!!
എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കേ അങ്ങോട്ട് വന്ന ഗായത്രിയുടെ ചേട്ടന്‍ ദീപു:
"ദേ മോതിരത്തിന്‍റെ അളവ്"
തുടര്‍ന്ന് അവന്‍ രണ്ട് അളവുള്ള റിംഗുകള്‍ എന്‍റെ കയ്യിലേക്ക് വച്ച് തന്നു.
ഇതെന്താണാവോ രണ്ട് അളവ്??
ഒന്ന് ഗായത്രിയുടെയും മറ്റേത് ഈ പട്ടിയുടേയും ആയിരിക്കുമോ??
അന്തം വിട്ട് ഞാന്‍ നില്‍ക്കേ അവന്‍ പറഞ്ഞു:
"ഒന്ന് മോതിര വിരലിന്‍റെ അളവ്, മറ്റേത് ചൂണ്ട് വിരലിന്‍റെത്"
ഭാഗ്യം, രണ്ടും ഗായത്രിയുടെതാ.
അപ്പോ പട്ടിക്ക് മോതിരം വേണ്ടാ.
അന്ന് ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ആ പട്ടിക്കൂട്ടിലേക്ക് ഒന്ന് നോക്കി, അമ്മു അവിടെ വാലാട്ടി നില്‍ക്കുന്നുണ്ടായിരുന്നു, അവളുടെ മനസ്സ് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു...
എന്‍റെ മനുവേട്ടന്‍!!!
വീട്ടിലെത്തിയപ്പോ എല്ലാവരും എന്‍റെ ചുറ്റും കൂടി, കൂട്ടത്തില്‍ അമ്മ ചോദിച്ചു:
"എന്താ തരുന്നതെന്ന് വല്ലോം പറഞ്ഞോ?"
പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.
"ലോക്കറില്‍ വച്ച് പൂട്ടാന്‍ പറ്റിയതാണോ?" വല്യമ്മ.
"എന്‍റെ ലോക്കറില്‍ കൊള്ളില്ല" എന്‍റെ മറുപടി.
"അങ്ങനാണേല്‍ കുറച്ച് നിന്‍റെ ലോക്കറില്‍ വയ്ക്ക്, ബാക്കി ഞങ്ങടെ ആരുടെയെങ്കിലും ലോക്കറില്‍ വയ്ക്കാം" വല്യമ്മയുടെ ഔദാര്യം.
ഞാന്‍ ഒന്നും മിണ്ടിയില്ല.
ഇവരോടൊക്കെ എന്ത് മറുപടി പറയാന്‍??
തലയും കാലും എന്‍റെ ലോക്കറിലും, ഉടലും വാലും വല്യമ്മയുടെ ലോക്കറിലും വയ്ക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റിയ ഒരു അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ എന്നാതായിരുന്നു സത്യം.
താടിക്ക് കൈയ്യും വച്ച് ഞാന്‍ അങ്ങനെ ഇരുന്നത് വല്യമ്മക്ക് തീരെ പിടിച്ചില്ല.
"ഓ, നമ്മടെ ലോക്കറില്‍ വയ്ക്കാമെന്ന് പറഞ്ഞത് അവനു തീരെ പിടിച്ചില്ല"
വല്യമ്മ അരങ്ങ് ഒഴിഞ്ഞു.
അതൊടെ മതിലു കെട്ടി സൂക്ഷിക്കുന്നതാ നല്ലതെന്നും, അതാവുമ്പോ അമ്മാവനു ഇടക്കിടെ അകത്ത് കേറി നോക്കാമെന്നും ഉള്ള അമ്മാവന്‍റെ വാദം ശക്തമായി.അമ്മാവനു അങ്ങനെ തന്നെ വരണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മുറിയിലേക്ക് നടന്നു.
സ്വല്പം കഴിഞ്ഞ് സത്യം ബോധ്യമായപ്പോള്‍ അമ്മ പറഞ്ഞു:
"പട്ടിയോ, അതിനെ നമുക്ക് വേണ്ടാ"
ഗായത്രിയുടെ സ്നേഹപൂര്‍വ്വമുള്ള നോട്ടം ഓര്‍മ്മ വന്നപ്പോ ഞാന്‍ ചോദിച്ചു:
"അവര് സ്നേഹത്തോടെ തരുന്നത് സ്വീകരിച്ചില്ലെങ്കില്‍ ദൈവദോഷമാണെന്ന് അമ്മയല്ലേ പറഞ്ഞത്?"
അമ്മ ഒരു നിമിഷം സ്റ്റക്കായി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"അതിനു ഞാന്‍ അറിഞ്ഞോ അത് പട്ടിയാണെന്ന്?"
ഞാന്‍ വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു:
"എന്ത് പറഞ്ഞാലും അതിനെ ഞാന്‍ കൊണ്ട് വരും"
എന്‍റെ മറുപടി കേട്ടതും അമ്മ അലറി:
"കല്യാണം കഴിഞ്ഞ് ആ പട്ടിയേം കൊണ്ട് ഈ വീട്ടില്‍ കയറിയാല്‍ നിന്‍റെ മുട്ടുകാല് ഞാന്‍ തല്ലി ഒടിക്കും"
ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അമ്മയുടെ അലര്‍ച്ച കേട്ട അയലത്തെ ചേച്ചി ചോദിച്ചു:
"അപ്പൊ കല്യാണം കഴിഞ്ഞ് ഗായത്രിയേയും കൊണ്ട് എങ്ങോട്ട് പോകാനാ മനുവിന്‍റെ പ്ലാന്‍?"
അവരെ ഒന്ന് നോക്കിയട്ട് ഞാന്‍ പിറുപിറുത്തു:
"അമ്മ പറഞ്ഞ പട്ടി ഗായത്രിയല്ല"
അങ്ങനെ കല്യാണമായി.
ഹൃദയവേദനയോടെ ആ 'ഒരു കൂട്ടം' എനിക്ക് വേണ്ടാ എന്ന് പറഞ്ഞ് ഗായത്രിയുമായി ഞാന്‍ വീട്ടിലേക്ക് യാത്രയായി.എല്ലാം എന്‍റെ വിധി എന്ന് സമാധാനിച്ച് അമ്മു കൂട്ടില്‍ തന്നെ കിടന്നു.പിന്നെ വല്ലപ്പോഴും ഗായത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ 'എന്നാലും എന്നോട് ഈ ചതി കാണിച്ചല്ലോ എന്‍റെ മനുവേട്ടാ' എന്ന ഭാവത്തില്‍ അമ്മു എന്നെ ഒരു നോട്ടം നോക്കുക പതിവായി.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു..
ഒരാഴ്ച മുമ്പേ ഞെട്ടിക്കുന്ന ആ വിവരം ഞാന്‍ കേട്ടു..
അമ്മു ഇറങ്ങി പോയത്രേ!!!
ശിവരാത്രിയുടെ വെടിക്കെട്ട് കേട്ട് പേടിച്ച് പോയതാണെന്ന് ഒരു മതം, അതല്ല ഒരു ആണ്‍പട്ടി സ്ഥിരമായി വരുമാരുന്നെന്നും അവന്‍ കൈയ്യും കണ്ണും കാട്ടി മയക്കി കൊണ്ട് പോയതാണെന്നും മറ്റൊരു മതം.
വീട്ടില്‍ ചെന്നപ്പോ അമ്മായിയമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു:
"രണ്ട് കുട്ടികളെ വളര്‍ത്തി, അവറ്റകള്‍ നന്നായി വളര്‍ന്നു, പക്ഷേ ഒരു പട്ടിയെ വളര്‍ത്തി, അത് ഒളിച്ചോടി പോയി"
ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു:
"സമയാസമയത്ത് കെട്ടിച്ച് വിട്ടില്ലെങ്കില്‍ ഏത് പട്ടിയും ഒളിച്ചോടും അമ്മേ"
അകത്തെ ഹാളില്‍ ഹിറ്റ്ലര്‍ സിനിമയിലേ സോമന്‍റെ ഡയലോഗ്:
"അവളൊന്ന് കരഞ്ഞിരുന്നെങ്കില്‍, നോ എന്ന് പറഞ്ഞിരുന്നെങ്കില്‍..."
പിന്നെ ഒന്നും കേള്‍ക്കാനില്ല, മിക്കവാറും അച്ഛന്‍ ടീവി ഓഫ് ചെയ്ത് കാണും.
ആ പകല്‍ അങ്ങനെ തീര്‍ന്നു.
അന്ന് രാത്രി.
എല്ലാവരും ഉറങ്ങിയപ്പോള്‍ ടെറസ്സില്‍ കയറി അമ്മുവിന്‍റെ കൂട് നോക്കി ഞാന്‍ കുറേ നേരം നിന്നു.മനുഷ്യര്‍ അവഗണിക്കുന്നത് പട്ടിക്ക് മനസ്സിലാവുമോ എന്തോ?
പലപ്പോഴും സ്നേഹത്തോടെ അത് വാലാട്ടുന്നതൊക്കെ മനസ്സില്‍ ഓര്‍മ്മ വന്നു.
"കിടക്കുന്നില്ലേ?"
ടെറസ്സിലേക്ക് കയറി വന്ന ഗായത്രിയുടെ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഉറങ്ങാന്‍ പോകാനായി ടെറസ്സില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ പോയ ഞങ്ങള്‍ ഒരു കാഴ്ച കണ്ടു...
ഇരുളില്‍ നിന്ന് പട്ടിക്കുട് ലക്ഷ്യമാക്കി വരുന്ന അമ്മു.
ശബ്ദമുണ്ടാക്കാതെ അത് ആ പട്ടികൂട്ടില്‍ കയറി കിടന്നു.ഞാനും എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ച് ഗായത്രിയും ആ കാഴ്ച നോക്കി നിന്നു.സ്വല്പം സമയത്തിനു ശേഷം അമ്മു പതിയെ പുറത്തെ ഇറങ്ങി, അവള്‍ ആ കൂടിനു ചുറ്റും മണപ്പിച്ചു നടന്നു.ഈ സമയത്ത് അകലെ നിന്ന് എത്തിയ ഒരു ആണ്‍ പട്ടി അവളുടെ സമീപത്തെത്തി മുഖത്ത് ഉരസ്സി.എന്നിട്ട് ആ ആണ്‍ പട്ടി ഇരുട്ടിലേക്ക് മറഞ്ഞു.ഒഴിഞ്ഞ് കൂടിനെ ഒരിക്കല്‍ കൂടി ഒന്ന് നോക്കിയട്ട് അമ്മുവും ആ ആണ്‍പട്ടി പോയ ദിശ ലക്ഷ്യമാക്കി പാഞ്ഞു.
ആ കാഴ്ച കണ്ട് നിന്ന ഗായത്രി എന്നോട് ചേര്‍ന്ന് നിന്ന് മന്ത്രിച്ചു:
"അവഗണിക്കപ്പെടുന്നവരെ ദൈവം കൈവിടില്ല അല്ലേ?"
ഇവടെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ആ പട്ടിയേം കൊണ്ട് കുടുംബം നടത്താത്ത കൊണ്ടാ അതൊരു ആണ്‍പട്ടിയുടെ കൂടെ പോയതെന്ന്, കഷ്ടം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com