For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
എന്നെ പ്രവചിച്ച ഗുരുനാഥന്‍
ഒരുപാട് ഗുരുക്കന്‍മാര്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്ന് വന്നിരിക്കാം.അവരില്‍ ആരെങ്കിലും നിങ്ങള്‍ ആരാകുമെന്നോ, എന്താകുമെന്നോ പ്രവചിച്ചിട്ടുണ്ടോ.നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല, എന്നാല്‍ ഞാന്‍ ആരാകുമെന്നും, എന്താകുമെന്നും പ്രവചിച്ച ഒരു ഗുരുനാഥന്‍ എനിക്ക് ഉണ്ട്. ഇന്ന്, ഈ ഓര്‍മ്മകള്‍ അദ്ദേഹത്തെ കുറിച്ച് മാത്രമാണ്.
എന്നെ പ്രവചിച്ച എന്‍റെ ഗുരുനാഥന്‍.
എണ്ണിപറയാന്‍ ഒരുപാട് ഗുരുക്കന്‍മാര്‍ ജീവിതത്തിലുണ്ട്, എല്ലാവരെയും ഓര്‍ത്ത് പറയാന്‍ സമയമില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ കടന്ന് വരുന്നവരെ പറയാം.അക്ഷരം പഠിപ്പിച്ച ആശാന്‍, ട്യൂഷന്‍ എടുത്ത് തന്ന മായ അക്ക, ലത അക്ക, ഹരിയണ്ണന്‍ തുടങ്ങിയവര്‍, മലയാളത്തെ സ്നേഹിപ്പിച്ച ഭാഗ്യഭവനത്തെ സാര്‍, ട്യൂട്ടോറിയല്‍ എന്തെന്ന് മനസിലാക്കി തന്ന തമ്പാന്‍സാറും ഹരിസാറും, പുള്ളിക്കണക്കിലെ ശാന്തകുമാരിയമ്മ ടീച്ചറും, സുഭദ്രസാറും, നവോദയയിലെ ശ്രീകല ടീച്ചര്‍, മിനി ടീച്ചര്‍ തുടങ്ങിയവര്‍, കോളേജ് കാലത്തെ ജോര്‍ജ്ജ് ജോണ്‍ സാര്‍, ജയമാതയിലെ ജോര്‍ജ്ജ് സാര്‍, ഉമാ മേഡം, വളര്‍മതി മിസ്സ് തുടങ്ങിയവര്‍.
അങ്ങനെ കൂട്ടിയാല്‍ കൂടാത്ത ഗുരുക്കന്‍മാര്‍.
ഇവരെല്ലാം എന്നെ പ്രവചിച്ചിരുന്നു...
ഞാന്‍ ഡോക്ടറാകും, അമേരിക്കയില്‍ പോയി കാശുണ്ടാക്കുന്ന എഞ്ചിനിയര്‍ ആകും, ചിലപ്പോ ഐ എ എസ്സുകാരനാകും, എന്തിനു, ഞാന്‍ കള്ളനാണോ എന്ന് വരെ ചോദിച്ചവര്‍ ആ ലിസ്റ്റിലുണ്ട്.
ക്ഷമിക്കണം ഗുരുക്കന്‍മാരെ, നിങ്ങളുടെ പ്രവചനം എല്ലാം തെറ്റി.
ഞാന്‍ ഇതില്‍ ആരും ആയില്ല.
ഇവിടെയാണ് ആ ഗുരുനാഥന്‍റെ പ്രസക്തി, ഞാന്‍ ആരാകുമെന്ന് വളരെ കൃത്യമായി, വ്യക്തമായി അദ്ദേഹം പ്രവചിച്ചു.ആ ഗുരുനാഥന്‍ മറ്റാരുമല്ല, എന്‍റെ നവോദയയിലെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ജോണ്‍ സാര്‍ ആണ്.
അതൊരു കഥയാണ്...
ആലപ്പുഴയിലെ ചെന്നിത്തല നവോദയയിലെ ആദ്യ ബാച്ചായിരുന്നു ഞങ്ങള്‍, ആകെ എണ്‍പത് പേര്‍. അന്ന് നവോദയ ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല, അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ താല്ക്കാലികമായി തട്ടി കൂട്ടി ഒരുക്കിയ ഒരു സ്ഥാപനം.എല്ലാം ഒന്നേന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.ഞങ്ങള്‍ എണ്‍പത് പേരും ആദ്യമായാണ് വീട് വിട്ട് നില്‍ക്കുന്നത്.ഞയറാഴ്ചകളില്‍ മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ എല്ലാവരും കരഞ്ഞ് കൊണ്ട് തിരികെ കൊണ്ട് പോകാന്‍ അഭ്യര്‍ത്ഥിച്ചു.പിന്നീട് അന്നേ ദിവസം ആ ദുഃഖത്തില്‍ കഴിഞ്ഞ് കൂടി.
അങ്ങനെ ഉള്ള ഒരു ഞയറാഴ്ച രാത്രി.
ഞങ്ങളെല്ലാം വിഷമത്തില്‍ ഹാളില്‍ ഇരിപ്പുണ്ട്, അങ്ങോട്ടേക്ക് ജോണ്‍ സാര്‍ വന്നു.സാറിനു അറിയാം എല്ലാവരും നല്ല വിഷമത്തിലാണെന്ന്.സാര്‍ കുറേ കഥകള്‍ പറഞ്ഞു, ആര്‍ക്കും മാറ്റമൊന്നുമില്ല.ഒടുവില്‍ സാര്‍ ചോദിച്ചു, നിങ്ങള്‍ക്ക് ചിരിക്കാന്‍ അറിയുമോ, അറിയാം എന്ന് ഞങ്ങള്‍ തലയാട്ടി.അപ്പോ വന്നു അടുത്ത ചോദ്യം, നിങ്ങള്‍ക്ക് പല രീതിയില്‍ ചിരിക്കാന്‍ അറിയുമോ.
ആരും മിണ്ടിയില്ല.
അങ്ങനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നിലേക്ക് കടന്ന് വരാന്‍ സാര്‍ പറഞ്ഞു.പല രീതിയില്‍ ചിരിക്കാന്‍ അറിയാത്ത കൊണ്ടാണോ അതോ ഇത്രയും പേരെ അഭിമുഖീകരിക്കാനുള്ള പ്രശ്നം കൊണ്ടാണോ എന്ന് അറിയില്ല, ആരും വന്നില്ല.
ഒരു നിമിഷം സദസ്സ് നിശബ്ദമായി.
സാര്‍ ഒരോരുത്തരെയും നോക്കി, ഒടുവില്‍ ആ നോട്ടം എന്നിലേക്ക് എത്തി.അച്ഛനും അമ്മയും തിരികെ പോയ വിഷമത്തില്‍ മനസ്സില്‍ കരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ അറിയാതെ എഴുന്നേറ്റു.എന്നിട്ട് സാറിനു അരികിലെത്തി, തുടര്‍ന്ന് കൂട്ടുകാരെ നോക്കി പല രീതിയില്‍ ചിരിച്ച് കാണിച്ചു, പുലിയായും പൂച്ചയായും, കാക്കയായും കഴുകനായും, നരിയായും നരനായും ഞാന്‍ ചിരിച്ചു.
ഒരോ ചിരിക്കും സദസ്സില്‍ നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു.
ഒടുവില്‍ നീണ്ട കൈയ്യടിക്ക് ഇടയില്‍ തിരികെ വന്ന് ഇരിക്കുമ്പോ എന്‍റെ മനസിലെ ദുഃഖവും പാടെ മാഞ്ഞിരുന്നു.
അതൊരു തുടക്കമായിരുന്നു.
പിന്നെ നവോദയയിലെ പല വേദികളിലും ഞാന്‍ കയറി, എന്‍റെ വിഷമങ്ങള്‍ മറക്കാന്‍ ഞാന്‍ കൂട്ടുകാരെ ചിരിപ്പിച്ചു, ആ നിമിഷത്തില്‍ അവരും അവരുടെ വിഷമങ്ങള്‍ മറന്നു.അങ്ങനെ കാലം കടന്ന് പോയി.ഒടുവില്‍ നവോദയ വിടേണ്ട ഒരു സമയം ആഗതമായി.ഒമ്പതാം ക്ലാസ്സില്‍ മറ്റൊരു സ്ക്കൂളിലേക്ക് മാറാന്‍ തീരുമാനിച്ചതോടെ ഞാന്‍ വീണ്ടും എന്നിലേക്ക് ഒതുങ്ങി.പോകുന്ന അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര പറയാന്‍ ചെല്ലവേ, തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട്, എന്‍റെ അച്ഛനെയും അമ്മയേയും നോക്കി സാര്‍ പറഞ്ഞു:
"ഹീ ഈസ്സ് എ ജോക്കര്‍"
അതായിരുന്നു ആ പ്രവചനം, ഇവന്‍ ഒരു ജോക്കര്‍ ആണ്.
അഥവാ ഞാന്‍ ഒരു കോമാളിയാണ്.
എന്‍റെ അമ്മയ്ക്ക് ആ ഒരു വാചകം താങ്ങാവുന്നതില്‍ അധികമായിരുന്നു, മകന്‍ ഒരു മിടുക്കനാണ്, സമര്‍ത്ഥനാണ്, ഭാവിയുടെ വാഗ്ദാനമാണ് എന്നൊക്കെ കേട്ടിരുന്ന സമയത്താണ്, ഒരു സ്ക്കൂളിന്‍റെ പ്രധാന അധ്യാപകന്‍ ആ പയ്യന്‍റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വച്ച് 'അവന്‍ ഒരു ജോക്കര്‍ ആണെന്ന്' അനുഗ്രഹിക്കുന്നത്.അമ്മയുടെ വിഷമം കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി ഞാന്‍ ജോക്കര്‍ ആവില്ല.നേരെ ചേര്‍ന്നത് മറ്റം സെന്‍റ് ജോണ്‍സ്സ് സ്ക്കൂളിലാണ്, അവിടെ അടുത്തുള്ള തമ്പാന്‍ സാറിന്‍റെ ട്യൂട്ടോറിയില്‍ ഞാന്‍ ട്യൂഷനു ചേര്‍ന്നു.അവിടെ വച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഹരിസാര്‍ പറഞ്ഞു, ഇംഗ്ലീഷില്‍ മൂന്ന് ടെന്‍സ്സ് ഉണ്ട്, പാസ്റ്റ്, പ്രസന്‍റ്, ഫ്യൂച്ചര്‍.
അതില്‍ പ്രപഞ്ച സത്യങ്ങളെ സൂചിപ്പിക്കാന്‍ സിംപിള്‍ പ്രസന്‍റ് ടെന്‍സ്സ് ഉപയോഗിക്കുമത്രേ.
സണ്‍ റൈസസ്സ് ഇന്‍ ഈസ്റ്റ്!!!
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു.
ഇതൊരു പ്രപഞ്ച സത്യമാണ്.
ആ നിമിഷം അറിയാതെ ആ വാചകം വീണ്ടും മനസിലേക്ക് തികട്ടി വന്നു...
ഹീ ഈസ്സ് എ ജോക്കര്‍!!!
ഇത് സിംപിള്‍ പ്രസന്‍റ് ടെന്‍സ് ആണ്.
ഇതൊരു പ്രപഞ്ച സത്യമാണ്...
ഞാനൊരു കോമാളിയാണ്.
അതോടു കൂടി വീണ്ടും ആ കോമാളി വേഷം കെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.
പിന്നീട് ചിരിച്ചും ചിരിപ്പിച്ചും പല വേദികള്‍.ആ കഥകള്‍ കേള്‍ക്കുമ്പോള്‍ അമ്മ പറയും, അമ്മയുടെ മനസില്‍ സാര്‍ പറഞ്ഞ വാചകമാണെന്ന്...
'ഹി ഈസ്സ് എ ജോക്കര്‍'
നര്‍മ്മ കഥകള്‍ എഴുതുന്നത് വായിച്ച് ചിലരെങ്കിലും ചിരിച്ച കാര്യം അനുജത്തി പറഞ്ഞപ്പോഴും അമ്മ പറഞ്ഞു,
അന്നേ സാര്‍ പറഞ്ഞിരുന്നു..
ഹീ ഈസ്സ് എ ജോക്കര്‍!!!
എനിക്ക് അന്നും മനസിലാകാത്തത് ഒരു കാര്യം മാത്രമായിരുന്നു, എന്തിനാ അദ്ദേഹം എന്നെ ഒരു കഴിവും ഇല്ലാത്ത ജോക്കറിനോട് ഉപമിച്ചത്.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, കുറേ നാള്‍ മുമ്പ്, 'ജോക്കര്‍' എന്ന റോളിനു സര്‍ക്കസ്സിലുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ബുക്കിന്‍റെ മലയാളം പതിപ്പ് ഞാന്‍ വായിച്ചു.
ആരാണ് ജോക്കര്‍??
സ്വയം ചിരിക്കുമ്പോഴും സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നവനാകണം ജോക്കര്‍.കൊച്ചു കുട്ടികളേ വരെ ചിരിപ്പിക്കുന്ന മനുഷ്യത്വമുള്ളവനാകണം ജോക്കര്‍.നല്ലൊരു നടനായിരിക്കണം ജോക്കര്‍.ഇതിലൊക്കെ ഉപരിയായി സര്‍ക്കസിലെ ഏറ്റവും നല്ല അഭ്യാസി ആയിരിക്കണം ജോക്കര്‍.അവനു എന്തും കാണിക്കാന്‍ പറ്റണം, അവന്‍ എന്തും കാണിക്കണം.
അവനാണ് ജോക്കര്‍.
കാണികള്‍ കരുതുന്ന പോലെ ജോക്കര്‍ വെറും കോമാളിയല്ല, മുഖത്തെ ചായക്കൂട്ടുകള്‍ അവന്‍റെ വേഷ പകര്‍ച്ച മാത്രം.അവനാണ് നട്ടെല്ല്, അവനാണ് നെടും തൂണ്, ആട്ടത്തിലെ പാളിച്ചകള്‍ മുഴുവന്‍ പരിഹരിക്കേണ്ടത് അവനാണ്, ശരിക്കും അവനാണ് നായകന്‍.
ജോക്കര്‍ ഈസ്സ് എ ഹീറോ!!!
ആ നിമിഷം സാറിന്‍റെ അനുഗ്രഹം ഒരിക്കല്‍ കൂടി മനസ്സില്‍ മുഴുകി...
ഹീ ഈസ്സ് എ ജോക്കര്‍!!!
ഇത് വരെയുള്ള ജീവിതം ഒരിക്കല്‍ കൂടി ഓര്‍ത്ത് നോക്കി...
പൊട്ടിച്ചിരിക്കുന്ന സമയത്ത് കൂടെ ഉള്ളവരെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്.
ഇഷ്ടപ്പെടുന്നത് പലതും നഷ്ടപ്പെട്ടപ്പോള്‍ മനസ്സില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട്, മുഖത്ത് ചായക്കൂട്ടുകള്‍ വിതറിയും കൂടെ നിന്നവരെ ഞാന്‍ ചിരിപ്പിച്ചു.
തികഞ്ഞ ഒരു അഭ്യാസി ആയിട്ടും, എന്‍റെ അഭ്യാസത്തിന്‍റെ പകുതി പോലും എത്താത്തവരുടെ മുന്നിലും കോമാളി വേഷം കെട്ടിയാടി.
ഇതെന്‍റെ വിധിയാണ്...
സാറിന്‍റെ പ്രവചനം സത്യമാണ്.
ഞാനൊരു ജോക്കര്‍ ആണ്.
ഓര്‍ക്കുമ്പോള്‍ ഇതൊന്നും എന്‍റെ കഴിവല്ല.
ദൈവാദീനമാണ്...
എന്‍റെ കരിമുട്ടത്തമ്മയുടെ അനുഗ്രഹമാണ്...
പിന്നെ ആ ഗുരുനാഥന്‍റെ ആശിര്‍വാദമാണ്...
തലയില്‍ കൈ വച്ച് മനസ്സ് നിറഞ്ഞ് പറഞ്ഞ ആ വാചകമാണ്...
ഹീ ഈസ്സ് എ ജോക്കര്‍!!!
മറ്റു ഗുരുക്കന്‍മാര്‍ ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ പ്രവചനങ്ങളെ സത്യമാക്കാന്‍ പറ്റിയില്ല. ഞാന്‍ ഡോക്ടറായില്ല, അമേരിക്കയില്‍ പോയ എഞ്ചിനിയര്‍ ആയില്ല, രാഷ്ട്രിയക്കാരനോ ഐ എ എസ്സ് കാരനോ ആയില്ല, ദൈവാനുഗ്രഹത്താല്‍ കള്ളനോ കൊലപാതകിയോ ആയില്ല. ഞാനൊരു കോമാളി ആയിരുന്നു, ഇപ്പോഴും ഞാനൊരു കോമാളി ആണ്, ഇനിയും ഞാനൊരു കോമാളി ആയിരിക്കും.
പ്രിയപ്പെട്ട ജോണ്‍ സാര്‍,
ഇന്നലെ അന്വേഷിച്ചപ്പോ താങ്കള്‍ അമേരിക്കയില്‍ ആണെന്ന് അറിഞ്ഞു. ഈ കുറിപ്പ് താങ്കള്‍ വായിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല, വായിച്ചാല്‍ തന്നെ എന്നെ ഓര്‍ക്കുമെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ എന്‍റെ ഓര്‍മ്മയില്‍ താങ്കള്‍ എന്നുമുണ്ട്. കാരണം എന്നെ പ്രവചിച്ച ഒരേ ഒരു ഗുരുനാഥന്‍ താങ്കള്‍ ആണ്.
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.
എന്നും എല്ലാവരെയും ചിരിപ്പിക്കാനുള്ള കഴിവ് എനിക്ക് ദൈവം തരട്ടെ.
അത് മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന.
സാര്‍,
താങ്കള്‍ ശരിയാണ്...
താങ്കളാണ് ശരി...
നൂറ് ശതമാനം ശരി.
കാരണം ഞാന്‍ ഒരു കോമാളിയാണ്.
ഇതൊരു പ്രപഞ്ച സത്യമാണ്.
ഐയാം എ ജോക്കര്‍!!!
ഗുരു ചരണം ശരണം.
ഒരു കാര്യം കൂടി...
ഈ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് മുഴുവന്‍ ആ ജോക്കറുടെ കഥകളാണ്, ഞാന്‍ കണ്ട, ഞാന്‍ കേട്ട, എന്നെ ചിരിപ്പിച്ച, എന്നെ ചിന്തിപ്പിച്ച കഥകള്‍.
ഏവര്‍ക്കും സ്വാഗതം.
എന്‍റെ ചിന്തകളിലേക്ക്...
എന്‍റെ ചിരിയിലേക്ക്...
ഈ ജോക്കറുടെ കഥകളിലേക്ക്...
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം
ദന്തഗോപുര സ്വപ്നനാളുകള്‍...
ഒരു വിഷുക്കാലം.
കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി എട്ടിലെ വിഷുക്കാലം.ഞാന്‍ അന്ന് ബാംഗ്ലൂര് ജോലി ചെയ്യുന്നു.നാട്ടില്‍ ഉത്സവക്കാലം ആയതിനാല്‍ നാട്ടിലേക്ക് വരാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്ന സമയം.പഠിച്ച് ഇറങ്ങിയട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞു, ജീവിതത്തിലെ പല നിര്‍ണ്ണായ ഘട്ടങ്ങളിലും കടന്ന് പോയി, ഇങ്ങനെ എന്താനാ ജീവിക്കുന്നതെന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിച്ചു, ഐടി മേഖലയില്‍ മല മറിച്ച് നടക്കുന്ന ഒരു എരിപിരി പ്രായം. ഈ സമയത്താണ് ചേച്ചി എന്നെ ഫോണില്‍ വിളിച്ച് എന്നെ കെട്ടിക്കാന്‍ തീരുമാനിച്ച കാര്യം പറയുന്നത്.ശരിക്കും പറഞ്ഞാല്‍ ഒരു കല്യാണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത, എന്‍റെ വിദൂര സ്വപ്നങ്ങളില്‍ പോലും കല്യാണം എന്നൊരു ചിന്ത ഇല്ലാത്ത, ആ വരണ്ട ജീവിത കാലഘട്ടത്തിലാണ് ചേച്ചി, അതായത് എന്‍റെ വല്യമ്മയുടെ മോള്, വീട്ടില്‍ നിന്ന് കേട്ട ഈ രഹസ്യം എന്നെ അറിയിച്ചത്.
അങ്ങനെ ആ രഹസ്യവും പേറി ഞാന്‍ നാട്ടിലെത്തി.
രാത്രി ഊണു കഴിക്കുമ്പോ ആണല്ലോ ഇമ്മാതിരി ന്യൂസ്സ് പറയുക, അത് കൊണ്ട് നേരത്തെ ഊണു കഴിക്കാനിരുന്നു.എന്നാല്‍ ആരും ഒന്നും മിണ്ടുന്നില്ല. അച്ഛനെ നോക്കി, അച്ഛന്‍ വളരെ മര്യാദയ്ക്ക് ഇരുന്നു ഉണ്ണുന്നു, അമ്മയെ നോക്കി, അമ്മ അച്ഛനു കറി വിളമ്പുന്നു, പെങ്ങളെ നോക്കി, അവളു ഞാന്‍ എന്താ എല്ലാവരെയും നോക്കുന്നത് എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഇരിക്കുന്നു.
ശെടാ, ഇതെന്താ ഇങ്ങനെ?
ചേച്ചി ഇനി ഏപ്രില്‍ ഫൂളിനു പറയാന്‍ വച്ചിരുന്നത് വല്ലോം പതിനാലു ദിവസം കഴിഞ്ഞ് ഓര്‍ത്ത് പറഞ്ഞതാണോ?
ഒരു പിടിയും കിട്ടുന്നില്ല.
എന്തായാലും പിറ്റേന്ന് ചേച്ചിയോട് ചോദിക്കാമെന്ന് കരുതി ആ രാത്രി കഴിച്ച് കൂട്ടി.
പിറ്റേന്ന് രാവിലെ ചേച്ചിയുടെ വീട്ടിലെത്തി. എന്നെ കണ്ട പാടെ ചേച്ചി അത് വരെ നടന്ന പല കാര്യങ്ങളുടെയും ഭാണ്ഡക്കെട്ട് അഴിച്ചു.കറുമ്പി പൂച്ച പ്രസവിച്ചതും, കാക്കക്കൂട്ടില്‍ കുയിലു മുട്ട ഇട്ടതും, തെക്കേലെ പൂവന്‍കോഴി ചിക്കന്‍ ഫൈ ആയതും പറഞ്ഞെങ്കിലും എന്‍റെ കല്യാണക്കാര്യം മാത്രം പറഞ്ഞില്ല. ഇപ്പോ പറയും, ഇപ്പോ പറയുമെന്ന് കരുതി ഉച്ച വരെ ആ വാചകമടി ഞാന്‍ കേട്ട് കൊണ്ടിരുന്നു, ഉച്ചയായപ്പോ, 'അയ്യോ, ചോറും കറിയും ഉണ്ടാക്കാന്‍ മറന്നു, എന്നാ നീ പോയിട്ട് പിന്നെ വാ' എന്നൊരു ഡയലോഗും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി.
ശെടാ, ഇതെന്ത് പാട്?
ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന പയ്യനാ, വെറുതെ വിളിച്ച് കല്യാണമെന്ന് ഒക്കെ പറഞ്ഞിട്ട് ഇപ്പോ അതിനെ പറ്റി മാത്രം ഒരു അക്ഷരവും പറയുന്നില്ല.ശരിക്കും ചേച്ചി വിളിച്ചിരുന്നോ, അതോ എന്‍റെ വിഭ്രാന്തി ആണോന്ന് അറിയാന്‍ ഞാന്‍ ഫോണിലെ കാള്‍ ലിസ്റ്റ് നോക്കി, അപ്പോ ഉറപ്പായി, ചേച്ചി വിളിച്ചിട്ടുണ്ട്.
"നീ ചോറ് കഴിക്കുന്നോ?" അടുക്കളയില്‍ നിന്ന് ചേച്ചിയുടെ ശബ്ദം.
വേണ്ടാ!!!
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് രാത്രിയില്‍ ആയിരുന്നു. അന്ന് രാത്രി ചോറ് കൊണ്ട് വയ്ക്കവേ അമ്മ പറഞ്ഞു:
"കല്യാണം നടത്തിയാലോന്ന് ആലോചിക്കുവാ"
"ആരുടെയാ അമ്മേ?" എന്‍റെ നിഷക്കളങ്കമായ ചോദ്യം.
"നിന്‍റെ, വേറെ ആരുടേത്"
അത് കേട്ട് ഉമ്മറിനെ പോലെ കണ്ണ് രണ്ടും വിടര്‍ത്തി ഞാന്‍ വളരെ ആശ്ചര്യത്തില്‍ :
"എനിക്കോ, ഇപ്പോഴോ?"
എന്നെ സപോര്‍ട്ട് ചെയ്യുന്ന രീതിയില്‍ അനുജത്തി:
"ചേട്ടനിപ്പോ കല്യാണം വേണ്ടന്നാ അമ്മേ പറയുന്നത്"
ഞാന്‍ എപ്പോഴാടീ അങ്ങനെ പറഞ്ഞത് എന്ന് അര്‍ത്ഥത്തില്‍ ഞാന്‍ അവളെ ഒന്ന് നോക്കി. ആ അര്‍ത്ഥം മനസിലാക്കിയട്ട് എന്ന പോലെ അവള്‍ പറഞ്ഞു:
"നിര്‍ബന്ധിക്ക് അമ്മേ, ചിലപ്പോ സമ്മതിക്കുവായിരിക്കും"
പക്ഷേ അമ്മ നിര്‍ബന്ധിച്ചില്ല, അച്ഛനും. അത് കണ്ടിട്ട് ആകണം അനുജത്തി എന്നോട് പറഞ്ഞു:
"ചേട്ടന്‍ കെട്ട് ചേട്ടാ"
കെട്ടണോ??
കെട്ട് ചേട്ടാ.
നീ പറഞ്ഞ കൊണ്ടാ, അല്ലേല്‍ ഞാന്‍ സമ്മതിക്കില്ലാരുന്നു!!!
അവളു നിര്‍ബന്ധിച്ച കൊണ്ട് ഞാന്‍ അങ്ങ് സമ്മതിച്ചു, കെട്ടിയേക്കാം.
രാത്രി മുറിയില്‍ ഇരുന്ന് ഞാന്‍ ഒന്നൂടെ അതിനെ പറ്റി ആലോചിച്ചു...
വേണോ?...വേണ്ടേ?...വേണ്ടേ?...വേണോ?....
തിരിഞ്ഞും മറിഞ്ഞും ആലോചിച്ച് അവസാനം പെണ്ണ് കാണാന്‍ പോകാമെന്ന് തീരുമാനിച്ചു.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കുറേ പെണ്ണു കാണല്‍ സീനുകള്‍ നോക്കി, എല്ലാത്തിലും പൊതുവായി ഒരു കാര്യമുണ്ട്, പെണ്ണിനെ കാണുമ്പോ ചിരിക്കണം.അത് പരിശീലിക്കാനായി കണ്ണാടിയുടെ മുന്നില്‍ പോയി ചിരിച്ച് കാണിച്ചപ്പൊ ദേ പല്ല് മുഴുവന്‍ കറ. ആ രാത്രി ഞാന്‍ ഒരു മുട്ടന്‍ തീരുമാനം എടുത്തു...
ഒരു ദന്ത ഡോക്ടറെ കണ്ട് പല്ല് ക്ലീന്‍ ചെയ്യണം.
രാവിലെ വീട്ടില്‍ ഈ ആവശ്യം പറഞ്ഞപ്പോ അമ്മ പറഞ്ഞു, ടൌണിലെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ തന്നെ പോകാമെന്ന്, അവരു അമ്മയുടെ ഫ്രണ്ട് ആണത്രേ.ആരായാലും പല്ല് നന്നായാല്‍ മതി എന്ന ചിന്തയില്‍ നിന്ന എന്നോട് അമ്മയും കൂടെ വരാം എന്ന് ഏറ്റു.
എന്തായാലും അന്ന് തന്നെ ദന്ത ഡോക്ടറെ കാണാന്‍ തീരുമാനമായി.
അങ്ങനെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ അമ്മയുമായി എത്തി കാത്തിരുന്നപ്പോഴാണ് എന്‍റെ മനസിലേക്ക് നേരത്തെ കേട്ടിട്ടുള്ള ഒരു ചിന്താഗതി കുളിര്‍ മഴയായി പെയ്ത് ഇറങ്ങിയത്.ഈ ഡോക്ടറുടെ ക്ലിനിക്കിലെ ദന്ത ഡോക്ടേഴ്സ്സ് എല്ലാം സുന്ദരികളായ പെണ്‍കുട്ടികളാണ്.അതായത് പഠിത്തം കഴിഞ്ഞ് കെട്ടിച്ച് വിടുന്നേനു മുന്നേ ഉള്ള സമയം ചിലവഴിക്കാന്‍ നില്‍ക്കുന്ന തരുണീ മണികള്‍. ചിലപ്പൊ എന്‍റെ ജീവിതത്തിലെ ഹാഫ്, ബെറ്റര്‍ ഹാഫ് ആണോ അല്ലയോ എന്നത് പിന്നത്തെ കാര്യം, ആ ഹാഫ് ഇവിടെ ഉണ്ടെങ്കിലോ?
ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.
അവിടെ ദേ നില്‍ക്കുന്നു രണ്ട് കുട്ടികള്‍.ഒരാള്‍ എന്‍റെ സങ്കല്പത്തിലെ പോലെ ഗ്രാമീണ പെണ്‍കൊടി, രണ്ടാമത്തെ ആള്‍ സ്വല്പം മോഡേണ്‍ ആണ്. എങ്കിലും കുഴപ്പമില്ല, രണ്ട് പേരില്‍ ആരായാലും വിരോധമില്ല,അല്ലേല്‍ തന്നെ വീട് തോറും കയറി ഇറങ്ങി പെണ്ണു കാണുന്നതൊന്നും അത്ര സുഖകരമായ കാര്യമല്ല. ഇതാവുമ്പോ രണ്ട് ഗുണം, കല്യാണവും കഴിക്കാം, ഇടയ്ക്ക് ഇടയ്ക്ക് പല്ലും ക്ലീന്‍ ചെയ്യാം.എന്തിനേറെ പറയുന്നു, അവിടെ ഇരുന്ന് ആ രണ്ടില്‍ ഒരാളെ കെട്ടണമെന്ന മുട്ടന്‍ തീരുമാനം ഞാനങ്ങ് എടുത്തു.
അങ്ങനെ എന്‍റെ ഊഴമെത്തി, പല്ല് ക്ലീന്‍ ചെയ്യാനാണെന്ന് അറിഞ്ഞപ്പോ വരൂ എന്ന് പറഞ്ഞ് ആ തരുണീ മണികള്‍ എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി. വിജയലക്ഷ്മി ഡോക്ടറെ കാണാനായി അമ്മ അവരുടെ ക്യാബിനിലേക്കും പോയി.
ഇതാണ് പറ്റിയ സമയം.
ഞാന്‍ പതിയെ ഗ്രാമീണ പെണ്‍കൊടിയെ നോക്കി കുശലം ചോദിച്ചു:
"ദന്ത ഡോക്ടര്‍ ആണല്ലേ?"
"പിന്നെ എംബിബിഎസ്സ് കഴിഞ്ഞവരു ഇവിടെ വന്ന് നിക്കുമോ ചേട്ടാ?" ഈ മറുചോദ്യം മോഡേണ്‍ സുന്ദരിയുടേത് ആയിരുന്നു.
അപ്പോ തന്നെ ഇനി അവള്‍ കാലു പിടിച്ചാലും അവളെ കെട്ടില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു.
ശ്രദ്ധമുഴുവന്‍ ശാലീന സുന്ദരിയിലേക്ക് ആയി.
"എന്താ പേര്?"
"തുളസി" ഒരു കളമൊഴി.
അറിയാതെ ഒരു മൂളി പാട്ട് പാടി...
ചെത്തി, മന്ദാരം, തുളസി, പിച്ചക പൂ മാല ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം.
അടുത്ത നമ്പരിട്ടു:
"ഞാന്‍ മനു, എഞ്ചിനിയറാ, ബാംഗ്ലൂരാ ജോലി. ഈ ബാംഗ്ലൂരൊക്കെ ദന്ത ഡോക്ടേഴ്സ്സിനു നല്ല സ്‌ക്കോപ്പാ"
അത് കേട്ട് മോഡേണ്‍ ഗേള്‍:
"അതെന്താ ചേട്ടാ അങ്ങനെ?"
"അതിപ്പോ...."
സത്യം പറഞ്ഞാ എന്താണെന്ന് ചോദിച്ചാ എന്ത് പറയണമെന്ന് ഞാന്‍ പ്രിപ്പേര്‍ഡ് അല്ലാരുന്നു.അത് കൊണ്ട് തന്നെ ആ ഒരു ചോദ്യം എന്നെ ഒന്ന് കുഴക്കി.
അതിപ്പോ....
"നമ്പരിട്ടതാണല്ലേ?" അവളുടെ ചോദ്യം.
അല്ല, ശരിക്കും ഉള്ളതാ...
"ചേട്ടന്‍ കിടക്ക്"
എ.സിയിലും ചെറുതായി ഒന്ന് വിയര്‍ത്തോ എന്ന സംശയത്തില്‍ അവള്‍ ചൂണ്ടി കാണിച്ച കട്ടിലു പോലത്തെ നീണ്ട കസേരയില്‍ ഞാന്‍ കിടന്നു. തുടര്‍ന്ന് അവള്‍ എന്‍റെ വായില്‍ എന്തൊക്കെയോ തിരുകി കേറ്റി. ഇപ്പോ ഈ വാട്ട്സ്സ് ആപ്പിലെ 'ഈഈഈ...' ന്ന് ഇളിക്കുന്ന ഒരു ഇമോജി ഇല്ലേ, ഏകദേശം അതേ പോലെ ഇളീച്ചോണ്ട് ഞാന്‍ കിടക്കുകയാണ്.
അടുത്ത് വന്ന് എന്‍റെ പല്ല് നോക്കുന്ന ശാലീന സുന്ദരിയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി ഉണ്ട്.
മതി, ഇവളു മതി, ഇവളെ തന്നെ കെട്ടണം.
ഉറപ്പിച്ചു!!!
ഈ സമയത്താണ് വിജയലക്ഷ്മി ഡോക്ടര്‍ അമ്മയെയും കൊണ്ട് വന്നത്.അപ്പോഴേക്കും രണ്ട് യുവ ഡോക്ടേഴ്സൂം അലര്‍ട്ട് ആയി.അവരെ നോക്കി വിജയലക്ഷ്മി ഡോക്ടര്‍ പറഞ്ഞു:
"ടീച്ചര്‍ ഇവിടെ ഇരിക്കും, നിങ്ങള്‍ ചെയ്തോ"
ഇങ്ങനെ പറഞ്ഞ് അമ്മയെ അവിടെ ഇരുത്തി ഡോക്ടര്‍ ക്യാബിനിലേക്ക് പോയി.
അങ്ങനെ തുളസി എന്‍റെ പല്ല് ക്ലീന്‍ ചെയ്യാന്‍ പോയപ്പോ അമ്മ പറഞ്ഞു:
"എന്‍റെ മോനാണേ..."
തുളസി അമ്മയെ ഒന്ന് ചിരിച്ച് കാണിച്ചിട്ട്, വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:
"എന്‍റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ..."
ശോ, ഇതൊക്കെ എന്തിനാ അമ്മ ഇവിടെ പറയുന്നത് എന്ന രീതിയില്‍ ഞാന്‍ അമ്മയെ ഒന്ന് നോക്കി.
അപ്പോ അമ്മ:
"എഞ്ചിനിയറാ"
അറിയാം എന്ന അര്‍ത്ഥത്തില്‍ ഒന്ന് തലയട്ടിയട്ട് തുളസി വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:
"ബാംഗ്ലൂരാ, ഉടനെ അമേരിക്കക്ക് പോകും"
അത്രയും ആയപ്പോ വീണ്ടും എ.സിയില്‍ വിയര്‍ത്ത് തുടങ്ങിയോന്ന് ഒരു സംശയം.
അത് ശ്രദ്ധിക്കാതെ അമ്മ:
"പെണ്ണു കെട്ടിക്കാന്‍ ഇരിക്കുവാ, അതിനു മുമ്പേ പല്ല് ക്ലീന്‍ ചെയ്യാന്‍ വന്നതാ"
എനിക്ക് തൊലി ഉരിയുന്ന പോലെ...
ഞാന്‍ ആണെങ്കില്‍ വാ പൊളിച്ച് 'ഈഈഈ...' ന്ന് പറഞ്ഞ് ഇരിക്കുവാ.ആ അവസ്ഥയിലും അമ്മയെ നോക്കി ഓവറാക്കി ചളമാക്കല്ലേന്ന് ഞാന്‍ ആംഗ്യം കാണിക്കുന്നുണ്ട്, അത് കണ്ട് അമ്മ:
"എന്തടാ?"
ഒന്നുമില്ലേ എന്ന് തലയാട്ടി 'ഈഈഇ...'ന്ന് ഇളിച്ച് ഞാന്‍ ഇരുന്നു.പതുക്കെ തുളസിയെ നോക്കിയപ്പോ പഴയ ചിരി ഒന്നുമില്ല, ഈ വലാകള്‍ ഒന്ന് പോയാ മതി എന്ന ഭാവം. കൂടുതല്‍ കാണണ്ടാ എന്ന് കരുതി ഞാന്‍ കണ്ണടച്ചു. തുളസി എന്‍റെ പല്ല് ക്ലീനിംഗ് ആരംഭിച്ചു.
മൂന്നാല് പല്ല് ക്ലീന്‍ ചെയ്തിട്ട് തുളസി എന്നോട് ഒരു പാത്രത്തിലേക്ക് തുപ്പാന്‍ പറഞ്ഞു, ഞാന്‍ അത് അനുസരിച്ചപ്പോ വായീന്ന് വരുന്നത് ചോര ആയിരുന്നു.
ഇത് കണ്ടതും അമ്മ ഒറ്റ അലര്‍ച്ച:
"അയ്യോ...ചോര"
മോഡേണ്‍ ഗേള്‍ ആശ്വസിപ്പിച്ചു:
"ടീച്ചര്‍ , പല്ല് ക്ലീന്‍ ചെയ്യുമ്പോ ചോര വരും"
ഇതൊന്നും കേള്‍ക്കാതെ അമ്മ വലിയ വായില്‍ നിലവിളി:
"വിജയലക്ഷ്മി ഡോക്ടറേ ഓടി വായോ, എന്‍റെ മോന്‍റെ പല്ല് എല്ലാം പിഴുത് എടുത്തേ.പെണ്ണുകാണാന്‍ വേണ്ടി പല്ല് ക്ലീന്‍ ചെയ്യാന്‍ വന്ന പയ്യനാ, ഇനി ജീവിതത്തില്‍ അവന്‍റെ കല്യാണം നടക്കുമോന്ന് പോലും അറിയില്ലേ"
ഏകദേശം ഇതേ ലെവലിലാണ് അമ്മയുടെ നിലവിളി. മോഡേണും ശാലീനതയും ഫ്യൂസ്സ് പോയി നില്‍ക്കുവാ, എന്‍റെ ബോധം പണ്ടേ പോയി. അടുത്തതായി ഡോക്ടറെ കാണാനിരുന്ന രോഗികള്‍ ഓടിയ വഴി ഇനി പുല്ല് മുളക്കില്ല, അതായിരുന്നു അവസ്ഥ.
അവസാനം വിജയലക്ഷ്മി ഡോക്ടര്‍ വന്ന് ബാക്കി ക്ലീനാക്കി. അവര്‍ തുപ്പാന്‍ പറഞ്ഞപ്പോഴും ചോര വന്നു. അത് കണ്ട് അമ്മ എന്നോട്:
"മോന്‍ പേടിക്കണ്ടാ, വിജയലക്ഷ്മി ഡോക്ടര്‍ക്ക് നല്ല എക്സ്പീരിയന്‍സ്സ് ഉണ്ട്. പല്ല് ക്ലീന്‍ ചെയ്യുമ്പോ ചോര വരിക സാധാരണമാണ്...."
ഒന്ന് നിര്‍ത്തിയട്ട് തുളസിയെ നോക്കി:
"എന്നാലും ഈ പിള്ളേര് എന്ത് പണിയാ കാണിച്ചത്"
അവസരം കിട്ടിയാല്‍ എന്നെയും അമ്മയെയും തല്ലി കൊല്ലും എന്ന ഭാവത്തിലാ ആ രണ്ടിന്‍റെയും നില്‍പ്പ്.
എന്തായാലും ക്ലീനിംഗ് കഴിഞ്ഞ് ഡോക്ടര്‍ പോയി, അമ്മ ഡോക്ടറിനു ഒപ്പം പോയി. ഞാന്‍ മാത്രം ഈ രണ്ടിന്‍റെയും നടുക്ക് ഒറ്റപ്പെട്ടു. സാഹചര്യം ഒന്ന് ലൈറ്റ് ആക്കാനായി ഞാന്‍ ചോദിച്ചു:
"എന്താ നിങ്ങളുടെ ഭാവി പ്ലാന്‍"
അത് കേട്ട് രണ്ട് പേരും എന്നെ ഒരു നോട്ടം നോക്കി. കൂടുതല്‍ വിശദീകരണം ഒന്നും വേണ്ടായിരുന്നു, എന്നാലും ഞാന്‍ പറഞ്ഞ് ഒപ്പിച്ചു:
"അമ്മയാ, ഭയങ്കര സ്നേഹമാ, അതാ..."
ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി, വീട്ടില്‍ എത്തി ഇതും പറഞ്ഞ് അമ്മയോട് വഴക്കിട്ടപ്പോ അച്ഛന്‍ പറഞ്ഞു:
"എല്ലാ അമ്മമാരും ഇങ്ങനാ, അത് നിനക്ക് ഇപ്പോ മനസിലാവില്ല"
സത്യമായിരുന്നു, അത് എനിക്ക് അന്ന് മനസിലായില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള പല സൌഹൃദ സംഭാക്ഷണങ്ങളിലും അതിന്‍റെ പല വക ഭേദങ്ങള്‍ ഞാന്‍ കേട്ടു...
എന്‍റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ.
അവളോ, അവളുടെ ബുദ്ധീന്ന് പറഞ്ഞാ അതാ ബുദ്ധി.
ഇപ്പോഴത്തെ പിള്ളേരൊക്കെ കാഞ്ഞ ബുദ്ധിയാ, എന്‍റെ മോന്‍ പ്രത്യേകിച്ചും.
ഇതൊക്കെ കേള്‍ക്കുമ്പോ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു, ഇവരുടെ ഒക്കെ മക്കള്‍ ഇത്ര ബുദ്ധിയുള്ളവരാണല്ലോ, ഇനി എനിക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇത്രയും ബുദ്ധി ഉണ്ടാകുമോന്ന്.
ഈ ഇടയ്ക്ക് ആ സംശയവും മാറി, വൈഫ് പറയുന്ന കേട്ടു:
"ചേട്ടന്‍റെ മക്കളുണ്ടല്ലോ, അവരുടെ ബുദ്ധിയാ ചേട്ടാ ബുദ്ധി"
അച്ഛന്‍ പറഞ്ഞത് ശരിയാ, മക്കള്‍ക്ക് പലതും മനസിലാവില്ല, അതൊക്കെ അമ്മമാര്‍ക്കേ മനസിലാവൂ.
കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്നല്ലേ.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com