For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ദി ക്ലൈന്‍റ്‌ വിസിറ്റ്




'എന്നെ കൊണ്ട് പണിയെടുക്കാന്‍ വയ്യ, പക്ഷേ ശമ്പളം കൃത്യമായി കിട്ടണം' എന്ന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ, ഞാനും നിങ്ങളില്‍ ഒരുവനാണ്.അതിനാല്‍ തന്നെ 'വീക്കെന്‍ഡ്' എന്ന പൊന്നോമന പേരില്‍ അറിയപ്പെടുന്ന ശനിയും ഞയറും എനിക്ക് ആഘോഷത്തിന്‍റെ ദിനങ്ങളാണ്...
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഞാനൊരു നല്ലവന്‍ ആകാന്‍ ശ്രമിച്ചു..
നല്ലവന്‍ എന്നാല്‍ നല്ലവരില്‍ നല്ലവന്‍, ഒരു മഹാന്‍!!!
എല്ലാ സഹജീവികളും ഞാന്‍ തന്നെയാണ്‌ എന്ന വിശ്വാസത്തിന്‍റെ കാതലായ 'തത്വമസ്സി'യില്‍ വിശ്വസിച്ച് ശബരിമലയില്‍ പോകാന്‍ ഞാന്‍ മാലയിട്ടു, ഇനി ആഘോഷങ്ങളില്ല, അഹങ്കാരങ്ങളില്ല, എല്ലാം ഭക്തിമയം, സത്യം, ശിവം, സുന്ദരം.
"സ്വാമിയേ...ശരണമയ്യപ്പാ"

എന്നാല്‍ ചുട്ടയിലെ ശീലം ചുടല വരെ എന്നത് ഒരിക്കലും മാറ്റാന്‍ പറ്റാത്ത പഴഞ്ചൊല്ലാണ്, അതാവാം തിങ്കളാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ 'അയ്യോ, ഇന്ന് ഓഫീസില്‍ പോകണമല്ലോ, ഏത് മറ്റവനാടാ ഈ തിങ്കളാഴ്ച കണ്ട് പിടിച്ചത്' എന്ന് അറിയാതെ ചോദിച്ചു പോയത്.സ്ഥലകാല ബോധം വന്നപ്പോള്‍, ഒരു ഭക്തന്‍ ചീത്ത പറയാനോ, എന്ത് കാരണം തന്നെയായാലും ദേഷ്യപ്പെടാനോ പാടില്ലെന്ന സത്യം മനസിലോര്‍ത്തപ്പോള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു...
"ഭഗവാനേ, ക്ഷമിക്കണേ...."
സ്വാമി ശരണം!!!

അങ്ങനെ പൂര്‍ണ്ണമായും ഭക്തനായി, നല്ലവരില്‍ നല്ലവനായി, ഒരു ഭയങ്കര മഹാനായി, അന്ന് ഞാന്‍ ഓഫീസിലെത്തി.ദൈവത്തെ മനസില്‍ ധ്യാനിച്ച് സിസ്റ്റം ഓണക്കി, മെയില്‍ ബോക്‌സ്സ് പതിയെ ഓപ്പണ്‍ ചെയ്തു.അന്ന് വന്നിരിക്കുന്ന മെയിലുകളൊക്കെ ചെക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും സഹ ജോലിക്കാരി ശാലിനി ഒരു കസേരയുമെടുത്ത് എന്‍റെ അരികില്‍ വന്നിരുന്നു...
എന്തേ??
അല്ല, മാലയിടുന്നതിനു മുന്നേ ആയിരുന്നെങ്കില്‍, അന്ന് മുഴുവന്‍ ജോലി ഒന്നും ചെയ്യാതെ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും, സ്വര്‍ണ്ണത്തിന്‍റെ വില കൂടുന്നതിനെ കുറിച്ചും, ഓഫീസിലെ ചായയില്‍ പാലിനു പകരം പാല്‍പ്പൊടി ഇടുന്നതിന്‍റെ ആരോഗ്യ പ്രശ്നത്തെ കുറിച്ചും അവളോട് സംസാരിക്കാമായിരുന്നു, ഇതിപ്പോ സ്വാമിയല്ലേ?
അവളെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു, എന്നിട്ട് ചോദിച്ചു:
"എന്താ ശാലിനി?"
"ബരാബി-കൂ നേഷന്‍ ഹോട്ടലിനെ കുറിച്ച് എന്താ മനുവിന്‍റെ അഭിപ്രായം?"
എന്ത് മറുപടി പറയേണമെന്ന് ഒരു നിമിഷം ആലോചിച്ചു, കാരണം എന്‍റെ അറിവില്‍ ഇന്ദിരാനഗറിലെ അത്യാവശ്യം അറിയപ്പെടുന്ന ഹോട്ടല്‍.നോണ്‍-വെജ് വിഭഗങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് കുക്കുകള്‍, പിന്നെ താമസിക്കാന്‍ സൌകര്യമുണ്ടോ അതോ റെസ്റ്റോറന്‍റ്‌ മാത്രമാണോന്ന് അറിയില്ല.എങ്കിലും പണ്ട് അവിടുന്നു കഴിച്ച കോഴിയുടെ ടേസ്റ്റ് ഓര്‍ത്ത് കൊണ്ട് പറഞ്ഞു:
"നല്ല ഹോട്ടലാ, എന്തേ?"
"വെള്ളിയാഴ്ച നമുക്ക് അവിടെ കൂടിയാലോ?" അവളുടെ മറു ചോദ്യം.
വേറെ ഏത് സമയത്ത് അവള്‍ ഈ ചോദ്യം ചോദിച്ചാലും 'വൈ നോട്ട്?' എന്ന് ഞാന്‍ തിരികെ ചോദിച്ചേനെ, പക്ഷേ ഇപ്പോ...
സ്വാമിയേ....!!!

ഒരു നിമിഷം കണ്ണടച്ച് ശബരിമല ശാസ്താവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ട്, ശാലിനിയുടെ മുഖത്ത് നോക്കാതെ ആ നഗ്നസത്യം ഞാന്‍ വെളിവാക്കി:
"ശാലിനിക്ക് എന്നോട് വിരോധമൊന്നും തോന്നരുത്, തന്നെ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ പോലെ സുന്ദരനായ ഒരു ആണ്‍കുട്ടിയോട് വെള്ളിയാഴ്ച വൈകിട്ട് ഒരു പാര്‍ട്ടിക്ക് വരാമോന്ന് ചോദിക്കുമ്പോള്‍ പറ്റില്ല എന്ന് പറയുന്നതിലെ ശരിക്കേട് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ....."
തൊണ്ണൂറ്‌ മോഡല്‍ സിനിമയിലെ പോലുള്ള ഈ ഡയലോഗ് പറഞ്ഞ് ഇത്രേം ആയപ്പോഴേക്കും ശാലിനി അതിനു 'കട്ട്' പറഞ്ഞു, തുടര്‍ന്ന് നാല്‌ കട്ട വാക്കുകളും:
"അയ്യടാ, നിന്‍റെ ആഗ്രഹം കൊള്ളാല്ലോടാ? നീ ആ മെയില്‍ നോക്കടാ"
ടാ..ടാ..ടാ..
ഒരു അഞ്ചാറ്‌ ടാ!!!
മെയില്‍ നോക്കാനോ, എന്തിന്??
ഒരു സ്വാമിയെ കേറി 'ടാ'ന്ന് വിളിക്കാന്‍ തക്കതായി എന്താണ്‌ ആ മെയില്‍??
ഞാന്‍ പതിയെ മെയില്‍ ബോക്സിലേക്ക് തല തിരിച്ചു...
ആറാമത്തെ മെയിലിന്‍റെ സബ്ജക്റ്റ് എന്‍റെ കണ്ണില്‍ തടഞ്ഞു..
അത് ഇങ്ങനെയായിരുന്നു..
ദി ക്ലൈന്‍ഡ് വിസിറ്റ്!!!
ടം..ഡ..ഡേ..

ഈ ക്ലൈന്‍ഡ് വിസിറ്റ്, ക്ലൈന്‍ഡ് വിസിറ്റ് എന്ന് പറഞ്ഞാ കുഞ്ഞു കളിയല്ല, ഒരു സംഭവമാ...
അങ്ങ് ഇംഗ്ലണ്ടീന്ന് ഒരു സായിപ്പോ, മദാമ്മയോ, ചിലപ്പോ രണ്ടും കൂടിയോ ഒരുങ്ങി കെട്ടി ഇവിടെ വരും.അവര്‍ വരുന്നതിന്‍റെ തലേന്ന് രാത്രി ഓഫീസെല്ലേം പെയിന്‍റടിച്ച് വൃത്തിയാക്കും(അത് വരെ ചെയ്യില്ല!) .സ്ഥിരം ജോലി ചെയ്യുന്ന ജോലിക്കാര്‍ പോലും തങ്ങളുടെ സീറ്റിന്‍റെ അടുത്ത് വരുമ്പോള്‍, അവിടുത്തെ ഡെക്കറേഷന്‍ കണ്ട് 'സോറി, സീറ്റ് മാറി പോയി' എന്ന് പറയുന്ന രീതിയില്‍ ഹാളുകള്‍ മനോഹരമാക്കും, അതേ പോലെ ഏസിയില്‍ തണുപ്പ് വരുത്തുക, ബാത്ത് റൂമില്‍ വെള്ളം വരുത്തുക, എംപ്ലോയിസിന്‍റെ സീറ്റിനു സമീപം കുടിക്കാന്‍ വെള്ളം വെക്കുക, കൊറിക്കാന്‍ കശുവണ്ടി പരിപ്പ് വയ്ക്കുക എന്ന് തുടങ്ങി കുറേ ഗിമിക്കുകള്‍.
പാവം ക്ലൈന്‍ഡ്...
ഇതെല്ലാം കൂടി കാണുമ്പോള്‍ 'കര്‍ത്താവേ, ഞാന്‍ ഈ കമ്പനിക്ക് കൊടുക്കുന്ന കാശെല്ലാം അവര്‍ എംപ്ലോയിക്കായി ചിലവഴിക്കുകയാണെല്ലോന്ന്' ഓര്‍ത്ത് അറിയാതെ നെഞ്ചത്തടിച്ച് നിലവിളിക്കും, അതേ പോലെ 'ഇത്രേം സൌകര്യമുണ്ടായിട്ടും നീയൊക്കെ എന്താടാ എന്‍റെ ജോലി നേരെ ചൊവ്വേ തീര്‍ത്ത് തരാത്തതെന്ന്' എംപ്ലോയിയെ ശപിക്കും.
ഇനി എംപ്ലോയ്‌സ്സ്...
വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസത്തില്‍, അന്നേ ദിവസം മാത്രം നേരെ ചൊവ്വേ പണി ചെയ്യും.എംപ്ലോയിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കാണുന്ന ക്ലൈന്‍ഡിനു സ്വന്തം കമ്പനി പോലും ആ എംപ്ലോയിയുടെ പേരില്‍ എഴുതി കൊടുക്കാന്‍ തോന്നി പോകും, സത്യം.

മേല്‍ പറഞ്ഞത് ക്ലൈന്‍ഡ് വിസിറ്റിന്‍റെ അന്ന് ഒരു മൂന്ന് മണി വരെയുള്ള പരിപാടികള്‍.അത് കഴിയുമ്പോള്‍ ക്ലൈന്‍ഡും ടീമുമായി ഒരു മീറ്റിംഗ്.
ടീമിലുള്ളവരെ കൊണ്ട് ഒന്നും തന്നെ പറയിക്കാതെ, ക്ലൈന്‍ഡ് തന്നെ സംസാരിച്ച് കൊണ്ടിരിക്കും, കര്‍ണ്ണാടകയില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ 'ഠോ..ഠോ..ഠോ..'ന്ന് സൌണ്ട് കേള്‍ക്കുന്ന പോലെ അല്ലാതെ, അങ്ങേര്‌ പറയുന്നതെന്താണെന്ന് ഭൂരിഭാഗം ടീമംഗങ്ങള്‍ക്കും മനസിലാകാറില്ല.എങ്കിലും പ്രോജക്റ്റ് മാനേജര്‍ കൈ അടിക്കുമ്പോല്‍ കൂടെ കൈ അടിക്കുക, അങ്ങേര്‌ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുക, എന്തോ തെറ്റ് ചെയ്ത പോലെ തല കുനിക്കുമ്പോള്‍ കൂടെ തല കുനിക്കുക, എന്ന് തുടങ്ങി അത്യാവശ്യം ഗിമിക്കുകള്‍ എംപ്ലോയിസും കാണിച്ച് പോകുന്നു.
ഇത് കഴിയുമ്പോള്‍ ക്ലൈന്‍ഡിനു ടീമിന്‍റെ വകയായി ഒരു ഗിഫ്റ്റ്!!!
തുടര്‍ന്ന് ടീം ഡിന്നര്‍, ഇത് കമ്പനി വകയാകാം, അല്ലെങ്കില്‍ ക്ലൈന്‍ഡിന്‍റെ വകയാകും, എന്തായാലും എംപ്ലോയ്‌സ്സിനു നോ പ്രോബ്ലം.പോകുക, തിന്നുക, അത്രമാത്രം...

ഇവിടെയാണ്‌ ശാലിനിയുടെ ചോദ്യത്തിന്‍റേ പ്രസക്തി..
ഞങ്ങളുടെ ക്ലൈന്‍ഡ് വെള്ളിയാഴ്ച വരുന്നുണ്ടെന്നും, അന്ന് 'ബരാബി-കൂ നേഷന്‍' ഹോട്ടലില്‍ വച്ച് ഡിന്നര്‍ അറേഞ്ച് ചെയ്യാമെന്നും ടീമംഗങ്ങള്‍ സംസാരിച്ചതിന്‍റെ ആഫ്റ്റര്‍ ഇഫക്റ്റായിരുന്നു ശാലിനിയുടെ ആ ചോദ്യം...
വെള്ളിയാഴ്ച നമുക്ക് അവിടെ കൂടിയാലോ??
അയ്യേ, ഇതാരുന്നോ??
ചമ്മല്‌ മാറിയപ്പോള്‍ ശാലിനിയോട് ചെന്ന് പറഞ്ഞു:
"ശരി ശാലിനി, നമുക്ക് വെള്ളിയാഴ്ച അവിടെ തന്നെ കൂടാം"
അതിനു അവള്‍ എന്‍റെ മുഖത്ത് നോക്കാതെ മറുപടി നല്‍കി...
"മനുവിനു എന്നോട് വിരോധമൊന്നും തോന്നരുത്, തന്നെ പോലെ സുന്ദരനായ ഒരു ആണ്‍കുട്ടി എന്നെ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് വെള്ളിയാഴ്ച വൈകിട്ട് ഒരു പാര്‍ട്ടിക്ക് കൂടാമെന്ന് പറയുമ്പോള്‍ പറ്റില്ല എന്ന് പറയുന്നതിലെ ശരിക്കേട് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ....."
പോടി...പോടി...
അയ്യോ??
സ്വാമി ശരണം!!!

ഇവിടെ മുതല്‍ എന്‍റെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു...
ഒന്ന്, ക്ലൈന്‍ഡ് മദാമ്മയാണോ, സായിപ്പാണോ അതോ രണ്ടും കൂടിയാണോ എന്ന സംശയം.
രണ്ട്, എല്ലാവരും നോണ്‍ വെജ് കഴിക്കുമ്പോള്‍ പച്ചില തിന്നുന്ന എന്നോടുള്ള ക്ലൈന്‍ഡിന്‍റെ മനോഭാവം എന്തായിരിക്കും എന്ന ചിന്ത!!
മൂന്ന്, ഇതൊക്കെ തരണം ചെയ്ത് എങ്ങനെയും ക്ലൈന്‍ഡിന്‍റെ മുന്നില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹം.
ഒന്നാമത്തെ ചോദ്യത്തിനു വില്യംസ്സ് സായിപ്പ് മാത്രമേ വരുകയുള്ളന്ന് ഉത്തരം കിട്ടി, രണ്ടാമത്തെ ചിന്താഗതിക്ക് വെജ് കഴിക്കുന്നത് അത്ര വലിയ കുറച്ചിലല്ലെന്ന് എല്ലാവരും ആശ്വസിപ്പിച്ചു.
ചിന്താഗതി മൂന്ന്, എങ്ങനെ ശ്രദ്ധിക്കപ്പെടാം??
സായിപ്പിനു ഗിഫ്റ്റ് കെടുക്കുന്നത് ശാലിനിയെ കൊണ്ട് മതിയെന്ന് പ്രോജക്റ്റ് മാനേജര്‍ തീരുമാനിച്ചു, ഇരുപത്തി അയ്യായിരം രൂപയുടെ ക്യാമറ തന്‍റെ കൈയ്യില്‍ ഉണ്ടെന്നും അതുപയോഗിച്ച് എല്ലാ ചടങ്ങിന്‍റെയും ഫോട്ടോ താന്‍ തന്നെ എടുത്തോളാമെന്ന് സീനിയര്‍ ലീഡ് കേറി ഏറ്റു.ഹോട്ടലില്‍ സായിപ്പിനു അടുത്തിരുന്നു നിര്‍ബന്ധിച്ച് തീറ്റിക്കുന്ന കാര്യം പ്രോജക്റ്റ് മാനേജര്‍ തന്നത്താന്‍ ഏറ്റെടുത്തതോട് കൂടി സായിപ്പുമായി നേരിട്ട് ഇടപെടാനുള്ള എന്‍റെ എല്ലാ വഴിയും അടഞ്ഞു.
ഇനി എന്ത്??
എന്‍റെ വിഷമ അവസ്ഥ കണ്ട് മാനേജര്‍ എനിക്ക് രണ്ട് പണി ഏല്‍പ്പിച്ചു തന്നു..
ഒന്ന്, സായിപ്പിനു കൊടുക്കാനുള്ള ഗിഫ്റ്റ് വാങ്ങിക്കുക.
ഹും! ഏത് പട്ടിക്കും പറ്റുന്ന പണി!!
രണ്ട്, സായിപ്പിനു കമ്പനിയില്‍ നിന്ന് ഹോട്ടലിലേക്ക് പോകാനുള്ള ബെന്‍സ് കാര്‍ റെഡിയാക്കി നിര്‍ത്തുക, ഗിഫ്റ്റ് കൊടുത്ത് കഴിയുമ്പോള്‍ അതില്‍ കേറ്റി അയാളെ യാത്ര ആക്കുക.
ഇത് കൊള്ളാം..
യെസ്സ് സാര്‍, ഐ വില്‍ ഡൂ ഇറ്റ്!!!

ആ വെള്ളിയാഴ്ച..
ഗിഫ്റ്റ് വാങ്ങി ശാലിനിയെ ഏല്‍പ്പിച്ചു, ബെന്‍സ് കാര്‍ ആറ്‌ മണിയാകുമ്പോള്‍ കമ്പനിയില്‍ വരുന്നതിനു ഏര്‍പ്പാട് ചെയ്തു.മൂന്നു മണി വരെ ഓഫീസില്‍ മല മറിക്കുന്ന പണിയാണെന്ന് മട്ടില്‍ എന്തൊക്കെയൊ കാട്ടി കൂട്ടി. മൂന്ന് മുതല്‍ അഞ്ചര വരെ ക്ലൈന്‍ഡ് പറയുന്നത് കേട്ട് കൊണ്ടിരുന്നു.
ക്ലൈന്‍ഡിന്‍റെ പ്രസംഗം അവസാനിച്ചു!!
സായിപ്പിനു ടീമിന്‍റെ വക ഒരു ഗിഫ്റ്റ് ഉണ്ടെന്ന് മാനേജര്‍ പ്രഖ്യാപിച്ചതും, 'വാവൂ, ഈസ് ഇറ്റ്?' എന്നൊരു ചോദ്യത്തോടെ ഗിഫ്റ്റ് വാങ്ങാന്‍ അങ്ങേര്‌ എഴുന്നേറ്റൂ.അത് കണ്ടതും ഓഫീസിലെ മറ്റൊരു എഞ്ചിനിയറായ പ്രഭാകരന്‍ ഇറങ്ങി പുറത്തേക്ക് ഒരു ഓട്ടം...
എന്താ എന്ത് പറ്റി??
ഒടുവില്‍ കാര്യം അറിഞ്ഞു...
ശാലിനി ഗിഫ്റ്റ് അവളുടെ ടേബിളില്‍ വച്ച് മറന്ന് പോലും!!!
അത് എടുക്കാനായാണ്‌ പ്രഭാകരന്‍ പോയതത്രേ.
അതിനു പോലും എന്നെ പറഞ്ഞ് വിട്ടില്ലല്ലോന്ന് ഓര്‍ത്ത് സങ്കടപ്പെട്ട് നിന്ന എന്നോട് ടീം ലീഡ് ക്യാമറ എടുത്ത് കൊണ്ട് വരാന്‍ ആജ്ഞാപിച്ചു.ഓടി പോയി അദ്ദേഹത്തിന്‍റെ ടേബിള്‍ തുറന്ന് അതേ സ്പീഡില്‍ ക്യാമറ വച്ചിരുന്ന കവര്‍ അടക്കം ഞാന്‍ തിരികെയെത്തി, മീറ്റിംഗ് റൂം തുറന്ന് അകത്തേക്ക് കേറുകയും പ്രഭാകരന്‍ ഗിഫ്റ്റുമായി വരുന്നത് പ്രതീക്ഷിച്ച് നിന്ന ശാലിനി ആരാ കേറി വന്നതെന്ന് നോക്കാതെ കൈ നീട്ടി.പ്രത്യേകിച്ച് ഒന്നും ഓര്‍ക്കാതെ ഞാന്‍ ആ കവര്‍ അവളുടെ കൈയ്യില്‍ കൊടുത്തു, അവള്‍ അതുമായി നേരെ സായീപ്പിന്‍റെ അടുത്തെത്തി അയാള്‍ക്ക് സമ്മാനിച്ചിട്ട് ഒരു വാചകവും:
"സാര്‍, ദിസ് ഈസ് അ ഗിഫ്റ്റ് ഫോര്‍ യൂ"
കര്‍ത്താവേ!!!!!!!
ഇരുപത്തി അയ്യായിരം രുപയുടെ ക്യാമറ!!!
"ക്യാന്‍ ഐ ഓപ്പണ്‍ ഇറ്റ്?" സായിപ്പിന്‍റെ ചോദ്യം.
"വൈ നോട്ട്" കാര്യമറിയാതെ ടീം ലീഡിന്‍റെ സമ്മതം.
സായിപ്പ് കവര്‍ തുറന്നപ്പോള്‍ കെട്ടിടം ഇടിഞ്ഞ് എന്‍റെ തലേലോട്ട് വീഴണേന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.അങ്ങേര്‌ കവറില്‍ നിന്ന് ക്യാമറ എടുത്ത് 'എ ലൌലി ഗിഫ്റ്റ്' എന്ന് പ്രഖ്യാപിച്ചപ്പോള്‍ കൈ കൊട്ടി ചിരിച്ച് കൊണ്ട് നിന്ന് ടീം ലീഡിന്‍റെ മുഖത്തെ ചിരി മായുന്നതും, 'എന്താ ഈ സംഭവിച്ചത്, ഈ ക്യാമറ എങ്ങനെ സായിപ്പിന്‍റെ കൈയ്യിലെത്തി' എന്ന ചിന്താഗതിയോടെ അന്തം വിട്ട് നോക്കുന്നതും ഞാന്‍ ഒളി കണ്ണാല്‍ കണ്ടു.
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടാകാം അതിയാന്‍ തല തിരിച്ച് എന്നെ ഒരു നോട്ടം നോക്കി...
കാലമാടാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ!!!
സ്വാമിയേ....!!!

സംഭവിച്ചത് സംഭവിച്ചു, അതിനെ പറ്റി വിഷമിച്ചിരിക്കാതെ അടുത്ത ജോലിയില്‍ വ്യാപൃതനാകുക എന്ന പോളിസിയില്‍ വിശ്വസിച്ച് സായിപ്പിനെയും ടീമംഗങ്ങളേയും ഹോട്ടലിലേക്ക് പോകാന്‍ ഞാന്‍ ക്ഷണിച്ചു...
കേട്ടപാതി എല്ലാവരും ബെന്‍സിനു അടുത്തേക്ക് ഓടി,, എല്ലാവര്‍ക്കും സായിപ്പിനൊപ്പം പോകണമത്രേ.കാറിലെങ്കിലും സായിപ്പിന്‍റെ കൂടെ പോകാമെന്ന എന്‍റെ ആഗ്രഹം നിഷ്ഫലമായി.കാറിന്‍റെ മുന്‍ സീറ്റിലിരുന്നു മനു ബൈക്കില്‍ വരാന്‍ മാനേജര്‍ പ്രഖ്യാപിച്ചു.മറ്റ് ടീമംഗങ്ങള്‍ക്കെല്ലാം കാറില്‍ കയറാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ മാത്രം പുറത്ത്.കാര്‍ കമ്പനിയുടെ ഗേറ്റ് കടന്നപ്പോള്‍ ഏറ്റെടുത്ത ജോലി ഭംഗി ആക്കിയത് മാത്രം മനസിനു സന്തോഷം നല്‍കി.തുടര്‍ന്ന് ബൈക്ക് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മുന്നില്‍ കണ്ട കാഴ്ച എന്‍റെ സപ്ത നാഡികളെയും തളര്‍ത്തുന്നതായിരുന്നു...
ടീം ലീഡിന്‍റെ ക്യാമറയും പിടിച്ച് സായിപ്പതാ മുന്നില്‍ നില്‍ക്കുന്നു!!!
അങ്ങേര്‌ ഒരു ചോദ്യം:
"വാട്ട് ഹാപ്പന്‍ഡ്?"
എന്‍റെ മാളികപ്പുറത്തമ്മേ!!!!!
സായിപ്പ് കാറില്‍ കേറിയില്ലാരുന്നോ??
ഹാപ്പന്‍ഡ് ഈസ് ഹാപ്പന്‍ഡ്!!
സംഭവിച്ചത് സംഭവിച്ചു, കണ്ണടച്ച് വച്ച് കാച്ചി:
"സാര്‍, വി കാന്‍ ഗോ ഇന്‍ ബൈക്ക്"
ഷുവര്‍!!!

ബൈക്കില്‍ ഇന്ദിരാ നഗറിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിലേക്ക്...
അപാര ട്രാഫിക്ക് ജാം!!
കുട്ടിക്കാലത്ത് ബാലരമയിലും പൂമ്പാറ്റയിലും മൊട്ടുമുയലിനു വഴികാണിക്കുക എന്ന ഗെയിം കളിച്ചിട്ടുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് ഇടയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞാന്‍ ബൈക്ക് പറത്തി.എന്‍റെ സര്‍ക്കസ്സ് കണ്ടിട്ടാകണം പിന്നാലെ ഇരുന്ന സായിപ്പ്'മാര്‍വെല്ലസ്സ്', 'ഡെഡിക്കുലസ്സ്', 'മിറാക്കുലസ്സ്' എന്നൊക്കെ പറയുന്ന കേട്ടു..
എന്തായാലും ബൈക്ക് സായിപിനെയും എന്നെയും കൊണ്ട് ഹോട്ടലിലെത്തി, കാറില്‍ യാത്ര തിരിച്ചവര്‍ അപ്പോഴും അവിടെ എത്തിയിരുന്നില്ല.അതിനാല്‍ തന്നെ നേരെ മാനേജര്‍ക്ക് ഫോന്‍ ചെയ്തു:
"സാര്‍ ഇന്ദിരാ നഗറിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിനു മുന്നില്‍ ഞങ്ങളെത്തി, ഇപ്പോ അകത്ത് കയറണോ അതോ വെയിറ്റ് ചെയ്യണോ?"
മറുപടിയായി അദ്ദേഹം ഇങ്ങനെ ചൊദിച്ചു:
"തന്നോടാരാ ഇന്ദിരാനഗറില്‍ പോകാന്‍ പറഞ്ഞത്, കോറമംഗലയിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിലാ നമ്മള്‍ ബുക്ക് ചെയ്തിരിക്കുന്നത്"
സ്വാമിയേ....!!!!!!!
മൊട്ടു മുയലിനെ തിരികെ എത്തിക്കുക എന്ന ഗെയിം മനസിലോര്‍ത്ത് സായിപ്പുമായി തിരിച്ച് കോറമംഗലക്ക്, എങ്ങനെങ്കിലും ഹോട്ടലില്‍ എത്തുക, പിന്നില്‍ ഇരിക്കുന്ന ഉരുപ്പടിയെ പ്രോജക്റ്റ് മാനേജറെ ഏല്‍പ്പിക്കുക എന്ന ആഗ്രഹം മാത്രം ബാക്കി....
അറിയാതെ സായിപ്പിനെ ചീത്ത വിളിച്ച് പൊയി..
ഇവനൊക്കെ ഇംഗ്ലണ്ടില്‍ ഇരുന്നാ പോരെ, ആരെടെ മറ്റവളെ കെട്ടിക്കാനാണോ ആവൊ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളുന്നത്??
കുറച്ച് ചീത്ത കൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്ത് ചെയ്യാം?
മാലയിട്ട് പോയില്ലേ??
സ്വാമി ശരണം!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com