For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ശ്വേത ഒരു ബ്രൂട്ടസ്സ്





"ബ്രൂട്ടസ്സേ നീയുമോ?"

റോമന്‍ ഹിസ്റ്ററിയില്‍ ബ്രൂട്ടസ്സ് തന്നെ ചതിച്ചു എന്നു തോന്നിയപ്പോള്‍ സീസ്സര്‍ ചോദിച്ചു എന്ന് പറയുന്ന ചോദ്യമാണിത്.ബ്രൂട്ടസ്സ് ചതിയനാണോ അല്ലയ്യോ എന്നതല്ല ഇവിടെ പ്രശ്നം.
ശ്വേത എങ്ങനെ ബ്രൂട്ടസ്സ് ആയി?
അല്ല ആരാ ഈ ശ്വേത?

പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോളാണ് ശ്വേതയെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.എളിമ അഥവാ വിനയം.അതായിരുന്നു അന്നത്തെ കാലത്ത് ശ്വേതയുടെ മുഖമുദ്ര. അതുകൊണ്ടാണല്ലോ പത്താം ക്ളാസ്സില്‍ പഠിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ റാങ്കിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്.
അധികം ഒന്നും വേണ്ടാത്രേ,ഒന്നാം റാങ്കാണങ്കിലും മതി പോലും !!!!
ദൈവത്തിനും പാവം തോന്നിക്കാണും.അതുകൊണ്ട് ഒരു ഒന്നാം റാങ്ക് കാരി എന്ന ചട്ടകൂടില്‍ ഒതുക്കി നിര്‍ത്താതെ സെക്കന്‍റ്' ക്ളാസ്സോടെയാണ് അവള്‍ പാസ്സായത്.
അത്രയ്ക്ക് മിടുക്കിയായിരുന്നു അവള്‍.ഒരു മിടുമിടുക്കി.!!!!
അവളുടെ മറ്റൊരു ഗുണം ചെയ്യുന്ന കാര്യത്തിലുള്ള സ്ഥിരതയും ആത്മാര്‍ത്ഥതയുമാണ്. ഇത് ഞാന്‍ വെറുതെ പറഞ്ഞതല്ല.കാരണം,ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍ ചെന്നപ്പോള്‍ അവള്‍ പ്രീഡിഗ്രി സെക്കന്‍റ്‌` ഇയര്‍ ആയിരുന്നു.ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു എഞ്ചിനിയറിങ്ങ് പഠിക്കാന്‍ പോയപ്പോഴും അവള്‍ പ്രീഡിഗ്രി സെക്കന്‍റ്‌` ഇയര്‍ ആയിരുന്നു.

ഒരു ഇരുത്തം വന്ന പഠിത്തക്കാരി.
ആത്മാര്‍ത്ഥതാ,എളിമ,സ്ഥിരത എന്നീ ഗുണങ്ങളോട് കൂടിയ ഒരു മലയാളി പെണ്‍കൊടി.
അതായിരുന്നു അന്നത്തെ ശ്വേത....
പിന്നീട് ഒരിക്കല്‍ ആരോ പറഞ്ഞു ഞാന്‍ അറിഞ്ഞു ശ്വേത ബോംബയ്ക്ക് പോയെന്ന്. അമ്പിളിയും, കലയും,ഗീതുവും,ദീപയും എല്ലാം അടങ്ങിയ പുതിയ സെറ്റിനെ പരിചയപെട്ടപ്പോള്‍ ഞാന്‍ ശ്വേതയെ മറന്നു.
സ്വാഭാവികം !!!!

കാലം കടന്നു പോയി. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ നാഗര്‍കോവിലിലെ മാതാ എഞ്ചിനിയറിംഗ് കോളേജിലേ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ആ വര്‍ഷം ഓണത്തിന് ഞങ്ങള്‍ മലയാളികള്‍ എല്ലാം കൂടി ഒരു അത്തപൂക്കളം ഇടാന്‍ തീരുമാനീച്ചു.അത്തപൂക്കളം എന്നാല്‍ ഉപ്പും,കളര്‍ പൊടിയും ചേര്‍ത്ത് ഒരു പൂക്കളം
ഒരു അത്ത ഉപ്പ് കളം.
എന്‍റെ കഷ്ടകാലത്തിനു അത്തപൂക്കളം ഇടാനുള്ള ഭാഗ്യം എനിക്ക് തന്നെ കിട്ടി. എനിക്ക് കലാപ്രവര്‍ത്തനവുമായുള്ള ആകെ ബന്ധം പത്താംക്ളാസ്സില്‍ വച്ച് ഒരു കണക്ക് സോള്‍വ്വ് ചെയ്തത് മാത്രമാണ്. ഞാന്‍ സോള്‍വ്വ് ചെയ്ത കണക്ക് കണ്ട് കണക്ക് സാറാണ് എന്നിലെ കലാകാരനെ ആദ്യമായി അനുമോദിച്ചത്:

"മോനെ,നീ വരച്ച പടം കൊള്ളാം.പക്ഷേ,ക്ളാസ്സ് ടൈമില്‍ പടം വരച്ച് കളിക്കരുത്"

അയ്യോ സാറെ,ഇത് പടം വരച്ചതല്ല.സാര്‍ തന്ന കണക്ക് സോള്‍വ്വ് ചെയ്തതാണ് എന്ന് എനിക്ക് പറയാമായിരുന്നു.ആ സത്യം അന്നു പറയാതെ രാജാരവിവര്‍മ്മ എന്‍റെ വകയില്‍ ഒരു അമ്മാവനായിരുന്നു എന്ന മട്ടില്‍ ഞെളിഞ്ഞ് നിന്നതിന് ദൈവം തമ്പുരാന്‍ തന്ന ശിക്ഷ ആയിരിക്കാം ഇത്. ഇനി എന്ത് ചെയ്യും?
അപ്പോഴാണ് ദൈവദൂതനെ പോലെ എന്‍റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ പ്രവീണ്‍ 'ദി തിയററ്റിക്കല്‍ ആസ്പെക്ട് ഓഫ് അത്തപ്പൂ വിത്ത് ഉപ്പ്' എന്ന പ്രബന്ധം അവതരിപ്പിച്ചത്. അതായത്,
അതി രാവിലെ എല്ലാരെക്കാളും മുമ്പ് കോളേജില്‍ വരണം.ആദ്യം ഒരു വട്ടം വരക്കണം.പിന്നെ വട്ടത്തിനകത്ത് ഡിസൈന്‍ വരക്കണം.അതുകഴിയുമ്പോള്‍ പലതരം കളര്‍ കലര്‍ത്തിയ ഉപ്പ് ഈ ഡിസൈനകത്ത് ഇടണം.ഇതാണ് അത്തപ്പൂവിന്‍റെ തിയറി.
വെരി സിംപിള്‍!!!
അതി രാവിലെ കോളേജില്‍ വന്നതും വട്ടം വരച്ചതും എളുപ്പമായിരുന്നു. അതിനു ശേഷം അത്തപൂവിനുള്ള ഡിസൈന്‍ വരക്കാന്‍ നോക്കിയപ്പോഴാണ് കുട്ടിക്കാലത്ത് അത്തപൂ ഇടണ്ട സമയത്ത് അത്തപൂ ഇടാതെ തുമ്പിയെ പിടിക്കാന്‍ നടന്നതിന്‍റെ കുഴപ്പം മനസിലായത്.ഒന്നും ശരിയാകുന്നില്ല. തിയറി പോലെയല്ല പ്രാക്ടിക്കല്‍.തിയറി എളുപ്പമാ,ഏത് പൊട്ടനും പറയാം.പക്ഷേ പ്രാക്ടിക്കല്‍?
ഒടുവില്‍ ഒപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.ഉദ്ദേശിച്ചത് അത്തപ്പൂ ആണെങ്കിലും അവസാനം ഇട്ട് കഴിഞ്ഞപ്പോള്‍ മുമ്പില്‍ കാണുന്നത് എന്താണന്ന് എനിക്ക് പോലും മനസിലാകാത്ത അവസ്ഥ. ആകെ ഒരു ജഗപൊക.പക്ഷേ എന്നെ പോലും ഞെട്ടിച്ച് കൊണ്ടാരുന്നു എല്ലാവരും അത്തപ്പൂ കണ്ട് പ്രതികരിച്ചത്.
കിടിലന്‍,കിടുകിടിലന്‍,കിക്കിടിലന്‍,സൂപ്പര്‍,ഡ്യൂപ്പര്‍.................
സമൂഹത്തില്‍ ആരും കലാകാരനായി ജനിക്കുന്നില്ല,സമൂഹമാണവരെ കലാകാരനാക്കുന്നത് എന്നു പഴമക്കാര്‍ പറഞ്ഞത് എത്രയോ ശരി.
മലയാളിയും മലയാള ഭാഷയില്‍ ഭയങ്കര അവഗാഹം ഉള്ളവനും കമ്പ്യൂട്ടര്‍ ലാബിന്‍റെ തല തൊട്ടപ്പനുമായ രവിസാറിന്‍റെ ഊഴമായിരുന്നു അടുത്തത്. അത്തപ്പൂ കണ്ടപ്പോള്‍ തന്നെ അങ്ങേര്‍ ഒരു ചോദ്യം:


"സംഗതി കൊള്ളാം,പക്ഷേ ഈ ഡിസൈന്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"
മണ്ണാംകട്ട !!!!!!!

ഞാനെന്ത് ഉദ്ദേശിക്കാന്‍?ഇത്രയും ഒപ്പിച്ച പാട് എനിക്കറിയാം. ഇങ്ങേരെ പോലുള്ളവരാണ് കലാകാരന്‍മാരെ വളരാന്‍ സമ്മതിക്കാത്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്റ്റാറാകാന്‍ വേണ്ടി അയാള്‍ എന്നെ കരുവാക്കുവാ.

"അല്ല മനു,ശരിക്കും എന്താ ഉദ്ദേശിച്ചത്?"

വീണ്ടും.എന്‍റെ ക്ഷമ നശിച്ചു.ഞാന്‍ വച്ച് കാച്ചി:

"കേരളത്തില്‍ നഷ്ടപ്പെടുന്ന അവച്യുതിമൂല്യത്തിന്‍റെ ആരോഹണ അവരോഹണ പ്രക്രിയയെ കുറിച്ചുള്ള ഓണത്തപ്പന്‍റെ കാഴ്ചപ്പാട്!!!!"

ഓഹോ,അതാണോ കാര്യം? എന്ന മട്ടില്‍ സാറൊന്ന് തല കുലുക്കി.എന്നിട്ട് ഒന്നും മിണ്ടാതെ കോളേജിലെക്ക് നടന്നു.ആ നടപ്പിനിടയില്‍ ഒരിക്കല്‍ കൂടി അയാള്‍ തിരിഞ്ഞു നോക്കി,

അതും വളരെ ദയനീയമായി....
എടാ,നാശംപിടിച്ചവനെ, നീ എന്തോന്നാടാ പറഞ്ഞത് എന്നായിരിക്കണം ആ നോട്ടത്തിന്‍റെ അര്‍ത്ഥം.

ആകെ മൊത്തം ചുരുക്കത്തില്‍ അത്തപ്പൂ ഹിറ്റായി.അതുകൊണ്ടാണല്ലോ ആ വര്‍ഷത്തില്‍ അയ്യപ്പാസ്സ് വിമന്‍സ് കോളേജില്‍ വച്ച് നടക്കുന്ന അത്തപ്പൂ ഇടില്‍ മല്‍സരത്തിനു ഞങ്ങളുടെ കോളേജിനെ പ്രതിനിധികരിക്കാന്‍ എന്നെ തിരഞ്ഞെടുത്തത്.ഞാന്‍ മാത്രമല്ല,എന്‍റെ കൂടെ പ്രവീണും പ്രദീപും. പൂവ്വ് വാങ്ങാനായി കോളേജില്‍ നിന്ന് ആയിരം രൂപ തരും.പിന്നെ രണ്ട് ദിവസം അവധിയും. ആദ്യം തന്നെ പൂവ്വ് വാങ്ങാനുള്ള കാശ് ഞങ്ങള്‍ മുക്കി.അയലത്തെ വീട്ടില്‍ നിന്ന് ഒരു കവറില്‍ കുറെ പൂവ്വും പറിച്ചിട്ട് അയ്യപ്പാസ്സ് കോളേജില്‍ ചെന്ന ഞങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ പൂക്കളവും ഇട്ടു.എന്നിട്ട് മറ്റ് കോളേജിലെ കുട്ടികളെയും അവരുടെ പൂക്കളവും വായിനോക്കാന്‍ തുടങ്ങി. അപ്പോഴാണ്‍ ഞാന്‍ വീണ്ടും അവളെ കാണുന്നത്.ഒരു കൈയ്യില്‍ ക്യാമറയും മറുകൈയ്യില്‍ വീഡിയോയുമായി പെണ്‍കുട്ടികള്‍ക്കിടയിലൂടെ പാറിനടക്കുകയായിരുന്നു അവള്‍.
നമ്മുടെ ശ്വേത.ബോംബെവാലാ ശ്വേത ശരിക്കും ഒരു മോഡേണ്‍ ശ്വേത !!!

പ്രവീണിന്‍റെയും പ്രദീപിന്‍റെയും മുമ്പില്‍ ചെത്താന്‍ പറ്റിയ അവസരം.അതു ഞാന്‍ മുതലാക്കി.


"ഹലോ ശ്വേതാ,എന്നെ മനസിലായ്യോ?"

"യാ,യാ,യാ, ഐ റിമംബര്‍.മനു,അം ഐ റൈറ്റ്?"

എന്‍റെ റബ്ബേ! വാട്ടീസ് യുവര്‍ നെയിം എന്നു ചോദിച്ചാല്‍ വാട്ടിയ മുട്ട വേണ്ടാ എന്നു പറയുന്ന ടീമാ,ഇപ്പം ഇംഗ്ളീഷ് പറയുന്നു.കലികാലം, അല്ലാതെന്താ?നമ്മളായിട്ട് നാണം കെടാന്‍ പാടില്ലല്ലോ.അതുകൊണ്ട് ഞാന്‍ മറുപടി ഇംഗ്ളീഷിലാക്കി.

"യാ,യാ,അം യു റൈറ്റ്.ഐ അം മനു.ഐ കെയിം ഹിയര്‍ ഫോര്‍ പുട്ട് ആന്‍ അത്ത ഫ്ളവര്‍"

ഇതു കേട്ട് പ്രവീണും പ്രദീപും വാ പൊളിച്ച് നിന്ന് പോയി.
എന്നോട് ഇംഗ്ളീഷില്‍ സംസാരിച്ചിട്ട് ഒരു ഗുണവുമില്ല എന്നു തോന്നിയതിനാലാവാം അവള്‍ അവളുടെ കഥ പറഞ്ഞത് മലയാളത്തിലായിരുന്നു.
ബോംബയിലായിരുന്നെന്നും,ഇപ്പോള്‍ നാഗര്‍കോവിലില്‍ ജോലി കിട്ടി വന്നതാണെന്നും, നെറ്റ് വര്‍ക്ക് ഫീല്‍ഡിലാണ് ജോലി എന്നും പറഞ്ഞ അവള്‍ അന്ന് ഉച്ചക്കുള്ള ഞങ്ങളുടെ ആഹാരവും സ്പോണ്‍സര്‍ ചെയ്തു.
ചിക്കന്‍ ബിരിയാണി!!!
ചാവാലി പട്ടികള്‍ തല്ല്`കൂടി തിന്നുന്നത് പോലെയായിരുന്നു ഞങ്ങളുടെ പ്രകടനം.നിമിഷനേരം കൊണ്ട് ചിക്കന്‍ ബിരിയാണി ഫിനിഷ്ഡ്.

അടുത്ത പ്രശ്നം..
തിരിച്ച് കോളേജില്‍ ചെന്ന് എന്ത് പറയും?
പൂവ്വ് വാങ്ങിയില്ലന്നും അത്തപ്പൂവ് ഇട്ടില്ലന്നും പറഞ്ഞാല്‍ തീര്‍ന്നു.
ഇട്ട അത്തപ്പൂവിന്‍റെ ഫോട്ടോ കാട്ടാം എന്നു വച്ചാല്‍ എന്നെ കൊല്ലുന്നതിന് സമം.
ഐഡിയാ!!!
ഏറ്റവും നല്ല അത്തപ്പൂ അയ്യപ്പാസ്സ് കോളേജിന്‍റെയാണ്,അതിന്‍റെയടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്ത് കോളേജില്‍ കാണിക്കുക.ഇതാണ് ഞാനിട്ട അത്തപ്പൂവെന്ന് പറയുക.
വെരി ഗുഢ്!!!
എന്നെ സമ്മതിക്കണം.
ശ്വേത തന്‍റെ ഇന്‍സ്റ്റന്‍റ്‌ ക്യാമറയില്‍ അപ്പോള്‍ തന്നെ പടമെടുത്ത് തന്നു.ആ ഫോട്ടോയ്ക്കും ചിക്കന്‍ ബിരിയണിക്കും അവളോട് നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ച് വണ്ടി കയറി.

കോളേജില്‍ ഞങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ് തന്നെ കിട്ടി.അത്തപ്പൂവിന്‍റെ ഫോട്ടോ കണ്ട് അവരെല്ലാം ഞെട്ടി.എന്‍റെയുള്ളില്‍ ഇത്രയും വലിയ ഒരു കലാകാരനുള്ളത് അവരാരും മനസിലാക്കിയില്ലാരുന്നത്രേ.
മാങ്ങാത്തൊലി !!!!
കലാവാസന എന്നൊന്ന് എന്നെ തൊട്ട് തീണ്ടിയിട്ടില്ലന്ന് എനിക്കറിയാം.
എന്തായാലും ഞാന്‍ ഹീറോയായി.
ഒരു സൂപ്പര്‍ഹീറോ......
പക്ഷേ,അന്നു വൈകിട്ട് ആ സൂപ്പര്‍ ഹീറോ ചത്തു,അല്ല എല്ലാവരും കൂടി കൊന്നു.അതിനു കാരണം ശ്വേതയായിരുന്നു. അവളായിരുന്നു സൂപ്പര്‍ഹീറോയുടെ ശവപ്പെട്ടിക്ക് ആണി അടിച്ചത്. ഒരു കാര്യത്തില്‍ സമാധാനമുണ്ട്,ചിക്കന്‍ബിരിയാണി എന്ന പേരില്‍ കൊലച്ചോര്‍ വാങ്ങിതന്നിട്ടാണല്ലോ അവളിത് ചെയ്തത്.
അല്ല എന്നെ പറഞ്ഞാല്‍ മതി.
അവള്‍ നെറ്റ് വര്‍ക്ക് ഫീല്‍ഡിലാണെന്ന് പറഞ്ഞപ്പോള്‍ അത് ലോക്കല്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്കായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.അല്ലങ്കില്‍ ഹോസ്റ്റലിലെ ടിവിയില്‍ അത്തപ്പൂ മല്‍സരത്തെകുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്ത സമയത്തെങ്കിലും ഞാന്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തേനെ.
ഞാന്‍ കൊണ്ട് വന്നുകാണിച്ചത് അയ്യപ്പാസ്സ് കോളേജിന്‍റെ പൂക്കളമാണെന്ന് എല്ലാവരും മനസ്സിലാക്കിയത് പോട്ടെന്ന് വയ്ക്കാം, ഭൂതകണ്ണാടി വച്ച് പോലും കാണന്‍ കഴിയാത്ത എന്തോ ഒന്ന് ചൂണ്ടിക്കാട്ടി ഇതെന്‍റെ കൂട്ടുകാരന്‍ മനു ഇട്ട പൂക്കളമാണെന്ന് അവള്‍ അഭിമാനത്തോടെ പറഞ്ഞതാ സഹിക്കാന്‍ പറ്റാഞ്ഞെ.
എടാ യൂദാസ്സേ എന്ന മട്ടില്‍ ചുറ്റും കൂടി നില്‍ക്കുന്നവരുടെ കണ്ണുകള്‍ എന്‍റെ നേരെ നീണ്ടപ്പോള്‍ എനിക്ക് തല കറങ്ങുന്നപോലെ തോന്നി. അപ്പോള്‍ ഞാന്‍ അറിയാതെ ചോദിച്ചുപോയി:

എന്‍റെ കര്‍ത്താവ്വേ,പരലോകത്തേക്കുള്ള ടിക്കറ്റിനു ഇപ്പം എങ്ങനാ ചാര്‍ജ്ജ് ?





38 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"ഭൂതകണ്ണാടി വച്ച് പോലും കാണന്‍ കഴിയാത്ത എന്തോ ഒന്ന് ചൂണ്ടിക്കാട്ടി ഇതെന്‍റെ കൂട്ടുകാരന്‍ അരുണ്‍ ഇട്ട പൂക്കളമാണെന്ന് അവള്‍ അഭിമാനത്തോടെ പറഞ്ഞതാ സഹിക്കാന്‍ പറ്റാഞ്ഞെ."ശ്വേത അവല്‍ ഒരു നല്ല കൂട്ടുകാരി. അല്ലന്നു തോന്നുന്നുവോ?കാണന്‍ കഴിയാത്ത എന്തോ ഒന്ന് ചൂണ്ടിക്കാട്ടി ഇതെന്‍റെ കൂട്ടുകാരന്‍ അരുണ്‍ ഇട്ട പൂക്കളമാണെന്ന് അവള്‍ പറഞ്ഞില്ലേ??
‘പിറന്നാള്‍ ആശംസകള്‍‘എഴുതുക, വായിക്കാന്‍ സുഖമുള്ള എഴുത്താണ് കെട്ടോ അരുണ്‍.

ഹരിയണ്ണന്‍@Hariyannan said...

ആ ഇംഗ്ലീഷുപറച്ചിലാണ് ഏറെ ഇഷ്ടായത്...!!
:)

ശ്രീലാല്‍ said...

:)

ഉഗാണ്ട രണ്ടാമന്‍ said...

:)

കുരാക്കാരന്‍ ..! said...

"കേരളത്തില്‍ നഷ്ടപ്പെടുന്ന അവച്യുതിമൂല്യത്തിന്‍റെ ആരോഹണ അവരോഹണ പ്രക്രിയയെ കുറിച്ചുള്ള ഓണത്തപ്പന്‍റെ കാഴ്ചപ്പാട്!!!!"

കലക്കി മാഷെ.....

ആശംസകള്‍..!

ബഷീർ said...

>>"മോനെ,നീ വരച്ച പടം കൊള്ളാം.പക്ഷേ,ക്ളാസ്സ് ടൈമില്‍ പടം വരച്ച് കളിക്കരുത്"<<


കലയെ കൊല ചെയ്യുന്ന ഈ മാഷന്മാര്‍ ഞാന്‍ പഠിച്ച സ്കൂളിലും ഉണ്ടായിരുന്നു..


ഇഷ്ടപ്പെട്ടു വായിച്ചു

ഗീത said...

ശ്വേതയെ ബ്രൂട്ടസ്സിനോട് ഉപമിക്കാന്‍ പറ്റില്ല. കാരണം മനപ്പൂര്‍വം ചതിക്കാന്‍ വേണ്ടീട്ടായിരുന്നില്ലല്ലോ.

പിന്നെ, ഞാനുമൊരു അദ്ധ്യാപികയായതുകൊണ്ടാകാം ഇങ്ങനെ തോന്നുന്നത്, ഒരു വിമര്‍ശനകമന്റെറിഞ്ഞതിന്റെ പേരില്‍ ആ രവി സാറിനെ ഒരല്‍പ്പം ഇകഴ്ത്തിയത് ശരിയായോ അരുണേ....
വിമര്‍ശനങ്ങളും നമ്മള്‍ ഉള്‍ക്കൊള്ളാന്‍ പഠിക്കണം..അതു നമ്മളെ കുറച്ചുകൂടി നന്നാകാന്‍ സഹായിക്കും എന്നാണ് എന്റെ പക്ഷം.
ചിലപ്പോള്‍ അസൂയ കൊണ്ടോ, ഒരു നല്ല കാര്യവും ഉള്‍‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടോ ഒക്കെ വിമര്‍ശിക്കുന്നവര്‍ ഉണ്ടാകും. എന്നാലും വിമര്‍ശനങ്ങളെ തീരെ തള്ളിക്കളയരുത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്, ആദ്യം ഒരു പ്രയാസമൊക്കെ തോന്നുമെങ്കിലും.

എന്നോടും ഇനി ദേഷ്യമൊന്നും വേണ്ടാട്ടോ.
(ആ അയ്യപ്പാസ് കോളെജിലെ ഒരു ഫിസിക്സ് റ്റീച്ചറെ എനിക്ക് അറിയാം).

yousufpa said...

REALLY, IT'S FUNNY.
YOU ARE IMPROVING VERY MUCH.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇങ്ലീ ഞാന്‍ മാറ്റി ഇപ്പോ അങ്ലോ ആക്കീ.. :)

siva // ശിവ said...

കായംകുളം സൂപ്പര്‍ഫാസ്റ്റിലെ യാത്ര ഇഷ്ടമായി...എന്നാലും യൂ റ്റൂ ശ്വേതാ...

സസ്നേഹം,

ശിവ

അരുണ്‍ കരിമുട്ടം said...

എല്ലാവരോടും നന്ദിയുണ്ട്.
പിന്നെ അന്നേരത്തേ മാനസികാവസ്ഥയാവാം ശ്വേതയെ എന്ന കഥാപാത്രത്തിനെ ഒരു ബ്രൂട്ടസ്സ് എന്നു വിളിപ്പിക്കാന്‍ തോന്നിപ്പിച്ചത്.
ശ്വേതേ,പിണങ്ങല്ലേ....
പിന്നെ ചേച്ചി,
രവിസാര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.
സാറിന്‍റെ ചോദ്യം എന്നെ ഞാന്‍ സ്വയം വിമര്‍ശിച്ചതാണ്.

എതിരന്‍ കതിരവന്‍ said...

കായംകുളം സൂപര്‍ഫാസ്റ്റ് എന്നുവച്ചാല്‍ കായംകുളത്തേയ്ക്ക് ഓടുന്ന ബസ്സാണല്ലൊ. അപ്പോള്‍ എവിടുന്നാണ് തുടങ്ങുന്നത് ഓട്ടം? നാഗര്‍കോവിലില്‍ നിന്നാണോ? വല്ല കുന്ത്രാണ്ടോം ഒപ്പിച്ചതിന് നാട്ടുകാര്‍ ഓടിച്ചതാണോ?

കമ്യൂണിക്കേഷന്‍ സ്കില്ല് ഇപ്പോള്‍ നന്നായി കിട്ടിയല്ലൊ.

അരുണ്‍ കരിമുട്ടം said...

അയ്യോ!!!
ചേട്ടനെന്നെ അറിയാമോ?

ചാണക്യന്‍ said...

കൊള്ളാം മാഷെ ഇഷ്ടായി
പക്ഷെ ശ്വേതയെ ബ്രൂട്ടസിനോട്.....
അത് വേണ്ടായിരുന്നു...
ഒ കെ എന്നാലും നറേഷന്‍ കലക്കി
ആശംസകള്‍....

rajesh said...

Aliyo

Kalakki, ============
swetha original ano ??????

Njan pennu thappano.

Ariyikkanne /////

How to write in malayalam

Rajesh,Remya,Kannan Mon
UAE

Myth Maker said...

Swetha Kollam...2nd claas kittiyenkilum ottum ahankaaram illa..!

അരുണ്‍ കരിമുട്ടം said...

ചാണക്യസൂത്രങ്ങള്‍,നന്ദിയുണ്ട്.
അളിയോ എന്തായി വള്ളികുന്നം ഗ്രാമം
കുട്ടപ്പന്‍ ഖാനും പ്രേത്യേകം നന്ദി.

Myth Maker said...

bhayanakam...! Sweta u brutess....!

Ziya said...

കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ കയറാന്‍ കായംകുളത്തുകാരനായ ഞാന്‍ എന്തേ വൈകിയത്?

എഴുത്തിന്റെ ശൈലിയും ലാളിത്യവും ഇഷ്‌ടമായി അരുണ്‍. അഭിനന്ദനങ്ങള്‍.
(അല്ല, കായംകുളത്ത് എവിടെയാ? )

അരുണ്‍ കരിമുട്ടം said...

മിത്ത് മേക്കറേ നന്ദി.സിയാ റെയില്‍വേ സ്റ്റേഷനടുത്താ.
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ട് കേട്ടോ...

Anil cheleri kumaran said...

''..എന്‍റെ റബ്ബേ! വാട്ടീസ് യുവര്‍ നെയിം എന്നു ചോദിച്ചാല്‍ വാട്ടിയ മുട്ട വേണ്ടാ എന്നു പറയുന്ന ടീമാ''
അതു കലക്കി അരുണ്‍

അരുണ്‍ കരിമുട്ടം said...

കുമാരന്‍:വിലയേറിയ അഭിപ്രായത്തിനു നന്ദി.

വിജയലക്ഷ്മി said...

Arun...post nannayrikkunnu mone nalla shaili.eppol randu post vaaychu.eni pinne,onnichhu vaaychu theerkkandanu thonni.

അരുണ്‍ കരിമുട്ടം said...

കല്യാണി ചേച്ഛി:പോസ്റ്റ് എല്ലാം വായിച്ചതിനു നന്ദി.ശൈലി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്.

കായംകുളം കുഞ്ഞാട് said...

use this link http://berlythomas.blogspot.com/2008/11/blog-post_11.html

അരുണ്‍ കരിമുട്ടം said...

കുഞ്ഞാടേ,വായിച്ചു.എല്ലാം മനസ്സിലായി

Land || നാട് said...

Supper!!! Really Wonderful
Keep it up… We are expecting more and more.

അരുണ്‍ കരിമുട്ടം said...

vaniyambalam : Thanks

Anonymous said...

Tharakedilla..
We will meet again

അരുണ്‍ കരിമുട്ടം said...

Anony:Thanks

Sabu Kottotty said...

അങ്ങനെ രണ്ടാമദ്ധ്യായവും കഴിഞ്ഞു !

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:നന്ദി, ഇവിടെ വരെ എത്തി അല്ലേ?

Sabu Kottotty said...

എന്തിനാ...?
അവിടെയുള്ളവരെക്കൂടി എടങ്ങേറിലാക്കാനാ..?

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:ഹ..ഹ..ഹ

Anonymous said...

:)

arun p k said...
This comment has been removed by the author.
arun p k said...

sagave lal salam super ....ee blog entrhanennum mattum ariyunnathum kanunnathum minigannu anu annu kanda link vazhiyanu kayam kulam superfastil ethiyathu..........annu rathri erunnu oru varshathe muzhuvan njan vayichu athrakku rasavum narmmavum oro kadhayilum undayirunnu edakku njan chirikkunnathu kettu amma enichu vannu nokkuka polum cheythu athrakku nannayirunnu oro kadhayum sagave angayude thulikakku eniyum sakthi pakaran nnjan sarva sakthanaya daivathodu prarthikkam ella vidha asamsakalum nerunnu

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ഇഷ്ടപ്പെട്ടു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com