For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എതിരാളിക്കൊരു പോരാളി





ഹീറോയിസം ഇഷ്ടപ്പെടാത്ത ആരും കാണില്ല..
എനിക്കും ഇഷ്ടമാണ്‌ ഹീറോയിസം.ആ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വളരെ വളരെ ചെറുപ്പത്തില്‍ മനസില്‍ വേരോടിയതാ.കുട്ടിക്കാലത്ത് കണ്ടിരുന്ന സൂപ്പര്‍ ഹീറോകളായിരുന്നു എന്നില്‍ ഹീറോയിസം വളര്‍ത്തിയത്..
സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ഹീമാന്‍, ബാറ്റ് മാന്‍, പുവര്‍ മാന്‍, കല മാന്‍...
അങ്ങനെ എത്ര എത്ര മാനുകള്‍!!
ഇനി ബാലരമ, പൂമ്പാറ്റ, ബാലമംഗളം എന്നിവ തുറന്നാലോ?
മായാവി, പുട്ടാലു, ലുട്ടാപ്പി എന്നിങ്ങനെ പോകുന്നു..
പക്ഷേ എന്‍റെ റോള്‍ മോഡല്‍ ഇവരൊന്നുമല്ല, അതൊരു കുഞ്ഞ് എലിയാ..
അന്യഗ്രഹ ജീവികള്‍ കാരണം ശക്തിമാനായ ഒരു എലി..
ആ എലി ബാലമംഗളത്തിലെ സൂപ്പര്‍സ്റ്റാറാ..
അതാണ്‌ ഡിങ്കന്‍..
ശക്തരില്‍ ശക്തന്‍!!
എതിരാളിക്കൊരു പോരാളി!!

പത്ത് വയസ്സ് വരെ അമ്മയുടെ തറവാട്ടിലായിരുന്നു എന്‍റെ താമസം.ആ കാലഘട്ടത്തിലാണ്‌ ഡിങ്കനോടുള്ള എന്‍റെ ആരാധന അധികമായത്.പതിയെ പതിയെ ഡിങ്കന്‍ എന്‍റെ ഉപബോധമനസില്‍ സ്ഥാനം പിടിച്ചു.അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടപ്പോല്‍ എനിക്കൊരു സംശയം..
ഇനി ഞാനാണോ ഡിങ്കന്‍??
അതേ..
ഞാന്‍ തന്നാ ഡിങ്കന്‍!!
എനിക്ക് ഉറപ്പായി.
ഞാന്‍ ഡിങ്കനായത് നാല്‌ പേരെ അറിയിക്കണമല്ലോ..
അച്ഛനോടും അമ്മാവന്‍മാരോടും ഈ രഹസ്യം പറഞ്ഞാല്‍, ചന്തിക്ക് അടി, ചെവിക്ക് കിഴുക്ക്, കണ്ണുരുട്ടി കാണിക്കല്‍ തുടങ്ങിയ ഭീകര മുറകള്‍ നേരിടേണ്ടി വരും.അമ്മ, അമ്മായി, കുഞ്ഞമ്മ, വല്യമ്മ, ഈ വക അവതാരങ്ങള്‍ക്ക് ഡിങ്കനെ പരിചയവുമില്ല.പിന്നെയുള്ളത് അമ്മുമ്മയാ, ഞാന്‍ അമ്മുമ്മയെ സമീപിച്ചു:
"അമ്മുമ്മേ, ഞാന്‍ ഒരു ഡിങ്കനല്ലിയോ?"
സ്നേഹമയിയായ അമ്മുമ്മ പ്രതികരിച്ചു:
"ശരിയാ മോനെ, നീ ഒരു പുങ്കനാ"
എന്നിട്ട് ഒരു ഉപദേശവും:
"മോന്‍ ഈ സ്വഭാവം മാറ്റണം, കേട്ടോ?"
കേട്ടു..
പക്ഷേ ഞാന്‍ പറഞ്ഞത് അമ്മുമ്മ കേട്ടാരുന്നോ??
ഇല്ല!!
ചുമ്മാതല്ല അമ്മുമ്മക്ക് ചെവി കേള്‍ക്കില്ലന്ന് അച്ഛന്‍ പറയുന്നത്!!

ഇനി ഒരേ ഒരു ഗ്രൂപ്പേ ഉള്ളു..
അത് എന്‍റെ അനിയത്തിയും, അവളുടെ കൂട്ടുകാരികളുമാ..
എന്നെക്കാള്‍ പ്രായത്തിനു ഇളപ്പമുള്ള ആ സഖിമാരോട് ഞാന്‍ പ്രഖ്യാപിച്ചു:
"ഞാന്‍ ഡിങ്കനാ"
അവരുടെയെല്ലാം മുഖത്ത് ഒരു ആരാധന.
അത്ഭുതത്തോടെ എന്നെ നോക്കി നിന്ന അവരോട് ഘനഗംഭീര ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു:
"എന്താ ഞാന്‍ ഡിങ്കനായതെന്ന് അറിയാമോ?"
ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി...
ഇമ്മാതിരി മറുപടി പ്രതീക്ഷിച്ച് നിന്ന എന്നെ നോക്കി അനിയത്തി പറഞ്ഞു:
"എനിക്ക് അറിയാം, ചേട്ടനെ കണ്ടാല്‍ ഒരു എലിയെ പോലുണ്ട്"
ഓഹോ..
ഇതാണോ നീ മനസിലാക്കിയത്??
കഷ്ടം!!

അതോടെ എനിക്കൊരു കാര്യം മനസിലായി..
എടുപിടീന്ന് ഇവര്‍ ഒന്നും സമ്മതിച്ചു തരില്ല.ഞാന്‍ ഡിങ്കനാണെന്ന് തെളിയിക്കണമെങ്കില്‍ ഇവരുടെ മുമ്പില്‍ എന്‍റെ ധൈര്യം കാണിച്ചേ പറ്റു.
പക്ഷേ എങ്ങനെ??
ഒടുവില്‍ ഞാനൊരു വഴി കണ്ടെത്തി..
എനിക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക, എന്നിട്ട് അവനെ തോല്‍പ്പിക്കുക.എന്‍റെ ഈ സംരംഭത്തിനു ദൈവമായി എനിക്ക് ഒരു എതിരാളിയെ കൊണ്ട് തരുകയും ചെയ്തു..
ടോമി..
എന്‍റെ വീടിന്‍റെ തൊടിയിലും പറമ്പിലും കാണുന്ന നാടന്‍ പട്ടി.
അങ്ങനെ ഞാന്‍ ടോമിയെ ഉപദ്രവിക്കാന്‍ തുടങ്ങി.എന്‍റെ കൈയ്യില്‍ നിന്നും അടുപ്പിച്ച് അടിയും ഏറും കിട്ടിയതോടെ ടോമിക്ക് എന്നെ പേടിയായി.കണ്ടാല്‍ ഭയന്ന് ഓടാന്‍ തുടങ്ങി.ടോമി ഓടുന്ന കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കുറേ ആരാധകരും.ഒടുവില്‍ അവരെല്ലാം സമ്മതിച്ചു..
ചേട്ടന്‍ ഡിങ്കന്‍ തന്നെ!!
അങ്ങനെ ഞാന്‍ ഡിങ്കനായി.

ആ കാലഘട്ടത്തിലെ ഒരു നട്ടുച്ച സമയം..
സാധരണപോലെ വാലായി ആരുമില്ല, ഞനൊറ്റക്കാ.പറമ്പത്തെ വായി നോട്ടം കഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം, തൊടിയിലൊന്ന് കറങ്ങണം.അങ്ങനെ കറങ്ങി കൊണ്ടിരുന്നപ്പഴാ ഞാന്‍ അവനെ കണ്ടത്..
ടോമി
എന്‍റെ ഇര.
അവന്‍ തിരിഞ്ഞ് കിടക്കുകയാ, അതിനാല്‍ എന്നെ കണ്ടതുമില്ല.സാധാരണ രീതിയില്‍ ഞാന്‍ മൈന്‍ഡ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല.കാരണം എന്‍റെ ധീരത കണ്ട് കൈയ്യടിക്കുവാന്‍ ആരുമില്ലെന്നത് തന്നെ.എന്നാലും ടോമി എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന കണ്ട് എന്നിലെ ഡിങ്കന്‍ തലപൊക്കി..
ആഹാ, അത്രക്കായോ??
ഞാനാര്?
ഡിങ്കന്‍..
ശക്തരില്‍ ശക്തന്‍..
എതിരാളിക്കൊരു പോരാളി.
അങ്ങനെയുള്ള എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നോ??
ഞാന്‍ ഒന്ന് മുരടനക്കി...
അത് കേട്ടതും ടോമി പതുക്കെ തല തിരിച്ച് നോക്കി, ഞാനാണെന്ന് കണ്ടതോടെ പതുക്കെ എഴുന്നേറ്റു.ഇനി വാലും ചുരുട്ടി ഒരു ഓട്ടമുണ്ട്.അത് കാണാന്‍ ആകാംക്ഷയോടെ നിന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട്, മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും വരുത്താതെ ടോമി എന്നെ തന്നെ നോക്കി നിന്നു.
ഒരു വശത്ത് ധീരനായ ഞാന്‍, മറുവശത്ത് പട്ടിയായ ടോമി!!
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതോടെ എന്‍റെ ഉള്ളൊന്ന് കാളി..
ഈശ്വരാ!!
ഈ പട്ടിയെന്താ ഓടാത്തെ??
എന്നെ എപ്പോള്‍ കണ്ടാലും പേടിച്ച് ഓടുന്ന പട്ടിയാ, എന്നിട്ടിപ്പം..
ഇനി എന്നെ കടിക്കാനാണോ??
മനസ്സില്‍ പലതും ഇങ്ങനെ ചിന്തിച്ച് കൂട്ടിയതോടെ ആമാശയത്തില്‍ ഒരു തമോ ഗര്‍ത്തം രൂപപ്പെടുന്നതും, കാലുകളില്‍ ഒരു വിറയല്‍ ഫോം ചെയ്യുന്നതും ഞാനറിഞ്ഞു.
അടുത്ത നിമിഷം ഞാന്‍ ഒരു മഹാ സത്യം മനസിലാക്കി..
എന്നിലെ ഡിങ്കന്‍ ചത്തു!!

പേടി കാരണം എങ്ങോട്ട് ഓടണമെന്ന് ഒരു പിടിയുമില്ല, കാലിന്‍റെ വിറയല്‍ കാരണം ഓടാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല.വലിയ ധീരനും, പേരുകേട്ട ഡിങ്കനുമായ ഞാന്‍ കരച്ചിലിന്‍റെ വക്കിലായി..
ദൈവമേ കാക്കണേ..
ഇനി എന്ത്?
അപ്പോഴാണ്‌ എന്‍റെ മനസില്‍ ഒരു തോന്നല്‍ ഉത്ഭവിച്ചത്..
ധീരത കൈ വിട്ടപ്പോള്‍ സ്നേഹം കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് ഒരു തോന്നാല്‍!!
ഒന്നുമല്ലേലും ടോമി ഒരു പട്ടിയല്ലേ, മനുഷ്യനോടും യജമാനനോടും സ്നേഹമുള്ള പട്ടി.ഇനി സ്നേഹം കൊണ്ടേ കാര്യമുള്ളു.ആ വിശ്വാസത്തില്‍ ടോമിയോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഞാന്‍ ടോമിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
ഒരു നിമിഷം..
ടോമി എന്നെ നോക്കി ഒന്ന് കുരച്ച് കാണിച്ചു!!
കര്‍ത്താവേ..
പണി പാളി!!
ഇതൊരു പട്ടിത്തമില്ലാത്ത പട്ടിയാ..
ഇനി എന്തോ ചെയ്യും??

മുമ്പിലൊരു വടി കിടപ്പുണ്ട്, പക്ഷേ അതെടുക്കുന്ന സമയം മതി ടോമിക്ക് ഓടി വന്ന് എന്നെ കടിച്ച് കുടയാന്‍.ഭാവിയില്‍ സംഭവിക്കാന്‍ ചാന്‍സുള്ള എല്ലാ രംഗങ്ങളും മനസിലൂടെ ഓടി മറഞ്ഞു..
പട്ടിയുടെ കടി കൊണ്ട ഞാന്‍..
പുച്ഛത്തോടെ നോക്കുന്ന സഖികള്‍..
പേപ്പട്ടിയാണെന്ന് പറയുന്ന നാട്ടുകാര്‍..
പൊക്കിളിനു ചുറ്റും പതിനാറ്‌ കുത്ത്.
ചിന്ത അവിടെ വരെയായപ്പോള്‍ അടുത്ത ടെന്‍ഷനായി..
എന്‍റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ്‌ കുത്ത് എവിടെ കുത്തും??
ദൈവമേ..
ഇന്ന് ആരെയാണാവോ കണി കണ്ടത്??
ഒന്നും വേണ്ടായിരുന്നു..
എനിക്ക് തല കറങ്ങി തുടങ്ങി.

വെറുതെ ഇരുന്ന പട്ടിയുടെ വായില്‍ കോലിട്ടിളക്കരുതെന്ന് അപ്പുപ്പന്‍ പറഞ്ഞത് വളരെ അര്‍ത്ഥവത്തായ കാര്യമാണല്ലോ കര്‍ത്താവേന്ന് കരുതി നിന്ന സമയത്ത് എന്‍റെ പുറകില്‍ ഒരു വിളി കേട്ടു:
"എടാ മനു"
ങ്ങേ!!
ആരാ??
തിരിഞ്ഞ് നോക്കിയപ്പോള്‍ അമ്മാവന്‍, കൂടെ സഖികളും.
ദൈവമേ രക്ഷിച്ചു!!
മനസില്‍ ഒരു തണുപ്പ് വരുന്നതും, തമോഗര്‍ത്തം നിരപ്പാകുന്നതും, കാലിലെ വിറയല്‍ വിട്ട് പോകുന്നതും ഞാനറിഞ്ഞു.സമാധാനത്തെ നിന്ന എന്നെ നോക്കി അമ്മാവന്‍ പറഞ്ഞു:
"എടാ ടോമിയെ ഉപദ്രവിക്കരുത്, അതിന്‍റെ കാലേല്‍ എന്തോ കൊണ്ടു, ഓടാന്‍ പോലും വയ്യാതെ നില്‍ക്കുവാ"
അത് ശരി..
ചുമ്മാതല്ല ഓടാഞ്ഞേ!!
നിമിഷനേരം കൊണ്ട് ഡിങ്കന്‍ പുനര്‍ജനിച്ചു.ആരാധനയോടെ നില്‍ക്കുന്ന സഖികളെ നോക്കി ഞാന്‍ വച്ച് കാച്ചി:
"ഹും! അമ്മാവന്‍ പറഞ്ഞ കൊണ്ടാ, ഇല്ലേ കാണാരുന്നു"
അത് കേട്ട് അവരും തലകുലുക്കി..
ശരിയാ..
ഇല്ലേ കാണാരുന്നു..
ചേട്ടന്‍ ഡിങ്കനല്ലിയോ!!

57 comments:

അരുണ്‍ കരിമുട്ടം said...

ഈദുല്‍ ഫിതര്‍ വരികയായി, അതേ പോലെ നവരാത്രിയും..
എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍!!!

ഈ മാസം തന്നെ അച്ഛനാകാന്‍ തയ്യാറെടുക്കുന്ന ഒരു ബ്ലോഗര്‍ക്ക് (ആ പേരു ഞാനായി പറയുന്നില്ല, അദ്ദേഹം തന്നെ വെളിപ്പെടുത്തും എന്ന് വിശ്വസിക്കുന്നു) ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു..
(എല്ലാവരും ഭൂമിയിലേക്ക് അവതരിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി പ്രാര്‍ത്ഥിക്കണേ)

:)

കണ്ണനുണ്ണി said...

((((((((((( ഠിം))))))))))))
തേങ്ങ ആദ്യം...
ബാക്കി വായിച്ചിട്ട് വന്നു

Sabu Kottotty said...

രണ്ടുനാലു ദിവസം മുന്‍പ് ഇട്ട പോസ്റ്റിലെ ഫോട്ടോകൂടി ചേര്‍ക്കാമായിരുന്നു. ആകൊച്ചരിപ്പല്ലും ഒട്ടിയകവിളും ഉണ്ടക്കണ്ണും ഹോ... ഡിങ്കന്‍ തന്നെ...

കൊള്ളാം അരുണ്‍ നന്നായിട്ടുണ്ട്....

ഹാഫ് കള്ളന്‍||Halfkallan said...

അല്ലേല്‍ കാണാരുന്നു ... !!! ബൈ ദി ബൈ .. ഡിങ്കന് വാല്‍ ഉണ്ടോ ?

കണ്ണനുണ്ണി said...

ഡിങ്കന്‍ അത്രയ്ക്ക് അങ്ങട് പോര....
ചുറ്റുപാടൊക്കെ കണ്ടപ്പോ ചേരുന്ന ആളെ പിടികിട്ടി...
ശിക്കാരി ശംഭു...!!!
ടോമ്മിയെ ഒരു പുലി ആയി അങ്ങട് സന്കല്‍പ്പിക്കണം...ന്നിട്ട് വാലെ പിടിച്ചു...തൂക്കി ദൂരെ എറിയണം...
.....
....
ന്നിട്ട് അവന്‍ തരുന്നതും മേടിച്ചോണ്ട് എവിടേലും പോയി സ്വസ്തായി ഇരിക്കാരുന്നു....
ഓരോരോ തോന്നലുകളെ....

അനില്‍@ബ്ലോഗ് // anil said...

പാവം പട്ടി !
ഇങ്ങനെ ഓരോരുത്തരും ഹീറൊയാകാന്‍ നോക്കിയല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ.
:)

ramanika said...

ശരിയാ മോനെ, നീ ഒരു പുങ്കനാ
അല്ല ഡിങ്കന്‍ !

ജോ l JOE said...

:(.....:)

ഫോട്ടോഗ്രാഫര്‍ said...

"ഞാന്‍ ടോമിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
ഒരു നിമിഷം..
ടോമി എന്നെ നോക്കി ഒന്ന് കുരച്ച് കാണിച്ചു!!"

ഓര്‍ത്തപ്പോള്‍ ചിരിച്ചു പോയി

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി:നന്ദി, പിന്നെ ശിക്കാരി ശംഭുവിനു വേറെ ആളുണ്ടടെ:)
കൊട്ടോട്ടിക്കാരന്:ഹ..ഹ..ഹ ഏറ്റു
ഫാഫ് കള്ളന്‍:എന്തിനാ മോട്ടിക്കാനാ??
അനില്‍@ബ്ലൊഗ്, രമണിക, ജോ, പോരാളി: നന്ദി:)

അച്ഛനാകാന്‍ പോകുന്ന ബ്ലോഗര്‍ ആരെന്ന് താനായി തന്നെ അറിയിക്കാമെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ച സന്തോഷ വാര്‍ത്ത ഞാന്‍ പങ്കിടുന്നു.
:)

smitha adharsh said...

അപ്പൊ,ഈ അരുണ്‍ ആളൊരു ഡിങ്കന്‍ ആയിരുന്നു അല്ലെ?
അത് നന്നായി..'
പിതാവാകാന്‍ പോകുന്ന ബ്ലോഗ്ഗര്‍ ആര്?

Anil cheleri kumaran said...

"ഹും! അമ്മാവന്‍ പറഞ്ഞ കൊണ്ടാ, ഇല്ലേ കാണാരുന്നു"

ഹഹഹ.... കലക്കി ഡിങ്കാ അല്ല പുങ്കാ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അപ്പോള്‍ പണ്ടേ ധീരനായിരുന്നു..

Jayesh/ജയേഷ് said...

ഡിങ്കന്റെ ഭാഗ്യം എന്നായിരുന്നു തലക്കെട്ട് കൊടുക്കേണ്ടിയിരുന്നത് :)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ഡിങ്കാ‍ാ‍ാ‍ാ‍ാ..
രക്ഷിക്കൂ‍ൂ‍ൂ‍ൂ‍ൂ...
എന്നെ കായംകുളം സൂപ്പര്‍ഫാസ്റ്റ് ഇടിക്കാന്‍ വരുന്നേ..

ശ്രീജിത്ത് said...

എന്‍റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ്‌ കുത്ത് എവിടെ കുത്തും??

കലക്കിയടാ

വിനോദ് said...

അരുണ്‍ ചേട്ടാ, കൊച്ചു കഥയാണേലും ഇഷ്ടമായി.ഒറ്റ അടിക്ക് വായിച്ച് പോകാന്‍ പറ്റി, എന്നാല്‍ പ്രത്യേകിച്ച് ഒന്നുമില്ല താനും.ഹി..ഹി

അരുണ്‍ കരിമുട്ടം said...

സ്മിത ചേച്ചി: തിരിച്ച് വന്നോ??
കുമാരേട്ടാ, ജിതേന്ദ്ര:നന്ദി:)
ജയേഷ്, കിഷോര്‍: ഇനിയും കാണണേ:)
ശ്രീജിത്തേ, വിനോദേ:നന്‍ഡ്രി:)

ചെലക്കാണ്ട് പോടാ said...

എനിക്ക് അറിയാം, ചേട്ടനെ കണ്ടാല്‍ ഒരു എലിയെ പോലുണ്ട്

പണ്ടെ കിട്ടാറുണ്ടായിരുന്നു അല്ലേ ഈ കോപ്ലിമെന്‍റ്സൊക്കെ....

ഞാനും ഡിങ്കനൊക്കെ വായിച്ചിരുന്നത് നാട്ടില്‍ അമ്മയുടെ തറവാട്ടില്‍ ചെല്ലുന്പോളായിരുന്നു...

ഒരു വൈദ്യരുണ്ടായിരുന്നല്ലോ ബാലമംഗളത്തില്‍ പേരു മറന്നു പോയി...

മാന്ത്രികമരുന്നുമായി നടക്കുന്ന....

കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചതിനും നന്ദി....

Rakesh R (വേദവ്യാസൻ) said...

"എന്‍റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ്‌ കുത്ത് എവിടെ കുത്തും??"
::::: ഹി ഹി ഇതു കലക്കി :)

പക്ഷേ ആകെ മൊത്തം ടോട്ടല്‍ എന്തിന്റെയോ ഒരു കുറവ് അനുഭവപ്പെടുന്നു.

ഉറുമ്പ്‌ /ANT said...

അരുൺ, എല്ലാം കളഞ്ഞുകുളിച്ചു.......
അടുത്ത രംഗം അരുൺ ആശുപതിയിൽ കുത്തുംകൊണ്ടു കിടക്കുന്നതാ പ്രതീക്ഷിച്ചത്.....
ആന കൊടുത്താലും ആശ കൊടുക്കതുത്‌.

ഹോ...എന്തു രസമായിരിക്കും ആ കാഴ്ച്ച...

അടുത്ത തവണ ഇതാവർത്തിക്കാതിയിക്കാൻ ടോമിയോടു പറയാൻ എന്തെങ്കിലും വഴിയുണ്ടോ?

അരുൺ, കലക്കുന്നുണ്ട്......
എല്ലാ പോസ്റ്റും വായിക്ക്കുന്നുണ്ട്.
എന്റെ ഒരോ സ്മൈലി വരവു വച്ചേക്കണം എല്ലാത്തിലും.

രഞ്ജിത് വിശ്വം I ranji said...

ഹും.. ഡിങ്കനാണു പോലും ഡിങ്കന്‍.. ശരിക്കു ശൂ ശൂ വെയ്ക്കാന്‍ പോലും അറിയത്തില്ലാത്ത കൊച്ചു പെണ്‍പിള്ളേരുടെ അടുത്ത് ആളാകാനുള്ള ആ ചെക്കന്റെ അഭ്യാസമുണ്ടല്ലോ.. എന്തുവാ ലവന്റെ പേര് മനുവോ...അതു ഞാന്‍ തീര്ത്തു കൊടുത്തേനേ.. പിന്നെ അവന്റെ വീട്ടീന്നു സ്ഥിരമായി കിട്ടുന്ന മീന്‍ തലേം പോത്തെല്ലും മിസ്സാകുമല്ലോന്നു കരുതിയാ..
എന്ന്‍ സ്വന്തം പട്ടി - ടോമി

അരുണേ.. നന്നായിട്ടുണ്ട് ടോമിക്കഥ

ജോണ്‍ ചാക്കോ, പൂങ്കാവ് said...

എന്‍റെ വളരെ ചെറിയ പൊക്കിളാ..... :)

കൊള്ളാം....

Calvin H said...

ഡിങ്കാ‍ാ‍ാ ങ്കാ‍ാ‍ാ ങ്കാ‍ാ‍ാ‍ാ ങ്കാ‍ാ‍ാ‍ാ‍ാ ങ്ക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ ;)

ഭൂതത്താന്‍ said...

da...arun...kuttikalathu ee dinkan karanam...school mash ntey kaiyyil ninnu..nalla veekkum..pinney sahapadikaldey idayil ninnu kallan enna perum..veenatha..dinkan vayikkan vendy balarama adichu mattiyathinu...onnu blogi kalayam ennu vach ividey vannalum..nee ee pavam bhoothathiney...verutey vidoolley...da...dinkaaaaaaaaa...

പയ്യന്‍സ് said...

മി. ഡിങ്കന്‍.. നാല് പെണ്പിള്ളേരേ കാണുമ്പം ഷൈന്‍ ചെയ്യാന്‍ എന്തെങ്കിലും വേല ഒപ്പിക്കുക എന്നത് നമ്മുടെ ഒക്കെ ശീലമായി പോയി അല്ലെ? :)
അടുത്ത പോസ്റ്റ്‌ എപ്പം വരും?

മാണിക്യം said...

"...പേടി കാരണം എങ്ങോട്ട് ഓടണമെന്ന് ഒരു പിടിയുമില്ല, കാലിന്‍റെ വിറയല്‍ കാരണം ഓടാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല.വലിയ ധീരനും, പേരുകേട്ട ഡിങ്കനുമായ ഞാന്‍ കരച്ചിലിന്‍റെ വക്കിലായി.... >"
:)
ലക്ഷണമൊത്ത ഡിങ്കന്‍!!
അരുണ്‍, കഥ ഇഷ്ടായി
എന്നാലും ഡിങ്കാ!!

ഹരീഷ് തൊടുപുഴ said...

എന്റെ അരുണേ, താങ്കൾ ചെറുപ്പത്തിലേ വല്യ ഒരു പുലിയായിരുന്നൂലേ..
പേടിപ്പുലി..!!

ശ്രീ said...

ഇങ്ങനെ ഒരു ഡിങ്കനു വേണ്ടി ബലിയാടാകാന്‍ (അല്ല ബലിപ്പട്ടിയാകാന്‍ എന്ന് പറയണം അല്ലേ?) വിധിയ്ക്കപ്പെട്ട ടോമി!

ഇപ്പഴും ഇടയ്ക്കൊക്കെ ഇങ്ങനെ ഡിങ്കനാണ് എന്ന് തോന്നാറുണ്ടോ അരുണേ...;)

Junaiths said...

അനിയത്തി പറഞ്ഞത് കറ കറക്റ്റ്...അല്ലെങ്കില്‍ ഇന്റെര്‍വ്യൂന്റെ ഫോട്ടം ഒന്നൂടെ എടുത്ത് നോക്കിയേ..

പഞ്ചാരക്കുട്ടന്‍.... said...

അങ്ങനെ വരട്ട്... ഞാന്‍ അരുണിനെ കണ്ടപ്പോള്‍ മുതല്‍ വിചാരിക്കുവാ എവിടെയോ കണ്ടിട്ടുള്ള നല്ല പരിചയമുള്ള മുഖം...
ഇപ്പോളല്ലെ മനസ്സിലായതു.....
ഞാനും ഒന്ന് ഉറക്കെ വിളിച്ചു നൊക്കട്ട്.....

ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

(എനിക്കു തെറ്റിയോ?..... “നമ്പോലന്‍“ എന്ന് വേറൊരു കഥാപാത്രവും ഉണ്ടായിരുന്നു ഇനി അതെങ്ങാണും ആണോ?)

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ: പേരു ഞാനും മറന്ന് പോയിഷ്ടാ, വൈദ്യരും നമ്പോലനുമാണോ??
വേദ വ്യാസന്‍:ഒരാള്‍ക്ക് സമാനിക്കാന്‍ പെട്ടന്ന് എഴുതിയതാ, പിന്നെ പ്രത്യേകിച്ച് ഒന്നും ഇല്ല.ഇട്ട് കഴിഞ്ഞ് ഡിലീറ്റ് ചെയ്യാന്ന് നിരുപിച്ച്, എല്ലാരും പറഞ്ഞു കിടക്കട്ടെന്ന്:)
ഉറുമ്പ്:അടിയന്‍, വച്ചേക്കാമേ:)
രഞ്ജിത്‌:ഹതു ശരി, ഒരു ജന്മത്തില്‍ രണ്ട് രൂപമോ??
ജോണ്‍, കൊട്ടോട്ടിക്കാരന്‍, കാല്‍വിന്‍:നന്ദി:)

അരുണ്‍ കരിമുട്ടം said...

ഭൂതത്താന്‍:ഡിങ്കന്‍ ബാലരമയിലല്ല, ബാലമംഗളത്തിലാ:)
പയ്യന്‍സ്:അത് അത്രേ ഉള്ളു:)
മാണിക്യം ചേച്ചി, ഹരീഷേട്ടാ: നന്ദി:)
ശ്രീ:പിന്നെ, ഇടക്കിടക്ക്
ജുനൈത്ത്:ഉവ്വ ഉവ്വ..
പഞ്ചാരക്കുട്ടാ:ഹേയ്, നമ്പോലനു മരുന്നു വേണം ഡിങ്കനു അത് വേണ്ടാ:)

VEERU said...

"അമ്മുമ്മേ, ഞാന്‍ ഒരു ഡിങ്കനല്ലിയോ?"
സ്നേഹമയിയായ അമ്മുമ്മ പ്രതികരിച്ചു:
"ശരിയാ മോനെ, നീ ഒരു പുങ്കനാ"
എന്നിട്ട് ഒരു ഉപദേശവും:
"മോന്‍ ഈ സ്വഭാവം മാറ്റണം, കേട്ടോ?"
കേട്ടു..ഏറ്റവും കൂടുതൽ ഫലിതം തോന്നിയതിവിടെയാണ്...ഹ ഹ കലക്കി..!!!

Unknown said...

dingan shaktharil shakthan.
Ethraalikkoru poraali.
Kalakkeettaa.
Ead Mubarak

PONNUS said...

ഡിങ്കന്‍ തന്നെയാ !!!!!!!!!!!!! സമ്മതിച്ചു .

nandakumar said...

അരുണേ
എഴുതാന്‍ വേണ്ടി എഴുതരുത്, എഴുത്തു വരുമ്പോളേ എഴുതാവു.

(വേദ വ്യാസന്റെ കമന്റിലെ അവസാന വരി ഞാനും എടുത്തെഴുതുന്നു.)

എന്നുവെച്ച് അരുണിനോടുള്ള സ്നേഹത്തിനു ഒട്ടും കുറവില്ലാട്ടോ :)

രാഹുല്‍ said...

കൊള്ളാം.... നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

കാണായിരുന്നു ഡിങ്കന്റെ ഒരു അവസ്ഥ, ടോമിപ്പട്ടിക്കു് കാലിലെ പ്രശ്ന‍മില്ലെങ്കില്‍. ഓര്‍ക്കാന്‍ വയ്യ.

Areekkodan | അരീക്കോടന്‍ said...

ഡിങ്കാാാ..... ഇങ്ങനെയായിരുന്നോ ആ വിളി?ചെറുപ്പത്തില്‍ വല്ലപ്പോഴും കിട്ടിയിരുന്ന ബാലമംഗളത്തിണ്റ്റെ പേജിലൂടെ കടന്നുപോയി

അരുണ്‍ കരിമുട്ടം said...

വീരു, പുള്ളിപ്പുലി, മുംബൈ മലയാളി:നന്ദി:)
നന്ദേട്ടാ:ഞാന്‍ പ്രത്യേകം ഒരു മറുപടി തരാട്ടോ:)
രാഹുല്‍, എഴുത്തുകാരി ചേച്ചി, അരീക്കോടന്‍:നന്ദിട്ടോ:)

അരുണ്‍ കരിമുട്ടം said...

അരുണേ
എഴുതാന്‍ വേണ്ടി എഴുതരുത്, എഴുത്തു വരുമ്പോളേ എഴുതാവു.

(വേദ വ്യാസന്റെ കമന്റിലെ അവസാന വരി ഞാനും എടുത്തെഴുതുന്നു.)

എന്നുവെച്ച് അരുണിനോടുള്ള സ്നേഹത്തിനു ഒട്ടും കുറവില്ലാട്ടോ :)


കണ്ടില്ലേ, ഞാന്‍ ഒരുപാട് പേരോട് പറഞ്ഞ ഒരു കാര്യം നന്ദേട്ടന്‍ എന്നോട് പറഞ്ഞിരിക്കുന്നു..

"എഴുതാന്‍ വേണ്ടി എഴുതരുത്, എഴുത്തു വരുമ്പോളേ എഴുതാവു"

ഇതൊരു വളരെ നല്ല ഉപദേശമാണ്.സത്യത്തില്‍ ഈ ഉപദേശം എനിക്ക് തന്നത് ബ്രിജ് വിഹാരം എന്ന ബ്ലോഗ് എഴുതുന്ന മനുചേട്ടനാണ്.അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ കേട്ടതിനു ശേഷമാണ്, ഞാന്‍ ബ്ലോഗ് എഴുത്ത് സീരിയസ്സായി എടുത്തത് തന്നെ.സ്വന്തം അനുഭവത്തില്‍ നിന്നുള്ള കഥകള്‍ ഒന്നും തന്നെ ഞാന്‍ എഴുതുന്നില്ല, എല്ലാം വെറും അബദ്ധ ചിന്തകളാണ്.:)

സത്യസന്ധമായ കുറേ കാര്യങ്ങള്‍ എഴുതണമെന്ന് തോന്നി എഴുതിയതല്ല എന്‍റെ പോസ്റ്റുകള്‍.സൂപ്പര്‍ വിവരക്കേടുകളെ പൊലിപ്പിച്ച് എഴുതിയവയാണ്‌ ഇതെല്ലാം.

മനുചേട്ടന്‍റെയും നന്ദേട്ടന്‍റെയും അതേ പോലെ എന്നെ ഉപദേശിച്ച എല്ലാവരുടേയും വാക്കുകളേ ഞാന്‍ മാനിക്കുന്നു.എങ്കില്‍ തന്നെയും പെട്ടന്ന് ചില സുഹൃത്തുക്കള്‍ക്ക് ആശംസ നേരാന്‍ ഈ എഴുത്തും വരയും ആണ്‌ എനിക്ക് സഹായം ആകുന്നത്.

ഉദാഹരണം:
ബ്ലോഗര്‍ രസികനു ആശംസ നേര്‍ന്ന് കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഇട്ട 'മന്ദാകിനി പൂത്തപ്പോള്‍' എന്ന പോസ്റ്റ്, ഒരു കൂട്ടുകാരനു വിവാഹ ആശംസ നേര്‍ന്ന് നമ്മുടേ ബൂലോകം എന്ന ബ്ലോഗില്‍ ഇട്ട 'മൊട്ടുണ്ണിയുടെ കല്യാണം' എന്ന പോസ്റ്റ്, കേരളഹഹഹ എന്ന ബ്ലോഗിന്‍റെ ഉടമയായ സജീവേട്ടനു നന്ദി പ്രകടിപ്പിച്ച് ഗോകുലം എന്ന ബ്ലോഗില്‍ 'ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍' എന്ന ഗോപന്‍റെ പോസ്റ്റിലെ സജീവേട്ടന്‍റെ പടം, പിന്നെ നമുക്കെല്ലാം പ്രിയപ്പെട്ട ഒരു ബ്ലോഗര്‍ അച്ഛനാകാന്‍ പോകുന്നതിലെ സന്തോഷം പ്രകടിപ്പിച്ച് കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഇട്ട 'എതിരാളിക്ക് ഒരു പോരാളി' എന്ന ഈ പോസ്റ്റ്, അങ്ങനെ കുറേ പോസ്റ്റുകള്‍..

ഇവയൊക്കെ എഴുതാന്‍ വേണ്ടി തന്നെ എഴുതിയതായിരുന്നു, മറ്റ് വഴി ഒന്നും കണ്ടില്ല.
എല്ലാവരും ക്ഷമിക്കുക..

എങ്കിലും മനുചേട്ടന്‍റെ ഉപദേശം ഒരു വേദവാക്യം പോലെ മനസിലുണ്ട്..

"എഴുതാന്‍ വേണ്ടി എഴുതരുത്, എഴുതണമെന്ന് തോന്നിയാല്‍ മാത്രം എഴുതുക"

മൊട്ടുണ്ണി said...

"എഴുതാന്‍ വേണ്ടി എഴുതരുത്, എഴുതണമെന്ന് തോന്നിയാല്‍ മാത്രം എഴുതുക"

തള്ളേ ഉപദേശവും തുടങ്ങി.
കഥ കൊള്ളാം:)))

രാജീവ്‌ .എ . കുറുപ്പ് said...

ഞാന്‍ ടോമിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
ഒരു നിമിഷം..
ടോമി എന്നെ നോക്കി ഒന്ന് കുരച്ച് കാണിച്ചു!!

അത് കലക്കി. എന്തോ ഒരു കുറവില്ലേ എന്ന് വര്‍ണത്തില്‍ ആശങ്ക

Maranalloor Satheesh said...

നന്നായിട്ടുണ്ട് അരുണ്‍.

Roshini said...

കുഴപ്പമില്ല അരുണേട്ടാ.ഒന്ന് വായിച്ച് ചിരിക്കാനുണ്ട്.പിന്നെ എന്നും എല്ലാം അതിഭയങ്കരമായി എഴുതാന്‍ ആര്‍ക്കും സാധിക്കില്ല

രഘുനാഥന്‍ said...

കായംകുളം കൊച്ചുണ്ണി എന്ന് കേട്ടിടുണ്ട്...പക്ഷെ കായംകുളം ഡിങ്കന്‍ എന്ന് ഇപ്പോഴാ കേള്‍ക്കുന്നേ? ഡിങ്കനെപ്പോലെ ചങ്കും തള്ളിയാണോ നടപ്പ്?

കുഞ്ഞായി | kunjai said...

അരുണ്‍:നന്നായിട്ടുണ്ട്

Sukanya said...

വയറില്‍ ഒരു തമോഗര്‍ത്തം രൂപപ്പെടുന്നതും അത് പിന്നെ നിരപ്പാകുന്നതും, ഹഹഹഹ
"ബാക്കി ആറ് കുത്ത് എവിടെ കുത്തും? " ഈ നിലയില്‍ ഉള്ള ഡിങ്കന്‍?

രാജന്‍ വെങ്ങര said...

അമ്പത്തൊന്നാമന്‍ ഞാനാവട്ടെ...ആശംസകള്‍

പള്ളിക്കുളം.. said...

കൊള്ളാം.
അരുണിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ചില പോസ്റ്റുകളെങ്കിലും അല്പം ചുരുക്കി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നാറുണ്ട്. അതിലൊരു പോസ്റ്റാണ് ഇതും.
എല്ലാവിധ ആശംസകളും.

പള്ളിക്കുളത്തിന്റെ ഈദ് മുബാറക്.

ഗന്ധർവൻ said...

“എന്‍റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ്‌ കുത്ത് എവിടെ കുത്തും??“

അത് കലക്കി :0)

വീകെ said...

ഡിങ്കൻ കലക്കീട്ടൊ..

രാധിക said...

"അമ്മുമ്മേ, ഞാന്‍ ഒരു ഡിങ്കനല്ലിയോ?"
സ്നേഹമയിയായ അമ്മുമ്മ പ്രതികരിച്ചു:
"ശരിയാ മോനെ, നീ ഒരു പുങ്കനാ"
നന്നായിട്ടുന്ടു ,ട്ടൊ,മണിച്ചിത്രത്തഴില്‍ ഗംഗ യുദെ ഉള്ളില്‍ നാഗവല്ലി തല പൊക്കിയതു പോലെയണൊ എട്ടാ ഡിങ്കന്‍ തല പൊക്കിയതു?

Stultus said...

ഇതു വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നതു പണ്ട് ഞാൻ 3rd std ആയിരുന്നപ്പോൾ ജയ് ഹനുമാൻ കണ്ട് പ്രാന്തായി ക്ലാസ്സിൽ പോയി ഞാൻ ഹനുമാൻ ആണെന്ന് പറഞ്ഞ് ഒരു ഡസ്കിന്റെ മുകളിൽ കയറി നിന്ന് മറ്റൊരു ഡസ്കിലേക്ക് ചാടിക്കളിക്കുമ്പോൾ നാരായണി ടീച്ചർ വന്നു ചെവിക്ക് പിടിച്ചതാണ്. ഈ അടുത്ത കാലത്ത് ജയ് ഹനുമാൻ സീരിയൽ zee tv യിൽ കണ്ടിട്ട് അച്ഛൻ ഇതും പറഞ്ഞ് എന്നെ കളിയാക്കുക കൂടി ചെയ്തു. ഹും ഞാൻ ഹനുമാനായിരുന്നെങ്കിൽ കാണാമായിരുന്നു. മരുത്വാമല എടുത്ത് തലകുത്തനെ വെച്ച് അച്ഛനെ നോക്കി ഒരു ചിരിയുണ്ട് ബുഹഹഹഹ

കൂട്ടുകാരന്‍ said...

ഞാന്‍ കണ്ടായിരുന്നു ഡിങ്കന്‍ കായംകുളം സുപ്പര്‍ഫാസ്റ്റ് ഓടിച്ചു കൊണ്ടു പോകുന്നത്
എന്തായ്യാലും നന്നായിരിക്കുന്നു

അരുണ്‍ കരിമുട്ടം said...

മൊട്ടുണ്ണി, കുറുപ്പേ, സതീഷ്, റോഷിനി, രഘുനാഥന്‍, കുഞ്ഞായി:നന്ദി:)
സുകന്യ ചേച്ചി, രാജേട്ടാ, പള്ളിക്കുളം, ഗന്ധര്‍വ്വന്‍:നന്ദി, ഇനിയും വരണേ
വീകെ, രാധിക, ഹൃഷി, കൂട്ടുകാരന്‍:വളരെ വളരെ നന്ദി:)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com