
(കൊല്ലവര്‍ഷം 1184 ലെ കര്‍ക്കടകമാസത്തില്‍, രാമായണ കഥ എല്ലാവര്ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണ് ഈ കര്‍ക്കടക രാമായണം. അതിനിടയായ സാഹചര്യം ഒരു കഥയായി ഇവിടെ പറയുന്നു).
ശ്രീരാമ..രാമ..രാമ..
ശ്രീരാമനാമത്തിന്റെ മഹത്വം വളരെ വലുതാണ്..
കൈലാസത്തില്‍ വാഴുന്ന മഹാദേവന് പോലും ആ നാമമാണ് ജപിക്കുന്നത്.എന്തിനു, ഒരു കാട്ടാളന് രാമനാമം ജപിച്ച് മഹാ മുനിയായി മാറി, ആ മുനിയാണ് വാല്മീകി.ഇദ്ദേഹമാണ് പില്ക്കാലത്ത് രാമായണം എന്ന മഹാകാവ്യം എഴുതിയത്.അതിനു ശേഷം എഴുത്തച്ഛന് ഇതേ രാമായണം കിളിപ്പാട്ട് രൂപത്തില്‍ എഴുതി.
ഈ കലിയുഗത്തില്‍ മേല്‍ പറഞ്ഞ രാമായണ കഥ ഞാനും എഴുതി.
ആ കഥ എഴുതാനുള്ള കാരണം അറിയണ്ടേ??
അത് പറയാം..
മധ്യതിരുവിതാംകൂറിലെ ഒരു മാതൃകാ പോലീസ് സ്റ്റേഷന്..
കൊമ്പന് മീശ വച്ച ഒരു സബ് ഇന്‍സ്പെക്ടറേയും, സമീപത്ത് വിനയകുനയിതനായി നില്ക്കുന്ന എന്നെയും നിങ്ങള്‍ക്ക് ഇവിടെ കാണാം.മൌനം വാചാലമെന്നല്ലേ?
അവരുടെ മൌനത്തില്‍ പോലും ഒരു ചോദ്യോത്തര പരിപാടി നടക്കുന്നുണ്ട്..
ഇന്‍സ്പെക്ടര്‍ ചോദ്യം ചോദിക്കുന്നു, ഞാന്‍ ഉത്തരം പറയുന്നു.
ഒന്ന് ശ്രദ്ധിച്ചേ, ഇപ്പോള്‍ നിങ്ങള്‍ക്കും അത് കേള്‍ക്കാം..
ആരെടാ നീ?
ഞാന്‍ അരുണ്‍ കായംകുളം.
കായംകുളം മൊത്തം നിന്റെയാണോ?
അയ്യോ അല്ല!!
പിന്നെ അരുണ്‍ കായംകുളമെന്ന് പറഞ്ഞത്?
അത് സ്റ്റൈലിനു വിളിക്കുന്നതാ.
ആര് വിളിക്കുന്നത്?
ഞാന്‍ തന്നെ!!
പരിചയപ്പെടല്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി.കര്‍ക്കടക രാമായണം എന്ന ബ്ലോഗ് തുടങ്ങിയതും, അതില്‍ രാമായണത്തെ ഒരു കഥയായി എഴുതിയതിനു പിന്നിലെ ചേതോവികാരവും എന്താണെന്ന്?
അതിനു മറുപടിയായി ഞാന്‍ വിശദീകരിച്ചത് ഒരു കഥയാണ്,
ആ കഥ ഞാന്‍ ഇവിടെ വിവരിക്കാം..
ഒരിക്കല്‍ കൂടി എന്റെ കഥയില്‍ ഞാന്‍ നായകനാകുന്നു.
കാരണം??
ബാക്റ്റീരിയ അല്ല!!
പിന്നെ??
വൈറസ്സ്..
കമ്പ്യൂട്ടര്‍ വൈറസ്സ്!!
സംഭവം ഇങ്ങനെ..
പുതിയ പ്രോജക്റ്റ് തുടങ്ങി.ഞാന്‍ അതില്‍ ജോയിന്‍ ചെയ്ത അന്ന് തന്നെ കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ വൈറസ്സ് കേറി.ഒറ്റ ദിവസത്തിനുള്ളില്‍ കമ്പനിയിലെ എല്ലാ ജോലികളും നിലച്ചു.
കമ്പിനിക്ക് എന്തിനാ എതിരാളികള്‍?
എന്നെ പോലെ ഒരു ജോലിക്കാരന് പോരെ??
നല്ല ഐശ്വര്യമാ!!
ഇപ്പോള്‍ ആകെ ജോലി ഹാര്ഡ്വെയര് എഞ്ചിനിയേഴ്സിനു മാത്രം.
പുതിയ ഓപ്പറേറ്റിഗം സിസ്റ്റം ഇടുന്നു, സോഫ്റ്റ്വെയെഴ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു..
അങ്ങനെ ആകെ ജഗപൊഗ!!
എനിക്കും കിട്ടി പുതിയൊരു കമ്പ്യൂട്ടര്‍, പക്ഷേ അതില്‍ ജോലി ചെയ്യാമെന്ന് വച്ചാല്‍ എനിക്ക് വേണ്ടതൊന്നും അതിലില്ല.പുതു പെണ്ണിനെ തൊടാന്‍ നാണിക്കുന്ന നവവരനെ പോലെ, രണ്ട് ദിവസം അതിനു മുമ്പില്‍ കൈയ്യും കെട്ടി ഞാന്‍ ഇരുന്നു.
മൂന്നാം നാള്..
അന്നൊരു സംഭവമുണ്ടായി..
ആ ദിവസം ഒരു വഴിത്തിരിവായി..
2009 ജൂലൈ 15
പതിവു പോലെ കമ്പ്യുട്ടറിനെ നോക്കി നാണിച്ചിരുന്ന എന്നോട്, ആ യന്ത്ര തരുണി ഒരു ചോദ്യം ചോദിച്ച ഫീലിംഗ്:
"ചേട്ടനൊരു കഥ എഴുതി കൂടെ?"
അത് കേട്ടതും ഒരു പഴയ സിനിമയിലെ ആദ്യരാത്രിയുടെ സീന്‍ ഓര്‍മ്മ വന്നു..
അതില്‍ നാണിച്ച് നില്ക്കുന്ന നവവരനോട് പുതുപെണ്ണ് പറഞ്ഞു,
ചേട്ടനു പേടിയാണെങ്കില്‍ എന്നോട് ചേര്‍ന്നിരുന്നോ!!
ബെസ്റ്റ്!!
കഥയെങ്കില്‍ കഥ..
പക്ഷേ എന്ത് കഥ??
ആ ചിന്തയാണ് രാമായണം എഴുതാനുള്ള പ്രചോദനമായത്!!
ആദ്യം വിഘ്നേശ്വരനോട് അനുവാദം ചോദിച്ചു, അദ്ദേഹം സമ്മതിച്ചു.പിന്നെ ശ്രീരാമദേവനോട് ചോദിച്ചു, പുള്ളിക്കും നോ പ്രോബ്ലം.എന്നിട്ടും തൃപ്തി വരാതെ ഞാന്‍ ഭാര്യയെ വിളിച്ചു:
"മോളേ, ഒരു കാര്യം പറയാന്‍ വിളിച്ചതാ"
"എന്താ ചേട്ടാ?"
"ഞാന്‍ ബ്ലോഗില്‍ രാമായണം എഴുതിയാലോന്ന് ആലോചിക്കുവാ.."
ഒരു നിമിഷം..
മറുഭാഗത്ത് നിശബ്ദത.
പിന്നെ കേള്‍ക്കുന്നത് സത്യന് അന്തിക്കാടിന്റെ പടത്തില്‍, കെ.പി.എ.സി ലളിത പറയുന്ന പോലെ ഒരു ഡയലോഗ്:
"എന്റീശോയേ, അതിയാനു ഇത് എന്തിന്റെ കേടാ?"
എന്തേ??
തുണിയുടുക്കാതെ തമ്പാനുര്‍ സ്റ്റേഷനില്‍ നില്ക്കട്ടേ എന്നല്ലല്ലോ ചോദിച്ചത്??
രാമായണം എഴുതിയാലോന്നല്ലേ??
മറുപടി പറയാതെ അവള് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
പതുക്കെ ഞാന്‍ പെങ്ങളെ വിളിച്ചു, എന്നിട്ട് രാമായണം എഴുതുന്നതിനെ കുറിച്ച് പറഞ്ഞു.മറുഭാഗത്ത് നിന്നും മറുപടി പ്രതീക്ഷിച്ച എന്റെ കാതില്‍ അവളുടെ വായില്‍ നിന്നും വന്ന, ഒരു അക്ഷരം മാത്രം ആവര്‍ത്തിച്ച് കേട്ടു:
"ഹി..ഹി..ഹി..ഹി..ഹി"
അവള് ചിരിക്കുന്നു!!
ആരോഹണത്തില്‍ നിന്ന അവരോഹണത്തിലേക്കും, പിന്നീട് അവരോഹണത്തില് നിന്ന് ആരോഹണത്തിലേക്കും സഞ്ചരിച്ച് ഒരു പൊട്ടിച്ചിരിയില്‍ അവസാനിപ്പിച്ച ശേഷം അവള് പറഞ്ഞു:
"അയ്യോ.. കഷ്ടം!!"
വേണ്ടായിരുന്നു, ഇവളെ വിളിക്കണ്ടായിരുന്നു!!
ഭാര്യയും, പെങ്ങളും കൈവിട്ടിടത്ത് സുഹൃത്ത് ശരണം എന്ന് കരുതി, ഞാന്‍ മൊട്ടുണ്ണി എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനെ വിളിച്ചു, എന്നിട്ട് പറഞ്ഞു:
"എടാ, ഞാന്‍ രാമായണം എഴുതാന്‍ പോകുവാ"
അത് കേട്ടതും അവനൊരു സംശയം, അതവന് മറച്ച് വയ്ക്കാതെ ചോദിച്ചു:
"അരുണേ, അത് പണ്ട് വാല്മീകി എഴുതിയതല്ലേ?"
ഓഹോ..
അതെനിക്കറിയില്ലാരുന്നു!!
നിനക്ക് ഇത്രക്ക് വിവരമോ??
തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"വാല്മീകി മാത്രമല്ല, എഴുത്തച്ഛനും എഴുതിയതാ"
അത് കേട്ട് അവന് മറുപടി പറഞ്ഞു:
"എന്നാല്‍ വേണ്ടളിയാ, പുതുമയുള്ള വല്ല കഥയും എഴുത്"
കഷ്ടം!!
ഇവനോട് ചോദിച്ച എന്നെ തല്ലണം!!
ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റാക്കി.
അങ്ങനെ വിഷമിച്ചിരുന്ന എനിക്ക് ഒരു ഫോണ്‍ വന്നു, സ്വന്തം അളിയന്റെ ഫോണ്‍.കമ്പ്യൂട്ടറിനെ കുറിച്ചും, ഇലക്ട്രോണിക്സ്സ് ഐറ്റങ്ങളെ കുറിച്ചും നല്ല ബോധമുള്ള അവന്, എന്റെ ഭാര്യയില്‍ നിന്നും ഞാന്‍ കഥ എഴുതാന്‍ പോകുന്ന വിവരം അറിഞ്ഞ് വിളിച്ചതാ.ഫോണ്‍ എടുത്ത എന്റെ കാതില്‍, അവന്റെ ചോദ്യം കുളിര്‍മഴയായി:
"ചേട്ടന് രാമായണം എഴുതുന്നെന്ന് കേട്ടു"
"അതേ അളിയാ, ആധുനിക ജനതയ്ക്ക് എളുപ്പം ദഹിക്കുന്ന രീതിയില്‍ ഒരു ആവിഷ്ക്കാരം"
അളിയന് എല്ലാം മനസിലായി, അവന് ആകാംക്ഷയോട് ചോദിച്ചു:
"അപ്പോള്‍ രാമരാവണയുദ്ധത്തില്‍ തോക്ക് ഒക്കെ കാണുവോ?"
തോക്കോ??
രാമരാവണ യുദ്ധത്തിലോ??
കാണും കാണും..
എന്തിനാ തോക്ക് മാത്രം ആക്കുന്നത്??
ജറ്റ്, ടാങ്കര്‍, സ്ക്കഡ്, പേട്രിയറ്റ്, കുഴിബോംബ്..
അങ്ങനെ എന്തെല്ലാമുണ്ട്!!
തലക്ക് കൈയ്യും വച്ചിരുന്ന എന്നോട് അവന് പിന്നെയും ചോദിച്ചു:
"ആധൂനിക രീതിയിലാണോ കഥയും ആവിഷ്ക്കരിക്കുന്നത്?"
അതേ അളിയാ, അതേ..
ഹനുമാന് ലങ്കയിലോട്ട് ചാടുന്നതിനു പകരം എയര്‍ ഇന്ത്യായുടെ വിമാനത്തില്‍ പോകും..
ലങ്കാദഹനത്തിനു പകരം ലങ്കയില്‍ ബോംബ് വയ്ക്കും..
ബാലി എന്ന കുരങ്ങനെ രാമന് എന്കൌണ്ടറില് കൊല്ലും..
മാരീചന് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്സ് ഉപയോഗിച്ച് മാനാകും..
രാവണന് സീതയെ കിഡ്നാപ്പ് ചെയ്യും..
ഗവണ്മെന്റ് രാവണന്റെ തലക്ക് വിലയിടും..
ഒരു തലക്ക് പത്ത് ലക്ഷം..
മൊത്തം പത്ത് തല, അപ്പോള്‍ ഒരു കോടി രൂപ!!
രാവണനെ വെടി വച്ച് കൊന്നിട്ട്, പാരിതോഷികം സ്വന്തമാക്കി എല്ലാരും സുഖമായി ജീവിക്കുന്നു.
അങ്ങനെ ആകെ മൊത്തം ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍!!
ആധുനിക കഥ കേട്ട് അളിയനു സന്തോഷമായി, അവന് ചോദിച്ചു:
"അപ്പോള്‍ ഇതാണോ ചേട്ടന്റെ പ്ലാന്‍?"
ഇത് മാത്രമല്ല, ഒരു ചിരവ എടുത്ത് നിന്റെ തലക്കടിക്കാനും പ്ലാനുണ്ട്!!
പിന്നല്ല!!
മേല്‍ പറഞ്ഞ മനോഭാവത്തില്‍ ഇരുന്ന എന്നോട് അളിയന് പിന്നേയും ചോദിച്ചു:
"എന്നാ ചേട്ടാ എഴുതുന്നത്?"
ഇല്ലളിയാ, ഞാന്‍ ഒന്നും എഴുതുന്നില്ല!!
ഞാന്‍ പറഞ്ഞ ഈ കഥ കേട്ട് ഇന്‍സ്പെക്ടര്‍ വീണ്ടും ചോദിച്ചു:
"അപ്പോള്‍ നീ രാമായണം എഴുതിയില്ലേ?"
എഴുതി!!
ഇന്‍സ്പെക്ടറുടെ ആ ചോദ്യത്തിനു മറുപടിയായി, ആദ്യം പറഞ്ഞ കഥയുടെ ബാക്കി ഞാന്‍ പറഞ്ഞു:
"എന്റെ സാറേ, ഹനുമാന്‍സ്വാമി എഴുതാന്‍ പറഞ്ഞു.എഴുതിയില്ലങ്കില്‍ എന്നേയും, അതിനു തടസ്സം നില്‍ക്കുന്നവരെയും ശരിയാക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോല്‍ ഞാന്‍ എഴുതി"
ഇത് കേട്ട് ഇന്‍സ്പെക്ടര്‍ ഞെട്ടി, ഇനി ഹനുമാന് സ്വാമി അങ്ങേരെ ശരിയാക്കുമെന്ന് കരുതിയാകും, അയാള്‍ പറഞ്ഞു:
"നീ പോയ്ക്കോ"
അങ്ങനെ ഞാന്‍ കുറ്റവിമുക്തനായി.
കഥ തീര്‍ന്നു, പക്ഷേ ശരിക്കും കാരണം അറിയുമോ?
അത് പറയാം..
കൊടകരപുരാണത്തിന്റെ കര്‍ത്താവായ വിശാലേട്ടന്റെ, മഹാഭാരത കഥകള്‍ എന്ന ബ്ലോഗ് കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആശയം.ഈശ്വരാനുഗ്രഹത്തോടൊപ്പം, സ്വന്തം ഭാര്യയായ ദീപയുടെയും, അനിയത്തി ചിത്രയുടെയും, അളിയന് ഗോപന്റെയും, മച്ചുനന്‍ വിനോദിന്റെയും, മറ്റ് ബ്ലോഗേഴ്സായ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനത്തില്‍ യാഥാര്‍ത്ഥ്യമായി.
ആ ബ്ലോഗിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
കര്‍ക്കടക രാമായണം
ഈ സംരംഭത്തെ നല്ല രീതിയില്‍ ഉള്‍ക്കൊണ്ട എല്ലാവര്ക്കും നന്ദി.
ശ്രീരാമഭഗവാന്റെ അനുഗ്രഹം ഏവര്ക്കുമുണ്ടാകാന് പ്രാര്‍ത്ഥിക്കുന്നു.
ഇനി..
കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള നിങ്ങളുടെ..
വിലയേറിയ അഭിപ്രായങ്ങള്‍..
വിലയേറിയ നിര്‍ദേശങ്ങള്‍..
വിലയേറിയ വിമര്‍ശനങ്ങള്‍..
അറിയിക്കണേ..