
അന്ന് നവരാത്രി മഹോത്സവത്തിന്റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
ശരിയാണ്, ബാംഗ്ലൂര്‍ പോലെയുള്ള ഒരു മഹാനഗരത്തില്‍, ഒരു പശുവിനെ കണികാണുക എന്ന് പറഞ്ഞാല്‍ ഒരു മഹാഭാഗ്യം തന്നെ.തിരക്കേറിയ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ കാണാറുണ്ടെങ്കിലും, ഇത് വരെ അതിലൊരു പശുവും എന്റെ വീടിന്റെ മുന്നില്‍ വന്ന് കണി കാണിച്ചിട്ടില്ല.ആദ്യമായി അങ്ങനെയൊരു പശുവിനെ കണി കണ്ടപ്പോള്‍ എന്റെ മനസ്സും പറഞ്ഞു..
ഹോ, മഹാഭാഗ്യം തന്നെ!!
അമ്പലത്തില്‍ നിന്ന് തിരിച്ച് വന്ന ശേഷം, പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും), ചെറിയ സൈസില്‍ ഉരുട്ടി വച്ച ദോശമാവ് (വാമഭാഗത്തിന്റെ ഭാഷയില്‍ ഇഡലി) മുക്കി തിന്നോണ്ടിരുന്നപ്പോഴാണ് അവള് ആദ്യമായി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്.പാതി വഴിക്ക് തീറ്റ നിര്‍ത്താന്‍ വഴികാട്ടിയ കര്‍ത്താവിനു നന്ദി പറഞ്ഞ് കൊണ്ട് ഞാനോടി അവളുടെ അടുത്തെത്തി, എന്നിട്ട് വിറക്കുന്ന സ്വരത്തില്‍ ചോദിച്ചു:
"എന്താടി ശര്‍ദ്ദിക്കുന്നത്?"
"അറിയില്ല, ഒരു മനംപിരട്ടല്‍ പോലെ" അവളുടെ മറുപടി.
എനിക്കാണെങ്കില്‍ അസുഖമെന്ന് കേട്ടാലേ പേടിയാണ്.കയ്യേ മുള്ള് കൊണ്ടാല്‍ മെഡിക്കല്‍ കോളേജില്‍ പോകാന്‍ കാറ് വിളിക്കുന്ന സ്വഭാവം.അതിനാല്‍ തന്നെ അവളുടെ ഈ ഒരു അവസ്ഥ കണ്ട് ഞാന്‍ പേടിച്ച് പോയി.വെപ്രാളത്തിനു അമ്മയെ വിളിച്ച് ഞാന്‍ കാര്യം അറിയിച്ചു...
ഒരു നിമിഷം മറുഭാഗത്ത് നിശബ്ദത, പിന്നെ സന്തോഷത്തോടെ അമ്മയുടെ ഉപദേശം:
"നീ പെട്ടന്ന് അവളെ കൊണ്ട് പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്ക്"
എന്തിന്???
മറുപടിയില്ല, പകരം അമ്മ അച്ഛനോട് വിളിച്ച് കൂവുന്നത് ഫോണിലൂടെ കേള്‍ക്കാം..
"ചേട്ടാ, അറിഞ്ഞോ...!!!!"
പണ്ട് പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അസംബ്ലിക്ക് നില്ക്കുമ്പോള്, ഹെഡ്മിസ്ട്രസ്സ് മൈക്കിലൂടെ പറയുന്നതാ ഓര്‍മ്മ വന്നത്..
"പ്രിയപ്പെട്ട കുട്ടികളേ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അതേ പോലെ തന്നെയാ അമ്മയും...
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, നാണക്കേട്!!!
ഭാവിയില്‍ സംഭവിക്കേണ്ട ഒന്നാണെങ്കിലും, ഇത്ര പെട്ടന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ ജീവനോടെ കാണേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.അതിനാലാവണം ആകെ ഒരു മരവിപ്പ്, തലക്ക് അകത്ത് ഒരു മന്ദത പോലെ.എനിക്ക് ചുറ്റുമുള്ള ഭൂമിയില്‍ എന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്.ഒരു അഞ്ച് മിനിറ്റ് വേണ്ടി വന്നു ഞാനൊന്ന് നോര്മലാകാന്.
ഇനി എന്ത്??
ഫോണെടുത്ത് നേരെ അവളുടെ വീട്ടില്‍ വിളിച്ചു.അവളുടെ അമ്മയോടെ ഇപ്പോള്‍ പറയേണ്ടാ എന്നും, അച്ഛനോട് കാര്യം അവതരിപ്പിക്കാമെന്നും കരുതി വിളിച്ച എന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.കാരണം ഫോണെടുത്തത് അമ്മയായിരുന്നു.മറുഭാഗത്ത് ഞാനാണെന്ന് അറിഞ്ഞ മാത്രയില്‍ എന്റെ പുന്നാര അമ്മായിഅമ്മ ഒരേ ഉപദേശം..
ഞാന്‍ ഒരു വിധത്തിലും പേടിക്കേണ്ടാ എന്നും, അന്ന് വൈകിട്ട് ബസ്സ് കേറി പിറ്റേന്ന് രാവിലെ അമ്മ ബാംഗ്ലൂരില്‍ വരുമെന്നും, അതിനായി അച്ഛന് ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയിട്ടുണ്ടെന്നും, രാവിലെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, ഒത്താല്‍ നടുറോഡില്‍ തലകുത്തി നില്‍ക്കണമെന്നുമുള്ള ഉപദേശങ്ങള്‍ കേട്ട് വിളറി പിടിച്ച ഞാന്‍ തിരികെ ചോദിച്ചു:
"അമ്മ എങ്ങനെ അറിഞ്ഞു?"
"അത് മോന്റെ അമ്മ ഇപ്പോള്‍ വിളിച്ചാരുന്നു"
ഓഹോ..
അപ്പോള്‍ അമ്മ നാട് മൊത്തം അറിയിച്ച് തുടങ്ങി..
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, ഇച്ഛീച്ഛി!!!
എന്റെ ഊഹം ശരിയായിരുന്നു...
അഭിനന്ദനപ്രവാഹവുമായി ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഫോണ്‍ കോള്‍ വന്നു തുടങ്ങി.അപ്പച്ചിമാര്, അമ്മായിമാര്, ചേച്ചിമാര്, ചേട്ടന്മാര്, അനിയന്മാര്, അനിയത്തിമാര്, എന്തിന് ഏറെ പറയുന്നു...
തെക്കേലെ തോമസുകുട്ടി, പടീറ്റേലെ പാറുവമ്മ, വടക്കേലെ വാമദേവന്, കിഴക്കേലെ കുഞ്ഞിരാമന്..
ആകെ അഭിനന്ദനപ്രവാഹം..
കണ്‍ഗ്രാറ്റ്സ്സ്, കണ്ഗ്രാജുലേഷന്, സൂപ്പര്‍ മച്ചാ, അഭിനന്ദനങ്ങള്‍, ആശംസകള്‍, കുന്തം, കുടച്ചക്രം..
അത് മാത്രമല്ല, കൂടെ കുറേ ഉപദേശങ്ങള്‍..
ഇനി സൂക്ഷിക്കണം, കുറച്ച് ഉത്തരവാദിത്തം വേണം, മാങ്ങാ വാങ്ങണം, മസാല ദോശ വാങ്ങണം, മണ്ണാങ്കട്ട വാങ്ങണം..
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു വേറെ ചില അഭിപ്രായങ്ങള്‍..
ലേഡി ഡോക്ടര്‍ ആയിരിക്കണം, നടന്ന് പോകരുത്, ഇരുന്ന് പോകരുത്, കിടന്ന് പോകരുത്, ബസ്സേ പോകരുത്, ബൈക്കേ പോകരുത്, അത്യാവശ്യമാണേല്‍ കാറേലോ, പ്ലെയിനിലോ പോകാം!!
രാവിലെ കണി കണ്ട പശു ചെവിക്ക് താഴെ ഇരുന്ന് അമറുന്ന പോലെയാണ് ഇതൊരോന്നും എന്റെ കാതില്‍ എത്തിയത്.കൂടെ അകമ്പടിയായി അമ്മയുടെ വാചകങ്ങളും..
മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച്, നാട്ടുകാരെ ഈ വാര്‍ത്ത അറിയിക്കുന്നത് നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഡയല് ചെയ്തു..
ഫോണ്‍ എന്‍ഗേജ്ഡ്!!
പാവം അമ്മ..
നാട്ടുകാരെയും, വീട്ടുകാരെയും, കൂട്ടുകാരെയും എല്ലാം വിളിച്ച് അറിയിച്ച ശേഷം, ആലപ്പുഴയുടെ ടെലിഫോണ്‍ ഡയറക്ടറി എടുത്ത് കാണുന്ന നമ്പരിലൊക്കെ വിളിച്ച് 'വിശേഷം' അറിയിക്കുകയായിരിക്കും!!
"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, മരുമോള്‍ക്ക് വിശേഷമുണ്ട്?"
"നിങ്ങളാരാ?"
"മരുമോള്ടെ അമ്മായിഅമ്മയാ"
ഠിം!!!
ഈ രംഗം ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങി തുടങ്ങി.
എന്റെ കര്‍ത്താവേ..
ഞാന്‍ എന്ത് തെറ്റാ ചെയ്തത്??
ഇനി നാട്ടിലേക്ക് പോകേണ്ടതില്ലന്നും, എന്തെങ്കിലും അത്യാവശ്യത്തിനു പോകേണ്ടി വന്നാല്‍, ഞാന്‍ മനുവല്ലന്നും മനുവിന്റെ മുഖസാദൃശ്യം ഉള്ള മറ്റൊരാളാണെന്ന് പറയണമെന്നും തീരുമാനിച്ച് കൊണ്ട് അടുത്ത വിഷയത്തിലേക്ക് ഞാന്‍ ശ്രദ്ധയൂന്നി.
അത് അടുത്ത പ്രശ്നം..
സ്ഥലം ബാംഗ്ലൂര്‍ ആണെങ്കിലും, താമസം ഒരു മലയാളി ഏരിയയിലാണ്.അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് ഈ ന്യൂസ്സ് അവിടെ ഫ്ലാഷാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.സംഭവം സന്തോഷമുള്ള കേസാണെങ്കിലും, ഉറപ്പിക്കുന്നതിനു മുമ്പ് ആരോടെങ്കിലും പറയാന്‍ ഒരു മടി.അതുകൊണ്ട് ചുറ്റുവട്ടത്തുള്ള ആരേയും അറിയിക്കാതെ, ഒരു ഇന്‍ഡിക്ക ടാക്സികാര്‍ വരുത്തി, ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി.സംഗതി സത്യമാണെങ്കില്‍ ഇന്ന് കണി കണ്ട പോലത്തെ ഒരു പശുവിനെ വാങ്ങി, മെയിന്‍ വാതിലിന്റെ അവിടെ പുറം തിരിച്ച് കെട്ടി ഇടണമെന്നും മനസ്സില്‍ തീരുമാനിച്ചു.
എന്നും ഒരു നല്ല കണി കാണാന്‍ വേണ്ടി മാത്രം!!
(അല്ലാതെ എന്നും 'വിശേഷ'ത്തിനല്ല!!)
കാര്‍ ഹോസ്പിറ്റലിലെത്തി..
അതൊരു മലയാളി ഹോസ്പിറ്റലാണ്, മാത്രമല്ല ഗൈനക്കോളജിസ്റ്റ് പ്രഗല്ഭയായ ഒരു സ്ത്രീയുമാണ്.അതിനാല്‍ തന്നെ ഒരുവിധപ്പെട്ട ബാംഗ്ലൂര്‍ മലയാളി ഗര്‍ഭിണികളെല്ലാം അവിടെയാണ് വരുന്നത്.ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു പൂരത്തിനുള്ള ഗര്‍ഭിണികള്‍ അവിടെയുണ്ട്.അത് കണ്ടതും പ്രിയതമക്ക് ഒരു നാണക്കേട്, അവള്‍ക്ക് ക്യൂവില്‍ കയറാന്‍ വയ്യത്രേ, ഞാന്‍ കേറി ഇരിക്കണം പോലും.ബാംഗ്ലൂര്‍ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഗര്‍ഭിണികളാണല്ലോ കര്‍ത്താവേന്ന് മനസ്സില്‍ കരുതി, ഒരു ടോക്കണുമെടുത്ത്, നാണക്കാരിയായ പ്രിയതമക്ക് പകരം ആ ക്യൂവില്‍ ഞാന്‍ കയറി ഇരുന്നു.
മനസില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം..
പരിചയമുള്ള മുഖമൊന്നും കാണരുത്!!
ആ പ്രാര്‍ത്ഥന ഫലിച്ചു, ഞാന്‍ പരിചയമുള്ള മുഖമൊന്നും കണ്ടില്ല.എന്നാല്‍ പരിചയമുള്ള ഒരു മുഖം എന്നെ കണ്ടു..
"എടാ നീ എന്താ ഇവിടെ?"
ഒരു ഉള്‍ക്കിടിലത്തോടെയാണ് ആ ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കിയത്..
കര്‍ത്താവേ, പിള്ള ചേട്ടന്!!
ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന കോളനിയിലെ പ്രധാന ആകാശവാണി..
ഒരു അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഇദ്ദേഹത്തിനു ഇച്ഛിരി വട്ട് ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്, ഞാന്‍ ഇത് വരെ അത് വിശ്വസിച്ചിട്ടില്ല.കാരണം എന്നോട് വളരെ മാന്യമായെ ഇടപെട്ടിട്ടുള്ളു.അദ്ദേഹം എന്നെ കണ്ട് കഴിഞ്ഞു, എന്റെ മറുപടി ഇല്ലാത്തതിനാലാകാം വീണ്ടും ചോദ്യം:
"നീ എന്താ ഇവിടെ?"
ഈശ്വരാ, എന്ത് പറയും??
പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞാലോ??
കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ഗര്‍ഭം ഉണ്ടോന്ന് ഒരു സംശയം"
ഇത് കേട്ടതും സഹതാപപൂര്‍വ്വത്തോടെ എന്റെ കുടവയറില്‍ കൈ വച്ച് ഉഴിഞ്ഞ് അങ്ങേരൊരു ആത്മഗതം:
"വന്ന് വന്ന് ആണ്‍കുട്ടികള്‍ക്കും ഗര്‍ഭോ?? ശിവ! ശിവ! കലികാലം അല്ലാതെന്താ??"
എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ..
ഈ കെളവനു ശരിക്കും വട്ടാണോ??
ഡിയര്‍ ബ്ലഡി പിള്ളേ, ഐയാം നോട്ട് ഗര്‍ഭ്!!
എനിക്ക് ഗര്‍ഭമില്ല!!
മനസില്‍ വന്ന മറുപടി പുറത്ത് പറയാന്‍ കഴിയാതെ അന്തം വിട്ട് നിന്ന എന്നെ മറി കടന്ന് അങ്ങേര് നടന്ന് നീങ്ങി.
തലക്ക് കൈയ്യും വച്ച് ക്യുവില്‍ ഇരുന്ന എന്നെ മറ്റൊരു കാഴ്ച അത്ഭുതപ്പെടുത്തി.ഭാര്യയും ഭര്‍ത്താവും കൂടി ഡോക്ടറെ കാണാന്‍ കയറും, അല്പം കഴിയുമ്പോള്‍ കയ്യിലെന്തോ മറച്ച് പിടിച്ച് ഭര്‍ത്താവ് മാത്രം ഇറങ്ങി ഓടുന്ന കാണാം.ഒരു രണ്ട് മൂന്ന് ജോടികളുടെ കാര്യത്തില്‍ ഈ സെയിം സംഭവം കണ്ടതോടെ എനിക്ക് പരിഭ്രമമായി.ഓടി വന്ന ഒരു ഭര്‍ത്താവിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഹേയ്, നതിംഗ്, നതിംഗ്"
അയാള്‍ ഓടി പോയി.
ഞങ്ങളുടെ ഊഴമെത്തി..
ഗായത്രിയുമായി അകത്ത് ചെന്ന എന്നെ അവര്‍ സ്വീകരിച്ച് ഇരുത്തി.നല്ല ഒരു ഡോക്ടര്‍..
കുലീന, കുടില, കുശ്മള..
അവര്‍ അനുഭാവപൂര്‍വ്വം ചോദിച്ചു:
"എന്താ വിശേഷം?"
പെങ്ങടെ കല്യാണമാ!!
പിന്നല്ല!!
ഭാര്യയും ഭര്‍ത്താവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍, ചോദിച്ചത് കേട്ടില്ലേ..
എന്താ വിശേഷമെന്ന്??
പല്ല് കടിച്ചിരുന്ന എന്റെ മനോഭാവം മനസിലാക്കി ആകണം ഗായത്രി പറഞ്ഞു:
"ഒരു ചെക്കപ്പിനു വന്നതാ"
അത് കേട്ടതും ഗായത്രിയെയും കൂട്ടി അവര്‍ അകത്തൊരു മുറിയിലേക്ക് പോയി.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മാത്രം തിരിച്ച് വന്നു.എന്നിട്ട് എന്നോട് ചോദിച്ചു:
"എന്താ താങ്കളുടെ പേര്?"
"മനു"
പേരു കേട്ടതും ശബ്ദം താഴ്ത്തി അവരെന്നോട് പറഞ്ഞു:
"മിസ്റ്റര്‍ മനു, മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യണം"
"എന്റെ ആണോ??"
"അയ്യേ അല്ല, നിങ്ങളുടെ വൈഫിന്റെ!!"
ഓ എന്ന്..
ഒരു കുപ്പിക്കാത്ത് അവര്‍ തന്ന മൂത്രവുമായി ലാബിലേക്ക് പോകാന്‍ കതക് തുറക്കാന്‍ പോയപ്പോഴാണ്, കൈയ്യിലെന്തോ തപ്പിപ്പിടിച്ച് ഓടുന്ന ഭര്ത്താക്കന്മാരുടെ മുഖം മനസ്സില്‍ ഓടി വന്നത്..
ഈശ്വരാ, ഇതാരുന്നോ ആ 'നതിംഗ്'??
എന്നെ ഇനിയും പരീക്ഷിക്കല്ലേ!!
രണ്ടും കല്പിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വാതുക്കല് പിള്ള ചേട്ടന്...
ചെകുത്താന് പോയില്ലാരുന്നോ??
അവിടെയിരിക്കുന്ന സ്ത്രീ ജനങ്ങളുടെ മുന്നില്‍ വച്ച് അങ്ങേര് ഒരു ചോദ്യം:
"എന്താ നിന്റെ കൈയ്യില്‍??"
എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം.നാണം മാറ്റി വച്ച് ഞാന്‍ പറഞ്ഞു:
"മൂത്രമാ, ടെസ്റ്റ് ചെയ്യാന്‍ കൊണ്ട് പോകുവാ"
അത് കേട്ടതും കാലമാടന് ഒരു ചോദ്യം:
"കടവുളെ, നിനക്ക് ശരിക്കും ഗര്‍ഭമുണ്ടോ??"
ആ കെട്ടിടം ഇടിഞ്ഞ് തലയില്‍ വീഴണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി!!
പക്ഷേ ഒന്നും സംഭവിച്ചില്ല, സ്ത്രീജനങ്ങളുടെ കൂട്ടച്ചിരി മാത്രം ബാക്കി.
എടോ പരട്ട പിള്ളേ..
കാല് മടക്കി ഒരു ചവിട്ടു തന്നാല്‍ പിന്നെ കണ്ണ് തുറക്കുമ്പോള്‍ താന്‍ നരകത്തിലായിരിക്കും!!
മനസ്സില്‍ ഇങ്ങനെ പ്രാകി കൊണ്ട് ഞാന്‍ ലാബിലേക്ക് പോയി.'മനുവിന്റെ ഗര്‍ഭം' എന്ന ആധുനിക ലോകത്തിന്റെ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് കോളനി നിവാസികളെ അറിയിക്കാന്‍ പിള്ള ചേട്ടന് കോളനിയിലേക്കും പോയി.
ഇനി എന്തെല്ലാം അനുഭവിക്കണമോ ആവോ??
തിരിച്ച് ഡോക്ടറിന് അടുത്തെത്തി.റിസള്‍ട്ട് നോക്കിയട്ട് അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നെഗറ്റീവാ"
എന്ന് വച്ചാല്‍..
ഗര്‍ഭം ഉണ്ടെന്നോ അതോ ഇല്ലന്നോ??
അതോ ഇനി നെഗറ്റീവ് എന്നാല്‍ പെണ്‍കുട്ടിയും പോസിറ്റീവ് എന്നാല്‍ ആണ്‍കുട്ടിയുമാണോ??
എന്റെ ആകാംക്ഷ കണ്ട് അവര്‍ വിശദീകരിച്ചു:
"പ്രഗ്നന്റ് അല്ല, എന്തോ ദഹനക്കേട് കാരണം ശര്‍ദ്ദിച്ചതാ"
'മേ..മേ...മേ'
കണി കണ്ട പശു അമറുന്ന ശബ്ദം!!
അല്പം കഴിഞ്ഞപ്പോള്‍ തലക്ക് മുകളില്‍ അതേ പശു ചാണകം ഇട്ട പോലത്തെ ഒരു തണുപ്പം പടര്‍ന്നു..
പിന്നെ സുഖം, സ്വസ്ഥം, ശാന്തം!!
അങ്ങോട്ട് കാറില്‍ പോയവര്‍ തിരിച്ച് ബസ്സില്‍ വന്നിറങ്ങി.നടക്കുന്ന വഴിയിലെല്ലാം അര്‍ത്ഥം വച്ചുള്ള നോട്ടങ്ങള്‍, ആക്കിയ ചിരികള്‍....
പിള്ള ചേട്ടന് പണിപറ്റിച്ചു!!
തലകുനിച്ച് നടന്ന എന്റെ മുന്നിലെത്തി ഫ്രെഡി അങ്കിള്‍ പറഞ്ഞു:
"അറിഞ്ഞു..അറിഞ്ഞു.."
എന്ത് അറിഞ്ഞെന്നാ??
ഗായത്രി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയെന്നോ??
അതോ എനിക്ക് ഗര്‍ഭമുണ്ടെന്നോ??
ഡിയര്‍ ഫ്രെഡി അങ്കിള്‍, ഐയാം നോട്ട് ഗര്‍ഭ്!!
അങ്കിള്‍ കടന്ന് പോയപ്പോള്‍ വിഷമ സ്വരത്തില്‍ ഗായത്രിയുടെ ആത്മഗതം:
"ഛേ! നാണക്കേടായി"
"നാണക്കേട് നിനക്കല്ല മോളേ, എനിക്കാ!!"
"അതെങ്ങനെ??"
അതങ്ങനാ, ഇപ്പോള്‍ ഗര്‍ഭം എനിക്കല്ലേ??
വീട്ടിലെത്തിയ ആദ്യം ചെയ്തത് അമ്മയെ വിളിക്കുകയായിരുന്നു.കാര്യം എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ദഹനക്കേടായിരിക്കുമെന്ന്!!"
ങ്ങേ!!
എപ്പോ??
ആകെ ഒരു പരവശം..
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് മനസ്സ് കൂളാക്കിയതിനു ശേഷമാണ് ഗായത്രിയുടെ വീട്ടില്‍ വിളിച്ചത്.ഈ പ്രാവശ്യവും ഫോണ്‍ എടുത്തത് അമ്മയായിരുന്നു.എന്റെ സ്വരം കേട്ടപ്പോള്‍ അമ്മ പറഞ്ഞു:
"അച്ഛന് ബസ്സ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോയി മോനേ"
"അപ്പോള്‍ കാര്യം അറിഞ്ഞോ?"
"ഉവ്വ, മോന്റെ അമ്മ ഇപ്പോ വിളിച്ചായിരുന്നു"
അത് ശരി..
അപ്പോള്‍ അമ്മ ടെലിഫോണ്‍ ഡയറക്ടറിയുമായി വീണ്ടും ഇരുന്നു അല്ലേ?
"ഹലോ, ഇത് 222222 ആണോ?"
"അതേ"
"നേരത്തെ ഞാനൊരു വിശേഷം പറഞ്ഞില്ലേ, അത് വിശേഷമല്ല!!"
"ഇത് പറയാന്‍ നിങ്ങളാരാ?"
"ഞാന്‍ മുമ്പേ വിളിച്ച ആളാ"
ഠിം!!
അന്ന് രാത്രി..
സംഭവിച്ച മണ്ടത്തരങ്ങളോര്‍ത്ത് തലക്ക് കൈവച്ചിരുന്ന എനിക്കൊരു ഫോണ്‍ വന്നു, എന്റെ അച്ഛന്റെ ഫോണ്‍:
"എടാ, നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്?"
"എന്താ അച്ഛാ?"
"ഇന്ന് രാവിലെ നീ കണ്ട് ജന്തു പശു തന്നെ ആയിരുന്നോ?"
ഇപ്പോ എനിക്കും ഒരു സംശയം..
ഒരു പക്ഷേ അത് കാള ആയിരിക്കും!!