
"ഠിം !!!"
മനസ്സ് കൊണ്ട് ഗണപതിക്ക് ഒരു തേങ്ങ അടിച്ചു.
ഇനി പറയാം, ഒരു അനുഭവ കഥ അല്ലങ്കില്‍ ഒരു അഭിമുഖ കഥ …
ഈ കഥയില്‍ ഞാനാ ഹീറോ
(സോറി, ഹീറോ ആണ്ണോ സീറോ ആണ്ണോ എന്നു നിങ്ങള്‍ തിരുമാനിച്ചൊ!!!)
അതിനു മുമ്പ് എന്നെപ്പറ്റി ഒരു ഫ്ളാഷ് ബാക്ക്:-
എന്റെ പേര് മനു.
ബി.ഇ ക്ക് കമ്പ്യൂട്ടര്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ തന്നെ നാളത്തെ ബില്ഗേറ്റാണ്ണെന്നു സ്വയം പ്രഖ്യാപിച്ച മഹത് വ്യക്തി. നെപ്പോളിയനെ മനസ്സില്‍ ആരാധിച്ചു, അസാദ്ധ്യം ആയി ഒന്നും ഇല്ലന്നും നാളെ ഞാനൊരു ചക്രവര്‍ത്തി ആകുമെന്നും സ്വയം വിശ്വസിക്കുകയും മറ്റുള്ളവരൊടു പറഞ്ഞു നടക്കുകയും ചെയ്തു.
എന്നിട്ട്?
ഒന്നും ആയില്ല....
നെപ്പോളിയന് വെറുതെ പറഞ്ഞാല്‍ മതി. ശ്രമിച്ചപ്പോള്‍ എല്ലാം അസാദ്ധ്യം.
മിനിമം ഒരു ജോലി പൊലും ആയില്ല. സോഫ്റ്റ്വെയര് ഫീല്‍ഡ് തകര്‍ന്നു പോലും.ലാദന് അമേരിക്കയില്‍ വിമാനം ഓടിച്ചു കളിക്കാന്‍ കണ്ട സമയം.പോരാത്തതിനു വൈ.ടൂ.കെ യുടെ വാലും. കൂനിന് മേല്‍ കുരു.
ജോലി തേടി അലഞ്ഞു അവസാനം ചക്രവര്‍ത്തി ആകുമെന്നു പറഞ്ഞവനിപ്പോ ചക്കര വരട്ടി പോലെ കറത്തു.എന്നെ പോറ്റി പോറ്റി വീടു വെളുത്തു. ദിവസവും ഒരോ ചരുവം പാല് കുടിക്കാന്‍ തന്ന വീട്ടുകാര്‍ പാല് മാറ്റി പഴംകഞ്ഞി തന്നു തുടങ്ങി.
നാട്ടിലും വീട്ടിലും പട്ടിക്ക് സമം (സോറി, പട്ടിക്ക് എന്നെക്കാള്‍ വില ഉണ്ട്)
അവസാനം കേരളത്തിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഒരു ജോലി ഒപ്പിച്ചു (മള്‍ട്ടി നാഷണല്‍ എന്നു പറഞ്ഞാല്‍ മൂന്ന് കമ്പ്യൂട്ടര്‍ മൂന്ന് മുറിയില്‍.മുറി1- ഇന്ത്യ,മുറി2-അമേരിക്ക,മുറി3-കാനഡാ ഇടക്കിടക്ക് ഓണ്‍ സൈറ്റ് ഉണ്ട് അതായത് ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലെക്ക്). രണ്ടു മുന്നു വര്‍ഷം അവിടെ അദ്ധ്വാനിച്ചു (തുലച്ചു എന്നു പറയുന്നതാ ശരി)
ലൈഫിനെ പറ്റിയും വരാന്‍ പൊകുന്ന വൈഫിനെ പറ്റിയും ഓര്‍ത്തപ്പോള്‍ എനിക്ക് തന്നെ തോന്നി ഇതൊന്നും പോരാ, എന്നിലെ ചക്രവര്‍ത്തി തല പോക്കി.
എന്തു ചെയ്യും?
അവസാനം തീരുമാനിച്ചു, നാടു വിടാം.
എങ്ങോട്ട്?
അറിയാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് മനസ്സില്‍ വന്നു.
ഉഗാണ്ട, ഉട്ടോസ്ലൊവാക്യ, യുഗൊസ്ലൊവാക്യ, കാനഡാ, അടൂര്‍, മത്തി മുക്ക്, കൊട്ടുവടി മുക്ക്, തവള കുളം....
ഇവിടൊക്കേ പോകാനുള്ള ശ്രമങ്ങളോക്കെ പരാജയപെട്ടപ്പോള്‍ ഐലണ്ട് എക്സ്സ്-പ്രസ്സിനു തല വയ്ക്കാന്‍ തീരുമാനിച്ചു.ആ ശ്രമം വിജയിച്ചു.തല ഉയര്‍ത്തി നോക്കിയപ്പോള്‍ ബാംഗ്ളൂര്‍..
അങ്ങനെ ബാംഗ്ളൂരില്‍ ഒരു മലയാളി കൂടെ ആയി.
അല്ല ഒരു മല്ലു കൂടി ജനിച്ചു(ഒരു സയാമീസ്സ് ഇരട്ട-ഞാനും കയ്യിലൊരു ബാഗും)
കൂട്ടുകാര്‍ ഉണ്ടാരുന്നതു കൊണ്ടു ഒരു വീടു ഒത്തു, അല്ല മുറി ഒത്തു.വ്യക്തമായി പറഞ്ഞാല്‍ കിടക്കാന്‍ ഒരു കട്ടില് ഒത്തു.
ഇനി ഒരു ജോലി...
ആദ്യപടി റസ്യൂം ഉണ്ടാക്കണം.റസ്യൂം എന്നാല്‍ മൂന്ന് നാല് പേപ്പറില്‍ നമ്മളെ പറ്റി ഇല്ലാത്തത് എഴുതണം.അതായത് ഞാനാണ് കമ്പ്യൂട്ടര്‍ കണ്ട് പിടിച്ചതെന്നും, ഞനില്ലങ്കില് സോഫ്റ്റ്വെയര് ഫീല്‍ഡ് ഇല്ലന്നും, ആഗോളവല്‍ക്കരണ ലോകത്ത് എന്റെ സ്ഥാനം വളരെ വലുതാണെന്നും മറ്റും എഴുതണം. ഞാനെഴുതിയതു വായിച്ചാല്‍ ബില്‍ഗേറ്റ് എന്റെ മച്ചാനാണെന്ന് തോന്നണം.
റസ്യൂം വേലക്കരനെ ഏല്പിച്ചു.നൌകരി അതു ലോകം മൊത്തം എത്തിച്ചു.
കിം ഫലം?
ഇടക്കിടക്ക് ചില തരുണിമണികള് വിളിക്കും.
“ഈസ് ഇറ്റ് മനു?”
“യെസ്സ്” (ആകെ എനിക്ക് എളുപ്പം ഉത്തരം പറയാന്‍ പറ്റിയ ഒരെ ഒരു ചോദ്യം)
“മൂന്നു വര്‍ഷം എന്തിലാ ജോലി ചെയ്തത്?”
“കുത്തു വല” (ഡോട്ട് നെറ്റ്-ഒരു മലയാളം പരിഭാഷ)
"വാട്ട് എബൌട്ട് കമ്മ്യുണികേഷന്‍ സ്കില്ല്?"
വലിച്ചു!!!!!!
ചോദ്യം ഇംഗ്ലിഷിനെ കുറിച്ചാ.ഒരു തേങ്ങാകുലയും അറിയില്ല എന്ന് എങ്ങനെ പറയും.അവസാനം വച്ചു കാച്ചി:-
"യെസ്സ്, ഐ നോ കമ്മ്യുണികേഷന്‍ സ്കില്ല് "
തരുണിമണികള്‍ക്ക് എല്ലാം മനസിലായി.പിന്നെ ഒരു വിളിയുമില്ല.സുഖം ശാന്തം.
ഇടക്ക് ചില ബാങ്ക് കാര്‍ വിളിക്കും.
"സാറിന് ലോണ്‍ വേണോ?"
ഞാന്‍ തിരിച്ചു ചോദിക്കും: "പട്ടിണി കിടക്കുന്നവനു ലോണ്‍ തരുമോ?"
പിന്നെ അവരും വിളിക്കില്ല.
അങ്ങനെ ഇരിക്കേ ആണു ഒരു വാക്കിന് ഇന്റര്‍വ്യൂ പരസ്യം കണ്ടത്.അതിന്റെ മലയാളം പരിഭാഷ തഴെകൊടുക്കുന്നു.
"സ്ഥാപനം - മനസ്സ് മരം
അറിയണ്ട പണി- കുത്തു വല പ്രയോഗം മൂന്നു വര്‍ഷം"
കൂടെ ഇങ്ങനെ ഒരു വാചകവും:-
"നിങ്ങള്‍ നടന്നു വരു തിരിച്ചു ഒരു പണിയുമായി പോകു."
ബലഭേഷ്.....തേടിയവള്ളി കാലില്‍ ചുറ്റി.
അങ്ങനെ ആ ദിവസമെത്തി,രാവിലെ കുളിച്ചോരുങ്ങി കുട്ടപ്പനായി ഞാനവര് പറഞ്ഞ സ്ഥലത്തെത്തി.
“എന്റമ്മോ!!!”
ഓണത്തിന് കേരളത്തിലെ മദ്യഷാപ്പില്‍ കാണുന്നപോലെ ഒരു വലിയ ആള്കൂട്ടവും ക്യൂവും.ഇവന്മാര്ക്ക് ഒന്നും വെറേ പണി ഇല്ലേ എന്നു മനസ്സില്‍ ചോദിച്ചുകൊണ്ട് ഞാനും ആ ക്യൂവില്‍ കയറി.
"ഡിഢ് യൂ ഈറ്റ് സംതിഗ്?"
ഞാനൊന്നു ഞെട്ടി തല ഉയര്‍ത്തി നോക്കി.ആഹാ!! എന്റെ മുമ്പില്‍ നില്ക്കുന്ന മാദാമ്മാ അവടെ കൂടെ നില്ക്കുന്ന കറുത്ത സായിപ്പിനോട് ചോദിച്ചതാണ് അവന് സംതിഗ് തിന്നുമോ എന്ന്? ആ ചോദ്യം പ്രതീക്ഷിച്ചപോലെ പെട്ടന്ന് അവന്റെ മറുപടി വന്നു.
"യാ, വാട്ട് എബൌട്ട് യു?"
അവനിതു ചോദിക്കുമെന്ന് അവള്‍ക്ക് നെരത്തെ അറിയാമെന്ന് തോന്നി.അല്ലങ്കില്‍ അവനിതു ചോദിക്കാനായിരിക്കണം അവള് ആദ്യം ചോദിച്ചത്.
"ഐയാം ഇന്‍ ഡയറ്റിങ്ങ്,സോ ടേക്ക് സം സ്നാക്ക്സ്സ്"
ഓഹോ, അവള്‍ക്ക് വിശപ്പില്ല അതുകൊണ്ട് ഒരു ചക്ക പഴം മാത്രമേ കഴിച്ചുള്ളന്ന്.
അവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഒന്ന് മനസിലായി.ആദ്യം ഒരു ടെസ്റ്റ്,പിന്നെ ടെക്നിക്കല്‍ പിന്നെ എച്ച്.ആര് ഇതാണത്രേ ഇന്റര്‍വ്യൂ രീതി. ടെസ്റ്റ് എന്നാല്‍ വട്ടം കറപ്പിക്കുന്ന പരിപാടി.അന്‍പത് ചോദ്യം, ഒരു ചോദ്യത്തിനു നാല് വട്ടം. മൊത്തം ഇരുന്നൂറ് വട്ടം. വട്ടം കറപ്പിക്കാന്‍ പോയ ഞാന്‍ ചോദ്യം കണ്ട് വട്ടം കറങ്ങി.ഒരു വിധത്തില്‍ മുഴുവിപ്പിച്ചു ഞാനവിടുന്നു പുറത്ത് ചാടി. റിസള്‍ട്ട് വന്നപ്പോള്‍ ഞാനും പാസ്സായി.ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം.ഇനി ടെക്നിക്കല്‍ ഇന്റര്‍വ്യൂ....
പെട്ടന്ന് മാലാഖ പോലുള്ള ഒരുവള്‍ വന്ന് എന്നോട് പറഞ്ഞു:
"മനു്,പ്ളീസ്സ് കം"
സ്വര്‍ഗ്ഗലോകം പോലുള്ള ആ ഓഫീസ്സിലെ ഒരു മുറിയിലേക്ക് അവള് എന്നെ ആനയിച്ചു.അവിടെ ആറടി നീളമുള്ള ഒരു അതികായനു പരിചയപെടുത്തിയട്ട് മാലാഖ തിരിച്ചുപോയി.
"ടേക്ക് യുവര്‍ സീറ്റ്"
പാറപുറത്ത് ചിരട്ട ഇട്ടു ഉരക്കുന്ന ശബ്ദം.
കര്‍ത്താവെ,മാലാഖമാര്‍ ചെകുത്താന്റെ ശിങ്കടി ആയോ എന്ന സംശയത്തില്‍ ഞാനയാള്‍ക്ക് മുമ്പില്‍ ഇരുന്നു.പൂച്ചക്ക് മുമ്പില്‍ പെട്ട എലിയെ പോലെ.
ആദ്യ ചോദ്യം:
"വാട്ടീസ്സ് കളക്ഷന്‍?"
തള്ളേ കൊള്ളാം.ഒരുപാട് പെണ് കുട്ടികള്‍ വരുന്നതുകൊണ്ട് ഗരുഡ മാളിലും ഫോറത്തിലും നല്ല കളക്ഷനാണെന്ന് ഞങ്ങള്‍ പറയാറുണ്ട്.അതും ടെക്നിക്കല്‍ ഇന്റര്‍വ്യൂവും തമ്മില്‍ എന്ത് ബന്ധം?
ഇനി ഞാന്‍ ഏത് ടൈപ്പാണന്ന് അറിയാനാരിക്കും.അതുകൊണ്ട് വളരെ സഭ്യമായ ഭാഷയില്‍ ഞാന്‍ പറഞ്ഞു:
"കളക്ഷന്‍ ഈസ്സ് എ ഗ്രൂപ്പ്…"
തലയില്‍ ഒരു വെള്ളിടി വെട്ടിയ പോലെ അയാള്‍ ഒരു നില്‍പ്പ്.ഇവനേതാ ഈ ജന്തു എന്ന മട്ടില്‍ എന്നെ ഒരു നോട്ടം.അയാളുടെ കണ്ണ് ചെറുതായി ചെറുതായി വന്നു.എനിക്ക് തന്നെ കഷ്ടം തോന്നി.പാവം അയാള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായി കാണില്ല.അതുകൊണ്ട് നേരത്തെ പറഞ്ഞ വാചകം ഞാനങ്ങ് പൂര്‍ത്തിയാക്കി.
"... ദാറ്റ് മീന്സ്സ് ഗ്രൂപ്പ് ഓഫ് ഐറ്റംസ്സ്".
അതേറ്റു.ചെറുതായ അയാളുടെ കണ്ണ് വലുതായി.എന്റെ മുമ്പില്‍ എനിക്ക് കുടിക്കാന്‍ വച്ചിരുന്ന വെള്ളം അയാള്‍ ഒറ്റ വലിക്ക് കുടിച്ചു എന്നിട്ട് ദയനീയമായി പറഞ്ഞു:
“നൌ യൂ കാന്‍ ഗോ, എച്ച്. ആര് വില്‍ ഇന്‍ഫോം യു."
എനിക്ക് എന്നെ പറ്റി തന്നെ അഭിമാനം തോന്നിയ നിമിഷങ്ങളള്‍, ആദ്യ ഇന്റര്‍വ്യൂ, ഒറ്റ ചോദ്യം, എച്ച്. ആര് നേരിട്ട് അറിയിക്കും പോലും.ഞാനൊരു ഭയങ്കരന്‍ തന്നെ.ആ സന്തോഷത്തില്‍ മുറിയിലെത്തി ഡോട്ട് നെറ്റിന്റെ ബുക്ക് തുറന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.ഞാന്‍ പറഞ്ഞതും,ബുക്കില്‍ കിടക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല.
ഒരു അജ-ഗജ വ്യത്യാസം !!!.
ആദ്യ ഇന്റര്‍വ്യൂ ഇങ്ങനെയായി.ഗണപതിക്ക് വച്ചതു കാക്ക കൊണ്ട് പോയി.
ആറേഴ് മാസം കഴിഞ്ഞു.ഇപ്പോഴും തഥൈവ!!!.
അങ്ങനെ ഇരിക്കെ മനസ്സ് മരം വീണ്ടും വന്നു.നടന്നു വരു പണിയുമായി പോകു എന്ന പരസ്യവുമായി.പതിവു ലീലകള്‍, മദ്യശാലയിലെ ക്യൂ, കറക്കികുത്ത്, മുച്ചീട്ട് കളി അവസാനം എച്ച്. ആര് റൌണ്ട് ആയി.
അതിസുന്ദരിയായ ഒരു പെണ്ണാണ് മുമ്പില്‍.ശരിക്കും അവളെ വായിനോക്കികൊണ്ട് ഞാനവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നുണ്ട്.അപ്പോഴാണവളോരു ചോദ്യം ചോദിച്ചത്.
ഒരു ഒടുക്കത്തെ ചോദ്യം.
"വാട്ടീസ്സ് യുവര്‍ വീക്ക് പോയിന്റ്?”
ദൈവമേ,സുന്ദരിയായ പെണ്ണൊരു പുരുഷന്റെ മുഖത്ത് നോക്കി ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ ഇത്.എന്റെ ദൌര്‍ബല്യം ഞാനെങ്ങനെ ഈ പെണ്ണിനോട് പറയും.ഞനൊന്നും മിണ്ടാതിരുന്നു.
"വാട്ടീസ്സ് യുവര്‍ വീക്ക് പോയിന്റ്?”
ദേ,പിന്നേം.ഇവളെന്നെം കൊണ്ടേ പൊകത്തുള്ളന്നാ തോന്നുന്നെ.ഇനി മിണ്ടാതിരുന്നാല്‍ ശരിയാകില്ല.അതുകൊണ്ട് ഞാന്‍ പറഞ്ഞു:
"സം ടയിം സ്മോക്ക്"
അതുകേട്ടതും അവളെന്നെയും നോക്കി അന്തം വിട്ടു കുന്തം പിടിച്ചപോലെ ഒരു ഇരുപ്പ്.ഞാനാണങ്കില്‍ വലിക്കുമെന്നേ പറഞ്ഞുള്ളു വലിപ്പിക്കുമെന്ന് പറഞ്ഞില്ല.
എന്നിട്ടെന്താ ഇവളിങ്ങനെ? അതുകൊണ്ട് രംഗം തണുപ്പിക്കാനായി ഞാനിങ്ങനെ പറഞ്ഞു:
"നോട്ട് എവരി ടൈം,വെന്‍ ഡ്രിങ്ക് ദെന്‍ സ്മോക്ക്"
അവള്‍ക്ക് മതിയായി.ആ എ.സിയുടെ തണുപ്പിലും അവള് വിയര്‍ക്കാന്‍ തുടങ്ങി.
ആ സുന്ദരി പതുക്കെ എഴുന്നേറ്റു, എന്നിട്ട് പറഞ്ഞു:
"ഓക്കെ, വീ വില്‍ ഇന്‍ഫോം യു"
ഉവ്വ! അതെനിക്കറിയാം.തിരിച്ച് കൈയ്യും വീശി നടന്നപ്പോളോര്ത്തു കമ്പനിയെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.നടന്നു വരു പണി തരാം എന്ന് അവര്‍ ആദ്യമേ പറഞ്ഞതാ.
അവര്‍ പണി തന്നു.
ഒന്നല്ല, രണ്ട് പ്രാവശ്യം.
നല്ല രസികന്‍ പണി!!!
എല്ലാം സഹിക്കാം.പക്ഷെ വൈകിട്ട് റൂമിലെത്തിയപ്പോള്‍ റൂംമേറ്റ് സന്ദീപിന്റെ വക ഒരു ചൊദ്യം:
"പോയിട്ട് എന്തായി?"
കാലമാടന്.....
വേറെ എന്തെല്ലാം ചോദിക്കാം.അവനറിയാം കിട്ടിയാല്‍ ഞാന്‍ വിളിച്ച് പറയുമെന്ന്.എന്നിട്ടും വെറുതെ ചോദിക്കുന്നതാണ് സഹിക്കാത്തത്.അല്ല അതങ്ങനേ വരു.കമ്പനി മനസ്സ് മരമാണങ്കില്‍ ഇവന്റെയോക്കെ മനസ്സ് കല്ലാ.
വെറും കല്ല്…..