
'കണ്ണില്‍ ചുണ്ണാമ്പും കരിക്കട്ടയും'
ആരെങ്കിലും കണ്ണ് വച്ചു എന്ന് തോന്നിയാല്‍ നമ്മള്‍ ആദ്യം മനസ്സില്‍ പറയുന്ന വാചകം.
ഈ കണ്ണ് വയ്ക്കലിന്‍റെ ശാസ്ത്ര പ്രകാരം ആരെ കുറിച്ചെങ്കിലും നല്ലത് പറഞ്ഞാല്‍ അവന്‍ കുത്ത് പാള എടുക്കണം, അത്ര തന്നെ!!!
അങ്ങനെ കുത്ത് പാളയാകുന്നത് ഒഴിവാക്കാനാണ് നമ്മള്‍ ഇത്തരം വാചകം പറയുന്നത് തന്നെ.
കണ്ണ് വയ്ക്കലിനെ ഒഴിവാക്കുന്ന ഇമ്മാതിരി വാചകങ്ങള്‍ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറികൊണ്ടിരിക്കും.ഉദാഹരണത്തിനു ചില നാടുകളില്‍ കണ്ണ് വച്ചാല്‍
പറയുന്നത് മറ്റൊരു വാചകമാണ്:
"നിന്‍റെ കണ്ണില്‍ ഒരു കൊട്ട ചുണ്ണാമ്പ്"
ഒന്നും രണ്ടും അല്ല, ഒരു കൊട്ട ചുണ്ണാമ്പ്..
അതാ കണക്ക്!!
അതോടു കൂടി ആ കണ്ണ് വച്ചതിന്‍റെ ഇഫക്ട് മാറും.
ഐസക്ക് ന്യൂട്ടനോ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോ കണ്ട് പിടിക്കാത്ത ഇമ്മാതിരി കണ്ട്പിടുത്തങ്ങള്‍ ആരാ കണ്ട് പിടിച്ചത് എന്നെനിക്കറിയില്ല, എങ്കിലും ഒന്നറിയാം, ഇതിലൊക്കെ ഒരു പരിധി വരെ സത്യമുണ്ട്!!!
ഇങ്ങനെ ഞാന്‍ അടിവര ഇട്ടതിനു എന്‍റെ അനുഭവങ്ങള്‍ സാക്ഷി.
നാല് മാസം മുമ്പായിരുന്നു എന്‍റെ കല്യാണം..
കല്യാണം കഴിഞ്ഞതോടെ ഞാന്‍ ആളങ്ങ് മാറി.ഭാര്യ വീട്ടില്‍ ഒരാഴ്ചത്തെ താമസവും, ദിവസേനയുള്ള
വിരുന്നും. എന്തിനേറെ പറയുന്നു??
ചക്കക്കുരു പോലിരുന്ന ഞാന്‍ ചക്കചൊള പോലെയായി...
ഇന്ദ്രന്‍സിനെ പോലെ കഴുത്തും തള്ളിച്ച് നടന്ന ഞാന്‍ മോഹന്‍ലാലിനെ പോലെ
തോളും ചരിച്ച് നടക്കുന്ന കണ്ടിട്ടാവണം ഞങ്ങളുടെ തെക്കേലെ ഗൌരിയമ്മ പറഞ്ഞു:
"എന്‍റെ മനു മോനെ, നീ അങ്ങ് തെളിഞ്ഞല്ലോടാ?"
തീര്‍ന്നു!!!
തള്ളേടെ ഒടുക്കലത്തെ നാക്ക്!!!
വയറ്റിളക്കവും ശര്‍ദ്ദിലും ആഹാരത്തോടെ വിരക്തിയും, പിന്നെ അതായിരുന്നു എന്‍റെ അവസ്ഥ.
ചക്കചൊള പിന്നെയും ചക്കക്കുരു ആയി.
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ വീണ്ടും ഞാനായി!!!
ഈ ഗൌരിയമ്മയെ പറ്റി നാട്ടില്‍ പല ഐതിഹങ്ങളുമുണ്ട്...
അവര്‍ ശാരോത്തെ മായയെ നോക്കി 'നീ ഒരു ഒത്ത പെണ്ണാണ്' എന്ന് പറഞ്ഞതോടെ അവള്‍ ആണായത്രേ!!!
അമ്പലമുറ്റത്തെ ആല് നോക്കി 'എന്‍റമ്മോ' എന്ന് പറഞ്ഞതോടെ ആല് രണ്ടായി പിളര്‍ന്നത് വേറൊരു ഐതിഹം.
എന്നിരുന്നാലും ചില നല്ല കാര്യങ്ങളും ഗൌരിയമ്മ ചെയ്തിട്ടുണ്ട്...
പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷീലചേച്ചിയേ നോക്കി 'നിനക്ക് വലിയ വയറാണെല്ലോടി' എന്ന് ചോദിച്ച
നിമിഷം ചേച്ചി ഒരു ആണ്‍കുഞ്ഞിനെ പെറ്റതും, അറവാന്‍ചേട്ടന്‍റെ മന്ത് കാല് നോക്കി 'നിന്‍റെ
കാലില്‍ അപ്പടി മസിലാണല്ലോടാ' എന്ന് ചോദിച്ചതിന്‍റെ പിറ്റേദിവസം മന്ത് മാറിയതും അതില്‍
പെടും.
ഇപ്പം മനസ്സിലായോ ഗൌരിയമ്മ പുലിയാണെന്ന്!!!
എന്നാല്‍ ഇനി ഞാനൊരു സത്യം പറയട്ടെ, ഗൌരിയമ്മ മാത്രമല്ല കണ്ണ് വയ്ക്കാന്‍ കഴിവുള്ള എല്ലാവരും പുലികള്‍ തന്നെ. അതൊരു കലയാണ് മോനേ, ചിലര്‍ക്കായി ദൈവം അറിഞ്ഞ് കൊടുക്കുന്ന ഒരു മുടിഞ്ഞ കല.
ഈ പറഞ്ഞതെല്ലാം പഴംകഥ...
ഈ കഴിഞ്ഞ വിഷുവിനു നാട്ടില്‍ ചെന്നപ്പോള്‍ വിഷുക്കൈനീട്ടം വാങ്ങിക്കാന്‍ ഗൌരിയമ്മയും
ഉണ്ടായിരുന്നു.എന്‍റെ അറിവിലുള്ള കണ്ണ് വയ്ക്കല്‍ പുലികളിലെ അവസാന കണ്ണി.മറ്റുള്ളവരെല്ലാം
പ്രായമായി മരിച്ച് പോയിരുന്നു.തൊണ്ണൂറ് വയസ്സ് കഴിഞ്ഞങ്കിലും ഗൌരിയമ്മയ്ക്ക് നല്ല ചുറുചുറുക്ക്.
അവര്‍ വെറും പുലിയല്ല മോനെ ഒരു പുപ്പുലി തന്നെ!!!
ഗൌരിയമ്മയ്ക്ക് കാശായിട്ട് അധികം കൊടുത്താലും കുറച്ച് കൊടുത്താലും പ്രശ്നമാ, അത്കൊണ്ട് തന്നെ വിഷുക്കൈനീട്ടമായി ഞാനൊരു മുണ്ടും നേര്യതുമാണ് കൊടുത്തത്.കൊച്ച് കുട്ടികളെ പോലെ ഓടി വന്ന് കൈനീട്ടം വാങ്ങിയ ഗൌരിയമ്മയെ നോക്കി ഞാന്‍ പറഞ്ഞു:
"ഗൌരിയമ്മയ്ക്ക് ഈ പ്രായത്തിലും എന്താ ചുറുചുറുക്ക്?"
അതങ്ങ് ഏറ്റു....
അന്ന് വൈകിട്ട് അവര്‍ ഇഹലോകവാസം വെടിഞ്ഞു!!!
ശവസംസ്ക്കാരത്തിനു ചെന്ന എന്നെ നാട്ടുകാരെല്ലാം അത്ഭുതത്തോടാണ് നോക്കിയത്.അവിടെ നിന്നും
തിരിച്ച് ഇറങ്ങിയപ്പോള്‍ ആരോ പുറകില്‍ നിന്ന് പറയുന്നത് കേട്ടു:
"യെവന്‍ പുലിയാണ്"
ദൈവമേ,
ഞാന്‍ എന്ത് തെറ്റാ ചെയ്തത്?
19 comments:
അണ്ണാ , നിലവാരം പുലര്‍ത്തുന്നുണ്ട് !!! ആദ്യത്തെ കമന്റ് എന്റെ വക , പടക്കം പൊട്ടിക്കാന്‍ അറിയില്ല !!!!! തുടരൂ
ചക്കക്കുരു പോലിരുന്ന ഞാന്‍ ചക്കചൊള പോലെയായി...
അവസാനം നിങ്ങളും പണി പറ്റിച്ചു അല്ലേ...
എന്ത് തോന്നി..അന്ന് വൈകുന്നേരം ആ വാര്‍ത്ത കേട്ടപ്പോള്‍....
നാട്ടുകാര് മാത്രമല്ല ഞങ്ങളെല്ലാം പറയുന്നുണ്ട്
"യെവന്‍ പുലിയാണെന്ന്.. വെറുമൊരു പുലിയല്ല ഒരു സിംഹം" :)
യെവന്റെ ബ്ലോഗില്‍ നിറയെ കമന്റുകളാണല്ലോ....
ഞാനും കണ്ണു വച്ചു
എനിക്കും ഇതു പോലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ വല്ലതും ഉണ്ടോ എന്നു റ്റെസ്റ്റ് ചെയ്യണമല്ലൊ..
ഒരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്, പിന്നീട് ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഇതാ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
കൂട്ടുകാര്‍ ഇട്ട കമന്‍റ് എല്ലാം നഷ്ടപ്പെട്ടു പോയി, ക്ഷമിക്കണം
അങ്ങനെ ഗൌരിയമ്മയുടെ സ്ഥാനം ഏറ്റെടുത്തു അല്ലെ? :)
ദയവായി എന്നെ നോക്കി ഒന്നും പറയല്ലേ!
ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.
ഗൌരിയമ്മക്ക് ഒരു പിന്ഗാമി,കായംകുളം കണ്ണാ,മച്ചാ വല്ലപ്പോഴും ഞങ്ങളും ബ്ലോഗിക്കോട്ടെ,കണ്ണ് വെച്ച് കൊല്ലല്ലേ..
അരുണേ...
എനിക്കിത്തിരി വണ്ണം കൂടുതലാ...
കുറക്കാൻ നോക്കീട്ട് ഒരു രക്ഷയുമില്ല...
എന്നെ നോക്കി എന്തെങ്കിലും ഒന്നു പറയോ....??!!
ആശംസകൾ.
ഈശ്വരാ ഞാന്‍ ഈ നാട്ടുകാരി അല്ല കേട്ടോ ... :)
നാട്ടുകാര്‍ക്ക് ഇപ്പോ ഒരു പ്രത്യേക ബഹുമാനം ഒക്കെ കാണും അല്ലേ?
ഹോ ! എന്തോരം പോസ്റ്റാ.. അതും എന്തൊരു നര്‍മ ഭാവന...!!!!!
വല്ലതും പറ്റിയാ അറിയിക്കണേ..
ഹാ...വെറുതെയല്ലാ...ഇയാളു എന്റെ ബ്ലോഗില്‍ കയറി സ്മൈലി ഇട്ടതിനു ശേഷം എനിക്ക് വേറേ പോസ്റ്റ് നാട്ടാന്‍ സര്‍ഗ്ഗഭാവന ഉണരാതെ പോയതു..:)
കാശില്ലനേരത്ത് ഇറക്കിയ നെല്‍കൃഷി
നിറയെ കവട[കള] കയറി.
അപ്പോള്‍ നാട്ടിലെ പേര്കേട്ട ചെല്ലപ്പന്പിള്ളയെ കൊണ്ടു വന്നു മൂപ്പരെ കൊണ്ട് ഒന്നു കവടക്ക് കണ്നു വയ്പ്പിച്ചാല്‍ കവട പറിക്കുന്ന ചിലവു ഒഴിവാക്കാം എന്ന ബുദ്ധി.
കാര്യം പറഞ്ഞ് ചെല്ലപ്പന്‍ പിള്ളയെ വരമ്പില്‍ കൊണ്ടു ചെന്ന് നിര്‍ത്തി പുള്ളി ആകെ ഒന്നു നോക്കിട്ട് പറഞ്ഞു.
" ഹും പുള്ളെ നിറയെ കവട ആണെലും ഒള്ള നെല്ലു പഷ്ടാ .."
അതോടെ ആ ഉള്ള നെല്ലിന്റെ പണി തീര്‍ന്നു കിട്ടി..
വളരെ രസകരം!!!!!!!!! ചക്കച്ചുള പോലത്തെ ആള് ചക്കകു...
വളരെ രസകരം!!!!!!!!! ചക്കച്ചുള പോലത്തെ ആള് ചക്കകുരുപോലെ ആയപ്പോള്‍ ഗൌരിയമ്മയെകുരിച്ചുള്ള മാനസികാവസ്ഥ എന്തായിരുന്നു... പിന്നീട് പുറകില്നിന്നു " ആള് പുലിയാണ്" എന്ന്നു കേട്ടപ്പോള്‍ ഉള്ള മനസികവസ്തയോ.....
സുകന്യ,
ശിവ,
ജോണ്‍,
ജുനൈത്ത്,
വീകെ,
റാണി,
ശ്രീ,
കൊസ്രാ കൊള്ളി,
രാജേട്ടാ,
മാണിക്യും ചേച്ചി,
ഗീത
:വളരെ വളരെ നന്ദി :)
പുലി തന്നെ..!!
രസകരമായി എഴുതി..അനുമോദനങ്ങള്‍..!!
പാടത്ത് കള കൂടിയപ്പോള്‍ നാട്ടിലെ കരിങ്കണ്ണനെ കൂട്ടിക്കൊണ്ട് പോയി കളയ്ക്ക് കണ്ണ് വെയ്ക്കാന്‍ പ്ലാനിട്ടു ഒരു നാട്ടാരന്‍. പാടത്തെത്തിയതും നമ്മുടെ കരിങ്കണ്ണന്‍ പറഞ്ഞു ‘കള ആണെങ്കിലെന്താ, ഇടക്കിടക്കുള്ള ഒരോ കതിര് മതീല്ലോ”
പിന്നത്തെ കഥ പറയണോ..?!!
Post a Comment