
മാമ്പഴക്കാലം..
മാവില്‍ ഞാന്ന് നില്ക്കുന്ന മാങ്ങകള്‍...
മംഗലശ്ശേരില്‍ നീലകണ്ഠന് മകന് കാര്ത്തികേയന് പറയുന്ന പോലെ,
"പല രൂപത്തില്‍, പല ഭാവത്തില്‍.."
മൂങ്ങാണ്ടന്‍ മാങ്ങാ, കിളിച്ചുണ്ടന്‍ മാങ്ങാ, നാട്ട് മാങ്ങാ, കാട്ട് മാങ്ങാ, കണ്ണി മാങ്ങാ, പച്ച മാങ്ങാ, പഴുത്ത മാങ്ങാ, പുഴുത്ത മാങ്ങാ..
ഇങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.
ആരെന്തൊക്കെ പറഞ്ഞാലും മാങ്ങാ എന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാ..
ഇത് വായിച്ച് ആരും മാങ്ങാ എനിക്ക് പ്രാണനാ എന്ന് തെറ്റിദ്ധരിക്കരുത്, കാരണം മേല്‍ സൂചിപ്പിച്ച ജീവന് എന്റെ കൂട്ടുകാരനാ.അവന്റെ വീട്ടില്‍ എല്ലാത്തരം മാവുമുണ്ട്.കുട്ടിക്കാലത്ത് ഏത് മാങ്ങാ വേണം എന്ന് പറഞ്ഞാല്‍ മതി, അവന് കൊണ്ട് വന്ന് തരും.ആ മാങ്ങാ വാങ്ങി തിന്നപ്പോള്‍, പിന്നീട് പ്രീഡിഗ്രി കാലത്ത് കണക്കില്‍ പഠിച്ചതിനെക്കാള്‍ വലിയൊരു സമവാക്യം എന്റെ മനസ്സില്‍ ഊരിത്തിരിഞ്ഞു,
മാങ്ങാ ഈസ്സ് ഈക്യുല് റ്റു ജീവന്..
മാങ്ങാ ജീവനു തുല്യമാണ്!!
അഥവാ ജീവന് മാങ്ങായ്ക്ക് തുല്യനാണ്!!
ഭൂമിമലയാളത്തിനു എന്റെ വക ഒരു സമവാക്യം!!
പക്ഷേ എന്റെ സമവാക്യം തെറ്റാണെന്ന് കാലം തെളിയിച്ചു..
ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് എന്റെ സമവാക്യം തെറ്റി പോയത്.
അന്നത്തെ ഒരു സുപ്രഭാതം..
എന്നത്തെയും പോലെ കണ്ണുകള്‍ മുറുക്കെ അടച്ച് ഞാന്‍ മാങ്ങയേ പറ്റി ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ ജീവന്റെ മുഖം തെളിഞ്ഞു വന്നു.എന്റെ സമവാക്യത്തിന്റെ അടുത്ത പടി എന്ന നിലയില്‍ ഞാന്‍ കണ്ണുകള്‍ മുറുക്കെ അടച്ച് ജീവനെ കുറിച്ച് ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ അവന്റെ പെങ്ങള് ഗംഗയുടെ മുഖം തെളിഞ്ഞു വന്നു.
മാങ്ങാ ഈസ്സ് ഈക്യുല് റ്റു ജീവന്.
ജീവന് ഈസ്സ് ഈക്യുല് റ്റു ഗംഗ.
മാങ്ങായ്ക്ക് തുല്യം ജീവനാണെങ്കില്‍, ജീവനു തുല്യം ഗംഗ!!
എന്റീശ്വരാ..
സമവാക്യം തെറ്റി!!
അല്ലെങ്കില്‍ തന്നെ പണ്ടേ ഞാന്‍ ഇങ്ങനാ..
കൂട്ടുകാരന്റെ പെങ്ങളെ സ്വന്തം പെങ്ങളായിട്ട് മാത്രമേ കാണു എന്നോ, സംസാരിക്കു എന്നോ ഉള്ള അഹങ്കാരങ്ങളൊന്നും എനിക്കില്ല.അവര്ക്കിഷ്ടമാണെങ്കില് അതുങ്ങളെ കാമുകിയായോ, ഭാര്യയായോ ഒക്കെ സങ്കല്പ്പിക്കാന് എനിക്ക് വലിയ സാമര്‍ത്ഥ്യമാ.എന്റെ അമ്മ എപ്പോഴും പറയും,
അവനു ഒരു കാര്യത്തിലും പിടിവാശിയില്ല!!
സത്യമാ, വളരെ നല്ല സ്വഭാവം!!
അതിനാല്‍ തന്നെ ഒരു കൂട്ടുകാരുടെയും പെങ്ങന്മാര് എന്നെ അവരുടെ ചേട്ടന്റെ സ്ഥനത്ത് കാണാറില്ല.അതുകൊണ്ടാകാം ഞാന്‍ അവരുടെ വീട്ടില്‍ ചെന്നാല്‍ എന്റെ അടുത്തോട്ട് ഇവരൊന്നും വരികയേ ഇല്ല.
ഭയങ്കര നാണമാ!!
ഈ സകല പെങ്ങന്മാര്ക്കും ഒരു അപവാദമായിരുന്നു ഗംഗ, കടമിഴിയില്‍ കമലദളമുള്ള എന്റെ നാണക്കാരി.അവള് എന്റെ അരികില്‍ വരും, സംസാരിക്കും, എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ട് തരും...
അതേ അവള് സ്നേഹസമ്പന്നയായിരുന്നു!!
ഒരു സ്നേഹസമ്പന്നയെ സ്നേഹിക്കുന്നത് തെറ്റാണോ??
അല്ലേയല്ല!!
കിളിച്ചുണ്ടന്‍ മാങ്ങായുടെ ഒരു കഷ്ണം പൂളി, അവള് എന്റെ കൈയ്യില്‍ തന്നപ്പോള്‍ ഞാന്‍ മനസ്സ് തുറന്നു:
"എനിക്കിഷ്ടമാ"
അവള് എന്നെ തല തിരിച്ചൊന്ന് നോക്കി..
ആ നോട്ടം കണ്ടതും എന്റെ ഉള്ളൊന്ന് കാളി!!
കടമിഴിയില്‍ കനല് എരിഞ്ഞുവോ??
എരിഞ്ഞു!!
കര്‍ത്താവേ, കുരിശായി!!
"മനുചേട്ടന്‍ എന്താ പറഞ്ഞത്?" ഗൌരവത്തിലുള്ള ചോദ്യം.
അതിസങ്കീര്‍ണ്ണമായ ആ സാഹചര്യത്തില്‍ എന്റെ നാവില്‍ സരസ്വതി വിളയാടി:
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"
അത്രേ ഉള്ളോ എന്ന ചോദ്യത്തോടെ അവള് വീട്ടിലേക്ക് പോയി.
അത്രേം അല്ലായിരുന്നു കുട്ടി...
പക്ഷേ ഇനി അത്രേ ഉള്ളു!!
അല്ലെങ്കില്‍ തന്നെ എനിക്ക് എന്തിനാ വമ്പ്??
എന്തിനും ഏതിനും ഒരു സമയം ഉണ്ടന്നാണ് പറയുന്നത്.എന്റെ അനുഭവത്തില്‍ അത് സത്യമാ, കറക്ട് സമയമായപ്പോള്‍ എനിക്ക് ഗംഗയോടുള്ള പ്രേമത്തിനു ഒരു വഴിത്തിരുവുണ്ടായി.അത് അവള് പ്രീഡിഗിക്ക് പഠിക്കുന്ന സമയത്താണ് സംഭവിച്ചത്.സ്വന്തമായി ഒരു തീരുമാനമെടുക്കാനും, അത് നടപ്പിലാക്കാനും എനിക്ക് കഴിയും എന്ന് എനിക്ക് ബോധ്യം വന്നത് ആ സംഭവത്തോട് കൂടി ആയിരുന്നു.
ഞങ്ങളുടെ നാട്ടില്‍ കിണര്‍ കോരി വറ്റിക്കുന്നത് ഞാനടക്കമുള്ള ഒരുപറ്റം ചെറുപ്പക്കാരാണ്.മാമ്പഴക്കാലത്താണ് ഞങ്ങള്‍ കിണര്‍ വറ്റിക്കാനിറങ്ങുന്നത്.ഈ സേവനം തികച്ചും സൌജന്യമാണ്, എങ്കിലും ഇതിനു പകരമായി വീട്ടുകാര്‍ മാമ്പഴം, ചക്ക തുടങ്ങിയവ തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചേ വിടാറുള്ളു.അതിനൊരു കാരണമുണ്ട്..
കിണര്‍ വറ്റിക്കുന്നവരെ സന്തോഷിപ്പിച്ചില്ലങ്കില്‍, വറ്റിച്ചതിന്റെ പിറ്റേദിവസം കിണറ്റില്‍ പൂച്ച ചത്ത് കിടക്കും പോലും,അത്തരത്തില്‍ രണ്ടോ, മൂന്നോ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് കാരണവന്മാര് പറയുന്നത്.
ഒരോരോ അന്ധവിശ്വാസങ്ങള്‍!!
എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവുമില്ല...
വീട്ടുകാര്‍ വല്ലതും തന്നാലും, ഇല്ലെങ്കിലും ഞാന്‍ കിണര്‍ വറ്റിക്കാന്‍ പോകും.വറ്റിച്ച് കഴിഞ്ഞ് മാങ്ങാ വല്ലതും തന്നാല്‍ തിന്നും, ഇല്ലെങ്കില്‍ എന്റെ വീടിന്റെ തട്ടിന് പുറത്ത് താമസിക്കുന്ന പൂച്ചകളുടെ കൂട്ടത്തില്‍ നിന്നും ഒരു പൂച്ചയെ കാണാതെയാകും.
ഈ പൂച്ച എവിടെ പോകുന്നതാണോ എന്തോ??
ദൈവത്തിനറിയാം!!
കിണര്‍ കോരി വറ്റിക്കുന്നതിലുമുണ്ട് ചില സത്യങ്ങള്‍.ഏറ്റവും ധീരനായിരിക്കും കിണറിന്റെ ഏറ്റവും താഴെ ഇറങ്ങുന്നത്.പേടി ഉള്ളവര്‍ അധികം താഴേക്കിറങ്ങാറില്ല, അവര്‍ കിണറിന്റെ മുകളിലെ തൊടികളില്‍ നില്ക്കും.ഈ പേടിത്തൊണ്ടന്മാരും, ധീരന്മാരും കൂടി കിണര്‍ വറ്റിക്കുമ്പോള്‍, കിണറിനടുത്ത് ഒരു കസേരയിട്ട്, അതില്‍ ഇരുന്ന്, എത്ര കുടം വെള്ളം കോരി എന്ന് എണ്ണുന്നതായിരുന്നു എന്റെ ജോലി.
വളരെ ഉത്തരവാദിത്തമുള്ള ജോലി!!
എണ്ണം തെറ്റിയാല്‍ കിണര്‍ വറ്റിയില്ലങ്കിലോ??
കോരി വറ്റിക്കുന്നത് ബാക്കിയുള്ളവരാണെങ്കിലും, കിണര്‍ വറ്റുന്നത് വരെ ടെന്‍ഷന്‍ എനിക്കായിരുന്നു.
എല്ലാത്തിനും ഞാനൊരാളെല്ലേ ഉള്ളു!!
പക്ഷേ ഒരു പ്രാവശ്യം ജീവന്റെ വീട്ടിലെ കിണര്‍ വറ്റിക്കാന്‍ നേരം, ഗംഗയുടെ മുമ്പില്‍ ധീരനാണെന്ന് തെളിയിക്കാന്‍ ഏറ്റവും താഴെ ഞാനിറങ്ങി.അന്ന് കിണര്‍ വറ്റിച്ചു കഴിഞ്ഞ് മുകളിലേക്ക് കേറിക്കൊണ്ടിരുന്ന എന്റെ കാലൊന്ന് വഴുതി.
അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന് കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
സ്പൈഡറിനെ പോലെ മുകളിലേക്ക് കയറിയവന് സ്പൈഡര്‍മാനെ പോലെ താഴേക്ക് ലാന്‍ഡ് ചെയ്തു..
പട്ക്കോ!!
ഒരു മുട്ടന്‍ ശബ്ദം!!
"എടാ ഒരു കൊടം കിണറ്റില്‍ വീണെന്ന് തോന്നുന്നു" ആ പറഞ്ഞത് ഷാജിയാ.
"നാല് കൊടവും ഇവിടുണ്ടല്ലോടാ" ജീവന്റെ മറുപടി.
ദ്രോഹികള്‍..
ഇവിടൊരുത്തന് നടുവടിച്ച് വീണ സൌണ്ടാ!!
വേദന കൊണ്ട് പിടഞ്ഞപ്പോള്‍, കരയുന്ന ശബ്ദത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"കൊടമല്ലടാ"
പണ്ടേ നാക്കിനൊരു കൊത്തയുള്ളതിനാല് 'ട' എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ 'ത' എന്നേ കേള്ക്കു.ഇവിടിപ്പോള്‍ കിണറിന്റെ എക്കോയും...
അതിനാലായിരിക്കാം ഞാന്‍ വിളിച്ച് കൂവിയ കേട്ട് എല്ലാവരും ചിരിച്ചത്!!
പണ്ട് ഞാന്‍ സ്റ്റേജില്‍ കയറി 'അമ്മിണിക്കുട്ടിയുടെ കൊടം' എന്ന കഥാപ്രസംഗം പറഞ്ഞപ്പോള്‍ കേട്ട അതേ ടോണിലുള്ള ചിരി.
സാമദ്രോഹികള്‍!!
അവസാനം അവരെല്ലം കൂടി എന്നെ കിണറിനു വെളിയില്‍ എത്തിച്ചു.തലയുയര്‍ത്തി ആരേയും നോക്കാന്‍ പറ്റണില്ല.ശരീരത്തെക്കാള്‍ വേദന കൂടുതല്‍ മനസ്സിനാ.മൊത്തത്തില്‍ അബദ്ധമായി..
നാണംകെട്ട് നാറാണത്ത് കല്ലായി!!
ദേഹമാസകലം വേദനയുമായി തിരിച്ച് വീട്ടിലേക്ക് പോയപ്പോള്‍ ഗംഗ പറഞ്ഞു:
"ചേട്ടാ, ഗെറ്റ് വെല്‍ സൂണ്‍"
ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ കിണര്‍, സൂണ്‍ എന്നാല്‍ പെട്ടന്ന്..
എത്രയും പെട്ടന്നൊരു കിണര്‍ കിട്ടട്ടേന്ന്!!
എന്തിനാ..
നിന്നെ കുഴിച്ചു മൂടാനാണോ??
പരമദുഷ്ട!!
എന്നെ ആക്കിയതാ!!
ഇനി നിന്നെ പ്രേമിക്കാന്‍ വേറെ ആളെ നോക്ക്!!
കുട്ടിക്കാലത്ത് എന്റെ മനസ്സില്‍ മൊട്ടിട്ട പ്രേമം, അവളെ കെട്ടിക്കുന്ന വരെ കാത്ത് നില്‍ക്കാതെ, ആ സായംസന്ധ്യയില്‍ ആത്മഹത്യ ചെയ്തു.
അങ്ങനെ ആ പ്രേമത്തിനു വഴിത്തിരുവായി!!
അവളോട് പ്രേമം വേണ്ടാ എന്ന തീരുമാനം ഞാന്‍ നടപ്പിലാക്കിയട്ട് വര്‍ഷങ്ങളായി..
പിന്നെ ഞാന്‍ ഗംഗയെ കണ്ടത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.പഴയപോലൊന്നുമല്ല, അവളങ്ങ് പച്ച പരിഷ്ക്കാരി ആയി പോയി.ഞാനിപ്പം ബാംഗ്ലൂരിലാണെന്ന് പറഞ്ഞപ്പോള്‍ അവളെന്നോട് ചോദിച്ചു:
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"
എന്റെ വൈഫ് എന്റെ കൂടാണോ താമസമെന്ന്??
പിന്നല്ലാതേ!!
വല്ലോന്റേം കൂടെ താമസിക്കുമോ??
അവളുടെ ആ മണ്ടന്‍ ചോദ്യം കേട്ടതോടെ എന്റെ മനസ്സില്‍ പുതിയോരു സമവാക്യം രുപം കൊണ്ടു..
ഗംഗ ഈസ്സ് ഈക്യുല് റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!!