ജീവിതമാകുമ്പോള്‍ എത്രയോ ടെന്‍ഷന്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളെ അഭിമുഖീകരിക്കണം, എന്നാല്‍ എല്ലാം കഴിഞ്ഞ് ആ നിമിഷങ്ങളെ ഒന്ന് വീണ്ടും ഓര്‍ത്ത് നോക്കിയാല്‍ അറിയാതെ ചിരിച്ച് പോകും.കഴിഞ്ഞ രണ്ടാഴ്ച എനിക്ക് ഇത്തരം ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു, ആ ടെന്‍ഷനുകളെ സ്വല്പം ഏരിവും പുളിയും മസാലയും ചേര്‍ത്ത് ഞാനിവിടെ വിളമ്പുന്നു...
കോമഡി ഇല്ലാതെ, അനുഭവങ്ങള്‍ നിറഞ്ഞ ഒരു ടെന്‍ഷന്‍ പോസ്റ്റ്...
അതാണ് ഈ പോസ്റ്റ്...
എന്റമ്മോ, എന്തൊരു ടെന്‍ഷന്‍!!!
ഈ കഥ തുടങ്ങുന്നത് മൂന്നാഴ്ച മുമ്പേയാണ്..
അന്ന്, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്റെ പ്രകാശന വേളയില്‍, എന്‍.ബി പബ്ലിക്കേഷന്റെ അടുത്ത ബുക്ക് അരുണിന്റെ കലിയുഗവരദന് എന്ന നോവലാണെന്ന് പബ്ലിഷറായ ജോ പ്രഖ്യാപിച്ചു.സത്യം പറയട്ടെ, വേദിയിലിരുന്നു ഞാനങ്ങ് കോള്മയിര് കൊണ്ടു.ആ പ്രഖ്യാപനം കേട്ട് നിന്ന നാട്ടുകാര്‍ക്കും അതേ പോലെ എന്തോ കൊണ്ടു!!
അവരെ കുറ്റംപറയേണ്ടാ, പാല് തരാം, സദ്യ തരാം എന്നൊക്കെ മോഹന വാഗ്ദാനം നല്കി ക്ഷണിച്ചിട്ട്, കൈയ്യില്‍ ഒരു ബുക്കും കൊടുത്ത്, കത്തി കാട്ടി അതിന്റെ രൂപയും വാങ്ങിച്ചിട്ട് അരമണിക്കൂര്‍ പോലുമായില്ല, അതിനു മുമ്പേ അടുത്ത ബുക്കും വരുന്നത്രേ!!
എന്തായാലും സംഭവം നാട്ടില്‍ പാട്ടായി...
അരുണിന്റെ അടുത്ത ബുക്ക് വരുന്നു...
അരുണ്‍ അതിന്റെ പ്രസവവേദനയിലാണ്!!!
ഒരുവിധപ്പെട്ട എഴുത്തുകാരനൊക്കെ ടെന്‍ഷനടിക്കാന്‍ ഇത് തന്നെ ധാരാളം, എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇലക്ഷനു നാട്ടില്‍ ചെല്ലുന്ന വരെ എനിക്ക് പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.അവിടെ വോട്ട് ചെയ്യാനുള്ള നീണ്ട ക്യൂവിന്റെ സൈഡില്‍ നില്ക്കുന്ന എന്നെ നോക്കി ആള്ക്കാര് ചിരിക്കുന്ന കണ്ടപ്പോള്‍ ആദ്യമായി എനിക്ക് ചെറിയ ടെന്‍ഷന്‍ തോന്നി തുടങ്ങി...
ഇതെന്താ ഇങ്ങനെ??
എല്ലാവരും എന്നെ പരിചയമുള്ള പോലെ ചിരിക്കുന്നു..
ഇത് സത്യമോ അതോ എന്റെ മാനസിക വിഭ്രാന്തിയോ??
എനിക്ക് വട്ടായോന്ന് ഞാന്‍ തന്നെ ആലോചിച്ച് നില്‍ക്കെ ഒരു പോലീസുകാരന് അടുത്തേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"സാര്‍ ഈ പ്രാവശ്യം ഇലക്ഷനു നില്ക്കുന്നുണ്ടോ?"
"ഇല്ല, എന്തേ?"
"അല്ല, സാറിവിടെ നിന്ന് എല്ലാവരെയും നോക്കി ചിരിച്ച് കാണിക്കുന്ന കൊണ്ട് ചോദിച്ചതാ"
അപ്പം അതാണ് കാര്യം!!
വഴിയെ പോകുന്നവരെയും, വാലേ തൂങ്ങുന്നവരെയും ഞാന്‍ ഇളിച്ച് കാണിക്കുന്ന കൊണ്ട്, അവരെല്ലാം തിരികെ ചിരിക്കുന്നതാ.'വാ അടയ്ക്കടാ പുല്ലേ' എന്നാണ് പോലീസുകാരന് പറഞ്ഞതിന്റെ അര്‍ത്ഥം.ഞാന്‍ പതിയെ വാ അടച്ചു, വായില്‍ ഈച്ച കേറാതെ നോക്കണമെല്ലോ?
പോലീസുകാരനെ നോക്കി ഞാന്‍ വിരണ്ട് നില്ക്കുന്ന കണ്ടിട്ടാകാം, എനിക്ക് വേണ്ടി ക്യൂവില്‍ നില്ക്കുന്ന ഒരു വല്യമ്മ പോലീസുകാരനോട് ഒരു ചെറിയ റിക്വസ്റ്റ്:
"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്റെ സൂക്കേടുള്ള പയ്യനാ"
ഠിം!!!
ശരിക്കും എന്റെ മുഖത്തെ ചിരി മാഞ്ഞു, ഇപ്പോ ചിരി നാട്ടുകാരുടെ മുഖത്ത്!!!
ആ ആഴ്ച അങ്ങനെ കഴിഞ്ഞു.
അതോടെ എന്റെ ടെന്‍ഷന്‍ കൂടി കൂടി വന്നു തുടങ്ങി.കാരണം അടുത്ത ബുക്ക് വൃശ്ചിക മാസത്തില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച ജോയുടെ അനക്കമൊന്നുമില്ല.മറ്റൊരു ഡയറക്റ്ററായ കണ്ണനുണ്ണി ദിവസവും വിളിക്കാറുണ്ടെങ്കിലും ഇതിനെ കുറിച്ചൊന്നും പറയുന്നില്ല.
അപ്പോ അടുത്ത ബുക്ക് ഇവര്‍ ഇറക്കില്ലേ??
അറിയാതെ ആശിച്ച് പോയി, ആ വിഷമത്തില്‍ രാത്രികള്‍ ഉറക്കമില്ലാത്തതായി, എപ്പോഴോ ഉറങ്ങിയപ്പോള്‍ അബോധമനസ്സ് പിറുപിറുത്തു:
"ദൈവമേ, ഞാനും എന്റെ ആശയും മാത്രം ബാക്കി ആകുമോ?"
ദൈവം മറുപടി പറഞ്ഞില്ല!!!
ആ രാത്രി അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ചായ കൊണ്ട് തന്ന ഭാര്യയുടെ മുഖത്ത് ചായക്കില്ലാത്ത കടുപ്പം.
"എന്താടി?"
"ആരാ ഈ ആശ?"
കര്‍ത്താവേ, ഇവള്‍ക്ക് ഉറക്കമില്ലേ??
ഒന്നും മിണ്ടാതെ പുറത്തേക്ക്...
ഒടുവില്‍ ടെന്ഷനുകള്ക്ക് അവധി കൊടുക്കാന്‍ ഒരു കാരണം കിട്ടി, അത് മറ്റൊന്നുമല്ല ബുക്ക് ഇറക്കാന്‍ തയ്യാറാണെന്ന് ജോ വിളിച്ച് പറഞ്ഞു.പുതിയിടം കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് പ്രകാശനം നടത്താന്‍ കഴിയുമോന്ന് അറിയാന്‍ ഞാനും കണ്ണനുണ്ണിയും കൂടി അവിടുത്തെ ഗുരുസ്വാമിയായ അശ്വിനിദേവിനെ കണ്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"അടുത്താഴ്ച തൃക്കുന്നപ്പുഴ ക്ഷേത്രത്തില്‍ വച്ച് അയ്യപ്പ സേവാ സംഘത്തിന്റെ സംസ്ഥാന തല സ്പെഷ്യല്‍ കണ്‍വെന്‍ഷനുണ്ട്.അതിന്റെ ഉദ്ഘാടന ചടങ്ങില്‍ പന്തളം മഹാരാജാവ് വരുന്നുണ്ട്.നമുക്ക് അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യിക്കാം"
പന്തളം മഹാരാജാവ്...
രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്!!
സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനത്തുള്ള വ്യക്തി!!!
അയ്യപ്പാ, ഇത് സത്യമോ?
അവിടെ തലകുത്തി നില്ക്കാന് തോന്നി, അലറി വിളിച്ചൊന്ന് ഓടാന്‍ തോന്നി, മരത്തിനു മറഞ്ഞ് നിന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി...
"അത് മതിയോ?" വീണ്ടും അശ്വനിസ്വാമി.
മതിയെന്ന് ഞാന്‍ പറയുന്നതിനു മുമ്പേ കണ്ണനുണ്ണി പറഞ്ഞു:
"അത് മതിയേ!!!!"
മുമ്പില്‍ അഞ്ച് ദിവസമുണ്ട്...
ശനിയാഴ്ച പരിപാടി, അതിനുള്ളില്‍ ബുക്ക് തയ്യാറാക്കണം.പിന്നെ അതിനായി ശ്രമങ്ങള്‍..
നന്ദേട്ടന് കവര്‍ റെഡിയാക്കി, ഞാന്‍ മാറ്റര്‍ അയച്ചു കൊടുത്തു, കണ്ണനുണ്ണി പ്രൂഫ് നോക്കി, നിത സെറ്റ് ചെയ്തു, ശ്രീനി ഫോട്ടോ അയച്ച് കൊടുത്തു, ജോ എല്ലാം ഏകോകിപ്പിച്ച് ഓടി നടന്നു, ഒടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് സംഭവം പ്രസ്സില്‍ എത്തിച്ചു, വെള്ളിയാഴ്ച ബുക്ക് തരാമെന്ന് അവര്‍ വാക്ക് നല്കി.ആ വിശ്വാസത്തില്‍ പരിപാടിക്കായി ഞാന്‍ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു.
വെള്ളിയാഴ്ച രാവിലെ..
ആദ്യ ഫോണ്‍ നാട്ടില്‍ നിന്നായിരുന്നു:
"അരുണേ, പന്തളം രാജാവ് ബോംബയിലാ, ചിലപ്പോഴെ നാളെ രാവിലെ എത്തുകയുള്ളു"
ഞെട്ടി പോയി!!
വിവരം അറിയിക്കാന്‍ ജോയെ വിളിച്ചപ്പോള്‍ ജോ പറഞ്ഞു:
"അരുണേ, പ്രസ്സിനടുത്തുള്ള പോസ്റ്റില്‍ ലോറി ഇടിച്ചു, കരണ്ടില്ല, ബുക്ക് ചിലപ്പോഴേ ഇന്ന് കിട്ടു"
കുശാലായി!!!
ഫോണ്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ കണ്ണനുണ്ണി...
"എന്താ കണ്ണനുണ്ണി?"
"അരുണേ, എനിക്ക് ശനിയാഴ്ചയും പണിയുണ്ട്, പ്രകാശനത്തിനു ഞാന്‍ കാണില്ല"
എനിക്ക് മിണ്ടാട്ടമില്ല.
"എന്താ അരുണേ, ഞെട്ടിയോ?"
ഹും! സാക്ഷാല്‍ പന്തളം മഹാരാജാവ് ഇല്ലെന്ന് പറഞ്ഞിട്ട് ഞെട്ടിയ ക്ഷീണം മാറിയില്ല, പിന്നെങ്ങനെ വീണ്ടും ഞെട്ടും!!
പിന്നെയും ഫോണ്‍, നന്ദേട്ടന്:
"എടാ, ഞാനും , പ്രവീണ്‍ വട്ടപറമ്പത്തും, നിരക്ഷരനും ജോയുടെ കൂടെ നാളെ വരുന്നുണ്ട്"
എന്നാത്തിനാ??
ചോദിച്ചില്ല, പകരം പറഞ്ഞു:
"തൃപ്തിയായി നന്ദേട്ടാ, തൃപ്തിയായി"
ഒരു ബുക്ക് പ്രകാശനമെന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..
രചയിതാവ് ബാംഗ്ലൂരില്‍, ബുക്ക് പ്രസ്സില്‍, പ്രകാശനം ചെയ്യേണ്ട വ്യക്തി ബോംബെയില്‍, പ്രകാശന സ്ഥലം തൃക്കുന്നപ്പുഴയും, ക്ഷണിക്കപ്പെട്ടവര്‍ വരുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു..
സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം??
തലക്ക് കൈയ്യും കൊടുത്ത് ഉച്ച വരെ ഒരേ ഇരുപ്പ്.
ഉച്ചക്ക് ബോധോദയം ഉണ്ടായപ്പോള്‍ അശ്വനി സ്വാമിയെ വിളിച്ചു, വിഷമം പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്കി:
"എന്തായാലും വാ നമുക്ക് നോക്കാം"
ഒരു കടമ്പ കടന്നു, അടുത്തത് ബുക്ക്...
"ജോ, എന്തായി?"
"ഉറപ്പില്ല അരുണേ, നോക്കാം എന്നേ ഉള്ളു"
"അയ്യോ, അപ്പോ എന്ത് ചെയ്യും?"
"നമുക്ക് ബ്ലോഗിന്റെ പ്രിന്റൌട്ട് എടുത്ത് പ്രകാശനം ചെയ്യിച്ചാലോ?"
കഷ്ടം!!
സമയം പാതിരാത്രി...
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പ്രകാശനത്തിനായി ഒരു യാത്ര.എനിക്ക് ഉറക്കമില്ല, മനസില്‍ ടെന്‍ഷന്‍ മാത്രം, എന്തായി തീരും?
രാജാവ്..ബുക്ക്...രാജാവ്..ബുക്ക്...
ഒടുവില്‍ ഒരു മണി ആയപ്പോള്‍ ബുക്ക് കൈയ്യില്‍ കിട്ടിയെന്ന് ജോ വിളിച്ച് പറഞ്ഞു.രാവിലെ എല്ലാവരുമായി അവിടെ എത്താമെന്ന് വാക്കും തന്നു.ഇപ്പോ മനസില്‍ ഒരു ടെന്‍ഷന്‍ മാത്രം..
പന്തളം മഹാരാജാവ്...
ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്!!
അദ്ദേഹം വരുമോ?
കാത്തിരുന്നു കാണുക തന്നെ.
ശനിയാഴ്ച രാവിലെ അശ്വനിദേവ് ചേട്ടനും, എന്റെ ബന്ധുവായ ജയപ്രകാശ് ചേട്ടനും, ഞാനും കൂടി തൃക്കുന്നപ്പുഴയിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഗ്രൌണ്ടിലെ സമ്മേളന വേദിയിലെത്തി.എറണാകുളത്ത് നിന്ന് ജോയും, നന്ദേട്ടനും, മനോജ് ചേട്ടനും, പ്രവീണും, പിന്നെ ജോയുടെ കൂട്ടുകാരനായ അജീഷ് പട്ടണക്കാട് എന്ന ഫോട്ടോഗ്രാഫറും, ബുക്കുമായി ഹരിപ്പാടെത്തി.അവിടുന്നു ഗോപന് അവരെയും കൂട്ടി തൃക്കുന്നപ്പുഴയിലെത്തി.അയ്യപ്പസേവാ സംഘത്തിന്റെ ആള്‍ക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും അവിടെ ഉണ്ടായിരുന്നു..
പക്ഷേ, രാജാവിനെ മാത്രം കണ്ടില്ല!!
കണ്ണടച്ച് പ്രാര്‍ത്ഥിച്ച് നില്‍ക്കെ നന്ദേട്ടന്റെ വാക്കുകള്‍ അമൃതായി കാതിലെത്തി:
"രാജാവ് വന്നു!!"
വന്നെന്ന് മാത്രമല്ല, നന്ദേട്ടന് അദ്ദേഹത്തിന്റെ ഫോട്ടോയും എടുത്തത്രേ.ഞാനും നന്ദേട്ടനും ആ ഫോട്ടോ ആസ്വദിച്ച് നില്‍ക്കെ വിവരമറിഞ്ഞ് മനോജേട്ടന് അവിടെ എത്തി.ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഇത് രാജാവല്ല, മുന്‍ എം.പി ശ്രീ തെന്നല ബാലകൃഷ്ണനാ"
കര്‍ത്താവേ!!!
ഞെട്ടി നിന്ന എന്നെ നോക്കി മനോജേട്ടന് ചോദിച്ചു:
"അപ്പോ നീയും ഇത് വരെ രാജാവിനെ കണ്ടിട്ടില്ലേ?"
ഇല്ല ചേട്ടാ, ഇല്ല!!
എല്ലാവരും എന്നെ കളിയാക്കി നടന്ന് നീങ്ങിയപ്പോള്‍ എനിക്കൊരു സംശയം...
നന്ദേട്ടന് ഇത് വരെ തെന്നല ബാലകൃഷ്ണന് സാറിനെ കണ്ടിട്ടില്ലേ??
ആവോ, ആര്‍ക്കറിയാം.
ഒടുവില്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ അശ്വനിചേട്ടനാണ് എന്നെ ആശ്വസിപ്പിച്ചത്.രാജാവ് ക്ഷേത്രത്തില്‍ ഉണ്ടത്രേ, ബുക്ക് പ്രകാശനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത്രേ, മാത്രമല്ല അയ്യപ്പ സേവാ സംഘം സ്റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ സാറും, സ്വാഗത സംഘം ചെയര്മാന് മുഞ്ഞിനാട്ടു രാമചന്ദ്രന് സാറും കൂടി ആദ്യ പുസ്തകം മുന്‍ എം പി യും അയ്യപ്പ സേവാസംഘം ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാമെന്നും സമ്മതിച്ചത്രേ!!
അങ്ങനെ ഒടുവില്‍ ദൈവാധീനം കൊണ്ട് എല്ലാം മംഗളമായി വന്നു..
ഇതാ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍...







ചടങ്ങിനു ശേഷം പുസ്തകം വില്‍പ്പന...
സദസ്സിനു സമീപം സ്റ്റാളും കസേരയുമിട്ട് പ്രവീണിന്റെ നേതൃത്വത്തില്‍ അത് ആരംഭിച്ചു.ചുറ്റും കൂടിയവര്‍ അവിടെ തൂക്കി ഇട്ടിരിക്കുന്ന ഷോ കാര്‍ഡിന്റെയും, അവരിരിക്കുന്ന കസേരയുടെയും, ബുക്ക് വച്ചിരിക്കുന്ന മേശയുടെയും, ജോയുടെ ചിരിയുടെയും വില ചോദിച്ച് മടങ്ങി.
ഒടുവില്‍ പായും മടക്കി പരിവാരങ്ങള്‍ കായംകുളത്തേക്ക്...
അന്ന് രാത്രിയില്‍ പുതിയിടം ക്ഷേത്രത്തില്‍ വച്ച് അശ്വനിദേവിന്റെ നേതൃത്വത്തില്‍ ചെറിയൊരു പ്രകാശന ചടങ്ങ്.ശബരിമലക്ക് നടന്ന് പോകാന്‍ ഭജനമിരിക്കുന്ന സ്വാമിമാരെല്ലാം അതില്‍ പങ്കെടുത്തു.
എല്ലാം ഭംഗിയായി കലാശിച്ചപ്പോള്‍ ജോയും കൂട്ടരും തിരികെ എറണാകുളത്തേക്ക്...
പോകുന്നതിനു മുമ്പ് ജോ ചോദിച്ചു:
"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
ആളുകള്‍ ബുക്ക് വാങ്ങുമോ??
ദേ, അടുത്ത ടെന്‍ഷന്‍ ആരംഭിക്കുന്നു...
എന്റമ്മോ, എന്തൊരു ടെന്‍ഷന്‍!!!