(പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കളുടെ അനുവാദത്തോട് കൂടി മാത്രം വായിക്കുക)
ഇതൊരു തുടര്‍ച്ചയാണ്, അത് മാത്രമല്ല ഒരു ചോദ്യത്തിനുള്ള മറുപടിയും.ഈ കഥ വായിക്കുന്നവര്‍ ദയവായി ഇതിന്റെ ആദ്യ ഭാഗം വായിക്കേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദ്യഭാഗം..
ദേവാംഗന കാത്തിരിക്കുന്നു
റീജണല്‍ ഡ്രസിംഗ് ഡേ ആണെന്ന് തെറ്റിദ്ധരിച്ച് ഓഫീസില്‍ ചെന്ന എന്നില്‍ ക്ലൈന്റായ മാദാമ്മ, സോറി ഡയാനാ കെല്ലി എന്ന മേഡം ആകൃഷ്ടയാകുകയും, എച്ച്.ആര് ആയ ദേവാംഗനയോട് എന്നെ പേഴ്സണലായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതറിഞ്ഞ് എല്ലാവരും എന്നോട് ചോദിച്ചു..
എന്തിനാ മാദാമ്മ കാണണമെന്ന് പറഞ്ഞത്??
ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കഥ!!
നിങ്ങളെ എല്ലാവരെയും ഞാന്‍ ഒരിക്കല്‍ കൂടി അന്നത്തെ ദിവസത്തേക്ക് ക്ഷണിക്കുന്നു..
മാദാമ്മ എന്നെ കാണണമെന്ന് പറഞ്ഞ ആ മുടിഞ്ഞ ദിവസത്തിലേക്ക്..
രാവിലെ മുതല്‍ പ്രശ്നങ്ങള്‍ തന്നെ, കുളിക്കാന്‍ കയറിയപ്പോ ചൂട് വെള്ളം മാത്രം, മുണ്ടുടുത്ത് വന്നപ്പോ ടൈ കെട്ടിയ വേഷങ്ങള്‍, ഇതിനിടയിലാ മാദാമ്മക്ക് എന്നെ കാണണമെന്ന്!!
എന്റെ മുത്തപ്പാ, ഇത് എന്നാ കുരിശിനാണോ ആവോ??
പ്രോജക്റ്റ് മാനേജറുടെ അടുത്ത്, മോളേ കെട്ടിക്കാനായിരിക്കും എന്ന മട്ടില്‍ നിന്നെങ്കിലും ചങ്കിലെവിടെയോ ഒരു പിടപിടപ്പ്.നേരെ ദേവാംഗനയുടെ അടുത്ത് ചെന്നു..
"മനുവിന്റെ മുഖത്തെന്താ ഒരു ടെന്‍ഷന്‍?"
"അത് മാദാമ്മ കാണണമെന്ന് പറഞ്ഞിരുന്നു, അതാലോചിച്ചപ്പോ ഒരു ടെന്‍ഷന്‍"
"ഡോണ്ട് വറി, അത് അത്താഴത്തിനു ഹോട്ടലില്‍ പോയി കണ്ടാ മതി"
എന്റെ റബ്ബേ!!!
എന്നാത്തിനാ??
തലക്ക് മുകളില്‍ തീ പിടിച്ച മെഴുകുതിരി പോലെ ഞാനൊന്നു ഉരുകി.
അല്ല, എന്നെ കുറ്റം പറയേണ്ടാ.ഞാനാണെങ്കി ഒരു സാദാ ചെറുപ്പക്കാരന്.ചോരയും, നീരും, മജ്ജയും, മാംസവുമുള്ളവന്‍.മാദാമ്മക്ക് എന്നെക്കാള്‍ ഒരു എട്ട് വയസ്സ് മൂപ്പ് കാണും.കേട്ടിട്ടുള്ള അറിവ് വച്ച് ഇവറ്റകള്‍ക്കൊന്നും സദാചാര ബോധമില്ല.കണ്ടിട്ടുള്ള ഇംഗ്ലീഷ് പടങ്ങളെല്ലാം അത് അരക്കിട്ട് ഉറപ്പിക്കുന്നതാ, അല്ലെങ്കില്‍ അമ്മാതിരിയുള്ള ഇംഗ്ലീഷ് പടങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു.
ഇന്ന് എന്തും സംഭവിക്കാം!!
രക്ഷപ്പെടാന്‍ എന്ത് വഴി?
ഞാനൊരു പതിവ്രതനാണെന്ന് വെട്ടി തുറന്ന് പറഞ്ഞാലോ??
അതേ, അതാണ് നല്ലത്!!
ഞാന്‍ തീരുമാനിച്ചു.
എന്നാല്‍ അതിലും ഒരു കടമ്പ ഉണ്ടായിരുന്നു..
മാദാമ്മക്ക് ഇംഗ്ലീഷേ അറിയു, മലയാളം അറിയില്ല.എനിക്കാണെങ്കില്‍ ഇംഗ്ലീഷും മലയാളവും അറിയാം, പക്ഷേ എന്റെ ഇംഗ്ലീഷ് മാദാമ്മക്ക് അറിയാന്‍ വഴിയില്ല, കാരണം ഇംഗ്ലീഷില്‍ ഞാന്‍ പറയുന്ന വാചകങ്ങളുടെ അര്‍ത്ഥം ഡിക്ഷ്ണറി നോക്കി ഞാന്‍ തന്നെ കണ്ടെത്തുകയാ പതിവ്.
ഇനി എന്നാ ചെയ്യും??
കാര്യം പ്രോജക്റ്റ് മാനേജര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.എല്ലാം കേട്ടപ്പോള്‍ അങ്ങേര് എന്റെ തോളില്‍ തട്ടി പറഞ്ഞു:
"ഭാഗ്യവാന്, ആള് ദി ബെസ്റ്റ്"
തുടര്‍ന്ന് തലയും കുലുക്കി ഒരു നിരാശ ഭാവത്തില്‍ അദ്ദേഹം നടന്നു നീങ്ങി.ആ നടപ്പ് കണ്ടാ അറിയാം, മാദാമ്മ അയാളെ വിളിക്കാത്തതില്‍ അങ്ങേര്‍ക്ക് വിഷമമുണ്ട്.ഇന്ന് മുണ്ട് ഉടുക്കാതെ കോട്ടും ടൈയ്യും കെട്ടിയ നിമിഷത്തെ അദ്ദേഹം ശപിക്കുകയാണെന്ന് തോന്നുന്നു.ഒരു പക്ഷേ മാദാമ്മയെ ഇംപ്രസ്സ് ചെയ്യാന്‍ നാളെ അദ്ദേഹം ഒരു തോര്‍ത്ത് ഉടുത്ത് വരാനും സാധ്യതയുണ്ട്.
കഷ്ടം തന്നെ!!
ഇനി എന്ത് വഴി??
ഒന്നുമില്ല, ഹോട്ടലില്‍ പോകുക തന്നെ.
നേരെ റൂമിലെത്തി, കുളിച്ചെന്ന് വരുത്തി, അത്തറ് പൂശി, മുണ്ട് ഉടുത്ത്, ഷര്‍ട്ടിട്ട്, കുറിയിട്ട്, സുന്ദരനായി.കണ്ണാടിയില്‍ ഒന്നൂടെ നോക്കി..
യെസ്സ്, ബ്യൂട്ടിഫുള്‍!!
ഉറപ്പിനായി തടിയനോട് ആരാഞ്ഞു:
"എടേയ്, ഞാന്‍ ബ്യൂട്ടിഫുള്ളല്ലേ?"
എന്തോ വേണ്ടാത്തത് കേട്ട ഭാവം അവന്റെ മുഖത്ത്, പിന്നെ ചെറു ചിരിയോടെ മറുപടി:
"അണ്ണന് എന്നോട് ചോദിച്ച പോലെ ആരോടേം ചോദിക്കരുത്, ബ്യൂട്ടിഫുള്‍ അല്ല, ഹാന്‍ഡ്സം, അതാ കറക്റ്റ്"
അവന് അങ്ങനെ പറഞ്ഞപ്പോഴാ ബോബനും മോളിയിലും ഐഡിയ വരുമ്പോ കത്തുന്ന പോലത്തെ ഒരു ബള്‍ബ് എന്റെ തലക്ക് മുകളില്‍ കത്തിയത്..
തടിയനു ഇംഗ്ലീഷറിയാം, അവനെ കൂടി കൊണ്ട് പോയാലെന്താ?
വൈ നോട്ട്???
കാര്യം അവതരിച്ചപ്പോ അവന് തയ്യാര്‍.ഇറങ്ങും മുമ്പേ ഒരു കാര്യം ഉണര്‍ത്തിച്ചു:
"മോനേ, ചിലപ്പോ ഞാനും മാദാമ്മയും ഡിസ്ക്കഷനു വേണ്ടി മുറിക്കകത്തായിരിക്കും, അപ്പോ പുറത്തിരിക്കേണ്ടി വരും, കുഴപ്പമുണ്ടോ?"
"ഇല്ലണ്ണാ, വേണേ ഞാനും അകത്ത് വരാം"
ഹേയ്, അത് വേണ്ടാ!!
അമ്പടാ!!
നേരെ ബൈക്കിനു അടുത്തേക്ക്..
സ്റ്റാര്‍ട്ട് ചെയ്ത് തടിയനോട് പറഞ്ഞു:
"കേറടേ"
അവന് പുറകില്‍ കയറിയപ്പോ ഫ്രണ്ട് വീല്‍ ഒന്ന് പൊങ്ങി, അതെന്റെ സ്റ്റൈലല്ല, അവന്റെ വെയ്റ്റാ.രാവിലെ സന്ദീപ് എന്നോട് ചോദിച്ച ചോദ്യം അറിയാതെ അവനോട് ചോദിച്ചു:
"നീ ദിവസവും ആനയെ ആണോ കഴിക്കുന്നത്?"
"ഒന്ന് പോ അണ്ണാ" അവനു നാണം.
ബൈക്ക് ഹോട്ടലിലേക്ക്..
ഹോട്ടലില്‍ ചെന്നപ്പോ ഒരു പ്രശ്നം..
മുണ്ട് ഉടുത്തവരെ അകത്ത് കേറ്റില്ലത്രേ.
വേണേല്‍ തടിയനു കേറാം പോലും, അതങ്ങ് പള്ളി പറഞ്ഞാ മതി, അമ്പടാ!!
ഞാന്‍ നേരെ ദേവാംഗനെ വിളിച്ചു, പിന്നെ പ്രോജക്റ്റ് മാനേജരെ വിളിച്ചു, ഒടുവില്‍ ക്ലൈന്‍ മാദാമ്മയെ വിളിച്ചു, ഇവരെല്ലാം തിരിച്ച് ഹോട്ടലിലേക്ക് വിളിച്ചു, ഹോട്ടല്‍ മാനേജര്‍ സെക്യൂരിറ്റിയെ വിളിച്ചു, അങ്ങനെ സെക്യൂരിറ്റി എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു:
"സാര്‍ കേറിക്കോ"
അകത്ത് ചെന്നപ്പോ അടുത്ത പ്രശ്നം..
ലിഫ്റ്റ് വര്‍ക്കിംഗ് അല്ല!!
പഴനിയാണ്ടവനെ മനസില്‍ ധ്യാനിച്ച് സ്റ്റെപ്പ് കേറി.പത്ത് മിനിറ്റിനുള്ളില്‍ വിയര്‍ത്തൊലിച്ച രണ്ട് രൂപങ്ങള്‍ മാദാമ്മയുടെ റൂമിനു മുന്നിലെത്തി, പതുക്കെ ബെല്ലമര്‍ത്തി..
ഒരു കിളി ചിലക്കുന്ന സൌണ്ട്!!
കാക്കയാണോ, കോഴിയാണോ, അതോ പുള്ളാണോ??
കോളിംഗ് ബെല്ലിന്റെ സൌണ്ടിനെ പറ്റി ആലോചിച്ച് നില്ക്കവേ വാതില്‍ തുറന്നു..
മുന്നില്‍ മാദാമ്മ!!
എന്നെ കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ചു, കെട്ടി പിടിച്ചില്ല!!
ഉമ്മ വെക്കുമെന്ന് കരുതി, ഉമ്മ വെച്ചില്ല!!
പകരം ഒരു 'ഹായ്' മാത്രം..
അമേരിക്കന്‍ സംസ്ക്കാരമില്ലത്ത മാദാമ്മ!!
ഡേര്‍ട്ടി ഡേവിള്‍!!
പതിയെ റൂമിലേക്ക്..
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ട് പോയല്ലോന്ന് കരുതി നില്‍ക്കേ മാദാമ്മ സംസാരിച്ച് തുടങ്ങി.നമ്മള് പച്ചമലയാളം പറയും പോലെ അവര്‍ ഇംഗ്ലീഷ് പറഞ്ഞപ്പോ കണ്ണ് തള്ളി.ഒടുവില്‍ 'യെസ്', 'നോ', 'ആക്ച്വലി', 'വെരി ഗുഡ്' ഇമ്മാതിരി കുറേ വാക്ക് വച്ച് തിരിച്ച് പൊരുതി.
"യൂ ആര് ഫ്രം ഗോഡ്സ്സ് ഓണ്‍ കണ്ട്രി, റൈറ്റ്?"
അതായത് വലത് വശത്തിരിക്കുന്ന ഞാന്‍ ദൈവത്തിന്റെ നാട്ടീന്നാണോ വരുന്നതെന്ന്.വലത്ത് ഇരിക്കുന്ന ഞാന്‍ മാത്രമല്ല, ഇടത്തിരിക്കുന്ന തടിയനും കേരളത്തില്‍ നിന്നാണെന്ന് മറുപടി നല്കി:
"നോട്ട് ഒള്ളി റൈറ്റ്, ലെഫ്റ്റ് ആള്‍സോ"
മാദാമ്മയുടെ കണ്ണ് തള്ളി!!!
പിന്നെ കേരളത്തെ കുറിച്ചായി സംസാരം.കേരളത്തെ കുറിച്ച് പറയുമ്പോ മാദാമ്മക്ക് നൂറ് നാവ്.ഇടക്കിടെ 'കേരള' 'കേരള' എന്ന് പറയുന്നതിനാല്‍ കേരളത്തെ കുറിച്ചാണെന്ന് എനിക്ക് ഉറപ്പായി.എന്റെ മുഖത്ത് നോക്കി സംസാരിക്കുന്ന മാദാമ്മ ഇടക്കിടെ എന്റെ നെഞ്ചിലേക്ക് നോക്കുന്നോന്നൊരു സംശയം!!
എന്തേ??
അമ്പരന്ന് നിന്നപ്പോ മാദാമ്മയുടെ സൌണ്ട്:
"ഐ ലൈക്ക് ദിസ് പ്ലേസ്സ്"
ഞെട്ടി നോക്കിയപ്പോ മാദാമ്മയുടെ കണ്ണ് എന്റെ നെഞ്ചി തന്നെ..
അള്ളാ!!
ഷര്‍ട്ടിന്റെ ഇടാനുള്ള ഒരു ബട്ടണ്‍ കൂടി ഇട്ടട്ട് ഞാന്‍ മൊഴിഞ്ഞു:
"ദിസ് പ്ലേസ്സ് ഈസ്സ് ഫോര്‍ മൈ വൈഫ്"
"വാട്ട്??"
ഹേയ്, ഒന്നുമില്ല.
സമയം പതുക്കെ ഇഴഞ്ഞു നീങ്ങി..
അത്താഴത്തിനു മാദാമ്മയുടെ ക്ഷണം, കൂടെ ഇംഗ്ലീഷില്‍ ഒരു പാരഗ്രാഫ് വാക്കും.എന്തിര് മൊഴിഞ്ഞതെന്ന് അറിയില്ലെങ്കിലും പതിയെ എഴുന്നേറ്റു, എന്നിട്ട് പറഞ്ഞു:
"യെസ്സ്"
സമീപമിരിക്കുന്ന തടിയനു സൌണ്ടില്ല, തട്ടിയുണര്‍ത്തിയപ്പോ ഞെട്ടിത്തെറിച്ചു കൊണ്ട് അവന് ചോദിച്ചു:
"മാദാമ്മ ഇപ്പൊ പറഞ്ഞത് അണ്ണനു മനസിലായോ?"
ഇംഗ്ലീഷല്ലേ??
സത്യത്തില്‍ എനിക്ക് അത്രേ മനസിലായുള്ളായിരുന്നു.അതിനാലാവാം അവന് വിശദമാക്കി..
മാദാമ്മക്ക് കേരളം ഇഷ്ടമാണ്.അതിനാലാണ് മലയാളിയായ എന്നെ ഹോട്ടലിലേക്ക് വരുത്തിയത്.മാത്രമല്ല എന്റെ സന്തോഷത്തിനു ചോറും അവിയലും പ്രത്യേകമായി വരുത്തിയട്ടുണ്ടത്രേ, ബെസ്റ്റ്!!
തള്ളക്ക് ഭ്രാന്താ!!
അല്ലേല്‍ മലയാളിക്ക് അവിയല്‍ കൊടുക്കുമോ??
ഇങ്ങനെ ചിന്തിച്ചിരിക്കെ മാദാമ്മയുടെ മറ്റൊരു ആഗ്രഹം കൂടി തടിയന് പറഞ്ഞു..
അതായത് ആ വരുന്ന വെള്ളി, ശനി, ഞയര്‍ കേരളത്തിലേക്കൊരു ട്രിപ്പ്.അതിനു ഗൈഡ് ചെയ്യാന്‍ ഞാന്‍ കൂടെ ചെല്ലണമെന്ന്.അവരുടെ ഇത്രേം ആവശ്യങ്ങള്‍ക്കാണ് ഞാന്‍ യെസ്സ് പറഞ്ഞതത്രേ.
അത് നന്നായി!!
അന്ന് അത്താഴം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ നല്ലോണ്ണം ഉറങ്ങി.
അതിനു കാരണമുണ്ട്..
കമ്പനിയില്‍ ആര്‍ക്കും കിട്ടാത്ത ഭാഗ്യം!!
ക്ലൈന്റ് മാദാമ്മക്കൊപ്പം കേരളത്തിലേക്കൊരു ട്രിപ്പ്.ബാംഗ്ലൂരീന്ന് കേരളത്തിലേക്കും, തിരിച്ച് ബാംഗ്ലൂരിലേക്കും ഓസിനു ഫ്ലൈറ്റിലൊരു യാത്ര.പാണ്ഡ് പിടിച്ചവനെ കണ്ടാലും സായിപ്പാണെന്ന് കരുതി വാ പൊളിച്ച് നില്ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ ചെത്താന്‍ ഒരു സുവര്‍ണ്ണ അവസരം.
ഹോ, വാട്ട് എ ലക്ക്!!
വ്യാഴാഴ്ച രാത്രിയില്‍ ഫ്ലൈറ്റ്.യാത്രയാക്കാന്‍ വന്ന പ്രോജക്റ്റ് മാനേജരുടെ മുഖത്ത് കടന്നല് കുത്തിയ ഭാവം.ഫ്ലൈറ്റില്‍ കേരളത്തിലേക്ക് യാത്ര തുടങ്ങിയപ്പോ തന്നെ 'യെസ്സ്' എന്നാല്‍ മലയാളത്തില്‍ 'അതേ' ആണെന്നും, 'നോ' എന്നാ മലയാളത്തില്‍ 'അല്ല' ആണെന്നും ഉള്ള ചില പൊടിക്കൈകള്‍ പഠിപ്പിച്ച് മാദാമ്മയെ മലയാളിയാക്കാന്‍ ഒരു ശ്രമം.
ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തു..
തുടര്‍ന്ന് കാറില്‍ വീട്ടിലേക്ക്..
ഇതിപ്പോ വീട്ടുകാര്‍ക്ക് ഒരു സര്‍പ്രൈസാകും.കാരണം ക്ലൈന്‍ മേഡത്തോടൊപ്പം നാട്ടില്‍ വരുന്നത് ഞാന്‍ വിളിച്ചറിയിച്ചില്ല.അബദ്ധത്തിലെങ്ങാനും അമ്മ വഴി നാട്ടുകാരറിഞ്ഞാ പിന്നെ രാവിലെ തൃശൂര്‍ പൂരത്തിനുള്ള ആള് വീട്ടില്‍ കാണും, എന്തിനാ വെറുതെ!
കാറ് വീട്ടിലെത്തി..
കോളിംഗ് ബെല്ലമര്‍ത്തി.
കതകു തുറന്ന അമ്മയുടെ മുന്നിലേക്ക് മാദാമ്മയെ നീക്കി നിര്‍ത്തി ഞാന്‍ പറഞ്ഞു:
"അമ്മേ, ദേ ആരാ വന്നേന്ന് നോക്കിയെ"
എന്റെ കൂടൊരു മാദാമ്മയെ കണ്ടതും അമ്മയുടെ മുഖമൊന്ന് വാടി, കണ്ണൊന്ന് കലങ്ങി, പിന്നെ ഒന്നും മിണ്ടാതെ തിരിച്ച് ഒറ്റപോക്ക്!!
എന്നാ പറ്റി??
രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോ വാതിലിന്റെ സൈഡീന്ന് അണ്ണാന്‍കുഞ്ഞ് എത്തി നോക്കുന്ന പോലെ ഒരു തല, അനുജത്തി!!
അടുത്ത നിമിഷം ആമ തല വലിക്കുന്ന പോലെ അവളും തല വലിച്ചു.
ശെടാ, എന്നാ പറ്റി??
സത്യത്തില്‍ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.എന്നാ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ കത്തിച്ച് വച്ച ഒരു നിലവിളക്കുമായി വന്ന അമ്മ അത് മാദാമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട്, കവിയൂര്‍ പൊന്നമ്മ പറയുന്ന പോലെ 'മോള് വലത് കാല് വച്ച് അകത്തോട്ട് കേറിക്കോന്ന്' പറഞ്ഞപ്പോ തലകറങ്ങുന്ന പോലെ തോന്നി.
എന്റെ കര്‍ത്താവേ!!
അമ്മയിത് എന്നാ ഭാവിച്ചാ??
മാദാമ്മയുടെ കണ്ണില്‍ സംശയഭാവം:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ ലാമ്പ്!!
എന്തായാലും മാദാമ്മ വലത് കാല് വച്ച് തന്നെ അകത്ത് കയറി.മാദാമ്മയുടെ പുറകെ അകത്തേക്ക് കേറിയ അമ്മ തിരിഞ്ഞൊരു നോട്ടം നോക്കി..
എന്നാലും ഞങ്ങളോടീ ചതി ചെയ്തല്ലോടാ മോനേ!!
ഇനിയും താമസിച്ചാ അമ്മ പാലും പഴവും കൊടുത്തിട്ട്, മണിയറ ഒരുക്കുമെന്ന് തോന്നിയപ്പോ സത്യം പെട്ടന്ന് ബോധിപ്പിച്ചു.അമ്മയങ്ങ് അബദ്ധക്കാരിയായി, അതിനാലാവാം എന്നോട് ചോദിച്ചു:
"നമുക്ക് ആ വിളക്കിങ്ങ് തിരിച്ച് വാങ്ങിയാലോ മോനേ?"
മിണ്ടരുത്!!
എന്തായാലും ഞാന്‍ മാദാമ്മയെ കെട്ടികൊണ്ട് വന്നെന്ന വാര്‍ത്ത നാട് മൊത്തം പരന്നു.കേട്ടവര്‍ കേട്ടവര്‍ വീട്ടിലേക്ക് വന്നു.എല്ലാവര്ക്കും കാണേണ്ടത് ഒരു രൂപം മാത്രം, മാദാമ്മ!!
മാദാമ്മയെ കണ്ടപ്പോ ആദ്യം ചോദ്യം എയ്തത് ശങ്കുണ്ണി അമ്മാവനായിരുന്നു:
"പെണ്ണിന്റെ കഴുത്തി താലി ഇല്ലല്ലോടാ?"
"അമ്മാവാ, അതിനു ഞാന്‍ കെട്ടിയില്ല"
"കെട്ടാതെ കൂടെ താമസിപ്പിക്കുന്നതൊക്കെ അമേരിക്കയില്‍, ഇവിടത് പറ്റില്ല"
ദേ കിടക്കണ്!!!
ആദ്യമായി ഞാന്‍ അമ്മാവനെ തന്തക്ക് വിളിച്ചു.
അടുത്ത പാറുവമ്മ, അവര്‍ക്ക് മാദാമ്മയോട് നേരിട്ട് സംസാരിക്കണം പോലും.
ശരി ആയിക്കോട്ടെ..
"കുഞ്ഞിന്റെ വീട്ടീന്ന് പൈസ ഒക്കെ അയച്ച് തരാറുണ്ടോ?"
മാദാമ്മക്ക് എന്താ ചോദ്യമെന്ന് മനസിലായില്ല, അവര്‍ പറഞ്ഞു:
"ഐ കാണ്ട് ഗെറ്റ്"
അത് കേട്ടതോടെ പാറുവമ്മക്ക് എല്ലാം മനസിലായി, അവര്‍ എല്ലാവരോടുമായി വിശദീകരിച്ചു:
"അയക്കാണ്ട് കിട്ടും എന്നാ കൊച്ച് പറയുന്നത്!!"
ഈശ്വരാ!!
ആള് കൂടി കൂടി വരുന്നു, അത് കണ്ടതും മാദാമ്മക്ക് ആകെ അത്ഭുതം.അവര്‍ ആദ്യമായാണത്രേ ഒരു അതിഥി വന്നാ സ്വീകരിക്കാന്‍ ഇങ്ങനെ ആള് കൂടുന്നത് കാണുന്ന പോലും.അത് പിന്നെ തൃശൂര്‍ പൂരത്തിനു ഗജവീരന്മാര് നില്ക്കുന്ന പോലെ ഒരു പെമ്പ്രന്നോത്തി വന്ന് നെഞ്ചും വിരിച്ച് നിന്നാ എവിടാ ആള് കൂടാത്തെ?
മാദാമ്മക്ക് സന്തോഷമാകട്ടെന്ന് കരുതി വച്ചു കാച്ചി:
"ദേ കം റ്റു സീ യു"
തന്നെ കാണാനാ ഇത്രേം ആള് കൂടിയതെന്നറിഞ്ഞപ്പോ വൈറ്റ് വാഷടിച്ച ഹിഡുംബിക്ക് അഭിമാനം.അവരുടെ ആത്മഗതം:
"ഐ അം ബ്യൂട്ടിഫുള്‍"
മാദാമ്മ ബ്യൂട്ടിഫുള്ളാണെന്ന്!!
എനിക്കങ്ങ് ചിരി വന്നു..
മാദാമ്മമാരിലും മണ്ടിയോ??
ഒരിക്കല്‍ തടിയന് ഉപദേശിച്ച ഓര്‍മ്മയില്‍ ഞാനവരെ തിരുത്തി:
"മേഡം, യു ആര് നോട്ട് ബ്യൂട്ടിഫുള്‍, യു ആര് ഹാന്‍ഡ്സം"
ടിഷ്യും!!!
മാദാമ്മയുടെ മുഖത്ത് മറുതയുടെ ഭാവം!!
എന്നാ പറ്റി??
മാദാമ്മ ഹാന്‍ഡ്സമല്ലേ??
അല്ല,തടിയന് അങ്ങനാണെല്ലോ പറഞ്ഞത്!!
എന്റെ മറുപടി രസിച്ചിട്ടാകണം മാദാമ്മ അകത്തേക്ക് കേറി പോയി.പതുക്കെ പതുക്കെ ആള് കുറഞ്ഞ് വന്നു.ഇപ്പോ മുറ്റത്ത് ഞാനും, ശങ്കുണ്ണി അമ്മാവനും മാത്രം ബാക്കി..
"നീയിങ്ങ് വന്നേ, ചോദിക്കട്ടെ" അമ്മാവനു എന്തോ അറിയണം.
"എന്താ അമ്മാവാ?"
"ഞാനൊരു പുരോഗമന ചിന്താഗതികാരനാ, എന്നാലും ചോദിക്കുവാ, പെണ്ണ് നായരാണോ?"
മാദാമ്മ നായരാണോന്ന്??
അതേ അമ്മാവാ, അതേ..
ഡയാനാ കെല്ലി നായര്‍!!
ഇവളുടെ അച്ഛന് വിന്‍സന്‍ തോമസ്സ് നായര്‍.അമ്മ മേനോത്തിയാ, ക്രിസ്റ്റീന മേനോന്.ഒരു ആങ്ങളയുണ്ട് അവന് മാത്രം വര്‍മ്മയായി പോയി, ആല്‍ബര്‍ട്ട് വര്‍മ്മ!!
അമ്മാവനു സന്തോഷമായി:
"അല്ലേലും നിനക്ക് അബദ്ധം പറ്റില്ലെന്നെനിക്കറിയാം"
ഇതി കൂടുതല്‍ ഇനി എന്നാ പറ്റാനാ??
പോകും മുമ്പേ അമ്മാവന് ഒരു കാര്യം കൂടി പറഞ്ഞു:
"എത്രം വേഗം നീ അവടെ കഴുത്തിലൊരു താലി കെട്ടണം"
പിന്നെന്താ, അമ്മാവന് ചെല്ല്.
അങ്ങനെ തൊലി വെളുപ്പ് കണ്ട് മാദാമ്മയില് മയങ്ങിയ എന്റെ കഥ, അറിയാത്തവരെ അറിയിക്കാന്‍ അമ്മാവന് യാത്രയായി, കരയില്‍ ഞാന്‍ മാത്രമായി.
തുടര്‍ന്ന് ബ്രേക്ക്ഫാസ്റ്റ്..
പലഹാരത്തിന്റെ കൂടെ ഉണ്ണിയപ്പം കൊടുത്തപ്പോള്‍ മാദാമ്മക്ക് അത്ഭുതം.
"വാട്ടീസ്സ് ദിസ്സ്?"
ലാലേട്ടന്റെ ഡയലോഗാ മനസില്‍ വന്നത്..
ദിസ് ഈസ് സ്മാള്‍ അപ്പം, ഏത് ഭാഷക്കാര്‍ക്കും കഴിക്കാം!!
അത്ഭുതം വിട്ട് മാറാതെ മാദാമ്മ പിന്നെയും പുലമ്പുന്നു..
"ദിസ് ഫ്രൂട്ട് ഈസ് നോട്ട് ഇന്‍ മൈ പ്ലേസ്"
ഉണ്ണിയപ്പം എന്ന പഴവര്‍ഗ്ഗം അവരുടെ നാട്ടിലൊന്നും ഇല്ലെന്ന്!!
എന്ത് പറയാന്‍??
ഒടുവില്‍ മാദാമ്മ തിരിച്ച് പോകുമ്പോള്‍ അതിന്റെ കുരു തന്ന് വിടാം എന്ന് മറുപടി നല്കി.അവര്‍ക്കങ്ങ് സന്തോഷമായി, അത് മറുപടിയില്‍ പ്രതിഫലിച്ചിരുന്നു:
"താങ്ക്യൂ മനു, താങ്ക്യൂ വെരിമച്ച്"
കഷ്ടം!!
ആ പ്രഭാതം അങ്ങനെ കഴിഞ്ഞു.
പിന്നീട് സംഭവിച്ചത്..
ആദ്യത്തെ ദിവസത്തിന്റെ സുപ്രഭാതം ഇത്ര പച്ച പിടിച്ചതാണേല്‍, അടുത്ത മൂന്ന് ദിവസത്തിനകം എന്നെ കൊണ്ട് മാദാമ്മയെ താലി കെട്ടിക്കുമെന്ന് മനസിലായ നിമിഷം ഞാന്‍ മാദാമ്മയേയും കൂട്ടി അവിടുന്ന് മുങ്ങി.പിന്നെ പൊങ്ങിയത് ആലപ്പുഴയിലാ..
ഒരു ഹൌസ് ബോട്ടില്‍ കായല്‍ മൊത്തം ചുറ്റിക്കാണിച്ചു, മാദാമ്മ ആദ്യമായാ കായല്‍ കാണുന്നതെന്ന് തോന്നുന്നു, മീനിനെ കണ്ട് 'ഫിഷ്' എന്നും കായല്‍ കണ്ട് 'വാട്ടര്‍' എന്നും നിലവിളിക്കുന്നത് കേട്ടു.തുടര്‍ന്ന് തിരുവനന്തപുരത്ത് കൊണ്ട് പോയി സെക്രട്ടറിയേറ്റ് കാണിച്ചു, ഏതാ ഈ കെട്ടിടം എന്ന ചോദ്യത്തിനു എന്റെ അച്ഛന്റെ കൊട്ടാരമാണെന്ന് മറുപടി നല്കി.
പിറ്റേന്ന് കൊച്ചിയില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോള്‍ മാദാമ്മ ചോദിച്ചു:
"വാട്ടീസ്സ് ദെയര്‍?"
കൊച്ചിയില്‍ എന്തുവാണെന്ന്??
കടലുണ്ടെന്ന് മറുപടി നല്കി:
"ദെയര്‍ സീ റ്റു സീ"
"ഓ, ഐ സീ"
ങ്ഹാ, ആ സീ!!
ഭാഗ്യം, മാദാമ്മക്ക് എല്ലാം മനസിലായെന്ന് തോന്നുന്നു.
തുടര്‍ന്ന് ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ അന്തിയുറക്കത്തിനുള്ള പ്ലാന്‍.അന്ന് രാത്രി ഉറങ്ങുന്നതിനു മുന്നേ ഒരു ഫോണ്‍ വന്നു, പ്രോജക്റ്റ് മാനേജരുടെ:
"എവിടെയാ?"
"ആലപ്പുഴയില്‍, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന്‍ പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്ഫുള്!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള്‍ ബ്ലണ്ടര്‍!!
തുടര്‍ന്ന് മാനേജര്‍ക്ക് ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ റൂമിലേക്ക്..
എനിക്കറിയാം, അങ്ങേരിന്ന് ഉറങ്ങില്ല, ഉറപ്പ്.
(തുടരും)
മൂന്നാം ഭാഗം..
ചലോ ചലോ ചെറായി
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സിഗററ്റ് വലി ആരോഗ്യത്തിനു ഹാനികരം!!)